Monday, April 8, 2013

സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ


ഡിസംബർ ആണെങ്കിലും ചൂട് ഒട്ടും കുറവില്ല നഗരത്തിന്  . പടിഞ്ഞാറുനിന്നും ഒരു കാർമേഘം പതുക്കെ ഇഴഞ്ഞുവരുന്നുണ്ട് . ഒരു പക്ഷെ കോഴിക്കോടിന് മേലെ അത് പെയ്തൊഴിഞ്ഞേക്കാം . കോഫീ ഹൌസിന്‍റെ മൂലയിൽ ഇരുന്ന് ഞാൻ രണ്ടാമത്തെ ചായയും ഓർഡർ ചെയ്തു . മുതലക്കുളം ചുറ്റിവരുന്ന കാറ്റിന് അവിടത്തെ അലക്കുതൊഴിലാളികളുടെ വിയർപ്പിന്‍റെ ഗന്ധമുണ്ട് . ഞാനൊരു അതിഥിയെ കാത്തിരിപ്പാണ് . നേരം വൈകുമ്പോഴും അൽപം ആകുലതയുണ്ട് . ഒരു സാധാ ബ്ലോഗറുടെ ആവശ്യം വെറുമൊരു നേരമ്പോക്കായി കരുതി തള്ളിയിരിക്കുമോ ...?

എഴുത്തുകാരുടെ ജാഡ കൂട്ടുകളില്ലാതെ ഒരാൾ കോഫീ ഹൗസിന്‍റെ പടികൾ കയറിവന്നു . നിലത്തെ നരച്ച ടൈൽസുകൾ എനിക്കൊരു മരുഭൂമി പോലെ തോന്നി .  ആ മണലിൽ ചവിട്ടി നടന്നുവരുന്ന മനുഷ്യൻ മരുഭൂമിയുടെ ചരിത്രകാരനാണ്. ചുട്ടുപൊള്ളുന്ന മണലിനെ ആർദ്രമാക്കിയ അക്ഷരങ്ങളുടെ സൃഷ്ടാവാണ്.ചിരിച്ചുകൊണ്ട് നടന്നെത്തി മുന്നിലെ കസേരയിൽ ചാഞ്ഞിരുന്നു . ഇത് വി. മുസഫർ അഹമ്മദ് .


"ഞാൻ വൈകിയോ മൻസൂർ ... ?
ഞാൻ ചിരിക്കുക മാത്രം ചെയ്തു . ഒന്ന് കണ്ട് സംസാരിക്കണം എന്ന വിനീതമായ ആവശ്യം അംഗീകരിച്ച സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് . മുമ്പൊരിക്കൽ കണ്ടിട്ടുണ്ട് . ബഹ്റൈനിൽ ബെന്യാമിന്‍റെ "മഞ്ഞ വെയിൽ മരണങ്ങൾ " എന്ന നോവലിന്‍റെ പ്രകാശന വേളയിൽ ഹ്രസ്വമായ ഒരു കൂടികാഴ്ച . അതോർക്കുന്നുണ്ടാവണം . പക്ഷെ മുന്നിലിരിക്കുന്നത്‌ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരനാണ്‌ . എന്‍റെ പതർച്ച കണ്ടിട്ടാവണം അദ്ദേഹം കൂട്ടിചേർത്തു .
"മൻസൂർ തന്നെ എവിടെയോ എഴുതിയത് വായിച്ചിട്ടുണ്ട് , " ഔപചാരികതകൾ ഭരിക്കുന്ന സൗഹൃദം ബാധ്യത ആണ് എനിക്കെന്ന് " . അതുകൊണ്ട് പറയാം . അത്തരം ഒന്നുമില്ലാതെ സംസാരിക്കാം നമുക്ക് . സംഘർഷം അയഞ്ഞപ്പോൾ ചായക്ക്‌ പറഞ്ഞു .

കാണണം എന്ന് പറഞ്ഞപ്പോൾ അത് പെരിന്തൽമണ്ണയിലെ വീട്ടിലേക്ക് ക്ഷണിച്ചതാണ് . പക്ഷെ അത് കോഴിക്കോട് വെച്ചാവണം എന്നത്
എന്‍റെയൊരു ഹിഡൻ അജണ്ട ആയിരുന്നു . കാരണം ഈ നഗരത്തിൽ ഓർത്തെടുക്കാൻ കുറേ കഥകൾ ഉണ്ടെന്ന് ഞാൻ വായിച്ചറിഞ്ഞതാണ് .
മയിലുകൾ സവാരിക്കിറങ്ങിയ ചെരിവിലൂടെ എന്ന പുസ്തകത്തിൽ അത് വിശദമായി പറയുന്നുണ്ട് .
ചായ രുചിച്ച് മുസഫർ സംസാരിച്ച് തുടങ്ങി .

അറിയുമോ മൻസൂർ ... മലപ്പുറം ജില്ലകാരനെങ്കിലും കോഴിക്കോട് എനിക്ക് അതിലേറെ പ്രിയപ്പെട്ടൊരു വികാരമാണ് . എന്‍റെ വിയർപ്പിന്‍റെ
ചൂടും ചൂരും അറിയാത്ത ഒരു ഗലികൾ പോലും ഇവിടെ കാണില്ല . സ്നേഹം പകർന്ന ചിരികളും വാക്കുകളും വിശപ്പിന് പകരം നിന്നിട്ടുണ്ട് . വിശന്ന വയറിനെ മെഹ്ഫിൽ രാവുകൾ ഊട്ടിയുറക്കിയിട്ടുണ്ട് . പത്രപ്രവർത്തനത്തിന്‍റെ ആദ്യ നാളുകളിലാണ്‌ വിശപ്പ് ശരിക്കും അറിയുന്നത് . സ്റ്റൈപന്റ് ഒന്നിനും തികയില്ല . ഉപ്പ സർവീസിൽ നിന്നും വിരമിച്ചതിനാൽ വീട്ടിൽ കാശ് ചോദിക്കാനും പറ്റില്ല . പത്രപ്രവർത്തകനായ ജിജി പോൾ ചാലപ്പുറത്ത് താമസിക്കുന്ന ലോഡ്ജിൽ പ്രഭാതഭക്ഷണം മോഹിച്ച് രാത്രി അതിഥിയെന്ന് ഭാവിച്ച് പോകും . മോഹനൻ ചേട്ടനും അളിയനും നടത്തുന്ന ചെറിയ ഹോട്ടലിലെ ദോശയിലാണ് അഭയം . ദാരിദ്ര്യക്കാരെ അടുത്തറിയാൻ അവർക്ക് രണ്ടുപേർക്കും അനിതരസാധാരണമായ കഴിവുണ്ടായിരുന്നു . അളിയൻ മിക്കപ്പോഴും സാമ്പാർ ബക്കറ്റ് ഞങ്ങൾ ഇരിക്കുന്നിടത്ത് വെക്കും .
അതിലെ കഷ്ണങ്ങൾ കഴിച്ച്‌ വിശപ്പടക്കിക്കോട്ടേ എന്ന് കരുതിയിട്ടായിരുന്നു അത് . അതുപോലെ കുറേ മുഖങ്ങൾ ഉണ്ടിവിടെ ഓർക്കാൻ .
പുലർച്ചെ ഹോട്ടലുകളിൽ മീൻ മുളകിട്ടതും പുട്ടും ബീഫ് ഫ്രൈയും പൊറോട്ടയും കിട്ടുന്ന കോഴിക്കോട്ട് വിശന്നു നടക്കേണ്ടി വരുന്നത് ഏറ്റവും വലിയ ശിക്ഷയാണ് .

എനിക്ക് ചിരി വന്നില്ല. പറഞ്ഞത് തമാശ പോലെ ആണെങ്കിലും പൊള്ളുന്ന യാഥാർത്യമാണത് . ഞാനോർത്തു . എന്ത് വിത്യസ്തനാണീ മനുഷ്യൻ . ഒരു അവാർഡ് കിട്ടിയാൽ , അല്ലെങ്കിൽ ഏതെങ്കിലും വാരികയിൽ ഒരു സൃഷ്ടി അച്ചടിച്ച്‌ വന്നാൽ ഞാനാണ് വിശ്വസാഹിത്യത്തിന്‍റെ പുതിയ രാജാവ് എന്നഹങ്കരിക്കുന്നവരുടെ ഇടയിൽ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കി , അതിലെ വേദനയും നൊമ്പരവും മടി കൂടാതെ പങ്കുവെക്കുന്നു . തീഷ്ണമായ ഇത്തരം ജീവിതാനുഭവങ്ങളിൽ നിന്നാവണം കൂടുതൽ വായിക്കപ്പെടുന്ന എഴുതുകാരനിലേക്കുള്ള യാത്ര തുടങ്ങിയത് . കേവലം യാത്രാ വിവരണങ്ങൾ അല്ല മുസഫറിന്‍റെ രചനകൾ . കുറേ ജീവിത ദർശനങ്ങൾ കൂടിയാണത് . മരുഭൂമിയിൽ പോലും ആർദ്രത കാണാൻ ഇതുപോലൊരാൾക്കേ സാധിക്കൂ . മുസഫറിന്‍റെ യാത്രാവിവരണങ്ങൾ നമ്മളെ വായിക്കാൻ വിട്ടിട്ട് വഴിയിൽ ഉപേക്ഷിച്ച് പോരുന്നില്ല . കൂടെയല്ല മുന്നിൽ തന്നെ കഥാകാരൻ നടക്കുന്നുണ്ട് . എഴുതി അച്ചടിക്കുന്ന ഭാഷയ്ക്ക്‌ മേൽ എഴുത്തുകാരനുള്ള സ്വാധീനം . എഴുത്തിനെയും എഴുത്തുകാരനെയും ഒന്നിച്ച് അറിയുക എന്ന സംഗതി . വരികളെ അത്രക്കും അനുഭവവേദ്യമാക്കുന്ന ഒരാൾക്കേ അത് സാധ്യമാവൂ .

ചോദ്യം - യാത്രാ വിവരണ സാഹിത്യത്തിന് പുതിയൊരു ഭാഷയും ദിശയും നല്‍കിയ എഴുതുക്കാരനാണ് താങ്കള്‍ . ആസ്വാദന മേഖലയില്‍ ഇതിന്‍റെ ഗ്രാഫ് എവിടെ നില്‍ക്കുന്നു എന്നാണ് അഭിപ്രായം ? 

ഉത്തരം - യാത്രാ വിവരണ സാഹിത്യം താഴ്ന്ന സാഹിത്യ വിഭാഗമാണെന്ന തോന്നൽ വായനക്കാർക്കിടയിൽ ഉണ്ട് . കേരളത്തിൽ മാത്രമല്ല ലോകമെങ്ങും . അതിനാൽ സഞ്ചാര സാഹിത്യത്തിന്റെ ആസ്വാദന മേഖലയിലെ ഗ്രാഫ് എന്തായാലും ഫിക്ഷനും കവിതക്കുമൊക്കെ പിന്നിലായിരിക്കും . പക്ഷെ യാത്രാ വിവരണത്തിന് നിശ്ചയമായും വായനക്കാരുണ്ട് . "മരുഭൂമിയുടെ ആത്മകഥ " മൂന്നാം പതിപ്പിലെത്തി . വിപണിയുടെ രീതി വെച്ച് നോക്കുമ്പോൾ അത് വലിയൊരു കാര്യമായിരിക്കില്ല . പക്ഷെ ഞാനത് വായനക്കാർ നൽകിയ അംഗീകാരമായി കാണുന്നു .

ചോദ്യം - എസ് . കെ . പൊറ്റക്കാടിന് ശേഷം ഈ രംഗത്ത് അത്ര സംഭാവനകള്‍ ഇല്ലാതെ പോയിട്ടുണ്ടല്ലോ . സക്കറിയയും എം പി വീരേന്ദ്രകു മാറുമെല്ലാം ഒരു അപവാദം ആണെങ്കിലും ?

ഉത്തരം - രവീന്ദ്രൻറെ യാത്രകളാണ് എസ് . കെക്ക് ശേഷമുള്ള മലയാള സഞ്ചാര സാഹിത്യത്തിലെ പ്രധാന സംഗതി . അദ്ദേഹത്തിന്‍റെ എഴുത്തും യാത്രയും അത്രയേറെ മൗലികമാണ്. അദ്ദേഹത്തിന്‍റെ ഭാഷക്കൊന്നും മറ്റൊരു എഴുത്തുകാരനുമായി സമാനതകളില്ല . അത്രയേറെ മൗലികമാണത് .

ചോദ്യം - നിരൂപണ സാഹിത്യകാരന്മാര്‍ ഈ മേഖലയെ അവഗണിച്ചു എന്ന് തോന്നിയിട്ടുണ്ടോ ?


ഉത്തരം -. നിരൂപകന്മാർ സഞ്ചാര സാഹിത്യം സംബന്ധിച്ച് ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ല . അവഗണനയായല്ല , സഞ്ചാര സാഹിത്യത്തെ ഒരു സാഹിത്യ മേഖലയായിപ്പോലും നമ്മുടെ നിരൂപകർ കാണുന്നില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് .

ചോദ്യം - പ്രവാസി എഴുത്തുകാരൻ എന്ന ലേബലിംഗിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട ഒരാളാണ് താങ്കൾ . പ്രവാസി എഴുത്ത് പെണ്ണെഴുത്ത്‌ എന്നിങ്ങനെ വിഭജനം നടക്കുന്നത് എന്തുകൊണ്ടാവും ?

ഉത്തരം - സാഹിത്യത്തിലെ വിഭജനങ്ങൾ ചില പഠന സമ്പ്രദായങ്ങളുടെ ഭാഗമാണ് . അക്കാദമിക്കുകളും പത്രപ്രവർത്തകരും അവരുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഇത്തരം വിഭജനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് . ചില സന്ദർഭങ്ങളിൽ ഇത്തരം വിഭജനങ്ങൾ അത്തരക്കാർക്ക് ആവശ്യമായി വരും . പക്ഷെ അവർ നടപ്പിലാക്കിയ വിഭജനത്തിന്‍റെ ഭാരം പിൽക്കാല സാഹിത്യവും സാഹിത്യ പഠനങ്ങളും വഹിക്കേണ്ടി വരുന്നു എന്നത് നല്ല കാര്യമായി തോന്നിയിട്ടില്ല .

ചോദ്യം - സ്വന്തമായി ഒരു ശൈലിയുള്ള എഴുത്തുകാരനാണ്‌ താങ്കള്‍ . എന്നാലും സ്വാധീനിച്ച എഴുത്തുകാര്‍ ആരെങ്കിലും ഉണ്ടോ ?

ഉത്തരം - സ്വാധീനങ്ങൾ ചെറിയ പ്രായത്തിൽ ഉണ്ടായിട്ടുണ്ട് . പക്ഷെ ഞാൻ എഴുത്ത് ഗൌരവമായി എടുക്കുന്നത് 40 വയസ്സിലാണ് . അതായത് സൗദി ജീവിതമാണെന്നെ എഴുത്തിലേക്ക്‌ കൊണ്ടുവന്നത് എന്ന് പറയാം . അവിടുത്തെ മനുഷ്യരും പ്രകൃതിയുമാണ് എന്നെ സ്വാധീനിച്ചത് . 40 വയസ്സ് ഒരു നിലക്ക് നോക്കുമ്പോൾ മറ്റ് എഴുത്തുകാരുടെ സ്വാധീനങ്ങൾക്ക് വഴങ്ങാൻ പറ്റാത്ത വിധം പക്വതയുള്ള പ്രായമാണ് .

ചോദ്യം - യാത്രാ വിവരണത്തിലും കവിതകളിലും എല്ലാം ദൃശ്യമായോ അദൃശ്യമായോ വരുന്ന ഒരു ഫലസ്തീന്‍ ആഭിമുഖ്യം ഉണ്ട് . ഒരു ആദര്‍ശമായോ ഒരു വ്യക്തിയിലൂടെയോ അത് പറയാറും ഉണ്ട് . ബോധപൂര്‍വ്വമായ ഒരു ശ്രമം തന്നെയാണല്ലോ ഇത് .


