Monday, October 29, 2012

താളുകള്‍ മറിക്കുമ്പോള്‍


ഓര്‍മ്മകളുടെ ഷെല്‍ഫില്‍ നിന്നും ഒരു പുസ്തകത്തെ എടുക്കാന്‍ പറഞ്ഞാല്‍ "The Illustrated weekly " യെ പൊടി തട്ടി എടുക്കും. അതില്‍ വന്നിരുന്ന ഒരു ലേഖനം പോലും വായിച്ചു കാണില്ല. എന്നാലും വായനയെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഒരു കാലത്ത് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപിന്റെ അഭിമാനം ആയിരുന്ന ഈ വാരിക തന്നെയാണ്. അതിലെ കളര്‍ ചിത്രങ്ങള്‍ മറിച്ച് നോക്കുക എന്നതായിരുന്നു ആദ്യത്തെ വിനോദം. പതുക്കെ ചിത്രങ്ങളിലെ അടികുറിപ്പുകളിലേക്ക്. അര്‍ത്ഥമറിയാത്ത ആര്‍ . കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളിലേക്ക് . ഒന്നും മനസ്സിലാവില്ല. എന്നാലും ഉപ്പയുടെ ലൈബ്രറിയിലെ മേശപ്പുറത്ത് നല്ല വീതിയിലും നീളത്തിലും കിടന്നിരുന്ന ഈ വാരിക തന്നെയാണ് വായനയുമായി ബന്ധിപ്പിക്കുന്ന എന്റെ ഗൃഹാതുര സ്മരണകളില്‍ ഒന്നാമത്തെ അദ്ധ്യായം . തൊണ്ണൂറുകളുടെ മധ്യത്തില്‍ ആണെന്ന് തോന്നുന്നു വാരികയിലെ മഷി എന്നേക്കുമായി ഉണങ്ങി പോയത്. കോഴിക്കോട് പാളയം ബസ് സ്റ്റാണ്ടിലെ നവകേരള ബുക്ക് സ്റ്റാളില്‍ ഇപ്പോഴുമൊരു Illustrated weekly തൂങ്ങി കിടക്കുന്നത് സ്വപ്നം കാണാറുണ്ട്‌. പതുക്കെ മാറുന്ന കോഴിക്കോടിന്റെ മാറാത്ത മുഖമായി ഇപ്പോഴുമുണ്ട് നവകേരള ബുക്ക് സ്റ്റാളും അതിന്‍റെ ഉടമ പ്രകാശേട്ടനും. ഇവിടെനിന്നായിരുന്നു ഉപ്പ പുസ്തകങ്ങള്‍ വാങ്ങിക്കുക. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പ്രകാശേട്ടനെ കണ്ടു. ഉപ്പയുടെ കയ്യില്‍ തൂങ്ങി മലര്‍വാടിയും പൂമ്പാറ്റയും ഒന്നിച്ചു കിട്ടാന്‍ വാശി പിടിക്കുന്ന ആ ചെറിയ കുട്ടിയെ മനസ്സിലായില്ല പ്രകാശേട്ടന്. പറഞ്ഞറിയിച്ചപ്പോള്‍ നല്ല സന്തോഷം. ഉപ്പാക്ക് വല്ലാത്തൊരു ആത്മബന്ധമായിരുന്നു ഇവരോട്.


വായനയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇതുപോലെ ചില ചിത്രങ്ങളാണ് ഓര്‍മ്മയില്‍ വരുന്നത് . ഒരിക്കലും മുടങ്ങിപോവാത്ത ഒരു വായനയെ കുറിച്ച് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം എന്ന്. പക്ഷെ അതിനേക്കാള്‍ മുമ്പ് മലയാള നാട് എന്ന വാരികയെ പറ്റി പറയേണ്ടി വരും. ഇന്നും പലരുടെയും മനസ്സില്‍ വായനയുമായി ബന്ധപെട്ട ഒരുനഷ്ട ഗൃഹാതുരത്വം സൃഷ്ടികുന്ന ഒന്നാവണം ഈ വാരികയും അതിന്റെ പിന്‍വാങ്ങലും. ഇതില്‍ കൂടിയാണ് സാഹിത്യ വാരഫലത്തിലേക്ക് എത്തുന്നത്‌. പക്ഷെ ഗൗരവമായ ഒരു വായന സാധ്യമല്ലായിരുന്നു ഒരു പ്രായത്തിലെന്നെ സാഹിത്യ വാരഫലം എങ്ങിനെ ആകര്‍ഷിച്ചിരിക്കണം..? പംക്തിയുടെ ഇടയില്‍ കാണുന്ന പാശ്ചാത്യ സാഹിത്യത്തിലെ ലൈംഗികമായ ഇടപെടലുകളുടെ പരിചയപ്പെടുത്തല്‍. അതായിരിക്കുമോ ആ ആകര്‍ഷണത്തിന്റെ ഘടകം എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ എനിക്ക് സമ്മതിക്കേണ്ടി വരും. അതൊരു പ്രായത്തിന്റെ മാത്രം ആവേശം. പക്ഷെ ഒന്നുണ്ട്. സമ്പൂര്‍ണ്ണമായ വായനയിലേക്ക് എന്നെ എത്തിച്ചതും സാഹിത്യ വാരഫലം മുടങ്ങാത്ത ഒരു ശീലമായതിനും പിന്നില്‍ അതെല്ലാമായിരുന്നു എന്നതും സത്യം. ഒരുകാലത്ത് കൃഷ്ണന്‍ നായര്‍ ഈ സമീപനത്തിന്റെ പേരില്‍ കുറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. പിന്നെ കലാകൌമുദി വാരികയിലും അതിന് ശേഷം സമകാലിക മലയാളത്തിലും എന്റെ തുടര്‍വായന നീണ്ടു. അതോടൊപ്പം ആ വാരികകളിലെ മറ്റ് വിഷയങ്ങളിലേക്കും. എം. കൃഷന്‍ നായര്‍ എന്ന വിമര്‍ശന സാഹിത്യ കുലപതിയുടെ അവസാനത്തോടെ ഒരു വായനാ യുഗത്തിന് അവസാനമായി എന്ന് പറയാം. തട്ടിന്‍പുറത്തെ പഴ പുസ്തകങ്ങള്‍ പരതി നോക്കിയാല്‍ കാണുമായിരിക്കും പഴയ മലയാളനാട് വാരികയുടെ ഒരു കോപി. മറഞ്ഞുപ്പോയ ഒരു യുഗത്തിന്റെ തിരുശേഷിപ്പായി സൂക്ഷിക്കാന്‍ അതവിടെ കാണണേ എന്ന് ആഗ്രഹിച്ചു പോകുന്നു .


