Friday, December 6, 2013

മഴ പെയ്യിച്ച രാഗങ്ങൾതണുപ്പിലേക്കുള്ള പ്രയാണത്തിലാണ് അറേബ്യൻ മരുഭൂമി . ഈ കറുത്ത മാനവും മൂടി കെട്ടിയ അന്തരീക്ഷവും മനസ്സിലേക്ക് വലിച്ചടുപ്പിക്കുന്ന വികാരങ്ങൾ എന്തൊക്കെയാണ് ..? മാനം കറുക്കുമ്പോൾ തന്നെ മഴ പെയ്തു തുടങ്ങും മനസ്സിനകത്ത് . ഇന്നലെ പെയ്ത മഴയുടെ ബാക്കിയാണിത് . ഇന്നലെ നാട്ടിലായിരുന്നു . ഇന്ന് ഇവിടെയും. കോഴിക്കോട് എയർ പോർട്ടിൽ നിന്നും വിമാനത്തിന്‍റെ  കോണിപ്പടികൾ കയറുമ്പോൾ ഞാനോന്നുകൂടി തിരിഞ്ഞു നോക്കി . തുലാമഴ തിമിർത്തു പെയ്യുന്നു . മഴയൊരു നൊമ്പരമാവുന്നത് ഇതുപോലുള്ള നിമിഷങ്ങളിലാണ്  . തുള്ളികൾ തലയിലേക്ക് പെയ്തിറങ്ങി . ഞാനത് ആവേശത്തോടെ ഏറ്റുവാങ്ങി  . വിമാനത്തിനകം വരെ. അത് കഴിഞ്ഞ് ഓർമ്മകളിലേക്ക്. 

വിൻഡോ സീറ്റിലൂടെ കണ്ട തുലാമഴയോടൊപ്പം ഇരുള്‍ മൂടിയ അന്തരീക്ഷം,  പെരുമഴ പെയ്യുന്ന സ്കൂൾ ദിവസങ്ങളിൽ ക്ലാസ് റൂമിലെ ജാലകങ്ങളിലൂടെ കണ്ട കാഴ്ച്ചകളെ ഓര്‍മ്മിപ്പിച്ചു. . മഴയിരമ്പം ആസ്വദിച്ചങ്ങിനെ ഇരിക്കുമ്പോൾ നെറ്റിയിൽ പതിക്കുന്ന ചോക്ക് കഷ്ണങ്ങൾ ആ കിനാവുകളെ ഉണർത്തും . നീട്ടി നടന്ന് ഞാൻ ഞങ്ങളുടെ എൽ . പി . സ്കൂളിന്‍റെ കൽപടവുകൾ കയറി . ഞായറാഴ്ച ആയതിനാൽ എല്ലാ ബെഞ്ചുകളും ഒഴിഞ്ഞു കിടക്കുന്നു . ക്ലാസ് മുറിയുടെ വാതിൽ കടക്കുമ്പോൾ ഉള്ളിലൊരു വിറയൽ . ഓർമ്മകളുടെ വേലിയേറ്റമാണത് . ഒന്നാമത്തെ ബെഞ്ചിൽ ഞാൻ തനിച്ചിരുന്നു . പതുക്കെ പതുക്കെ മറ്റു ബെഞ്ചുകളും നിറയുന്നതുപോലെ തോന്നി . ചിന്നിച്ചിതറി പോയ പഴയ കൂട്ടുകാർ എല്ലാവരും അവരുടെ പഴയ ഇരിപ്പിടങ്ങളിൽ വന്നിരിക്കുന്നു . വെള്ളത്തണ്ടിന്‍റെ  പച്ച മണം . പൊട്ടിയ സ്ലേറ്റുകളിൽ മുറി പെൻസിൽ കൊണ്ട് കോറിയിടുന്ന അക്ഷരങ്ങൾ "തറ...പറ " എന്ന് ബഹളം വെക്കുന്നു . 

ഭൂതകാലത്തിൽ നിന്നും ഒരു കൈ എന്‍റെ നെറുകയിൽ വീണു .  സ്പർശനത്തിലെ വാത്സല്യം കൊണ്ട് തിരിച്ചറിയാം ആ കൈകളെ . എന്‍റെ ഓമന ടീച്ചർ . ഇന്ന് ഞാനീ കുറിച്ചിടുന്ന അക്ഷരങ്ങളിലെ വളവിനെയും തിരിവിനെയും  എന്‍റെ കുഞ്ഞു വിരലുകളെ ചേർത്ത് പിടിച്ച് എഴുതി പഠിപ്പിച്ച വാത്സല്യം . ദിക്കറിയാത്ത ഏതോ കോണിലിരുന്ന്  ടീച്ചർ മന്ത്രിക്കും പോലെ .  "നീ വീണ്ടും എന്നെ കാണാൻ വന്നോ കുട്ടീ" എന്ന് . 
തിരിഞ്ഞ് പഴകിയ ജനൽ പാളികളിലൂടെ  പുറത്തേക്ക് നോക്കി . മഴ പെയ്യുന്നുണ്ട് . ആർത്തലച്ച് . പുറത്തും പിന്നെ എന്‍റെ  കണ്ണുകളിലും . എണീറ്റ് പുറത്തേക്കിറങ്ങി . കാലുവിരലുകൾ പൊട്ടിയ ഒരു ചോക്ക് കഷ്ണത്തിൽ തട്ടി . അന്ന് എന്‍റെ നെറ്റിയിൽ പതിച്ച അതേ ചോക്കായിരിക്കുമോ അത് ..? അല്ലെങ്കിൽ എനിക്ക് അക്ഷരങ്ങൾ എഴുതി തന്നതിന്‍റെ ബാക്കിയോ ..? ഏതായാലും കിനാവ്‌ കാണാനും പഠിക്കാനും ഇനിയുമേറെ എന്ന് ഓർമ്മപ്പെടുത്തി ആ ചോക്കിന്‍ തുണ്ട്. കുനിഞ്ഞ് അതെടുത്ത്  കുപ്പായ കീശയിലേക്കിട്ടപ്പോള്‍  ഓർമ്മകൾ കൊണ്ടെന്‍റെ നെഞ്ച് പൊള്ളി . 

വാതിലും കടന്ന് തിരിച്ചിറങ്ങുമ്പോൾ മഴ തോർന്നിട്ടില്ല . പുള്ളി പാവാടയും ഇട്ട് ഒരു എട്ടു വയസ്സുകാരി സ്കൂൾ മുറ്റത്ത്കൂടി പോകുന്നു . ഓടി ചെന്ന് അവളുടെ കുടക്കീഴിൽ ചേർന്നു . ഒരു കുടയുടെ വട്ടത്തിന് തടുക്കാൻ പറ്റുന്നതല്ല ഓർമ്മകൾക്ക് മേലെ പെയ്യുന്ന മഴകൾ . സീറ്റ് ബെൽറ്റ്‌ ഇടാനുള്ള അഭ്യർത്ഥന വന്നപ്പോൾ ഓർമ്മകൾക്കും അത് വേണ്ടി വന്നു . ഒന്നൂടെ പുറത്തേക്ക് നോക്കി . മുമ്പൊരു ഫ്ലൈറ്റ് മാഗസിനിൽ കണ്ട അനിതാ നായരുടെ വരികൾ ഓർമ്മവന്നു .  "each raindrops is a poem " .

വീണ്ടും ദുബായിൽ വിമാനം ഇറങ്ങുമ്പോൾ കാലാവസ്ഥ മാറിയിട്ടുണ്ട് . നാട്ടിലെ മഞ്ഞുപ്രാഭാതങ്ങളെ ഓർമ്മിപ്പിച്ചു ഇവിടത്തെ പകലുകൾ . വഴിയരികിലെ പൂക്കൾ വസന്തം വിരിയുന്നത് ഓർമ്മിപ്പിച്ചു . ഉടനെ തന്നെ ഒരു യാത്ര പോവുന്നതിന് മുമ്പേ തീരുമാനിച്ചതാണ് . കുട്ടികളും അത് കാത്തിരിക്കുകയാണ് . മഴക്കാറുകൾ നിറഞ്ഞ വെള്ളിയാഴ്ച്ച . കോർഫുക്കാൻ മലനിരകൾ ക്കിടയിലൂടെ കാർ നീങ്ങി . പൂക്കളും മരങ്ങളും നിറഞ്ഞ അൽ ഐനിലേക്കുള്ള വഴിയോ അതോ മലനിരകൾക്കിടയിലൂടെ നീണ്ടുപോകുന്ന ഈ പാതയോ കൂടുതൽ ഭംഗി .  ഒരു പണത്തൂക്കം ഇഷ്ടകൂടുതല്‍  ഈ വഴികളോട് തോന്നി പോകുന്നതിന്‍റെ കാരണമെന്താവും ..? ഒരു പക്ഷേ സൗദി അറേബ്യയിലേക്കുള്ള ഒരു ബസ്സ്‌ യാത്രയുടെ ഓർമ്മകൾ  ഈ വഴികളിലെവിടെയോ ചിതറിക്കിടക്കുന്നത് പോലെ തോന്നുന്നതുകൊണ്ടാവാം. .

മരുഭൂമിയും മലനിരകളും മാറി മാറി വരുന്ന ആ യാത്ര എന്നും പ്രിയപ്പെട്ടൊരു ഓർമ്മയാണ് . ആ മരുഭൂമികളിൽ ഒട്ടകങ്ങളുടെ പുറത്ത് കാഫില കൂട്ടങ്ങളുടെ കൂടെ അലയുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് . ചരിത്ര പുസ്തകങ്ങളുടെ അരിക് ചേർന്ന് പഠിച്ച ഉഹ്ദ് മലനിരകളിലെ യുദ്ധങ്ങളെല്ലാം, ഉഹ്ദ് മലയെ നോക്കിയിരുന്ന് വീണ്ടും അനുഭവിച്ചിട്ടുണ്ട് .  അതെല്ലാം വീണ്ടും ഈ വഴിത്താരകളിൽ പുനർജ്ജനിക്കുന്ന പോലെ .  

കാറിന്‍റെ വിൻഡോയിലൂടെ ഒരു മഴത്തുള്ളി മുഖത്തേക്ക് പാറി വീണു . വീണ്ടും മഴക്കാഴ്ച എന്നെ അനുഗ്രഹിക്കാൻ പോവുകയാണ് . പിന്നിലേക്ക്‌ മറയുന്ന മലനിരകൾ . മഴക്കാറുകൾ . കുട്ടികളുടെ മുഖത്ത് ആഹ്ലാദതിമര്‍പ്പ്. വല്ലപ്പോഴും വിരുന്നെത്തുന്ന പ്രിയപ്പെട്ട അതിഥികളെയെന്നപോലെ അവരും മഴയെ കാത്തിരിക്കുകയാണെന്ന് തോന്നുന്നു. . 

ബിദിയ പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്തിയിറങ്ങി. നൂറ്റാണ്ടുകൾ പിറകിൽ നിന്ന് ഒരു ബാങ്കൊലി മുഴങ്ങുന്നു.   മുന്നോട്ട് വെക്കുന്ന അടികൾ ഓരോന്നും ചരിത്ര പുസ്തകങ്ങളിലെ ഏടുകളിലേക്കിറങ്ങി നടക്കുന്നതുപോലെ  . AD 1446 ല്  ആണ് ഇതിന്‍റെ നിർമ്മാണം നടന്നത് എന്ന് പറയപ്പെടുന്നു . നൂറ്റാണ്ടുകൾ മുന്നേ സുജൂദ് ചെയ്തു തുടങ്ങിയ പള്ളി . നൂറ്റാണ്ടുകൾക്ക് ശേഷം , ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങിയ തറയിൽ ഞാനും കുമ്പിട്ടു . ഒരു ചരിത്ര കാലത്തെ ആവാഹിച്ച മനസ്സുമായി വെളിയിലേക്ക് ഇറങ്ങുമ്പോൾ മഴ തകർത്തു പെയ്യാൻ തുടങ്ങി . കുറച്ചകലെ കോർഫുക്കാൻ കോട്ട . പോർച്ചുഗീസുകാർ പണിതതാണ് . മിക്ക രാജ്യങ്ങളുടെയും തിരുശേഷിപ്പുകൾ അന്വോഷിച്ചു പോകുമ്പോൾ ഇങ്ങിനെ ചിലത് കാണാറുണ്ടല്ലോ . ഏതായാലും പള്ളിയും കോട്ടയും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു . ഇടയിൽ ചരിത്രം പാലം പണിയുന്നു . ഉയർന്നു നിൽക്കുന്ന മലകൾ അവയ്ക്ക് മേലെ ആശീർവാദം പെയ്യുന്നു . 

കോർഫുക്കാൻ  മലയിൽ തൊട്ട് മഗരിബ് ബാങ്കൊലികൾ തിരിച്ചു വന്നു .  മഴ പെയ്തുക്കൊണ്ടേയിരിക്കുന്നു . പക്ഷേ കുടയുമായി നടന്നു പോകുന്ന ഒരു പുള്ളിപാവടക്കാരിയെ ഈ അറബ് നാട്ടിൽ ഞാനെങ്ങിനെ തേടും ...? കാറിനകത്ത്‌ നിന്നും രണ്ട് കുഞ്ഞുകൈകൾ മഴവെള്ളം തട്ടി തെറിപ്പിക്കുന്നുണ്ട് . അവളുടെ ചിരിയും മഴത്തുള്ളികൾ പോലെ കിലുങ്ങുന്നു . ആ ചിരിയിൽ ഒരുരാഗം കേട്ടു . പണ്ട് താൻസൻ മഴ പെയ്യിച്ച രാഗം . ശക്തിയായി രണ്ട് മഴത്തുള്ളികൾ കണ്ണിലേക്ക് വീണു .  കണ്ണീരിനൊപ്പം മണ്ണിൽ പതിച്ച് അതെന്‍റെ ബാല്യത്തെ തൊട്ടു 

Sunday, October 13, 2013

തണുത്ത നീലഗിരി പ്രഭാതങ്ങളുടെ ഓർമ്മക്ക് .


