Wednesday, January 1, 2020

ഫോസിലുകൾ കഥപറയുന്ന നഗരം

ഉച്ചയോടെയാണ് റോമിലെത്തിയത്. ലിയോണാർഡോ ഡാവിഞ്ചി വിമാനത്താവളത്തിൽനിന്നും  ഒരു മണിക്കൂർ യാത്രയുണ്ട് ഞങ്ങൾക്ക് താമസിക്കേണ്ട  പോജ്ജോ വേർഡേ  ഹോട്ടലിലേക്ക്. നഗരത്തിന്റെ  തിരക്കിൽ നിന്നും മാറി തികച്ചും ഗ്രാമീണ അന്തരീക്ഷമുള്ളൊരു സ്ഥലത്താണ് ഹോട്ടൽ. സീസണല്ലാത്തതുകൊണ്ടാവണം പൊതുവേ താമസക്കാർ കുറവാണിപ്പോൾ. പ്രസന്നമായ   അന്തരീക്ഷമാണ് ഹോട്ടലിന് ചുറ്റും.വലിയ മരങ്ങളും പൂക്കളും ചെടികളുമൊക്കെ നിറഞ്ഞ ചുറ്റുവട്ടം  കാടരുകിലെ  വീടുകളെ ഓർമ്മിപ്പിച്ചു . യാത്രകളിൽ നമ്മൾ  താമസിക്കുന്ന ഇടങ്ങളോട് വൈകാരികമായ ഒരടുപ്പം സ്ഥാപിച്ചെടുക്കാൻ ഇത്തരം പരിസരങ്ങൾ ഏറെ സഹായിക്കും. ഒഴിഞ്ഞു പോവുമ്പോൾ ഹൃദയത്തിൽ സങ്കടം നിറയും. പലയിടങ്ങളിലും ഞാനത്  അനുഭവിച്ചതാണ് . ഓരോ  യാത്രക്ക് ശേഷവും തങ്ങിയ വഴിയമ്പലങ്ങളെ  കുറിച്ചോർക്കുമ്പോൾ അവയെല്ലാം "ഞാനല്ലേ നിനക്കേറ്റവും പ്രിയപ്പെട്ടത് "എന്നോർമ്മിപ്പിച്ചുകൊണ്ട് വാതിൽ തുറന്നുനിൽക്കും. രണ്ടുദിവസം ഞങ്ങൾക്കിവിടെ  താമസിക്കേണ്ടതുണ്ട്. സുഹൃത്തുക്കൾ  നാളത്തെ യാത്രപരിപാടികൾ  ആസൂത്രണം ചെയ്യുന്ന തിരക്കിലാണ് .

റോമിലെ  ആദ്യദിവസം പ്രത്യേകിച്ചൊരു പരിപാടിയും ചെയ്തിരുന്നില്ല . പെട്ടെന്നുണ്ടായൊരു തീരുമാനത്തിൽ ഞങ്ങൾ  ടൈബർ നദിക്കരയിലേക്ക്   നടന്നുതുടങ്ങി. ലോകത്തെ മിക്ക നാഗരികതകൾക്കും അവയുടെ  സാമൂഹ്യ സാംസ്കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്നൊരു നദിയുണ്ടാവും. മഹാ സാമ്രാജ്യമായിരുന്ന റോമിന്റെ ഉത്ഭവം തൊട്ട് ഇന്നേവരെയുള്ള ചരിത്രം ടൈബറിനോട് ചേർന്നാണ് നിൽക്കുന്നത് . യൂറോപ്പിലെ  മിക്ക നദികളുടെ തീരങ്ങളും വൈകുന്നേരങ്ങളിൽ വളരെ സജീവമായിരിക്കും.  സഞ്ചാരികൾ ഏറ്റവും കൂടുതലുണ്ടാവുന്ന സമയവും  അതാണ്. തെരുവ് ഗായകരും  മീൻപിടിക്കുന്നവരും  വഴിയോര മാന്ത്രികരുമൊക്കെയായി പുഴയരികിലെ സായാഹ്നങ്ങൾ ഏറെ രസകരമായിരിക്കും. ഞങ്ങൾ നിന്നിരുന്ന സ്ട്രീറ്റിൽ നിന്നും ടൈബറിലേക്ക് എട്ടുകിലോമീറ്ററോളം ദൂരം മാപ്പിൽ കാണിക്കുന്നുണ്ട്. ഏറേ ദൂരം നടന്ന് എത്തിപ്പെട്ടത് വിജനമായ ഒരിടത്താണ്. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളൊഴിച്ചാൽ  തീർത്തും ഒറ്റപ്പെട്ടതായിരുന്നു  പിന്നിട്ട വഴികളെല്ലാം. അടുത്തായി വില്ല ബൊണേലി എന്ന റെയിൽവേ സ്റ്റേഷൻ കണ്ടു. സബ്‌വേ കടന്നെത്തിയപ്പോൾ  തിരക്കൊഴിഞ്ഞ്, യാത്രക്കാരും  മറ്റു ബഹളങ്ങളുമൊന്നുമില്ലാത്ത  പ്ലാറ്റ്ഫോമിനടുത്തിരുന്ന് ഏതാനും ചെറുപ്പക്കാർ  മദ്യപിക്കുന്നുണ്ട്. ഇറ്റലിയിലേക്ക് പോവുമ്പോൾ തന്നെ പരിചയമുള്ളവർ പറഞ്ഞിരുന്ന കാര്യങ്ങളുണ്ട്. ശ്രദ്ധിക്കേണ്ട സ്ഥലമാണ്. പിടിച്ചുപറി കൂടുതലാണ് എന്നൊക്കെ. ആ ഒരു ഭയം ഇല്ലാതില്ല. പക്ഷേ അവർ ഉപദ്രവകാരികളായിരുന്നില്ല . വില്ല ബൊണേലി സ്റ്റേഷന് നിഗൂഢമായൊരു ഭംഗിയുണ്ട്. ഏതോ ഹോളിവുഡ് മാഫിയ ചിത്രത്തിൽ കണ്ടുമറന്നൊരു രംഗം പോലെ തോന്നി രാത്രിയിലെ  അവിടുത്തെ  അന്തരീക്ഷം .