
മകരമഞ്ഞിന്റെ അരിച്ചിറങ്ങുന്ന തണുപ്പും ജമന്തി പൂക്കളുടെ സുഗന്ധവുമുള്ള ഈ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത് ഞാനും നിലാവും മാത്രം . ടിപ്പു സുല്‍ത്താന്റെ കോട്ടകളെ തഴുകി വരുന്ന ചരിത്രത്തിന്റെ നറുമണമുള്ള ഇളംകാറ്റിനൊപ്പം ഈ നിലാവ് ഉറക്കം വാരാതിരിക്കുന്ന സ്കൂള്‍ കുട്ടിയായ എനിക്ക് കൂട്ടിരുന്നു.
എനിക്കെങ്ങിനെ ഉറക്കം വരും. ടിപ്പു സുല്‍ത്താന്റെ അശ്വമേധത്തിന്റെ കഥകളുറങ്ങുന്ന ഈ ശ്രീരംഗ പട്ടണത്തിന്റെ മണ്ണില്‍, കാല ത്ത് നടന്ന് കണ്ട ചരിത്രത്തിന്റെ തിരുശേഷിപ്പുകളുടെ ഓര്‍മ്മകള്‍ അയവിറക്കി ഒരുതരം ഉന്മാദാവസ്ഥയില് ആണല്ലോ ഞാന്‍ . യശോധന്യമായ ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ ലയിച്ച് ഈ ഡോര്‍മെറ്ററിയുടെ പുറത്ത് ഞാനിരുന്നു.
ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ്റ് ഒരുക്കിയതാണ് ഞങ്ങള്‍ക്കീ താമസം. ഒറ്റക്കിരുന്ന് മടുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. അടുത്ത് തന്നെയുള്ളത് സ്കൂളിനോട് ചേര്‍ന്ന ക്രിസ്ത്യന്‍ ദേവാലയമാണ്. പള്ളിക്ക് മുകളിലെ ക്രിസ്തു ദേവന്റെ രൂപം എന്നെ നോക്കി ചിരിക്കുന്നു. ചെറിയൊരു നിയോണ്‍ ബള്‍ബിന്റെ പ്രകാശം മാത്രമേയുള്ളൂഅവിടെ . ഉറങ്ങി കിടക്കുന്ന പൂക്കളും ഉണര്‍ന്നിരിക്കുന്ന ക്രിസ്തുവും,പിന്നെ ഞാനും . നിഗൂഡമായ ഒരു സൌന്ദര്യം തോന്നി ഈ രാത്രിക്ക്. ദേഷ്യത്തോടും അത്ഭുതത്തോടും കൂടി ടീച്ചര്‍ വന്ന് എന്നെ കൊണ്ടുപോകുന്നത് വരെ ഞാനറിയാതെ അവിടെ നിന്നുപ്പോയി.
എനിക്കെന്തോ ഒരു പ്രത്യേകത ആ അന്തരീക്ഷത്തോട് തോന്നിയിരുന്നു. കാലത്ത് ഉണര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും അവിടെത്തി. രാത്രി ഉറങ്ങി കിടന്നിരുന്ന പൂക്കളെല്ലാം ഉണര്‍ന്ന് , മഞ്ഞില്‍ കുളിച്ചു സുന്ദരികളായി ഇരിക്കുന്നു. സൂര്യകാന്തി പൂക്കള്‍ക്കാണ് കൂടുതല്‍ ശോഭ. തലയെടുപ്പോടെ അവ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ഒരു ജമന്തി പൂവിനെ തലോടി നിന്ന എന്റെ കവിളില്‍ മൃദുലമായ ഒരു സ്പര്‍ശം. ഹൃദ്യമായ പുഞ്ചിരിയുമായി ഒരു വൈദികന് നില്ക്കുന്നു. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് പേരും നാടും മാത്രം പറയാനും ബാക്കി ചിരിക്കാനുമേ എനിക്ക് പറ്റിയുള്ളൂ. സ്നേഹത്തോടെ നെറുകയില്‍ തലോടി ആ പുരോഹിതന് നടന്ന് നീങ്ങി.
