Sunday, April 10, 2011

ഈ പുഴയും ഇവിടത്തെ കാറ്റും



എന്തൊരു സൗന്ദര്യമാണ് ഈ സായാഹ്നത്തിന്. വിടപറയാനൊരുങ്ങുന്ന സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന ചാലിയാര്‍ മുഖം ചുവന്നു തുടുത്ത് സുന്ദരിയായിരിക്കുന്നു. ചെരുപ്പ് കരയില്‍ അഴിച്ചു വെച്ച് ഞാന്‍ പുഴയിലേക്കിറങ്ങി. നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള്‍ കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല്‍ മീനുകള്‍ ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന്‍ മുട്ടറ്റം വെള്ളത്തിലേക്ക്‌ ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള്‍ ‍. ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്‍കുന്നൊരു സ്വപ്ന ലോകം. എനിക്ക് തിരിച്ചു കയറാന്‍ തോന്നിയില്ല.

ചാലിയാറിനെ പറ്റി എത്ര തവണ പറഞ്ഞിരിക്കുന്നു ഞാന്‍ . പക്ഷെ ഓരോ തവണ
ഇവള്‍ക്കരികിലെത്തുമ്പോഴും ഓരോ കഥ പറഞ്ഞു തരും. പക്ഷെ മഴക്കാലത്ത് ഞങ്ങള്‍ പിണങ്ങും. ഇത്തിരി രൗദ്രമാകുന്ന ചാലിയാറിനെ പേടിയാണെനിക്ക്. അപ്പോഴെന്‍റെ പ്രണയം മഴയോട് മാത്രമാകും. ഇടക്കാലത്തേക്ക് കാമുകിയെ മാറുന്നത് കൊണ്ടാണോ എന്തോ വര്‍ഷക്കാലം കഥയൊന്നും പറഞ്ഞുതരില്ല. പക്ഷെ അവള്‍ക്കറിയാം വര്‍ഷം കഴിഞ്ഞാല്‍ ആ കാമുകിയേയും തള്ളിപറഞ്ഞ്‌ ഞാന്‍ തിരിച്ചെത്തുമെന്ന്. പരിഭവമില്ലാതെ എന്നെ സ്വീകരിക്കുകയും ചെയ്യും.

നല്ല ഇളം ചൂടുള്ള വെള്ളം. ഇറങ്ങി നില്‍ക്കാന്‍ നല്ല രസമുണ്ട്. ഇതുപോലെ ടാറിട്ട റോഡിലൂടെ ചെരിപ്പില്ലാതെ നടന്ന് നോക്കിയിട്ടുണ്ടോ നിങ്ങള്‍. ഒരു ഇളം ചൂട് കാലില്‍ തട്ടും. നല്ല രസമാണ് അതും. ഇത്തരം ചെറിയ വട്ടുകളല്ലേ നമ്മെ വിത്യസ്തമാക്കുന്നത് . ഞാനത് ആസ്വദിക്കുന്നു.

പുഴക്കരയില്‍ ഒരു പള്ളിയുണ്ട്. വഴിയാത്രകാര്‍ക്ക് നിസ്കരിക്കാനായി ഏതോ നല്ല മനുഷ്യര്‍ ഒരുക്കിയത്. പുഴയില്‍ നിന്നു കാലൊക്കെ കൊടുത്തു മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു പള്ളി. "സ്രാമ്പ്യ" എന്ന് പഴമക്കാര്‍ വിളിച്ചിരുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ഇത്തരം പള്ളികള്‍. ദൂരയാത്ര പോകുന്നവര്‍ക്കും തോണി യാത്രകാര്‍ക്കും വിശ്രമിക്കാന്‍ ഒരു ഇടത്താവളം കൂടിയായിരുന്നു ഇത്. പുഴയില്‍ നിന്നു അംഗ ശുദ്ധി വരുത്തി ഞങ്ങള്‍ മഗ്രിബ് നിസ്കരിക്കാന്‍ കയറി. പതിയെ ഒഴുകുന്ന നദിയും മനസ്സിനെ കുളിരണിയിച്ച് പതുക്കെ വീശുന്ന കാറ്റും ഒപ്പം ഒരു നാട്ടുകാരന്റെ സുന്ദരമായ ഖുര്‍ ആന്‍ പാരായണവും പ്രസന്നമാക്കിയ ഈ അന്തരീക്ഷത്തില്‍ അനുഭവിക്കുന്ന ഒരു ആത്മീയ നിര്‍വൃതി അനിര്‍വചനീയം. മണന്തല കടവില്‍ ഇപ്പോഴും ഉണ്ടോ ആവോ ആ പള്ളി. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയുടെ ബാക്കി പത്രമായിരുന്നു അത്. ഓര്‍മ്മകളില്‍ ഒരു നന്മയുടെ വീണ്ടെടുപ്പിന് പരിക്കുകളൊന്നും പറ്റാതെ അതവിടെ തന്നെ കാണണേ എന്ന് ആശിച്ചുപോകുന്നു.



മഗരിബ് നിസ്കാരം കഴിഞ്ഞ്‌ ഞങ്ങള്‍ വീണ്ടും പുഴവക്കിലേക്കിറങ്ങി. പതിയെ ഇരുട്ടായി വരുന്നു. ബോട്ട് ജെട്ടിയുടെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു.കക്കയിറച്ചിയുമായി ഒരു തോണിക്കാരന്‍ വന്നു. ഇനി ഇത് പാകം ചെയ്യാന്‍ ഉമ്മച്ചിക്ക് പണിയായി. സന്തോഷത്തോടെ തോണിക്കാരന്‍ തുഴഞ്ഞു നീങ്ങി. വലയും ചൂണ്ടയുമായി ഒരുപ്പയും മകനും പുഴയിലേക്ക് ഇറങ്ങുന്നു. നാളത്തെ അന്നം തേടിയൊന്നും അല്ലെന്നു തോന്നുന്നു. പുഴയുടെ മാറിലൂടെ അല്പം നേരമ്പോക്കാവാം അവര്‍ക്ക്. പെട്രോള്‍ മാക്സ് നേരെ പിടിക്കെടാ എന്ന് പറഞ്ഞു അയാള്‍ മകനെ വഴക്ക് പറഞ്ഞു. അവനൊരു ചമ്മലോടെ ഞങ്ങളെ നോക്കി. സാരല്ല്യ എന്ന മട്ടില്‍ ഞങ്ങളും ചിരിച്ചത് അവനെ സന്തോഷിപ്പിച്ചു കാണും.

ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല്‍ കുന്നിന്‍റെ മുകളില്‍ നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. അല്ലെങ്കില്‍ ‌ പതിവില്ലാതെ ഇവിടത്തെ കാറ്റുകള്‍ സങ്കടം പറയാറില്ല. പാരമ്പര്യവും പ്രശസ്തിയും ഒത്തിരിയുള്ള സ്ഥാപനമാണിത്. ചാലിയാറിന്‍റെ മേലെ കുന്നിനു മുകളില്‍ ഈ അനാഥാലയം ഒരുപാട് കുട്ടികളുടെ കണ്ണീരൊപ്പുന്നു. ഈ പുഴക്കരയിലിരുന്ന് അവിടെ നിന്നുമുള്ള മങ്ങിയ വെളിച്ചവും കണ്ട്‌ പിന്നെ അന്തരീക്ഷത്തിന് പെട്ടൊന്നൊരു ശോകച്ഛായ പകര്‍ന്നപോലെ ഈ സങ്കടക്കാറ്റും കൊണ്ട് കൂടുതലിരിക്കാന്‍ എന്തോ വിഷമം തോന്നുന്നു. പുഴയിലും തോണിക്കാരുടെ ആരവം ഒഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കുറച്ചൂടെ വിശാലമായ തീരത്തേക്ക് മാറിയിരുന്നു. പൂഴിമണലില്‍ മലര്‍ന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കൂട്ടായി നല്ല പാല്‍നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില്‍ നിന്നും പഴയൊരു മാപ്പിള പാട്ടിന്‍റെ ഈരടികള്‍ ഒഴുകിവരുന്നു. അതില്‍ ലയിച്ച്‌ ഞങ്ങളും.



(എളമരം ബോട്ട് ജെട്ടിയുടെ ഫോട്ടോ ശ്രീ. സന്ദീപിന്റെ ഈ ബ്ലോഗ്ഗില്‍ നിന്നും എടുത്തതാണ്) (ചാലിയാര്‍ അസ്തമയ ഫോട്ടോ ശ്രീ ജലീല്‍ കൂളിമാട്)

88 comments:

  1. പൂഴിമണലില്‍ മലര്‍ന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കൂട്ടായി നല്ല പാല്‍നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില്‍ നിന്നും പഴയൊരു മാപ്പിള പാട്ടിന്റെ ഈരടികള്‍ ഒഴുകിവരുന്നു. അതില്‍ ലയിച്ച്‌ ഞങ്ങളും

    ReplyDelete
  2. മാവൂര്‍ ഗ്വാളിയാര്‍ കമ്പനിയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന കാലത്ത് ചാലിയാറിന് പരനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. ഏതായാലും ജനകിയ സമരത്തെ തുടര്‍ന്ന് സാബുവും കുട്ടരും സ്ഥലം വിട്ടതോടെ ചാലിയാര്‍ വിണ്ടും പഴയ ചാലിയാരായി കഥ പറഞ്ഞു തുടങ്ങിയല്ലോ? സ്രാമ്പ്യ പള്ളിയെ കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്....

    പുഴയും, വയലുകളും നിറഞ്ഞ ഗതകാല സ്മരണകള്‍ അയവിയിരക്കുവാനുള്ള ചെരുവാടിയുടെ ശ്രമങ്ങള്‍ക്ക് നമോവാകം...

    ഇടയ്ക്കു ഞാന് വിചാരിക്കും അല്പം നോസ്ടാല്ജിയ എഴുതിയാലോ എന്ന്.
    തൃശൂരിലെ പ്രസിദ്ധമായ കോള്‍നിലങ്ങളില്‍ നെല്‍ കൃഷി ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ചില പാട്ടുകള്‍ കേട്ടാല്‍ അറിയാതെ മനസ് ആ കാലത്തിലേക്ക് പോകും. ചിലപ്പോള്‍ ആ കാലത്ത് കേട്ടതുകൊണ്ടായിരിക്കാം.

    ReplyDelete
  3. വീണ്ടും ഗൃഹാതുരത്വത്തിന്റെ പുഴയോരത്തേക്കൊരു തിരിച്ചുനടത്തം. നന്നായി.
    ആശംസകൾ!

    ReplyDelete
  4. ചാലിയാറിന്റെ മണല്‍തിരികളിലൂടെ ഒരു യാത്രചെയ്തപോലെ
    നല്ല എഴുത്ത്

    ReplyDelete
  5. പതിവു പോലെ മനസ്സിനു സുഖം പകര്‍ന്ന മറ്റൊരു പോസ്റ്റ് കൂടി... നന്ദി മാഷേ.

    ReplyDelete
  6. ഒരു കാറ്റ് തഴുകി കടന്ന്പോയപോലെ….
    ചാലിയാർ തീരത്തെ തണുത്ത കാറ്റ്.
    ചാലിയാറിന്റെ കുഞ്ഞോളങ്ങൾ തഴുകിയൊഴുകുമ്പോലെ… എഴുത്തും.

    ReplyDelete
  7. ചാലിയാറിന്റെ തീരതൂടെ നടന്നു...ഇടയ്ക്കൊന്നവളിലേക്കിറങ്ങി അവളെ പ്രണയിച്ചു...വർഷത്തോടുള്ള കള്ള പ്രണയവും അറിഞ്ഞു....ഇളം ചൂട് പാദത്തിൽ തട്ടാനെന്നോണം ആ റോഡിലൂടെ നടന്നു...ഖുർ ആൻ പാരായണം കാതിൽ പതിക്കുന്നുണ്ട്.....അച്ഛന്റെ ശകാരത്തിൽ ചമ്മിയ ആ കുട്ടീടെ മുഖവും കാണാം...അനാഥത്വത്തിന്റെ സങ്കടം പേറി ഒരു കാറ്റ് കടന്നു പോയതും അറിയുന്നു...ആകാശത്തെ പാൽനിലാവും നക്ഷത്രങ്ങളും കാണാം ഇപ്പോ...ഒഴുകിയെത്തുന്ന മാപ്പിളപ്പാട്ടിന്റെ ഈരടിയും....ചാലിയാർ മനസ്സിൽ നിറയുന്നു....ഭാവുകങ്ങൾ

    ReplyDelete
  8. വീണ്ടും ചാലിയാര്‍ തീരത്ത്‌. പോസ്റ്റില്‍ പറഞ്ഞ സ്രാമ്പ്യ ഇപ്പോള്‍ അവിടെ ഉണ്ടോ എന്നു അറിയില്ല. ഒട്ടേറെ ഓര്‍മ്മകളുടെ സ്മാരകങ്ങള്‍ തിരിച്ചു വരവില്ലാത്ത കാലത്തോടൊപ്പം പുഴ ഒഴുക്കിക്കളഞ്ഞു. നമുക്ക് വേണ്ടെന്നു തോന്നിയത് നമ്മില്‍ നിന്നും സ്നേഹ പൂര്‍വ്വം സ്വീകരിച്ചു പുഴ കൊണ്ട് പോയി. ഇന്നും നാട്ടിലെത്തിയാല്‍ ആവേശം ആര്‍ത്തലച്ച ബാല്യ കൌമാരങ്ങളുടെ കേളികൊട്ടിന്‍റെ ഗതകാല സ്മരണകളിലേക്ക് മുങ്ങാംകുഴിയിടുമ്പോള്‍ പുഴ എനിക്ക് തിരച്ചു തരും എന്‍റെ നഷ്ട ബാല്യത്തെ.

    ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ പോസ്റ്റില്‍ ചെറുവാടിയിലെ എഴുത്തുകാരന്‍ അന്വേഷിക്കുന്നതും ഓര്‍മ്മകളുടെ ചെപ്പില്‍ സൂക്ഷിച്ച കാലത്തിന്റെ കത്രിക വീണ ഒരു സംസ്കൃതിയുടെ ബാക്കി പത്രമാണ്‌. നല്ല പോസ്റ്റ്. എന്‍റെ നാട് കൂടി ആയതു കൊണ്ടാവാം എനിക്ക് ഏറെ ഇഷ്ടമായി.

    ReplyDelete
  9. പറഞ്ഞതത്രയും നല്ല സുഖത്തോടെ തന്നെ വായിച്ചു.. പക്ഷേ മഴ മാറി കഴ്ടിച്ച് ഒരു മാസം കഴിഞ്ഞാല്‍ ഒഴുക്ക് കുറയുന്ന നദികളാണ് ഇന്ന് നമ്മുടെ നാട്ടില്‍ അധികവും... വലയും പെട്രോമാക്സുമായി ഇറങ്ങുന്ന ഇടത്തരം 'മത്സ്യബന്ധന കൂട്ടങ്ങളുടെ' കാഴ്ച ഇന്ന് അപൂര്‍വ്വം ആയിരിക്കുന്നു.... 'മാഫിയാകളുടെ' വരവോടെ പുഴയില്‍ നിന്നും മണല്‍ വാരി ഉപജീവനം കഴിഞ്ഞിരുന്ന തൊഴിലാളികളും ചില സീസണുകളിലേക്ക് മാത്രം ഒതുങ്ങിയിരിക്കുന്നു... പുഴകള്‍ ആളുകളുടെ മനസ്സില്‍ നിന്നെങ്കിലും അപ്രത്യക്ഷമാകുന്നു.... ചെറുവാടി എന്ന കടത്തുകാരന്റെ തോണിയില്‍ ചാലിയാറിന്റെ ഓളങ്ങളിലൂടെ യാത്ര പോകുന്ന കാലത്തോളം വായനക്കാരന്റെ മനസിലെങ്കിലും ചാലിയാറിന് മരണമില്ല.....

    ചാലിയാര്‍ മാത്രമല്ല, ഒരു പുഴ പോലും മരിക്കാതിരിക്കട്ടെ............

    ReplyDelete
  10. 'എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല്‍ കുന്നിന്റെ മുകളില്‍ നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. ..'
    പുഴയുടെ പാട്ടില്‍ പോലും അല്‍പ്പം ശോകം കലര്‍ത്താന്‍ ചെറുവാടി മടിച്ചില്ല !
    ജീവിതം അങ്ങിനെ ഒക്കെ ആണെന്ന് ഓര്‍മ്മപ്പെടുത്തിയതാകും അല്ലെ !
    നല്ല വരികളാല്‍ സമരസപ്പെടുത്തിയിരിക്കുന്നു!
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  11. വളരെയധികം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന എഴുത്ത്. ചാലിയാറിന്റെ തീരത്ത് അല്പ നിമിഷം ഉണ്ടായ ഫീല്‍..

