Monday, December 24, 2012

മരങ്ങള്‍ക്കിടയിലൂടെ....!


തീവണ്ടിയാത്രകളെ വെറുത്തിരുന്ന ഒരു കാലം എനിക്കോര്‍മ്മയുണ്ട്. പക്ഷെ എന്ന് മുതലാണ്‌ അതൊരു പ്രിയപ്പെട്ട ഇഷ്ടങ്ങളില്‍ ഒന്നായി മാറിയത്...? ഒരു പക്ഷെ ഉപ്പയുടെ കൈതുമ്പില്‍ നിന്നും മാറി പ്രായപൂര്‍ത്തി ആയി എന്നൊരു ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം സ്വയം നടത്തി കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചുള്ള യാത്രകള്‍ സാധ്യമായ അന്ന് മുതലാവണം തീവണ്ടിയാത്രകള്‍ കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങിയത്.

കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് ഞാനിപ്പോള്‍.. ... 1921 ലാണ് നിലമ്പൂര്‍ പാത തുറന്നത്. ബ്രിട്ടീഷ് സായുധ സേനക്ക് മലബാര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ് എന്നാണ് പറയുന്നത്. നിലമ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന കുറെ കാഴ്ച്ചകളില്ലേ ..? തേക്കും കാടും എല്ലാം നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു സ്ഥലത്തെപറ്റി . കാടും നാടും കുന്തിപ്പുഴയും കടന്ന് ഷോര്‍ണൂര്‍ എത്തുന്ന ഈ അറുപത്തിയഞ്ച്‌ കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്രയുടെ ഭംഗിയേപറ്റി പലരും പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്. കാലത്ത് തന്നെ സ്റ്റേഷനില്‍ എത്തുമ്പോള്‍ നിറയെ യാത്രക്കാരുണ്ട് ഇവിടെ. കൂടിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയില്‍ ബുദ്ധിമുട്ടാതെ റെയില്‍വേയുടെ കുറഞ്ഞ നിരക്കില്‍ പല സ്ഥലങ്ങളിലേക്കും പോകുന്നവര്‍.. . പലരും പല മതക്കാരാവാം. പക്ഷെ ഭാഷയ്ക്ക്‌ എല്ലാര്‍ക്കും ഒരു മലപ്പുറം ചുവയുണ്ട്. അത് കേട്ടിരിക്കുക എന്നത് കൗതുകകരമാണ്. ഒരു രണ്ടു ഭാഗത്തും കാടുകള്‍ക്കിടയിലൂടെ ഇഴഞ്ഞു വരുന്ന പാതകള്‍. . മേലെ മലനിരകള്‍. . വെയിലിന് വിരുന്നുവരാന്‍ പോലും അനുവദിക്കാതെ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ പഴമയുടെ ഭംഗിയുമായി നിലമ്പൂര്‍ സ്റ്റേഷന്‍. .. ആളൊഴിഞ്ഞ സമയത്ത് ഈ സ്റ്റേഷനില്‍ കുറച്ചു നേരം ഇരിക്കണം എന്നൊരു മോഹം എനിക്കുണ്ടായിരുന്നു. നല്ലൊരു അനുഭവം ആയിരിക്കുമത്.

