Monday, December 28, 2009

തൃക്കോട്ടൂര്‍ പെരുമ.

വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്.കോഴിക്കോട് പട്ടാള പള്ളിയില്‍ നിന്നും അസര്‍ നിസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ എതിരെ പള്ളിയിലേക്ക് കയറുന്ന വ്യക്തിയുമായി ഉപ്പ കുശലം പറയുന്നു.എന്നെയും പരിചയപ്പെടുത്തി,ഇത് യു.എ.ഖാദിര്‍ സാഹിബ്. എഴുത്തുകാരന്‍.വശ്യമായ പുഞ്ചിരിയോടെ എന്നോടും അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചു.രൂപത്തിലെ പ്രത്യേകത കൊണ്ടോ എന്തോ എനിക്കദ്ധേഹത്തെ ഇഷ്ടപ്പെട്ടു.വീട്ടിലെത്തിയ ഉടനെ ഞാനുപ്പയോടെ അദ്ധേഹത്തെ കുറിച്ചും എഴുത്തിനെ പറ്റിയും കൂടുതല്‍ ചോദിച്ചറിഞ്ഞു.
വായനയുടെ ലോകത്തേക്ക് ഞാന്‍ പിച്ച വെച്ച് തുടങ്ങിയ കാലം.മാതൃഭൂമി അഴ്ചപതിപ്പിലും മറ്റും വരുന്ന കഥകള്‍ വായിക്കാന്‍ ശ്രമിച്ച് വിജയിക്കുകയും പരാജയപെടുകയും ചെയ്യും.കുറ്റാന്യോഷണ കഥകള്‍ തേടി കോഴിക്കോട് പൂര്‍ണ ബൂക്സിലും മറ്റും അലയുമ്പോള്‍ കണ്ണിലുടക്കുന്ന അദ്ധേഹത്തിന്റെ കഥകളും വാങ്ങിത്തുടങ്ങി.ഒന്നില്‍ നിന്നും തുടങ്ങി ഒരാവേശമായി ഖാദിര്‍ സാഹിബിന്റെ നിരവധി കഥകള്‍ ഞാന്‍ വായിച്ചു തീര്‍ത്തു.എനിക്കും കൂടി പരിചിതമായ ഒരു ഭൂമികയുടെ പാശ്ച്ചാത്തലത്തില്‍ കഥ പറയുന്നത് കൊണ്ടാവാം അദ്ധേഹത്തിന്റെ രചനകള്‍ എനിക്ക് കൂടുതല്‍ ആസ്വാദകരമാകുന്നത്.
ബര്‍മയില്‍ നിന്നും കൊയിലാണ്ടിയിലെത്തിയപ്പോള്‍ അനുഭവിച്ച ഏകാന്തതയുടെ നൊമ്പരം,ബാല്യത്തില്‍ തന്നെ ഉമ്മ നഷ്ടപെട്ട ഒരു കുട്ടിയുടെ ദുഃഖം,നിരവധി കുറിപ്പുകളിലൂടെ അദ്ദേഹം എഴുതിയ ഈ ഒറ്റപെടലുകളുടെയും അവഗണനയുടെയും ആത്മകഥനങ്ങള്‍ എന്നെ കണ്ണീരണിയിച്ചിട്ടുണ്ട്.ബര്‍മയിലെ ആ മാറാവ്യാധികളുടെ കാലത്ത് പലരും പറഞ്ഞിട്ടും സ്വന്തം രക്തത്തെ വഴിയിലെറിയാതെ ഇവിടെയെത്തിച്ച ആ പുണ്യം ചെയ്ത പിതാവിനോട് നമുക്ക് നന്ദി പറയാം,ഇന്ന് യു. എ. ഖാദിര്‍ എന്ന ഈ സാഹിത്യ രത്നത്തെ നമുക്ക് തന്നതിന്.ബുദ്ധി ജീവി ജാടകളില്ലാതെ വായനയുടെ പുതിയ അനുഭവങ്ങള്‍ നല്‍ക്കുന്ന ഖാദിര്‍ സാഹിബിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു എന്ന സന്തോഷത്തിലാണ് ഈ കുറിപ്പ്.തൃക്കോട്ടൂര്‍ പെരുമകളും മറ്റുമായി അദ്ധേഹത്തിന്റെ രചനകള്‍ നമ്മുടെ സാഹിത്യ ലോകത്തെ സമ്പന്നമാക്കട്ടെ എന്നാശംസിക്കുന്നു.

