Saturday, April 21, 2012

കാളവണ്ടിക്കാലംചെറുപ്പത്തിലെ ഹീറോയെ പറ്റി പറഞ്ഞു തുടങ്ങട്ടെ. ഓര്‍മ്മയില്‍ ആദ്യം തെളിയുന്ന മുഖം കുഞ്ഞാലിക്കയുടേതാണ് . കയ്യിലെ ചാട്ടവാര്‍ അന്തരീക്ഷത്തില്‍ ചുഴറ്റി കാളകളെ ലാളിച്ചും വഴക്ക് പറഞ്ഞും കുഞ്ഞാലിക്കയുടെ കാളവണ്ടി ഇറങ്ങി വരുന്ന ശബ്ദം കേട്ടാല്‍ റോഡിലേക്കോടും ഞങ്ങള്‍ കുട്ടികള്‍. കാളവണ്ടിയുടെ ഡ്രൈവര്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌. "ഒന്ന് കേറിക്കോട്ടെ കുഞ്ഞാലിക്ക " എന്ന് ചോദിച്ചാല്‍ ആ വടി ഓങ്ങി പേടിപ്പിക്കും. മദ്രസ്സ വിടുന്ന സമയത്ത് കൃത്യമായി കാളവണ്ടി ഞങ്ങളുടെ മുന്നിലെത്തും. പിന്നെ അതിന്‍റെ പിറകെ കൂടും. സ്കൂളില്‍ പോവേണ്ട കാര്യം ഓര്‍ക്കുമ്പോഴേ പിന്‍വാങ്ങൂ.

എന്നും മുന്നില്‍ വന്നു ആരാധനയോടെ നോക്കി നില്‍ക്കുന്ന കൊച്ചു കുട്ടിയോട് ഒരിക്കല്‍ അനുകമ്പ തോന്നി കുഞ്ഞാലിക്കാക്ക്. കൈ പിടിച്ചു കാളവണ്ടിയിലേക്ക് കയറ്റി. റോള്‍സ് റോയിസിന്‍റെ പിറകില്‍ ചാഞ്ഞിരിക്കുന്ന ബ്രൂണെ സുല്‍ത്താനെ പോലെ ഞാന്‍ ഞെളിഞ്ഞിരുന്നു.
സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകളുമായി , വഴിയരികില്‍ അസൂയയോടെ നോക്കുന്ന കൂട്ടുക്കാരോട് കൈവീശി കാണിച്ച്‌ എന്‍റെ രാജകീയ യാത്ര തുടര്‍ന്നു. വൈക്കോല്‍ കയറ്റാന്‍ പാടവക്കില്‍ എത്തും വരെ . ഇന്ന് ടാറിട്ട റോഡിലൂടെ ബസ്സും കാറും ചീറിപായുമ്പോള്‍ ഞാനോര്‍ത്തത് ചെമ്മണ്ണിട്ട റോഡിലൂടെ വലിയ ചക്രങ്ങളുള്ള വണ്ടിയും വലിച്ച്‌ ആ കാളകള്‍ ഇറങ്ങിവരുന്ന കാളവണ്ടിക്കാലത്തെ കുറിച്ചായിരുന്നു. കുഞ്ഞാലിക്ക കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞു. കാളവണ്ടിയും നാടുനീങ്ങി. പക്ഷെ ആ കുളമ്പടി ശബ്ദവും കുഞ്ഞാലിക്ക എന്ന കാളവണ്ടിയുടെ ഡ്രൈവറുടെ മുഖവും ഇന്നലെ എന്ന പോലെ തെളിഞ്ഞു നില്‍ക്കുന്നു.

ഇന്നലെ ഞാനൊരു കന്നഡ ഗ്രാമത്തില്‍ ആയിരുന്നു. വലിയ ഭാരവും പേറി വിഷമിച്ചു നീങ്ങുന്ന കാളവണ്ടികള്‍ മുന്നില്‍ നില്‍ക്കുന്നു. സങ്കടം തോന്നി. അന്ന് ഈ മിണ്ടാപ്രാണികളുടെ നൊമ്പരം തിരിച്ചറിയാനുള്ള വിവേകം ഇല്ലായിരുന്നു. പ്രതികരിക്കാന്‍ കഴിയാതെ പോകുന്ന ഇവയുടെ വേദന ഞാനറിയുന്നു. ഇവര്‍ക്കായി വകുപ്പും നിയമവും ഉള്ള നാട് തന്നെ ഇന്ത്യ. പക്ഷെ നിയമം എത്തിനോക്കാത്ത ഈ ഉള്‍ഗ്രാമത്തിലെ നിരത്തുകള്‍ പൊട്ടി പൊളിഞ്ഞത് ഈ മിണ്ടാപ്രാണികളുടെ കണ്ണീര്‍ വീണു കുതിര്‍ന്നായിരിക്കുമോ..?

ഇങ്ങിനെ എന്‍റെ നാട്ടിന്‍പുറത്തേക്ക് കണ്ണോടിക്കുമ്പോള്‍ ഓര്‍ക്കാന്‍ വേറെയും മുഖങ്ങളുണ്ട്. ആരൊക്കെയോ വലിച്ചൂതിയെറിഞ്ഞ മുറിബീഡി പെറുക്കി മടിയില്‍ വെച്ച്‌, അതും വലിച്ചു നടക്കുന്ന ഉസ്സന്‍ കുട്ടിയെ പഞ്ചായത്തിന്‍റെ ഏത് മൂലയില്‍ ചെന്നാലും കാണാം. എനിക്കോര്‍മ്മവെച്ച നാള്‍ മുതല്‍ ഈ കോലത്തില്‍ സമനില തെറ്റി ഉസ്സന്‍ക്കുട്ടിയുണ്ട്. ഒരു ഭ്രാന്തന്‍ എന്ന് വിളിച്ചു അവനെ അപമാനിക്കാന്‍ പറ്റില്ല എനിക്ക്. അവനെന്‍റെ നാട്ടുക്കാരനാണ് അയക്കാരനാണ് . സ്കൂളില്‍ പോകുന്ന കാലത്ത് അവനെ പേടിച്ചു മാറി നടന്ന കാലമുണ്ട്. ഉസ്സന്‍ കുട്ടിക്ക് കൊടുക്കും എന്ന് പറഞ്ഞു കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാരും ഉണ്ട്. ഭ്രാന്തന്‍ എന്ന് പറഞ്ഞു മറ്റു കുട്ടികള്‍ അവന്‍റെ പിറകെ കൂടുമ്പോള്‍ വിഷമിച്ചിട്ടുണ്ട്. പക്ഷെ ഒരുപദ്രവും അയാള്‍ ആരോടും ചെയ്തില്ല. ഇന്നും എന്‍റെ മുന്നില്‍ വന്നുപ്പെട്ടു ഉസ്സന്‍ക്കുട്ടി. കാലം പോലും രൂപത്തിലും ഭാവത്തിലും മാറ്റം വരുത്താത്ത അവന്‍ , പഴയ പോലെ മുറിബീഡി പെറുക്കി , അവ്യക്തമായി പിറുപിറുത്ത് ജീവിതം നടന്നു തീര്‍ക്കുന്നു. ഞങ്ങളുടെ നിത്യ ജീവിതത്തില്‍ കാണുന്ന മുഖം ആയതുകൊണ്ടാവാം അവന്‍ വെറുക്കപ്പെടാതിരിക്കുന്നത്. പരിഷ്കൃത ലോകത്ത് പരിഹാസം ഏറ്റുവാങ്ങാതെ തന്‍റെ വഴികളിലൂടെ അവന്‍ നടന്നു നീങ്ങുന്നു.

