Sunday, December 6, 2020
ഈ രാത്രി പ്രണയം നോൽക്കാനുള്ളതാണ്.
വാൾപ്പാറക്കൊരു നിഗൂഡ സൗന്ദര്യമുണ്ട്. വാരിപുണരുന്നൊരു വന്യഭാവമുണ്ട്. നിലാവുള്ള രാത്രികളിലത് കൂടുതൽ മാദകമായി തോന്നും. ഗസലുകളും ഖവാലികളും ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുന്നത് ഇത്തരം സമയങ്ങളിലാണ്. എനിക്ക് ഹാറൂൺ ബച്ചയെ കേൾക്കണമെന്ന് തോന്നി. ബാക്കുവിലെ ഒരു പാകിസ്ഥാനി റസ്റ്റോറന്റിൽ നിന്നാണ് ഹാറൂൺ ബച്ചയെ ആദ്യമായി കേൾക്കുന്നത്. അവിടത്തെ ഡിജെ വഖാസ് അലി മൊബൈലിലേക്ക് ബച്ചയുടെ ഏതാനും പാട്ടുകൾ പകർത്തിത്തന്നു. പിന്നെ തേടിപ്പിടിച്ചു കേൾക്കുന്നൊരു ശീലമായി. ബച്ചയുടെ ടപ്പയും ഗസലുകളും പ്ലേലിസ്റ്റുകളിൽ കയറിക്കൂടി. അത്രയും പ്രണയാതുരമാണ് ഹാറൂൺ ബച്ചയുടെ ശബ്ദം.
ബാക്കുവിലെ തെരുവുകൾക്കും പ്രണയത്തിന്റെ മണമാണ്. ആ ഹോട്ടൽ നിന്നിരുന്ന തെരുവിലെ രാത്രി ഞാനൊരിക്കലും മറക്കില്ല. അതൊരു പുരാതനമായ തെരുവാണ്. നവംബറിലെ മഞ്ഞുകാലം. റോഡരികിലെ ചിനാർ മരങ്ങളിളെല്ലാം മഞ്ഞുവീണ് പൊതിഞ്ഞിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റിൽ അവയെല്ലാം മഞ്ഞുപൂക്കൾപോലെ തിളങ്ങിനിന്നു. ഹോട്ടലിൽനിന്നുമിറങ്ങി ആ തെരുവിലൂടെ നടക്കുമ്പോൾ ഹാറൂൺ ബച്ചയുടെ പാട്ടുകൾ പിന്തുടർന്നു. ഓരോ കാൽവെപ്പിലും ഒരുകോടി പ്രണങ്ങൾ വന്നെന്നെ പൊതിഞ്ഞു. ബാക്കുവിലെ പുരാതനമായ ആ തെരുവിലെ രാത്രി എന്നെ കൂടുതൽ ഉന്മാദിയാക്കി. മങ്ങിയ വെളിച്ചം നിറഞ്ഞ അപ്പാർട്ടുമെന്റുകളിലെ നിഴലുകളിൽ പ്രണയം മറഞ്ഞിരിക്കുന്നപോലെ തോന്നി.
ഹാറൂൺ ബച്ചയെ കേൾക്കുമ്പോഴെല്ലാം ആ തെരുവ് മുന്നിൽ വന്നുനിൽക്കും. അവിടത്തെ മഞ്ഞുപൂക്കളും പ്രണയരാത്രിയും പുനർജ്ജനിക്കും. സംഗീതം അങ്ങനെയാണ്. പ്രിയപ്പെട്ടൊരു പാട്ട് ആദ്യമായി കേൾക്കുന്ന സ്ഥലമാകും പിന്നീട് ആ പാട്ടുകളുടെ സ്വരസ്ഥാനങ്ങൾ. പതിഞ്ഞ താളത്തിൽ ബച്ച പാടുന്നു. ഈ രാത്രി പ്രണയം നോൽക്കാനുള്ളതാണ്.
Sunday, January 8, 2017
ബർമാഗിലെ മഞ്ഞുപൂക്കൾ
മൈനസ് 2 സെൽഷ്യസിൽ ബാക്കു നഗരം തണുത്തു വിറച്ചു നില്‍ക്കുമ്പോഴാണ്
അസർബൈജാൻ തലസ്ഥാനത്ത് വിമാനമിറങ്ങുന്നത്. . മുഖത്തേക്ക് പാറി വീഴുന്ന
ചെറിയ മഞ്ഞുപാളികൾ ഒരു പുഷ്‌പാർച്ചന പോലെ നഗരം ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി
തോന്നിപ്പിച്ചു . കാസ്പിയൻ കടലും കടന്നെത്തിയ കാറ്റ് നഗരം മുഴുവൻ നിറഞ്ഞു
നിൽക്കുന്ന ഒലീവ്മരങ്ങളെ തഴുകിവന്ന് ഞങ്ങളെ തൊട്ടു .
മഞ്ഞുകാലമെന്നാൽ പ്രണയമാണ് . ബാക്കുവിലെ തെരുവുകൾക്ക് പ്രണയത്തിന്റെ മണമാണ്. മേപ്പിൾ - ചിനാർ മരങ്ങൾ അതിരിട്ട നിരത്തുകളിലൂടെ ആ ഗന്ധവും ശ്വസിച്ച് നടന്നു . മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത് കാണാനെന്ത് ഭംഗിയാണ്! . കാലാകാലങ്ങളില്‍ പ്രണയിനികള്‍ കണ്ടുകൂട്ടിയ കാല്പനിക സ്വപ്നങ്ങളാവണം മേപ്പിൾ -ചിനാര്‍ മരങ്ങള്‍ക്കിത്ര സൌന്ദര്യം. പ്രാചീനതയുടെ ഗാഭീര്യം നഗരത്തിന് കൂടുതൽ പ്രൌഢിയേകുന്നു . ഞാനീ നിരത്തുകളിൽ ആരെ തേടണം? പഴയ സോവിയറ്റ് സംസ്കാരത്തിന്റെ അവശിഷങ്ങൾക്കിടയിൽ ദസ്തയേവിസ്കിയുടെ അന്നയെ തിരഞ്ഞു . ഒരു പൂക്കൂടയും പിടിച്ച് എനിക്കെതിരെ വരുന്ന അന്നയെ കൊഴിഞ്ഞു വീഴുന്ന മേപ്പിൾ ഇലകൾക്കിടയിലൂടെ ഞാൻ കണ്ടു . അന്ന കൂടുതൽ സുന്ദരിയായിരിക്കുന്നു. എത്രയെത്ര ഋതുക്കളിലൂടെ പിറകോട്ട് പോയാണ് ഈ നിമിഷം അന്നയെ പുനർജ്ജനിപ്പിച്ചത് . ചില പരിസരങ്ങൾ വരച്ചുകാട്ടുന്ന പ്രണയചിത്രങ്ങളാണത്. സോവിയറ്റ് സ്മരണകളുടെ ചെറിയൊരു അംശം പോലും ഉരുക്കിയൊലിക്കാൻ കാത്തിരിക്കുന്നൊരു മണ്ണിൽ പഴയ റഷ്യയുടെ അവശിഷ്ടം തേടുന്നത് ചരിത്രപരമായി ശരിയല്ലായിരിക്കാം . പക്ഷേ കാൽപ്പനികതളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരിക്ക് അതാവാം.
മഞ്ഞുകാലമെന്നാൽ പ്രണയമാണ് . ബാക്കുവിലെ തെരുവുകൾക്ക് പ്രണയത്തിന്റെ മണമാണ്. മേപ്പിൾ - ചിനാർ മരങ്ങൾ അതിരിട്ട നിരത്തുകളിലൂടെ ആ ഗന്ധവും ശ്വസിച്ച് നടന്നു . മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത് കാണാനെന്ത് ഭംഗിയാണ്! . കാലാകാലങ്ങളില്‍ പ്രണയിനികള്‍ കണ്ടുകൂട്ടിയ കാല്പനിക സ്വപ്നങ്ങളാവണം മേപ്പിൾ -ചിനാര്‍ മരങ്ങള്‍ക്കിത്ര സൌന്ദര്യം. പ്രാചീനതയുടെ ഗാഭീര്യം നഗരത്തിന് കൂടുതൽ പ്രൌഢിയേകുന്നു . ഞാനീ നിരത്തുകളിൽ ആരെ തേടണം? പഴയ സോവിയറ്റ് സംസ്കാരത്തിന്റെ അവശിഷങ്ങൾക്കിടയിൽ ദസ്തയേവിസ്കിയുടെ അന്നയെ തിരഞ്ഞു . ഒരു പൂക്കൂടയും പിടിച്ച് എനിക്കെതിരെ വരുന്ന അന്നയെ കൊഴിഞ്ഞു വീഴുന്ന മേപ്പിൾ ഇലകൾക്കിടയിലൂടെ ഞാൻ കണ്ടു . അന്ന കൂടുതൽ സുന്ദരിയായിരിക്കുന്നു. എത്രയെത്ര ഋതുക്കളിലൂടെ പിറകോട്ട് പോയാണ് ഈ നിമിഷം അന്നയെ പുനർജ്ജനിപ്പിച്ചത് . ചില പരിസരങ്ങൾ വരച്ചുകാട്ടുന്ന പ്രണയചിത്രങ്ങളാണത്. സോവിയറ്റ് സ്മരണകളുടെ ചെറിയൊരു അംശം പോലും ഉരുക്കിയൊലിക്കാൻ കാത്തിരിക്കുന്നൊരു മണ്ണിൽ പഴയ റഷ്യയുടെ അവശിഷ്ടം തേടുന്നത് ചരിത്രപരമായി ശരിയല്ലായിരിക്കാം . പക്ഷേ കാൽപ്പനികതളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരിക്ക് അതാവാം.
പോരാട്ടത്തിൻറെ തെരുവ്
മാർട്ടിയർ ലെയിനു മുന്നിലെത്തിയപ്പോള്‍ പൂക്കൾ വിൽക്കുന്നവർ ചുറ്റും കൂടി . മഞ്ഞിന്
ഘനീഭവിച്ച ദുഖങ്ങളുടെ മുഖമുണ്ടെങ്കിൽ ആ ചരിത്രം നിങ്ങളെ ഇവിടെയെത്തിക്കും, കറുത്ത ജനുവരി എന്ന് പേരിട്ടു വിളിക്കുന്ന ഒരു
പോരാട്ട ദിനത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മയിലേക്ക് . അസർബയ്ജാൻ കരഞ്ഞ ദിവസമാണത്. നൂറ്റിനാൽപതോളം സാധാരണക്കാർ സോവിയറ്റ്
പട്ടാളത്തിന് മുന്നിൽ മരിച്ചുവീണ ദിവസം . ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ മോഹങ്ങളെ
ജ്വലിപ്പിച്ച സമരം . മാർട്ടിയാർ ലൈനിലെ സമര സ്മാരകത്തിനകത്ത് കെടാതെ കത്തുന്ന തീജ്വാലയുണ്ട് . അതിനൊരുവശത്ത് മരിച്ചുവീണവരെല്ലാം അടുത്തടുത്തായി ഉറങ്ങുന്നു
. അവരുടെ ചിത്രങ്ങൾ പതിപ്പിച്ച ആദ്യത്തെ അസ്ഥിമാടം തന്നെ നമ്മുടെ ഉള്ളം ഉലക്കുമെന്നുറപ്പ് . അടുത്തടുത്തായുറങ്ങുന്ന ഇണകള്‍. . തന്റെ പ്രിയപ്പെട്ടവൻ മരണപ്പെട്ടതറിഞ്ഞു
ജീവൻ ഹോമിച്ച പ്രിയതമ . അവക്കൊരുമിച്ചു തന്നെ നിത്യനിദ്രയ്ക്കായി ഇടവുമൊരുങ്ങി .ഒരുപക്ഷേ ആ ഒരു സമരത്തിന്റെ ഭാഗമായി ജീവൻ നഷ്ടപ്പെട്ട ഒരേയൊരു സ്ത്രീയും
അവരാകണം .രണ്ടും സമർപ്പണം തന്നെ . മാർട്ടിയാർ ലൈനിലെ തീജ്വാലകൾക്ക് ചൂട് കൂടുന്നു
. ഈ ശവകുടീരത്തില്‍ കിടക്കുന്നവരുടെ സമരവീര്യം ഇപ്പോഴും തിളക്കുന്നുണ്ടാവണം . മറുവശത്ത്
നിരയൊപ്പിച്ച് കായ്ച്ചുനിൽക്കുന്ന ഒലീവ് മരങ്ങൾ . യുദ്ധവും സമാധാനവും. ഇവിടെ നിന്നാൽ
കാസ്പിയൻ കടലിന്‍റെ മനോഹരമായ ദൃശ്യം അനുഭവിക്കാം. നഗരമിഴഞ്ഞു കടലിലേക്കിറങ്ങി ചെല്ലുന്നു. ഉപ്പുരസമുള്ള
കാറ്റ്. അത് അസർബൈജാനികളുടെ കണ്ണീരിന്റെ ഉപ്പാണ് . നമ്മളേയും ഒലീവ് മരങ്ങളേയും തഴുകി ആ കാറ്റ്
പിന്നെ കബറുകളെ വലയം ചെയ്യും. അങ്ങനെ നമ്മളും ആ കറുത്ത ജനുവരിയുടെ ഓര്‍മ്മകളില്‍
ചാരും.
മുൾത്താൻ എന്ന വിശ്രമകേന്ദ്രം
സിൽക്ക് റോഡിലൂടെ
നഗരവും കണ്ടു നടക്കുമ്പോഴാണ് മുൾട്ടാൻ കാരവൻസെറായി ((multani Caravanserai) എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത് . മുൾട്ടാൻ എന്ന
പേര് പാകിസ്ഥാനുമായി ബന്ധപ്പെട്ടതാണ് എന്നറിയാം; അതുകൊണ്ട്തന്നെ ഈ നഗരവും അതുമായുള്ള ബന്ധം അറിയണമെന്ന് തോന്നി
. പതിനഞ്ചാം നൂറ്റാണ്ടിൽ മുൾട്ടാനിൽ നിന്നുള്ള കച്ചവടക്കാർ വിശ്രമിക്കുന്ന
സ്ഥലമായിരുന്നു ഇത് . എനിക്കത്ഭുതം തോന്നി . എത്ര ദൂരങ്ങൾ
താണ്ടിയാവണം യാത്രാ സൗകര്യം പോലും പരിമിതമായ ഒരു കാലത്ത് അവരിവിടെ എത്തിപ്പെട്ടത് ! . മറ്റൊന്നുണ്ട് , അന്നത് ഇന്ത്യയാണ് . വിഭജനം നടന്നത് പിന്നെയാണ്
. മുൾട്ടാൻ ഇപ്പോൾ പാകിസ്ഥാനിലാണെങ്കിലും , ഈ ചരിത്രം ഇന്ത്യയുടേത്കൂടിയാണ് . ഈ ചിന്തകൾ , ഈ ചരിത്രത്തിന് മേലുള്ള എന്റെകൂടെ അവകാശം മാനസികമായി സ്ഥാപിച്ചെടുത്തു . ബാക്കുവിലെ പുരാതനമായ ഈ നഗരത്തിൽ അത്രയും
പുരാതനമായ ഒരു ബന്ധത്തിന്റെ സ്മാരകം , ഒരു മാറ്റത്തിനും ഇടം കൊടുക്കാതെ മറ്റൊരു
രാജ്യം അതേ പേരിൽ സംരക്ഷിച്ചു നിർത്തപ്പെടുന്നു.
ചരിത്രത്തോടും സംസ്കാരത്തോടുമുള്ള ബഹുമാനം കൂടിയാണത് . ഉള്ളിലേക്ക് കയറിയാൽ അധികം
വിശാലതയൊന്നുമില്ലാത്ത ഒരു ഇടത്താവളം പോലെ. ഇപ്പോഴത് സഞ്ചാരികൾക്ക് കാണാനായി മാത്രമുള്ള
ഒരു സ്മാരകം മാത്രമാണ് . വൈകുന്നേരങ്ങളിൽ ചിലപ്പോൾ ചായ കിട്ടാറുണ്ട് എന്നറിഞ്ഞു . സമയം അനുവദിക്കുമായിരുന്നെങ്കിൽ , ഒരു വൈകുന്നേരം ഇവിടെ വന്നിരുന്ന് ഞാനൊരു ചായ
കുടിച്ചേനേ .
പതിനഞ്ചാം
നൂറ്റാണ്ടിലെ ഒരു ഇന്ത്യൻ കച്ചവടക്കാരന്റെ വേഷം മനസ്സിലണിഞ്ഞ് ഓരോ തുള്ളി ചായയിലൂടെയും പഴയൊരു കാലത്തിന്റെ
രുചി ഞാൻ ആസ്വദിച്ചേനെ .
യാനാർ ദാഗിലേക്ക്
യനാർ
ദാഗിലേക്കുള്ള യാത്രയിൽ ഗ്രാമങ്ങളുടെ ഭംഗിയും അറിയാം . നഗരത്തിന്റെ പകിട്ടിൽ ആകൃഷ്ടമാവാത്ത ഗ്രാമങ്ങൾ . വഴിയരികിലെല്ലാം പൂക്കൾ വിൽക്കുന്നവരെ കാണാം. തൊണ്ണൂറ് ശതമാനത്തിലധികവും മുസ്‌ലിംങ്ങളുള്ള
രാജ്യമാണ് അസർ ബയ്ജാൻ . ഖാർസ്ഥാനുകളിലെ മീസാൻ കല്ലുകളിൽ മരിച്ചവരുടെ രൂപവും
കൊത്തിവെച്ചിട്ടുണ്ട് . പൂക്കൾ അർപ്പിക്കുവരേയും കാണാം . റഷ്യൻ സ്വാധീനമാണ് ഇതിന്
പിറകിലെന്ന് എൽച്ചിൻ എന്ന ഗൈഡ് പറഞ്ഞു . ഔദ്യോഗികമായി ഒരു മതവും പ്രഖ്യാപിക്കാത്ത , പൂർണ്ണമായും സെക്കുലറായ ഒരു രാജ്യമാണ് അസർബയ്ജാൻ .
യനാർദാഗ് എന്നാൽ കത്തുന്ന പർവ്വതം എന്നാണർത്ഥം . കൃത്രിമമായ ഒരു സംവിധാനവും ഇല്ലാതെ , പ്രകൃതിയിൽ നിന്നും മാത്രം വരുന്ന വാതകത്താല്‍ അടിഭാഗം കത്തികൊണ്ടേയിരിക്കുന്നു . 1950 ൽ ഒരു ആട്ടിടയൻ അറിയാതെ തീ കൊളുത്തിയപ്പോഴാണ് ഇത് കണ്ടുപിടിക്കപ്പെട്ടത് എന്ന് പറയുന്നു . മേൽ ഭാഗത്ത് മഡ് വോൾക്കാനോ എന്ന് വിളിക്കുന്ന ചളി തെറിപ്പിക്കുന്ന അഗ്നിപർവ്വതങ്ങൾ . താഴെ കെടാതെ കത്തുന്ന യനാർ ദാഗ്.. ബാക്കുവിലെ തണുപ്പിൽ അവിടെ നിൽക്കുന്നത് ആശ്വാസകരമായി തോന്നി.
ബേഷ് ബർമാഗ് പർവ്വതങ്ങളിലൂടെ
കിഴക്കൻ
ഭാഗത്തുള്ള സിയാസൻ ജില്ലയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ . അവിടെയാണ് ബേഷ് ബർമാഗ്
പർവ്വതങ്ങൾ . അസർബയ്ജാനിലേക്ക് തിരിക്കുമ്പോൾ തന്നെ നോക്കി വെച്ചത് മഞ്ഞുമലകൾ
എവിടെ ആയിരിക്കുമെന്നാണ് . നിറയെ മഞ്ഞുവീണുകിടക്കുന്ന മലക്ക് മുകളിലേക്ക് പോവാൻ
ഞങ്ങളുടെ സാരഥി അലിയുടെ ബെൻസ് വാനിനും കഴിഞ്ഞില്ല . റഷ്യൻ നിർമിതമായ ചെറിയൊരു പഴയ
ഫോർ വീൽ കാറിനേ മുകളിലേക്ക് പോവാൻ സാധിക്കൂ. പേരിന് കാറെന്നു പറയുമെങ്കിലും മൂന്നു
പേർക്ക് മാത്രം യാത്ര ചെയ്യാൻ പറ്റുന്ന ആ വാഹനം മഞ്ഞുപാളികൾക്കിടയിലൂടെ കുതിച്ചു പായുന്നത്
അത്ഭുതമുണ്ടാക്കുന്ന ഒന്നാണ് . മലയുടെ അടിവാരത്ത് മഞ്ഞിൽ ചവിട്ടി നടക്കുന്ന
കുതിരകളും പക്ഷികളും എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലെ അനുഭവപ്പെട്ടു . പിന്നെ അതിനെ വിട്ട് വീണ്ടും മുകളിലേക്ക്. താഴേനിന്നേ കാണാം ഒരു മുസ്ലിം പള്ളിയുടെ ചെറിയ മിനാരങ്ങൾ. അവ മുകളിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു . അതൊരു പ്രലോഭനം പോലെ ഉയരങ്ങൾ കീഴടക്കാൻ
തുടങ്ങി. മുകളിലെ കാഴ്ചകൾ അതിമനോഹരമാണ് . നിലത്ത്
ഉറച്ച് നിന്നില്ലെങ്കിൽ കാറ്റിന്റെ ശക്തിയിൽ ഇടറി
വീഴും . ഒരു വശത്ത് കാസ്പിയൻ കടൽ. മറുവശത്ത് മഞ്ഞു മലകൾ, അതിമനോഹരമാണിവിടം. മഞ്ഞുരുകി വെള്ളം കാസ്പിയൻ കടലിലേക്ക്
ഒഴുകുന്നത് മൂലം വെള്ളത്തിന്റെ അളവിലും മാറ്റമുണ്ടാകുന്നുണ്ട് എന്ന് ഒരു വായനയിൽ
മനസ്സിലായി . കാസ്പിയൻ കടൽ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊരു കടലല്ല . 38000 സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള ഒരു തടാകമാണിത് . കാറ്റിന് ശക്തി കൂടി വരുന്നു .
നിൽക്കുന്നത് കൂടുതൽ അപകടമാവുമെന്ന മുന്നറിയിപ്പ്. മറ്റൊരു മനുഷ്യസാമീപ്യം പോലും കാണാത്ത ഈ മലമുകളില്‍ അടഞ്ഞു കിടക്കുന്ന പള്ളിയുടെ പടവുകളിലിരുന്ന്
ഒരിക്കൽ കൂടെ ഈ കാഴ്ചകളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ചു .
പിന്നെ ഒരു കൊച്ചു
കുട്ടിയെ പോലെ മഞ്ഞിലൂടെ ഉരുണ്ട് താഴ്വാരത്തേക്ക് .
മഞ്ഞുയുഗവും താണ്ടി ആ പഴയ വണ്ടിയിൽ വീണ്ടും ആ കൊച്ചു ഗ്രാമത്തിലെത്തി. വിശപ്പ് അതിന്റെ ഭീകരാവസ്ഥ കാണിച്ചു തുടങ്ങിയിരുന്നു. വഴിയരികിൽ കബാബും
ചപ്പാത്തിയും വിൽക്കുന്ന ഒരു ചെറിയ തട്ടുകട . ഈ ചപ്പാത്തിയും കബാബുമാണ് കഴിച്ചതിൽ ഏറ്റവും രുചികരമായ ഭക്ഷണം എന്ന് തോന്നി . ചപ്പാത്തിയും കബാബും ചവച്ച് ഞാനാ മലമുകളിലേക്ക് നോക്കി നിന്നു . മഞ്ഞിൽ പൊതിഞ്ഞ ബേഷ് ബർമാഗ് പർവ്വതങ്ങൾ .
മഞ്ഞുയുഗത്തിലൂടെ ഐസ് ഏജ് സിനിമയിലെ മന്നിയും സിഡും സ്ക്രാട്ടും ഡീഗോയും
എല്ലിയുമെല്ലാം വരിവരിയായി നടന്നുപോകുന്നത് പോലെ . ആ ഓർമ്മകൾ കാസ്പിയൻ കടലും പർവ്വതങ്ങളും കടന്ന്
ദുബായിയിൽ എന്നെ കാത്തിരിക്കുന്ന കുട്ടികളിൽ ചെന്നെത്തി . അവർക്കായി മഞ്ഞുവാരി ഞാനുണ്ടാക്കിയ ഒലാഫ് എന്ന
കാർട്ടൂൺ കഥാപാത്രം ഇപ്പോഴും ആ മഞ്ഞുമലകളിൽ എന്റെ സ്നേഹത്തിൽ ഉരുകാതെ ഓടിക്കളിക്കുന്നുണ്ടാവും!