മങ്ങിയ നിയോൺ ബൾബിന് താഴെ, ഒറ്റയ്ക്കൊരു ദ്വീപ് പോലെ  സ്റ്റേഷൻ പാതിയുറക്കത്തിലാണ് . ഒട്ടും പരിചയമില്ലാത്തൊരു  നാട്ടിൽ ,അവിടെത്തന്നെ ഏറ്റവും വിദൂരമായ ഒരിടത്ത് , വരുംവരായ്മകളെ കുറിച്ച് ഒട്ടും ബോധവാനല്ലാതെയുള്ള ഈ ഇരുത്തമുണ്ടല്ലോ , അതിലെ ഭീതിയും ആകുലതയുമെല്ലാം എനിക്ക് വന്യമായ ഒരനുഭൂതി നൽകുന്നുണ്ട് . പണ്ടെങ്ങോ കണ്ടുമറന്ന  ദിവാസ്വപ്നങ്ങളിൽ ഇതുപോലൊരു സ്ഥലത്ത് ഞാൻ നിന്നിട്ടുണ്ട് . ഗൃഹാതുരത്വം നിറഞ്ഞ ആ  ചിന്തകളും  അഭൗമമായൊരാനന്ദവും കൂടിക്കുഴഞ്ഞ് അമൂർത്തമായൊരു  ലഹരിയിലേക്ക് എന്റെ മനസ്സ് പ്രവേശിച്ചു  . 
ടൈബർ നദി എത്തിയെന്ന്  ഗൂഗിൾ പറയുന്നുണ്ട് . നദിക്കു കുറുകെയുള്ള പാലങ്ങൾ ഇവിടെനിന്നും കാണാം . പക്ഷേ അവിടേക്കു കടക്കാനുള്ള വഴികൾ കാണുന്നില്ല . ഒരുപക്ഷെ  എന്തെങ്കിലും പ്രത്യേക സാഹചര്യം കാരണം ആ വഴികൾ അടച്ചിരിക്കാം . ഗൂഗിൾ മാപ്പ് ആശ്രയിച്ചുള്ള  ശ്രമങ്ങൾ ചിലപ്പോൾ ഇങ്ങനെ അന്തമില്ലാതെ അവസാനിക്കാറുണ്ട്.  ഞങ്ങൾക്ക് മുന്നിലൂടെ  രണ്ട്  മൂന്ന് ട്രെയിനുകൾ നിർത്താതെ കുതിച്ചുപാഞ്ഞു.  പിടിതരാതെ  ഒഴുകുന്ന ടൈബറിൽ  നിന്നാവണം ,  തണുത്തൊരു  കാറ്റ് വന്ന് മരങ്ങളെ പൊതിഞ്ഞു . ചില്ലകളും കാറ്റും ചേർന്നപ്പോഴുണ്ടായ  പശ്ചാത്തല സംഗീതത്തിന് ഒരു ഹൊറർ മൂഡുണ്ടായിരുന്നു . നേരിയ ഭയം ഞങ്ങളിലേക്ക് വീണ്ടും  പാളം കടന്നെത്തി.  

വീണ്ടും സബ്‌വേ  കടന്ന്  മറുവശത്തെ ബസ്സ് സ്റ്റോപ്പിലെത്തി . ടിക്കറ്റില്ലാതെ ബസ്സിൽ കയറാൻ പറ്റില്ലെന്ന് ഡ്രൈവർ പറഞ്ഞു. പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾക്കുള്ള  ടിക്കറ്റുകൾ നേരത്തെതന്നെ വാങ്ങിവെക്കേണ്ടതുണ്ട് . റോമിലെ മിക്ക സൂപ്പർമാർക്കറ്റുകളിലും ബസ് ടിക്കറ്റുകൾ ലഭ്യമാണ്. താമസിക്കുന്ന ഹോട്ടലിലെ ജോലിക്കാർ ഞങ്ങളെ അക്കാര്യം  ഓർമ്മിപ്പിക്കുകയും  ചെയ്തതാണ്. ഏതായാലും, നിയമവിധേയം അല്ലെങ്കിലും നാട് കാണാൻ  വന്നവർ ബുദ്ധിമുട്ടരുത് എന്ന  ചിന്തയാലാവാം ,പിറകെ വന്നൊരു ബസ്സിലെ ഡ്രൈവർ ഞങ്ങളെ കയറ്റാൻ കാരുണ്യം കാട്ടി . ഇടക്കൊരു സ്റ്റോപ്പിൽ നിന്നും ഏതാനും മലയാളികൾ ബസ്സിൽ കയറി . ചെറിയ സമയത്തിനുള്ളിൽതന്നെ  ഞങ്ങൾക്കിടയിൽ ഊഷ്മളമായൊരു സൗഹൃദവലയം രൂപപ്പെട്ടു. കണ്ണൂരും കൊല്ലത്തും നിന്നും  ഇവിിടെയെത്തിയ ചെറുപ്പക്കാരാണവർ. സ്റ്റുഡൻസ് വിസയിലാണ് വന്നതെങ്കിലും ഏതു ജോലിയും ചെയ്യാൻ തയ്യാറുള്ളവർ. സ്ഥിരമായൊരു ജോലിയില്ലാതെ, ഓരോ ദിവസത്തേക്കുമുള്ള ജോലികൾ അവരെങ്ങനെ കണ്ടെത്തുന്നു എന്നത് എനിക്കൽപ്പം ആശ്ചര്യമുണ്ടാക്കി. ഞാനതവരോട് ചോദിക്കുകയും ചെയ്തു. എന്നുമില്ലെങ്കിലും  പ്ലംബിങ്ങും  ഹോം നഴ്‌സിങ്ങും ഗാർഡനിങ്ങുമൊക്കെയായി  മിക്കദിവസങ്ങളിലും തങ്ങൾക്ക്  ജോലിയുണ്ടാവാറുണ്ട് എന്നവർ പറഞ്ഞു . എനിക്കവരോട് തികഞ്ഞ ആദരവ് തോന്നി . ജന്മദേശത്തിൽ നിന്നും അന്യമായിരു  നാട്ടിലവർ അതിജീവനത്തിന്റെ പുഴ നീന്തിക്കടക്കുന്നുവരാണ് ! . വ്യത്യസ്ഥ മേഖലയിൽ, ജോലിയുടെ വലിപ്പവും ചെറുപ്പവും നോക്കാതെ തങ്ങൾക്കും ആശ്രിതർക്കും അന്നം കണ്ടെത്തുന്ന അവരുടെ അർപ്പണബുദ്ധിയെ മാനിക്കാതെ വയ്യ. ഞങ്ങളെ അവർ വീട്ടിലേക്ക് ക്ഷണിച്ചു . മോര് കറിയും കൂട്ടി ചോറ് തരാമെന്ന് പറഞ്ഞു. ആ ക്ഷണം സ്നേഹപൂർവ്വം നിരസിക്കേണ്ടി വന്നു, മോരുകറിയുടെ അന്തർദേശീയ മാനം രസകരം തന്നെ . 