ഞാന്‍ ആദ്യം അറിയുന്ന ഒരു ക്രിസ്ത്യന്‍ ദേവാലയം ഇതാണ്. അതുകൊണ്ട് തന്നെ ഇന്നും ചര്‍ച്ച് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ ഓര്‍മ്മകളില്‍ ആദ്യം തെളിയുന്നത് ഇതാണ്. കൂടെ പൂമണമുള്ള ആ രാത്രിയും, പുഞ്ചിരിക്കുന്ന ക്രിസ്തുദേവനും.

എരിയുന്ന ചന്ദനത്തിരികളുടെ സുഗന്ധമുള്ള മറ്റൊരു മൈസൂര്‍ രാത്രി. ചാമുണ്ഡി ക്ഷേത്രത്തിന്റെ മുന്നിലാണ് ഞാനിപ്പോള്‍. ഭക്തിയെക്കാളേറെ സന്ദര്‍ശകരാണ് ഇവിടെ . ഒരു ക്ഷേത്രത്തിന്റെ പ്രൌഡി ഉണ്ടെങ്കിലും ഒരു ആത്മീയ തലം ഇവിടെ അനുഭവപ്പെട്ടില്ല എന്ന് പറയുന്നത് എന്റെ വിവരക്കേടായി വായനക്കാര്‍ ക്ഷമിക്കുക. പക്ഷെ ഒരു പോസ്റ്റ് കാര്‍ഡിലൂടെ എനിക്ക് ഇഷ്ടംതോന്നിയ നന്ദിയുടെ രൂപവും , മനോഹരമായ ഈ ക്ഷേത്രവും എന്റെ വര്‍ണ്ണ കാഴ്ചകളില്‍ നിറഞ്ഞു നില്ക്കുന്നു.
എം . എസ് . സുബ്ബലക്ഷ്മിയുടെ കീര്‍ത്തനങ്ങള്‍ എവിടെന്നോക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നു. കലിഗോദന ഹള്ളി എന്ന കര്‍ണ്ണാടക ഗ്രാമത്തിലൂടെ നടക്കുകയാണ് ഞങ്ങളിപ്പോള്‍. പട്ടണത്തിന്റെ പൊങ്ങച്ചമില്ല. സൂര്യകാന്തി പാടങ്ങള്‍ തഴുകി വരുന്ന കാറ്റും കൊണ്ട് ഈ ഗ്രാമങ്ങളുടെ മനസ്സറിഞ്ഞാണ് ഞങ്ങള്‍ നടക്കുന്നത്. ഇവിടെയും കാണുന്നത് ഭക്തിയുടെ മറ്റൊരു ഭാവം തന്നെ. ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവിത ചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്. മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.
പക്ഷെ തികച്ചും വിത്യസ്തമായ അന്തരീക്ഷമാണ് മധുര മീനാക്ഷി ക്ഷേത്രത്തില്‍ എത്തുമ്പോള്‍. നല്ല ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷം. ഭക്തരും തീര്‍ത്ഥാടകരും ഒരുക്കുന്ന ഒരു ആത്മ്മീയ ചൈതന്യം. ക്ഷേത്രത്തിന്റെ മനോഹരമായ കൊത്തുപണികള്‍ അത്ഭുതത്തോടെ നോക്കി ഞാനൊരു ഓരത്ത് മാറി നിന്നു. വര്‍ഷങ്ങളുടെ പഴക്കവും ഹിന്ദു വിശ്വാസങ്ങളുടെ പൂര്‍ണതയുമായി നില്ക്കുന്ന ഈ ക്ഷേത്രവും നല്ലൊരു അനുഭവമായിരുന്നു.

വിശാലമായ മരുഭൂമികള്‍. അതും കഴിഞ്ഞു വരുന്ന വലിയ പര്‍വതങ്ങള്‍ . ഞാന്‍ വീണ്ടുമൊരു യാത്രയിലാണ്. മധുര മീനാക്ഷി ക്ഷേത്രത്തിലും ഗംഗാ തീരങ്ങളിലും അലയുമ്പോള്‍ സങ്കടത്തോടെ കിനാവ് കണ്ട മക്ക എന്ന പുണ്യ ഭൂമി തേടിയുള്ള യാത്ര. ഒരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം തേടി ഈ പൊള്ളുന്ന മരുഭൂമിയിലൂടെ യുള്ള യാത്രക്ക് പക്ഷെ കുളിരാണ് ഉള്ളത്. മനസ്സിനും ശരീരത്തിനും.