ഉത്തരം - ഫലസ്തീൻ ആഭിമുഖ്യം വരാനുള്ള പ്രധാന കാരണം മഹ്മൂദ് ദർവിഷിന്‍റെ കവിതകളാണ് . എക്സൈൽ എന്ന് പറയുന്നതിന്‍റെ ശരിയായ അർത്ഥവും വികാരവും ഞാൻ മനസ്സിലാക്കുന്നത് ദർവിഷിന്‍റെ കവിതകളിൽ നിന്നും അദ്ദേഹത്തിന്‍റെ സ്മരണാ ലേഖനങ്ങളിൽ നിന്നുമാണ് . രാജ്യം , പൗരത്വം , അഭയാർഥി എന്നിങ്ങനെയുള്ള മനുഷ്യാവസ്ഥകളെ കുറിച്ച് അദ്ദേഹത്തിന്‍റെ രചനകൾ വായിച്ചിരുന്നില്ലെങ്കിൽ ഞാനൊരിക്കലും മനസ്സിലാക്കുമായിരുന്നില്ല . എന്‍റെ ഫലസ്തീൻ ആഭിമുഖ്യം അരിക് വൽക്കരിക്കപ്പെട്ട മനുഷ്യരോടുള്ള ആഭിമുഖ്യമായി വളർന്നതിന്‍റെ പിന്നിൽ ദർവിഷിന്‍റെ കവിതകളുടെ വായനയുണ്ട് . ഒരിക്കൽ ടെലഫോണിൽ വളരെക്കുറച്ച് നേരം ഞാൻ ദർവിഷുമായി സംസാരിച്ചിരുന്നു . ഫലസ്തീനിയുടെ ജീവിതത്തിൽ രണ്ട് സത്യങ്ങളാണ് , മരണവും വിപ്രവാസവും, ഉള്ളതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു .

ചോദ്യം - മരുഭൂമിയെ അടുത്തറിഞ്ഞ അല്ലെങ്കില്‍ അതൊരു മികച്ച റോ മെറ്റീരിയല്‍ ആക്കിയ ഒരാളാണ് താങ്കള്‍ . "മരുഭൂമിയുടെ ആത്മകഥ"എന്ന കൃതി അതിന്‍റെ മികച്ച ഉത്പന്നവും . ഇതിന്‍റെ രചനയിലേക്ക് എത്തിയതിനെ പറ്റി ?

ഉത്തരം - മരുഭൂമിയുടെ ആത്മകഥ എഴുതിയത് സൗദി അറേബ്യയിലെ എന്‍റെ ജീവിതം മൂലമാണ് . ഏതിടത്ത് ചെന്നാലും അവിടെയുള്ള പ്രകൃതി ശ്രദ്ധിക്കുക എന്നതിൽ ഞാൻ അതീവ തൽപരനാണ് . സൗദിയിൽ വന്നപ്പോൾ ചുറ്റും മരുഭൂമി . അതാണല്ലോ അവിടത്തെ പ്രകൃതി . അപ്പോൾ അതിനുള്ളിലൂടെ യാത്ര ചെയ്യണം എന്ന് തോന്നി . ചില സുഹൃത്തുക്കളും കൂടെ യാത്ര ചെയ്യാനുണ്ടായി . അങ്ങിനെ , മരുഭൂമിയിൽ വെള്ളമുണ്ടോ എന്ന് അന്യോഷിച്ച്‌ തുടങ്ങിയ 13 വർഷത്തെ യാത്രകളുടെ ഒരു ഘട്ടമാണ്‌ മരുഭൂമിയുടെ ആത്മകഥ പ്രതിനിധീകരിക്കുന്നത് . അതിന്‍റെ രണ്ടാം ഘട്ടമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒന്നര വർഷമായി തുടരുന്ന പ്രതിമാസ പംക്തി മരുമരങ്ങൾ .

ചോദ്യം - ബെന്യാമിന്‍റെ ആടുജീവിതം കാണിക്കുന്നത് മരുഭൂമിയുടെ പരുക്കന്‍ യാഥാര്‍ത്യങ്ങളെയാണ് . അതേ സമയം മരുഭൂമിയുടെ ആത്മകഥയിലേക്ക് വരുമ്പോള്‍ അതിന്‍റെ ആര്‍ദ്രഭാവവും മറ്റു തലങ്ങളും മാറിമാറി വരുന്നു. ഒരു കൂട്ടിവായന സാധ്യമാണോ ?


ഉത്തരം - എസ് . കെ . പൊറ്റക്കാട് വരണ്ട വിജനത എന്നാണ് മരുഭൂമിയെ വിശേഷിപ്പിച്ചത്‌ . അദ്ദേഹം സഹാറ മരുഭൂമി കണ്ടതിനെകുറിച്ചാണ് അങ്ങിനെ പറഞ്ഞത് . മുഹമ്മദ്‌ അസദ് അവതരിപ്പിക്കുന്ന മരുഭൂമി മറ്റൊന്നാണ് . തെസീഗറുടെ മരുഭൂമി മറ്റൊന്നാണ് . ഓരോ ആളും ഒരേ മരുഭൂമിയെ വ്യത്യസ്തമായി അനുഭവിക്കുകയാണ് . എന്നെ സംബന്ധിച്ച് , കേരളത്തിൽ നിന്നും പോയ ഒരാളെന്ന നിലക്ക് , പച്ചയാണ് ജൈവികതയുടെ ജീവന്‍റെ ഒക്കെ അടയാളമായി വരുന്നത് . എന്നാൽ മരുഭൂമി എന്ന ബ്രൌണ്‍ലാൻറ് സ്കേപ്പിൽ ഞാൻ ജീവന്‍റെ തുടിപ്പുകൾ കണ്ടു . വളരെ ചെറിയ
അളവിലാണെങ്കിലും വെള്ളം കണ്ടു . അതെന്‍റെ അക്കാലം വരെയുള്ള പല സങ്കൽപ്പങ്ങളേയും അട്ടിമറിച്ചു . അതുകൊണ്ട് ഞാൻ മരുഭൂമിയെ കുറിച്ചെഴുതുമ്പോൾ പരുക്കൻ അനുഭവങ്ങൾ മാത്രമല്ല , മൃദുലമായ സംഗതികളും കടന്നുവരും . അണിവയറുകളുള്ള മരങ്ങളെ ഞാൻ കണ്ടതും തൊട്ടതും മരുഭൂമിയിൽ വെച്ചാണ് . കൂട്ടത്തോടെ പറന്നുപോകുകയും മണലിൽ കൂട് വെച്ച് പാർക്കുകയും ചെയ്യുന്ന കിളികളെ കണ്ടതും അവിടെവെച്ച് തന്നെ . ദീർഘകാലം മഴ പെയ്യാത്ത മരുഭൂമിയിൽ പെയ്ത മഴയെ മരുഭൂമി ആർത്തിയോടെ വലിച്ചു കുടിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് . ജീവിതത്തിന്‍റെ വറൈറ്റി എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് മരുഭൂമിയിൽ വെച്ചാണ് . അതിനാൽ എന്‍റെ എഴുത്തിലും ആ അനുഭവങ്ങൾ കടന്നു വരിക സ്വാഭാവികമാണ് .

ചോദ്യം - മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലേക്കെത്തുമ്പോള്‍ കുറച്ചൂടെ വിശാലമായ ക്യാന്‍വാസ് കാണാം . വെറും യാത്രയല്ലത് . പ്രകൃതിയും മനുഷ്യരെയും സകല ജീവജാലങ്ങളെയും അനുകമ്പയോടെ നോക്കി കാണുന്ന ഒരു ജീവിത ദര്‍ശനം ഉണ്ടതില്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ " എന്ന അദ്ധ്യായമൊക്കെ പ്രവാസികളുടെ മാനസിക വ്യാപാരത്തിലേക്ക് തുറന്നു പിടിച്ച കണ്ണാടി പോലെയാണ് തോന്നിയിട്ടുള്ളത് . ആ രചനക്ക് പിന്നിലെ അനുഭവങ്ങള്‍ ?

ഉത്തരം - എന്‍റെ ജീവിതത്തിൽ ഞാൻ കടന്നു പോന്ന എല്ലാ കാലത്തെയും കുറിച്ചുള്ള ഓർമ്മകളുടെ പുസ്തകമാണത്‌ . എന്നെ പൂർണ്ണമായും കോരി ഒഴിക്കാനാണ് "മയിലുകൾ സവാരികിറങ്ങിയ ചെരിവിലൂടെ " ശ്രമിച്ചിട്ടുള്ളത് . അതിനെ വിധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് വായനക്കാരാണ് . ചില വായനക്കാർ മരുഭൂമിയുടെ ആത്മകഥയേക്കാൾ നല്ലത് ഈ പുസ്തകമാണ് എന്ന് പറഞ്ഞു . വീടുവിട്ടവരുടെ
ഓർമ്മപ്പുസ്തകമാണ് ഇതെന്ന് പി . ജെ . ജി . ആൻറണി അദ്ദേഹത്തിന്‍റെ മാതൃഭൂമി ലേഖനത്തിൽ വിശേഷിപ്പിച്ചു . വറ്റ് മുളപ്പിച്ചവർ എന്ന പ്രയോഗത്തെക്കുറിച്ചും ആ ലേഖനത്തെക്കുറിച്ചുമെല്ലാം വായനാക്കാർ പല തലങ്ങളിൽ നിന്ന് പ്രതികരിക്കുകയുണ്ടായി . അതിലെനിക്ക്
സന്തോഷമുണ്ട് .