Wednesday, December 2, 2009

കാണാതെപോയ ഇത്താത്തക്ക്

കുടുംബവുമായുള്ള ഒരു വൈകുന്നേരത്തിനായി പാര്‍ക്കിലേക്കിറങ്ങിയതാണ് ഞാന്‍.ഫ്ലാറ്റിന്റെ മതില്‍കെട്ടില്‍നിന്നും മോചിതരായ കുട്ടികള്‍ ആഘോഷം തുടങ്ങി. ഞാനവരുടെ കളികള്‍ നോക്കിനിന്നു.മുതിര്‍ന്ന പെങ്ങളുടെ അവകാശ സ്ഥാപനമാണ്‌ തുമ്പിക്ക്. കുഞ്ഞനിയന്‍ മണ്ണ് വാരിയിടുമ്പോഴും പിടിവിട്ടോടുമ്പോഴും ആ ഒരു അവകാശത്തോടെ അവള്‍ ശാസിക്കുന്നു. അവരുടെ കളികള്‍ നോക്കിനില്‍ക്കെ ഞാനും മറഞ്ഞുപോയി,എന്റെ ഒരു സൊകാര്യ ദുഃഖത്തിലേക്ക്.ഞാന്‍ കാണാതെ വിടപറഞ്ഞ,ഉമ്മയുടെയും ഉപ്പയുടെയും വാക്കുകളിലൂടെ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ ഇത്താത്തയെ കുറിച്ച്.എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഒരു സഹോദരിയില്ലാത്തതിന്റെ വിഷമം ഞാനനുഭവിക്കാറുണ്ട്.എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഇടപെടുന്ന, എന്റെ കുസൃതികളില്‍ ചെവിയില്‍ പിച്ചുന്ന,ജീവിതത്തില്‍ തന്നെ വലിയൊരു സ്വാധീനമായി മാറിയേക്കാവുന്ന ഒരു ഇത്താത്ത എന്നും എന്റെ സ്വപ്നങ്ങളില്‍നിറയാറുണ്ട്.എനിക്കസൂയയാണ്,ഈ സ്നേഹവും വാത്സല്യവും അനുഭവിക്കുന്ന എല്ലാവരോടും.
ഒരു കുഞ്ഞനിയനും എന്നെ വിട്ടുപിരിഞ്ഞു.ആറ് മാസമേ അവനും വിധിച്ചിരുന്നുള്ളൂ.ഒരു പാല്‍പുഞ്ചിരിയും എനിക്ക് സമ്മാനിച്ചിട്ടാണ് അവന്‍ പോയത്. ഈ പതിനഞ്ച് വര്‍ഷത്നു ശേഷവും ആ പുഞ്ചിരിയുടെ വേദന എന്നെ വിട്ടുപിരിഞ്ഞിട്ടില്ല.
നഷ്ടങ്ങളുടെ കണക്കെടുക്കാറില്ല ഞാനിപ്പോള്‍. ചെറിയ ചെറിയ സന്തോഷങ്ങള്‍ കൊണ്ട് വലിയ ദുഃഖങ്ങളെ മറക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു.
നക്ഷത്രങ്ങള്‍ക്കിടയില്‍ ഞാന്‍ തിരയാറുണ്ട് എന്റെ കൂടപിറപ്പുകളെ. എന്നെ നോക്കി പുഞ്ചിരിക്കുന്ന ഓരോ താരകങ്ങളും അവര്‍തന്നെയാണ്.എന്റെ സ്വപ്നങ്ങളില്‍ അവര്‍ പെയ്തിറങ്ങാറുണ്ട്‌,മാലാഖമാരുടെ കയ്യും പിടിച്ചു സ്വര്‍ഗത്തില്‍ ഓടികളിക്കുന്നതായിട്ട്.ഇന്നവര്‍ അവിടെ ഒറ്റക്കാവില്ല,പിരിഞ്ഞു പോയ സ്വന്തം രക്തങ്ങളെ തേടി ഞങ്ങളുടെ ഉപ്പയും എത്തിയിട്ടുണ്ടാവും അവിടെ.ഉപ്പ പറഞ്ഞിട്ടുണ്ടാകണം എന്റെ നൊമ്പരങ്ങളെ കുറിച്ച്.അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ പൊടിഞ്ഞുവീണ മഴത്തുള്ളികള്‍ അവരുടെ കണ്ണീരല്ലാതെ മറ്റെന്താണ്.