മുണ്ടിച്ചിയെയും മക്കളെയും പറ്റി പറഞ്ഞില്ലല്ലോ . പണ്ട് , കാലത്ത് വന്ന് ചെറുവാടി അങ്ങാടി മുഴുവന്‍ അടിച്ചുവാരി വൃത്തിയാക്കി പോകും മുണ്ടിച്ചിയും മക്കളും. അതൊരു പ്രതിഫലം ഉള്ള ജോലിയായിരുന്നോ എന്നെനിക്കറിയില്ല. അല്ലെന്നു തോന്നുന്നു. മാറ് മറക്കാതെ വളഞ്ഞു തൂങ്ങി ആ വൃദ്ധയും മക്കളും ഏറ്റെടുത്തത് ഏത് നിയോഗമായിരുന്നു...? പക്ഷെ കാലത്ത് സുബഹി നിസ്കരിച്ചു വല്യുപ്പയോടൊപ്പം ഇറങ്ങിവരുമ്പോള്‍ കലപില ശബ്ദം വെച്ചു അങ്ങാടി വൃത്തിയാക്കുന്ന മുണ്ടിച്ചിയുടെ മുഖം അവ്യക്തമെങ്കിലും നല്ലൊരു ഓര്‍മ്മയായി മനസ്സിലുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് മുണ്ടിച്ചിയെ പോലുള്ളവര്‍ക്ക് എന്ത് കാര്യം. മാലിന്യങ്ങള്‍ തെരുവിലല്ലല്ലോ , മനുഷ്യന്‍റെ മനസ്സിലല്ലേ..?

നല്ല മഴയാണ് ഇവിടെ. കൂടെ ഇടിയും മിന്നലും. ഈ വേനല്‍ മഴയുടെ രൌദ്ര താളം എനിക്ക് രസമെങ്കിലും നാട്ടില്‍ നല്ല ദ്രോഹം ചെയ്യുന്നുണ്ട്. പക്ഷെ ചൂടിനു കുറവില്ല. എനിക്കിന്ന് നല്ലൊരു ദിവസമാണ്. അതുകൊണ്ട് ഓര്‍മ്മകളില്‍ കുഞ്ഞാലിക്കയുടെ കാളവണ്ടിയില്‍ കയറി ഞാനൊന്ന് ഗ്രാമപ്രദക്ഷിണം നടത്തട്ടെ.

65 comments:

 1. ഒരിക്കല്‍ ഗ്രാമങ്ങളുടെ താളം തന്നെയായിരുന്നു കാളവണ്ടികള്‍ , അത് പോകുന്നതിന്റെ താളത്തിനനുസരിച്ച് ആ ഗാനവും ..എന്റെ വീട്ടില്‍ ഉണ്ടായിരുന്നു കാളവണ്ടി ..ചെറിയ ഒരോര്‍മ കിട്ടുനുണ്ട് അതില്‍ യാത്ര ചെയ്തത് ...ആ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി ഇത് വായിച്ചപ്പോള്‍ ......ആശംസകള്‍ മനസ്സ് ഇവിടെ കുറിച്ചതിന് ..ഇനി ഗുല്‍മോഹറിന് വേണ്ടി കാത്തിരിക്കുന്നു ..

  ReplyDelete
 2. അപ്പൊ ഉടനെ ഒന്നും തിരിച്ചു പോരാനുള്ള പരിപാടി ഇല്ലേ. പഴയ ഓര്‍മ്മകളൊക്കെ പൊടി തട്ടി എടുത്തു.....

  ReplyDelete
 3. കാളവണ്ടിക്കാലത്തെക്കുറിച്ചും ഓലപ്പന്തുകാലത്തെക്കുറിച്ചുമൊക്കെയുള്ള
  ഓര്‍മ്മകള്‍ എഴുതിയിടുന്നത് നല്ലതാ..ഭാവി തലമുറക്ക് ഇങ്ങനെയുള്ള ഒരു കാലമുണ്ടായിരുന്നു എന്ന് മന്‍സ്സിലാക്കാമല്ലോ..

  ReplyDelete
 4. ചെറുവാടി നിരാശപ്പെടുത്തിയില്ല കേട്ടോ !!നന്ദി ഓര്‍മകളിലേക്ക് നടത്തിയതിനു ..ഞാന്‍ പറയാറില്ലേ ചെറുവാടി യുടെ പോസ്റ്റ്‌ വായിക്കുമ്പോള്‍ വരാറുള്ള ഒരു വല്ലാത്ത വേദന ,നഷ്ട്ടബോധം ...അതെ അതെന്നെ വീണ്ടും വല്ലാതെ വരിഞ്ഞു മുറുക്കുന്നു ..രണ്ടാഴ്ച്ചയെ ആയുള്ളൂ നാട്ടില്‍ നിന്നും വന്നിട്ട് ,എന്നിട്ടും ഇതെന്നെ വേദനിപ്പിക്കുന്നു എങ്കില്‍ ഞാനെന്റെ നാടിനെ ,ആ കാഴ്ചകളെ ,അവിടുത്തെ ആളുകളെ എത്രമാത്രം ആഗ്രഹിക്കുന്നു ,സ്നേഹിക്കുന്നു എന്നോര്‍ത്ത് നോക്കിക്കേ ..ചെറുവാടി എന്ന ഓര്‍മയില്‍ ,കാഴ്ച്ചയില്‍ മന്‍സൂര്‍ എത്രമാത്രം നഷ്ട്ടപെടുന്നു എന്ന് മനസ്സിലാകുന്നതും ചിലപ്പോള്‍ ഈ തിരിച്ചരിവിലായിരിക്കും അല്ലെ സുഹ്രത്തെ!!!
  നന്നായി എഴുതി (എന്നത്തേയും പോലെ )കുറച്ചൂടെ ദൈര്‍ഘ്യം ആകാമായിരുന്നു എന്ന് തോന്നുന്നു ..പെട്ടെന്ന് തീര്‍ന്നുപോയ പോലെ .ചിലപ്പോള്‍ ഞാനതില്‍ ലയിച്ചിരുന്നു വായിച്ചതോണ്ട് തോന്നിയതാകാം ...നാട്ടില്‍ ചെന്നിട്ട് യാത്ര തന്നെയാണല്ലേ .അടിച്ചു പൊളിക്ക് ..ഇപ്പോഴും കിട്ടില്ല ഇത്തരം ഭാഗ്യങ്ങള്‍ !!കിട്ടുമ്പോള്‍ മുതലാക്കണം ..കൂടെ ഒന്നുടെ പറയട്ടെ കുടുംബത്തെയും കൂട്ടണം കേട്ടോ ..പാവല്ലേ അവര്‍ക്കും കാണില്ലേ ആഗ്രഹങ്ങള്‍ ..ഇനി കുറച്ചു യാത്രകള്‍ ഒന്നിച്ചുള്ളതാകട്ടെ!!!ആശംസകള്‍
  കൂടെ പ്രാര്‍ത്ഥനയും ...
  വാല്‍കഷ്ണം :ബംഗ്ലാദേശ് കോളനി യാത്ര ഞാന്‍ വന്നിട്ട് മതി ..കളിയില്‍ ചതിയില്ല ..ജീവിതത്തിലും !!!!

  ReplyDelete
 5. പ്രിയ മൻസൂർ, ചെറുവാടിയിലെ മൺവഴികളിലൂടെ, കുടമണി കിലുക്കിപ്പോകുന്ന കാളവണ്ടിയിൽ കൊച്ചു മൻസൂറിനൊപ്പം ഇന്ന് ഞാനും ഒരു യാത്ര പോയി.... വഴിയ്ക്ക് കണ്ടു, മുറിബീഡി പെറുക്കി , അവ്യക്തമായി പിറുപിറുത്ത് നടന്നുപോകുന്ന ഉസ്സന്‍ക്കുട്ടിയെ.... ചെറുവാടി അങ്ങാടിയിലെ ചപ്പുചവറുകൾ തൂത്തു വാരുന്ന മുണ്ടിച്ചിയെയും മക്കളെയും...