 
ഞങ്ങളുടെ ഹോട്ടലിന് കുറച്ചകലേ വരേ  മാത്രമേ ആ ബസ്സിന്‌ സർവീസ് ഉണ്ടായിരുന്നുള്ളൂ. സ്ഥലമെത്തിയപ്പോൾ ഡ്രൈവറോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി. ഭക്ഷണം കഴിക്കാനായി തൊട്ടടുത്ത് തന്നെയുള്ള  ഇസ്‌താംബൂൾ കബാബ് എന്ന റെസ്റ്റോറന്റിലേക്ക് കയറി,  ചെറുതെങ്കിലും ഹൃദ്യമായ അന്തരീക്ഷവും രുചികരമായ  ഭക്ഷണവും . അധികം മെനുവൊന്നും പരതാതെ തന്നെ ഒർമൻ കെബാബിന് ഓർഡർ ചെയ്തു. തുർക്കിഷ് റെസ്റ്റോറന്റുകളിലെ പ്രിയപ്പെട്ട വിഭവമാണിത്. ബീഫിലും മട്ടനിലും ഇത് ലഭ്യമാണ്. യൂറോപ്പിലെ മിക്ക തുർക്കിഷ് ഹോട്ടലുകളിലും നല്ല തിരക്ക് കാണാറുണ്ട്. രുചിയിൽ വൈവിധ്യം തേടി പോകുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്   തുർക്കിഷ്  റസ്റ്റോറന്റുകൾ. നജ എന്ന അവിടുത്തെ പാചകക്കാരൻ മൂന്നുവർഷം ദുബായിൽ ജോലി ചെയ്തതാണ്.ഞങ്ങളും ദുബായിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ നജ വളരെ സന്തോഷവാനായി  .നജക്ക്  ദുബായ് ഓർമ്മകൾ പറയാൻ ആളെ കിട്ടിയപ്പോൾ വല്യ സന്തോഷമായി . ദുബായിലെ ഇഫ്താർ രാവുകളുടെ സൗന്ദര്യത്തെ കുറിച്ചാണ് നജ കൂടുതലും സംസാരിച്ചത്. ശരിയാണ്. അറേബ്യൻ നോമ്പ്കാലങ്ങൾ എനിക്കും ഏറ്റവും പ്രിയപ്പെട്ടതാണ് . അസ്തമയത്തോട് അടുക്കുമ്പോഴത്തെ മാനവും നിലാവ് പരക്കുന്ന രാത്രികളും ഇത്രത്തോളം മനോഹരമായി മറ്റൊരു സമയത്തും തോന്നാറില്ല.  നോമ്പ്കാലത്ത് ഓരോ മുക്കിലും മൂലയിലും ഉയരുന്ന ഇഫ്താർ ടെന്റുകൾ . അതിന്റെ വാതിലുകൾ  തുറന്നുകിടക്കുന്നത് വിശക്കുന്നവരുടെ ഹൃദയത്തിലേക്ക് കൂടിയാണ് .