Tuesday, September 29, 2009

ഒരു ഫിബ്രവരിയുടെ നഷ്ടം





ഉപ്പ വിടപറഞ്ഞിട്ട് പതിനെട്ട് മാസങ്ങള്‍ കഴിയുന്നു. മനസ്സില്‍ അണയാതെ കിടക്കുന്ന ഇത്തിരി സങ്കടങ്ങളെ ഞാനൊന്നു തിരിച്ചു വിളിക്കട്ടെ. എന്റെ സ്വകാര്യ ദുഖങ്ങളുടെ ഒരു പങ്കുവെക്കല്‍.
പക്ഷെ കുറെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിത്തീര്‍ക്കാന്‍ പറ്റുന്നതാണോ പലര്‍ക്കും മാതാപിതാക്കളെ കുറിച്ചുള്ള ഓര്‍മ്മകള്‍. ആയിരിക്കില്ല. പക്ഷെ എന്റെ ഉപ്പയെ കുറിച്ചെഴുതാനിരിക്കുമ്പോള്‍ എനിക്കെന്നെതന്നെ നഷ്ടപെടുന്നു. ഏതിനെ കുറിച്ചാണ് ഞാനെഴുതേണ്ടത്?ഓണ്‍കോളജി വാര്‍ഡില്‍ പാലിയേറ്റീവ് ഇന്‍ജക്ഷനുകളുടെ ഔദാര്യത്തില്‍ ഒരു പുനര്‍ജ്ജന്മം സ്വപ്നം കണ്ടുറങ്ങിയ ഉപ്പയെ കുറിച്ചോ അതോ ഒരുപാട് സ്നേഹം തന്ന് ലോകത്തിന്റെ കുതിപ്പും കിതപ്പും പരിചയപ്പെടുത്തി ശാസിച്ചും ലാളിച്ചും കൂടെയുണ്ടായിരുന്ന ഉപ്പയെ കുറിച്ചോ? അറിയില്ല.
യാത്രകളായിരുന്നു ഉപ്പയുടെ ദൗര്‍ബല്ല്യം. അറിഞ്ഞും പറഞ്ഞും കണ്ടും കേട്ടും സഞ്ചരിച്ച അന്‍പ്പത്തെട്ടു വര്‍ഷത്തെ ജീവിത ചക്രം. ഈ ലോകത്തിലെ യാത്രകള്‍ക്കും നിയോഗങ്ങള്‍ക്കും അവധി നല്‍കി പ്രസിദ്ധീകരിക്കാനിരിക്കുന്ന പുതിയ പുസ്തകത്തിന്റെ തലക്കെട്ടെന്ന സുകൃത പൂക്കള്‍ തേടി യാത്രയായപ്പോള്‍, മാനസികമായി ഈയൊരു വിധിക്ക് ഉപ്പ എന്നോ തയ്യാറായിരുന്നു എന്ന് നിറഞ്ഞ കണ്ണുകളോടെ ഉപ്പയുടെ ഡയറി കുറിപ്പുകളിലൂടെ പരതുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. അസാമാന്യമായ ധൈര്യം വരികളില്‍ വായിക്കുമ്പോഴും ഞങ്ങള്‍ മക്കളെയും ഉമ്മയെയും കുറിച്ചുള്ള വരികളില്‍ നിറഞ്ഞുനിന്നിരുന്ന വിഷമം, കൂടുതല്‍ ആ കുറിപ്പുകളിലൂടെ കണ്ണോടിക്കാന്‍ ഞാനിന്നും അശക്തനാണ്.
അസുഖത്തിന്റെ നാളുകളൊന്നില്‍ അമൃത ആശുപത്രിയിലേക്ക് ഓടിയെത്തി പൊട്ടികരഞ്ഞ എന്നെ ചേര്‍ത്ത് പിടിച്ച് ഉപ്പ പറഞ്ഞു, "നീ എന്തിനാ മന്‍സൂ കരയണേ..എന്റെ അസുഖം മാറും, ഞാനും ഉമ്മയും നിന്റെയും കുട്ടികളുടെയും അടുത്തേക്ക് വരികയും ചെയ്യും". എന്നെ ആശ്വസിപ്പിക്കാനായിരുന്നോ ആ വാക്കുകള്‍, അതോ ഇനിയും ഒരുപാട് ജീവിക്കാനുണ്ട് എന്ന സ്വപ്നമായിരുന്നോ? രണ്ടായാലും അത് നടന്നില്ല.തിരിച്ചിവിടെ ബഹറിനില്‍ എത്തിയിട്ടും എന്റെ മനസ്സിന്റെ അസ്വസ്ഥതകള്‍ നീങ്ങുന്നില്ല. വേദന സംഹാരികളുടെ തലോടലില്‍ കടന്നു വരുന്ന ഉപ്പയുടെ പ്രതീക്ഷാനിര്‍ഭരമായ മുഖം മനസ്സില്‍ തെളിയുന്നു.
ഉപ്പ എഴുതി കോഴിക്കോട്ടെ ഒലിവ് ബുക്സ് പുറത്തിറക്കാനിരിക്കുന്ന "സുകൃത പൂക്കള്‍ തേടിയുള്ള യാത്രകള്‍" എന്ന ഗ്രന്ഥത്തിന്റെ പൂര്‍ത്തിയാകാത്ത അവസാന അദ്ധ്യായത്തിലെ അവസാന വരികള്‍ ഞാനോര്‍ക്കുന്നു. " എന്റെ മോഹങ്ങളോട് വിടപറയാന്‍ ഞാന്‍ നിര്‍ബന്ധിതനായി". ഒരു ഉംറ തീര്‍ഥാടന കാലത്ത് ബദര്‍ യുദ്ധഭൂമി കണ്ടു മടങ്ങുന്ന സംഭവവുമായി ബന്ധപെട്ടാണ് ഈ വരികളെങ്കിലും അതിനു ശേഷം അസുഖം വര്‍ധിച്ചത് കാരണം പിന്നെ ഒരു വരിയും എഴുതാന്‍ കഴിഞ്ഞില്ല. ( മാധ്യമം എഡിറ്റര്‍ ശ്രീ. ടി പി ചെറൂപ്പയാണ് ഈ ഗ്രന്ഥത്തിന്റെ ഉപസംഹാരം എഴുതിയത്).
ഒരു കുരുത്വം പോലെ ഉപ്പ മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങള്‍ നാട്ടിലെത്തി. " ആപ്പാപ്പയ‌ടെ മോള് വന്നോ" എന്ന് എന്റെ മോളെ നോക്കി പറയുമ്പോള്‍ ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാണ്. പക്ഷെ അവളെ കോരിയെടുത്ത് ഒന്നുമ്മവെക്കാന്‍ കഴിയാത്ത മനസ്സിന്റെ വേദനയും ഞാന്‍ കണ്ടു. ഉമ്മയെ നന്നായി നോക്കണം എന്നും പറഞ്ഞു ഞങ്ങളെല്ലാവരുടേയും പേരെടുത്തു വിളിച്ച ഒരു വെള്ളിയാഴ്ച്ച രാവില്‍ ഉപ്പ വിടവാങ്ങി. എന്നാലും എന്റെ ഉപ്പ ഭാഗ്യവാനാണ്. അര്‍ബുദത്തിന്റെ അസഹ്യമായ വേദനയുടെ കഴങ്ങളിലേക്ക് പടച്ചവന്‍ ഉപ്പയെ താമസിപ്പിച്ചില്ല.
എങ്കിലും എന്റെ ആപാപ്പ എവിടെ എന്ന് ചോദിച്ച് കരയുന്ന അന്നത്തെ മൂന്ന് വയസ്സുകാരി പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഞാനെന്തുത്തരമാണ് നല്‍കേണ്ടത്? ഇന്നും ഈ കുരുന്നു പ്രായത്തിലും അവളുടെ വല്യുപ്പയെ ഓര്‍ക്കാന്‍ വാല്‍സല്ല്യത്തിന്റെ ഏതിന്ദ്രജാലമാണ് അവളിലേക്ക്‌ പകര്‍ന്നത്? ആ സ്നേഹം മതിയാവോളം നുകരാന്‍ കഴിയാതെ പോയ അവളുടെ കുഞ്ഞനുജന്റെ നഷ്ടം ഏത് കണക്കിലാണ് എഴുതേണ്ടത്? എങ്കിലും ആല്‍ബങ്ങളിലെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളില്‍ നോക്കി അവനും പറയാറുണ്ട്‌, വല്യുപ്പക്ക് ഒരുമ്മ.
പ്രിയപ്പെട്ട ഉപ്പാ... ഈ അവധികാലത്തും ഞാന്‍ വന്നിരുന്നു. പ്രാര്‍ത്ഥനയുമായി ഉപ്പയുടെ ഖബരിനരികില്‍, ഒരു മകനെന്ന നിലയില്‍ ഞാന്‍ ഉപ്പയുടെ പ്രതീക്ഷ നിറവേറ്റിയില്ല എങ്കില്‍, അറിയാതെയെങ്ങാനും എന്റെ ഉത്തരവാദിത്തങ്ങളെ മറന്നു എങ്കില്‍, ഉപ്പയുടെ ഖബറിടത്തില്‍ വീണ കണ്ണീര്‍തുള്ളികള്‍ എന്റെ പ്രായശ്ചിത്തമായി ‌സ്വീകരിക്കുക, ഈ പ്രാര്‍ത്ഥനകള്‍ എന്റെ മാപ്പപേക്ഷകളാണ്. ഞാനഭിമാനിക്കുന്നു, ഉപ്പയുടെ മകനായി ജനിച്ചതില്‍. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അങ്ങിനെതന്നെയാവണം എനിക്ക്. ഇനിയും മതിയാവാത്ത ആ സ്നേഹ ശാസനമേറ്റുവാങ്ങാന്‍, നേരുകളിലേക്കുള്ള വഴിവിളക്കായും തെറ്റുകളിലെ തിരുത്തായും കൂടെ നില്‍ക്കാന്‍, പിന്നെ ഏതൊരു മകനും ആഗ്രഹിക്കുന്ന സുരക്ഷിതത്തിന്റെ തണല്‍ പറ്റാന്‍.
ഒരോര്‍മകുറിപ്പില്‍ എഴുതി തീര്‍ക്കാവുന്ന അനുഭവങ്ങളല്ല ഉപ്പ നല്‍കിയത്. എങ്കിലും എന്റെ ഓര്‍മകളിലെ ചെറിയൊരധ്യായം ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
പ്രാര്‍ഥനയാണ് ഓരോ മാതാപിതാക്കളും. സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഒരു നൂറ്‌ കോടി പുണ്യമായി അവര്‍ നമ്മളില്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കും. കുതിപ്പുകളിലെ ഊര്‍ജ്ജമായി, കിതപ്പുകളിലെ സാന്ത്വനമായി, വിജയങ്ങളിലെ ആര്‍ഭാടമായി.

