Sunday, August 8, 2010

തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍

രണ്ട് കിലോമീറ്ററോളം നടന്നും കുന്ന് കയറിയും സ്കൂളില്‍ എത്തുമ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചിട്ടുണ്ടാവും. അതൊകൊണ്ട് തന്നെ എന്റെ ഒരു സ്കൂള്‍ ദിവസം ആരംഭിക്കുന്നത് വാസുദേവന്‍ മാഷിന്റെ ഒരടി നിവേദ്യം വാങ്ങിച്ചാവും. കൊടിയത്തൂര്‍ പി.ടി.എം ഹൈ സ്കൂളിന്‌ ഞാനൊരു ഭാരം അല്ലെങ്കിലും സ്കൂള്‍ എനിക്കൊരു ഭാരം തന്നെയായിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ ഫുള്‍ ഫോം പോലും അറിയാത്ത കാലത്ത് ഇതിലൊന്നിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് എന്നെ പിന്താങ്ങിയ മണ്ടത്ത് ശരീഫിന്റെ(മണ്ടത്ത് എന്നത് വിളിപ്പേര് ) വോട്ട് പോലും കിട്ടാതെ ഐശ്വര്യമായി തോറ്റുകൊണ്ടാണ് എന്റെ ഇവിടത്തെ മൂന്നു വര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.

പത്താം ക്ലാസ്സൊന്ന് കഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചത്‌ കോളേജില്‍ പോയി ചെത്താനൊന്നും ആയിരുന്നില്ല പകരം കണക്ക് പഠിക്കേണ്ടല്ലോ എന്ന റിലീഫിന് വേണ്ടി മാത്രം. അല്ലേലും എന്റെ കണക്ക് കൂട്ടലുകള്‍ എന്നും തെറ്റിച്ചിട്ടുള്ള വിഷയമാണ് കണക്ക്. അതുകൊണ്ട് തന്നെ തോമസ്‌ മാഷിന്റെ ചൂരലിന് എന്നോട് ഭയങ്കര പ്രേമമായിരുന്നു. മായാദേവി ടീച്ചറുടെ ഹിന്ദിയും ഏതാണ്ടിങ്ങനെയൊക്കെ ആയിരുന്നു. ടീച്ചറും നന്നായി പൊട്ടിക്കും. അത് താങ്ങുന്നില്ല എന്നായപ്പോള്‍ ചെറിയൊരു കൂറുമുന്നണി ഉണ്ടാക്കി ഹെഡ് മാസ്റ്ററുടെ അടുത്ത് പരാതിപ്പെട്ടു. ടീച്ചര്‍ക്കത് വിഷമമായെങ്കിലും അടിയുടെ ഡോസ് കുറച്ചത് ആദ്യ സമരവിജയം.
ഏതായാലും ഞാനിപ്പോള്‍ മായാദേവി ടീച്ചറോട് മാപ്പ് ചോദിക്കുന്നു. മുജ്ജന്മ ദോഷം കൊണ്ടോ ഗ്രഹപിഴ കൊണ്ടോ എന്റെ ബ്ലോഗ്‌ വായിക്കുന്നവരുടെ കൂട്ടത്തില്‍ ഏതെങ്കിലും പി.ടി.എം. ഹൈ സ്കൂള്‍ സ്റ്റുഡന്റ് ഉണ്ടെങ്കില്‍ ഈ മാപ്പപേക്ഷ ടീച്ചറെ അറിയിക്കുക. തീര്‍ന്നില്ല. ഒരു മാപ്പപേക്ഷ വത്സമ്മ ടീച്ചര്‍ക്കും കൊടുക്കണം. ഇത് രണ്ട് ഭാഗവും IPC പ്രകാരം കേസുള്ള വകുപ്പാണ്. എന്റെ ചെവി തീറെഴുതികിട്ടിയ പോലെയാണ് വത്സമ്മ ടീച്ചര്‍ പെരുമാറുന്നത്. ഒരു ദിവസം നരകം കാണിച്ച് പിച്ചുമ്പോള്‍ ഞാന്‍ ടീച്ചറുടെ കൈക്കിട്ട് നന്നായൊരു തട്ട് കൊടുത്തു. അതോടെ എന്റെ ചെവിയുടെ ആധാരം ടീച്ചര്‍ തിരികെത്തന്നു. കൂടെ ക്ലാസ് ടെസ്റ്റിന് കെമിസ്ട്രിക്കൊരു വട്ടപൂജ്യവും. ന്നാലും എന്റെ വത്സമ്മ ടീച്ചറെ, പാഠം മുഴുവന്‍ പത്തു പ്രാവിശ്യം എഴുതികൊണ്ട് വരേണ്ട ആ ശിക്ഷയുണ്ടല്ലോ, അത് ഒരുതരം കാപിറ്റല്‍ പണിഷ്മെന്റ് തന്നെ ആയിരുന്നു. ഒരു തവണക്ക് 50 പൈസ വെച്ച് പലവട്ടം എഴുതിതന്നതിന്റെ കാശ് അലിക്ക് ഇന്നും കടമാണ്. ഏതായാലും എന്റെ ഈ അപേക്ഷ സ്വീകരിക്കുക. മാപ്പ്.