തിരിച്ച് ഹോട്ടലിലേക്ക്  അഞ്ചുകിലോമീറ്ററുണ്ട്. ഞങ്ങൾ നടക്കാൻ തീരുമാനിച്ചു .കോർവിയാലേ സ്ട്രീറ്റിലൂടെയുള്ള രാത്രിയിലെ സഞ്ചാരം  ഹൃദ്യമായ അനുഭവമായിരുന്നു. രാത്രി പത്തുമണി കഴിഞ്ഞത് കൊണ്ടാവണം, റോഡിൽ  യാത്രക്കാരും വാഹനങ്ങളും വളരെക്കുറവാണ് . ഈ തണുത്ത രാവിൽ റോമ സാമ്രാജ്യത്തിലെ വിശാലമായ തെരുവുകളൊന്നിലൂടെ  ഞങ്ങൾ മൂന്ന് ഇന്ത്യക്കാർ  ഒരിക്കലും മരിക്കാത്ത ചരിത്രത്തിന്റെ സ്പന്ദനങ്ങളറിഞ്ഞു നടക്കുകയാണ് . എത്രയോ നൂറ്റാണ്ടുകൾക്ക്  മുന്നെ പടർന്ന് പന്തലിച്ചു ,പിന്നെ മണ്ണടിഞ്ഞ നാഗരികതയാണെങ്കിലും , റോമിലൂടെ ' ഇങ്ങനെ  നടക്കുമ്പോൾ മറ്റേത് ചിന്തകൾക്കാണ്  നമ്മെ ഇതിലേറെ ഉത്തേജിപ്പിക്കാൻ  കഴിയുക .  മരങ്ങൾക്കിടയിലൂടെ ഇരുളും വെളിച്ചവും മാറിമാറി വരുന്നു .  നിശ്ശബ്ദത വിതാനിച്ച വെള്ളിത്തിരയിൽ വെസ്പാസിയാനും അഗസ്തസ് സീസറും  മാർക്ക് ആന്റണിയും ക്ലിയോപാട്രയുയും അവരുടെ പരിവാരങ്ങളും അകമ്പടിക്കാരും പലവട്ടം  വന്നു പോയി  . നീറോയും പ്രിയപ്പെട്ട അടിമ ക്ലോഡിയയും ചേർന്നു വായിച്ച അക്കോഡിയൻ വാദനം കേട്ടു. റോമാ നഗരത്തിലെ തെരുവുകളത്രയും ചാമ്പലാക്കിയ അഗ്നിനാളങ്ങൾ ഞങ്ങളെ പൊള്ളിച്ചു. ക്ലിയോപാട്രയുടെ  വന്യസൗന്ദര്യം കണ്ട് ഞങ്ങൾ മയങ്ങിപ്പോയി . രണഭേരികളും അട്ടഹാസങ്ങളുമായി ദിക്കൊക്കെയും  കീഴടക്കാൻ തുനിഞ്ഞ ജൂലിയസ് സീസറുടെ പ്രയാണം ചക്രവാളങ്ങളെപ്പോലും  പ്രകമ്പനം  കൊള്ളിച്ചു. പെട്ടെന്നൊരു മൂകത . അകലെ കൊളോസിയത്തിൽ ഒരു  ഗ്ലാഡിയേറ്റർ പൊരുതിവീണെന്ന് തോന്നുന്നു . ഞങ്ങളെത്തുമ്പോൾ പോജ്ജോ വേർഡേയിലെ വിളക്കുകളണഞ്ഞിട്ട് നേരമേറെയായിരുന്നു . കൊളോസിയത്തിലേക്ക് 

കൊളോസിയത്തിന്റെ  അകത്തേക്ക് കടക്കാൻ നീണ്ട വരികളാണ് . വെയിലിന് സാമാന്യം നല്ല ചൂടുണ്ട്. സെക്യൂരിറ്റി ചെക്കിങ്ങിന് സമയമെടുക്കുന്നുവെന്ന് ആരൊക്കെയോ പിറുപിറുക്കുന്നുണ്ട്. ചുറ്റും ലോകാത്ഭുതത്തെ ക്യാമറയിൽ   പകർത്തുന്നവർ , ഗ്ലാഡിയേറ്റർ വേഷത്തിൽ ഫോട്ടോ എടുക്കുന്നവർ , കച്ചവടക്കാർ . വെള്ളവും ചെറിയ അലങ്കാര വസ്തുക്കളും  വിൽക്കുന്നവരിൽ കൂടുതലും ബംഗ്ളാദേശുകാരും ആഫ്രിക്കക്കാരുമാണ്  . കർഷക വിസയിലാണ് വന്നത് എന്ന് ഞാൻ പരിചയപ്പെട്ട ഒരു ബംഗ്ളാദേശി പറഞ്ഞു . കൂടുതൽ സംസാരിക്കാൻ അയാൾക്ക് താല്പര്യമില്ലാത്ത പോലെ.  സെക്യൂരിറ്റി ചെക്കിങ്ങും കടന്ന് ഉള്ളിൽ കയറിയപ്പോൾ പുറത്തെ കാത്തുനിൽപ്പ് ഒരു മണിക്കൂറിൽ കൂടുതലായിരിക്കുന്നു   കൊളോസിയത്തിലെ കരിങ്കൽ തൂണുകൾക്ക് ഒളി ചിന്നിയൊടുങ്ങിയ ഒരു ഭൂതകാലത്തിന്റെ  തണുപ്പുണ്ട് .  

AD 80-   ലാണ് കൊളോസിയം നിർമ്മാണം ആരംഭിക്കുന്നത് . വെസ്പസിയൻ ചക്രവർത്തിയിലൂടെ തുടങ്ങി , തുടർന്ന വന്ന ടൈറ്റസിലൂടെയാണ് നിർമ്മാണം പൂർത്തിയാവുന്നത് . ഒട്ടുമിക്ക ചരിത്രസ്മാരകങ്ങളുടെ നിർമ്മിതിക്ക് പിറകിലും വേദനിപ്പിക്കുന്ന ഒരദ്ധ്യായമുണ്ടാവും. രാജവംശങ്ങളുടെ പ്രതാപം വിളിച്ചറിയിക്കുന്ന കോട്ട കൊത്തളങ്ങളുടെ തകരാത്ത ചുവരുകളുടെ  ഉറപ്പ്  , അതിന്റെ നിർമ്മിതിയിൽ ഒഴുകിയ  തൊഴിലാളികളുടെ കണ്ണീരും രക്തവും കൂടിക്കുഴഞ്ഞ  മിശ്രണങ്ങളാലാവണം .   അവരൊഴുക്കിയ  കണ്ണീരിൽ കുതിർത്തും, കുത്തിയും ചവിട്ടിയും പട്ടിണിക്കിട്ടുമാണ് ആ മണിമന്ദിരങ്ങൾ ഒക്കെയും പണിതുയർത്തിയത് . അടിച്ചമർത്തപ്പെട്ട പണിക്കാരുടെ   വേദനയുടെ പങ്കും അനുഭവിച്ചുകൊണ്ടുകൂടിയാവണം  അത്തരം  ചരിത്രസ്മാരകങ്ങൾ  നോക്കിക്കാണേണ്ടത്. അല്ലെങ്കിലത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. 
