Wednesday, July 24, 2019

ഡാന്യൂബ്: ആർദ്രമായൊരു ഈണംഇരുവശത്തും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞുപാടങ്ങൾ  . ഇടയ്ക്കു വന്നെത്തുന്ന ചെറിയ ചെറിയ തടാകങ്ങളുടെ  ഉപരിതലത്തിൽ പോലും മഞ്ഞുപാളികൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്  . ചെക്ക് റിപ്പബ്ലിക്കിൽ നിന്നും  ഓസ്ട്രിയയിലേക്കുള്ള യാത്രയിലാണ് . ദീർഘയാത്രയുടെ ആലസ്യത്തിൽ  ബസ്സിൽ മിക്കവരും ഉറക്കത്തിലാണ് . കാഴ്ചകളെ മറന്നിട്ട് എനിക്കെങ്ങനെ ഉറക്കം വരാനാണ് . ഞാൻ വീണ്ടും പുറംകാഴ്ചകളിലേക്ക് കണ്ണുകളെറിഞ്ഞു . ക്രിസ്തുമസ് മരങ്ങൾക്കിടയിലൂടെ  ഒരുസ്വപ്നലോകം വരെ നീണ്ടുപോകുന്ന മഞ്ഞുവഴികൾക്കിടയിൽനിന്നും ഫ്രോസൺ സിനിമയിലെ എൽസയും അന്നയും കുറുമ്പും കാട്ടി ഇറങ്ങിവരുമെന്ന് തോന്നിപ്പോയി  . അതോ സാന്റയോ  ?. വായിച്ച കഥകളിലെ , കണ്ട സിനിമകലെ കഥാപാത്രങ്ങളെ ഇത്തരം സ്ഥലങ്ങളിൽ കൊണ്ടുപോയി കുടിയിരുത്താറുണ്ട് ഞാൻ . കടലിലോ പുഴയിലോ ഒറ്റവഞ്ചിയിൽ ചൂണ്ടയിടുന്ന ഏത്  മുക്കുവനും എനിക്ക് ഹെമിങ്‌വേയുടെ സാന്റിയാഗോയാണ് . മരുഭൂമിയിലെ ഇടയന്മാരെ നജീബായും യാത്രികരെ മുഹമ്മദ് അസദായും തോന്നാറുണ്ട് .മറ്റുചിലപ്പോൾ ഞാൻ തന്നെ കഥാപാത്രങ്ങളാവാറുണ്ട് . കാസ്റ്റ് എവേയിലെ ടോം ഹാൻക്സായും   മോട്ടോർ സൈക്കിൾ ഡയറിയിൽ ചെഗുവേരയായും അങ്ങനെ സ്വാധീനിച്ച കഥാപാത്രങ്ങളും എഴുത്തുകാരുമായി എത്രയോ തവണ  പരകായപ്രവേശം നടത്തിയിട്ടുണ്ട്. പലപ്പോഴും രസകരമായി സന്നിവേശിപ്പിക്കാവുന്ന ഒന്നാണ് അത്തരം ചിന്തകൾ .വഴിയരികിൽ ഒരു മാക് ഡൊണാൾഡിനോട് ചേർന്ന് ഡ്രൈവർ ബസ്സോതുക്കി നിർത്തി  . ഒരു കട്ടൻചായ  എത്രത്തോളം മിസ് ചെയ്യുന്നു എന്ന് തോന്നുന്നത് ഇപ്പോഴാണ് . എന്റെ രുചിക്ക് വഴങ്ങാത്തൊരു ചൂട് കോഫിയും കുടിച്ച് ആ പരിസരങ്ങളിൽ ചുറ്റിനടന്നു . തെർമൽ വെയറും ജാക്കറ്റും തുളച്ച് തണുപ്പ് അതിക്രമിച്ചു കടന്നു . ഇടത്താവളങ്ങൾ ഞാനൊരിക്കലും മറക്കാറില്ല . യാത്രകളിലെ ഇടത്താവളങ്ങളെനിക്ക്  സ്വപ്‌നങ്ങൾ വെച്ച് പൂട്ടിയിടാനുള്ള സ്ഥലങ്ങൾ കൂടിയാണ് . ഏതെങ്കിലുമൊരുകാലം ഇനിയുമീവഴി  വരുമ്പോൾ അത് വീണ്ടെടുക്കണമെനിക്ക് . ആ ഭാണ്ഡത്തിൽ നിറഞ്ഞ മഞ്ഞുകണികൾ തട്ടി കളഞ്ഞിട്ട് ആ ഓർമ്മകളെ  താലോലിക്കണം . അന്നൊരുപക്ഷേ ആ കോഫി  രുചികരമായി തോന്നിയേക്കാം .
ഓസ്ട്രിയയിലേക്കുള്ള പാതകൾ നീളുകയാണ് .


മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
നിനക്കറിയാമോ..
എവിടേയ്ക്കു നുരകുത്തിയൊഴുകുന്ന
മുകിലിന്റെ നിഴല്‍ വീണു നീലിച്ച പുഴകള്‍


ഷഹബാസ് അമൻ യൂറോപ്യൻ ഹേമന്തത്തേയും കീഴ്പ്പെടുത്തുകയാണ് .സന്ധ്യയോടടുത്താണ് ഓസ്ട്രിയയിലെത്തിയത് . ഒരു ദീർഘയാത്രയുടെ ആലസ്യം ഒട്ടുമില്ലായിരുന്നു . മനസ്സ് നിറയെ ഡാന്യൂബ് നദിക്കരയിലേക്ക് ഓടിയെത്തണമെന്ന മോഹമാണ്  . എത്രയെത്ര വായനകളാണ് ഡാന്യൂബ് എന്നൊരു സ്വപ്നം മനസ്സിൽ നിറച്ചിട്ട് പുസ്തകമിറങ്ങിപ്പോയത് . ആഘോഷം അവസാനിക്കാത്ത ഡാന്യൂബ് തീരത്ത് തെരുവുഗായകരൊരുക്കുന്ന   സംഗീതവും ആസ്വദിച്ച് ഒരു രാത്രി മുറിച്ചുകടക്കണമെന്നൊരു സ്വപ്നത്തിന്റെ അടുത്താണിപ്പോൾ .
വിയന്നയിൽ നല്ല തണുപ്പാണ് .  ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ഉടനെ തന്നെ ഭക്ഷണം കഴിക്കാനിറങ്ങി . കെന്റ് റെസ്റ്റോറന്റിലെ രുചികരമായ തുർക്കിഷ് വിഭവങ്ങൾക്കൊപ്പം നൃത്തവും സംഗീതവും നിറയുന്നുണ്ട് . ഒരു സിഗരറ്റിനു വേണ്ടിയുള്ള അന്വോഷണത്തിലാണ് തുർക്കിക്കാരനായ ഒമ്രാനെ  പരിചയപ്പെടുന്നത് . ഞങ്ങൾ പെട്ടന്നുതന്നെ സുഹൃത്തുക്കളായി . തുർക്കി  പ്രസിഡണ്ടായ റജബ് എർദുഗാനെപറ്റി പറയാനാണ് കൂടുതൽ  സമയവും  ഒമ്രാൻ ചിലവഴിച്ചത് . എർദുഗാനെ   ഒരുജനത  എത്രത്തോളം   നെഞ്ചിലേറ്റി എന്നത് ഒമ്രാന്റെ ആവേശത്തിൽ നിന്നും വായിച്ചെടുക്കാം  .  മൊബൈലിലേക്ക് ഏർദുഗാന്റെ കാമ്പയിൻ സോങ്ങ്  അയച്ചുതന്നിട്ട് കേൾക്കാൻ പറഞ്ഞു. എനിക്കതിന്റെ സംഗീതം വളരെ  ഇഷ്ടപ്പെട്ടു . അതിലൂടെയാണ്  യൂഗർ    ഇസിലാക് എന്ന തുർക്കിഷ് ഗായകനിലേക്കും ഡോംബ്ര എന്ന സംഗീത ആൽബത്തിലേക്കും  എത്തുന്നത് . ഇതിന്റെ ചുവടുപിടിച്ചാണ് എകെ പാർട്ടിയുടെ പ്രചാരണഗാനം ഒരുക്കിയത് . യാത്രയിൽ കൂടെപ്പോരുന്ന  രുചിയും , സംഗീതവും  , സൗഹൃദവുമെല്ലാം    കാലങ്ങളോളം ആ സ്ഥലങ്ങളെ ഓർക്കാനുള്ള സോവനീറുകൾ കൂടിയാണ്. ഒമ്രാൻ വിയന്നയിൽ ജോലി ചെയ്യുകയാണ് .  ഒമ്രാന്റെ രാഷ്ട്രീയ ചിന്തകളും കാലികമാണ് . തുർക്കിയും ഓസ്ട്രിയയും തമ്മിൽ നിലനിൽക്കുന്ന ചെറിയ  തർക്കങ്ങളെ കുറിച്ചുപോലും ബോധവാനാണ് . ഓസ്ട്രിയയിലെ ഏതാനും പള്ളികൾ അടച്ചുപൂട്ടിയതിൽ തുടങ്ങിയ തർക്കങ്ങളും ,ഓസ്ട്രിയൻ ചാൻസലറുടെയും എർദുഗാന്റെയും നിലപാടുകളെ പറ്റിയും  വ്യക്തമായ അഭിപ്രായമുണ്ട് ഒമ്രാന്‌ . അടുത്ത വർഷം ഇസ്‌താംബൂളിലെ,  അമ്മ മാത്രമുള്ള  തന്റെ ചെറിയ വീട്ടിലേക്ക് മടങ്ങും . തുർക്കി സന്ദർശിക്കാനുള്ള എന്റെ ദീർഘകാലത്തെ ആഗ്രഹം  പറഞ്ഞപ്പോൾ  . നിങ്ങളുടെ ഒരു ദിവസത്തെ ആതിഥേയൻ ഞാനായിരിക്കുമെന്ന്  ഒമ്രാൻ കരാറ് വെച്ചിട്ടുണ്ട് . ദേശാനടത്തിന്റെ ഏതെങ്കിലുമൊരു  യാമത്തിൽ  ഓട്ടോമൻ സാമ്ര്യാജ്യത്തിൽ ചെന്നിറങ്ങുമ്പോൾ തീർച്ചയായും ഞാൻ തിരയുക ഓർഹൻ പാമൂക്കിന്റെ ഇസ്താംബൂൾ ആയിരിക്കില്ല , ഒമ്രാനും അവന്റെ ഉമ്മയും  താമസിക്കുന്ന  ആ ചെറിയ വീടായിരിക്കും . ആൽപൈൻ തണുപ്പിൽ നിന്നും ആശ്വാസം നേടാൻ ഞങ്ങൾ കത്തിച്ച സിഗരറ്റ് വലിച്ചുതീരുന്ന   സമയം മാത്രമുള്ളൊരു സൗഹൃദം ആയിരുന്നില്ലത് . ആൽപൈൻ മലകളും കടന്ന് ഓട്ടോമൻ സാമ്രാജ്യം വരെ സഞ്ചരിച്ചെത്തേണ്ട ഒരു നിയോഗം കൂടിയുണ്ടതിന്.    

ക്രിസ്തുമസിന് രണ്ടുരാവുകൾ മാത്രം ബാക്കിയുള്ളപ്പോൾ നഗരം മുഴുവൻ ദീപാലാംകൃതമാണ് . വിയന്നയിലെ ക്രിസ്തുമസ് മാർക്കറ്റിൽ  വിൽപന തകൃതിയായി നടക്കുന്നുണ്ട്  .  തെരുവിലോറി സംഘം  കലാകാരന്മാർ നൃത്തം അവതരിപ്പിക്കുന്നു . മുന്നിൽ കുട്ടികളടങ്ങുന്ന ചെറുതല്ലാത്ത  ആൾകൂട്ടമുണ്ട് . ഇവരുടെ  നൃത്തച്ചുവടുകൾ രസകരമായി തോന്നി . ഒരുപക്ഷേ ഈ നാട്ടുകാരുടെ പ്രത്യേക  നൃത്തരൂപമായിരിക്കണമിത്  . ഓരോ രാജ്യങ്ങളിലും അവരുടേതായ പാരമ്പര്യ രീതികളുണ്ട് . പ്രാഗിലെ ഒരു റെസ്റ്റോറന്റിൽ കണ്ട നൃത്തമായിരുന്നു ഏറ്റവും മനോഹരമായി തോന്നിയത് . അവരുടെ വേഷവിധാനങ്ങൾ ഭൂട്ടാനികളുടേത് പോലെ തോന്നിപ്പിച്ചു . പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജി.ബാലചന്ദ്രൻ എഴുതിയിരുന്ന "ജക" എന്ന നോവലിലെ കഥാപാത്രങ്ങൾക്കു മദനൻ (ആണെന്നാണ് ഓർമ്മ ) വരച്ചിരുന്നു ചിത്രങ്ങളിലും ഇതേ വേഷവിധാനങ്ങളായിരുന്നു .വിയന്നയിലെ ഏറ്റവും വലിയ ഷോപ്പിംഗ് തെരുവാണ് മറിയ ഹിൽഫർ സ്ട്രീറ്റ് . കറങ്ങിത്തിരിഞ്ഞ് അവിടെത്തുമ്പോൾ ഏതാനും കഫേകളൊഴിച്ച്‌ മറ്റൊന്നും തുറന്നിട്ടില്ല . എന്നാലും രാത്രി ഈ വൈകിയ വേളയിലും യാത്രികരുടെ കുറവില്ല . ഗതാഗതമില്ലാത്ത വഴിയിലൂടെ വല്ലപ്പോഴും പോകുന്ന പോലീസ് വാഹനങ്ങൾ മാത്രം .
ഇരുവശത്തും ഭംഗിയായ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് . ഞാനതിലൊന്നിലോട്ട് ചാഞ്ഞിരുന്നു .  ക്രിസ്തുമസിന് വിളക്കുവെച്ച് ആ വെളിച്ചത്തിൽ തിളങ്ങുന്നൊരു നഗരത്തിന്റെ അന്തികാഴ്ചകൾക്ക് മനസ്സ് നിറക്കുന്നൊരു സൗന്ദര്യമുണ്ട് . ഒരു കരോൾ സംഗീതത്തിന്റെ മധുര്യമുണ്ട്.   മുന്നിലൂടെ നടന്നു പോകുന്ന മനുഷ്യർ . പല രാജ്യങ്ങളിൽ നിന്നുള്ളവർ , പലരീതിയിലുള്ള വേഷങ്ങൾ ധരിച്ചവർ , കുട്ടികൾ , ചെറുപ്പക്കാർ വയോധികർ . മൂകരായി നീങ്ങുന്നവരുണ്ട് . പൊട്ടിച്ചിരിക്കുന്നവരുണ്ട് . അതിൽ ചിലരുടെ മുഖങ്ങൾ എവിടെയൊക്കെയോ കണ്ടുമറന്ന പോലെ . കഥകളിലോ സിനിമയിലോ എവിടെയുമാവാം . ഒരിക്കലും കണ്ടിട്ടില്ലാത്തവർ , ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത, ഒരു വാക്ക് സംസാരിക്കുക പോലും ചെയ്യാത്തവർ. ഒരു നിമിഷം കൊണ്ടവർ  ആരൊക്കെയോ ആയിമാറുന്നു . ചില പുസ്തകങ്ങൾ തുറന്നപ്പോൾ ഞാനവരെ  കണ്ടിട്ടുണ്ട് . ഇനി തുറക്കാനുള്ള പുസ്തകങ്ങളിൽ ബാക്കിയുള്ളവർ  ഒളിച്ചിരിക്കുന്നുമുണ്ട് . യാത്രകൾ നൽകുന്ന അടയാളങ്ങളാണ് അതെല്ലാം .  മിന്നിമറിയുന്ന ക്രിസ്തുമസ് നക്ഷത്രങ്ങൾക്ക് തിളക്കം കൂടിയപോലെ . 


ഏറേ വൈകിയ രാവിലാണ് ഡാന്യൂബിനരികിലേക്ക് എത്തിയത് .  യാത്രകൾ മാത്രം സ്വപ്നം കണ്ട് , ഉറക്കം വരാതിരുന്ന രാവുകളിലെല്ലാം  ഹൃദയം ചെന്നെത്തുന്ന  തീരങ്ങളുണ്ട് . നൈലിന്റെയും  ഡാന്യൂബിന്റെയും  യൂഫ്രട്ടീസിൻറെയും  യമുനയുടേയുമെല്ലാം തീരങ്ങളിൽ സ്വപ്നങ്ങളുടെ ദേവതമാരെന്നെ  കൊണ്ടുപോവാറുണ്ട് .   അതിലൊരു സ്വപ്നത്തിന്റെ മുന്നിലാണിപ്പോൾ . പുഴയിലേക്കിറങ്ങിച്ചെല്ലുന്ന പടവുകളുടെ അറ്റത്ത് ചെന്ന് ഞാൻ ഡാന്യൂബിനെ തൊട്ടു . ആദ്യമായി പ്രണയിനിയെ കാണുന്നതുപോലൊരു  വികാരം വന്നെന്നെ പൊതിഞ്ഞു . ഡാന്യൂബൊരു സമസ്യയാണ് . അതിൽ  പ്രണയമുണ്ട് , ആഘോഷമുണ്ട് , വിഷാദവും വികാരവുമുണ്ട് . പത്തോളം രാജ്യങ്ങളേയും  നാല് തലസ്ഥാന നഗരികളെയും തൊട്ടൊഴുകുന്ന വഴികളിൽ ഡാന്യൂബ് അടയാളപ്പെടുത്തുന്ന സാംസ്കാരിക ചിത്രങ്ങലും ചരിത്രങ്ങളും  എന്തൊക്കെയാവും . ഇപ്പോൾ നിശബ്ദമായൊഴുകുന്ന  പുഴക്ക് രക്തപങ്കിലമായ ഒരു ഭൂതകാലമുണ്ട് , അധിനിവേശത്തിന്റെ  വേലിയേറ്റങ്ങളും  രാജഭരണങ്ങളുടെ വാഴ്‌ചയും വീഴ്ചയും  അനുഭവിച്ചറിഞ്ഞ ചരിത്രമുണ്ട് . ഒഴുകിയൊഴുകിയൊരു  സങ്കടക്കാലം  മുഴുവനായും കരിങ്കടലിൽ നിമജ്ജനം ചെയ്തുകാണണം ഡാന്യൂബ്  . കരയിൽ ആളുകൾ വളരെ കുറവാണ് . ഒരാൾ ഗിറ്റാറിൽ ഈണമിടുകയാണ് . ഈ രാത്രിയിൽ എന്ത് സങ്കടകഥയാവും ആയാൽ ഡാന്യൂബിനോട് പറയുന്നത് . പുഴയിൽ വിശ്രമിക്കുന്ന അരയന്നങ്ങളൊഴികെ മറ്റ്  കേൾവിക്കാരില്ല  . അടുത്തഗാനത്തിൽ അയാളെന്നെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു . സൗണ്ട് ഓഫ് മ്യൂസിക്കിലെ "my favorite things  " എന്ന ഗാനമായിരുന്നു അത് . ഈ ഡാന്യൂബ് രാതിയിൽ ഇതിലും തീവ്രമായി  ഏതു ഗാനമാണ് കേൾക്കാൻ ആഗ്രഹിക്കുക . വിയന്നയുടെ സംഗീതമാണത് .  എത്രയെത്ര സിനിമാ പ്രേമികളെയാണ്  സൗണ്ട് ഓഫ് മ്യൂസിക്    എന്ന ചിത്രവും പാട്ടുകളും ഉലച്ചുകളഞ്ഞത് . രണ്ടുമിനുട്ടിൽ ആ ഗായകനെന്നെ കോരിത്തരിപ്പിച്ചു . സൗണ്ട്  ഓഫ് മ്യൂസിക്കും കടന്ന് ബീതോവന്റെ സംഗീതം വരെ അതോർമ്മിപ്പിച്ചു . ഡാന്യൂബിന്റെ സംഗീതം കൂടിയാണ് അതെല്ലാം .
ഡാന്യൂബ് തീരത്ത്‌ എനിക്കൊരു സുഹൃത്തിനെക്കൂടി കിട്ടി . അഫ്ഘാൻ സ്വദേശിയായ ഫർഹദ് . അവനും ഒറ്റക്കിരിക്കുകയായിരുന്നു . മൊബൈലിൽ കേൾക്കുന്ന ഹിന്ദി ഗാനങ്ങളാണ് അവനിലേക്ക് ശ്രദ്ധ തിരിച്ചത് . സുന്ദരനും ഊർജ്ജസ്വലനുമായ ചെറുപ്പക്കാരൻ . മൂന്നു വർഷമായി വിയന്നയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഫർഹദ് എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ വന്നിരിക്കും . ഉമ്മയെ വിളിക്കും . അഫ്‌ഗാനിലെ കലുഷിതമായ  ഒട്ടും സുരക്ഷിതമല്ലാത്തൊരിടത്ത് കഴിയുന്ന   ഉമ്മയോളം അവന് നഷ്ടപ്പെടുന്ന മറ്റൊരു ചിന്തയില്ല . അവന്റെ സങ്കടങ്ങളും ഏറ്റുവാങ്ങുന്നത് ഡാന്യൂബ് തന്നെ .
നാളെ ദുബായിലേക്ക് തിരിച്ചുപോകുകയാണ് . ഹിൽട്ടൺ വിയന്നയുടെ വാതിൽ തുറക്കുന്നത് ഡാന്യൂബിലേക്കാണ് . കണ്ണെത്തുന്ന  ദൂരങ്ങളിൽ  ഫർഹദ്   അവിടെത്തന്നെയിരിപ്പുണ്ട്  . എനിക്കവനെ  ഒരിക്കൽക്കൂടി കെട്ടിപ്പിടിക്കണമെന്ന് തോന്നി . ഡാന്യൂബിൽ ഒഴിനടക്കുന്ന അരയന്നങ്ങളിലൊന്നിന്   ആൽപ്സിനു മുകളിലൂടെ പറന്ന് ഖൈബർ ചുരമിറങ്ങി അവന്റെ ഉമ്മയുടെ അരികിലെത്താൻ പറ്റിയിരുന്നെങ്കിൽ.


Thursday, May 31, 2018

"കമ്മ്യൂണിസ്റ്റ് പച്ച"
മുൻവിധികളിൽ കുടുങ്ങിക്കിടക്കുന്ന ചില സ്ഥലങ്ങളുണ്ട്.  ഒരിക്കലവിടെ എത്തിപ്പെടുന്നത് വരേ ആ മുൻവിധിയുടെ തടവുകാരായിരിക്കും നമ്മൾ. ഒരു വ്യാവസായിക രാജ്യം എന്നതിനപ്പുറം ചൈനയെ കാണാനോ അറിയാനോ ശ്രമിക്കാതിരുന്നത് ആ ഒരു കാരണം കൊണ്ട് മാത്രമാണ്. രണ്ടുനൂറ്റാണ്ടിന്റെ വാണിജ്യചരിത്രം പറയാനുള്ള ഗോൻസോ  നഗരത്തിലാണ് ഇപ്പോഴുള്ളത്. ഗോൻസോയുടെ പഴയ പേരാണ് കാന്റൻ. ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഗോ ൻസോ . രണ്ടായിരത്തി ഇരുന്നൂറോളം വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നൊരു നഗരത്തിന് തീർച്ചയായും ആ പാരമ്പര്യത്തിന്റെ പ്രൗഢിയുണ്ട്. ചുവപ്പൻ രാജ്യത്ത് ഹൃദയം നിറക്കുന്ന പച്ചപ്പ്‌ മാത്രമാണെങ്ങും. "കമ്യൂണിസ്റ്റ് പച്ച".

വന്നിറങ്ങിയത് മുതൽ തോരാതെ പെയ്യുന്ന മഴയാണ്. ഇന്നലെവരെ ചൂടായിരുന്നു എന്ന് പറയുന്നു. പെട്ടെന്ന് അപ്രതീക്ഷിതമായി തണുപ്പിലേക്ക്.  അതെന്റെ മനസ്സറിഞ്ഞുള്ളൊരു മാറ്റമാണെന്ന് ഞാൻ പറയും. മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് ഈ  യാത്രകളെ ഓർത്തെടുക്കുമ്പോൾ ആ മഴയും തണുപ്പും അപ്പോഴും ബാക്കിയുണ്ടാവും. ബർമാഗിലെ, ഓൾഡ് ടൗൺ സ്‌ക്വയറിലെ, ഡാന്യൂബ് തീരത്തെയെല്ലാം ഓർമ്മകൾ സ്വപ്നങ്ങളിലേക്ക് ഓടികയറുമ്പോഴെല്ലാം ആ തണുപ്പറിഞ്ഞിട്ട്  പുതപ്പ് വലിച്ചുമൂടാറുണ്ട് ഞാൻ . 

"അങ്ങ് ചൈനയിലേക്ക് നോക്കൂ  " എന്നത് കേവലമൊരു  രാഷ്ട്രീയ പ്രയോഗം മാത്രമല്ല, ഒരു രാജ്യം കൈവരിച്ച  വ്യാവസായിക പുരോഗതി അടയാളപ്പെടുത്തുന്നൊരു മുദ്രാവാക്യം കൂടിയാണ്.  ഗോൻസോയിലെ പ്രസിദ്ധമായ കാന്റൺ ഫെയറിലെ പവലിയനുകളിൽ  കച്ചവട കണ്ണോടെ നിറഞ്ഞൊഴുകുന്ന ജനങ്ങൾ ഓരോ രാജ്യങ്ങളുടെ ഭൂപടങ്ങളാണ്. അത്രത്തോളം ചൈനയെന്ന വാണിജ്യ സൗരയൂഥത്തിന് ചുറ്റും കറങ്ങുന്നുണ്ട് ലോകം. 

ഷിമെൻകോയിലെ തെരുവുകളിൽ ഇന്നലെ രാത്രിയും പെയ്ത മഴയിൽ കുതിർന്നു നിൽക്കുകയാണ്. നേരം പുലരുന്നതോടെ തന്നെ സജീവമാകുന്ന തെരുവുകൾ. ഓരോ കെട്ടിടങ്ങളുടെ ബാൽക്കണിയിലും  ഉയർന്ന കെട്ടിടങ്ങളുടെ ടെറസ്സിലുമെല്ലാം മരങ്ങളടക്കം തലനീട്ടി നിൽക്കുന്നു. ഇലക്ട്രോണിക്സ് വേസ്റ്റുകൾ മാത്രം വന്നടിയുന്നൊരു സ്ഥലം  എന്ന മിഥ്യാധാരണകളെ  എത്ര പെട്ടെന്നാണ് ഈ നാട്  സ്ക്രാപ്പ് ചെയ്തുകളഞ്ഞത്.  വഴിയോരം നിറയെ തണൽ വിരിച്ചു നിൽക്കുന്ന ഈ മരങ്ങളുടെ പേരെന്താവും..? എനിക്കത് ചോദിച്ചറിയേണ്ടതുണ്ട്.  സെഡാർ. ലിപ, ചിനാർ, മേപ്പിൾ മരങ്ങൾ പോലെ ഇതും ഒരു നാടിനെ മാത്രം അടയാളപ്പെടുത്തുന്നൊരു പ്രതീകമാണ്. 
കോൺക്രീറ്റ് നഗരം എന്ന പേര് ഒരിക്കലും ചേരില്ല ഗോൻസോയിക്ക്. അത്രക്കും മികച്ച ടൌൺ പ്ലാനിംഗ് ആണ് നഗരത്തിന്.  ഒരു കെട്ടിടമൊരുക്കാൻ ആദ്യം എത്ര മരങ്ങൾ മുറിച്ചു മാറ്റുന്ന നമ്മുടെ രീതി ഇവിടെ തിരിച്ചാണ്. അത്രക്കും മരങ്ങളും ചെടികളും കൊണ്ട് നമ്മളൊരു വ്യവസായിക നഗരത്തിലാണ് എന്ന് ചിന്തിക്കാനുള്ള അവസരം പോലും നൽകില്ല ഈ നാട്. എപ്പോഴും തിരക്കാണ് ചൈനക്കാരുടെ മുഖത്ത്.  വൃദ്ധരായ ആളുകൾ പോലും എത്ര ഉത്സാഹത്തോടെയാണ് നടന്നു നീങ്ങുന്നത്.  എനിക്കിതിനെ ഈ പ്രകൃതിയോട് ചേർത്തുവായിക്കാനാണ് ഇഷ്ടം.  ഈ മരങ്ങളും തണലും നൽകുന്ന ഊർജ്ജമാവണം അത്. 

ഭക്ഷണം വലിയൊരു പ്രശ്നമാണ് ചൈനയിൽ. ഗോൻസോ മെട്രോ സ്റ്റേഷനടുത്തുള്ള മാർകറ്റിനടുത്ത് പാകിസ്ഥാനികൾ നടത്തുന്നൊരു മക്ക ഹോട്ടലിലുണ്ട്. നല്ല വൃത്തിയുള്ള അന്തരീക്ഷവും രുചിയുള്ള ഭക്ഷണവും. ഷിമെൻകോയിലും  ചെറിയൊരു ഹോട്ടലുണ്ട്  ഇന്ത്യക്കാരുടെ.  കോഴിക്കോട്ടുകാരനായ ഒരാളാണ് അവിടത്തെ ഒരു ജീവനക്കാരൻ. ഈ മാർക്കറ്റ് തന്നെയാണ് ഗോൻസോയിലെ ഏറ്റവും തിരക്കുള്ള സ്ഥലം . ചൈനയിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട് . അവരുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്കിൽ സാധനങ്ങൾ വാങ്ങുന്നതും ഇവിടെനിന്നാണ് . ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ തെരുവുകളിൽ നിറയെ കാണാം . അന്താരാഷ്‌ട്ര ബ്രാൻഡുകളെല്ലാം  ഷോറൂമുകൾ വിട്ട് തെരുവുകളിലെ വിരിപ്പിൽ പകിട്ടില്ലാതെ കിടക്കുന്നു . വിലകുറഞ്ഞ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ധാരാളമായി കയറ്റുമതി ചെയ്യുന്ന രാജ്യമാണെങ്കിലും അതിനെല്ലാം പൊതുവേ വില കൂടുതലാണ് ഇവിടെ . ഗോൻസോയി മാർക്കറ്റിലൂടെയുള്ള നടത്തം പഴയ മിഠായി തെരുവിനെ  ഓർമ്മിപ്പിച്ചു . തെരുവ് കച്ചവടക്കാർ മാത്രമല്ല അതിന് കാരണം , ഇടക്കിടെ ചെവിയിൽ പതിക്കുന്ന  മലയാളം വാക്കുകൾ കൊണ്ടുമാണ് . അത് കേട്ടപ്പോൾ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ   അലയുമ്പോൾ ഒരു മുഖവുരയും കൂടാതെ "ടാക്സി വേണോ" എന്ന് ചോദിച്ച മലയാളിലെ ഓർമ്മവന്നു . ഞങ്ങൾ രണ്ടുപേരും ചിരിച്ചു . നാട്ടുകാർ പരസ്പരം തിരിച്ചറിയപ്പെടുന്ന ഒരു അദൃശ്യ വികാരം കൂടിയുണ്ടായിരുന്നു  മലയാളത്തിലുള്ള ആ ചോദ്യത്തിൽ.

വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് എത്തിയത് അബി ബഖാസ്‌ മസ്ജിദിൽ ആയിരുന്നു. ഏറ്റവും പുരാതനയമായ ആരാധനാലയമാണിത് . ഒരു ക്ഷേത്രത്തിലേക്ക് കയറുന്ന പോലെ തോന്നും പള്ളിയുടെ മുൻവശം.  ചൈനീസ് വാസ്തുകലയുടെ പ്രത്യേകതയാവണമത് .  പ്രവാചകന്റെ കാലത്ത് ചൈനയിലെ നയതന്ത്രജ്ഞനായി നിയമിക്കപ്പെട്ട സഹാബിയായിരുന്നു സഅദ് ബിൻ അബി ബഖാസ്. അദ്ദേഹമാണ് ഈ പള്ളി നിർമ്മിച്ചതും ചൈനയിൽ ഇസ്‌ലാം മാത്രം പ്രചരിപ്പിച്ചതും .  അതും താങ് രാജഭരണകാലത്താണ് . പള്ളിക്ക് മുന്നിലൊരു ക്ലോക്ക്ടവറുണ്ട്. പള്ളിയുടെ തന്നെ മിനാരമാണത് . ആയിരത്തി മുന്നൂറ് വർഷങ്ങളുടെ ചരിത്രത്തിന് സാക്ഷ്യം പറയുമത്.  അതായത് താങ് രാജവംശം തൊട്ട് സഅദ് ബിൻ അബി ബഖാസും കഴിഞ്ഞിട്ട്   ഷി ജിൻപിങ് വരെയുള്ള ചൈനയുടെ രാഷ്ട്രീയം. കപ്പലുകളുടെ വഴികാട്ടിയായും ഒരു നിയോഗം ആ കാലത്ത് ഈ മിനാരങ്ങൾക്കുണ്ടായിരുന്നു. ചൈനയ്ക്ക് വലിയൊരു ഇസ്‌ലാമിക പാരമ്പര്യമുണ്ട് . അത് തേടിപോകുക എന്നത് തീർച്ചയായും ആവേശകരമാവും  .   ഇസ്ലാമിക ആരാധനാക്രമങ്ങൾക്ക്  ചൈനയിൽ വിലക്കുണ്ട്  എന്ന വാർത്തകൾ മാധ്യമങ്ങളിൽ കണ്ടിരുന്നു. ഇനിയത്  ഒറ്റപ്പെട്ട വിഷയങ്ങൾ ആയിരിക്കുമോ? . വിശ്വാസികളല്ല ഭൂരിപക്ഷം ചൈനക്കാരും .  എന്നാൽ സമീപകാലത്ത് ബുദ്ധമതത്തിലേക്ക് കൂടുതൽ ആളുകൾ കടന്നു ചെല്ലുന്നു എന്നറിയുന്നു. ഒരു പക്ഷേ ജനങ്ങൾ കൂടുതൽ വിശ്വാസികളാവുന്നതാവും കമ്യുണിസ്റ്റ് രാജ്യങ്ങൾ ഭയക്കുന്ന ഒന്ന്. ഗോൻസോയിൽ തന്നെ ഒരു ചർച്ചും ബുദ്ധക്ഷേത്രവും വേറെയുണ്ട്. വിവിധയിനം മരങ്ങൾ നിറഞ്ഞൊരു ഉദ്യാനത്തിന് നടുക്കാണ് പള്ളി . മരത്തണലുകളിൽ നിസ്കാരപ്പായ പായ വിരിച്ചു നിസ്കരിക്കുന്നവരുണ്ട് . ഈ മരങ്ങളിലായിരിക്കുമോ ഹൂമെയ്‌ (Hwamei )പക്ഷികൾ കൂടുകൂട്ടുന്നത് .? . പള്ളിയിൽനിന്നും പുറത്തിറങ്ങിയപ്പോൾ ചുറ്റും ബിരിയാണിയുടെ മണം.  ഒരു തമിഴ് മുസ്ലിമിന്റെ ഹോട്ടലാണ് .  നല്ല തിരക്കുണ്ട്.  ജീവിതോപാദികൾ തേടി ഏതെല്ലാം നാടുകളിലാണ്  നമ്മൾ സ്വപ്നം വിതക്കുന്നത്...!

തിരക്ക് പിടിച്ചൊരു ദിവസത്തിനൊടുവിൽ പേൾ നദിയുടെ സൗന്ദര്യം കാണാനിറങ്ങി.  ഓരോ രാജ്യത്തിനും അവരുടെ സംസ്കാരം രൂപപ്പെടുന്നൊരു നദിയുണ്ടാവും.  ഡാന്യൂബും നൈലും വോൾഗയും ടൈഗ്രിസും നിളയുമെല്ലാം അടയാളപ്പെടുത്തുന്നൊരു സംസ്കൃതിയുണ്ട്.  ഗോൻസോയുടെ സൗന്ദര്യമാണ് പേൾ നദി.  ചൈനയിലെ മൂന്നാമത്തെ വലിയ പുഴയാണ് ഇത്. കാന്റൺ ടവറിന്റെ മനോഹരമായ കാഴ്ചയും നല്ലൊരു കാഴ്ചയാണ്.  തിരക്കുപിടിച്ചൊരു നഗരത്തിന്റെ ഏറ്റവും ശാന്തവും പ്രസന്നവും ആയ മുഖം. ജോലിക്കിടെ ആലസ്യം ഇറക്കി വെക്കാൻ വരുന്നവരാവും കൂടുതലും.  ഇവിടെയും പല ദേശക്കാരെ കാണാം.  അവരൊന്നും സായാഹ്‌ന കാഴ്ചകൾ തേടി ഇറങ്ങിയവർ മാത്രമല്ല, പുഴയോട് ചേർന്നൊഴുകുന്ന ഒരു സംസ്കൃതിയെ അറിയാൻ വന്ന സഞ്ചാരികൾ കൂടിയാണ്. 


