Saturday, March 26, 2011

രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!



വെങ്കിടേഷ് പ്രസാദ് എന്ന ഇന്ത്യന്‍ കളിക്കാരനെ ഓര്‍ക്കാന്‍ ആ ഒരൊറ്റ പന്ത് മതി. ആമിര്‍ സുഹൈലിനെ ക്ലീന്‍ ബൌള്‍ഡ് ചെയ്തു പവലിയനിലേക്ക് കൈചൂണ്ടികാണിച്ച ആ രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും കുളിര് കോരും. ഇടയ്ക്ക് യൂ റ്റൂബില്‍ കയറി അതൊന്ന്‌ കാണുമ്പോള്‍ എനിക്കും ആവേശം ഇരമ്പി വരും . മൊഹാലിയില്‍ ഇറങ്ങുന്നതിനു മുമ്പ് ടീം ഇന്ത്യയും ഇതൊന്നൂടെ കാണണം. വെറുതെ ഒരു ആവേശത്തിന്.

സച്ചിനെ നൂറാം സെഞ്ചുറി അടിപ്പിക്കില്ലെന്നും ഒരു ഇന്ത്യന്‍ താരത്തെ പോലും പച്ച തൊടാന്‍ അനുവധിക്കുകയില്ലെന്നും അഫ്രീദി പറഞ്ഞു. അത് കാര്യമാക്കേണ്ട. ഇതുപോലെയൊക്കെ പോണ്ടിങ്ങും പറഞ്ഞതാ. എന്നിട്ടെന്തായി. ഇതിന്റെ ബാക്കി ഇന്ത്യ കപ്പ്‌ നേടുമെന്ന് പറഞ്ഞത് ഓസ്ട്രേലിയയില്‍ വെച്ചാണ്. തിരിച്ചവിടെയെത്തി. ആഫ്രിദിയല്ലേ പറഞ്ഞത്. ബാറ്റിങ്ങില്‍ നനഞ്ഞു പോയെങ്കിലും ബൌളിങ്ങില്‍ പിടിച്ചു നില്‍ക്കാണ് പാവം. വരട്ടെ. അഖ്തര്‍ അടക്കമുള്ള പുലികള്‍ക്കൊക്കെ എന്നും മേടിച്ചിട്ടുള്ള ചരിത്രമേ ഉള്ളൂ. ആ കൂട്ടത്തില്‍ ആഫ്രിദിയും വരും. അത്ര തന്നെ. പടച്ചോനെ.. അങ്ങിനെ ആവണേ. അല്ലേല്‍ ഈ എഴുതിയത് വെറുതെ ആയാലും നൂറു കോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന വെറുതെ ആകരുത്.

അത് പോട്ടെ. ഒരു വെങ്കിയെ വീണ്ടും ആവിശ്യമാണ് ഇപ്പോള്‍ ഇന്ത്യക്ക്. ഹര്‍ഭജന്റെ സ്പിന്‍ വെറും സര്‍ദാര്‍ ജോക്സ് ആവുകയും മുനാഫും നെഹ്രയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ സെഞ്ചുറി അടിക്കുകയും ചെയ്യുമ്പോള്‍ ഇത്തിരി സമാധാനം നല്‍കുന്നത് സഹീര്‍ ഖാന്‍ മാത്രമാണ്. പക്ഷെ കളി പാകിസ്ഥാനുമായായതിനാല്‍ ഇവരും തിരിച്ചു വരുമെന്ന് ആശിക്കുന്നു.പ്രാര്‍ഥിക്കുന്നു. ശ്രീശാന്തിന് ഒന്നും തോന്നരുത്. നിങ്ങള്‍ കളിക്കും എന്ന് കേള്‍ക്കുന്നത് ഇന്ത്യ തോറ്റു എന്ന് കേള്‍ക്കുന്നത് പോലെയാ. ഇനി ജയിച്ചാലും അതെ. പക്ഷെ പ്രാര്‍ഥിക്കുന്നുണ്ട് ഞാന്‍ , നല്ല അച്ചടക്കമുള്ള , ഇവിടെ ഭൂമിയില്‍ ഇറങ്ങി നിന്ന് കളിക്കുന്ന ഒരു നല്ല മലയാളി താരമായി നിങ്ങളെ കാണാന്‍. കാര്യമായിട്ട് തന്നെയാ.

