Monday, April 8, 2013

സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ


ഡിസംബർ ആണെങ്കിലും ചൂട് ഒട്ടും കുറവില്ല നഗരത്തിന്  . പടിഞ്ഞാറുനിന്നും ഒരു കാർമേഘം പതുക്കെ ഇഴഞ്ഞുവരുന്നുണ്ട് . ഒരു പക്ഷെ കോഴിക്കോടിന് മേലെ അത് പെയ്തൊഴിഞ്ഞേക്കാം . കോഫീ ഹൌസിന്‍റെ മൂലയിൽ ഇരുന്ന് ഞാൻ രണ്ടാമത്തെ ചായയും ഓർഡർ ചെയ്തു . മുതലക്കുളം ചുറ്റിവരുന്ന കാറ്റിന് അവിടത്തെ അലക്കുതൊഴിലാളികളുടെ വിയർപ്പിന്‍റെ ഗന്ധമുണ്ട് . ഞാനൊരു അതിഥിയെ കാത്തിരിപ്പാണ് . നേരം വൈകുമ്പോഴും അൽപം ആകുലതയുണ്ട് . ഒരു സാധാ ബ്ലോഗറുടെ ആവശ്യം വെറുമൊരു നേരമ്പോക്കായി കരുതി തള്ളിയിരിക്കുമോ ...?

എഴുത്തുകാരുടെ ജാഡ കൂട്ടുകളില്ലാതെ ഒരാൾ കോഫീ ഹൗസിന്‍റെ പടികൾ കയറിവന്നു . നിലത്തെ നരച്ച ടൈൽസുകൾ എനിക്കൊരു മരുഭൂമി പോലെ തോന്നി .  ആ മണലിൽ ചവിട്ടി നടന്നുവരുന്ന മനുഷ്യൻ മരുഭൂമിയുടെ ചരിത്രകാരനാണ്. ചുട്ടുപൊള്ളുന്ന മണലിനെ ആർദ്രമാക്കിയ അക്ഷരങ്ങളുടെ സൃഷ്ടാവാണ്.ചിരിച്ചുകൊണ്ട് നടന്നെത്തി മുന്നിലെ കസേരയിൽ ചാഞ്ഞിരുന്നു . ഇത് വി. മുസഫർ അഹമ്മദ് .


"ഞാൻ വൈകിയോ മൻസൂർ ... ?
ഞാൻ ചിരിക്കുക മാത്രം ചെയ്തു . ഒന്ന് കണ്ട് സംസാരിക്കണം എന്ന വിനീതമായ ആവശ്യം അംഗീകരിച്ച സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് . മുമ്പൊരിക്കൽ കണ്ടിട്ടുണ്ട് . ബഹ്റൈനിൽ ബെന്യാമിന്‍റെ "മഞ്ഞ വെയിൽ മരണങ്ങൾ " എന്ന നോവലിന്‍റെ പ്രകാശന വേളയിൽ ഹ്രസ്വമായ ഒരു കൂടികാഴ്ച . അതോർക്കുന്നുണ്ടാവണം . പക്ഷെ മുന്നിലിരിക്കുന്നത്‌ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരനാണ്‌ . എന്‍റെ പതർച്ച കണ്ടിട്ടാവണം അദ്ദേഹം കൂട്ടിചേർത്തു .
"മൻസൂർ തന്നെ എവിടെയോ എഴുതിയത് വായിച്ചിട്ടുണ്ട് , " ഔപചാരികതകൾ ഭരിക്കുന്ന സൗഹൃദം ബാധ്യത ആണ് എനിക്കെന്ന് " . അതുകൊണ്ട് പറയാം . അത്തരം ഒന്നുമില്ലാതെ സംസാരിക്കാം നമുക്ക് . സംഘർഷം അയഞ്ഞപ്പോൾ ചായക്ക്‌ പറഞ്ഞു .

കാണണം എന്ന് പറഞ്ഞപ്പോൾ അത് പെരിന്തൽമണ്ണയിലെ വീട്ടിലേക്ക് ക്ഷണിച്ചതാണ് . പക്ഷെ അത് കോഴിക്കോട് വെച്ചാവണം എന്നത്
എന്‍റെയൊരു ഹിഡൻ അജണ്ട ആയിരുന്നു . കാരണം ഈ നഗരത്തിൽ ഓർത്തെടുക്കാൻ കുറേ കഥകൾ ഉണ്ടെന്ന് ഞാൻ വായിച്ചറിഞ്ഞതാണ് .
മയിലുകൾ സവാരിക്കിറങ്ങിയ ചെരിവിലൂടെ എന്ന പുസ്തകത്തിൽ അത് വിശദമായി പറയുന്നുണ്ട് .
ചായ രുചിച്ച് മുസഫർ സംസാരിച്ച് തുടങ്ങി .

അറിയുമോ മൻസൂർ ... മലപ്പുറം ജില്ലകാരനെങ്കിലും കോഴിക്കോട് എനിക്ക് അതിലേറെ പ്രിയപ്പെട്ടൊരു വികാരമാണ് . എന്‍റെ വിയർപ്പിന്‍റെ
ചൂടും ചൂരും അറിയാത്ത ഒരു ഗലികൾ പോലും ഇവിടെ കാണില്ല . സ്നേഹം പകർന്ന ചിരികളും വാക്കുകളും വിശപ്പിന് പകരം നിന്നിട്ടുണ്ട് . വിശന്ന വയറിനെ മെഹ്ഫിൽ രാവുകൾ ഊട്ടിയുറക്കിയിട്ടുണ്ട് . പത്രപ്രവർത്തനത്തിന്‍റെ ആദ്യ നാളുകളിലാണ്‌ വിശപ്പ് ശരിക്കും അറിയുന്നത് . സ്റ്റൈപന്റ് ഒന്നിനും തികയില്ല . ഉപ്പ സർവീസിൽ നിന്നും വിരമിച്ചതിനാൽ വീട്ടിൽ കാശ് ചോദിക്കാനും പറ്റില്ല . പത്രപ്രവർത്തകനായ ജിജി പോൾ ചാലപ്പുറത്ത് താമസിക്കുന്ന ലോഡ്ജിൽ പ്രഭാതഭക്ഷണം മോഹിച്ച് രാത്രി അതിഥിയെന്ന് ഭാവിച്ച് പോകും . മോഹനൻ ചേട്ടനും അളിയനും നടത്തുന്ന ചെറിയ ഹോട്ടലിലെ ദോശയിലാണ് അഭയം . ദാരിദ്ര്യക്കാരെ അടുത്തറിയാൻ അവർക്ക് രണ്ടുപേർക്കും അനിതരസാധാരണമായ കഴിവുണ്ടായിരുന്നു . അളിയൻ മിക്കപ്പോഴും സാമ്പാർ ബക്കറ്റ് ഞങ്ങൾ ഇരിക്കുന്നിടത്ത് വെക്കും .
അതിലെ കഷ്ണങ്ങൾ കഴിച്ച്‌ വിശപ്പടക്കിക്കോട്ടേ എന്ന് കരുതിയിട്ടായിരുന്നു അത് . അതുപോലെ കുറേ മുഖങ്ങൾ ഉണ്ടിവിടെ ഓർക്കാൻ .
പുലർച്ചെ ഹോട്ടലുകളിൽ മീൻ മുളകിട്ടതും പുട്ടും ബീഫ് ഫ്രൈയും പൊറോട്ടയും കിട്ടുന്ന കോഴിക്കോട്ട് വിശന്നു നടക്കേണ്ടി വരുന്നത് ഏറ്റവും വലിയ ശിക്ഷയാണ് .

എനിക്ക് ചിരി വന്നില്ല. പറഞ്ഞത് തമാശ പോലെ ആണെങ്കിലും പൊള്ളുന്ന യാഥാർത്യമാണത് . ഞാനോർത്തു . എന്ത് വിത്യസ്തനാണീ മനുഷ്യൻ . ഒരു അവാർഡ് കിട്ടിയാൽ , അല്ലെങ്കിൽ ഏതെങ്കിലും വാരികയിൽ ഒരു സൃഷ്ടി അച്ചടിച്ച്‌ വന്നാൽ ഞാനാണ് വിശ്വസാഹിത്യത്തിന്‍റെ പുതിയ രാജാവ് എന്നഹങ്കരിക്കുന്നവരുടെ ഇടയിൽ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കി , അതിലെ വേദനയും നൊമ്പരവും മടി കൂടാതെ പങ്കുവെക്കുന്നു . തീഷ്ണമായ ഇത്തരം ജീവിതാനുഭവങ്ങളിൽ നിന്നാവണം കൂടുതൽ വായിക്കപ്പെടുന്ന എഴുതുകാരനിലേക്കുള്ള യാത്ര തുടങ്ങിയത് . കേവലം യാത്രാ വിവരണങ്ങൾ അല്ല മുസഫറിന്‍റെ രചനകൾ . കുറേ ജീവിത ദർശനങ്ങൾ കൂടിയാണത് . മരുഭൂമിയിൽ പോലും ആർദ്രത കാണാൻ ഇതുപോലൊരാൾക്കേ സാധിക്കൂ . മുസഫറിന്‍റെ യാത്രാവിവരണങ്ങൾ നമ്മളെ വായിക്കാൻ വിട്ടിട്ട് വഴിയിൽ ഉപേക്ഷിച്ച് പോരുന്നില്ല . കൂടെയല്ല മുന്നിൽ തന്നെ കഥാകാരൻ നടക്കുന്നുണ്ട് . എഴുതി അച്ചടിക്കുന്ന ഭാഷയ്ക്ക്‌ മേൽ എഴുത്തുകാരനുള്ള സ്വാധീനം . എഴുത്തിനെയും എഴുത്തുകാരനെയും ഒന്നിച്ച് അറിയുക എന്ന സംഗതി . വരികളെ അത്രക്കും അനുഭവവേദ്യമാക്കുന്ന ഒരാൾക്കേ അത് സാധ്യമാവൂ .

ചോദ്യം - യാത്രാ വിവരണ സാഹിത്യത്തിന് പുതിയൊരു ഭാഷയും ദിശയും നല്‍കിയ എഴുതുക്കാരനാണ് താങ്കള്‍ . ആസ്വാദന മേഖലയില്‍ ഇതിന്‍റെ ഗ്രാഫ് എവിടെ നില്‍ക്കുന്നു എന്നാണ് അഭിപ്രായം ? 

ഉത്തരം - യാത്രാ വിവരണ സാഹിത്യം താഴ്ന്ന സാഹിത്യ വിഭാഗമാണെന്ന തോന്നൽ വായനക്കാർക്കിടയിൽ ഉണ്ട് . കേരളത്തിൽ മാത്രമല്ല ലോകമെങ്ങും . അതിനാൽ സഞ്ചാര സാഹിത്യത്തിന്റെ ആസ്വാദന മേഖലയിലെ ഗ്രാഫ് എന്തായാലും ഫിക്ഷനും കവിതക്കുമൊക്കെ പിന്നിലായിരിക്കും . പക്ഷെ യാത്രാ വിവരണത്തിന് നിശ്ചയമായും വായനക്കാരുണ്ട് . "മരുഭൂമിയുടെ ആത്മകഥ " മൂന്നാം പതിപ്പിലെത്തി . വിപണിയുടെ രീതി വെച്ച് നോക്കുമ്പോൾ അത് വലിയൊരു കാര്യമായിരിക്കില്ല . പക്ഷെ ഞാനത് വായനക്കാർ നൽകിയ അംഗീകാരമായി കാണുന്നു .

ചോദ്യം - എസ് . കെ . പൊറ്റക്കാടിന് ശേഷം ഈ രംഗത്ത് അത്ര സംഭാവനകള്‍ ഇല്ലാതെ പോയിട്ടുണ്ടല്ലോ . സക്കറിയയും എം പി വീരേന്ദ്രകു മാറുമെല്ലാം ഒരു അപവാദം ആണെങ്കിലും ?

ഉത്തരം - രവീന്ദ്രൻറെ യാത്രകളാണ് എസ് . കെക്ക് ശേഷമുള്ള മലയാള സഞ്ചാര സാഹിത്യത്തിലെ പ്രധാന സംഗതി . അദ്ദേഹത്തിന്‍റെ എഴുത്തും യാത്രയും അത്രയേറെ മൗലികമാണ്. അദ്ദേഹത്തിന്‍റെ ഭാഷക്കൊന്നും മറ്റൊരു എഴുത്തുകാരനുമായി സമാനതകളില്ല . അത്രയേറെ മൗലികമാണത് .

ചോദ്യം - നിരൂപണ സാഹിത്യകാരന്മാര്‍ ഈ മേഖലയെ അവഗണിച്ചു എന്ന് തോന്നിയിട്ടുണ്ടോ ?


ഉത്തരം -. നിരൂപകന്മാർ സഞ്ചാര സാഹിത്യം സംബന്ധിച്ച് ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ല . അവഗണനയായല്ല , സഞ്ചാര സാഹിത്യത്തെ ഒരു സാഹിത്യ മേഖലയായിപ്പോലും നമ്മുടെ നിരൂപകർ കാണുന്നില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് .

ചോദ്യം - പ്രവാസി എഴുത്തുകാരൻ എന്ന ലേബലിംഗിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട ഒരാളാണ് താങ്കൾ . പ്രവാസി എഴുത്ത് പെണ്ണെഴുത്ത്‌ എന്നിങ്ങനെ വിഭജനം നടക്കുന്നത് എന്തുകൊണ്ടാവും ?

ഉത്തരം - സാഹിത്യത്തിലെ വിഭജനങ്ങൾ ചില പഠന സമ്പ്രദായങ്ങളുടെ ഭാഗമാണ് . അക്കാദമിക്കുകളും പത്രപ്രവർത്തകരും അവരുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഇത്തരം വിഭജനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് . ചില സന്ദർഭങ്ങളിൽ ഇത്തരം വിഭജനങ്ങൾ അത്തരക്കാർക്ക് ആവശ്യമായി വരും . പക്ഷെ അവർ നടപ്പിലാക്കിയ വിഭജനത്തിന്‍റെ ഭാരം പിൽക്കാല സാഹിത്യവും സാഹിത്യ പഠനങ്ങളും വഹിക്കേണ്ടി വരുന്നു എന്നത് നല്ല കാര്യമായി തോന്നിയിട്ടില്ല .

ചോദ്യം - സ്വന്തമായി ഒരു ശൈലിയുള്ള എഴുത്തുകാരനാണ്‌ താങ്കള്‍ . എന്നാലും സ്വാധീനിച്ച എഴുത്തുകാര്‍ ആരെങ്കിലും ഉണ്ടോ ?

ഉത്തരം - സ്വാധീനങ്ങൾ ചെറിയ പ്രായത്തിൽ ഉണ്ടായിട്ടുണ്ട് . പക്ഷെ ഞാൻ എഴുത്ത് ഗൌരവമായി എടുക്കുന്നത് 40 വയസ്സിലാണ് . അതായത് സൗദി ജീവിതമാണെന്നെ എഴുത്തിലേക്ക്‌ കൊണ്ടുവന്നത് എന്ന് പറയാം . അവിടുത്തെ മനുഷ്യരും പ്രകൃതിയുമാണ് എന്നെ സ്വാധീനിച്ചത് . 40 വയസ്സ് ഒരു നിലക്ക് നോക്കുമ്പോൾ മറ്റ് എഴുത്തുകാരുടെ സ്വാധീനങ്ങൾക്ക് വഴങ്ങാൻ പറ്റാത്ത വിധം പക്വതയുള്ള പ്രായമാണ് .

ചോദ്യം - യാത്രാ വിവരണത്തിലും കവിതകളിലും എല്ലാം ദൃശ്യമായോ അദൃശ്യമായോ വരുന്ന ഒരു ഫലസ്തീന്‍ ആഭിമുഖ്യം ഉണ്ട് . ഒരു ആദര്‍ശമായോ ഒരു വ്യക്തിയിലൂടെയോ അത് പറയാറും ഉണ്ട് . ബോധപൂര്‍വ്വമായ ഒരു ശ്രമം തന്നെയാണല്ലോ ഇത് .