    ReplyDelete
  12. ചാലിയാറും ചെറു വാടിയും വിട്ടുള്ള ഒരു കളിയും ഇല്ല അല്ലെ !! ഇതും നന്നായി ...:)

    ReplyDelete
  13. വീണ്ടും 'ചെറുവാടിസം'!!

    നമുക്ക് ഇതൊക്കെ ഒരു ഓര്‍മ്മപുതുക്കല്‍. പക്ഷെ അടുത്ത തലമുറകള്‍ക്ക് ഇതൊക്കെ ഒരു വിസ്മയം ആയിരിക്കും....
    അപ്പോള്‍ നമുക്കവരോട് പറയാം- ഇതിലൂടെ ഒരു പുഴയൊഴുകിയിരുന്നു എന്ന്!

    ReplyDelete
  14. എന്തെത്താ ഇസ്റ്റാ?... രണ്ടര കൊല്ലായി നാട് കണ്ടിട്ട്.. അറിയോ..? ഇങ്ങനെ കൊതിപ്പിക്കരുത്ട്ടോ മഷ്യന്മാരെ...

    ചെറിവാടി... ഉഷാറാട്ടോ... നൊസ്റ്റാള്‍ജിയ രാജകുമാരന്‍.. ഹി..ഹി

    ReplyDelete
  15. ചാളിയാറല്ലെങ്കിലും ഒരു പുഴയുടെ വക്കില്‍ ജീവിച്ചത് കൊണ്ട് ഈ എഴുത്ത് എനിക്കും പ്രിയപ്പെട്ടതാണ്. പുഴയിലൂടെയുള്ള യാത്രയും, മീന്‍ പിടുത്തവും എല്ലാം മധുരതരമായ ഓര്‍മ്മകള്‍ നല്‍കുന്നു.
    നന്ദി സുഹൃത്തേ.

    ReplyDelete
  16. ചെറുവാടി; ദ നൊസ്റ്റാല്‍ജിക്ക്!!!!

    ReplyDelete
  17. എഴുതിയെഴുതി ചാലിയാറിനെ ഒരുപാടു പേരുടെ പ്രണയിനിയാക്കി മാറ്റുംല്ലേ!!

    ReplyDelete
  18. നാലഞ്ചു തവണ ചാലിയാറില്‍ വന്നിട്ടുണ്ട്,
    ഒരു വല്ലാത്ത മാദക ഭാവം ചാലിയാറിന് ഉണ്ട് എന്നു എനിക്കും തോന്നിയിട്ടുണ്ട് അല്ലെങ്കില്‍ എന്തിനാ ഞാന്‍ രാത്രി 2 മണിക്ക് കുട്ടുകാരനെയും കൂട്ടി ചാലിയാറില്‍ കാലും ഇട്ടു മണികൂരുകളോളം ഇരുന്നത്.


    സ്നേഹാശംസകള്‍

    ReplyDelete
  19. സുന്ദരമായ ഒരു തഴുകല്‍ പതിവുപോലെ കടന്നുപോയി. ആ താഴുകലില്‍ അറിയാതെ ഒരു യാത്ര സ്വപ്നത്തിലെന്നപോലെ. മനോഹരമാക്കി.

    ReplyDelete
  20. എന്തു കണ്ടാലും നല്ല ശൈലിയോടെ പറയുന്ന ചെറുവാടി ഇതും വശ്യമനോഹരമായി തന്നെ പറഞ്ഞു.ചാലിയാറും അതിന്റെ തീരങ്ങളും ഒരുപാട് കഥ പറഞ്ഞു തന്നു..ഇനിയും പറയുക.അഭിനന്ദനങ്ങള്‍

    ReplyDelete
  21. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കുറച്ച് കാല്‍പ്പനികതയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ. ഓര്‍മക്കുറിപ്പുകള്‍ കാല്‍പ്പനികതയുടെ മേമ്പൊടിയോടെ പുതിയ ഒരു സാഹിത്യ ശാഖ രൂപപ്പെടുത്തുകയായിരിക്കും ചെറുവാടി.

    ഒരു നല്ല കഥാ കൃത്തിലേക്കുള്ള സഞ്ചാരവും ആകാം. ഏതായാലും ചാലിയാര്‍ തന്നെയാണ് വിഷയമെന്കിലും ഇത്തവണ കുറെ വ്യത്യസ്തത പുലര്‍ത്തി.

    ReplyDelete
  22. മന്‍സൂര്‍ ഭായീ...നല്ല ചിത്രങ്ങള്‍ ആ കടവത്തില്‍ ഒന്നിച്ചിരിക്കാന്‍ കൊതിയാകുന്നു....എന്ത് നല്ല നാട്

    ReplyDelete
  23. വായിച്ചു..നന്നായിരിക്കുന്നു .ആപരൽ മീനുകൾ എന്തിനാ നാണിച്ചത്....

    ReplyDelete
  24. ഇതെന്താ ചെറുവാടീ, ഈയിടെയായി ഭയങ്കര ഗൃഹാതുരത!!! എന്തിനെയെങ്കിലും "മിസ്സ്‌" ചെയ്യുന്നോ!!!

    ReplyDelete
  25. മണന്തല കടവിന്ന് തോണി....
    എന്നിങ്ങനെ തുടങ്ങുന്ന ഒരുമാപ്പിളപ്പാട്ടിന്റെ ശകലമാണ് മനസ്സിലെത്തിയത്..!
    ആപുഴയും,കാറ്റുമൊക്കെ എനിക്കുംകൂടി പ്രിയപ്പെട്ടതാക്കി... ഇഷ്ടം അറിയിക്കട്ടിഷ്ടാ...
    മണന്തലക്കടവിനും ...! നന്ദി

    ReplyDelete
  26. ഈ സെന്റര്‍ കോര്‍ട്ടില്‍ വന്നാല്‍
    പിന്നെ ഇവിടുന്നു പോകാനേ തോന്നില്ല ..
    ചാലിയാറും തീരവും എന്നും
    ഇങ്ങനെ തന്നെ തുടരട്ടെ ....
    ആശംസകള്‍ ..

    ReplyDelete
  27. എനിക്കും വന്നൂട്ടോ.. ഒരു പുഴയുടെ ഫീലിങ്സ്...!
    ചാലിയാറായിരുന്നില്ല.. പെരിയാറായിരുന്നു..!!
    ആശംസകൾ...

    ReplyDelete
  28. ആയിരം പാദസരങ്ങള്‍ കിലുങ്ങി..
    ചാലിയാര്‍ പുഴ പിന്നെയുമൊഴുകീ...

    ReplyDelete
  29. പുഴകളെപ്പോഴും ഒരു സംസ്കാരത്തെയും സൃഷ്ടിക്കും.ചാലിയാറിനെപ്പറ്റി ഇത്ര ഭംഗിയായിപ്പറയാന്‍ ആ സംസ്കൃതിയുടെ ഭാഗമായ ചെറുവാടിക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക

    ReplyDelete
  30. ഈ ഓര്‍മ്മകള്‍ നമ്മില്‍ എന്നും നില നില്‍ക്കട്ടെ .........
    വളരെ നന്നായി എഴുതി ...

    ReplyDelete
  31. ചെരുവാടി പരഞ്ഞ കാറ്റ് എന്നെ തലോടുന്ന പോലെ.. അത്രയും ഹൃദയത്തിൽ തട്ടുന്ന വിവരണം.. മനസ്സിൽ ഇപ്പോൽ ഒരു ചാലിയാർ ഒഴുകുന്നു..

    ReplyDelete
  32. നമ്മുടേ ഈ പുഴ അതിന്റെ എല്ലാ പ്രതാപവും വീണ്ടും കയവരിചിരികുന്നു...ഇത് തന്നയയിരുന്നു k.a rahman ക്ക സ്വപ്നം കണ്ടതും ..ഈ പോസ്റ്റ്‌ വയിച്ചപോള്‍ അറിയാതെ ആ ചാലിയാര്‍ സമര നായകനേ ഓര്‍ത്തു പോയി...ഒരു പാട് നന്ദി...

    ReplyDelete
  33. ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചാലിയാറിന്റെ അതിമനോഹര വിവരണം. ഗൃഹാതിരത്വം കവിഞ്ഞൊഴുകിയ ഓരോ വരികളും എന്റെ മനസ്സിനെയും ചാലിയാറിന്റെ ആ തെളിഞ്ഞ വെള്ളത്തിന്റെ ഇളം ചൂടില്‍ കൊണ്ടെത്തിച്ചു. ചിത്രങ്ങളും കഥപറയുന്നു......

    ReplyDelete
  34. പതിവുപോലെ വായിക്കാന്‍ സുഖമുള്ള മറ്റൊരു പോസ്റ്റ് കൂടി...രണ്ടു കൊല്ലായി നാടുകാണാത്ത എന്നെപോലുള്ളവര്‍ക്ക് ഇതൊക്കെ വായിക്കുന്നതാ
    ഒരു ആശ്വാസം... നന്ദി മാഷേ.

    ReplyDelete
  35. ഗൃഹാതുരതയുണര്‍ത്തുന്ന ഹൃദ്യമായ പോസ്റ്റ്... ചാലിയാറിലൂടെ ഒരു യാത്ര പോയി വന്ന പോലെ.... ഹൃദയം നിറഞ്ഞു, ഒപ്പം എന്തിനെന്നറിയാതെ കണ്ണുകളും...!

    ReplyDelete
  36. ചെറുവാടിയുടെ എഴുത്തില്‍ ഗ്രാമീണതയും ഗൃഹാതുരത്വവും ഭംഗിയായി പറയും. അതിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.
    പോസ്റ്റ് ഇഷ്ടായീ.

    ReplyDelete
  37. ചാലിയാർ സമം മാലിന്യം എന്നായിരുന്നു ഇതുവരെ മനസ്സിൽ. ഇപ്പോൾ ഒരു കുളിർകാറ്റാടിക്കുന്നുണ്ട്. മനോഹരമായ വരികളിലൂടെ ഞാൻ സുഖദമായ കാഴ്ച്ചകൾ കണ്ടു. നന്ദി.

    ReplyDelete
  38. ബഹറൈനില്‍ ഇരുന്നു കൊണ്ട് പതിവായി ചാലിയാറില്‍ വന്നു പോവാറുണ്ടല്ലെ? .കൊള്ളാം നല്ല വിവരണം.പിന്നെ കക്കയിറച്ചിയുടെ കാര്യം പറഞ്ഞു കൊതിപ്പിക്കല്ലെ? ഇവിടെ കൊണ്ടു വരുന്നത് എത്രയോ പഴകിയത്. വല്ലപ്പൊഴും വാങ്ങി നോക്കും . വെറുതെ ആളെ മെനക്കെടുത്താന്‍!.ഇപ്പോ സ്രാമ്പിയൊന്നും കാണില്ല.പകരം 5 സ്റ്റാര്‍ സമുഛയങ്ങളല്ലെ?ഖിയാമം നാള്‍ അടുത്തു തുടങ്ങി!.

    ReplyDelete
  39. നല്ല വിവരണം. വായിക്കുമ്പോള്‍ നല്ലൊരിളം കാറ്റ് തലോടും പോലെ.

    ഞാന്‍ സൂര്യാസ്തമയം കാണാന്‍ മാടായിപ്പാറയില്‍ ആണ് പോകാറ്. അവിടത്തെ സൂര്യാസ്തമയത്തിന്റെ മറ്റെവിടെ കിട്ടുന്നതിനേക്കാളും മാധുര്യം കൂടും.

    നല്ലൊരനുഭൂതി!

    ReplyDelete
  40. പ്രശസ്തമായ ''മയ്യഴിപ്പുഴയുടെ തീരങ്ങളിലാണ്'' ഞാനും..
    പക്ഷെ,ചെറുവാടി സ്നേഹിക്കുന്നത്ര എനിക്കീ പുഴയോട് സ്നേഹമുണ്ടോ എന്നറിയില്ല..
    നിങ്ങള്‍ ആണുങ്ങളെപ്പോലെ ഞങ്ങള്‍ക്കാ പുഴയോരത്ത് പോയി കിടക്കാനൊന്നും കഴിയാത്തത് കൊണ്ടായിരിക്കാം..
    ഏതായാലും പോസ്റ്റ്‌ ഹൃദ്യം.

    ReplyDelete
  41. വീണ്ടും ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍...

    ReplyDelete
  42. ഭാരതപ്പുഴ പലസ്ഥലങ്ങളിലും ഭാരത പറമ്പാണ്, ചാലിയാറിന് ആശംസകള്‍.

    ReplyDelete
  43. ചാലിയാറിനെ നോക്കി നിന്നിട്ടുണ്ട് കാലു നനച്ചിട്ടുണ്ട് പിന്നെ ഗ്വാളിയോര്‍ റയോണുമായി കൊമ്പും കൊരുത്തിട്ടുണ്ട്. പക്ഷെ അവളു പറയുന്ന കഥയൊന്നും കേട്ടിട്ടില്ല. ഈ സ്ട്രീ ശരീരവും വെച്ച് ആ പൂഴിമണ്ണില് കഥ കേള്‍ക്കാന്‍ മലര്‍ന്നു കിടക്കണ്ട താമസമേയുള്ളൂ...
    പക്ഷെ ഇതു പോലെയുള്ള പോസ്ട് വായിക്കുമ്പോള്‍ അസൂയ അസൂയ മൂത്ത് പഴുത്ത അസൂയ!

    ReplyDelete
  44. ഇത് വായിക്കുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു..രാ‍ത്രികാലങ്ങളിൽ പുഴത്തീരത്തെ മണൽ പ്പരപ്പിൽ ആകാശം നോക്കിക്കിടക്കുക എന്റെ ഒരു പതിവായിരുന്നു പണ്ട്,..
    ഇപ്പോൾ ആ മണൽ തിട്ടയൊക്കെ മണലൂറ്റുകാർ കയറ്റിക്കൊണ്ട് പോയില്ല്ലേ എന്നാലോചിക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം..
    നല്ല എഴുത്ത്.
    ആശംസകൾ

    ReplyDelete
  45. എന്ത് പറ്റി കുറച്ച് നാളായി നോസ്റ്റാള്‍ജിയാ ഫീലിങ്ങ്സ്‌ ആണല്ലോ

    ReplyDelete
  46. നല്ല പോസ്റ്റ്‌.
    പുഴയെ പേടിയുമാണ് ഇഷ്ടവുമാണ്.

    ReplyDelete
  47. ഇവിടെയീ പുഴയോരത്ത്...
    മനോഹരമായ ബാല്യകാലമുണ്ട്..,
    ചങ്ങാതി കൂട്ടമുണ്ട്...,
    ഒരു കുഞ്ഞു കള്ള പ്രണയമുണ്ട്...,
    നൊമ്പരത്തിന്റെ ശീലുകളുണ്ട്...,

    ഓര്‍മ്മകള്‍ മരിക്കുന്നില്ലാ..ഒപ്പം ചാലിയാറും...

    ചെറുവാടീ...നന്നായിരിക്കുന്നു.
    വരികളിലൂടെ മനുഷ്യമനസുകളെ
    പഴയകാലത്തേക്ക് കൂട്ടി കൊണ്ട്
    പോകാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു...

    ReplyDelete
  48. ചാലിയാറില്‍ നിന് ഒന്ന് കുളിച് കയറിയ ഒരു സുഖം ........

    ReplyDelete
  49. @ പുലരി
    ആദ്യ അഭിപ്രായത്തിന് സ്വാഗതം. റയോണ്‍സിന്‍റെ അടച്ചു പൂട്ടല്‍ ഗുണവും ദോഷവും ചെയ്തിട്ടുണ്ട്. പക്ഷെ ചാലിയാറിന് തീര്‍ച്ചയായും ഗുണകരമായി തന്നെയാണ് വന്നത്. നന്ദി. വായനക്കും അഭിപ്രായത്തിനും.
    @ അലി
    അതെ . ചെറിയൊരു യാത്ര. കഥ കേട്ട് കാറ്റുംകൊണ്ടു ചാലിയാറിന്‍റെ തീരത്തൂടെ. നന്ദി. വായനക്കും അഭിപ്രായത്തിനും.
    @ ഷാജു അത്താണിക്കല്‍
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും.
    @ ശ്രീ.
    വായനക്കും ഇഷ്ടായതിലും നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ എസ് എം സാദിഖ്
    ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു. ഈ നല്ല വാക്കുകള്‍ പ്രോത്സാഹനമാകുന്നു.
    @ സീത
    ഈ വായനക്ക്, സന്തോഷം നല്‍കിയ വിശദമായ അഭിപ്രായത്തിന് , സന്ദഷണത്തിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.
    @ അക്ബര്‍ വാഴക്കാട്.
    പോസ്റ്റിനെ വിധി തന്നെ നിങ്ങളെ കയ്യിലാണ് എന്ന രീതിയില്‍ ആണ് ഇത് പോസ്റ്റിയത്. കാരണം എന്നേക്കാള്‍ കൂടതല്‍ ഈ പ്രദേശത്തെ പരിചയം നിങ്ങള്‍ക്കാണല്ലോ. ആ സ്രാമ്പ്യ , അവിടെ ചെല്ലുമ്പോള്‍ കാണണേ എന്ന പ്രാര്‍ത്ഥനയാണ് എനിക്ക്. നന്ദി, ഒരുപാടൊരുപാട്.
    @ ഹാഷിക്ക്
    ഇഷ്ടപെട്ടതില്‍ ഒത്തിരി സന്തോഷമുണ്ട്. പറഞ്ഞപോലെ നമ്മുടെ മനസ്സിലെ നദികള്‍ക്കെ മരണമില്ലാതതുള്ളൂ. മീന്‍പിടുത്തവും നീരാട്ടും എല്ലാം മിക്ക നദികളിലും സാദ്യമല്ല. വായനക്കും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു,
    @