കൊളോസിയത്തിന്റെ ചരിത്രവും മറ്റൊന്നല്ല. മൂന്നു നിലകളായാണ് ഇതിന്റെ നിർമ്മാണം . മാർബിളും ചുണ്ണാമ്പ് കല്ലുകളും ഉപയോഗിച്ചാണ് പണിതീർത്തിട്ടുള്ളത് . കൊളോസിയത്തിനകത്ത് അമ്പതിനായിരത്തിൽ കൂടുതൽ കാണികളെ  ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു എന്നാണ് പറയുന്നത് .  ഇതിന്റെ മാതൃകയിലാണ് പിന്നീട് പല ഫുട്ബാൾ മൈതാനങ്ങളും നിർമ്മിച്ചിരിക്കുന്നത് . ഭൂകമ്പങ്ങളും തീപ്പിടുത്തവും കൊളോസിയത്തിന് നിരവധി കേടുപാടുകൾ വരുത്തിയിട്ടുണ്ട്. വെസ്‌പിയാസിനും ടൈറ്റസിനും ശേഷം വന്ന ഭരണാധികാരികൾ കൊളോസിയത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട് എന്ന് പറയുന്നുണ്ട് . എന്നിരുന്നാലും  മൂലഘടനയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല .  റോമൻ ചക്രവർത്തിമാരുടെ സുഖലോലുപതയെ  മറച്ചുപിടിക്കാൻ , ജനങ്ങൾക്ക് വിനോദം നൽകി അവരുടെ ശ്രദ്ധ തിരിക്കുക എന്നൊരു സമീപനത്തിന്റെ ഭാഗമായാണ് കൊളോസിയം നിർമ്മിച്ചത് എന്ന് എവിടെയോ വായിച്ചതോർക്കുന്നു . മല്ലയുദ്ധങ്ങളിൽ ഏർപ്പെടുന്ന യുദ്ധത്തടവുകാരും  മറ്റുകുറ്റവാളികളും  താമസിക്കുകയും പരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തിരുന്ന ഇടുങ്ങിയ അറകൾ കൊളോസിയത്തിന് അടുത്തായി ഉണ്ട്. ഇപ്പോൾ  പ്രവേശനം നിരോധിച്ച് അവയെല്ലാം  അടച്ചുപൂട്ടിയിട്ടുണ്ട് . കാലം അടയാളപ്പെടുത്തിയ അനവധി മുറിപ്പാടുകൾ ഉണ്ടെങ്കിലും കൊളോസിയം ഇന്നും റോമൻ മഹാരാജ്യത്തിന്റെ അഭിമാനസ്തംഭമായി തലയുയർത്തിനിൽക്കുന്നുണ്ട് .  നിർമ്മാണത്തിലും അതിനു ശേഷവും കാലം ഒരിക്കലും മാപ്പ് നൽകാത്ത ഒരു പിടി ക്രൂരതകളുടെ സ്മാരകമാണിത്. എത്രയെത്ര മനുഷ്യരുടെ , മൃഗങ്ങളുടെ ചോരചിന്തിയ അകത്തളങ്ങളാണിത് . ലക്ഷക്കണക്കിന് മനുഷ്യരും മൃഗങ്ങളും വിനോദത്തിനായി ഇവിടെ കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.. പിൽക്കാലങ്ങളിൽ നാടകങ്ങളും മറ്റു സാംസ്കാരിക പരിപാടികൾക്കും കൊളോസിയത്തിൽ നടന്നിരുന്നു എന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ചരിത്രം കൂടുതൽ ചേർന്നുനിൽക്കുന്നത് മല്ലയുദ്ധങ്ങളുമായി ബന്ധപ്പെട്ടാണ് . അനേകം കവാടങ്ങളും ജനാലകളും , കൂടെ പോരാട്ടങ്ങളിൽ പങ്കെടുക്കുന്നവർക്ക് കടന്നുവരാനായി തയ്യാറാക്കിയിരുന്നു പ്രത്യേക വഴികളും കാണുന്നുണ്ട് . മൂന്നുനിലകളിൽ സമൂഹത്തിലെ സ്റ്റാറ്റസുകൾക്കനുസരിച്ച് തിരിച്ചിരിക്കുന്ന  ഇരിപ്പിടങ്ങൾ  കാണാം . രാജാക്കന്മാർക്ക് , അവരോട് ഏറ്റവും അടുത്ത് നിൽക്കുന്നവർക്ക് , സ്ത്രീകൾക്ക് , പൊതുജനങ്ങൾക്ക്, അടിമകൾക്ക്‌   എല്ലാം പ്രത്യേകം ഗാലറികളുണ്ട് . രാജാക്കന്മാർ ഇരുന്നിരുന്ന മാർബിൾ കൊണ്ടുള്ള വി വി ഐ പി സീറ്റുകൾ  ചെറിയ കേടുപാടുകളോടെ  ഇപ്പോഴുമുണ്ട് . ഇവിടിരുന്നാണ് ഗ്ലാഡിയേറ്റർ പോരാട്ടങ്ങളിൽ അവർ ആരവങ്ങൾ മുഴക്കിയിരുന്നത്  , ഇതിൽ കയറിനിന്നാവണം "കൊല്ലവനെ" എന്നവർ  ആർത്തുവിളിച്ചിരുന്നത്  .  ആംഫി തീയേറ്ററിൽ  (കൊളോസിയത്തിന്റെ ആദ്യത്തെ പേര്) അമ്പതിനായിരത്തിനപ്പുറം  കാണികളുടെ ആരവങ്ങൾക്കിടയിൽ , പിടഞ്ഞുവീഴുന്ന ഗ്ലാഡിയേറ്ററുകളുടെ  രോദനം ഇപ്പോഴും അവിടെ മുഴങ്ങിനിൽക്കുന്നപോലെ . വേദനിപ്പിക്കുന്ന  ഈ സത്യങ്ങളെ അവഗണിച്ചുകൊണ്ട് ഒരിക്കലും കൊളോസിയത്തിന്റെ കാഴ്ചകൾ പൂർത്തിയാവുകയില്ല. "Smell of Blood ". ഞങ്ങളുടെ കൂടെയുണ്ടായിരുന്ന  എമിലി ആ അന്തരീക്ഷത്തിന് അടിക്കുറിപ്പെഴുതി  . അമേരിക്കക്കാരിയായ എമിലി സോളോ ട്രാവലറാണ് . വീടുവിട്ടിറങ്ങിയിട്ട് ഒരു മാസമായി . പത്തോളം യൂറോപ്പ്യൻ രാജ്യങ്ങൾ കറങ്ങി ഇറ്റലിയിൽ എത്തിനിൽക്കുന്നു . നാളെ വത്തിക്കാൻ സന്ദർശിച്ചു യു എസ്സിലേക്ക് തിരിച്ചു പോവും .

