Wednesday, July 24, 2019

ഡാന്യൂബ്: ആർദ്രമായൊരു ഈണംഇരുവശത്തും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞുപാടങ്ങൾ  . ഇടയ്ക്കു വന്നെത്തുന്ന ചെറിയ ചെറിയ തടാകങ്ങളുടെ  ഉപരിതലത്തിൽ പോലും മഞ്ഞുപാളികൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്  . ചെക്ക് റിപ്പബ്ലിക്കിൽ നിന്നും  ഓസ്ട്രിയയിലേക്കുള്ള യാത്രയിലാണ് . ദീർഘയാത്രയുടെ ആലസ്യത്തിൽ  ബസ്സിൽ മിക്കവരും ഉറക്കത്തിലാണ് . കാഴ്ചകളെ മറന്നിട്ട് എനിക്കെങ്ങനെ ഉറക്കം വരാനാണ് . ഞാൻ വീണ്ടും പുറംകാഴ്ചകളിലേക്ക് കണ്ണുകളെറിഞ്ഞു . ക്രിസ്തുമസ് മരങ്ങൾക്കിടയിലൂടെ  ഒരുസ്വപ്നലോകം വരെ നീണ്ടുപോകുന്ന മഞ്ഞുവഴികൾക്കിടയിൽനിന്നും ഫ്രോസൺ സിനിമയിലെ എൽസയും അന്നയും കുറുമ്പും കാട്ടി ഇറങ്ങിവരുമെന്ന് തോന്നിപ്പോയി  . അതോ സാന്റയോ  ?. വായിച്ച കഥകളിലെ , കണ്ട സിനിമകലെ കഥാപാത്രങ്ങളെ ഇത്തരം സ്ഥലങ്ങളിൽ കൊണ്ടുപോയി കുടിയിരുത്താറുണ്ട് ഞാൻ . കടലിലോ പുഴയിലോ ഒറ്റവഞ്ചിയിൽ ചൂണ്ടയിടുന്ന ഏത്  മുക്കുവനും എനിക്ക് ഹെമിങ്‌വേയുടെ സാന്റിയാഗോയാണ് . മരുഭൂമിയിലെ ഇടയന്മാരെ നജീബായും യാത്രികരെ മുഹമ്മദ് അസദായും തോന്നാറുണ്ട് .മറ്റുചിലപ്പോൾ ഞാൻ തന്നെ കഥാപാത്രങ്ങളാവാറുണ്ട് . കാസ്റ്റ് എവേയിലെ ടോം ഹാൻക്സായും   മോട്ടോർ സൈക്കിൾ ഡയറിയിൽ ചെഗുവേരയായും അങ്ങനെ സ്വാധീനിച്ച കഥാപാത്രങ്ങളും എഴുത്തുകാരുമായി എത്രയോ തവണ  പരകായപ്രവേശം നടത്തിയിട്ടുണ്ട്. പലപ്പോഴും രസകരമായി സന്നിവേശിപ്പിക്കാവുന്ന ഒന്നാണ് അത്തരം ചിന്തകൾ .വഴിയരികിൽ ഒരു മാക് ഡൊണാൾഡിനോട് ചേർന്ന് ഡ്രൈവർ ബസ്സോതുക്കി നിർത്തി  . ഒരു കട്ടൻചായ  എത്രത്തോളം മിസ് ചെയ്യുന്നു എന്ന് തോന്നുന്നത് ഇപ്പോഴാണ് . എന്റെ രുചിക്ക് വഴങ്ങാത്തൊരു ചൂട് കോഫിയും കുടിച്ച് ആ പരിസരങ്ങളിൽ ചുറ്റിനടന്നു . തെർമൽ വെയറും ജാക്കറ്റും തുളച്ച് തണുപ്പ് അതിക്രമിച്ചു കടന്നു . ഇടത്താവളങ്ങൾ ഞാനൊരിക്കലും മറക്കാറില്ല . യാത്രകളിലെ ഇടത്താവളങ്ങളെനിക്ക്  സ്വപ്‌നങ്ങൾ വെച്ച് പൂട്ടിയിടാനുള്ള സ്ഥലങ്ങൾ കൂടിയാണ് . ഏതെങ്കിലുമൊരുകാലം ഇനിയുമീവഴി  വരുമ്പോൾ അത് വീണ്ടെടുക്കണമെനിക്ക് . ആ ഭാണ്ഡത്തിൽ നിറഞ്ഞ മഞ്ഞുകണികൾ തട്ടി കളഞ്ഞിട്ട് ആ ഓർമ്മകളെ  താലോലിക്കണം . അന്നൊരുപക്ഷേ ആ കോഫി  രുചികരമായി തോന്നിയേക്കാം .
