Wednesday, February 14, 2018

പ്രാഗിലിപ്പോഴും വസന്തം വിരിയുന്നുണ്ട് .വെൽറ്റാവയിലൂടെ  അലക്ഷ്യമായി ഒഴുകികൊണ്ടൊരിക്കുന്ന യാനം പ്രസിദ്ധമായ ചാൾസ് ബ്രിഡ്ജും മുറിച്ചു കടന്നു .  പതിനഞ്ചാം നൂറ്റാണ്ടിൽ പൂർത്തിയായ ഈ പാലത്തിനടിയിലൂടെയുള്ള യാത്ര ചെക്ക് ചരിത്രത്തിലേക്ക് നേരിട്ടുള്ള ക്ഷണപത്രമാണ് . ബൊഹീമിയൻ രാജവംശത്തിന്റെ കാലം തൊട്ട് , ലോകമഹായുദ്ധങ്ങളും , സ്വീഡിഷ് അധിനിവേശവും വെള്ളപ്പൊക്കങ്ങളും തുടങ്ങി എത്രയെത്ര  അതിജീവനങ്ങളുടെ കഥയാണ് ചെക്ക് റിപ്പബ്ലിക്കിന്റെ മുഖമുദ്രയായ ചാൾസ്  പാലത്തിന് പറയാനുള്ളത് .  ബോട്ടിന്റെ മുകൾത്തട്ടിലേക്ക് കയറിയിരുന്നു . വെൽറ്റാവക്കിരുവശവും തണുത്ത ഡിസംബറിൽ  രാത്രിയും മഞ്ഞും ഒരുപോലെ പൂത്തിരിക്കുകയാണ് . ഞാൻ അലക്‌സാണ്ടർ ദ്യൂബ്‌ചെക്കിനെ ഓർത്തു . പ്രാഗ് വസന്തത്തെ വീണ്ടുമറിഞ്ഞു . പ്രാഗിലെ ആദ്യരാത്രിയായിരുന്നു ഇന്ന് . ബോട്ടിൽ ഒരുക്കിയ തുർക്കിഷ് ഡിന്നറും കഴിഞ്ഞു ചാൾസ് ബ്രിഡ്ജിലേക്ക് കയറി . ചരിത്രത്തോടൊപ്പം പ്രണയത്തിന്റെ മനോഹരമായ ഒരു തലം കൂടി അനുഭവപ്പെടുത്തും ഇവിടം . പാലത്തിന് അരികിലുള്ള ഗ്രില്ലകളിൽ കുടുക്കിയിരിക്കുന്ന അനേകം ലോക്കുകൾ കാണാം . വെറും പൂട്ടുകൾ അല്ലയിത്  . ലോകത്തിന്റെ പലയിടങ്ങളിൽ പരന്നൊഴുകുന്ന പ്രണയത്തിന്റെ പൊട്ടാത്ത അടയാളങ്ങളാണ് . സ്നേഹിക്കുന്നവർ അവരുടെ പേര് എഴുതി ലോക്ക് ചെയ്ത് ചാവി ചുംബിച്ച ശേഷം പുഴയിലേക്ക് വലിച്ചെറിയുന്നു . അവരുടെ പ്രണയം ഒരിക്കലും വേർപ്പെടില്ല എന്നൊരു വിശ്വാസമാണ് ഇത് . 2006 ലെ ഇറ്റാലിയൻ ബെസ്റ്റ് സെല്ലർ  ആയിരുന്ന " I want you " എന്ന നോവലിൽ നിന്നും പ്രചോദനം 

ഉൾക്കൊണ്ടാണ് ഇതൊരു ആചാരമായി മാറിയത് .യൂറോപ്പിലെ മിക്ക പുഴയ്ക്കും അതിനോട് ചേർന്നുള്ള പാലങ്ങളിലും  ഇതേ ആചാരങ്ങൾ തുടരുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു .  പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഒരാചാരമായി കാണുമ്പോൾ തന്നെ അതുയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എത്രത്തോളമാവും ? 

