Friday, June 7, 2013

എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം !



ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ .
ഹരിദ്വാരിൽ നിന്ന് . 
എവിടെയല്ലാം കറങ്ങി . എന്തെല്ലാം കണ്ടു . 
ചുറ്റും സന്യാസിമാർ , പർണ്ണശാലകൾ , റിക്ഷ വലിക്കുന്നവർ , ഭിക്ഷക്കാർ .
സത്യത്തിൽ ഇതൊരു പുനർ യാത്രയാണ് . അതായത് പുനർവായന . 
അപ്പോൾ "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്നത് "ഹരിദ്വാരിൽ ഇപ്പോഴും മണികൾ മുഴങ്ങുന്നു " എന്ന്‌ പറയാമല്ലേ ..!

മാനസാദേവിയെ കണ്ട് കുന്നിറങ്ങി പുറത്ത് വന്നു . പുസ്തകത്തിൽ നിന്നിറങ്ങി വർത്ത‍മാനത്തിലേക്ക്‌ . സത്യത്തിൽ ഞാനും പോയിരുന്നോ ഹരിദ്വാരിൽ ..? രമേശ്‌ പണിക്കർ ഞാനായിരുന്നോ . അല്ലെങ്കിൽ രമേശ്‌ കുടിച്ച്  മയങ്ങിയ ഭാംഗിന്‍റെ ലഹരി .. അതെങ്ങിനെ ഒരു പെപ്സിക്ക് നൽകാനാവും ..? അവനെ ഉണ്മാദിയാക്കിയ ചരസ്സിന്‍റെ വീര്യം .. അതീ ഡേവിഡോഫിന്‍റെ പുകച്ചുരുളുകൾക്ക് നൽകാൻ പറ്റി എന്നത് സത്യമാവുമോ ? അപ്പോൾ സുജ മെഹ്റ  ആരാണ് . അവളും ഉണ്ടായിരുന്നല്ലോ എന്‍റെ കൂടെ . 

 "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്ന നോവൽ ഇന്നലെ വീണ്ടും വായനക്കെടുത്തു . ചില കഥകൾ അങ്ങിനെയല്ലേ . നമ്മൾ കഥാപാത്രമായിപ്പോകും . മറ്റു ചിലപ്പോൾ അവരെ ദൂരെ നോക്കി നിന്ന് കാണും . ഇവിടെ ഞാൻ കഥാപാത്രമായി എന്ന് പറയാൻ പറ്റില്ല . പക്ഷെ ഹരിദ്വാരിലേക്കുള്ള രമേഷിന്‍റെയും സുജയുടെയും കൂടെ ഞാനുണ്ടായിരുന്നു . അടുത്ത് നിന്നും ദൂരെ നിന്നും ചിലപ്പോൾ ഞാൻ തന്നെ ആയും . 

പറഞ്ഞുവരുന്നതും യാത്ര തന്നെ . നടന്ന യാത്രകൾ അല്ല . സ്വപ്നത്തിൽ എവിടെയോ ബാക്കി നിൽക്കുന്ന ഒന്ന് . പക്ഷെ യാഥാര്‍ത്ഥ്യത്തിൽ നിന്നും  ഒട്ടും വിദൂരമല്ല അത് . അതേസമയം സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ചില   വട്ടൻ ചിന്തകളും കൂടിച്ചേരും . ഈ കഥ വായിച്ചപ്പോഴാണ് വീണ്ടും  യാത്രാമോഹം  മനസ്സിലേക്ക് കയറിവന്നത്  . 
എവിടേക്കാണെന്നോ ..?
എങ്ങോട്ടുമാവാം . 
പക്ഷെ പഴയമയുടെ ഗന്ധം ചിന്തകൾക്ക് ലഹരി നൽകണം . 
അന്തരീക്ഷത്തിൽ ചരിത്രത്തിന്‍റെ മണം തങ്ങി നിൽക്കണം .
തകർന്നടിഞ്ഞ നാഗരികതയുടെ അവശിഷ്ടങ്ങൾ ബാക്കിയുള്ള ഒരു സ്ഥലത്തേക്ക് . ചില ചിത്രങ്ങൾ അങ്ങിനെ ഒരു ആഗ്രഹം ജനിപ്പിക്കാറുണ്ട് . തകർന്നടിഞ്ഞ ഒരു പഴയ കെട്ടിടത്തിന്‍റെ പാതി തകർന്ന , കൊത്തു പണികളുള്ള തൂണിൽ ചാരി നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിഞ്ഞ ആ സംസ്കൃതിയിലേക്ക് നോക്കി അത് പറയുന്ന കഥകൾക്ക് ചെവിയോർക്കണം . അവിടെ ബാക്കിയായ ഒരു കല്ലിന് പോലും പറയാൻ കാണുമായിരിക്കും കുറേ കഥകൾ . ഇതുപോലൊരു സ്ഥലം കണ്ടെത്തണം . ദൂരെ ദൂരെ എവിടെയോ . അലഞ്ഞുതിരിഞ്ഞ് അവിടെത്തണം . പിന്നെ ഒരു രാത്രി അവിടെ തനിച്ചു താമസിക്കണം , ആ ഗന്ധം ശ്വസിച്ച് . 



