Wednesday, December 29, 2010

ബൂലോക പുതുവര്‍ഷ ചിന്തകള്‍

ബൂലോകത്തും ഒരു പുതുവര്‍ഷം പിറക്കുകയല്ലേ... എല്ലാവരും പുതുവർഷത്തെ വരവേൽക്കുന്ന തിരക്കിലാകും.എനിക്കും ഇതൊരു സന്തോഷത്തിന്‍റെ നിമിഷമാണ്. ബ്ലോഗ്ഗിങ്ങില്‍ സജീവമായതിന്(?) ശേഷം ആദ്യമെത്തുന്ന പുതുവര്‍ഷ പുലരി. അപ്പോള്‍ ഈ പോസ്റ്റ്‌ ബൂലോകത്തെ കുറിച്ചാകുമ്പോള്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതട്ടെ.

സുഹൃത്തുക്കളെ സമ്പാദിക്കുന്നതില്‍ ഞാൻ പിശുക്കനും, അത് നഷ്ടപ്പെടുത്തുന്നതില്‍ ആർഭാഡനുമാണെന്നാണ് എന്നെ പറ്റി എനിക്കു തോന്നിയിട്ടുള്ളത്. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലെ എന്‍റെ അലസത ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചോദ്യത്തിന് ഇന്നുവരെ ഉത്തരം കണ്ടെത്താൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷെ മനപൂര്‍വ്വമല്ല എന്നത് സത്യം. തേടിയെത്തുന്ന ക്ഷേമാന്യോഷണങ്ങള്‍ക്ക് ചെവികൊടുക്കാതെ പോകുന്നത്, മെയിലുകള്‍ക്ക് മറുപടി അയക്കാത്തത്, ഇതെല്ലാം പലരെയും തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ അതിന്‍റെ ഉത്തരവാദി എന്‍റെ അലസത തന്നെയാണ്. പക്ഷെ എന്നിലുള്ള ഈ ദുശ്ശീലം അടുത്തറിഞ്ഞ് എന്നെ മനസ്സിലാക്കാൻ കഴിയുന്ന ചില സുഹൃത്തക്കളങ്കിലും എനിക്കുണ്ട് എന്നത് എന്‍റെ ഭാഗ്യം തന്നെയാണ്. അതുകൊണ്ട് തന്നെ അവർ ഇപ്പോഴും എന്‍റെ കൂടെയുണ്ട്.

പക്ഷെ ഇപ്പോഴതല്ല കാര്യം. ബ്ലോഗിങ്ങ് എന്ന ലോകത്തേക്ക് കയറാന്‍ ഞാന്‍ കീബോര്‍ഡില്‍ കയ്യമര്‍ത്തിയതുമുതല്‍ സൗഹൃദത്തിന്‍റെ പുതിയൊരു ലോകമാണ് എന്‍റെ മുമ്പില്‍ തുറന്നത്. ഇവിടെ കാണുന്ന സ്നേഹവും സന്തോഷവും പുതിയൊരു നിര്‍വചനം തന്നു. തമ്മില്‍ കാണുമ്പോള്‍ ഒരു ഷേക്ക്‌ ഹാന്‍ഡില്‍ തുടങ്ങി ഒരു കെട്ടിപിടുത്തത്തില്‍ ഒതുങ്ങി ബൈ പറയുന്ന ലൈവ് ഫ്രണ്ട്ഷിപ്പിനേക്കാള്‍ ആഴത്തില്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ എന്നെ കീഴടക്കുന്നു. പരസ്പരം ഇഷ്ടപ്പെടുന്ന ഒരുപാടുപേര്‍. പലരുമായും സംസാരിക്കാന്‍ അല്ലെങ്കില്‍ ചാറ്റ് ചെയ്യാന്‍ പറ്റിയില്ലായിരിക്കാം. പക്ഷെ ഒരു ഹായ് പറഞ്ഞാല്‍ ഏത് തിരക്കിനിടയിലും ഓടിയെത്തുന്ന ദൂരത്തു അവരുണ്ട് എന്നെനിക്കുറപ്പുണ്ട്. ഇതിന്‍റെ വ്യാപ്തി അറിയുന്നവര്‍ തന്നെയാവും നിങ്ങളെല്ലാവരും. ബൂലോകത്ത് ഞാനാര് എന്ന ചോദ്യത്തിന് എന്‍റെ ആദ്യത്തെയും അവസാനത്തെയും ഉത്തരം സമ്പന്നമായ ഒരുപാട് സൗഹൃദത്തിന്‍റെ ഉടമ എന്നാണ്.

പലപ്പോഴും ആലോചിക്കാറുണ്ട് എങ്ങിനെ ഇവിടെയെത്തിപ്പെട്ടു എന്നത്. അല്ലെങ്കില്‍ ഏത് സുകൃതം നിറഞ്ഞ കൈകളാണ് എന്നെ ഇവിടെയെത്തിച്ചത് എന്ന്. തീര്‍ച്ചയായും വായനയോടുള്ള താല്പര്യം തന്നെയാകണം. ഒരു എഴുത്തുക്കാരന്‍ എന്ന രീതിയില്‍ ഞാന്‍ വളര്‍ന്നിട്ടില്ല. ഞാഴുതുന്നത് ഇഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്‌. അഭിപ്രായങ്ങളില്‍ നിങ്ങളെനിക്ക് സന്തോഷത്തിന്‍റെ പൂക്കാലം തരാറുണ്ട്. അതില്‍ നിന്നും ഒരു റോസാപൂവെടുത്ത് അതിന്‍റെ മുള്ളുകൊണ്ട് എന്നെ വിമര്‍ശിക്കാറുമുണ്ട്. രണ്ടും എനിക്ക് പ്രോത്സാഹനമാണ്. അതിന്‍റെ സന്തോഷവും ആഹ്ലാദവും ഞാന്‍ മറച്ചുവെക്കുന്നില്ല. എന്നെ വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, വായിച്ചു പോകുന്നവര്‍, വിമര്‍ശിക്കുന്നവര്‍, എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കട്ടെ. ഒപ്പം കമ്മന്റുകളിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു.

ഇതൊക്കെയാണേലും വായന തന്നെയാണ് ഈ ബൂലോകത്തിന്‍റെ ബൗണ്ടറിയില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സമയകുറവു കാരണം എല്ലാം വായിച്ചെടുക്കാന്‍ പറ്റാറില്ല. വായിക്കുന്നതിലെല്ലാം അഭിപ്രായം പറയാനും. പക്ഷെ എല്ലായിടത്തും ഞാന്‍ എത്തി നോക്കാറുണ്ട്. അതെനിക്ക് ഇതുവരെ പിടുത്തം തരാത്ത കവിതകളില്‍ വരെ. മനോഹരമായ കഥകള്‍ വായിച്ചു അതുപോലെ എഴുതാന്‍ പറ്റാത്തതില്‍ അസൂയപ്പെട്ടിട്ടുണ്ട്, കവിതകള്‍ വായിച്ചു മനസ്സിലാവാതെ എന്‍റെ ആസ്വാദന പരിമിതി ഓര്‍ത്ത് ലജ്ജിച്ചിട്ടുണ്ട്, നര്‍മ്മക്കഥകള്‍ വായിച്ചു പരിസരം മറന്നു ചിരിച്ചിട്ടുണ്ട്, യാത്ര വിവരണങ്ങള്‍ വായിച്ച്‌ പല ഗ്രാമങ്ങളിലും പുറം നാടുകളിലും ചുറ്റി കറങ്ങിയിട്ടുണ്ട്, പിന്നെ പാചക വിധികള്‍ വായിച്ച്‌ കെട്ട്യോള്‍ക്ക്‌ സമാധാനം കൊടുക്കാതിരിന്നിട്ടുമുണ്ട്. പല ബ്ലോഗുകളും പോസ്റ്റുകളിലെ മികവും കണ്ടിട്ട് എന്‍റെ ബ്ലോഗ്‌ പൂട്ടി പാസ്സ്‌വേര്‍ഡ്‌ കടലിലെറിഞ്ഞാലോ എന്നും തോന്നിയിട്ടുണ്ട്.

എന്നിട്ടും ഞാന്‍ എഴുതി എന്തൊക്കെയോ. അത് അഹങ്കാരം കൊണ്ടല്ല മറിച്ച് വിമര്‍ശനത്തെ ഉള്‍കൊള്ളാനുള്ള തൊലിക്കട്ടി കൊണ്ടുതന്നെയാണ്. പിന്നെ ബ്ലോഗിങ്ങ് അനുവദിക്കുന്ന വിശാലമായ സ്വാതന്ത്ര്യം. എഴുത്തില്‍ എനിക്ക് പരിമിതികളുണ്ട്. മനസ്സില്‍ വരുന്നത് പേപ്പറിലേക്ക്‌ എന്നതില്‍ കവിഞ്ഞൊരു രചനാ കൗശലം എനിക്കറിയില്ല. അതൊകൊണ്ട് തന്നെ എന്‍റെ തെറ്റുകളെ ചൂണ്ടികാണിക്കുക. അതെന്നോട്‌ ചെയ്യുന്ന നീതിയാണ് എന്ന് ഞാന്‍ കരുതുന്നു.

എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ നിങ്ങളേയാണ്.അതുകൊണ്ട് തന്നെ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഈ ബൂലോകത്ത് നിങ്ങളുടെ പ്രിയ കൂട്ടുകാരനായി ഞാനുണ്ടാവും. ഇന്‍ശാ അല്ലാഹ്.
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
പ്രാര്‍ത്ഥനകളോടെ
ചെറുവാടി

Thursday, December 23, 2010

വിടവാങ്ങിയ പുഞ്ചിരി

ഞാനൊരു രാഷ്ട്രീയക്കാരനല്ല. പക്ഷെ ചൂടും ചൂരുമുള്ള കേരള രാഷ്ട്രീയത്തിന്റെ പന്തലിലേക്ക് എത്തിനോക്കാതിരിക്കാന്‍ ശരാശരി മലയാളിയെപോലെ എനിക്കു പറ്റില്ല. അതിനു കാരണങ്ങള്‍ പലതാകാം.. പക്ഷെ ഇപ്പോള്‍ ഇത് പറയുന്നത് കെ കരുണാകരന്‍ എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ പടിയിറങ്ങിയപ്പോള്‍ എന്റെ മനസിൽ തോനുന്ന ചില വികാരങ്ങള്‍ പങ്കുവെക്കാന്‍ മാത്രം.

കേരള രാഷ്ട്രീയത്തില്‍ ഒരു ക്ലീന്‍ ഇമേജ് ലീഡര്‍ക്ക് ഉണ്ടായിരുന്നു എന്ന് ഞാന്‍ പറയുന്നില്ല. അതിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഔചിത്യമുള്ള കാര്യവുമല്ല.
പക്ഷെ ഈ വിമര്‍ശനങ്ങളെ മാറ്റിവെച്ചു നോക്കിയാല്‍ ഞാന്‍ അദ്ധേഹത്തെ വളരെ ഇഷ്ടപ്പെടുന്നു. മികച്ചൊരു സംഘാടകനെ, അണികളില്‍ വികാരമാവുന്ന ഒരു നേതാവിനെ, മികച്ച ഭരണാധികാരിയെ പിന്നെ ഒരു പാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പുത്രസ്നേഹം കാണിച്ച പിതാവിനെ.വര്‍ഷങ്ങളോളം കേരള രാഷ്ട്രീയം ചുറ്റികറങ്ങിയത് ഈ അച്ചുതണ്ടിലാണ്. കേരളത്തിന്‌ പുറത്തു ദല്‍ഹി രാഷ്ട്രീയം വരെ ഈ വാക്കുകള്‍ കാതോര്‍ത്ത കാലങ്ങളുണ്ട്.