കൊളോസിയത്തിന് ചുറ്റും ചരിത്രം  ക്ലാവ് പിടിച്ചു നിൽക്കുകയാണ്. എത്രയോ പൗരാണികമായ  നഗരമാണ് റോം . യൂറോപ്പും ഏഷ്യയും ആഫ്രിക്കയും വരേ  കുടക്കീഴിലായിരുന്ന  ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം . ഇന്നും ലോകമെങ്ങുമുള്ള വിദ്യാർത്ഥികളുടെ  ഇഷ്ടവിഷയമാണ് റോമൻ ചരിത്രം .ലോകം അടക്കിവാണവരുടെയും മിത്തുകളുടെയും ജന്മഭൂമിയാണിവിടം !. വായിച്ചാലും  കേട്ടാലും അറിഞ്ഞാലും തീരാത്ത കൗതുകങ്ങൾ. ചുറ്റും ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ് . ഇവിടെ കാണുന്നതും കേൾക്കുന്നതും മണക്കുന്നതും അനുഭവിക്കുന്നതുമെല്ലാം ചരിത്രമാണ് . പുറത്ത് വീനസ് ക്ഷേത്രമുണ്ട് .  ഒരു കാലത്ത് റോമിലെ  ഏറ്റവും വലിയ  കെട്ടിടങ്ങളിലൊന്നായിരുന്നു  ഇത് .     ഒരു വശത്ത് ഫോറം ഓഫ് പീസും (സമാധാനത്തിന്റെ ക്ഷേത്രം)  മറുവശത്ത് വെസ്പാസിയാൻ  ക്ഷേത്രവും കാണാം. വെസ്പാസിയാൻ ചക്രവർത്തിയുടെ ഓർമ്മക്കായാണ് ഇത് സ്ഥാപിച്ചത് . റോമിലെ  പല ചക്രവർത്തിമാരുടെ പേരിലും  ഇത്തരം കുടീരങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് . റോമിന്റെ ഹൃദയഭാഗമാണിത് . ചുറ്റും   മണ്മറഞ്ഞുപോയൊരു   നാഗരികതയുടെ ഫോസിലുകൾ ചരിത്രവായനക്കായി മുന്നിൽനിൽക്കുന്നു . പതിനഞ്ചാം നൂറ്റാണ്ടിൽ നിന്നും തലയുയർത്തി നിൽക്കുന്ന ഫോറം ഓഫ് പീസ് . യുദ്ധവിജയങ്ങളുടെയും റോമൻ അധീശത്തിന്റെയും ഓർമ്മക്കായി AD 75 ൽ വെസ്പാസിയാൻ നിർമ്മിച്ചതാണിത് .  ചെറിയ മിനുക്കുപണികളോടെ പുനഃസ്ഥാപിക്കപ്പെട്ടവയാണ് ഇതിന്റെ കരിങ്കൽത്തൂണുകൾ. കാലങ്ങളെയും ഋതുക്കളെയും അതിജീവിച്ച  ആ തൂണുകൾക്ക്, റോമൻ സാമ്രാജ്യത്തിന്റെ ഉദയാസ്തമയങ്ങളുടെ ധാരാളം  കഥകൾ പറയാനുണ്ടാവും . എന്നും റോമിലെ തണുത്ത   രാത്രിയുടെ നിഗൂഢതയിൽ വന്ന് ആ കരിങ്കൽത്തൂണുകളോട് ചേർന്നിരിക്കാൻ തോന്നുന്നു .  ഞങ്ങൾക്ക് വത്തിക്കാനിലേക്ക് ഇന്നുതന്നെ പോവേണ്ടതുണ്ട് . കൊളോസിയത്തിന് പുറത്തെ മരത്തണലിൽ എല്ലാവരും ഒത്തുകൂടി. നേരത്തെ ബുക്ക് ചെയ്ത ഞങ്ങൾ പതിനഞ്ചോളം  വരുന്ന സംഘത്തിലെ ഒരാളാണ് എമിലി . പിന്നെ കാനഡയിൽ സെറ്റിലായ  ഫിലിപ്പൈൻ ഫാമിലി മൈക്കും  ഡോണയും അവരുടെ മകനും, അയർലണ്ട്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ചെറുസംഘം.  ഞങ്ങളെ ഒരു കുടുംബം പോലെ നിർത്തുന്നതിൽ ലിസ എന്ന  ഗൈഡിന് നല്ല പങ്കുണ്ട് . ഇനി ഏതെങ്കിലുമൊരു ലോകാത്ഭുത കാഴ്ചകളുടെ പരിസരത്ത് നമുക്ക് കണ്ടുമുട്ടാം എന്നാശംസിച്ച എമിലിയോട്, എങ്കിലത്‌ താജ്മഹലാവട്ടെ എന്ന് ഞാൻ പറഞ്ഞു. എമിലിയുടെ യാത്രാ സ്വപ്നങ്ങളിൽ ഇന്ത്യ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരത്തെ , ചരിത്രകൗതുകങ്ങളെ , രുചിയെ എല്ലാം അടുത്തറിയണം എന്ന മോഹവും അവർ പങ്കുവെച്ചു .ഹൃദയത്തിൽ യാത്രാസ്വപ്നങ്ങളുടെ  വിത്ത് വിതച്ചവർ അതുമുളക്കുന്ന ഋതുക്കളും കാത്തിരിക്കും. ഇന്ത്യ അവർക്ക് വൈവിധ്യങ്ങളുടെ വർണ്ണക്കാഴ്ചകളൊരുക്കട്ടെ. ഏതാനും മണിക്കൂറുകളേ ഒത്ത്  ചെലവഴിച്ചുള്ളൂ എങ്കിലും അവരെ  പിരിയുമ്പോൾ ചെറുതല്ലാത്ത സങ്കടമുണ്ട്. മൈക്കും കുടുംബവും ഞങ്ങളോടൊപ്പം  വത്തിക്കാനിലേക്ക് പോന്നു .വത്തിക്കാനിലേക്ക് . 