Friday, September 4, 2009

വെക്കേഷന്‍ ഡയറി




ഒരു അവധികാലം കൂടി വന്നെത്തി, ഉപ്പയില്ലാത്ത ആദ്യത്തെ വെക്കേഷന്‍. വേണോ എന്ന് ആലോചിക്കാതിരുന്നില്ല ഞാന്‍. പക്ഷെ പോവാതിരിക്കാന്‍ പറ്റില്ലെനിക്ക്. ഇത്തിരി പരിഭവങ്ങളും ഒത്തിരി സ്നേഹവുമായി ഉമ്മ ഒറ്റക്കാണവിടെ. മീന്‍ മുളകിട്ടതും ഇഷ്ടപെട്ട കയ്പ്പക്കതോരനും വച്ച് ഉമ്മ കാത്തിരിക്കും. പിന്നെ നല്ല ഓര്‍മകളെ തിരിച്ചുവിളിക്കാനും കലര്‍പ്പില്ലാത്ത സ്നേഹം നുകരാനും പ്രവാസലോകത്തിലെ തടവുകാര്‍ക്ക് വേറെവിടെപോകാന്‍. കുട്ടികളും ഒരുങ്ങികഴിഞ്ഞു. കോരിയെടുത്ത് ഉമ്മവെക്കാനും കുപ്പിവളയിടീച്ചു വല്യകുട്ട്യായി എന്ന് പറഞ്ഞു താലോലിക്കാനും ഇത്തവണ അവരുടെ വല്യുപ്പ ഇല്ല അവിടെ എന്നവര്‍ക്കറിയില്ല.
വെക്കേഷന്‍ മഴക്കാലത്ത് ആയത്‌നന്നായി. നന്നായി സ്വപ്നം കാണാനും പഴയ ഓര്‍മകളിലേക്ക് മുങ്ങാംകുഴിയിടാനും മാഴാക്കാലത്തെക്കാള്‍ പറ്റിയ സമയം വേറെയുണ്ടോ. പ്രതീക്ഷിച്ച പോലെതന്നെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ നല്ല കിടിലന്‍ മഴ. ഇറങ്ങിയോടി ഈ മഴ ഒന്നുകൊണ്ടാലോ. വേണ്ട. ഈ അസുഖത്തിന് വേറെ പേരിട്ടു വിളിക്കും നാട്ടാര്. വീട്ടിലെത്തിയപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ഉപ്പയുടെ അഭാവം എങ്ങും നിറഞ്ഞുനില്‍ക്കുന്നു. വേണ്ട. ഞങ്ങളെത്തിയ ഉമ്മയുടെ സന്തോഷത്തിലേക്ക് ആ ഓര്‍മകളെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്താം.
ഞാന്‍ മുറ്റത്തേക്കിറങ്ങി. മുറ്റത്തെ ചെമ്പകം മുറിച്ചുകളഞ്ഞെന്ന് ഉമ്മ. വേര് വീട്ടിലേക്കിറങ്ങുന്നുവത്രേ. ചെന്തെങ്ങ് കുലച്ചുനില്‍ക്കുന്നു. പറമ്പിലൂടെ നടക്കുമ്പോള്‍ പഴയ താളം കിട്ടുന്നില്ല. വഴുക്കിവീഴുമെന്നു ഉമ്മ വിളിച്ചുപറയുന്നുണ്ട്. തൊടിയിലെ അണ്ണാറകണ്ണന്മാര്‍ എന്നോടെന്തൊക്കെയോ പറയുന്നുണ്ട്.
ഒരു വണ്ണാത്തിക്കിളി ചിലച്ചുകൊണ്ട് പറന്നുയര്‍ന്നു. അവരുടെ സാമ്രാജ്യത്തിലേക്ക് കടന്നുവന്ന അപരിചിതനോടുള്ള പരിഭവമാണ്. പ്രിയപ്പെട്ട ചങ്ങാതീ.. നിന്നെ പോലെ പാടിയും പറന്നും നടന്ന ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു ഇവിടെ. വരിക്കപ്ലാവില്‍ കയറാന്‍ പറ്റാതെ വീണ്‌ കയ്യൊടിഞ്ഞതും പുളിയുറുമ്പുകള്‍ കടിച്ചിട്ട്‌ കീറികരഞ്ഞതും ഇന്നലെതന്നെയാണ്. ഈ തൊടിയിലെ പുല്‍കൊടികള്‍ എനിക്ക് മെത്ത വിരിച്ചിട്ടുണ്ട്. മരങ്ങള്‍ എനിക്ക് തണലേകിയിട്ടുണ്ട്. അതുകൊണ്ട് പ്രിയപ്പെട്ട ചങ്ങാതീ. .പരിഭവം വെടിഞ്ഞു എന്നോട് കൂട്ടുകൂടുക.
"എന്താ കുട്ട്യേ ഒറ്റയ്ക്ക് വര്‍ത്താനം പറയ്ണ്, ഉമ്മ ചായ കുടിക്ക്യാന്‍ ബിളിച്ചുണ്ട്". ജമീലതാത്തയാണ്. മഴ പെയ്യാന്‍ ഒരുങ്ങുന്നു. കുട്ടികള്‍ മുറ്റത്ത്‌ ഓടികളിക്കുന്നു, ഫ്ലാറ്റിലെ വിങ്ങലുകള്‍ക്കിടയില്‍നിന്നും പുറത്തുചാടിയ സന്തോഷമാണവര്‍ക്ക്‌. മഴയത്ത് മുറ്റത്തേക്കിറങ്ങുന്ന കുട്ടികള്‍ ഇടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പേടിച്ചു തിരിച്ചുകയറുന്നു. ആത്തക്ക് അവരുടെ പുറകെ ഓടാനെ സമയള്ളൂ.
നല്ല രസായിരുന്നു ഇങ്ങിനെ മഴയും കൊണ്ടിരിക്കാന്‍. അതോ മഴയും കൊണ്ട്‌ പനിപിടിച്ചു കിടക്കു മ്പോഴുള്ള ഉമ്മച്ചീടെ സ്നേഹത്തിനായിരുന്നോ മധുരം കൂടുതല്.
ഇന്ന് ഉമ്മാന്‍റെ തറവാട്ടുവീട്ടിലെത്തി. പതിവുപോലെ വല്യുമ്മച്ചി ഇരിക്കുന്നു പൂമുഖത്ത്. വിരിഞ്ഞ പുഞ്ചിരിയും നിറഞ്ഞ സ്നേഹവുമായി ഓരുപാട് തലമുറകളുടെ അനുഗ്രഹമായി. ആ മടിതട്ടിലൊന്ന് തലചാഴ്ച്ചപ്പോള്‍ ഞാനാ പഴയ കൊച്ചുകുട്ടിയായി.
വയലുകല്‍ക്കിടയിലൂടെയുള്ള വീതികൂടിയ നടവരമ്പ് ഇപ്പോഴില്ല. പകരം റോഡായി. കുളം അതുപോലുണ്ട്. ഞാന്‍ കുളത്തിലേക്കിറങ്ങി. നല്ല തണുത്ത വെള്ളം. ഒന്നു മുങ്ങിനിവര്‍ന്നപ്പോള്‍ എന്തൊരു നിര്‍വൃതി. പരല്‍മീനുകള്‍ പരിചയഭാവത്തില്‍ കാലില്‍ നുള്ളുന്നു. പണ്ട് കുളത്തിന്റെ അടുത്തേക്ക് വന്നാല്‍തന്നെ അടി ഉറപ്പ്‌. തൊട്ടപ്പുറത്ത് ചാലിയാര്‍. പണ്ടത്തെ വൈകുന്നേരങ്ങള്‍ ഈ പുഴക്കരയിലായിരുന്നു. ഹാജിക്കാന്‍റെ ആ പഴയ മക്കാനി കാണാനില്ല. പണ്ട് സുബഹി നിസ്കാരം കഴിഞ്ഞു ഹാജിക്കാന്‍റെ മക്കാനീന്നു സുലൈമാനിയും നെയ്യപ്പവും കഴിക്കും. ആ നെയ്യപ്പത്തിന്‍റെ രുചി ഇപ്പോഴും നാവിലുണ്ട്. പഴയ അടയാളങ്ങളെല്ലാം മാഞ്ഞുതുടങ്ങി. തവളകളും ചെറുമീനുകളും നിറഞ്ഞുനിന്നിരുന്ന പാടങ്ങളില്‍ ഇന്ന് കോണ്‍ക്രീറ്റ്‌ സൌധങ്ങള്‍. നടവരമ്പുകള്‍ റോഡുകളായി. ഗ്രാമവിശുദ്ധിയുടെ ഈ കാഴ്ചകളെല്ലാം മറിഞ്ഞുകഴിഞ്ഞു. ഇനി ഒരവധികാലം ഇവിടെയെത്തുമ്പോള്‍ മറ്റൊരു മുഖമായിരിക്കും.
സന്തോഷത്തിന്‍റെ നാല്‍പതു ദിനരാത്രങ്ങള്‍ നാളെ തീരുകയാണ്. ഇനി തിരിച്ചുപോകാനുള്ള ഒരുക്കത്തിലേക്ക്. പിന്നെ മണലാരിണ്യത്തില്‍ അടുത്ത അവധികാലവും സ്വപ്നം കണ്ട്‌.