കിങ്ങ്സ് ഇലവനില്‍ നിന്ന് രക്ഷപ്പെട്ടതാണോ യുവരാജിന്റെ ഭാഗ്യം..? അതിനു ശേഷമാണ് രാശി തെളിഞ്ഞത് എന്ന് തോന്നുന്നു. അങ്ങിനെയാണേല്‍ ഐ പി എല്‍ തന്നെയങ്ങ് നിര്‍ത്തിയാലോ. ടീം ഇന്ത്യ തന്നെ രക്ഷപ്പെടില്ലേ. എന്തോ.. എനിക്കങ്ങിനെ തോന്നുന്നു. കളി കഴിഞ്ഞിട്ട് ഒന്ന് ആലോചിക്കണേ.

കാര്യം എന്തൊക്കെയായാലും എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. നല്ല കളിക്കാര്‍ ഇല്ലാത്തതല്ലല്ലോ നമ്മുടെ പ്രശ്നം. ഒന്നാം ക്ലാസിലെ ഓണ പരീക്ഷക്ക്‌ പോലും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല.
ഭാഗ്യം വരാന്‍ കുറെ വഴികളുണ്ടത്രേ എല്ലാര്‍ക്കും. സച്ചിന്‍ ആദ്യം ഇടത് പാഡ് ആണത്രേ കെട്ടുക. "ഇടതിന്" ഇത്തവണ പൊതുവേ പ്രതീക്ഷ കുറവാണേലും സച്ചിന് അത് ഭാഗ്യമാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. സെവാഗ് നീല ടവ്വലും സഹീര്‍ ഖാന്‍ മഞ്ഞ ടവ്വലും ഭാഗ്യമായി കാണുന്നു എന്ന് കേള്‍ക്കുന്നു. രണ്ടും, തൊഴിലാളി സംഘടനകളുടെ തലേകെട്ടാണ്. അധ്വാനിക്കുന്നവരാന്. അതുകൊണ്ട് തന്നെ അതും ഭാഗ്യമാവട്ടെ. അല്ലാതെ നോക്ക് കൂലി മേടിക്കാന്‍ നില്‍ക്കരുത്. കളി കൈവിട്ടു പോകും. പറഞ്ഞെന്നെ ഉള്ളൂ. എനിക്കറിയാം നിങ്ങള്‍ കളിച്ചു തന്നെ കൂലി മേടിക്കുന്നവരാണെന്ന്. ഐ പി എല്‍ ആണെന്ന് കരുതി കളിച്ചോ. ഉപദേശമല്ല. ഐഡിയ ഷെയര്‍ ചെയ്തതാ. ഇങ്ങിനെ എല്ലാര്‍ക്കുമുണ്ടാത്രേ ഓരോ വിശ്വാസങ്ങള്‍. കുഴപ്പമില്ല. പക്ഷെ ഞങ്ങള്‍ക്ക് ഒരു വിശ്വാസം മാത്രമേ ഉള്ളൂ. ബുധനാഴ്ച നിങ്ങള്‍ ജയിച്ചു കയറുമെന്ന്. കാരണം അന്നാണ് ഞങ്ങള്‍ക്ക് ഫൈനല്‍.
പിന്നെ പറയാനുള്ളത് മനോരമ ഭാഷയില്‍ പറയാം.
സച്ചിന്‍ ..ഇന്നിങ്ങ്സ് സച്ചിനോത്സവം ആകണം ഞങ്ങള്‍ക്ക് . വീരേന്ദര്‍ സെവാഗ്, കളി വീരോചിതം ആകണം. ഗാംഭീര്‍, സംഗതി ഗംഭീരമാക്കുമല്ലോ . പതിവുംപോലെ രാജകീയം ആകണം യുവരാജേ. റൈന സിക്സര്‍ കൊണ്ട് റെയിന്‍ തന്നെ പെയ്യിക്കണം. മഹേന്ദ്രജാലം തന്നെ കാണിക്കണം ധോനീ. ചില്ലറ കളിയല്ല. കാരണം ഞങ്ങള്‍ കാത്തിരിക്കുന്നത് അതിനാണ്. വീണ്ടും ഒരു മഹാ ഭാരതീയത്തിന്. ജയ്‌ ഇന്ത്യ .

ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം

Saturday, March 19, 2011

വഴിയോര കാഴ്ചകള്‍



ഒരിക്കല്‍ ഞാന്‍ നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് എന്റെ ഗ്രാമത്തിലേക്ക്. അവിടത്തെ കാഴ്ചകള്‍ ഇഷ്ടായി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല്‍ ഗ്രാമങ്ങളെയും ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില്‍ നിന്നുതന്നെ തുടങ്ങും ഇതും.

നമ്മള്‍ നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും നിങ്ങള്‍ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെയാകണം. അല്ലെങ്കില്‍ പണ്ട് കൊയ്ത്ത് പാട്ടുകളും നെല്‍കതിര്‍ കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള്‍ ഇപ്പോള്‍ വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള്‍ കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്‍മ്മകള്‍ മരിക്കാത്തതാണ്.

ഇപ്പോള്‍ നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്‍കറ്റകളുമായി കാരിച്ചിയും കൂട്ടരും നടക്കുന്നതിന് ഒരു ഫോള്‍ക് ഡാന്‍സിന്റെ താളമുണ്ടായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങള്‍ ഒക്കെ കാതില്‍ ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരിച്ചി ഇന്‍ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം. വീടിന്റെ മുമ്പില്‍ നെല്‍കറ്റകള്‍ കുന്നു കൂടുമ്പോള്‍
ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില്‍ കയറി മറിഞ്ഞും അത് കാരണം ശരീരമാകെ ചൊറിഞ്ഞും ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാലം. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.



പറഞ്ഞു പറഞു നമ്മള്‍ അടുത്ത ഗ്രാമത്തില്‍ എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള്‍ എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്‍. ഈ മാതൃകാ നേട്ടത്തിന് പിന്നില്‍ ഉത്സാഹിച്ച കുറെ ചെറുപ്പകാര്‍ ഉണ്ടിവിടെ.



എനിക്കും വൈകാരികമായി ഏറെ അടുപ്പം തോന്നും ഈ ഗ്രാമത്തോട്. മുമ്പ് കോഴിക്കോട് പോവാന്‍ ഇരുവഴിഞ്ഞി കടവ് കടന്ന് ഇവിടെ വന്നാണ് ബസ്സ്‌ കയറുക. ഇത്തിരി നേരത്തെ എത്തുന്നത്‌ വല്യൊരു മാവിന്റെ ചുവട്ടില്‍ രണ്ടു കവുങ്ങില്‍ തടി ഇട്ടൊരുക്കിയ ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം ആസ്വദിച്ചിരിക്കാനാണ് . ഇരുവഴിഞ്ഞിക്ക് മീതെ പാലം വന്നെങ്കിലും പഴയ ഐശ്വര്യവുമായി ഇപ്പോഴും മാറാതെയുണ്ട് കൂളിമാട്. ആദ്യമൊക്കെ ഉപ്പാന്റെ കൂടയാണ് കോഴിക്കോട് പോവുക. അന്ന് മുതല്‍ ഈ ഗ്രാമം എനിക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും ഉപ്പ സെയിദുക്കാന്റെ മക്കാനിയില്‍ ഇരിക്കും. ഞാന്‍ മരങ്ങളും പാടവും നോക്കി പുറത്തിരിക്കും. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും കല്യാണവും കഴിച്ചതോടെ ഇപ്പോഴും യാത്ര ഇതിലൂടെ തന്നെ. ഇന്നും ഇവിടെത്തുമ്പോള്‍ ഉപ്പാന്റെ കയ്യും പിടിച്ചു ബസ്സിലെ സൈഡ് സീറ്റ് കിട്ടാന്‍ വെപ്രാളപ്പെടുന്ന കൊച്ചു കുട്ടിയാകും ഞാന്‍ . പക്ഷെ സെയിദുക്കാന്റെ മക്കാനി ഇപ്പോള്‍ കാണാത്തത് ഒരു നൊമ്പരവും.