  നഷ്ടപ്പെട്ടുപോയ ഗ്രാമക്കാഴ്ചകളെ, ഓർമ്മയിൽനിന്നും പെറുക്കിയെടുത്ത് ചുവന്ന കുന്നിമണികൾ പോലെ മൻസൂർ കൂട്ടിവച്ചുകൊണ്ടിരിയ്ക്കുന്നു. എന്റെ മനസ്സിലും, മറഞ്ഞുകിടന്നിരുന്ന,അവ്യക്തമായ ചില ഓർമ്മകൾക്ക് ഈ അക്ഷരങ്ങൾ ചൂടു പകരുന്നു.. പറന്നെത്തുവാൻ കൊതിയ്ക്കുന്ന ആ കാലവും, ഓർമ്മകളും ഇനി നമുക്കായി തിരിച്ചുകിട്ടില്ലല്ലോ എന്നോർക്കുമ്പോൾ എവിടെയോ ഒരു നൊമ്പരവും...
  പ്രിയ മൻസൂർ ഏറെ നന്ദി ഈ ചെറുകുറിപ്പുകൾക്ക്.ഈ ഓർമ്മപ്പെടുത്തലുകൾക്ക്.... ഒരു പാട് സ്നേഹാശംസകളും നേരുന്നു.
  സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 6. സ്കൂളില്‍ പഠിക്കുമ്പോള്‍ കാളവണ്ടിയുടെ പുറകെ പിടിച്ച് വീട്ടിലേക്ക്‌ നടക്കുന്നത് മനസ്സിലൂടെ മിന്നി മറഞ്ഞു. പുസ്തകം കാളവണ്ടിയുടെ പുറകില്‍ വെച്ച് വണ്ടിയില്‍ ഞാന്നു കിടക്കും. പലപ്പോഴും കാളവണ്ടിക്കാരന്‍ കാണാതെ ബ്രേക്കിന് ഉപയോഗിക്കുന്ന മരത്തില്‍ ഞാന്നു കിടന്നു ചവിട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കാളവണ്ടിക്കാരന്റെ കോപം. കയ്യില്‍ കിട്ടിയ പുസ്തകവും എടുത്ത്‌ ഓടും.

  ReplyDelete
 7. നല്ല ഓര്‍മ്മകള്‍ എന്നതിലുപരി പോസ്റ്റ്‌ പലതിലെക്കുമുള്ള ഓര്‍മ്മപ്പെടുതല്‍ ആയിരുന്നു നന്ദി

  ReplyDelete
 8. പ്രിയ മന്‍സൂറിന്‍റെ ഭാവസുന്ദരമായ ഈ രചന വായിക്കുംനേരം ഒരു
  നിമിഷം എന്‍റെ ഓര്‍മ്മകളും കാളവണ്ടി യുഗത്തിലേക്ക് തേരോടിച്ചു പോയി.
  വണ്ടിക്കാരന്‍ പന്ത്രുവേട്ടനും,ഭ്രാന്തെടുത്തു വരുമ്പോള്‍ കുട്ടികളെ കല്ലെടുത്ത്
  എറിയുകയും,ഭ്രാന്തില്ലാത്തപ്പോള്‍ സ്നേഹത്തോടെ കുട്ടികളെ വിളിച്ച് മിഠായി വാരികൊടുക്കുകയും ചെയ്യുന്ന ഇറ്റാമമ്മാന്‍.എങ്കിലും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ആളെ കാണരുതേ എന്നാണ് പ്രാര്‍ത്ഥന.
  പിന്നെ വീടുകളിലെ മലം ശേഖരിച്ച് ഉന്തുവണ്ടി തള്ളിവരുന്ന തോട്ടികള്‍....
  നിറമുള്ളതും,നിറമില്ലാത്തതുമായ ഓര്‍മ്മകള്‍................
  സ്നേഹാശംസകളോടെ

  ReplyDelete
 9. പെട്രോളിന്റെ വില ഇങ്ങിനെ കൂടിക്കൊണ്ടിരുന്നാല്‍ കാളവണ്ടിയൊക്കെ പുനര്‍ജനിക്കുമോ എന്തോ

  ReplyDelete
 10. ഓര്‍മ്മകള്‍ മരിക്കുമോ...
  സുഖമുള്ള ഓര്‍മകളുമായി ചെറുവാടിയുടെ യാത്ര തുടരട്ടെ...
  സ്നേഹാശംസകള്‍..

  ReplyDelete
 11. മാനഞ്ചിറയുടെ ഓരത്തുകൂടെയുള്ള നാട്ടുവഴിപോലെ തോന്നിക്കുന്ന ഒരു പാതയിലൂടെ കാളവണ്ടിപോവുന്ന ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം ഈയ്യിടെ കാണുകയുണ്ടായി. കോംട്രസ്റ്റിന്റെ കെട്ടിടം പതിഞ്ഞതുകൊണ്ടുമാത്രമാണ് ഇന്നത്തെ തിരക്കുപിടിച്ച മാനഞ്ചിറയുടെ പരിസരമാണ് ആ കാളവണ്ടിച്ചിത്രത്തിലുള്ളത് എന്നു മനസ്സിലായത്.... കാലം മാറി,കാളവണ്ടികള്‍ മലയാളിയുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായി.നഗരങ്ങളുണ്ടായി, നാട്ടിന്‍പുറങ്ങളുടെ മുഖച്ഛായ മാറി.....

  ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഈ കഥാപാത്രങ്ങളെല്ലാം. ചില പഴയകാല അനുഭവങ്ങളെ ഓര്‍മ്മയിലേക്കു കൊണ്ടുവന്നു ഈ രചന....

  ReplyDelete
 12. കാളവണ്ടിയില്‍ കയറി ഓര്‍മ്മകളുടെ ചെമ്മണ്‍ പാതകളിലേക്ക്

  ReplyDelete
 13. ഗ്രാമത്തിലെ സുന്ദരമായ കാഴ്ചകളിൽ നിന്ന് നൊ മ്പരപ്പെടുത്തുന്നവയിലേക്കാണല്ലോ മൻസൂർ ഇക്കുറി തിരിഞ്ഞത്. വണ്ടി വലിക്കുന്ന കാളയുടെ നൊമ്പരം, മുറിബീഡി പെറുക്കി വലിച്ചു നടക്കുന്ന ഉസ്സന്‍ കുട്ടി,മുണ്ടിച്ചി ... അതെ,നാം എല്ലാ കാഴ്ചകളും കാണണം,ഓർത്തിരിക്കണം!

  ReplyDelete
 14. നാട്ടിലിരുന്നും യാത്രയിലും സര്‍ക്കീട്ടിലും ഒക്കെ ഇങ്ങനെ എഴുതാന്‍ പറ്റുക ഒരു പക്ഷെ മന്‍സൂറിന് മാത്രമേ കഴിയൂ...

  കുഞ്ഞാലിക്കയുടെ റോള്‍സ് റോയ്സ് കാളവണ്ടിയില്‍ പോയ ആ പോക്ക് നന്നായി അവതരിപ്പിച്ചു....

  കൂടുതല്‍ കറങ്ങിത്തിരിയാതെ പെട്ടെന്നിങ്ങു പോന്നേക്കണം...(അസൂയ)....!

  ReplyDelete
 15. പഴയ കാല ഓര്‍മ്മകള്‍ നല്കുന്ന നല്ല പോസ്റ്റ് കാളവണ്ടിയും വയലുകളും കലപ്പയും ഞാറ്റു പാട്ടും കടലാസ് തോണിയും എല്ലാം ഓര്‍മ്മയില്‍ വന്നു, നല്ല അവതരണം
  എന്നത്തെപോലെ ഈ പോസ്റ്റും വളരെ നന്നായിരിക്കുന്നു ചെറുവാടി ആശംസകള്‍ ....
  സ്കൂളില്‍ നിന്നും പണ്ട് പഠിച്ച വണ്ടിക്കാളകള്‍ എന്ന കവിത ഓര്‍മ്മയില്‍ വന്നു...

  ReplyDelete
 16. നല്ല ഫീൽ ഉണ്ട് ഈ എഴുത്തിൽ
  പഴമയുടെ അടയാളങ്ങൾ

  ആശംസകൾ

  ReplyDelete
 17. മന്‍സൂര്‍,
  എല്ലാ നാട്ടിലും ഇതുപോലെയുള്ള ചിലരെ ദൈവം അവശേഷിപ്പിചിട്ടില്ലേ? അതിനെപ്പറ്റി ചിന്തിക്കുന്നത് അത്ഭുതമല്ലേ? കുഞ്ഞുംനാളില്‍ ഈ സാധുക്കളെയും ഭ്രാന്തനെയും പേടിച്ചും, പിന്നെ കല്ലെറിഞ്ഞും പരിഹസിച്ചും കഴിഞ്ഞുപോയ നാളുകള്‍ ഓര്‍ക്കുമ്പോള്‍ വേദനയല്ലേ? ആര്‍ക്കാണ് ഭ്രാന്ത് ഇല്ലാത്തത്? വെറുമൊരു നൂലിന്റെ വണ്ണത്തില്‍ ചിന്തയിലെവിടെയോ വലിച്ചുകെട്ടിയ ഒരതിര്‍ത്തി!! അതിനിപ്പുറവും അപ്പുറവും തമ്മില്‍ ഒരു നിമിഷാര്‍ദ്ധത്തിന്‍റെ ദൂരമല്ലെയുള്ളൂ!! ആര്‍ക്കും സഞ്ചരിക്കാവുന്ന പാത!