ഒരു ഇഷ്ടത്തെ പറ്റി പറഞ്ഞോട്ടെ. നീണ്ടുപോകുന്ന പാളങ്ങള്‍ക്കിടക്ക് എത്തിച്ചേരുന്ന ഒരു സ്റ്റേഷന്‍. . മരങ്ങളുടെ തണുപ്പില്‍ താഴെ ആരെയോ കാത്തിരിക്കുന്നത് പോലെ ഒരു മരബെഞ്ച്. വാചാലമായ നിശബ്ദതയുള്ള അന്തരീക്ഷം. ഇഷ്ടപ്പെട്ട എഴുത്തുക്കാരന്‍റെ ഒരു പുസ്തകവുമായി അല്ലെങ്കില്‍ നല്ല കുറെ ചിന്തകളുമായി ഇത്തരം ഒരു മരബെഞ്ചില്‍ ചാഞ്ഞിരിക്കുന്നതും ഉറങ്ങുന്നതും ഞാനേറെ കൊതിക്കുന്ന ഒന്നാണ്. "കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് " എന്ന സിനിമ ഓര്‍മ്മ വരുന്നു. എന്ത് മനോഹരമായിരുന്നു അതില്‍ കാണിച്ചിരുന്ന ആ റെയില്‍വേ സ്റ്റേഷന്‍. .. ഒരു മഞ്ഞുക്കാലത്തിന്‍റെ ആലസ്യത്തില്‍ ആ സ്റ്റേഷന്‍ ഉണരുന്നതും ഉറങ്ങുന്നതും കാണാന്‍ വേണ്ടി മാത്രം എത്ര തവണയാ ആ സിനിമ കണ്ടത്. അതെവിടെയാകും എന്നറിയാന്‍ കുറെ ശ്രമിച്ചു. പിന്നെപ്പോഴോ വായിച്ചറിഞ്ഞു കലാസംവിധായകന്‍റെ കരവിരുതാണ് അതെന്ന് . എന്നിട്ടും എനിക്കിഷ്ടം കുറഞ്ഞില്ല . കാരണം അതുപൊലൊന്നാണല്ലോ എന്‍റെയും ഇഷ്ടങ്ങളില്‍ ഒന്ന്. അങ്ങാടിപ്പുറം സ്റ്റേഷന്‍ ആണെന്നും കേള്‍ക്കുന്നു.

രാത്രിയാത്രകളിലെ പാതിയുറക്കത്തില്‍ നിന്നും ഞെട്ടിയെണീക്കുമ്പോള്‍ കാണുന്ന ചില കാഴ്ചകളുണ്ട്‌.. .. പതിയെ ഒരു സ്റ്റേഷനില്‍ എത്തി വണ്ടി നില്‍ക്കും. ഇലക്ട്രിക് ബള്‍ബിന്‍റെ മങ്ങിയ വെളിച്ചത്തില്‍ മഞ്ഞ കളറില്‍ സ്റ്റേഷന്‍റെ പേരെഴുതിയ ബോര്‍ഡ് കാണാം. എനിക്കിഷ്ടമാണ് അത് വായിച്ചെടുക്കുന്നത്. പക്ഷെ ഒരിക്കലും ഓര്‍മ്മയില്‍ നില്‍ക്കില്ല ഒന്നും. പിന്നെ വിജനമായ പ്ലാറ്റ്ഫോം കാണും. ആരും കയറണോ ഇറങ്ങാനോ ഇല്ലെങ്കിലും വണ്ടി അവിടെ നിന്നിരിക്കും ഒരു മിനുട്ടെങ്കിലും. ആരോ ഒരാള്‍ മൂടിപുതച്ച് ഉറങ്ങുന്നതും കണ്ടെന്നിരികും. അതൃ വഴിയാത്രക്കാരനാവാം, അല്ലെങ്കില്‍ ഒരു യാചകന്‍. . പക്ഷെ ഇത്തരം ഓര്‍മ്മകളിലെ പതിവുമുഖങ്ങള്‍ ആണത്. ഇതുപോലൊരു പേരറിയാത്ത ഒരു സ്റ്റേഷനില്‍ അലക്ഷ്യമായി ഇറങ്ങിയാലോ എന്നെനിക്കു തോന്നാറുണ്ട്. എന്നിട്ട് ആ വിജനമായ രാത്രയില്‍ അതുവഴി പോകുന്ന തീവണ്ടികളും നോക്കി ആ അന്തീക്ഷത്തിന്‍റെ ഭീകരമായ ഭംഗിയും ആസ്വദിച്ച് അങ്ങിനെ നില്‍ക്കണം. ഒരു പ്രേതകോട്ടയിലെക്കുള്ള വഴിപോലെ തോന്നിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ വല്ലാതെ ഭ്രമിപ്പിക്കുന്നു.