ചോദ്യം - ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളരെ സജീവമായ ഇടപെടലുകളാണ് വായനാ ലോകത്ത് വരുത്തുന്നത് . മുഖ്യധാരയില്‍ നിന്ന് ചുള്ളിക്കാടും സുഷ്മേഷ് ചന്ദ്രോത്തും എൻ . പ്രഭാകരനും എല്ലാം ബ്ലോഗിലും സജീവമാണ് . എങ്ങിനെ നോക്കി കാണുന്നു . ?

ഉത്തരം - ഓണ്‍ലൈൻ മാദ്ധ്യമങ്ങളെ ഇനി ആർക്കും അവഗണിക്കാൻ പറ്റില്ല . മനുഷ്യന്റെ ആവിഷ്കാരങ്ങൾ ഒരു നാൾ ഓണ്‍ലൈനിലായിരിക്കാം കൂടുതൽ ആളുകളെ ആകർഷിക്കാൻ പോകുന്നത്

ചോദ്യം - സൈബര്‍ സ്പേസിലും മുസഫറിന്‍റെ രചനകള്‍ സജീവ ചര്‍ച്ചയാണ് . മരുഭൂമിയുടെ ആത്മകഥക്ക് തന്നെ നാലോളം ആസ്വാദന കുറിപ്പുകള്‍ ബ്ലോഗില്‍ തന്നെ വന്നിട്ടുണ്ട് . എന്നിരുന്നാലും മുഖ്യധാരയും ഓണ്‍ലൈനും തമ്മില്‍ പ്രകടമായ ഒരകല്‍ച്ചയുണ്ട് . എന്തുകൊണ്ടാവും ഇങ്ങിനെ ?

ഉത്തരം - ഗുട്ടൻബർഗ് അച്ചടി കണ്ടുപിടിച്ചപ്പോൾ കുറച്ചു കാലത്തേക്ക് ഒരു പകപ്പുണ്ടായിരുന്നു . താളിയോലയും മറ്റും എഴുതുന്നവർക്ക് സ്വാഭാവികമായും പകപ്പ് തോന്നി . സൈബർ സ്പേസും അച്ചടി മേഖലയും തമ്മിൽ ഇതുപോലുള്ള പകപ്പല്ല ഉള്ളത് . അവ തമ്മിൽ അകൽച്ച പോലും കുറച്ചു കാലം മാത്രമാണ് ഉണ്ടായത് . പിന്നീട് അച്ചടിക്കുന്നത് തന്നെ സൈബർ സ്പേസിലും ലഭ്യമാക്കാൻ എല്ലാവരും ശ്രമിക്കുന്ന കാഴ്ചക്കാണ് നമ്മളിന്ന് സാക്ഷികളാകുന്നത് .

ചോദ്യം - എങ്ങിനെയുള്ള യാത്രകളാണ് കൂടുതൽ ഇഷ്ടപ്പെടുന്നതും സന്തോഷം നൽകുന്നതും ?

ഉത്തരം - ഭൂപ്രകൃതിയും മനുഷ്യപ്രക്രുതിയും ധാരാളമായി കടന്നുവരുന്ന യാത്രകൾ . ഇതുവരെയുള്ള ധാരണകൾ അട്ടിമറിക്കപ്പെടുന്ന യാത്രകൾ . സ്വാതന്ത്ര്യത്തോടെയുള്ള യാത്രകൾ . അറേബ്യയിലെ മരുഭൂമി യാത്രക്ക് ശേഷം ഈ അടുത്ത് ആൻഡമാൻ ദ്വീപുകളിലൂടെ യാത്ര ചെയ്യുമ്പോൾ ഞാനാഗ്രഹിക്കാറുള്ള തരത്തിലുള്ള നിരവധി അനുഭവങ്ങളുണ്ടായി .

ചോദ്യം - പുതിയ രചനകൾ ?

ഉത്തരം - പ്രവാസം കേന്ദ്രീകരിച്ചുള്ള ഒരു പുസ്തകം . " എണ്ണക്കിണറെടുത്ത കണ്ണ് " ഇറങ്ങാനിരിക്കുന്നു . കുട്ടികൾക്ക് വേണ്ടി മലയാള കാവ്യ മേഖലയിൽ വലിയ സംഭാവനകൾ നൽകിയ അർണോസ് പാതിരിയെ കുറിച്ച് ഒരു പുസ്തകം എഴുതി . അതും അച്ചടിയിലാണ് .
ഒരു നോവൽ എഴുതാനുള്ള ശ്രമമുണ്ട് , വിജയിക്കുമോ എന്നുറപ്പില്ല .
                                                        -ooo-

ഞങ്ങൾ സംസാരിച്ച് നിർത്തി . ചോദിച്ച ചോദ്യങ്ങൾക്കും അപ്പുറമാണ് മുസഫറിന് പറയാനുള്ളത് . അദ്ദേഹം തന്നെ പറഞ്ഞ പോലെ "എന്നെ തന്നെ കോരി ഒഴിക്കുന്ന " അനുഭവങ്ങൾ ഇനിയും അക്ഷരങ്ങളിലൂടെ നമ്മെ തേടിയെത്തും എന്നുറപ്പ് . ഈ ചോദ്യങ്ങളേക്കാൾ ഞാനിഷ്ടപ്പെട്ടത് ഔപചാരികത ഒട്ടും ഇല്ലാതെ എനിക്ക് മുന്നിൽ തുറന്ന അനുഭവങ്ങളുടെ കലവറയാണ് . എന്‍റെ ചെറിയ ലോകത്തിലെ വലിയ സന്തോഷം . കോഫീ ഹൗസിലെ ശാന്തതക്ക് വിടപറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി . പെയ്യുമെന്ന് മോഹിപ്പിച്ച മഴമേഘങ്ങൾ എവിടെയോ പോയിമറഞ്ഞു . സൂര്യനെ അറബികടൽ തിരകൾക്കിടയിൽ ഒളിപ്പിച്ചു കഴിഞ്ഞു . വീണ്ടും പഴയ ഓർമ്മകളെ തിരിച്ചു വിളിക്കാനെന്നോണം മുസഫർ അഹമ്മദ് നഗരത്തിന്‍റെ തിരക്കുകളിലേക്ക് നടന്നു കയറി . പുതിയ അനുഭവങ്ങൾ തേടിയുള്ള ഒരു യാത്രയുടെ തുടക്കമാവാം അത് .
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ .

പാളയത്തെ നിരത്തുകളിൽ വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട് . നിലാവും പതുക്കെ എത്തിനോക്കുന്നുണ്ട് . ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്നും ഒരു ഗസൽ നിരത്തിലേക്ക് ഒഴുകിയിറങ്ങി .
"യേ പാഗല്‍ ദില്‍ മേരാ ഭുജ് ഗയാ അവാര്ഗി
ഇസ് ദഷ്‌ത് മേ ഏക്‌ ഷഹര്‍ ഥാ വോ ക്യാ ഹുവാ അവാര്ഗി"

എന്‍റെ ഈ ഉണ്മാദിയായ ഹൃദയം കെട്ടണഞ്ഞു

ഈ മരുഭൂമിയില്‍ ഒരു നഗരമുണ്ടായിരുന്നല്ലോ അതിനെന്തു പറ്റി.


(മഴവില്ലിന്‍റെ വിഷു പതിപ്പിൽ പ്രസിദ്ധീകരിച്ചത്)


59 comments:

 1. അഭിമുഖം അതിസുന്ദരമായി. മന്‍സൂര്‍ എന്ന സഞ്ചാര സാഹിത്യകാരന്റെ കൈയ്യൊപ്പു പതിഞ്ഞ ഇന്ട്രോഡക്ഷന്‍. മനസ്സില്‍ നന്മയുടെ കടലുള്ള എഴുത്തുകാരന്റെ ഹൃദയം തുറന്ന അഭിമുഖം അവസാനിപ്പിക്കുമ്പോള്‍ വായന തീര്‍ന്നു പോയല്ലോ എന്ന നഷ്ടബോധം തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല.

  ReplyDelete
 2. മന്‍സൂറേ നന്നായെടോ.....

