Saturday, August 29, 2009
കോഴിക്കോട്ട് ഒരു ദിവസം
ഫീച്ചരുകളിലും മറ്റും ദിനേന വായിക്കുന്നത് മാറുന്ന കോഴിക്കോടിനെ പറ്റിയാണ്. ഗല്‍ഫിലെത്തുന്നതിനു മുമ്പ് ഒരു ദിനചര്യയുടെ ഭാഗമായിരുന്നല്ലോ ഈ നഗരം. ഇത്തവണ നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ ഇറങ്ങി നഗര പ്രദക്ഷിണത്തിണ്. പൊട്ടിപൊളിഞ്ഞ മാവൂര്‍ റോഡിലൂടെ മാനാഞ്ചിറയും രണ്ടാം ഗേറ്റും ചുറ്റി റെയില്‍വേ സ്റ്റേഷന്‍ വഴി മിട്ടായി തെരുവില്‍ എത്തിയപ്പോഴേക്കും മനസ്സിലായി സാമൂതിരി നാടിന്‍റെ ഇപ്പോഴത്തെ അവസ്ഥ. പ്രതാപമസ്തമിച്ച ഒരു നാട്ടുരാജ്യത്തിന്റെ എല്ലാ ദൈന്യതയും കാണാനുണ്ട് ഈ പട്ടണത്തിനു. എന്തുതന്നെ ആയാലും നമ്മുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറിയ ടൌണിലേക്കുള്ള യാത്ര ഒഴിവാക്കാനും വയ്യ. കോഴിക്കോടിന്റെ പ്രതാപവും പെരുമയും ഇന്നും നിലനില്‍ക്കുന്നത് മിട്ടായിതെരുവിലാണെന്നാണ് എനിക്ക് തോന്നിയത്. ബ്യൂട്ടി സ്റ്റോറും ടോപ്മോസ്റ്റും ടോപ്ഫോമും തുടങ്ങി ശങ്കരന്‍ ബേകറിയും ബാറ്റ ഷോറൂമും കൂടാതെ പഴയ മുല്ലപ്പൂ കച്ചവടക്കാരുമെല്ലാം ഇന്നും സജീവമായുണ്ട് മിട്ടായിതെരുവില്‍. അതുകൊണ്ട് തന്നെ ഒരു കോഴിക്കോടന്‍ നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യണമെങ്കില്‍ ഇവിടെ പോയെ മതിയാകൂ. കോഴിക്കോടിന്റെ താളങ്ങളും താളപിഴകളുമല്ല ഞാനെഴുതി വരുന്നത്. ഈ അവധിക്കാലത്ത് കോഴിക്കോട് എനിക്ക് തന്ന അനുഭവങ്ങളാണ് ഈ കുറിപ്പ്. പഴയ പാളയം ബസ് സ്റ്റാന്ടിലൊന്ന് പോയിനിന്നു ഞാന്‍. വെറുതെ ഒരു രസത്തിനു. കരിമ്പ് ജൂസ് മെഷീന്റെ ശബ്ദവും പ്രദീപം പത്രത്തിന്റെ വിളിയും നിലച്ചിടുണ്ട് പാളയത്ത്.കെ ടീ സി യുടെയും സി ഡബ്ലിയു എം എസിന്റെയും ഒരു ബസും കാണാനില്ല അവിടെ. പിന്നില്‍ പഴമയുടെ ഗന്ധവുമായി നവകേരള ബുക്സ്.മറ്റൊരു അടയാളവും എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല. സ്റ്റാന്‍ഡിനുള്ളിലൂടെ ജയന്തി ബില്‍ടിങ്ങിന്റെ മുമ്പിലെത്തി ഞാന്‍. ഇന്നും തലയുയര്‍ത്തി നില്‍പ്പുണ്ട് മുഹയിദ്ധീന്‍ പള്ളിയുടെ മിനാരങ്ങള്‍. മുമ്പ് അവിടെ നിന്ന് അസറും നിസ്കരിച്ചു സിറ്റി റെസ്റ്റോരണ്ടില്‍ നിന്നും