ഓസ്ട്രിയയിലേക്കുള്ള പാതകൾ നീളുകയാണ് .


മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
നിനക്കറിയാമോ..
എവിടേയ്ക്കു നുരകുത്തിയൊഴുകുന്ന
മുകിലിന്റെ നിഴല്‍ വീണു നീലിച്ച പുഴകള്‍


ഷഹബാസ് അമൻ യൂറോപ്യൻ ഹേമന്തത്തേയും കീഴ്പ്പെടുത്തുകയാണ് .സന്ധ്യയോടടുത്താണ് ഓസ്ട്രിയയിലെത്തിയത് . ഒരു ദീർഘയാത്രയുടെ ആലസ്യം ഒട്ടുമില്ലായിരുന്നു . മനസ്സ് നിറയെ ഡാന്യൂബ് നദിക്കരയിലേക്ക് ഓടിയെത്തണമെന്ന മോഹമാണ്  . എത്രയെത്ര വായനകളാണ് ഡാന്യൂബ് എന്നൊരു സ്വപ്നം മനസ്സിൽ നിറച്ചിട്ട് പുസ്തകമിറങ്ങിപ്പോയത് . ആഘോഷം അവസാനിക്കാത്ത ഡാന്യൂബ് തീരത്ത് തെരുവുഗായകരൊരുക്കുന്ന   സംഗീതവും ആസ്വദിച്ച് ഒരു രാത്രി മുറിച്ചുകടക്കണമെന്നൊരു സ്വപ്നത്തിന്റെ അടുത്താണിപ്പോൾ .
വിയന്നയിൽ നല്ല തണുപ്പാണ് .  ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ഉടനെ തന്നെ ഭക്ഷണം കഴിക്കാനിറങ്ങി . കെന്റ് റെസ്റ്റോറന്റിലെ രുചികരമായ തുർക്കിഷ് വിഭവങ്ങൾക്കൊപ്പം നൃത്തവും സംഗീതവും നിറയുന്നുണ്ട് . ഒരു സിഗരറ്റിനു വേണ്ടിയുള്ള അന്വോഷണത്തിലാണ് തുർക്കിക്കാരനായ ഒമ്രാനെ  പരിചയപ്പെടുന്നത് . ഞങ്ങൾ പെട്ടന്നുതന്നെ സുഹൃത്തുക്കളായി . തുർക്കി  പ്രസിഡണ്ടായ റജബ് എർദുഗാനെപറ്റി പറയാനാണ് കൂടുതൽ  സമയവും  ഒമ്രാൻ ചിലവഴിച്ചത് . എർദുഗാനെ   ഒരുജനത  എത്രത്തോളം   നെഞ്ചിലേറ്റി എന്നത് ഒമ്രാന്റെ ആവേശത്തിൽ നിന്നും വായിച്ചെടുക്കാം  .  മൊബൈലിലേക്ക് ഏർദുഗാന്റെ കാമ്പയിൻ സോങ്ങ്  അയച്ചുതന്നിട്ട് കേൾക്കാൻ പറഞ്ഞു. എനിക്കതിന്റെ സംഗീതം വളരെ  ഇഷ്ടപ്പെട്ടു . അതിലൂടെയാണ്  യൂഗർ    ഇസിലാക് എന്ന തുർക്കിഷ് ഗായകനിലേക്കും ഡോംബ്ര എന്ന സംഗീത ആൽബത്തിലേക്കും  എത്തുന്നത് . ഇതിന്റെ ചുവടുപിടിച്ചാണ് എകെ പാർട്ടിയുടെ പ്രചാരണഗാനം ഒരുക്കിയത് . യാത്രയിൽ കൂടെപ്പോരുന്ന  രുചിയും , സംഗീതവും  , സൗഹൃദവുമെല്ലാം    കാലങ്ങളോളം ആ സ്ഥലങ്ങളെ ഓർക്കാനുള്ള സോവനീറുകൾ കൂടിയാണ്. ഒമ്രാൻ വിയന്നയിൽ ജോലി ചെയ്യുകയാണ് .  ഒമ്രാന്റെ രാഷ്ട്രീയ ചിന്തകളും കാലികമാണ് . തുർക്കിയും ഓസ്ട്രിയയും തമ്മിൽ നിലനിൽക്കുന്ന ചെറിയ  തർക്കങ്ങളെ കുറിച്ചുപോലും ബോധവാനാണ് . ഓസ്ട്രിയയിലെ ഏതാനും പള്ളികൾ അടച്ചുപൂട്ടിയതിൽ തുടങ്ങിയ തർക്കങ്ങളും ,ഓസ്ട്രിയൻ ചാൻസലറുടെയും എർദുഗാന്റെയും നിലപാടുകളെ പറ്റിയും  വ്യക്തമായ അഭിപ്രായമുണ്ട് ഒമ്രാന്‌ . അടുത്ത വർഷം ഇസ്‌താംബൂളിലെ,  അമ്മ മാത്രമുള്ള  തന്റെ ചെറിയ വീട്ടിലേക്ക് മടങ്ങും . തുർക്കി സന്ദർശിക്കാനുള്ള എന്റെ ദീർഘകാലത്തെ ആഗ്രഹം  പറഞ്ഞപ്പോൾ  . നിങ്ങളുടെ ഒരു ദിവസത്തെ ആതിഥേയൻ ഞാനായിരിക്കുമെന്ന്  ഒമ്രാൻ കരാറ് വെച്ചിട്ടുണ്ട് . ദേശാനടത്തിന്റെ ഏതെങ്കിലുമൊരു  യാമത്തിൽ  ഓട്ടോമൻ സാമ്ര്യാജ്യത്തിൽ ചെന്നിറങ്ങുമ്പോൾ തീർച്ചയായും ഞാൻ തിരയുക ഓർഹൻ പാമൂക്കിന്റെ ഇസ്താംബൂൾ ആയിരിക്കില്ല , ഒമ്രാനും അവന്റെ ഉമ്മയും  താമസിക്കുന്ന  ആ ചെറിയ വീടായിരിക്കും . ആൽപൈൻ തണുപ്പിൽ നിന്നും ആശ്വാസം നേടാൻ ഞങ്ങൾ കത്തിച്ച സിഗരറ്റ് വലിച്ചുതീരുന്ന   സമയം മാത്രമുള്ളൊരു സൗഹൃദം ആയിരുന്നില്ലത് . ആൽപൈൻ മലകളും കടന്ന് ഓട്ടോമൻ സാമ്രാജ്യം വരെ സഞ്ചരിച്ചെത്തേണ്ട ഒരു നിയോഗം കൂടിയുണ്ടതിന്.    

ക്രിസ്തുമസിന് രണ്ടുരാവുകൾ മാത്രം ബാക്കിയുള്ളപ്പോൾ നഗരം മുഴുവൻ ദീപാലാംകൃതമാണ് . വിയന്നയിലെ ക്രിസ്തുമസ് മാർക്കറ്റിൽ  വിൽപന തകൃതിയായി നടക്കുന്നുണ്ട്  .  തെരുവിലോറി സംഘം  കലാകാരന്മാർ നൃത്തം അവതരിപ്പിക്കുന്നു . മുന്നിൽ കുട്ടികളടങ്ങുന്ന ചെറുതല്ലാത്ത  ആൾകൂട്ടമുണ്ട് . ഇവരുടെ  നൃത്തച്ചുവടുകൾ രസകരമായി തോന്നി . ഒരുപക്ഷേ ഈ നാട്ടുകാരുടെ പ്രത്യേക  നൃത്തരൂപമായിരിക്കണമിത്  . ഓരോ രാജ്യങ്ങളിലും അവരുടേതായ പാരമ്പര്യ രീതികളുണ്ട് . പ്രാഗിലെ ഒരു റെസ്റ്റോറന്റിൽ കണ്ട നൃത്തമായിരുന്നു ഏറ്റവും മനോഹരമായി തോന്നിയത് . അവരുടെ വേഷവിധാനങ്ങൾ ഭൂട്ടാനികളുടേത് പോലെ തോന്നിപ്പിച്ചു . പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജി.ബാലചന്ദ്രൻ എഴുതിയിരുന്ന "ജക" എന്ന നോവലിലെ കഥാപാത്രങ്ങൾക്കു മദനൻ (ആണെന്നാണ് ഓർമ്മ ) വരച്ചിരുന്നു ചിത്രങ്ങളിലും ഇതേ വേഷവിധാനങ്ങളായിരുന്നു .വിയന്നയിലെ ഏറ്റവും വലിയ ഷോപ്പിംഗ് തെരുവാണ് മറിയ ഹിൽഫർ സ്ട്രീറ്റ് . കറങ്ങിത്തിരിഞ്ഞ് അവിടെത്തുമ്പോൾ ഏതാനും കഫേകളൊഴിച്ച്‌ മറ്റൊന്നും തുറന്നിട്ടില്ല . എന്നാലും രാത്രി ഈ വൈകിയ വേളയിലും യാത്രികരുടെ കുറവില്ല . ഗതാഗതമില്ലാത്ത വഴിയിലൂടെ വല്ലപ്പോഴും പോകുന്ന പോലീസ് വാഹനങ്ങൾ മാത്രം .