എനിക്ക് രാത്രിയെ പരിചയപ്പെടണമെന്ന് തോന്നി.ചെന്നെത്തുന്ന സ്ഥലങ്ങളിലെ രാത്രികളെ അറിയുക എന്നത് രസകരമായൊരു കാര്യമാണ് . സുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങൾ ഇല്ലെങ്കിൽ മാത്രം .ഗ്രാമങ്ങൾക്ക് പകലുകളും നഗരങ്ങൾക്ക് രാത്രിയുമാണ് ഏറെ സൗന്ദര്യം . വിളക്കണഞ്ഞ നഗരക്കാഴ്ചകൾക്ക് ഏറെ ഭംഗിയാണ് . ആകാശത്തിലേക്ക് തലനീട്ടി നിൽക്കുന്ന കത്രീഡലുകൾ ഉള്ള നഗരങ്ങൾക്ക് നിഗൂഡമായൊരു സൗന്ദര്യമുണ്ട് . ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ പാതിരകളാവണം എനിക്ക് ഏറെ ഇഷ്ടപ്പെട്ടൊരു രാത്രികാഴ്ച . ഏറെ വൈകിയ നേരത്ത് ഇറങ്ങി നടന്നു.  ഭയക്കേണ്ടതായി ഒന്നുമില്ലെന്ന് ചൈനയിൽ തന്നെ ജോലി ചെയ്യുന്ന നൗഫൽ പറഞ്ഞിരുന്നു.  രാവിലെ ഏറെ തിരക്കുണ്ടായിരുന്ന തെരുവ് നിശബ്ദമാണ്.  മങ്ങിയ വെളിച്ചവുമായി മരങ്ങൾക്കിടയിലൂടെ നീണ്ടുപോകുന്ന വഴികളിൽ ഏകാന്തത ആരെയോ കാത്തു നിൽക്കുന്ന പോലെ.  കുറേക്കൂടെ നടന്നപ്പോൾ ബുദ്ധക്ഷേത്രത്തിലേക്ക് ഇറങ്ങി പോകുന്ന വഴികൾ  കണ്ടു. മന്ത്രോച്ചാരണികൾ വലയം ചെയ്യുന്നപോലെ. നിഴലുകൾ പോലെ ബുദ്ധസന്യാസിമാർ. എല്ലാം തോന്നലാണ്.  എന്നാലും ഇവരെന്തിനാണ് എന്നെയിങ്ങനെ ഭയപ്പെടുത്തുന്നത്. തിരിച്ചുള്ള നടത്തത്തിന് വേഗത കൂടുതലായിരുന്നു. വിജനത  പൂത്തുനിൽക്കുന്ന വഴികൾ ചില നേരങ്ങളിലെങ്കിലും  നമ്മെ ഭീരുവാക്കും. പൂക്കുടകൊണ്ട് അലങ്കരിച്ചൊരു  സൈക്കിളിൽ ഒരു പെണ്ണ് വേഗത്തിൽ ഓടിച്ചു പോയി.അവളൊന്ന്  നിസ്സംഗമായി ചിരിച്ചു .  ഏത്  തിരിവിൽ നിന്നാണ് അവൾ പ്രത്യക്ഷപ്പെട്ടത്...?

എയർപോർട്ടിലേക്കുള്ള വഴിയിലാണ്. സതേൺ ചൈന എയർലൈൻസ് സമയത്തിനാണ്. മരങ്ങൾക്ക് മേലേ ഒരു മഴ തങ്ങിനിൽക്കാൻ തുടങ്ങിട്ട് നേരമേറേയായി.  അതെങ്ങനെ... ഈ മരങ്ങളിത്തിരി സ്ഥലം കൊടുത്താലല്ലേ അതിന് ഭൂമിയെ ചുംബിക്കാൻ പറ്റൂ. ഉയർന്നുപൊങ്ങിയ വിമാനത്തിന്റെ വിൻഡോ ഗ്ലാസ്സിൽ മഴത്തുള്ളികൾ വന്നുവീണു.  അതുവരെ ശ്വാസംമുട്ടി നിന്ന മഴ തകർത്തു പെയ്തു.  താഴെ കമ്മ്യൂണിസ്റ്റ് പച്ചകൾ മഴ നനയുകയാണ്. ഇനിയുമെത്ര   ഗ്രീഷ്മ വസന്തങ്ങൾ  തണൽ വിരിക്കേണ്ടതുണ്ട് അവയ്ക്ക്  ...!

Wednesday, February 14, 2018

പ്രാഗിലിപ്പോഴും വസന്തം വിരിയുന്നുണ്ട് .വെൽറ്റാവയിലൂടെ  അലക്ഷ്യമായി ഒഴുകികൊണ്ടൊരിക്കുന്ന യാനം പ്രസിദ്ധമായ ചാൾസ് ബ്രിഡ്ജും മുറിച്ചു കടന്നു .  പതിനഞ്ചാം നൂറ്റാണ്ടിൽ പൂർത്തിയായ ഈ പാലത്തിനടിയിലൂടെയുള്ള യാത്ര ചെക്ക് ചരിത്രത്തിലേക്ക് നേരിട്ടുള്ള ക്ഷണപത്രമാണ് . ബൊഹീമിയൻ രാജവംശത്തിന്റെ കാലം തൊട്ട് , ലോകമഹായുദ്ധങ്ങളും , സ്വീഡിഷ് അധിനിവേശവും വെള്ളപ്പൊക്കങ്ങളും തുടങ്ങി എത്രയെത്ര  അതിജീവനങ്ങളുടെ കഥയാണ് ചെക്ക് റിപ്പബ്ലിക്കിന്റെ മുഖമുദ്രയായ ചാൾസ്  പാലത്തിന് പറയാനുള്ളത് .  ബോട്ടിന്റെ മുകൾത്തട്ടിലേക്ക് കയറിയിരുന്നു . വെൽറ്റാവക്കിരുവശവും തണുത്ത ഡിസംബറിൽ  രാത്രിയും മഞ്ഞും ഒരുപോലെ പൂത്തിരിക്കുകയാണ് . ഞാൻ അലക്‌സാണ്ടർ ദ്യൂബ്‌ചെക്കിനെ ഓർത്തു . പ്രാഗ് വസന്തത്തെ വീണ്ടുമറിഞ്ഞു . പ്രാഗിലെ ആദ്യരാത്രിയായിരുന്നു ഇന്ന് . ബോട്ടിൽ ഒരുക്കിയ തുർക്കിഷ് ഡിന്നറും കഴിഞ്ഞു ചാൾസ് ബ്രിഡ്ജിലേക്ക് കയറി . ചരിത്രത്തോടൊപ്പം പ്രണയത്തിന്റെ മനോഹരമായ ഒരു തലം കൂടി അനുഭവപ്പെടുത്തും ഇവിടം . പാലത്തിന് അരികിലുള്ള ഗ്രില്ലകളിൽ കുടുക്കിയിരിക്കുന്ന അനേകം ലോക്കുകൾ കാണാം . വെറും പൂട്ടുകൾ അല്ലയിത്  . ലോകത്തിന്റെ പലയിടങ്ങളിൽ പരന്നൊഴുകുന്ന പ്രണയത്തിന്റെ പൊട്ടാത്ത അടയാളങ്ങളാണ് . സ്നേഹിക്കുന്നവർ അവരുടെ പേര് എഴുതി ലോക്ക് ചെയ്ത് ചാവി ചുംബിച്ച ശേഷം പുഴയിലേക്ക് വലിച്ചെറിയുന്നു . അവരുടെ പ്രണയം ഒരിക്കലും വേർപ്പെടില്ല എന്നൊരു വിശ്വാസമാണ് ഇത് . 2006 ലെ ഇറ്റാലിയൻ ബെസ്റ്റ് സെല്ലർ  ആയിരുന്ന " I want you " എന്ന നോവലിൽ നിന്നും പ്രചോദനം 

ഉൾക്കൊണ്ടാണ് ഇതൊരു ആചാരമായി മാറിയത് .യൂറോപ്പിലെ മിക്ക പുഴയ്ക്കും അതിനോട് ചേർന്നുള്ള പാലങ്ങളിലും  ഇതേ ആചാരങ്ങൾ തുടരുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു .  പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഒരാചാരമായി കാണുമ്പോൾ തന്നെ അതുയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എത്രത്തോളമാവും ? 

വിശ്വാസങ്ങളുടെ , അന്ധ വിശ്വാസങ്ങളുടെ , ചരിത്രത്തിന്റെ , യുദ്ധത്തിന്റെ , പ്രണയത്തിന്റെ ,രാജവംശപെരുമകളുടെ അനേകം കഥകൾ കേട്ടും  അറിഞ്ഞുമാണ് അഞ്ഞൂറോളം മീറ്ററുള്ള ചാൾസ് ബ്രിഡ്ജ് നമ്മൾ മുറിച്ചു കടക്കുക . ഓരോ ഇടവേളകളിലും കാണുന്ന തെരുവുഗായകരും വീടില്ലാത്തവരും  . വിവിധ സംസ്കാരങ്ങളുടെ സമ്മേളനം കൂടിയാണ് ഇവിടം. രാത്രി  ഏറെ വൈകിയിട്ടും പാലത്തിൽ തിരക്ക് കുറയുന്നില്ല . മറുകര നടന്നെത്തുമ്പോഴേക്കും ഒരു ബൊഹീമിയൻ കാലത്തോളം ചിന്തകൾ   ചെന്നെത്തും . മുകളിൽ പ്രസിദ്ധമായ പ്രാഗ് കാസിൽ ചരിത്രവും പുതച്ചുറങ്ങുന്നുണ്ട് . 


