Wednesday, June 23, 2010

സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.വിയോജിക്കുന്നവരുണ്ടായേക്കാം. പക്ഷെ ഇതെനിക്ക് പറയാതെ വയ്യ. കാരണം ഇതെന്റെ അനുഭവമാണ്. അത് ശരിയെന്ന് തോന്നുന്നെങ്കില്‍ എന്തിനു പറയാതിരിക്കണം?
ആയുര്‍വേദത്തെയോ ആലോപ്പതിയെയോ ഞാന്‍ തള്ളിപറയുന്നില്ല. കാരണം ഞാനിന്നും ആശ്രയിക്കുന്നത് ഈ ചികിത്സാരീതികള്‍ തന്നെയാണ്. പക്ഷെ ഇതൊരു വിത്യസ്തമായ അനുഭവം. ചികിത്സകൊണ്ട് മാറ്റാന്‍ പറ്റാത്ത അസുഖമാണ് സോറിയാസിസ് എന്ന അഭിപ്രായം എനിക്കില്ല. മാറിയ കഥകള്‍ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ എന്റെ കാര്യത്തില്‍ അത് തിരിച്ചാണ്. ഈ അസുഖം നല്‍കിയ അപകര്‍ഷതാ ബോധവുമായി രണ്ടു വര്‍ഷം ചികിത്സയുമായി നടന്നതാണ് ഞാന്‍ . ആയുര്‍വേദവും ആലോപ്പതിയും മാറി മാറി പരീക്ഷിച്ചു. ഇഷ്ടങ്ങള്‍ മാറ്റിവെച്ചുള്ള പഥ്യം, മറ്റു നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ചുള്ള സഹകരണം. അപ്പോഴും അവരൊക്കെ പറഞ്ഞ ഒരു കാര്യമുണ്ട്. ഇത് പരിപൂര്‍ണ്ണമായും മാറില്ല. നിയന്ത്രിക്കാനെ പറ്റൂ എന്നൊക്കെ. പക്ഷെ മാറ്റമൊന്നും കണ്ടില്ല. മാനസികമായി വളരെ വിഷമിച്ച നാളുകള്‍. ജോലിസ്ഥലത്തും സുഹൃത്തുക്കള്‍ക്കും ഒന്ന് കൈകൊടുക്കാന്‍ പോലും വിഷമിച്ചു. ഞാന്‍ ചികിത്സ നിര്‍ത്തി.
ഇനിയൊരു മാസക്കാലം ചില സന്തോഷങ്ങളുടെതാണ്. ഒരു ഉംറ തീര്‍ത്ഥാടനവും കഴിഞ്ഞ് ഉപ്പയും ഉമ്മയും ഞങ്ങളുടെയടുത്ത് ഷാര്‍ജ്ജയില്‍ എത്തി. ഉമ്മക്കറിയാം എന്റെയീ വിഷമത്തെകുറിച്ച്. അസുഖം ബാധിച്ച സ്ഥലങ്ങളില്‍ ഉമ്മ സംസം ജലം പ്രാര്‍ത്ഥിച്ച് തടവുന്നത് ഒരു ചില്‍ത്സ ആയിട്ടല്ല. വിശ്വാസത്തിലധിഷ്ടിതമായ ഒരു പരീക്ഷണം. അന്ധവിശ്വാസങ്ങളെ മാറ്റിനിര്‍ത്തുന്നവരില്‍ തന്നെയാണ് ഞാനും. പക്ഷെ ഇവിടെ അങ്ങിനെ ഒരു പ്രശ്നം തോന്നിയില്ല. മാത്രമല്ല വിശ്വാസത്തോടെ തന്നെയാണ് ഇതിനെ സമീപ്പിച്ചത്.
രണ്ടു വര്‍ഷത്തെ എന്റെ സ്വകാര്യ വേദനക്ക് ഈ ഒരാഴ്ച്ചകൊണ്ട് പരിപൂര്‍ണ്ണമായും ഭേദപ്പെട്ടു എങ്കില്‍ ഞാന്‍ നന്ദി പറയുന്നത് സൃഷ്ടാവിനോടാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ്
ഒരു ഉമ്മയുടെ സ്നേഹത്തിന്റെ പ്രതീകമായി പൊട്ടിയൊഴുകിയ സംസം എന്ന തേനുറവയുടെ ശക്തി, ഇന്ന് മറ്റൊരുമ്മയുടെ സ്നേഹസ്പര്‍ശനത്തിലൂടെ എനിക്ക് ലഭിച്ച സന്തോഷം. ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഒരു ചികിത്സ എന്ന രീതിയില്‍ ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല. ഒരു ദിവ്യതം ഞാന്‍ എന്റെ ഉമ്മയില്‍ ആരോപിച്ചിട്ടും ഇല്ല. പകരം ഒരമ്മയുടെ സ്നേഹം. അതില്‍ അത്ബുധങ്ങള്‍ സംഭവിച്ചു എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അല്ലെങ്കില്‍ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് സാധ്യമാകാത്തത് എങ്ങിനെ ഇവിടെ സംഭവിച്ചു ?
സംസം ജലത്തിന്റെ വിത്യസ്തത ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്ന സമയത്ത്, മാരരോഗങ്ങളില്‍ നിന്നും ശമനം നേടിയ്ടത് പാശ്ചാത്യ മാധ്യമങ്ങളില്‍ പോലും വാര്‍ത്ത‍ വരുമ്പോള്‍ എന്റെ മനസ്സില്‍ ഈ അനുഭവവും തെളിഞ്ഞുവരുന്നു. എങ്ങിനെ സ്വീകരിക്കും എന്ന അനാവിശ്യമായ ഒരു ഭയം ഇതെഴുതുന്നതില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തി. പക്ഷെ എന്തിന്‌? എന്റെ വിശ്വാസം, എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍, അത് പറയുന്നതില്‍ എന്തിന്‌ ഭയക്കണം? വായനക്കാര്‍ ഈ കുറിപ്പിനെ എങ്ങിനെ സമീപ്പിക്കുന്നു എന്ന് എനിക്കറിയില്ല. നേരത്തെ പറഞ്ഞ പോലെ വിയോജിക്കുന്നവരും ഉണ്ടായേക്കാം. അതു പറയണം. ചര്‍ച്ചകള്‍ക്ക് എന്നും അതിന്റേതായ പ്രസക്തി ഉണ്ടല്ലോ.

Tuesday, June 8, 2010

വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?ശരിയാണ്. ഞാനിതുവരെ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞില്ല. എഴുതിയതും ഇല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലാവാം. കോഴിക്കോട് ജില്ലയുടെ ഭാഗമായി, മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തെ ചെറുവാടി എന്ന് വിളിക്കാം. ചാലിയാര്‍ - ഇരുവഴിഞ്ഞി പുഴകളുടെ കുളിരേറ്റ്, മൈസൂര്‍ മലകളിറങ്ങി വരുന്ന ഇളം കാറ്റില്‍ ലയിച്ച് ഒരു ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമായി ഞങ്ങളുടെ ചെറുവടി.
രണ്ടു പുഴകളെ പറ്റിയും മറ്റും പറഞ്ഞ് ഓടിപോകാനുള്ള ഒരു ചരിത്രമല്ല ചെറുവാടിക്കുള്ളത്. മലബാര്‍ കലാപ സമയത്ത് വെള്ളക്കാര്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ ഒരു സമരത്തിന്റെ ചരിത്രവുമുണ്ട്‌ ഈ നാടിന്. കട്ടയാട്ട് ഉണ്ണിമോയിന്‍ കുട്ടി അധികാരിയുടെ നേതൃത്തത്തില്‍ ധീരമായി പൊരുതി അറുപത്തിനാല് രക്ത സാക്ഷികളെ നല്‍കിയ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ കഥ. പട്ടാള ബൂട്ടുകളുടെ മുഴക്കം ഇന്നും കാതുകളില്‍ മുഴങ്ങുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു കൂട്ടം നാട്ടു കാരണവന്മാരും പ്രാദേശിക ചരിത്രകാരന്മാരും ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഈ കഥകള്‍. ബ്രിട്ടീഷ് പട്ടാളത്തെ അമ്പരപ്പെടുത്തിയ സമരമുറകള്‍, ഇടപെടലുകള്‍. ചെറുവാടിയെ കുറിച്ചെഴുതുമ്പോള്‍ ആദ്യം പറയേണ്ടതും ഇതുതന്നെയാണ്.