ഉത്തരം - ഫലസ്തീൻ ആഭിമുഖ്യം വരാനുള്ള പ്രധാന കാരണം മഹ്മൂദ് ദർവിഷിന്‍റെ കവിതകളാണ് . എക്സൈൽ എന്ന് പറയുന്നതിന്‍റെ ശരിയായ അർത്ഥവും വികാരവും ഞാൻ മനസ്സിലാക്കുന്നത് ദർവിഷിന്‍റെ കവിതകളിൽ നിന്നും അദ്ദേഹത്തിന്‍റെ സ്മരണാ ലേഖനങ്ങളിൽ നിന്നുമാണ് . രാജ്യം , പൗരത്വം , അഭയാർഥി എന്നിങ്ങനെയുള്ള മനുഷ്യാവസ്ഥകളെ കുറിച്ച് അദ്ദേഹത്തിന്‍റെ രചനകൾ വായിച്ചിരുന്നില്ലെങ്കിൽ ഞാനൊരിക്കലും മനസ്സിലാക്കുമായിരുന്നില്ല . എന്‍റെ ഫലസ്തീൻ ആഭിമുഖ്യം അരിക് വൽക്കരിക്കപ്പെട്ട മനുഷ്യരോടുള്ള ആഭിമുഖ്യമായി വളർന്നതിന്‍റെ പിന്നിൽ ദർവിഷിന്‍റെ കവിതകളുടെ വായനയുണ്ട് . ഒരിക്കൽ ടെലഫോണിൽ വളരെക്കുറച്ച് നേരം ഞാൻ ദർവിഷുമായി സംസാരിച്ചിരുന്നു . ഫലസ്തീനിയുടെ ജീവിതത്തിൽ രണ്ട് സത്യങ്ങളാണ് , മരണവും വിപ്രവാസവും, ഉള്ളതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു .

ചോദ്യം - മരുഭൂമിയെ അടുത്തറിഞ്ഞ അല്ലെങ്കില്‍ അതൊരു മികച്ച റോ മെറ്റീരിയല്‍ ആക്കിയ ഒരാളാണ് താങ്കള്‍ . "മരുഭൂമിയുടെ ആത്മകഥ"എന്ന കൃതി അതിന്‍റെ മികച്ച ഉത്പന്നവും . ഇതിന്‍റെ രചനയിലേക്ക് എത്തിയതിനെ പറ്റി ?

ഉത്തരം - മരുഭൂമിയുടെ ആത്മകഥ എഴുതിയത് സൗദി അറേബ്യയിലെ എന്‍റെ ജീവിതം മൂലമാണ് . ഏതിടത്ത് ചെന്നാലും അവിടെയുള്ള പ്രകൃതി ശ്രദ്ധിക്കുക എന്നതിൽ ഞാൻ അതീവ തൽപരനാണ് . സൗദിയിൽ വന്നപ്പോൾ ചുറ്റും മരുഭൂമി . അതാണല്ലോ അവിടത്തെ പ്രകൃതി . അപ്പോൾ അതിനുള്ളിലൂടെ യാത്ര ചെയ്യണം എന്ന് തോന്നി . ചില സുഹൃത്തുക്കളും കൂടെ യാത്ര ചെയ്യാനുണ്ടായി . അങ്ങിനെ , മരുഭൂമിയിൽ വെള്ളമുണ്ടോ എന്ന് അന്യോഷിച്ച്‌ തുടങ്ങിയ 13 വർഷത്തെ യാത്രകളുടെ ഒരു ഘട്ടമാണ്‌ മരുഭൂമിയുടെ ആത്മകഥ പ്രതിനിധീകരിക്കുന്നത് . അതിന്‍റെ രണ്ടാം ഘട്ടമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒന്നര വർഷമായി തുടരുന്ന പ്രതിമാസ പംക്തി മരുമരങ്ങൾ .

ചോദ്യം - ബെന്യാമിന്‍റെ ആടുജീവിതം കാണിക്കുന്നത് മരുഭൂമിയുടെ പരുക്കന്‍ യാഥാര്‍ത്യങ്ങളെയാണ് . അതേ സമയം മരുഭൂമിയുടെ ആത്മകഥയിലേക്ക് വരുമ്പോള്‍ അതിന്‍റെ ആര്‍ദ്രഭാവവും മറ്റു തലങ്ങളും മാറിമാറി വരുന്നു. ഒരു കൂട്ടിവായന സാധ്യമാണോ ?