(മാധ്യമം വാരാന്തപ്പതിപ്പ് " സഞ്ചാരപഥങ്ങൾ " എന്ന സ്‌പെഷ്യൽ എഡിഷനിൽ പ്രസിദ്ധീകരിച്ചത്)
Sunday, October 30, 2016
മഗാനിലെത്തും മുമ്പേ
മലകളും മരുഭൂമിയും മാറി മാറി വരുന്ന വഴികളാണ് ഒമാനിലേക്ക് . മലയോരങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞും പുളഞ്ഞും നിൽക്കുന്ന വിജനമായ ഈ വഴികൾ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ട് . ഹജർ മലകൾക്കിടയിൽ പച്ച പിടിച്ചു നിൽക്കുന്ന മരങ്ങൾ കാണാം . അതിജീവനത്തിന്‍റെ അടയാളങ്ങളാണത് . ഊഷരഭൂമിയിൽ ഇത്തരം ചെടികളെ പച്ചപ്പോടെ നിലനിർത്തുന്ന ശക്തിയെയാണ് ദൈവം എന്ന് വിളിക്കുന്നത് . വഴിയരികിൽ വണ്ടി നിർത്തി ഒരു പർവതാരോഹകനെ പോലെ ഹജർ മലകളുടെ പള്ളയിലൂടെ വലിഞ്ഞു കയറി നെറുകയിൽ എത്തണമെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് . യാത്രികന്‍റെ അമിതമായ ആവേശം സിരകളിൽ നിറഞ്ഞപ്പോൾ ഞാൻ കയറി തുടങ്ങി . ഏതാനും അടികൾ കയറിയപ്പോൾ തന്നെ വേണ്ടെന്ന് മനസ്സ് പറഞ്ഞു . ചെറുപ്പത്തിൽ വായിച്ചു കൂട്ടിയ കഥാ പുസ്തകങ്ങളിലെ പേജിൽ നിന്നും ഉഗ്രവിഷമുള്ള അറേബ്യൻ പാമ്പുകളും മലകൾക്ക് മുകളിൽ താമസിക്കുന്ന ജിന്നുകളും എന്നെ തേടി ഇറങ്ങി വന്നു . തിരിച്ചിറങ്ങി . മുകളിലേക്ക് നോക്കുമ്പോൾ ഹജർ മലകൾ അട്ടഹസിക്കുന്ന പോലെ .
ഹൃദ്യമായ ഒരു കാഴ്ച എന്നതിലുമപ്പുറം ചിലത് പറയാനുണ്ട് ഈ മലനിരകൾക്ക് . യു . എ ഇ യുടേയും ഒമാനി ന്റെയും ഭാഗമായി നീണ്ടു കിടക്കുകയാണ് ഹജർ മലകൾ . ഇവിടെ മാത്രമായി കാണപ്പെടുന്ന സസ്യങ്ങളും ജീവികളും ഉണ്ട് . വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപുലികൾ ഹജർ മലനിരകളിലെ അന്തേവാസികളാണ് . ഇന്ന് ഇരുനൂറിൽ താഴെ മാത്രമേ ഇവയുടെ അംഗസംഖ്യ കണക്കാക്കിയിട്ടുള്ളൂ . നിയമപ്രകാരമല്ലാത്ത വിപണനത്തിന് വേണ്ടിയും, വേട്ടയാടിയും , വളർത്തു മൃഗങ്ങളെ കൊല്ലുന്നതിന് പകരമായി കൊന്നും , ചിത്രങ്ങളിൽ നിന്നും ചരിത്രമായി വായിക്കപ്പെടേണ്ട അനിവാര്യമായ വിടവാങ്ങലിലേക്ക് നാളുകളെണ്ണുകയാവും ഈ ജീവികളും . നാളെ ഇതുവഴി പോകുന്ന സഞ്ചാരികളുടെ യാത്രാ പുസ്തകത്തിൽ ഒരു കൌതുകം പോലെ കറുത്ത അക്ഷരങ്ങളിൽ എഴുതി ചേർത്തിട്ടുണ്ടാവും ഈ പർവ്വത നിരകളിൽ ഒരു കാലത്ത് പുള്ളിപുലികളും ഉണ്ടായിരുന്നു എന്ന് . അതിലപ്പുറമൊരു നിയോഗം ചരിത്രത്തിനുമില്ല .
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികൾ . മരുഭൂമിയെ നോക്കി ഒരു ദിവസം മുഴുവൻ നിൽക്കാൻ പറഞ്ഞാൽ എനിക്കതിന് മടിയില്ല. മണൽ തരികളിൽ കാറ്റ് മാറി മാറിവരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കിയിരിക്കാം.മരുഭൂമിയെന്ന സ്കെച്ചിൽ കാറ്റെന്ന കലാകാരൻ കോറിയിടുന്ന വിവിധ ചിത്രങ്ങൾ. എന്തൊരു ഭംഗിയാണവയ്ക്ക്. പച്ച പിടിച്ചു നിൽക്കുന്ന കാടുകളും , വിജനമായ മരുഭൂമികളും എന്നെ ഭ്രമിപ്പിക്കുന്നത് ഒരേ അളവിലാണ് . രണ്ടും രണ്ട് ദർശനങ്ങളാണ് . മനസ്സിനേയും ശരീരത്തിനേയും തരളിതമാക്കുന്ന പച്ചപ്പിന്‍റെ ആഘോഷമായി കാടുകൾ മാറുമ്പോൾ , ഇനിയും അറിഞ്ഞു തീരാത്ത അനന്തമായ നിഗൂഡതകളാണ് മരുഭൂമി ബാക്കി വെക്കുന്നത് .
അൽപം മുന്നോട്ട് നീങ്ങിയാൽ വറ്റിപ്പോയ പുഴ പോലെ ഒന്ന് കാണാം . അറേബ്യൻ മരുഭൂമികളിലൂടെ പണ്ട് പുഴ ഒഴുകിയിരുന്നു എന്ന് പറഞ്ഞു തന്നത് വി . മുസഫർ അഹമ്മദാണ് . ലൈല മജ്നു കഥയിലെ ലൈല കുളിച്ചിരുന്ന പുഴ മരുഭൂമിയിൽ ആയിരുന്നു . വായിച്ചിഷ്ടപ്പെട്ട കഥകൾ ചിന്തകളേയും വികാരങ്ങളേയും സ്വാധീനിക്കുമ്പോൾ ഈ വറ്റിയ പുഴയിലേക്ക് ഇറങ്ങാനുള്ള പ്രലോഭനവും എനിക്ക് തടുക്കാനായില്ല . ഇതൊരു യഥാർത്ഥ പുഴയല്ല . വല്ലപ്പോഴും വിരുന്നെത്തുന്ന മഴയിൽ വെള്ളം കിട്ടാതെ വരണ്ട മലകളും മരുഭൂമിയും കുടിച്ചു തീർത്തതിന്‍റെ ബാക്കി ഒഴുകി വന്ന് ഉണ്ടായതാണ് ഇത് . പക്ഷേ വറ്റി വരണ്ട ഒരു പുഴയുടെ ഫോസിൽ പോലെതന്നെയുണ്ട് ഈ കാഴ്ച . പണ്ടെന്നോ ഒരു മഴയിൽ കുത്തിയൊലിച്ചു പോയ വെള്ളം ഇതൊരു പുഴയാക്കി മാറ്റിയതാണ് . ചെരിപ്പൂരി ആ മണ്ണിനെ തൊട്ടപ്പോൾ ഉള്ളംകാലിൽ നനവറിയുന്നപോലെ . അതൊരു അനുഭവമാണ് . കുറേ സത്യങ്ങളും കുറേ കാൽപനികതയും കൂടി കലർന്ന മനസ്സിന്‍റെ പിടി തരാത്ത സമസ്യകൾ . അവിടെ ചുട്ടുപൊള്ളുന്ന മണ്ണിൽ തൊടുന്ന പാദങ്ങൾക്ക് പണ്ട് ഒഴുകിയ നദിയിലെ നനവ് അറിയാനാവും . ഇന്നലെ പതിഞ്ഞ കാലടികൾക്ക് യുഗാന്തരങ്ങൾക്ക് മുമ്പ് മരുഭൂ താണ്ടിയവരുടെ കാലടികൾ പോലെ തോന്നിക്കും . മുന്നോട്ട് നടന്നപ്പോൾ വീണ്ടും പച്ചപ്പ് . കുറേ ചെടികൾ വളർന്നു നിൽക്കുന്നു . വറ്റി വരണ്ട ഭൂമിയിൽ വീണ്ടും ജീവന്‍റെ തുടിപ്പ് . മുമ്പ് ഒഴികിപ്പോയ വെള്ളത്തിന്‍റെ ഓർമ്മകൾ തന്നെയായിരിക്കുമോ ഈ ചെടികളുടേയും ദാഹജലം ?.
അൽപം മുന്നോട്ട് നീങ്ങിയാൽ വറ്റിപ്പോയ പുഴ പോലെ ഒന്ന് കാണാം . അറേബ്യൻ മരുഭൂമികളിലൂടെ പണ്ട് പുഴ ഒഴുകിയിരുന്നു എന്ന് പറഞ്ഞു തന്നത് വി . മുസഫർ അഹമ്മദാണ് . ലൈല മജ്നു കഥയിലെ ലൈല കുളിച്ചിരുന്ന പുഴ മരുഭൂമിയിൽ ആയിരുന്നു . വായിച്ചിഷ്ടപ്പെട്ട കഥകൾ ചിന്തകളേയും വികാരങ്ങളേയും സ്വാധീനിക്കുമ്പോൾ ഈ വറ്റിയ പുഴയിലേക്ക് ഇറങ്ങാനുള്ള പ്രലോഭനവും എനിക്ക് തടുക്കാനായില്ല . ഇതൊരു യഥാർത്ഥ പുഴയല്ല . വല്ലപ്പോഴും വിരുന്നെത്തുന്ന മഴയിൽ വെള്ളം കിട്ടാതെ വരണ്ട മലകളും മരുഭൂമിയും കുടിച്ചു തീർത്തതിന്‍റെ ബാക്കി ഒഴുകി വന്ന് ഉണ്ടായതാണ് ഇത് . പക്ഷേ വറ്റി വരണ്ട ഒരു പുഴയുടെ ഫോസിൽ പോലെതന്നെയുണ്ട് ഈ കാഴ്ച . പണ്ടെന്നോ ഒരു മഴയിൽ കുത്തിയൊലിച്ചു പോയ വെള്ളം ഇതൊരു പുഴയാക്കി മാറ്റിയതാണ് . ചെരിപ്പൂരി ആ മണ്ണിനെ തൊട്ടപ്പോൾ ഉള്ളംകാലിൽ നനവറിയുന്നപോലെ . അതൊരു അനുഭവമാണ് . കുറേ സത്യങ്ങളും കുറേ കാൽപനികതയും കൂടി കലർന്ന മനസ്സിന്‍റെ പിടി തരാത്ത സമസ്യകൾ . അവിടെ ചുട്ടുപൊള്ളുന്ന മണ്ണിൽ തൊടുന്ന പാദങ്ങൾക്ക് പണ്ട് ഒഴുകിയ നദിയിലെ നനവ് അറിയാനാവും . ഇന്നലെ പതിഞ്ഞ കാലടികൾക്ക് യുഗാന്തരങ്ങൾക്ക് മുമ്പ് മരുഭൂ താണ്ടിയവരുടെ കാലടികൾ പോലെ തോന്നിക്കും . മുന്നോട്ട് നടന്നപ്പോൾ വീണ്ടും പച്ചപ്പ് . കുറേ ചെടികൾ വളർന്നു നിൽക്കുന്നു . വറ്റി വരണ്ട ഭൂമിയിൽ വീണ്ടും ജീവന്‍റെ തുടിപ്പ് . മുമ്പ് ഒഴികിപ്പോയ വെള്ളത്തിന്‍റെ ഓർമ്മകൾ തന്നെയായിരിക്കുമോ ഈ ചെടികളുടേയും ദാഹജലം ?.
വണ്ടിയും സുഹൃത്തുക്കളും കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നു . എന്നിരുന്നാലും അധികം ദൂരെയല്ല . മരുഭൂമിയുടെ മാറിമറയുന്ന കാലാവസ്ഥ അറിയുന്ന സഞ്ചാരിയൊന്നുമല്ല ഞാൻ . യാഥാർത്യത്തേക്കാൾ കാൽപനികതയെ പ്രണയിക്കുന്ന , ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന കാഫില കൂട്ടങ്ങളെ സ്വപ്നം കാണുന്ന, വിജനതയിൽ എവിടെയോ കണ്ടെത്തിയേക്കാവുന്ന ഒരു മരുപ്പച്ചയെ തേടുന്ന ഒരു സ്വപ്നജീവി . വന്യമായി വീശിയടിക്കാൻ പോകുന്ന ഒരു മരുകാറ്റിനെ പറ്റി മുന്നറിയിപ്പ് തരാൻ ഒട്ടകപ്പുറത്ത് കയറി ഒരു ബദു വരുമെന്ന വിശ്വാസമൊന്നും എനിക്കില്ല. . പക്ഷേ അറേബ്യൻ മരുഭൂമിയിൽ വഴിതെറ്റി അലയുന്ന എന്നെ തേടി , അതുപോലൊരാൾ വരുന്നത് എന്‍റെ ദിവാസ്വപ്നങ്ങളിൽ എപ്പോഴും വരാറുണ്ട് . കുറച്ചകലെ ഒരു ഗാഫ് മരം ഒറ്റക്കിരിക്കുന്നു . അതിന്‍റെ ഏകാന്തതയിലേക്ക് ഞാനും ചാഞ്ഞിരുന്നു .
ചില നിമിഷങ്ങൾ നമുക്കായി മാത്രം സൃഷിക്കപ്പെടുന്നതാണ് . അതുപോലൊരു നിമിഷത്തിലാണ് ഞാനിപ്പോൾ . അനന്തമായ മരുഭൂമിയിൽ ഒരു ഗാഫ് മരച്ചുവട്ടിൽ ഏകനായി . മുന്നിൽ ഒരു പ്രഹേളിക പോലെ മരുഭൂമി . ഓരോരുത്തർക്കും അവരുടെ മനോവ്യാപരത്തിനനുസരിച്ച് എഴുതാനും വായിക്കാനും വരക്കാനുമായി അത് നീണ്ടു നിവർന്നു കിടക്കുകയാണ് . ഇതുപോലൊരു മരുഭൂമിയിലൂടെയാണ് മുഹമ്മദ് അസദ് മക്കയിലേക്കുള്ള പാത തെളിച്ചത് . നുഫൂദ് മരുഭൂമിയും മുറിച്ചു കടന്ന് തയ്മയിലെ പുരാതനമായ മരുപ്പച്ച തേടി യാത്രതിരിച്ചത് . ഇടക്ക് ദിക്കും ദിശയും നഷ്ടപ്പെട്ട് നുഫൂദ് മരുഭൂമിയിൽ ഭീകരമായ മരുകാറ്റിൽപ്പെട്ട് അസദും ഒട്ടകവും വിഭ്രമിക്കുന്നതിന്‍റെ ചിത്രവും ഈ മരച്ചുവട്ടിലിരുന്ന് എനിക്ക് വീണ്ടും കാണാനാവുന്നുണ്ട്. ഈ മരുഭൂമിയിലൂടെ തന്നെയാണ് സ്വപ്നത്തിൽ ദർശിച്ച നിധിയും തേടി സാന്റിയാഗോയെ പൗലോ കൊയ്‌ലോ പറഞ്ഞയക്കുന്നത്. മരുഭൂമി മുറിച്ചു കടന്ന കാഫിലകൂട്ടങ്ങളുണ്ട് . ഇടക്ക് കാലിടറി സ്വപ്നങ്ങളോടൊപ്പം ഈ മണ്ണിൽ കുഴിച്ചു മൂടപ്പെട്ടവരുണ്ട് . മരുഭൂമിയുടെ പരുക്കൻ യാഥാർത്യങ്ങളുടെ കുട പിടിച്ച് ആടുജീവിതത്തിലെ നജീബും ഹക്കീമുമുണ്ട് . ഇന്നും മരുഭൂമിയിൽ അതുപോലെ അലയുന്ന വേറെയും നജീബുമാരുമുണ്ട് . ഈ ഇരിപ്പിൽ ഇവയെല്ലാം തന്നെ ഒരു വാങ്ങ്മയ ചിത്രമായി എന്‍റെ മുന്നിൽ പുനർജ്ജനിക്കുകയാണ്.
എപ്പോഴും സുഹൃത്തുക്കളോട് പങ്കുവെക്കുന്നൊരു സ്വപ്നമുണ്ട് . നിലാവും നക്ഷത്രങ്ങളും നിറഞ്ഞൊരു മരുഭൂമിയിലെ രാത്രി . ടെന്റിൽ നിന്നും ആ നിലാവിനെയും മയക്കി പുറത്തേക്കൊഴുകുന്ന ഗസലുകൾ . തണുപ്പിനെ അകറ്റാൻ പതുക്കെ കത്തുന്ന വിറക് കൊള്ളികൾ . എങ്കിലിപ്പോൾ എളുപ്പം സാധിക്കാവുന്ന ഈ സ്വപ്നം എന്‍റെമനസ്സിലില്ല . പകരം ഭ്രാന്തമായ മറ്റൊരു സ്വപ്നം കയറി കൂടിയിരിക്കുന്നു . എന്‍റെ കാൽപനിക ചിന്തകളെ അത് ഭരിച്ചു തുടങ്ങിയിരിക്കുന്നു . നുഫൂദ് പോലൊരു മരുഭൂമിയിൽ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഞാൻ . നേരിടുന്ന പ്രതിസന്ധികൾ , മുന്നേ നടന്നുപ്പോയ ഒട്ടകങ്ങളുടെയോ മനുഷ്യന്‍റെയോ ഒരു കാൽപാട് പോലും ബാക്കി വെക്കാത്ത മരുഭൂമി . മാദകത്വവും, വന്യതയും , പ്രണയവും ഒരുപോലെ പ്രകടിപ്പിക്കുന്ന മരുഭൂമിയുടെ വിത്യസ്തമായ ഭാവമാറ്റങ്ങൾ , അവസാനം കണ്ടെത്തുന്ന തയ്മയിലെ മരുപ്പച്ചകൾ പോലെ ഒന്ന് . ജീവനും മരണത്തിലും ഇടയിലുള്ള പോരാട്ടം . അവസാനം ദൈവികമായൊരു ഇടപെടൽ . ദിവാ സ്വപ്നങ്ങൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് അറിയണമെങ്കിൽ ഇങ്ങിനെ എത്തിപ്പെടണം . ഒരു അറേബ്യൻ ഗാവ കുടിക്കാൻ തൊണ്ട വരളുന്നു. മരുപ്പച്ചകളിൽ താമസിക്കുന്ന പഴയ ഏതെങ്കിലും ബദവി ഗോത്രത്തിലെ സുന്ദരി ഒരു ദല്ലയിൽ ഗാവയുമായി ഇറങ്ങി വന്നെങ്കിൽ ...!!
എപ്പോഴും സുഹൃത്തുക്കളോട് പങ്കുവെക്കുന്നൊരു സ്വപ്നമുണ്ട് . നിലാവും നക്ഷത്രങ്ങളും നിറഞ്ഞൊരു മരുഭൂമിയിലെ രാത്രി . ടെന്റിൽ നിന്നും ആ നിലാവിനെയും മയക്കി പുറത്തേക്കൊഴുകുന്ന ഗസലുകൾ . തണുപ്പിനെ അകറ്റാൻ പതുക്കെ കത്തുന്ന വിറക് കൊള്ളികൾ . എങ്കിലിപ്പോൾ എളുപ്പം സാധിക്കാവുന്ന ഈ സ്വപ്നം എന്‍റെമനസ്സിലില്ല . പകരം ഭ്രാന്തമായ മറ്റൊരു സ്വപ്നം കയറി കൂടിയിരിക്കുന്നു . എന്‍റെ കാൽപനിക ചിന്തകളെ അത് ഭരിച്ചു തുടങ്ങിയിരിക്കുന്നു . നുഫൂദ് പോലൊരു മരുഭൂമിയിൽ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഞാൻ . നേരിടുന്ന പ്രതിസന്ധികൾ , മുന്നേ നടന്നുപ്പോയ ഒട്ടകങ്ങളുടെയോ മനുഷ്യന്‍റെയോ ഒരു കാൽപാട് പോലും ബാക്കി വെക്കാത്ത മരുഭൂമി . മാദകത്വവും, വന്യതയും , പ്രണയവും ഒരുപോലെ പ്രകടിപ്പിക്കുന്ന മരുഭൂമിയുടെ വിത്യസ്തമായ ഭാവമാറ്റങ്ങൾ , അവസാനം കണ്ടെത്തുന്ന തയ്മയിലെ മരുപ്പച്ചകൾ പോലെ ഒന്ന് . ജീവനും മരണത്തിലും ഇടയിലുള്ള പോരാട്ടം . അവസാനം ദൈവികമായൊരു ഇടപെടൽ . ദിവാ സ്വപ്നങ്ങൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് അറിയണമെങ്കിൽ ഇങ്ങിനെ എത്തിപ്പെടണം . ഒരു അറേബ്യൻ ഗാവ കുടിക്കാൻ തൊണ്ട വരളുന്നു. മരുപ്പച്ചകളിൽ താമസിക്കുന്ന പഴയ ഏതെങ്കിലും ബദവി ഗോത്രത്തിലെ സുന്ദരി ഒരു ദല്ലയിൽ ഗാവയുമായി ഇറങ്ങി വന്നെങ്കിൽ ...!!
ദൂരെ അസ്തമയത്തിന് തിടുക്കം കൂട്ടുന്ന സൂര്യൻ . മരുഭൂമിയിൽ വീണ്ടും ഒരസ്തമയം കൂടി എന്നെ അനുഗ്രഹിക്കാൻ പോകുന്നു . ഊദിൽ നിന്നും ഉയർന്നു വരുന്ന പരമ്പരാകത സംഗീതത്തിന്‍റെ മാധുര്യമുണ്ട് ഇപ്പോൾ വീശുന്ന കാറ്റിന് . നിലാവില്ലാത്ത മരുഭൂമിക്ക് ഭീകരത കൂടുതലാണ് . ഈ രാത്രിയിൽ നിലാവുദിക്കുമെങ്കിൽ മറ്റെല്ലാം മറന്ന് ഗുലാം അലിയുടെയും ജഗ്ജിത് സിംഗിന്‍റെയും ഗസലുകളെ മാറി മാറി പുതച്ച് ഞാനിവിടെ അന്തിയുറങ്ങുമായിരുന്നു . നേരം വൈകുന്നുവെന്ന സന്ദേശവുമായി ചങ്ങാതിമാരെത്തി . ഗാഫ് മരത്തിനെ വീണ്ടും അതി ന്‍റെ ഏകാന്തതയിലേക്ക് തനിച്ചു വിട്ട് ഞങ്ങളിറങ്ങി . എങ്കിലും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ആ ഗാഫ് മരച്ചുവട്ടിലിരുന്ന് ഞാൻ കണ്ട കിനാവുകളും കേട്ട ഗസലുകളും ഈ മരുഭൂമിയിൽ അലഞ്ഞുതിരിയും . ഇരുളിനെ പുതച്ച മരുഭൂമിയും മലകളും പിന്നിലേക്ക് മറഞ്ഞു കൊണ്ടേയിരുന്നു .
Tuesday, October 18, 2016
ചരിത്രത്തിന്റെ ശിൽപസൗന്ദര്യം
കടുക് പാടങ്ങൾക്ക് മേലെ പടിഞ്ഞാറോട്ട് ഒഴുകുന്ന സൂര്യൻ . അതുകൊണ്ട് തന്നെ ചൂടിനൽപ്പം കുറവുണ്ട് . ശ്രാവണ ബലഗോളയിലേക്കുള്ള വഴികൾ പൊതുവെ നിശബ്ദമാണ് . ഒരു ചരിത്രഭൂമിയിലേക്കുള്ള പാതകൾക്ക് ആധുനികതയുടെ നിറം കിട്ടുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് . പക്ഷേ അതാവശ്യവുമാണ് . ശ്രാവണ ബാലഗോളയിലെത്തുമ്പോൾ വൈകുന്നേരമായി. ഇന്ദ്രഗിരി ചന്ദ്രഗിരി കുന്നുകൾക്കിടയിലുള്ള ഒരു ചെറിയ നഗരം . ബെലഗോള എന്നാൽ കുളം എന്നാണ് അർത്ഥം . ഒരു ചതുരക്കുളത്തിന് ചുറ്റും നിൽക്കുന്നൊരു നഗരം. ഗോമതേശ്വരന്റെ പ്രതിമക്ക് പാലഭിഷേകം നടത്താൻ ഉണ്ടാക്കിയതാണ് ഈ കുളം .
ജൈനമതക്കാരുടെ പ്രധാന കേന്ദ്രമാണെങ്കിലും എല്ലാ വിഭാഗം മതക്കാരും വളരെ സൗഹൃദത്തിലാണ് ഇവിടെ . കച്ചവടക്കാരിൽ എല്ലാ വിഭാഗങ്ങളുമുണ്ട് . തൊട്ടപ്പുറത്ത് തന്നെ ഒരു മുസ്ലിം പള്ളിയും . നഗരപ്രദക്ഷിണം അൽപം കഴിഞ്ഞാവാം . ആറുമണിക്ക് ഗോമതേശ്വരന്റെ പ്രതിമ ഇരിക്കുന്ന ക്ഷേത്രമടക്കും . എഴുന്നൂറോളം പടികൾ കടന്നുവേണം ഇന്ദ്രഗിരി കുന്നിൻമുകളിൽ ഈ ക്ഷേത്രത്തിലെത്താൻ . ഞങ്ങൾ കയറിത്തുടങ്ങി . കരിങ്കല്ല് ചെത്തിമിനുക്കിയ പടികൾ . നൂറ്റാണ്ടുകളുടെ പഴക്കം പടികൾക്ക് മാത്രമല്ല ചരിത്രത്തിന്റേത് കൂടിയാണ് . കയറിപ്പോകുന്നത് കാലങ്ങൾക്കപ്പുറത്തേക്കാണ് . കയറ്റം കാഠിന്യം കൂടിയതാണ് . എന്നാൽ ചരിത്രത്തെ കീഴടക്കാനുള്ള യാത്രികന്റെ ആവേശം മുന്നോട്ട് നയിച്ചു .
പറയുന്നത്ര എളുപ്പമല്ല കയറ്റം ഇടക്ക് ക്ഷീണം കാരണം വിശ്രമിക്കും . അപ്പോൾ ഇറങ്ങിവരുന്നവരുടെ മുഖത്തുള്ള വെളിച്ചം കാണുമ്പോൾ വീണ്ടും കയറിത്തുടങ്ങും . ഒരു വൃദ്ധ ദമ്പതികൾ ഇറങ്ങിവരുന്നു . എനിക്കത്ഭുതം തോന്നി . എത്ര പ്രയാസപ്പെട്ടിട്ടായിരിക്കണം അവരവിടെ കയറിയത് . ഒരുപക്ഷേ അറിയാനും കാണാനുമുള്ള ഒരാവേശമുണ്ടല്ലോ . പ്രായത്തെപ്പോലും തോൽപ്പിക്കുന്ന ഒന്ന് . സഞ്ചാരികളുടെ മാത്രം സിരകളിലൂടെ ഒഴുകുന്ന അത്തരമൊരു വികാരമില്ലെങ്കിൽ ഇതുപോലൊരു സാഹസത്തിന് അവർ മുതിരില്ല എന്നുറപ്പ് . ഞാനൊരു ചിരിയിലൂടെ അവരോടുള്ള എന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു . (ഈ ദമ്പതികളെ പിന്നെ മായാറിലേക്കുള്ള വഴിയിലും കണ്ടു . അപ്പോൾ ആ ചിരി ഒരു പരിചയപ്പെടലായി മാറി . മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ് അവർ . ഇനി യാത്ര ഊട്ടിയിലേക്ക് . ഊട്ടിയിലെ നല്ല താമസം പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ അവർക്ക് നല്ല സന്തോഷം) . ഇവരുടെയൊക്കെ ആവേശം കണ്ടപ്പോൾ പാതിവഴി പിന്നിട്ട് ഇനി കയറാനുള്ള ദൂരവും നോക്കി നെടുവീർപ്പിടുന്ന എനിക്ക് ലജ്ജ തോന്നി . വീണ്ടും കയറിത്തുടങ്ങി . കുന്നുകൾക്കിടയിൽ ചരിത്രത്തെ തൊട്ട് അങ്ങോട്ടുമിങ്ങോട്ടും വീശുന്ന കാറ്റ് വന്നു തഴുകിത്തുടങ്ങി . അത് മുന്നോട്ട് കയറാനുള്ള ക്ഷണപത്രം കൂടിയായിരുന്നു .
നമ്മളിപ്പോൾ ആയിരം വർഷത്തോളം പഴക്കമുള്ള ചരിത്രത്തിന്റെ മുന്നിലാണ്.ഗോമതേശ്വരന്റെ (ബാഹുബലി ) പ്രതിമക്ക് താഴെ ആ കഴിഞ്ഞ നൂറ്റാണ്ടുകളിലെ കഥകൾക്ക് കാതോർത്തിരിപ്പാണ് . ചരിത്രത്തിന് അങ്ങിനെയൊരു സവിശേഷതയുണ്ട് . അത് കാലങ്ങളപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവും. ഒരു തൊട്ടുവിളി ഉണർത്തുന്നതുവരെ നമ്മൾ യുഗാന്തരങ്ങളിലൂടെ സഞ്ചരിക്കുകയാവും . കയോസർഗ (kayotsarga) എന്ന യോഗ പൊസിഷനിലാണ് ഗോമതേശ്വരന്റെ പ്രതിമയുള്ളത്. ആത്മനിയന്ത്രണം എന്നാതാണ് ഈ യോഗരീതി .
പരിപൂർണ്ണ നഗ്നനായാണ് ഗോമതേശ്വരന്റെ നിൽപ്പ് . AD 981 ൽ ഗംഗാ സാമ്രാജ്യകാലത്ത് മന്ത്രിയായിരുന്ന
ചാമുണ്ഡരായനന്റെ നേതൃത്വത്തിൽ അരിഷ്ടനേമി എന്ന ശില്പിയാണ് ഇത് നിർമ്മിച്ചത് . ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഏകശിലാപ്രതിമകളിൽ ഒന്നാണ് ഇത് .ജൈന കലയുടെയും പുരാതന കർണാടകയുടെയും ഏറ്റവും ശക്തമായ ശില്പ സൗന്ദര്യമായാണ് ഇത് കണക്കാക്കപ്പെടുന്നത് . പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങാണ് മറ്റൊരു പ്രസക്തി . ഇനി രണ്ടു രണ്ടു വർഷം കൂടി കഴിഞ്ഞാൽ ജൈനമതക്കാരുടെ ഏറ്റവും വലിയ ചടങ്ങായ മഹാമസ്തകാഭിഷേകത്തിന് വീണ്ടും അരങ്ങൊരുങ്ങും എന്ന് കേൾക്കുന്നു .
പരിപൂർണ്ണ നഗ്നനായാണ് ഗോമതേശ്വരന്റെ നിൽപ്പ് . AD 981 ൽ ഗംഗാ സാമ്രാജ്യകാലത്ത് മന്ത്രിയായിരുന്ന
ചാമുണ്ഡരായനന്
ക്ഷേത്രത്തിന്റെ കരിങ്കൽ ചുമരുകളിൽ ഞാനൊന്ന് തൊട്ടു നോക്കി . ഒരു ചരിത്രത്തെ തൊടുകയാണ് . ഒരു കാലഘട്ടത്തെ അറിയുകയാണ്. ചുറ്റും ആരുമില്ലാത്ത പോലെ . ഗംഗാ സാമ്രാജ്യകാലത്തേക്ക് , ചിന്തകളെ പറഞ്ഞുവിടാൻ മാത്രം കഴിവ് ഈ കല്ലുകൾക്കുണ്ടെന്ന് തോന്നി . പഴമയുടെ ഗന്ധവും . പ്രാചീനതയുടെ പ്രൗഢിയും അറിയുന്നു . അല്ലെങ്കിലും ഹിന്ദു ക്ഷേത്രങ്ങളിലും മറ്റും കാണുന്ന പൂജയും സംഗീതവും ചേർന്നൊരുക്കുന്ന ഒരാത്മീയ പശ്ചാതലം ജൈനക്ഷേത്രങ്ങളിൽ കാണാറില്ല . എന്നിരുന്നാലും ശാന്തമായ അകത്തളം ഒരു ധ്യാനപരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ട്. ചുറ്റും ശിൽപഭംഗി നിറഞ്ഞ വേറേയും ചെറിയ കെട്ടിടങ്ങൾ . അതെല്ലാം അറിയാനുള്ള സമയം ബാക്കിയില്ല . ആറുമണിക്ക് ക്ഷേത്രമടക്കും . അതിനുള്ള ഒരുക്കത്തിലാണവർ. കുത്തനെയുള്ള പടവുകൾ കയറി ചരിത്രത്തിന്റെ ഈ തിരുശേഷിപ്പ് കാണാനെത്തിയവരുടെ മുഖത്തൊന്നും നിരാശയുടെ പൊടി പോലും കണ്ടില്ല .
ഞങ്ങൾ ക്ഷേത്രത്തിന് പുറത്തിറങ്ങി . നൂറ്റാണ്ടുകളുടെ കഥ പറയുന്ന കാറ്റ് സമൃദ്ധമായി വീശുന്നു . രണ്ട് കുന്നുകൾക്കിടയിൽ ശ്രാവണബേളഗോള എന്ന കൊച്ചു നഗരം രാത്രിയെ പുൽകാൻ കാത്തിരിക്കുന്നു .
ഞങ്ങൾ പടികളിറങ്ങി തുടങ്ങി . ഇത്രയും സമയം ഞാനെവിടെയായിരുന്നു . ഒന്നുറപ്പ് . ഈ കാലത്തായിരുന്നില്ല . ഒരു സഞ്ചാരത്തിലായിരുന്നു . യുഗങ്ങൾക്ക് മുന്നേ സംഭവിച്ചുപോയ ഒരു നാഗരികതക്കൊപ്പം . ഇന്ദ്രഗിരി കുന്നിറങ്ങി താഴെയെത്തി പിന്നിട്ട കാലഘട്ടത്തെ ഒന്ന് തിരിഞ്ഞു നോക്കി . മുകളിൽ ഒരു പുഞ്ചിരിയോടെ ഗോമതേശ്വരൻ . കുളത്തിന് ചുറ്റും പരന്ന നേരിയ ഇരുട്ടിന് നിഗൂഢമായ ഭംഗി തോന്നി . ഇവിടത്തെ ഈ നിശബ്ദമായ രാത്രികളിൽ എന്നുമൊരു ജൈനകാലം പുനർജ്ജനിക്കുന്നുണ്ടാവുമോ ? ഗംഗാ സാമ്രാജ്യവും പ്രജകളും വഴിനടക്കുന്നുണ്ടാവുമോ ? ധ്യാനം വിട്ടൊരു രാത്രിസവാരിക്ക് ഇന്ദ്രഗിരി കുന്നിറങ്ങി ഗോമതേശ്വരനും വരുന്നുണ്ടാവും.
(മാധ്യമം വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )
Saturday, September 24, 2016
ബാവലി
അതിർത്തി ഗ്രാമങ്ങളിലെ അന്തരീക്ഷം എപ്പോഴും പ്രസന്നമായിരിക്കും . യാത്രകളിലെ ഇടത്താവളങ്ങൾ . ബാവലിയിലെത്തുമ്പോൾ നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ. കേരളം കർണാടക അതിർത്തി ഗ്രാമം എന്നത് മാത്രമായല്ല ബാവലിയുടെ പ്രസക്തി . പഴശ്ശിക്കാലത്തോളം ചെന്നെത്തുന്ന ഒരു ചരിത്രവും അതിനുണ്ട് .ഈ ചെറിയ ഗ്രാമം മുഴുവൻ തണൽ വിരിച്ചു നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിൽ നിന്നാൽ ഒരു നിമിഷം സ്വയം മറന്നുപോകും . എത്രയെത്ര സഞ്ചാരികളുടെ സ്വപ്നങ്ങൾക്ക് മേലെ നിഴൽ വിരിച്ചു നിന്നിട്ടുണ്ടാവണം ഈ മരം.
പഴശ്ശി പട്ടാളവും ബ്രിട്ടീഷുകാരും ഇവിടെ വെച്ച് ഏറ്റുമുട്ടിയിരുന്നു എന്ന് പറയുന്നുണ്ട് . ചിന്തകൾ ആ കുതിരക്കുളമ്പടിയോളം ചെന്നെത്തിയെന്ന് വരും .കാലങ്ങൾ കടന്നാലും ഓർമ്മകൾ ബാക്കി വെക്കാൻ കഴിയുന്ന ചില സ്ഥലങ്ങളുണ്ട് . ബാവലിയിൽ തേടിയതും അതൊക്കെ തന്നെയായിരുന്നു . മൂന്നു ഭാഗവും കാടതിർത്തിയായ ബാവലിയുടെ ഉള്ളിലേക്ക് കയറിയാൽ പഴശ്ശിപോരാളികളുടെ വിയർപ്പിന്റെ ഗന്ധം ബാക്കിയുണ്ടാവുമോ അവിടെ . അല്ലെങ്കിൽ മരമുകളിൽ നിന്നും ചീറിപാഞ്ഞുവരുന്നൊരു അസ്ത്രം .