  എനിക്കും ലേശം,,,,,,,മറ്റേതായി എന്ന് തോന്നുന്നതിന് മുന്‍പേ നിര്‍ത്തിയേക്കാം..:)

  നല്ല എഴുത്ത്! ആശംസകള്‍!!

  ReplyDelete
 18. ഓര്‍മ്മകള്‍ മരിക്കുന്നില്ലാ...ഓളങ്ങള്‍ നിലക്കുന്നില്ലാ .....

  എന്റെ മണ്‍സൂ നീ എഴുത്....... സുപെര്ര്ര്‍..

  ReplyDelete
 19. നാടിനേയും നാട്ടാരേയും കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞ് ഞങ്ങളെ ചെറുവാടി ഫാൻസ് അസ്സോസിയേഷൻ‌കാർ ആക്കാനുള്ള പുറപ്പാടാ അല്യേ...ഹിഹി
  കാളവണ്ടിയും കുതിരവണ്ടിയുമൊക്കെ അത്ഭുതത്തോടെ നോക്കി നിന്ന കാലമാണു കുഞ്ഞാലിക്കയുടെ ചിത്രം എനിക്ക് തന്നത്..ചുറ്റുപാടുകളെക്കുറിച്ചും സ്വന്തബന്ധങ്ങളെക്കുറിച്ചും നാളെയെക്കുറിച്ചുള്ള വ്യാകുലതകളെക്കുറിച്ചും ചിന്തിക്കാതെ തന്നിലേക്കൊതുങ്ങിക്കൂടുന്ന ഉസ്സൻ‌കുട്ടിമാരെ എവിടെയൊക്കെയോ കണ്ട ഓർമ്മ...പക്ഷേ മുണ്ടിച്ചിയും മക്കളും തീർത്തും പുതുമ തന്നെ..
  കഴിഞ്ഞുപോയ കാലം എപ്പോഴും നല്ലതു തന്നെ...
  പതിവു പോലെ വശ്യമനോഹരഭാഷയിൽ ഒരെഴുത്തു കൂടി...നന്നായിരിക്കുന്നു...ആശംസകൾ ഏട്ടാ

  ReplyDelete
 20. ഇതാണ് നാടന്‍ കാഴ്ചകള്‍. തിരികെ വരാന്‍ പദ്ധതി ഒന്നുമില്ലേ?

  ReplyDelete
 21. എനിക്കുമുണ്ടായിരുന്നു ഇതുപോലൊരു കാളവണ്ടിക്കാലം..
  ഓര്‍മകളിലൂടെ ഞാനും ഒരു ചെറുയാത്ര നടത്തി..
  കുഞ്ഞാലിക്കയുടെ കാലളവണ്ടിക്ക് പിറകില്‍ പുള്ളിപ്പാവാടയിട്ടു ഞാനും
  കുറച്ചു ദൂരം ഓടിയില്ലേ..!എന്‍റെ കുട്ടിക്കാലത്തിലൂടെ,,,,
  നന്ദി ചെറുവാടീ..ഈ എഴുത്തിന്.
  ആശംസകള്‍.

  ReplyDelete
 22. ഓര്‍മകളെ നിന്നെയോര്‍ത്തു കരയുന്നു ഞാന്‍ ..
  എന്റെ ഓര്‍മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍

  ReplyDelete
 23. ശരിക്കും കാളവണ്ടികളും, മുണ്ടിച്ചികളും...എന്തിനു അടയ്ക്കാ കുരുവികൾ വരെ ഓർമ്മകളായി തുടങ്ങിയിരിക്കുന്നു....എപ്പോഴത്തേയും പോലെ രസകരമായ അവതരണം മൻസൂ.........

  ReplyDelete
 24. ഈ നാട്ടുപാതകള്‍ , നാട്ടോര്‍മ്മകള്‍ ഗൃഹാതുരതയോടെ വായിക്കാനും ഓര്‍മ്മകളിലേക്ക് ഒരുനിമിഷം കൈപിടിച്ച് കൊണ്ടുപോകാനും ശ്രമിച്ച മന്‍സൂറിന് അഭിനന്ദനങ്ങള്‍ !

  ReplyDelete
 25. ഇന്നും കന്നഡ ഗ്രാമങ്ങളിലൂടെ പോകുമ്പോള്‍ കാളവണ്ടികളുടെ കുളമ്പടികള്‍ മനസ്സിനെ പിന്നോട്ട് നയിക്കാറുണ്ട്...നന്ദി ചെരുവാടീ....

  ReplyDelete
 26. ഞാനും കുറെ നേരം കാളവണ്ടിയില്‍ യാത്രയിലായിരുന്നു. ഇന്ന് ഒരു കാളവണ്ടി പോലുമില്ല ഞങ്ങളുടെ നാട്ടില്‍. എങ്കിലും മൈസൂര്‍ യാത്രകളില്‍ കാണാറുണ്ട്‌ കാളവണ്ടികള്‍. ഉസ്സന്‍ കുട്ടിയെ പോലെ തന്നെ ഒരു ഉണ്ണി ഭ്രാന്തനുമുണ്ട് ഓര്‍മകളില്‍. നാനി മന്‍സൂര്‍, ഓര്‍മകളുടെ ചെമ്മണ്‍ പാതകളില്‍ വീണ്ടുമൊരു കാളവണ്ടിയൊച്ച കേള്‍പ്പിച്ചതിന്.. ഗൃഹാതുരത്വമുനര്‍ത്തുന്ന ഓര്‍മ്മകള്‍ പങ്കു വെച്ചതിനു..

  ReplyDelete
 27. ഈ കൊച്ചു പോസ്റ്റ്‌ എന്നിലേക്ക് ചില പഴയ കാള വണ്ടിക്കാരെ കൊണ്ടെത്തിച്ചു ...
  ഒരുവില്‍ കുട്ടി എന്ന മാപ്പിള പ്രമാണിയുടെ സിന്ധി കാളകള്‍ വലിക്കുന്ന വണ്ടിയില്‍ കയറിയിരുന്നു മെറ്റല്‍ നിരത്തിയ റോഡിലൂടെ ആടിയുലഞ്ഞ് സ്കൂള്‍ വരെയുള്ള യാത്ര ...
  പന്ചാമുവിന്റെ കാളവണ്ടിയില്‍ ഇടം ഇല്ലാത്തതിനാല്‍ കയറാന്‍ കഴിയാതെ ചക്രത്തോട് ചേര്‍ത്തു കെട്ടിയ വേഗത നിയന്ത്രണ മരത്തില്‍ ചവിട്ടി തൂങ്ങിയതും പന്ചാമു ചീത്ത വിളിച്ചതും .....
  ചെറുവാടി നന്ദി ഒരു പാട് ... ആ പഴയ ഓര്‍മകളിലേക്ക് വഴി നടത്തിയതിനു ....

  ReplyDelete
 28. കുഞ്ഞാലിക്കയുടെ കാളവണ്ടിക്ക് പകരം ഞങ്ങള്‍ടെ നാട്ടില്‍ 'തേനു കാക്കാന്റെ' പോത്തിന്‍ വണ്ടി ആയിരുന്നു. എന്നാല്‍ എന്ന് അതൊന്നും പൊടി കാണാന്‍ കിട്ടാതെയായി.

  പഴയ ഗ്രാമവും, ഗ്രാമത്തിലെ നിഷ്കളങ്കതയും ചെറുവാടിയിലൂടെ ഒരിക്കല്‍ കൂടി ഓര്‍മ്മകളില്‍ എത്തി. ആശംസകളോടെ.

  ReplyDelete
 29. ഒരു ബ്ലാക്ക് ആന്റ് ചിത്രത്തെ നിറമുള്ളതാക്കി മാറ്റിയ പോസ്റ്റ്. ഓർമ്മകളിൽ ഉരുണ്ട കാളവണ്ടിചക്രങ്ങൾ മുന്നിലൂടെ വീണ്ടും കര കര ശബ്ദം ഉണ്ടാക്കി പോകുന്നു..