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേതെന്ന സ്‌കൂളിലെ ഒരുമാർക്ക് ചോദ്യത്തിന് നേരെ എഴുതിയ "വത്തിക്കാൻ" എന്ന ഉത്തരത്തിലാണ്  ഞങ്ങളിപ്പോൾ .വെയിലാറിത്തുടങ്ങുന്ന  ഈ വൈകുന്നേരത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശാലമായ മൈതാനത്ത് ഒരു വിളക്ക്കാലിന് ചുവട്ടിൽ കുറച്ച് നേരമിരുന്നു . ദർശനപുണ്യം  തേടിവരുന്ന അനേകമായിരങ്ങളുടെ മുഖങ്ങളിലൂടെ വത്തിക്കാനെ നോക്കിക്കണ്ടു . സഞ്ചാരികൾക്കും ഭക്തർക്കും വ്യത്യസ്ത ഭാവങ്ങളാണ് .  വിവിധ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യർ  ചേർന്ന്  ഈ മൈതാനം  ലോകത്തിന്റെ ഭൂപടമായി മാറിയിട്ടുണ്ട് . ഞങ്ങൾ സിസ്റ്റൈൻ ചാപ്പലിന്റെ ഉള്ളിലേക്ക് കയറി .എല്ലാവരും അച്ചടക്കത്തോടെ  നിശബ്ദമായി നീങ്ങുന്നു . അത്രക്കും പവിത്രമായാണ് ലോകമെങ്ങുമുള്ള വിശ്വാസികൾ ഈയിടം കാണുന്നത് . മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന പാപ്പൽ എൻക്ലേവ് നടക്കുന്നത് ഇവിടെവെച്ചാണ് . പോപ്പിനെ തിരഞ്ഞെടുപ്പിനെ പറ്റി  അറിയാൻ  ലോകം കൗതുകപൂർവ്വവും വിശ്വാസികൾ ആകാംക്ഷയോടും നോക്കുന്ന കറുത്ത പുകയും വെളുത്തപുകയും വരുന്ന പുകക്കുഴലുകളും ഞങ്ങൾ കണ്ടു. ആ തിരഞ്ഞെടുപ്പിന്റെ രീതി അതാണ്. ആശയ വിനിമയ സാദ്ധ്യതകൾ ഏറെച്ചുരുക്കമായിരുന്ന കാലത്ത് പുറം ലോകവുമായി സംവേദിക്കുന്നതിന് കണ്ടെത്തിയ  പരമ്പരാഗത മാർഗം .   
  സിസ്റ്റൈൻ ചാപലിന്റെ ഭക്തിസാന്ദ്രമായ അകത്തളങ്ങളിൽ   വിശ്വാസികൾ പ്രാർത്ഥനാനിരതരാണ് . ഇതിന്റെ മച്ചിലാണ്  മൈക്കലാഞ്ചലോ വിസ്മയങ്ങൾ വരച്ചിട്ടത് . പതിനഞ്ചാം നൂറ്റാണ്ടിൽ ആ  അതുല്യ പ്രതിഭ വരച്ചിട്ട ചിത്രങ്ങൾ  കാലാതീതമായി ഇന്നും നില നിൽക്കുന്നു. ഉത്പത്തിയുടെ  നാൾവഴികളാണ് ആ ചിത്രങ്ങളിൽ പറയുന്നത് . മൂന്നു ഘട്ടമായി ഒമ്പതു ചിത്രങ്ങൾ . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആദമിന്റെയും ഹവ്വയുടെയും പിറവിയും അന്ത്യവിധിയും  നോഹയുടെ കാലഘട്ടത്തിലെ മഹാപ്രളയവുമാണ്. മൈക്കലാഞ്ചലോയുടെ തന്നെ പ്രസിദ്ധമായ  പിയേത്ത എന്ന ശിൽപമുണ്ട്. കുരിശിൽ നിന്നിറക്കിയ യേശുവിനെ  കന്യാമറിയം തന്റെ മടിയിൽ  കിടത്തിയ രൂപത്തിലാണ് ശിൽപം  നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ  തന്നെ ഏറ്റവും മികച്ച ശില്പങ്ങളിൽ ഒന്നാണല്ലോ പിയേത്ത . സമകാലികരായ നിരവധി  കലാകാരന്മാരുടെ സൃഷ്ടികളും  ഇതിന്റെ ഭാഗമായി തന്നെയുണ്ട്.  റോമൻ കത്തോലിക്കാരുടെ പുണ്യ കേന്ദ്രം എന്നതിനൊപ്പം തന്നെ മൈക്കലാഞ്ചലോയും റാഫേലും അടങ്ങിയ പ്രതിഭകളുടെ സ്മാരകമ്യൂസിയം കൂടിയാണിത്. ഭക്തർക്ക് ദൈവികമായൊരു നിർവൃതിയും  സഞ്ചാരികൾക്ക് അത്ഭുതലോകവുമാണ് ബസിലിക്കയും സിസ്റ്റൈൻ ചാപ്പലും പരിസരവുമെല്ലാം പ്രദാനം ചെയ്യുന്നത്.  അത്രക്കും അമൂല്യമായ കലാവിരുതുകളുടെ സമ്മേളനമാണ് അകത്തളങ്ങളിൽ . ബസിലിക്കയുടെ  മുൻവശത്ത്  ധാരാളം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെവെച്ചാണ്  മാർപ്പാപ്പ വിശ്വാസികളോട് സംസാരിക്കുന്നത്. സമാധാനവും സ്നേഹവും നിറഞ്ഞൊരു ലോകത്തെ കുറിച്ച് പറയുന്നത്. പുറത്തിറങ്ങിയപ്പോൾ  മൈക്കിനെയും കുടുംബത്തേയും വീണ്ടും കണ്ടുമുട്ടി. അവർ നാളെ കാനഡയിലേക്ക് തിരിച്ചുപോകുകയാണ്.