ഇരുവശത്തും ഭംഗിയായ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് . ഞാനതിലൊന്നിലോട്ട് ചാഞ്ഞിരുന്നു .  ക്രിസ്തുമസിന് വിളക്കുവെച്ച് ആ വെളിച്ചത്തിൽ തിളങ്ങുന്നൊരു നഗരത്തിന്റെ അന്തികാഴ്ചകൾക്ക് മനസ്സ് നിറക്കുന്നൊരു സൗന്ദര്യമുണ്ട് . ഒരു കരോൾ സംഗീതത്തിന്റെ മധുര്യമുണ്ട്.   മുന്നിലൂടെ നടന്നു പോകുന്ന മനുഷ്യർ . പല രാജ്യങ്ങളിൽ നിന്നുള്ളവർ , പലരീതിയിലുള്ള വേഷങ്ങൾ ധരിച്ചവർ , കുട്ടികൾ , ചെറുപ്പക്കാർ വയോധികർ . മൂകരായി നീങ്ങുന്നവരുണ്ട് . പൊട്ടിച്ചിരിക്കുന്നവരുണ്ട് . അതിൽ ചിലരുടെ മുഖങ്ങൾ എവിടെയൊക്കെയോ കണ്ടുമറന്ന പോലെ . കഥകളിലോ സിനിമയിലോ എവിടെയുമാവാം . ഒരിക്കലും കണ്ടിട്ടില്ലാത്തവർ , ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത, ഒരു വാക്ക് സംസാരിക്കുക പോലും ചെയ്യാത്തവർ. ഒരു നിമിഷം കൊണ്ടവർ  ആരൊക്കെയോ ആയിമാറുന്നു . ചില പുസ്തകങ്ങൾ തുറന്നപ്പോൾ ഞാനവരെ  കണ്ടിട്ടുണ്ട് . ഇനി തുറക്കാനുള്ള പുസ്തകങ്ങളിൽ ബാക്കിയുള്ളവർ  ഒളിച്ചിരിക്കുന്നുമുണ്ട് . യാത്രകൾ നൽകുന്ന അടയാളങ്ങളാണ് അതെല്ലാം .  മിന്നിമറിയുന്ന ക്രിസ്തുമസ് നക്ഷത്രങ്ങൾക്ക് തിളക്കം കൂടിയപോലെ . 


ഏറേ വൈകിയ രാവിലാണ് ഡാന്യൂബിനരികിലേക്ക് എത്തിയത് .  യാത്രകൾ മാത്രം സ്വപ്നം കണ്ട് , ഉറക്കം വരാതിരുന്ന രാവുകളിലെല്ലാം  ഹൃദയം ചെന്നെത്തുന്ന  തീരങ്ങളുണ്ട് . നൈലിന്റെയും  ഡാന്യൂബിന്റെയും  യൂഫ്രട്ടീസിൻറെയും  യമുനയുടേയുമെല്ലാം തീരങ്ങളിൽ സ്വപ്നങ്ങളുടെ ദേവതമാരെന്നെ  കൊണ്ടുപോവാറുണ്ട് .   അതിലൊരു സ്വപ്നത്തിന്റെ മുന്നിലാണിപ്പോൾ . പുഴയിലേക്കിറങ്ങിച്ചെല്ലുന്ന പടവുകളുടെ അറ്റത്ത് ചെന്ന് ഞാൻ ഡാന്യൂബിനെ തൊട്ടു . ആദ്യമായി പ്രണയിനിയെ കാണുന്നതുപോലൊരു  വികാരം വന്നെന്നെ പൊതിഞ്ഞു . ഡാന്യൂബൊരു സമസ്യയാണ് . അതിൽ  പ്രണയമുണ്ട് , ആഘോഷമുണ്ട് , വിഷാദവും വികാരവുമുണ്ട് . പത്തോളം രാജ്യങ്ങളേയും  നാല് തലസ്ഥാന നഗരികളെയും തൊട്ടൊഴുകുന്ന വഴികളിൽ ഡാന്യൂബ് അടയാളപ്പെടുത്തുന്ന സാംസ്കാരിക ചിത്രങ്ങലും ചരിത്രങ്ങളും  എന്തൊക്കെയാവും . ഇപ്പോൾ നിശബ്ദമായൊഴുകുന്ന  പുഴക്ക് രക്തപങ്കിലമായ ഒരു ഭൂതകാലമുണ്ട് , അധിനിവേശത്തിന്റെ  വേലിയേറ്റങ്ങളും  