പ്രതിസന്ധികളില്‍ നിന്നും പിടിച്ചു കയറിയ ഒരു മാതൃക ഉണ്ടതില്‍, കുഞ്ഞു നാളുകളില്‍ മുതല്‍ കാണുന്നത് അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തെ പറ്റി കേൾക്കുന്നതെല്ലാം വീര കഥകളാണ്, പിന്നെ വിവാദങ്ങളിലെ നായകനായി. പക്ഷെ എപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു തന്റെടിയുടെ മുഖം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നത് ആരും നിഷേധിക്കുകയുമില്ല.
എന്നെ തെറ്റിദ്ധരിക്കരുത്. പറഞ്ഞല്ലോ ഞാന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ലെന്നു. പക്ഷെ ചെറുപ്പം മുതല്‍ പല കാരണങ്ങള്‍ കൊണ്ട് ഇഷ്ടപെട്ടൊരു വ്യക്തി. ആ വിയോഗം അറിയുമ്പോള്‍ തോന്നിയൊരു വിഷമം. അതീ കുഞ്ഞു പോസ്റ്റില്‍ ഉള്‍പ്പെടുത്താം എന്ന് തോന്നി. അത്രമാത്രം.

Saturday, December 18, 2010

ചാലിയാറിലെ ഓളങ്ങളിലൂടെ. (ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍)




അഞ്ചു രൂപ കൊടുത്താല്‍ കുഞ്ഞിയുടെ തോണി ഒരു മണിക്കൂറിന് വാടകക്ക് കിട്ടും. പക്ഷെ കാശ് പറയുകയല്ലാതെ കുഞ്ഞി ഇതുവരെ വാടക മേടിച്ചിട്ടും ഇല്ല ഞങ്ങള്‍ കൊടുത്തിട്ടും ഇല്ല. പക്ഷെ ഇന്ന് ഞങ്ങളിറങ്ങുന്നത് ഒരു മണിക്കൂറിനല്ല. തോണിയില്‍ ഒരു യാത്ര. അങ്ങിനെ ലക്ഷ്യം ഒന്നുമില്ല. ചാലിയാറിലൂടെ കുറെ നേരം ഒരു നേരമ്പോക്ക് സവാരി. തോണിയാത്രയാണ് ഇന്നത്തെ തരികിട എന്ന് വീട്ടിലറിയില്ല. പറഞ്ഞാല്‍ കടവിലേക്ക് പോലും വിടില്ല. പിന്നല്ലേ തോണി. കുരുത്തക്കേടിന്‍റെ മൊത്ത കച്ചവടമുള്ള ഞങ്ങള്‍ അഞ്ച് കസിന്‍സ് നടത്തിയ ഒരു ഒരു തോണി യാത്രയും കുറച്ച് അനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കാം.



ആദ്യം ചാലിയാറിനെ അടുത്തറിയാം. ഈ പുഴക്കരയിലെ പഞ്ചാരമണലില്‍ കിടന്നു നക്ഷത്രങ്ങളെയും നോക്കി ഞങ്ങള്‍ സുഹൃത്തുക്കള്‍ കത്തിവെച്ചിരിക്കും. ചാലിയാര്‍ എനിക്ക് കളികൂട്ടുകാരനാണ്. സന്തോഷത്തില്‍ കൂടെ ചിരിക്കുന്ന സങ്കടത്തില്‍ കൂടെകരയുന്ന പ്രിയ സുഹൃത്ത്‌. സംഭവിക്കുമായിരുന്ന ഒരു മഹാദുരന്തത്തില്‍ നിന്നും ഞങ്ങള്‍ ഒരു കുടുംബത്തിലെ ഒരുപാട് കുട്ടികളെ കാത്ത അമ്മപ്പുഴ. നിലാവുള്ള രാത്രിയില്‍ ചാലിയാറിലൂടെ തോണി സവാരി ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അങ്ങിനെ ഒരു രാത്രി സഞ്ചാരത്തില്‍ ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ കെട്ടിയ ബണ്ടിന്‍റെ ചീപ്പ് തുറന്നത് അറിയാതെ ആ ദിശയില്‍ നീങ്ങിയ ഞങ്ങള്‍ രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസം കൊണ്ടാണ്. ചലപില സംസാരിക്കുന്നതിനിടയില്‍ തുറന്ന തടയണക്ക് കാവല്‍ നില്‍ക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഞങ്ങള്‍ കേട്ടില്ല. കളിച്ചു വളര്‍ന്ന പുഴയ്ക്കു തന്നെ ഞങ്ങളുടെ ജീവനെടുക്കാന്‍ മനസ്സ് തോന്നിക്കാണില്ല. അതുമല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന. അല്ലെങ്കില്‍ വരല്ലേ ..വരല്ലേ ..എന്ന ആ കാവല്‍ക്കാരുടെ ആര്‍പ്പുവിളികള്‍ അവസാന നിമിഷം ഞങ്ങളുടെ കാതില്‍ എത്തില്ലായിരുന്നു. പങ്കായവും കഴുക്കോലും കയ്യും എല്ലാമിട്ട് തോണി തിരിച്ചില്ലായിരുന്നെങ്കില്‍ റയോണ്‍സിന്‍റെ വിഷ ദ്രാവകം ചേര്‍ന്ന് വേദനിക്കുന്ന ചാലിയാറിന് ഞങ്ങള്‍ വേദനിപ്പിക്കുന്ന മറ്റൊരു ഓര്‍മ്മയായേനെ. സര്‍വ്വ ശക്തന്‍ കാത്തു.



ഇന്നിപ്പോള്‍ ഞങ്ങളീ യാത്ര തുടങ്ങുന്നതും ഈ തീരത്ത് നിന്നാണ്. ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ നിന്ന്. ഒരു കാലത്ത് കുറെ കുടുംബങ്ങളുടെ സന്തോഷത്തിന്‍റെ പ്രതീകമായിരുന്നു ഈ കമ്പനി. പരിസരത്തെ പഞ്ചായത്തുകളിലെ സാമ്പത്തിക സന്തുലിതാവസ്ഥ നിയന്ത്രിച്ചിരുന്ന വ്യവസായം . ഇതിന്‍റെ കുഴലുകളിലൂടെ പുക പുറം തള്ളുമ്പോള്‍ അവരുടെ അടുപ്പിലും തീ പുകഞ്ഞു. അതോടൊപ്പം വിഷവായു ശ്വസിച്ചും മലിന ജലം കുടിച്ചും രോഗ ബാധിധരായവരുടെ വിഷമവും ബാക്കിയായി. അതുമൂലമുള്ള സമരവും മറ്റും കമ്പനി പൂട്ടിക്കുന്നതിലും കുറെ പേരുടെ സ്വപ്‌നങ്ങള്‍ കരിയുന്നതിലും മറ്റു ചിലരുടെ സന്തോഷത്തിലും അവസാനിച്ചു. ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള്‍ സാന്ദര്‍ഭികമായി ഈ കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം.