ആദ്യമൊക്കെ ഊട്ടിയിൽ പോവുമ്പോൾ കമ്പിളിയും പുതച്ച് ഉറങ്ങുക എന്നതായിരുന്നു രസം . പിന്നെയാണ് തണുത്ത പ്രഭാതങ്ങളുടെ ഭംഗി അറിഞ്ഞത് . ദേവദാരു മരങ്ങളിൽ നിന്നും ഉറ്റി വീഴുന്ന മഞ്ഞു തുള്ളികളിൽ പ്രണയം കണ്ടത് മുതൽ ഞാനാ പ്രഭാതങ്ങളുടെ കൂട്ടുകാരനായി . കഴുത്തിലൊരു മഫ്ലറും ചുറ്റി മഞ്ഞു പെയ്യുന്ന വഴികളിലൂടെ നടക്കുമ്പോൾ കൂടെ കുറേ കാൽപനിക സ്വപ്നങ്ങളും കാണും . ഊട്ടിയിലെ ഓരോ മതിലിലും വിരിഞ്ഞു നിൽക്കുന്ന ഒരു തരം മഞ്ഞപ്പൂക്കളുണ്ട് . മഞ്ഞു തുള്ളികളിൽ വീണ് കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന ഈ പൂക്കൾ ഊട്ടി പ്രഭാതങ്ങളുടെ കണിയാണ് . നന്മയും .
ലേക്ക് വ്യൂ റിസോർട്ടിന്‍റെ മതില് കടന്നാൽ ചെവിയിൽ ബാൻഡ് മേളങ്ങൾ കേൾക്കാം . ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നിന്നാണത് . ഈ ബാൻഡ് മേളങ്ങൾ തന്നെയാണ് ഊട്ടിയുടെ പ്രഭാത ഭേരി എന്ന് പലപ്പോഴും തോന്നാറുണ്ട് . കൂടെ പകരുന്ന സംഗീതത്തിന് പിടിച്ചിരുത്തുന്നൊരു ഭാവമുണ്ട് . ഒരുപക്ഷേ ബോർഡിങ്ങിന്റെ മതിൽ കെട്ടിനകത്ത് അച്ഛനെയും അമ്മയെയും കാണാത്തൊരു കുട്ടിയുടെ വേദന ആ സംഗീതത്തിൽ കലർന്നിട്ടുണ്ടാകുമോ . എനിക്കങ്ങിനെ തോന്നി . എതിരെ നടന്നു വരുന്നൊരു തിബത്തൻ ബാലിക . അവളുടെ കയ്യിൽ കുറച്ച് പൂക്കൾ കാണാം . അതുപോലെ വശ്യമായൊരു ചിരി മുഖത്തും . പണ്ടൊക്കെ പരമ്പരാഗത വേഷവും ധരിച്ച് തിബത്തൻ കുടുംബങ്ങൾ ഊട്ടിയിൽ സജീവമായിരുന്നു . ഇപ്പോൾ അതൊരു അപൂർവ്വമായ കാഴ്ചയായി . എന്നും അലയാൻ വിധിക്കപ്പെട്ട ദലൈലാമയുടെ അനുയായികൾ ഊട്ടിയിലെ തണുപ്പിനൊപ്പം അപ്രത്യക്ഷമായി . പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമാണ് ഇപ്പോൾ ഊട്ടി .
മുന്നോട്ട് നടന്നു . എനിക്കൊരാളെ കാണാനുണ്ട് . പാലക്കാട്ടുക്കാരൻ മോഹനേട്ടൻ . വർഷങ്ങളായി ഇവിടെ ഹോട്ടൽ നടത്തുന്നു . കുടുംബ സമേതം . ദോശയുടെയും ചമ്മന്തിയുടെയും രുചിയും താലോലിച്ച് വന്ന ഞാൻ ഒരു നിമിഷം നിന്നു . അങ്ങിനെ ഒരു ഹോട്ടൽ നിന്ന അടയാളം പോലുമില്ല . അവർ പാലക്കാട്ടേക്ക് തിരിച്ചു പോയിരിക്കാം . കഴിക്കാത്ത സാമ്പാറിന്‍റെ പുളി തികട്ടി വന്നു . അതവരെ കാണാത്ത വിഷമമായിരുന്നു . എങ്കിലും ഒന്നുറപ്പുള്ള പോലെ , ഏതെങ്കിലും പാലക്കാടൻ യാത്രയിൽ കഴിക്കുന്ന ഒരു ദോശയുടെ രുചിയിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞിരിക്കും അതിന്‍റെ മാവ് അരച്ച കൈകളെ .
റോസുകൾ ഊട്ടിയിൽ സുഗന്ധം പരത്തുന്നുണ്ട് . ഫ്ലവർ ഷോയുടെ കാലം ഇപ്പോഴും ഊട്ടി തിളങ്ങി നിൽക്കും . ബൊട്ടനിക്കൽ ഗാർഡന്‍റെ മേലെ ഭാഗത്ത്‌ ഒരു മരത്തിന് ചുവട്ടിൽ അലസമായി ഇരുന്നു . താഴെ അവധി ആഘോഷിക്കുന്നവരുടെ മുഖത്തും കാണാം ഒരു പൂക്കാലം .
ഈ നിമിഷം എനിക്ക് നഷ്ട്ടപ്പെടുന്നത്‌ എന്താണ് ..? അല്ലെങ്കിൽ ഞാൻ തിരിച്ചു വിളിക്കാൻ ശ്രമിക്കുന്നത് എന്താണ് ...? തണുത്ത കാറ്റും മങ്ങിയ പകലും പൂക്കളുടെ സുഗന്ധവും എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . കരിഞ്ഞ ഓർമ്മകൾക്ക് മേലെ സാന്ദ്വനം പോലെ യൂക്കാളിപ്സിന്‍റെ ഔഷദക്കാറ്റും. പിടി കൊടുക്കാൻ തയ്യാറാവാത്ത മനസ്സിനെ ഞാനവിടെ ഉപേക്ഷിച്ചു. അറിയാതൊരു ഗസൽ മൂളി തിരിച്ചു നടന്നു .
Tamanna Phir Machal Jaye
Ager Tum Milne Aajao
Ye Mousam Hi Badal Jaye
Ager Tum Milne Aajao


(ഒരു ഫേസ് ബുക്ക് കുറിപ്പ് . ഇവിടെയും കിടക്കട്ടെ അല്ലേ ..? :) 

Saturday, October 5, 2013

അണക്കെട്ടിലെ കാറ്റ് പറഞ്ഞത്

                                                  Malampuzha Dam.   Photo - Hashiq A.H


ഈ പാറ കെട്ടിന്‍റെ  മുകളിൽ ഇരുന്നാൽ താഴെ മലമ്പുഴ പുഴ ശാന്തമായി ഉറങ്ങുന്നത് കാണാം . ഈ ഡാമും പുഴയും ചുറ്റുവട്ടവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാവുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് . ഇവിടെക്കായിരുന്നു എന്‍റെ  ആദ്യത്തെ വിനോദയാത്ര . കഴിഞ്ഞ ഡിസംബറിലും ഞാനീ ഡാമിന്‍റെ മുകളിലൂടെ നടന്നു . കൂടെ എന്‍റെ ആറ് വയസ്സുള്ള മകനും ഉണ്ടായിരുന്നു . അവന്‍റെ  കണ്ണുകളിൽ ഞാൻ കണ്ട തിളക്കത്തിന് കുറേ വർഷങ്ങളുടെ പഴക്കം തോന്നി . ഉപ്പയുടെ കൈപിടിച്ച് വർഷങ്ങൾക്ക് മുമ്പ് നടന്നു നീങ്ങിയ എന്‍റെ കണ്ണുകളിൽ നിറഞ്ഞ അതേ തിളക്കമല്ലേ അത് ? 

യാത്രകളിൽ നമ്മെ ഇപ്പോഴും പിന്തുടരുന്ന ഒരു സഹാചാരിയുണ്ട് . കാറ്റ് . നമ്മുടെ മൂഡിനൊപ്പം സന്തോഷിക്കാൻ ദുഖിക്കാനും പിണങ്ങാനും പരിഭവിക്കാനും ഇത്രയും നല്ലൊരു സഹായാത്രികക്കല്ലാതെ ആർക്ക് പറ്റും . ഡാമുകൾക്ക് മീതെ പറക്കുന്ന കാറ്റുകൾക്ക്‌ പക്ഷേ ഒരേ ഭാവമാണോ ? അല്ലെന്നാണ് എന്‍റെ പക്ഷം . മലമ്പുഴ ഡാമിലെ കാറ്റ് എന്നെ ഓർമ്മിപ്പിക്കുന്നത് നേരത്തെ പറഞ്ഞ ബാല്യമാണ് . ഒരു സ്നേഹപൂർവ്വമുള്ള തലോടൽ പോലെ . അതിലൊരു വാത്സല്യം ഞാനറിയുന്നുണ്ട് . ഒരു പക്ഷേ ആദ്യത്തെ യാത്രയും ഉപ്പയുടെ വിരൽത്തുമ്പും ആകാം അത്തരം ഒരു വൈകാരിക തലം മലമ്പുഴക്കാറ്റിന് തോന്നാൻ കാരണം . 


Shiruvani Dam

രണ്ടറ്റവും കാട് . അതിനെ ബന്ധിപ്പിച്ച് , ശിരുവാണി പുഴയെ നെടുകെ പിളർന്ന് ശിരുവാണി ഡാം . ചിലപ്പോഴൊക്കെ ഒറ്റപ്പെടാൻ ആഗ്രഹിക്കാറില്ലേ നമ്മൾ ..? ഒരു സന്യാസിയെ പോലെ അലഞ്ഞും തിരിഞ്ഞും അങ്ങിനെയങ്ങിനെ . എന്തോ എനിക്കങ്ങിനെ തോന്നാറുണ്ട് . അങ്ങിനെ തോന്നുമ്പോഴൊക്കെ ഞാൻ മനസ്സ് കൊണ്ട് ഇവിടെ വരും . ആനച്ചൂര് മണക്കുന്ന വഴിയിലൂടെ ഇറങ്ങി ചെന്ന് പാട്ടിയാർ പുഴയെ നോക്കി ധ്യാനമിരിക്കും . അപ്പോൾ കരിമല  കുന്നിറങ്ങി ഒരു കാറ്റ് വരും . അതെന്നെ വട്ടം ചുറ്റുമ്പോൾ ഞാനെന്നെ മറക്കും . ഈ കരിമല കുന്നിൽ , രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് റോയൽ ഫോഴ്സിന്‍റെ  ഒരു ആയുധ വിമാനം തകര്‍ന്നു വീണിരുന്നു എന്ന് പറയുന്നു. അതിനോടൊപ്പം ഈ കാടിന്‍റെ നിഗൂഡതയില്‍ മറഞ്ഞു പോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും..? ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ? ഈ അണക്കെട്ടിന് മുകളിൽ നിന്ന്  കുറേ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും,വായിച്ചും, പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്‍റെ  ഓര്‍മ്മകള്‍. അതിന്‍റെ  അടയാളമായി ഒരു ദുരന്തവും , പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറെ നേരം. ഒരു കാറ്റ് വന്ന്‌ ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞു തന്നിരുന്നുവെങ്കില്‍. ..!!

എപ്പോഴും  വിലാപകാവ്യം കേൾപ്പിച്ചൊരു കാറ്റ് പറന്നു പോവാറുണ്ട് . കക്കയം ഡാമിന്‍റെ താഴ്വരയിൽ പെയ്യുന്ന മഴക്ക് പോലും ഉണ്ടാവും ഉപ്പുരസം . ചോദിച്ചു നോക്കൂ.. ആ കാറ്റിനോട് .. എന്തിനിങ്ങിനെ വിലാപകാവ്യം പാടി വീശിയകലുന്നു എന്ന് ? ഒരു നിമിഷം നിന്ന് , കുറ്റ്യാടി പുഴയിൽ മുങ്ങാം കുഴിയിട്ട്  കാറ്റ് പറയും , ഒരച്ഛന്‍റെ വേദനയെ പറ്റി . മകന്‍റെ  ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി. അലക്ഷ്യമായി വീശുന്ന കാറ്റിനെ പോലെ ആ ചോദ്യവും അവസാനിച്ചു . ഇനിയൊരിക്കൽ കൂടി കക്കയം ഡാം കാണാൻ എനിക്ക് താൽപര്യമില്ല . 


Kakki Dam - Photo Wiki 

ഒരു സമര ജീവിതത്തെ ഓർമ്മപ്പെടുത്തുന്നൊരു ശിലാ ഫലകമുണ്ട് കക്കി അണക്കെട്ടിന്‍റെ ചുവരുകളിൽ . ഉത്ഘാടനം ചെയ്തത് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് . 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്‌. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ്‌ . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. പച്ചനിറമുള്ള വെള്ളത്തിലേക്ക്‌ നോക്കിയിരിക്കാൻ ഭയം തോന്നുന്നുണ്ട് . നല്ല ആഴമുണ്ട് . ഒരു നിമിഷം മുങ്ങാംകുഴിയിട്ട് അതിന്‍റെ അടിതട്ടിലൊന്ന് പോയി വന്നാലോ എന്നൊരു ഭ്രാന്തൻ ആവേശം എന്നെ പിടിക്കൂടി . നിഗൂഡതകളുടെ  പുറംചട്ടകൾ ഉണ്ടെന്ന് തോന്നുന്ന ഡാമുകളിലൊക്കെ  ഇങ്ങിനെ തോന്നാറുണ്ട് എനിക്ക് . ഒരു പക്ഷേ ചുറ്റും കാണുന്ന നിബിഡ വനങ്ങൾ ആവാം അതുപോലൊരു നിഗൂഡതലം തോന്നാൻ കാരണം .  വല്ലാത്തൊരു അപരിചിതത്വം തോന്നി കക്കിയിലെ കാറ്റിനോട് . ഒട്ടും സൗഹാർദ്ദമില്ലാത്ത ഒന്നുപോലെ . അതിനൊരു കാരണം പറയാൻ ഞാനശക്നാവുന്നു . 

പച്ചക്കാനം പമ്പ ഹൗസിന്‍റെ  മുറ്റത്തിരുന്നാൽ താഴെ പമ്പ ഡാം കാണാം . അടുത്തേക്ക് പ്രവേശനം ഇല്ല . ഞാൻ താഴോട്ട് നോക്കി നിസ്സഹായനായി ഇരുന്നു . അതറിഞ്ഞോ എന്തോ , താഴെ കാണുന്ന മരങ്ങളുടെ ചില്ല കിലുക്കി ആ കാറ്റ് എന്നെ തേടി ഇങ്ങോട്ട് വന്നു . ഒരു യാത്രയുടെ ആലസ്യത്തിലിരുന്ന എന്നെ കുളിർപ്പിച്ച് സൌഹൃദത്തിലാക്കി . ഒരിത്തിരി പമ്പാ വിശേഷങ്ങളും പറഞ്ഞ് തിരിഞ്ഞോടി . പമ്പയിലെ ഓളങ്ങളെ ഉണർത്തി അവയോടൊപ്പം ലയിച്ചു . നിമിഷ നേരം കൊണ്ട് പരിചയത്തിലാവുന്ന കൂട്ടുക്കാരെ പോലെ ആയി ഞങ്ങൾ . കാടിന്‍റെ രാത്രിക്കും പകലിനും ചെവിയോർത്ത്‌ പമ്പ ഹൗസിന്‍റെ മുറ്റത്ത്‌ ചുറ്റി തിരിയുമ്പോഴെല്ലാം വിശേഷങ്ങൾ പറഞ്ഞ് ആ കാറ്റുമുണ്ടായിരുന്നു   കൂടെ .  പിറ്റേന്ന് തിരിച്ചിറങ്ങുമ്പോൾ യാത്രയയക്കാൻ  കൂടെ വന്നു  . കുറെ ദൂരത്തോളം . 