ശൈലജ ടീച്ചറുടെ ക്ലാസ് ശ്രദ്ധിക്കാത്ത കുട്ടികള്‍ കാണുമോ? ഉണ്ടാവില്ല. കാരണം ഞാന്‍ പോലും ആ ക്ലാസില്‍ ശ്രദ്ധിക്കുന്നു എന്നതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം. നല്ലൊരു ആസ്വാദനമായിരുന്നു ടീച്ചറുടെ ക്ലാസ്. തല്ല്‌ കിട്ടാതെയില്ല . പക്ഷെ വേദനിക്കില്ല. കാരണം വാത്സല്യത്തിന്റെ ഒരു നോവ്‌ അതില്‍ കാണും.
ലീല ടീച്ചറുടെ ബയോളജി ക്ലാസ് നൈറ്റ്‌ മെയറായിരുന്നു. പക്ഷെ തല്ലുക എന്ന പിന്തിരിപ്പന്‍ മൂരാച്ചി സമീപനങ്ങളിലൊന്നും ടീച്ചര്‍ക്ക് താല്പര്യമില്ല. പകരം എല്ലാം മിക്സ്‌ ചെയ്തൊരു നോട്ടം. അത് മതി, തകര്‍ന്നുപോകും. എന്റെ ഒരു ഉത്തരം ടീച്ചറെ വല്ലാതെ ചിരിപ്പിച്ചിട്ടുണ്ട്‌. ഏതോ ഒരു ഉത്തരത്തിനിടയില്‍ എന്റെ കഷ്ടകാലത്തിനു ഞാന്‍ " മൂത്ര കുഴലിലൂടെ " എന്നോ മറ്റോ പറഞ്ഞു പോയി. ആദ്യം ടീച്ചര്‍ തരിച്ചിരുന്നു. പിന്നെ ചിരിച്ചിരുന്നു. എന്റെ സൗണ്ടിന്റെ ആംപിയര്‍ വളരെ കുറവായത്‌കാരണം അടുത്തിരിക്കുന്ന അന്‍സാര്‍ മാത്രമേ കേട്ടുള്ളൂ. അവനാണെങ്കില്‍ ഒരവസരം തന്നാല്‍ ഇതിലും വലുത് ഞാന്‍ കാച്ചാം എന്ന ഭാവം.
ഈ ചിരി പിന്നെ സ്റ്റാഫ് റൂമിലേക്കും പടര്‍ന്നെന്ന് എന്നോട് പറഞ്ഞത് പ്യൂണ്‍ മണിയേട്ടനാണ്. എന്നെ കാണുമ്പോള്‍ ചിരിവരുന്നത്‌ കൊണ്ടോ എന്തോ കൂടുതല്‍ ചോദ്യങ്ങള്‍ പിന്നെ എന്നെ തേടിവരാരില്ല. ദൈവാനുഗ്രഹം ഇങ്ങിനെയും വരാം. അതോ ഇനിയൊരു വെടിക്കെട്ട്‌ താങ്ങാനുള്ള ശേഷി ലീല ടീച്ചര്‍ക്ക് ഇല്ലാതെപോയോ? ഏതായാലും ഞാന്‍ രക്ഷപ്പെട്ടു. (എന്നാലും അങ്ങിനെ ഒരുത്തരം എവിടന്നു വന്നാവോ? )
സ്കൂള്‍ കാലം ഓര്‍ക്കുമ്പോള്‍ മറക്കാത്ത ഒരു പേരാണ് ആസ്യ ടീച്ചര്‍ .ഒരു അധ്യാപികയുടെ പക്വത, ഒരമ്മയുടെ സ്നേഹം, ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തം എല്ലാം ടീച്ചറില്‍ കാണാന്‍ കഴിയും. എല്ലാ അധ്യാപകരെയും പറ്റി പറയാന്‍ ഒത്തിരി കാണും. പക്ഷെ ക്ലൈമാക്സ്‌ പതിവുപോലെ അടി തന്നെയാവും. അതുകൊണ്ട് പറയുന്നില്ല. പക്ഷെ ലേബര്‍ ഇന്ത്യ തന്നിട്ടും ഗുണം പിടിക്കാതെ എനിക്ക് സണ്ണി മാഷില്‍ നിന്നും കിട്ടുന്ന തല്ലിന് ഇത്തിരി ചൂട് കൂടുതലായിരുന്നു.

പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡീസന്റ് ആയിരുന്നു. സത്യായിട്ടും. ഒരെണ്ണത്തിനോട് പോലും മിണ്ടില്ല. പത്താം ക്ലാസ്സില്‍ നിന്നും പെട്ടി മടക്കുമ്പോള്‍ ഓട്ടോഗ്രാഫില്‍ ഒരുത്തി എഴുതിയത് ഇങ്ങിനെ. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" . ഇത് പിന്നീട് വളരെ ഉപകാരപ്പെട്ടു. ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്.

സ്കൂള്‍ കാലത്തിനു ശേഷം ഒരിക്കല്‍ പോലും ഞാനിവിടെ പോയിട്ടില്ല. കാരണങ്ങള്‍ പലതാവാം. അത്ര സുന്ദരമായ ഓര്‍മ്മകളൊന്നും എനിക്കിവിടെ ബാക്കിയില്ല.
എന്നാലും സ്നേഹം നല്‍കിയ ഒരുപാട് ഗുരുനാഥന്മാര്‍ ഇവിടെയുണ്ട്. പലരും പിരിഞ്ഞുപോയി കാണും. എന്തേ ഒരിക്കലും അവരെയൊന്ന് കാണാന്‍ എനിക്ക് തോന്നാതെ പോയി? മാപ്പ്. എന്റെ ബ്ലോഗ്ഗെഴുത്ത്‌ എന്ന സാഹസത്തിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സമയത്ത്, ഒരുപാട് സ്നേഹം നല്‍കിയ ആ പ്രിയ അധ്യാപകരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു.