Monday, April 4, 2011

പാടം പൂത്ത കാലംഎല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്‍ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ്‌ ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്‍സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത്‌ തന്നെ ഇരിക്കുമ്പോള്‍ ഈ തീരുമാനത്തിന് അപ്പീലിന് പോകാന്‍ പോലും പറ്റില്ല . കളി നിര്‍ത്തി മനസ്സില്ല മനസ്സോടെ പീടികയില്‍ പോവും. തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ നിറയെ ആ കറുത്ത പുളി അച്ചാര്‍ കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില്‍ പോവുമ്പോള്‍ കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന്‍ രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള്‍ നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള്‍ വെറും പുളിയച്ചാര്‍ മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.നാളെ പാടത്ത് കന്ന്‌ പൂട്ടുകാര്‍ ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില്‍ കളിക്കാന്‍ . ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടാവും. മീന്‍ പിടിക്കാനായിരുന്നു കൂടുതല്‍ ആവേശം. നല്ല വലിയ പരല്‍ മീനുകള്‍ കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്‍ രണ്ടു ദിവസം കൈ അനക്കാന്‍ പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം കൂടുമ്പോള്‍ കന്ന്‌ പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്‍ക്കുന്നു. കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില്‍ കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല്‍ താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന്‍ . എന്റെ അഹങ്കാരം കാളകള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. കാളകള്‍ നല്ല സ്പീഡില്‍ തന്നെ ഓട്ടം തുടങ്ങിയതും ഞാന്‍ പിടിവിട്ട് ചളിയില്‍ വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന്‍ ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്‍ന്നു.
നല്ലം പെരവന്‍ ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം പുറം പോക്കില്‍ നല്ലം പെരവന്‍ കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന്‍ ഞങ്ങള്‍ ചങ്ങാതിമാര്‍ രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്‍കര്‍മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള്‍ കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില്‍ കുറച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള്‍ എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.
എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന്‍ കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കാണുമ്പോഴൊക്കെ അവര്‍ മാതൃകാ ദമ്പതികള്‍ ആണ്. പാടത്തെ പണിക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അവരും വരും. ഞാനും കൂടും അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന്‍ ബീഡി വലിക്കുന്നത് കാണാന്‍ നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന്‍ ബീഡി കിട്ടിയില്ലെങ്കിലും നാടന്‍ അടി കിട്ടും . അതുകൊണ്ട് ചോദിക്കാന്‍ പേടി തോന്നും. പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന്‍ കാണും. പകുതി വെറ്റിലയില്‍ പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്‍ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്‍. ഭക്ഷണം കഴിഞ്ഞാല്‍ അവര്‍ വീണ്ടും പണിക്കിറങ്ങും. ഞങ്ങള്‍ പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില്‍ വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.പാടത്തെ പണി തുടങ്ങിയാല്‍ പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്‍ വെള്ളംകൂടുതല്‍ ഉണ്ടെങ്കില്‍ വേറെ വയലിലേക്ക്‌ ഒഴുക്കി വിടണം. കുറവാണേല്‍ ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ്‌ കൂടുതല്‍ രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.
എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്. ആ ഓര്‍മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.

(ചിത്രങ്ങള്‍ -ഗൂഗിളില്‍ നിന്ന് )

64 comments:

 1. വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ താലോലിച്ച് അരയോപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, , ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നട വരമ്പിലൂടെ കുറച്ച് നേരം നടക്കട്ടെ.
  ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.

  ReplyDelete
 2. ഓര്‍മ്മകള്‍.....ഓര്‍മ്മകള്‍.......
  ഒരു പാട്ടാണ് തിരയടിച്ചു എത്തുന്നത്..ഇതെന്തു മാജിക്കാണ് ചെറുവാടീ..
  അവിടെ ബഹ്രിനിലിരുന്നു നാട്ടിലെ പുളിയച്ചാരുംതിന്നു,വയലേലകളിലെ കുളിര്‍ക്കാറ്റും കൊണ്ടു നടക്കുന്നതെ...
  ആ ചെളിയില്‍ വീണ മുഖം അത് കാണേണ്ട കാഴ്ചയായിരുന്നു...
  പോസ്റ്റ്‌ വളരെ വളരെ മനോഹരമായിരിക്കുന്നു...

  ReplyDelete
 3. അത് ശരി. ക്രിക്കറ്റ് കഴിഞ്ഞപ്പോ നേരെ വയലിലേക്കിറങ്ങിയാ...കൊള്ളാം.പണ്ട് ഞങ്ങളും കായ്ക്കറികള്‍ കട്ട് തിന്നുമായിരുന്നു. പുഴയില്‍ വേനല്‍ കാലത്ത് പച്ചക്കറി ഉണ്ടാക്കുമായിരുന്നു. വീട്ടില്‍ന്ന് പച്ചക്കറി വായിലേക്ക് വെക്കാത്തവരും കൂടി അവിടെയെത്തിയാല്‍ വയറു നിറച്ചും അകത്താക്കും.കട്ടു തിന്നുന്നതിന്റെ രുചി!
  നന്നായ് പോസ്റ്റ്.അഭിനന്ദനങ്ങള്‍.

  ReplyDelete
 4. ഇതുപോലെയൊരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു.പക്ഷെ അത് അധികകാലം ഉണ്ടായിരുന്നില്ല എങ്കിലും ഒരു ജീവിതം മുഴുവന്‍ ഓര്‍ത്തു മനസ്സില്‍ സൂക്ഷിക്കാനുള്ളത് ആ മൂന്ന് വര്‍ഷക്കാലം എനിക്ക് നല്‍കി..
  ഇങ്ങനെയെങ്കിലും എനിക്കാകാന്‍ കഴിഞ്ഞത് ആ കാലത്തിന്‍റെ ഓര്‍മകളാണ്.
  കുട്ടിക്കാലത്തിന്റെ നല്ല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി.

  ReplyDelete
 5. വയൽ വരമ്പിൽ ചെളിയിലിറങ്ങാൻ മടിച്ചിരുന്ന്...ഞാനും കണ്ടു ഒരു കന്നു പൂട്ട്...ചെളിയിൽ മുങ്ങി വരണ ചെറുവാടിയെ കണ്ടപ്പൊ അറിയാതെ ചെളിയിലൊന്നു കുളിക്കാൻ നിക്കും ഒരു മോഹം...ഹിഹി...മൂപ്പെത്താത്ത വെള്ളരി കടിച്ചു പൊട്ടിച്ചു തിന്നുന്ന രുചിയും അറിഞ്ഞു...നല്ലം പെരുവന്റെ ചിരി മനസ്സിൽ..

  ReplyDelete
 6. കൊള്ളാം ചെറുവാടി ....ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെതുന്ന മുറ്റത്തെ .......!

  ReplyDelete
 7. ചെറുവാടി.. കൊതിപ്പിക്കാനിറങ്ങിയിരിക്കാല്ലേ.. പുളിയച്ചാറിനെ പറ്റി പറഞ്ഞപ്പോള്‍ വായില്‍ കപ്പലോടി. ഈ കട്ട് തിന്നല്‍ എല്ലാരും ചെയ്തിട്ടുണ്ടല്ലേ. ഞങ്ങളുടെ മെയില്‍ ഐറ്റംസ് മാങ്ങ, പേരക്ക, ഇളഞ്ഞി ഒക്കെ ആയിരുന്നു. ശരിക്കും കുട്ടിക്കാലത്തേക്കും ഗ്രാമത്തിലേക്കും തിരിച്ചുപോയി.

  ReplyDelete
 8. പൻടു നെല്ല് കൊയ്തെടുപ്പു കാലത്തിൽ പണിക്കരുടെ ബഹളവും നെല്ലിന്റെ യും വൈക്കോലിൻടെയും മുറ്റത്തു തളിച്ച ചാണകത്തിൻടെയും മണവും, ....
  ഇതൊക്കെ ഇതു വായിച്ചപ്പോ ഓർത്തു പോയി... നന്ദി....

  ReplyDelete
 9. മോനെ മന്സ്വോ...
  നിങ്ങക്ക് ഈ ഗള്‍ഫ്‌ ജീവിതം ശരിയാവൂന്ന് തോന്നണില്ല. ഗൃഹാതുരത്വം ശരിക്കും തലേല്‍ കേറീക്കണ് !
  പണ്ട് എസ് എ ജമീലിന്റെ കത്ത് പാട്ട് കേട്ട് തലപ്പിരാന്ത് പിടിച്ച് കൊറേ ആള്‍ക്കാര്‍ വിസേം കേന്‍സല്‍ ആക്കി കപ്പല്‍ കേറി എന്ന് കേട്ടിട്ടുണ്ട്.
  ഇനിയിപ്പോ ഇതൊക്കെ വായിച്ചു തലപെരുത്ത്‌ ആരെങ്കിലും നാട് പിടിക്കുമോ എന്നാ സംശയം...
  (ആ കറുത്ത പുളിയച്ചാറിന്റെ പേര് മറന്നു പോയി ഇല്ലേ? "എലന്തക്ക അച്ചാര്‍" എന്നായിരുന്നോ അതിന്റെ പേര്?)
  പോസ്റ്റ്‌ സൂപ്പര്‍.

  ReplyDelete
 10. പഴയ ഓർമ്മകളെ തൊട്ടുണർത്തി ചെറുവാടിയുടെ ഈ പോസ്റ്റ്. നന്നായിട്ടുണ്ട്.

  ReplyDelete
 11. വിശുദ്ധമായ ഓര്‍മ്മകള്‍....എന്റെ ബാല്യവും ഇതിനു സമാനം തന്നെ. വീണ്ടും ആ വയല്‍വരമ്പിലേക്കും, കന്നുപൂട്ടലിലേക്കും, പാടത്തെ പട്ടബാറ്റും, റബര്‍ ബോളും വെച്ചുള്ള ക്രിക്കറ്റ് കളിയും ഓര്‍മ വന്നു.

  "കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്".

  ഞങ്ങളുടെ നാട്ടില്‍ ഇതിനെ കാരി എന്നാ പറയുക. പണ്ട് ചൂണ്ടയിടാന്‍ പോകുമ്പോ, ചിലപ്പോള്‍ ഇത് കിട്ടാറുണ്ട്. അതിനെ ചൂണ്ടലില്‍ നിന്ന് വിടുവിക്കാന്‍ ഒരു പ്രത്യേക ടെക്നിക് ഉണ്ട്. അല്ലെങ്കില്‍ കുത്തു കിട്ടി പണ്ടാരടങ്ങും.

  ReplyDelete
 12. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ....

  ReplyDelete
 13. ഗൃഹാതുരത്വം.................. നല്ല പോസ്റ്റ്

  ReplyDelete
 14. ഇനി കിട്ടാത്ത ആ ബാല്യം വല്ലാതെ മനസ്സുലച്ചു.

  ReplyDelete
 15. ഞങ്ങളുടെ നാട്ടില്‍ ഇഞ്ചി കൃഷി
  ചെയ്യന്ന അതിന്റെ കൂടെ ഈ വെള്ളരിയും
  കാണും .പിഞ്ചു വെള്ളരി കട്ട് തിന്നുമ്പോള്‍
  മുതിര്‍ന്നവര്‍ പേടിപ്പിക്കും ..അവ കൊച്ചു
  കുഞ്ഞുങ്ങലെപോലെ ആണ് അത് കടിക്കരുത് എന്ന് ..അവരും സെന്റി അടിച്ചു കുട്ടികളെ പറ്റിക്കും .ഇതൊക്കെ കേട്ടാലും തരം കിട്ടുമ്പോള്‍ പോയി കട്ട് തിന്നും ....മുല്ല പറഞ്ഞത് പോലെ അതിന്റെ സുഖം ഒന്ന് വേറെ ..തണല്‍ പറഞ്ഞതാ ശരി ..ചെറുവാടി ഇങ്ങനെ എഴുതി ഞങ്ങളെ ഒക്കെ ഇപ്പൊ നാട് കടത്തും ..
  നല്ല പോസ്റ്റ്‌ ..അഭിനന്ദനങ്ങള്‍ ...

  ReplyDelete
 16. നല്ല പോസ്റ്റ്...ഈ വയലും കാളപൂട്ടും ഒന്നും ഞങ്ങള്‍ടെ നാട്ടിലില്ല(കാഞ്ഞിരപ്പള്ളി).... ആറും തോടും പുഴമീനും ഒക്കെ ആവശ്യത്തിനുണ്ട്..പിന്നെ ആ പുല്ലില്ലാത്ത ഗ്രൗണ്ടില്‍ വീണ് കാലിലെ തൊലി കുറെ പോയിട്ടുണ്ട്... ഇസ്മായി ഭായ് പറഞ്ഞത് പോലെ പ്രവാസം ഒക്കെ മതിയാക്കി നാട്ടില്‍ പൊയ് വല്ല ഫാമും തുടങ്ങിയാലോ?

  ReplyDelete
 17. ഈ ഓര്‍മ്മകള്‍കെന്നും നാട്ടുമ്പുറത്തെ കുട്ടികാലത്തിന്റെ മണമാണ്...!
  പൂക്കളിറുത്തു അതിന്റെ തേന്‍ വലിച്ചുകുടിച്ചും തുമ്പിയെ പിടിച്ചു അതിന്റെ വാലില്‍ നൂല്‍കെട്ടി പറത്തിയും ചെളിവെള്ളത്തിലെ പൊടിമീനുകളെ പിടിച്ചു ഹോര്‍ലിക്ക്സ് കുപ്പിയിലാക്കിയും നോട്ട് ബുക്കിലെ പേജുകീറി വഞ്ചിയുണ്ടാക്കിയും കൊയ്ത്തു കഴിഞ്ഞു ചെളിനിരഞ്ഞുകിടക്കുന്ന പാടത്ത് കുറ്റിയും കോലും കളിച്ചും, അങ്ങിനെ...........
  ഒരുനിമിഷത്തെക്കെങ്കിലും വീണ്ടും ആശിച്ചുപോയി....


  ചെറുവാടി,
  ബാല്യം അനവസിത പ്രതിഭാസമാകുന്നത് ബാല്യത്തിനു ബലമുള്ള ഓര്‍മ്മകള്‍ ഉണ്ടാവുമ്പോഴാണ്..!

  ReplyDelete
 18. ചെറുവാടി,
  വായിച്ചപ്പോള്‍ ഞാന്‍ നാട്ടില്‍ ആയതുപോലെ ഒരു തോന്നല്‍.
  നമ്മുടെ നാടും അതിന്റെ ഭംഗിയും അത് നെഞ്ചിലേറ്റുന്ന ചെറുവാടിയെ പോലെയുള്ളവരുമാണ് നാടിനെ പ്രണയിക്കുന്നവര്‍.
  കൊയ്ത്തുകാലം അതാണ്‌ ഏറ്റവും രസകരം. നല്ല പോസ്റ്റ്

  ReplyDelete
 19. കൊയ്യാനും കറ്റചുമക്കാനും മെതിക്കാനും പിന്നെ ഞാറു നടാനും ഒക്കെ പോയിരുന്ന ഒരു കാലം ഞാനും മനസ്സിൽ കണ്ടു ഇതു വായിച്ചപ്പോൾ...
  ആശംസകൾ....

  ReplyDelete
 20. ഇത്ര തീവ്രമായി നാടിനെ മനസ്സിലേറ്റിക്കൊണ്ട് ചെറുവാടി എങ്ങിനെയാണ് ഗള്‍ഫില്‍ നില്‍ക്കുന്നത് എന്നതിശയം തോന്നുന്നു.
  വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കുളിര്‍തെന്നലേറ്റ പ്രതീതി.

  ReplyDelete
 21. ജന്മനാടിനോളം കൊതിപ്പിക്കുന്ന മറ്റൊന്നുമില്ല അല്ലേ. മതിവരാത്ത ഓര്‍മ്മകള്‍, കണ്ടു കൊതിതീരാത്ത കാഴ്ചകള്‍.
  നാട്ടില്‍ പോയാലോ?!

  ReplyDelete
 22. പ്രവാസത്തിന്റെ പൊള്ളുന്ന ചൂടില്‍ നിന്നു മന്‍സൂര്‍ തികഞ്ഞ ഗ്രഹാതുരത്വത്തിലേക്ക്, പച്ച മണ്ണിന്റെ ഗന്ധമുള്ള ഉഴുതു മറിച്ച പാടത്തേക്കു, എന്‍റെ ബാല്യ കൌമാര സ്വപ്നങ്ങള്‍ക്ക് വര്‍ണങ്ങള്‍ നല്‍കിയ കൊയ്തൊഴിഞ്ഞ പാടത്തെ കളിയരങ്ങുകളിലേക്ക് എന്നെ ഒരു പാട് നിമിഷങ്ങള്‍ കൂട്ടിക്കൊണ്ടു പോയി. എഴുത്തിന്റെ ഈ മാസ്മരികത ബൂലോകത്ത് വല്ലപ്പോഴും കിട്ടുന്ന മഴയാണ്. ഞാന്‍ നന്നായി ആസ്വദിച്ചു.

  >>>മന്‍സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ എന്ന്<<< ഈ വിളി എന്‍റെ ഉമ്മയുടെത് കൂടി ആണ്. പേരിലെ മാറ്റമുള്ളൂ. എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മയിലേക്ക് മടക്കി വിളിച്ചതിന് നന്ദി.

  ReplyDelete
 23. padam pootha kalam....... manoharam......

  ReplyDelete
 24. അത് ശരി വെല്ലെരിക്ക കക്കലായിരുന്നു അല്ലെ പണി ....ഇപ്പോയും ഉണ്ടോ ???????

  ReplyDelete
 25. ആ ഗ്രാമക്കാഴ്ചകളുടെ നിര്‍മ്മലമുഖം ഇപ്പോ കാണാന്‍ കിട്ടുമോ? ‘എനിയ്ക്കറിയര്‍ന്നു കുട്ടി കട്ടുതിന്നുന്നെന്ന്’ - ഒരു കുളിരല തഴുകിയപോലത്തെ സുഖമുള്ള ഡയലോഗ്. നന്മയുടെ വേറിട്ട ഒരു മുഖം.

  ReplyDelete
 26. കള്ളാ കള്ളാ വെള്ളരിക്കള്ളാ...

  ReplyDelete
 27. ഗ്രാമത്തിന്റെ വിശുദ്ധി യിലൂടെയുള്ള ഈ യാത്രയും മനോഹരമായി !
  ആശംസകള്‍ .....

  ReplyDelete
 28. പുളിയച്ചാര്‍ കടിച്ചു വലിച്ച നാളുകള്‍ ആര്‍ക്കാണ് മറക്കാന്‍ പറ്റുക. കോട്ടിയുടെയും കടുവിന്റെയും കുത്തേറ്റു മൂത്രമൊഴിച്ച നാളുകളും പാടത്ത് കന്നു പൂട്ടുമ്പോള്‍ അതില്‍ കിടന്നു പുളക്കുന്ന മീനുകളെ മടിയിലാക്കി ചേറില്‍ കുളിച്ചു നടന്ന കുട്ടിക്കാലവുമൊന്നും മറക്കാനാവില്ല. വീണ്ടും നാടിനെ ഓര്‍മ്മിപ്പിക്കുന്നു ചെറുവാടി.

  വളരെ നല്ല പോസ്റ്റ്‌.

  ReplyDelete
 29. എത്ര മനോഹരമായി എഴുതിയിരിക്കുന്നു, ചെറുവാടി. സന്തോഷവും സങ്കടവും ഒരുമിച്ചു വരുന്നു..

  ReplyDelete
 30. പുളിയച്ചാറിന് പകരം എനിക്ക് കമ്പം നാരങ്ങസത്തും,പാൽഗോകയുമൊക്കെയായിരുന്നുവെന്ന് മാത്രം...

  എന്റെ മനസ്സിലും എപ്പോഴും ഒളിമങ്ങാതെ കയറിയിറങ്ങി വരുന്ന ഓർമ്മകളാണ് പറമ്പിലെ കാളത്തേക്കും,പാടത്തെ കന്നുപൂട്ടും,ചക്രം ചവിട്ടും,കറ്റകൊണ്ടുവരുന്ന കാളവണ്ടിയും,..,,..

  എല്ലാം ഇന്ന് നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ...

  ReplyDelete
 31. മുട്ടിനോപ്പം വെള്ളത്തില്‍ പുഞ്ചപ്പാടത്ത് നടത്തിയ കന്നു പൂട്ടും വെള്ളം തേവലും എല്ലാം ഓര്‍ത്തു.
  പാടത്തേക്ക്‌ വെള്ളം തെവാന്‍ ഓരോരുത്തര്‍ക്കും അന്ന് സ്വന്തം നിലത്തിന് തൊട്ടായി ഓരോ കുളവും ഉണ്ടാകും. കുളത്തില്‍ വെള്ളം നിറയുമ്പോള്‍ മീനുകള്‍ കയറും. അത് തിരിച്ച് പോകാതിരിക്കാന്‍ മുളയുടെ തലഭാഗം വെട്ടി വെള്ളത്തില്‍ ഇടും. അവസാനം വെള്ളം കുറയുമ്പോള്‍ കുളം വറ്റിച്ച് മീന്‍ പിടിക്കും. നിറയെ ആള്‍ ഉണ്ടാകും ചുറ്റിനും. മീന്‍ പിടിക്കുമ്പോള്‍ അതില്‍ കാരിയും കടുവും എന്ന രണ്ടിനം ഉണ്ട്. കറുത്ത് മീശയൊക്കെ ഉള്ള വര്‍ഗ്ഗം. രണ്ടും കാഴ്ചയില്‍ ഒരു പോലെ ഇരിക്കും. കുത്ത് കിട്ടിയാല്‍ മനസ്സിലാക്കാം അത് കാരി ആണെന്ന്. ഒരു കഴപ്പ് വരും കുത്ത് കിട്ടിയത്‌ മുതല്‍. പിന്നെ ആ കഴപ്പ് ഒരു പാട് നേരം അങ്ങിനെ നില്‍ക്കും. സാധാരണ കുത്ത് കിട്ടിയാല്‍ അവിടെ മൂത്രം ഒഴിക്കുകയാണ് കഴപ്പ് മാറാന്‍ ഒറ്റമൂലി. പിന്നെ ഒന്നിനെ കൂടി കിട്ടും കുളത്തില്‍ നിന്ന്. പാമ്പിനെപ്പോലെ ഇരിക്കുന്ന മല്ഞീന്‍ എന്ന ഒരിനവും.

  നല്ല ഓര്‍മ്മകള്‍.

  ReplyDelete
 32. @ ജാസ്മികുട്ടി
  ആദ്യത്തെ അഭിപ്രായത്തിനു നന്ദി. ഇവിടിരുക്കുമ്പോഴല്ലേ ഇതൊക്കെ എഴുതാന്‍ പറ്റൂ. വായനക്കും ഇഷ്ടായതിലും സന്തോഷം അറിയിക്കുന്നു.
  @ മുല്ല
  എന്റെ വിഷമം മാറി. കട്ട് തിന്നുന്ന കേസില്‍ ഞാന്‍ ഒറ്റപ്പെടും എന്നാ കരുതിയത്‌. കൂട്ടിനാളായല്ലോ. നന്ദി വായനക്കും അഭിപ്രായത്തിനും
  @ എക്സ് പ്രവാസിനി
  ഓര്‍മകളുടെ വീണ്ടെടുപ്പിന് ഈ പോസ്റ്റ്‌ ഉതകി എങ്കില്‍ അതൊരു സന്തോഷം തന്നെ . നന്ദി വായനക്കും അഭിപ്രായത്തിനും
  @ സീത
  ഈ ഓര്‍മ്മകളെ ഇഷ്ടായതിനും വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ ഫൈസു
  ഓര്‍മ്മകളെ സ്വീകരിച്ചതില്‍ നന്ദി ഫൈസു. നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നു അല്ലെ..?
  @ ഷബീര്‍ തിരിച്ചിലാന്‍
  ഈ പറഞ്ഞ സാധനങ്ങള്‍ , മാങ്ങയും ഇലഞ്ഞിയും ഒക്കെ ഞങ്ങളും അടിച്ചു മാറ്റിയിരുന്നു. എല്ലാം കൂടെ എഴുതിയാല്‍ നമ്മളെ ജോലി തന്നെ അതായിരിക്കും എന്ന് കരുതില്ലേ.. :) നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ നസീഫ് അരീക്കോട്
  ആ മുറ്റത്ത്‌ ചാണകം തളിക്കുന്നത് മാത്രമായിരുന്നു എനിക്ക് വിഷമം. നന്ദി വായനക്കും അഭിപ്രായത്തിനും
  @ ഇസ്മായില്‍ തണല്‍
  ഈ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍കുന്നു. നാട്ടില്‍ പോയാല്‍ പിന്നെ കൂടുതല്‍ സഹിക്കേണ്ടി വരും. ചുരുക്കി പറഞ്ഞാല്‍ പോയാലും പ്രശ്നം , പോയില്ലേലും പ്രശ്നം. നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ മൊയിദീന്‍ അങ്ങാടിമുഗര്‍,
  ഓര്‍മകളുടെ വീണ്ടെടുപ്പിന് ഈ പോസ്റ്റ്‌ ഉതകി എങ്കില്‍ അതൊരു സന്തോഷം തന്നെ . നന്ദി വായനക്കും അഭിപ്രായത്തിനും
  @ ചാണ്ടി കുഞ്ഞ്‌
  ശരിയാ ചാണ്ടിച്ചാ. ചൂണ്ടയില്‍ നിന്നും എടുക്കുമ്പോഴും അത് കുത്തും. പറഞ്ഞപോലെ വേദനിച്ചു പണ്ടാരമടങ്ങും. :). വായനക്കും ഇഷ്ടായതിലും സന്തോഷം അറിയിക്കുന്നു.

  ReplyDelete
 33. എത്ര മനസ്സിൽ നിറയും വിധം എഴുതിയിരിക്കുന്നു. പെരവന്റെ ചിത്രം നന്നായി വരച്ചിട്ടിരിക്കുന്നു. ഇതൊന്നും നമുക്ക് മറക്കാനാവില്ല, ഈ സൌഭാഗ്യങ്ങളുടെ അടയാളങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും. വള്രെ സന്തോഷം, നന്ദി.

  ReplyDelete
 34. ഞങ്ങള്‍ മലപ്പുറത്തുണ്ടായിരുന്നപ്പോള്‍
  ഒരുപാടു കഴിച്ചിട്ടുള്ളതാണ് ആ കറുത്ത പുളി അച്ചാര്‍...
  പിന്നീട് അച്ഛനുമമ്മയ്ക്കും ട്രാന്‍സ്ഫര്‍ ആയി തൃശൂര്‍ വന്നശേഷം ഞാന്‍ അത് കഴിച്ചിട്ടേ ഇല്ല, പിന്നീടിന്നു വരെ ഞാന്‍ അതു കണ്ടിട്ടും ഇല്ല.
  പക്ഷെ എന്നിട്ടും ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്കതിന്റെ സ്വാദു ഓര്‍മവന്നു.
  ഈ ബ്ലോഗിലെ ഓരോ പോസ്റ്റും മധുരവും
  പുളിയും ഒക്കെ ഉള്ള ഓരോരോ ഓര്‍മ്മകള്‍ സമ്മാനിക്കുന്നു ... നന്ദി ചെറുവാടി

  ReplyDelete
 35. ഒരു പാട് ഓര്‍മ്മകള്‍ മിന്നി മറഞ്ഞു നോട്ട് വായിച്ചു തീരന്നപ്പൊഴെക്കുമ്. പാടത്ത് പണിയും കൊയ്തും, അച്ചാറും എല്ലാം നാട്ടിലീക് തിരിച്ചു കൊണ്ട് പോയി .. നല്ല പോസ്റ്റ്‌ ..ആശംസകള്‍..

  ReplyDelete
 36. എന്‍റെ ബാല്യത്തിന്‍റെ നടവരമ്പില്‍ കൂടി ഞാനും നടന്നു ..കുറേ ഏറെ ദൂരം..ഒരേ താളത്തില്‍ പെണ്ണുങ്ങള്‍ വരിയായി നിന്ന് കറ്റ മെതിക്കുന്നത് കാണുമ്പോള്‍ എനിക്കും കൊതി തോന്നിയിരുന്നു ..അങ്ങനെ ഒരു ദിവസം കാളി പെണ്ണിന്‍റെ കൂടെ ഞാനും നിന്നു.കറ്റ ഒന്ന് ചവിട്ടിയതെ ഓര്‍മ്മയുള്ളൂ ..ഞാന്‍ വെട്ടിയിട്ട വാഴയിലപോലെ നിലത്തും കറ്റ ദൂരത്തും..ഹിഹിഹി ..അതോടെ കളത്തില്‍ പോക്ക് തീര്‍ന്നു...അതൊക്കെ ഓര്‍മ്മിപ്പിച്ച ചെറുവാടിയുടെ പോസ്റ്റിനു നന്ദി ..നല്ല എഴുത്ത്

  ReplyDelete
 37. ഒരു മാസം മുന്നേ ഉപ്പ അമ്മാവന്റ്റെ കൈയ്യില്‍ കൊടുത്തു വിട്ട പുളിയച്ചാര്‍ അടുക്കളയിലെ ഷെല്‍ഫില്‍ ഇരുന്നു എന്നെ നോക്കി കള്ളച്ചിരിയോടെ പറയുന്നു സോനു നീ മാത്രമല്ല എന്നെ സ്വീകരിച്ചു പ്രണയിക്കുന്നത്, ഇവരെല്ലാം അക്കൂട്ട്ടത്തില്‍ തന്നെ എന്ന് . എല്ലാ പ്രവാസികളും ഇങ്ങനെ തന്നെ ആകുമോ ?നഷ്ട്ടപെട്ടതോര്തിങ്ങനെ നേരിപ്പോടുപോലെ നീരിപ്പുകന്നു എന്നാല്‍ ആളി കത്താതെ ...........വല്ലാത്ത ഒരു വേദന തന്നെ യാണിത്‌ എല്ലാം ...........മഴ പെയ്യുമ്പോള്‍ അതിലോന്നയലിയാനാവാതെ എന്തിനിങ്ങനെ ജീവിച്ചു തീര്‍ ക്കുന്നു ഈ മരുഭൂമിയില്‍ ?മതിയാക്കി പോയാലോ ..എല്ലാം തിരിച്ചു പിടിക്കാന്‍ .................അതെ ന്നന്‍ പോകും ഒരുനാള്‍ ....ഇന്നല്ലെങ്ങില്‍ നാളെ ..................നന്ദി എഴുത്തുകാരാ എല്ലാം ഒന്നനുഭവമാക്കിതന്നതിന്നു ..ഒരായിരം നന്ദി ..ആശംസകളോടെ ...

  ReplyDelete
 38. വളരെ നല്ല ഓര്‍മ്മകള്‍, എപ്പോഴും ഓര്‍മ്മിക്കാന്‍ ഇഷ്ടപെടുന്നവ

  എന്നാല്‍ അതിനേക്കാള്‍ നന്നയി ചിത്രങ്ങള്‍.

  ReplyDelete
 39. വായിക്കുമ്പോൾ മനസ്സിനുള്ളിൽ പച്ചപ്പ് നിറഞ്ഞു. ഞാൻ മുറിക്കകത്തെ ഫാനിന്റെ കാറ്റിനെ അതിന്റെ പാട്ടിനുവിട്ട് ഒന്നു പുറത്തിറങ്ങി. ചെറുവാടിയുടെ പോസ്റ്റിൽ ഒരു ത്ര്‌ഷ്ണയായി വിവരിച്ച പാടത്തിന്റെ കാഴ്ചയിലേയ്ക്ക് കണ്ണയച്ചു. പടിഞ്ഞാറ് കുട്ടാടൻപാടത്ത് നിന്ന്, വേനലിന്റെ മൂർദ്ധന്യമായിട്ടും, ഒരിളംകാറ്റ് കടന്നു വന്ന് എന്നെ തഴുകി. ഹ്ര്‌ദയഹാരിയായ പലതും ഈശ്വരാനുഗ്രഹത്താൽ എന്റെ ഗ്രാമത്തിൽ ഊനം തട്ടാതെ ബാക്കി നിൽക്കുന്നുവെന്നു സ്വയം സമാധാനിച്ച് ചെറുവാടിയുടെ അനവദ്യസുന്ദരമായി ഈ പോസ്റ്റിനു നന്ദി പൂർവ്വം കമന്റിടുന്നു.

  ReplyDelete
 40. ഗൃഹാതുരത മുറ്റി നില്‍ക്കുന്ന അവതരണം, മാഷേ...

  മനസ്സു നിറഞ്ഞു...
  നഷ്ടപ്പെട്ടു പോയ, ഇനി തിരിച്ചു കിട്ടാത്ത ബാല്യത്തെ ഓര്‍ത്ത്...
  ഓര്‍മ്മകളിലേയ്ക്ക് മാത്രമായി കുറയുന്ന കൃഷികളെയും കര്‍ഷകരെയും ഓര്‍ത്ത്...
  നല്ലം പെരവനെ പോലുള്ള നല്ല മനസ്സുള്ളവര്‍ ഇന്നെത്രയോ കുറവാണ് എന്ന സത്യത്തെയോര്‍ത്ത്...

  ReplyDelete
 41. ഏത് പുളിയച്ചാറ്‌...ഏത് പാടം...പീടികേൽ പൂവ്വാനാ....എന്നെ കൊണ്ടൊന്നും പറ്റില്ല...ഞാനിവിടെ വന്നിട്ടൂല്ലാ...

  ReplyDelete
 42. തന്താരൊ തന്തിര താരൊ തിരന്താരോ..
  ...........................
  കൊയ്ത്തു പാട്ടിന്റെ ഈണം
  അലയടിച്ചൊഴുകിയെത്തുന്ന കാറ്റില്‍
  നെല്‍ക്കതിരുകള്‍ നൃത്തം വെക്കുന്നു.
  പുളിയച്ചാറും തിന്നു കാഴ്ചകളും കണ്ട്
  വയല്‍വരമ്പിലൂടെയുള്ള യാത്ര.
  ഇതിനിടയിലെപ്പൊഴോ കാളപ്പൂട്ടിന്റെയും, കക്കരിയുടെ വിളവെടുപ്പും(കട്ട് തിന്നുന്നതിനെ ഞങ്ങള്‍ പറയുന്ന പേര്.)
  എല്ലാം ഞാന്‍ നേരിട്ടനുഭവിക്കുകയായിരുന്നു താങ്കളുടെ ഈ മനോഹരമായ വരികളിലൂടെ...

  ReplyDelete
 43. കൊയ്ത്തു പാട്ടിന്റെ ശീലുകളും ഓര്‍മ്മകളുടെ വിളവെടുപ്പുമായി ചെറുവാടി വീണ്ടും പ്രവാസികളുടെ മനം കവര്‍ന്നല്ലേ....
  ആശംസകള്‍...
  ഇനിയും കഴിയട്ടെ കൂട്ടുകാരുടെ ബാല്യകാല ഓര്‍മ്മകളുടെ ചില്ലു ജാലകം എറിഞ്ഞു പൊട്ടിയ്ക്കാനും കുത്തി കീറുവാനും...!

  ReplyDelete
 44. ചെറുവാടി....എലന്തക്ക അച്ചാറ് വേണെങ്കില്‍ കുറച്ചു പാര്‍സല്‍ അയച്ചു തരാം ...തിരിച്ചു വരാലോ...ആ ചെറുപ്പ കാലത്തിലേക്ക്..സൂപ്പര്‍ പോസ്റ്റ്...അഭിനന്ദനങ്ങള്‍

  ReplyDelete
 45. @ നൌഷു,
  വായനക്കും ഇഷ്ടായതിനും നന്ദി.
  @ കിങ്ങിണികുട്ടി
  ഇത് വഴി വന്നതിനും വായനക്കും ഇഷ്ടായതിനും നന്ദി .
  @ യൂസഫ്പ
  നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ എന്റെ ലോകം
  എങ്ങിനെ എഴുതിയാലും ഇതൊക്കെയേ വരൂ വിന്‍സെന്റ് ജീ. നന്ദി അറിയിക്കുന്നു നല്ല വാക്കുകള്‍ക്കു പ്രോത്സാഹനത്തിനു.
  @ ഹാഷിക്ക് ,
  ഞാന്‍ ആ കാര്യം മുമ്പേ ആലോചിക്കുന്നതാ ഹാഷിക്കെ. ഇട്ടെറിഞ്ഞ് നാട്ടില്‍ കൂടിയാലോ എന്ന് . ചുരുങ്ങിയ പക്ഷം ബ്ലോഗെഴുത്ത് എങ്കിലും നില്‍ക്കും :)
  @ ഷമീര്‍ തളിക്കുളം
  നാലുവരികളില്‍ ഷമീറും പറഞ്ഞു ആ ബാല്യത്തെ പറ്റി. ഈ ഓര്‍മ്മകളെ ഇഷ്ടായതിനു നന്ദിയും സന്തോഷവും അറിയ്ക്കുന്നു.
  @ ടോംസ് തട്ടകം
  ഈ ബാല്യ കാല ഓര്‍മ്മകളെ സ്വീകരിച്ചതിലും നല്ല വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു
  @ വീകെ
  നന്ദിയുണ്ട്. ഓര്‍മ്മകളുടെ വീണ്ടെടുപ്പിന് ഈ കുറിപ്പ് സഹായിച്ചു എങ്കില്‍ അത് സന്തോഷം തന്നെ. നന്ദി വായനക്ക് .
  @ മേയ് ഫ്ലവര്‍
  ആ ചോദ്യം ഇഷ്ടായി മേയ് ഫ്ലവര്‍. ഞാനും കുറെ ചോദിച്ചതാണ് എന്നോട് തന്നെ. ഉത്തരം ഇങ്ങിനെ പോസ്റ്റായി വരും. ഇഷ്ടായതില്‍ നന്ദി .

  ReplyDelete
 46. എന്റെ ഗ്രാമത്തിന്റെ പേരു തന്നെ “പുത്തൂപ്പാടം”എന്നാണ്.അതിനാൽ ചെറുവാടിയുടെ എല്ലാ വിവരണവും എനിക്കും ഇണങ്ങും. ഇഷ്ടപ്പെട്ടു.

  താൻകളുടെ ഒരു വായനക്കാരിയായ എന്റെ ഭാര്യ താൻകൾ പുളിയച്ചാർ ഇപ്പോഴും തിന്നുന്നത് വായീച്ചു കുറേ ചിരിച്ചു. അവളും തിന്നാറുണ്ടത്രെ...!

  ReplyDelete
 47. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ദൂരെ എവിടെ നിന്നോ ഒരു നാട്ടിപ്പാട്ട് കേള്‍ക്കും പോലെ....നന്നായി......സസ്നേഹം

  ReplyDelete
 48. ആ പഴയ ചെറുവാടി മനസ്സില്‍ വന്നു .......
  ... കാള പൂട്ടും പന്ത് കളിയുമുള്ള നമ്മുടെ ആ പഴയ ചെറുവാടി ...............

  ReplyDelete
 49. വയല്‍ വരമ്പിലെ മറ്റൊരു മനം ഉണ്ട് മണ്ണിന്റെ മനം ...വെള്ളത്തില്‍ നിന്നും ചളി എടുത്തു വരമ്പിലേക്ക് ഇട്ടു വരമ്പിനെ നന്നാക്കുംപോള്‍ ആ പച്ചയായ മണ്ണിന്റെ മനം ഹ ഹ അത് ആസ്വടിക്കേണ്ടത് തന്നെ...ചെരുവാടീ നന്നായി ഈ ഓര്‍മപ്പെടുത്തല്‍ ..വയലില്‍ കണ്ണ് പൂട്ടാന്‍ ഉണ്ടാകുമ്പോള്‍ അവിടെ പോയി പണിക്കാരുടെ കൂടെ നിക്കുകയും മുട്ടറ്റം ചളിയില്‍ നിന്ന് കൊഞ്ചിനെ പിടിക്കുകയും ഒക്കെ ചെയ്തിരുന്ന ആ ബാല്യം അത് ഒര്മിപ്പിച്ഛതിന്നു നന്ദി...

  ReplyDelete
 50. @ തെച്ചിക്കോടന്‍
  നാടിനെയും ബാല്യതെയും കുറിച്ചുള്ള ഓര്‍മ്മകളല്ലേ നമ്മ്ടുയൊക്കെ ഊര്‍ജ്ജം. വായനക്കും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു.
  @ അക്ബര്‍ വാഴക്കാട്
  തീര്‍ച്ചയായും ഈ വാക്കുകള്‍ നല്‍കുന്ന സന്തോഷവും പ്രോത്സാഹനവും ചെറുതല്ല. ബാല്യത്തിന്റെ ഓര്‍മ്മകളിലേക്ക് നിങ്ങളെ തൊട്ടു വിളിക്കാന്‍ ഈ ചെറിയ എഴുത്ത് സഹായിച്ചു എന്നറിയുന്നത് സന്തോഷം നല്‍കുന്നു. നന്ദി . ഒത്തിരി ഒത്തിരി .
  @ ജയരാജ്. എം
  വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു.
  @ സലീല്‍
  അതെയതെ . ഇപ്പോഴും ഉണ്ട്. നേരില്‍ കാണുമ്പോള്‍ പറയാം ബാക്കി. :)
  @ കാര്‍ന്നോര്‍
  ഗ്രാമത്തിന്റെ നൈര്‍മല്യം ഇപ്പോള്‍ എഴുത്തിലെ കാണൂ എന്നായിട്ടുണ്ട്. എല്ലാം മാറിയില്ലേ. വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു
  @ അജിത്‌
  പറ്റിപ്പോയതാട്ടോ അജിത്തേട്ടാ. ഇനി എല്ലാരേം കേള്‍ക്കെ വിളിച്ചു കൊളമാക്കല്ലേ. :) നന്ദി.
  @ പുഷ്പംഗാട് കേച്ചേരി
  വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു.
  @ ഷുക്കൂര്‍
  അതെ ഷുക്കൂര്‍. എത്രയെത്ര ഓര്‍മ്മകളാണ് ഇനിയും ആ കാലത്തെ കുറിച്ചുള്ളത്. മധുരമുള്ള ഓര്‍മ്മകള്‍. വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു.
  @ മുകില്‍ ,
  സന്ദര്‍ശനത്തിനും വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു.
  @ മുരളീ മുകുന്ദന്‍ ബിലാത്തി പട്ടണം
  നന്ദിയുണ്ട് ട്ടോ . എന്നും നല്‍കുന്ന പ്രോത്സാഹനത്തിനു. വായനക്ക്. അഭിപ്രായങ്ങള്‍ക്ക്. സന്തോഷം അറിയിക്കുന്നു.

  ReplyDelete
 51. @ റാംജി പട്ടേപ്പാടം
  കുറച്ച് വരികളിലൂടെ നിങ്ങളും പങ്കുവെച്ചു കുറെ മധുരമുള്ള ഓര്‍മ്മകള്‍. പാടത്തെ ചുറ്റിപ്പറ്റി തന്നെ ഏതാ കഥകള്‍ പറയാം അല്ലെ..? ഒത്തിരി നന്ദിയുണ്ട്. വായനക്കും അഭിപ്രായത്തിനും .
  @ ശ്രീനാഥന്‍
  നന്ദിയും സന്തോഷവും അറിയിക്കട്ടെ. പഴയ ഗ്രാമവും അതിന്റെ ചുറ്റുവട്ടവും നമുക്ക് നഷ്ടായിരിക്കുന്നു എന്നത് ശരിയാണ്. പിന്നെ ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ. നന്ദി.
  @ ലിപി രഞ്ജു
  ഈ ഓര്‍മ്മകളെ ഇഷ്ടായതിനു, സന്തോഷവം പ്രോത്സാഹനവുമായ അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
  @ ജെഫു ജൈലാഫ്
  സന്ദര്‍ശനത്തിനും വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷവും നന്ദിയും അറിയിക്കുന്നു.
  @ ധന ലക്ഷ്മി
  പങ്കു വെച്ച എ ഓര്‍മ്മയും രസകരമായി. സന്ദര്‍ശനത്തിനും വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷവും നന്ദിയും അറിയിക്കുന്നു.
  @ സൊണറ്റ്
  നാട്ടിലേക്ക് കുട്ടിയും പറിച്ച് പോകാന്‍ ആര്ക്ക തോന്നാത്തെ. പറ്റണില്ല പക്ഷെ. വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷവും നന്ദിയും അറിയിക്കുന്നു.
  @ മൊട്ട മനോജ്‌
  ഓര്‍മ്മകളെ ഇഷ്ടപ്പെട്ടതിന് നന്ദി ട്ടോ. ചിത്രങ്ങള്‍ എന്റേതല്ല. വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും സന്തോഷവും നന്ദിയും അറിയിക്കുന്നു
  @ പള്ളിക്കരയില്‍
  ഈ അഭിപ്രായം സന്തോഷത്തോടെയും ഇഷ്ടത്തോടെയും സ്വീകരിച്ചിരിക്കുന്നു. നല്ല വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
  @ ശ്രീ
  വളരെ സന്തോഷം തോന്നുന്നു ശ്രീ. വായനക്കും നല്ല വാക്കുകള്‍ക്കു. ഓര്‍മ്മകളെ ഇഷ്ടായതിനു. നന്ദിയും സന്തോഷവും അറിയിക്കുന്നു. ഹൃദയപൂര്‍വ്വം.
  @ നികു കേച്ചേരി .
  എവിടെയും പോവേണ്ട. ഒന്നും കാണേണ്ട. എന്നാലും ഇവിടെ വന്നു വായിച്ചല്ലോ. നന്ദി സന്തോഷം :)

  ReplyDelete
 52. ചെറുവാടി..തിരക്ക് പിടിച്ച് അവസനിപ്പിക്കണ്ടായിരുന്നു....
  വിളഞ്ഞു നില്‍കുന്ന പാടവരമ്പിലൂടെയുള്ള ഓട്ടതിനുള്ളില്‍ മനം കവരുന്ന ചക്കി പൂവിന്‍റെ ഗന്ധത്തിന്സമൃതിയുടെയും സന്തോഷത്തിന്റെയും നിറങ്ങളായിരുന്നു...പക്ഷെ എന്‍റെ ഓട്ടത്തെ നിയന്ത്രിക്കാന്‍ ഇടയ്ക്കിടെ
  വയല്ച്ചുള്ളികളും ഉണ്ടായിരുന്നു..രണ്ടും നഷ്ടപെട്ടിരികുന്നു നമുകിന്ന്.........
  പോസ്റ്റ്‌ നന്നായിരിക്കുന്നു ....അഭിനന്ദനങള്‍.... നന്ദി, ബാല്യത്തെ ഓര്‍മിപ്പിച്ചതിന്.

  ReplyDelete
 53. ഇപ്പോള്‍ weekendല്‍ മാത്രമെ പോസ്റ്റുകള്‍ നോക്കാനാവുന്നുള്ളൂ. അത് കൊണ്ട് വൈകുന്നു.

  വീണ്ടും കൊണ്ടുപോയീ ചെരുവാടീ ആ തീരത്തേക്ക്. എത്ര പോയി വന്നാലും പിന്നെയും തിരിച്ചു പോവാന്‍ മനം കൊതിക്കുന്ന ആ പാടവരമ്പുകളിലേക്ക്. ആ കാലത്തെ അനുഭവേദ്യമാക്കുന്ന ഗ്രാമ്യശുദ്ധമായ വാക്കുകളിലൂടെ ഒരു കുളിര്‍ത്തെന്നാല്‍ ഏറ്റപോലെ വായിച്ചു. നാട്ടില്‍ പോയി നിന്നാലും ആ നഷ്ടങ്ങള്‍ ഇനി നികത്തപ്പെടും എന്ന് തോനുന്നില്ല. കാലത്തിന്റെ അനന്ത പ്രയാണങ്ങളില്‍ പക്ഷെ ഓര്‍മ്മകള്‍ക്ക് മരണമില്ല.

  ReplyDelete
 54. അറ്റംകലായികള്‍ തോറും തേവി പിടിച്ച മീനുകള്‍...
  12 ഫീറ്റ് ഡിഷ്‌ ആന്റിന പോലുള്ള കുടകള്‍ ചൂടി അല്ല കമഴ്ത്തിയതിന്റെ ചോട്ടിലെ ചെറുമികള്‍..
  നേരം വൈകിയ (വിശപ്പിന്റെ) പൂട്ടുകാരന്‍ നാഗന്റെ പാട്ട്.
  ര്‍ ....ര്‍ര്‍.... ര്‍ ആറ്റെ എന്നാട്ടി പാടത്ത്‌ കൂടിയപ്പോ നിന്നു പോയ സ്കൂളിലെ പോക്ക്...
  പഴയ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അക്കാലത്തെ മണം എന്റെ മൂക്കില്‍!
  ഇതാ ഈ പോസ്റ്റിലും അതിന്റെ ചെറുതായ ഒരു മണം!!

  ReplyDelete
 55. എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്‍ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ്‌ ഒരു ദിവസം കളിക്കുക..........super ..