നേരമിരുട്ടിത്തുടങ്ങിയിട്ടുണ്ട്. റോഡരികിൽ   നിറയെ ഇറ്റാലിയൻ റെസ്റ്റോറന്റുകളാണ്. പുറത്തുള്ള സീറ്റിലിരുന്നാൽ ഇരുട്ടിലേക്ക് പ്രവേശിക്കുന്ന തെരുവിനെ കാണാം. ഞങ്ങൾ നോക്കി (Gnocchi )പാസ്തക്ക് ഓർഡർ ചെയ്തു. പാസ്തയുടെ ജന്മസ്ഥലം തന്നെ ഇറ്റലിയാണല്ലോ. ഉരുളക്കിഴങ്ങും  മുട്ടയും  വെജിറ്റബിൾസും സോസും ചേർന്ന രുചികരമായ പാസ്ത.  രുചികരമായ വത്തിക്കാൻ ഡിന്നറും കഴിഞ്ഞ് വീണ്ടും റോമാ മഹാരാജ്യത്തിലേക്ക് പ്രവേശിച്ചപ്പോൾ തൊട്ടു മുന്നിലൂടെ ടൈബർ നദി ഒഴുകുന്നു. ഇതും തിരഞ്ഞുള്ള യാത്രയിലാണ് ഇന്നലെ  ഞങ്ങൾ വഴിതെറ്റി അലഞ്ഞത്. ഇറ്റലിയിലെ  രണ്ടാമത്തെ വലിയ നദിയാണ് ടൈബർ. ശുദ്ധജലത്തിനും വാണിജ്യ ഗതാഗതത്തിനും ടൈബർ ഉപയോഗിക്കുന്നുണ്ടെങ്കിലും  ഇതിന്റെ തീരത്ത് വളർന്നു വലുതായ നാഗരികതയാണ്  റോം എന്നതാണ് ചരിത്രത്തിൽ ടൈബറിന്റെ പ്രസക്തി. അപ്പനൈൻ  പർവതങ്ങളിൽ നിന്നും ഉത്ഭവിച്ച് റോമിന്റെ ഹൃദയത്തിലൂടെ ഒഴുകിയാണ് അത് ടൈറേനിയൻ കടലിൽ ചേരുന്നത്. വിഖ്യാതമായ പല റോമൻ പടയോട്ടങ്ങൾ നടന്നതും ടൈബറും കടന്ന് മെഡിറ്ററേനിയൻ കടൽ വഴിയാണ്. റോമാ  മഹാസാമ്രാജ്യത്തിന്റെ ഉത്ഭവം മുതൽ ഇന്നേവരെയുള്ള സാമൂഹ്യ സാംസ്കാരിക ചരിത്രത്തെ ടൈബറിനോളം നേരിട്ടറിഞ്ഞ മറ്റൊരു സ്മാരകമുണ്ടാവില്ല .എന്നാൽ എന്തു കൊണ്ടോ സാധാരണ യൂറോപ്യൻ നദികളുടെ തീരങ്ങളിൽ കാണാറുള്ള ആഘോഷരാവുകൾ ടൈബർ തീരങ്ങളിൽ കാണാനായില്ല. അല്ലെങ്കിലും  വിഖ്യാതമായ ഒരു കാലഘട്ടത്തിന്റെ ജീവിക്കുന്ന സ്മാരകമായി ഒഴുകുന്ന ടൈബറിന് ആഘോഷങ്ങളുടെ ആരവം ചേരില്ല തന്നെ. രണ്ട് യുഗങ്ങളെ ബന്ധിപ്പിക്കുന്ന  സാംസ്കാരികചിഹ്നം കൂടിയാണല്ലോ അത് . പടവുകൾ കയറി ഞങ്ങൾ വീണ്ടും മുകളിലെത്തി. രാത്രിയുടെ സൗന്ദര്യത്തിൽ ടൈബറിന് ഒരു കരയിൽ ജൂലിയസ് സീസറും മറുകരയിൽ മാർപ്പാപ്പയും ഞങ്ങളെ ആശീർവദിക്കുന്നപോലെ . ഞങ്ങളുടെ റോമൻ അധിനിവേശം ഇന്ന് പൂർത്തിയാവും .   നാളെ പുലർച്ചെ വെനീസിലേക്ക് പോവുകയാണ് . റൂമിലെ വിളക്കുകൾ അണച്ചിട്ടും ഉറക്കം അന്യമായി നിന്നു.
 .
മാതൃഭൂമി യാത്ര ഡിസംബർ 2019 ൽ പ്രസിദ്ധീകരിച്ചത്