  ReplyDelete
 3. ഒരു നല്ല കഥയുടെ തുടക്കം പോലെ കോഫി ഹൗസിലെ ചുടു ചായയിൽ തുടങ്ങിയ ഈ അഭിമുഖം മറ്റൊരു സുന്ദര വായന തന്നു.

  ഓർമ്മകളുടെ മച്ചിൻ പുറത്തു നിന്നും പൊടി തട്ടിയെടുത്ത ബാല്യ കൌമാരങ്ങളിലെ തിക്താനുഭവങ്ങളുടെ ചൂടും ചൂരും മുതലക്കുളത്തെ അലക്കുകാരുടെ വിയർപ്പ് ഗന്ധം കലർന്ന കോഴിക്കൊടാൻ കാറ്റിൽ അലിഞ്ഞു ചേർന്നപ്പോൾ സംഭാഷണം പതുക്കെ മുസഫർ അഹമ്മദ് എന്ന പ്രതിഭയെ ഉടച്ചു വാർത്ത എഴുത്തിന്റെ ജന്മ രഹസ്യങ്ങൾ തേടി സമതലങ്ങൾ താണ്ടി കടന്നു പോയി.

  ആ ഗതി മാറ്റത്തിൽ ഉടനീളം മൻസൂര് അഹമ്മദ്‌ മുസഫര് അഹമ്മെദിലെ എഴുത്തുകാരനെ വിസ്തരിച്ചു കൊണ്ടിരുന്നപ്പോൾ മരുഭൂമിയുടെ ആത്മകഥ പോലെ എഴുത്തുകാരൻ തുറന്നു വെച്ച എഴുത്തിന്റെ വിസ്മയലോകം ഞാൻ അനുഭവിച്ചു അറിയുകയായിരുന്നു.

  പറഞ്ഞതിനപ്പുറം "തന്നെത്തന്നെ കോരി ഒഴിക്കുന്ന അനുഭവങ്ങളുടെ" വിശാല പ്രപഞ്ചത്തിലേക്ക് ഇനിയും തൂലിക ചലിക്കാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷ തന്നു ഗസൽ മഴ പെയിതിറങ്ങിയ മിട്ടായിത്തെരുവിലൂടെ ആ സാത്വികൻ നടന്നകന്നപ്പോൾ മനസ്സില് ബാക്കിയായത് ഒന്നു മാത്രം. നേരത്തെ പരിചയപ്പെടെണ്ട ഒരാൾ

  ReplyDelete
 4. Great Cheruvaadi. Aa interview neril kanda pole thonni. abhinandanangal
  സ്റ്റേഷനിൽ സ്വഭാവത്തിലും അത്തർ മണമുള്ള ഷമീർ എന്നെ കാത്ത് നില്കുന്നുണ്ടായിരുന്നു. പ്രിയ സ്നേഹിതൻ സുൽത്താൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി
  ബത്ത നഗരത്തിന്റെ തിരക്കില നിന്നും അല്പ്പം മാറിയുള്ള പാർക്കിൽ നൗഷദും പാല്നിലാവ് പോലുള്ള അന്നര വയസ്സുകാരൻ മോനും ശബിയും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു
  ചൂടുള്ള ചായക്കൊപ്പം എന്റെ വീക്ക്നെസ്സ് ആയ ഉള്ളിവടയും
  മോൻ നല്ല കളിയിലാണ്. നക്ഷത്രങ്ങള പൂവിതറിയ മാനത്തിൽ വിമാനം പോകുന്നത് കാണുമ്പോൾ മോൻ ഓടി വന്നു കാണിച്ചു തരും
  കുറച്ചു നേരം ബാബുക്കായുടെയും മെഹദി സാബിന്റെയും ഗസലുകൾ മൂളി ഇരുന്നു സംഗീതത്തിന്റെ ബാല പാഠങ്ങൾ അറിയുന്നവർ ആരെങ്കിലും ഞങ്ങളുടെ പാട്ട് കേട്ടാൽ വെടിവച്ചു തീയിട്ടു കൊല്ലും. തീര്ച്ച
  പിന്നെ പതിവുപോലെ ചർച്ച ആരംഭിച്ചു
  നൗഷാദ് ശെബിയുടെ ബാഗിൽ നിന്നും പുസ്തകമെടുത്തു
  ഞാൻ അല്പ്പം മുമ്പ് വായിച്ചു തീര്ത്ത അതെ പുസ്തകം.
  ചര്ച്ച ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു
  പ്രിയപ്പെട്ട കൂടുകാരാൻ നൗഷാദ് ഈ പുസ്തകത്തെ കുറിച്ച് ഒരു ആസ്വാദനം എഴുതുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു

  ReplyDelete
 5. മന്‍സൂ , ഇന്നലേ മഴവില്ലില്‍ വായിച്ചിരുന്നു .. ഇന്ന് ഒന്ന് കൂടേ...
  ഒരു കഥപൊലെ തുടക്കവും , തീരുന്ന ഒടുക്കവും ....!
  ഇനിയും പറയുവാണേറെ ബാക്കി വച്ച് രണ്ടു ഹൃദയങ്ങളും ..
  മന്‍സൂനേ ബ്ലൊഗില്‍ ആദ്യമായി കാണുമ്പൊഴും , യാത്രകളുടെ നേരിട്ടുള്ള
  പകര്‍പ്പായിരുന്നു ഒരൊ വരികളും , കൊതി തൊന്നിയിട്ടുണ്ട്
  ആ യാത്രാവിവരണം വായിച്ചപ്പൊഴെല്ലാം .. ആ മനസ്സാണ് മറ്റൊരു യാത്രകളുടെ തൊഴനേ ,
  ഒരൊ യാത്രയും മനസ്സിലേക്ക് പതിപ്പിക്കുന്ന മിഴിയുള്ള പകര്‍ത്തലുകളുടെ കൂട്ടുകാരനോട്
  സംവേദിച്ചത് , എന്നത് യാദൃശ്ശികമായിരിക്കില്ല , മനസ്സ് കൊതിച്ചത് തന്നെയാകുമത് ...
  കോഴിക്കോട് സത്യത്തിലൊരു സംഭവം തന്നെയേട്ടൊ , ചില നഗരങ്ങളൊട് , ചില പ്രത്യേക
  സ്ഥലങ്ങളൊട് നമ്മുക്ക് എന്തൊ അടങ്ങാത്തൊരു വികാരമുണ്ടാകും , പറഞ്ഞറിയിക്കാന്‍
  കഴിയാത്ത എന്തൊ ഒന്ന് , അതു കോഴിക്കോടിനോടുണ്ടെന്നുള്ളത് നേരു തന്നെ ...
  മരുഭൂവിന്റെ മറ്റൊരു മുഖം , അവിടെയും പ്രതീക്ഷകളുടെയും , നിറവിന്റെയും
  നനുത്ത പ്രതലമുണ്ടെന്നത് ഒരൊ മനസ്സിന്റെയും ഒരൊ ചിന്തകള്‍ തന്നെ ..
  ഒരു അഭിമുഖത്തിനുപരി , രണ്ടു സുഹൃത്തുക്കളുടെ സംഭാഷണം പൊലെ
  ഇത് ഹൃദ്യം , സുന്ദരം മന്‍സൂ .....

  ReplyDelete
 6. നന്നായി, നല്ല ഒരു സാഹിത്യ ചർച്ച കണ്ട ഫലം

  ReplyDelete
 7. അഭിമുഖവും അതിന്റെ അവതരണവും അതിലൂടെ ആ എഴുത്തുകാരനെ വരച്ചിട്ടതും വളരെ നന്നായി.ആശംസകള്‍

  ReplyDelete
 8. മരുഭൂമിയുടെ ആത്മകഥ എന്ന ഒറ്റ പുസ്തകമേ അദ്ധേഹത്തിന്റെതായി ഞാന്‍ വായിച്ചിട്ടുള്ളൂ . എങ്കിലും എന്റെ പ്രിയ എഴുത്തുകാരില്‍ ഒരാളാണ് ശ്രീ . മുസഫര്‍ അഹമ്മദ്‌ . അഭിമുഖം വളരെ നന്നായി മന്‍സൂര്‍ . കൃത്യതയോടെയുള്ള ചോദ്യോത്തരങ്ങള്‍ . അഭിനന്ദനങ്ങള്‍..

  ReplyDelete
 9. ചെറു-വാടി സഞ്ചാരിയും മരു-ഭൂ യാത്രക്കാരനും കണ്ടു മുട്ടിയപ്പോൾ ദൂര ദേശ പ്രകൃതികൾ ഒരുമിച്ചു തീർത്ത സിംഫണിപോലെ ഒരു അഭിമുഖ സംഗീതം ഒഴുകിയെത്തി. നന്ദി.

