Tuesday, June 19, 2012

ക്ലാവറില്‍ ഒന്ന് , ഡയ്മനില്‍ ഒന്ന് , എന്റെ പുറത്ത് രണ്ട്.

വേണ്ട എന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്യാനാണല്ലോ കുട്ടിക്കാലത്ത് കൂടുതല്‍ ആവേശം ഉണ്ടാകുക. ഏറിവന്നാല്‍ രണ്ടടി കൂടുതല്‍ കിട്ടും. അതിനപ്പുറം പോകുന്ന കുരുത്തക്കേടുകള്‍ക്കൊന്നും നമ്മള് പോയിരുന്നില്ല. പക്ഷെ ഒരിക്കല്‍ ചെയ്തു. ഫലം അടി മാത്രമല്ല, മാനഹാനിയും സംഭവിച്ചു. പഴയൊരു കഥയാണ്‌. എന്നാലും പറയാം.

ഉമ്മാന്റെ തറവാടിന്റെ തൊട്ടടുത്തായി ചെറിയൊരു കാവുണ്ട്. ബാപ്പൂട്ടീന്റെ കാവെന്ന് ഞങ്ങള്‍ പറയും. വര്‍ഷം തോറും അവിടെ തിറയുത്സവം നടക്കാറുണ്ട്. ഉത്സവത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഞാന്‍ ഉമ്മാന്റെ വീട്ടിലെത്തും. രണ്ട് കാര്യങ്ങള്‍ കൊണ്ടുതന്നെ ഉത്സവം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. ഒന്ന് ചെറുവാടിയില്‍ നിന്ന് തന്നെ അബ്ദുള്ള കാക്ക ഉണ്ടാക്കി ഉത്സവപറമ്പില്‍ വില്‍ക്കുന്ന ശര്‍ക്കര ജിലേബി, രണ്ടാമത് കാശ് വെച്ച് കളിക്കുന്ന കിലുക്കിക്കുത്ത് കളി. (ഇതിനാണ് ഞാന്‍ നേരത്തെ പറഞ്ഞ ശക്തമായ നിരോധനം നിലവിലുള്ളത്).

രാത്രിയൊക്കെ ആകുമ്പോഴേക്കെ എല്ലാം ഒന്ന് ചൂട് പിടിക്കുകയുള്ളൂ. അതുവരെ അവിടെയൊക്കെ ചന്ത പശുക്കളെപോലെ ചുറ്റിക്കറങ്ങും. ഉത്സവം ഒന്ന് മുറുകുമ്പോഴേ കിലുക്കികുത്തിനു കളമൊരുങ്ങുകയുള്ളൂ. വാഴക്കാട് പോലീസ് സ്റ്റേഷന്‍ അത്ര ദൂരെയുമല്ല. കഴിഞ്ഞ വര്‍ഷം പത്ത് രൂപ ലാഭം നല്‍കിയ ഈ കിലുക്കിക്കുത്ത് പ്രസ്ഥാനത്തെ അവഗണിക്കാന്‍ പറ്റില്ല. ഉമ്മാന്റെ കയ്യീന്ന് അടിച്ചു മാറ്റിയ പത്ത് രൂപ ക്യാപിറ്റല്‍ മണിയും ഒരു സഹായത്തിന് കസിന്‍ ശരീഫും കൂടെയുണ്ട് അങ്കത്തിന്. എന്റെ എല്ലാ കുരുത്തകേടുകള്‍ക്കും കീ കൊടുക്കാനും പ്രതിഫലമായി കിട്ടുന്ന തല്ല് പങ്കുവെക്കാനും എന്നും അവന്‍ കൂടെയുണ്ടായിരുന്നു എന്നത് ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