സ്റ്റേഷനിലെ തിരക്കില്‍ നിന്നും മാറി മറുവശത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നു . പൂക്കളുള്ള നീല സാല്‍വാറും അണിഞ്ഞു ഭംഗിയുള്ള ഈ സ്റ്റേഷനില്‍ മരങ്ങള്‍ക്കിടയില്‍ ആരെയോ കാത്തു നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ എല്ലാവരും ശ്രദ്ധിക്കുന്നു എന്നുറപ്പ്. കാരണം എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലുണ്ട് ആ കൗമാരക്കാരിയുടെ നില്‍പ്പിന് . ഈ ട്രെയിനില്‍ വന്നിറങ്ങാവുന്ന തന്‍റെ കാമുകനെ കാത്തിരിക്കുന്നതാവാം പ്രതീക്ഷയോടെ. അങ്ങിനെ ആയിരുന്നെങ്കില്‍ എന്ന് ഞാനും ആശിച്ചുപ്പോയി. എങ്കില്‍ ആ കാല്‍പനിക ചിത്രത്തിന് ഒരു പൂരണം വന്നേനെ . അടുത്തിരുന്ന രണ്ടു പയ്യന്മാര്‍ പരസ്പരം പറഞ്ഞതും " അവള്‍ അങ്ങിനെ ഒരാളെ കാത്തിരിപ്പാണ് എന്നാണ് . പക്ഷെ കിതച്ചു നിന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രായമായ ഒരു അച്ഛന്‍റെ കൈപിടിച്ച് പതുക്കെ അവള്‍ മരങ്ങള്‍ക്കിടയിലൂടെ നടന്ന് മറയുന്നത് തീവണ്ടിയുടെ ജാലകങ്ങല്‍ക്കിടയിലൂടെ ഞങ്ങള്‍ കണ്ടു. അപ്പോള്‍ നിലമ്പൂര്‍ കാടുകളെ തഴുകിവന്ന കാറ്റിന് സ്നേഹത്തിന്‍റെയും കടപ്പാടിന്‍റെയും ആര്‍ദ്ര സ്പര്‍ശമുണ്ടായിരുന്നു.

തേക്കിന്‍ കാടുകള്‍ക്കുള്ളിലൂടെ തീവണ്ടി പതുക്കെ ചലിച്ചു തുടങ്ങി. കാടും പുഴകളും നെല്‍പാടങ്ങളും പതുക്കെ പിറകിലേക്ക് മറിയുന്നു. ഇടക്കിടക്ക് പാടങ്ങളില്‍ നിറയെ ആമ്പല്‍ പൂവുകള്‍ വെള്ളത്തിന്‌ മുകളിലേക്ക് തലയുയര്‍ത്തി ധ്യാനം ചെയ്യുന്നു. നല്ല കാഴ്ചകളുമായി ഈ യാത്രയും തുടരുന്നു.

(ചിത്രം ഗൂഗിള്‍ )

Saturday, December 15, 2012

സ്വപ്‌നങ്ങള്‍ പൂക്കുന്ന തീരത്ത്.


ചില യാത്രകള്‍ സംഭവിക്കുന്നത്‌ മുന്‍കൂട്ടി തീരുമാനിക്കാതെയാണ്. അതിലും ഒരു ഭംഗിയുണ്ട് . കോഴിക്കോടിന്റെ ആഥിത്യം സ്വീകരിക്കാനെത്തിയ ബ്ലോഗ്‌ സുഹൃത്ത്‌ ജിമ്മിക്ക് ഞങ്ങള്‍ ഒരുക്കിയ ഒരു യാത്രാനുഭവം. പ്രതീക്ഷിക്കാതെ തീരുമാനിച്ച യാത്ര. കരിയാത്തും പാറയിലേക്ക്‌. കൂടെ റഷീദ് പുന്നശേരി, ഷബീര്‍ തിരിച്ചിലാന്‍ , ഇസ്മായില്‍ ചെമ്മാട് എന്നിവരും. ബ്ലോഗും കടന്ന് ആത്മബന്ധം പോലെയെത്തിയ സുഹൃത്തുക്കള്‍, തീര്‍ച്ചയായും അതൊരു നല്ല അനുഭവം തന്നെയായിരിക്കും.

അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ ഇറങ്ങാറുണ്ട്‌. ഒരിക്കല്‍ പോലും കരിയാത്തുംപാറ യാത്ര ഡയറിയില്‍ കയറിപറ്റാതെ പോയതെന്തേ എന്നൊരു ചോദ്യത്തിനു ഇനി പ്രസക്തിയില്ല. കാരണം കോഴിക്കോടിന്റെ മുറ്റത്തുള്ള ഈ സ്വപ്ന തീരത്ത് ഞങ്ങളെത്തിക്കഴിഞ്ഞു. ഒരു നിമിഷം കൊണ് നമ്മള്‍ അറിയാതെ ഈ പ്രകൃതിയുടെ ഭാഗമായി തീരും. തടാകത്തില്‍ നീന്തികളിക്കുന്ന താറാവുകള്‍ക്കൊപ്പം നമ്മളും നീന്തിത്തുടിക്കും. അക്കരെ നിന്നും ഇക്കരേക്കും തിരിച്ചും സവാരി നടത്തുന്ന കാറ്റിനൊപ്പം നമ്മള്‍ മറുകരകള്‍ താണ്ടും. കുന്നിറങ്ങി വരുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്‍ക്കൊപ്പം നമ്മുടെ മനസ്സും ഒഴുകും. പ്രകൃതിയില്‍ ലയിക്കുക എന്ന് പറയില്ലേ.? അത് സംഭവിക്കുകയാണ് ഇവിടെ


നല്ല തണുത്ത വെള്ളം.മലയിറങ്ങി വന്നു തേയ്മാനം സംഭവിച്ച ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞ വെള്ളത്തില്‍ കാണാം. ഈ കല്ലുകളില്‍ പ്രകൃതി ശില്‍പങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട് . അവയ്ക്കിടയിലൂടെ നീന്തിതുടിക്കുന്ന വര്‍ണ്ണ മത്സ്യങ്ങള്‍. അക്വാറിയത്തില്‍ പോലും ഇത്തരം ഭംഗിയുള്ള മത്സ്യങ്ങളെ കാണില്ലെന്ന് തോന്നുന്നു. ഒരു ഈ തണുത്ത വെള്ളത്തില്‍ ഒന്ന് മുങ്ങി നിവരാതെ പൂര്‍ണ്ണമാകില്ല യാത്ര.
ഞങ്ങള്‍ പുഴയിലേക്കിറങ്ങി. ഒന്ന് മുങ്ങി നിവര്‍ന്നപ്പോഴേക്കും യാത്രയുടെ ചെറിയൊരു ആലസ്യം പുഴ ഒഴുക്കി അറബി കടലില്‍ എത്തിച്ചു. പതിവില്ലാത്ത ഒരുണര്‍വ് മുഖത്ത്. എത്ര സമയം ആ വെള്ളത്തില്‍ കളിച്ചിരുന്നോ ആവോ. മാനം ഇരുണ്ട് കൂടി . മലയടിവാരത്തിലെ ഈ മാറ്റം ഇപ്പോഴും ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചേക്കാവുന്ന ഒരു മലവെള്ള പാച്ചിലില്‍ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാം. ഇവിടെ തന്നെ അത് സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുക്കാര്‍ പറഞ്ഞതുമാണ്. മഴ ഒഴിഞ്ഞ ഈ കാലം അത് സംഭവിക്കുമോ..? പ്രകൃതി കോപിക്കുന്നത് നമ്മുടെ ഇഷ്ടം നോക്കിയല്ലല്ലോ.


