ഒരു അവധികാലം കൂടി വന്നെത്തി, ഉപ്പയില്ലാത്ത ആദ്യത്തെ വെക്കേഷന്‍. വേണോ എന്ന് ആലോചിക്കാതിരുന്നില്ല ഞാന്‍. പക്ഷെ പോവാതിരിക്കാന്‍ പറ്റില്ലെനിക്ക്. ഇത്തിരി പരിഭവങ്ങളും ഒത്തിരി സ്നേഹവുമായി ഉമ്മ ഒറ്റക്കാണവിടെ. മീന്‍ മുളകിട്ടതും ഇഷ്ടപെട്ട കയ്പ്പക്കതോരനും വച്ച് ഉമ്മ കാത്തിരിക്കും. പിന്നെ നല്ല ഓര്‍മകളെ തിരിച്ചുവിളിക്കാനും കലര്‍പ്പില്ലാത്ത സ്നേഹം നുകരാനും പ്രവാസലോകത്തിലെ തടവുകാര്‍ക്ക് വേറെവിടെപോകാന്‍. കുട്ടികളും ഒരുങ്ങികഴിഞ്ഞു. കോരിയെടുത്ത് ഉമ്മവെക്കാനും കുപ്പിവളയിടീച്ചു വല്യകുട്ട്യായി എന്ന് പറഞ്ഞു താലോലിക്കാനും ഇത്തവണ അവരുടെ വല്യുപ്പ ഇല്ല അവിടെ എന്നവര്‍ക്കറിയില്ല.
വെക്കേഷന്‍ മഴക്കാലത്ത് ആയത്‌നന്നായി. നന്നായി സ്വപ്നം കാണാനും പഴയ ഓര്‍മകളിലേക്ക് മുങ്ങാംകുഴിയിടാനും മാഴാക്കാലത്തെക്കാള്‍ പറ്റിയ സമയം വേറെയുണ്ടോ. പ്രതീക്ഷിച്ച പോലെതന്നെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ നല്ല കിടിലന്‍ മഴ. ഇറങ്ങിയോടി ഈ മഴ ഒന്നുകൊണ്ടാലോ. വേണ്ട. ഈ അസുഖത്തിന് വേറെ പേരിട്ടു വിളിക്കും നാട്ടാര്. വീട്ടിലെത്തിയപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ഉപ്പയുടെ അഭാവം എങ്ങും നിറഞ്ഞുനില്‍ക്കുന്നു. വേണ്ട. ഞങ്ങളെത്തിയ ഉമ്മയുടെ സന്തോഷത്തിലേക്ക് ആ ഓര്‍മകളെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്താം.
ഞാന്‍ മുറ്റത്തേക്കിറങ്ങി. മുറ്റത്തെ ചെമ്പകം മുറിച്ചുകളഞ്ഞെന്ന് ഉമ്മ. വേര് വീട്ടിലേക്കിറങ്ങുന്നുവത്രേ. ചെന്തെങ്ങ് കുലച്ചുനില്‍ക്കുന്നു. പറമ്പിലൂടെ നടക്കുമ്പോള്‍ പഴയ താളം കിട്ടുന്നില്ല. വഴുക്കിവീഴുമെന്നു ഉമ്മ വിളിച്ചുപറയുന്നുണ്ട്. തൊടിയിലെ അണ്ണാറകണ്ണന്മാര്‍ എന്നോടെന്തൊക്കെയോ പറയുന്നുണ്ട്.