ഉമ്മാന്റെ വീടിന്റെ തൊട്ടടുത്താണ് എന്നതുകൊണ്ട്‌ മാത്രമാണ് ഉത്സവം കാണാന്‍ അനുമതി കിട്ടുന്നത്. ഇവടെ കിലുക്കി കുത്താണ് പരിപാടി എന്ന് അവരുണ്ടോ അറിയുന്നു.? വല്യ തിരിയുള്ള വിളക്കിന്റെ വെട്ടത്തില്‍ കളി തുടങ്ങി. ആദ്യ കുത്തിന് ഞങ്ങള്‍ പങ്കെടുത്തില്ല. രണ്ടാമത്തെ കുത്തില്‍ ഞാന്‍ ഡയ്മനില്‍ ഒരു രൂപയിട്ടു. രണ്ട് രൂപ കിട്ടി . വീണ്ടും ഒന്നൂടെ ഇട്ടു. അതും കിട്ടി. ഇപ്പോള്‍ രണ്ട് രൂപ ലാഭത്തിലാണ് കമ്പനി. അടുത്ത കുത്തിലും ഇടണമെന്ന് ശരീഫ് നിര്‍ബന്ധിച്ചെങ്കിലും കിട്ടിയ ലാഭത്തിന് ശര്‍ക്കര ജിലേബി അടിക്കാതെ ഗോധയിലേക്കില്ലെന്ന എന്റെ വാശിയില്‍ അവന്‍ ഒതുങ്ങി. ഇക്കാ .. ജിലേബിയോന്നും തീര്‍ക്കല്ലേ .. ഒരു രണ്ട് റൌണ്ടും കൂടെ കഴിഞ്ഞു ഞങ്ങളിങ്ങെത്തി എന്ന് മനസ്സില്‍ പറഞ്ഞ്‌ ഞങ്ങള്‍ അടുത്ത കളിക്കിരുന്നു.

പക്ഷെ കാറ്റ് എതിരാണ്. അടിച്ച ജിലേബി ലാഭം. ഇനി കയ്യില്‍ രണ്ട് രൂപയെ ഉള്ളൂ. കിട്ടിയും പോയും സമയം കുറേ പോയത് ഞങ്ങളും അറിഞ്ഞില്ല. ബാക്കിയുള്ള രണ്ട് രൂപ വച്ച് ഒരു ഡബിള്‍ കളിക്കാന്‍ ശരീഫിന്റെ നിര്‍ദ്ദേശം ഞാനവഗണിച്ചില്ല. "ക്ലാവറില്‍ ഒന്ന്, ഡയ്മനില്‍ ഒന്ന്". കാശ് ബോര്‍ഡില്‍ വീഴുന്നതിനു മുമ്പേ എന്റെ പുറത്ത്‌ വീണു രണ്ടെണ്ണം. " ..ണീറ്റ് ഓടെടാ .... ."
അമ്മാവനാണ്. സമയം കുറെയായിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞുവന്നപ്പോള്‍ വന്നപ്പോള്‍ കാണുന്നത് ഈ പരിപാടിയാണ്. ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് കൂടുതല്‍ കിട്ടുന്നതിനു മുമ്പേ ഞാനോടി. കൂടെ ശരീഫും. പക്ഷെ എനിക്ക് മാനക്കേടായത് തല്ലു കിട്ടിയത് മൂലമാണെങ്കില്‍ അവനത്‌ ഇത്തിരി കൂടിയ ലെവലിലാണ്. അതായത് ഓടുന്ന ഓട്ടത്തില്‍ അവന്റെ മുണ്ടഴിഞ്ഞു വീണു. മാനക്കേട് രണ്ട്‌ പേര്‍ക്കും രണ്ട് രീതിയിലാണ് ഉപകാരപ്പെട്ടത്‌. ഉത്സവം കാണല്‍ ഞാന്‍ നിര്‍ത്തി. കിലുക്കിക്കുത്തും ശര്‍ക്കര ജിലേബിയും ഇല്ലാതെ എന്ത് ഉത്സവം?
പക്ഷെ ഏറ്റവും മാറ്റം വന്നത് ശരീഫിനാണ്. ഈ സംഭവത്തിന്‌ ശേഷമാണ് അവന്‍ അണ്ടര്‍ വെയര്‍ ഉപയോഗിച്ച് തുടങ്ങിയത്.

26 comments:

 1. പൊതുവേ സിനിമയിലും മറ്റും ഒരു വില്ലന്‍ റോളാണ് അമ്മാവന്‍മാര്‍ക്ക്. അന്ന് പിടിച്ചില്ലെങ്കില്‍ ഞാനിപ്പോള്‍ ആരായേനെ? ഇന്ത്യുടെ സാമ്പത്തിക വ്യവസ്ഥ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു സംഭവമായി മാറില്ലായിരുന്നോ? ഇനി നിങ്ങള് പറ.. അമ്മാവന്‍ ചെയ്തത് ശരിയോ തെറ്റോ?

  ReplyDelete
 2. ammavan cheythatu annu ammavante shari innu nammude shari ...annu 2 adi kittiyillengil innu nee kallu ashrafinte koode undavumayirunnu...anyway ithuvayichu njan naattilonnu karangi Thanks

  ReplyDelete
 3. വലിയ വലിയ മാറ്റങ്ങൾ ചെറിയ ചെറിയ കാര്യങ്ങളിൽ കൂടിയാണുണ്ടാകുന്നത്.