രാജഭരണങ്ങളുടെ വാഴ്‌ചയും വീഴ്ചയും  അനുഭവിച്ചറിഞ്ഞ ചരിത്രമുണ്ട് . ഒഴുകിയൊഴുകിയൊരു  സങ്കടക്കാലം  മുഴുവനായും കരിങ്കടലിൽ നിമജ്ജനം ചെയ്തുകാണണം ഡാന്യൂബ്  . കരയിൽ ആളുകൾ വളരെ കുറവാണ് . ഒരാൾ ഗിറ്റാറിൽ ഈണമിടുകയാണ് . ഈ രാത്രിയിൽ എന്ത് സങ്കടകഥയാവും ആയാൽ ഡാന്യൂബിനോട് പറയുന്നത് . പുഴയിൽ വിശ്രമിക്കുന്ന അരയന്നങ്ങളൊഴികെ മറ്റ്  കേൾവിക്കാരില്ല  . അടുത്തഗാനത്തിൽ അയാളെന്നെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു . സൗണ്ട് ഓഫ് മ്യൂസിക്കിലെ "my favorite things  " എന്ന ഗാനമായിരുന്നു അത് . ഈ ഡാന്യൂബ് രാതിയിൽ ഇതിലും തീവ്രമായി  ഏതു ഗാനമാണ് കേൾക്കാൻ ആഗ്രഹിക്കുക . വിയന്നയുടെ സംഗീതമാണത് .  എത്രയെത്ര സിനിമാ പ്രേമികളെയാണ്  സൗണ്ട് ഓഫ് മ്യൂസിക്    എന്ന ചിത്രവും പാട്ടുകളും ഉലച്ചുകളഞ്ഞത് . രണ്ടുമിനുട്ടിൽ ആ ഗായകനെന്നെ കോരിത്തരിപ്പിച്ചു . സൗണ്ട്  ഓഫ് മ്യൂസിക്കും കടന്ന് ബീതോവന്റെ സംഗീതം വരെ അതോർമ്മിപ്പിച്ചു . ഡാന്യൂബിന്റെ സംഗീതം കൂടിയാണ് അതെല്ലാം .
ഡാന്യൂബ് തീരത്ത്‌ എനിക്കൊരു സുഹൃത്തിനെക്കൂടി കിട്ടി . അഫ്ഘാൻ സ്വദേശിയായ ഫർഹദ് . അവനും ഒറ്റക്കിരിക്കുകയായിരുന്നു . മൊബൈലിൽ കേൾക്കുന്ന ഹിന്ദി ഗാനങ്ങളാണ് അവനിലേക്ക് ശ്രദ്ധ തിരിച്ചത് . സുന്ദരനും ഊർജ്ജസ്വലനുമായ ചെറുപ്പക്കാരൻ . മൂന്നു വർഷമായി വിയന്നയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഫർഹദ് എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ വന്നിരിക്കും . ഉമ്മയെ വിളിക്കും . അഫ്‌ഗാനിലെ കലുഷിതമായ  ഒട്ടും സുരക്ഷിതമല്ലാത്തൊരിടത്ത് കഴിയുന്ന   ഉമ്മയോളം അവന് നഷ്ടപ്പെടുന്ന മറ്റൊരു ചിന്തയില്ല . അവന്റെ സങ്കടങ്ങളും ഏറ്റുവാങ്ങുന്നത് ഡാന്യൂബ് തന്നെ .
നാളെ ദുബായിലേക്ക് തിരിച്ചുപോകുകയാണ് . ഹിൽട്ടൺ വിയന്നയുടെ വാതിൽ തുറക്കുന്നത് ഡാന്യൂബിലേക്കാണ് . കണ്ണെത്തുന്ന  ദൂരങ്ങളിൽ  ഫർഹദ്   അവിടെത്തന്നെയിരിപ്പുണ്ട്  . എനിക്കവനെ  ഒരിക്കൽക്കൂടി കെട്ടിപ്പിടിക്കണമെന്ന് തോന്നി . ഡാന്യൂബിൽ ഒഴിനടക്കുന്ന അരയന്നങ്ങളിലൊന്നിന്   ആൽപ്സിനു മുകളിലൂടെ പറന്ന് ഖൈബർ ചുരമിറങ്ങി അവന്റെ ഉമ്മയുടെ അരികിലെത്താൻ പറ്റിയിരുന്നെങ്കിൽ.