ഒരു വണ്ണാത്തിക്കിളി ചിലച്ചുകൊണ്ട് പറന്നുയര്‍ന്നു. അവരുടെ സാമ്രാജ്യത്തിലേക്ക് കടന്നുവന്ന അപരിചിതനോടുള്ള പരിഭവമാണ്. പ്രിയപ്പെട്ട ചങ്ങാതീ.. നിന്നെ പോലെ പാടിയും പറന്നും നടന്ന ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു ഇവിടെ. വരിക്കപ്ലാവില്‍ കയറാന്‍ പറ്റാതെ വീണ് കയ്യൊടിഞ്ഞതും പുളിയുറുമ്പുകള്‍ കടിച്ചിട്ട് കീറികരഞ്ഞതും ഇന്നലെതന്നെയാണ്. ഈ തൊടിയിലെ പുല്‍കൊടികള്‍ എനിക്ക് മെത്ത വിരിച്ചിട്ടുണ്ട്. മരങ്ങള്‍ എനിക്ക് തണലേകിയിട്ടുണ്ട്. അതുകൊണ്ട് പ്രിയപ്പെട്ട ചങ്ങാതീ. .പരിഭവം വെടിഞ്ഞു എന്നോട് കൂട്ടുകൂടുക.
"എന്താ കുട്ട്യേ ഒറ്റയ്ക്ക് വര്‍ത്താനം പറയ്ണ്, ഉമ്മ ചായ കുടിക്ക്യാന്‍ ബിളിച്ചുണ്ട്". ജമീലതാത്തയാണ്. മഴ പെയ്യാന്‍ ഒരുങ്ങുന്നു. കുട്ടികള്‍ മുറ്റത്ത് ഓടികളിക്കുന്നു, ഫ്ലാറ്റിലെ വിങ്ങലുകള്‍ക്കിടയില്‍നിന്നും പുറത്തുചാടിയ സന്തോഷമാണവര്‍ക്ക്. മഴയത്ത് മുറ്റത്തേക്കിറങ്ങുന്ന കുട്ടികള്‍ ഇടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പേടിച്ചു തിരിച്ചുകയറുന്നു. ആത്തക്ക് അവരുടെ പുറകെ ഓടാനെ സമയള്ളൂ.
നല്ല രസായിരുന്നു ഇങ്ങിനെ മഴയും കൊണ്ടിരിക്കാന്‍. അതോ മഴയും കൊണ്ട് പനിപിടിച്ചു കിടക്കു മ്പോഴുള്ള ഉമ്മച്ചീടെ സ്നേഹത്തിനായിരുന്നോ മധുരം കൂടുതല്.
ഇന്ന് ഉമ്മാന്‍റെ തറവാട്ടുവീട്ടിലെത്തി. പതിവുപോലെ വല്യുമ്മച്ചി ഇരിക്കുന്നു പൂമുഖത്ത്. വിരിഞ്ഞ പുഞ്ചിരിയും നിറഞ്ഞ സ്നേഹവുമായി ഓരുപാട് തലമുറകളുടെ അനുഗ്രഹമായി. ആ മടിതട്ടിലൊന്ന് തലചാഴ്ച്ചപ്പോള്‍ ഞാനാ പഴയ കൊച്ചുകുട്ടിയായി.
