Tuesday, January 14, 2014

ചുരം കയറുന്ന സ്വപ്‌നങ്ങൾ



കുട്ടിക്കാലത്ത് കേട്ട ഒരു കഥ . 
രാത്രി വളരെ വൈകി നാടുകാണി ചുരം ഇറങ്ങി വരുന്ന ഒരു വാഹനത്തിന് ഒരു അപരിചിതൻ കൈ കാണിക്കുന്നു . 
സ്വാഭാവികമായും പേടിച്ച യാത്രക്കാർ നിർത്താതെ പോയത് ഒരു കാട്ടാനയുടെ  മുന്നിലേക്ക്‌ . 
സത്യത്തിൽ വഴിയിൽ  ആനയുണ്ട് എന്ന് പറയാനായിരുന്നത്രേ അയാൾ കൈ കാണിച്ചത് . ആരാണ് അയാൾ  , എവിടന്നു വന്നു എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല . കാട്ടാന എന്നൊക്കെ കേട്ടാൽ വിരളുന്ന ഒരു പ്രായത്തിൽ ഒരൽപം ആവേശമുള്ള ഒരു ഫെയറി ടെയിൽ പോലെ ഈ കഥ മനസ്സിലുറച്ചു . കാലം മുന്നോട്ട് നീങ്ങി . പണ്ട് ആ കഥ വീണ്ടും വീണ്ടും ഓർത്ത് അത്ഭുതപ്പെട്ട ഞാൻ , നാടുകാണി ചുരം പലവട്ടം കയറിയിറങ്ങി . അപ്പോഴൊക്കെ കൗതുകം നിറഞ്ഞ കണ്ണുകൾ തേടാറുണ്ട് ഒരു ഒറ്റയാനെ . അതേ പേടിയോടെ സങ്കൽപ്പിക്കാറുണ്ട്‌ അത് മുന്നിൽ വന്ന് ചാടുന്നത്  . ഇരുട്ടിന്‍റെ മറവിൽ നിന്നും ഒരത്ഭുത മനുഷ്യൻ വന്ന് , "മുന്നോട്ട് പോകല്ലേ അവിടെ ആനയുണ്ട്" എന്ന് പറയുന്നത് . പക്ഷേ ഒന്നും സംഭവിച്ചില്ല . പകലിലെ കയറ്റവും രാവിലെ ഇറക്കവും മാത്രം അന്നും ഇന്നും തുടരുന്നു . അതേ ആവേശവും ബാക്കിയാവുന്നു . 

രണ്ട് ചുരങ്ങൾ എന്നെ വല്ലാതെ മോഹിപ്പിക്കാറുണ്ട് . നാടുകാണിയും വയനാടും . അതിന്‍റെ വളവുകളിലൂടെ എന്‍റെ  സ്വപ്‌നങ്ങൾ  പലവട്ടം കയറി ഇറങ്ങിയിട്ടുണ്ട് . നേരത്തെ പറഞ്ഞ കഥ ഇന്നും എന്നെ വിസ്മയിപ്പിക്കുന്നതു കൊണ്ടാവാം , നാടുകാണിയോട്‌ ഒരൽപം ഇഷ്ടക്കൂടുതൽ . നാടുകാണിയുടെ ചരിത്രം തേടി ഒരു നെറ്റ് ടൂർ നടത്തിയപ്പോൾ കിട്ടിയ വാർത്ത കൂടെ ചേർക്കട്ടെ . വില്ല്യം കാംബെൽ എന്ന ബ്രിട്ടീഷുകാരനാണ് നാടുകാണി ചുരത്തിന്‍റെ  പിതാവ് എന്നറിയപ്പെടുന്നത് . ഒരു പണിന്‍റെ സഹായത്തോടെ ചുരം കയറുകയും ഇതേതാണ് നാട് എന്ന് ചോദിച്ചപ്പോൾ നാട് കാണില്ല എന്ന് പറയുകയും ചെയ്തു . ആ ദേഷ്യത്തിൽ സായിപ്പ് അയാളെ വെടിവെച്ച് കൊല്ലുകയും പിന്നെ കുറ്റബോധത്തിൽ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു എന്നാണ് കഥ . ഇതെത്രതൊളം  വിശ്വാസയോഗ്യമാണ് എന്നറിയില്ല . ഒരു പക്ഷേ ആ പണിയന്‍റെ ആത്മാവ് ആയിരിക്കുമോ അന്നാ യാത്രക്കാരുടെ മുന്നിൽ ആനയുണ്ടെന്ന് പറയാൻ കൈ കാണിച്ചത് ..? കഥക്ക് അതിഭാവുകത്വം നൽകാൻ അങ്ങിനെ കൂട്ടി ചേർക്കാം അല്ലേ ..? 

വയനാട് ചുരത്തിനും ഉണ്ട് ഇതുപോലൊരു കഥ . ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിച്ചു കൊടുത്ത ,അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത കരിന്തണ്ടൻ  എന്ന ആദിവാസിയെ പറ്റിയാണ് ആ കഥ . എന്തുകൊണ്ടാവും ചുരങ്ങളെ ചുറ്റിപറ്റി ഇതുപോലുള്ള കഥകൾ പ്രചരിക്കുന്നത്..? എല്ലാം ഒരു മിത്തിന്‍റെ പൊതുസ്വഭാവം ഉള്ളതും . മിത്തുകൾ ഏറെ സ്വാധീനിക്കുന്ന ഒരു സംസ്കാരമാണല്ലോ  നമ്മുടേതും . എന്നാലും നാടുകാണി കഥയേക്കാൾ വിശ്വാസ്യത ഇതിന് തന്നെ . ഒരു വശത്ത് മുകളിലേക്കും മറ്റേ വശം വശം താഴേക്കും കാടുകൾ നിറഞ്ഞ നാടുകാണി യിലേക്ക് തന്നെ തിരിച്ചുവരാം .