  ReplyDelete
 10. നന്നായിരിക്കുന്നു മന്‍സൂര്‍...

  ReplyDelete
 11. മഴവില്ലില്‍ വായിച്ചിരുന്നു ..വളരെ മനോഹരമായി വായിച്ച ഒരു അഭിമുഖം..അല്ല സൌഹൃദ സംഭാഷണം ..മന്‍സൂര്‍ ഭയിക്കെ ഇത്രയും മനോഹരമായി വിവരിക്കാന്‍ കഴിയൂ..ആശംസകള്‍

  ReplyDelete
 12. രണ്ടുപേരും യാത്രകള്‍ ഇഷ്ട്ടപ്പെടുന്നവര്‍... അഭിമുഖം ഉഷാര്‍

  ചെറുവാടിയും ഷേയയുമേല്ലാം ഈ സര്‍ഗ്ഗപ്രതിഭയുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് വരെ ഇദ്ദേഹത്തിന്റെ ഒരു കൃതിയും എന്റെ കൈകളില്‍ എത്തിയില്ല എന്നത് ഏറെ നിരാശ നല്‍കുന്നു.

  അക്കമിട്ടു നിരത്തിയ ചെറുവാടിയുടെ ചോദ്യങ്ങളും മുസഫര്‍ അഹമ്മദിന്റെ പ്രസക്തമായ ഉത്തരങ്ങളും നല്ലൊരു അഭിമുഖം സമ്മാനിച്ചു.

  ആശംസകള്‍ ... മന്‍സൂര്‍

  ReplyDelete
 13. മുസാഫര്‍ അഹമ്മദിനെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു ...അതും അതീവ ഹൃദ്യമായി അവതരിപ്പിച്ചു
  പ്രിയ സ്നേഹിതന് ആശംസകള്‍ നേരുന്നു
  ഈ തൂലിക ഇനിയും ഉയരട്ടെ

  ReplyDelete
 14. ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. മനോഹരമായ ഈ അവതരണത്തിനു നന്ദി.

  ReplyDelete
 15. മഴവില്ല് എനിക്ക് വിരിഞ്ഞില്ല.

  ഇവിടെയാണ് ആദ്യം വായിച്ചത്. വളരെ നന്നായി. അഭിനന്ദനങ്ങള്‍.

  ReplyDelete
 16. intro തന്നെ അതിമനോഹരം ചെറുവാടി. നല്ല ചോദ്യങ്ങളും. മുസഫര് എന്നാ എഴുത്തുകാരനെ കൂടുതൽ അടുത്തറിഞ്ഞു.

  ReplyDelete
 17. സൂപ്പർ. കൺഗ്രാറ്റ്സ്..

  ReplyDelete
 18. "ഗുട്ടൻബർഗ് അച്ചടി കണ്ടുപിടിച്ചപ്പോൾ കുറച്ചു കാലത്തേക്ക് ഒരു പകപ്പുണ്ടായിരുന്നു . താളിയോലയും മറ്റും എഴുതുന്നവർക്ക് സ്വാഭാവികമായും പകപ്പ് തോന്നി . സൈബർ സ്പേസും അച്ചടി മേഖലയും തമ്മിൽ ഇതുപോലുള്ള പകപ്പല്ല ഉള്ളത് . അവ തമ്മിൽ അകൽച്ച പോലും കുറച്ചു കാലം മാത്രമാണ് ഉണ്ടായത് . പിന്നീട് അച്ചടിക്കുന്നത് തന്നെ സൈബർ സ്പേസിലും ലഭ്യമാക്കാൻ എല്ലാവരും ശ്രമിക്കുന്ന കാഴ്ചക്കാണ് നമ്മളിന്ന് സാക്ഷികളാകുന്നത് ."

  നല്ലൊരു കഥ പോലെ നല്‍കിയ പരിചയപ്പെടുത്തല്‍ .

  ReplyDelete
 19. ചെറുവാടി നല്ല ഒരു അഭിമുഖകാരനാണെന്നും തെളിയിക്കുന്നു.....
  അര്‍ത്ഥവത്തായ ചോദ്യങ്ങള്‍, കാമ്പുള്ള ഉത്തരങ്ങള്‍.... അഭിമുഖ പരിസരത്തെക്കുറിച്ച് കാല്‍പ്പനികഭംഗിയുള്ള വിവരണം........

  ReplyDelete
 20. നല്ല അഭിമുഖം ചെറുവാടി. ഇഷ്ടപ്പെട്ട എഴുത്തുകാരനെ നേരില്‍ കാണാന്‍ സാധിക്കുന്നത് തന്നെ മനസ്സ് നിറയ്ക്കുന്നതാവുമ്പോള്‍ ഇത് മഹാഭാഗ്യം തന്നെ. മനോഹരമായിട്ടുണ്ട് ചെറുവാടിയുടെ വിവരണങ്ങള്‍.., ചോദ്യങ്ങള്‍ ഒന്നുകൂടി ആഴത്തിലാവായിരുന്നു എന്ന് തോന്നി. അദ്ദേഹത്തിന്‍റെ അനുഭവങ്ങളെ ഒന്നുകൂടി ചൂഷണം ചെയ്യാന്‍ കഴിയുന്ന രീതിയില്‍.,.

  ReplyDelete
 21. ഹൃദ്യമായിരിക്കുന്നു!
  നല്ല അവതരണവും,ഈടുറ്റ സാഹിത്യചര്‍ച്ചയും
  അഭിനന്ദനങ്ങള്‍
  ആശംസകളോടെ

  ReplyDelete
 22. ഗ്രേറ്റ്

  മാഗസിനില്‍ വായിച്ചിരുന്നു

  ReplyDelete
 23. മുസാഫിറുമായുള്ള അഭിമുഖം നന്നായി. അതിലേറെ അതിന്റെ തുടക്കവും ഒടുക്കവും മന്‍സൂര്‍ എഴുതിചേര്‍ത്ത അഭിമുഖക്കാരന്റെ സ്റ്റൈല്‍ ഓഫ് റൈറ്റിങ്. ശരിക്കും ഒരു ജേര്‍ണലിസ്റ്റിന്റെ ഭാഷ... അതാണ് എന്നെ ഏറെ ആകര്‍ഷിച്ചത്..

  ReplyDelete
 24. വളരെ നല്ലൊരു അഭിമുഖം.
  പ്രസക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും.
  മരുഭൂമിയുടെ എഴുത്തുകാരനെ അവതരിപ്പിച്ചതിനു നന്ദി.

  ReplyDelete
 25. നല്ല അവതരണമായി ഇക്കാ

  ReplyDelete
 26. യാത്രാ വിവരണ സാഹിത്യത്തിന് പുതിയൊരു ഭാഷയും
  ദിശയും നല്‍കിയ എഴുത്തുകാരനായ മുസാഫിർ അഹമ്മദിന്റെ
  ഒരു ഗ്രന്ഥവും വായിക്കാത്തത് എന്റെ ഒരു പോരായ്മതന്നെയായി ഞാൻ കാണുന്നൂ...

  തികച്ചും അർത്ഥവത്തായ ചോദ്യവും ഉത്തരവുമായി ,
  യാത്രകളെ ഇഷ്ട്ടപ്പെടുന്ന രണ്ട് പേർ തമ്മിലുള്ള , ഈ മുഖാമുഖ
  സംഭാഷണം ; അതേപോൽ തന്നെ ആകർഷിണീയമായി മഴവില്ലിലും ,
  ബൂലോകത്തും വിരിയച്ചത് കേമമായിട്ടുട്ട് എന്ന് ,ഇനി ഞാൻ മാത്രം പറയേണ്ടതില്ലല്ലോ അല്ലേ ഭായ്.

  ReplyDelete
 27. കാത്തുനിന്ന ഒരഭിമുഖം. ഇത്രമേൽ ഹൃദ്യമായില്ലായിരുന്നെങ്കിൽ.........
  മനോഹരമായ ഭാഷ കൊണ്ട് ശ്രദ്ധേയമായി.ചെറുവാടിയിലെ, ഒളിക്കാതെ പുറത്ത് തന്നെ പാഞ്ഞു നടക്കുന്ന ഗൃഹാതുരന്റെ കലർപ്പില്ലാത്ത ഗ്രാമ്യസൗന്ദര്യമുള്ള തുടക്കം ഗംഭീരം. ചോദ്യോത്തരങ്ങളോക്കാള് ഇഷ്ടായത് വിവരണങ്ങളാണ്.