പഴയ ചെറുവാടിയെ കുറിച്ചാണ് കൂടുതല്‍ പറയാനുള്ളത്. കൃഷിയെ സ്നേഹിച്ച്, ഫുട്ബോളിനെ നെഞ്ചിലേറ്റി നടന്നൊരു ജനത, കാളപ്പൂട്ട്‌ മത്സരങ്ങള്‍ക്ക് പേര് കേട്ട നാട്. തടി വ്യവസായവും കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന തൊഴില്‍മേഖല. പ്രസിദ്ധമായൊരു ഞായറാഴ്ച ചന്തയും ഉണ്ടായിരുന്നു പണ്ട്. പക്ഷെ ഞങ്ങളുടെയൊക്കെ തലമുറകള്‍ക്ക് ബാക്കിവെച്ചത് കുറെ ഓര്‍മ്മകള്‍ മാത്രം. പഴയ ആ പ്രതാപ കാലത്തിന്റെ ഒരു സിംബലും ബാക്കിയില്ല ഞങ്ങള്‍ക്ക് താലോലിക്കാന്‍ . കാലത്തിനൊത്ത്
കുറെയൊക്കെ ചെറുവാടിയും മാറി. പുതിയ റോഡുകള്‍ , സൗകര്യങ്ങള്‍. പക്ഷെ ഗ്രാമത്തനിമ വിട്ടുപോരാന്‍ കൂട്ടാക്കാത്ത ആ മനസ്സ് തന്നെയാണ് ഇന്നത്തെയും ചെറുവാടിയുടെ സൗന്ദര്യം.
പിന്നെ, അന്നും ഇന്നും നഷ്ടപ്പെടാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നൊരു മതസൗഹാര്‍ദ്ധത്തിന്റെ മുഖം. നൂറ്റാണ്ടിന്റെ പ്രൌഡിയുമായി പുതിയോത്ത് ജുമാ മസ്ജിദും പിന്നെ പറയങ്ങാട്ട് ക്ഷേത്രവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് കാണിക്കാത്ത ജനങ്ങള്‍. ആകെയുള്ള വിത്യസ്തത വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലകൊള്ളുന്നു എന്ന് മാത്രം. അവര്‍ക്ക് വേണ്ടി പരസ്പരം പോര്‍ വിളിക്കാം. പക്ഷെ, പിറ്റേന്ന് ഒന്നിച്ച്‌ പന്ത് കളിയും കഴിഞ്ഞു ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അലിഞ്ഞിരിക്കും ആ വിഷമവും.
എനിക്കെന്റെ നാടിനെ വല്ലാതെ നഷ്ടപ്പെടുന്നു. ചാലിയാറിനേയും ഇരുവഴിഞ്ഞിയെയും മാറി പ്രണയിച്ചുള്ള സായാഹ്നങ്ങള്‍, പച്ച വിരിഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളിലൂടെ നടന്ന്, തോടിന്റെ കൈവരിയിലിരുന്നു ചൂണ്ടയിട്ട്‌, കട്ടപ്പുറം പറമ്പില്‍ നിന്നും കണ്ണി മാങ്ങയും താഴെ പറമ്പീന്ന് ഇളം വെള്ളരിയും കട്ട് പറിച്ച് ,
കൂട്ടുകാരോടൊപ്പം ചുറ്റിനടന്ന ആ പഴയ ചെറുവാടിക്കാലവും നഷ്ടമായോ. ഇല്ല. തിരിച്ച്‌ നാട്ടിലെത്തുമ്പോള്‍ നമുക്കാ പഴയ ബാല്യം തിരിച്ചുനല്‍കുന്ന ഒരു മാന്ത്രിക ശക്തിയുണ്ട് എന്റെ ചെറുവാടിക്ക്.