വിശ്വാസങ്ങളുടെ , അന്ധ വിശ്വാസങ്ങളുടെ , ചരിത്രത്തിന്റെ , യുദ്ധത്തിന്റെ , പ്രണയത്തിന്റെ ,രാജവംശപെരുമകളുടെ അനേകം കഥകൾ കേട്ടും  അറിഞ്ഞുമാണ് അഞ്ഞൂറോളം മീറ്ററുള്ള ചാൾസ് ബ്രിഡ്ജ് നമ്മൾ മുറിച്ചു കടക്കുക . ഓരോ ഇടവേളകളിലും കാണുന്ന തെരുവുഗായകരും വീടില്ലാത്തവരും  . വിവിധ സംസ്കാരങ്ങളുടെ സമ്മേളനം കൂടിയാണ് ഇവിടം. രാത്രി  ഏറെ വൈകിയിട്ടും പാലത്തിൽ തിരക്ക് കുറയുന്നില്ല . മറുകര നടന്നെത്തുമ്പോഴേക്കും ഒരു ബൊഹീമിയൻ കാലത്തോളം ചിന്തകൾ   ചെന്നെത്തും . മുകളിൽ പ്രസിദ്ധമായ പ്രാഗ് കാസിൽ ചരിത്രവും പുതച്ചുറങ്ങുന്നുണ്ട് . 


പഴയ ടൗണിലൂടെയുള്ള  പ്രദക്ഷിണം നാടും നഗരവും കൂടുതൽ അറിയാനുള്ളതായിരുന്നു. ബൊഹീമിയൻ കാലത്തിലെ വീഥികൾക്കിരുവശവും  ഗോത്തിക് വാസ്തുകലയുടെ ഭംഗി . ഓൾഡ് ടൗണിന്  ഇപ്പോഴും പഴയ രാജഭരണത്തിന്റെ ആലസ്യത്തിൽ നിന്നും മാറി നടക്കാൻ മടിയുള്ളപോലെ .  ചില നഗരങ്ങൾ അങ്ങിനെയാണ് . പാരമ്പര്യത്തെ വിട്ടുപോരാൻ കൂട്ടാക്കാത്ത ഒരദൃശ്യമായ വികാരം ആ തെരുവുകളെ വലയം ചെയ്തുകൊണ്ടിരിക്കും . നഗരത്തിലൂടെ ഒഴുകി നീങ്ങുന്ന കരുത്തരായ കുതിരകൾ വലിക്കുന്ന വണ്ടികളിലൊന്നിൽ ഒരു ബൊഹീമിയൻ ചക്രവർത്തിയെ സങ്കൽപ്പിച്ചിരുത്താം . ആറ് നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രമാണ് ഓൾഡ് ടൗണിലെ ആസ്ട്രോണമിക്കൽ ക്ളോക്കിന് പറയാനുള്ളത് . വട്ടം കൂടിനിന്ന് ഓരോ മണിക്കൂറിലെയും മണിയടികളിലേക്ക് കാതും കൂർപ്പിച്ചിരിക്കുന്ന സഞ്ചാരികളിലേക്ക് അറുനൂറ് സംവത്സരങ്ങളുടെ ചരിത്രം പറയുന്നുണ്ട് പ്രാഗിന്റെ  മറ്റൊരു അഭിമാനമായ ഈ ക്ളോക്ക് ടവർ .  സമയം അറിയിക്കുക എന്ന  നിയോഗം മാത്രമല്ല ഉദയാസ്തമയങ്ങൾ അടക്കം പല ജ്യോതിശ്ശാസ്ത്രവിവരങ്ങളും നൽകുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ് .    ഓൾഡ് ടൗൺ അവസാനിക്കുന്നത് Wenceslas സ്‌ക്വയറിലാണ് . ഒരുപക്ഷേ ചെക്ക് റിപ്പബ്ലിക്കിന്റെ തന്നെ പിറവിയോട് ഏറ്റവും കൂടുതൽ ചേർന്നിരിക്കുന്നത് ഇവിടത്തെ സ്മാരകമാവും . കാരണം സോവിയറ്റ് യൂണിയനിൽ നിന്നും വേർപ്പെട്ടുപോരാൻ ചെക്കോസ്ലോവേക്യക്കാർ നടത്തിയ വെൽവെറ്റ് റെവല്യൂഷൻ നടന്നത് ഇവിടെയാണ് . രണ്ടു ലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത സമരം പുതിയ ചരിത്രമാണ് രചിച്ചത് . പിന്നേ ചെക്കോസ്ലോവേക്യ പിളർന്ന് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കും സ്ലോവേക്യയും പിറന്നു . ചില വിഭജനങ്ങൾ വേദനാജനകമാണ് . ഒരാളുടെയെങ്കിലും ഹൃദയത്തെ ചെറുതായെങ്കിലും മുറിപ്പെടുത്താതെ ഒരു വിഭജനവും സാധ്യമാവില്ല തന്നെ . രക്തരഹിതമായ വിഭജനങ്ങളിൽ പോലും അസ്വസ്ഥമാക്കപ്പെടുന്ന ചിലതുണ്ട് . അതുകൊണ്ടായിരിക്കും രാജ്യാതിർത്തികൾ എപ്പോഴും മുറിവുണങ്ങാതെ നീറികൊണ്ടേയിരിക്കുന്നത് .നാഷണൽ മ്യൂസിയം കാണണമെന്നത്  വലിയൊരു ആഗ്രഹമായിരുന്നു  . പക്ഷേ  അറ്റകുറ്റ പണികൾക്കായി അടച്ചിട്ട മ്യൂസിയം ഇനി രണ്ടായിരത്തി ഇരുപതിലേ തുറക്കൂ എന്ന വാർത്ത വലിയ നിരാശയാണ് നൽകിയത് . കുറേ സമയമായുള്ള നടത്തം കാരണം ക്ഷീണിച്ചിരുന്നു . നേരത്തെ ചോദിച്ചു മനസ്സിലാക്കിയ പുതിയ ടൗണിലെ ഇസ്‌താംബൂൾ കബാബിലേക്ക് കയറി . ചെറുതെങ്കിലും നല്ല അന്തരീക്ഷമുള്ള ഭക്ഷണശാല  . അതി രുചികരമായ ടർക്കിഷ് ബീഫിനൊപ്പം അയിരനും കൂടിയായപ്പോൾ മനസ്സും നിറഞ്ഞു . വീണ്ടും നടത്തം തുടരുമ്പോഴാണ് ടെന്നീസ് റാക്കറ്റുമായി രണ്ട് പെൺകുട്ടികൾ ചിരിച്ചുകൊണ്ട് നടന്നുപോകുന്നത് കണ്ടത് . ആ കാഴ്ചയുടെ നീളം അങ്ങ് സെന്റർ  കോർട്ട് വരേയെത്തി .യാന നൊവോത്ന എന്ന ചെക്കോസ്ലൊവോക്യയുടെ ദുഃഖപുത്രിയുടെ കണ്ണീർവീണ 1993 ലെ ആ വിംബിൾഡൺ ഫൈനൽ . വിജയിയായ സ്റ്റെഫി ഗ്രാഫിനെക്കാളും ലോകം ചേർത്തുപിടിച്ചത് നൊവോത്നയുടെ കണ്ണീരിനെയായിരുന്നു . കഴിഞ്ഞ നവംബറിൽ അർബുദം ബാധിച്ച് അവർ  വിടവാങ്ങി . ഞാനാ കുട്ടികളെ നോക്കി . അവർ അദൃശ്യരായിരിക്കുന്നു .  രണ്ടു ദിവസം കഴിഞ്ഞു ഓസ്ട്രിയയിലേക്ക് പോകുമ്പോൾ ബിർണോയിൽ (Brno ) ഇറങ്ങിയിരുന്നു ഉച്ചഭക്ഷണത്തിന് . ഇവിടെയായിരുന്നു നൊവോത്ന അവസാനകാലങ്ങൾ കഴിഞ്ഞത് . ബിർണോയിലെ  തണുത്ത ഉച്ചക്ക് ഭക്ഷണവും കഴിഞ്ഞു തെരുവിലൂടെ നടക്കുമ്പോൾ ഒരിക്കൽ കൂടി നൊവോത്നയെ  ഓർത്തു . പിന്ന youtube ൽ കയറി വിംബിൾഡൺ കോർട്ടിലെ  ആ പഴയ രംഗം ഒരിക്കൽ കൂടെ കണ്ടു .മൈനസ് സിക്‌സിൽ പ്രാഗ് മരവിച്ചിരിക്കുകയാണ് .  