  ReplyDelete
 30. ഇങ്ങിനെ എന്‍റെ നാട്ടിന്‍പുറത്തേക്ക് കണ്ണോടിക്കുമ്പോള്‍ ഓര്‍ക്കാന്‍ വേറെയും മുഖങ്ങളുണ്ട്. ആരൊക്കെയോ വലിച്ചൂതിയെറിഞ്ഞ മുറിബീഡി പെറുക്കി മടിയില്‍ വെച്ച്‌, അതും വലിച്ചു നടക്കുന്ന ഉസ്സന്‍ കുട്ടിയെ പഞ്ചായത്തിന്‍റെ ഏത് മൂലയില്‍ ചെന്നാലും കാണാം. എനിക്കോര്‍മ്മവെച്ച നാള്‍ മുതല്‍ ഈ കോലത്തില്‍ സമനില തെറ്റി ഉസ്സന്‍ക്കുട്ടിയുണ്ട്. ഒരു ഭ്രാന്തന്‍ എന്ന് വിളിച്ചു അവനെ അപമാനിക്കാന്‍ പറ്റില്ല എനിക്ക്. അവനെന്‍റെ നാട്ടുക്കാരനാണ് അയക്കാരനാണ് . സ്കൂളില്‍ പോകുന്ന കാലത്ത് അവനെ പേടിച്ചു മാറി നടന്ന കാലമുണ്ട്. ഉസ്സന്‍ കുട്ടിക്ക് കൊടുക്കും എന്ന് പറഞ്ഞു കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാരും ഉണ്ട്.

  ReplyDelete
 31. പുതു പറമ്പന്റെ പോത്തിന്‍ വണ്ടിയുടെ പിന്നില്‍ എത്ര തൂങ്ങി
  കുഞ്ഞു കാക്ക എത്ര ഓടിച്ചു
  ഹംസാക്ക എത്ര ഫ്രീ ലിഫ്റ്റ് തന്നു എന്ത് നല്ല മനുഷ്യന്‍!
  എല്ലാം ഓര്‍മകളില്‍ മാത്രമൊതുങ്ങി
  നന്ദി മന്‍സൂര്‍ ഭായ്
  ജീവിതത്തെ ഒരു പാട് കാലം പിറകോട്ടടിപ്പിച്ചതിനു

  ReplyDelete
 32. ഗ്രാമ വിശുദ്ധി എന്നതിനേക്കാള്‍ പഴയ കാലത്തെ ഗ്രാമീണ ജീവിതത്തെ കുറിച്ചാണല്ലോ ഈ ഓര്‍മ്മക്കുറിപ്പ്‌... സ്മരണകള്‍ നമ്മെ ഇടക്കിടക്ക്‌ പഴയ കാലത്തേക്ക്‌ കൊണ്‌ട്‌ പോകും... വന്ന വഴി ഒാര്‍മ്മിക്കാന്‍ അത്‌ നല്ലതാണെന്ന് തോന്നുന്നു.... ആശംസകള്‍ മന്‍സൂറ്‍

  ReplyDelete
 33. ഓര്‍മ്മകളിലൂടെയുള്ള കാളവണ്ടി യാത്ര നന്നായി മാഷേ.

  കുട്ടിക്കാലത്ത് അങ്ങനൊക്കെയാണ്. ബസ്സ് ഡ്രൈവര്‍, കിളി, കണ്ടക്റ്റര്‍, ഓട്ടോ ഡ്രൈവര്‍ തുടങ്ങി എത്രയോ പേരെ ആരാധനയോടെ കണ്ടിരിയ്ക്കുന്നു...

  ReplyDelete
 34. ഇപ്പോഴും സഫലമാകാത്ത ന്റ്റെ ഒരു മോഹമാണ്‍ ട്ടൊ കാളവണ്ടി യാത്ര..
  ആ മോഹം ഇപ്പൊ അങ്ങേ തലത്തില്‍ എത്തിച്ചു..

  ഒരു കാളവണ്ടി നീങ്ങുന്നത് കാണുമ്പോള്‍ ആ വണ്ടിയുടെ നീക്കം മാത്രല്ല, വണ്ടിക്കാരനേയും കാളയേയും അവരുടെ വേദനകളും ഏതൊരു വ്യക്തിയിലൂടേയും പെട്ടെന്ന് കടന്നു പോകും..
  ആ അനുഭവം ഈ വായന തന്നു...നന്ദി ട്ടൊ..!
  അപ്പൊ ഏട്ടാ....വരുന്നോ കാളവണ്ടിയില്‍ തൃശ്ശൂര്‍ പൂരം കാണാന്‍.. :)

  ReplyDelete
 35. പ്രിയ മന്‍സൂര്‍,

  നാട്ടില്‍ അന്യം നിന്ന് പോയി കാളവണ്ടികള്‍ എങ്കിലും ഭാരം വലിക്കുന്ന ആ മിണ്ടാപ്രാണികളുടെ കഷ്ടപ്പാടോര്‍ക്കുമ്പോള്‍ ചിലത് അന്യം നിന്ന് പോകട്ടെ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നതില്‍ തെറ്റുണ്ടോ ?.
  വടക്കേ ഇന്ത്യയില്‍ കാളകളെപ്പോലെ ഭാരം വലിക്കുന്ന റിക്ഷ വാലകള്‍ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട്,അവരുടെ റിക്ഷകളില്‍ അവര്‍ക്കൊരു ഭാരമായി ഇരിക്കേണ്ടി വന്ന നിമിഷങ്ങളില്‍പ്രത്യേകിച്ചും.

  ഓര്‍മ്മകളുടെ ഒരു പിടി അക്ഷരങ്ങളുമായി വീണ്ടും വരുമല്ലോ.
  ആശംസകള്‍

  ReplyDelete
 36. നന്നായി എന്നൊക്കെ എഴുതി സുഖിപ്പിക്കുന്നില്ല!! നല്ല ഓര്‍മകളിലേക്കു കൂട്ടികൊണ്ട്പോയി...ഉസ്സന്‍ കുട്ടി ചെയ്ത പോലെ ബീഡി വലിച്ചില്ലെങ്കിലും ...കടലാസ് ചുരുട്ടി വലിച്ചത് ഓര്‍മ വന്നു...

  ReplyDelete
 37. ഓര്‍മകളിലേക്ക് ഊളിയിട്ട രചന പതിവ് പ്പോലെ തന്നെ നന്നായിരിക്കുന്നു ആശംസകള്‍

  ReplyDelete
 38. പക്ഷെ നിയമം എത്തിനോക്കാത്ത ഈ ഉള്‍ഗ്രാമത്തിലെ നിരത്തുകള്‍ പൊട്ടി പൊളിഞ്ഞത് ഈ മിണ്ടാപ്രാണികളുടെ കണ്ണീര്‍ വീണു കുതിര്‍ന്നായിരിക്കുമോ..?
  ഇതിത്തിരി നൊമ്പരപ്പെടുത്തി.

  മാറ് മറക്കാതെ വളഞ്ഞു തൂങ്ങി ആ വൃദ്ധയും മക്കളും ഏറ്റെടുത്തത് ഏത് നിയോഗമായിരുന്നു...? പക്ഷെ കാലത്ത് സുബഹി നിസ്കരിച്ചു വല്യുപ്പയോടൊപ്പം ഇറങ്ങിവരുമ്പോള്‍ കലപില ശബ്ദം വെച്ചു അങ്ങാടി വൃത്തിയാക്കുന്ന മുണ്ടിച്ചിയുടെ മുഖം അവ്യക്തമെങ്കിലും നല്ലൊരു ഓര്‍മ്മയായി മനസ്സിലുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് മുണ്ടിച്ചിയെ പോലുള്ളവര്‍ക്ക് എന്ത് കാര്യം. മാലിന്യങ്ങള്‍ തെരുവിലല്ലല്ലോ , മനുഷ്യന്‍റെ മനസ്സിലല്ലേ..?
  ഈ ഭാഗം മനസ്സിൽ തട്ടി. നാട്ടിൽ മുണ്ടിച്ചിയായിരുന്നില്ല മുണ്ടിയായിരുന്നു. നല്ല എഴുത്ത് മൻസൂറിക്കാ നന്നായി മനസ്സിൽ തട്ടി. ആശംസകൾ.

