Saturday, May 28, 2011

ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....മകരമഞ്ഞിന്‍റെ അരിച്ചിറങ്ങുന്ന തണുപ്പും ജമന്തി പൂക്കളുടെ സുഗന്ധവുമുള്ള ഈ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത്‌ ഞാനും നിലാവും മാത്രം . ടിപ്പു സുല്‍ത്താന്‍റെ കോട്ടകളെ തഴുകി വരുന്ന ചരിത്രത്തിന്‍റെ നറുമണമുള്ള ഇളംകാറ്റിനൊപ്പം ഈ നിലാവ് ഉറക്കം വാരാതിരിക്കുന്ന സ്കൂള്‍ കുട്ടിയായ എനിക്ക് കൂട്ടിരുന്നു.
എനിക്കെങ്ങിനെ ഉറക്കം വരും. ടിപ്പു സുല്‍ത്താന്‍റെ അശ്വമേധത്തിന്‍റെ കഥകളുറങ്ങുന്ന ഈ ശ്രീരംഗ പട്ടണത്തിന്റെ മണ്ണില്‍, കാല ത്ത് നടന്ന് കണ്ട ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളുടെ ഓര്‍മ്മകള്‍ അയവിറക്കി ഒരുതരം ഉന്മാദാവസ്ഥയില്‍ ആണല്ലോ ഞാന്‍ . യശോധന്യമായ ചരിത്രത്തിന്‍റെ ഓര്‍മ്മകളില്‍ ലയിച്ച് ഈ ഡോര്‍മെറ്ററിയുടെ പുറത്ത് ഞാനിരുന്നു.
ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ്റ് ഒരുക്കിയതാണ്‌ ഞങ്ങള്‍ക്കീ താമസം. ഒറ്റക്കിരുന്ന് മടുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. അടുത്ത് തന്നെയുള്ളത് സ്കൂളിനോട് ചേര്‍ന്ന ക്രിസ്ത്യന്‍ ദേവാലയമാണ്. പള്ളിക്ക് മുകളിലെ ക്രിസ്തു ദേവന്‍റെ രൂപം എന്നെ നോക്കി ചിരിക്കുന്നു. ചെറിയൊരു നിയോണ്‍ ബള്‍ബിന്‍റെ പ്രകാശം മാത്രമേയുള്ളൂഅവിടെ . ഉറങ്ങി കിടക്കുന്ന പൂക്കളും ഉണര്‍ന്നിരിക്കുന്ന ക്രിസ്തുവും,പിന്നെ ഞാനും . നിഗൂഡമായ ഒരു സൌന്ദര്യം തോന്നി ഈ രാത്രിക്ക്. ദേഷ്യത്തോടും അത്ഭുതത്തോടും കൂടി ടീച്ചര്‍ വന്ന് എന്നെ കൊണ്ടുപോകുന്നത് വരെ ഞാനറിയാതെ അവിടെ നിന്നുപ്പോയി.

എനിക്കെന്തോ ഒരു പ്രത്യേകത ആ അന്തരീക്ഷത്തോട് തോന്നിയിരുന്നു. കാലത്ത് ഉണര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും അവിടെത്തി. രാത്രി ഉറങ്ങി കിടന്നിരുന്ന പൂക്കളെല്ലാം ഉണര്‍ന്ന് , മഞ്ഞില്‍ കുളിച്ചു സുന്ദരികളായി ഇരിക്കുന്നു. സൂര്യകാന്തി പൂക്കള്‍ക്കാണ് കൂടുതല്‍ ശോഭ. തലയെടുപ്പോടെ അവ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ഒരു ജമന്തി പൂവിനെ തലോടി നിന്ന എന്‍റെ കവിളില്‍ മൃദുലമായ ഒരു സ്പര്‍ശം. ഹൃദ്യമായ പുഞ്ചിരിയുമായി ഒരു വൈദികന്‍ നില്‍ക്കുന്നു. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് പേരും നാടും മാത്രം പറയാനും ബാക്കി ചിരിക്കാനുമേ എനിക്ക് പറ്റിയുള്ളൂ. സ്നേഹത്തോടെ നെറുകയില്‍ തലോടി ആ പുരോഹിതന്‍ നടന്ന് നീങ്ങി.
ഞാന്‍ ആദ്യം അറിയുന്ന ഒരു ക്രിസ്ത്യന്‍ ദേവാലയം ഇതാണ്. അതുകൊണ്ട് തന്നെ ഇന്നും ചര്‍ച്ച് എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ ഓര്‍മ്മകളില്‍ ആദ്യം തെളിയുന്നത് ഇതാണ്. കൂടെ പൂമണമുള്ള ആ രാത്രിയും, പുഞ്ചിരിക്കുന്ന ക്രിസ്തുദേവനും.
എരിയുന്ന ചന്ദനത്തിരികളുടെ സുഗന്ധമുള്ള മറ്റൊരു മൈസൂര്‍ രാത്രി. ചാമുണ്ഡി ക്ഷേത്രത്തിന്‍റെ മുന്നിലാണ് ഞാനിപ്പോള്‍. ഭക്തിയെക്കാളേറെ സന്ദര്‍ശകരാണ്‌ ഇവിടെ . ഒരു ക്ഷേത്രത്തിന്‍റെ പ്രൌഡി ഉണ്ടെങ്കിലും ഒരു ആത്മീയ തലം ഇവിടെ അനുഭവപ്പെട്ടില്ല എന്ന് പറയുന്നത് എന്‍റെ വിവരക്കേടായി വായനക്കാര്‍ ക്ഷമിക്കുക. പക്ഷെ ഒരു പോസ്റ്റ്‌ കാര്‍ഡിലൂടെ എനിക്ക് ഇഷ്ടംതോന്നിയ നന്ദിയുടെ രൂപവും , മനോഹരമായ ഈ ക്ഷേത്രവും എന്‍റെ വര്‍ണ്ണ കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

എം . എസ് . സുബ്ബലക്ഷ്മിയുടെ കീര്‍ത്തനങ്ങള്‍ എവിടെന്നോക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നു. കലിഗോദന ഹള്ളി എന്ന കര്‍ണ്ണാടക ഗ്രാമത്തിലൂടെ നടക്കുകയാണ് ഞങ്ങളിപ്പോള്‍. പട്ടണത്തിന്‍റെ പൊങ്ങച്ചമില്ല. സൂര്യകാന്തി പാടങ്ങള്‍ തഴുകി വരുന്ന കാറ്റും കൊണ്ട് ഈ ഗ്രാമങ്ങളുടെ മനസ്സറിഞ്ഞാണ് ഞങ്ങള്‍ നടക്കുന്നത്. ഇവിടെയും കാണുന്നത് ഭക്തിയുടെ മറ്റൊരു ഭാവം തന്നെ. ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവിത ചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്. മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.