ഏറ്റവും പ്രണയാതുരമായ കാറ്റിനെ അറിയണമെങ്കിൽ മൂന്നാറിലേക്ക് പോവണം . മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ  മുകളിലിരുന്നാൽ മനോഹരമായ തടാകം കാണാം  . സായാഹ്നങ്ങളിൽ ഇവിടെ പോയി നിൽക്കൂ . ദൂരെ കുന്നിന് മുകളിൽ കോടമഞ്ഞ്‌ . കണ്ണുകൾ ചിമ്മി ഒന്ന് മാടി വിളിച്ചാൽ , ആ മഞ്ഞിന്‍റെ  തണുപ്പും വഹിച്ച് മാട്ടുപ്പെട്ടി കാറ്റ് കുതിച്ചു വരും . ഒരാവേശത്തോടെ ആ പ്രണയക്കാറ്റ് നമ്മെ വാരിപ്പുണരും . സ്വയം മറന്ന് നിന്നുപോകവേ തന്നെ സൂര്യൻ വഴിമാറും . തടാകത്തിന് മീതെ വെള്ളിവെളിച്ചം വിതറി ചന്ദ്രനുദിക്കും . മിന്നി മിന്നി നക്ഷത്രങ്ങളും . സ്നേഹിച്ചു തുടങ്ങിയാൽ വിട്ടു പോരാൻ മടിക്കുന്ന പ്രണയിനിയെ പോലെ അപ്പോഴുമുണ്ടാവും ആ മാട്ടുപ്പെട്ടിയൻ കാറ്റ് നമ്മളോടൊപ്പം . 

കണ്ടിട്ടില്ലെങ്കിലും ഒന്ന് പറയാതെ പോയാൽ അതൊരു അനീതിയാവും . കാരണം എന്‍റെ  കണ്ണുകളെ കുറേ തവണ തേടി വന്ന ഒരു ചിത്രമുണ്ട് . കാതുകളിൽ ഇപ്പോഴും മുഴങ്ങുന്ന മൗനമായ ഒരു നിലവിളിയുണ്ട് . ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി പോയേക്കാവുന്ന ജീവിതത്തെ ഓർത്ത് , ഗ്രാമത്തെ ഓർത്ത് ഉറ്റവരെയും ഉടയവരേയും ഓർത്ത് മുല്ലപ്പെരിയാർ ഡാം അങ്ങകലേ നിൽക്കുന്നുണ്ട് . അണക്കെട്ടുകൾ മാറി മാറി കാറ്റ് കൊള്ളാൻ ഇറങ്ങുന്ന ഞാൻ മുല്ലപ്പെരിയാർ ഡാമിന് മീതെ പറക്കുന്ന കാറ്റിനോട് എന്ത് ചോദിക്കാൻ ..?  ജീവശ്വാസം നൽകുന്ന കാറ്റ് ഡാമിനടുത്ത് എത്തുമ്പോൾ വേഗത കുറക്കുന്നുണ്ടാവണം . അത്രയും പതുക്കെ വീശിയാൽ  അത്രയും ഉറപ്പ് അതിന് നൽകാൻ പറ്റും എന്ന തോന്നലാവണം അത് . അല്ലെങ്കിൽ ഒരു കൂട്ടനിളിവിളിക്ക് പോലും സമയം കിട്ടാതെ വരുന്ന സാഹചര്യത്തിന് മീതെ ഗതി കിട്ടാതെ ചുറ്റിത്തിരിയാൻ ആ കാറ്റും ആഗ്രഹിക്കുന്നില്ല . ഇങ്ങകലേയിരുന്ന് ഞാൻ കൊള്ളുന്ന കാറ്റിൽ ഒരു പ്രാർത്ഥന പറത്തി വിട്ടിട്ടുണ്ട് . ഒരുപാട് പേരുടെ പ്രാർത്ഥന . അതവിടെ ഒരായിരം പ്രാർത്ഥന കളായി ആ കാറ്റ് എത്തിക്കട്ടെ .ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലിയുടെ മകനാണ് ബാണാസുരൻ . ബാണാസുരന്‍റെ  പേരിൽ ഒരു അണക്കെട്ട് പൊങ്ങിയപ്പോൾ ഒരു ഗ്രാമവും ചവിട്ടി താഴ്ത്തപ്പെട്ടു . വാമനനോളം വലിപ്പം ബാണാസുരന് ഇല്ലാതെ പോയത് ഭാഗ്യം . അല്ലെങ്കിൽ തരിയോട് എന്ന ഗ്രാമത്തിന് പകരം കേരളം തന്നെ മുങ്ങിയേനെ . തരിയോട് പഞ്ചായത്തിലെ കരിങ്കാണി , ചൂരാണി , കുമ്പളവയൽ എന്നീ ഗ്രാമങ്ങളെ വെള്ളത്തിനടിയിൽ മുക്കി കൊന്നാണ് ബാണാസുര സാഗർ അണക്കെട്ട് തല ഉയരത്തി നിൽക്കുന്നത് . സംസ്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ നെഞ്ചിലൂടെ ചവിട്ടിയാണ് നമ്മൾ നടക്കുന്നത് . എന്നിരുന്നാലും  വീണ്ടും വീണ്ടും നമ്മേ മോഹിപ്പിച്ചു വിളിക്കും ഇവിടത്തെ കാറ്റ് . ഈ പറഞ്ഞ എല്ലാറ്റിലും കൂടുതൽ എന്നോട് കൂട്ട് കൂടിയതും ഇവിടത്തെ കാറ്റ് തന്നെ . എത്രയോ തവണ ഒറ്റക്കും കൂട്ടമായും ഞാനിവിടെ വന്നിട്ടുണ്ട് . പ്രിയപ്പെട്ടൊരു കൂട്ടുക്കാരനോട് സംസാരിച്ചിരിക്കുന്ന പോലെ ആ കാറ്റുകൾ എന്നോട് കഥകൾ പറഞ്ഞു തന്നിട്ടുണ്ട് . മറ്റു ചിലപ്പോൾ കഥാപാത്രം തന്നെ ആയിട്ടുണ്ട്‌ . പക്ഷേ ആ വെള്ളത്തിലേക്ക്‌ കണ്ണുമിഴിച്ച് നോക്കിയാൽ ചില നിഴൽ ചിത്രങ്ങൾ കാണാം . പിഴുതെറിയപ്പെട്ട ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി . 

ബാണാസുര മാത്രമല്ല , ഏത്  അണക്കെട്ടുകൾ  കണ്ടു മടങ്ങുമ്പോഴും  ഈ കാറ്റ് അകാരണമായ ഒരസ്വസ്ഥതയും  എന്നിൽ പകരാറുണ്ട്.. ആരുടെയൊക്കെയോ നിലവിളികൾ. ചവിട്ടി താഴ്ത്തപ്പെട്ട അനേകം  ഗ്രാമങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ. പിഴുതെറിയലിന്‍റെ , പുനരധിവാസത്തിന്‍റെ . പുഴക്കടിയിൽ   നിന്നും  അവർ നിർത്താതെ കരയുമ്പോഴായിരിക്കുമൊ ഡാമുകൾ നിറഞ്ഞു കവിയുന്നത് ..? (മാധ്യമം വാരപ്പതിപ്പ്  - 4/10/2013) 

Wednesday, July 3, 2013

ഇടത്താവളങ്ങൾ


വഴിക്കടവിൽ നിന്നും ഒരു സുലൈമാനി കുടിച്ചാൽ പിന്നെ അടുത്ത സ്റ്റോപ്പ്‌ തുറപ്പള്ളിയാണ് . മിക്ക യാത്രകളിലും ഞങ്ങളുടെ ഇടത്താവളം ആയി വരാറുള്ള സ്ഥലം . അതുകൊണ്ട് തന്നെ വല്ലാത്തൊരു ആത്മബന്ധം തോന്നിയിട്ടുമുണ്ട് തുറപ്പള്ളിയോട് . ഞാനാലോചിക്കാറുണ്ട്  .  എന്തുകൊണ്ട് എന്‍റെ  ചെറിയ  കുറിപ്പുകളിൽ തുറപ്പള്ളി ഇത് വരെ പറയാതെ പോയി എന്ന് . 

ബന്ദിപൂർ വനപാതയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥലം . ചെറിയൊരു  അങ്ങാടി . രണ്ട് ഹോട്ടലും പെട്രോൾ പമ്പും ഓട്ടോ ഗാരേജും പള്ളിയും പിന്നെ ചെറിയ പെട്ടികടകളും ഉൾകൊള്ളുന്ന ചെറിയ സ്ഥലം . ഒരു ചെക്ക് പോസ്റ്റും ചിരപരിചിതരെ പോലെ തോന്നിക്കുന്ന രണ്ട് പൊലീസ്കാരും കാണും . രാത്രിയാണ് തിരിച്ചു വരുന്നതെങ്കിൽ കാണാം ഈ പോലീസുകാരുടെ തനിസ്വഭാവം . ഇവിടെ ഇറങ്ങി റോഡ്‌ സൈഡിൽ നിന്ന് തന്നെ ചൂടുള്ള ഒരു ചായ കുടിക്കാൻ എന്ത് രസമാണ് . മുളക് ബജിയുമായി ഒരമ്മ എപ്പോഴും കാണും ഇവിടെ . രുചിയുള്ള  മുളക് ബജി കഴിക്കാമെങ്കിലും ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല അവരെ . പക്ഷേ ചിരിക്കാതെ ചിരിക്കുന്നൊരു മുഖം അവരോട് ഒരിഷ്ടം തോന്നിക്കും . അത് കഴിഞ്ഞാൽ ആ പെട്ടിക്കടയിൽ നിന്നും റോജയും കൂട്ടി ഒന്ന് മുറുക്കൽ പതിവാണ് . അതും വായിലിട്ട് ഏതെങ്കിലും ഒരു കടയുടെ മുന്നിൽ അലസമായി ഇരിക്കാം . യാത്രപോകുന്നവരെ ഇങ്ങിനെ നോക്കിയിരിക്കാൻ എനിക്കേറെ ഇഷ്ടമാണ് . സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഏതെല്ലാം ദിക്കുകളിലേക്കായിരിക്കും അവരൊക്കെ നീങ്ങുന്നത്‌ . യാത്രക്കാരുടെ മുഖത്തായിരിക്കാം ഏറ്റവും സന്തോഷം കാണുക . ഈ യാത്രയിൽ കിലോമീറ്ററകളോളം അവരെ പിന്തുടരുന്ന ഭാവം എന്തായിരിക്കുമെന്ന് എനിക്കറിയാം  . ഈ ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാൽ ബന്ദിപ്പൂർ വനമായി . വഴിയരികിൽ മുളയൊടിക്കുന്ന ഒരു കൊമ്പൻ അവരെ പേടിപ്പെടുത്തും . അപ്പോൾ ഭയം വിരിയും . കാട് കഴിഞ്ഞാൽ വിരിഞ്ഞു നിൽകുന്ന സൂര്യകാന്തി തോപ്പുകൾ കാണാം . അപ്പോൾ മുഖത്ത് സന്തോഷം വിരിയും . തൊട്ടടുത്ത നിമിഷം ആവുന്നതിലും കൂടുതൽ ഭാരവും വലിച്ച് രണ്ട് കാളകൾ നീങ്ങുന്നത്‌ കാണാം . അവരുടെ മുഖത്ത് അപ്പോൾ വിരിയുന്ന ഭാവം ദുഃഖമാവില്ലേ ? അതുകഴിഞ്ഞാൽ വഴിയരികിൽ ഇളനീർ വെട്ടി വിൽക്കുന്നവരെ കാണും . നെറ്റിയിലെ വിയർപ്പ്‌ തുടച്ച് നിങ്ങൾ നൽകുന്ന പത്ത് രൂപ വാങ്ങുന്ന ശോഷിച്ച കൈകൾ നിങ്ങളിൽ ഒരു ദയനീയ ഭാവം വിരിയിക്കും .  ഉടനെ ആൽമരത്തിൽ നിന്നും ഊർന്നിറങ്ങുന്ന വാനരന്മാർ ആശ്ചര്യം നൽകും . ഇങ്ങിനെ ദുഃഖം സന്തോഷവും പേടിയും നിസ്സഹായതയും എല്ലാം കൂടിച്ചേർന്നതാണല്ലോ ഓരോ യാത്രയും . അവർ യാത്ര തുടരട്ടെ . ഞാൻ തുറപ്പള്ളിയിലെ ആ ബെഞ്ചിലേക്ക് തന്നെ തിരിച്ചു വന്ന്  ബാക്കി പറയട്ടെ . ഒരിക്കൽ രാത്രി ബന്ദിപൂർ വനത്തിൽ വെച്ച് വണ്ടി കേടായി പതുക്കെ ഓടിച്ച് തുറപ്പള്ളി എത്തിയപ്പോൾ ഒരൊറ്റ കട തുറന്നിട്ടില്ല . ആനക്കൂട്ടം രാത്രിയിൽ  ഇപ്പോൾ ഇവിടേക്കും ഇറങ്ങുന്നുവത്രേ . പതുക്കെ വണ്ടി ഓടിക്കുമ്പോൾ ഞങ്ങൾ കണ്ടതാണ് അത് . ഗട്ടറിൽ ചാടി വല്ലാത്തൊരു ശബ്ദവുമായി ഓടുന്ന വണ്ടി . കാടിന്‍റെ നിശബ്ദതക്ക് ഭീഷണി യാലും കാട്ടുമൃഗങ്ങൾക്ക് പ്രകോപനം ആവരുതേ എന്നൊരു പ്രാർത്ഥനയേ ഉള്ളൂ .   നന്നായി പേടിച്ചൊരു യാത്ര . മുളകൾ തൂമ്പ് പൊട്ടിയ സമയമായത്‌ കൊണ്ടാവാം ധാരാളം ആനകളെയും കാണാം . രാത്രി ഒമ്പത് മണിക്ക് ശേഷം റോഡ്‌ തുറന്നുകൊടുക്കില്ല . കോടതി വിധിയാണ് . അതുകൊണ്ട് വാഹനങ്ങളും കുറഞ്ഞു വരുന്നു . ഒരു പാണ്ടിലോറിക്കാരൻ പതുക്കെ ഞങ്ങളുടെ മുന്നിലൂടെ ഓടിച്ചത് കൊണ്ടാണ് അപകടം ഇല്ലാതെ പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു . ആ സ്നേഹത്തിന് പകരമായി നീട്ടിയ നോട്ടുകൾ അയാൾ സ്വീകരിച്ചില്ല . വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി മനോഹരമായി ചിരിച്ചു . ഞങ്ങൾ സുരക്ഷിതമായി തുറപ്പള്ളി എത്തിയപ്പോൾ ആക്സിലേറ്റർ നീട്ടി ചവിട്ടി കാടിന്‍റെ ഇരുളിലൂടെ ആ ലോറി പാഞ്ഞുപ്പോയി .

രാത്രി ഒരു പഞ്ചർ അടക്കുന്ന ആളുടെ വീട് തപ്പി കണ്ടുപിടിച്ച് വിളിച്ചു വന്നു . അയാൾക്കൊരു പരിഭവവും തോന്നിയില്ല . സന്തോഷത്തോടെ വണ്ടിയുടെ കേട് തീർത്തുതന്നു . ഒരു തമിഴ് പാട്ടും മൂളി അയാൾ തിരിച്ചു പോയി . തിരിച്ച് കാറിൽ കയറുമ്പോൾ ഒന്നൂടെ തിരിഞ്ഞു നോക്കി . പെട്രോൾ പമ്പിലെ മങ്ങിയ വെളിച്ചത്തിനുമപ്പുറം ബന്ദിപ്പൂർ വനം തുറിച്ചു നോക്കുന്നു .  തുറപ്പള്ളി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇടത്താവളം തണുപ്പിനെ വാരിപുണർന്ന്  ഉറങ്ങാൻ ഒരുങ്ങുന്നു .  എല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ രാത്രി മൂന്ന് മണി . കോഴിക്കോട് പോവാണ് എന്ന് പറഞ്ഞ് ഗുണ്ടൽ പേട്ട പോയി വന്ന സത്യസന്ധനായ മകനോടുള്ള സ്നേഹം ഉമ്മ ഒരടിയിലൂടെ തീർത്തു . പക്ഷേ ആ അടി എനിക്കിഷ്ടായി . കാരണം കാലങ്ങൾക്ക് ശേഷമാണ് ഉമ്മയുടെ അടി കൊള്ളുന്നത്‌ . അതിൽ സ്നേഹമുണ്ടായിരുന്നു . തുറപ്പള്ളിയിലെ ആ അമ്മയുടെ മുളകുബാജി പോലെ എരുവുള്ള മധുരമായി ആ അടിയിലെ സ്നേഹം ഞാൻ ഏറ്റുവാങ്ങി .

Friday, June 7, 2013

എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം !ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ .
ഹരിദ്വാരിൽ നിന്ന് . 
എവിടെയല്ലാം കറങ്ങി . എന്തെല്ലാം കണ്ടു . 
ചുറ്റും സന്യാസിമാർ , പർണ്ണശാലകൾ , റിക്ഷ വലിക്കുന്നവർ , ഭിക്ഷക്കാർ .
സത്യത്തിൽ ഇതൊരു പുനർ യാത്രയാണ് . അതായത് പുനർവായന . 
അപ്പോൾ "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്നത് "ഹരിദ്വാരിൽ ഇപ്പോഴും മണികൾ മുഴങ്ങുന്നു " എന്ന്‌ പറയാമല്ലേ ..!

മാനസാദേവിയെ കണ്ട് കുന്നിറങ്ങി പുറത്ത് വന്നു . പുസ്തകത്തിൽ നിന്നിറങ്ങി വർത്ത‍മാനത്തിലേക്ക്‌ . സത്യത്തിൽ ഞാനും പോയിരുന്നോ ഹരിദ്വാരിൽ ..? രമേശ്‌ പണിക്കർ ഞാനായിരുന്നോ . അല്ലെങ്കിൽ രമേശ്‌ കുടിച്ച്  മയങ്ങിയ ഭാംഗിന്‍റെ ലഹരി .. അതെങ്ങിനെ ഒരു പെപ്സിക്ക് നൽകാനാവും ..? അവനെ ഉണ്മാദിയാക്കിയ ചരസ്സിന്‍റെ വീര്യം .. അതീ ഡേവിഡോഫിന്‍റെ പുകച്ചുരുളുകൾക്ക് നൽകാൻ പറ്റി എന്നത് സത്യമാവുമോ ? അപ്പോൾ സുജ മെഹ്റ  ആരാണ് . അവളും ഉണ്ടായിരുന്നല്ലോ എന്‍റെ കൂടെ . 

 "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്ന നോവൽ ഇന്നലെ വീണ്ടും വായനക്കെടുത്തു . ചില കഥകൾ അങ്ങിനെയല്ലേ . നമ്മൾ കഥാപാത്രമായിപ്പോകും . മറ്റു ചിലപ്പോൾ അവരെ ദൂരെ നോക്കി നിന്ന് കാണും . ഇവിടെ ഞാൻ കഥാപാത്രമായി എന്ന് പറയാൻ പറ്റില്ല . പക്ഷെ ഹരിദ്വാരിലേക്കുള്ള രമേഷിന്‍റെയും സുജയുടെയും കൂടെ ഞാനുണ്ടായിരുന്നു . അടുത്ത് നിന്നും ദൂരെ നിന്നും ചിലപ്പോൾ ഞാൻ തന്നെ ആയും . 

പറഞ്ഞുവരുന്നതും യാത്ര തന്നെ . നടന്ന യാത്രകൾ അല്ല . സ്വപ്നത്തിൽ എവിടെയോ ബാക്കി നിൽക്കുന്ന ഒന്ന് . പക്ഷെ യാഥാര്‍ത്ഥ്യത്തിൽ നിന്നും  ഒട്ടും വിദൂരമല്ല അത് . അതേസമയം സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ചില   വട്ടൻ ചിന്തകളും കൂടിച്ചേരും . ഈ കഥ വായിച്ചപ്പോഴാണ് വീണ്ടും  യാത്രാമോഹം  മനസ്സിലേക്ക് കയറിവന്നത്  . 
എവിടേക്കാണെന്നോ ..?
എങ്ങോട്ടുമാവാം . 
പക്ഷെ പഴയമയുടെ ഗന്ധം ചിന്തകൾക്ക് ലഹരി നൽകണം . 
അന്തരീക്ഷത്തിൽ ചരിത്രത്തിന്‍റെ മണം തങ്ങി നിൽക്കണം .
തകർന്നടിഞ്ഞ നാഗരികതയുടെ അവശിഷ്ടങ്ങൾ ബാക്കിയുള്ള ഒരു സ്ഥലത്തേക്ക് . ചില ചിത്രങ്ങൾ അങ്ങിനെ ഒരു ആഗ്രഹം ജനിപ്പിക്കാറുണ്ട് . തകർന്നടിഞ്ഞ ഒരു പഴയ കെട്ടിടത്തിന്‍റെ പാതി തകർന്ന , കൊത്തു പണികളുള്ള തൂണിൽ ചാരി നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിഞ്ഞ ആ സംസ്കൃതിയിലേക്ക് നോക്കി അത് പറയുന്ന കഥകൾക്ക് ചെവിയോർക്കണം . അവിടെ ബാക്കിയായ ഒരു കല്ലിന് പോലും പറയാൻ കാണുമായിരിക്കും കുറേ കഥകൾ . ഇതുപോലൊരു സ്ഥലം കണ്ടെത്തണം . ദൂരെ ദൂരെ എവിടെയോ . അലഞ്ഞുതിരിഞ്ഞ് അവിടെത്തണം . പിന്നെ ഒരു രാത്രി അവിടെ തനിച്ചു താമസിക്കണം , ആ ഗന്ധം ശ്വസിച്ച് . പിന്നൊന്ന് ഉത്തരേന്ത്യയിലേക്ക് . എവിടെ എന്ന് ചോദിച്ചാൽ അറിയില്ല . പക്ഷെ പുതിയ കാലത്തിന്‍റെ നടപ്പുരീതികൾ വന്നെത്താത്ത  ഒരു സ്ഥലം . പഴയ രാജഭരണ കാലത്തെ ഗ്രാമങ്ങൾ പോലൊന്ന് . ഒരു പൈജാമയും കുർത്തയും ധരിച്ച് ആ തെരുവുകളിലൂടെ നടക്കണം . ദൂരെ നിന്ന് നോക്കുമ്പോൾ മുഗള കൊട്ടാരങ്ങൾ കാണണം . രാത്രിയിൽ നോക്കുമ്പോൾ അക്ബറും ഷാജഹാനും അന്തപുരങ്ങളിൽ നടക്കുന്ന പോലെ തോന്നണം . രാവിനെ മയക്കുന്ന ഗന്ധങ്ങൾ മുംതാസിന്‍റെ അന്തപുരത്തിൽ നിന്നുള്ള പനിനീരിന്‍റെ മണം പോലെ തോന്നണം . ആ രാവിനോട് ചേർന്ന് നടക്കണം . ഒരു വഴിവിളക്കിന്‍റെ താഴെ ഇരുന്ന് പാടുന്ന വൃദ്ധന്‍റെ പതറിയതെങ്കിലും മനോഹരമായ ശബ്ദത്തിൽ കേൾക്കുന്ന സൂഫി സംഗീതം രാവിനെയും എന്നെയും ഒരുപോലെ  ഉണ്മാദിയാക്കണം . തെരുവോരത്തെ ഏതെങ്കിലും പെട്ടികടയിൽ നിന്ന് ബട്ടൂരയും കടലയും കഴിക്കണം . പിന്നെപ്പോഴോ നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഒരു രജായിയും പുതച്ച്   വഴിയരികിൽ കിടന്നുറങ്ങണം . അതുപോലെ കൂട്ടം കൂടി നിൽക്കുന്ന പ്രാവുകൾ പലപ്പോഴും യാത്രാമോഹങ്ങളെ വിളിച്ചുണർത്താറുണ്ട് . ജോലിക്ക് പോവുമ്പോൾ കാണാം , പ്രാവുകൾക്ക് കഴിക്കാൻ ബജിര കൊടുക്കുന്ന ഒരു പാകിസ്ഥാനിയെ . ബജിര വീശി എറിയുമ്പോൾ പറന്നിറങ്ങുന്ന പ്രാവുകൾ . അതുപോലെ പറന്നകലുന്നവയും . മദീന മുനവ്വറയുടെ , താജ്മഹലിന്‍റെ , ഹസ്രത്ത്‌ ബാൽ പള്ളിയുടെ എല്ലാം ചിത്രങ്ങൾ കാണുമ്പോൾ പ്രാവുകളെ കാണാം . ഇറാഖോ ലിബിയയോ  പോലുള്ള  ഒരു രാജ്യം . ചുറ്റും മരുഭൂമി . പഴയ അറേബ്യൻ പൈതൃക മാതൃകയിൽ നിൽക്കുന്ന ഒരു പള്ളി . സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുന്ന അന്തരീക്ഷം . ആകാശം നിറയെ ചെഞ്ചായം വീണിട്ടുണ്ട് . പള്ളിക്ക് ചുറ്റും വട്ടമിട്ട് പറക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന പ്രാവുകൾ . അവർക്ക് ബാജിര വീശിയെറിഞ്ഞ്‌ ഞാൻ നിൽക്കുന്നുണ്ട് .  ഇടക്കെപ്പോഴോ ഒട്ടകപ്പുറത്ത് വന്ന് വന്നുപോകുന്നവര്‍ . കാഫില കൂട്ടങ്ങൾ . പിന്നെ നിശബ്ദമായ രാത്രിയിൽ വിശാലമായ മരുഭൂമിയിലേക്ക് നോക്കിയിരിക്കണം . ആയിരത്തൊന്ന് രാവുകളിലെ കഥാപാത്രങ്ങൾ ആ മരുഭൂമിയിൽ നിന്ന് ഇറങ്ങി വന്നാലോ . ? ഇനിയും പറയാത്ത , കേൾക്കാത്ത കഥകൾ എനിക്കായി മാത്രം പറഞ്ഞുതരാൻ ഒരു ഷെഹ്റാസാദ് കൂടെ ഇറങ്ങി വരുമോ ആ ഇരുട്ടിൽ നിന്നും.. ? 

ഇതിലെ കാൽപനിക ആഗ്രഹങ്ങളെ മാറ്റി നിർത്തിയാൽ തന്നെ ഒട്ടും നടക്കാൻ സാധ്യതയില്ലാത്തതാവം  പലതും  . പക്ഷെ ഇതെനിക്ക് പറയാതെ വയ്യ . കാരണം എന്‍റെ  വിരസതകളെ ഊഷ്മളമാക്കുന്ന സ്വപ്നങ്ങൾ ആണിതെല്ലാം . ചുരുക്കി പറഞ്ഞാൽ നിർത്താതെയുള്ള അലച്ചിൽ . ഒരു ജിപ്സിയെ പോലെ . ചിലപ്പോൾ ഭൂതത്തിലേക്ക്  , ചിലപ്പോൾ വർത്തമാനത്തിലൂടെ .
എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം 

Saturday, May 4, 2013

പടിഞ്ഞാറേ മുന്നണിയില്‍ എല്ലാം ശാന്തമാണ്ഒരു യുദ്ധമുന്നണിയിലെ അനുഭവങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ ..? ഇല്ലെങ്കില്‍ അത്തരം ഒരനുഭവത്തിലേക്ക് ക്ഷണിക്കുന്ന ഒരു വായനയെ പരിചയപ്പെടുത്താം . എറിക് മറിയ റിമാര്‍ക്ക് എഴുതിയ “All quiet on the western front” എന്ന നോവല്‍ നല്‍കുന്നത് അത്തരം ഒരു കാഴ്ചയാണ് . ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളക്കാര്‍ അനുഭവിച്ച മാനസിക ശാരീരിക പീഡനത്തിന്‍റെ പാശ്ചാതലത്തില്‍ ആണ് കഥ തുടരുന്നത്. പോള്‍ ബൌമര്‍ എന്ന കഥാനായകനും ചൊഡന്‍, ക്രോപ്, മ്യൂളര്‍,ഹായ്, കുച് എന്നീ സുഹൃത്തുക്കള്‍ യുദ്ധമുന്നണിയില്‍ എത്തുന്നതും പിന്നെ അവരുടെ പോരാട്ടവും ആണ് നോവല്‍ പറയുന്നത്  . യുദ്ധം ഒരു പട്ടാളക്കാരന്‍റെ മാനസിക നിലയെ എത്രത്തോളം തകരാറിലാക്കുന്നു എന്ന് ഇതിലെ ഓരോ കഥാപാത്രവും നമ്മോട് പറയുന്നുണ്ട്. അതിജീവനത്തിന് വേണ്ടി എതിരാളിയെ വീഴ്ത്തുമ്പോഴും അവര്‍ക്കും കാണുമല്ലോ ഒരു കുടുംബം എന്നൊരു തോന്നല്‍ ഒരു നിമിഷം അവരെ തളര്‍ത്തുന്നുണ്ട്‌ . തൊട്ടടുത്ത നിമിഷം തലക്ക് മുകളിലൂടെ ചീറിപായുന്ന ഒരു ബുള്ളറ്റോ തൊട്ടു മുന്നില്‍ പറന്നു വീഴുന്ന ഒരു ഷെല്ലൊ അവരെ വീണ്ടും പോരാട്ടത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. അതോ ജീവിക്കണം എന്നാ വാശിയിലെക്കോ ..?. യുദ്ധത്തിനിടയില്‍ അവര്‍ ശത്രുപാളയത്തില്‍ കുടുങ്ങി പോകുന്നുണ്ട് , ഭക്ഷണം കിട്ടാതെ വലയുന്നുണ്ട് , ആക്രമണം കുറഞ്ഞ ഇടവേളകളില്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് . സ്ത്രീകളുടെ കരവലയത്തില്‍ എല്ലാം മറന്ന് ചേരുന്നുമുണ്ട് . 
ഓരോ പട്ടാളക്കാരനും അവന്‍റെ കുടുംബം എന്ന വികാരം എത്രത്തോളം അവരെ തളര്‍ത്തുന്നു എന്ന് ഇതില്‍ വായിച്ചെടുക്കാം. മോര്‍ട്ടറുകള്‍ക്കും പീരങ്കികള്‍ക്കും ഇടയില്‍ അവര്‍ നടത്തുന്ന പോരാട്ടം. ട്രെഞ്ചുകളില്‍ നിന്നും ട്രെഞ്ചുകളിലെക്കുള്ള ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഓട്ടം , മാനസിക പിരിമുറക്കം കൂടി ഭ്രാന്താകുന്നവര്‍ , കൂട്ടുകാരുടെ ചിതറി തെറിച്ചു പോകുന്ന ശരീര ഭാഗങ്ങള്‍ നിര്‍വികാരതയോടെ നോക്കാനും ഒരു വേള അത് നോക്കി തമാശ പറയാനും അവര്‍ക്ക് പറ്റുന്നുണ്ട്. നമ്മള്‍ പരുക്കന്മാര്‍ ആകുന്നു എന്നൊരു ആത്മഗതവും കൂടെ ചേര്‍ക്കുന്നു.

യുദ്ധത്തിന്‍റെ വിജയത്തിനും പരാജയത്തിനും അപ്പുറം അതിന്‍റെ കെടുതികള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട് . അതുകൊണ്ടാവണം ഇറങ്ങിയ വർഷം  തന്നെ നാസി ഗവര്‍മെന്റ് ഇത് നിരോധിക്കാനും കാരണം. പക്ഷെ വിൽപനയിൽ  റിക്കോര്‍ഡ് തന്നെ എഴുതി ചേര്‍ത്തിട്ടുണ്ട് “All quiet on the western front” . ഇതേ പേരില്‍ ചിത്രം ഇറങ്ങി ഓസ്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. നോവല്‍ വായിക്കുമ്പോള്‍ നമ്മള്‍ അക്ഷരങ്ങളിലൂടെയല്ല ഒരു യുദ്ധമുന്നണിയില്‍ ആണ് എന്നൊരു പ്രതീതി വാനയില്‍ ഉടനീളം സാധ്യമാക്കുന്നു എന്നതാണ് ഇതിന്‍റെ വിജയം. ഇരുപത് വയസ്സ് പോലും തികയാത്ത പോള്‍., ചോഡന്‍ ,ക്രോപ് , ഹായ് , കിച് തുടങ്ങിയ കുട്ടി പട്ടാളക്കാര്‍ നമ്മുടെ കൂട്ടുകാരാ വും. അവരുടെ മറ്റൊരു കൂട്ടുകാരന്‍ കിര്‍മിഷിന്‍റെ കാലുകള്‍ മുറിച്ചു മാറ്റുന്നതും പിന്നെ പതിയെ മരിക്കുന്നതും നമ്മെ വിഷമിപ്പിക്കും. അവന്‍റെ അമ്മയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നോര്‍ത്ത് വിഷമിക്കുന്ന പോളിന്‍റെ സംഘര്‍ഷം നമ്മുടേത്‌ കൂടിയാവും. വേദനയില്ലാതെ പെട്ടൊന്ന് മരിച്ചില്ലേ എന്‍റെ മോന്‍ എന്ന് ചോദിച്ച് കരയുന്ന കിരമിഷിന്‍റെ അമ്മ നമ്മുടെ കണ്ണും നനയിക്കും. അവസാനം കിച് എന്ന സുഹൃത്തും തോളില്‍ കിടന്ന് കൊണ്ട് മരിച്ചതും അറിയാതെ മെഡിക്കല്‍ ഷെല്‍ട്ടര്‍ തേടി നീങ്ങുന്ന പോള്‍ , അവന്‍ ഈ കഥപറയാന്‍ ബാക്കിയാവുന്നു. മനസ്സിനെ ഉലച്ചു ഈ വായന. അതിപ്പോഴും ആ യുദ്ധമുന്നണിയില്‍ തന്നെ കറങ്ങി തിരിയുകയാണ് .
“പടിഞ്ഞാറേ മുന്നണിയില്‍ എല്ലാം ശാന്തമാണ്”.
ഡി സി ബുക്സ്Monday, April 8, 2013

സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ


ഡിസംബർ ആണെങ്കിലും ചൂട് ഒട്ടും കുറവില്ല നഗരത്തിന്  . പടിഞ്ഞാറുനിന്നും ഒരു കാർമേഘം പതുക്കെ ഇഴഞ്ഞുവരുന്നുണ്ട് . ഒരു പക്ഷെ കോഴിക്കോടിന് മേലെ അത് പെയ്തൊഴിഞ്ഞേക്കാം . കോഫീ ഹൌസിന്‍റെ മൂലയിൽ ഇരുന്ന് ഞാൻ രണ്ടാമത്തെ ചായയും ഓർഡർ ചെയ്തു . മുതലക്കുളം ചുറ്റിവരുന്ന കാറ്റിന് അവിടത്തെ അലക്കുതൊഴിലാളികളുടെ വിയർപ്പിന്‍റെ ഗന്ധമുണ്ട് . ഞാനൊരു അതിഥിയെ കാത്തിരിപ്പാണ് . നേരം വൈകുമ്പോഴും അൽപം ആകുലതയുണ്ട് . ഒരു സാധാ ബ്ലോഗറുടെ ആവശ്യം വെറുമൊരു നേരമ്പോക്കായി കരുതി തള്ളിയിരിക്കുമോ ...?

എഴുത്തുകാരുടെ ജാഡ കൂട്ടുകളില്ലാതെ ഒരാൾ കോഫീ ഹൗസിന്‍റെ പടികൾ കയറിവന്നു . നിലത്തെ നരച്ച ടൈൽസുകൾ എനിക്കൊരു മരുഭൂമി പോലെ തോന്നി .  ആ മണലിൽ ചവിട്ടി നടന്നുവരുന്ന മനുഷ്യൻ മരുഭൂമിയുടെ ചരിത്രകാരനാണ്. ചുട്ടുപൊള്ളുന്ന മണലിനെ ആർദ്രമാക്കിയ അക്ഷരങ്ങളുടെ സൃഷ്ടാവാണ്.ചിരിച്ചുകൊണ്ട് നടന്നെത്തി മുന്നിലെ കസേരയിൽ ചാഞ്ഞിരുന്നു . ഇത് വി. മുസഫർ അഹമ്മദ് .


"ഞാൻ വൈകിയോ മൻസൂർ ... ?
ഞാൻ ചിരിക്കുക മാത്രം ചെയ്തു . ഒന്ന് കണ്ട് സംസാരിക്കണം എന്ന വിനീതമായ ആവശ്യം അംഗീകരിച്ച സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് . മുമ്പൊരിക്കൽ കണ്ടിട്ടുണ്ട് . ബഹ്റൈനിൽ ബെന്യാമിന്‍റെ "മഞ്ഞ വെയിൽ മരണങ്ങൾ " എന്ന നോവലിന്‍റെ പ്രകാശന വേളയിൽ ഹ്രസ്വമായ ഒരു കൂടികാഴ്ച . അതോർക്കുന്നുണ്ടാവണം . പക്ഷെ മുന്നിലിരിക്കുന്നത്‌ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരനാണ്‌ . എന്‍റെ പതർച്ച കണ്ടിട്ടാവണം അദ്ദേഹം കൂട്ടിചേർത്തു .
"മൻസൂർ തന്നെ എവിടെയോ എഴുതിയത് വായിച്ചിട്ടുണ്ട് , " ഔപചാരികതകൾ ഭരിക്കുന്ന സൗഹൃദം ബാധ്യത ആണ് എനിക്കെന്ന് " . അതുകൊണ്ട് പറയാം . അത്തരം ഒന്നുമില്ലാതെ സംസാരിക്കാം നമുക്ക് . സംഘർഷം അയഞ്ഞപ്പോൾ ചായക്ക്‌ പറഞ്ഞു .

കാണണം എന്ന് പറഞ്ഞപ്പോൾ അത് പെരിന്തൽമണ്ണയിലെ വീട്ടിലേക്ക് ക്ഷണിച്ചതാണ് . പക്ഷെ അത് കോഴിക്കോട് വെച്ചാവണം എന്നത്
എന്‍റെയൊരു ഹിഡൻ അജണ്ട ആയിരുന്നു . കാരണം ഈ നഗരത്തിൽ ഓർത്തെടുക്കാൻ കുറേ കഥകൾ ഉണ്ടെന്ന് ഞാൻ വായിച്ചറിഞ്ഞതാണ് .
മയിലുകൾ സവാരിക്കിറങ്ങിയ ചെരിവിലൂടെ എന്ന പുസ്തകത്തിൽ അത് വിശദമായി പറയുന്നുണ്ട് .
ചായ രുചിച്ച് മുസഫർ സംസാരിച്ച് തുടങ്ങി .

അറിയുമോ മൻസൂർ ... മലപ്പുറം ജില്ലകാരനെങ്കിലും കോഴിക്കോട് എനിക്ക് അതിലേറെ പ്രിയപ്പെട്ടൊരു വികാരമാണ് . എന്‍റെ വിയർപ്പിന്‍റെ
ചൂടും ചൂരും അറിയാത്ത ഒരു ഗലികൾ പോലും ഇവിടെ കാണില്ല . സ്നേഹം പകർന്ന ചിരികളും വാക്കുകളും വിശപ്പിന് പകരം നിന്നിട്ടുണ്ട് . വിശന്ന വയറിനെ മെഹ്ഫിൽ രാവുകൾ ഊട്ടിയുറക്കിയിട്ടുണ്ട് . പത്രപ്രവർത്തനത്തിന്‍റെ ആദ്യ നാളുകളിലാണ്‌ വിശപ്പ് ശരിക്കും അറിയുന്നത് . സ്റ്റൈപന്റ് ഒന്നിനും തികയില്ല . ഉപ്പ സർവീസിൽ നിന്നും വിരമിച്ചതിനാൽ വീട്ടിൽ കാശ് ചോദിക്കാനും പറ്റില്ല . പത്രപ്രവർത്തകനായ ജിജി പോൾ ചാലപ്പുറത്ത് താമസിക്കുന്ന ലോഡ്ജിൽ പ്രഭാതഭക്ഷണം മോഹിച്ച് രാത്രി അതിഥിയെന്ന് ഭാവിച്ച് പോകും . മോഹനൻ ചേട്ടനും അളിയനും നടത്തുന്ന ചെറിയ ഹോട്ടലിലെ ദോശയിലാണ് അഭയം . ദാരിദ്ര്യക്കാരെ അടുത്തറിയാൻ അവർക്ക് രണ്ടുപേർക്കും അനിതരസാധാരണമായ കഴിവുണ്ടായിരുന്നു . അളിയൻ മിക്കപ്പോഴും സാമ്പാർ ബക്കറ്റ് ഞങ്ങൾ ഇരിക്കുന്നിടത്ത് വെക്കും .
അതിലെ കഷ്ണങ്ങൾ കഴിച്ച്‌ വിശപ്പടക്കിക്കോട്ടേ എന്ന് കരുതിയിട്ടായിരുന്നു അത് . അതുപോലെ കുറേ മുഖങ്ങൾ ഉണ്ടിവിടെ ഓർക്കാൻ .
പുലർച്ചെ ഹോട്ടലുകളിൽ മീൻ മുളകിട്ടതും പുട്ടും ബീഫ് ഫ്രൈയും പൊറോട്ടയും കിട്ടുന്ന കോഴിക്കോട്ട് വിശന്നു നടക്കേണ്ടി വരുന്നത് ഏറ്റവും വലിയ ശിക്ഷയാണ് .

എനിക്ക് ചിരി വന്നില്ല. പറഞ്ഞത് തമാശ പോലെ ആണെങ്കിലും പൊള്ളുന്ന യാഥാർത്യമാണത് . ഞാനോർത്തു . എന്ത് വിത്യസ്തനാണീ മനുഷ്യൻ . ഒരു അവാർഡ് കിട്ടിയാൽ , അല്ലെങ്കിൽ ഏതെങ്കിലും വാരികയിൽ ഒരു സൃഷ്ടി അച്ചടിച്ച്‌ വന്നാൽ ഞാനാണ് വിശ്വസാഹിത്യത്തിന്‍റെ പുതിയ രാജാവ് എന്നഹങ്കരിക്കുന്നവരുടെ ഇടയിൽ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കി , അതിലെ വേദനയും നൊമ്പരവും മടി കൂടാതെ പങ്കുവെക്കുന്നു . തീഷ്ണമായ ഇത്തരം ജീവിതാനുഭവങ്ങളിൽ നിന്നാവണം കൂടുതൽ വായിക്കപ്പെടുന്ന എഴുതുകാരനിലേക്കുള്ള യാത്ര തുടങ്ങിയത് . കേവലം യാത്രാ വിവരണങ്ങൾ അല്ല മുസഫറിന്‍റെ രചനകൾ . കുറേ ജീവിത ദർശനങ്ങൾ കൂടിയാണത് . മരുഭൂമിയിൽ പോലും ആർദ്രത കാണാൻ ഇതുപോലൊരാൾക്കേ സാധിക്കൂ . മുസഫറിന്‍റെ യാത്രാവിവരണങ്ങൾ നമ്മളെ വായിക്കാൻ വിട്ടിട്ട് വഴിയിൽ ഉപേക്ഷിച്ച് പോരുന്നില്ല . കൂടെയല്ല മുന്നിൽ തന്നെ കഥാകാരൻ നടക്കുന്നുണ്ട് . എഴുതി അച്ചടിക്കുന്ന ഭാഷയ്ക്ക്‌ മേൽ എഴുത്തുകാരനുള്ള സ്വാധീനം . എഴുത്തിനെയും എഴുത്തുകാരനെയും ഒന്നിച്ച് അറിയുക എന്ന സംഗതി . വരികളെ അത്രക്കും അനുഭവവേദ്യമാക്കുന്ന ഒരാൾക്കേ അത് സാധ്യമാവൂ .

ചോദ്യം - യാത്രാ വിവരണ സാഹിത്യത്തിന് പുതിയൊരു ഭാഷയും ദിശയും നല്‍കിയ എഴുതുക്കാരനാണ് താങ്കള്‍ . ആസ്വാദന മേഖലയില്‍ ഇതിന്‍റെ ഗ്രാഫ് എവിടെ നില്‍ക്കുന്നു എന്നാണ് അഭിപ്രായം ? 

ഉത്തരം - യാത്രാ വിവരണ സാഹിത്യം താഴ്ന്ന സാഹിത്യ വിഭാഗമാണെന്ന തോന്നൽ വായനക്കാർക്കിടയിൽ ഉണ്ട് . കേരളത്തിൽ മാത്രമല്ല ലോകമെങ്ങും . അതിനാൽ സഞ്ചാര സാഹിത്യത്തിന്റെ ആസ്വാദന മേഖലയിലെ ഗ്രാഫ് എന്തായാലും ഫിക്ഷനും കവിതക്കുമൊക്കെ പിന്നിലായിരിക്കും . പക്ഷെ യാത്രാ വിവരണത്തിന് നിശ്ചയമായും വായനക്കാരുണ്ട് . "മരുഭൂമിയുടെ ആത്മകഥ " മൂന്നാം പതിപ്പിലെത്തി . വിപണിയുടെ രീതി വെച്ച് നോക്കുമ്പോൾ അത് വലിയൊരു കാര്യമായിരിക്കില്ല . പക്ഷെ ഞാനത് വായനക്കാർ നൽകിയ അംഗീകാരമായി കാണുന്നു .

ചോദ്യം - എസ് . കെ . പൊറ്റക്കാടിന് ശേഷം ഈ രംഗത്ത് അത്ര സംഭാവനകള്‍ ഇല്ലാതെ പോയിട്ടുണ്ടല്ലോ . സക്കറിയയും എം പി വീരേന്ദ്രകു മാറുമെല്ലാം ഒരു അപവാദം ആണെങ്കിലും ?