    ReplyDelete
  50. ചെറുവാടിക്കാരാ,
    വായിച്ചു. ഇഷ്ടമായി! എന്നെപ്പോലുള്ളവരെ സഹിക്കാന്‍ പറ്റുമോ?

    ReplyDelete
  51. പണ്ടെന്നോ ബൈതലങ്ങയും മറ്റും തന്നു ചിരിപ്പിച്ച ചട്ടിക്കരിയെ ഇവിടെ കമന്റ് ബോക്സില്‍ കണ്ടു. പിന്നെ എന്തൊ പോസ്റ്റൊന്നും കണ്ടതുമില്ല.ഫേസ് ബുക്കില്‍ സജീവമാണു താനും!.

    ReplyDelete
  52. @ pushpamgad kecheri
    നന്ദി അറിയിക്കുന്നു പോസ്റ്റ്‌ ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കു. അനാഥാലയങ്ങള്‍ നല്‍കുന്ന ഒരു മൂഡ്‌ അങ്ങിനെ പറഞ്ഞെന്നെ ഉള്ളൂ . സന്തോഷം.
    @ മനോരാജ്
    നന്ദിയും സന്തോഷവും അറിയിക്കുന്നു.വായനക്ക് ,സന്ദര്‍ശനത്തിനു, നല്ല വാക്കുകള്‍ക്കു. ഒപ്പം പ്രോത്സാഹനത്തിനും.
    @ രമേശ്‌ അരൂര്‍
    നാട് വിട്ടുള്ള കളിയില്ല എന്ന് ചുരുക്കി പറയാം. :) . നന്ദിയും സന്തോഷവും അറിയിക്കുന്നു
    @ ഇസ്മായില്‍ കുറുമ്പടി തണല്‍
    പുഴ വെറും ഓര്‍മ്മകളില്‍ മാത്രമാവരുതെ എന്ന് പ്രാര്‍ഥിക്കാം. നന്ദിയും സന്തോഷവും അറിയിക്കുന്നു.വായനക്ക് ,സന്ദര്‍ശനത്തിനു, നല്ല വാക്കുകള്‍ക്കു.
    @ ഷബീര്‍ തിരിച്ചിലാന്‍
    ഇന്നസെന്റ് സങ്കടം വരുമ്പോള്‍ പപ്പടം കാച്ചും എന്ന് പറഞ്ഞ പോലെ നമ്മള്‍ക്ക് നാട് ഓര്‍ക്കുമ്പോള്‍ ഇങ്ങിനെ പോസ്റ്റ്‌ ഇട്ട് ഉപദ്രവിക്കും. നന്ദി ട്ടോ നല്ല വാക്കുകള്‍ക്കു.
    @ തെച്ചിക്കോടന്‍
    പുഴയെ കുറിച്ചുള്ള ഓരോ ഓര്‍മ്മും മധുരിക്കുന്നത് തന്നെയാവും. നന്ദി . വായനക്കും അഭിപ്രായത്തിനും .
    @ മുല്ല
    നന്ദിയും സന്തോഷവും അറിയിക്കുന്നു.വായനക്ക് ,സന്ദര്‍ശനത്തിനു, നല്ല വാക്കുകള്‍ക്കു.
    @ മുകില്‍
    അങ്ങിനെ പ്രണയിക്കാന്‍ എല്ലാര്‍ക്കും വിട്ടു കൊടുക്കില്ല ചാലിയാറിനെ. :) . നന്ദിയും സന്തോഷവും അറിയിക്കുന്നു.വായനക്ക് ,സന്ദര്‍ശനത്തിന്
    @ കുന്നെക്കാടന്‍
    ചാലിയാറിനെ അടുത്തറിഞ്ഞവര്‍ക്ക് എല്ലാം കാണും നല്ല ഓര്‍മ്മകള്‍. നന്ദിയും സന്തോഷവും അറിയിക്കുന്നു.വായനക്ക് ,സന്ദര്‍ശനത്തിന്‌.
    @ പട്ടേപ്പാടം റാംജി
    ഈ അഭിപ്രായത്തെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു . നന്ദി ഒരുപാടൊരുപാട്.

    ReplyDelete
  53. സുഖകരമായ ഒരു തണുത്ത കാറ്റ്‌ പോലെയാണ് ചെറുവാടിയുടെ എഴുത്ത് ,വായിച്ചു കഴിയുമ്പോള്‍ നാട്ടില്‍ പോയ പോലെ തോന്നും .

    കുറച്ചു നാളായി തിരക്കാണ് അതിനാല്‍ ആണ് ഈ വഴിക്കൊന്നും വരാത്തത്

    ReplyDelete
  54. ചെറുവാടി...പഴയ ഓര്‍മകളെയും കാലങ്ങളെയും ഓര്‍മിപ്പിച്ചതിനു നന്ദി ...
    കഴിഞ്ഞതിനെ എല്ലാവരും തിരസ്കരിചിടും താങ്കള്‍ മാത്രം മുറുകെ പിടിക്കുന്നു ...വായിക്കാന്‍ നല്ല സുഖം
    എഴുതാന്‍ സുകമയിരിക്കാം..എങ്കിലും പുതിയ ചിന്ദകളെ പ്രതീക്ഷിക്കുന്നു....നല്ല എഴുത്ത് .. ....അഭിനന്ദനങ്ങള്‍....

    ReplyDelete
  55. ഇങ്ങിനെ കൊതിപ്പിച്ച് കൊതിപ്പിച്ച് ഞാന്‍ ചാലിയാറിന്റെ ആരാധികയാവും...കൊള്ളാം മാഷെ....

    ReplyDelete
  56. നോസ്റ്റാൾജ്യാ... വളരെ നന്നായി എഴുതിയിരിക്കുന്നു. പുഴകളെ അറിയുന്നവർക്ക്, സ്നേഹിക്കുന്നവർക്ക് ഈ പോസ്റ്റിന്റെ മാധുര്യം അറിയാനാവും.
    ചാലിയാരില്ലെങ്കിലും കടലുണ്ടി പുഴയുണ്ട് എനിക്കും ഓർമ്മകളിൽ സൂക്ഷിക്കാൻ

    ReplyDelete
  57. @ അതിരുകള്‍ /പുളിക്കല്‍
    ഈ സന്തോഷം നല്‍കിയ അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒപ്പം വായനക്കും സന്ദര്‍ശനത്തിനും.
    @ ഷുക്കൂര്‍
    മനപൂര്‍വ്വമല്ല ഷുക്കൂര്‍. ചാലിയാറിനെ കുറിച്ചെഴുതുമ്പോള്‍ അറിയാതെ വന്നു പോകുന്ന കാല്പനികത. അതിലപ്പുറം എന്ത്. നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും സന്ദര്‍ശനത്തിനും.
    @ ആചാര്യന്‍
    ഒരവധിക്കാലം ഒന്നിച്ചാവാം. ചാലിയാറിനെ അറിയുകയും ചെയ്യാം. കൂടെ വന്നോളൂ. നന്ദി. സന്തോഷം
    @ ഹൈന
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും.
    @ ചാണ്ടിക്കുഞ്ഞ്
    മിസ്സാവുന്നത് നാടും ചാലിയാറും പിന്നെ ബാല്യകാല ഒര്മ്മകലുഒക്കെ തന്നെ ചാണ്ടി. അതിങ്ങനെ നിങ്ങള്‍ക്കൊരു ഉപദ്രവമായി എഴുതും. നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും.
    @ ഇസ്ഹാഖ്
    ഒരുപാട് നന്ദി. വായനക്കും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും. ഇനിയും വരുമല്ലോ.
    @ എന്‍റെ ലോകം.
    ഹൃദയം കൊണ്ട് സ്വീകരിക്കുന്നു ഈ വാക്കുകളെ. എന്നും നല്‍കി വരുന്ന പ്രോത്സാഹനത്തെ. ഒരുപാടൊരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ വീകെ
    പുഴ ഏതായാലും ഓര്‍മ്മകളും അനുഭവങ്ങളും ഒരു പോലെ തന്നെയാവും അല്ലെ. ? ഒരുപാട് നന്ദി. വായനക്കും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും.സന്തോഷവും അറിയിക്കുന്നു.
    @ അജിത്‌
    ഒരുപാട് നന്ദി. വായനക്കും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും. സന്തോഷവും അറിയിക്കുന്നു.
    @ പ്രദീപ്‌ കുമാര്‍
    വളരെ വളരെ സന്തോഷം ഈ നല്ല വാക്കുകള്‍ക്കു. വായനക്കും പിന്തുടരുന്നതിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ . പ്രോത്സാഹനത്തിനും.

    ReplyDelete
  58. പുഴയും,കാറ്റും,മണല്‍തീരവും ...എല്ലാം മനോഹരമായി.

    ReplyDelete
  59. ചെറുവാടി കൂടെക്കൂടെ ഗ്രഹാതുരത്വം നൽകുന്നു.(അതിലുമുണ്ടൊരു സുഖം.)

    ReplyDelete
  60. മന്സൂര്, താന്കളുടെ പുഴക്കടവിലെ സായാഹ്നം കേള്ക്കാന് തന്നെ എന്തൊരു രസം, അപ്പോൾ അനുഭവിച്ചാലോ....
    പുഴയോരത്ത് ആ പാട്ടും കേട്ട് കിടക്കൂംബോള് പെട്ടെന്ന് എഴുത്ത് നിർത്തിയതെന്തേ?

    ReplyDelete
  61. ഒരവധിക്കാലം ആഘോഷിക്കുന്ന അനുഭവമാണ് ചെറുവാടിയുടെ ഓരോ പോസ്റ്റും. ചാലിയാരിനോപ്പം ഓര്‍മ്മകളും ഒഴുകി അങ്ങിനെ അങ്ങിനെ.
    ഇഷ്ടപ്പെട്ടു സുഹൃത്തേ.

    ReplyDelete
  62. ഞാനും ഒരു ചാലിയാര്‍ തീരവാസി-പെരുമണ്ണയില്‍.പോസ്റ്റ് ഏറെ നന്നായി.ഒപ്പംചേര്‍ത്ത ചിത്രങ്ങളും.’ഒരെഴുത്തുകാരന്റെ പൂര്‍ണ്ണതയോ സാഹിത്യത്തിന്റെ ഭംഗിയോ ഒന്നുമുണ്ടാവില്ല ഇതിന്’എന്ന് പ്രൊഫൈലില്‍ പറഞ്ഞ പെരുംനുണയന് എല്ലാ ഭാവുകങ്ങളും!

    ReplyDelete
  63. നിലാവും പൂഴി മണല്‍ തീരവും ശാന്തമായി ഒഴുകുന്ന പുഴയും.... മലയാളികള്‍ക്ക് മാത്രം സ്വന്തമായുള്ള ഒരു ആവേശം ! ചെറിയൊരു അഹങ്കാരവും...
    ----
    നല്ല അവതരണം...

    ReplyDelete
  64. പുഴയോരഴകുള്ള പെണ്ണ്...
    ചാലിയാര്‍ പുഴയോരഴകുള്ള പെണ്ണ്...
    വരി ഇങ്ങനെ മാറ്റാം..
    പതിവ് പോലെ നല്ല എഴുത്ത്..യതീം ഖാനയെ കുറിച്ചുള്ള ഭാഗം വളരെ ഇഷ്ട്ടപ്പെട്ടു..തുടരുക ഈ ഓര്‍മ കാഴ്ചകള്‍...

    ReplyDelete
  65. @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
    നന്ദിയും സന്തോഷവും അറിയക്കട്ടെ. വായനാകും നല്ല അഭിപ്രായത്തിനും. സന്തോഷം.
    @ ജെഫു ജൈലാഫ്
    നല്ല വാക്കുകള്‍ക്കും വായനക്കും സന്ദര്‍ശനത്തിനും ഹൃയം നിറഞ്ഞ നന്ദി
    @ ഫൈസല്‍ ബാബു
    അദ്രായ്ക്കയെ ഓര്‍ക്കാതെ ചാലിയാര്‍ ഇല്ലല്ലോ . നന്ദിയും സന്തോഷവും അറിയക്കട്ടെ. വായനാകും അഭിപ്രായത്തിനും. സന്തോഷം.
    @ ഷമീര്‍ തളിക്കുളം
    ഇ നല്ല വാക്കുകളെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു . എന്‍റെ നന്ദിയും സന്തോഷവും അറിയിക്കട്ടെ.
    @ ലിപി രഞ്ജു
    നല്ല അഭിപ്രായത്തിന് ആദ്യം തന്നെ നന്ദി . വായിക്കുന്നപോലെ എഴുതുമ്പോഴും അനുഭവിക്കുന്നത് നാട് തന്നെ. സന്തോഷം.
    @ കുഞ്ഞൂസ്
    നന്ദിയും സന്തോഷവും അറിയിക്കുന്നു . പോസ്റ്റ്‌ ഇഷ്ടായതിനും നല്ല സന്തോഷം നല്‍കിയ അഭിപ്രായത്തിനും.
    @ സുല്‍ഫി മണവയല്‍
    സുല്‍ഫിയുടെ പ്രോത്സാഹനം എനിക്ക് ബ്ലോഗ്‌ തുടങ്ങിയ മുതല്‍ കിട്ടുന്നുണ്ട്‌. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ നല്ല അഭിപ്രായത്തിനും.
    @ ശ്രീനാഥന്‍
    ഇത് ചാലിയാറിന്റെ പുതിയ ചിത്രം. മാലിന്യങ്ങളെ മാറ്റി സന്തോഷം നല്‍കുന്ന ഔതിയ ചാലിയാര്‍, നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ മുഹമ്മദ്‌ കുട്ടി
    ഇടക്കല്ല, എന്നും ചാലിയാറും അതിന്റെ പരിസരത്തും ഒക്കെ തന്നെയാണ് ഇക്കാ. കക്കയിറച്ചി ഒക്കെ ഫ്രഷ്‌ നമ്മളെ നാട്ടില്‍ കിട്ടും. പോസ് ഇഷ്ടായതിനു ഒത്തിരി നന്ദി
    @ ചെമ്മരന്‍
    ഇഷ്ടായി എന്നറിയുന്നത് വളരെ സന്തോഷം നല്‍കുന്നു. എന്‍റെ നന്ദിയും ആശംസകളും അറിയിക്കുന്നു. സന്ദര്‍ശനത്തിന് പ്രത്യേകം നന്ദി.

    ReplyDelete
  66. ഇത്തിരി ദിവസമാണെങ്കിലും നാട്ടിൽ പോയി പഴയ ഓർമ്മകളിലേക്ക് തിരിച്ച് പോയി.. വന്നതെയുള്ളൂ.. വന്നതിനു ശേഷം ആദ്യമായി ഞാൻ വായിച്ചതും ഈ പോസ്റ്റ് തന്നെ.. ചെറുവാടിയുടെ സ്റ്റൈലിൽ വീണ്ടുമൊരു പോസ്റ്റ്.. ----നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള്‍ കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല്‍ മീനുകള്‍ ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന്‍ മുട്ടറ്റം വെള്ളത്തിലേക്ക്‌ ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള്‍ ‍. ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്‍കുന്നൊരു സ്വപ്ന ലോകം -എനിക്ക് ഒത്തിരി ഇഷ്ട്ടമായ വരികൾ.. ആശംസകൾ..

    ReplyDelete
  67. വീണ്ടും എല്ലാവരേയും കൊണ്ട് ഈ ചാലിയാറിൽ കൂടി തുഴഞ്ഞുപോയി അല്ലേ ഭായ്

    ReplyDelete
  68. വീണ്ടും ഒരു ഗ്രഹാതുരത്വ പോസ്റ്റ്.
    നമ്മുടെ നഷ്ടങ്ങള്‍ ആണ് നമ്മുടെ നാട്. നമ്മുടെ കുട്ടികള്‍ക്ക് ഇനി ഇതെല്ലാം അച്ഛന്റെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കൊടുക്കേണ്ട ഗതികേടിലാണ് മാതാപിതാക്കള്‍

    ReplyDelete
  69. പുഴയോരം അനുഭവിച്ചു!
    ഹായ്...

    ReplyDelete
  70. പുഴയും കാറ്റുമൊക്കെയായി മനസ്സിലെ കുളിര്‍മ്മ നില നില്‍ക്കട്ടെ.പ്രകൃതി നല്‍കിയ ഈ സമ്മാനങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ പ്രകൃതി സ്നേഹികളുടെയും കടമയാണ്.ഇത്രയധികം നൊസ്റ്റാള്‍ജിയ മനസ്സിലുള്ള ചെറുവാടി ബഹറൈനില്‍ കിടക്കുന്നതെങ്ങിനെയെന്ന് മനസ്സിലാകുന്നില്ല.

    ReplyDelete
  71. @ മേയ് ഫ്ലവര്‍
    ശരിയായിരിക്കാം. പുഴയോട് അടുക്കുമ്പോഴേ അതിനെ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റൂ. എം. മുകുന്ദനിലൂടെ അടുത്തറിഞ്ഞ മയ്യഴിയെ ഞാനും സ്നേഹിക്കുന്നുണ്ട്. നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ നൌഷു
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും ഇഷ്ടായതിനും .
    @ മൊട്ട മനോജ്‌
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ ഐസീബി
    :)
    പോസ്റ്റ്‌ വായിച്ചതിലും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ കമ്പര്‍
    ശരിയാണ്.നിലാവിനെയും നക്ഷത്രങ്ങളെയും കണ്ടുള്ള ആ രാത്രിയിലെ ഇരുത്തം ഒരു രസം തന്നെ. പോസ്റ്റ്‌ വായിച്ചതിലും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ ഫെനില്‍.
    ഒന്നും പറ്റിയില്ല.പറ്റാതിരിക്കാനാ ഇതൊക്കെ എഴുതി കൂട്ടുന്നത്‌ :). നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ എക്സ് പ്രവാസിനി
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും ഇഷ്ടായതിനും .
    @ റിയാസ് മിഴിനീര്‍ തുള്ളി
    ഒത്തിരി നന്ദി ട്ടോ ചങ്ങാതീ സന്തോഷവും ഇഷ്ടവും തോന്നിയ ഈ നല്ല വാക്കുകള്‍ക്ക്‌. ഹൃദയം കൊണ്ട് സ്വീകരിക്കുന്നു .
    @ സലീല്‍
    പോസ്റ്റ്‌ വായിച്ചതിലും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ ശങ്കര നാരായണന്‍ മലപ്പുറം
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും ഇഷ്ടായതിനും .അതെന്താ അങ്ങിനെ ചോദിച്ചേ..?

    ReplyDelete
  72. വായിക്കുമ്പോള്‍ ഓര്‍മ്മകളുടെ ചിപ്പിക്കുള്ളില്‍ ചെറുവാടിയും പുഴയും ബസ്സിലിരുന്നു കുറേ കണ്ട തിന്റെ തിളക്കം.
    ആദ്യം ഒരു കുളിര്.
    പിന്നെ ഒരു ശോകം.
    എഴുത്ത് നന്നായത്തിന്റെ സന്തോഷം!

    ReplyDelete
  73. മലയാളിക്ക് പണ്ടെ ഇംഗ്ലീഷ്കാരോട് ഭയങ്കര ഇതാണല്ലൊ, (പക്ഷെ അതിനും മാത്രം ഇതൊന്നും എനിക്ക് അവരില്‍ കാണാന്‍ കഴിയുന്നില്ല) അപ്പോള്‍ ആരോ ‘നൊസ്റ്റാള്‍ജിയ‘ എന്ന് പറയുന്ന കേട്ടപ്പോ നമുക്കും ഒരാശ, അപ്പൊ തന്നെ തര്‍ജമ ചെയ്തു ‘ ഗൃഹാതുരത’. പക്ഷെ ‘നൊസ്റ്റാള്‍ജിയ’ എന്ന വാക്കിന്റെ പൂര്‍ണമായ അര്‍ഥം നമ്മുടെ ആ മലയാളം വാക്കിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്ന് ആരോ മാതൃഭൂമി പത്രത്തില്‍ ഈയിടെ എഴുതിയിട്ട് കണ്ടു. ഏതായാലും കുറച്ച് പ്രവാസികള്‍ ഉണ്ടായപ്പോഴാണ് ഈ പേര് ഇത്ര പ്രസിദ്ധമായത്, നമ്മുടെ നാട്ടിന്റെ വില നാം തിരിച്ചറിഞ്ഞത്.
    നന്നായി

    ReplyDelete
  74. ഈ ഓര്‍മകളുടെ ഓണം അവസാനിക്കുന്നില്ല. ഇത് എത്ര വായിച്ചാലും പിന്നെയും വായിക്കാന്‍ കൊതി കൂടുകയേയുള്ളൂ. പുഴയില്‍ എത്ര കുളിച്ചാലും മടുത്തു ഇനി ഈ കുളി വേണ്ട എന്ന് ആരെങ്കിലും പറയുമോ?
    അത് പോലെയാണ് ചെരുവാടിയുടെ ഈ ഓര്‍മകളും. ഇത് വായിക്കാനുള്ള താത്പര്യം കൂടുന്നെയുള്ളൂ.

    ReplyDelete
  75. @ രഞ്ജിത്ത്
    ജോലി കഴിഞ്ഞുള്ള ബ്ലോഗിങ്ങ് ഒക്കെ മതി രഞ്ജിത്ത്. ഒത്തിരി നന്ദിയുണ്ട് ട്ടോ സന്തോഷം നല്‍കിയ അഭിപ്രായത്തിന്.
    @ മഹേഷ്‌
    നന്ദിയും സന്തോഷവും അറിയിക്കട്ടെ . തീര്‍ച്ചയായും പുതിയ രീതിക്ക് ശ്രമിക്കാം. നന്ദി.
    @ മഞ്ഞുതുള്ളി പ്രിയദര്‍ശിനി
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും
    @ ബെഞ്ചാലി
    ഒരുപാടൊരുപാട് നന്ദി. വായനക്കും ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും. സന്തോഷം.
    @ ജ്യോ
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും
    @ moideen Angadimugar
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും
    @ ഐക്കരപ്പടിയന്‍
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും . അധികം എഴുതി ചളമാക്കേണ്ട എന്ന് കരുതിയിട്ടാ സലിം ഭായ്.
    @ മിജുല്‍
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും . ഇനിയും വരുമല്ലോ
    @ സ്നേഹതീര്‍ത്ഥം
    വളരെ വളരെ സന്തോഷം. നന്ദിയും അറിയിക്കുന്നു. ഈ വാക്കുകളെ പ്രോത്സാഹനമായി സ്വീകരിക്കുന്നു . നന്ദി ഒരിക്കല്‍കൂടെ
    @ പ്രദീപ്‌
    വിഷു നന്നായി ആഘോഷിച്ചു എന്ന് കരുതുന്നു. നന്ദിയും സന്തോഷവും അറിയിക്കുന്നു. നല്ല വാക്കിനും വായനക്കും
    @ ജാസ്മികുട്ടി
    വളരെ സന്തോഷം. വായനക്കും ഇഷ്ടായതിനും. ചാലിയാര്‍ തീരത്തെ ആ യതീംഖാന ഒരുപാട് കുട്ടികളുടെ സന്തോഷമാണ്.