പുഴക്കരയിലുള്ള ഹാജിക്കയുടെ മക്കാനിയില്‍ നിന്നും തലേ ദിവസമേ പറഞ്ഞുറപ്പിച്ചതാണ് യാത്രക്കുള്ള ഭക്ഷണത്തിന്‍റെ കാര്യം. വാഴയില വാട്ടി അതില്‍ നല്ല നെയ്ച്ചോറും ബീഫ് കറിയും പൊതിഞ്ഞു തന്നു ഹാജിക്ക. ആലിക്കയുടെ കടയില്‍ നിന്ന് കൊറിക്കാനുള്ളതും വാങ്ങി. പിന്നെയും ഉണ്ട് ഒരുക്കങ്ങള്‍. വീട്ടിലറിയാതെ കടത്തിയ പുല്‍പായയും തലയിണയും. രണ്ടു മൂന്ന് ചൂണ്ട, പിന്നെ എനിക്കിഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങളും. ഒന്നൂടെ വാങ്ങി. പണിക്കാരനെ വിട്ട് ഒരു പാക്കറ്റ് സിഗരറ്റ്. ആരും വലിക്കുന്നവരല്ല. പക്ഷെ ഈ യാത്രയില്‍ അത് ട്രൈ ചെയ്യണം എന്ന സാരോപദേശം നല്‍കിയത് ഞാനാണോ എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ ചുമച്ചും കണ്ണീന്നും മൂക്കീന്നും വെള്ളം വന്നും ആ പാക്കറ്റ് തീര്‍ത്തത് എനിക്കോര്‍മ്മയുണ്ട്.


അങ്ങിനെ ഞങ്ങള്‍ തോണിയിറക്കി. പ്രായത്തിലും കുരുത്തക്കേടിലും മൂപ്പ് എനിക്കായതുകൊണ്ട് അമരത്തും ഞാനാണ്. അതല്ലേ നാട്ടുനടപ്പ്. ഇരു കരകളിലെയും പ്രകൃതി ഭംഗി ആസ്വദിച്ച്‌, ചാലിയാറിന്‍റെ ഓളപരപ്പിലൂടെ ഞങ്ങള്‍ തുഴഞ്ഞു നീങ്ങി. സ്വപ്നം പോലൊരു യാത്ര. കുറച്ചു ദൂരം പോയപ്പോഴേക്കും കൈ കുഴഞ്ഞ് അമരക്കാരന്‍റെ സ്ഥാനം ഞാന്‍ രാജിവെച്ചു. ഈ സീറ്റിനായി നല്ല കസേര കളിതന്നെയുണ്ട്‌. പക്ഷെ എന്‍റെ ഉദ്ദേശം വേറെയാണ്. ചൂണ്ടയിടണോ അതോ നോവല്‍ വായിക്കണോ എന്ന ഡിലേമ്മയില്‍ ആണ് ഞാനിപ്പോള്‍. രണ്ടും കൂടെ ഒന്നിച്ചു നടക്കും. പക്ഷെ ഞാന്‍ വെള്ളത്തില്‍ വീഴും. കാരണം ഏണസ്റ്റ് ഹെമിംഗ് വേയുടെ The old man and The sea എന്ന നോവലിന്‍റെ മലയാള പരിഭാഷ "കിഴവനും കടലും " ആണ് ഞാന്‍ വായിക്കാന്‍ എടുത്തത്‌. വെറുതെ കൂടെയുള്ളവര്‍ക്ക് പണിയാക്കേണ്ട. ഞാന്‍ നോവല്‍ വായിക്കാന്‍ തീരുമാനിച്ചു . തോണിയില്‍ പായ വിരിച്ചു കിടന്നു. അപ്പോള്‍ അടുത്ത പ്രശ്നം. തെളിഞ്ഞ മാനവും പാറിപറക്കുന്ന പക്ഷികളെയും നോക്കി ദിവാസ്വപ്നം കണ്ടിരിക്കണോ അതോ വായന വേണോ എന്നത്. ഇതുരണ്ടും ഒന്നിച്ചാവാം. ബുക്ക്‌ പിടിച്ചു കൈ കഴക്കുമ്പോള്‍ ഞാന്‍ മാനം നോക്കിയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം വായിക്കാന്‍ ഇങ്ങിനെയുള്ള സമയങ്ങളാണ് ഇഷ്ടം. കടിച്ചാല്‍ പൊട്ടാത്ത ആനന്ദിന്‍റെ നോവലുകള്‍ വരെ എളുപ്പം കൈകാര്യം ചെയ്യാം. എന്ത് രസാന്നോ ഈ അനുഭവം. കിഴവനും കടലും വായിക്കേണ്ടത് ഈ ഒരു മൂഡില്‍ തന്നെയാണ്. ചെറിയ ചെറിയ ഓളങ്ങളില്‍ തോണി കുലുങ്ങുമ്പോള്‍ ഞാന്‍ സാന്‍റിയാഗോ ആയി മാറും. അത്രക്കും ആവേശകരമാണ് ആ കഥ. ഇന്ന് ചാലിയാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ കഥയും എനിക്കോര്‍മ്മവരും .