ചരിത്രപഠന ക്ലാസ്സിൽ താല്പര്യപൂർവ്വം ഇരിക്കുന്നൊരു കുട്ടിയുടെ കൗതുകമാണ് എനിക്ക് . അതുകൊണ്ട് തന്നെ ഈ രാത്രിയിൽ  ഉറക്കം അന്യം നിന്നു . ജാക്കറ്റും എടുത്തിട്ട് ഞാൻ തെരുവിലേക്കിറങ്ങി .   അകലെ പെട്രിൻ കുന്നിനുമുകളിൽ നിന്നും ചെറിയ വെളിച്ചം കാണുന്നുണ്ട് . അവിടെ ഈഫൽ ടവറിന്റെ ചെറിയൊരു മാതൃകയുണ്ട്‌ . ചെക്കിന്റെ സമഗ്രമായൊരു വീക്ഷണം അവിടെ കയറിയാൽ സാധ്യമാകുമെന്ന്  കേട്ടിട്ടുണ്ട് . തെരുവിൽ തിരക്ക് കുറവാണ് . ഇടവിട്ട് നീങ്ങുന്ന ട്രാമുകളിൽ ആളുകൾ കുറവുണ്ട് .  വഴികളിൽ നിരയൊത്തുനിൽക്കുന്ന ലിപ മരങ്ങൾ . ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയമരമാണത്രേ ഇത് . ഹൃദയത്തിന്റെ ആകൃതിയാണ് ഇതിന്റെ ഇലകൾക്ക് . പക്ഷേ ഇപ്പോഴവക്ക് ഇലയില്ലാത്ത കാലങ്ങളാണ് . നവംബർ മുതൽ ഇലകൾ കൊഴിഞ്ഞു തുടങ്ങുന്ന ലിപ  മരങ്ങൾക്ക് അടുത്ത വർഷം  ഏപ്രിൽ മുതൽ മാത്രമേ പുതിയ ഇലകൾ തളിർത്തുവരികയുള്ളൂ . അതുവരേ അവയിൽ മഞ്ഞുത്തുള്ളികൾ കൂടുകൂട്ടും . വഴിയരികിൽ ഒരു നായയെയും മടിയിൽ വെച്ചിരിക്കുന്ന ഒരു യാചകനിരിക്കുന്നു . ആ നായയേയും അയാൾ ജാക്കറ്റുകൊണ്ട് പുതച്ചിട്ടുണ്ട് . കയ്യിലുണ്ടായിരുന്ന ഏതാനും ചെക്ക്  കൊറൂണ  അയാൾക്ക് കൊടുത്തു . ഒരുപക്ഷേ ഈ രാത്രിയിലെ അത്താഴത്തിന് അയാൾക്കും ആ നായക്കും അത് മതിയാകുമായിരിക്കും . കുതിരപ്പുറത്ത് റോന്തുചുറ്റുന്ന രണ്ട് വനിത പോലീസ് ഓഫീസർമാർ കടന്നുപോയി . അപരിചിതമായൊരു  നഗരത്തിൽ രാത്രി ഇറങ്ങിനടക്കുന്നതിൽ ഒട്ടും പ്രയാസം തോന്നുന്നില്ല . കൂടുതലും പുറമേനിന്നുള്ള സഞ്ചാരികളാണ് . എന്നെപോലെ ഉറക്കം നഷ്ടപ്പെട്ട ചിലരെങ്കിലുമുണ്ടാവും അതിൽ .  യാത്രകളിൽ ഏറ്റവും കുറച്ചുറങ്ങുന്നതാണ് എന്റെ പതിവ് . നന്നായി മഞ്ഞുവീണു തുടങ്ങിയപ്പോൾ രാത്രിസഞ്ചാരം മതിയാക്കി മടങ്ങേണ്ടി വന്നു .  വിലപേശലില്ലാതെ അഞ്ചു യൂറോക്ക് ഒരു ടാക്‌സിക്കാരൻ  ഹോട്ടലിലെത്തിച്ചു .  