പക്ഷെ മനം മയക്കുന്ന ഈ പ്രകൃതിയിലും എവിടെയോ ഒരു രോദനം കേള്‍ക്കുന്നപോലെയില്ലേ? കുറ്റ്യാടി പുഴയിലെ വെള്ളത്തിന്‌ ഉപ്പുരസം ഉണ്ടെന്ന് വെറുതെ തോന്നിയതാകുമോ..? അല്ല എന്ന് പറയണമെങ്കില്‍ പുഴയെ കുറച്ചു കാലങ്ങള്‍ പിറകിലോട്ട് ഒഴുക്കണം. അപ്പോള്‍ കേരള രാഷ്ട്രീയത്തെ ഒരു കാലത്ത് പിടിച്ചു കിലുക്കിയ ഒരു കൊലപാതകവും പിന്നെ ഒരച്ഛന്റെ സമരവഴികളും കാണാം. രാജന്‍റെ കൊലപാതകവും അതിനു മുന്നും പിന്നുമുള്ള രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. കെ, കരുണാകരന്റെ രാജിയും ഈ വിഷയത്തില്‍ പങ്കിലെന്ന കുമ്പസാരവും എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷെ ഒരാളെ എനിക്കറിയാം. മകന്റെ ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി . ഞങ്ങള്‍ കുളിച്ച് ഉല്ലസിക്കുന്ന ഈ പുഴയുടെ മേലെയാണ് ആ അച്ഛന്റെ മകന്‍റെ ശരീരം കണ്ടത്. ഈ പുഴ ഒരിക്കലും വറ്റാറില്ലെന്ന് ഒരു നാട്ടുക്കാരന്‍ പറഞ്ഞു. ഒരു സമുദ്രം തന്നെ തീര്‍ക്കാനുള്ള കണ്ണുനീര്‍ ആ അച്ഛന്‍ ഒഴുക്കി കാണണം. പിന്നല്ലേ ആ കണ്ണുനീരിന്‍റെ അംശം കലര്‍ന്ന ഈ പുഴയിലെ ഒഴുക്ക് നില്‍ക്കാന്‍. അതുകൊണ്ടെല്ലാമാവാം മനം മയക്കുന്ന ഈ പ്രകൃതിയിലും ഒരു വിലാപത്തിന്റെ അലയൊലികള്‍ ഉണ്ടോ എന്ന് അറിയാതെ തോന്നിപ്പോയത്.



തിരിച്ചു വരാം. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്‌. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗം. എനിക്കുറപ്പുണ്ട് പ്രകൃതിയില്‍ സ്വയം അലിയാനും സ്വപ്നം കാണാനും പ്രണയിക്കാനും ഏകാന്തതയില്‍ ഊളിയിടാനും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുഭവത്തിന്റെ ഉത്സവം ഒരുക്കാന്‍ ഈ പ്രദേശത്തിന് കഴിയും എന്ന്. ക്യാമറയുടെ മിഴി തുറന്നാല്‍ കാണുന്ന ലോകം മറ്റൊന്ന് എന്ന് തോന്നിപോകും. അത്രക്കും പര്‍ഫക്റ്റ് കമ്പോസിംഗ് പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് . അതുകൊണ്ടാവാം ഷബീര്‍ പറഞ്ഞത് ഇത് കേരളത്തിന്‌ പുറത്ത് തേക്കടിയില്‍ പോയ പോലെയുണ്ട് എന്ന്. തേക്കടി ഇനി കേരളത്തില്‍ തന്നെയല്ലേ എന്ന സംശയം എനിക്കും തോന്നിപ്പോയി.



നേരം വൈകുന്നേരം ആകുന്നു. ഇവിടൊരു ടെന്‍റ് കെട്ടി ഈ രാത്രി ഇവിടെ കൂടാം എന്ന് തോന്നാതിരുന്നില്ല. എങ്കില്‍ ഡിസംബറിലെ ഒരു മഞ്ഞു പുലരി ഇവിടെ ഞങ്ങള്‍ക്ക് സ്വന്തമായേനെ . പക്ഷെ കൂടണയാന്‍ തിരിച്ചു പറക്കുന്ന ഈ പറവകളെ പോലെ ഞങ്ങള്‍ക്കും കൂടണയേണ്ടതുണ്ട്. പാട്ട് മൂളിക്കൊണ്ട് പടിഞ്ഞാറന്‍ കാറ്റ് കുളിര്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു. ദൂരെ ഉണങ്ങിയ ഒരു മരത്തിന് താഴെ ഇരിക്കുന്ന പ്രണയജോടികള്‍. അവരുടെ സല്ലാപത്തില്‍ ആ മരം തളിര്‍ക്കും. കാരണം മോഹഭംഗങ്ങള്‍ക്ക്‌ ഇടം നല്‍കാന്‍ ആവില്ല ഈ തീരത്തിന്.