ഉത്തരം - എസ് . കെ . പൊറ്റക്കാട് വരണ്ട വിജനത എന്നാണ് മരുഭൂമിയെ വിശേഷിപ്പിച്ചത്‌ . അദ്ദേഹം സഹാറ മരുഭൂമി കണ്ടതിനെകുറിച്ചാണ് അങ്ങിനെ പറഞ്ഞത് . മുഹമ്മദ്‌ അസദ് അവതരിപ്പിക്കുന്ന മരുഭൂമി മറ്റൊന്നാണ് . തെസീഗറുടെ മരുഭൂമി മറ്റൊന്നാണ് . ഓരോ ആളും ഒരേ മരുഭൂമിയെ വ്യത്യസ്തമായി അനുഭവിക്കുകയാണ് . എന്നെ സംബന്ധിച്ച് , കേരളത്തിൽ നിന്നും പോയ ഒരാളെന്ന നിലക്ക് , പച്ചയാണ് ജൈവികതയുടെ ജീവന്‍റെ ഒക്കെ അടയാളമായി വരുന്നത് . എന്നാൽ മരുഭൂമി എന്ന ബ്രൌണ്‍ലാൻറ് സ്കേപ്പിൽ ഞാൻ ജീവന്‍റെ തുടിപ്പുകൾ കണ്ടു . വളരെ ചെറിയ
അളവിലാണെങ്കിലും വെള്ളം കണ്ടു . അതെന്‍റെ അക്കാലം വരെയുള്ള പല സങ്കൽപ്പങ്ങളേയും അട്ടിമറിച്ചു . അതുകൊണ്ട് ഞാൻ മരുഭൂമിയെ കുറിച്ചെഴുതുമ്പോൾ പരുക്കൻ അനുഭവങ്ങൾ മാത്രമല്ല , മൃദുലമായ സംഗതികളും കടന്നുവരും . അണിവയറുകളുള്ള മരങ്ങളെ ഞാൻ കണ്ടതും തൊട്ടതും മരുഭൂമിയിൽ വെച്ചാണ് . കൂട്ടത്തോടെ പറന്നുപോകുകയും മണലിൽ കൂട് വെച്ച് പാർക്കുകയും ചെയ്യുന്ന കിളികളെ കണ്ടതും അവിടെവെച്ച് തന്നെ . ദീർഘകാലം മഴ പെയ്യാത്ത മരുഭൂമിയിൽ പെയ്ത മഴയെ മരുഭൂമി ആർത്തിയോടെ വലിച്ചു കുടിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് . ജീവിതത്തിന്‍റെ വറൈറ്റി എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് മരുഭൂമിയിൽ വെച്ചാണ് . അതിനാൽ എന്‍റെ എഴുത്തിലും ആ അനുഭവങ്ങൾ കടന്നു വരിക സ്വാഭാവികമാണ് .

ചോദ്യം - മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലേക്കെത്തുമ്പോള്‍ കുറച്ചൂടെ വിശാലമായ ക്യാന്‍വാസ് കാണാം . വെറും യാത്രയല്ലത് . പ്രകൃതിയും മനുഷ്യരെയും സകല ജീവജാലങ്ങളെയും അനുകമ്പയോടെ നോക്കി കാണുന്ന ഒരു ജീവിത ദര്‍ശനം ഉണ്ടതില്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ " എന്ന അദ്ധ്യായമൊക്കെ പ്രവാസികളുടെ മാനസിക വ്യാപാരത്തിലേക്ക് തുറന്നു പിടിച്ച കണ്ണാടി പോലെയാണ് തോന്നിയിട്ടുള്ളത് . ആ രചനക്ക് പിന്നിലെ അനുഭവങ്ങള്‍ ?