പഴയ ടൗണിലൂടെയുള്ള  പ്രദക്ഷിണം നാടും നഗരവും കൂടുതൽ അറിയാനുള്ളതായിരുന്നു. ബൊഹീമിയൻ കാലത്തിലെ വീഥികൾക്കിരുവശവും  ഗോത്തിക് വാസ്തുകലയുടെ ഭംഗി . ഓൾഡ് ടൗണിന്  ഇപ്പോഴും പഴയ രാജഭരണത്തിന്റെ ആലസ്യത്തിൽ നിന്നും മാറി നടക്കാൻ മടിയുള്ളപോലെ .  ചില നഗരങ്ങൾ അങ്ങിനെയാണ് . പാരമ്പര്യത്തെ വിട്ടുപോരാൻ കൂട്ടാക്കാത്ത ഒരദൃശ്യമായ വികാരം ആ തെരുവുകളെ വലയം ചെയ്തുകൊണ്ടിരിക്കും . നഗരത്തിലൂടെ ഒഴുകി നീങ്ങുന്ന കരുത്തരായ കുതിരകൾ വലിക്കുന്ന വണ്ടികളിലൊന്നിൽ ഒരു ബൊഹീമിയൻ ചക്രവർത്തിയെ സങ്കൽപ്പിച്ചിരുത്താം . ആറ് നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രമാണ് ഓൾഡ് ടൗണിലെ ആസ്ട്രോണമിക്കൽ ക്ളോക്കിന് പറയാനുള്ളത് . വട്ടം കൂടിനിന്ന് ഓരോ മണിക്കൂറിലെയും മണിയടികളിലേക്ക് കാതും കൂർപ്പിച്ചിരിക്കുന്ന സഞ്ചാരികളിലേക്ക് അറുനൂറ് സംവത്സരങ്ങളുടെ ചരിത്രം പറയുന്നുണ്ട് പ്രാഗിന്റെ  മറ്റൊരു അഭിമാനമായ ഈ ക്ളോക്ക് ടവർ .  സമയം അറിയിക്കുക എന്ന  നിയോഗം മാത്രമല്ല ഉദയാസ്തമയങ്ങൾ അടക്കം പല ജ്യോതിശ്ശാസ്ത്രവിവരങ്ങളും നൽകുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ് .    ഓൾഡ് ടൗൺ അവസാനിക്കുന്നത് Wenceslas സ്‌ക്വയറിലാണ് . ഒരുപക്ഷേ ചെക്ക് റിപ്പബ്ലിക്കിന്റെ തന്നെ പിറവിയോട് ഏറ്റവും കൂടുതൽ ചേർന്നിരിക്കുന്നത് ഇവിടത്തെ സ്മാരകമാവും . കാരണം സോവിയറ്റ് യൂണിയനിൽ നിന്നും വേർപ്പെട്ടുപോരാൻ ചെക്കോസ്ലോവേക്യക്കാർ നടത്തിയ വെൽവെറ്റ് റെവല്യൂഷൻ നടന്നത് ഇവിടെയാണ് . രണ്ടു ലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത സമരം പുതിയ ചരിത്രമാണ് രചിച്ചത് . പിന്നേ ചെക്കോസ്ലോവേക്യ പിളർന്ന് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കും സ്ലോവേക്യയും പിറന്നു . ചില വിഭജനങ്ങൾ വേദനാജനകമാണ് . ഒരാളുടെയെങ്കിലും ഹൃദയത്തെ ചെറുതായെങ്കിലും മുറിപ്പെടുത്താതെ ഒരു വിഭജനവും സാധ്യമാവില്ല തന്നെ . രക്തരഹിതമായ വിഭജനങ്ങളിൽ പോലും അസ്വസ്ഥമാക്കപ്പെടുന്ന ചിലതുണ്ട് . അതുകൊണ്ടായിരിക്കും രാജ്യാതിർത്തികൾ എപ്പോഴും മുറിവുണങ്ങാതെ നീറികൊണ്ടേയിരിക്കുന്നത് .നാഷണൽ മ്യൂസിയം കാണണമെന്നത്  വലിയൊരു ആഗ്രഹമായിരുന്നു  . പക്ഷേ  അറ്റകുറ്റ പണികൾക്കായി അടച്ചിട്ട മ്യൂസിയം ഇനി രണ്ടായിരത്തി ഇരുപതിലേ തുറക്കൂ എന്ന വാർത്ത വലിയ നിരാശയാണ് നൽകിയത് . കുറേ സമയമായുള്ള നടത്തം കാരണം ക്ഷീണിച്ചിരുന്നു . നേരത്തെ ചോദിച്ചു മനസ്സിലാക്കിയ പുതിയ ടൗണിലെ ഇസ്‌താംബൂൾ കബാബിലേക്ക് കയറി . ചെറുതെങ്കിലും നല്ല അന്തരീക്ഷമുള്ള ഭക്ഷണശാല  . അതി രുചികരമായ ടർക്കിഷ് ബീഫിനൊപ്പം അയിരനും കൂടിയായപ്പോൾ മനസ്സും നിറഞ്ഞു . വീണ്ടും നടത്തം തുടരുമ്പോഴാണ് ടെന്നീസ് റാക്കറ്റുമായി രണ്ട് പെൺകുട്ടികൾ ചിരിച്ചുകൊണ്ട് നടന്നുപോകുന്നത് കണ്ടത് . ആ കാഴ്ചയുടെ നീളം അങ്ങ് സെന്റർ  കോർട്ട് വരേയെത്തി .യാന നൊവോത്ന എന്ന ചെക്കോസ്ലൊവോക്യയുടെ ദുഃഖപുത്രിയുടെ കണ്ണീർവീണ 1993 ലെ ആ വിംബിൾഡൺ ഫൈനൽ . വിജയിയായ സ്റ്റെഫി ഗ്രാഫിനെക്കാളും ലോകം ചേർത്തുപിടിച്ചത് നൊവോത്നയുടെ കണ്ണീരിനെയായിരുന്നു . കഴിഞ്ഞ നവംബറിൽ അർബുദം ബാധിച്ച് അവർ  വിടവാങ്ങി . ഞാനാ കുട്ടികളെ നോക്കി . അവർ അദൃശ്യരായിരിക്കുന്നു .  രണ്ടു ദിവസം കഴിഞ്ഞു ഓസ്ട്രിയയിലേക്ക് പോകുമ്പോൾ ബിർണോയിൽ (Brno ) ഇറങ്ങിയിരുന്നു ഉച്ചഭക്ഷണത്തിന് . ഇവിടെയായിരുന്നു നൊവോത്ന അവസാനകാലങ്ങൾ കഴിഞ്ഞത് . ബിർണോയിലെ  തണുത്ത ഉച്ചക്ക് ഭക്ഷണവും കഴിഞ്ഞു തെരുവിലൂടെ നടക്കുമ്പോൾ ഒരിക്കൽ കൂടി നൊവോത്നയെ  ഓർത്തു . പിന്ന youtube ൽ കയറി വിംബിൾഡൺ കോർട്ടിലെ  ആ പഴയ രംഗം ഒരിക്കൽ കൂടെ കണ്ടു .മൈനസ് സിക്‌സിൽ പ്രാഗ് മരവിച്ചിരിക്കുകയാണ് .  ചരിത്രപഠന ക്ലാസ്സിൽ താല്പര്യപൂർവ്വം ഇരിക്കുന്നൊരു കുട്ടിയുടെ കൗതുകമാണ് എനിക്ക് . അതുകൊണ്ട് തന്നെ ഈ രാത്രിയിൽ  ഉറക്കം അന്യം നിന്നു . ജാക്കറ്റും എടുത്തിട്ട് ഞാൻ തെരുവിലേക്കിറങ്ങി .   അകലെ പെട്രിൻ കുന്നിനുമുകളിൽ നിന്നും ചെറിയ വെളിച്ചം കാണുന്നുണ്ട് . അവിടെ ഈഫൽ ടവറിന്റെ ചെറിയൊരു മാതൃകയുണ്ട്‌ . ചെക്കിന്റെ സമഗ്രമായൊരു വീക്ഷണം അവിടെ കയറിയാൽ സാധ്യമാകുമെന്ന്  കേട്ടിട്ടുണ്ട് . തെരുവിൽ തിരക്ക് കുറവാണ് . ഇടവിട്ട് നീങ്ങുന്ന ട്രാമുകളിൽ ആളുകൾ കുറവുണ്ട് .  വഴികളിൽ നിരയൊത്തുനിൽക്കുന്ന ലിപ മരങ്ങൾ . ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയമരമാണത്രേ ഇത് . ഹൃദയത്തിന്റെ ആകൃതിയാണ് ഇതിന്റെ ഇലകൾക്ക് . പക്ഷേ ഇപ്പോഴവക്ക് ഇലയില്ലാത്ത കാലങ്ങളാണ് . നവംബർ മുതൽ ഇലകൾ കൊഴിഞ്ഞു തുടങ്ങുന്ന ലിപ  മരങ്ങൾക്ക് അടുത്ത വർഷം  ഏപ്രിൽ മുതൽ മാത്രമേ പുതിയ ഇലകൾ തളിർത്തുവരികയുള്ളൂ . അതുവരേ അവയിൽ മഞ്ഞുത്തുള്ളികൾ കൂടുകൂട്ടും . വഴിയരികിൽ ഒരു നായയെയും മടിയിൽ വെച്ചിരിക്കുന്ന ഒരു യാചകനിരിക്കുന്നു . ആ നായയേയും അയാൾ ജാക്കറ്റുകൊണ്ട് പുതച്ചിട്ടുണ്ട് . കയ്യിലുണ്ടായിരുന്ന ഏതാനും ചെക്ക്  കൊറൂണ  അയാൾക്ക് കൊടുത്തു . ഒരുപക്ഷേ ഈ രാത്രിയിലെ അത്താഴത്തിന് അയാൾക്കും ആ നായക്കും അത് മതിയാകുമായിരിക്കും . കുതിരപ്പുറത്ത് റോന്തുചുറ്റുന്ന രണ്ട് വനിത പോലീസ് ഓഫീസർമാർ കടന്നുപോയി . അപരിചിതമായൊരു  നഗരത്തിൽ രാത്രി ഇറങ്ങിനടക്കുന്നതിൽ ഒട്ടും പ്രയാസം തോന്നുന്നില്ല . കൂടുതലും പുറമേനിന്നുള്ള സഞ്ചാരികളാണ് . എന്നെപോലെ ഉറക്കം നഷ്ടപ്പെട്ട ചിലരെങ്കിലുമുണ്ടാവും അതിൽ .  യാത്രകളിൽ ഏറ്റവും കുറച്ചുറങ്ങുന്നതാണ് എന്റെ പതിവ് . നന്നായി മഞ്ഞുവീണു തുടങ്ങിയപ്പോൾ രാത്രിസഞ്ചാരം മതിയാക്കി മടങ്ങേണ്ടി വന്നു .  വിലപേശലില്ലാതെ അഞ്ചു യൂറോക്ക് ഒരു ടാക്‌സിക്കാരൻ  ഹോട്ടലിലെത്തിച്ചു .  ഒരു സ്വപ്നജീവിയെപോലുള്ള  അയാളുടെ മുഖം ഇന്ത്യൻ  എക്സ്പ്രസ്സ് എഡിറ്റർ രാജ്കമല്‍ ഝാ യെ ഓർമ്മിപ്പിച്ചു . പ്രസിദ്ധമായ പ്രാഗ്  കാസിലിലേക്കുള്ള യാത്ര അതിമനോഹരമായിരുന്നു . ഇരുവശങ്ങളിലും മഞ്ഞുവീണ മരങ്ങൾക്കിടയിലൂടെയുള്ള യാത്ര ഫെയറി ടെയിലുകളിൽ വായിച്ചു മറിഞ്ഞ  കാൽപനിക കൊട്ടാരത്തിലേക്കുള്ള വഴികൾ പോലെ തോന്നിച്ചു  . ആ സങ്കൽപങ്ങളെ ശരിവെക്കുന്ന ഒന്നിലേക്കുതന്നെയാണ് എത്തിപ്പെട്ടതും . എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മാണം തുടങ്ങിയ കാസിലിന്റെ ശില്പഭംഗി അതിശയിപ്പിക്കുന്നതാണ് . ഗോത്തിക് വാസ്തുകലതന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത് . ആയിരം വർഷങ്ങളുടെ കഥ  പറയുന്ന ഒരു സ്മാരകമിങ്ങിനെ നമ്മുടെ കണ്മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുകയാണ് . ഒരിക്കൽ അഡോൾഫ് ഹിറ്റ്ലറും ഇവിടെ ഒരു ദിവസം താമസിച്ചിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട് . ഒരുപക്ഷേ കാസിലിന്റെ മതിലുകൾ കയ്പോടെ ഓർക്കുന്ന സംഭവം അതുതന്നെയാവും . ചരിത്രം ചിലപ്പോൾ അങ്ങനെയാണ് . വേദനിപ്പിക്കുന്ന ചില കാര്യങ്ങളും അതിലേക്ക് എഴുതിച്ചേർക്കേണ്ടി വരാറുണ്ട് . അങ്ങനെയൊക്കെയാണ് ചരിത്രങ്ങൾ രൂപപ്പെടുന്നതും . ഈ ആയിരം വർഷങ്ങൾക്കിടയിൽ സംഭവിച്ചുപോയൊരു ലോകമുണ്ടല്ലോ . ബൊഹീമിയൻ രാജവംശം തൊട്ട് ജീവിച്ചു മറഞ്ഞുപോയ മനുഷ്യരും നാഗരികതയും . ഇനി കടന്നു വരാനിരിക്കുന്നൊരു തലമുറക്ക് മുന്നിലും ചരിത്ര ഗവേഷണങ്ങൾക്കായി  പ്രാഗ് കാസിലിന്റെ ഗോപുരങ്ങൾ ഉയർന്നുതന്നെ നിൽക്കും . 
കാസിലിൽ നിന്നും കുറച്ചുമാറി വരിവരിയായി നിൽക്കുന്ന കുറെ വീടുകൾ കാണാം . അതിലൊന്നിന്റെ ചരിത്രം നിങ്ങളെ അവിടെ കുറച്ചുനേരം പിടിച്ചു നിർത്തും എന്നുറപ്പ് . ലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കാഫ്ക ജനിച്ച വീടാണത് . ആ വീടിന്റെ നരച്ച ചുവരുകളിലേക്ക് നോക്കിനിൽക്കുന്ന നിമിഷങ്ങളിൽ പരിസരത്തിന് അക്ഷരങ്ങളുടെ ഗന്ധം വന്നുമൂടും . അകത്തേക്ക് കയറിയാൽ ലോകത്തെ വിസ്‍മയിപ്പിച്ച കഥാപാത്രങ്ങൾ നമ്മെ വലയം ചെയ്യും . സങ്കടങ്ങൾ  നിറഞ്ഞ ഈ വീട്ടിലെ  ബാല്യമാണ് തന്നെയൊരു  എഴുത്തുകാരനാക്കിയതെന്ന്  കാഫ്ക തിരിച്ചറിഞ്ഞിട്ടുണ്ട് . ഒട്ടും യോജിച്ചുപോവാത്ത അച്ഛനുമായുള്ള ജീവിതം . " നിങ്ങളെക്കുറിച്ചാണ് എന്റെ എഴുത്തുകളെല്ലാം ,  നിങ്ങളുടെ തോളിലിരുന്ന്  കരയാനാകാത്ത കാര്യങ്ങളെ കുറിച്ചാണ്    അവയിലോറി  നിലവിളിയായി കേൾക്കുന്നത്"  എന്ന് അച്ഛനുള്ള കത്തിൽ അദ്ദേഹം പറഞ്ഞതായി വായിച്ചിട്ടുണ്ട് . . ഒരിക്കൽക്കൂടി  കൂടി ആ വീടിന്റെ അകത്തളങ്ങളിലേക്ക് നോക്കി . നിസ്സഹായനായൊരു കുട്ടിയുടെ ഏങ്ങലുകൾ കേൾക്കുന്നപോലെ . ഞാൻ കാസിലിന്റെ ചരിത്രം മറന്നു , അതിനകത്തെ ഗോത്തിക് ശില്പചാരുതയെ മറന്നു , ഗോപുരങ്ങളുടെ ഉയരങ്ങൾ മറന്നു . ഈ കൊച്ചുകൂരയിലേക്ക് കയറി വരുന്ന ഓരോ സഞ്ചാരിയും കാഫ്കയെ വായിച്ചവരാണ് . എങ്കിലും അവരെ വേട്ടയാടുന്നത് ആ കുട്ടിയാകും എന്നുറപ്പ് , കുറെ പെൺകുട്ടികൾ കയറിവന്നു . കാഫ്കയുടെ നിരവധി കാമുകിമാരുടെ മുഖം ഞാനവരുടേതുമായി ചേർത്തുവെച്ചു . പുറത്തിറങ്ങി മുന്നോട്ട് നടന്നാൽ താഴെ വെൽറ്റാവ നദി ഒഴുകുന്നത് കാണാം . ഉറക്കം വരാതെ ഏങ്ങിയേങ്ങി കരഞ്ഞിരുന്ന  രാവിലും പകലിലും ഒരു പക്ഷേ കാഫ്ക ഇവിടേക്ക് ഓടിവന്നിട്ടുണ്ടാവും . ഈ പുഴയെ  നോക്കി സങ്കടങ്ങൾ പറഞ്ഞുതീർത്തിട്ടുണ്ടാവും . ആ സങ്കടങ്ങൾ കേട്ടുമരവിച്ച വെൽറ്റാവ ഒരുനിമിഷം ഒഴുകാൻ മറന്നു കാണണം .