ഉത്തരം - രവീന്ദ്രൻറെ യാത്രകളാണ് എസ് . കെക്ക് ശേഷമുള്ള മലയാള സഞ്ചാര സാഹിത്യത്തിലെ പ്രധാന സംഗതി . അദ്ദേഹത്തിന്‍റെ എഴുത്തും യാത്രയും അത്രയേറെ മൗലികമാണ്. അദ്ദേഹത്തിന്‍റെ ഭാഷക്കൊന്നും മറ്റൊരു എഴുത്തുകാരനുമായി സമാനതകളില്ല . അത്രയേറെ മൗലികമാണത് .

ചോദ്യം - നിരൂപണ സാഹിത്യകാരന്മാര്‍ ഈ മേഖലയെ അവഗണിച്ചു എന്ന് തോന്നിയിട്ടുണ്ടോ ?


ഉത്തരം -. നിരൂപകന്മാർ സഞ്ചാര സാഹിത്യം സംബന്ധിച്ച് ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ല . അവഗണനയായല്ല , സഞ്ചാര സാഹിത്യത്തെ ഒരു സാഹിത്യ മേഖലയായിപ്പോലും നമ്മുടെ നിരൂപകർ കാണുന്നില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് .

ചോദ്യം - പ്രവാസി എഴുത്തുകാരൻ എന്ന ലേബലിംഗിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട ഒരാളാണ് താങ്കൾ . പ്രവാസി എഴുത്ത് പെണ്ണെഴുത്ത്‌ എന്നിങ്ങനെ വിഭജനം നടക്കുന്നത് എന്തുകൊണ്ടാവും ?

ഉത്തരം - സാഹിത്യത്തിലെ വിഭജനങ്ങൾ ചില പഠന സമ്പ്രദായങ്ങളുടെ ഭാഗമാണ് . അക്കാദമിക്കുകളും പത്രപ്രവർത്തകരും അവരുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഇത്തരം വിഭജനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് . ചില സന്ദർഭങ്ങളിൽ ഇത്തരം വിഭജനങ്ങൾ അത്തരക്കാർക്ക് ആവശ്യമായി വരും . പക്ഷെ അവർ നടപ്പിലാക്കിയ വിഭജനത്തിന്‍റെ ഭാരം പിൽക്കാല സാഹിത്യവും സാഹിത്യ പഠനങ്ങളും വഹിക്കേണ്ടി വരുന്നു എന്നത് നല്ല കാര്യമായി തോന്നിയിട്ടില്ല .

ചോദ്യം - സ്വന്തമായി ഒരു ശൈലിയുള്ള എഴുത്തുകാരനാണ്‌ താങ്കള്‍ . എന്നാലും സ്വാധീനിച്ച എഴുത്തുകാര്‍ ആരെങ്കിലും ഉണ്ടോ ?

ഉത്തരം - സ്വാധീനങ്ങൾ ചെറിയ പ്രായത്തിൽ ഉണ്ടായിട്ടുണ്ട് . പക്ഷെ ഞാൻ എഴുത്ത് ഗൌരവമായി എടുക്കുന്നത് 40 വയസ്സിലാണ് . അതായത് സൗദി ജീവിതമാണെന്നെ എഴുത്തിലേക്ക്‌ കൊണ്ടുവന്നത് എന്ന് പറയാം . അവിടുത്തെ മനുഷ്യരും പ്രകൃതിയുമാണ് എന്നെ സ്വാധീനിച്ചത് . 40 വയസ്സ് ഒരു നിലക്ക് നോക്കുമ്പോൾ മറ്റ് എഴുത്തുകാരുടെ സ്വാധീനങ്ങൾക്ക് വഴങ്ങാൻ പറ്റാത്ത വിധം പക്വതയുള്ള പ്രായമാണ് .

ചോദ്യം - യാത്രാ വിവരണത്തിലും കവിതകളിലും എല്ലാം ദൃശ്യമായോ അദൃശ്യമായോ വരുന്ന ഒരു ഫലസ്തീന്‍ ആഭിമുഖ്യം ഉണ്ട് . ഒരു ആദര്‍ശമായോ ഒരു വ്യക്തിയിലൂടെയോ അത് പറയാറും ഉണ്ട് . ബോധപൂര്‍വ്വമായ ഒരു ശ്രമം തന്നെയാണല്ലോ ഇത് .


ഉത്തരം - ഫലസ്തീൻ ആഭിമുഖ്യം വരാനുള്ള പ്രധാന കാരണം മഹ്മൂദ് ദർവിഷിന്‍റെ കവിതകളാണ് . എക്സൈൽ എന്ന് പറയുന്നതിന്‍റെ ശരിയായ അർത്ഥവും വികാരവും ഞാൻ മനസ്സിലാക്കുന്നത് ദർവിഷിന്‍റെ കവിതകളിൽ നിന്നും അദ്ദേഹത്തിന്‍റെ സ്മരണാ ലേഖനങ്ങളിൽ നിന്നുമാണ് . രാജ്യം , പൗരത്വം , അഭയാർഥി എന്നിങ്ങനെയുള്ള മനുഷ്യാവസ്ഥകളെ കുറിച്ച് അദ്ദേഹത്തിന്‍റെ രചനകൾ വായിച്ചിരുന്നില്ലെങ്കിൽ ഞാനൊരിക്കലും മനസ്സിലാക്കുമായിരുന്നില്ല . എന്‍റെ ഫലസ്തീൻ ആഭിമുഖ്യം അരിക് വൽക്കരിക്കപ്പെട്ട മനുഷ്യരോടുള്ള ആഭിമുഖ്യമായി വളർന്നതിന്‍റെ പിന്നിൽ ദർവിഷിന്‍റെ കവിതകളുടെ വായനയുണ്ട് . ഒരിക്കൽ ടെലഫോണിൽ വളരെക്കുറച്ച് നേരം ഞാൻ ദർവിഷുമായി സംസാരിച്ചിരുന്നു . ഫലസ്തീനിയുടെ ജീവിതത്തിൽ രണ്ട് സത്യങ്ങളാണ് , മരണവും വിപ്രവാസവും, ഉള്ളതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു .

ചോദ്യം - മരുഭൂമിയെ അടുത്തറിഞ്ഞ അല്ലെങ്കില്‍ അതൊരു മികച്ച റോ മെറ്റീരിയല്‍ ആക്കിയ ഒരാളാണ് താങ്കള്‍ . "മരുഭൂമിയുടെ ആത്മകഥ"എന്ന കൃതി അതിന്‍റെ മികച്ച ഉത്പന്നവും . ഇതിന്‍റെ രചനയിലേക്ക് എത്തിയതിനെ പറ്റി ?

ഉത്തരം - മരുഭൂമിയുടെ ആത്മകഥ എഴുതിയത് സൗദി അറേബ്യയിലെ എന്‍റെ ജീവിതം മൂലമാണ് . ഏതിടത്ത് ചെന്നാലും അവിടെയുള്ള പ്രകൃതി ശ്രദ്ധിക്കുക എന്നതിൽ ഞാൻ അതീവ തൽപരനാണ് . സൗദിയിൽ വന്നപ്പോൾ ചുറ്റും മരുഭൂമി . അതാണല്ലോ അവിടത്തെ പ്രകൃതി . അപ്പോൾ അതിനുള്ളിലൂടെ യാത്ര ചെയ്യണം എന്ന് തോന്നി . ചില സുഹൃത്തുക്കളും കൂടെ യാത്ര ചെയ്യാനുണ്ടായി . അങ്ങിനെ , മരുഭൂമിയിൽ വെള്ളമുണ്ടോ എന്ന് അന്യോഷിച്ച്‌ തുടങ്ങിയ 13 വർഷത്തെ യാത്രകളുടെ ഒരു ഘട്ടമാണ്‌ മരുഭൂമിയുടെ ആത്മകഥ പ്രതിനിധീകരിക്കുന്നത് . അതിന്‍റെ രണ്ടാം ഘട്ടമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒന്നര വർഷമായി തുടരുന്ന പ്രതിമാസ പംക്തി മരുമരങ്ങൾ .

ചോദ്യം - ബെന്യാമിന്‍റെ ആടുജീവിതം കാണിക്കുന്നത് മരുഭൂമിയുടെ പരുക്കന്‍ യാഥാര്‍ത്യങ്ങളെയാണ് . അതേ സമയം മരുഭൂമിയുടെ ആത്മകഥയിലേക്ക് വരുമ്പോള്‍ അതിന്‍റെ ആര്‍ദ്രഭാവവും മറ്റു തലങ്ങളും മാറിമാറി വരുന്നു. ഒരു കൂട്ടിവായന സാധ്യമാണോ ?


ഉത്തരം - എസ് . കെ . പൊറ്റക്കാട് വരണ്ട വിജനത എന്നാണ് മരുഭൂമിയെ വിശേഷിപ്പിച്ചത്‌ . അദ്ദേഹം സഹാറ മരുഭൂമി കണ്ടതിനെകുറിച്ചാണ് അങ്ങിനെ പറഞ്ഞത് . മുഹമ്മദ്‌ അസദ് അവതരിപ്പിക്കുന്ന മരുഭൂമി മറ്റൊന്നാണ് . തെസീഗറുടെ മരുഭൂമി മറ്റൊന്നാണ് . ഓരോ ആളും ഒരേ മരുഭൂമിയെ വ്യത്യസ്തമായി അനുഭവിക്കുകയാണ് . എന്നെ സംബന്ധിച്ച് , കേരളത്തിൽ നിന്നും പോയ ഒരാളെന്ന നിലക്ക് , പച്ചയാണ് ജൈവികതയുടെ ജീവന്‍റെ ഒക്കെ അടയാളമായി വരുന്നത് . എന്നാൽ മരുഭൂമി എന്ന ബ്രൌണ്‍ലാൻറ് സ്കേപ്പിൽ ഞാൻ ജീവന്‍റെ തുടിപ്പുകൾ കണ്ടു . വളരെ ചെറിയ
അളവിലാണെങ്കിലും വെള്ളം കണ്ടു . അതെന്‍റെ അക്കാലം വരെയുള്ള പല സങ്കൽപ്പങ്ങളേയും അട്ടിമറിച്ചു . അതുകൊണ്ട് ഞാൻ മരുഭൂമിയെ കുറിച്ചെഴുതുമ്പോൾ പരുക്കൻ അനുഭവങ്ങൾ മാത്രമല്ല , മൃദുലമായ സംഗതികളും കടന്നുവരും . അണിവയറുകളുള്ള മരങ്ങളെ ഞാൻ കണ്ടതും തൊട്ടതും മരുഭൂമിയിൽ വെച്ചാണ് . കൂട്ടത്തോടെ പറന്നുപോകുകയും മണലിൽ കൂട് വെച്ച് പാർക്കുകയും ചെയ്യുന്ന കിളികളെ കണ്ടതും അവിടെവെച്ച് തന്നെ . ദീർഘകാലം മഴ പെയ്യാത്ത മരുഭൂമിയിൽ പെയ്ത മഴയെ മരുഭൂമി ആർത്തിയോടെ വലിച്ചു കുടിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് . ജീവിതത്തിന്‍റെ വറൈറ്റി എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് മരുഭൂമിയിൽ വെച്ചാണ് . അതിനാൽ എന്‍റെ എഴുത്തിലും ആ അനുഭവങ്ങൾ കടന്നു വരിക സ്വാഭാവികമാണ് .

ചോദ്യം - മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലേക്കെത്തുമ്പോള്‍ കുറച്ചൂടെ വിശാലമായ ക്യാന്‍വാസ് കാണാം . വെറും യാത്രയല്ലത് . പ്രകൃതിയും മനുഷ്യരെയും സകല ജീവജാലങ്ങളെയും അനുകമ്പയോടെ നോക്കി കാണുന്ന ഒരു ജീവിത ദര്‍ശനം ഉണ്ടതില്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ " എന്ന അദ്ധ്യായമൊക്കെ പ്രവാസികളുടെ മാനസിക വ്യാപാരത്തിലേക്ക് തുറന്നു പിടിച്ച കണ്ണാടി പോലെയാണ് തോന്നിയിട്ടുള്ളത് . ആ രചനക്ക് പിന്നിലെ അനുഭവങ്ങള്‍ ?

ഉത്തരം - എന്‍റെ ജീവിതത്തിൽ ഞാൻ കടന്നു പോന്ന എല്ലാ കാലത്തെയും കുറിച്ചുള്ള ഓർമ്മകളുടെ പുസ്തകമാണത്‌ . എന്നെ പൂർണ്ണമായും കോരി ഒഴിക്കാനാണ് "മയിലുകൾ സവാരികിറങ്ങിയ ചെരിവിലൂടെ " ശ്രമിച്ചിട്ടുള്ളത് . അതിനെ വിധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് വായനക്കാരാണ് . ചില വായനക്കാർ മരുഭൂമിയുടെ ആത്മകഥയേക്കാൾ നല്ലത് ഈ പുസ്തകമാണ് എന്ന് പറഞ്ഞു . വീടുവിട്ടവരുടെ
ഓർമ്മപ്പുസ്തകമാണ് ഇതെന്ന് പി . ജെ . ജി . ആൻറണി അദ്ദേഹത്തിന്‍റെ മാതൃഭൂമി ലേഖനത്തിൽ വിശേഷിപ്പിച്ചു . വറ്റ് മുളപ്പിച്ചവർ എന്ന പ്രയോഗത്തെക്കുറിച്ചും ആ ലേഖനത്തെക്കുറിച്ചുമെല്ലാം വായനാക്കാർ പല തലങ്ങളിൽ നിന്ന് പ്രതികരിക്കുകയുണ്ടായി . അതിലെനിക്ക്
സന്തോഷമുണ്ട് .

ചോദ്യം - ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളരെ സജീവമായ ഇടപെടലുകളാണ് വായനാ ലോകത്ത് വരുത്തുന്നത് . മുഖ്യധാരയില്‍ നിന്ന് ചുള്ളിക്കാടും സുഷ്മേഷ് ചന്ദ്രോത്തും എൻ . പ്രഭാകരനും എല്ലാം ബ്ലോഗിലും സജീവമാണ് . എങ്ങിനെ നോക്കി കാണുന്നു . ?

ഉത്തരം - ഓണ്‍ലൈൻ മാദ്ധ്യമങ്ങളെ ഇനി ആർക്കും അവഗണിക്കാൻ പറ്റില്ല . മനുഷ്യന്റെ ആവിഷ്കാരങ്ങൾ ഒരു നാൾ ഓണ്‍ലൈനിലായിരിക്കാം കൂടുതൽ ആളുകളെ ആകർഷിക്കാൻ പോകുന്നത്

ചോദ്യം - സൈബര്‍ സ്പേസിലും മുസഫറിന്‍റെ രചനകള്‍ സജീവ ചര്‍ച്ചയാണ് . മരുഭൂമിയുടെ ആത്മകഥക്ക് തന്നെ നാലോളം ആസ്വാദന കുറിപ്പുകള്‍ ബ്ലോഗില്‍ തന്നെ വന്നിട്ടുണ്ട് . എന്നിരുന്നാലും മുഖ്യധാരയും ഓണ്‍ലൈനും തമ്മില്‍ പ്രകടമായ ഒരകല്‍ച്ചയുണ്ട് . എന്തുകൊണ്ടാവും ഇങ്ങിനെ ?