വയലുകല്‍ക്കിടയിലൂടെയുള്ള വീതികൂടിയ നടവരമ്പ് ഇപ്പോഴില്ല. പകരം റോഡായി. കുളം അതുപോലുണ്ട്. ഞാന്‍ കുളത്തിലേക്കിറങ്ങി. നല്ല തണുത്ത വെള്ളം. ഒന്നു മുങ്ങിനിവര്‍ന്നപ്പോള്‍ എന്തൊരു നിര്‍വൃതി. പരല്‍മീനുകള്‍ പരിചയഭാവത്തില്‍ കാലില്‍ നുള്ളുന്നു. പണ്ട് കുളത്തിന്റെ അടുത്തേക്ക് വന്നാല്‍തന്നെ അടി ഉറപ്പ്. തൊട്ടപ്പുറത്ത് ചാലിയാര്‍. പണ്ടത്തെ വൈകുന്നേരങ്ങള്‍ ഈ പുഴക്കരയിലായിരുന്നു. ഹാജിക്കാന്‍റെ ആ പഴയ മക്കാനി കാണാനില്ല. പണ്ട് സുബഹി നിസ്കാരം കഴിഞ്ഞു ഹാജിക്കാന്‍റെ മക്കാനീന്നു സുലൈമാനിയും നെയ്യപ്പവും കഴിക്കും. ആ നെയ്യപ്പത്തിന്‍റെ രുചി ഇപ്പോഴും നാവിലുണ്ട്. പഴയ അടയാളങ്ങളെല്ലാം മാഞ്ഞുതുടങ്ങി. തവളകളും ചെറുമീനുകളും നിറഞ്ഞുനിന്നിരുന്ന പാടങ്ങളില്‍ ഇന്ന് കോണ്‍ക്രീറ്റ് സൌധങ്ങള്‍. നടവരമ്പുകള്‍ റോഡുകളായി. ഗ്രാമവിശുദ്ധിയുടെ ഈ കാഴ്ചകളെല്ലാം മറിഞ്ഞുകഴിഞ്ഞു. ഇനി ഒരവധികാലം ഇവിടെയെത്തുമ്പോള്‍ മറ്റൊരു മുഖമായിരിക്കും.
സന്തോഷത്തിന്‍റെ നാല്‍പതു ദിനരാത്രങ്ങള്‍ നാളെ തീരുകയാണ്. ഇനി തിരിച്ചുപോകാനുള്ള ഒരുക്കത്തിലേക്ക്. പിന്നെ മണലാരിണ്യത്തില്‍ അടുത്ത അവധികാലവും സ്വപ്നം കണ്ട്.
നമുക്കെന്തുണ്ട് എന്നു തീരുമാനിക്കുന്നതു ജോലി സമയത്ത് നാമെന്തു ചെയ്യുന്നു എന്നതിനെ ആശ്റയിച്ചിരിക്കും.
ReplyDeleteനമ്മളെന്താണെന്നതു വിശ്രമവേളകളില്‍ നാമെന്തു ചെയ്യുന്നു എന്നതും.......
നമുക്കു കൂടുതല്‍ ഉണ്ടാവുംബോള്‍ നമ്മളെ നഷ്ടപ്പെടുന്നു.
നമ്മളെ നമ്മളാക്കുന്ന സുഹ്രുത്തുക്കളെ,ബന്ധുക്കളെ,......
പൂക്കളെ,പുഴകളെ,പുല്‍മേടുകളെ.....
കുളിര്‍മ്മയുള്ള ഇളം തെന്നലിന്റെ പ്രഭാതങളെ
പകലിനെ പറഞ്ഞയച്ചു രാത്രിയെ കൈപിടിച്ചെത്തുന്ന നറുനിലാവിന്റെ തെളി മണ്ഡപങള്‍ തീര്‍ക്കുന്ന
സ്വാന്തനിപ്പിക്കുന്ന സായന്തനങളെ
മീന്‍ കുഞ്ഞുങള്‍ക്കൊപ്പം നീന്തിതുടിച്ചൊരു കാലമുണ്ടായിരുന്നു.
അവയുടെ ചിറകുകളിലെ മഴവില്‍ വര്‍ണങള്‍
പഞ്ചാര മണല്‍ വിരിച്ച തെളിഞ്ഞ ചിറയിലൂടെ
മീന്‍ കുഞ്ഞുങള്‍ക്കൊപ്പം.............
ഉയര്‍ന്നുപൊങുംബൊള്‍ വെള്ളിമേഘങള്‍ നീന്തിതുടിക്കുന്ന നീലാകാശ പരപ്പും....
ഒന്നും നമുക്കു മറക്കതിരിക്കാന്‍
കൈക്കുംബിളില്‍ കോരിയെടുത്ത ഒരിറ്റു ജലത്തെ നോക്കി സ്വപ്നം കാണാം
Thnx Dr. Comment is more beautiful than post.
ReplyDeleteനല്ല അവതരണം
ReplyDeleteടാാാാ
ReplyDelete