Saturday, April 21, 2012

കാളവണ്ടിക്കാലംചെറുപ്പത്തിലെ ഹീറോയെ പറ്റി പറഞ്ഞു തുടങ്ങട്ടെ. ഓര്‍മ്മയില്‍ ആദ്യം തെളിയുന്ന മുഖം കുഞ്ഞാലിക്കയുടേതാണ് . കയ്യിലെ ചാട്ടവാര്‍ അന്തരീക്ഷത്തില്‍ ചുഴറ്റി കാളകളെ ലാളിച്ചും വഴക്ക് പറഞ്ഞും കുഞ്ഞാലിക്കയുടെ കാളവണ്ടി ഇറങ്ങി വരുന്ന ശബ്ദം കേട്ടാല്‍ റോഡിലേക്കോടും ഞങ്ങള്‍ കുട്ടികള്‍. കാളവണ്ടിയുടെ ഡ്രൈവര്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌. "ഒന്ന് കേറിക്കോട്ടെ കുഞ്ഞാലിക്ക " എന്ന് ചോദിച്ചാല്‍ ആ വടി ഓങ്ങി പേടിപ്പിക്കും. മദ്രസ്സ വിടുന്ന സമയത്ത് കൃത്യമായി കാളവണ്ടി ഞങ്ങളുടെ മുന്നിലെത്തും. പിന്നെ അതിന്‍റെ പിറകെ കൂടും. സ്കൂളില്‍ പോവേണ്ട കാര്യം ഓര്‍ക്കുമ്പോഴേ പിന്‍വാങ്ങൂ.

എന്നും മുന്നില്‍ വന്നു ആരാധനയോടെ നോക്കി നില്‍ക്കുന്ന കൊച്ചു കുട്ടിയോട് ഒരിക്കല്‍ അനുകമ്പ തോന്നി കുഞ്ഞാലിക്കാക്ക്. കൈ പിടിച്ചു കാളവണ്ടിയിലേക്ക് കയറ്റി. റോള്‍സ് റോയിസിന്‍റെ പിറകില്‍ ചാഞ്ഞിരിക്കുന്ന ബ്രൂണെ സുല്‍ത്താനെ പോലെ ഞാന്‍ ഞെളിഞ്ഞിരുന്നു.
സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകളുമായി , വഴിയരികില്‍ അസൂയയോടെ നോക്കുന്ന കൂട്ടുക്കാരോട് കൈവീശി കാണിച്ച്‌ എന്‍റെ രാജകീയ യാത്ര തുടര്‍ന്നു. വൈക്കോല്‍ കയറ്റാന്‍ പാടവക്കില്‍ എത്തും വരെ . ഇന്ന് ടാറിട്ട റോഡിലൂടെ ബസ്സും കാറും ചീറിപായുമ്പോള്‍ ഞാനോര്‍ത്തത് ചെമ്മണ്ണിട്ട റോഡിലൂടെ വലിയ ചക്രങ്ങളുള്ള വണ്ടിയും വലിച്ച്‌ ആ കാളകള്‍ ഇറങ്ങിവരുന്ന കാളവണ്ടിക്കാലത്തെ കുറിച്ചായിരുന്നു. കുഞ്ഞാലിക്ക കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞു. കാളവണ്ടിയും നാടുനീങ്ങി. പക്ഷെ ആ കുളമ്പടി ശബ്ദവും കുഞ്ഞാലിക്ക എന്ന കാളവണ്ടിയുടെ ഡ്രൈവറുടെ മുഖവും ഇന്നലെ എന്ന പോലെ തെളിഞ്ഞു നില്‍ക്കുന്നു.

ഇന്നലെ ഞാനൊരു കന്നഡ ഗ്രാമത്തില്‍ ആയിരുന്നു. വലിയ ഭാരവും പേറി വിഷമിച്ചു നീങ്ങുന്ന കാളവണ്ടികള്‍ മുന്നില്‍ നില്‍ക്കുന്നു. സങ്കടം തോന്നി. അന്ന് ഈ മിണ്ടാപ്രാണികളുടെ നൊമ്പരം തിരിച്ചറിയാനുള്ള വിവേകം ഇല്ലായിരുന്നു. പ്രതികരിക്കാന്‍ കഴിയാതെ പോകുന്ന ഇവയുടെ വേദന ഞാനറിയുന്നു. ഇവര്‍ക്കായി വകുപ്പും നിയമവും ഉള്ള നാട് തന്നെ ഇന്ത്യ. പക്ഷെ നിയമം എത്തിനോക്കാത്ത ഈ ഉള്‍ഗ്രാമത്തിലെ നിരത്തുകള്‍ പൊട്ടി പൊളിഞ്ഞത് ഈ മിണ്ടാപ്രാണികളുടെ കണ്ണീര്‍ വീണു കുതിര്‍ന്നായിരിക്കുമോ..?