പക്ഷെ തികച്ചും വിത്യസ്തമായ അന്തരീക്ഷമാണ് മധുര മീനാക്ഷി ക്ഷേത്രത്തില്‍ എത്തുമ്പോള്‍. നല്ല ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷം. ഭക്തരും തീര്‍ത്ഥാടകരും ഒരുക്കുന്ന ഒരു ആത്മ്മീയ ചൈതന്യം. ക്ഷേത്രത്തിന്‍റെ മനോഹരമായ കൊത്തുപണികള്‍ അത്ഭുതത്തോടെ നോക്കി ഞാനൊരു ഓരത്ത് മാറി നിന്നു. വര്‍ഷങ്ങളുടെ പഴക്കവും ഹിന്ദു വിശ്വാസങ്ങളുടെ പൂര്‍ണതയുമായി നില്‍ക്കുന്ന ഈ ക്ഷേത്രവും നല്ലൊരു അനുഭവമായിരുന്നു.വിശാലമായ മരുഭൂമികള്‍. അതും കഴിഞ്ഞു വരുന്ന വലിയ പര്‍വതങ്ങള്‍ . ഞാന്‍ വീണ്ടുമൊരു യാത്രയിലാണ്. മധുര മീനാക്ഷി ക്ഷേത്രത്തിലും ഗംഗാ തീരങ്ങളിലും അലയുമ്പോള്‍ സങ്കടത്തോടെ കിനാവ്‌ കണ്ട മക്ക എന്ന പുണ്യ ഭൂമി തേടിയുള്ള യാത്ര. ഒരു സ്വപ്നത്തിന്‍റെ സാക്ഷാത്‌ക്കാരം തേടി ഈ പൊള്ളുന്ന മരുഭൂമിയിലൂടെ യുള്ള യാത്രക്ക് പക്ഷെ കുളിരാണ് ഉള്ളത്. മനസ്സിനും ശരീരത്തിനും.
ഇതിഹാസം പിറന്ന മണ്ണിലൂടെയുള്ള യാത്ര. കാത്തിരുന്നു കാത്തിരുന്നു കണ്മുന്നില്‍ തെളിയുന്ന ഹറമിന്‍റെ മിനാരങ്ങള്‍. എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ ചൂടുള്ള മണ്ണിനെ തൊട്ടു എന്നുറപ്പ്.

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ നാഥാ നിനക്ക് സര്‍വ്വ സ്തുതിയും..........

പിന്നെ പരിശുദ്ധ "കഅബ "എന്ന വികാരം മുമ്പില്‍. കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത് ...?അറിയില്ല. ഇറ്റു വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍? കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും?
പ്രാവചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ മക്ക പുണ്യഭൂമിയില്‍ അനുഭവിച്ചറിയുന്ന ആത്മീയ ചൈതന്യം വരികളാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുന്നു.
ഇനി യാത്ര മദീനയിലേക്ക് . മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്‍റെ പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.
റസൂല്‍ ഉറങ്ങുന്ന മദീന പള്ളിയിലാണ് ഞാനിപ്പോള്‍. ഭക്തിയുടെ ഒരു തളം മാറ്റി വെച്ചാല്‍ യാത്രകളില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുന്നത് മദീനയെ ആണ്. സമാധാനത്തിന്റെ മണ്ണാണിത്. ഇവിടത്തെ കാറ്റുകള്‍ കഥ പറയും നമ്മളോട്. കുറെ വെള്ളരി പ്രാവുകള്‍ ഉണ്ടിവിടെ. സമാധാനത്തിന്റെ ചിഹ്നം വെള്ളരി പ്രാവുകള്‍ ആയത് മറ്റൊരു കാരണം കൊണ്ടായിരിക്കില്ല. എന്തൊരു ഭംഗിയാണെന്നോ ഇവിടത്തെ രാവുകള്‍ക്ക്‌ .
നക്ഷത്രങ്ങള്‍ നമ്മോട് സംസാരിക്കുന്നതായി തോന്നും. മിനാരങ്ങളെ തഴുകിവരുന്ന കാറ്റുകള്‍ നമ്മെ താലോലിക്കും , ആശ്വസിപ്പികും .
നബി തിരുമേനിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്‍റെയും കഥകള്‍.
ഈ മണ്ണിലിരുന്നു ഞാന്‍ കേട്ടത് ആ കഥകളാണ് . ഞാനെന്റെ മനസ്സിനെ അവിടെ നിര്‍ത്തിയിട്ടാണ് തിരിച്ചു പോന്നത്. ആ മനസ്സ് കാതങ്ങള്‍ക്കപ്പുറം നിന്ന് എന്നോട് മന്ത്രിക്കുന്നത്. അത് ഞാനിവിടെ കുറിച്ചിടുന്നു.
*

പ്രിയപ്പെട്ടവരേ.
ഇതൊരു യാത്ര കുറിപ്പല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്കൂള്‍ വിനോദയാത്രയില്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തീര്‍ത്ഥാടനം വരെയുള്ള ഓര്‍മ്മകളില്‍ മനസ്സില്‍ കയറിക്കൂടിയ സ്ഥലങ്ങള്‍. ആ ഓര്‍മ്മകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. അതൊന്ന് പകര്‍ത്തി എന്ന് മാത്രം. ക്രിസ്ത്യന്‍ , ഹിന്ദു ദേവാലയങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ പരിമിതമാണ്. എന്റെ അറിവിന്റെ അപ്പുറത്തേക്ക് കയറേണ്ട എന്ന് കരുതി മനപൂര്‍വ്വം കുറച്ചത്. സഹോദരങ്ങള്‍ ക്ഷമിക്കുമല്ലോ. സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ. മത സൌഹാര്‍ദ ബൂലോകത്തിന് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.

ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്.
ആദ്യത്തെ ചര്‍ച്ചിന്റെ ഫോട്ടോ ഈ കുറിപ്പിലുള്ള ചര്‍ച്ച്‌ അല്ല.

70 comments:

 1. മൈസൂരിലെ ചരിത്രമുറങ്ങുന്ന മണ്ണില്‍നിന്നും വീശി തുടങ്ങുന്ന ഈ കാറ്റ് വൃന്ദാവനം കടന്ന് ക്രിസ്ത്യന്‍ ദേവാലയം ചുറ്റി ചാമുണ്ടി കുന്നിനു മുകളിലൂടെ കര്‍ണ്ണാടക ഗ്രാമങ്ങളിലൂടെ മധുര മീനാക്ഷി ക്ഷേത്രം പിന്നിട്ടു അറബിക്കടല്‍ താണ്ടി പേര്‍ഷ്യന്‍ കടലും കടന്ന് മക്കയിലെ പുണ്ണ്യ ദേവാലയത്തില്‍ ചുറ്റി മരുഭൂമിയിലൂടെ മദീനയിലേക്ക് . അവിടത്തെ നിലാവിവില്‍ അത് സംഗീതമായി അലിഞ്ഞു ചേരുകയാണ്. ശാന്തിയുടെ സമാധാനത്തിന്റെ മാനവികതയുടെ സംഗീതം.

  ReplyDelete
 2. സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ........ വിവധ മതത്തില്‍പെട്ട ആളുകളുമായും ആചാരങ്ങളുമായും ഇടകലര്‍ന്ന് ജീവിക്കാന്‍ കഴിയുന്ന നമ്മള്‍ ഭാരതീയര്‍ ഭാഗ്യവാന്മാരും. പക്ഷെ, പലപ്പോഴും നമ്മള്‍ ആ സ്നേഹത്തില്‍ വിഷം കലര്‍ത്തുന്നു.

  ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ ചെറുവാടി ആ സ്നേഹം വായനക്കാരുമായി പങ്കുവെച്ചു.

  ReplyDelete
 3. പോസ്ടിന്നു ശേഷം ഇട്ട കമന്റ്‌ എഴുതിയപ്പോള്‍ ഉണ്ടായ ഒഴുക്ക് പോസ്റ്റില്‍ വന്നില്ല എന്ന് പറന്നാല്‍ അതികപ്രസഗ മാകുമോ എന്നറിയില്ല ...കുറച്ചൂടെ വിശാല മാക്കിയിരുന്നെങ്ല്‍ എന്ന് തോ ന്നി പോയി വായിച്ചപ്പോള്‍ ,ചിലപ്പോള്‍ നാന്‍ പ്രതീക്ഷിച്ച ഫീല്‍ കിട്ടാതെ വന്നപ്പോള്‍ തോന്നിയ നിരാശയില്‍ നിന്നാകാം നാന്‍ ഈ കമന്റ്‌ എഴുതുന്നത് .(അല്ലേലും ആരെയും ത്രിപ്തിപെടുത്തുക എന്നതല്ലല്ലോ എഴുതിന്റ്റെ ലക്‌ഷ്യം ).കൂടുതല്‍ മനോഹര മായിട്ടെഴുതാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ..പ്രാര്‍ത്ഥനയോടെ ...സോന്നെറ്റ്

  ReplyDelete
 4. ഇതുവരെയുള്ള യാത്രകളുടെ മൊത്തത്തിലുള്ളൊരു ചെറിയ വിവരണമാണല്ലെ.
  അതുകൊണ്ടാകും കൂടെ യാത്ര ചെയ്തൊരു സുഖം ശരിക്കങ്ങോട്ട് കിട്ടാത്തത് പോലെ.
  മക്കയില്‍ പോയി വന്ന പലരും പറഞ്ഞ് കേട്ടിട്ടുണ്ട് “ക‍അബ” ക്ക് മുന്നിലെത്തുമ്പോഴുള്ളൊരു വികാരം. അത് ഇവ്ടേയും കിട്ടി :)

  ആദ്യത്തെ ആ കമന്‍‍റ് അത് ചെറുതും ശ്രദ്ധിച്ചു. ;)
  ആശംസകള്‍ ചെറുവാടി.

  ReplyDelete
 5. ഏതോ സൂര്യകാന്തിപ്പൂവിനോടൊപ്പം ഉറങ്ങാത്ത ക്രിസ്തുദേവന്റെ മുന്നിൽ ഉരക്കമിളച്ചിരുന്ന പോലെ..
  സൂര്യകാന്തിപ്പാടങ്ങൾ താണ്ടി മധുര മീനാക്ഷിയെ തൊഴുത പോലെ...
  ഏതോ പ്രതിഷ്ഠയ്ക്ക് മുന്നിൽ തിരി കൊളുത്തിയ ജീവിതത്തിന്റെ പകുതിയിലേറെ താണ്ടിയ ഒരമ്മയെ കണ്ട പോലെ...അവരുടെ പ്രാർത്ഥനയുടെ ഹേതുവായി മുന്നിലൂടെ ആ പെൺകുട്ടിയും കടന്നു പോയി...പിന്നെയെപ്പോഴോ ഇവിടെ പ്രവാചകന്റെ നാട്ടിൽ പരിശുദ്ധ കഅബ യ്ക്ക് മുന്നിൽ നിന്ന പോലെ...വായനക്കാരെ കൂടെ കൂട്ടാൻ കഴിയുമെന്ന് തെളിയിച്ചു വീണ്ടും..ആശംസകൾ

  ReplyDelete
 6. ഒരു മതവും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.

  യാത്രകളും ചരിത്ര സ്ഥലങ്ങളും ദേവാലയങ്ങളുമെല്ലാം കാണാൻ ഇഷ്ടമാണ്.

  അംബേദ്കർ യു.സിറ്റിയിൽ പഠിക്കുന്ന കാലത്ത് അജന്തയിൽ പോയിട്ടുണ്ട്, യല്ലോറയിൽ പോയിട്ടുണ്ട്, കുറേ ക്ഷേത്രങ്ങളും മുഗളന്മാരുടെ കോട്ടകളും കണ്ടിട്ടുണ്ട്. എന്തിനേറെ, താജ് മഹലിനെ പോലുള്ള ബീബിക മഖ്‌ബറയും ഔറംഗസീബിന്റെ സ്മശാനവും കണ്ടിട്ടുണ്ട്. എന്നാൽ മഖ്‌ബറകളുടെ ആത്മീയതയും അവിടെയുള്ള ആചാരങ്ങളും മനസ്സിന് വെറുപ്പാണുണ്ടാക്കിയത്. അവ വൈകൃതങ്ങളായി തോന്നി.