  ReplyDelete
 4. :)

  ഒന്ന് പാരഗ്രാഫ്‌ തിരിച്ചു എഴുതിയാല്‍, വായന സുഖം കൂടിയേനെ.

  ReplyDelete
 5. പുളിക്കല്‍, നാട്ടിലെല്ലാര്‍ക്കും സുഖല്ലേ...?
  കലാവല്ലഭന്‍, നല്ല മാറ്റമുണ്ട്. പിന്നെ തല്ല് കിട്ടുന്ന ഏര്‍പ്പാടിന് പോയിട്ടില്ല.
  ക്യാപ്റ്റന്‍. നന്ദി. ശ്രദ്ധിക്കാം.

  ReplyDelete
 6. പുളിക്കല്‍സ്, തല്ലു കിട്ടിയത് കൊണ്ട് കൂടുതല്‍ കിലുക്കിയില്ല. കിലുക്കിയവര്‍ ഇപ്പോഴും കിലുക്കി കൊണ്ടിരിക്കുന്നു. ചെറുവാടി, രസമുണ്ട് ബച്പന്‍ വായിക്കാന്‍. സംഭവ ബഹുലം

  ReplyDelete
 7. Nannayi..... mattangal enganeyellaa aanu undavunathu.... mattuvin chattangalee... iduvin xxxxxxxx ennokke alle mahakavi mohanlal paranjirikkunnatee...

  nalla varikal... vachakangal... Xllant!!! Keep it uP...

  ReplyDelete
 8. ചെരുവാടിക്കാ....ശരീഫ് ഇപ്പൊ ഇവിടെയുണ്ട്?മാന നഷ്ടത്തിന് കോടതി കേറേണ്ടി ബരുമോ?സംഭവം നടക്കുമ്പോള്‍ നിങ്ങള്ക്ക് എത്ര വയസുണ്ടായിരുന്നു?

  ReplyDelete
 9. :)
  അപ്പോ അവന്‍ അന്നെങ്ങിലും അത് ശീലമാക്കി എന്നിട്ട് നീ ഇപ്പളും.......??

  ReplyDelete
 10. നന്നായിരിയ്ക്കുന്നു. ഏതാണ്ടിതുപോലുള്ള ഒന്ന് എനിയ്ക്കും പറ്റിയിട്ടുണ്ട്. അന്ന് പക്ഷേ ഓടിച്ചത് പോലീസാണ്. എട്ടിലോ മറ്റൊ പഠിക്കുമ്പോഴാണ്. തിരിഞ്ഞു നോക്കാതെ അരകിലോമീറ്ററെങ്കിലും ഓടിക്കാണും. അതിരമ്പുഴ പള്ളിപ്പെരുനാളിനായിരുന്നു സംഭവം.
  ആശംസകള്‍

  ReplyDelete
 11. ശുക്കൂര്‍, തല്ല് കിട്ടിയത് കൊണ്ട് തന്നെയാണ് നിര്‍ത്തിയത്.
  വിഷ്ണു, മോഹന്‍ലാല്‍ അങ്ങിനെയും പറഞ്ഞോ?
  സജിന്‍. മാനനഷ്ടം രണ്ടു പേര്‍ക്കും വന്നല്ലോ. പക്ഷെ തല്ലു എനിക്ക് മാത്രമല്ലേ കിട്ടിയുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ പറഞ്ഞു കോമ്പ്രമൈസ് ആക്കി. അതുകൊണ്ട് സജിനു ഒരു കേസിന് വകുപ്പില്ല.
  ഹാഷിമേ .. പരസ്യമായി നാണം കെടുത്തിയല്ലോ ദുഷ്ടാ . ഇപ്പോള്‍ എല്ലാരും അറിഞ്ഞു.
  ബിജൂ. ന്നാലും പോലീസിനോട് രണ്ട്‌ കിട്ടാത്തത് മോശമായി. എന്നെ പോലെ നന്നാവാനുള്ള ചാന്‍സല്ലേ മിസ്സായത്. ഇനി കിട്ടിയാല്‍ കളയരുത്.

  ReplyDelete
 12. കുരുത്തക്കേടിന്റെ എപ്പിസോഡുകള്‍ ഇനിയും ബാകിയുണ്ടോ ചെറുവാടീ...
  ഒരുപാട് തല്ല് വാങ്ങിച്ച് കൂട്ടിക്കാണും ചെറുപ്പത്തില്‍. ശരിയല്ലേ?