കണ്ടോ. നാടിനെയും നാട്ടാരെയും പറ്റി പറയാന്‍ വന്നിട്ട്. ഞാന്‍ പതിവ് പോലെ അവസാനം ഇതൊരു പ്രവാസി നൊമ്പരമാകി അവസാനിപ്പിച്ചു. അതങ്ങിനെയേ വരൂ.


ചെറുവാടി ഫോട്ടോ ടൂര്‍
Tuesday, June 1, 2010

സന്തോഷത്തിന്റെ ഈ പത്ത് വര്‍ഷങ്ങള്‍.

വെള്ളിയാഴ്ചകളിലെ സായാഹ്നങ്ങള്‍ മറീന ബീച്ചിലാക്കുന്നത് കുട്ടികള്‍ക്ക് കളിക്കാന്‍ മാത്രമല്ല. പഴയ ആ ഷാര്‍ജ കോര്‍ണിഷിന്റെ ഒരു ചിത്രം എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ഇവിടെ. അതിലൂടെ സാധ്യമാകുന്നു , ഓര്‍മ്മകളും കഥകളും നിറയുന്നൊരു ഷാര്‍ജക്കാലം ഓര്‍മ്മവരും എനിക്ക്. ഷാര്‍ജ റോളയിലെ ലുലു സെന്ററിന് പിറകിലായി പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന സുന്ദരമായ കോര്‍ണിഷിനെ ചുറ്റിപ്പറ്റി കുറെ നിറമുള്ള ഓര്‍മ്മകളുണ്ടെനിക്ക്.കല്യാണം കഴിഞ്ഞു ഒരു മൂന്ന് വര്‍ഷത്തെ വിരഹത്തിന് ശേഷം ഹഫി എന്നോട് ചേര്‍ന്നതുമുതല്‍ ഞങ്ങള്‍ക്കൊഴിച്ച്കൂടാന്‍ പറ്റാത്തതാണ് ഇവിടത്തെ സായാഹ്നങ്ങള്‍. ഇവിടത്തെ കുളിര്‍ക്കാറ്റും കൊണ്ട് കുഞ്ഞോളങ്ങളെയും നോക്കി ഞങ്ങള്‍ കണ്ടും പറഞ്ഞും തീര്‍ത്ത കുറെ സ്വപ്നങ്ങളുണ്ട്. സ്നേഹത്തിന്റെ , ജീവിതത്തിന്റെ. ഒരു സൌഹൃദത്തിന്റെ മുഖമുണ്ട് ഇവിടത്തെ കാറ്റുകള്‍ക്ക്‌. ദുഃഖങ്ങളെ ഒപ്പിയെടുക്കുന്ന, സന്തോഷങ്ങളെ താലോലിക്കുന്ന നമ്മളാഗ്രഹിച്ചുപോകുന്ന ഒരു സ്പര്‍ശം.