കൂളിമാട് കടവും ചെറുവാടിക്കടവും ഒക്കെ കടന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പുഴവക്കിലുള്ള എല്ലാ മക്കാനിയിലും തോണി അടുപ്പിക്കും. ചായ കുടിക്കാന്‍. അത് വേണ്ടിയിട്ടല്ല. പക്ഷെ പുഴയുടെ തീരത്തിരുന്നു മൂളിപറക്കുന്ന കാറ്റിനൊപ്പം ചായയും നെയ്യപ്പവും കഴിക്കാന്‍ എന്ത് സ്വാദാണ്. പൂഴി പണിക്കാരും കാറ്റ് കൊള്ളാന്‍ വന്നവരും ഒക്കെയായി അവിടെ ഉരുത്തിരിയുന്ന കൂട്ടായ്മയുണ്ട്. കുറെ നല്ല മനുഷ്യര്‍, അവരുടെ നിഷ്കളങ്കമായ പെരുമാറ്റം, പുഴമീനും കക്കയും വില്‍ക്കുന്നവര്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളല്ലിത്. പക്ഷെ ഇതുപോലൊരു യാത്ര ആദ്യമാണ്. അതിന്‍റെ ആവേശം ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നുമുണ്ട്. ഓരോ തീരങ്ങളും ഒരുപാട് ആഹ്ലാദം തരുന്നു. അനുഭവങ്ങളും. ഞങ്ങള്‍ വീണ്ടും തുഴഞ്ഞു. ചൂണ്ടയില്‍ മീന്‍പിടുത്തം നന്നായി നടക്കുന്നു. എനിക്ക് പുഴമീന്‍ പറ്റില്ല. പക്ഷെ ഒരു മണ്ണെണ്ണ സ്റ്റൌവ് കൂടെ എടുക്കാമായിരുന്നു എന്ന നജ്മുവിന്‍റെ അഭിപ്രായത്തോട് എനിക്ക് എതിര്‍പ്പ് തോന്നിയില്ല. ചൂണ്ടയില്‍ പിടിച്ച മീനുകളെ അപ്പോള്‍ തന്നെ പൊരിച്ചടിക്കാന്‍ പറ്റാത്ത വിഷമമാണ് അവര്‍ക്ക്. ഉണ്ടായിരുന്നെങ്കില്‍ അതൊരു രസകരമായ പരിപാടി ആവുമായിരുന്നു.

ചാലിയാറിന്‍റെ നടുവില്‍ തോണിയില്‍ ഒരു ഉച്ചഭക്ഷണം. വല്ലാത്തൊരു പരീക്ഷണം തന്നെ. എത്ര നേരായി ആ ബീഫ് കറിയുടെ മണം എന്നെ വേട്ടയാടുന്നു. ഹാജിക്കയുടെ കുക്ക് റഷീദ്ക്ക ഇത്ര കേമനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. വയറ് നിറഞ്ഞ ആവേശത്തില്‍ ഞാന്‍ വീണ്ടും അമരത്തെത്തി. പിന്നെയും കുറെ മുന്നോട്ട് പോയി. അപ്പോഴേക്കും പേടിയും കയറി. ഇപ്പോള്‍ തന്നെ തിരിച്ചുതുഴഞ്ഞാലേ ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തൂ. ഇതായിരുന്നു പരിപാടി എന്ന് വീട്ടിലറിഞ്ഞിരിക്കുമോ . എത്രയും നേരത്തെ എത്തിയാല്‍ അത്രയും ഡോസ് കുറയും കിട്ടുന്ന അടിക്ക്‌. ഞങ്ങള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു. പേടി കൂടിയാല്‍ എല്ലാം വേഗത്തിലായിരിക്കും. തുഴയാന്‍ എല്ലാരും നന്നായി ഉത്സാഹിച്ചു. അസ്തമിക്കാന്‍ പോവുന്ന സൂര്യന്‍ ചാലിയാറിന് കൂടുതല്‍ ശോഭ നല്‍കുന്നു. വെള്ളതിനെല്ലാം സ്വര്‍ണ്ണ നിറം.



ഞങ്ങളറിഞ്ഞ പുഴയിലെ ഈ പകല്‍ വിവരണങ്ങള്‍ക്കതീതമാണ്. കൂടണയുന്ന പക്ഷികളെ നോക്കി പൂഴിപണി കഴിഞ്ഞും മീന്‍പിടുത്തം കഴിഞ്ഞും മടങ്ങുന്ന വഞ്ചിക്കാരോട് വിശേഷം കൈമാറി ഞങ്ങള്‍ വേഗം തുഴഞ്ഞു. കൊന്നാര് തീരത്ത് തോണി എത്തുന്നതിനു മുമ്പ് തന്നെ പുഴയും നോക്കി ഫുള്‍ ടെന്‍ഷനില്‍ നില്‍ക്കുന്ന കുഞ്ഞിയുടെ മുഖം കണ്ടപ്പോഴേ സംഗതി കൈവിട്ടുപ്പോയി എന്നെനിക്കുറപ്പായി.

ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്.

(ഫോട്ടോസ് - ഷക്കീബ് കൊളക്കാടന്‍ , റിയാസ് എളമരം, ജലീല്‍ കൂളിമാട്)