  ReplyDelete
 7. സൂര്യകാന്തി പൂക്കളുടെ നാടായ മൈസൂരില്‍ നിന്നും തുടങ്ങി പരിശുദ്ധ കഅബ വരെയുള്ള ഓര്‍മ്മകളിലൂടെയുള്ള ഓട്ട പ്രദക്ഷിണം വളരെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു..കോയമ്പത്തൂര് പഠിച്ചിരുന്ന കാലത്ത് സുഹൃത്തുകളുടെ കൂടെ ബൈക്കില്‍ മൈസൂര്‍ യാത്ര ഞാനും നടത്തിയിരുന്നു....ഇത് വായിച്ചപ്പോള്‍ ആ കുളിരുള്ള ഓര്‍മ്മകള്‍ എപ്പോഴെക്കയോ ഒരു ഇളം കാറ്റായി എന്നെയും തഴുകിയിരുന്നു.. "ഭക്തിയെക്കാളേറെ സന്ദര്‍ശകരാണ്‌ ഇവിടെ . ഒരു ക്ഷേത്രത്തിന്‍റെ പ്രൌഡി ഉണ്ടെങ്കിലും ഒരു ആത്മീയ തലം ഇവിടെ അനുഭവപ്പെട്ടില്ല ". ഇതൊരു പരമാര്‍ത്ഥം ആണ്. പല തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോയപ്പോഴും ഇത് അനുഭവപ്പെട്ടിട്ടുണ്ട് ..ഇതിനൊരപവാദം തോന്നിയത് പോണ്ടിച്ചേരിയിലെ'Aurobindo Ashram'ആണ് ..അവിടെ എല്ലാരും നിശബ്ദമായി ഇരുന്നെ പറ്റുള്ളൂ ..പിന്നെ പരിശുദ്ധ "കഅബ " എന്നത് എല്ലാ മുസല്മാനെയും പോലെ എന്റെയും ഒരു സ്വപ്നമായി തുടരുന്നു.

  ഓര്‍മ്മക്കുറിപ്പുകള്‍‍ക്ക് നന്ദി ..ആശംസകളോടെ ..

  ReplyDelete
 8. ഓര്‍മ്മകളാണ് ചെറുവാടിയുടെ മേച്ചില്‍ പുറങ്ങള്‍..ഇന്നിലൂടെ ജീവിക്കുമ്പോഴും ഇന്നലെകളെ അവിസ്മരണീയം ആക്കുന്ന ഇത്തരം എഴുത്തുകള്‍ ആണ് ഈ എഴുത്തുകാരനെ വിത്യസ്തനാക്കുന്നത്. ഇനി മുതല്‍ ഇത്തരം എഴുത്തുകളെ ''ചെറുവാടി ശൈലി '' എന്ന പേരില്‍ അറിയപ്പെടുമോ എന്ന് അറിയില്ല!! ശ്രീരംഗ പട്ടണം കണ്ടിട്ടുണ്ട്.ചര്‍ച്ചും..ചാമുന്ടീ ക്ഷേത്രം കാണാന്‍ പറ്റിയില്ല..അതൊരു സങ്കടമായി നില്‍ക്കുന്നു.പിന്നെ മക്ക...ആദ്യമായി ഹറമില്‍ എത്തി മസ്ജിദുല്‍ ഹറമിനെ ദര്ശിച്ചപ്പോള്‍ ഉണ്ടായ മാനസികാവസ്ഥ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ ചെറുവാടിക്ക് കഴിഞ്ഞു.സൂര്യകാന്തി പൂക്കളുടെ നറുമണത്തിലൂടെ സഞ്ചരിച്ചു മസ്ജിദുനബവിയ്യിലെ ഊദിന്‍റെ സുഗന്ധപൂരിമയില്‍ അവസാനിപ്പിച്ച ഈ യാത്ര ‌ ഏറെ ഇഷ്ട്ടമായി. കൂടെയുള്ള സന്ദേശവും...

  ReplyDelete
 9. പോസ്റ്റ് ഒരുപാട് ഇഷ്ടമായി, ചിത്രങ്ങളും ഒരുപാട് ആസ്വദിച്ചു

  ReplyDelete
 10. ഇക്കയുടെ വരികള്‍ക്കുള്ള പതിവ് ഒഴുക്ക് ഇവിടെ കിട്ടിയില്ല, പല സമയങ്ങളിലുള്ള യാത്രയായതുകൊണ്ടാകാം അതെന്നു തോന്നുന്നു.
  എന്നാലും, ചര്‍ച്ചിന്റെ മുന്നിലെ രാത്രിയിലെ കുളിരും മധുര മീനാക്ഷി ക്ഷേത്രത്തിലെ ആത്മീയതയുടെ കുളിരും മക്കയിലെയും മദീനയിലെയും ഇളംതെന്നല്‍ പകര്‍ന്ന കുളിരും മനസ്സിന് സാന്ത്വനം തന്നെയെന്നു അടിവരയിടുന്നു.

  ReplyDelete
 11. ശ്രമകരമായി നല്ല ഒരു മത സൗഹാര്‍ദ വിഷയം നല്ലവണ്ണം കൈ കാര്യം ചെയ്യ്തു ,ഇനിയും ശ്രമിക്കു ഇത് പോലെ ഉള്ള പോസ്റ്റുകള്‍

  ReplyDelete
 12. വളരെ രസകരമായ വിവരണം............
  എഴുത് വായനക്ക് രസകരമായൊരു ശൈലിയുണ്ട്,
  തുടര്‍ന്നും പ്രതിക്ഷിക്കുന്നു.......

  ReplyDelete
 13. ഭാഷ കുറേക്കൂടി ആകര്‍ഷകവും കുലീനവും ആയിരിക്കുന്നു .ചെരുവാടിയുടെ രചനാ ശൈലി വളരുകയാണ് ..എല്ലാ ആശംസകളും ..:)

  ReplyDelete
 14. ഓരോന്നും ഓരോന്നായ് എഴുതാമായിരുന്നു ചെറുവാടി..എങ്കിലും
  നല്ല രസകരമായിരിക്കുന്നു എല്ലാം കൂടിയുള്ള ഈ ചേര്‍ത്തുവെക്കല്‍

  ReplyDelete
 15. ഞാനും ഒരു യാത്രയിലാണ്. ചരിത്ര പഥങ്ങളിലൂടെ...
  ഞാന്‍ കൂട്ട് പിടിച്ചിരിക്കുന്ന 'മാതൃഭൂമി ബുക്സിനെയും' എം പി വീരേന്ദ്രകുമാറിനെയുമാണ്.