നാടുകാണി പലർക്കും ഒരു യാത്രാവഴി മാത്രമാണെങ്കിലും എനിക്കത് ഒരു ലക്ഷ്യം കൂടിയാണ് . ആ ഭംഗി ആസ്വദിക്കാൻ മാത്രമായി അവിടെ പോവാറുണ്ട് ഞങ്ങൾ . വഴിക്കടവിലെ റോഡരുകിൽ ഒരു ഉമ്മ നടത്തുന്ന ചായക്കടയുണ്ട് . നാട് വിട്ടാൽ അടുത്ത സ്റ്റോപ്പ്‌ അതാണ്‌ . മീൻ മുളകിട്ടതും കപ്പയും കഴിക്കാൻ ഭൂമി മലയാളത്തിൽ ആ ഒരു കട കഴിഞ്ഞേ വേറെ ഉള്ളൂ . ഒരു പ്ലേറ്റ് കപ്പ കൂടി പോരട്ടെ എന്ന് പറഞ്ഞാൽ , അടുപ്പിലെ വിറക് കൊള്ളി ഒന്നൂടെ നീക്കി വെച്ച് അതിലേക്ക് വലിച്ചൂതി കണ്ണും തുടച്ച്  ആ ഉമ്മ പറയും , " നിക്ക് പഹയാ ..അനക്ക് മാത്രല്ല വയറ് ഉള്ളത് എന്ന് " . പറഞ്ഞുവന്നത് ചുരത്തിൽ കുറേ നേരം ഇരിക്കാനുള്ള റീച്ചാർജ് സ്റ്റേഷൻ ആണിത് . ഇതും കഴിച്ച് നേരെ ചുരം കയറി മേലെ ഇരിക്കാം .  



താഴെ അകത്തേക്ക് വരൂ എന്ന് പ്രലോഭിപ്പിച്ചുക്കൊണ്ട് കാട് . പലപ്പോഴും തോന്നിയിട്ടുണ്ട് കുത്തനെ ഇറങ്ങി കാടിനുള്ളിൽ മറഞ്ഞാലോ എന്ന് . ഏത് അദൃശ്യ ശക്തിയാവണം ഇങ്ങിനെ വിളിച്ചുക്കൊണ്ടിരിക്കുന്നത് ..? ഏത് രഹസ്യം കൈമാറാനായിരിക്കും  മനസ്സ് കുതറുന്നത്‌ ..? ഏത് താപസന്‍റെ  ഏകാഗ്രതയാവണം ഞാൻ ആഗ്രഹിക്കുന്നത് ..? ഏതെങ്കിലും പർണശാലകളും അതിനകത്തൊരു മുനി കുമാരിയും കാണുമായിരിക്കുമോ അവിടെങ്ങാനും ..? അതോ ഏതോ ഒരു ആദിവാസി ഊരും ഒരു ഉത്സവ കൊടിയേറ്റവും കാണുമായിരിക്കുമോ അതിനകത്ത് ? ഒന്നുറപ്പ് ..ഏതോ അദൃശ്യമായ ഒരു വികാരം കാടിനകത്ത്‌ നിന്നും വിളിക്കുന്നുണ്ട് . കെട്ടു പിണഞ്ഞു നിൽക്കുന്ന മുളകൾക്കിടയിലൂടെ നുഴഞ്ഞു കയറി വരുന്ന കാറ്റ് അത് വീണ്ടും വീണ്ടും പറയുന്നുണ്ട് . 

ഇവിടിരുന്നാൽ സമയം പോകുന്നതറിയില്ല . ചുരമിറങ്ങി വരുന്ന പാണ്ടി ലോറികൾ മറ്റൊരു ആവേശമാണ് . അതിലെ വളയം പിടിക്കുന്ന ആൾക്കാരെ അസൂയയോടെ നോക്കും . ഏതെല്ലാം നാടുകൾ തെണ്ടിയാവണം അവർ വരുന്നത് . വേണമെങ്കിൽ യാത്ര ഗൂഡല്ലൂർ വരെ തുടരാം . പച്ചതേയിലയുടെ മണ മടിക്കുന്ന വഴിയിലൂടെയുള്ള യാത്രകൾ . തോട്ടങ്ങൾ , ഇടമുറിഞ്ഞു വരുന്ന കാടുകൾ . നമ്മളറിയാതെ ഒരു മൂളിപ്പാട്ട് വരും . ചിലപ്പോൾ ഉച്ചത്തിൽ തന്നെയാവും . 

ന്‍റെ സ്വപ്നങ്ങൾ വീണ്ടും ചുരം കയറി . വളവുകൾ തിരിഞ്ഞ് അത് മുന്നോട്ട് പോയി . ചില സ്വപ്നങ്ങൾ ചിന്നിച്ചിതറി കാടിനകത്തേക്ക്‌ പോയി . മറ്റു ചിലത് തേയിലത്തോട്ടങ്ങളിലേക്ക് കയറി . പക്ഷേ ഒരു   സ്വപ്നം മാത്രം വഴി തെറ്റാതെ ചുരത്തിൽ തങ്ങി നിന്നു . ഇരുട്ടിൽ ഒരു കൈ നീണ്ടുവരുന്നു . അത് പറയുന്നു .. "മുന്നോട്ട് പോകരുത് .. അവിടെയൊരു കാട്ടാനയുണ്ട്" .

ചിത്രങ്ങൾ കെ . വി . നൗഷാദ്