Thursday, May 31, 2018

"കമ്മ്യൂണിസ്റ്റ് പച്ച"
മുൻവിധികളിൽ കുടുങ്ങിക്കിടക്കുന്ന ചില സ്ഥലങ്ങളുണ്ട്.  ഒരിക്കലവിടെ എത്തിപ്പെടുന്നത് വരേ ആ മുൻവിധിയുടെ തടവുകാരായിരിക്കും നമ്മൾ. ഒരു വ്യാവസായിക രാജ്യം എന്നതിനപ്പുറം ചൈനയെ കാണാനോ അറിയാനോ ശ്രമിക്കാതിരുന്നത് ആ ഒരു കാരണം കൊണ്ട് മാത്രമാണ്. രണ്ടുനൂറ്റാണ്ടിന്റെ വാണിജ്യചരിത്രം പറയാനുള്ള ഗോൻസോ  നഗരത്തിലാണ് ഇപ്പോഴുള്ളത്. ഗോൻസോയുടെ പഴയ പേരാണ് കാന്റൻ. ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഗോ ൻസോ . രണ്ടായിരത്തി ഇരുന്നൂറോളം വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നൊരു നഗരത്തിന് തീർച്ചയായും ആ പാരമ്പര്യത്തിന്റെ പ്രൗഢിയുണ്ട്. ചുവപ്പൻ രാജ്യത്ത് ഹൃദയം നിറക്കുന്ന പച്ചപ്പ്‌ മാത്രമാണെങ്ങും. "കമ്യൂണിസ്റ്റ് പച്ച".

വന്നിറങ്ങിയത് മുതൽ തോരാതെ പെയ്യുന്ന മഴയാണ്. ഇന്നലെവരെ ചൂടായിരുന്നു എന്ന് പറയുന്നു. പെട്ടെന്ന് അപ്രതീക്ഷിതമായി തണുപ്പിലേക്ക്.  അതെന്റെ മനസ്സറിഞ്ഞുള്ളൊരു മാറ്റമാണെന്ന് ഞാൻ പറയും. മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് ഈ  യാത്രകളെ ഓർത്തെടുക്കുമ്പോൾ ആ മഴയും തണുപ്പും അപ്പോഴും ബാക്കിയുണ്ടാവും. ബർമാഗിലെ, ഓൾഡ് ടൗൺ സ്‌ക്വയറിലെ, ഡാന്യൂബ് തീരത്തെയെല്ലാം ഓർമ്മകൾ സ്വപ്നങ്ങളിലേക്ക് ഓടികയറുമ്പോഴെല്ലാം ആ തണുപ്പറിഞ്ഞിട്ട്  പുതപ്പ് വലിച്ചുമൂടാറുണ്ട് ഞാൻ . 

"അങ്ങ് ചൈനയിലേക്ക് നോക്കൂ  " എന്നത് കേവലമൊരു  രാഷ്ട്രീയ പ്രയോഗം മാത്രമല്ല, ഒരു രാജ്യം കൈവരിച്ച  വ്യാവസായിക പുരോഗതി അടയാളപ്പെടുത്തുന്നൊരു മുദ്രാവാക്യം കൂടിയാണ്.  ഗോൻസോയിലെ പ്രസിദ്ധമായ കാന്റൺ ഫെയറിലെ പവലിയനുകളിൽ  കച്ചവട കണ്ണോടെ നിറഞ്ഞൊഴുകുന്ന ജനങ്ങൾ ഓരോ രാജ്യങ്ങളുടെ ഭൂപടങ്ങളാണ്. അത്രത്തോളം ചൈനയെന്ന വാണിജ്യ സൗരയൂഥത്തിന് ചുറ്റും കറങ്ങുന്നുണ്ട് ലോകം. 

ഷിമെൻകോയിലെ തെരുവുകളിൽ ഇന്നലെ രാത്രിയും പെയ്ത മഴയിൽ കുതിർന്നു നിൽക്കുകയാണ്. നേരം പുലരുന്നതോടെ തന്നെ സജീവമാകുന്ന തെരുവുകൾ. ഓരോ കെട്ടിടങ്ങളുടെ ബാൽക്കണിയിലും  ഉയർന്ന കെട്ടിടങ്ങളുടെ ടെറസ്സിലുമെല്ലാം മരങ്ങളടക്കം തലനീട്ടി നിൽക്കുന്നു. ഇലക്ട്രോണിക്സ് വേസ്റ്റുകൾ മാത്രം വന്നടിയുന്നൊരു സ്ഥലം  എന്ന മിഥ്യാധാരണകളെ  എത്ര പെട്ടെന്നാണ് ഈ നാട്  സ്ക്രാപ്പ് ചെയ്തുകളഞ്ഞത്.  വഴിയോരം നിറയെ തണൽ വിരിച്ചു നിൽക്കുന്ന ഈ മരങ്ങളുടെ പേരെന്താവും..? എനിക്കത് ചോദിച്ചറിയേണ്ടതുണ്ട്.  സെഡാർ. ലിപ, ചിനാർ, മേപ്പിൾ മരങ്ങൾ പോലെ ഇതും ഒരു നാടിനെ മാത്രം അടയാളപ്പെടുത്തുന്നൊരു പ്രതീകമാണ്. 
കോൺക്രീറ്റ് നഗരം എന്ന പേര് ഒരിക്കലും ചേരില്ല ഗോൻസോയിക്ക്. അത്രക്കും മികച്ച ടൌൺ പ്ലാനിംഗ് ആണ് നഗരത്തിന്.  ഒരു കെട്ടിടമൊരുക്കാൻ ആദ്യം എത്ര മരങ്ങൾ മുറിച്ചു മാറ്റുന്ന നമ്മുടെ രീതി ഇവിടെ തിരിച്ചാണ്. അത്രക്കും മരങ്ങളും ചെടികളും കൊണ്ട് നമ്മളൊരു വ്യവസായിക നഗരത്തിലാണ് എന്ന് ചിന്തിക്കാനുള്ള അവസരം പോലും നൽകില്ല ഈ നാട്. എപ്പോഴും തിരക്കാണ് ചൈനക്കാരുടെ മുഖത്ത്.  വൃദ്ധരായ ആളുകൾ പോലും എത്ര ഉത്സാഹത്തോടെയാണ് നടന്നു നീങ്ങുന്നത്.  എനിക്കിതിനെ ഈ പ്രകൃതിയോട് ചേർത്തുവായിക്കാനാണ് ഇഷ്ടം.  ഈ മരങ്ങളും തണലും നൽകുന്ന ഊർജ്ജമാവണം അത്. 

ഭക്ഷണം വലിയൊരു പ്രശ്നമാണ് ചൈനയിൽ. ഗോൻസോ മെട്രോ സ്റ്റേഷനടുത്തുള്ള മാർകറ്റിനടുത്ത് പാകിസ്ഥാനികൾ നടത്തുന്നൊരു മക്ക ഹോട്ടലിലുണ്ട്. നല്ല വൃത്തിയുള്ള അന്തരീക്ഷവും രുചിയുള്ള ഭക്ഷണവും. ഷിമെൻകോയിലും  ചെറിയൊരു ഹോട്ടലുണ്ട്  ഇന്ത്യക്കാരുടെ.  കോഴിക്കോട്ടുകാരനായ ഒരാളാണ് അവിടത്തെ ഒരു ജീവനക്കാരൻ. ഈ മാർക്കറ്റ് തന്നെയാണ് ഗോൻസോയിലെ ഏറ്റവും തിരക്കുള്ള സ്ഥലം . ചൈനയിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട് . അവരുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്കിൽ സാധനങ്ങൾ വാങ്ങുന്നതും ഇവിടെനിന്നാണ് . ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ തെരുവുകളിൽ നിറയെ കാണാം . അന്താരാഷ്‌ട്ര ബ്രാൻഡുകളെല്ലാം  ഷോറൂമുകൾ വിട്ട് തെരുവുകളിലെ വിരിപ്പിൽ പകിട്ടില്ലാതെ കിടക്കുന്നു . വിലകുറഞ്ഞ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ധാരാളമായി കയറ്റുമതി ചെയ്യുന്ന രാജ്യമാണെങ്കിലും അതിനെല്ലാം പൊതുവേ വില കൂടുതലാണ് ഇവിടെ . ഗോൻസോയി മാർക്കറ്റിലൂടെയുള്ള നടത്തം പഴയ മിഠായി തെരുവിനെ  ഓർമ്മിപ്പിച്ചു . തെരുവ് കച്ചവടക്കാർ മാത്രമല്ല അതിന് കാരണം , ഇടക്കിടെ ചെവിയിൽ പതിക്കുന്ന  മലയാളം വാക്കുകൾ കൊണ്ടുമാണ് . അത് കേട്ടപ്പോൾ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ   അലയുമ്പോൾ ഒരു മുഖവുരയും കൂടാതെ "ടാക്സി വേണോ" എന്ന് ചോദിച്ച മലയാളിലെ ഓർമ്മവന്നു . ഞങ്ങൾ രണ്ടുപേരും ചിരിച്ചു . നാട്ടുകാർ പരസ്പരം തിരിച്ചറിയപ്പെടുന്ന ഒരു അദൃശ്യ വികാരം കൂടിയുണ്ടായിരുന്നു  മലയാളത്തിലുള്ള ആ ചോദ്യത്തിൽ.

വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് എത്തിയത് അബി ബഖാസ്‌ മസ്ജിദിൽ ആയിരുന്നു. ഏറ്റവും പുരാതനയമായ ആരാധനാലയമാണിത് . ഒരു ക്ഷേത്രത്തിലേക്ക് കയറുന്ന പോലെ തോന്നും പള്ളിയുടെ മുൻവശം.  ചൈനീസ് വാസ്തുകലയുടെ പ്രത്യേകതയാവണമത് .  പ്രവാചകന്റെ കാലത്ത് ചൈനയിലെ നയതന്ത്രജ്ഞനായി നിയമിക്കപ്പെട്ട സഹാബിയായിരുന്നു സഅദ് ബിൻ അബി ബഖാസ്. അദ്ദേഹമാണ് ഈ പള്ളി നിർമ്മിച്ചതും ചൈനയിൽ ഇസ്‌ലാം മാത്രം പ്രചരിപ്പിച്ചതും .  അതും താങ് രാജഭരണകാലത്താണ് . പള്ളിക്ക് മുന്നിലൊരു ക്ലോക്ക്ടവറുണ്ട്. പള്ളിയുടെ തന്നെ മിനാരമാണത് . ആയിരത്തി മുന്നൂറ് വർഷങ്ങളുടെ ചരിത്രത്തിന് സാക്ഷ്യം പറയുമത്.  അതായത് താങ് രാജവംശം തൊട്ട് സഅദ് ബിൻ അബി ബഖാസും കഴിഞ്ഞിട്ട്   ഷി ജിൻപിങ് വരെയുള്ള ചൈനയുടെ രാഷ്ട്രീയം. കപ്പലുകളുടെ വഴികാട്ടിയായും ഒരു നിയോഗം ആ കാലത്ത് ഈ മിനാരങ്ങൾക്കുണ്ടായിരുന്നു. ചൈനയ്ക്ക് വലിയൊരു ഇസ്‌ലാമിക പാരമ്പര്യമുണ്ട് . അത് തേടിപോകുക എന്നത് തീർച്ചയായും ആവേശകരമാവും  .   ഇസ്ലാമിക ആരാധനാക്രമങ്ങൾക്ക്  ചൈനയിൽ വിലക്കുണ്ട്  എന്ന വാർത്തകൾ മാധ്യമങ്ങളിൽ കണ്ടിരുന്നു. ഇനിയത്  ഒറ്റപ്പെട്ട വിഷയങ്ങൾ ആയിരിക്കുമോ? . വിശ്വാസികളല്ല ഭൂരിപക്ഷം ചൈനക്കാരും .  എന്നാൽ സമീപകാലത്ത് ബുദ്ധമതത്തിലേക്ക് കൂടുതൽ ആളുകൾ കടന്നു ചെല്ലുന്നു എന്നറിയുന്നു. ഒരു പക്ഷേ ജനങ്ങൾ കൂടുതൽ വിശ്വാസികളാവുന്നതാവും കമ്യുണിസ്റ്റ് രാജ്യങ്ങൾ ഭയക്കുന്ന ഒന്ന്. ഗോൻസോയിൽ തന്നെ ഒരു ചർച്ചും ബുദ്ധക്ഷേത്രവും വേറെയുണ്ട്. വിവിധയിനം മരങ്ങൾ നിറഞ്ഞൊരു ഉദ്യാനത്തിന് നടുക്കാണ് പള്ളി . മരത്തണലുകളിൽ നിസ്കാരപ്പായ പായ വിരിച്ചു നിസ്കരിക്കുന്നവരുണ്ട് . ഈ മരങ്ങളിലായിരിക്കുമോ ഹൂമെയ്‌ (Hwamei )പക്ഷികൾ കൂടുകൂട്ടുന്നത് .? . പള്ളിയിൽനിന്നും പുറത്തിറങ്ങിയപ്പോൾ ചുറ്റും ബിരിയാണിയുടെ മണം.  ഒരു തമിഴ് മുസ്ലിമിന്റെ ഹോട്ടലാണ് .  നല്ല തിരക്കുണ്ട്.  ജീവിതോപാദികൾ തേടി ഏതെല്ലാം നാടുകളിലാണ്  നമ്മൾ സ്വപ്നം വിതക്കുന്നത്...!

തിരക്ക് പിടിച്ചൊരു ദിവസത്തിനൊടുവിൽ പേൾ നദിയുടെ സൗന്ദര്യം കാണാനിറങ്ങി.  ഓരോ രാജ്യത്തിനും അവരുടെ സംസ്കാരം രൂപപ്പെടുന്നൊരു നദിയുണ്ടാവും.  ഡാന്യൂബും നൈലും വോൾഗയും ടൈഗ്രിസും നിളയുമെല്ലാം അടയാളപ്പെടുത്തുന്നൊരു സംസ്കൃതിയുണ്ട്.  ഗോൻസോയുടെ സൗന്ദര്യമാണ് പേൾ നദി.  ചൈനയിലെ മൂന്നാമത്തെ വലിയ പുഴയാണ് ഇത്. കാന്റൺ ടവറിന്റെ മനോഹരമായ കാഴ്ചയും നല്ലൊരു കാഴ്ചയാണ്.  തിരക്കുപിടിച്ചൊരു നഗരത്തിന്റെ ഏറ്റവും ശാന്തവും പ്രസന്നവും ആയ മുഖം. ജോലിക്കിടെ ആലസ്യം ഇറക്കി വെക്കാൻ വരുന്നവരാവും കൂടുതലും.  ഇവിടെയും പല ദേശക്കാരെ കാണാം.  അവരൊന്നും സായാഹ്‌ന കാഴ്ചകൾ തേടി ഇറങ്ങിയവർ മാത്രമല്ല, പുഴയോട് ചേർന്നൊഴുകുന്ന ഒരു സംസ്കൃതിയെ അറിയാൻ വന്ന സഞ്ചാരികൾ കൂടിയാണ്. 