ചെക്കിലെ ദിവസങ്ങൾ അവസാനിക്കുകയാണ് . ഞാനൊരിക്കൽ കൂടെ വെൽറ്റാവയുടെ തീരത്തേക്കോടി . എനിക്കെന്തോ ഈ പുഴയോടൊരു പ്രണയം തോന്നിത്തുടങ്ങിയിരുന്നു . ഇതിലെ സുന്ദരികളും സുന്ദരന്മാരുമായ അരയന്നങ്ങളോട് , ചാൾസ് ബ്രിഡ്ജിലെ പ്രണയസ്മാരകങ്ങളോട് , അവിടത്തെ തെരുവ് ഗായകരോട് . പുഴയിലൊരു ഒറ്റവഞ്ചിയിൽ ഒരാളിരുന്ന് ചൂണ്ടയിടുന്നു . ഞാനയാളുടെ മുഖത്തെ ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന കഥയിലെ സാനിയാഗോയോട് ചേർത്തുവെച്ചു . എന്നാലും സാന്റിയാഗോയെ പോലെ ഒരു കാത്തിരിപ്പ് അയാൾക്കുണ്ടാവാതിരക്കട്ടെ . വെൽറ്റാവയിൽ സുലഭമായി കിട്ടുന്ന കാർപ്പ് മീനുകളാൽ അയാളുടെ ദിവസം ധാന്യമാവട്ടെ .


 അല്പസമയം കഴിഞ്ഞു ഓസ്ട്രിയയിലേക്ക് പോവുമ്പോൾ ഒരിക്കൽ കൂടെ വെൽറ്റാവ മുന്നിലെത്തി . അതിന്റെ തീരത്തിരുന്നു ഫ്രാൻസ് കാഫ്ക കരയുന്ന പോലെ . ഇനിയും പുറത്തുവാരാത്ത എത്രയെത കാഫ്കകഥകൾ ഉള്ളിലൊളിപ്പിച്ചാവണം വെൽറ്റാവ ഒഴുകികൊണ്ടിരിക്കുന്നത് ...!

Sunday, January 8, 2017

ബേഷ് ബർമാഗിലെ മഞ്ഞുപൂക്കൾമൈനസ് 2 സെൽഷ്യസിൽ ബാക്കു നഗരം തണുത്തു  വിറച്ചു നില്‍ക്കുമ്പോഴാണ് അസർബൈജാൻ തലസ്ഥാനത്ത് വിമാനമിറങ്ങുന്നത്. . മുഖത്തേക്ക് പാറി വീഴുന്ന ചെറിയ മഞ്ഞുപാളികൾ ഒരു പുഷ്‌പാർച്ചന പോലെ നഗരം ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി തോന്നിപ്പിച്ചു  . കാസ്പിയൻ കടലും കടന്നെത്തിയ കാറ്റ് നഗരം മുഴുവൻ നിറഞ്ഞു നിൽക്കുന്ന  ഒലീവ്മരങ്ങളെ തഴുകിവന്ന് ഞങ്ങളെ  തൊട്ടു .

മഞ്ഞുകാലമെന്നാൽ പ്രണയമാണ് . ബാക്കുവിലെ തെരുവുകൾക്ക് പ്രണയത്തിന്റെ മണമാണ്. മേപ്പിൾ  - ചിനാർ മരങ്ങൾ അതിരിട്ട നിരത്തുകളിലൂടെ ആ ഗന്ധവും ശ്വസിച്ച് നടന്നു . മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത് കാണാനെന്ത് ഭംഗിയാണ്! . കാലാകാലങ്ങളില്‍ പ്രണയിനികള്‍ കണ്ടുകൂട്ടിയ കാല്പനിക സ്വപ്നങ്ങളാവണം  മേപ്പിൾ -ചിനാര്‍ മരങ്ങള്‍ക്കിത്ര സൌന്ദര്യം.  പ്രാചീനതയുടെ  ഗാഭീര്യം നഗരത്തിന് കൂടുതൽ പ്രൌഢിയേകുന്നു . ഞാനീ നിരത്തുകളിൽ ആരെ തേടണംപഴയ സോവിയറ്റ് സംസ്കാരത്തിന്റെ അവശിഷങ്ങൾക്കിടയിൽ  ദസ്തയേവിസ്കിയുടെ അന്നയെ തിരഞ്ഞു . ഒരു പൂക്കൂടയും പിടിച്ച് എനിക്കെതിരെ വരുന്ന അന്നയെ കൊഴിഞ്ഞു വീഴുന്ന മേപ്പിൾ ഇലകൾക്കിടയിലൂടെ ഞാൻ  കണ്ടു . അന്ന കൂടുതൽ സുന്ദരിയായിരിക്കുന്നു. എത്രയെത്ര ഋതുക്കളിലൂടെ പിറകോട്ട് പോയാണ്   ഈ നിമിഷം അന്നയെ പുനർജ്ജനിപ്പിച്ചത് . ചില പരിസരങ്ങൾ വരച്ചുകാട്ടുന്ന പ്രണയചിത്രങ്ങളാണത്.  സോവിയറ്റ് സ്മരണകളുടെ ചെറിയൊരു അംശം പോലും  ഉരുക്കിയൊലിക്കാൻ കാത്തിരിക്കുന്നൊരു മണ്ണിൽ പഴയ റഷ്യയുടെ അവശിഷ്ടം തേടുന്നത് ചരിത്രപരമായി ശരിയല്ലായിരിക്കാം . പക്ഷേ കാൽപ്പനികതളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരിക്ക് അതാവാം.പോരാട്ടത്തിൻറെ തെരുവ് 

മാർട്ടിയർ ലെയിനു  മുന്നിലെത്തിയപ്പോള്‍ പൂക്കൾ വിൽക്കുന്നവർ ചുറ്റും കൂടി . മഞ്ഞിന് ഘനീഭവിച്ച ദുഖങ്ങളുടെ മുഖമുണ്ടെങ്കിൽ ആ ചരിത്രം നിങ്ങളെ ഇവിടെയെത്തിക്കുംകറുത്ത ജനുവരി എന്ന് പേരിട്ടു വിളിക്കുന്ന ഒരു പോരാട്ട ദിനത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മയിലേക്ക് . അസർബയ്ജാൻ  കരഞ്ഞ ദിവസമാണത്. നൂറ്റിനാൽപതോളം സാധാരണക്കാർ സോവിയറ്റ് പട്ടാളത്തിന് മുന്നിൽ മരിച്ചുവീണ ദിവസം . ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ മോഹങ്ങളെ ജ്വലിപ്പിച്ച സമരം . മാർട്ടിയാർ ലൈനിലെ സമര സ്മാരകത്തിനകത്ത് കെടാതെ കത്തുന്ന തീജ്വാലയുണ്ട് . അതിനൊരുവശത്ത്  മരിച്ചുവീണവരെല്ലാം അടുത്തടുത്തായി ഉറങ്ങുന്നു . അവരുടെ ചിത്രങ്ങൾ പതിപ്പിച്ച ആദ്യത്തെ അസ്ഥിമാടം തന്നെ നമ്മുടെ ഉള്ളം ഉലക്കുമെന്നുറപ്പ് . അടുത്തടുത്തായുറങ്ങുന്ന ഇണകള്‍. . തന്റെ പ്രിയപ്പെട്ടവൻ മരണപ്പെട്ടതറിഞ്ഞു  ജീവൻ ഹോമിച്ച പ്രിയതമ . അവക്കൊരുമിച്ചു തന്നെ നിത്യനിദ്രയ്ക്കായി ഇടവുമൊരുങ്ങി .ഒരുപക്ഷേ ആ ഒരു സമരത്തിന്റെ ഭാഗമായി ജീവൻ നഷ്ടപ്പെട്ട ഒരേയൊരു സ്ത്രീയും അവരാകണം .രണ്ടും സമർപ്പണം തന്നെ . മാർട്ടിയാർ ലൈനിലെ തീജ്വാലകൾക്ക് ചൂട് കൂടുന്നു . ഈ ശവകുടീരത്തില്‍ കിടക്കുന്നവരുടെ സമരവീര്യം ഇപ്പോഴും തിളക്കുന്നുണ്ടാവണം . മറുവശത്ത് നിരയൊപ്പിച്ച് കായ്ച്ചുനിൽക്കുന്ന ഒലീവ് മരങ്ങൾ . യുദ്ധവും സമാധാനവും. ഇവിടെ നിന്നാൽ കാസ്പിയൻ  കടലിന്‍റെ മനോഹരമായ ദൃശ്യം അനുഭവിക്കാം. നഗരമിഴഞ്ഞു കടലിലേക്കിറങ്ങി ചെല്ലുന്നു. ഉപ്പുരസമുള്ള കാറ്റ്. അത് അസർബൈജാനികളുടെ കണ്ണീരിന്റെ ഉപ്പാണ് .  നമ്മളേയും ഒലീവ് മരങ്ങളേയും തഴുകി ആ കാറ്റ് പിന്നെ കബറുകളെ വലയം ചെയ്യും. അങ്ങനെ നമ്മളും ആ കറുത്ത ജനുവരിയുടെ ഓര്‍മ്മകളില്‍ ചാരും.
മുൾത്താൻ എന്ന വിശ്രമകേന്ദ്രം 
സിൽക്ക് റോഡിലൂടെ നഗരവും കണ്ടു നടക്കുമ്പോഴാണ് മുൾട്ടാൻ കാരവൻസെറായി ((multani Caravanserai) എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത് . മുൾട്ടാൻ എന്ന പേര് പാകിസ്ഥാനുമായി ബന്ധപ്പെട്ടതാണ്  എന്നറിയാം; അതുകൊണ്ട്തന്നെ  ഈ നഗരവും അതുമായുള്ള ബന്ധം അറിയണമെന്ന് തോന്നി . പതിനഞ്ചാം നൂറ്റാണ്ടിൽ  മുൾട്ടാനിൽ നിന്നുള്ള കച്ചവടക്കാർ വിശ്രമിക്കുന്ന സ്ഥലമായിരുന്നു ഇത് .   എനിക്കത്ഭുതം തോന്നി . എത്ര ദൂരങ്ങൾ താണ്ടിയാവണം യാത്രാ സൗകര്യം പോലും പരിമിതമായ  ഒരു കാലത്ത് അവരിവിടെ എത്തിപ്പെട്ടത് ! . മറ്റൊന്നുണ്ട് , അന്നത് ഇന്ത്യയാണ് . വിഭജനം നടന്നത് പിന്നെയാണ് . മുൾട്ടാൻ ഇപ്പോൾ പാകിസ്ഥാനിലാണെങ്കിലും , ഈ ചരിത്രം ഇന്ത്യയുടേത്കൂടിയാണ് . ഈ ചിന്തകൾ , ഈ ചരിത്രത്തിന് മേലുള്ള എന്റെകൂടെ  അവകാശം  മാനസികമായി  സ്ഥാപിച്ചെടുത്തു .  ബാക്കുവിലെ പുരാതനമായ ഈ നഗരത്തിൽ അത്രയും പുരാതനമായ ഒരു ബന്ധത്തിന്റെ സ്മാരകം ,   ഒരു മാറ്റത്തിനും ഇടം കൊടുക്കാതെ മറ്റൊരു രാജ്യം അതേ  പേരിൽ സംരക്ഷിച്ചു നിർത്തപ്പെടുന്നു. ചരിത്രത്തോടും സംസ്കാരത്തോടുമുള്ള ബഹുമാനം കൂടിയാണത് . ഉള്ളിലേക്ക് കയറിയാൽ അധികം വിശാലതയൊന്നുമില്ലാത്ത ഒരു ഇടത്താവളം പോലെ. ഇപ്പോഴത് സഞ്ചാരികൾക്ക് കാണാനായി മാത്രമുള്ള ഒരു സ്മാരകം മാത്രമാണ് . വൈകുന്നേരങ്ങളിൽ ചിലപ്പോൾ ചായ കിട്ടാറുണ്ട് എന്നറിഞ്ഞു .  സമയം അനുവദിക്കുമായിരുന്നെങ്കിൽ , ഒരു വൈകുന്നേരം ഇവിടെ വന്നിരുന്ന് ഞാനൊരു ചായ കുടിച്ചേനേ  .  പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ഇന്ത്യൻ കച്ചവടക്കാരന്റെ  വേഷം മനസ്സിലണിഞ്ഞ്  ഓരോ തുള്ളി ചായയിലൂടെയും പഴയൊരു കാലത്തിന്റെ രുചി ഞാൻ ആസ്വദിച്ചേനെ . 