സജീവമായ വായനാ ലോകത്തിലേക്ക്‌ പേജുകള്‍ മറിക്കുമ്പോള്‍ എന്റെ മുന്നില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രമേയുള്ളൂ. എന്റെ കുട്ടിക്കാലം മുതല്‍ എന്നോടൊപ്പമുള്ള വായനാലോകം. ഇപ്പോഴും വായന എന്ന സുകൃതം നിലനിന്നുപോകുന്ന ഒരു കണ്ണി അതുതന്നെയാണ് . മലയാളത്തിലെ പ്രതിഭാധനന്മാരായ എഴുത്തുക്കാരിലേക്കും അവരുടെ സൃഷ്ടികളിലേക്കും എത്തിപ്പെടുന്നതില്‍ നിര്‍ണ്ണായകമായി നിന്നത് മാതൃഭൂമി ആഴ്ചപതിപ്പ് തന്നെയാണ് എന്ന് നിസംശ്ശയം പറയാം. കേരളത്തിന്‌ പുറത്തുള്ള സാഹിത്യ ലോകത്തെ പരിചയപ്പെടുത്തിയതും അതുപോലെ തന്നെ. ബംഗാളി സാഹിത്യത്തിലെ മികച്ച രചനകള്‍ പരിചയപ്പെടുന്നത് മാതൃഭൂമിയിലൂടെയാണ്. ഭീഷ്മാ സാഹ്നി ശീര്‍ഷെന്തു മുഗോപാധ്യായ , സുനില്‍ ഗംഗോപാധ്യായ തുടങ്ങിയവര്‍ പ്രിയപ്പെട്ടവരായി. തമസ്സും അര്‍ദ്ധവിരാമവും പ്രിയപ്പെട്ട രചനകളായി. ഒരിക്കല്‍ കൂടെ വായിക്കാന്‍ ആഗ്രഹം ഉള്ള രചനയില്‍ ഒന്നാണ് ജി . ബാലചന്ദ്രന്‍ എഴുതിയിരുന്ന "ജക "എന്ന നോവല്‍. ഭൂട്ടാന്റെ ഒരു പാശ്ചാതലത്തില്‍ ആയിരുന്നു ആ കഥ എന്നാണ് ഓര്‍മ്മ. ബാലചന്ദ്രന്റെ തന്നെ വേറെയും നോവലുകള്‍ വായിച്ചത് ഓര്‍ക്കുന്നു. പക്ഷെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നത് സങ്കടകരം തന്നെ. "ജക"യുടെ പുസ്തക രൂപം എവിടെയെങ്കിലും കിട്ടുമോ എന്ന അന്യോഷണത്തിലാണ് ഞാന്‍ . കുറച്ചൂടെ പേജുകള്‍ കൂട്ടിമറിച്ചാല്‍ ചിരിക്കുന്ന മുഖവുമായി ടീ. വി . കൊച്ചുബാവ എന്ന എഴുത്തുകാരനെ കാണാം. കൂടെ ഒരു വൃദ്ധ സദനവും അവിടത്തെ അന്തേവാസികളും. എല്ലാ വായക്കാരെയും ആകര്‍ഷിച്ച മികച്ചൊരു നോവല്‍ ആയിരുന്നു "വൃദ്ധ സദനം ".

സേതുവിനെയും എം.മുകുന്ദനെയും കൂടുതല്‍ അറിഞ്ഞതും മാതൃഭൂമിയിലൂടെ തന്നെ. നിയോഗവും അടയാളവും സേതുവിന്റെ രചനകളില്‍ മുന്നില്‍ നില്‍ക്കുന്നു. അടുത്ത കാലത്ത് വന്ന അടയാളങ്ങള്‍ ആണ് വായനയില്‍ മികച്ചു നില്‍ക്കുന്നത് എങ്കിലും ഒരു പഴയ വായന കാലത്തിന്റെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് നിയോഗം തന്നെയാണ് എനിക്ക് പ്രിയപെട്ടത്‌.. ... , "പുലയപ്പാട്ട് "ആണ് അവസാനം വായിച്ചത് എങ്കിലും "ആദിത്യനും രാധയും മറ്റുചിലരും "എന്ന മുകുന്ദന്‍ രചന എക്കാലവും പ്രിയപ്പെട്ട ഒന്നാണ്. ആഴ്ചകളില്‍ നിന്നും ആഴ്ച്ചകളിലെക്കുള്ള ദൈര്‍ഘ്യം കൂട്ടിയിരുന്ന കാത്തിരിപ്പ്‌. ഇന്ന് അതിന്റെയെല്ലാം പുസ്തക രൂപങ്ങള്‍ പുനര്‍ വായനക്കെടുക്കുമ്പോള്‍ പഴയ മാതൃഭൂമിയുടെ താളുകളിലാണോ എന്നെനിക്ക്‌ തോന്നിപോകാറുണ്ട്. പറഞ്ഞുവരുമ്പോള്‍ ഇങ്ങിനെ ഓരോ എഴുത്തുകാരും അവരുടെ സൃഷ്ടികളെ പറ്റിയും പറയേണ്ടി വരും . എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ വായനയെ സ്വാധീനിച്ചത്‌. പക്ഷെ എല്ലാം പറയാന്‍ പറ്റില്ലല്ലോ എന്ന പരിമിതിയും ഉണ്ട്. എന്നാലും അവസാനം മികച്ചൊരു വായന തന്ന പ്രിയപ്പെട്ട എഴുത്തുക്കാരന്‍ സി വി. ബാലകൃഷ്ണനെ കൂടിപറയാതെ എങ്ങിനെ ഈ കുറിപ്പ് പൂര്‍ത്തിയാകും. "അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍ "എന്ന നോവലിനെ പറ്റി പറയാം. കാരണം പ്രവാസം അതിര്‍വരമ്പിട്ട എന്റെ വായനാലോകത്ത്‌ ഞാനവസാനം മാതൃഭൂമിയിലൂടെ വായിച്ച നോവല്‍ അതാണ്‌. കഥ നടക്കുന്ന ഭൂമികയേയും കഥാപാത്രങ്ങളെയും നമ്മുടെ മുന്നില്‍ നിര്‍ത്തിയിട്ടാണ് സി . വി മുന്നോട്ടു പോകുക. സഞ്ജീവ് ക്ലിനിക്കും പ്രഭു ഡോക്ടറും അമരേശ്വരനും ദെക്കയ്യയും തുന്നല്‍ക്കാരന്‍ ചന്ദാരനും കല്യാണി ടാകീസും എല്ലാം ഒരു ഗ്രാമവും അവിടത്തെ ജീവിതവും ജനങ്ങളും എന്നപോലെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു. വായന കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും. ഇന്ന് വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക് അന്യോഷിച്ച്‌ പോകും. അതുപോലെ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കും. അത്രയധികം ആഹ്ലാദം നല്‍കിയ ഒന്നായിരുന്നു ഈ നോവല്‍ . മറ്റൊന്ന് ആയുസ്സിന്റെ പുസ്തകം. പക്ഷ വായനലോകം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ആ മനോഹര സൃഷ്ടിയെ പറ്റി ഞാനെഴുതിയാല്‍ അതൊരു അഹങ്കാരമാവും എന്ന് തോന്നുന്നു.