പിന്നൊന്ന് ഉത്തരേന്ത്യയിലേക്ക് . എവിടെ എന്ന് ചോദിച്ചാൽ അറിയില്ല . പക്ഷെ പുതിയ കാലത്തിന്‍റെ നടപ്പുരീതികൾ വന്നെത്താത്ത  ഒരു സ്ഥലം . പഴയ രാജഭരണ കാലത്തെ ഗ്രാമങ്ങൾ പോലൊന്ന് . ഒരു പൈജാമയും കുർത്തയും ധരിച്ച് ആ തെരുവുകളിലൂടെ നടക്കണം . ദൂരെ നിന്ന് നോക്കുമ്പോൾ മുഗള കൊട്ടാരങ്ങൾ കാണണം . രാത്രിയിൽ നോക്കുമ്പോൾ അക്ബറും ഷാജഹാനും അന്തപുരങ്ങളിൽ നടക്കുന്ന പോലെ തോന്നണം . രാവിനെ മയക്കുന്ന ഗന്ധങ്ങൾ മുംതാസിന്‍റെ അന്തപുരത്തിൽ നിന്നുള്ള പനിനീരിന്‍റെ മണം പോലെ തോന്നണം . ആ രാവിനോട് ചേർന്ന് നടക്കണം . ഒരു വഴിവിളക്കിന്‍റെ താഴെ ഇരുന്ന് പാടുന്ന വൃദ്ധന്‍റെ പതറിയതെങ്കിലും മനോഹരമായ ശബ്ദത്തിൽ കേൾക്കുന്ന സൂഫി സംഗീതം രാവിനെയും എന്നെയും ഒരുപോലെ  ഉണ്മാദിയാക്കണം . തെരുവോരത്തെ ഏതെങ്കിലും പെട്ടികടയിൽ നിന്ന് ബട്ടൂരയും കടലയും കഴിക്കണം . പിന്നെപ്പോഴോ നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഒരു രജായിയും പുതച്ച്   വഴിയരികിൽ കിടന്നുറങ്ങണം . 



അതുപോലെ കൂട്ടം കൂടി നിൽക്കുന്ന പ്രാവുകൾ പലപ്പോഴും യാത്രാമോഹങ്ങളെ വിളിച്ചുണർത്താറുണ്ട് . ജോലിക്ക് പോവുമ്പോൾ കാണാം , പ്രാവുകൾക്ക് കഴിക്കാൻ ബജിര കൊടുക്കുന്ന ഒരു പാകിസ്ഥാനിയെ . ബജിര വീശി എറിയുമ്പോൾ പറന്നിറങ്ങുന്ന പ്രാവുകൾ . അതുപോലെ പറന്നകലുന്നവയും . മദീന മുനവ്വറയുടെ , താജ്മഹലിന്‍റെ , ഹസ്രത്ത്‌ ബാൽ പള്ളിയുടെ എല്ലാം ചിത്രങ്ങൾ കാണുമ്പോൾ പ്രാവുകളെ കാണാം . ഇറാഖോ ലിബിയയോ  പോലുള്ള  ഒരു രാജ്യം . ചുറ്റും മരുഭൂമി . പഴയ അറേബ്യൻ പൈതൃക മാതൃകയിൽ നിൽക്കുന്ന ഒരു പള്ളി . സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുന്ന അന്തരീക്ഷം . ആകാശം നിറയെ ചെഞ്ചായം വീണിട്ടുണ്ട് . പള്ളിക്ക് ചുറ്റും വട്ടമിട്ട് പറക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന പ്രാവുകൾ . അവർക്ക് ബാജിര വീശിയെറിഞ്ഞ്‌ ഞാൻ നിൽക്കുന്നുണ്ട് .  ഇടക്കെപ്പോഴോ ഒട്ടകപ്പുറത്ത് വന്ന് വന്നുപോകുന്നവര്‍ . കാഫില കൂട്ടങ്ങൾ . പിന്നെ നിശബ്ദമായ രാത്രിയിൽ വിശാലമായ മരുഭൂമിയിലേക്ക് നോക്കിയിരിക്കണം . ആയിരത്തൊന്ന് രാവുകളിലെ കഥാപാത്രങ്ങൾ ആ മരുഭൂമിയിൽ നിന്ന് ഇറങ്ങി വന്നാലോ . ? ഇനിയും പറയാത്ത , കേൾക്കാത്ത കഥകൾ എനിക്കായി മാത്രം പറഞ്ഞുതരാൻ ഒരു ഷെഹ്റാസാദ് കൂടെ ഇറങ്ങി വരുമോ ആ ഇരുട്ടിൽ നിന്നും.. ? 

ഇതിലെ കാൽപനിക ആഗ്രഹങ്ങളെ മാറ്റി നിർത്തിയാൽ തന്നെ ഒട്ടും നടക്കാൻ സാധ്യതയില്ലാത്തതാവം  പലതും  . പക്ഷെ ഇതെനിക്ക് പറയാതെ വയ്യ . കാരണം എന്‍റെ  വിരസതകളെ ഊഷ്മളമാക്കുന്ന സ്വപ്നങ്ങൾ ആണിതെല്ലാം . ചുരുക്കി പറഞ്ഞാൽ നിർത്താതെയുള്ള അലച്ചിൽ . ഒരു ജിപ്സിയെ പോലെ . ചിലപ്പോൾ ഭൂതത്തിലേക്ക്  , ചിലപ്പോൾ വർത്തമാനത്തിലൂടെ .
എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം