Saturday, December 10, 2011

മുസഫര്‍ കമാല്‍ ഹുസൈന്‍ .. നീ തന്നെയാണോ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌..?




കല്‍ക്കത്തയിലെ തല്‍തോല ബസാറില്‍ ഒരു മുഗള ചക്രവര്‍ത്തിയുടെ കൊട്ടാരമുണ്ട്. പേര്‍ഷ്യന്‍ ശില്പ ചാതുരി നിറഞ്ഞു നില്‍ക്കുന്ന അകത്തളങ്ങളും തൂണുകളും വിശാലമായ ദര്‍ബാറും മുറ്റത്ത്‌ പൂന്തോട്ടങ്ങളും തുടങ്ങി രാജപ്രൗഡിയുടെ എല്ലാ ആര്‍ഭാടവും നിറയുന്ന ഒരു കൊട്ടാരമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ തെറ്റി. പകരം വാതില്‍ പാളികള്‍ തലയില്‍ വീഴാതിരിക്കാന്‍ ചണനൂലുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച ഒരു മണ്‍ക്കൂര , ചുമരുകളില്‍ കാണുന്ന ചിത്രങ്ങള്‍ വിശ്വവിഖ്യാതരായ ചിത്രകാരന്മാര്‍ വരച്ചു ചേര്‍ത്തതല്ല. മൂട്ടക്കറകള്‍ ചെഞ്ചായം പൂശിയതാണ്‌. നാന്നൂറ്റി എണ്‍പത് വര്‍ഷം ഇന്ത്യ മഹാരാജ്യം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി പരമ്പരയിലെ ഇപ്പോഴത്തെ കിരിടാവകാശി താമസിക്കുന്നത് ഇവിടെയാണ്‌. ഇരുപതു വര്‍ഷത്തിനുപ്പുറം മറ്റൊരു ഭരണ മാറ്റം ഈ കുടില്‍ കൊട്ടാരത്തില്‍ നടന്നിട്ടില്ലെങ്കില്‍ അവന്‍ തന്നെയാവും മഹാരാജാവ്.

എങ്ങിനെ ഈ കൊട്ടാരത്തിലേക്ക് എത്തിപ്പെട്ടു . ഇനിയുള്ള കഥകള്‍ പറയാന്‍ എനിക്കെന്റെ ഉപ്പയെ കൂട്ടുപിടിച്ചേ പറ്റൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ ഉപ്പ എഴുതിയ "താല്തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തി" എന്ന അന്വോഷണാത്മക ലേഖനം. പുകള്‍ പെറ്റ മുഗള്‍ ഭരണാധികാരികളുടെ ബാക്കിപത്രം തേടിയുള്ള ഒരു യാത്രയായിരുന്നു അത്. ബാബറും, ഹുമയൂണും , അക്ബറും, ജഹാംഗീറും, ഷാജഹാനും , ഔറം ഗസീബും തുടങ്ങി അവസാനം ബഹദൂര്‍ഷയില്‍ അവസാനിച്ച ഭരണചക്രം, ഷാലിമാറും ചെങ്കോട്ടയും താജ്മഹലും തുടങ്ങി ഇന്നും സചേതനമായി നില്‍ക്കുന്ന സ്മാരകങ്ങള്‍, ചരിത്രത്തിനും സാഹിത്യത്തിനും സംസ്കാരത്തിനും കലകള്‍ക്കും നല്‍കിയ സംഭാവനകള്‍, രാജ്യ വിസ്തൃതിക്കും, പെരുമക്കും നിലനില്‍പ്പിനും വേണ്ടി നടത്തിയ അനേകം യുദ്ധങ്ങള്‍ . ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്നും ദാഹശമനം വരാത്ത കഥകളുടെ മിഴിചെപ്പായ മുഗള്‍ ഭരണം. കൊടിപറത്തിയ ഈ വംശപെരുമുടെ പുതിയ തലമുറകള്‍ എവിടെയായിരിക്കും...? ഉപ്പ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സാമൂഹ്യപാഠ പുസ്തകങ്ങളുടെ ചട്ടക്കൂടില്‍ നിന്നും ഈ ചോദ്യം പുറത്ത്‌ കടന്നപ്പോഴായിരിക്കണം അവരെ തേടിയുള്ള യാത്രയും നടന്നത്.

കല്‍ക്കത്തയിലെ തല്തോല ബസാര്‍. ഇവിടെ എവിടെയോ ആണ് ആ കുടുംബം താമസിക്കുന്നത് എന്ന കേട്ടറിവേ അവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി അവര്‍ അന്യോഷണം തുടര്‍ന്നു. ഇപ്പോഴത്തെ മുഗള രാജാവിനെ തേടി അങ്ങ് ദൂരെ കേരളത്തില്‍ നിന്നും വന്ന സഞ്ചാരികള്‍ അവനും കൌതുകമായി കാണണം. പുരാതനമായ കല്‍ക്കത്തന്‍ തെരുവുകളിലൂടെ അവന്റെ പഴയ റിക്ഷ മുന്നോട്ട് നീങ്ങി. ഒരു ചരിത്രം തേടിയുള്ള യാത്രയില്‍ അവനും ഭാഗമാവുകയായിരുന്നു.

ഒരു നൂറ് ഇടവഴികളും അതിലേറെ കൈവഴികളുമുള്ള തല്തോല ബസാറിലെ തെരുവുകളിലൂടെ കുറെ അലഞ്ഞിട്ടും അവര്‍ക്ക് മുഗളപാദുഷായുടെ കൊട്ടാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചോദിച്ചവര്‍ക്കാര്‍ക്കും അങ്ങിനെയൊരു മുഗള ചക്രവര്‍ത്തി ഈ ഗലികളില്‍ താമസിച്ചിരുന്നു എന്നത് അറിയില്ലായിരുന്നു. അവസാനം വാട്ടര്‍ ടാപ്പിനടുത്തു ക്യൂ നില്‍ക്കുന്ന സ്ത്രീകളോട് കൂടി അന്വേഷിച്ചു.

"കഴിഞ്ഞ വര്‍ഷം അന്തരിച്ച മുഗള ചക്രവര്‍ത്തി മിര്‍സ മുഹമ്മദ്‌ ബേദാര്‍ ഭക്തിന്റെ ഭാര്യയും കുടുംബവും താമസിക്കുന്നത് എവിടെയാണെന്ന് അറിയാമോ..?
ഇത് കേട്ടപ്പോള്‍ മണ്‍കുടവും തൂക്കിപ്പിടിച്ച് തന്റെ ഊഴം കാത്തിരിക്കുന്ന ഒരു സ്ത്രീ ഞങ്ങളെ ഇമ പൂട്ടാതെ കുറെ നേരം നോക്കി നിന്നു. കരിപുരണ്ട അവരുടെ കവിള്‍ തടങ്ങളിലൂടെ കണ്ണുനീര്‍തുള്ളികള്‍ ചാലിട്ടൊഴുകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപ്പോയി. നീല ഞരമ്പുകള്‍ തുടിച്ചുനില്‍ക്കുന്ന ഇടതുകൈകൊണ്ട് പിന്നിപറിഞ്ഞ സാരിത്തുമ്പ് തലയില്‍ വലിച്ചിട്ട ശേഷം അവര്‍ വിതുമ്പി. "വോ സുല്‍ത്താന മേം ഹൂം". (ഞാന്‍ തന്നെയാണ് നിങ്ങള്‍ അന്യോഷിക്കുന്ന മഹാറാണി )
സുഖലോലുപതയില്‍ മതിമറന്നപ്പോള്‍ "ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് , അതിവിടെയാണ് " എന്ന് വിളിച്ചുപറഞ്ഞ നൂര്‍ജഹാന്റെയും മുംതാസ് മഹലിന്റെയും പരമ്പരയില്‍ പെട്ട ബീഗം തന്നെയാണല്ലോ ഇവരും. "


എനിക്കോര്‍മ്മയുണ്ട് ഉപ്പ പറഞ്ഞത്. ഇവരെ പറ്റി. ഈ രാജ്ഞിയുടെ കണ്ണീരിനെ പറ്റി. അത് പറഞ്ഞപ്പോള്‍ ഉപ്പയുടെ ശബ്ദവും ഇടറിയിരുന്നു. ഇന്ത്യയെ ഒറ്റിക്കൊടുത്ത മിര്‍ ജാഫറിന്റെ കുടുംബത്തിനു ആയിരം രൂപ പെന്‍ഷന്‍ കൊടുക്കുന്ന രാജ്യത്ത് , ഒരു നേരത്തെ ആഹാരത്തിനു പോലും വിഷമിക്കുന്ന രാജപരമ്പരയിലെ ഈ കണ്ണികളുടെ അവസ്ഥ താഴെ കാണുന്ന ലേഖനത്തിലെ വരികളില്‍ നിന്നും വായിച്ചെടുക്കാം.