  ഇവിടെ ചെറുവാടിയുടെ മുറ്റത്തെത്തിയപ്പോള്‍ എനിക്കിത് പരിചിതമെന്ന പോലെ തോന്നിച്ചു. എഴുത്തിലെ കാലഭേദങ്ങള്‍ ഒഴുക്കിനെ ബാധിച്ചുവോ എന്നൊരു സംശയമില്ലാതില്ലാ. എങ്കിലും, താങ്കളുടെ എഴുത്തിലെ ഭാഷാ ശുദ്ധി ഏറെ മെച്ചപ്പെട്ടിരിക്കുന്നു.
  മാത്രവുമല്ല, ഇതിലെ മതകീയ പശ്ചാത്തലം ഒരു സൗഹൃദ അന്തരീക്ഷത്തെ കൊതിക്കുന്നതായി അനുഭവപ്പെടുന്നു. കൃത്യമായ സൗഹൃദം അനുഭവമാകണം എങ്കില്‍ സംവേദന തലം ഉയരേണ്ടതുണ്ട്. കൃത്യമായ സംവേദനത്തിന് പരസ്പരം ബോദ്ധ്യപ്പെടലുകളും ആവശ്യമാണ്‌. അഥവാ.. പാരസ്പര്യത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ആവശ്യമാണ്‌. അതിനായുള്ള ശ്രമത്തില്‍ നമുക്ക് പങ്കു ചേരാം...!!
  മേരാ ഭാരത് മഹാന്‍.

  ReplyDelete
 16. യാത്രകള്‍ ഓരോന്നും വൈവിധ്യങ്ങള്‍ ആണ് അത് തീര്‍ത്ഥാടനം ആണെങ്കിലും ഉല്ലാസം ആണെങ്കിലും ഭൂമിയില്‍ അവതരിച്ച എല്ലാ മഹാന്മാരും ഒത്തിരി യാത്രകള്‍ നടത്തിയവരുമാണ് ഓരോ യാത്രയും ഓരോ മനുഷ്യനും പുതിയ അനുഭവങ്ങള്‍ നല്‍കുന്നു ഓരോ അനുഭവങ്ങളും ഓരോ ചിന്തകളാകുന്നു
  ചെറുവടീ സംഗതി ഉശാരായിട്ടുന്ദ്

  ReplyDelete
 17. സഞ്ചാരകഥകൾ ആകുമെന്നു കരുതി.
  എങ്കിലും മോശമായില്ല്ല...
  ആശംസകൾ...

  ReplyDelete
 18. യാത്രാ വിവരണങ്ങള്‍ക്കു അതീവ ഹൃദ്യമായ ഈ ശൈലി ചെറുവാടിയുടെ മുഖമുദ്ര.

  മയ്സൂര്‍ മുതല്‍ മദീന വരെയുള്ള തന്‍റെ ഈ യാത്രയില്‍ കോര്‍ത്തിണക്കിയ വിവിധ ആരാധനാലയങ്ങളില്‍ നിന്നൊന്നും മനുഷ്യ സ്നേഹത്തിന്റെ, നന്മയുടെ, സമാധാനത്തിന്റെ, ശാന്തിയുടെ കാഹളമല്ലാതെ മറ്റൊന്നും തനിക്കു കേള്‍ക്കാനായില്ലെന്നു അടിവരയിടുകയാണ്.

  ഇവിടെ യാത്രയും ഭക്തിയും സ്നേഹവും സമന്വയിപ്പിച്ച് വിശാല മാനവികതയിലധിഷ്ടിതമായ സ്നേഹ സംഗീതം പൊഴിക്കുകയാണ് ചെരുവാടിയിലെ എഴുത്തുകാരന്‍.

  നമ്മുടെ മനസ്സിലും ആ സംഗീത താളമുയരട്ടെ.
  നല്ല പോസ്റ്റ്.

  ReplyDelete
 19. പതിവു പോലെ നന്നായി എഴുതി. മനഃപ്പൂർവ്വം ചുരുക്കാൻ ശ്രമിച്ചതു ഫീൽ ചെയ്യുന്നുണ്ട്. 2 ഭാഗമായി എഴുതിയാലും കുഴപ്പമില്ലായിരുന്നു. നല്ല ഭാഷയുണ്ട് ചെറുവാടിക്ക്. അതുകൊണ്ട് കൂടുതലായാൽ ബോറടിക്കുമോ എന്നൊന്നും ഓർത്ത് വിഷമിക്കണ്ടല്ലോ. ആദ്യമായി പരിചയപ്പെട്ട ചർച്ച്, അമ്പലത്തിൽ ആ അമ്മ തെളിച്ച ദീപം, ഓടി വന്നു തൊഴുതു പോയ പെൺകുട്ടി, ഇതെല്ലാം വളരെ നല്ല ബിംബങ്ങളാണ്. ചെറുവാടിയ്ക്കു പറയാനുള്ളതെല്ലാം ഭംഗിയായി പ്രതിഫലിപ്പിക്കപ്പെട്ടു. ആശംസകൾ.

  ReplyDelete
 20. നല്ല രസകരമായി പറഞ്ഞു..നല്ല വിവരണം..ഓരോ ഭാഗത്തും പോയി വന്നത് പോലെ അനുഭവപ്പെട്ടു..

  ReplyDelete
 21. മൈസൂരിനെ കുറിച്ച് എന്ത് പറയാൻ മൂന്നിലധികം വർഷം കളിച്ചു നടന്ന സ്ഥലം. അധികമൊന്നും പറഞ്ഞില്ലെങ്കിലും മൈസൂരിനെ കുറിച്ച് കേൾക്കുന്നത് വീടിനെകുറിച്ച് കേൾക്കുന്ന പ്രതീതിയാണ്. എവിടെ നിന്നോ തുടങ്ങി എവിടെയോ എത്തി അല്ലേ? :) മൻസൂറിക്കാ അങ്ങനെയൊരു ഡിസ്ക്ലൈമറിന്റെ ആവശ്യം നിങ്ങൾക്കില്ലാ എന്ന് തോന്നുന്നു. :))

  ReplyDelete
 22. ചെറുവാടിയുടെ യാത്ര തുടര്ന്നുകൊണ്ടെയിരിക്കട്ടെ.

  ReplyDelete
 23. വിനയവും സൌമ്യതയുമാണ് ചെറുവാടിയുടെ മുഖമുദ്ര.
  അത് എഴുത്തില്‍ കാണാം.
  മൈസൂരില്‍ തുടങ്ങി മദീനയിലവസാനിച്ച യാത്രാക്കുറിപ്പ് ഹൃദ്യം.
  മതങ്ങള്‍ പഠിപ്പിക്കുന്ന സ്നേഹം മനുഷ്യര്‍ ഉള്ളിലേറ്റിയെങ്കില്‍..

  ReplyDelete
 24. ഇത് വായിച്ചപ്പോള്‍ യാത്രയുടെ സുഖം അനുഭവിച്ചു.. വായനക്കാരനെക്കൂടെ യാത്രാനുഭവതലത്തിലേക്ക് എത്തിക്കുമ്പോഴാണ്‌ യാത്രാ വിവരണം ഹൃദ്യമാകുന്നത്. ചെറുവാടിക്കതിനുള്ള കഴിവുണ്ട്. ലളിതവും ഹൃദ്യവുമായ ഭാഷയാണ്‌ താങ്കളുടെ പ്രത്യേകത.