മാതൃഭൂമിയെ പറ്റി പറയുമ്പോള്‍ എന്റെ സ്വാര്‍ഥത കൊണ്ട് ഒരു കാര്യം കൂടെ പറയാന്‍ ആഗ്രഹിക്കുന്നു. ഉപ്പയുടെ എഴുത്തിന്റെ മികച്ചൊരു തട്ടകം ആയിരുന്നു മാതൃഭൂമി. "ദ്രവിക്കുന്ന സ്മാരകങ്ങള്‍" , "ഹൈദരാബാദിലെ അറബിക്കല്യാണം ", "വിഷവായു ശ്വസിച്ച്‌ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ "ന്യൂനപക്ഷ വര്‍ഗീയത ഒരു പാഠഭേദം ", തുടങ്ങിയവ അതിലെ ശ്രദ്ധേയമായ ലേഖനങ്ങളും. ഗ്വാളിയോര്‍ റയോണ്‍സ് ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളെ കുറിച്ച് ഏറ്റവും ആദ്യം പ്രതിവാദിച്ച ലേഖനം ആയിരുന്നു "വിഷവായു ശ്വസിച്ച്‌ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ " . അടുത്ത ലക്കത്തില്‍ വായനക്കാരുടെ കത്തുകളില്‍ ശ്രീമതി . സുഗതകുമാരി എഴുതിയ അഭിനന്ദന കുറിപ്പ് നല്ലൊരു അംഗീകാരം ആയിരുന്നു ഉപ്പാക്ക്.


"ചിദംബര സ്മരണകള്‍ "ക്ക് ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്തുകൊണ്ടൊരു ഗദ്യം എഴുതുന്നില്ല എന്നൊരു ചോദ്യം പലരെയും പോലെ ഞാനും ചോദിക്കാറുണ്ട്. കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കറന്റ് ബൂകിസ്ന്റെ കോഴിക്കോട് ശാഖയില്‍ കയറി അവരോടു അന്യോഷിച്ചു ചുള്ളിക്കാടിന്റെ മറ്റേതേലും ഗദ്യം വന്നിട്ടുണ്ടോ എന്ന്. ഉത്തരം രസകരമായിരുന്നു. " ദേ നിക്കുന്നു നേരിട്ട് ചോദിച്ചോളൂ "എന്ന്. നോക്കുമ്പോള്‍ പുസ്തകങ്ങള്‍ പരത്തി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കുറെ നാളായി സ്വയം ചോദിക്കുന്ന ചോദ്യം നേരയങ്ങു ചോദിച്ച്. ഖന ഗംഭീര ശബ്ധത്തില്‍"ഇല്ല "എന്നൊരു മറുപടി മാത്രം. വരുമോ എന്ന് വീണ്ടും ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. കാരണം സംസാരിക്കാന്‍ ഇത്തിരി പിശുക്ക് ഉള്ള പോലെ. എന്നാലും " തുറമുഖം " എന്നൊരു ബ്ലോഗ്‌ കൂടി അദ്ദേഹം കൈകാര്യം ചെയ്യുന്ന സ്ഥിതിക്ക് സഹ ബ്ലോഗ്ഗര്‍ കൂടി ആണല്ലോ. അതുകൊണ്ട് വേറെയും എന്തൊക്കെയോ ചോദിച്ച്. പിന്നെ പുള്ളിയെ സ്വന്ത്രമാക്കി. ആശ്വാസം തോന്നിക്കാണണം. എന്നാലും ചിദംബര സ്മരണകള്‍ നല്‍കിയ വായനയുടെ അനുഭൂതി, കൂടെ ഒരു പാട് അനുഭവങ്ങളിലൂടെ സഞ്ചരിച്ച ഒരു വ്യക്തി എന്ന നിലയില്‍ വീണ്ടുമൊരു അനുഭവകുറിപ്പ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അത് കാത്തിരിക്കുന്നു സാഹിത്യ ലോകം.

ഇതെഴുതുമ്പോഴും സാഹിത്യലോകം സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയം "വായന മരിക്കുന്നോ "എന്നതാണ്. ഒരുത്തരം പറയാന്‍ ബുദ്ധിമുട്ടുന്നു. നേരത്തെ പറഞ്ഞ പോലെ പ്രവാസം അതിര്‍ വരമ്പിട്ട എന്റെ ലോകത്ത് ഈ പ്രിയപ്പെട്ട ഇഷ്ടത്തെ മാറ്റിവെച്ചിരിക്കുന്നു. സങ്കടത്തോടെ. പക്ഷെ ഓഫീസിലെ വിരസമായ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞു വരുന്ന സൈബര്‍ അക്ഷരങ്ങളില്‍ ഒതുങ്ങുന്നു ഇപ്പോഴത്തെ വായന. ബ്ലോഗും മറ്റ് മിനിയേച്ചര്‍ ഓണ്‍ലൈന്‍ കുറിപ്പുകളും ചര്‍ച്ചകളും വായിച്ചു ചെറിയൊരു ബന്ധം സൂക്ഷിക്കുന്നു എന്ന് മാത്രം. പുസ്തകങ്ങളുടെ ,അച്ചടിച്ച അക്ഷരക്കൂട്ടുകളുടെ ആ ഗന്ധം , താളുകളില്‍ നിന്ന് താളുകളിലേക്ക് മറിയുമ്പോള്‍ ലഭിച്ചിരുന്ന ആ ആവേശം നഷ്ടമാകുന്നല്ലോ എന്ന ദുഃഖം വല്ലാതെ ആകുലപ്പെടുത്തുന്നു .


(" എഴുത്തും എഴുത്തുക്കാരും" എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. " ഈ ഭാഗം പ്രസിദ്ധീകരിച്ചത് "വാചികം " മാസികയില്‍ )

Friday, October 19, 2012

പൊടി തട്ടിയെടുത്ത ചിലത് (എഴുത്തും എഴുത്തുകാരും )