  ReplyDelete
 28. അഭിമുഖവും അതിന്റെ അവതരണവും വളരെ നന്നായി

  ReplyDelete
 29. കാവ്യാത്മകമായി എഴുതുന്ന ഒരു മുസാഫിറിനെക്കുറിച്ച് കാവ്യാത്മകമായി തയ്യാറാക്കിയ കൃതിശില്‍പം. അദ്വിതീയമായ രചനാ വൈഭവം പ്രകടമാകുന്ന മരുഭൂമിയുടെ ആത്മകഥ വായിച്ചിരുന്നു എന്നാല്‍ മയിലുകൾ സവാരികിറങ്ങിയ ചെരിവിലൂടെ വായിക്കാനിരിക്കുന്നതേയുള്ളൂ. ഈ അഭിമുഖത്തിന് വളരെയധികം നന്ദി മന്‍സൂര്‍., ആശംസകള്‍

  ReplyDelete
 30. ഹൃദ്യമായ ഭാഷയും അവതരണവും ,ഒരുപാടു ഇഷ്ടമായി
  നന്ദി മന്‍സൂര്‍., ആശംസകള്‍

  ReplyDelete
 31. മൻസൂ ഇഷ്ട്ടായി ഒരുപാട് .
  "മുതലക്കുളം ചുറ്റി വരണ കാറ്റിന്റെ മണം" പോലെ ചിലതുണ്ട് മൻസൂനെ വ്യതിരിക്തനാക്കുന്നത്... യാത്രകളും, ഇത്തരം എഴുതുകാരുമായുള്ള കൂടിക്കാഴ്ചകളും .. എന്റെ അസൂയ കൂടണതെയുള്ളല്ലോ ... കർത്താവേ.
  ഞാൻ ഈ ബുക്ക്‌ വാങ്ങിച്ചു ഇന്ന് തുടങ്ങണം വായന :)

  ReplyDelete
 32. നാം വായിച്ചു ഇഷ്ടപ്പെട്ട പുസ്തകം എഴുതിയ ആളുമായി അതെ പുസ്തകത്തെ കുറിച്ചും എഴുത്ത് രീതികളെ കുറിച്ചും സംസാരിക്കാനാവുക, ഒരു വായനക്കാരനെ സംബന്ധിച്ച് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഇവിടെ അത് പങ്കുവെക്കുമ്പോൾ ആ കൂടിക്കാഴ്ച അതെത്ര ഹൃദ്യമായിരുന്നു എന്നും മനസ്സിലാകുന്നു. ഇങ്ങനെ ഒരവസരം ഒത്തുകിട്ടുമ്പോൾ അല്പം കൂടെ ആഴമുള്ള ഒരു സംഭാഷണം ഉറപ്പാക്കണമായിരുന്നു എന്നഭിപ്രായമാണ് എനിക്കുള്ളത്. എങ്കിലും, ചോദിച്ച ചോദ്യങ്ങളും അതിനുള്ള മറു മൊഴികളും ഏറ്റം സുന്ദരമായി അനുഭവപ്പെടുകയും ചെയ്യുന്നു.

  ഇതിൽ പരാമർശിക്കുന്ന 'മരുഭൂമിയുടെ ആത്മകഥ' വായിച്ചിട്ടില്ല. എന്നാൽ, പലയിടങ്ങളിൽ നിന്നായി കേള്ക്കുകയും വായിക്കുകയും ചെയ്തിരിക്കുന്നു. അധികം താമസിയാതെ തന്നെ വായന ഉറപ്പാക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 33. ഹൃദ്യമായ അഭിമുഖവും കാവ്യാത്മകമായ അവതരണവും. മൻസൂർക്കാ .. നന്ദി.. മുസഫർ അഹമ്മദിനെ കൂടുതൽ അടുത്തറിയാൻ സാധിച്ചതിൽ സന്തോഷവും.

  ReplyDelete
 34. ഇഷ്ടായി കൂടുതല്‍ പറഞ്ഞു ബോറാക്കുന്നില്ല.

  ReplyDelete
 35. സുഹൃത്തുക്കളിലൂടെയാണ് മുസഫർ സാബിനെ ആദ്യം അറിയുന്നത്. 'മണലെഴുത്തുകാരൻ' എന്ന അതുല്യ വിശേഷണം നല്കി മാതൃഭൂമി അദ്ദേഹത്തെ മനസ്സിൽ പതിപ്പിച്ചു. മരുഭൂമിയുടെ ആത്മകഥ ആര്ത്തിയോടെ വായിച്ചപ്പോൾ മുസഫർ എന്ന എഴുത്തുകാരൻ ഒരു ഹരമായി മാറി. വരണ്ട ഭൂമിയുടെ നനവും സൌന്ദര്യവും മനസ്സിൽ സന്നിവേശിപ്പിച്ച തൂലികയുടെ ഉടമ. ചെറുവാടിയുടെ ഈ കൂടിക്കാഴ്ച മനസ്സിലെ സ്നേഹത്തിനു കനം കൂട്ടി. നന്ദി

  ReplyDelete
 36. വളരെ നന്നായിരിക്കുന്നു ഈ അഭിമുഖം മൻസൂർജീ - രണ്ടുപേരും സഞ്ചാരപ്രിയരാവുമ്പോൾ അതേക്കുറിച്ചുള്ള സംസാരത്തിനു ചാരുത കൂടുമെല്ലോ ! സുഖമുള്ള വായനുഭവം എന്നുതന്നെ വിശേഷിപ്പിക്കാം -നന്ദി .

  ReplyDelete
 37. ഔപചാരികത ഇല്ലാതെ ഇഷ്ട എഴുത്തുകാരനുമായി ഒരു സല്ലാപം ..അതിനേക്കാള്‍ ഇഷ്ടമായത് അതെ പടി അതിവിടെ പകര്‍ത്തിയ രീതിയാണ് ,,മസില് പിടുത്തമില്ലാതെ വായിച്ചു പോയി ഇത് ... മരുഭൂമിയുടെ ആത്മകഥ പോലെ നിര്‍ത്താത്ത വായന തന്ന ഒരുഗ്രന്‍ പോസ്റ്റ്‌ ...നന്ദി ചെറുവാടി ഈ വായനാ വിരുന്നരുക്കിയതിന് .

  ReplyDelete
 38. സഞ്ചാരം
  സപര്യയാക്കിയവരുടെ
  സംഗമവിശേഷത്തിന്റെ
  സമ്മോഹനാഖ്യാനം
  സന്തോഷകരമായ
  വായനാനുഭവം.

  ReplyDelete
 39. എഴുത്തുകാരനില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത ചോദ്യങ്ങളിലൂടെ വ്യത്യസ്ത മാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ രീതി അഭിനന്ദനാര്‍ഹം. ഈ പരിചയപ്പെടുത്തല്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനിടയാക്കി.

  ReplyDelete
 40. നല്ലൊരു അഭിമുഖം . അത് അതിലും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .
  കൊള്ളാം മാഷെ ..

  ReplyDelete
 41. ഇത് വായിക്കാൻ വൈകി എന്നൊരു ഖേദം പ്രകടിപ്പിക്കട്ടെ . ബ്ലോഗ്‌ വായനയിൽ കവിഞ്ഞ് അധികം വായന എനിക്കില്ല . അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ കുറിച്ചുള്ള ഈ അഭിമുഖം ഞാൻ വായിച്ചില്ലായിരുന്നെങ്കിൽ " മുസഫർ അഹമ്മദ് " എന്ന പേരും ഇവിടെ ഇദ്ദേഹത്തെ കുറിച്ച് നൽകിയിട്ടുള്ള ഇത്രേം വിവരണങ്ങളും എനിക്കെന്നും അന്യമായി തന്നെ തുടർന്നേനെ . ഒരു കോഫീ ഷോപ്പിൽ ഇരുന്നു നിങ്ങ നടത്തിയ ഈ സംഭാഷണ യുദ്ധത്തിൽ ജയിച്ചത്‌ നിങ്ങൾ രണ്ടു പേരല്ല . വായിക്കുന്ന ഞങ്ങൾ വായനക്കാർ തന്നെയാണ് . വളരെ ഹൃദ്യമായൊരു അഭിമുഖം എന്നാ പ്രയോഗമാണ് ഇവിടെ ഉചിതം .

  ഈ അഭിമുഖത്തിലെ മികച്ച ചോദ്യങ്ങളും മികച്ച ഉത്തരങ്ങളും എന്ന പോലെ ഈ അഭിമുഖത്തിന്റെ രചനാ ശൈലിയും മികച്ചു നിൽക്കുന്നു . അതിലുപരി ആ രചനയുടെ ഒട്ടും ബോറടിപ്പിക്കാത്ത അവതരണ ശൈലിയും .. നന്നായി മൻസൂർക്ക ഈ എഴുത്ത് .. ഇഷ്ടായി ഒരുപാട് ..

  ReplyDelete
 42. വരികള്‍ കൊണ്ട് വീണ്ടും മന്‍സൂറിന്റെ ഇന്ദ്രജാലം. അവതരണത്തിന്റെ സെന്റര്‍ കോര്‍ട്ടില്‍ തന്നെ എന്നും ചെരുവാടിക്കാരന്‍

  ReplyDelete
 43. അതിസുന്ദരവായനയുടെ ഒരേട്. ഇദ്ദേഹത്തിന്റെ ഒരു പുസ്തകവും ഇതേവരെ വായിക്കാനായിട്ടില്ല. ഇനി വായിക്കണം.
  അഭിനന്ദനങ്ങള്‍ ചെറുവാടീ. ഈ വിരുന്നൊരുക്കിയതിനു..

  ReplyDelete
 44. ഇവിടയെത്താൻ അൽപ്പം വൈകി
  നല്ലൊരു സഞ്ചാര സാഹിത്യ കാരനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ പെരുത്ത സന്തോഷം, സഞ്ചാര സാഹിത്യത്തിനു നിരൂപകർ കുറവ് എന്നത് ഒരു വലിയ പോരായിമ തന്നെ, ഇതുമൂലം ചിലപ്പോൾ ഇത്തരം വായനയിലേക്ക് നടന്നടുക്കാൻ കഴിയാതെ പോകുന്നു. നിരൂപണങ്ങൾ വരുമ്പോൾ വായനക്കാരുടെ ഇടയിൽ അത് ശ്രദ്ധിക്കപ്പെടുന്നു. ഇദ്ദേഹത്തെപ്പോലുള്ള എഴുത്തുകാർ അവിടവിടെ ഉണ്ടല്ലോ എന്നതു ആശക്ക്‌ വഴിനൽകുന്നു. സംഭാഷണം കുറേക്കൂടി നീട്ടാമായിരുന്നില്ലേ എന്നൊരു തോന്നൽ വായനക്കൊടുവിൽ ഉണ്ടായി. നന്ദി ഈ പരിചയപ്പെടുത്തലിനു. എഴുതുക അറിയിക്കുക.

  ReplyDelete
 45. ഈ ശ്രമത്തെ സ്വീകരിച്ച എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു . ആദ്യമായി ചെയ്ത ആ അഭിമുഖത്തിൽ പോരായ്മകൾ കണ്ടേക്കാം . എന്നാലും നിങ്ങൾ നൽകിയ ഈ പ്രോത്സാഹനം വളരെ സന്തോഷം നൽകുന്നു . കവർ സ്റ്റോറി ഇത് നൽകിയ മഴവിൽ മാഗസിന് , നല്ല അഭിപ്രായം നൽകി പ്രോത്സാഹിപ്പിച്ച "ഇരിപ്പിടം" വാരികക്ക് , കമന്റ്സിലും മെയിലിലും അഭിപ്രായങ്ങൾ അറിയിച്ചവർക്കു , വായിച്ചു പോയവർക്ക് എല്ലാർക്കും എന്റെ സ്നേഹവും നന്ദിയും ഒരിക്കൽ കൂടെ അറിയിക്കുന്നു .

  സ്നേഹപൂർവ്വം
  മൻസൂർ ചെറുവാടി

  ReplyDelete
 46. നല്ലൊരു എഴുത്തുകാരനെ കുറിച്ചുള്ള ഈ പോസ്റ്റ്‌ വായിക്കാനൊത്തിരുന്നില്ല.നന്നായി.ചെറുവാടി യെന്ന ' ഉപ്പയുടെ എഴുത്തോര്‍മ്മകള്‍ ' ത്രസിക്കുന്നുണ്ട് വരികളില്‍‌ !ഉത്തരോത്തരം ഉയരാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

  ReplyDelete
 47. പ്രിയ മൻസൂർ... അഭിമുഖം വളരെ നന്നായിരിയ്ക്കുന്നു... ആദ്യത്തെ അഭിമുഖമാണെങ്കിലും ഉയർന്ന നിലവാരം പുലർത്തിയിരിയ്ക്കുന്നു.. അഭിനന്ദനങ്ങൾ...

  നമുക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരുമൊത്ത് അല്പസമയം ചിലവഴിയ്ക്കുവാൻ അവസരം ലഭിയ്ക്കുക എന്നത് തന്നെ ഒരു ഭാഗ്യമാണ്.... പലപ്പോഴും അത് മൻസൂറിന് സാധിയ്ക്കുന്നുണ്ട് എന്നത് ഏറെ സന്തോഷിപ്പിയ്ക്കുന്നു....
  ഡൽഹിയിലെ ചില പ്രത്യേക ജീവിത സാഹചര്യങ്ങളിൽ വായനപോലും നന്നായി നടക്കാതെവരുമ്പോൾ, വായന മനസ്സിൽനിന്നും അകന്നുപോകാതിരിയ്ക്കുവാൻ ഏറെ സഹായിയ്ക്കുന്നത് , ബൂലോകത്തിലെ ഇത്തരം പരിചയപ്പെടുത്തലുകളാണ്..

  പുതിയ എഴുത്തുകാർ,,, പുതിയ രചനകൾ ഇവയേക്കുറിച്ചെല്ലാം ഇപ്പോൾ അറിയുന്നതുതന്നെ ബ്ലോഗ്ഗിലൂടേയും, ഫെയ്സ്ബുക്കിലൂടെയുമൊക്കെയാണ്... തുടർന്നും ഉണ്ടാകട്ടെ ഇത്തരം പരിചയപ്പെടുത്തലുകൾ.. എല്ലാവിധ ആശംസകളും.....
  സ്നേഹപൂർവ്വം.....

  ReplyDelete
 48. ഹൃദ്യമായ ഭാഷയും അവതരണവും കൊണ്ട് നിലവാരം പുലർത്തുന്ന വളരെ നല്ലൊരു അഭിമുഖം.

  ReplyDelete
 49. അഭിമുഖം എന്ന് പറയുന്നില്ലാ ...ഇദ്ദേഹത്തിന്റെ രചനകളെ സ്നേഹിക്കുന്ന മനസ്സിന്റെ വെമ്പലുകൾ ചോദ്യ രൂപേണ വന്നു എന്ന് മാത്രം ...അത്രക്ക് ഹൃദയമായി കേട്ടോ ഇത് ..ഇനിയും ഈ വഴിയിലൂടെ സഞ്ചരിക്കൂ ..പ്രാർത്ഥനയോടെ ഒത്തിരി ഇഷ്ടത്തോടെ ഒരു കുഞ്ഞുമയിൽപീലി

  ReplyDelete
  Replies
  1. വളരെ നല്ല അഭിമുഖം ,ആദ്യ ഉദ്യമമാണെന്ന് തോന്നുകയില്ല വീണ്ടും ഇത് പോലെ ജീവസ്സുറ്റ അഭിമുഖങ്ങളുമായി വരാന്‍ എല്ലാ ഭാവുകങ്ങളും !

   Delete
 50. വിശുദ്ധ മുസാഫിര്‍.....,......ഇത്രയും ഹൃദയശുദ്ധിയുള്ള ഒരാളെ വിശുദ്ധന്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍..,
  നന്ദി മന്‍സൂര്‍ ഭായ്.

  ReplyDelete
 51. ഈ അഭിമുഖം വളരെ നന്നായിട്ടുണ്ട് ചെറുവാടി ..!

  ReplyDelete
 52. മൻസൂർ ഫ്‌ബി പരസ്യം കണ്ടപ്പോൾ ഞാൻ കരുതി ഒരു പുതിയ പോസ്റ്റായിരിക്കുമെന്ന്
  പക്ഷെ പഴയതെങ്കിലും തനിമ നഷ്ടപ്പെടാതെ നിൽക്കുന്നു. ഞാനും ഇവിടെ നേരെത്തെ വന്നിരുന്നു. കമൻറ് ഇട്ടിരുന്നു.
  എഴുതുക പുതിയ പോസ്റ്റുകൾ
  ബ്ലോഗ് സജീവമാക്കുക
  ആശംസകൾ

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....