യാനാർ ദാഗിലേക്ക് 
യനാർ ദാഗിലേക്കുള്ള യാത്രയിൽ ഗ്രാമങ്ങളുടെ ഭംഗിയും അറിയാം . നഗരത്തിന്റെ പകിട്ടിൽ ആകൃഷ്ടമാവാത്ത ഗ്രാമങ്ങൾ . വഴിയരികിലെല്ലാം പൂക്കൾ വിൽക്കുന്നവരെ കാണാം. തൊണ്ണൂറ് ശതമാനത്തിലധികവും മുസ്‌ലിംങ്ങളുള്ള രാജ്യമാണ് അസർ ബയ്ജാൻ . ഖാർസ്ഥാനുകളിലെ മീസാൻ കല്ലുകളിൽ മരിച്ചവരുടെ രൂപവും കൊത്തിവെച്ചിട്ടുണ്ട് . പൂക്കൾ അർപ്പിക്കുവരേയും കാണാം . റഷ്യൻ സ്വാധീനമാണ് ഇതിന് പിറകിലെന്ന് എൽച്ചിൻ എന്ന ഗൈഡ് പറഞ്ഞു . ഔദ്യോഗികമായി ഒരു മതവും പ്രഖ്യാപിക്കാത്ത , പൂർണ്ണമായും സെക്കുലറായ ഒരു രാജ്യമാണ്  അസർബയ്ജാൻ . 

യനാർദാഗ് എന്നാൽ കത്തുന്ന പർവ്വതം എന്നാണർത്ഥം . കൃത്രിമമായ ഒരു സംവിധാനവും ഇല്ലാതെ പ്രകൃതിയിൽ നിന്നും മാത്രം വരുന്ന വാതകത്താല്‍ അടിഭാഗം കത്തികൊണ്ടേയിരിക്കുന്നു . 1950  ൽ ഒരു ആട്ടിടയൻ അറിയാതെ തീ കൊളുത്തിയപ്പോഴാണ് ഇത് കണ്ടുപിടിക്കപ്പെട്ടത് എന്ന് പറയുന്നു . മേൽ ഭാഗത്ത് മഡ് വോൾക്കാനോ എന്ന് വിളിക്കുന്ന ചളി തെറിപ്പിക്കുന്ന അഗ്നിപർവ്വതങ്ങൾ . താഴെ കെടാതെ കത്തുന്ന യനാർ ദാഗ്.. ബാക്കുവിലെ തണുപ്പിൽ  അവിടെ നിൽക്കുന്നത്  ആശ്വാസകരമായി തോന്നി. ബേഷ് ബർമാഗ് പർവ്വതങ്ങളിലൂടെ

കിഴക്കൻ ഭാഗത്തുള്ള സിയാസൻ ജില്ലയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ . അവിടെയാണ് ബേഷ് ബർമാഗ് പർവ്വതങ്ങൾ . അസർബയ്ജാനിലേക്ക് തിരിക്കുമ്പോൾ തന്നെ നോക്കി വെച്ചത് മഞ്ഞുമലകൾ എവിടെ ആയിരിക്കുമെന്നാണ് . നിറയെ മഞ്ഞുവീണുകിടക്കുന്ന മലക്ക് മുകളിലേക്ക് പോവാൻ ഞങ്ങളുടെ സാരഥി അലിയുടെ ബെൻസ് വാനിനും കഴിഞ്ഞില്ല . റഷ്യൻ നിർമിതമായ ചെറിയൊരു പഴയ ഫോർ വീൽ കാറിനേ മുകളിലേക്ക് പോവാൻ സാധിക്കൂ. പേരിന് കാറെന്നു പറയുമെങ്കിലും മൂന്നു പേർക്ക് മാത്രം യാത്ര ചെയ്യാൻ പറ്റുന്ന ആ വാഹനം മഞ്ഞുപാളികൾക്കിടയിലൂടെ കുതിച്ചു പായുന്നത് അത്ഭുതമുണ്ടാക്കുന്ന ഒന്നാണ് . മലയുടെ അടിവാരത്ത് മഞ്ഞിൽ ചവിട്ടി നടക്കുന്ന കുതിരകളും പക്ഷികളും എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലെ അനുഭവപ്പെട്ടു . പിന്നെ അതിനെ വിട്ട് വീണ്ടും മുകളിലേക്ക്.  താഴേനിന്നേ കാണാം ഒരു മുസ്ലിം പള്ളിയുടെ ചെറിയ മിനാരങ്ങൾ. അവ മുകളിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു . അതൊരു പ്രലോഭനം പോലെ ഉയരങ്ങൾ കീഴടക്കാൻ തുടങ്ങി.  മുകളിലെ കാഴ്ചകൾ അതിമനോഹരമാണ് .  നിലത്ത് ഉറച്ച് നിന്നില്ലെങ്കിൽ കാറ്റിന്റെ ശക്തിയിൽ ഇടറി വീഴും . ഒരു വശത്ത് കാസ്പിയൻ കടൽ. മറുവശത്ത് മഞ്ഞു മലകൾ, അതിമനോഹരമാണിവിടം. മഞ്ഞുരുകി വെള്ളം കാസ്പിയൻ കടലിലേക്ക് ഒഴുകുന്നത് മൂലം വെള്ളത്തിന്റെ അളവിലും മാറ്റമുണ്ടാകുന്നുണ്ട് എന്ന് ഒരു വായനയിൽ മനസ്സിലായി . കാസ്പിയൻ കടൽ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊരു കടലല്ല . 38000  സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള ഒരു തടാകമാണിത് . കാറ്റിന് ശക്തി കൂടി വരുന്നു . നിൽക്കുന്നത് കൂടുതൽ അപകടമാവുമെന്ന മുന്നറിയിപ്പ്. മറ്റൊരു മനുഷ്യസാമീപ്യം പോലും കാണാത്ത ഈ മലമുകളില്‍ അടഞ്ഞു കിടക്കുന്ന പള്ളിയുടെ പടവുകളിലിരുന്ന് ഒരിക്കൽ കൂടെ ഈ കാഴ്ചകളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ചു . പിന്നെ ഒരു കൊച്ചു കുട്ടിയെ പോലെ മഞ്ഞിലൂടെ ഉരുണ്ട് താഴ്വാരത്തേക്ക് .


മഞ്ഞുയുഗവും  താണ്ടി   പഴയ വണ്ടിയിൽ വീണ്ടും   കൊച്ചു ഗ്രാമത്തിലെത്തി. വിശപ്പ് അതിന്റെ ഭീകരാവസ്ഥ കാണിച്ചു  തുടങ്ങിയിരുന്നു. വഴിയരികിൽ കബാബും ചപ്പാത്തിയും വിൽക്കുന്ന ഒരു ചെറിയ തട്ടുകട . ഈ ചപ്പാത്തിയും കബാബുമാണ് കഴിച്ചതിൽ ഏറ്റവും രുചികരമായ ഭക്ഷണം എന്ന് തോന്നി  . ചപ്പാത്തിയും കബാബും ചവച്ച് ഞാനാ  മലമുകളിലേക്ക് നോക്കി നിന്നു . മഞ്ഞിൽ പൊതിഞ്ഞ ബേഷ് ബർമാഗ് പർവ്വതങ്ങൾ . മഞ്ഞുയുഗത്തിലൂടെ ഐസ് ഏജ് സിനിമയിലെ മന്നിയും സിഡും സ്ക്രാട്ടും ഡീഗോയും എല്ലിയുമെല്ലാം  വരിവരിയായി നടന്നുപോകുന്നത് പോലെ .  ആ ഓർമ്മകൾ കാസ്പിയൻ കടലും പർവ്വതങ്ങളും കടന്ന് ദുബായിയിൽ  എന്നെ കാത്തിരിക്കുന്ന കുട്ടികളിൽ  ചെന്നെത്തി . അവർക്കായി മഞ്ഞുവാരി ഞാനുണ്ടാക്കിയ ഒലാഫ് എന്ന കാർട്ടൂൺ കഥാപാത്രം ഇപ്പോഴും ആ മഞ്ഞുമലകളിൽ എന്റെ സ്നേഹത്തിൽ ഉരുകാതെ ഓടിക്കളിക്കുന്നുണ്ടാവും!(മാധ്യമം വാരാന്തപ്പതിപ്പ് " സഞ്ചാരപഥങ്ങൾ " എന്ന സ്‌പെഷ്യൽ എഡിഷനിൽ പ്രസിദ്ധീകരിച്ചത്)

Sunday, October 30, 2016

മഗാനിലെത്തും മുമ്പേമലകളും മരുഭൂമിയും മാറി മാറി വരുന്ന വഴികളാണ് ഒമാനിലേക്ക്   . മലയോരങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞും പുളഞ്ഞും നിൽക്കുന്ന വിജനമായ ഈ വഴികൾ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ട് . ഹജർ മലകൾക്കിടയിൽ  പച്ച പിടിച്ചു നിൽക്കുന്ന  മരങ്ങൾ കാണാം  . അതിജീവനത്തിന്‍റെ  അടയാളങ്ങളാണത് . ഊഷരഭൂമിയിൽ ഇത്തരം ചെടികളെ  പച്ചപ്പോടെ നിലനിർത്തുന്ന ശക്തിയെയാണ് ദൈവം എന്ന് വിളിക്കുന്നത് . വഴിയരികിൽ വണ്ടി നിർത്തി ഒരു പർവതാരോഹകനെ  പോലെ ഹജർ മലകളുടെ പള്ളയിലൂടെ വലിഞ്ഞു കയറി നെറുകയിൽ എത്തണമെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് . യാത്രികന്‍റെ  അമിതമായ ആവേശം  സിരകളിൽ നിറഞ്ഞപ്പോൾ ഞാൻ കയറി തുടങ്ങി . ഏതാനും അടികൾ കയറിയപ്പോൾ തന്നെ വേണ്ടെന്ന് മനസ്സ് പറഞ്ഞു . ചെറുപ്പത്തിൽ വായിച്ചു കൂട്ടിയ കഥാ പുസ്തകങ്ങളിലെ പേജിൽ നിന്നും ഉഗ്രവിഷമുള്ള അറേബ്യൻ പാമ്പുകളും മലകൾക്ക് മുകളിൽ താമസിക്കുന്ന ജിന്നുകളും എന്നെ തേടി ഇറങ്ങി വന്നു . തിരിച്ചിറങ്ങി . മുകളിലേക്ക് നോക്കുമ്പോൾ ഹജർ മലകൾ അട്ടഹസിക്കുന്ന പോലെ .  

ഹൃദ്യമായ ഒരു കാഴ്ച എന്നതിലുമപ്പുറം  ചിലത് പറയാനുണ്ട് ഈ മലനിരകൾക്ക് . യു . എ ഇ യുടേയും ഒമാനിന്‍റെയും ഭാഗമായി  നീണ്ടു കിടക്കുകയാണ് ഹജർ മലകൾ  . ഇവിടെ മാത്രമായി കാണപ്പെടുന്ന സസ്യങ്ങളും ജീവികളും ഉണ്ട് . വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപുലികൾ ഹജർ മലനിരകളിലെ അന്തേവാസികളാണ് . ഇന്ന് ഇരുനൂറിൽ താഴെ മാത്രമേ ഇവയുടെ അംഗസംഖ്യ  കണക്കാക്കിയിട്ടുള്ളൂ . നിയമപ്രകാരമല്ലാത്ത വിപണനത്തിന് വേണ്ടിയും, വേട്ടയാടിയും , വളർത്തു മൃഗങ്ങളെ കൊല്ലുന്നതിന് പകരമായി കൊന്നും , ചിത്രങ്ങളിൽ  നിന്നും ചരിത്രമായി വായിക്കപ്പെടേണ്ട അനിവാര്യമായ വിടവാങ്ങലിലേക്ക്  നാളുകളെണ്ണുകയാവും ഈ ജീവികളും . നാളെ ഇതുവഴി പോകുന്ന സഞ്ചാരികളുടെ യാത്രാ പുസ്തകത്തിൽ ഒരു കൌതുകം പോലെ കറുത്ത അക്ഷരങ്ങളിൽ എഴുതി ചേർത്തിട്ടുണ്ടാവും ഈ പർവ്വത നിരകളിൽ ഒരു കാലത്ത് പുള്ളിപുലികളും ഉണ്ടായിരുന്നു എന്ന് . അതിലപ്പുറമൊരു നിയോഗം ചരിത്രത്തിനുമില്ല . 
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന  മരുഭൂമികൾ .  മരുഭൂമിയെ നോക്കി ഒരു ദിവസം മുഴുവൻ നിൽക്കാൻ പറഞ്ഞാൽ എനിക്കതിന് മടിയില്ല. മണൽ തരികളിൽ കാറ്റ് മാറി മാറിവരയ്ക്കുന്ന ചിത്രങ്ങള്‍  നോക്കിയിരിക്കാം.മരുഭൂമിയെന്ന സ്കെച്ചിൽ  കാറ്റെന്ന കലാകാരൻ കോറിയിടുന്ന വിവിധ ചിത്രങ്ങൾ. എന്തൊരു ഭംഗിയാണവയ്ക്ക്. പച്ച പിടിച്ചു നിൽക്കുന്ന കാടുകളും , വിജനമായ മരുഭൂമികളും എന്നെ ഭ്രമിപ്പിക്കുന്നത്  ഒരേ അളവിലാണ് . രണ്ടും രണ്ട് ദർശനങ്ങളാണ് . മനസ്സിനേയും ശരീരത്തിനേയും തരളിതമാക്കുന്ന പച്ചപ്പിന്‍റെ  ആഘോഷമായി കാടുകൾ മാറുമ്പോൾ , ഇനിയും അറിഞ്ഞു തീരാത്ത  അനന്തമായ നിഗൂഡതകളാണ് മരുഭൂമി ബാക്കി വെക്കുന്നത് . 