ആദ്യം വായിച്ചത് "എന്റെ കഥ" യാവും. പിന്നെ നീര്‍മാതളം പൂത്തക്കാലം .അതും കഴിഞ്ഞ് "നഷ്ടപ്പെട്ട നീലാംബരി". അവസാനത്തില്‍ "ജാനുവമ്മ പറഞ്ഞ കഥ"യും വണ്ടിക്കാളകളും. വായനയുടെ ആഘോഷം എന്ന് പറയേണ്ടി വരുമ്പോള്‍ മാധവിക്കുട്ടി എന്ന എഴുത്തുക്കാരി പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തിന് താഴെ ഇപ്പോഴും ഇരിക്കുന്ന പോലെ . പുസ്തകത്തിന്റെ തലക്കെട്ട്‌ തന്നെ നമ്മെ വായനയിലേക്ക് ക്ഷണിക്കുന്ന ഒരു പ്രത്യേകത മാധവിക്കുട്ടിയുടെത് മാത്രമാണോ ? "നഷ്ടപ്പെട്ട നീലാംബരി" വീണ്ടും വീണ്ടും ഒരു ചെറുകഥ പോലെ ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന പേര്. കുറെ നാളിന് ശേഷം വണ്ടിക്കാളകളുമായി മാതൃഭൂമിയില്‍ വന്നപ്പോള്‍ നല്ല സന്തോഷം തോന്നി. പക്ഷെ തെറിവിളികള്‍ സഹിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു പെട്ടന്നു നിര്‍ത്തി ആ കഥാകാരി പേന അടച്ചപ്പോള്‍ ആരാണ് വിജയിച്ചത്..? ഇന്ന് വര്‍ഷത്തില്‍ നീര്‍മാതളം പൂക്കുമ്പോള്‍ പത്രങ്ങളില്‍ വീണ്ടും അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയും. പക്ഷെ നീര്‍മാതളത്തിന്റെ മണമടിക്കുമ്പോള്‍ പട്ടിന്റെ ഉലച്ചിലുമായി നാലപ്പാട് തറവാടിന്റെ ജനാലകള്‍ക്കരികിലേക്ക് ഓടിയെത്തുന്ന ആമിയോപ്പുവിന്റെ മുഖമാണ് നമ്മുടെ മനസ്സില്‍ തെളിയുന്നത് എങ്കില്‍ നീര്‍മാതളം പൂത്തക്കാലം എന്ന കൃതിയും അതിന്റെ ആവിഷ്ക്കാരവും ഉണ്ടാക്കിയ സ്വാധീനം ആണത്.


ചുണ്ടില്‍ തിരുകിയ ബീഡിയും മുണ്ടും അധികം സംസാരിക്കാത്ത പ്രകൃതവും ഉള്ള കൂടല്ലൂര്‍ക്കാരന്‍ ഇന്ന് മലയാള സാഹിത്യത്തിന്റെ കാരണവര്‍ അല്ലെ.ഇതേ രൂപത്തില്‍ തന്നെയാണ് എം ടിയെ ആദ്യമായി കാണുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് . ദൂരെ നിന്ന് ഒരത്ഭുതത്തോടെ നോക്കി നിന്നു . ഇരുട്ടിന്റെ ആത്മാവും നാലുക്കെട്ടും മഞ്ഞും എല്ലാം എഴുതി വിസ്മയിപ്പിച്ച ഈ സാഹിത്യ കുലപതിയുടെ "വാരാണസി " എന്ന നോവല്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ രണ്ടു അദ്ധ്യായത്തിനപ്പുറം വായന തുടരാന്‍ പറ്റാത്തത് തീര്‍ച്ചയായും എന്റെ ആസ്വാദനത്തിന്റെ പരിമിതികൊണ്ട് തന്നെയാവണം. ഇതിനപ്പുറം എം ടി യെ കുറിച്ചെഴുതാന്‍ ഞാനാര്..!


കോഴിക്കോട് പട്ടാളപ്പള്ളിയില്‍ നിന്നും അസര്‍ നിസ്കരിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ എതിരെ പള്ളിയിലേക്ക് കയറുന്ന കുറിയ മനുഷ്യന് കൈകൊടുത്ത് ഉപ്പ എന്നെ പരിചയപ്പെടുത്തി . ചെറിയ കുട്ടിയായ എന്റെ കൈ പിടിച്ച് വിശേഷങ്ങള്‍ ചോദിച്ച അദ്ദേഹം പിന്നെ എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരനായി . തൃക്കോട്ടൂര്‍ പെരുമയും ഒരു പടകാളി പെണ്ണിന്റെ ചരിതവും പന്താലയനിയിലേക്ക് ഒരു യാത്രയും തുടങ്ങി പുതിയൊരു ശൈലിയില്‍ വായനയുടെ വസന്തം തീര്‍ത്തു. പക്ഷെ അദ്ധേഹത്തെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം കടന്നു വരുന്ന രണ്ട് മുഖങ്ങളുണ്ട് . മാറാവ്യാധി ബാധിച്ച് ബര്‍മ്മയില്‍ നിന്നും മടങ്ങുമ്പോള്‍ പലരും പറഞ്ഞിട്ടും ആ കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കാതെ നാട്ടില്‍ കൊണ്ടുവന്ന സ്നേഹനിധിയായ ഉപ്പ. ഒരു കല്യാണത്തിന് കുട്ടികള്‍ മുഴുവന്‍ ബസ്സില്‍ കയറിയപ്പോള്‍ അമ്മമാര്‍ ഇല്ലാത്ത കുട്ടികളെയൊക്കെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . വഴിയരികില്‍ നിന്ന് ഉമ്മയെ ഓര്‍ത്തു കരഞ്ഞ ഒരു കൊച്ചു കുട്ടി. ആ കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞ ഒരിക്കലും കാണാത്ത ഉമ്മയും ആ നഷ്ടത്തിന്റെ വേദനയും . യു എ ഖാദര്‍ എന്ന അനുഗ്രഹീത എഴുത്തുക്കാരനെ ഓര്‍ക്കുമ്പോള്‍ ഈ ഉമ്മയും ഉപ്പയും എന്റെ മനസ്സില്‍ വരാന്‍ കാരണം ഈ അനുഭവം അദ്ദേഹം എഴുതിയത് വായിച്ചപ്പോള്‍ ആ പുറങ്ങളില്‍ വീണ എന്റെ കണ്ണുനീരിന്റെ ഓര്‍മ്മ കൂടിയാണ് . പക്ഷെ ഒരിക്കല്‍ കൂടി അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ ചോദിക്കാന്‍ കരുതിവെച്ച ഒന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയ ഒരു ഭ്രാന്തന്‍ മൊല്ലാക്കയുടെ കഥ. ഭ്രാന്തിന്റെ മൂര്‍ദ്ധന്യത്തില്‍ പുഴക്കരയില്‍ വെച്ച് മൊല്ലാക്ക ചൊല്ലുന്ന വരികള്‍ ഉണ്ട്.
"ബാളോക്ക് ബപ്പന്‍ ബെയ്
ബാലിക്ക് പപ്പാന്‍ ബെയ്
ഖസോക് മൂപ്പര് ബെയ് "

മോല്ലാക്കയുടെ വായിലേക്ക് വെറുതെ തിരുകിയ വാക്കുകള്‍ ആയി തോന്നിയില്ല എനിക്കിത്. ഏതോ ഒരു ഫോള്‍ക്ക് പാട്ടിന്റെ വരികള്‍ പോലെ. അല്ലെങ്കില്‍ മറ്റെന്തോ ഒന്ന്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ വരികളും ചോദ്യവും എന്റെ പിറകെയുണ്ട്.


ടീവി സ്ക്രീനുകളില്‍ ക്രിക്കറ്റിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുന്ന എഴുത്തുക്കാരന്‍ . "ക്രിക്കറ്റ്" എന്ന നോവല്‍ ആയിരിക്കാം ചാനലുകളില്‍ ഈ മുഖം തെളിയാന്‍ കാരണം. പക്ഷെ കെ . എല്‍ .മോഹനവര്‍മ്മയെന്ന ഈ ക്രിക്കറ്റ് പ്രേമിയുടെ ഒരേയൊരു നോവലെ ഞാന്‍ വായിച്ചിട്ടുള്ളൂ. "ഓഹരി " . പക്ഷെ അതുമതി ഈ പേര് ഓര്‍ക്കാന്‍ . മിനിയും നേഹയും മാത്യൂസും സക്കറിയാ അങ്കിളും ധന്വന്തരി ഹെര്‍ബല്‍ പ്രൊഡക്ട്റ്റ്സ് ലിമിറ്റഡും ഇന്നും എന്റെ പ്രിയപ്പെട്ടവര്‍ തന്നെ. ഷെയര്‍ മാര്‍ക്കറ്റിലെ കുതിപ്പും കിതപ്പും കളികളും പരിചയപെടുത്തി അത്യുജ്ജ്വലമായ ഒരു വായനാനുഭവം ആയിരുന്നു മാതൃഭൂമി ആഴ്ചപതിപ്പിന്റെ താളുകളെ സജീവമാക്കിയിരുന്ന ഈ നോവല്‍ . ഒരിക്കല്‍ കൂടി "ഓഹരി" പുനര്‍വായനക്ക് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


അഞ്ച് ബി യുടെ മൂലയില്‍ ഒരു മേശക്കു പിറകില്‍ ഇരിക്കുന്ന കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ . പിറകിലെ ജനലില്‍ കൂടി നോക്കിയാല്‍ സ്കൂളിനു പിറകിലെ നിറയെ കായ്ക്കുന്ന പഞ്ചാരമാവ്‌ കാണാം. പിന്നെ വയലും. മാഷിനായിരുന്നു സ്കൂള്‍ ലൈബ്രറിയുടെ ചാര്‍ജ്ജ്. ആദ്യമായി ഒരു ബുക്ക് മേടിക്കാന്‍ ചെന്നപ്പോള്‍ പരുക്കന്‍ ശബ്ധത്തില്‍ എന്തെ എന്നൊരു ചോദ്യം. ബുക്ക് വേണം എന്ന് പറഞ്ഞപ്പോള്‍ ഒന്നമര്‍ത്തി മൂളി അലമാര തുറന്നു കട്ടിയുള്ളൊരു ബുക്ക് എടുത്തു കയ്യില്‍ തന്നു. ഞാന്‍ പേര് വായിച്ചു . "പാവങ്ങള്‍ " വിക്ടര്‍ ഹ്യൂഗോ. പരിഭാഷ നാലപ്പാട് നാരായണമേനോന്‍ . ബുക്കിന്റെ കട്ടി കണ്ട് എനിക്ക് സങ്കടം ആയി. പരിതാപത്തോടെ നോക്കിയപ്പോള്‍ മാഷ്‌ പറഞ്ഞു."കൊണ്ടുപ്പോയി വായിക്കു. വെറുതെയാവില്ല. ഇന്നലെ മാതൃഭൂമി ബുക്സിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ കണ്ടു ലെസ് മിസറബിള്‍സിന് നൂറ്റമ്പത് വയസ്സ് എന്ന്. എന്റെ വായനക്കും പ്രായം ഒത്തിരി ആയി. വായനാ അഭിരുചികളും മറ്റും മാറി. ചെറുവാടി യൂ പി സ്കൂളിന്റെ ലൈബ്രറിയില്‍ നിന്നും മാഷ്‌ ബുക്ക് എടുത്തു തന്നതും ഒറ്റയിരുപ്പിനു അത് വായിച്ചു തീര്‍ത്തതും ഓര്‍മ്മയുണ്ട്. ഇപ്പോള്‍ വീണ്ടും അത് വായനക്കെടുക്കാന്‍ തോന്നുന്നതിന്റെ കാരണം രണ്ടാണ്. ഒന്ന്‍ മാറിയ കാലത്ത് അത് ഞാനെങ്ങിനെ വായിക്കുന്നു എന്ന്. രണ്ടു അകാലത്തില്‍ പൊലിഞ്ഞു പോയ എന്റെ കുഞ്ഞഹമ്മദ് കുട്ടിമാസ്റ്ററുടെ ഓര്‍മ്മയും ആ പഴയ അഞ്ച് ബിയും അതിന്റെ മൂലയിലെ അലമാരയും പിന്നെ ജനലിലൂടെ കാണുന്ന മാവും വയലും വീണ്ടും എന്റെ ഓര്‍മ്മകളില്‍ നിറയില്ലേ ..!


ബഹ്റൈനിലെ സല്‍മാനിയ പള്ളിയില്‍ നിന്നും ജുമാ നിസ്കരിച്ചു കഴിഞ്ഞപ്പോള്‍ മുന്നിലൂടെ നടന്നു പോയ ആളെ ഞാന്‍ സൂക്ഷിച്ചു നോക്കി. കറുത്ത് തടിച്ച ഈ മനുഷ്യനെ എവിടെയാണ് കണ്ടുമറന്നത്‌ ...? പെട്ടന്നു ഉണ്ടായ ബോധോദയം പോലെ എണീറ്റ്‌ പിറകെ ഓടി. മരുഭൂമികള്‍ക്കുള്ളില്‍ ഓടി നടന്ന് ഒരു മസറയില്‍ നിന്നും ആ മുഖത്തെ തിരഞ്ഞു പിടിച്ചു. നടന്നു നീങ്ങുന്ന ആ മുഖം നജീബിന്റെതായിരുന്നു . ബെന്യാമിന്റെ ആട് ജീവിതത്തിലെ നായകന്‍ . എനിക്കൊന്നു ചെന്ന് കൈ പിടിക്കണം എന്നുണ്ടായിരുന്നു. ബെന്യാമിന് കഥ പറയാനും ലോകത്തിനു അത്ഭുതമായി ഒരു വായനക്കും കാരണമായി നിന്നതിനല്ല . പകരം കുറെ അനുഭവങ്ങളും കഷ്ടപ്പാടും സഹിച്ച് കുടുംബത്തിലേക്ക് തിരിച്ച് വന്ന സഹനത്തിനും പോരാട്ടത്തിനും ധീരതക്കും . പക്ഷെ ആടുജീവിതം എന്ന സുന്ദരമായ രചന വായിച്ചു മടക്കി വെക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് നജീബ് അല്ല. മരുഭൂമിയുടെ നടുവില്‍ വെള്ളം കിട്ടാതെ വിഭ്രാന്തിയുടെ അങ്ങേയറ്റം വരെ എത്തി മണല്‍ വാരി തിന്ന് അവസാനം ഒരു മരുക്കാറ്റില്‍ അണഞ്ഞുപോയ ഹക്കീം എന്ന ചെറുപ്പക്കാരനാണ് . നജീബിനെക്കാളും എന്റെ കണ്ണ് നനയിച്ചത് അവന്റെ അവസാനം ആണ്. അവനെ എല്പ്പിച്ചുപ്പോയ ആ ഉമ്മയുടെ ആധിയും കണ്ണീരുമാണ്. പ്രിയപ്പെട്ട ബെന്യാമിന്‍ ," താങ്കളുടെ മഞ്ഞവെയില്‍ മരണങ്ങളുടെ " പ്രകാശന വേളയില്‍ ബഹ്റൈനിലെ ഓഡിറ്റോറിയത്തില്‍ വെച്ച് ആട്ജീവിതം എഴുതിയ കൈകള്‍ പിടിച്ചു കുലുക്കിയ നിമിഷം സന്തോഷതിന്റെതായിരുന്നു . കൂടെ എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരനും സുഹൃത്തും ആയ മുസഫര്‍ അഹമ്മദിനെ ആദ്യമായി കണ്ടതും അതെ വേദിയില്‍ ആയിരുന്നു എന്നത് മറ്റൊരു സന്തോഷം. കൂടെ സന്തോഷ്‌ എച്ചിക്കാനവും .