അയ്യോ.. നിങ്ങള്‍ കൂടെയുള്ള കാര്യം ഞാനങ്ങു മറന്നു. നാട് കാണാന്‍ വിളിച്ചിട്ട് നിങ്ങളെ ഒറ്റക്കാക്കി ഞാന്‍ എവിടെയൊക്കെയോ പോയി. ദാ.. ആ വരുന്ന ബസ്സില്ലേ. സുല്‍ത്താന്‍ ആണ്. ഒരുപാട് തലമുറകളുടെ യാത്രയിലെ ഓര്‍മ്മയായി അന്നും ഇന്നും ഈ ബസ്സുണ്ട്. ഇനി യാത്ര നമ്മുക്കിതിലാവാം. വഴിയോര കാഴ്ചകള്‍ കണ്ട് നിങ്ങളെയും കൊണ്ട് കോഴിക്കോട് വരെ പോവണം എന്നുണ്ട്. പക്ഷെ നമ്മള്‍ തിരക്കിലല്ലേ. തല്‍കാലം മാവൂര്‍ വരെയാകാം.

വല്യ ഈ ചീനിമരത്തിന്റെ തണലില്‍ നില്‍ക്കുന്ന ഈ ഗ്രാമമാണ് ഇപ്പോള്‍ PHED എന്നും പണ്ടുള്ളവര്‍ മടത്തുംപാറ എന്നും പറയുന്ന സ്ഥലം. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളം പോകുന്നത് ചാലിയാറില്‍ നിന്നും ശേഖരിച്ച്‌ ഇവിടെ ശുദ്ധീകരിച്ചിട്ടാണ്. ഒപ്പം നല്ലൊരു പ്രകൃതിയും. ഈ പെട്ടിപീടികയില്‍ കയറി ഒന്ന് മുറുക്കണം എന്നുണ്ട് എനിക്ക്. പക്ഷെ പിന്നെയാകാം.

നമ്മള്‍ മാവൂരില്‍ എത്താറായി. പക്ഷെ ഇത് പഴയ മാവൂരല്ല. ഗോളിയോര്‍ റയോണ്‍സ്‌ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട ഒരു ചെറിയ സിറ്റി. ഫാക്ടറി വക ഒഴിഞ്ഞു പൊളിഞ്ഞ് പ്രേത ഭവനം പോലെ നില്‍ക്കുന്ന കോര്‍ട്ടെഴ്സുകള്‍ പറയുന്നത് നഷ്ടപ്പെട്ടുപോയ കുറേ ജീവിത സൗകര്യങ്ങളുടേതാണ് , കേള്‍ക്കാതെ പോയ അവരുടെ പ്രാര്‍ത്ഥനകളുടേയാണ് , പെയ്തു തീരാത്ത അവരുടെ കണ്ണീരിന്റെയാണ്. ഈ കാഴ്ച കാണാനാണോ നിങ്ങളെ കൊണ്ടുവന്നതെന്ന് തോന്നുന്നുവെങ്കില്‍ , സോറി .. ഈ സങ്കടം കാണിക്കാതെ എങ്ങിനെ ഞാന്‍ മാവൂരിനെ പരിചയപ്പെടുത്തും.



ശരി ഇനിയൊരു ചായ കുടിക്കാം. ഈ ചായ കടയില്‍ എന്താ ഇത്ര തിരക്ക് എന്ന് നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അതില്‍ അത്ഭുതമില്ല. ഇതാണ് പേരുകേട്ട ഹൈദറാക്കാന്റെ പരിപ്പുവട . പകരം വെക്കാനില്ലാത്ത രുചി. ഏഷ്യ നെറ്റുകാര്‍ സ്പെഷ്യല്‍ ഫീച്ചര്‍ ഒരുക്കിയ രുചി വൈഭവം. ഇവിടന്നു കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍സല്‍ പോകുന്നു. ഇത് വഴി പോകുന്ന ഞങ്ങളും അത് ഒഴിവാക്കില്ല. ഞാനേതായാലും രണ്ടെണ്ണം തട്ടിയിട്ട് ബാക്കി പറയാം. അപ്പോള്‍ നിങ്ങള്‍ എങ്ങിനാ... ഇവിടുന്നു കഴിക്കുന്നോ അതോ പാര്‍സല്‍ എടുക്കുന്നോ...?.