"വാതില്‍ പൊളികള്‍ തലയില്‍ വീഴുന്നത് ശ്രദ്ധിക്കണം. ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ചതാണ്.ബീഗം മുന്നറിയിപ്പ് നല്‍കി. പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്ന് രണ്ട് കുട്ടികള്‍ റൊട്ടി പരിപ്പുവെള്ളത്തില്‍ മുക്കി ആര്‍ത്തിയോടെ തിന്നുകയാണ്. മൂട്ടക്കറകൊണ്ട് ചെഞ്ചായം പൂശിയ ചുവരില്‍ പൊട്ടിത്തകര്‍ന്ന ചില്ലുകള്‍ക്കുള്ളിലിരുന്ന് ബഹദൂര്‍ഷ ചക്രവര്‍ത്തി തുറിച്ചു നോക്കുന്നു. കുട്ടികള്‍ ഭക്ഷണ പാത്രങ്ങള്‍ എടുത്തു അകത്തേക്ക് ഓടിപ്പോയി. ഒരു കീറ് സൂര്യപ്രകാശത്തിനോ ഒരിറ്റ് ശുദ്ധവായുവിനോ പ്രവേശനം അനുവദിക്കാത്ത മുറി".

ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ ആധ്യായമായ മുഗള്‍ വംശത്തിലെ പുതിയ തലമുറയുടെ കൊട്ടാരവും ജീവിതവും ആണ് ഇവിടെ ലേഖനത്തില്‍ വരച്ചിട്ടത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാവും. എവിടെ ഇപ്പോഴത്തെ ചക്രവര്‍ത്തി എന്ന്. വീണ്ടും ലേഖനത്തിലെ വരികളിലേക്ക് .

" ബീഗം, മൂത്തമകന്‍ കിരീടാവകാശി മുസഫര്‍ കമാല്‍ ഹുസൈനെ കണ്ടില്ലല്ലോ ! നിങ്ങളുടെ കൈയ്യില്‍ ഇന്ത്യ മഹാരാജ്യത്തിന്റെ ചെങ്കോല്‍ ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണോ?

ഇറയത്ത്‌ കെട്ടിക്കിടക്കുന്ന ചെളിയില്‍ ചവിട്ടി വഴുതി വീഴാതിരിക്കാന്‍ പെരുവിരല്‍ അമര്‍ത്തിയൂന്നി ഞങ്ങള്‍ പുറത്ത്‌ കടന്നു.വഴി തെറ്റാതിരിക്കാന്‍ ബീഗം കൂടെ അയച്ച സഹോദരന്‍ മുഷ്താഖ് അഹമ്മദ് , തെരുവിലെ മത്സ്യ വില്‍പ്പനക്കാരന്റെ അരികില്‍ നിന്നും ഒരു കുട്ടിയെ പിടിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹമായിരുന്നു ഇപ്പോഴത്തെ മുഗള ചക്രവര്‍ത്തി "ഹിസ്‌ ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈന്‍ ".

കാലം ചേര്‍ത്തുവെച്ചൊരു വിധി. രാജ്യഭരണം കയ്യാളേണ്ട പിന്മുറക്കാരന്‍ ഒരു നേരത്തെ അന്നം മുട്ടിക്കാന്‍ തെരുവില്‍ മീന്‍ വില്‍ക്കുന്നു . ബാഗ്‌ ഇ ബാബരില്‍ ഉറങ്ങുന്ന ബാബറും , സികന്ദ്രയിലെ സമാധിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അക്ബറും അറിയുന്നുണ്ടോ അവരുടെ പിന്‍തലമുറയിലെ യുവരാജാവ് തെരുവില്‍ മീന്‍ വില്‍ക്കുകയാണെന്ന്. താജ്മഹലിന്റെ അകത്ത് ഉറങ്ങുന്ന മുംതാസ് മഹലും അറിയുന്നില്ല ഈ രാജ്ഞിയെ പറ്റി. പരിചരിക്കാന്‍ ഒരുപാട് തോഴിമാരില്ല . ആഭരണങ്ങളുടെ പകിട്ടും സുഗന്ധങ്ങളുടെ ഉന്മാദവും ഇല്ല ഈ അന്തപുരത്തില്‍. കാണുന്നത് മുഖം തിരിച്ചു പോകുന്ന ഇന്ത്യന്‍ ചേരികളുടെ മുഖമാണ് .