ചായും കേസരിയും കഴിക്കുന്നത് ഓര്‍ത്തുനിന്നു ഞാന്‍. കൂട്ടിനാരും ഇല്ലാത്തതു കാരണം ആ പൂതി ഒഴിവാക്കി. അമ്മ മെസ്സ് ഹൌസില്‍ നിന്നും അയക്കൂറ പൊരിച്ചതും മോരും കൂട്ടി ചോറ് തിന്നാനുള്ള പൂതിയും നടന്നില്ല. ഈ കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ മുസഫര്‍ അഹമ്മദ് കോഴിക്കോടിനെ പറ്റി എഴുതിയപ്പോള്‍ പറയുന്നു അമ്മയിലെ ഭക്ഷണത്തിന് പഴയ രുചി ഇല്ല എന്ന്. എന്നാലും ഒരു തവണയെങ്കിലും കഴിക്കാമായിരുന്നു. പഴയ ഓര്‍മ പുതുക്കാനെന്കിലും. തൊട്ടപ്പുറത്തുണ്ട് ഈ ജന്മവും ഏറ്റുവാങ്ങിയ കോട്ടപറമ്പ് ആശുപത്രി. ആ പഴയ കെട്ടിടം അവര്‍ പൊളിച്ചു. മാറ്റമില്ലാത്ത മറ്റൊരു സ്ഥലം മാനാഞ്ചിറയും ചുറ്റുവട്ടവുമാണ്. കോം ട്രസ്റ്റും ക്രൌണ്‍ തീയേറ്ററും ടൌണ്‍ ഹാളും ചുറ്റി വളഞ്ഞു നില്‍ക്കുന്ന ഈ ഭാഗം ഇന്നും സുന്ദരമാണ്. കോംട്രസ്റ്റിന്റെ മതിലുകളില്‍ ജെ സി ബി കയറാന്‍ തുടങ്ങിയാല്‍ അതും അസ്തമിക്കും. അതിനുള്ള ചര്‍ച്ചകളും തുടങ്ങിയെന്നു എങ്ങോ വായിച്ചതായിട്ടു ഓര്‍ക്കുന്നു. ഞാന്‍ നേരെ ബീച്ചിലേക്ക് വിട്ടു. ഇടവിട്ട് കെട്ടി ഇരിപ്പിടമൊരുക്കിയത് മാറ്റിനിര്‍ത്തിയാല്‍ അവിടെയും നിര്‍ജീവം. ചബോക് മരങ്ങള്‍ക്ക് പോഷകകുറവിന്റെ ദൈന്യത. കാറ്റിലാടുമ്പോള്‍ പഴയ സംഗീതത്തിനു പകരം അനാരോഗ്യത്തിന്റെ അസ്വസ്ഥത. കൈനോട്ടക്കാരി പാണ്ടിചിയെ അവഗണിച്ച് ഞാന്‍ നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ടത് വില്‍ക്കുന്ന ഉന്ത് വണ്ടിക്കാരന്റെ അടുത്തേക്ക് നീങ്ങി. പോര. ഇതിന്റെയും സ്വാദ് കുറഞ്ഞിരിക്കുന്നു. ഒരു നെല്ലിക്കക്ക് രണ്ടു രൂപ വെച്ച് കൊടുക്കുമ്പോള്‍ ഞാനെന്റെ പരാതി മറച്ചു വെച്ചില്ല. അങ്ങേര്‍ക്കു വേണേല്‍ കഴിച്ചു പൊയ്ക്കോ എന്ന ഭാവം. തിരിഞ്ഞു നോക്കുമ്പോള്‍ ആകാശവാണി. "യെ ആകാശവാണി ,ഫ്രം ദി വാര്‍ത്ത ശൂയന്ക . പ്രവാജകോംനെ പരമാനന്ത് സാഗര" ഒര്‍ക്കുമ്പോള്‍ രസം തോന്നുന്നു. യുവവാണി, ശബ്ദരേഖ, ഖാന്‍ കാവില്‍, വെണ്മണി വിഷ്ണു ,അന്നത്തെ ഹീറോകള്‍. ഇന്നോ? റേഡിയോ കാണാനുണ്ടോ വീടുകളില്‍. ടീവിയുടെ കുത്തൊഴുക്ക്. സിനിമ, സീരിയല്‍. ജീവിതവും ജീവികളും മാറി. കാലത്തിനൊത്ത്. തിരിച്ചു വരുമ്പോള്‍ ബോംബെ ഹോട്ടല്‍ കണ്ടു. പുതിയ മുഖഛായ. പാരമ്പര്യം വിട്ടുപോരാന്‍ മടിച്ചിരുന്ന ഇവരും മാറി. വല്യങ്ങാടി ഒഴിഞ്ഞുകിടക്കുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ടു ചില പാണ്ടി ലോറികള്‍, രണ്ടു മൂന്നു പിക്ക് അപ്പ് തീര്‍ന്നു കേള്‍വികേട്ട വല്യങ്ങാടി മഹിമ. തിങ്കളാഴ്ച ആയിട്ടും ബസാറിനു ഒരു ഹര്‍ത്താല്‍ പ്രതീതി. ഒരു സിനിമ കണ്ടാലോ? കൈരളിയിലേക്ക് ഇഷ്ടപെട്ട ഒരു ഓട്ടോറിക്ഷ സവാരി. കെ എസ് ആര്‍ ടി സി സ്റ്റാണ്ട് പൊളിച്ചിട്ടിരിക്കുന്നു. തിയേറ്ററില്‍ ആളുകള്‍ കുറവ്. മുഴുവന്‍ കാണാതെ ഇറങ്ങി. കറങ്ങി എത്തിയത് സ്റ്റേഡിയം കോര്‍ണറില്‍. ഗാലറികളുടെ പഴയ ആരവം മനസ്സിലേക്ക് ഇരച്ചു കയറുന്നു. സിസ്സെഴ്സ് കപ്പ്, നെഹ്‌റു കപ്പ്, പിന്നെ കോഴിക്കോടിന്റെ സ്വന്തം നാഗ്ജി. ബികാസ് പാന്ചിയും പാപച്ചനും ജാംഷെഡ് നസ്സീരിയും ചീമ ഒകീരിയും തുടങ്ങി പിന്നെ റഷ്യക്ക് വേണ്ടി ലോക കപ്പ് കളിച്ച ഇഗോര്‍ ബലനോവും അലക്സി മിഹൈലി ചെന്കൊയും വരെ ആവേശം വാരിവിതറിയ രാവുകള്‍. രാവുകളെ പകലാക്കിയ ഫ്ലെഡ് ലൈറ്റ് ആരവങ്ങള്‍ക്കു ഇന്ന് ശ്മശാന മൂകത. കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ നൊമ്പരങ്ങള്‍ അവിടെ ചുറ്റിതിരിയുന്നതായി അനുഭവപ്പെടുന്നു. കാലം മാപ്പ് നല്‍കാത്ത അവഗണന. തിരിച്ചു വീട്ടിലെത്താന്‍ സമയമായി. ഭക്ഷണം കഴിച്ചിട്ട് പോകാം. സാഗര്‍ ആവാം. കോഴിക്കോടന്‍ ട്രടീഷന്‍ വിട്ടുമാറാത്ത ആ പഴയ തറവാട് വീട്ടില്‍ തന്നെയാകാം അത്താഴം. പ്രതീക്ഷ തെറ്റിയില്ല. ഇപ്പോഴും ബാക്കിയുണ്ട് ആ കോഴിക്കോടന്‍ രുചി. പാരമ്പര്യത്തിന്റെ ഐശ്വര്യം. തിരിച്ചു പാളയം സ്റ്റാന്‍ഡിലെത്തി. ഒമ്പതരയുടെ പി വി കാത്തുനില്‍ക്കുന്നു. ഒരു കൂളിമാട്. ടിക്കറ്റെടുത്തു. പരിചിത മുഖങ്ങള്‍ ആരുമില്ല ബസില്‍. ജനറേഷന്‍ ഗ്യാപ്. വാര്‍ധക്യ സഹജമായ അസുഖത്തോടെ ബസ് നീങ്ങിത്തുടങ്ങി. ചിന്താ വളപ്പ്, സ്റ്റേഡിയം കോര്‍ണര്‍, മാവൂര്‍ റോഡ്. കോളേജും കഴിഞ്ഞു കൂളിമാടെത്തി. ഇടവഴികടവ് പാലമുണ്ട്.പണ്ട് തോണി കടന്നു റോഡിലൂടെ നടന്നു പോകുന്ന സുഖമില്ല ഇപ്പോള്‍ ഈ ടാറിട്ട റോഡിലൂടെ നടക്കാന്‍. എങ്കിലും ഞാന്‍ നടന്നു. കാലത്തിന്റെ മാറ്റത്തിലൂടെ.