"ചെറുവാടിക്ക് ഒരു ചായ " അകത്തേക്ക് നീട്ടി ഒരു വിളി . വിശ്വവിഖ്യാതമായ സുലൈമാനി കിട്ടാത്തതില്‍ ഞാന്‍ ഖിന്നനായി. " പേപ്പറും പേനയും എടുത്ത് കുറിക്കാന്‍ തയ്യാറായി .
" നില്‍ക്ക് . ഞാന്‍ പറയുന്നതൊന്നും എഴുതാനുള്ളതല്ല . അതിനുള്ളത് ഞാന്‍ പറയുമ്പോള്‍ എഴുതിയാല്‍ മതി " സുല്‍ത്താന്‍ ആജ്ഞാപ്പിച്ചു "

ഇത് എനിക്കോര്‍മ്മയില്ല . "മുസ്ലീം പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍ " എന്ന കൃതിക് വേണ്ടി വൈക്കം മുഹമ്മദ്‌ ബഷീറിനെ ഉപ്പ അഭിമുഖം ചെയ്തപ്പോള്‍ ഉള്ള സംഭാഷണം ആണ് ഇത്. ആ പുസ്തകത്തിലെ വരികള്‍ ഓര്‍മ്മിച്ചു ഞാന്‍ ഇവിടെ എഴുതി. പക്ഷെ മാങ്കോസ്റ്റിന്‍ ചുവട്ടിലെ സിംഹാസനത്തില്‍ ഇരുന്ന് അക്ഷരങ്ങളുടെ സുല്‍ത്താന്‍ ഉപ്പയോട്‌ സംസാരിക്കുമ്പോള്‍ ഇതാര് എന്ത് എന്നൊന്നും അറിയാതെ ഞാനുമുണ്ടായിരുന്നു കൂടെ. പിന്നെയും കാലങ്ങള്‍ കഴിഞ്ഞു . ബാല്യകാല സഖിയും മതിലുകളും പ്രേമലേഖനവും തുടങ്ങി ഓരോന്നോരോന്നും മത്സരിച്ചു വായിക്കുമ്പോള്‍ എന്റെ മനസ്സ് വയലാലിലെ വളപ്പിലൂടെ മാങ്കോസ്റ്റിന്‍ ചുവട്ടിലെത്തും കുപ്പായമിടാതെ ഇരുന്നിരുന്ന ആ സുല്‍ത്താന്റെ ഓര്‍മ്മകളില്‍ മതി മറക്കും. അന്ന് ആരെന്നറിയാത്ത ആ മുഖം പില്‍ക്കാലത്ത്‌ വായനയെ വസന്തമാക്കിയപ്പോള്‍ ഞാന്‍ അല്പം അഹങ്കരിക്കും. ആ സുല്‍ത്താന്റെ ദര്‍ബാറില്‍ ഞാനും ചെന്നിട്ടുണ്ടല്ലോ . അക്ഷരങ്ങളുടെ സുകൃതം പെയ്യിച്ച കൈകള്‍ കൊണ്ട് എന്നെയും തോട്ടിട്ടുണ്ടല്ലോ എന്ന്.


ഒരു വിവാദം എത്തിച്ചതാണ് മറ്റൊരു സുന്ദരമായ കൃതിയിലേക്ക് . അവതാരിക എഴുതിയ ആള് തന്നെ മോഷണം എന്ന് പറഞ്ഞു അതിനെ തള്ളിപ്പറയുക . വി, രാജകൃഷ്ണന്‍ പിന്നെയത് മാറ്റിയോ എന്നൊരു സംശയം ഉണ്ട്. പക്ഷെ ആ വിവാദം ആണ് " പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീര്‍ത്തനം പോലെ " യിലേക്ക് എത്തിച്ചത്.. പലയാവര്‍ത്തി വായിച്ച നോവലുകളില്‍ ഏറ്റവും പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നതും ഇത് തന്നെ. മലയാള നോവലിലെ ഒരു ഏകാന്ത വിസ്മയം എന്ന് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ച ഈ കൃതി ഓരോ മലയാളിയുടെയും വായനയെ ഉത്സവമാക്കിയ ഒന്നാണ് എന്നതില്‍ രണ്ടഭിപ്രായം കാണില്ല . ദസ്തയേവ്‌സ്കിയുടേയും അന്നയുടെയും കഥ. പലപ്പോഴും വൃഥാ സ്വപ്നം കാണാറുണ്ട്‌ മോസ്കോ തെരുവുകളില്‍ കൂടി എന്നെങ്കിലും ഒരു യാത്ര . ദസ്തയേവ്‌സ്കിയേയും അന്നയെയും തേടി അദ്ദേഹം ചൂതുകളിച്ച സ്ഥലങ്ങള്‍ തേടി , അവരുടെ പ്രണയം വിരിഞ്ഞ റഷ്യയിലെ വസന്തം തേടി. ഓരോ തവണ വായിക്കുമ്പോഴും സൌന്ദര്യം കൂടിവരുന്ന രചന.