  ഈ പോസ്റ്റിലൂടെ ശാന്തിയുടെ, സമാധാനത്തിന്റെ, മാനവികതയുടെ സംഗീതം ഞാനും ആസ്വദിച്ചു..ആശംസകള്‍

  ReplyDelete
 25. ആദ്യമായിട്ടാണെന്ന് തോന്നുന്നു ഞാനിവിടെ.
  യാത്രയില്‍ അനുഭവിച്ച അനുഭൂതി എന്തായിരുന്നുവോ അത് അതേ പടി വായനക്കാരിലേക്ക് എത്തിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. ചില സ്ഥലങ്ങള്‍ മുന്നില്‍ കാണുന്ന പോലെ തോന്നി.
  ആശംസകള്‍.

  ReplyDelete
 26. ചരിത്രത്തിന്റെ ഓർമ്മകളിലൂടെ ദൈവീകതയുടെ പ്രകാശം തേടിയൊരു യാത്ര.. ഓരോരുത്തർക്കും അവരുടെ വിശ്വാസവും ഭക്തിയും ആതിമീയമായും ശാരിരീകമായും ഉല്ലാസം തരുന്ന ഒന്നു തന്നെ .. അതിനെ ചെറുവാടിയുടെ സ്ഥിരം ശൈലിയിൽ സമന്വയിപ്പിക്കാൻ ശ്രമിച്ചപ്പോൾ എന്തോ മറ്റു പോസ്റ്റുപോലെ സുന്ദരമായി എന്നെനിക്കു തോന്നിയില്ല.. ഈ പോസ്റ്റിൽ ഓരോന്നും വേർതിരിച്ച് ഓരോ പോസ്റ്റാക്കാമായിരുന്നു .ഈ പോസ്റ്റിലുള്ള എല്ലാ കാര്യങ്ങളും താങ്കൾ തന്നെ ആദാമിട്ട കമന്റിൽ വളരെ ലളിതമായി ഭംഗിയോടു കൂടി പറഞ്ഞിരിക്കുന്നു ആ ശൈലിയിൽ ഈ പോസ്റ്റും എഴുതിയിരുന്നെങ്കിൽ... ഒന്നു കൂടി നന്നാകുമായിരുന്നു... എന്റെ മാത്രം തോന്നലുകൾ ആണു കേട്ടോ അതെന്റെ ആസ്വാദിക്കാനുള്ള കഴിവില്ലായ്മയിൽ നിന്നും ഉരിത്തിരിഞ്ഞതുമാകാം .. ആശംസകൾ..

  ReplyDelete
 27. ഹൃദ്യമായി വിവരണം. പുണ്യസ്ഥലങ്ങളിലൂടെ ഒരു സഞ്ചാരം പോയ പ്രതീതി.

  ReplyDelete
 28. നന്നായി. വായിച്ചിട്ട് മതിയായില്ല.

  ReplyDelete
 29. ഓരോ യാത്രയും ഓരോ പോസ്റ്റായി വിവരിച്ചെഴുതാമായിരുന്നു എന്നു തോന്നി...അപ്പോള്‍ കുറച്ചു കൂടി മധുരതരമായേനെ...

  ReplyDelete
 30. പ്രിയ മന്‍സൂര്‍ ,

  മൈസൂര്‍ ,മധുര ,മക്ക ,മദീന .......വളരെ മനോഹരം.

  പഠന കാലത്ത് മൈസൂറില്‍ ചിലവഴിച്ച 15 ദിവസത്തെ നല്ല ഓര്‍മ്മകള്‍ എനിക്ക് തിരിച്ചു തന്നു ഈ പോസ്റ്റ്‌ . ഞാന്‍ കണ്ടു മറന്ന ഓരോ കാഴ്ചകളും കണ്മുന്നിലൂടെ വീണ്ടും...............ജമന്തി പൂക്കളേക്കാള്‍ ചന്ദനത്തിന്‍റെ സുഗന്ധമാണ് മൈസൂര്‍ ഓര്‍മ്മകള്‍ എനിക്ക് തരുന്നത്.

  സ്കൂള്‍ വിനോദയാത്രകള്‍ അന്നും ,ഇന്നും ഒരു ഓട്ട പ്രദക്ഷിണം പോലെ തോന്നിയിട്ടുണ്ട് .മധുര മീനാക്ഷി ക്ഷേത്രം ഒരു വിനോദയാത്രയിലെ തിരക്കിട്ടകാഴ്ചയായിരുന്നു.കര്‍പ്പൂരത്തിന്‍റെ സുഗന്ധം നിറഞ്ഞഒരു ദൈവീക ഭാവം അവിടുത്തെ കാറ്റിനു പോലും ഉണ്ട് .

  ഈ രണ്ട് സ്ഥലങ്ങളിലും(മൈസൂര്‍ ,മധുര ) വീണ്ടും പല തവണ പോയിട്ടുണ്ടെങ്കിലും മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരിക ആ സ്ഥലങ്ങള്‍ ആദ്യമായി കണ്ട നിമിഷങ്ങള്‍ തന്നെയാണ് എന്നത് മറ്റൊരത്ഭുതം.

  ഓര്‍മ്മകള്‍ ഈ ചരിത്ര വഴികളിലൂടെ നടക്കുമ്പോഴും, " ഞാന്‍ കിനാവുകാണുകയാണ് " മക്കയെന്ന പുണ്യ ഭൂമിയെ .....
  "ഇതിഹാസം പിറന്ന ആ മണ്ണിലൂടെ എനിക്കും" ഒരു യാത്ര.........എന്നെങ്കിലും ......

  "പ്രാവചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ "മക്ക" പുണ്യഭൂമിയില്‍ അനുഭവിച്ചറിയുന്ന ആത്മീയ ചൈതന്യം" വരികളായി താങ്കള്‍ എഴുതുമ്പോള്‍ അത് വായിച്ചെങ്കിലും എന്നെപ്പോലെയുള്ളവരുടെ മനസ്സിന്‍റെ മരുഭൂമികളില്‍ കുളിര്‍ മഴ പെയ്യുന്നു എന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ .

  മദീനയിലെ ഓരോ രാവുകളിലും നക്ഷത്രങ്ങള്‍ പറയാറുള്ള ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്‍റെയും കഥകള്‍,സമാധാനത്തിന്‍റെ സന്ദേശങ്ങളായിവെള്ളരിപ്രാവുകള്‍ എല്ലാ മനസ്സുകളിലും എത്തിക്കട്ടെ .