Monday, December 6, 2010

സ്വയം നഷ്ടപ്പെടുന്ന നിമിഷങ്ങള്‍



ഇന്നൊരു വല്ലാത്ത ദിവസം തന്നെ. ..ടോട്ടല്‍ മൂഡ്‌ ഓഫ്‌ എന്നൊക്കെ പറയാറില്ലേ. ശരിക്കും അതുപോലെ. ചില ദിവസങ്ങള്‍ ഇങ്ങിനെയാണ്‌. ഒരുതരം നിര്‍ജീവമായ
അവസ്ഥ. ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല . ടേബിളിൽ കൂട്ടിയിട്ടിരിക്കുന്ന ഫയലുകളും കടലാസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ എനിക്കു തോന്നി.
സിസ്റ്റം ഓണ്‍ ചെയ്തു. അറിയാതെ ക്ലിക്കിയത് ഒരു പാട്ടില്‍.
തേരേലിയേ ഹം ഹി ജിയേ ഹോതോം കോ സിയേ
തേരേലിയേ ഹം ഹി ജിയേ ഹര്‍ ആര്‍സൂം കിയേ
എനിക്കിഷ്ടപ്പെട്ട പാട്ട് തന്നെ എന്തോ അത് ആസ്വദിക്കാനും എനിക്ക് പറ്റുന്നില്ല . ചിലര്‍ പറയും പാട്ട് കേള്‍ക്കുമ്പോള്‍ മനസിന്റെ ഏത് സങ്കീർണ്ണതയിലും
ആശ്വാസം കിട്ടുമെന്ന്. പക്ഷെ എനിക്ക് നേരെ തിരിച്ചാണ്. ജഗ്ജിത് സിംഗിന്റെ ഗസലുകളെ ഞാനേറെ ഇഷ്ടപ്പെടുന്നു. എന്നാലും സന്തോഷം തോന്നുമ്പോഴേ അതിനും മാധുര്യമുള്ളൂ.
ഞാന്‍ ജീമെയില്‍ ലോഗ്ഗിന്‍ ചെയ്തു.കോണ്ടാക്റ്റ് ലിസ്റ്റില്‍ കുറെ പച്ച ലൈറ്റുകള്‍ കത്തുന്നുണ്ട്. . .ഒന്ന് മനസ്സ് തുറന്ന് ആരോട് സംസാരിക്കണം . നോക്കട്ടെ, ആര് ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നു എന്ന്. ആദ്യം ഹായ് പറയുന്നവര്‍ ഏറ്റവും അടുത്തവര്‍ എന്ന് വെറുതെ തോന്നുന്നതാവാം. പക്ഷെ ഇപ്പോള്‍ അതാണ്‌ എനിക്ക് ശരി. പ്രതീക്ഷ തെറ്റിയില്ല. ഞാന്‍ ആഗ്രഹിച്ച ഐഡിയില്‍ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.
അസ്സലാമു അലൈക്കും.
ഞാന്‍ സലാം മടക്കി.
എന്തൊക്കെയാടോ വിശേഷങ്ങള്‍?
എന്ത് പറയാന്‍. ഒരു സുഖം തോന്നുന്നില്ല. മനസ്സിന്.
അതെന്താ അങ്ങിനെ.. ?
അറിയില്ല. എനിക്കെന്തോ കരയാന്‍ തോന്നുന്നു.
കൊള്ളാലോ. കരയാൻ വരട്ടെ . നീ നിസ്കരിച്ചോ?
ഇല്ല.
എങ്കില്‍ അത് കഴിഞ്ഞു വാ. ഞാനിവിടെ കാണും.
ഞാന്‍ ഇറങ്ങിപള്ളിയെ ലക്ഷ്യമാക്കി നടന്നു. വുളൂ എടുക്കുമ്പോള്‍ തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ എന്തെന്നില്ലാത്തെ ഉന്മേഷം തോന്നി. നിസ്കാരം കഴിഞ്ഞു എണീറ്റപ്പോഴും മനസ്സിലെ കാർമേഘം മാറിയില്ല. എനിക്കൊന്നു കരഞ്ഞേ പറ്റൂ. ഇത്തരം മാനസികാവസ്ഥക്കു നല്ല മരുന്ന് കരയുന്നതാണ്. പെട്ടന്നു കരച്ചില്‍ വരാന്‍ രണ്ട് സൂത്രമുണ്ട്. ഒന്ന് ഉമ്മയെ വിളിക്കുക. അല്ലെങ്കിൽ ഉപ്പാന്റെ ഫോട്ടോയില്‍ കുറച്ചു നേരം നോക്കിയിരിക്കുക. ഞാന്‍ ഉമ്മയെ വിളിക്കാന്‍ തീരുമാനിച്ചു. ഓഫീസിന്റെ ഡോര്‍ അടച്ച്‌ വീട്ടിലെ നമ്പർ ഡയല്‍ ചെയ്തു. എന്റെ ശബ്ദത്തിലെ മാറ്റം ഉമ്മാക്ക് പെട്ടെന്ന് പിടികിട്ടും. കാരണം എന്റെയീ കുട്ടികളി ഗള്‍ഫില്‍ വന്നത് മുതല്‍ തുടങ്ങിയതാണ്‌. ഉമ്മാക്ക് നല്ല ധൈര്യമാണ് . എന്നാലും കുറെ കഴിഞ്ഞാല്‍ ഉമ്മാക്കും വിഷമമാകും. അതെനിക്കറിയാം. അതിനു മുമ്പേ ഞാന്‍ ഫോണ്‍ കട്ട്ചെയ്തു . പറഞ്ഞപോലെ ഞാനിപ്പോള്‍ കരയുകയാണ്.
വീണ്ടും സുഹൃത്തിന്റെ ചാറ്റ് മെസ്സേജ്.
നീ അവിടുണ്ടോ.
ഹൂം.
എന്ത് ചെയ്യുന്നു?
കരയുന്നു.
ഛെ.. ഇതെന്താ ഒരുമാതിരി കുട്ടികളെ പോലെ. നീ ഇത്രക്കെ ഉള്ളൂ. ..?
ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. മനസ്സില്‍ കുട്ടിത്തം ഇല്ലാത്ത ആരെങ്കിലും കാണുമോ? അതുപോലെ ആയിരിക്കും ഞാനും. അതുകൊണ്ടാകും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഞാനിത്ര ഇമോഷണലാവുന്നത്. ഒരു സുലൈമാനി കുടിച്ചു. അപ്പോഴേക്കും എന്റെ ടിക്കറ്റ് എത്തി,. നാളെ ദുബായില്‍ പോകണം.
ദുബായ് യാത്രകള്‍ എനിക്ക് ഊര്‍ജ്ജം റീഫില്‍ ചെയ്യാനുള്ള യാത്രകളാണ്. ഒരു പോസ്റ്റിലെ കമ്മന്റില്‍ ഞാന്‍ പറഞ്ഞതുപോലെ, ജുമൈറയിലെ കാറ്റിന്, അബ്രയിലെ ഓളങ്ങള്‍ക്ക്, അല്‍ മംസാറിലെ തണലിന് മാത്രം എന്നില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുന്നൊരു ആവേശമുണ്ട്. പഴയ സൗഹൃദ കൂട്ടങ്ങള്‍. ശരീരം ഇവിടെ ബഹ്റൈനിലും മനസ്സവിടെ ദുബായിലും ആയിരിക്കും എന്നും. എന്നിവിടെ വന്നാലും ഒരന്യതാ ബോധം തോന്നില്ല. എങ്ങും പരിചിതമായ ഒരു സൗഹൃദ ഭാവം.
ജോലി കഴിഞ്ഞ്‌ വൈകുന്നേരം സുഹൃത്തുക്കള്‍ എല്ലാവരുമെത്തി. പഴയ താവളങ്ങളില്‍ ഒത്തുചേര്‍ന്നു. പഴയ ഓര്‍മ്മകള്‍ വീണ്ടും ഊതി കാച്ചി. പരദൂഷണം, പാരവെപ്പ്, പിന്നെ കുറെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍. ഞാന്‍ വേണ്ടുവോളം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. ജീവിതത്തിന്റെ ആവേശം തന്നെ ഇത്തരം ബന്ധങ്ങളല്ലേ. പിന്നെ കുടുംബം, വിശ്വാസം എല്ലാം.
മൂന്നു സുന്ദരമായ ദിവസങ്ങളും കഴിഞ്ഞ്‌ ഞാനിന്ന് ബഹ്റൈനില്‍ എത്തി. ഇന്നലെ എന്നെ നോക്കി പരിഹസിച്ച കടലാസുകള്‍ ഇന്നെന്നെ നോക്കി ചിരിക്കുന്നു. ഒന്നൊന്നായി തീര്‍ത്തു ഞാനവയെ മൂലക്കിരുത്തി. ഇന്നലെ ഇവിടിരുന്നു കരഞ്ഞ ഒരു കുട്ടിയല്ല ഞാനിപ്പോള്‍. ഇപ്പോള്‍ സന്തോഷത്തിന്റെ സമയമാണ് ഞാനൊരു പാട്ട് കേള്‍ക്കാനിരുന്നു. ജഗ്ജിത് സിംഗിനെ മാധുര്യമുള്ള ഗസല്‍ നാദങ്ങള്‍ ഒരു കുളിര്‍മഴയായി എന്നിൽ പെയ്തിറങ്ങി....
തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ

Saturday, December 4, 2010

നമുക്കൊരു യാത്ര പോയാലോ..?

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില കാരണങ്ങള്‍ കൊണ്ട് ചില സ്ഥലങ്ങളോട് ചില ഇഷ്ടങ്ങള്‍ നാം അറിയാതെ കയറിപ്പറ്റാറില്ലെ....? ഞാനും പറഞ്ഞുവരുന്നത് അങ്ങിനെയൊരിഷ്ടത്തെ കുറിച്ചാണ്. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ പറ്റി. സ്വന്തം നാടായ കോഴിക്കോട് നിന്നും തുടങ്ങാം നമുക്കീ യാത്ര. എനിക്കിഷ്ടപ്പെട്ട ചില സ്റ്റേഷനുകളില്‍ കുറച്ചു നേരം തങ്ങി തിരുവനന്തപുരത്ത് നമുക്കീ യാത്ര അവസാനിപ്പിക്കാം. ഈ എക്സ്പ്രസ് യാത്രയില്‍ താല്പര്യമുള്ളവര്‍ക്ക് എന്നോടൊപ്പം ഈ വണ്ടിയില്‍ കയറാം.



ഇത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . യാത്ര ചെയ്യാനും യാത്ര അയക്കാനും കൂടുതല്‍ വന്നു പോയതിവിടേയാണ്. ഇവിടെയെത്തുമ്പോള്‍ നമ്മെ സ്വീകരിക്കുന്ന ആദ്യ മുഖം പോര്‍ട്ടര്‍ ആലിക്കയാണ്. ചുവന്ന തലേക്കെട്ടും ചുണ്ടിൽ എരിയുന്ന ദിനേശ് ബീഡിയുമായി നിൽക്കുന്ന ഈ പോര്‍ട്ടര്‍ സഖാവിന്റെ ബീഡിക്കറ പുരണ്ട മനോഹരമായ പുഞ്ചിരി കാണാതെ അകത്തു കയറാന്‍ നമുക്ക് പറ്റില്ല. " എന്താടാ കോയാ.... ദിനേസൊരെണ്ണം പിടിപ്പിക്കണോ" എന്ന് ആലിക്ക ചോദിക്കുമെങ്കിലും വേണ്ട എന്ന് പറയുന്നതാണ് ബുദ്ധി. അല്ലേല്‍ നല്ല അസ്സല്‍ മലബാര്‍ സ്നേഹ തെറി കേള്‍ക്കാം. ഏതായാലും ആലിക്കയെ പരിചയപ്പെട്ടില്ലേ. ഇനി ഇവിടെ ചുറ്റി തിരിയണ്ട. നമുക്ക് പ്ലാറ്റ്ഫോമിലേക്ക് കയറാം. ഇവിടന്നാണ് നമ്മുടെ കഥയും തുടങ്ങുന്നത്.
റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ ഇങ്ങിനെ ഇരിക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സംഗതിയാണ് നിങ്ങൾക്കിഷ്ട്ടമില്ലെങ്കിലും തൽക്കാലം ഇത് സഹിക്കുകയല്ലാതെ വേറെ നിർവ്വാഹമില്ല എന്റെ കൂടെ ഇറങ്ങിത്തിരിച്ചതെല്ലെ.... ഒരു ബെഞ്ചിലിരുന്നു ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ നമ്മുടെ മുന്നിലൂടെ മാറി മറയുന്ന കുറെ മുഖങ്ങളുണ്ട്. ജോലിക്ക് പോകുന്നവര്‍, ജോലി കഴിഞ്ഞു മടങ്ങുന്നവര്‍, ജോലി തേടി വരുന്നവര്‍, രോഗികള്‍ അങ്ങിനെയങ്ങിനെ.. പല ലക്ഷ്യങ്ങളുമായി പരക്കം പായുന്നവര്‍. വിദേശത്തേക്ക് പോകുന്നവരുടെയും അവരെ യാത്രയാക്കാന്‍ എത്തിയവരുടെയും മുഖഭാവങ്ങള്‍, ഞാനിതൊക്കെ താല്പര്യപൂര്‍വ്വം വീക്ഷിക്കാറുണ്ട്. ചൂളം വിളിച്ചെത്തി കിതച്ചു നിലക്കുന്ന തീവണ്ടികളില്‍ നിന്നും ഇറങ്ങി വരുന്ന പ്രതീക്ഷകൾ നിറഞ്ഞ മുഖങ്ങൾ, ഇടയ്ക്കിടെ മുഴങ്ങിയെത്തുന്ന അന്നൌന്‍സ്മെന്റുകള്‍, പത്രം, ചായ ഇങ്ങിനെ രസകരമായ പരിസരത്തെയും ഞാന്‍ ആസ്വദിക്കാറുണ്ട്. ഏതായാലും കോഴിക്കോട് വിടാന്‍ സമയമായി. അടുത്ത് നമുക്കിറങ്ങേണ്ടത് തിരൂര്‍ ആണ്.
വണ്ടി ഇപ്പോള്‍ കോഴിക്കോട് വിട്ടു. പഴയ പ്രതാപ കാലത്തിന്റെ ഓര്‍മ്മകൾ പേറുന്ന കല്ലായി പാലവും കടന്ന് ഫറൂക്കിലെ ഓട്ടുകമ്പനികളിലെ വലിയ പുകകുഴലുകളും കഴിഞ്ഞു നമ്മളിപ്പോള്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തി.