    ReplyDelete
  76. ചാലിയാര്‍ മനസ്സില്‍ കണ്ടു. അതു വഴിപോയതുപോലെയുള്ള വായനാസുഖം

    ReplyDelete
  77. കടലുണ്ടിപ്പുഴയുടെ മടിയില്‍ കളിച്ചു വളര്‍ന്നാണ് ഞാന്‍ വളര്‍ന്നത്‌. ചാലിയാര്‍ കണ്ടിട്ടില്ലെങ്കിലും ചെരുവാടിയിയുടെ രചനക്ക് വായനക്കാരനെ ചാലിയാരിലെത്തിക്കാനുള്ള കഴിവുണ്ട്.
    ഞാന്‍ പലപ്പോഴും കൊമെന്റ്റ് ആയി എഴുതിയതാണ് , വീണ്ടും എഴുതി പോകുന്നു. താങ്കളുടെ രചനയ്ക്ക് മനോഹരമായ ഒരു വശ്യതയുണ്ട്

    ReplyDelete
  78. @ ഉമ്മു അമ്മാര്‍
    തിരിച്ച് ബൂലോഗത്തേക്ക് സ്വാഗതം. നാട്ടിലെ വിശേഷങ്ങളും എഴുതൂ. നന്ദി അറിയിക്കുന്നു നല്ല വാക്കുകള്‍ക്ക്.
    @ മുരളി മുകുന്ദന്‍ ബിലാത്തിപ്പട്ടണം
    എങ്ങിനെ പോവാതിരിക്കും ആ തീരങ്ങളിലൂടെ. കഥ പറയുന്ന പുഴയോരമല്ലേ. നന്ദി വായക്കും ഇഷ്ടായതിനും
    @ ടോംസ് തട്ടകം
    അതേ സുഹൃത്തേ. നമുടെ കുട്ടികളുടെ നഷ്ടങ്ങള്‍ തന്നെ ഇതൊക്കെ. നന്ദി അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും.
    @ എം. ടീ. മനാഫ്
    നന്ദി അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും.
    @ മുനീര്‍ എന്‍ പി
    നാട്ടിലായാല്‍ എന്‍റെ ബ്ലോഗ്‌ തന്നെ പൂട്ടേണ്ടി വരും മുനീറെ :) . പിന്നെ ഇതൊക്കെ എഴുതുമ്പോള്‍ ഒരു സുഖം. നിങ്ങല്ല്ക് ഇഷ്ടായി എന്നറിയുമ്പോള്‍ അതിലേറെ സുഖം. ഹൃദയം നിറഞ്ഞ നന്ദി.
    @ ഒ എ ബി /OAB
    ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.. വരവിനു വായനക്ക് പിന്നെ സന്തോഷം നല്‍കിയ അഭിപ്രായത്തിന്.,
    @ ശിരോമണി
    ആദ്യമായി ഇവിടെ വന്നതിലും വായനക്കും പിന്തുടരുന്നതിലും പിന്നെ അഭിപ്രായത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ സലാം
    ഹൃദയം നിറഞ്ഞ നന്ദി ഈ മനസ്സ് നിറഞ്ഞ അഭിപ്രായത്തിന്. പ്രോട്സാഹനമാണിത്. എഴുത്തിനെ ഗൌരവമായി സമീപ്പിക്കുന്ന നിങ്ങളെ പോലുള്ളവര്‍ പറയുമ്പോള്‍ . ഒത്തിരി നന്ദി.
    @ കുസുമം ആര്‍ പുന്നപ്ര
    ഒത്തിരി നന്ദി. . വരവിനു വായനക്ക് പിന്നെ സന്തോഷം നല്‍കിയ അഭിപ്രായത്തിന്.,
    @ ഇസ്മായില്‍ ചെമ്മാട്
    എന്നും തുടര്‍ന്ന് വരുന്ന ഈ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടര്‍ന്നും പ്രതീക്ഷിക്കുന്നു. സന്തോഷം.
    @ ജയരാജ് മുരുക്കുംപുഴ
    വളരെ വളരെ നന്ദി സുഹൃത്തേ. വായനക്കും അഭിപ്രായത്തിനും ഇഷ്ടായതിനും.

    ReplyDelete
  79. പോസ്റ്റിനൊരുമൂവന്തിയുടെചന്തം... നന്ദി.

    ReplyDelete
  80. മോശമല്ലാത്ത എഴുത്ത്. ഈ അടുത്ത സമയത്താണ് ഞാന്‍ ബ്ലോഗുകളില്‍ കടന്നു ചെല്ലുന്നത്. വിനയം നല്ലതു തന്നെ. എല്ലാ ഭാവുകങ്ങളും. സ്വല്പം ചിലതേ വായിക്കാനായുള്ളു. നല്ലത്. വീണ്ടും കാണാം.

    ReplyDelete
  81. ചാലിയാറിനേപ്പറ്റി വായിച്ചപ്പോൾ എന്റെ പുഴയെ ഓർത്തുപ്പോയി ഞാൻ.

    ReplyDelete
  82. ആദ്യമായി ചെറുവാടി യില്‍ വന്നപ്പോള്‍ ചാലിയാറിന്റെ തീരമാണോ? കടത്തുകാരന്റെ സ്നേഹമാണോ? വെള്ളം നിറഞ്ഞു നിന്നിരുന്ന പാടങ്ങള്‍ ആണോ? പഴമയുടെ ഓര്മപെടുതലുകള്‍ ആണോ? കാര്‍ഷികവിളകള്‍ ആണോ? മണല്‍ ലോറികള്‍ ആണോ? ഐക്യത്തോടെ ജോലി ചെയ്യന്ന തൊഴിലാളികള്‍ ആണോ? ഈ ഏറനാടുകാരനെ അവിടേക്ക് ആകര്ഷിച്ചത് എന്ന് എനിക്ക് അറിയില്ല. പക്ഷെ ആ പുഴയോരത്ത് ഞാന്‍ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തി. ഈ ചെറു വടിയിലും ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നു. പുഴയുടെ വര്‍ണനയോ? ഒരു നാടിന്‍റെ സൌന്ദര്യമോ? വിരഹത്തിന്റെ വേദനയോ? .............. അല്ല ഈ എഴുത്തുകാരന്റെ ശൈലി തന്നെയാണ് മനോഹരം. ഹൃദ്യം

    ReplyDelete
  83. @ പള്ളിക്കരയില്‍
    വളരെ വളരെ സന്തോഷം. ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും നല്ല വാക്കുകള്‍ക്കു. എന്നും നല്‍കുന്ന പ്രോത്സാഹനത്തിനും .
    @ സിറില്‍
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദി. നല്ല വാക്കുകള്‍ക്കും., ഇനിയും വരുമല്ലോ.
    @ എഴുത്തുക്കാരി,
    നന്ദിയും സന്തോഷവും അറിയിക്കുന്നു, വായനക്കും അഭിപ്രായത്തിനും
    @ അഷ്‌റഫ്‌.
    എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു അഷ്‌റഫ്‌. ഇവിടെ വന്നതിനു, വായനക്ക് , മനസ്സ് നിറഞ്ഞ അഭിപ്രായത്തിനു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു ഈ പ്രോത്സാഹനം. ചെറുവാടിയില്‍ നിന്നാണ് സഖിയെ കണ്ടെത്തിയത് എന്നറിഞ്ഞത് കൂടുതല്‍ സന്തോഷം.

    ReplyDelete
  84. മന്‍സൂര്‍,
    നന്നായിട്ടുണ്ട്.പുഴയോടുള്ള ആത്മബന്ധം വരികളില്‍ അറിയാം.
    സ്രാമ്പ്യയുടെ ഒരു ഫോട്ടോ കൊടുക്കാമായിരുന്നില്ലേ.
    ഇത് പോലെ ഒരോരുത്തര്‍ക്കും ഉണ്ട് ഓരോ ഓര്‍മ്മകള്‍. എനിക്ക് ബാല്യകാലത്തെ ഓര്‍മ്മകള്‍ എഴുതാന്‍ ഇതൊരു പ്രജോദനം ആവുന്നുണ്ട്

    ReplyDelete
  85. പുഴയോടുള്ള ഒടുങ്ങാത്ത പ്രണയം എനിക്കുമുണ്ട്. ഒരു പാട് നന്നിയുണ്ട് ഈ പോസ്റ്റിനു ....

    ReplyDelete
  86. മഴയേയും പുഴയേയും ഞാനെന്നുമെന്നും സ്നേഹിക്കുന്നു. ചെറുവാടിയുടെ എഴുത്ത് ഗ്രാമീണതയും, ഗ്രഹാതുരത്വവും ഉണര്‍ത്തുന്ന ഒരു അനുഭൂതിയാണ് ഉണ്ടാക്കുന്നത്‌. ഇങ്ങിനെ ഒരു പുഴയോരത്ത് ജനിച്ച് ജിവിക്കാന്‍ കഴിഞ്ഞത് എത്ര ഭാഗ്യമാണ്‌!

    ReplyDelete
  87. ee malayaalam cmntsn idayil manglishil oru cmnt arochakam aanennu ariyaam,
    pakshe parayaathe nivarthiyilla...

    'hrdayathin aayathil thottu,chaaliyaarum cheruvaadiyum'

    nandhi 'GURU'.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....