  ഒരു കാര്യം കൂടി ......

  ഈ പോസ്റ്റ്‌ വായിച്ച്‌ കമന്റ്‌ ടൈപ്പ് ചെയ്തു വന്നപ്പോള്‍ ആദ്യ വായനയില്‍ ഞാന്‍ കണ്ട ചില മനോഹരമായ വരികള്‍ പോസ്റ്റില്‍ കാണാനില്ല .
  എന്ത് പറ്റി?......കുട്ടിയോടൊപ്പംആ രാത്രി ഉണര്‍ന്നിരിക്കുന്ന "സൂര്യ കാന്തി പൂവിനെ" ക്കുറിച്ച് പറഞ്ഞത്.... ബാക്കി സൂര്യ കാന്തി പൂക്കള്‍ ഉറങ്ങിയപ്പോള്‍"ഒരു സൂര്യ കാന്തിപൂവ് "മാത്രം കുട്ടിയോടൊപ്പം ഉറക്കമില്ലാതെ ഇരുന്നത് നല്ല ഭാവന ആയിരുന്നു .
  ഒരു ഫാന്റസി ടച്ച്‌ തോന്നിയ ആ വരികള്‍ മനോഹരങ്ങള്‍ ആണെന്ന് അപ്പോഴേ എനിക്ക് തോന്നി .ആ മാറ്റം അതിന് ശേഷം താങ്കള്‍ എഴുതിയ മനോഹരമായ മറ്റൊരു വരി കൂടി നഷ്ട്ട പ്പെടുത്തി എന്ന് വിഷമത്തോടെ പറയട്ടെ ......("പക്ഷെ എനിക്ക് കൂട്ടിരുന്ന സൂര്യകാന്തി പൂവ് മാത്രം ഉറങ്ങിപ്പോയി. ").
  സൂര്യകാന്തി പൂക്കള്‍ രാത്രി ഉറങ്ങുമെന്നും, പകല്‍ ഉണരുമെന്നുമൊക്കെ ഉള്ളത് സങ്കല്പം അല്ലെ ....അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ ആയിരിക്കാം ആ വരികള്‍ മാറ്റുവാന്‍ കാരണം എന്ന് തോന്നുന്നു.

  മൈസൂര്‍ ,മധുര വിവരണങ്ങള്‍ ചുരുങ്ങി പോയില്ലേ എന്ന് ഒരു അഭിപ്രായം ഉണ്ട് .("ക്രിസ്ത്യന്‍ , ഹിന്ദു ദേവാലയങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ പരിമിതമാണ്.എന്‍റെ അറിവിന്‍റെ അപ്പുറത്തേക്ക് കയറേണ്ട എന്ന് കരുതി മനപൂര്‍വ്വം കുറച്ചതാണ്....."എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ടെങ്കിലും..:-) )

  എങ്കിലും എനിക്കിഷ്ട്ടപ്പെട്ടു ഈ ചെറുവാടി സ്റ്റൈല്‍ ...
  ഇനിയും എഴുതുക .കാത്തിരിക്കുന്നു .......
  ആശംസകള്‍

  ReplyDelete
 31. 'എന്റെ കണ്ണുനീര്‍ തുള്ളികള്‍ ചൂടുള്ള മണ്ണിനെ തൊട്ടു എന്നുറപ്പ്'' എന്ന വരികള്‍ വായിക്കുന്ന എനിക്കു കാണാന്‍ കഴിയുന്നുണ്ട് , ധാരയായി ഒഴുകുന്ന ആ കണ്ണുനീര്‍. ഈ രചനയുടെ ആശയ തലത്തേക്കാള്‍ എനിക്കു ശ്രദ്ധേയമായി തോന്നിയത് സവിശേഷമായ ഈ ഭാഷയാണ്. ഈ ഭാഷയിലൂടെ പ്രതിഫലിക്കുന്നത് സൗമ്യതയും, ശാന്തതയും,നന്മയും ഒത്തു ചേര്‍ന്ന മന്‍സൂറിന്റെ വ്യക്തിത്വം തന്നെയാണ് എന്ന് എനിക്കു തോന്നുന്നു. കരുണാമയനായ നാഥന്റെ മുന്നില്‍ താങ്കള്‍ സ്വാര്‍ത്ഥത വെടിഞ്ഞ് സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിരിക്കും എന്ന് വരികളും ഭാഷയും വിളിച്ചോതുന്നു. ഇതൊരു യാത്ര കുറിപ്പല്ല , എന്ന് പറഞ്ഞ സ്ഥിതിക്ക് ആ രീതിയില്‍ ഞാന്‍ ഈ പോസ്റ്റിനെ കാണുവാനായി ശ്രമിച്ചിട്ടില്ല. ആത്മീയമായ അനുഭവങ്ങള്‍ തന്നെയാണ് ഇതില്‍ അന്തര്‍ലീനമായിട്ടുള്ളത്. സംശയമില്ല. 'മകരമഞ്ഞിന്‍റെ അരിച്ചിറങ്ങുന്ന തണുപ്പും ജമന്തി പൂക്കളുടെ സുഗന്ധവുമുള്ള ഈ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത്‌ ഞാനും നിലാവും മാത്രം'. ഈ ആദ്യവരിയില്‍ തന്നെ അറിഞ്ഞോ അറിയാതെയോ ആത്മീയമായ ഒരനുഭവതലം പ്രസരിക്കുന്നുണ്ട്. തീവ്രമായ ആത്മീയാനുഭവത്തിന്റെ ഈ തലം പോസ്റ്റിലുടനീളം നിലനിര്‍ത്തുവാന്‍ കഴിഞ്ഞു എന്നത് വലിയ വിജയമാണ് . അഭിനന്ദനങ്ങള്‍

  ReplyDelete
 32. രസകരമായ വിവരണം ,ആശംസകള്‍

  ReplyDelete
 33. വരികളിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു..മൈസൂര്‍ മുതല്‍ മദീന വരെ ...ഇഷാടായി .

  ReplyDelete
 34. സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ....

  കാമ്പും കഴമ്പുമായി പഴയയാത്രയെ ശാന്തിയുടെ സമാധാനത്തിന്റെ മാനവികതയുടെ സംഗീതം കേൾപ്പിച്ച് സുന്ദരമാക്കിയിരിക്കുന്നൂ...

  ReplyDelete
 35. വളരെ നല്ല അവതരണം !!!
  ഒരുമിച്ചു യാത്ര ചെയ്ത പോലെ തോന്നുന്നു ...