അൽപം മുന്നോട്ട് നീങ്ങിയാൽ വറ്റിപ്പോയ പുഴ പോലെ ഒന്ന് കാണാം . അറേബ്യൻ മരുഭൂമികളിലൂടെ പണ്ട് പുഴ ഒഴുകിയിരുന്നു എന്ന് പറഞ്ഞു തന്നത് വി . മുസഫർ അഹമ്മദാണ് . ലൈല മജ്നു കഥയിലെ ലൈല കുളിച്ചിരുന്ന പുഴ മരുഭൂമിയിൽ ആയിരുന്നു . വായിച്ചിഷ്ടപ്പെട്ട കഥകൾ ചിന്തകളേയും വികാരങ്ങളേയും  സ്വാധീനിക്കുമ്പോൾ ഈ  വറ്റിയ പുഴയിലേക്ക് ഇറങ്ങാനുള്ള പ്രലോഭനവും എനിക്ക് തടുക്കാനായില്ല . ഇതൊരു യഥാർത്ഥ പുഴയല്ല . വല്ലപ്പോഴും വിരുന്നെത്തുന്ന മഴയിൽ വെള്ളം കിട്ടാതെ വരണ്ട മലകളും മരുഭൂമിയും കുടിച്ചു തീർത്തതിന്‍റെ ബാക്കി ഒഴുകി വന്ന് ഉണ്ടായതാണ് ഇത് . പക്ഷേ വറ്റി വരണ്ട ഒരു പുഴയുടെ ഫോസിൽ പോലെതന്നെയുണ്ട് ഈ കാഴ്ച . പണ്ടെന്നോ ഒരു മഴയിൽ കുത്തിയൊലിച്ചു പോയ വെള്ളം ഇതൊരു പുഴയാക്കി മാറ്റിയതാണ് . ചെരിപ്പൂരി  ആ മണ്ണിനെ തൊട്ടപ്പോൾ ഉള്ളംകാലിൽ നനവറിയുന്നപോലെ . അതൊരു അനുഭവമാണ് . കുറേ സത്യങ്ങളും കുറേ കാൽപനികതയും കൂടി കലർന്ന മനസ്സിന്‍റെ പിടി തരാത്ത സമസ്യകൾ . അവിടെ ചുട്ടുപൊള്ളുന്ന മണ്ണിൽ തൊടുന്ന പാദങ്ങൾക്ക് പണ്ട് ഒഴുകിയ  നദിയിലെ നനവ് അറിയാനാവും . ഇന്നലെ പതിഞ്ഞ കാലടികൾക്ക് യുഗാന്തരങ്ങൾക്ക് മുമ്പ് മരുഭൂ താണ്ടിയവരുടെ കാലടികൾ പോലെ തോന്നിക്കും . മുന്നോട്ട് നടന്നപ്പോൾ വീണ്ടും പച്ചപ്പ് . കുറേ ചെടികൾ വളർന്നു നിൽക്കുന്നു . വറ്റി വരണ്ട ഭൂമിയിൽ വീണ്ടും ജീവന്‍റെ തുടിപ്പ് . മുമ്പ് ഒഴികിപ്പോയ വെള്ളത്തിന്‍റെ ഓർമ്മകൾ തന്നെയായിരിക്കുമോ ഈ ചെടികളുടേയും ദാഹജലം ?. വണ്ടിയും സുഹൃത്തുക്കളും കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നു . എന്നിരുന്നാലും അധികം ദൂരെയല്ല  . മരുഭൂമിയുടെ മാറിമറയുന്ന കാലാവസ്ഥ അറിയുന്ന സഞ്ചാരിയൊന്നുമല്ല ഞാൻ . യാഥാർത്യത്തേക്കാൾ കാൽപനികതയെ പ്രണയിക്കുന്ന , ഒട്ടകപ്പുറത്ത്  യാത്ര ചെയ്യുന്ന കാഫില കൂട്ടങ്ങളെ സ്വപ്നം കാണുന്ന, വിജനതയിൽ എവിടെയോ കണ്ടെത്തിയേക്കാവുന്ന  ഒരു മരുപ്പച്ചയെ തേടുന്ന ഒരു സ്വപ്നജീവി  . വന്യമായി വീശിയടിക്കാൻ പോകുന്ന ഒരു മരുകാറ്റിനെ പറ്റി മുന്നറിയിപ്പ് തരാൻ ഒട്ടകപ്പുറത്ത് കയറി ഒരു ബദു വരുമെന്ന വിശ്വാസമൊന്നും  എനിക്കില്ല. . പക്ഷേ അറേബ്യൻ മരുഭൂമിയിൽ വഴിതെറ്റി അലയുന്ന എന്നെ തേടി , അതുപോലൊരാൾ വരുന്നത്  എന്‍റെ ദിവാസ്വപ്നങ്ങളിൽ എപ്പോഴും വരാറുണ്ട് . കുറച്ചകലെ ഒരു ഗാഫ് മരം ഒറ്റക്കിരിക്കുന്നു . അതിന്‍റെ ഏകാന്തതയിലേക്ക് ഞാനും ചാഞ്ഞിരുന്നു . 
ചില നിമിഷങ്ങൾ നമുക്കായി മാത്രം സൃഷിക്കപ്പെടുന്നതാണ് . അതുപോലൊരു നിമിഷത്തിലാണ് ഞാനിപ്പോൾ . അനന്തമായ മരുഭൂമിയിൽ ഒരു ഗാഫ് മരച്ചുവട്ടിൽ ഏകനായി . മുന്നിൽ ഒരു പ്രഹേളിക പോലെ മരുഭൂമി . ഓരോരുത്തർക്കും അവരുടെ മനോവ്യാപരത്തിനനുസരിച്ച് എഴുതാനും വായിക്കാനും വരക്കാനുമായി അത് നീണ്ടു നിവർന്നു കിടക്കുകയാണ് . ഇതുപോലൊരു മരുഭൂമിയിലൂടെയാണ്‌  മുഹമ്മദ്‌ അസദ് മക്കയിലേക്കുള്ള പാത തെളിച്ചത് . നുഫൂദ് മരുഭൂമിയും മുറിച്ചു കടന്ന് തയ്മയിലെ പുരാതനമായ മരുപ്പച്ച തേടി യാത്രതിരിച്ചത് . ഇടക്ക് ദിക്കും ദിശയും നഷ്ടപ്പെട്ട് നുഫൂദ് മരുഭൂമിയിൽ ഭീകരമായ മരുകാറ്റിൽപ്പെട്ട്  അസദും ഒട്ടകവും വിഭ്രമിക്കുന്നതിന്‍റെ  ചിത്രവും  ഈ മരച്ചുവട്ടിലിരുന്ന്  എനിക്ക് വീണ്ടും കാണാനാവുന്നുണ്ട്. ഈ മരുഭൂമിയിലൂടെ തന്നെയാണ് സ്വപ്നത്തിൽ ദർശിച്ച നിധിയും തേടി  സാന്റിയാഗോയെ പൗലോ കൊയ്‌ലോ പറഞ്ഞയക്കുന്നത്. മരുഭൂമി മുറിച്ചു കടന്ന കാഫിലകൂട്ടങ്ങളുണ്ട് . ഇടക്ക് കാലിടറി സ്വപ്നങ്ങളോടൊപ്പം  ഈ മണ്ണിൽ കുഴിച്ചു മൂടപ്പെട്ടവരുണ്ട് . മരുഭൂമിയുടെ പരുക്കൻ യാഥാർത്യങ്ങളുടെ  കുട പിടിച്ച് ആടുജീവിതത്തിലെ നജീബും ഹക്കീമുമുണ്ട് . ഇന്നും മരുഭൂമിയിൽ അതുപോലെ അലയുന്ന വേറെയും നജീബുമാരുമുണ്ട് .  ഈ ഇരിപ്പിൽ ഇവയെല്ലാം തന്നെ ഒരു  വാങ്ങ്മയ ചിത്രമായി എന്‍റെ  മുന്നിൽ പുനർജ്ജനിക്കുകയാണ്.

എപ്പോഴും സുഹൃത്തുക്കളോട് പങ്കുവെക്കുന്നൊരു സ്വപ്നമുണ്ട് . നിലാവും നക്ഷത്രങ്ങളും നിറഞ്ഞൊരു മരുഭൂമിയിലെ രാത്രി . ടെന്റിൽ നിന്നും ആ നിലാവിനെയും മയക്കി പുറത്തേക്കൊഴുകുന്ന ഗസലുകൾ . തണുപ്പിനെ അകറ്റാൻ പതുക്കെ കത്തുന്ന വിറക് കൊള്ളികൾ . എങ്കിലിപ്പോൾ  എളുപ്പം സാധിക്കാവുന്ന ഈ സ്വപ്നം എന്‍റെമനസ്സിലില്ല . പകരം ഭ്രാന്തമായ മറ്റൊരു സ്വപ്നം കയറി കൂടിയിരിക്കുന്നു . എന്‍റെ കാൽപനിക ചിന്തകളെ അത് ഭരിച്ചു തുടങ്ങിയിരിക്കുന്നു .  നുഫൂദ് പോലൊരു മരുഭൂമിയിൽ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഞാൻ . നേരിടുന്ന പ്രതിസന്ധികൾ , മുന്നേ നടന്നുപ്പോയ  ഒട്ടകങ്ങളുടെയോ മനുഷ്യന്‍റെയോ  ഒരു കാൽപാട്  പോലും ബാക്കി വെക്കാത്ത മരുഭൂമി  . മാദകത്വവും, വന്യതയും , പ്രണയവും ഒരുപോലെ പ്രകടിപ്പിക്കുന്ന മരുഭൂമിയുടെ വിത്യസ്തമായ ഭാവമാറ്റങ്ങൾ , അവസാനം കണ്ടെത്തുന്ന  തയ്മയിലെ മരുപ്പച്ചകൾ പോലെ ഒന്ന് . ജീവനും മരണത്തിലും ഇടയിലുള്ള പോരാട്ടം . അവസാനം ദൈവികമായൊരു ഇടപെടൽ . ദിവാ സ്വപ്നങ്ങൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് അറിയണമെങ്കിൽ ഇങ്ങിനെ എത്തിപ്പെടണം . ഒരു അറേബ്യൻ ഗാവ കുടിക്കാൻ തൊണ്ട വരളുന്നു. മരുപ്പച്ചകളിൽ താമസിക്കുന്ന  പഴയ ഏതെങ്കിലും ബദവി ഗോത്രത്തിലെ   സുന്ദരി ഒരു ദല്ലയിൽ ഗാവയുമായി ഇറങ്ങി വന്നെങ്കിൽ ...!!

ദൂരെ അസ്തമയത്തിന് തിടുക്കം കൂട്ടുന്ന സൂര്യൻ . മരുഭൂമിയിൽ വീണ്ടും ഒരസ്തമയം കൂടി  എന്നെ അനുഗ്രഹിക്കാൻ പോകുന്നു .   ഊദിൽ നിന്നും ഉയർന്നു വരുന്ന പരമ്പരാകത സംഗീതത്തിന്‍റെ മാധുര്യമുണ്ട്‌ ഇപ്പോൾ വീശുന്ന കാറ്റിന് . നിലാവില്ലാത്ത മരുഭൂമിക്ക് ഭീകരത കൂടുതലാണ് . ഈ രാത്രിയിൽ നിലാവുദിക്കുമെങ്കിൽ മറ്റെല്ലാം മറന്ന് ഗുലാം അലിയുടെയും ജഗ്ജിത് സിംഗിന്‍റെയും   ഗസലുകളെ മാറി മാറി പുതച്ച് ഞാനിവിടെ  അന്തിയുറങ്ങുമായിരുന്നു . നേരം വൈകുന്നുവെന്ന സന്ദേശവുമായി ചങ്ങാതിമാരെത്തി . ഗാഫ് മരത്തിനെ വീണ്ടും അതിന്‍റെ ഏകാന്തതയിലേക്ക് തനിച്ചു വിട്ട് ഞങ്ങളിറങ്ങി . എങ്കിലും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ  ആ ഗാഫ് മരച്ചുവട്ടിലിരുന്ന് ഞാൻ കണ്ട കിനാവുകളും കേട്ട ഗസലുകളും ഈ മരുഭൂമിയിൽ അലഞ്ഞുതിരിയും .  ഇരുളിനെ പുതച്ച മരുഭൂമിയും മലകളും പിന്നിലേക്ക്‌ മറഞ്ഞു കൊണ്ടേയിരുന്നു .