(ഫോട്ടോസ് എടുത്തത്‌ ഗൂഗിളില്‍ നിന്നും പിന്നെ ഫെയിസ് ബുക്കിലെ ചില സുഹൃത്തുക്കളുടെതും)

Sunday, March 6, 2011

പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍




വര്‍ഷം ഇരുപത് കഴിഞ്ഞിരിക്കുന്നു. ഈ ഒട്ടുമാവിനും കാണും അത്രയും പ്രായം. നൊമ്പരങ്ങള്‍ ഇറക്കി വെക്കാന്‍ ഒരത്താണിയാണ് ഇതിന്‍റെ തണല്‍. സന്തോഷവും സന്താപവും പങ്കുവെക്കുന്നതും ഈ മാവിനോട് തന്നെ. വര്‍ഷത്തിലൊരിക്കല്‍ ഇത് പൂക്കുമ്പോള്‍ സന്തോഷം തോന്നും. എന്‍റെ വിഷമങ്ങളെ വളമായി സ്വീകരിക്കുന്ന ഇവള്‍ക്കെങ്ങിനെ ഇങ്ങിനെ പൂത്തുലയാന്‍ കഴിയുന്നു എന്ന് തോന്നാഞ്ഞിട്ടല്ല. ഒരു പക്ഷെ എന്‍റെ സന്തോഷമാവാം മാവും ആഗ്രഹിച്ചിട്ടുണ്ടാവുക.

ആ ചാരുകസേര മകനോട്‌ പറഞ്ഞ് മുറ്റത്ത് ഇട്ടു. ഈ ചൂടത്ത് തന്നെ വേണോ എന്നൊരു ചോദ്യം അവന്‍റെ നോട്ടത്തില്‍ നിന്ന് വായിച്ചെങ്കിലും അതവഗണിച്ചു. മാവിന്‍റെ ചില്ലകളൊരുക്കിയ തണുപ്പിന് പോലും മനസ്സിലെ ചൂടിന് ശമനം നല്‍കാന്‍ പറ്റുമായിരുന്നില്ല. ഒരു പൊള്ളുന്ന ഓര്‍മ്മയുടെ ഭാരം ഇറക്കിവെക്കണം. ചില്ലകളിളക്കി മാവ് കഥ കേള്‍ക്കാന്‍ തയ്യാറായി.

അറേബ്യന്‍ ഗ്രീഷ്മത്തിലെ ഒരു നട്ടുച്ച നേരം. മനസ്സ് ഭരിക്കുന്ന ഫയലുകള്‍ക്കിടയില്‍ നിന്നും ഒരു ഇടവേള പലപ്പോഴും എടുക്കാറുണ്ട്. ഓഫീസിന്‍റെ മുന്നില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്ന പലതരം മരങ്ങള്‍. കുറച്ചുനേരം അവയെ നോക്കിയിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടാറുണ്ട്. ഒരു പക്ഷെ മനസ്സിനെ മരവിപ്പിക്കാതെ നോക്കുന്നതും ഈ പച്ചപ്പുകളായിരിക്കും. ഒരുപാട് ഓഫീസുകള്‍ ഈ കോമ്പൌണ്ടില്‍ തന്നെയുണ്ട്‌. പല രാജ്യക്കാര്‍. വിത്യസ്ഥ സ്വഭാവമുള്ളവര്‍. പക്ഷെ എല്ലാവരില്‍ നിന്നും അല്പം ഒഴിഞ്ഞുമാറിയുള്ളൊരു ശീലം ഇവിടെ വന്നതുമുതല്‍ തുടങ്ങിയതാണ്‌. ഹോസ്റ്റലിലെ ബഹളങ്ങളില്‍ കൂട്ടുകക്ഷിയാകാറുള്ള എനിക്കെങ്ങിനെ ഈ ഒരു മാറ്റം എന്ന് തോന്നാതിരുന്നില്ല. ഒരുപക്ഷെ അതേ കാരണങ്ങള്‍ കൊണ്ടാണോ ഇതും സംഭവിച്ചത്. മരവിച്ച മനസ്സിലേക്ക് ഒരു പ്രണയ മഴ പെയ്തത്. കാറ്റില്‍ പതുക്കെയാടുന്ന ചബോക് മരങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു വന്ന നുണക്കുഴി പുഞ്ചിരി. വിടര്‍ന്ന കണ്ണുകളില്‍ വായിച്ചെടുത്തത് അതിരുകള്‍ താണ്ടിയുള്ളൊരു പ്രണയത്തിന്‍റെ ആദ്യാക്ഷരികള്‍ ആയിരുന്നു. ഭാഷയും ദേശവും സ്നേഹത്തിന് വിലങ്ങുകളാവില്ല എന്ന മന്ത്രം തന്നെയാവണം ലാഹോറിന്‍റെ മണ്ണില്‍ നിന്നും ഈ പുഞ്ചിരി എന്‍റെ മനസ്സില്‍ അധിനിവേശം നടത്താന്‍ കാരണം. ഈ സ്ഥലത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും അവളെ കണ്ടില്ല എന്ന് പറയുന്നതില്‍ ശരിയില്ല. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ഭാവമാണ് തോന്നിയിട്ടുള്ളത് . മരുഭൂമിയിലെ ചൂടില്‍ പ്രണയം മരീചികയായ നാളുകള്‍.