Thursday, September 3, 2009

നഷ്ടപ്പെടുന്ന മരുപ്പച്ചകള്‍




പ്രവാസജീവിതത്തിലെ കയ്പ്പിനും മധുരത്തിനുമിടയില്‍ നഷ്ടപെടുന്ന സുഹൃത്‌ബന്ധങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ഒരു പത്തൊമ്പത് വയസ്സിന്റെ അമ്പരപ്പില്‍ എത്തിച്ചേര്‍ന്നതുമുതല്‍ പിന്നിട്ട പതിനഞ്ച് വര്‍ഷങ്ങള്‍. പിന്നെ ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍. ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാന്‍ പ്രവാസം നല്‍കിയ ഒത്തിരി സുഹൃത്ബന്ധങ്ങള്‍. അതിലൂടെ വളര്‍ന്ന ആത്മബന്ധങ്ങള്‍. അവയുടെ ഊഷ്മളതയിലേക്കിറങ്ങി ചെല്ലുമ്പോള്‍ മങ്ങിയും തെളിഞ്ഞും കടന്നുവരുന്ന മുഖങ്ങള്‍. ഉമ്മുല്‍ ഖുവൈനില്‍ നിന്നും തുടങ്ങി ഷാര്‍ജയും ദുബായിയും അബുദാബിയും പിന്നിട്ട്‌ ഇപ്പോള്‍ ബഹ്റൈനില്‍ എത്തിനില്‍ക്കുന്ന ഈ പ്രവാസത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ ഞാനൊന്നു തിരിഞ്ഞുനോക്കട്ടെ... ആ ബന്ധങ്ങളുടെ ആത്മാവിലേക്ക്.
ഇന്നും എന്റെ ഏറ്റവും മാധുര്യമുള്ള ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നത് ദുബൈയില്‍ തന്നെയാണ്. അവിടെ ജീവിച്ച ഏഴ് വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ തന്ന സ്വാദ്‌ ഇന്നും എന്റെ ഊര്‍ജ്ജമാണ്. സമ്പന്നമായ ഒരു ചങ്ങാതികൂട്ടത്തിന്റെ ഓര്‍മകളും അവിടെതന്നെയാണ് തങ്ങിനില്‍ക്കുന്നത്.
വെള്ളിയാഴ്ച്ചകള്‍ക്കുള്ള കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടുതലാണ്. തലേന്ന് രാത്രി തന്നെ തുടങ്ങുന്ന ആഘോഷങ്ങള്‍. സൊറക്കൂട്ടം. ബീച്ചിലും പാര്‍ക്കിലും കഫെകളിലും നേരം വെളുപ്പിക്കുന്ന ദിവസങ്ങള്‍. ചൂണ്ടയിടലും ബോട്ട് സവാരിയും തുടങ്ങി നേരം പുലരുന്നതറിയാതെയുള്ള സൊറ പറച്ചില്‍. സുന്ദരമായ ആ നാളുകളില്‍ നിന്നും ഒരു പറിച്ചുനടല്‍ സാധ്യമായത് എങ്ങിനെയാണ്?നിര്‍ബന്ധിതമായ ജീവിത സാഹചര്യങ്ങള്‍ തന്നെ. വേറെ എമിറേറ്റ്സുകളിലേക്കും രാജ്യങ്ങളിലേക്കും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള കൊഴിഞ്ഞു പോക്ക്, കുടുംബവുമായുള്ള മാറി താമസിക്കല്‍. അംഗ ബലം കുറഞ്ഞു തുടങ്ങി. പിന്നെ ഞാനും ഇങ്ങ് ബഹ്റിനിലേക്ക്.
നഷ്ടപെട്ടത് നന്മകള്‍ നിറഞ്ഞൊരു സൌഹൃദങ്ങളുടെ പൂക്കാലമാണ്. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നഷ്ടബോധത്തിന്റെ കനല്‍ എരിയുന്നുണ്ട്‌ എന്റെ മനസ്സില്‍. എല്ലാര്ക്കും ഉണ്ടാവില്ലേ ഇത്തരം ഓര്‍മ്മകള്‍? നാടും വീടും പിരിഞ്ഞു നില്‍ക്കുമ്പോള്‍ സൌഹൃദത്തിന്റെ മരുപ്പച്ചയായി കൂടിചേരുന്നവര്‍. വിഷമങ്ങളും ആകുലതകളും പങ്കുവെക്കുകയും ഒരുമിച്ചുണ്ണി ഒരു ബെഡില്‍ കിടന്ന്‌ ഒരു സഹോദര ബന്ധങ്ങളിലേക്കെത്തുന്നവര്‍. പ്രവാസ കാലങ്ങളിലെ നന്മയെകുറിച്ചെഴുതാനെ എനിക്കും താല്പര്യമുള്ളൂ . കണ്ണീരിന്റെ നനവുള്ള ചില ഓര്‍മകളും ബാക്കിയുണ്ടെനിക്ക്.അവരെ കുറിച്ചെഴുതാതെ ഞാനെങ്ങിനെ ഈ കുറിപ്പ് അവസാനിപ്പിക്കും. അബൂദാബിയില്‍ നിന്നും ദുബായിലേക്കുള്ള ഒരു യാത്രയില്‍ ആക്സിടന്റില്‍ മരിച്ച പ്രിയ സുഹൃത്ത്‌ കുഞ്ഞി മുഹമ്മദ്‌. ഉടനെ തന്നെ നാട്ടിലെത്തി നടത്തേണ്ട കല്യാണത്തിന്റെ സ്വപ്നങ്ങളുമായി അവന്‍ വിടപറഞ്ഞു. പിന്നെ ആലിക്ക. എന്റെ അലസതയെ സ്നേഹത്തില്‍ പൊതിഞ്ഞ അധികാരത്തോടെ ശാസിക്കാറുള്ള, നല്ല സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്തു തരുന്ന ആലിക്കയും എന്റെ ഓര്‍മകളില്‍ നിറയുന്നു. പടച്ച തമ്പുരാന്‍ അവര്‍ക്ക് സ്വര്‍ഗം നല്‍കട്ടെ.
തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വിഷാദ കാവ്യത്തിന്റെ ഭാഷയുണ്ട് പല ഓര്‍മകള്‍ക്കും. ഇന്നലെ അബൂദാബിയില്‍ നിന്നും സുഹൃത്ത്‌ ഷമീര്‍ വിളിച്ചിരുന്നു. അവനൊരു ഫാമിലി മീറ്റ്‌ സങ്കടിപ്പിക്കണം. പഴയ ബച്ചിലറുകള്‍ ഇന്ന് ഭാര്യയും കുട്ടികളുമായി ജീവിതത്തിന്റെ പുതിയ അധ്യായം എഴുതുന്നവര്‍. എല്ലാരും കൂടിയൊരു ഒത്തുചേരല്‍. എന്റെയും സ്വപ്നമാണത്. കാത്തിരിക്കുന്നതും ആ ഒരു ദിവസത്തിനായാണ്.
ദൈവികമായ ഇടപെടലുകളാണ് സുഹൃത്ത്‌ ബന്ധങ്ങള്‍. അവയുടെ നഷ്ടപെടലുകള്‍ നൊമ്പരങ്ങളും. എല്ലാ പ്രവാസികള്‍ക്കും ഉണ്ടാവും ഇത്തരം ആത്മബന്ധങ്ങളുടെ കഥ. ആ നന്മയുള്ള ഓര്‍മ്മകളില്‍ ജീവിക്കുന്ന വായനക്കാര്‍ക്കായി ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു.