ഈ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് സഞ്ചരിക്കേണ്ടത് വര്‍ഷങ്ങള്‍ പിന്നിലോട്ടാണ്. മലബാര്‍ കലാപത്തിന്റെ , വാഗണ്‍ ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക്. ആ ഓര്‍മ്മകളുമായി ഇവിടെ നില്‍ക്കുമ്പോള്‍ നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുന്നു. ജീവശ്വാസത്തിന് വേണ്ടി ആര്‍ത്തുവിളിച്ച് ഒരു ബോഗിക്കുള്ളില്‍ പിടഞ്ഞു മരിച്ചവരുടെ രോദനങ്ങള്‍ ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടോ..? പട്ടാള ബൂട്ടുകളുടെ മുഴക്കങ്ങള്‍ നമ്മെ പിന്തുടരുന്നുണ്ടോ...? ഗതകാല സ്മരണകളുടെ നൊമ്പരങ്ങളും പേറി നില്‍ക്കുന്ന ഈ സ്റ്റേഷനില്‍ നിന്നും തല്ക്കാലം നമുക്ക് വിടപറയാം.



പച്ചയണിഞ്ഞു നില്‍ക്കുന്ന നെല്പാടങ്ങള്‍ക്കിടയിലൂടെ ഒരു കൊയ്ത്തുപ്പാട്ടും പാടി നമ്മളിപ്പോള്‍ ഷോര്‍ണ്ണൂര്‍ സ്റ്റേഷനിലാണ്. ഒരു ഗ്രാമ തനിമയുണ്ട് ഈ സ്റ്റേഷന്. ഒരു നാടന്‍ സുന്ദരിയുടെ ഐശ്വര്യം. ഇവിടെ അധികം വൈകിക്കേണ്ട. ഒരു നാടന്‍ മോരും കുടിച്ചു നമുക്ക് യാത്ര തുടരാമല്ലേ. യാത്രക്കും വേഗം കൂട്ടേണ്ടതുണ്ട്. കാരണം നമുക്കിനി ഇറങ്ങേണ്ടത് എറണാകുളം സ്റ്റേഷനിലാണ്. അതിവേഗം കുതിക്കുന്ന ഈ നഗരത്തിന്റെ റെയില്‍വേ സ്റ്റേഷനിലും കാണുമായിരിക്കും എന്തെങ്കിലും പുതുമകള്‍.



അതെ , ഗ്രാമത്തിന്റെ പൊലിമകള്‍ വിട്ട് നമ്മളിപ്പോള്‍ നഗരത്തിന്റെ തിരക്കുകളിലാണ്. എറണാകുളമെത്തി.മാറുന്ന ജീവിതത്തിന്റെ മാറിയ മുഖമാണ് ഇവിടം. ചുറ്റും തിരക്കിന്റെ ലോകം.... യാന്ത്രികമായ ചലനങ്ങള്‍.... ഒന്ന് കണ്ണോടിച്ചു നോക്കൂ. ആ തിരക്കിനൊപ്പം നമ്മുടെ കണ്ണുകള്‍ക്ക് എത്താൻ പ്രയാസമായിരിക്കും. രാഷ്ട്രീയക്കാര്‍, സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍, പ്രൊഫഷണല്‍സ്‌ അങ്ങിനെ എത്രയോ മുഖങ്ങൾ . എല്ലാവരും തിരക്കിലാണ്. നമ്മളും അതെ. ചൂളം വിളിച്ച് നമ്മുടെ വണ്ടിയും നീങ്ങി തുടങ്ങി. തലസ്ഥാനത്തേക്ക്.



തമ്പാനൂര്‍ സ്റ്റേഷന്‍ എത്തിയല്ലോ. നമ്മുടെ യാത്ര ഇവിടെ തീരുകയാണ്. തലസ്ഥാനത്തിന്റെ പ്രതാപത്തിന് തികച്ചും യോജിക്കുന്ന പ്രൌഡി. വര്‍ഷങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ഈ സ്റ്റേഷന്‍ നിങ്ങള്‍ക്കും പ്രിയപ്പെട്ടതാകും. മുഷിഞ്ഞിറങ്ങുന്ന ഖദറിനേയും വടി പോലെ തേച്ചു കയറുന്ന ഖദറിനേയും വേണേല്‍ നിങ്ങള്‍ക്ക്‌ അവഗണിക്കാം. ഇനി നിങ്ങൾ പുറത്തൊന്നു കറങ്ങിയടിച്ചു വന്നോളൂ. അവിടെ നിങ്ങൾക്ക് ഭരണ കേന്ദ്രത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാം. കോവളത്തിന്റെ ഭംഗിയില്‍ രമിക്കാം. പിന്നെയും നഗരമൊരുക്കുന്ന വിസ്മയങ്ങളില്‍ മതിമറക്കാം. ഈ പ്ലാറ്റ്ഫോമിന്റെ മൂലക്കുള്ള ആ ബെഞ്ചില്‍ ചില വട്ടുകളെ മേയാന്‍ വിട്ട് ഞാനിരിക്കുന്നുണ്ടാവും.......

(ഫോട്ടോസെല്ലാം ഗൂഗിളില്‍ നിന്നും എടുത്തത്‌)