  ReplyDelete
 39. പ്രിയ മന്‍സൂര്‍
  കാള വണ്ടി : എന്നില്‍ അലിഞ്ഞു ചേര്‍ന്ന പദമാണ് അത് . ഇന്നും എന്റെ നാട്ടില്‍ ചിലരെങ്കിലും എന്നെ അറിയുന്നത് വണ്ടിക്കാരന്റെ പേര കുട്ടി എന്നാണു . കോഴികോട് വലിയങ്ങാടിയിലേക്ക് ചരക്കുമായി വണ്ടി , വണ്ടിയില്‍ ബയ്ത്തും പാട്ടും പാടി ഉറക്കത്തെ പിടിച്ച്‌ നിര്‍ത്തുന്ന വല്ലിപ്പ .
  ഒന്നിലധികം വണ്ടി ഉണ്ടായിരുന്നു വല്ലിപ്പാക്ക്. ഒടുവില്‍ പതിറ്റാണ്ടുകള്‍ ഓടിയ ആ കാളവണ്ടികളുടെ ചക്രങ്ങള്‍ കുറെ കാലം വീടിന്റെ മുന്നില്‍ ഉണ്ടായിരുന്നു , കാലം കൊണ്ട് അതും തുരുമ്പെടുത് നശിച്ചു , പക്ഷെ വണ്ടികാലകളുടെ കയറുകള്‍ ഉരസി വല്ലിപ്പയുടെ കാലില്‍ ഉണ്ടായിരുന്ന വെളുത്ത പാടുകള്‍ മരണം വരെ ഓര്‍മ്മ വല്ലിപ്പയില്‍ അവശേഷിപ്പിച്ചു . അവസാന നാളുകളില്‍ ചില ദിവസങ്ങളില്‍ ഉറക്കത്തില്‍ വല്ലിപ്പ കാളകളുമായി സംസാരിക്കുമായിരുന്നു എന്ന് ഉമ്മ പറഞ്ഞു .
  ഉറക്കം പിടിച്ച്‌ നിറുത്താന്‍ വല്ലിപ്പ പാടിയിരുന്ന പല പാട്ടുകളും വണ്ടിയും കാളയും ഓര്മ്മയായ ശേഷവും നേര്‍ത്ത പുഞ്ചിരിയോടെ വല്ലിപ്പ പാടുന്നത് ഞാന്‍ കേട്ടിടുണ്ട് .
  നന്ദി ഈ വായന സമ്മാനിച്ചതിന് .

  ReplyDelete
 40. മന്സൂര്‍ക്കാ . . . . Good One . . . Liked

  ReplyDelete
 41. ആ പഴയ കാലത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി, ഒരു ചെറുവാടിക്കഥ പോലെ തന്നെ മനോഹരം ഈ അനുഭവക്കുറിപ്പും.. ആശംസകള്‍

  ReplyDelete
 42. കാളവണ്ടിയുടെ കാലം അറിഞ്ഞിട്ടെങ്കിലും ഈ പോസ്റ്റിലൂടെ ശരിക്കും അനുഭവിച്ചു.... സുന്ദരമായ എഴുത്ത്..

  ReplyDelete
 43. മദ്രസ്സ വിട്ടു വീട്ടിലേക്ക് വരുമ്പോൾ വഴിയിൽ കാണുന്ന കാളവണ്ടിയുടെ പിൻഭാഗത്ത് പിറകിലേക്ക് അൽപ്പം തള്ളി നിൽക്കുന്ന ഭാഗത്ത് തൂങ്ങിക്കിടന്നതും മറ്റും വീണ്ടും ഓർമ്മയിലെത്തിച്ചു ഈ പോസ്റ്റ്. നന്ദി.

  ReplyDelete
 44. നാളുകള്‍ കൂടിയാണ് ബ്ലോഗില്‍.. ഏറെ നാളു മുന്‍പുള്ള ഓര്‍മ്മകളിലേക്ക് ഒരിക്കല്‍കൂടെ..

  ReplyDelete
 45. പ്രിയപ്പെട്ട മന്‍സൂര്‍,
  കുടമണി കിലുക്കി, കാളകള്‍ വണ്ടി വലിക്കുന്ന ദൃശ്യം ഓര്‍മയിലുണ്ട്. അതിനേക്കാള്‍ ഓര്‍മിക്കാന്‍ ഇഷ്ടം.പഴനിയിലെ കുതിരവണ്ടികള്‍ തന്നെ.
  ഒരു തേന്മാവിന്‍ കൊമ്പത്തെ കാളവണ്ടി യാത്ര ഓര്‍മകളെ മധുരതരമാക്കുന്നില്ലേ?
  നന്ദ പറഞ്ഞു,കേട്ടോ...;കോഴിക്കോട് മുതല്‍ ഷോര്‍ണൂര്‍ വരെ മഴയായിരുന്നു. മഴമേഘങ്ങള്‍ എന്നെ ഇന്നു വല്ലാതെ മോഹിപ്പിച്ചു.
  Lovely post,Mansoor! I enjoyed reading it.
  Good Night!
  Sasneham,
  Anu

  ReplyDelete
 46. കാളവണ്ടിയുമായി ബന്ധപ്പെട്ട ഒരു പൊങ്ങച്ചം ഞാനും പങ്കുവെക്കട്ടെ. എന്‍റെ അയല്പക്കക്കാരന്‍ അലവി കാക്കാക്ക് കാളവണ്ടിയുണ്ടായിരുന്നു. അതില്‍ കേറി യാത്ര ചെയ്യാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ആ യാത്ര സ്കൂള്‍ വരെ നീണ്ടു, ഞാന്‍ കൂടാതെ അഞ്ചാറു കുട്ടികള്‍ ആ വണ്ടിയിലുണ്ടായിരുന്നു, അന്നേരം അവിടെ വന്ന സി.ടി.എസ് ബസിലെ ചെക്കര്‍, നിങ്ങള്‍ ഞങ്ങളുടെ വയറ്റത്തടിച്ചു എന്ന് പറഞ്ഞ് അലവിക്കയോട് ചൂടായി. ഞങ്ങളെല്ലാവരും ആടിയാടി ചിരിച്ചു. പിന്നീട് മന്‍സൂര്‍ പറഞ്ഞത് പോലെ ഒറ്റക്കാള വലിക്കുന്ന വലിയ വണ്ടികള്‍ അതും നാല് വലിയ റബര്‍ വീലുകളിലുള്ളത്. ഒരു ലോറിയില്‍ കയറ്റാന്‍ മാത്രം ചരക്കുകള്‍ അവയുടെ പുറത്തു കയറ്റിവെച്ച് വലിപ്പിക്കുന്ന കേരളത്തിന്‌ പുറത്തെ ക്രൂരത കണ്ട് വല്ലാതെ വേദനിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍ മന്‍സൂര്‍ പതിവ് പോലെ ഇതും മികച്ചു നിന്നു.

  ReplyDelete
 47. ‘തോളത്ത് കനം തൂറും വണ്ടി തൻ തണ്ടും പേറി
  കാളകൾ മന്ദം മന്ദം ഇഴഞ്ഞ് നീങ്ങിടുമ്പോൾ..
  മറ്റൊരു വണ്ടിക്കാള വണ്ടിതൻ തണ്ടുമേലായ്
  കുറ്റിപോൽ കുന്തിച്ചതാ ചിന്തിച്ചിരിക്കുന്നിതാ..’