സമയം കുറവാണ് . ഇതൊരു ഇടത്താവളം മാത്രം . കാലങ്ങൾക്കപ്പുറത്ത് പഴശ്ശിരാജ്യത്തിൽ മേഞ്ഞു നടന്നിരുന്ന മനസ്സിനെ തിരിച്ചു വിളിച്ചു . . അടുത്ത തവണ വരുമ്പോൾ ബാവലി പുഴയുടെ തീരങ്ങളിലൂടെ നടക്കണം . പുഴയിൽ നിന്നും കാട്ടിലേക്കുള്ള വഴിയിലൂടെ നടന്ന് ഒരു പഴശ്ശിക്കാലത്തോളം ദൂരമെത്തണം.
Wednesday, October 7, 2015
തീർത്ഥാടനം പോലെ ചില യാത്രകൾ
തിരക്കില്‍ നിന്നും മാറി ശാന്തമായ പ്രകൃതിയോട് ചേര്‍ന്ന് , ശുദ്ധമായ വായു ശ്വസിച്ച് , മരങ്ങളോടും കിളികളോടും പൂക്കളോടും മിണ്ടിയും
പ്രകൃതിയെ ധ്യാനിച്ചും ഇരിക്കാന്‍ പറ്റുന്ന ചില സ്ഥലങ്ങള്‍ . അവിടെ ചിന്തകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രവേശനമില്ല . . ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒരു തീര്‍ത്ഥാടനം പോലെയാണെനിക്ക്. മനസ്സിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്ന എല്ലാ യാത്രകളും ഒരു രീതിയില്‍ തീര്‍ത്ഥാടനം തന്നെയാണ് .
കർക്കിടകമഴ തകർത്തു പെയ്യുകയാണ് . കാട്ടിനുള്ളിലൂടെയും മലഞ്ചെരിവുകളിലൂടെയും പെരുമഴയത്ത് വണ്ടിയോടിക്കുന്നത് എത്ര മനോഹരമായ അനുഭവമാണ് . ഗ്ലാസ് അൽപം താഴ്ത്തിയിട്ടു . മുഖത്തേക്ക് ഒരാവേശത്തോടെ തെറിക്കുന്ന മഴത്തുള്ളികൾ . തണുക്കുന്നത് മനസ്സ് കൂടിയാണ് . റോഡിനിരുവശവും നിറഞ്ഞു നിൽക്കുന്ന പൊന്തകാടുകളിലേക്ക് പെയ്യുന്ന മഴനോക്കി ഞാനിരുന്നു. മഴത്തുള്ളികള്‍ ഇലകളില്‍ പതിക്കുമ്പോഴൂള്ള ശബ്ദം, കാണാതെപ്പോയ ഒത്തിരി മഴക്കാലങ്ങളുടെ ഓര്‍മ്മകള്‍ ചേര്‍ത്തൊരുക്കിയ ഒരു സിംഫണിപോലെ മനസ്സില് നിറയുന്നു.
ഷോളയാർ കാടുകൾക്കിടയിൽ കെ എസ് ഇ ബി യുടെ ഒരു ഐബിയുണ്ട് . അവിടെ ഒരു ദിവസം താമസിക്കണം എന്നതിൽ കവിഞ്ഞൊരു ഉദ്ദേശവും ഈ യാത്രക്കില്ല . വല്ലപ്പോഴും നാട്ടിൽ കൂടിച്ചേരുന്ന സൗഹൃദങ്ങളെ സമ്പന്നമാക്കുന്നത് ഇത്തരം യാത്രകളാണ് . ഐ ബിയിലെത്തുമ്പോള്‍ നേരം ഇരുട്ടി തുടങ്ങുന്നു. തൊട്ടുമുമ്പേ പെയ്തു തോർന്നൊരു മഴയുടെ തുള്ളികൾ നിവേദ്യം പോലെ തലയിൽ വീണു . മരത്തിന് മുകളിൽ ഒറ്റക്കിരിക്കുന്നൊരു വേഴാമ്പൽ . കാടിന്‍റെ നിശബ്ദത അവനും ആസ്വാദിക്കുന്നതുപോലെ .
ഇതുപോലുള്ള യാത്രകളെ തീര്‍ത്ഥാടനം എന്ന് വിളിക്കാമെങ്കിൽ ഈ ഐബിയെ പർണ്ണാശ്രമം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം . വായിച്ചറിഞ്ഞ ആശ്രമസങ്കൽപ്പങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു അന്തരീക്ഷമാണ് ഇവിടെ.എണ്‍പത് വർഷങ്ങളുടെ ചരിത്രവും പേറി ഈ ബംഗ്ലാവ് ഒരൊറ്റയാന്‍റെ തലയെടുപ്പോടെ നിവർന്നു നിൽക്കുന്നു . കനേഡിയൻ സായിപ്പിന്‍റെ കാലത്താണ് ഇതിന്‍റെ നിർമ്മാണം . ജോണ്‍സണ്‍ എന്ന ചാലക്കുടിക്കാരനാണ് ഇവിടത്തെ കെയർ ടേക്കർ .. അത്ര വേഗത്തിൽ സൗഹൃദത്തിലാവുന്ന ഒരു പ്രകൃതമല്ല ജോണ്‍സന് . പക്ഷേ സംസാരിച്ചപ്പോൾ നല്ലൊരു മനസ്സിന്‍റെ ഉടമ കൂടിയാണെന്ന് മനസ്സിലായി . ചെറുപ്പത്തിൽ തന്നെ വീട്ടിൽ ജോലിക്ക് വന്നൊരു കുട്ടിയെ പിന്നെ മകളെ പോലെ കണ്ട് അവളെ വിവാഹവും കഴിപ്പിച്ചൊരു സന്തോഷത്തിലാണ് ജോണ്‍സൻ . തനിക്ക് മൂന്ന് കുട്ടികളാണ് എന്ന് പറയുന്നത് ഒന്ന് ഈ കുട്ടിയേയും ചേർത്ത് പിടിച്ചാണ് . തിരിച്ചറിവുകൾ നഷ്ടപ്പെട്ട വർത്തമാനകാലത്തേക്ക് നോക്കി ജോണ്‍സൻ എന്ന രക്ഷിതാവ് നൽകുന്ന സന്ദേശം ചെറുതല്ല . നിങ്ങൾക്ക് രാത്രിയിലേക്കുള്ള ഭക്ഷണം ശരിയാക്കട്ടെ എന്നും പറഞ്ഞ് ജോണ്‍സൻ അടുക്കളയിലേക്ക് പോയി . ഞാൻ ബംഗ്ലാവിന് ചുറ്റും നടക്കാനിറങ്ങി . ബംഗ്ലാവിന് അതിരിടുന്നത് കാടാണ് . ആ ഒരു ഭീതി മനസ്സിലുണ്ട് . അടുക്കള ഭാഗത്ത് എത്തിയപ്പോള്‍ അടുക്കളയോട് ചേര്‍ന്ന് പുതുതായി ഉയരത്തില്‍ മതില്‍ കെട്ടിയിരിക്കുന്നു. കാൽപെരുമാറ്റം കേട്ടപ്പോൾ ജോണ്‍സൻ എത്തി നോക്കി . "ആനശല്യം കൂടുതലായിരുന്നു . മുറ്റത്തെല്ലാം വരും . ഒരു സുരക്ഷക്ക് വേണ്ടി കെട്ടിയതാ ഈ മതിൽ ". ഞാൻ പിന്നെ അധികം അവിടെ ചുറ്റി തിരിയാനൊന്നും നിന്നില്ല .
തിരിച്ച് വീണ്ടും മുറ്റത്തെത്തിയപ്പോൾ അവിടെ സൗഹൃദസയാഹ്നം തുടങ്ങിയിട്ടുണ്ട് . ബംഗാവിന്‍റെ മുറ്റം മനോഹരമായ പൂന്തോട്ടമാണ് . നിറയെ പൂക്കൾ വിരിഞ്ഞിട്ടുണ്ട് . നേരം ഇരുട്ടിയിരിക്കുന്നു . കെട്ടിയൊരുക്കിയ കൈവരിയിൽ പിടിച്ച് കാഴ്ച കാണാനിരുന്നു , കൈവരിക്ക് താഴെ കാടിറങ്ങി പുഴയിലേക്ക് ചേരുന്നു . നിശബ്ദത മാത്രം . ഷോളയാർ കാടിറങ്ങി ചാലക്കുടി പുഴയും മുറിച്ചു കടന്നൊരു കാറ്റ് എന്നെ തേടി വന്നു . കാടിനെ ധ്യാനിച്ച് ഒറ്റക്ക് നിൽക്കുന്ന എന്നെയത് വാരിപുണർന്നു . മങ്ങിയ നിലാവെളിച്ചത്തിൽ ഒരു ഇമയനക്കം പോലുമില്ലാതെ ചാലക്കുടി പുഴ. നിശബ്ദമായ പുഴകൾ എനിക്കത്ര ഇഷ്ടമുള്ള കാഴ്ചയല്ല . ഒഴുകുന്ന പുഴകൾ സംഗീതസാന്ദ്രമാണ് . ഷോളയാർ ഡാം കെട്ടഴിച്ചു വിട്ടാൽ ഈ പുഴയും ഒഴുകുമായിരിക്കും . കെട്ടിയിട്ട പുഴകൾ കണ്ണീർ വറ്റിയ ജലാശയങ്ങൾ മാത്രമാണ് . അതിന് ജീവനും സംഗീതവുമില്ല . കോടമഞ്ഞ് നിലാവിനെ മറച്ചപ്പോൾ മൂടുപടം ഇട്ടപ്പോലെ ചാലക്കുടി പുഴയും മറഞ്ഞു .
കുറഞ്ഞ അകലം പോലും കോടമഞ്ഞ് കാരണം കാണുന്നില്ല . ഏതാനും ദൂരംമാത്രം ഇരിക്കുന്ന സുഹൃത്തുക്കളെ പോലും അത് മറച്ചിരിക്കുന്നു . രാവിലെ തകർത്ത് പെയ്തിരുന്ന മഴ രാത്രിയും അനുഗ്രഹിക്കുമോ ..? സമയം ഏറെ ആയെന്നും ഭക്ഷണം കഴിക്കാമെന്നും ഓർമ്മിപ്പിച്ച് വീണ്ടും ജോണ്‍സനെത്തി . ചപ്പാത്തിയും കോഴിക്കറിയും . കേരളത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസുകളിലെ പ്രത്യേകത അവിടെ കിട്ടുന്ന രുചിയുള്ള ഭക്ഷണമാണ് . പിന്നെ അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ . പ്രകൃതിയോട് ഏറ്റവും അടുത്ത സ്ഥലത്താണ് മിക്ക ഗസ്റ്റ് ഹൗസുകളും . ഒരു യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ സ്ഥലത്തോടൊപ്പം ആ രുചിയും കൂടെ പോരും .
വുഡൻ ഫ്ലോറിങ്ങുള്ള കിടപ്പ് മുറി വിശാലമാണ് . എല്ലാവർക്കും ഒരു മുറിയിൽ തന്നെ കിടക്കാം. എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല . പക്ഷേ കാലത്ത് നേരത്തെ എഴുന്നേൽക്കണം എന്നത് കിടക്കുമ്പോഴേ ഉറപ്പിച്ചതാണ് . രാത്രിയിൽ എന്നെ കൊതിപ്പിച്ച മാദക കാഴ്ചകളുടെ പുലർക്കാല ചിത്രം എങ്ങിനെയാവും എന്നറിയണം . വീണ്ടും കൈവരിയുടെ അടുത്തേക്ക് ഓടി , കോടമഞ്ഞ് നീങ്ങിയിട്ടില്ല . ഷോളയാർ കാടിന് മേലെ അത് പറന്നു നിൽക്കുന്നു . ഇളം വെയിലിൽ തിളങ്ങുന്നുണ്ടെങ്കിലും ചാലക്കുടിപുഴ രാത്രിയിലെ നിസ്സംഗ ഭാവം തുടരുന്ന പോലെ . എങ്കിലും സുന്ദരിയായിട്ടുണ്ട് . പക്ഷേ കാൽപനികതക്കുമപ്പുറം ഈ കാഴ്ച്ചകളുണ്ടല്ലോ . അത് നിങ്ങളെ മതിപ്പിക്കും എന്നുറപ്പ് .