ഉത്തരം - എന്‍റെ ജീവിതത്തിൽ ഞാൻ കടന്നു പോന്ന എല്ലാ കാലത്തെയും കുറിച്ചുള്ള ഓർമ്മകളുടെ പുസ്തകമാണത്‌ . എന്നെ പൂർണ്ണമായും കോരി ഒഴിക്കാനാണ് "മയിലുകൾ സവാരികിറങ്ങിയ ചെരിവിലൂടെ " ശ്രമിച്ചിട്ടുള്ളത് . അതിനെ വിധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് വായനക്കാരാണ് . ചില വായനക്കാർ മരുഭൂമിയുടെ ആത്മകഥയേക്കാൾ നല്ലത് ഈ പുസ്തകമാണ് എന്ന് പറഞ്ഞു . വീടുവിട്ടവരുടെ
ഓർമ്മപ്പുസ്തകമാണ് ഇതെന്ന് പി . ജെ . ജി . ആൻറണി അദ്ദേഹത്തിന്‍റെ മാതൃഭൂമി ലേഖനത്തിൽ വിശേഷിപ്പിച്ചു . വറ്റ് മുളപ്പിച്ചവർ എന്ന പ്രയോഗത്തെക്കുറിച്ചും ആ ലേഖനത്തെക്കുറിച്ചുമെല്ലാം വായനാക്കാർ പല തലങ്ങളിൽ നിന്ന് പ്രതികരിക്കുകയുണ്ടായി . അതിലെനിക്ക്
സന്തോഷമുണ്ട് .

ചോദ്യം - ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളരെ സജീവമായ ഇടപെടലുകളാണ് വായനാ ലോകത്ത് വരുത്തുന്നത് . മുഖ്യധാരയില്‍ നിന്ന് ചുള്ളിക്കാടും സുഷ്മേഷ് ചന്ദ്രോത്തും എൻ . പ്രഭാകരനും എല്ലാം ബ്ലോഗിലും സജീവമാണ് . എങ്ങിനെ നോക്കി കാണുന്നു . ?

ഉത്തരം - ഓണ്‍ലൈൻ മാദ്ധ്യമങ്ങളെ ഇനി ആർക്കും അവഗണിക്കാൻ പറ്റില്ല . മനുഷ്യന്റെ ആവിഷ്കാരങ്ങൾ ഒരു നാൾ ഓണ്‍ലൈനിലായിരിക്കാം കൂടുതൽ ആളുകളെ ആകർഷിക്കാൻ പോകുന്നത്

ചോദ്യം - സൈബര്‍ സ്പേസിലും മുസഫറിന്‍റെ രചനകള്‍ സജീവ ചര്‍ച്ചയാണ് . മരുഭൂമിയുടെ ആത്മകഥക്ക് തന്നെ നാലോളം ആസ്വാദന കുറിപ്പുകള്‍ ബ്ലോഗില്‍ തന്നെ വന്നിട്ടുണ്ട് . എന്നിരുന്നാലും മുഖ്യധാരയും ഓണ്‍ലൈനും തമ്മില്‍ പ്രകടമായ ഒരകല്‍ച്ചയുണ്ട് . എന്തുകൊണ്ടാവും ഇങ്ങിനെ ?

ഉത്തരം - ഗുട്ടൻബർഗ് അച്ചടി കണ്ടുപിടിച്ചപ്പോൾ കുറച്ചു കാലത്തേക്ക് ഒരു പകപ്പുണ്ടായിരുന്നു . താളിയോലയും മറ്റും എഴുതുന്നവർക്ക് സ്വാഭാവികമായും പകപ്പ് തോന്നി . സൈബർ സ്പേസും അച്ചടി മേഖലയും തമ്മിൽ ഇതുപോലുള്ള പകപ്പല്ല ഉള്ളത് . അവ തമ്മിൽ അകൽച്ച പോലും കുറച്ചു കാലം മാത്രമാണ് ഉണ്ടായത് . പിന്നീട് അച്ചടിക്കുന്നത് തന്നെ സൈബർ സ്പേസിലും ലഭ്യമാക്കാൻ എല്ലാവരും ശ്രമിക്കുന്ന കാഴ്ചക്കാണ് നമ്മളിന്ന് സാക്ഷികളാകുന്നത് .

ചോദ്യം - എങ്ങിനെയുള്ള യാത്രകളാണ് കൂടുതൽ ഇഷ്ടപ്പെടുന്നതും സന്തോഷം നൽകുന്നതും ?