പിന്നെ, ഞങ്ങളുടെ സന്തോഷത്തിലേക്ക് ഒരു മകളും പിറന്നുവീണു. പിന്നെ അവളോടൊത്തായി ഇവിടത്തെ സായാഹ്നങ്ങള്‍. വല്യുമ്മയുടെ മടിയില്‍ നാടന്‍ കാറ്റും കൊണ്ട് ഉറങ്ങുന്നതിനു പകരം, ഞങ്ങളുടെ മടിയില്‍ കാരക്ക കാറ്റും കൊണ്ട് അവളുറങ്ങി. ഒരു ദിവസം ഇവിടെ വന്നില്ലെങ്കില്‍ "കൊനിസില്‍ പോവ്വാ " എന്ന് അവള്‍ ചോദിക്കാന്‍ തുടങ്ങിയൊരു കാലം ഞങ്ങള്‍ ഇവിടെ ബഹ്റൈനില്‍ എത്തി. ഇന്ന് ആ പഴയ ഷാര്‍ജ്ജ കാലവും ഓര്‍ത്ത് ഈ ബഹ്‌റൈന്‍ ബീച്ചിലെ പുല്‍ത്തകിടികളില്‍ ഞങ്ങളിരിക്കുമ്പോള്‍, അപ്പുറത്ത് കുഞ്ഞനിയനെയും പിടിച്ചു അവള്‍ വല്ലിത്ത കളിക്കുന്നു. സ്നേഹത്തിന്റെ സുഗന്തം വിരിഞ്ഞ ആ ഷാര്‍ജ്ജ സായാഹ്നങ്ങളെ വിട്ട് ഇന്നീ ബഹ്റൈനില്‍ എത്തിയിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന ഓര്‍മ്മപെടുത്തലോടെ മെയ്‌ മാസം മറഞ്ഞു.
എന്നാല്‍, പുതിയ മാസം വിരിയുന്നത് മറ്റൊരു സന്തോഷത്തിലേക്കാണ് . ജൂണിലെ ഒരു ചാറ്റല്‍ മഴയില്‍ ഒന്നായി ചേര്‍ന്നു തുടങ്ങിയൊരു യാത്ര. . എന്നോടൊപ്പം , എന്റെ ദുഃഖങ്ങളില്‍ കൂടെനില്‍ക്കാന്‍ , സന്തോഷങ്ങളില്‍ കൂടെ ചിരിക്കാന്‍ , ഹഫി എന്റെ ജീവിതത്തിലേക്ക് കൂടി ചേര്‍ന്നിട്ട് പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഞാന്‍ ഭാഗ്യവാനാണ്. സ്വപ്നം കണ്ടൊരു ജീവിതം തന്നെയാണ് എനിക്ക്കിട്ടിയത്. എന്നെ മനസ്സിലാക്കുന്ന , എന്റെ ഇഷ്ടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന, എന്റെ അലസതകളെ കുത്തിനോവിപ്പിക്കുന്ന ഒരു പങ്കാളി. ആ സാന്നിധ്യത്തെ ഒരനുഗ്രഹമായി ഞാന് കാണുന്നെങ്കില്‍ നന്ദി പറയുന്നത് സര്‍വ്വ ശക്തനോടാണ്. ഒരു പെണ്‍കുട്ടിയും (ഹൈഫ ജാന്‍ ) ഒരു ആണ്‍കുട്ടിയും ( സുമാന്‍ അഹമ്മദ്‌ ) ചേര്‍ന്നൊരു ഞങ്ങളുടെ ലോകം. എല്ലാ പ്രഭാതങ്ങളും സന്തോഷത്തിന്റെതാണ്. മാതൃകയായി എന്റെ ഉപ്പയുടെയും ഉമ്മയുടെയും ജീവിതം മുമ്പിലുള്ളിടത്തോളം കാലം അതങ്ങനെതന്നെയായിരിക്കും. പൊട്ടലും ചീറ്റലും ഇല്ലെന്നല്ല. പക്ഷെ കൂടുതല്‍ നന്നായി സ്നേഹിക്കാനും മനസ്സിലാക്കാനും സഹായകമാവുന്ന ഏതോ ഒരു കണ്ണി അതിനിടയിലും കാണും. അതുകൊണ്ട് തന്നെ, അതൊരു അനിവാര്യത ആണെന്ന് ഞാന്‍ പറഞ്ഞാല്‍ അതിശയോക്തി ആവില്ല.
സന്തോഷത്തിന്റെ ഈ പത്താം വര്‍ഷത്തില്‍ ഞാന്‍ സ്വാര്‍ത്ഥനാകുന്നില്ല. ഈ സന്തോഷം നിങ്ങളോട് പങ്കുവെക്കുന്നതോടൊപ്പം ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. സ്വപ്നസുന്ദരമായ ഒരു ജീവിതം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന്.