രാജ്യത്തെ പറ്റി, രാജാക്കന്മാരെ പറ്റി ചരിത്ര ക്ലാസുകളില്‍ നിറഞ്ഞു നിന്ന കുറെ അദ്ധ്യായങ്ങള്‍ ഉണ്ട് . പുസ്തകത്തിന്‌ പുറത്തേക്കും നീണ്ടുപോയ കഥകളും കാണും. പലതും പിന്നീട കണ്ടും കേട്ടും കൂടുതല്‍ അറിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്‍റെ മനസ്സില്‍ എന്നും നിറഞ്ഞു നിന്നത് മുഗള്‍ ഭരണ കര്‍ത്താക്കളും അവരോട് ചേര്‍ത്ത് വായിച്ച കഥകളും തന്നെ. ചരിത്രത്തിലും വായനയിലും പഠനത്തിലും ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു രാജവംശമില്ല. താജ്മഹലും ചെങ്കോട്ടയും ഷാലിമാറും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അതിനുപിന്നിലെ ചരിത്രവും കഥകളും എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ബാബര്‍ സ്ഥാപിച്ചത് തുടങ്ങി , പാനിപ്പത്ത് യുദ്ധങ്ങളും ,അക്ബറിന്റെ ദര്‍ബാറിലെ പണ്ഡിത സദസ്സും , ഷാജഹാന്റെയും മുംതാസിന്റെയും പ്രണയവും അതിന്റെ അനശ്വര സ്മാരകമായ താജ്മഹലും തുടങ്ങി ഓരോ മുഗള ചക്രവര്‍ത്തിമാരുടെയും ജീവിതം ഒരു ചിത്രമായി എന്നോ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു വികാരം ഈ കഥ വായിക്കുമ്പോള്‍ എന്നെ തൊട്ടുണര്‍ത്തുന്നു. പകിട്ടിലും പത്രാസിലും നീന്തി തുടിച്ച ഒരു രാജകുടുംബത്തിലെ പുതിയ തലമുറക്കാര്‍, ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഴിവില്ലാതെ അതേ ഭാരതത്തില്‍ കഴിഞ്ഞു കൂടുന്നു എന്നറിയുമ്പോള്‍ എന്‍റെ മനസ്സില്‍ താജ്മഹലിന്റെ വിസ്മയിപ്പിക്കുന്ന ഭംഗിയില്ല,പകരം മനസ്സ് ഒരു നിര്‍വികാരതയോടെ ഈ കുടിലിനകത്ത് തന്നെ ചുറ്റിത്തിരിയുന്നു. ചെങ്കോട്ടയേയും മുഗള്‍ കൊട്ടാരങ്ങളെയും തഴുകി വീശുന്ന കാറ്ററിയുന്നുണ്ടോ , അതിന് പ്രവേശനം ഇല്ലാത്ത ഒരു കുടില്‍ കൊട്ടാരം ഈ ചേരിയില്‍ ഉണ്ടെന്ന്..?


ഞാനെങ്ങിനെ മറക്കും ആ രാത്രി. ഞങ്ങള്‍ കുട്ടികളുടെ ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ഒന്നര മാസം നീണ്ട ആ ഭാരത പര്യടനവും കഴിഞ്ഞ് ഉപ്പ വന്നുചേര്‍ന്നത്. സമ്മാനങ്ങള്‍ക്കൊപ്പം കെട്ടഴിച്ച യാത്രാവിശേഷങ്ങള്‍. അതില്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ അധ്യായമാണ്. ആ സുല്‍ത്താനയും മുസഫറും അവരുടെ ജീവിതവും. "യാത്രക്കിടയില്‍ " എന്ന പേരില്‍ ആനുകാലികങ്ങളില്‍ പരമ്പരകളായി ആ അനുഭവങ്ങള്‍ നിറഞ്ഞു. പക്ഷെ ചരിത്ര പഠനങ്ങളില്‍ എന്നെ ഏറെ സ്വാധീനിച്ച മുഗള്‍ ഭരണവും ഭരണാധികാരികളും. അവരുടെ പരമ്പര തേടി കണ്ടെത്തിയ ഈ യാത്ര എന്റെ നൊമ്പരമായും ആവേശമായും ഇന്നും നിലനില്‍ക്കുന്നു. ലേഖനത്തില്‍ വായിച്ചറിഞ്ഞ വരികളേക്കാള്‍ ഉപ്പ പറഞ്ഞുതന്ന രൂപത്തില്‍.

ഞാനൊരു യാത്ര മനസ്സില്‍ കുറിച്ചിട്ടു. തല്തോല ബസാറിലേക്ക്. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി ഉപ്പ നടന്ന വഴികളിലൂടെ പോയി എനിക്കും തേടി പിടിക്കണം ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ച ആ മുഗള കൊട്ടാരം. ആ ദര്‍ബാറിലേക്ക് കയറിച്ചെന്ന് എനിക്കവനെ കാണണം. മുസഫര്‍ കമല്‍ ഹുസൈന്‍ എന്ന ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തിയെ. മുംതാസിന്റെ പദവി അലങ്കരിക്കുന്ന അവന്റെ ബീവിയേയും കാണണം . പറ്റുമെങ്കില്‍ അവരോടൊപ്പം ഇരുന്ന് ഉണക്ക റൊട്ടി പരിപ്പുകറിയില്‍ മുക്കി ഒരു രാജകീയ ഭക്ഷണം കഴിക്കണം. അതൊരു കുടിലാണെങ്കിലും എന്റെ ഭാവന ലോകത്ത് അതൊരു കൊട്ടാരമായി തോന്നും. ആ മുറ്റത്ത്‌ വിരിഞ്ഞു നില്‍ക്കുന്നത് ഒരു പൂവാണെങ്കിലും അതിലെനിക്കൊരു ഷാലിമാര്‍ കാണാനാവും. ആ ഒരു സെന്റ്‌ ചുറ്റളവില്‍ ഞാനൊരു മുഗള്‍ സാമ്രാജ്യത്തെ തന്നെ കുടിയിരുത്തും . എന്നിട്ട് തിരിച്ചു പോരുമ്പോള്‍ ഉപ്പ ചോദിച്ച ആ സങ്കല്‍പ്പിക ചോദ്യം ഒരിക്കല്‍ കൂടേ ചോദിക്കണം. ഇന്ത്യ മഹാരാജ്യത്തിന്റെ കിരീടവും ചെങ്കോലും ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കുമോ എന്ന്.

തല്തോല ബസാറിലെ ഗലികളിലൂടെ യാത്ര തുടരാന്‍ എന്നെയും നോക്കി മറ്റൊരു സൈക്കിള്‍ റിക്ഷക്കാരന്‍ കാത്തിരിക്കുന്നുണ്ടാവുമോ അവിടെ..?
***


"യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ " എന്ന ബുക്കിനെ പറ്റി സുജ എഴുതിയ അവലോകനം "വായനയുടെ കാണാപ്പുറങ്ങള്‍ "

ആയിഷ എന്ന കഥാപാത്രത്തെ കുറിച്ച് ഷബീര്‍ തിരിച്ചിലാന്‍ എഴുതിയ കുറിപ്പ് " എന്‍റെ ആയിഷ "

Thursday, December 1, 2011

ഇന്ന് പെയ്ത മഴ തന്നത് ..!



കുറെ കാലത്തിന് ശേഷം വീണ്ടും മഴ നനഞ്ഞു. ഇവിടെ ബഹറിനില്‍ നല്ല മഴ. ഇപ്പോള്‍ തോന്നുന്ന വികാരങ്ങളെ വരികളാക്കാതെ പറ്റില്ല എനിക്ക്. കാരണം പറഞ്ഞാലും തീരാത്ത പ്രണയമാണ് എനിക്ക് മഴയോട്. ഒരിക്കല്‍ എഴുതിയിരുന്നു, "മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാവില്ല. മനസ്സിലെ പ്രണയം പെയ്ത് തീരുകയും ഇല്ല" എന്ന്. മഴത്തുള്ളികള്‍ വന്ന് വീഴുന്നത് വരണ്ടുണങ്ങിയ ഈ മണ്ണില്‍ മാത്രമല്ലല്ലോ , മനസ്സിലേക്ക് കൂടിയല്ലേ. നല്ല തണുപ്പും. എന്തുകൊണ്ട് ഈ മഴയേയും തണുപ്പിനെയും ഇങ്ങിനെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ ഞാന്‍ ബുദ്ധിമുട്ടും. എന്നാലും വ്യത്യസ്തമായ കുറെ മഴ ആസ്വാദനത്തെ കുറിച്ച് പറയാമല്ലോ.



ഴ മേഘങ്ങള്‍ കൂടി അന്തരീക്ഷം ആകെ ഇരുണ്ടിട്ടുണ്ട്. പക്ഷെ സമയം നാല് മണിപോലും ആയിട്ടില്ല. ഈ ഇരുട്ടിന് എന്തോ ഒരു ശോക ഭാവമാണ് എനിക്ക് തോന്നുന്നത്. ചുറ്റും തെങ്ങുകളും മാവും മറ്റു വൃക്ഷങ്ങളും നിറഞ്ഞ തറവാടിന്റെ കോലായില്‍ ഒറ്റക്കിരിക്കുമ്പോള്‍ മൂടിക്കെട്ടിയ ഈ അന്തരീക്ഷം ആസ്വദിക്കുന്നത് രസകരം തന്നെ. പിന്നെ മഴ പെയ്തു തുടങ്ങി. തകര്‍പ്പന്‍ മഴ. വാഴയിലയില്‍ ശബ്ദത്തോടെ വീണ്‌ വെള്ളം ഒലിച്ചിറങ്ങുന്നു . മരങ്ങളെ ആട്ടിയുലച്ച് കാറ്റും വീശുന്നുണ്ട്. കാറ്റും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൂടി ഭീകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇതെന്നെ പേടിപ്പെടുത്തുന്നില്ല. പകരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിലേക്ക് നയിക്കുന്നു. കൂട്ടിന് ആരും ഇല്ലാതെ പോയതാണോ അതോ ഒരു കൂട്ടിന്റെ കുറവാണോ ഈ സമയത്തിന്റെ ഭംഗി. രണ്ടുമാവാം. മനസ്സിപ്പോള്‍ സഞ്ചരിക്കുന്നത് യാഥാര്‍ത്യ ലോകം വിട്ട്‌ കാല്പനികമായ ഒരു പ്രപഞ്ചത്തിലൂടെയാണ്. അതില്‍ പ്രണയമുണ്ടാവാം , രതിയുണ്ടാവാം , സ്വപ്നത്തിനുമാത്രം അവകാശപ്പെടാവുന്ന നിറങ്ങളുമുണ്ടാവാം. പക്ഷെ വന്യമായ ഈ മഴ തോരുന്നതോടെ പറന്നുപോകും ഈ ഭാവനാലോകം.



രക്കൊപ്പം വളര്‍ന്നുനില്‍ക്കുന്ന നെല്‍കൃഷി. വിശാലമായ പാടത്തിന് നടുവില്‍ പണിക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കെട്ടിപ്പൊക്കിയ കളപ്പുര. വൈകുന്നേരങ്ങളില്‍ ഇവിടെയിരിക്കാന്‍ നല്ല ഹരമാണ്. തത്തകളും പ്രാവുകളും പറന്നുല്ലസിക്കുന്ന പാടത്ത് , പതുക്കെ കാറ്റിലാടുന്ന പച്ചയണിഞ്ഞ നെല്‍ കൃഷികള്‍ നൃത്തം ചെയ്യുന്നതും നോക്കിയിരിക്കുന്നത് എന്തൊരു രസമായിരുന്നു. ഇതോടൊപ്പം ഒരു മഴ കൂടി വന്ന് ചേര്‍ന്നാലോ. മഴയുടെ വരവും അറിയിച്ചുകൊണ്ട്‌ ഒരു പടിഞ്ഞാറന്‍ കാറ്റ് വീശി. അതറിഞ്ഞിട്ടെന്നോണം കിളികള്‍ പറന്നകന്നു. കാറ്റിന് പിറകെ മഴയെത്തി. കളപ്പുരയിലേക്ക് ഓടിക്കയറി. കൂടേ ഒന്ന് രണ്ട് പണിക്കാരും. പാള തൊപ്പി ഊരിവെച്ച് , മടിക്കുത്തില്‍ നിന്നും വെറ്റിലയെടുത്ത് മുറുക്കാനുള്ള ഒരുക്കം കൂട്ടി നല്ലംപെരവന്‍ ആത്മഗതം പറഞ്ഞു. "ഇപ്പോഴൊന്നും ചോരുന്ന മട്ടില്ല ".
എനിക്ക് സന്തോഷമായി. നെല്‍കതിരുകള്‍ മഴനൃത്തമാടുകയാണ്. അതാസ്വദിച്ച് ഞാനും. ഓലകൊണ്ട് മറച്ച കളപ്പുരയുടെ അരികിലൂടെ തണുത്ത കാറ്റും ഒപ്പം കൂടേ വരുന്ന മഴത്തുള്ളികളും. തണുത്ത് വിറക്കുന്നല്ലോ.



രു മാറ്റവുമില്ല. ഓര്‍മ്മചിത്രങ്ങള്‍ക്ക് മറവിയുടെ ക്ലാവ് പിടിക്കാതിരിക്കാന്‍ അതുപോലെ തന്നെയുണ്ട്‌ ഈ സ്കൂള്‍. തലമുറകള്‍ മാറിമാറി അക്ഷരാഭ്യാസത്തിന്റെ സുകൃതം നുണഞ്ഞിട്ടും, കാലചക്രം ഒരുപാട് തിരിഞ്ഞിട്ടും ഈ വിദ്യാലയം അന്നും ഇന്നും ഒരുപോലെ. സ്കൂളിലേക്ക് കയറുന്ന കല്പടവുകള്‍ക്ക് പോലും തേയ്മാനം വന്നിട്ടില്ലെങ്കില്‍ പിന്നെ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഓടി ഞാനും ഈ കല്‍പടവുകള്‍ കയറുകയാണ്. കയറി കയറി പോകുന്നത് വര്‍ഷങ്ങള്‍ പിറകിലോട്ട് ആണെന്നുമാത്രം. സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക്‌ തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.
കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരുമുണ്ടല്ലോ എന്നോടൊപ്പം. ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ. ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?



കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . മലബാര്‍ എക്സ്പ്രസ് വരാന്‍ ഇനിയും സമയമെടുക്കും. കയ്യിലിരിക്കുന്ന പുസ്തകം വായിക്കണോ അതോ പരക്കം പായുന്ന ആള്‍ക്കാരുടെ മുഖഭാവം വായിക്കണോ എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ , രണ്ടിനും അവസരം നല്‍കാതെ മഴയെത്തി. തണുത്തുറഞ്ഞ മരത്തിന്റെ ബെഞ്ചിലിരുന്ന് പാളത്തിലേക്ക് പെയ്തിറങ്ങുന്ന മഴയും ഏറെ ഭംഗിയുള്ള കാഴ്ച്ച തന്നെ. പ്രകൃതി ഒരുക്കിയ കുളിയും കഴിഞ്ഞ് നിറമുള്ള ബോഗികളുമായി മലബാര്‍ എക്പ്രസ് കിതച്ചെത്തി. ഓരോ പ്രദേശങ്ങളിലും പെയ്യുന്ന മഴയുടെ ഭംഗി ട്രെയിനിന്റെ വിന്‍ഡോയിലൂടെ നോക്കികാണ്ട് ഈ മഴയാത്ര അവിസ്മരണീയമാണ്. ഫറോക്ക് പാലത്തിന്റെ മുകളിലൂടെ നീങ്ങുമ്പോള്‍ താഴെ പുഴയില്‍ മഴ പെയ്യുന്നു. തൊപ്പിക്കുട തലയില്‍ ഇട്ട്‌ ഒരു ചെറുവഞ്ചിയില്‍ ഒരാള്‍ തുഴഞ്ഞു നീങ്ങുന്നു. മീന്‍ പിടിക്കുകയാവും. ഞാന്‍ മഴയോടൊപ്പം ആ കാഴ്ച്ച ആസ്വദിക്കുമ്പോള്‍ അയാള്‍ ശപിക്കുകയായിരിക്കും മഴയെ. ഇന്നത്തെ അന്നത്തെ ബുദ്ധിമുട്ടിച്ച നശിച്ച മഴയെന്ന്.



യാനകമായ കാടിന്റെ നിശബ്ധതയിലേക്ക് പെയ്യുന്ന മഴയെ അറിഞ്ഞുട്ടുണ്ടോ..? ശിരുവാണി കാടുകള്‍ ആദ്യമായി അത്തരം ഒരു അനുഭവം ഒരുക്കി. അപ്പോള്‍ പാട്ടിയാര്‍ ബംഗ്ലാവിന് ഒരു പ്രേത കോട്ടയുടെ മുഖമായിരുന്നു. പണ്ട് ഡിറ്റക്ടീവ് നോവലുകളിലോക്കെ വായിച്ച ഭീകര കഥാപാത്രങ്ങള്‍ ചുറ്റും അട്ടഹസിക്കുന്ന പോലെ. പൊതുവേ വെളിച്ചം കുറഞ്ഞ കാട്ടില്‍ ഒരു മഴയുടെ അകമ്പടി കൂടി ആയപ്പോള്‍ ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ബംഗ്ലാവ് ശരിക്കും ഒരു പ്രേതഭവനം പോലെ തന്നെ. പക്ഷെ ഇത്തിരി ഭയം തോന്നിയെങ്കിലും ഈ അനുഭവത്തെയും ഞാന്‍ ചേര്‍ത്ത് വെക്കുന്നത് പ്രിയപ്പെട്ടൊരു മഴക്കാഴ്ച്ചയുടെ ആല്‍ബത്തിലേക്ക് തന്നെയാണ്. നിഗൂഡതകള്‍ പൊതിഞ്ഞൊരു സുഖമുള്ള അനുഭവം.



തിരക്കിട്ട് തിരിച്ചുവരുന്ന ബോട്ടുകളും ചെറുവഞ്ചികളും. അവര്‍ക്കറിയാം കടലിന്റെയും ആകാശത്തിന്റെയും മാറിവരുന്ന സ്വഭാവം. വൈകിയില്ല. വലിയ തിരമാലകള്‍ക്കൊപ്പം തകര്‍പ്പന്‍ മഴയുമെത്തി. കടലിലേക്ക്‌ പെയ്യുന്ന മഴ. ദൂരെ നങ്കൂരമിട്ടിരുന്ന ആ കപ്പല്‍ മഴ മറച്ചു. പഴയ പ്രതാപത്തിന്റെ ദ്രവിച്ച സ്മാരകമായി ഏതാനും തൂണുകളുമായി നില്‍ക്കുന്ന കോഴിക്കോട്ടെ കടല്‍പ്പാലം. അതിന്റെ താഴെ മഴ നനഞ്ഞ് പന്ത് കളിക്കുന്ന കുട്ടികള്‍. ഓടിച്ചെന്ന് അവരിലൊരാളായി കൂടിയാലോ .? ഉപ്പിലിട്ട നെല്ലിക്ക വില്‍ക്കുന്ന പെട്ടികടക്കാരന്റെ വണ്ടിയോട് ചേര്‍ന്ന് പകുതി നനഞ്ഞും പകുതി നനയാതെയും ഞങ്ങള്‍ നിന്നു. ഈ മഴയിലും ബീച്ചിലെ ബെഞ്ചില്‍ ഒരു കുടക്കീഴിലിരിക്കുന്ന പ്രണയ ജോഡികള്‍. ഒരുപക്ഷെ അവരുടെ പ്രണയ ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം മഴയോട് ചേര്‍ന്നുള്ള ഈ സല്ലാപം.



തിരിച്ചു വരാം. മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല ഇവിടെ . പതിവില്ലാതെ പെയ്യുന്ന മഴയെ കാണാന്‍ ബാല്‍ക്കണിയില്‍ നിന്നും പലരും എത്തിനോക്കുന്നു. ആകാംഷയോടെ നോക്കുന്നവരില്‍ അധികവും കുട്ടികളാണ് . വീടിന്റെ മുറ്റത്ത്‌ നിറഞ്ഞ മഴവെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി കളിക്കുന്നതിന് പകരമാകുമോ അവരുടെ ഈ ജാലക കാഴ്ച്ചകള്‍ ...? ഇപ്പോള്‍ പെയ്യുന്ന ഈ മഴ എന്നെ കൂട്ടികൊണ്ടു പോകുന്നതും അതേ ഓര്‍മ്മകളിലേക്കാണ് മഴയില്‍ കുതിര്‍ന്ന എന്‍റെ ബാല്യത്തിലേക്ക് ..... ഒരുകുടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് പോകുന്നതും, പുസ്തകതാളുകള്‍ കീറി കടലാസ് വഞ്ചി ഉണ്ടാക്കുന്നതും തുടങ്ങി കുറെ മഴയനുഭവങ്ങള്‍ ..... ഇതെല്ലാം കൈമോശം വന്ന ബാല്യങ്ങളെ .......നിങ്ങള്‍ ക്ഷമിക്കുക. പകരം നല്‍കാന്‍ ഈ ഓര്‍മ്മകുറിപ്പുകളല്ലാതെ മറ്റൊന്നുമില്ലെനിക്ക് .
ഇനിയൊരിക്കല്‍ ഒരു മഴക്കാലത്ത് നാട്ടിലെത്തുമ്പോള്‍ തട്ടിന്‍പുറത്തെ തകരപ്പെട്ടിയില്‍ ‍ നിന്നും പഴയ നോട്ടുപുസ്തകത്തിന്റെ മങ്ങിയ താളുകള്‍ കീറി നിങ്ങള്‍ക്ക് കടലാസ് വഞ്ചി ഉണ്ടാക്കിത്തരാം . മുറ്റത്തെ മഴവെള്ളത്തിലൂടെ ഇളംകാറ്റില്‍ ആടിയുലഞ്ഞു പോകുന്ന ആ കടലാസ് വഞ്ചിയില്‍ കയറി ഒരു യാത്രയുമാവാം നമുക്ക്. ദൂരെ ദൂരെ ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ തീരത്തേക്ക്. അപ്പോള്‍ തിളങ്ങുന്ന നിങ്ങളുടെ കണ്ണുകളില്‍ ഞാന്‍ കാണും നഷ്ടപ്പെട്ടുപോയ എന്‍റെ ആ പഴയ ബാല്യം....

(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്നു.
സ്കൂള്‍ ഞങ്ങളുടെ സ്വന്തം തന്നെ)