പക്ഷെ എന്തായിരുന്നു സത്യം. ചെറുപ്പത്തിന്‍റെ തമാശയില്‍ കവിഞ്ഞൊരു തലം അതിന് കൊടുക്കാത്തതാണോ ചെയ്ത തെറ്റ്. ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് അനുവദിച്ചത് എന്തിനായിരുന്നു. അല്ലായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ ഈ കുറ്റബോധത്തിന്റെ കാര്‍മേഘങ്ങള്‍ തന്നെ വേട്ടയാടുന്നതെന്തിന് . കൂടുതല്‍ ആലോചിച്ചപ്പോള്‍ പ്രായോഗികതയും നിസ്സഹായതയും ഒന്നിച്ച് മനസ്സിലായൊരു നേരം, തുറന്നു പറഞ്ഞെങ്കിലും വൈകിപോയിരുന്നു. ഒരു രണ്ടു രാജ്യങ്ങളുടെ വ്രണിത വികാരങ്ങള്‍ക്കുമപ്പുറം സ്നേഹത്തിന്റെ സമര്‍പ്പണം നടത്തിയ പെണ്‍കുട്ടി. അവളുടെ ഹൃദയം പൊട്ടിയൊഴുകിയ കണ്ണീരിന്‍റെ ശക്തിയറിഞ്ഞ് ഒരു ഭീരുവിനെ പോലെ ഓടിയൊളിച്ചപ്പോള്‍ തകര്‍ന്നത് ഒരു വ്യക്തിയുടെ മാത്രം മുഖമായിരുന്നോ.

പിന്നെ കുറെ കാലം ദുസ്വപ്നങ്ങളുടെതായിരുന്നു. സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍നടക്കുന്നതായും കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണലുകളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി. ചബോക്ക് മരങ്ങള്‍ കാണുമ്പോഴോക്കെ അതിന്‍റെ മരവിലിരുന്നു ഒരു പെണ്‍കുട്ടി കരയുന്നതായി തോന്നും. മകള്‍ കൊണ്ടുവന്നു മുറ്റത്ത്‌ നട്ട ചബോക് മരത്തിന്‍റെ തൈ ആരും കാണാതെ രാത്രിയില്‍ പിഴുതെറിയുമ്പോള്‍ പ്രതീക്ഷിച്ചതും ആ ഓര്‍മ്മകളില്‍ നിന്നുള്ള ഒരു മോചനം ആയിരുന്നു.

പ്രായശ്ചിത്തമില്ലാത്തതാണ് ചില തെറ്റുകള്‍. അപക്വമായ കൌമാരത്തിന്‍റെ അര്‍ത്ഥ ശൂന്യതകള്‍ എന്ന് കരുതിയിട്ടും എന്തേ ഈ ഓര്‍മ്മകളില്‍ നിന്നും മോചനം കിട്ടാത്തത്. ഒന്ന് ചാഞ്ഞിരുന്നു മയങ്ങാന്‍ നോക്കി. പറ്റുന്നില്ലല്ലോ. കണ്ണീരില്‍ കുതിര്‍ന്നൊരു തൂവാല മാത്രം മനസ്സില്‍ തെളിയുന്നു. ശക്തിയായൊരു കാറ്റില്‍ മാവിലെ കൊമ്പുകള്‍ ഇളകിയാടി. മടിയിലേക്ക്‌ കരിഞ്ഞൊരു മാവിന്‍ പൂക്കുല അടര്‍ന്നു വീണു.