ഉത്തരം - ഭൂപ്രകൃതിയും മനുഷ്യപ്രക്രുതിയും ധാരാളമായി കടന്നുവരുന്ന യാത്രകൾ . ഇതുവരെയുള്ള ധാരണകൾ അട്ടിമറിക്കപ്പെടുന്ന യാത്രകൾ . സ്വാതന്ത്ര്യത്തോടെയുള്ള യാത്രകൾ . അറേബ്യയിലെ മരുഭൂമി യാത്രക്ക് ശേഷം ഈ അടുത്ത് ആൻഡമാൻ ദ്വീപുകളിലൂടെ യാത്ര ചെയ്യുമ്പോൾ ഞാനാഗ്രഹിക്കാറുള്ള തരത്തിലുള്ള നിരവധി അനുഭവങ്ങളുണ്ടായി .

ചോദ്യം - പുതിയ രചനകൾ ?

ഉത്തരം - പ്രവാസം കേന്ദ്രീകരിച്ചുള്ള ഒരു പുസ്തകം . " എണ്ണക്കിണറെടുത്ത കണ്ണ് " ഇറങ്ങാനിരിക്കുന്നു . കുട്ടികൾക്ക് വേണ്ടി മലയാള കാവ്യ മേഖലയിൽ വലിയ സംഭാവനകൾ നൽകിയ അർണോസ് പാതിരിയെ കുറിച്ച് ഒരു പുസ്തകം എഴുതി . അതും അച്ചടിയിലാണ് .
ഒരു നോവൽ എഴുതാനുള്ള ശ്രമമുണ്ട് , വിജയിക്കുമോ എന്നുറപ്പില്ല .
                                                        -ooo-

ഞങ്ങൾ സംസാരിച്ച് നിർത്തി . ചോദിച്ച ചോദ്യങ്ങൾക്കും അപ്പുറമാണ് മുസഫറിന് പറയാനുള്ളത് . അദ്ദേഹം തന്നെ പറഞ്ഞ പോലെ "എന്നെ തന്നെ കോരി ഒഴിക്കുന്ന " അനുഭവങ്ങൾ ഇനിയും അക്ഷരങ്ങളിലൂടെ നമ്മെ തേടിയെത്തും എന്നുറപ്പ് . ഈ ചോദ്യങ്ങളേക്കാൾ ഞാനിഷ്ടപ്പെട്ടത് ഔപചാരികത ഒട്ടും ഇല്ലാതെ എനിക്ക് മുന്നിൽ തുറന്ന അനുഭവങ്ങളുടെ കലവറയാണ് . എന്‍റെ ചെറിയ ലോകത്തിലെ വലിയ സന്തോഷം . കോഫീ ഹൗസിലെ ശാന്തതക്ക് വിടപറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി . പെയ്യുമെന്ന് മോഹിപ്പിച്ച മഴമേഘങ്ങൾ എവിടെയോ പോയിമറഞ്ഞു . സൂര്യനെ അറബികടൽ തിരകൾക്കിടയിൽ ഒളിപ്പിച്ചു കഴിഞ്ഞു . വീണ്ടും പഴയ ഓർമ്മകളെ തിരിച്ചു വിളിക്കാനെന്നോണം മുസഫർ അഹമ്മദ് നഗരത്തിന്‍റെ തിരക്കുകളിലേക്ക് നടന്നു കയറി . പുതിയ അനുഭവങ്ങൾ തേടിയുള്ള ഒരു യാത്രയുടെ തുടക്കമാവാം അത് .
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ .

പാളയത്തെ നിരത്തുകളിൽ വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട് . നിലാവും പതുക്കെ എത്തിനോക്കുന്നുണ്ട് . ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്നും ഒരു ഗസൽ നിരത്തിലേക്ക് ഒഴുകിയിറങ്ങി .
"യേ പാഗല്‍ ദില്‍ മേരാ ഭുജ് ഗയാ അവാര്ഗി
ഇസ് ദഷ്‌ത് മേ ഏക്‌ ഷഹര്‍ ഥാ വോ ക്യാ ഹുവാ അവാര്ഗി"

എന്‍റെ ഈ ഉണ്മാദിയായ ഹൃദയം കെട്ടണഞ്ഞു

ഈ മരുഭൂമിയില്‍ ഒരു നഗരമുണ്ടായിരുന്നല്ലോ അതിനെന്തു പറ്റി.


(മഴവില്ലിന്‍റെ വിഷു പതിപ്പിൽ പ്രസിദ്ധീകരിച്ചത്)