ഉത്തരം - ഗുട്ടൻബർഗ് അച്ചടി കണ്ടുപിടിച്ചപ്പോൾ കുറച്ചു കാലത്തേക്ക് ഒരു പകപ്പുണ്ടായിരുന്നു . താളിയോലയും മറ്റും എഴുതുന്നവർക്ക് സ്വാഭാവികമായും പകപ്പ് തോന്നി . സൈബർ സ്പേസും അച്ചടി മേഖലയും തമ്മിൽ ഇതുപോലുള്ള പകപ്പല്ല ഉള്ളത് . അവ തമ്മിൽ അകൽച്ച പോലും കുറച്ചു കാലം മാത്രമാണ് ഉണ്ടായത് . പിന്നീട് അച്ചടിക്കുന്നത് തന്നെ സൈബർ സ്പേസിലും ലഭ്യമാക്കാൻ എല്ലാവരും ശ്രമിക്കുന്ന കാഴ്ചക്കാണ് നമ്മളിന്ന് സാക്ഷികളാകുന്നത് .

ചോദ്യം - എങ്ങിനെയുള്ള യാത്രകളാണ് കൂടുതൽ ഇഷ്ടപ്പെടുന്നതും സന്തോഷം നൽകുന്നതും ?

ഉത്തരം - ഭൂപ്രകൃതിയും മനുഷ്യപ്രക്രുതിയും ധാരാളമായി കടന്നുവരുന്ന യാത്രകൾ . ഇതുവരെയുള്ള ധാരണകൾ അട്ടിമറിക്കപ്പെടുന്ന യാത്രകൾ . സ്വാതന്ത്ര്യത്തോടെയുള്ള യാത്രകൾ . അറേബ്യയിലെ മരുഭൂമി യാത്രക്ക് ശേഷം ഈ അടുത്ത് ആൻഡമാൻ ദ്വീപുകളിലൂടെ യാത്ര ചെയ്യുമ്പോൾ ഞാനാഗ്രഹിക്കാറുള്ള തരത്തിലുള്ള നിരവധി അനുഭവങ്ങളുണ്ടായി .

ചോദ്യം - പുതിയ രചനകൾ ?

ഉത്തരം - പ്രവാസം കേന്ദ്രീകരിച്ചുള്ള ഒരു പുസ്തകം . " എണ്ണക്കിണറെടുത്ത കണ്ണ് " ഇറങ്ങാനിരിക്കുന്നു . കുട്ടികൾക്ക് വേണ്ടി മലയാള കാവ്യ മേഖലയിൽ വലിയ സംഭാവനകൾ നൽകിയ അർണോസ് പാതിരിയെ കുറിച്ച് ഒരു പുസ്തകം എഴുതി . അതും അച്ചടിയിലാണ് .
ഒരു നോവൽ എഴുതാനുള്ള ശ്രമമുണ്ട് , വിജയിക്കുമോ എന്നുറപ്പില്ല .
                                                        -ooo-

ഞങ്ങൾ സംസാരിച്ച് നിർത്തി . ചോദിച്ച ചോദ്യങ്ങൾക്കും അപ്പുറമാണ് മുസഫറിന് പറയാനുള്ളത് . അദ്ദേഹം തന്നെ പറഞ്ഞ പോലെ "എന്നെ തന്നെ കോരി ഒഴിക്കുന്ന " അനുഭവങ്ങൾ ഇനിയും അക്ഷരങ്ങളിലൂടെ നമ്മെ തേടിയെത്തും എന്നുറപ്പ് . ഈ ചോദ്യങ്ങളേക്കാൾ ഞാനിഷ്ടപ്പെട്ടത് ഔപചാരികത ഒട്ടും ഇല്ലാതെ എനിക്ക് മുന്നിൽ തുറന്ന അനുഭവങ്ങളുടെ കലവറയാണ് . എന്‍റെ ചെറിയ ലോകത്തിലെ വലിയ സന്തോഷം . കോഫീ ഹൗസിലെ ശാന്തതക്ക് വിടപറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി . പെയ്യുമെന്ന് മോഹിപ്പിച്ച മഴമേഘങ്ങൾ എവിടെയോ പോയിമറഞ്ഞു . സൂര്യനെ അറബികടൽ തിരകൾക്കിടയിൽ ഒളിപ്പിച്ചു കഴിഞ്ഞു . വീണ്ടും പഴയ ഓർമ്മകളെ തിരിച്ചു വിളിക്കാനെന്നോണം മുസഫർ അഹമ്മദ് നഗരത്തിന്‍റെ തിരക്കുകളിലേക്ക് നടന്നു കയറി . പുതിയ അനുഭവങ്ങൾ തേടിയുള്ള ഒരു യാത്രയുടെ തുടക്കമാവാം അത് .
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ .

പാളയത്തെ നിരത്തുകളിൽ വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട് . നിലാവും പതുക്കെ എത്തിനോക്കുന്നുണ്ട് . ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്നും ഒരു ഗസൽ നിരത്തിലേക്ക് ഒഴുകിയിറങ്ങി .
"യേ പാഗല്‍ ദില്‍ മേരാ ഭുജ് ഗയാ അവാര്ഗി
ഇസ് ദഷ്‌ത് മേ ഏക്‌ ഷഹര്‍ ഥാ വോ ക്യാ ഹുവാ അവാര്ഗി"

എന്‍റെ ഈ ഉണ്മാദിയായ ഹൃദയം കെട്ടണഞ്ഞു

ഈ മരുഭൂമിയില്‍ ഒരു നഗരമുണ്ടായിരുന്നല്ലോ അതിനെന്തു പറ്റി.


(മഴവില്ലിന്‍റെ വിഷു പതിപ്പിൽ പ്രസിദ്ധീകരിച്ചത്)


Tuesday, February 19, 2013

അമ്മമനസ്സ്ഒരു പ്രിയ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു .
"കഞ്ഞിയും മാങ്ങയച്ചാറും "
ഇതും പറഞ്ഞാണ് അവര്‍ സംസാരം തുടങ്ങിയത് തന്നെ . ഉടനെ ഞാന്‍ പറഞ്ഞു " സ്നേഹത്തിന്‍റെ ഭക്ഷണമാണത് " .
കഞ്ഞി ഒരിക്കലും എനിക്കൊരു ഇഷ്ടഭക്ഷണം ആയിരുന്നില്ല. പിന്നെങ്ങിനെ അതിനെ സ്നേഹം എന്ന് വിളിക്കാന്‍ പറ്റും.
ഗൃഹാതുരത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നൊരു ഓര്‍മ്മയാണത് . കുഞ്ഞു നാളുകളിലൊക്കെ അസുഖം പിടിക്കുമ്പോള്‍ ഉമ്മ ഉണ്ടാക്കി തരുന്ന പൊടിയരിക്കഞ്ഞി. സ്നേഹത്തിന്‍റെ പാചക കൂട്ടാണത് . ഉപ്പിന് പകരം അമ്മയുടെ കണ്ണീരാണോ ചേര്‍ത്തത് എന്ന് തോന്നിപോകില്ലേ ചിലസമയത്ത് .
വേണ്ടെന്ന് പറയുമ്പോഴും വാത്സല്യത്തില്‍ മുക്കി ഒരു കവിള്‍ കൂടി തരുമ്പോള്‍ അമ്മിഞ്ഞ പാലിന്‍റെ രുചിയായിരിക്കും അതിന് . ഇന്നും അങ്ങിനെ ഒരവസ്ഥ വന്നാല്‍ ഉമ്മ തന്നെ കഞ്ഞി ഉണ്ടാക്കി തരണമെന്ന് ഞാന്‍ വാശിപിടിക്കാറുണ്ട് . ആ സ്നേഹത്തേക്കാള്‍ നല്ലൊരു മരുന്നില്ലെന്ന തിരിച്ചറിവ് മാത്രമല്ലത് .

അമ്മ , സ്നേഹം എന്നീ രണ്ട് ഘടകങ്ങളെ ചേര്‍ത്തൊരു കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ ചില യാഥാര്‍ത്യ ചിത്രങ്ങള്‍ പകര്‍ത്താനാണ് എനിക്കിഷ്ടം. നാട്ടില്‍ സ്ഥിരമായി ബസാറിലേക്ക് പോകുമ്പോള്‍ കാണുന്നൊരു കാഴ്ച്ചയുണ്ട് . മദ്രസ്സയുടെയും സ്കൂളിന്‍റെയും ഇടവേളകളില്‍ തന്‍റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ഒരമ്മ . എനിക്കറിയാം അവരെ. വളരെ ദൂരെ നിന്നാണ് അവര്‍ നടന്ന് വരുന്നത് . ഒട്ടും ആകര്‍ഷകമല്ല അവരുടെ മുഖം. പക്ഷെ ആ പെണ്‍കുട്ടി കുസൃതിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ ആ അമ്മയുടെ മുഖത്ത് കാണുന്നൊരു സന്തോഷമുണ്ട്. ആ സമയത്ത് ഒരു മാലാഖയുടെ മുഖമാണ് ആ അമ്മക്ക് . സ്നേഹമാണ് സൗന്ദര്യമെങ്കില്‍ ആ സമയം ലോകത്തിലെ ഏറ്റവും വലിയ സുന്ദരി അവരായിരിക്കണം. എന്തോ എന്‍റെ ദിവസങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകളിലൊന്നായി തോന്നാറുണ്ട് ഇത്.

കവി പവിത്രന്‍ തീക്കുനി എഴുതിയ ഒരു അനുഭവകുറിപ്പ് ഓര്‍മ്മ വരുന്നു. ജീവിതം ചോദ്യചിഹ്നമായപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു . അദ്ദേഹവും ഭാര്യയും മകളും റെയില്‍വേ ട്രാക്കില്‍ കുറുകെ കിടക്കുകയാണ് . അകലെ മരണത്തിന്‍റെ ചൂളം വിളി കേള്‍ക്കുന്നു. ഉരുക്ക് പാളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മരണവും പാഞ്ഞടുക്കുകയാണ് . അപ്പോഴാണ്‌ മകള്‍ പറയുന്നത് " അമ്മേ വെള്ളം കുടിക്കണം " എന്ന്. നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തെ പുല്‍കാം . പക്ഷെ ദാഹിക്കുന്ന ആ കുഞ്ഞിന്‍റെ കരച്ചില്‍ അവഗണിക്കാന്‍ അവര്‍ക്ക് പറ്റുമായിരുന്നില്ല . കുഞ്ഞിനേയും എടുത്ത് തിരിഞ്ഞോടിയത് ജീവിതത്തിലേക്കായിരുന്നു. മകളുടെ ദാഹം അറിഞ്ഞ സ്നേഹത്തിന്‍റെ മനസ്സിന് ആ മകള്‍ തിരിച്ചു നല്‍കിയത് അവരുടെ ജീവിതമാണ്. ഇത് വായിച്ചപ്പോള്‍.... ഏത് നിരീശ്വരവാദിപോലും ദൈവത്തെ ഓര്‍ത്തുപോയിരിക്കും . മാധ്യമം വാരികയില്‍ ആണെന്ന് തോന്നുന്നു ഈ അനുഭവം വായിച്ചത് . വാരിക ഏതായാലും അതിന്‍റെ പേജുകള്‍ എന്‍റെ കണ്ണുനീര്‍ വീണ് നനഞ്ഞിരുന്നു എന്നുറപ്പ്.

മറ്റൊരു ഓര്‍മ്മകുറിപ്പ് കൂടി ഓര്‍മ്മയില്‍ വരുന്നു. അതാര് എഴുതിയത് എന്നോര്‍ക്കാനെ പറ്റുന്നില്ല. പക്ഷെ ആ അമ്മ എന്‍റെ മനസ്സില്‍ വല്ലാതെ പതിഞ്ഞു കിടക്കുന്നുണ്ട്. സ്കൂളില്‍ ഫീസ്‌ അടക്കാതെ പുറത്താക്കുന്നതിന്‍റെ അന്ന് ക്ലാസിന്‍റെ ജനലിലൂടെ അമ്മയുടെ മുഖം കാണാം. പാടത്തെ ചേറും ചെളിയും പുരണ്ട് ചുരുട്ടി പിടിച്ച നോട്ടുകള്‍ കയ്യിലും. അപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്‍റെ അമ്മക്ക് എന്ന്‌ അനുസ്മരിച്ച ആ സ്നേഹമുള്ള മകന്‍ ആരായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലല്ലോ.


ഇനി നമ്മള്‍ തിരിച്ചു നല്‍കുന്നതോ..? തിരസ്കരിക്കപ്പെടുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുന്നു എന്ന് വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത കാലത്ത് ഒരു വൃദ്ധസദനത്തില്‍ നടന്ന ടി.വി ഷോ ഓര്‍മ്മ വരുന്നു. എല്ലാവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍. .. പക്ഷെ അതിലൊരാള്‍ പോലും സ്വന്തം മക്കളെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല എന്നത്. ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ.."ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം, ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്‍പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്‍റെ പൂമുഖത്ത്‌ ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. " തൊണ്ണൂറ്റി നാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. " നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്‍റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത്‌ ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.

ഇനിയുമുണ്ടിവിടെ അശരണരുടെ രോദനം. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത്‌ സ്വയം മാറി കൊടുത്തവര്‍ . ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്..? സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട ‍, മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്. മാതൃത്വത്തിന്‍റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി , അതിവിടെ തന്നെ അനുഭവിച്ചു തീരണേ എന്നൊരു പ്രാര്‍ത്ഥന കൂടിയുണ്ട് .

(സാന്ദര്‍ഭികമായി പഴയൊരു പോസ്റ്റിന്‍റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)
(ചിത്രം ഗൂഗിളില്‍ നിന്നും )

Saturday, February 9, 2013

മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ


വായിച്ചു മടുത്ത ആഖ്യാനരീതികളില്‍ നിന്നും പുതിയ ശൈലിയും ആസ്വാദനവും തേടുന്ന യാത്രകളാണ് ഓരോ വായനയും . ആ യാത്രയില്‍ കാണുന്ന വ്യത്യസ്തമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എഴുത്തുകാര്‍ നമുക്ക് പ്രിയപ്പെട്ടവരാകുന്നു. അതുപോലൊരു അന്വേഷണത്തിലാണ് മുസഫര്‍ അഹമ്മദ് എന്ന എഴുത്തുകാരനിലേക്ക് എത്തിപ്പെടുന്നതും. കേവലം മണല്‍ക്കാട് എന്നൊരു ആത്മഗതത്തോടെ നമ്മള്‍ നോക്കികാണുന്ന മരുഭൂമിയെ , ആ മണല്‍ കാടിന്‍റെ ചരിത്രത്തില്‍ അക്ഷരഖനനം നടത്തി, അതിനെ സംസ്കരിച്ച് ഹൃദ്യമായൊരു വായന ഒരുക്കിയ എഴുത്തുകാരനാണ് മുസഫര്‍. . അതുവരേയുള്ള വായനാ അഭിരുചികളെ മാറ്റി മറിച്ചൊരു രചനാ തന്ത്രമായിരുന്നു " മരുഭൂമിയുടെ ആത്മകഥ " എന്ന കൃതി. ഇതില്‍ നിന്നും "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന പുതിയ പുസ്തകത്തിലേക്ക് എത്തുമ്പോള്‍ ഒരു മയൂരനടനം ആസ്വദിക്കുന്ന സുഖം വായനയില്‍ ലഭിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നു.