  പണ്ടത്തെ കാളവണ്ടിയുടെ താളവും ,ഈ ‘കേക’യുടെ താളവുമൊക്കെ ഒന്നു തന്നെയല്ലേ ഭായ്..,നമ്മുടെയൊന്നും ജീവിതത്തിൽ നിന്നും ഒരിക്കലും വിസ്മരിച്ചു പോകാത്തത് ... അല്ലേ

  ReplyDelete
 48. കാള വണ്ടിയെ കുറിച്ച് അഞ്ചു വാചകം എഴുതുക : 1 )ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു കാളവണ്ടി ഉണ്ടായിരുന്നു ..(2) ആ കാളകളെ ഉടമ ഒരു തെങ്ങില്‍ ആണ് കെട്ടിയിരുന്നത് (3) തെങ്ങ് തേങ്ങ തരുന്ന വൃക്ഷം ആണ് (4) തെങ്ങില്‍ നിന്നു ഓല ,മടല്‍ എന്നിവ കിട്ടും (5 ) കരിക്കിന്‍ വെള്ളം നല്ല ഒരു ദാഹ ശമനീ ആണ് .
  ഇതാണ് കാളവണ്ടിയുമായി എനിക്കുള്ള ബന്ധം (ആലപ്പുഴക്കാര്‍ക്ക് പൊതുവേ)..
  ചെറുവാടിക്ക് ഇത് തന്നെയാണ് എഴുത്തും ജീവിതവും ..നന്നായി എഴുതി :)

  ReplyDelete
 49. ഒരു ഗ്രാമത്തിലുള്ള എല്ലാ കാഴ്ചകളും ചെറുവാടി അതി മനോഹരമായി വരച്ചു വെച്ചിരിക്കുന്നു ..പഴയ കാളവണ്ടിയും ,,ഗ്രാമത്തില്‍ കാണുന്ന "ഉസ്സന്‍ കുട്ടി " യും മുണ്ടിച്ചിയുമൊക്കെ ഒന്ന് കൂടി എന്നെ നാട്ടിലെക്കെത്തിച്ചു....ഗ്രാമ കാഴ്ചയിലെ പ്രത്യേകിച്ച് ചെരുവാടിക്കാരുടെ ഹരമായ കാളപ്പൂട്ട് മല്‍സരം കൂടി ഒന്നെഴുതാമായിരുന്നു ,,,ചെറുതെങ്കിലും മനോഹരമായ പോസ്റ്റ്‌ !!!

  ReplyDelete
 50. വായിച്ചു തീര്‍ന്നപ്പോഴൊരു സംശയം, എന്‍റെ ഗ്രാമത്തില്‍ തന്നെയാണൊ ചെറുവാടിയുമെന്ന്.. പക്ഷേ കഥാപാത്രങ്ങളുടെ പേരുകള്‍ വ്യത്യസ്തമാണ്. ഒന്ന് തിരിഞ്ഞു നടക്കാന്‍ കൊതിപ്പിക്കുന്ന രചന.

  ReplyDelete
 51. നല്ല മഴയാണ് ഇവിടെ. കൂടെ ഇടിയും മിന്നലും. ഈ വേനല്‍ മഴയുടെ രൌദ്ര താളം എനിക്ക് രസമെങ്കിലും നാട്ടില്‍ നല്ല ദ്രോഹം ചെയ്യുന്നുണ്ട്. പക്ഷെ ചൂടിനു കുറവില്ല. എനിക്കിന്ന് നല്ലൊരു ദിവസമാണ്. അതുകൊണ്ട് ഓര്‍മ്മകളില്‍ കുഞ്ഞാലിക്കയുടെ കാളവണ്ടിയില്‍ കയറി ഞാനൊന്ന് ഗ്രാമപ്രദക്ഷിണം നടത്തട്ടെ....നല്ല എഴുത്തിനു എന്റെ നമ്സ്കരം

  ReplyDelete
 52. മനോഹരമായ ആ പഴയകാലത്തിലേക്ക് എന്നെ കൂട്ടി കൊണ്ടു പോയ ഒരു രചന...

  നാടിന്റെ ഓര്‍മ്മകള്‍ എത്ര പറഞ്ഞാലും തീരില്ല...

  ReplyDelete
 53. നല്ല എഴുത്ത്.. ഇപ്പോ എങ്ങനെയുള്ള കാഴ്ചകളൊക്കെ അന്യമായി..ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പോലും ആർക്കും സമയമില്ലാണ്ടായി..

  ReplyDelete
 54. എന്റെ കുഞ്ഞുന്നാളില്‍ എനിക്കും ഓര്‍മ്മയുണ്ട് കാളവണ്ടി ഓടിക്കുന്ന ഒരു അപ്പച്ചനെ .....!
  വലിയ വലിയ പദവിയില്‍ ഇരിക്കുന്ന മക്കള്‍ക്ക്‌ നാണക്കേട് ഉണ്ടായിട്ടു പോലും മരണം വരെ കാളവണ്ടിയും കൊണ്ട് നടന്നു ആ അഭിമാനിയായ അപ്പച്ചന്‍ ...!!
  പതിവു പോലെ നല്ല അവതരണം ചെറുവാടി ...!!

  അപ്പൊ കാളവണ്ടിയില്‍ കയറി ഗ്രാമപ്രദക്ഷിണം നടത്തി ബാക്കി ഉള്ളവരെ കൊതിപ്പിച്ചു കറങ്ങി നടന്നോളൂട്ടോ ..:))

  ReplyDelete
 55. ചേട്ടനോ അനിയനോ വേണമായിരുന്നു കാളവണ്ടീലു കേറ്റാൻ.....അല്ലാതെ ഒരു വഴിയുണ്ടായിരുന്നില്ല. ഒരാളും ഇത്തിരി നേരം പോലും ചേട്ടനാവാനോ അനിയനാവാനോ വന്നുമില്ല. സുമയും സുജയും രാധയും വിജിയും ഒക്കെ രമേശേട്ടന്റെയും ഉണ്ണിയുടെയും കെയർ ഓഫിൽ കാളവണ്ടീലു പോയി... ഞങ്ങൾ വീണാലോ എന്നായിരുന്നു കാളവണ്ടിക്കാരന്റെ പേടി. അതുകൊണ്ട് അവര് പോണതും നോക്കി ഞാനും അനിയത്തിയും വഴീലു നിന്നു.....കണ്ണെടുക്കാണ്ട് അവരെ നോക്കി....

  മൻസൂർ വളരെ ഭംഗിയായി എഴുതി...അഭിനന്ദനങ്ങൾ. കുറിപ്പിൽ വന്ന എല്ലാ കഥാപാത്രങ്ങളും ഹൃദയത്തെ തൊടുന്നവർ..

  ReplyDelete
 56. വളരെ വളരെ പണ്ടുതൊട്ടേ ഉള്ള ആഗ്രഹമാണ് ഒരു കാളവണ്ടിയില്‍ കയറണം എന്നത്. ഇതുവരെയും അത് സാധിച്ചിട്ടില്ല. നാട്ടിലെ ചെമ്മണ്‍പാതയില്‍ക്കൂടി പൊടിപറത്തി നീങ്ങിയ കാളവണ്ടിയുടെ പിന്നാലെ പോയ ദിവസങ്ങള്‍ ഓര്‍മ്മവന്നു.

  ReplyDelete
 57. വായിച്ച അന്ന് തന്നെ കമന്റ് ഇടാന്‍ കഴിഞ്ഞില്ല. കാലവണ്ടിക്കാലം നന്നായി. പുതിയ തലമുറയോട് ഈ കാലത്തെ പറ്റി പറയുകയാണെങ്കില്‍ അവര്‍ എങ്ങിനെ പ്രതികരിക്കും. ഇങ്ങിനെ ഒരു കാലമുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് പ്രയാസം കാണും. മൃഗങ്ങളോട് ചെയ്തിരുന്ന ഒരു ക്രൂരത അതില്‍ ഉണ്ട്, എങ്കിലും അന്നിന്റെ അനിവാര്യതയായിരുന്നു അത്. പക്ഷെ ആ ഓര്‍മ്മകള്‍ കൊണ്ട് വരുന്ന അനുഭവങ്ങളുടെ ഒരു വന്കരയുണ്ട്. അതില്‍ സത്യവും നിഷ്കളങ്കതയും നിറഞ്ഞ നാട്ടാരെ കാണാം. അത് കൊണ്ടാണ് ആ ഓര്‍മ്മകള്‍ ഇന്നും പുണ്ണ്യമുള്ളതാവുന്നത്.