മുറ്റം നിറയെ പനിനീർ സുഗന്ധം . എത്ര പനിനീർ പൂക്കളാണ് വിരിഞ്ഞു നിൽക്കുന്നത് , അവയിൽ നിന്നും വമിക്കുന്ന സുഗന്ധം തന്നെ എല്ലായിടത്തും . ഈ സുഗന്ധം പടിയിറങ്ങിപ്പോയ പ്രണയ കാലങ്ങളെ ഓർമ്മിപ്പിക്കുന്നു . പൂക്കളുടെ മേലെ ചിതറി നിൽക്കുന്ന മഞ്ഞുത്തുള്ളികൾ അത്തരം ഓർമ്മകൾക്ക് മേലെ വീണ്ടും പെയ്യുന്നു . ഓർമ്മകളുടെ വീണ്ടെടുപ്പ് കൂടിയാണ് യാത്രകൾ . ഒരാവേശത്തോടെ ഞാനറിയാതെ മുന്നോട്ട് ചലിക്കുന്നു പാദങ്ങൾ . ഇലച്ചാർത്തുകൾക്കിടയിലൂടെ മുന്നോട്ട് നടന്നു . പൂക്കൾ , ചെടികൾ , മരങ്ങൾ , കിളികൾ . ദൂരെ ഒരു മഴയിരമ്പം കേൾക്കുന്നു . അത് കാട്ടിലോ അതോ മനസ്സിലോ . മേലെ ഒരു ഇലയനക്കം . വീണ്ടുമൊരു വേഴാമ്പൽ ഇലകൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി . ഇന്നലെ കണ്ട അപരിചിതത്വം അതിനില്ല . വീണ്ടും ആ കൈവരിയിൽ തന്നെയെത്തി . ഷോളയാർ കാടിന് മേലെ നിറഞ്ഞു നിൽക്കുന്ന കോട മഞ്ഞിൽ കുറേ ചിത്രങ്ങൾ കാണാം . ഒരിക്കൽ കൂടെ ആ കാടിറങ്ങി പുഴയും മുറിച്ചു കടന്നൊരു കാറ്റ് എന്നെ തേടി വന്നെങ്കിൽ ...!!!
Friday, February 20, 2015
മലനിരകളിലെ കവിത . കുദ്രെമുഖ്
ഞങ്ങളെത്തുമ്പോൾ മകരമഞ്ഞിനെ പുതച്ച് കുദ്രെമുഖ് എന്ന ഹിൽ സ്റ്റേഷൻ ഗാഡനിദ്രയിലായിരുന്നു . ഉറങ്ങാതെ നിന്നത് , സുരക്ഷിതമായി ഞങ്ങളെത്തുന്നതും കാത്തിരുന്ന കൂട്ടുകാർ മാത്രം. മഞ്ഞിൽ കുതിർന്ന ആലിംഗനത്തിന് ഊഷ്മളത കൂടുതലായിരുന്നു . മഞ്ഞിന് സ്നേഹത്തിന്‍റെ മണം കൂടിയുണ്ട് . കുദ്രെമുഖിലെ അഞ്ച് ഡിഗ്രി തണുപ്പിൽ ബാർബിക്യൂ വേവുന്ന കനലുകളോട് ഞങ്ങൾ ചേർന്നിരുന്നു .. കോഴിക്കോട്ടെ പെരുമണ്ണകാരൻ മുഹമ്മദിക്ക ഒരുക്കിയ രുചികരമായ ഭക്ഷണം . യാത്രയിലെ ക്ഷീണവും ഭീതിയും കണ്ണുകൾക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. സഹ്യാദ്രി ഭവൻ ഗസ്റ്റ് ഹൗസിന്‍റെ വിശാലമായ കിടപ്പുമുറി ജനലുകൾക്കിടയിലൂടെ ഒഴുകിവരുന്ന കാട്ടുചെമ്പകത്തിന്‍റെ വശ്യഗന്ധത്തില്‍ ലയിച്ചിരുന്നു . ഈ രാത്രിയുടെ ഗന്ധം .
വൈകിയാണ് ഉണർന്നത് . കോടമഞ്ഞ് ഇനിയും ഇറങ്ങിയിട്ടില്ല . സൂര്യനും കോടമഞ്ഞ് പുതച്ച് പാതിയുറക്കത്തിലാണെന്ന് തോന്നുന്നു . സഹ്യാദ്രിഭവന്‍റെ മുറ്റം നിറയെ മഞ്ഞുപൂക്കൾ . കുദ്രെമുഖിലെ പുലരിക്ക് ചെണ്ടുമല്ലിപ്പൂക്കളുടെ ഗന്ധമാണ് . എനിക്ക് തോന്നാറുണ്ട് , കർണ്ണാടകയുടെ മണം തന്നെ ചെണ്ടുമല്ലി പൂക്കളുടേതാണെന്ന് . ഏത് ഗ്രാമത്തിൽ ചെന്നാലും നിറയെ പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയെ കാണാം . ഇനി അറിയേണ്ടതും കാണേണ്ടതും കുദ്രെമുഖിനെയാണ്. ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായി , വിജനമായ ഈ വഴികൾക്കും കാടുപിടിച്ചു കിടക്കുന്ന കുറേ കോര്‍ട്ടേഴ്സുകള്‍ക്കും എന്നോടൊരുപാട് പറയാനുണ്ടെന്ന് . ഒരു വർഷത്തോളമായി ഇവിടെ ഒരു പ്രോജക്റ്റുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആരിഫും സുഹൃത്തുക്കളും ഞങ്ങൾക്ക് നല്ലവഴിക്കാട്ടികള്‍ കൂടിയാണ് .
ചിക്മംഗളൂർ ജില്ലയിലാണ് കർണാടകയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിൽ സ്റ്റേഷനായ കുദ്രെമുഖ് സ്ഥിതി ചെയ്യുന്നത് . സംസേ പർവത എന്നൊരു പേരും പറയാറുണ്ട് . കുതിരയുടെ മുഖമുള്ള മലയാണ് ഇങ്ങിനെ ഒരു പേര് വരാൻ കാരണം . നാൽപത് വർഷത്തോളം സജീവമായി നിന്നിരുന്ന കുദ്രെമുഖ് എന്ന ഈ ഗ്രാമം ഇന്ന് പഴയ പ്രതാപത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിക്കുന്ന മണ്ണാണ് . KIOCLഎന്ന ഇരുമ്പ് കമ്പനിയെ ചുറ്റിപറ്റിയുള്ള ലോകമായിരുന്നു കുദ്രെമുഖ് . അയ്യായിരം ജോലിക്കാരും ഒരു ലക്ഷത്തോളം വരുന്ന ആശ്രിത ജോലിക്കാരും ഉണ്ടായിരുന്ന കമ്പനി പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടുകയായിരുന്നു . അതോടൊപ്പം ഒരു ഗ്രാമം തന്നെ മലയിറങ്ങി . ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ഇറാൻ ഗവര്‍ണ്മെന്‍റാണ്ഇതിന്‍റെ നിർമ്മാണം പൂർത്തീകരിച്ചത് . വർഷത്തിൽ എണ്ണൂറ് കോടി ആദായം ഉണ്ടായിരുന്ന ഒരു കമ്പനി പൊതുമേഖലയിൽ പൂട്ടിപോകുമ്പോൾ അതിനോട് ഏത് പരിസ്ഥിയുടെ പേരിലായാലും യോജിക്കാൻ എനിക്കൽപം ബുദ്ധിമുട്ടുണ്ട് സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി തന്നെയാണ് ഇത് പറയുന്നത് . കാരണം ഇന്ന് പ്രേതക്കോട്ട പോലെ നിൽക്കുന്ന കമ്പനിക്കകത്തുകൂടെ നടക്കുമ്പോൾ , പോതുബോധമുള്ള ഏതൊരാളിലും സ്വാഭാവികമായും തോന്നിയേക്കാവുന്ന ഒരു വികാരമാണ് ഞാൻ പങ്കുവെച്ചത് . KIOCL ന്‍റെ ഇരുമ്പിന് അത്രയും ഡിമാന്റ് ഉണ്ടായിരുന്നു ലോകമാർക്കറ്റിൽ . 1976 ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത് . തുടർന്ന് മുപ്പത് വർഷത്തോളം മികച്ച പ്രവർത്തനം . 2006 ൽ കമ്പനി അടച്ചുപ്പൂട്ടുമ്പോൾ താഴിട്ടത് അതിനു മാത്രമല്ല കുദ്രെമുഖ് എന്ന ഗ്രാമത്തിനും ജനങ്ങൾക്കും അവരുടെ സ്വപ്നങ്ങൾക്കും കൂടിയാവണം . വിജനമായ പാതകളിലൂടെ നടക്കുമ്പോൾ ആൾ താമസമില്ലാത്ത കുറേ കോർട്ടേഴ്സുകൾ കാണാം. തുരമ്പെടുത്ത കമ്പികളും പൊട്ടിത്തകര്‍ന്ന ചില്ലുകളുമുള്ള ആ ജാലകങ്ങളിലൂടെ ഇന്നും നെടുവീര്‍പ്പുകളുടെ ഏങ്ങലുകള്‍ കേള്‍ക്കാനാവുന്നുണ്ട് എനിക്ക്. ഇത്തരം രണ്ടായിരത്തി അഞ്ഞൂറോളം കോർട്ടേഴ്സുകൾ ഉണ്ട് ഇവിടെ . പടിയിറങ്ങിപ്പോയ ഐശ്വര്യത്തിന്‍റെ ഫോസിലുകലാണത്. അന്ന് കുട്ടികൾ കളിച്ചിരുന്ന മുറ്റത്ത് ഇന്ന് കാട്ടുമൃഗങ്ങൾ വിരാജിക്കുന്നു . ഒരു പക്ഷേ മനുഷ്യർ അധിനിവേശം നടത്തിയ തങ്ങളുടെ മണ്ണ് അവർ തിരിച്ചുപിടിച്ചതാവും .
ഞങ്ങൾ നാടു ചുറ്റാനിറങ്ങി . പ്രകൃതിയുടെ എല്ലാ മാസ്മരികതയും നിറഞ്ഞതാണ് കുദ്രെമുഖ് . സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെ നല്ലൊരു ലക്ഷ്യകേന്ദ്രമാണ് ഇവിടെ. കാടും മലയും പുഴയും തടാകവും എല്ലാം സന്ദർശകർക്ക് നല്ല നിമിഷങ്ങൾ സമ്മാനിക്കും . ഞങ്ങൾ ലേക്കിയ ഡാം ലക്ഷ്യമാക്കി ഇറങ്ങി . ഭദ്രാ നദിയിലാണ് ലേക്കിയ എർത്ത് ഡാം പണിതിട്ടുള്ളത് . മൈനിംഗ് ഫാക്ടറിയിലെ മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന മണ്ണും ശേഖരിക്കാനാണ് ഡാം നിർമ്മിച്ചത് . കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളവും ഡാമിൽ നിന്നും എടുത്തിരുന്നു . ഫോറസ്റ്റ് വകുപ്പിന്‍റെ പ്രത്യേക അനുവാദത്തോടെ മാത്രമേ ഇങ്ങോട്ട് പ്രവേശനം അനുവദിക്കൂ . അതും ഡാമിന്‍റെ ഒരറ്റം വരെ. പക്ഷേ KIOCL കാരുടെ പ്രത്യേക അനുമതിയോടെ ഞങ്ങൾ ഡാമും കടന്ന് മുന്നോട്ട് പോയി. കാടിന്‍റെ ഭ്രമിപ്പിക്കുന്ന മാദകത്വം . നിബിഡമായ കാട് ഉള്ളിലേക്ക് കയറിച്ചെല്ലാൻ ക്ഷണിക്കുന്നതു പോലെ .
പക്ഷേ വഴിയരികിൽ കുത്തി മറിച്ചിട്ട പനകൾ ആനകളുടെ ശൌര്യത്തിന്‍റെ അടയാളങ്ങളാണ് . ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചു . കാട്ടുപാതകൾ ചെന്നവസാനിക്കുന്നത് തടാകത്തിലാണ് . തടാകത്തിന് നടുവിലായി കമ്പനിയുടെ ഒരു ബാർജ് ഉണ്ട് . അവിടേക്ക് എത്തിപ്പെടാൻ ചെറിയൊരു ചങ്ങാടവും . മൂന്ന് വീപ്പകൾ കൂട്ടിക്കെട്ടി അതിനുമുകളിൽ മരം പാകിയ ചങ്ങാടം കോഴിക്കോട്ടെ മാപ്പിള ഖലാസിമാർ ഉണ്ടാക്കിയതാണത്രേ . അവരോടുള്ള വിശ്വാസം അതിൽ കയറി ബാർജിലേക്ക് പോവാൻ തീരുമാനിച്ചു . നാളെ ഈ ബാർജ് പൊളിക്കും . സാഹസികം തന്നെ ഈ യാത്ര . ചങ്ങാടം അടുപ്പിച്ച് ബാർജിലേക്ക് വലിഞ്ഞു കയറുമ്പോൾ താഴെ കടുംപച്ച നിറത്തിലുള്ള വെള്ളം . ബാർജിൽ തടാകത്തിലെ ആഴം അളക്കാനുള്ള സംവിധാനമുണ്ട് . ഇരുപത് മീറ്റരാണ് ആഴം . തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ തല കറങ്ങുന്ന പോലെ . ബാർജിന്‍റെ അകത്ത് നിന്ന് തടാകവും ചുറ്റുമുള്ള കാടും നോക്കികാണുന്നത് സമാനതകളില്ലാത്ത അനുഭവമാണ് . കാടിനും മീതെ കുദ്രെമുഖ് മലനിരകൾ ആശീർവാദം പൊഴിക്കുന്നു . തടാകത്തിന് മീതെവന്ന് ചാടിമറിയുന്ന വലിയ മീനുകൾ .