  ReplyDelete
 56. മധുരിക്കുന്ന ഓര്‍മ്മകള്‍ അല്ലെ. നല്ല പോസ്റ്റ്

  ReplyDelete
 57. @ റിയാസ് മിഴിനീര്‍
  കൊയ്തുപാട്ടിന്റെ ഈരടികളില്‍ നീ നല്‍കിയ ഈ അഭിപ്രായം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു സുഹൃത്തേ.
  @ വര്‍ഷിണി
  ഓര്‍മ്മകളുടെ വിളവെടുപ്പ് തന്നെ വര്‍ഷിണി. അതല്ലേ പ്രവാസത്തിന്റെ ഒരു രസം. നന്ദി ട്ടോ വായനക്കും അഭിപ്രായത്തിനും.
  @ മുസ്തഫ പുളിക്കല്‍
  എലന്തക്ക എന്നു അതിന്റെ പേരെന്ന് തണല്‍ പറഞ്ഞപ്പോഴാ അറിഞ്ഞത്. ഇങ്ങോട്ട് വിടേണ്ട. നാട്ടീന്നു കഴിക്കാം. നന്ദി . വരവിനും വായനക്കും.
  @ ഐക്കരപടിയന്‍
  നിങ്ങളെ നാട് എനിക്കും നന്നായി അറിയാം സലിം ഭായ്. പുളിയച്ചാര്‍ കഴിക്കാത്ത ആരാ ഉള്ളത്. നന്ദി ട്ടോ . നല്ല വാക്കുകള്‍ക്കു.
  @ ഒരു യാത്രികന്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്ക്. സന്ദര്‍ശനത്തിനു. നല്ല വാക്കുകള്‍ക്കു. ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
  @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
  കാളപൂട്ടും പന്തുകളിയും ഉള്ള ചെരുവാടിയെ അടുത്തറിയാം ല്ലേ. സന്തോഷം. നന്ദി. വായനക്ക്. സന്ദര്‍ശനത്തിനു. നല്ല വാക്കുകള്‍ക്കു
  @ ആചാര്യന്‍
  ഒത്തിരി നന്ദിയുണ്ട്. വായനയോടൊപ്പം ആചാര്യന്റെ ഓര്‍മ്മയും പങ്കുവെച്ചതിന്. വായനക്ക്. ഇഷ്ടായതിനു. സന്തോഷം.
  @ മഹേഷ്‌.
  ആദ്യമായി ഇവിട വന്നതി നന്ദി അറിയിക്കുന്നു. പിന്നെ വായനക്ക് , ചെറിയ വാക്കുകളിലൂടെ നല്ല കുറെ ഓര്‍മ്മകളും പങ്കുവെച്ചതിന്. സന്തോഷം അറിയിക്കുന്നു.
  @ സലാം
  ഒരു പോസ്റ്റ്‌ ഇഷ്ടായി എന്നറിയുന്നതിലും വല്യ സന്തോഷം ഇല്ല. ഒരുപാട് നന്ദിയുണ്ട് ഈ നല്ല വാക്കുകള്‍ക്കു. പ്രോത്സാഹനത്തിനു. തുടര്‍ന്നും പ്രതീക്ഷിക്കുന്നു .ഒരിക്കല്‍ കൂടി നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ ഓ എ ബി
  നിറഞ്ഞ സന്തോഷം തോന്നുന്നു താങ്കളുടെ അഭിപ്രായം വായിച്ചപ്പോള്‍. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. സന്തോഷവും.
  @ എഴുത്തുകാരി/typist
  നന്ദി. വായനക്ക്. സന്ദര്‍ശനത്തിനു. നല്ല വാക്കുകള്‍ക്കു
  @ ഫൈസല്‍ ബാബു.
  പുതിയ ബ്ലോഗ്ഗര്‍ക്കും നന്ദി. . വായനക്ക്. സന്ദര്‍ശനത്തിനു. നല്ല വാക്കുകള്‍ക്കു. ഇനിയും ഈ വഴി വരുമല്ലോ.
  @ ഫെനില്‍
  നന്ദി. വായനക്ക്. സന്ദര്‍ശനത്തിനു. നല്ല വാക്കുകള്‍ക്കു

  ReplyDelete
 58. എല്ലാവര്ക്കും ഓര്‍ക്കാന്‍ ഒരുപാടുണ്ട് അല്ലെ :)

  ReplyDelete
 59. വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ....

  ചെറുവാടിയുടെ എഴുത്തിൽ തെളിയാറുള്ള കാൽപ്പനിഭംഗി നിറഞ്ഞ ഗൃഹാതുരത്വം ഇവിടെ നന്നായി പ്രതിഫലിക്കുന്നു...

  ഈ നല്ല രചന ഞാൻ കണ്ടിരുന്നില്ല.ഇപ്പോഴാണ് വായിക്കാനായത്....

  ReplyDelete
 60. ഞാനും ഇപ്പോഴാണ്‌ വായിച്ചത്.
  ഞങളുടെ മലയോരത്ത്, കപ്പയും, ഇഞ്ചിയും, അടക്കയുമൊക്കെയായിരുന്നു താരങ്ങള്‍. ഇഞ്ചി ചിരണ്ടും, അടക്ക പൊളിക്കലും ഒക്കെ ഓര്‍മയില്‍ മിന്നി മറഞ്ഞു. അതൊക്കെ ഒരഘോഷമായിരുന്നു, മലയോരത്തിന്റെ ആഘോഷം.

  ReplyDelete
 61. ആമ്യെ...പീടികേല്‍ പോയി വാ എന്നാ ഉമ്മാടെ വിളികേള്‍ക്കുമ്പോള്‍ ഞാനും എന്റെ സുഹൃത്തുക്കള്‍ ആയ നാല് വാനരപ്പടകളും കൂടി രാമേട്ടന്റെ പീടികയിലേക്ക് ...സാധനങ്ങള്‍ എടുക്കാന്‍ ആളു അകത്തു കയറുമ്പോള്‍ പുറത്തു നിരത്തി വെച്ചിരിക്കുന്ന നെല്ലിക്ക ..മാങ്ങാ ..ഇടിക്കിഴങ്ങു എന്നിവയില്‍ ഏതേലും അടിച്ചുമാറ്റി വഴിനീളെ നടന്നു തിന്നു രസിച്ചൊരു ബാല്യം.ആമ്പലുകള്‍ കൊണ്ട് മാല കോര്തുകെട്ടി പരസ്പരം കല്യാണം കഴിച്ചു അച്ചനുമംമയുമായി കളിച്ചു ഞാവല്‍ പഴങ്ങളും കണ്ണിമാങ്ങകളും മതിയാവോളം തിന്നു രാത്രിയാകുംപോള്‍ വിഷമത്തോടെ വീട്ടിലേക്കു പുലരി വേഗം വന്നതെണെ എന്ന പ്രാര്‍ത്ഥനയോടെ പോകുന്ന എന്റെ നഷ്ട ബാല്യം .ഓര്‍മ്മകള്കെന്തു സുഗന്ധം .മനോഹരമായ കുറിപ്പ് ചെറുവാടി .ഇഷ്ടമായി പതിവ് പോലെ .

  ReplyDelete
 62. എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്. ആ ഓര്‍മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.


  ഓർമ്മകൾക്കെന്തു സുഗന്ധം ? മൻസൂറിക്കാ, ആ നാട്ടുമാങ്ങാ പറിച്ച് ഉപ്പ് കൂട്ടി നടന്നിരുന്നതും,കുളത്തിൽ നിന്ന് പരലും മൊയ്യും കോട്ടിയും മീൻ പിടിച്ച് ആർമ്മാദിച്ച് നടന്നിരുന്ന കാലം മനസ്സിലേക്കോടിയെത്തുന്നു. ആശംസകൾ.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....