
ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്. ഇവിടത്തെ കാഴ്ചകളെപ്പറ്റി ഒരുപാട് ലേഖനങ്ങളും യാത്രാവിവരണങ്ങളും ബൂലോകത്തില്‍ തന്നെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലങ്ങളെയും കാഴ്ചകളെയും പരിചയപ്പെടുത്താതെ, ഈ യാത്ര നല്കിയ വ്യക്തിപരമായ സന്തോഷവും അനുഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.
ചെമ്പ്ര കുന്നിന്റെ താഴ്വാരങ്ങളില് നിന്നുമാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്. നേരത്തെ വിളിച്ചുപറഞ്ഞതിനാല്‍ ഞങ്ങളെ കാത്ത് മച്ചാന്(ശിഹാബ്) കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടില്‍ ഒരു കരാര്‍ ജോലിയുമായി ബന്ധപ്പെട്ട് സഹോദരന് വഴി മച്ചാനെ നേരത്തെ അറിയാം. ഇപ്പോള്‍ ഇവിടെ തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നു. മച്ചാന് നേരെ പാടിയിലേക്ക് ( ഇവരുടെ കോര്‍ട്ടേഴ്സിന് "പാടി" എന്ന് പറയും) കൂട്ടികൊണ്ടുപോയി. തേയില തോട്ടത്തിനിടയില്‍ രണ്ട് മുറിയും അടുക്കളയുമായി ഒരു കൊച്ചു സുന്ദരന്‍ വീട്. ചെറിയ മുറ്റത്ത് നിറയെ പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നു. ജമയന്തിയും ഡാലിയയും പിന്നെ പേരറിയാത്ത പലതരം വര്‍ണ്ണത്തിലുള്ള പൂക്കള്‍. ഒന്നിനും മണമില്ല. പക്ഷെ സുഗന്ധം മുഴുവനും മച്ചാന്റെയും സഫിയാത്തയുടെയും ജീവിതത്തിലുണ്ട്. പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്കിയ സ്നേഹം. ഈ പ്രകൃതിയുടെ സൗന്ദര്യം തുടര്‍ന്നും ഇവരുടെ ജീവിതത്തില്‍ നിറയട്ടെ.

സഫിയാത്ത ചായയും പലഹാരങ്ങളും എടുത്തുവെച്ചു. നല്ല തകര്‍പ്പന്‍ വയനാടന്‍ ചായ. യാത്രാക്ഷീണം അതില്‍ തീര്‍ന്നു. ചെമ്പ്രക്കുന്ന് കയറണമെന്ന് പറഞ്ഞപ്പോള്‍ മച്ചാന് വിലക്കി. "വേണ്ട, നന്നായി ക്ഷീണിക്കും. ഒരു ദിവസം വെറുതെ പോവും. ചിലപ്പോള്‍ പുലി എങ്ങാനും?" മുഴുവനാക്കിയില്ല, കോറസ്സായി വേണ്ട എന്ന് പറഞ്ഞു. അത് ചിലപ്പോള്‍ മച്ചാന് വെറുതെ പറഞ്ഞതാവും. ഏതായാലും പരീക്ഷണം വേണ്ട. അല്ലാതെ ഒത്തിരി കാണാനുണ്ടെന്ന് മച്ചാന്. എവിടെപോയാലും ഉച്ചക്ക് ഭക്ഷണത്തിന് തിരിച്ചെത്തണമെന്ന് സഫിയാത്ത ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ പാടിയുടെ പിന്നിലൂടെ താഴോട്ടിറങ്ങി. പാടിക്കു തൊട്ടു പിറകില്‍ തന്നെ കാട്ടരുവി. കുന്നിനു മുകളില്‍ നിന്നും ഒലിച്ച് കൊച്ചു കാടിന് നടുവിലൂടെ ഒഴുകിവരുന്ന ഈ കാഴ്ച കണ്ണുകള്‍ക്ക് ഉത്സവമാണ്. നല്ല തെളിഞ്ഞ വെള്ളം. കുടിക്കാനും ഉപയോഗിക്കുന്നത് ഇതുതന്നെ. മച്ചാന് പറഞ്ഞു. നിറയെ വര്‍ണ മത്സ്യങ്ങള്‍. അധികം ആലോചിച്ചുനിന്നില്ല. ഞാന്‍ പാന്റും വലിച്ചെറിഞ്ഞ് വെള്ളത്തിലേക്കിറങ്ങി. കരുതിയപോലെ തണുപ്പല്ല വെള്ളത്തിന്. നല്ല ഇളം ചൂട്. കയറാന്‍ തോന്നിയില്ല.