പക്ഷേ വഴിയരികിൽ കുത്തി മറിച്ചിട്ട പനകൾ ആനകളുടെ ശൌര്യത്തിന്‍റെ അടയാളങ്ങളാണ് . ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചു . കാട്ടുപാതകൾ ചെന്നവസാനിക്കുന്നത് തടാകത്തിലാണ് . തടാകത്തിന് നടുവിലായി കമ്പനിയുടെ ഒരു ബാർജ് ഉണ്ട് . അവിടേക്ക് എത്തിപ്പെടാൻ ചെറിയൊരു ചങ്ങാടവും . മൂന്ന് വീപ്പകൾ കൂട്ടിക്കെട്ടി അതിനുമുകളിൽ മരം പാകിയ ചങ്ങാടം കോഴിക്കോട്ടെ മാപ്പിള ഖലാസിമാർ ഉണ്ടാക്കിയതാണത്രേ . അവരോടുള്ള വിശ്വാസം അതിൽ കയറി ബാർജിലേക്ക് പോവാൻ തീരുമാനിച്ചു . നാളെ ഈ ബാർജ് പൊളിക്കും . സാഹസികം തന്നെ ഈ യാത്ര . ചങ്ങാടം അടുപ്പിച്ച് ബാർജിലേക്ക് വലിഞ്ഞു കയറുമ്പോൾ താഴെ കടുംപച്ച നിറത്തിലുള്ള വെള്ളം . ബാർജിൽ തടാകത്തിലെ ആഴം അളക്കാനുള്ള സംവിധാനമുണ്ട് . ഇരുപത് മീറ്റരാണ് ആഴം . തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ തല കറങ്ങുന്ന പോലെ . ബാർജിന്‍റെ അകത്ത് നിന്ന് തടാകവും ചുറ്റുമുള്ള കാടും നോക്കികാണുന്നത് സമാനതകളില്ലാത്ത അനുഭവമാണ് . കാടിനും മീതെ കുദ്രെമുഖ് മലനിരകൾ ആശീർവാദം പൊഴിക്കുന്നു . തടാകത്തിന് മീതെവന്ന് ചാടിമറിയുന്ന വലിയ മീനുകൾ .
കുദ്രെമുഖിലെ ചെറിയ അങ്ങാടി പതുക്കെ ഉണർന്നിട്ടുണ്ട് . ഏതാനും കടകളും ചെറിയൊരു പോലീസ് സ്റ്റേഷനും മാത്രമുള്ള ഗ്രാമം . ഇപ്പോഴും ചെറിയൊരു ജനവിഭാഗം ഇവിടെ അവശേഷിക്കുന്നുണ്ട് . അങ്ങാടിയുടെ തൊട്ടു മുന്നിൽ ഭംഗിയുള്ള ഒരുജൈന ക്ഷേത്രമുണ്ട് . ഭൂരിഭാഗവും ജൈനമത വിശ്വാസികളാണ് ഇവിടെ . പരിപൂർണ്ണ നഗ്നനായാണ് ഗുരുവിന്‍റെ നടപ്പ് . അതവരുടെ ആചാരത്തിന്‍റെ ഭാഗമാണ് . ഒരു ദിശയിലൂടെ മാത്രമേ ഗുരു സഞ്ചരിക്കൂ . മറ്റൊരു ദിശയിലൂടെ സഞ്ചരിച്ചു വേറൊരു ഗുരു എത്തും . അതാണ് രീതി . അതിനകത്ത് കയറി അവരുടെ ആചാര രീതികൾ കണ്ടറിയണമെന്നുള്ള മോഹം ഉത്തരവാദിത്വപ്പെട്ട ആരെയും കാണാത്തതിനാൽ മാറ്റിവെക്കേണ്ടി വന്നു . ഒരു ഹൈന്ദവ ക്ഷേത്രവും ചെറിയൊരു മുസ്ലീം പള്ളിയും കൂടെയുണ്ട് ഇവിടെ . സമ്പന്നമായ ഒരു ഭൂതകാലത്ത് നിന്നും പ്രതീക്ഷയില്ലാത്ത ഒരു വര്‍ത്തമാനകാലത്തിലേക്ക് കാലെടുത്തുവെച്ച ഒരു ഗ്രാമത്തിന്‍റെ വേദനിക്കുന്ന വഴികളിൽ ചവിട്ടിയാണ് ഞങ്ങൾ കുദ്രെമുഖ് നടന്നുകാണുന്നത് . വല്ലപ്പോഴുമെത്തുന്ന ഓരോ രോഗികളെയും കാത്ത് ഒരാശുപത്രി . പശുക്കൾ മേഞ്ഞു നടക്കുന്ന വലിയൊരു മൈതാനം . ഒരുകാലത്ത് പന്തുകളിയുടെയും ക്രിക്കറ്റിന്‍റെയും ആവേശം ഇവിടെയും നിറഞ്ഞിരുന്നു . ഇന്ന് ആരവങ്ങൾ തോർന്ന വെറും മണ്ണ് മാത്രമാണത് . ഷട്ടിൽ കോർട്ടും ബാസ്കറ്റ് ബോൾ ഗ്രൌണ്ടും പുല്ലുകൾ നിറഞ്ഞ് കാട് കേറി നിൽക്കുന്നു . ഇതെല്ലാം വിളിച്ചു പറയുന്നത് കുദ്രെമുഖ് ചുരമിറങ്ങിപ്പോയ അധികം പഴക്കമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ചാണ് .
ഉച്ചഭക്ഷണത്തിന്‍റെ ആലസ്യത്തിൽ സുഹൃത്തുക്കൾ മയക്കത്തിലേക്ക് വീണപ്പോൾ ഞാനിറങ്ങി നടന്നു . നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാതകളിൽ കറുകപുല്ലുകൾ നിറഞ്ഞിട്ടുണ്ട് . കാട്ടിലേക്ക് നീളുന്ന വഴികൾ . നിറയെ പൂത്തുനിൽക്കുന്ന കൊങ്ങിണിപ്പൂക്കൾ ഈ വഴികളെ സുന്ദരമാക്കുന്നു . ഞാൻ കാട്ടിലേക്ക് കയറി . കാടിനെ തൊടുന്നതും കാണുന്നതും മനസ്സുകൊണ്ടാവണം . ആത്മീയമായ എന്തോ ഒന്ന് വനങ്ങൾക്കുണ്ടെന്ന് തോന്നാറുണ്ട് എനിക്ക് . നമ്മളറിയാതെ ഒരു താപസന്‍റെ എകാഗ്രതയിലേക്ക് മനസ്സ് മാറുന്നു . മുന്നിലൊരു പുള്ളിമാൻ . എന്‍റെ സാമീപ്യം അവനെ ഭയപ്പെടുത്തുന്നില്ല.
ഒന്ന് തലയുയർത്തി നോക്കി വീണ്ടും മേയാൻ തുടങ്ങി . കാടിന്‍റെ മാദകത്വം ഉന്മാദം നൽകുന്നു . അധികം മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പ് എന്നെ പിൻവലിക്കുന്നുമുണ്ട്. തിരിഞ്ഞു നടക്കാനോരുങ്ങുമ്പോൾ മാനം ഇരുളുന്നപ്പോലെ ഇരുട്ട് കയറുന്നു . ഒട്ടും പ്രതീക്ഷിക്കാതെ ഒരു മഴയെത്തി . ഞാൻ വലിയൊരു മരത്തിന്‍റെ ചുവട്ടിലേക്ക് നീങ്ങി നിന്നു . നിശ്ശബ്ദമായ കാടി ന്‍റെ ഭയാനതയിലേക്ക് മഴ പെയ്തിറങ്ങുകയാണ് . ഉന്മാദിയായ ഞാൻ ആ മഴത്തുള്ളികൾ കൊണ്ട് സ്വപ്നങ്ങളുടെ പർണ്ണശാല കെട്ടി . എനിക്കായി മാത്രം കാടോരുക്കിയ നിമിഷങ്ങളെ ഞാൻ ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു .
ഒന്ന് തലയുയർത്തി നോക്കി വീണ്ടും മേയാൻ തുടങ്ങി . കാടിന്‍റെ മാദകത്വം ഉന്മാദം നൽകുന്നു . അധികം മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പ് എന്നെ പിൻവലിക്കുന്നുമുണ്ട്. തിരിഞ്ഞു നടക്കാനോരുങ്ങുമ്പോൾ മാനം ഇരുളുന്നപ്പോലെ ഇരുട്ട് കയറുന്നു . ഒട്ടും പ്രതീക്ഷിക്കാതെ ഒരു മഴയെത്തി . ഞാൻ വലിയൊരു മരത്തിന്‍റെ ചുവട്ടിലേ
വീണ്ടുമൊരു രാത്രിയിലേക്ക് പ്രവേശിക്കുകയാണ് ഞങ്ങൾ . മഞ്ഞിറങ്ങുന്നത് കാരണം പകലുകൾക്ക് നീളം കുറവാണ് . വീണ്ടും ചെമ്പകമണം നിറയുന്നു . സഹ്യാദ്രി ഭവന്‍റെ മുറ്റത്ത് ഞങ്ങൾ വട്ടമിട്ടിരുന്നു . തണുപ്പകറ്റാൻ കത്തുന്ന വിറക് കൊള്ളികളിൽ കുദ്രെമുഖിന്‍റെ നൊമ്പരങ്ങളും വേവുന്ന പോലെ തോന്നി . ചുറ്റും കട്ടപിടിച്ച ഇരുട്ടിന്‍റെ മറവിൽ കാടുറങ്ങുന്നു . വേവുന്ന ഇറച്ചിക്കൊപ്പം ഞാൻ കാടിനേയും തൊട്ടു കൂട്ടി . കാട്ടിൽ പൂത്ത സൗഹൃദസന്ധ്യക്കൊടുവിൽ മഞ്ഞ് പുതച്ച് , പൂക്കളെ ശ്വസിച്ച് കാടിനെ പ്രണയിച്ച് ഉറക്കത്തിലേക്കു വീണു .
വീണ്ടും പുലരി . ഞങ്ങൾ ഇറങ്ങുകയാണ് . സഹ്യാദ്രി ഭവന്‍റെ മുറ്റത്ത് കൂടുതൽ പൂവുകൾ വിരിഞ്ഞിട്ടുണ്ട് . എനിക്കീ നാടിന്‍റെ ഗന്ധം കുറേ നാൾ കൂടെ വേണം . ചെടിയെ വേദനിപ്പിക്കാതെ ഞാനൊരെണ്ണം പറിച്ചെടുത്തു . കാടിറങ്ങി വന്ന കാറ്റിൽ ദേവതാരുമരത്തിൽ നിന്നും മഞ്ഞുത്തുള്ളികൾ അടർന്നുവീണു . വിജനമായ വഴികൾ കുറേ ദൂരം ഞങ്ങളെ പിന്തുടർന്നു. അൽപം കൂടെ ചെന്നപ്പോൾ കുദ്രെമുഖ് മലകളുടെ നാഭിയിലൂടെ ഒലിച്ചിറങ്ങുന്ന ഭദ്രാ നദി . നേർത്ത വെള്ളച്ചാലുകൾ മാത്രം . ഭദ്രക്ക് എനിക്ക് മനസ്സിലാവാത്തൊരു ഭാവം . അത് കരയുകയാണോ അതോ ചിരിക്കുകയോ?
മാധ്യമം ചെപ്പിൽ പ്രസിദ്ധീകരിച്ചത് .
ചിത്രങ്ങൾ - ഹാഷിക്ക് എ. എച്ച്
Subscribe to:
Posts (Atom)