"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന കൃതിയും തുടങ്ങുന്നത് ഒരു യാത്രയിലാണ്. പക്ഷെ ആ യാത്രക്കൊരു വൈകാരിക തലമുണ്ട്‌. . മലബാര്‍ കലാപനാളുകളില്‍ ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട വല്യുപ്പ. ഉപ്പയും വല്യുമ്മയും കഥകള്‍ പറഞ്ഞ് മനസ്സില്‍ നിറഞ്ഞ മുഖം. തട്ടിന്‍പുറത്ത് നിന്നും കിട്ടിയ ഡയറിയില്‍ കുറിച്ചിട്ട അക്ഷരങ്ങളുടെ വളവിലൂടെ അദ്ധേഹത്തെ കാണുകയായിരുന്നു. തടവുകാരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്ന പതിവ് ബ്രിട്ടീഷ് ജയിലുകളില്‍ ഉണ്ട് എന്ന കേട്ടറിവ് വെച്ച് , വല്യുപ്പയുടെ ഫോട്ടോയും കാണും എന്ന പ്രതീക്ഷയില്‍ ബെല്ലാരിയിലേക്ക് പുറപ്പെടുന്ന ആ ചെറുബാല്യക്കാരനില്‍ തുടങ്ങുന്നു ആദ്യ അദ്ധ്യായം. പിന്നെ പെരിന്തല്‍മണ്ണയെന്ന സ്വന്തം ഭൂമികയുടെ ചരിത്ര ഗതിയിലൂടെ കടന്ന് പല സംസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നുണ്ട് . മദ്യ നിരോധനമുള്ള ഗുജറാത്തില്‍ കുറ്റികാടുകള്‍ക്കുള്ളില്‍ കുപ്പികള്‍ കൈമാറുന്ന വിരലുകള്‍, ദളിതനും ഉന്നത ജാതികാരനും മീനുകള്‍ വലുപ്പം നോക്കി വേര്‍തിരിക്കുന്ന വര്‍ണ്ണവെറി മാറാത്ത തെരുവുകളില്‍ , മുഖം നോക്കി നാട് തിരിച്ചറിഞ്ഞ് അവരുടെ ഭാഷയില്‍ ക്ഷണിക്കുന്ന ചുവന്ന തെരുവുകളില്‍ ,കുടിവെള്ളം കിട്ടാതെ ഗ്രാമീണര്‍ ഒഴിഞ്ഞുപോയ തമിഴ് ഗ്രാമങ്ങളില്‍ , കടും ചായയില്‍ മുലപ്പാല്‍ ഒഴിച്ചാല്‍ പാല്‍ ചായ ആകില്ലേ എന്ന് സന്ദേഹിക്കുന്ന ഒരു സ്ത്രീ, അങ്ങിനെ ചെയ്തപ്പോള്‍ ചായ പിരിഞ്ഞുപോയി . സ്നേഹം പിരിഞ്ഞു പോകുന്ന ആ കാഴ്ച കണ്ട ഗലികളില്‍ എല്ലാം മുസഫര്‍ എന്ന എഴുത്തുക്കാരന്‍റെ കണ്ണുകള്‍ ചെന്നെത്തുന്നു. അങ്ങിനെ സമ്പന്നമായ യാത്രാ സ്കെച്ചുകളുടെ മനോഹര വര്‍ണ്ണന കൊണ്ട് "ബെല്ലാരി മാമാങ്കം കുടിയേറ്റം " എന്ന ആദ്യത്തെ ആധ്യായം തന്നെ തുടര്‍വായനയിലേക്ക് നമ്മെ ആനയിക്കപ്പെടുന്നു.

സുഭാഷ്‌ ചന്ദ്രന്‍ ഒരിക്കല്‍ എഴുതിയിരുന്നു. " ആദ്യമായി എത്തുന്ന ഏത് അപരിചിതരെ പോലും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട് "എന്ന് . സാഹിത്യലോകം മാത്രം എടുത്താല്‍ ആ ഊഷ്മളത സ്വീകരിച്ച് കോഴിക്കോടിനെ ഒരു വികാരവും വിചാരവും ആയി കണ്ട് ഇവിടത്തെ അന്തരീക്ഷത്തിന്‍റെ ഭാഗമായവര്‍ കുറേയുണ്ട്. പലരും ആ സ്നേഹത്തെ പറ്റി വാചാലരാവാറുമുണ്ട്. പത്ര പ്രവര്‍ത്തനകാലത്ത്‌ കോഴിക്കോട് നല്‍കിയ അനുഭവം ഒരു പ്രത്യേക താളത്തോടെ പറയുന്നു രണ്ടാമത്തെ അധ്യായത്തില്‍. .. ഇതില്‍ സ്നേഹമുണ്ട്,
ദുഃഖവും സന്തോഷവുമുണ്ട്, നഗരത്തിന്‍റെ മാത്രം പ്രത്യേകതയായ മെഹ്ഫില്‍ രാവുകളുടെ മാധുരിയുണ്ട്, സക്കീര്‍ ഹുസ്സൈനും ബിസ്മില്ലാ ഖാനും ബാബുരാജും പാടുന്നതിന്‍റെ ഈണം വലയം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഒരു നഗരത്തിന്‍റെ ആത്മാവ് തന്നെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിലൂടെ പറഞ്ഞുപോകുന്നു ഈ അധ്യായത്തില്‍. .. അതിന് ഒരു ഗസല്‍ കേള്‍ക്കുന്ന ഇമ്പം തോന്നുന്നത് പറയുന്നത് കോഴിക്കോടിനെ പറ്റി എന്നതുകൊണ്ട്‌ തന്നെയാവണം.

"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്നത് നാലാമത്തെ അധ്യായമാണ്. ഏറ്റവും മനോഹരമായ ഒന്നും ഇതുതന്നെ. വീടിന് അടുത്തുള്ള "കാട് " എന്ന് തന്നെ വിളിക്കുന്ന പ്രദേശം. അതിലൂടെ ഇറങ്ങി വരുന്ന മയിലുകള്‍ . കാര്‍മേഘങ്ങള്‍ക്കൊപ്പം അവര്‍ നൃത്തം ചെയ്യുന്നു. പെട്ടന്നു ഇടിയും മഴയും പെയ്തു. മയിലുകള്‍ക്ക് ചുറ്റും കൂണുകള്‍ മുളച്ചു പൊങ്ങി. മയിലുകളും ളും കൂണുകളും തീര്‍ത്ത സിംഫണി എന്ന് എഴുത്തുകാരന്‍ പറയുമ്പോള്‍ നമ്മള്‍ വായിക്കുകയല്ല കാണുകയാണ് ചെയ്യുന്നത്. പിന്നെ സൈലന്റ് വാലിയിലെ ദിവസങ്ങള്‍. .. നാല് ദിവസം എടുത്ത് പൂര്‍ണ്ണമരണം ഏറ്റുവാങ്ങിയ ഒരു കിളിയെ പറ്റി പറയുന്നുണ്ട് . "ആകാശത്തേക്കു നോക്കി മലര്‍ന്നുകിടന്ന് അതല്പം വെളിച്ചം കുടിക്കും. പിന്നീട് വെളിച്ചം സഹിക്കാനാകാതെ കമിഴ്ന്നുകിടക്കും. ദിവസവും അതു കിടക്കുന്ന സ്ഥലത്തു പോയി നോക്കും. അത് സമ്പൂര്‍ണമരണത്തിലേക്കടുക്കുമ്പോള്‍ അതിന്‍റെ ചുണ്ടിലേക്ക് കുറച്ചുവെള്ളം ഇറ്റിക്കാന്‍ കഴിഞ്ഞു. കണ്ണുകള്‍ അടഞ്ഞു". ഇവിടെ എന്‍റെ വായനയും മുറിഞ്ഞു. ഓരോ വേര്‍പാടും വേദനയാണ്. അത് ഇതു ജീവി ആയാലും. ഇതെഴുതുമ്പോള്‍ കേരള . കര്‍ണ്ണാടക ഹൈവേയില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. വാഹനം കയറി ചതഞ്ഞുപോയ മാനിന്‍റെയും കുരങ്ങിന്‍റെയും പാമ്പുകളുടെയും ചിത്രത്തിന് മീതേ ഇങ്ങിനെ കാണാം. " They also have a family waiting for" എന്ന് . മനസ്സില്‍ തട്ടും ഈ വാക്കുകള്‍.., ഈ പക്ഷിക്കും കാണുമായിരിക്കില്ലേ പ്രിയപ്പെട്ടവര്‍ ആരെങ്കിലും.
വായനയിലേക്ക് തിരിച്ചു വരാം. അനുഭവങ്ങളുടെ ഖനിയാണ് സൈലന്റ് വാലി കാടുകള്‍. .. ആനയും കരടിയും കടുവയും മുന്നില്‍ വന്നുപ്പെട്ട അനുഭവങ്ങള്‍ ഇവിടെ വായിക്കാം ആകാശത്തെ പാടെ മറച്ചു നീങ്ങുന്ന പറവക്കൂട്ടം . സ്വര്‍ണ്ണ നിറമുള്ള പുഴുക്കള്‍ അങ്ങിനെ അനുഭവങ്ങളുടെ അസാധ്യമായ പകര്‍ത്താട്ടമായി വായനയെ ധന്യമാക്കും ഈ അദ്ധ്യായം. കാടിനടുത്ത് താമസമാക്കിയ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ പരിചിതമായ ഒരു കൊക്കലിന്‍റെ ശബ്ദം കേള്‍ക്കുന്നു. നോക്കുമ്പോള്‍ വീണ്ടും ചെരിവുകള്‍ ഇറങ്ങി മയിലുകള്‍ വരുന്നു. ഈ അവസാന വരികളോടെ അതേ ശബ്ദം കേട്ടുണരുന്ന ബാല്യത്തിലേക്ക് വീണ്ടുമെത്തുന്നു. നല്ലൊരു അധ്യായത്തിന് മനോഹരമായ ക്ലൈമാക്സ്.

"രാജ്യം നഷ്ടപ്പെടുന്നവരുടെ മുഖങ്ങള്‍ " എന്ന ഭാഗം തിരസ്കരിക്കപ്പെട്ടവരെ കുറിച്ചാണ് . നഷ്ടപ്പെടലിന്‍റെ ദുഃഖം പേറുന്നവര്‍. അവിടെ യാസര്‍
അറഫാത്തും ദലൈലാമയും ഒരുപോലെ ആകുന്നു. ഒരു ഫലസ്ഥീനി തന്നെ പറയുന്നത് പോലെ ഇവര്‍ രണ്ടു പേരുടെയും മുഖങ്ങള്‍ക്ക് പോലും സാദൃശ്യം ഉണ്ടത്രേ. രണ്ടുപേരുടെയും മുഖത്തെ ചുളിവുകളില്‍ പോലും സാമ്യം കാണാം. പ്രതീക്ഷയില്ലായ്മയുടെ അടയാളമാണത്രേ അത്. തിബത്ത് കാരുടെ അതിജീവനത്തിന്‍റെ , സഹനത്തിന്‍റെ കുടിയേറ്റത്തിന്‍റെ കഥകള്‍ ഭംഗിയിലും ആധികാരികമായും പറയുന്നു ഈ ഭാഗത്തില്‍. . ഉഗാണ്ടയില്‍ നിന്നും പാലായനം ചെയ്ത് സൌദിയില്‍ അഭയം തേടിയ ഈദി അമീന്‍ എന്ന ഏകാധിപതി . അയാളുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും വായിക്കാന്‍ പറ്റുന്നത് എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ പറ്റും എന്ന പ്രതീക്ഷയാണത്രേ . ഇങ്ങിനെ സ്വയം പിന്‍വാങ്ങിയവരും പറിച്ചു മാറ്റപ്പെട്ടവരുമായി കുറെ ആളുകള്‍. . അവരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒന്നായി ആ ഭാഗവും മികച്ചു നില്‍ക്കുന്നു.

പ്രവാസികള്‍ . നാട്ടില്‍ വിരുന്നുകാരാവുന്നവരുടെ നൊമ്പരങ്ങള്‍.. .. വഴി മുടക്കപ്പെട്ട ജീവിതങ്ങള്‍, പ്രയാസങ്ങള്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ എന്നാ അവസാനത്തെ അദ്ധ്യായം വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ് ബാക്കിയാവും. എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നവരെ ചിത്രകാരന്മാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്ന് മറ്റൊരു മൈക്കല്‍ ആഞ്ചലൊയെ വരക്കമായിരുന്നു എന്ന് പറയുന്നത് എത്ര സത്യമാണ്. അവസാന വരികളില്‍ ഈ അധ്യായത്തിന്‍റെ ആത്മസത്ത മുഴുവനുണ്ട്‌....... ,
"എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞു. വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി.
എയര്‍ ഹോസ്റ്റസ് അനൌണ്‍സ് ചെയ്തു .
ഹം ജിദ്ദ ജായേംഗെ .
റണ്‍ വേ നനഞ്ഞു കിടന്നു . ആ നനവിലേക്ക് ഒരുപിടി വിത്തെറിയാന്‍ മോഹിച്ചു".

ഒരു പെരുമഴ ചോര്‍ന്നു. ഒരു കുത്തൊഴുക്ക് പോലെ വായിച്ചു തീര്‍ത്തു "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന യാത്രാ വിവരണം. ഒന്നെനിക്ക് പറഞ്ഞേ പറ്റൂ. ഒരു പക്ഷെ ഈ പറഞ്ഞതൊന്നും ആ പുസ്തകം നല്‍കിയ അനുഭൂതിയോട്‌ നീതി പുലര്‍ത്തുന്ന വരികള്‍ ആവില്ല. അങ്ങിനെ ആവണമെങ്കില്‍ അത് അതുപോലെ പകര്‍ത്തി എഴുതുകയേ നിവൃത്തിയുള്ളൂ. എനിക്കുറപ്പുണ്ട് , വായനയെ ഒരു ആവേശമാക്കി സ്വീകരിച്ചവരുടെ ഇടയിലേക്ക് നവ്യമായ ഒരനുഭൂതി ഒരുക്കാന്‍ ഈ രചനക്ക് പറ്റും എന്നതില്‍.,. യാത്രയില്‍ കാണുന്ന ഇലയിലും കല്ലിലും മണ്ണിലും കഥകള്‍ കാണുന്ന സൂക്ഷ്മദൃഷ്ടിയായ ഒരെഴുത്തുകാരന്‍റെ അനുഭവ സാക്ഷ്യങ്ങള്‍ ആണിത് . ഇവിടെ സമ്മേളിക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും അത് പറയുന്ന ശൈലിയുടെ മനോഹാരിത കൊണ്ട് തന്നെ നിങ്ങളെ ആവേശഭരിതരാക്കും. നേരത്തെ പറഞ്ഞു വെച്ച, വായനയില്‍ നമ്മള്‍ തേടുന്ന പുതുമ എന്നൊന്നുണ്ടെങ്കില്‍ "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന രചന നല്‍കുന്നതും അതാണ്‌... . ..

മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ
വി. മുസഫര്‍ അഹമ്മദ്
മാതൃഭൂമി ബുക്സ്