Saturday, August 29, 2009

കോഴിക്കോട്ട് ഒരു ദിവസം

ഫീച്ചരുകളിലും മറ്റും ദിനേന വായിക്കുന്നത് മാറുന്ന കോഴിക്കോടിനെ പറ്റിയാണ്. ഗല്‍ഫിലെത്തുന്നതിനു മുമ്പ് ഒരു ദിനചര്യയുടെ ഭാഗമായിരുന്നല്ലോ ഈ നഗരം. ഇത്തവണ നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ ഇറങ്ങി നഗര പ്രദക്ഷിണത്തിണ്. പൊട്ടിപൊളിഞ്ഞ മാവൂര്‍ റോഡിലൂടെ മാനാഞ്ചിറയും രണ്ടാം ഗേറ്റും ചുറ്റി റെയില്‍വേ സ്റ്റേഷന്‍ വഴി മിട്ടായി തെരുവില്‍ എത്തിയപ്പോഴേക്കും മനസ്സിലായി സാമൂതിരി നാടിന്‍റെ ഇപ്പോഴത്തെ അവസ്ഥ. പ്രതാപമസ്തമിച്ച ഒരു നാട്ടുരാജ്യത്തിന്റെ എല്ലാ ദൈന്യതയും കാണാനുണ്ട് ഈ പട്ടണത്തിനു. എന്തുതന്നെ ആയാലും നമ്മുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറിയ ടൌണിലേക്കുള്ള യാത്ര ഒഴിവാക്കാനും വയ്യ. കോഴിക്കോടിന്റെ പ്രതാപവും പെരുമയും ഇന്നും നിലനില്‍ക്കുന്നത് മിട്ടായിതെരുവിലാണെന്നാണ് എനിക്ക് തോന്നിയത്. ബ്യൂട്ടി സ്റ്റോറും ടോപ്മോസ്റ്റും ടോപ്ഫോമും തുടങ്ങി ശങ്കരന്‍ ബേകറിയും ബാറ്റ ഷോറൂമും കൂടാതെ പഴയ മുല്ലപ്പൂ കച്ചവടക്കാരുമെല്ലാം ഇന്നും സജീവമായുണ്ട് മിട്ടായിതെരുവില്‍. അതുകൊണ്ട് തന്നെ ഒരു കോഴിക്കോടന്‍ നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യണമെങ്കില്‍ ഇവിടെ പോയെ മതിയാകൂ. കോഴിക്കോടിന്റെ താളങ്ങളും താളപിഴകളുമല്ല ഞാനെഴുതി വരുന്നത്. ഈ അവധിക്കാലത്ത്‌ കോഴിക്കോട് എനിക്ക് തന്ന അനുഭവങ്ങളാണ് ഈ കുറിപ്പ്. പഴയ പാളയം ബസ്‌ സ്റ്റാന്ടിലൊന്ന് പോയിനിന്നു ഞാന്‍. വെറുതെ ഒരു രസത്തിനു. കരിമ്പ്‌ ജൂസ് മെഷീന്റെ ശബ്ദവും പ്രദീപം പത്രത്തിന്റെ വിളിയും നിലച്ചിടുണ്ട്‌ പാളയത്ത്.കെ ടീ സി യുടെയും സി ഡബ്ലിയു എം എസിന്റെയും ഒരു ബസും കാണാനില്ല അവിടെ. പിന്നില്‍ പഴമയുടെ ഗന്ധവുമായി നവകേരള ബുക്സ്.മറ്റൊരു അടയാളവും എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല. സ്റ്റാന്‍ഡിനുള്ളിലൂടെ ജയന്തി ബില്‍ടിങ്ങിന്റെ മുമ്പിലെത്തി ഞാന്‍. ഇന്നും തലയുയര്‍ത്തി നില്‍പ്പുണ്ട്‌ മുഹയിദ്ധീന്‍ പള്ളിയുടെ മിനാരങ്ങള്‍. മുമ്പ് അവിടെ നിന്ന് അസറും നിസ്കരിച്ചു സിറ്റി റെസ്റ്റോരണ്ടില്‍ നിന്നും ചായും കേസരിയും കഴിക്കുന്നത്‌ ഓര്‍ത്തുനിന്നു ഞാന്‍. കൂട്ടിനാരും ഇല്ലാത്തതു കാരണം ആ പൂതി ഒഴിവാക്കി. അമ്മ മെസ്സ് ഹൌസില്‍ നിന്നും അയക്കൂറ പൊരിച്ചതും മോരും കൂട്ടി ചോറ് തിന്നാനുള്ള പൂതിയും നടന്നില്ല. ഈ കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ മുസഫര്‍ അഹമ്മദ്‌ കോഴിക്കോടിനെ പറ്റി എഴുതിയപ്പോള്‍ പറയുന്നു അമ്മയിലെ ഭക്ഷണത്തിന് പഴയ രുചി ഇല്ല എന്ന്. എന്നാലും ഒരു തവണയെങ്കിലും കഴിക്കാമായിരുന്നു. പഴയ ഓര്‍മ പുതുക്കാനെന്കിലും. തൊട്ടപ്പുറത്തുണ്ട്‌ ഈ ജന്മവും ഏറ്റുവാങ്ങിയ കോട്ടപറമ്പ് ആശുപത്രി. ആ പഴയ കെട്ടിടം അവര്‍ പൊളിച്ചു. മാറ്റമില്ലാത്ത മറ്റൊരു സ്ഥലം മാനാഞ്ചിറയും ചുറ്റുവട്ടവുമാണ്. കോം ട്രസ്റ്റും ക്രൌണ്‍ തീയേറ്ററും ടൌണ്‍ ഹാളും ചുറ്റി വളഞ്ഞു നില്‍ക്കുന്ന ഈ ഭാഗം ഇന്നും‍ സുന്ദരമാണ്. കോംട്രസ്റ്റിന്റെ മതിലുകളില്‍ ജെ സി ബി കയറാന്‍ തുടങ്ങിയാല്‍ അതും അസ്തമിക്കും. അതിനുള്ള ചര്‍ച്ചകളും തുടങ്ങിയെന്നു എങ്ങോ വായിച്ചതായിട്ടു ഓര്‍ക്കുന്നു. ഞാന്‍ നേരെ ബീച്ചിലേക്ക് വിട്ടു. ഇടവിട്ട്‌ കെട്ടി ഇരിപ്പിടമൊരുക്കിയത് മാറ്റിനിര്‍ത്തിയാല്‍ അവിടെയും നിര്‍ജീവം. ചബോക് മരങ്ങള്‍ക്ക്‌ പോഷകകുറവിന്റെ ദൈന്യത. കാറ്റിലാടുമ്പോള്‍ പഴയ സംഗീതത്തിനു പകരം അനാരോഗ്യത്തിന്റെ അസ്വസ്ഥത. കൈനോട്ടക്കാരി പാണ്ടിചിയെ അവഗണിച്ച് ഞാന്‍ നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ടത്‌ വില്‍ക്കുന്ന ഉന്ത് വണ്ടിക്കാരന്റെ അടുത്തേക്ക് നീങ്ങി. പോര. ഇതിന്റെയും സ്വാദ്‌ കുറഞ്ഞിരിക്കുന്നു. ഒരു നെല്ലിക്കക്ക് രണ്ടു രൂപ വെച്ച് കൊടുക്കുമ്പോള്‍ ഞാനെന്റെ പരാതി മറച്ചു വെച്ചില്ല. അങ്ങേര്‍ക്കു വേണേല്‍ കഴിച്ചു പൊയ്ക്കോ എന്ന ഭാവം. തിരിഞ്ഞു നോക്കുമ്പോള്‍ ആകാശവാണി. "യെ ആകാശവാണി ,ഫ്രം ദി വാര്‍ത്ത ശൂയന്ക . പ്രവാജകോംനെ പരമാനന്ത് സാഗര" ഒര്‍ക്കുമ്പോള്‍ രസം തോന്നുന്നു. യുവവാണി, ശബ്ദരേഖ, ഖാന്‍ കാവില്‍, വെണ്മണി വിഷ്ണു ,അന്നത്തെ ഹീറോകള്‍. ഇന്നോ? റേഡിയോ കാണാനുണ്ടോ വീടുകളില്‍. ടീവിയുടെ കുത്തൊഴുക്ക്. സിനിമ, സീരിയല്‍. ജീവിതവും ജീവികളും മാറി. കാലത്തിനൊത്ത്. തിരിച്ചു വരുമ്പോള്‍ ബോംബെ ഹോട്ടല്‍ കണ്ടു. പുതിയ മുഖഛായ. പാരമ്പര്യം വിട്ടുപോരാന്‍ മടിച്ചിരുന്ന ഇവരും മാറി. വല്യങ്ങാടി ഒഴിഞ്ഞുകിടക്കുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ടു ചില പാണ്ടി ലോറികള്‍, രണ്ടു മൂന്നു പിക്ക് അപ്പ്‌ തീര്‍ന്നു കേള്‍വികേട്ട വല്യങ്ങാടി മഹിമ. തിങ്കളാഴ്ച ആയിട്ടും ബസാറിനു ഒരു ഹര്‍ത്താല്‍ പ്രതീതി. ഒരു സിനിമ കണ്ടാലോ? കൈരളിയിലേക്ക് ഇഷ്ടപെട്ട ഒരു ഓട്ടോറിക്ഷ സവാരി. കെ എസ്‌ ആര്‍ ടി സി സ്റ്റാണ്ട് പൊളിച്ചിട്ടിരിക്കുന്നു. തിയേറ്ററില്‍ ആളുകള്‍ കുറവ്. മുഴുവന്‍ കാണാതെ ഇറങ്ങി. കറങ്ങി എത്തിയത് സ്റ്റേഡിയം കോര്‍ണറില്‍. ഗാലറികളുടെ പഴയ ആരവം മനസ്സിലേക്ക് ഇരച്ചു കയറുന്നു. സിസ്സെഴ്സ് കപ്പ്‌, നെഹ്‌റു കപ്പ്‌, പിന്നെ കോഴിക്കോടിന്റെ സ്വന്തം നാഗ്ജി. ബികാസ്‌ പാന്ചിയും പാപച്ചനും ജാംഷെഡ്‌ നസ്സീരിയും ചീമ ഒകീരിയും തുടങ്ങി പിന്നെ റഷ്യക്ക് വേണ്ടി ലോക കപ്പ്‌ കളിച്ച ഇഗോര്‍ ബലനോവും അലക്സി മിഹൈലി ചെന്കൊയും വരെ ആവേശം വാരിവിതറിയ രാവുകള്‍. രാവുകളെ പകലാക്കിയ ഫ്ലെഡ് ലൈറ്റ് ആരവങ്ങള്‍ക്കു ഇന്ന് ശ്മശാന മൂകത. കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ നൊമ്പരങ്ങള്‍ അവിടെ ചുറ്റിതിരിയുന്നതായി അനുഭവപ്പെടുന്നു. കാലം മാപ്പ് നല്‍കാത്ത അവഗണന. തിരിച്ചു വീട്ടിലെത്താന്‍ സമയമായി. ഭക്ഷണം കഴിച്ചിട്ട് പോകാം. സാഗര്‍ ആവാം. കോഴിക്കോടന്‍ ട്രടീഷന്‍ വിട്ടുമാറാത്ത ആ പഴയ തറവാട് വീട്ടില്‍ തന്നെയാകാം അത്താഴം. പ്രതീക്ഷ തെറ്റിയില്ല. ഇപ്പോഴും ബാക്കിയുണ്ട് ആ കോഴിക്കോടന്‍ രുചി. പാരമ്പര്യത്തിന്റെ ഐശ്വര്യം. തിരിച്ചു പാളയം സ്റ്റാന്‍ഡിലെത്തി. ഒമ്പതരയുടെ പി വി കാത്തുനില്‍ക്കുന്നു. ഒരു കൂളിമാട്. ടിക്കറ്റെടുത്തു. പരിചിത മുഖങ്ങള്‍ ആരുമില്ല ബസില്‍. ജനറേഷന്‍ ഗ്യാപ്‌. വാര്‍ധക്യ സഹജമായ അസുഖത്തോടെ ബസ്‌ നീങ്ങിത്തുടങ്ങി. ചിന്താ വളപ്പ്, സ്റ്റേഡിയം കോര്‍ണര്‍, മാവൂര്‍ റോഡ്‌. കോളേജും കഴിഞ്ഞു കൂളിമാടെത്തി. ഇടവഴികടവ് പാലമുണ്ട്.പണ്ട് തോണി കടന്നു റോഡിലൂടെ നടന്നു പോകുന്ന സുഖമില്ല ഇപ്പോള്‍ ഈ ടാറിട്ട റോഡിലൂടെ നടക്കാന്‍. എങ്കിലും ഞാന്‍ നടന്നു. കാലത്തിന്റെ മാറ്റത്തിലൂടെ.