ഇങ്ങിനെ എന്‍റെ നാട്ടിന്‍പുറത്തേക്ക് കണ്ണോടിക്കുമ്പോള്‍ ഓര്‍ക്കാന്‍ വേറെയും മുഖങ്ങളുണ്ട്. ആരൊക്കെയോ വലിച്ചൂതിയെറിഞ്ഞ മുറിബീഡി പെറുക്കി മടിയില്‍ വെച്ച്‌, അതും വലിച്ചു നടക്കുന്ന ഉസ്സന്‍ കുട്ടിയെ പഞ്ചായത്തിന്‍റെ ഏത് മൂലയില്‍ ചെന്നാലും കാണാം. എനിക്കോര്‍മ്മവെച്ച നാള്‍ മുതല്‍ ഈ കോലത്തില്‍ സമനില തെറ്റി ഉസ്സന്‍ക്കുട്ടിയുണ്ട്. ഒരു ഭ്രാന്തന്‍ എന്ന് വിളിച്ചു അവനെ അപമാനിക്കാന്‍ പറ്റില്ല എനിക്ക്. അവനെന്‍റെ നാട്ടുക്കാരനാണ് അയക്കാരനാണ് . സ്കൂളില്‍ പോകുന്ന കാലത്ത് അവനെ പേടിച്ചു മാറി നടന്ന കാലമുണ്ട്. ഉസ്സന്‍ കുട്ടിക്ക് കൊടുക്കും എന്ന് പറഞ്ഞു കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാരും ഉണ്ട്. ഭ്രാന്തന്‍ എന്ന് പറഞ്ഞു മറ്റു കുട്ടികള്‍ അവന്‍റെ പിറകെ കൂടുമ്പോള്‍ വിഷമിച്ചിട്ടുണ്ട്. പക്ഷെ ഒരുപദ്രവും അയാള്‍ ആരോടും ചെയ്തില്ല. ഇന്നും എന്‍റെ മുന്നില്‍ വന്നുപ്പെട്ടു ഉസ്സന്‍ക്കുട്ടി. കാലം പോലും രൂപത്തിലും ഭാവത്തിലും മാറ്റം വരുത്താത്ത അവന്‍ , പഴയ പോലെ മുറിബീഡി പെറുക്കി , അവ്യക്തമായി പിറുപിറുത്ത് ജീവിതം നടന്നു തീര്‍ക്കുന്നു. ഞങ്ങളുടെ നിത്യ ജീവിതത്തില്‍ കാണുന്ന മുഖം ആയതുകൊണ്ടാവാം അവന്‍ വെറുക്കപ്പെടാതിരിക്കുന്നത്. പരിഷ്കൃത ലോകത്ത് പരിഹാസം ഏറ്റുവാങ്ങാതെ തന്‍റെ വഴികളിലൂടെ അവന്‍ നടന്നു നീങ്ങുന്നു.

മുണ്ടിച്ചിയെയും മക്കളെയും പറ്റി പറഞ്ഞില്ലല്ലോ . പണ്ട് , കാലത്ത് വന്ന് ചെറുവാടി അങ്ങാടി മുഴുവന്‍ അടിച്ചുവാരി വൃത്തിയാക്കി പോകും മുണ്ടിച്ചിയും മക്കളും. അതൊരു പ്രതിഫലം ഉള്ള ജോലിയായിരുന്നോ എന്നെനിക്കറിയില്ല. അല്ലെന്നു തോന്നുന്നു. മാറ് മറക്കാതെ വളഞ്ഞു തൂങ്ങി ആ വൃദ്ധയും മക്കളും ഏറ്റെടുത്തത് ഏത് നിയോഗമായിരുന്നു...? പക്ഷെ കാലത്ത് സുബഹി നിസ്കരിച്ചു വല്യുപ്പയോടൊപ്പം ഇറങ്ങിവരുമ്പോള്‍ കലപില ശബ്ദം വെച്ചു അങ്ങാടി വൃത്തിയാക്കുന്ന മുണ്ടിച്ചിയുടെ മുഖം അവ്യക്തമെങ്കിലും നല്ലൊരു ഓര്‍മ്മയായി മനസ്സിലുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് മുണ്ടിച്ചിയെ പോലുള്ളവര്‍ക്ക് എന്ത് കാര്യം. മാലിന്യങ്ങള്‍ തെരുവിലല്ലല്ലോ , മനുഷ്യന്‍റെ മനസ്സിലല്ലേ..?

നല്ല മഴയാണ് ഇവിടെ. കൂടെ ഇടിയും മിന്നലും. ഈ വേനല്‍ മഴയുടെ രൌദ്ര താളം എനിക്ക് രസമെങ്കിലും നാട്ടില്‍ നല്ല ദ്രോഹം ചെയ്യുന്നുണ്ട്. പക്ഷെ ചൂടിനു കുറവില്ല. എനിക്കിന്ന് നല്ലൊരു ദിവസമാണ്. അതുകൊണ്ട് ഓര്‍മ്മകളില്‍ കുഞ്ഞാലിക്കയുടെ കാളവണ്ടിയില്‍ കയറി ഞാനൊന്ന് ഗ്രാമപ്രദക്ഷിണം നടത്തട്ടെ.