കുറെ താഴോട്ട് പോയാല്‍ നിറയെ ഓറഞ്ച് കിട്ടുമെന്ന് മച്ചാന് പറഞ്ഞപ്പോള്‍ തിരിച്ചുകയറി. കാട്ടിനുള്ളില്‍ ചെറിയൊരു ചോലക്ക് ചുറ്റുമായി നിറയെ ഓറഞ്ചു മരങ്ങള്‍. പഴുത്തത്. വലിഞ്ഞ് മരത്തില്‍ കയറിപ്പറ്റി. ഒരു കുലുക്കിന് തന്നെ കുറെ താഴെ വീണു. മായം ചേര്‍ത്തതല്ല.കാട് നേരിട്ട് തരുന്നത്. അതിന്റെ മെച്ചം രുചിയിലും ഉണ്ട്.
ചോലക്കരികിലെ ചെറിയ കാല്പാദങ്ങള് നോക്കി മച്ചാന് പറഞ്ഞു. "പുലി വെള്ളം കുടിക്കാന്‍ വന്നതാവും" പടച്ചോനെ..!തിരിച്ചോടിയാലോ? ഞങ്ങളുടെ പേടി കണ്ടിട്ടോ എന്തോ ,മച്ചാന് പറഞ്ഞു. "പേടിക്കേണ്ട. പുലിയൊന്നുമില്ല,ഇത് മാനിന്റെതാണ്".ഏതായാലും തിരിച്ചുകയറുമ്പോള്‍ വേഗത കൂടുതലാണ്. പിന്നെ മച്ചാന് നയിച്ചത് ചെറിയൊരു കുടിലിലേക്ക്. "ഇവിടെ നല്ല കാട്ടുതേന്‍ കിട്ടും". ഒരമ്മൂമ്മ മുള കൊണ്ടുള്ള തവിയില്‍ കുറച്ചു കയ്യിലൊഴിച്ചു തന്നു. "പടച്ചോനെ..ഇതാണോ തേനിന്റെ ഒറിജിനല്‍ രുചി?".ഞങ്ങള്‍ കുറേ വാങ്ങി.എല്ലാര്ക്കും കൊടുക്കാലോ.
വീണ്ടും കാടിന്റെ മറ്റൊരു ഭാഗത്തേക്ക്. ഇവിടെ നിറയെ പേരക്കയും നെല്ലിക്കയും. മച്ചാന് കുറേ പറിച്ച് ബേഗിലാക്കി.