ഇതിഹാസം പിറന്ന മണ്ണിലൂടെയുള്ള യാത്ര. കാത്തിരുന്നു കാത്തിരുന്നു കണ്മുന്നില് തെളിയുന്ന ഹറമിന്റെ മിനാരങ്ങള്‍. എന്റെ കണ്ണുനീര് തുള്ളികള്‍ ചൂടുള്ള മണ്ണിനെ തൊട്ടു എന്നുറപ്പ്.
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്കിയ നാഥാ നിനക്ക് സര്‍വ്വ സ്തുതിയും..........
പിന്നെ പരിശുദ്ധ "കഅബ "എന്ന വികാരം മുമ്പില്‍. കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത് ...?അറിയില്ല. ഇറ്റു വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍? കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും?
പ്രാവചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ മക്ക പുണ്യഭൂമിയില്‍ അനുഭവിച്ചറിയുന്ന ആത്മീയ ചൈതന്യം വരികളാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുന്നു.

ഇനി യാത്ര മദീനയിലേക്ക് . മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത് ഉഹദ് മലയോരത്ത്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്റെ പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.
റസൂല്‍ ഉറങ്ങുന്ന മദീന പള്ളിയിലാണ് ഞാനിപ്പോള്‍. ഭക്തിയുടെ ഒരു തളം മാറ്റി വെച്ചാല്‍ യാത്രകളില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുന്നത് മദീനയെ ആണ്. സമാധാനത്തിന്റെ മണ്ണാണിത്. ഇവിടത്തെ കാറ്റുകള്‍ കഥ പറയും നമ്മളോട്. കുറെ വെള്ളരി പ്രാവുകള്‍ ഉണ്ടിവിടെ. സമാധാനത്തിന്റെ ചിഹ്നം വെള്ളരി പ്രാവുകള്‍ ആയത് മറ്റൊരു കാരണം കൊണ്ടായിരിക്കില്ല. എന്തൊരു ഭംഗിയാണെന്നോ ഇവിടത്തെ രാവുകള്‍ക്ക് .
നക്ഷത്രങ്ങള്‍ നമ്മോട് സംസാരിക്കുന്നതായി തോന്നും. മിനാരങ്ങളെ തഴുകിവരുന്ന കാറ്റുകള്‍ നമ്മെ താലോലിക്കും , ആശ്വസിപ്പികും .
നബി തിരുമേനിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥകള്‍.
ഈ മണ്ണിലിരുന്നു ഞാന്‍ കേട്ടത് ആ കഥകളാണ് . ഞാനെന്റെ മനസ്സിനെ അവിടെ നിര്‍ത്തിയിട്ടാണ് തിരിച്ചു പോന്നത്. ആ മനസ്സ് കാതങ്ങള്‍ക്കപ്പുറം നിന്ന് എന്നോട് മന്ത്രിക്കുന്നത്. അത് ഞാനിവിടെ കുറിച്ചിടുന്നു.
*
പ്രിയപ്പെട്ടവരേ.
ഇതൊരു യാത്ര കുറിപ്പല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്കൂള്‍ വിനോദയാത്രയില്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തീര്‍ത്ഥാടനം വരെയുള്ള ഓര്‍മ്മകളില്‍ മനസ്സില്‍ കയറിക്കൂടിയ സ്ഥലങ്ങള്‍. ആ ഓര്‍മ്മകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. അതൊന്ന് പകര്‍ത്തി എന്ന് മാത്രം. ക്രിസ്ത്യന്‍ , ഹിന്ദു ദേവാലയങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ പരിമിതമാണ്. എന്റെ അറിവിന്റെ അപ്പുറത്തേക്ക് കയറേണ്ട എന്ന് കരുതി മനപൂര്‍വ്വം കുറച്ചത്. സഹോദരങ്ങള്‍ ക്ഷമിക്കുമല്ലോ. സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ. മത സൌഹാര്ദ ബൂലോകത്തിന് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്.
ആദ്യത്തെ ചര്‍ച്ചിന്റെ ഫോട്ടോ ഈ കുറിപ്പിലുള്ള ചര്‍ച്ച് അല്ല.