ഓരോ കഥകള്‍ അല്ലെങ്കില്‍ നോവലുകള്‍ വായിച്ചു കഴിയുമ്പോഴും കഥാകാരന്‍ ബാക്കി വെക്കുന്ന കുറെ ചോധ്യങ്ങളുണ്ട്. കിട്ടുന്ന കുറെ ഉത്തരങ്ങളുണ്ട്. കാലങ്ങളോളം നമ്മെ പിന്തുടരുന്ന കഥാ മുഹൂര്‍ത്തങ്ങളുണ്ട്‌ . കഥാ പാത്രങ്ങളുണ്ട്‌.. .., മറ്റുചിലപ്പോള്‍ നമ്മള്‍ തന്നെ അതിലൊരു കഥാപാത്രമാവും.പറഞ്ഞത് നമ്മുടെ കഥയെന്നു തോന്നും. നോവായും നൊമ്പരമായും സുഹൃത്തായും സ്വാധീനമായും മാറുന്ന കഥകളും കഥാപാത്രങ്ങളും. പരിമിതമായ എന്റെ വായനാ ആസ്വാദന ലോകത്ത് പുതിയ കഥകള്‍ ഇപ്പോള്‍ കടന്നു വരാറില്ല. പക്ഷെ സമയത്തെ ഞാന്‍ പഴിക്കുന്നില്ല.

(ഒരു ഭാഗം കൂടി വരും )

Saturday, October 6, 2012

നീലഗിരിയെ മയക്കിയ ഈണങ്ങള്‍



അലക്ഷ്യമായി പുറപ്പെടുന്ന ഏത് യാത്രകളും ചെന്നവസാനിക്കുന്നത് ഊട്ടിയിലാകും. ഔഷധം മണക്കുന്ന യാത്രകള്‍ എന്നാണ് ഞങ്ങള്‍ പറയാറ്. തൊലിയുരിഞ്ഞ് നില്‍ക്കുന്ന യൂക്കാലിപ്സ് മരങ്ങളില്‍ നിന്നും വരുന്ന നാസരന്ദ്രങ്ങളെ തുളച്ചു കയറുന്ന ഔഷധ മണം. പിന്നെ ഒരുപാട് നിഗൂഡതകള്‍ ഒളിപ്പിച്ച് വെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന വനങ്ങള്‍. . ഇത് രണ്ടും മതി ഒരു യാത്ര സമ്പന്നമാവാന്‍. . പക്ഷെ ഊട്ടി എന്ന പ്രകൃതിയുടെ ഉദ്യാനം ആ പഴയ സന്തോഷം ഇപ്പോള്‍ നല്‍കുന്നില്ല എന്നത് സത്യമല്ലേ..?
എവിടെയോ നഷ്ടപ്പെട്ടുപ്പോയ പ്രതാപത്തിന്‍റെ ചിതല്‍ തിന്ന ബാക്കി എന്ന് എഴുതേണ്ടി വരുമ്പോള്‍ അല്‍പം വിഷമമുണ്ട്. നേരവും കാലവും നോക്കാതെ ഇവിടേക്കുള്ള യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അകാല വാര്‍ദ്ധക്യം പിടിച്ച പോലെ നില്‍ക്കുന്ന ഊട്ടിയുടെ ഈ പുതിയ മുഖം ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്നു. എന്നിരുന്നാലും തറവാട്ടിലേക്കുള്ള തിരിച്ച് പോക്ക് പോലെ അറിയാതെ ഞങ്ങളെത്തിപ്പെടും ഈ നീലഗിരിയുടെ മടിത്തട്ടിലേക്ക്.

"പാല്‍വെ സുഖവാസം " റിസോര്‍ട്ട് മനോഹരമാണ്. ഊട്ടിയെ മുഴുവന്‍ ഒപ്പിയെടുക്കാന്‍ പറ്റുന്ന കുന്നിനുമുകളില്‍ തേയിലക്കാടുകള്‍ക്കിടയില്‍ നല്ലൊരു താമസം. കുടുംബവുമായി വന്നെത്തിയപ്പോള്‍ ജെയിംസ്‌ കാത്തിരിക്കുന്നു. തലശ്ശേരിക്കാരനായ ജെയിംസ്‌ രണ്ട് വര്‍ഷമായി ഇവിടെ മാനേജറാണ്. അറിയുന്നത് കൊണ്ട് തേയില തോട്ടങ്ങളിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുള്ള മുറി തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. ഇന്ന് രാത്രി നിങ്ങള്‍ക്കായി ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നു എന്ന സസ്പെന്‍സ് വെച്ചിട്ട് ജെയിംസ്‌ പോയി.

ഭക്ഷണത്തിന് ശേഷം എല്ലാവരെയും പുറത്തേക്ക്‌ വിളിച്ചു. റിസോര്‍ട്ടിന്‍റെ മുന്നിലെ ചെറിയ തോട്ടത്തില്‍ എല്ലാ താമസക്കാരും നിറഞ്ഞിട്ടുണ്ട്‌.. ജെയിംസ്‌ ഞങ്ങളെ കണ്ടപ്പോള്‍ വിളിച്ച്‌ മുന്നില്‍ തന്നെയിരുത്തി. തൊട്ടപ്പുറത്ത് കുറെ വിദേശികളും ഇരിക്കുന്നുണ്ട്‌. നിലത്തു വിരിച്ച കോസടിയില്‍ അവര്‍ ഇരിക്കാന്‍ പാടുപെടുന്നപ്പോലെ. താല്‍ക്കാലികമായി ഒരു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. വാദ്യോപകരണങ്ങളും. ഒരു ഗാനമേളയാവും . സ്വല്‍പം നിരാശ തോന്നി തുടങ്ങിയപ്പോള്‍ ശര്‍വാണിയും ചുവന്ന വലിയ തലയില്‍ കെട്ടുമായി കടന്ന് വന്ന ചെറുപ്പക്കാരന്‍ ഒരു പ്രതീക്ഷ നല്‍കി. പിന്നെ പതുക്കെ ആ ഗായകന്‍ കൊണ്ടുപോയത് ഗസലിന്‍റെ ലോകത്തേക്ക്.


ജഗ്ജിത് സിംഗിന്‍റെയോ ഗുലാം അലിയുടെയോ ഒന്നില്‍ നിന്നും ഒരു തുടക്കം പ്രതീക്ഷിച്ച എനിക്ക് ഖവ്വാലിയുടെ സുല്‍ത്താന്‍ നുസ്റത്ത് ഫതഹ് അലി ഖാന്‍റെ ഒരു ഖവ്വാലിയില്‍ നിന്നുള്ള തുടക്കം ഏറെ ആവേശം നല്‍കി. വീണ്ടും സുല്‍ത്താന്‍റെ മറ്റൊരു പഞ്ചാബി ഗസലിലേക്ക്‌.