ഉച്ച ഭക്ഷണത്തിന് സമയമായി. കാടിന് പുറത്തുകടന്ന് ശ്രീമതി കാണാതെ തേയില നുള്ളുന്ന സുന്ദരികളെയും നോക്കി പാടിയിലെത്തി. സഫിയാത്ത നല്ല നാടന്‍ വിഭവങ്ങളുമായി ഉഗ്രന്‍ സദ്യ ഒരുക്കിയിട്ടുണ്ട്. പുലിയെ പേടിച്ചു കഴിച്ചതെല്ലാം ആവിയായിപോയ ഞങ്ങള്‍ക്ക് ഒന്നും നോക്കാന്‍ സമയമില്ല. തിരിച്ച് പാത്രങ്ങള്‍ എടുക്കുമ്പോള്‍ സഫിയാത്തക്ക് ഭാരം തോന്നികാണില്ല. അവര്‍ക്ക് കഴിക്കാന്‍ ഇനി വേറെ പാകം ചെയ്തിട്ട് വേണ്ടിവരും. പാടിയുടെ തിണ്ണമ്മേല്‍ വിശ്രമം. എനിക്കല്ല. വയറിന്. ഹഫി സഫിയാത്തയോടൊപ്പം
തേയില തോട്ടത്തില്‍ കയറി. തേയില നുള്ളുന്ന പെണ്‍കുട്ടികളോട് അവളെന്തൊക്കെയോ ചോദിക്കുന്നു. സഫിയാത്തയാണ് പരിഭാഷക. അവളുടെ മലയാളം അവരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. രസകരം തന്നെ.ഞാനൊന്ന് മയങ്ങി. മച്ചാന് വിളിച്ചുണര്‍ത്തി. എസ്റ്റേറ്റ് റോഡിലൂടെ ഒരു സവാരിയാവാം. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങി. ഡ്രൈവിംഗ് രസകരമാണ് ഈ വഴികളിലൂടെ. ഇടയ്ക്കിടയ്ക്ക് കാട്ടുമുയലുകള്‍ വട്ടം ചാടുന്നു. വേണമെങ്കില്‍ ഒന്നിനെ ഒപ്പിച്ച് കറിവെക്കാമെന്ന് മച്ചാന് തമാശയായി പറഞ്ഞു. മറുപടി ഞാന്‍ സീരിയസ് ആയിത്തന്നെ പറഞ്ഞു. "വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
രാത്രി സഫിയാത്തയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. മേപ്പാടി ടൗണില്‍ വന്ന് പൊറോട്ടയും ബീഫും വാങ്ങിച്ചു. തിരിച്ചെത്തിയപ്പോള്‍ മച്ചാന്റെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നിട്ടുണ്ട്. രണ്ട് കുസൃതികള്‍. ഇന്നിവിടെ തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ആ ഒരു സന്തോഷം വിട്ടുകളയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ക്കും സന്തോഷം.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നല്ല തണുപ്പ് ഉണ്ടെങ്കിലും പുറത്ത് കിടക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. ഇവിടാരും പുറത്ത് കിടക്കാറില്ല. വല്ല കാട്ടാനയോ പുലിയോ ഒക്കെ ഇറങ്ങിയെന്നു വരും. ദേ വീണ്ടും പുലി ഭീഷണി. കൂട്ടിന് കാട്ടാനയും ഉണ്ട് ഇത്തവണ. റൂമിനകത്ത് കയറി വാതിലും പൂട്ടി.
"ഇക്കാ ഈ ചുമരിനൊന്നും അത്ര ഉറപ്പില്ലെന്നാ തോന്നണെ.."
മിണ്ടാതിരിക്കെടീ. ഞാനും അതാ ആലോചിക്കണേ.
"ഇനി ആനയെങ്ങാനും വരുമോ?".
നീ ഉള്ളിടത് ആന പോയിട്ട് അണ്ണാന് പോലും വരില്ല. കിടന്നുറങ്ങ്.
പുറത്ത് എന്ത് ശബ്ദം കേട്ടാലും പേടി ടോപ് ഗിയറില്‍ ആവും. പെട്ടൊന്ന് വാതിലില്‍ മുട്ട്. പേടിച്ചുപോയി. മച്ചാനാണ്. "കാലത്ത് എപ്പോള്‍ വിളിക്കണം?".
ഉറങ്ങിയിട്ട് വേണ്ടേ ഉണരാന്‍. എട്ട് മണിക്ക് വിളിക്ക്. മച്ചാന് പോയി. എപ്പോഴോ ഉറങ്ങി.
(ഒരു പോസ്റ്റില്‍ കൂടി സഹിക്കേണ്ടി വരും)
images from ഇരുവഴിഞ്ഞി. കോം