ഒരു സ്വപ്നജീവിയെപോലുള്ള  അയാളുടെ മുഖം ഇന്ത്യൻ  എക്സ്പ്രസ്സ് എഡിറ്റർ രാജ്കമല്‍ ഝാ യെ ഓർമ്മിപ്പിച്ചു . പ്രസിദ്ധമായ പ്രാഗ്  കാസിലിലേക്കുള്ള യാത്ര അതിമനോഹരമായിരുന്നു . ഇരുവശങ്ങളിലും മഞ്ഞുവീണ മരങ്ങൾക്കിടയിലൂടെയുള്ള യാത്ര ഫെയറി ടെയിലുകളിൽ വായിച്ചു മറിഞ്ഞ  കാൽപനിക കൊട്ടാരത്തിലേക്കുള്ള വഴികൾ പോലെ തോന്നിച്ചു  . ആ സങ്കൽപങ്ങളെ ശരിവെക്കുന്ന ഒന്നിലേക്കുതന്നെയാണ് എത്തിപ്പെട്ടതും . എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മാണം തുടങ്ങിയ കാസിലിന്റെ ശില്പഭംഗി അതിശയിപ്പിക്കുന്നതാണ് . ഗോത്തിക് വാസ്തുകലതന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത് . ആയിരം വർഷങ്ങളുടെ കഥ  പറയുന്ന ഒരു സ്മാരകമിങ്ങിനെ നമ്മുടെ കണ്മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുകയാണ് . ഒരിക്കൽ അഡോൾഫ് ഹിറ്റ്ലറും ഇവിടെ ഒരു ദിവസം താമസിച്ചിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട് . ഒരുപക്ഷേ കാസിലിന്റെ മതിലുകൾ കയ്പോടെ ഓർക്കുന്ന സംഭവം അതുതന്നെയാവും . ചരിത്രം ചിലപ്പോൾ അങ്ങനെയാണ് . വേദനിപ്പിക്കുന്ന ചില കാര്യങ്ങളും അതിലേക്ക് എഴുതിച്ചേർക്കേണ്ടി വരാറുണ്ട് . അങ്ങനെയൊക്കെയാണ് ചരിത്രങ്ങൾ രൂപപ്പെടുന്നതും . ഈ ആയിരം വർഷങ്ങൾക്കിടയിൽ സംഭവിച്ചുപോയൊരു ലോകമുണ്ടല്ലോ . ബൊഹീമിയൻ രാജവംശം തൊട്ട് ജീവിച്ചു മറഞ്ഞുപോയ മനുഷ്യരും നാഗരികതയും . ഇനി കടന്നു വരാനിരിക്കുന്നൊരു തലമുറക്ക് മുന്നിലും ചരിത്ര ഗവേഷണങ്ങൾക്കായി  പ്രാഗ് കാസിലിന്റെ ഗോപുരങ്ങൾ ഉയർന്നുതന്നെ നിൽക്കും . 
കാസിലിൽ നിന്നും കുറച്ചുമാറി വരിവരിയായി നിൽക്കുന്ന കുറെ വീടുകൾ കാണാം . അതിലൊന്നിന്റെ ചരിത്രം നിങ്ങളെ അവിടെ കുറച്ചുനേരം പിടിച്ചു നിർത്തും എന്നുറപ്പ് . ലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കാഫ്ക ജനിച്ച വീടാണത് . ആ വീടിന്റെ നരച്ച ചുവരുകളിലേക്ക് നോക്കിനിൽക്കുന്ന നിമിഷങ്ങളിൽ പരിസരത്തിന് അക്ഷരങ്ങളുടെ ഗന്ധം വന്നുമൂടും . അകത്തേക്ക് കയറിയാൽ ലോകത്തെ വിസ്‍മയിപ്പിച്ച കഥാപാത്രങ്ങൾ നമ്മെ വലയം ചെയ്യും . സങ്കടങ്ങൾ  നിറഞ്ഞ ഈ വീട്ടിലെ  ബാല്യമാണ് തന്നെയൊരു  എഴുത്തുകാരനാക്കിയതെന്ന്  കാഫ്ക തിരിച്ചറിഞ്ഞിട്ടുണ്ട് . ഒട്ടും യോജിച്ചുപോവാത്ത അച്ഛനുമായുള്ള ജീവിതം . " നിങ്ങളെക്കുറിച്ചാണ് എന്റെ എഴുത്തുകളെല്ലാം ,  നിങ്ങളുടെ തോളിലിരുന്ന്  കരയാനാകാത്ത കാര്യങ്ങളെ കുറിച്ചാണ്    അവയിലോറി  നിലവിളിയായി കേൾക്കുന്നത്"  എന്ന് അച്ഛനുള്ള കത്തിൽ അദ്ദേഹം പറഞ്ഞതായി വായിച്ചിട്ടുണ്ട് . . ഒരിക്കൽക്കൂടി  കൂടി ആ വീടിന്റെ അകത്തളങ്ങളിലേക്ക് നോക്കി . നിസ്സഹായനായൊരു കുട്ടിയുടെ ഏങ്ങലുകൾ കേൾക്കുന്നപോലെ . ഞാൻ കാസിലിന്റെ ചരിത്രം മറന്നു , അതിനകത്തെ ഗോത്തിക് ശില്പചാരുതയെ മറന്നു , ഗോപുരങ്ങളുടെ ഉയരങ്ങൾ മറന്നു . ഈ കൊച്ചുകൂരയിലേക്ക് കയറി വരുന്ന ഓരോ സഞ്ചാരിയും കാഫ്കയെ വായിച്ചവരാണ് . എങ്കിലും അവരെ വേട്ടയാടുന്നത് ആ കുട്ടിയാകും എന്നുറപ്പ് , കുറെ പെൺകുട്ടികൾ കയറിവന്നു . കാഫ്കയുടെ നിരവധി കാമുകിമാരുടെ മുഖം ഞാനവരുടേതുമായി ചേർത്തുവെച്ചു . പുറത്തിറങ്ങി മുന്നോട്ട് നടന്നാൽ താഴെ വെൽറ്റാവ നദി ഒഴുകുന്നത് കാണാം . ഉറക്കം വരാതെ ഏങ്ങിയേങ്ങി കരഞ്ഞിരുന്ന  രാവിലും പകലിലും ഒരു പക്ഷേ കാഫ്ക ഇവിടേക്ക് ഓടിവന്നിട്ടുണ്ടാവും . ഈ പുഴയെ  നോക്കി സങ്കടങ്ങൾ പറഞ്ഞുതീർത്തിട്ടുണ്ടാവും . ആ സങ്കടങ്ങൾ കേട്ടുമരവിച്ച വെൽറ്റാവ ഒരുനിമിഷം ഒഴുകാൻ മറന്നു കാണണം .


ചെക്കിലെ ദിവസങ്ങൾ അവസാനിക്കുകയാണ് . ഞാനൊരിക്കൽ കൂടെ വെൽറ്റാവയുടെ തീരത്തേക്കോടി . എനിക്കെന്തോ ഈ പുഴയോടൊരു പ്രണയം തോന്നിത്തുടങ്ങിയിരുന്നു . ഇതിലെ സുന്ദരികളും സുന്ദരന്മാരുമായ അരയന്നങ്ങളോട് , ചാൾസ് ബ്രിഡ്ജിലെ പ്രണയസ്മാരകങ്ങളോട് , അവിടത്തെ തെരുവ് ഗായകരോട് . പുഴയിലൊരു ഒറ്റവഞ്ചിയിൽ ഒരാളിരുന്ന് ചൂണ്ടയിടുന്നു . ഞാനയാളുടെ മുഖത്തെ ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന കഥയിലെ സാനിയാഗോയോട് ചേർത്തുവെച്ചു . എന്നാലും സാന്റിയാഗോയെ പോലെ ഒരു കാത്തിരിപ്പ് അയാൾക്കുണ്ടാവാതിരക്കട്ടെ . വെൽറ്റാവയിൽ സുലഭമായി കിട്ടുന്ന കാർപ്പ് മീനുകളാൽ അയാളുടെ ദിവസം ധാന്യമാവട്ടെ .


 അല്പസമയം കഴിഞ്ഞു ഓസ്ട്രിയയിലേക്ക് പോവുമ്പോൾ ഒരിക്കൽ കൂടെ വെൽറ്റാവ മുന്നിലെത്തി . അതിന്റെ തീരത്തിരുന്നു ഫ്രാൻസ് കാഫ്ക കരയുന്ന പോലെ . ഇനിയും പുറത്തുവാരാത്ത എത്രയെത കാഫ്കകഥകൾ ഉള്ളിലൊളിപ്പിച്ചാവണം വെൽറ്റാവ ഒഴുകികൊണ്ടിരിക്കുന്നത് ...!