  ReplyDelete
 58. പൊന്നേ ! ഇന്നാണ് ഇരിപ്പിടം വഴി കണ്ടത് ഈ പൊസ്റ്റ് ..
  എന്തൊ കുഴപ്പം ഉണ്ട് മന്‍സൂ , ഡാഷ് ബോര്‍ഡ് ശൂന്യമാണ്
  ഒന്നും അപ്ഡേറ്റ് വരുന്നില്ല .. അതു പൊട്ടെ എങ്കിലും കണ്ടുവല്ലൊ ..
  വന്നു നോക്കീല്ലാ , അതെന്റെ തെറ്റ് കേട്ടൊ !
  കാളവണ്ടിക്കാലം ഓര്‍മകളേ തഴുകി ഉണര്‍ത്തീ സഖേ ..
  നല്ല വെളുത്ത ഉശിരന്‍ കാളകളെ ആദ്യമായി കാണുന്നത്
  തറവാട്ടിലാണ് , നില ഉഴുതുവാന്‍ കൊണ്ടു വരുന്നതും
  പിന്നെ പശുക്കളേ ചേര്‍പ്പിക്കാന്‍ കൊണ്ടു വരുന്നതും ..
  പിന്നീട് സ്കൂളില്‍ പൊകുന്ന വഴിയാണ് കാളവണ്ടികളുമായി
  കൂടുതലടുത്തത് , കയറ് കൊണ്ടു പൊകുന്നതും
  തറവാട്ടില്‍ തൊണ്ടും , തേങ്ങയും എടുക്കാന്‍ വരുന്നതും
  കാളവണ്ടികളിലായിരുന്നു , തൊണ്ട് വച്ച് കെട്ടിയ
  വലിയ മറ കൊണ്ട് പിറകു വശത്ത് തൂങ്ങുന്നത്
  കാളവണ്ടിക്കാരന്‍ കാണില്ല ..തറവാടിന്റെ വഴി
  അവസ്സാനിക്കും വരെ തൂങ്ങി കിടന്നുണ്ട് ചെറുപ്പത്തില്‍
  അന്നറിയില്ലായിരുന്നു നമ്മുടെ ഭാരം കൂടി ആ പാവം
  മിണ്ടാപ്രാണി പേറേണ്ടി വരുമെന്ന് ..
  ഈയടുത്ത് പരവൂര്‍ എന്ന തറവാടിനടുത്തുള്ള സ്ഥലത്ത്
  ഞാന്‍ വീണ്ടും കണ്ടു , നല്ല ശബ്ദം കേള്‍പ്പിച്ച് കൊണ്ട്
  താറ് റോഡില്‍ നിരങ്ങി നീങ്ങുന്ന കയറ് പിരികള്‍ നിറച്ച
  കാളവണ്ടിയേ .. മെയിന്‍ റോഡിലിറങ്ങാന്‍ അനുവാദമില്ലെന്ന്
  അയാളൊട് ചോദിച്ചപ്പൊള്‍ പറഞ്ഞു, അതു കേട്ടപ്പൊല്‍ സങ്കടവുമായീ ..
  വലിയ തടി കൊണ്ടുള്ള ഉരുക്ക ചട്ട കെട്ടിയ ചക്രങ്ങളുമായീ
  കാലില്‍ ഉരുക്കു അടിച്ചു കേറ്റിയ പട്ടകളുമായീ കണ്ണീര്‍ വറ്റി
  നീങ്ങുന്ന കാളകളുടെ കാഴ്ച , മന്‍സു പറയുന്ന പൊലെ
  ഹൃത്തില്‍ കൊണ്ടിരുന്നില്ല അന്നത്തെ കാലത്ത് ..
  അതിനും മേലെ , സ്വന്തം പുരുഷത്വത്തെ ഉടച്ചു
  കളയുന്ന " അരിയുടക്കല്‍" എന്ന കാട്ടാള രീതിയും
  വേദനയുടെ കോടിമുഖങ്ങളിലും നിശബ്ദം സഹിച്ചിരുന്ന
  പാവം മിണ്ടാ പ്രാണികള്‍ ..
  പിന്നീട് പഠനത്തിനായി ബാംഗ്ലൂരില്‍ പൊയപ്പൊള്‍
  അവിടെയും കണ്ടിരുന്നു ഒറ്റ കാളകൊണ്ടു വലിക്കുന്നു
  കാളവണ്ടികള്‍ , പക്ഷേ അതു ഇത്തിരി കൂടെ വേഗവും
  സുഖവും തൊന്നിയിരുന്നു , കാരണം നമ്മുടെ സാദ ടയര്‍
  ആണ് അവിടെ ഉപയോഗിക്കുന്നത് കണ്ടത് ..
  കാളകള്‍ക്ക് വളരെ അനായാസം വലിക്കുവാന്‍ കഴിയുന്നത് ..
  അതു പൊലെ ബാല്യത്തിലേ ചില പേരുകള്‍ മന്‍സു വഴി
  വീണ്ടും ഓര്‍ത്തു പൊകുന്നു " ഇരവി മാമനും "
  മണികുട്ടനുമെല്ലാം മനസ്സിലെത്തി ..
  സത്യമാണ് ഇന്ന് മനുഷ്യന്റെ മനസ്സില്‍ എത്ര അകറ്റിയാലും
  കഴുകി കളയാന്‍ പറ്റാത്ത രീതില്‍ മാലിന്യം കുന്നു കൂടിയിരിക്കുന്നു ..
  ഇന്നും കേട്ടു, പെട്രൊള്‍ വില വീണ്ടും കൂടുമെന്ന് ..
  ഒരു കാളവണ്ടി കാലം സ്വപ്നം കാണുന്നുണ്ട് ..
  വീണ്ടുമാ കാഴ്ച മുന്നിലെത്തുമോ .. കൂടെ നന്മയും ..
  സ്നേഹപൂര്‍വം ... റിനി ..

  ReplyDelete
 59. Thank you Mansoor.....such a great piece of nostalgic scribbling. As I went through the lines, my wife was shoulder-surfing to see what I am reading with such a deep involvement. You see she has never seen a bullock cart in her whole life. But for me, it was a sweet piece of memory or even life.It really took me some twenty five years back. Quiet recently, I saw this now-extinct two-wheel-eight-legged organic vehicle in the other side of Malampuzha dam reservoir.....It really caused a heavy rain on catchment area of my memory .....

  ReplyDelete
 60. ഒരിക്കല്‍ മാത്രം എവിടെയോ കണ്ടിരുന്നു ഒരു കാളവണ്ടി....
  പിന്നെ കണ്ടതെല്ലാം ചിത്രങ്ങളാണ് ചലിക്കുന്നതും ചാലിക്കാതതുമായി ഒത്തിരി ചിത്രങ്ങള്‍ ....എന്നിട്ടും കാല വണ്ടി എന്ന് കേള്‍ക്കുമ്പോ മനസ്സ് പിന്നോട്ട് പായും ..കാലങ്ങള്‍ താണ്ടും താണ്ടും ...... !!
  ഇപ്പൊ വീണ്ടും മനസ്സ് ഒരു കാള വണ്ടിയില്‍ കയറി ഇളകി കുലുങ്ങി എവിടെയ്ക്കെന്നറിയാത്ത ...ഒരു യാത്രപോയി....... മന്‍സൂര്‍ ഇക്കയുടെ ഓര്‍മ്മകള്‍ക്കൊപ്പം......
  ആശംസകളോടെ ,,,,,

  ReplyDelete
 61. പെരുത്ത്‌ ഇഷ്ടായി........
  ഇതിലെ ഉസ്സ്സന്കുട്ടിയെ മാത്രമേ എനിക്ക് കണ്ടു പരിചയം ഉള്ളു.....
  നല്ല രസം ഉണ്ട് വഴികാന്‍...
  ഇനിയും പോരട്ടെ എന്ന് ആശംസിക്കുന്നു...

  ReplyDelete
 62. നന്നായി കാള വണ്ടി യാത്ര...

  ReplyDelete
 63. ഓർമ്മകളുടെ തീരത്തുകൂടി ഞാനും നടന്നു..

  ReplyDelete
 64. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete
 65. നിഷ്കളങ്കമായ ഗ്രാമീണതയുടെ നാട്ടുവഴികളില്‍,
  കാളവണ്ടികള്‍ തീര്‍ത്ത പാടുകള്‍ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞു പോയിരിക്കുന്നു...
  കുട്ടിക്കാലത്തെ ഓര്‍മ്മകളെ നന്നായി ഉള്‍കൊള്ളാന്‍ പതിവ് പോലെ ചെറുവാടിക്ക് കഴിഞ്ഞിരിക്കുന്നു....
  ഭാവുകങ്ങള്‍....

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....