Subscribe to:
Post Comments (Atom)
Mansu,
ReplyDeleteSimply Superb...a genuine nostalgic note... ..beautifully narrated….those who are from Kozhikode or who knows Kozhikode would get a real feel about this township….I really njoyed reading it…..Expecting more of this kind…..Congrats Mansu..…
Thnx Mehru
ReplyDeleteഹായ് മന്‍സു ബ്ലൊഗ് നന്നായിട്ടുന്ദ് പിന്നെ റെദിയൊ ഇപ്പൊയും അല്‍കര്‍ കെട്ട് തുദങിയിട്ടുന്ദ് ഇനിയും എയുതണം
ReplyDeleteഗുല്‍സാര്‍ നന്ദി. റേഡിയോ ഇപ്പോള്‍ ഗള്‍ഫിലല്ലേ കേള്‍ക്കാറുള്ളൂ. ഇനിയും എഴുതുന്നുണ്ട്. വായിച്ചു അഭിപ്രായം പറയുമല്ലോ.
ReplyDeleteഇക്കയുടെ ബ്ലോഗ് വായിച്ചു! അസാധ്യമായ വിവരണം, വാക്കുകളുടെ ഒഴുക്ക് അതിലേറെ ഗംഭീരം. നൊസ്റ്റാള്‍ജിയ തുളുമ്പുന്ന ഭാഷ. ഞാനും ഒരു നിമിഷം നമ്മുടെ കൊഴികൊട്ടെതിയതുപോലെ. മന്‍സൂര്‍കാ ഞാന്‍ കീഴടങ്ങുന്നു......ഇനിയുമേറെ പ്രതീക്ഷിക്കുന്നു....
ReplyDeleteഎന്ന് ...സ്വന്തം ഷാന്‍...
adi poli
ReplyDeleteചെറുവാടീ.
ReplyDeleteവെറുതെ ആദ്യ പോസ്റ്റില്‍ ഒന്ന് വിരുന്നു വന്നതാ.
നന്നായി പറഞ്ഞു. പക്ഷെ പരഗ്രഫ് തിരിച്ചു എഴുതിയിരുന്നെങ്കില്‍ വായനാ സുഖം കിട്ടുമായിരുന്നു.
കൂടുതല്‍ ഒറ്റയടിക്ക് ഇങ്ങിനെ കാണുമ്പോള്‍ ആളുകള്‍ വായിക്കാന്‍ മടിക്കും.
പക്ഷെ, മനസ്സില്‍ തട്ടിയ വരികളായിരുന്നു.
കാലത്തിന്റെ മാറ്റങ്ങള്‍ കാണാനുള്ള യാത്ര.
ഒരുപാട് മാറി നഗരം ഇന്ന്. ആളുകളും.
സന്തോഷം ഇത്തരമൊരു യാത്രക്ക്.
ഞാനേതായാലും കൊല്ലത്തിലൊരിക്കൽ ഷണ്മുഖം ഹോട്ടലിൽ പോയി ഒരു ഊണ് കഴിക്കാറുണ്ട്.. (പഴയ രുചി ഒട്ടുമില്ലെങ്കിലും )
ReplyDeleteഅറിയില്ലേ ടോപ് മോസ്റ്റിന്റെ ഓപ്പോസിറ്റ് ..
വേണേൽ ഒന്ന് ട്രൈ ചെയ്തോ അടുത്ത തവണ ..