സുന്‍ ചര്‍ഖെ മിത്തി മിത്തി കൂക്
മാഹിയ മെയ്നു യാദ് ആവ്ദാ മേരി ദില്‍
മേരി ദില്‍ വിച്ചു ഉട്ത്തി യീ ഊക്
മാഹിയ മെയ്നു യാദ് ആവ്ദാ
മേരി ഇദ് വാല ചന്‍ കദോ ചടെഗാ

സൂഫി സംഗീതത്തിന്‍റെ സുല്‍ത്താന്‍റെ ഗാനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഈ യുവഗായകന്‍ പാടിതകര്‍ക്കുന്നു. കുറച്ച് നേരത്തേക്കെങ്കിലും എന്‍റെ മനസ്സ് പിടിവിട്ട് ലാഹോറിലെ തെരുവുകളില്‍ എത്തിപ്പെട്ടു. ഒരു ഖവാലിയുടെ ഈണവുമായി കുര്‍ത്തയും പൈജാമയും ധരിച്ച ഞാന്‍ ആ തെരുവുകളില്‍ അലയുന്നത് എന്തിനാവും..? ഒരു വീടിന്‍റെ ജനല്‍ തുറന്ന് ഈറന്‍ കണ്ണുകളുമായി എന്നെ നോക്കിയേക്കാവുന്ന ഒരു മുഖത്തെ ഞാനവിടെ പ്രതീക്ഷിക്കുന്നുണ്ട്. ഖവ്വാലിയുടെ രണ്ട് വരികള്‍ അവിടെ ഒരു ക്ഷമാപ്പണം ആയി ഇട്ട് ഞാന്‍ തിരിച്ച് നടന്നു. ഗായകന്‍ അപ്പോള്‍ പാടുന്ന രാഗത്തിന് ഒരു ശോകഭാവം അറിയാതെ വന്നതാണോ...?

ചില പാട്ടുകള്‍ അങ്ങിനെയാണ്. ഗസലുകള്‍ നമ്മെ വഴിനടത്തുക ഉത്തരേന്ത്യന്‍ തെരുവുകളിലൂടെയാവും. കണ്ടതും കാണാത്തതും ആയ സ്ഥലങ്ങളില്‍. .. ആഗ്രയും ജയ്പൂര്‍ പാലസും മുഗള്‍ കൊട്ടാരങ്ങളും അവിടത്തെ അന്തപ്പുരങ്ങളും എല്ലാം മാറി മാറി വരും. ഔറം ഗസീബിന്‍റെ കാലമൊഴിച്ചാല്‍ സൂഫി സംഗീതത്തിന് നല്ല വേരോട്ടം ഉണ്ടായിരുന്നു മുഗള്‍ കാലത്ത്. അധികം വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ഒരു പഴയക്കാല ഉത്തരേന്ത്യന്‍ ഗ്രാമവും അതിലൂടെ സ്വപ്നത്തിലെന്ന പോലെ അലയുന്ന എന്നിലേക്കുമാണ് ഓരോ ഗസലുകള്‍ കേള്‍ക്കുമ്പോഴും ഞാനെത്തിപ്പെടാറുള്ളത് . ഗായകന്‍ നല്ല ഫോമിലെത്തിയിരിക്കുന്നു. വിദേശികള്‍ വരെ ലയിച്ചുപോയ സ്വരമാധുരി. ആസ്വാദനത്തിന് ഭാഷ പോലും തടസ്സം നില്‍ക്കാത്ത ഒന്നല്ലേ സംഗീതം. ഞങ്ങള്‍ വീണ്ടും അതില്‍ ലയിക്കുന്നു. ചുറ്റും ഒരുക്കിയ നെരിപ്പോടില്‍ നിന്നും വരുന്ന ചൂട് ഈ തണുപ്പില്‍ നല്ല ആശ്വാസം നല്‍കുന്നു.


യേ പാഗല്‍ ദില്‍ മേരാ ഭുജ് ഗയാ അവാര്ഗി
ഇസ് ദഷ്‌ത് മേ ഏക്‌ ഷഹര്‍ ഥാ വോ ക്യാ ഹുവാ അവാര്ഗി

പാടുന്നത് ഗുലാം അലി തന്നെയാണോ..? അത്രക്കും മനോഹരം. ഗാനവീചികള്‍ മുറ്റത്തിന് ചുറ്റും വട്ടം കറങ്ങി ഊട്ടിയിലെ നിലാവിലേക്ക് ലയിച്ച്‌ ചേര്‍ന്നു. തിരിഞ്ഞു നോക്കുമ്പോള്‍ കുന്നിന് മേലെ ദേവദാരു മരങ്ങള്‍ പോലും താളം പിടിച്ചിരിക്കുന്നു. നിയോണ്‍ വെളിച്ചത്തില്‍ അവയെ കാണാന്‍ വെള്ള സാല്‍വാറിട്ട സുന്ദരികളെ തോന്നിപ്പിച്ചു. തേയില ചെടികള്‍ പോലും സംഗീതത്തില്‍ ലയിച്ച്‌ മയങ്ങി നില്‍ക്കുന്ന പോലെ. മകരമഞ്ഞിന്‍റെ തണുപ്പും ഗസല്‍ ഈണങ്ങളും നിലാവും ചേര്‍ന്ന സ്വപ്നസുന്ദരമായ രാവ്. രാവേറെ ആയിട്ടും ഈണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു ചേരുന്നു. പ്രിയപ്പെട്ട ഗായകരുടെ ശബ്ദങ്ങള്‍ പുനര്‍ജനിക്കുന്നു. നെരിപ്പോടിലെ ചൂടും അതിന് മേലെ കമ്പിളിയുടെ ഊഷ്മളതയും . അതേ ..ഈ രാവ് മറക്കാനുള്ളതല്ല.

പലപ്പോഴും ആഗ്രഹിക്കുന്ന ഒരു ഇഷ്ടം എന്തെന്നോ..? ആരും കൂട്ടിനിലലാത്ത ഒരു രാവ്. ഒരു മെഴുകുതിരിയുടെ വെട്ടത്തില്‍ ഒതുങ്ങുന്നൊരു ലോകം. കൂട്ടിന് പതിയെ പതിയെ മനസ്സിലേക്ക് അലിയുന്ന ഗസലുകള്‍. പിന്നെ ഓരോ പ്രിയപ്പെട്ട പാട്ടിനൊപ്പവും ചേര്‍ത്തുവെച്ച ഓര്‍മ്മകള്‍. അതൊരു പേരറിയാ സ്ഥലത്തേക്കുള്ള പുലര്‍ക്കാല യാത്രയാവാം. അല്ലെങ്കില്‍ ഒരു പ്രണയത്തിന്‍റെ . സംഗീതത്തിന്‍റെ ലഹരിയില്‍ നിദ്ര കണ്ണുകളില്‍ നൃത്തം വെക്കും. പതിയെ ഉറക്കത്തിലേക്കും പിന്നെയൊരു സ്വപ്നത്തിലേക്കും. സ്വപ്നത്തിന്‍റെ ദേവത വന്നു ഈ രാത്രിയില്‍ നിന്നെ എവിടെ കൊണ്ടുപോകണം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും രണ്ട് വര്‍ഷങ്ങള്‍ മുമ്പേയുള്ള ആ നീലഗിരിയെ മയക്കിയ ഗസല്‍ രാവിലേക്ക് എന്ന്.