എനിക്ക് രാത്രിയെ പരിചയപ്പെടണമെന്ന് തോന്നി.ചെന്നെത്തുന്ന സ്ഥലങ്ങളിലെ രാത്രികളെ അറിയുക എന്നത് രസകരമായൊരു കാര്യമാണ് . സുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങൾ ഇല്ലെങ്കിൽ മാത്രം .ഗ്രാമങ്ങൾക്ക് പകലുകളും നഗരങ്ങൾക്ക് രാത്രിയുമാണ് ഏറെ സൗന്ദര്യം . വിളക്കണഞ്ഞ നഗരക്കാഴ്ചകൾക്ക് ഏറെ ഭംഗിയാണ് . ആകാശത്തിലേക്ക് തലനീട്ടി നിൽക്കുന്ന കത്രീഡലുകൾ ഉള്ള നഗരങ്ങൾക്ക് നിഗൂഡമായൊരു സൗന്ദര്യമുണ്ട് . ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ പാതിരകളാവണം എനിക്ക് ഏറെ ഇഷ്ടപ്പെട്ടൊരു രാത്രികാഴ്ച . ഏറെ വൈകിയ നേരത്ത് ഇറങ്ങി നടന്നു.  ഭയക്കേണ്ടതായി ഒന്നുമില്ലെന്ന് ചൈനയിൽ തന്നെ ജോലി ചെയ്യുന്ന നൗഫൽ പറഞ്ഞിരുന്നു.  രാവിലെ ഏറെ തിരക്കുണ്ടായിരുന്ന തെരുവ് നിശബ്ദമാണ്.  മങ്ങിയ വെളിച്ചവുമായി മരങ്ങൾക്കിടയിലൂടെ നീണ്ടുപോകുന്ന വഴികളിൽ ഏകാന്തത ആരെയോ കാത്തു നിൽക്കുന്ന പോലെ.  കുറേക്കൂടെ നടന്നപ്പോൾ ബുദ്ധക്ഷേത്രത്തിലേക്ക് ഇറങ്ങി പോകുന്ന വഴികൾ  കണ്ടു. മന്ത്രോച്ചാരണികൾ വലയം ചെയ്യുന്നപോലെ. നിഴലുകൾ പോലെ ബുദ്ധസന്യാസിമാർ. എല്ലാം തോന്നലാണ്.  എന്നാലും ഇവരെന്തിനാണ് എന്നെയിങ്ങനെ ഭയപ്പെടുത്തുന്നത്. തിരിച്ചുള്ള നടത്തത്തിന് വേഗത കൂടുതലായിരുന്നു. വിജനത  പൂത്തുനിൽക്കുന്ന വഴികൾ ചില നേരങ്ങളിലെങ്കിലും  നമ്മെ ഭീരുവാക്കും. പൂക്കുടകൊണ്ട് അലങ്കരിച്ചൊരു  സൈക്കിളിൽ ഒരു പെണ്ണ് വേഗത്തിൽ ഓടിച്ചു പോയി.അവളൊന്ന്  നിസ്സംഗമായി ചിരിച്ചു .  ഏത്  തിരിവിൽ നിന്നാണ് അവൾ പ്രത്യക്ഷപ്പെട്ടത്...?

എയർപോർട്ടിലേക്കുള്ള വഴിയിലാണ്. സതേൺ ചൈന എയർലൈൻസ് സമയത്തിനാണ്. മരങ്ങൾക്ക് മേലേ ഒരു മഴ തങ്ങിനിൽക്കാൻ തുടങ്ങിട്ട് നേരമേറേയായി.  അതെങ്ങനെ... ഈ മരങ്ങളിത്തിരി സ്ഥലം കൊടുത്താലല്ലേ അതിന് ഭൂമിയെ ചുംബിക്കാൻ പറ്റൂ. ഉയർന്നുപൊങ്ങിയ വിമാനത്തിന്റെ വിൻഡോ ഗ്ലാസ്സിൽ മഴത്തുള്ളികൾ വന്നുവീണു.  അതുവരെ ശ്വാസംമുട്ടി നിന്ന മഴ തകർത്തു പെയ്തു.  താഴെ കമ്മ്യൂണിസ്റ്റ് പച്ചകൾ മഴ നനയുകയാണ്. ഇനിയുമെത്ര   ഗ്രീഷ്മ വസന്തങ്ങൾ  തണൽ വിരിക്കേണ്ടതുണ്ട് അവയ്ക്ക്  ...!