  ReplyDelete
 13. എന്തായാലും വലിയൊരു മാറ്റം ഉണ്ടായല്ലോ

  കൊള്ളാം മാഷെ

  ReplyDelete
 14. പാവം ശരീഫ്...

  ReplyDelete
 15. verry good ellavarudeyum nammude talamurayileyum munpilathe thalmurakkarudeyum ormakale onnilakki ,

  ReplyDelete
 16. മിജൂ, കിട്ടിയ തല്ലിന്റെ എണ്ണം സൂക്ഷിക്കാന്‍ ആളെ ശമ്പളത്തിന് വെക്കണമായിരുന്നു.
  അഭി, നൌഷു, നായര്‍, വന്നതിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 17. ഒന്നു വച്ചാ രണ്ടു കിട്ടും

  രണ്ടു വച്ചാ നാലുകിട്ടും!

  കട്ട മറിഞ്ഞാൽ കാണുന്ന പടം

  വെയ് രാജാ വെയ്!

  പഴയ കിലുക്കിക്കുത്തുകാരന്റെ സ്വരം എന്നെ പിടിച്ചുവലിക്കുന്നു!

  സന്തോഷം, ചെറുവാടി!

  ReplyDelete
 18. ഒന്നു വച്ചാ രണ്ടു കിട്ടും
  രണ്ടു വച്ചാ നാലുകിട്ടും!
  കട്ട മറിഞ്ഞാൽ കാണുന്ന പടം
  വെയ് രാജാ വെയ്!

  ReplyDelete
 19. ജയന്‍ , മുക്കുവന്‍ നന്ദി,
  ഒന്ന് വെച്ചിട്ട് രണ്ടു തന്നെ കിട്ടി. അടിയായിട്ട്.

  ReplyDelete
 20. Comment on this topic has to put in Malayalam to get the real spirit, but i am illiterate to type malayalam in internet...

  Mansu...u have virtually taken me to our good olden naughty days....U made smart censoring....I know there are many untold stories....haha..

  ReplyDelete
 21. രസകരായിരിയ്ക്കുന്നൂ ട്ടൊ...നല്ല ഉഷാറായിട്ടു തന്നെ വായിച്ച് രസിച്ചു..
  ഇതൊന്നും പോരല്ലൊ അല്ലേ..ഇച്ചിരി കൂടി കയ്യിലിരുപ്പുകള്‍ ഞങ്ങളെ അറിയിച്ചേയ്ക്ക്..
  കൂടെ വാലു പിടിച്ച് അയവിറക്കാനുള്ള വിഭവങ്ങള്‍ പുറത്തിറക്കാലോ..
  എന്തു രസാല്ലേ..ബാല്യകാല സ്മരണകള്‍..!

  ReplyDelete
 22. ജിലേബിയും, കാക്കാത്തിയും, നാടവലിക്കാരനും, മുച്ചീട്ടുകാരനും, പാന്‍ മസാലക്കാരനും, തട്ടുകടക്കാരനും, കുപ്പിവളക്കടകളും, കളിപ്പാട്ടക്കടകളും ഒന്നും ഇല്ലാതെ എന്ത് ഉത്സവം അല്ലേ ചെറുവാടി? ചിരിപ്പിച്ച്ട്ടോ കൂറേ...

  ReplyDelete
 23. കഥയിലെ ദുരന്തനായകന്‍ ശരീഫ് ഇപ്പോള്‍ എവിടെ ഉണ്ട്!!. ബ്ലോഗറിലും ഫെയ്സ് ബുക്കിലുമൊക്കെ സജീവമാണോ?

  ReplyDelete
 24. ബാല്യകാലം അത് മനസ്സില്‍ നിന്നും മായാതെ പോകുന്ന ഒന്നാണ്. എന്തായാലും ചെറുവാടി കരുതിയിരുന്നോ ശരീഫ്‌ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നാ തോന്നണത്‌ട്ടോ...ഇനിയും കാനൂല്ലോ ഇതേപോലെ അനുഭവങ്ങള്‍ പോരട്ടെ പുറത്തോട്ടു ........

  ReplyDelete
 25. ഹി ഹി ഹി അത് കലക്കി. പഞ്ജാബി ഹൌസിലെ "ധൈര്യം ചോര്‍ന്നും പോയാല്‍ തടയാന്‍ അടിയില്‍ ഒന്നും ഇട്ടിട്ടില്ല" എന്ന ഡയലോഗ് ഓര്‍മ്മ വന്നും പോയി . പോസ്റ്റ് ശരിക്കും ചിരിപ്പിച്ചു കേട്ടോ. അതിനു നന്ദി.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....