  ReplyDelete
 36. മധുരയില്‍ നിന്നും നേരെ മക്കയിലേക്ക് പോയപ്പോള്‍ അവിടെ യാത്രക്കിടയില്‍ റോഡില്‍ ഒരു ഹമ്പ് കണ്ട പ്രതീതി ഉണ്ടായി. എങ്കിലും വളരെ മനോഹരമായി തന്നെ അവതരിപിച്ചു. കഅബാ ഷരീഫ് കാണുംബോള്‍ നാം അനുഭവിക്കുന്ന ആ വികാരം ശരിക്കും അനുഭവിച്ചറിയാന്‍ പറ്റി. എനിയ്ക്കും തോന്നിയിട്ടുണ്ട്.. ഞാന്‍ കഅബയുടെ മുന്നില്‍ തന്നെയാണോ നില്‍ക്കുന്നത് റബ്ബേ എന്ന്... പറഞ്ഞറിയിക്കാനാകാത്ത ഒരു തരം വികാരം... മദീനയോട് വിടപറയുംബോള്‍ കണ്ണ്നിറയാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ?...

  ReplyDelete
 37. മനസ്സിന്റെ നൈര്‍മല്ല്യത്തില്‍നിന്നും ഒരു തീര്‍ത്ഥാടനത്തിന്റെ ചുരുളുകള്‍ സ്നേഹം പൊതിഞ്ഞു
  ഇങ്ങനെ നിവര്‍ത്തി വായിക്കുമ്പോള്‍ ശാന്തിയുടെ ഒരു സംഗീതം കേള്‍ക്കുന്നത് പോലെ അനുഭവപ്പെട്ടു.
  നന്നായി ചെറുവാടി .
  അനുമോദനങ്ങള്‍ ....

  ReplyDelete
 38. varikaloode ee yaathrayil ennekoodi kooti kondu poayathinu nandhi.....

  ReplyDelete
 39. ഇഷ്ടാ ആയിട്ടോ,
  യാത്ര പെട്ടന്നു തീര്‍ന്നു പോയി .

  ReplyDelete
 40. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവിത ചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്. മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.


  ഈ പോസ്റ്റും വളരെ നൊസ്റ്റാള്‍ജിക് ആയി തന്നെ അവതരിപ്പിച്ചു......ഈ പറഞ്ഞ ഒരു സ്ഥലതും പോയിട്ടില്ലാത്ത എനിക്ക് പോകാനുള്ള ഒരു പ്രേരണയായി..

  ReplyDelete
 41. സ്നേഹം തന്നെയാണ് എവിടെയും എന്തിലും ഇപ്പോഴും ഉള്ളത്. മനുഷ്യര്‍ അത് സ്വന്തം തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അതില്‍ വെള്ളം ചേര്‍ക്കുന്നു എന്ന് മാത്രം.
  രചനയെ പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ.
  ഓര്‍മ്മകള്‍ ഓളം വിതച്ചു.

  ReplyDelete
 42. ദേ എനിക്ക് ഒന്നും പറയാന്‍ ഇല്ല ..
  എന്‍റെ മനസ്സില്‍ തോന്നിയത് ആദ്യം
  ചെറുവാടി തന്നെ എഴുതി വെച്ചു
  കമന്റ്‌ ആയി ..അഭിനന്ദനങ്ങള്‍ ..
  എല്ലായിടത്തും ഒന്ന് പ്രാര്ഥിച്ച
  പ്രതീതി ...

  ഇതൊരു yaathra വിവരണം അല്ലാത്തതിനാല്‍
  ഉള്കാഴ്ച്യുടെ ഒരു നേരറിവു തന്നെ ..ഇത്
  ഇങ്ങനെ തന്നെ ആണ്‌ എഴുതേണ്ടത് ...
  ആശംസകള്‍ ഒരിക്കല്‍ കൂടി ചെറുവാടി...

  ReplyDelete
 43. വരികളിലെ ചെറുവാടി വശ്യത.. വീണ്ടും അനുഭവിക്കുന്നു...
  ആശംസകള്‍

  ReplyDelete
 44. >>സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ.<< ഓര്‍മകളിലൂടെ സഞ്ചരിച്ചുകൊണ്ട് ആ സ്നേഹം പങ്കുവയ്ക്കാന്‍ നടത്തിയ ഈ ശ്രമം ഒരുപാട് ഇഷ്ടമായി.

  ReplyDelete
 45. ഇളംകാറ്റിന്റെ സ്പർശമായി മാറുന്നു ചെറുവാടിയുടെ ഭാഷ. ഇഷ്ടമായി ഈ കുറിപ്പ്. മൈസൂർ എന്നെ കൊതിപ്പിച്ച നഗരമാണ്. പൂക്കളും പെൺകുട്ടികളും ഇടകലർന്നൊഴുകുന്ന അതിന്റെ ചില തെരുവുകളിൽ കൂടി എന്റെ യൌവനത്തിൽ ഞാൻ നടന്നത് ഓർക്കുന്നു. ശ്രീരംഗപട്ടണത്തിന്റെ വാൾത്തലപ്പിലൂടെയും.

  ReplyDelete
 46. ക്ക് . മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്.ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്‍റെ പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.
  റസൂല്‍ ഉറങ്ങുന്ന മദീന പള്ളിയിലാണ് ഞാനിപ്പോള്‍. ..


  aareyum pidichirithuvaan pattunna athi shakthamaaya ezuthu....gambberam...

  ReplyDelete
 47. യാത്രാക്കുറിപ്പുകള്‍ക്ക് നല്ല ഭാവിയുണ്ട് ചെറുവാടി. കഴിയുമെങ്കില്‍ യാത്രാക്കുറിപ്പുകളില്‍ ഒരു കൈ നോക്കു.. അല്പം കൂടെ വിശദമായും ആധികാരികമായും എഴുതണമെന്ന് മാത്രം. ഒന്ന് ശ്രമിച്ചു കൂടെ

  ReplyDelete
 48. ഹൃദ്യമായ ഒരു പോസ്റ്റ്. അർപ്പിക്കുന്നതിനോടുള്ള പ്രണയഭാവം കണ്ടെത്തിയവർ അവരാണു ദൈവത്തെ അറിഞ്ഞവർ..ആ പ്രണയഗീതമാണു സമാധാനത്തിന്റെ സന്ദേശം.. ചെറുവാടി നമിക്കുന്നു ഈ ആത്മീയ ചിന്തയെ..

  ReplyDelete
 49. വളരെ നന്നായി എഴുതി അഭിനന്ദനങ്ങള്‍

  ReplyDelete
 50. എം.ടിയുടെ പഞ്ചാഗ്നി ഓർമ്മ വരുന്നു..ഞങ്ങൾ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിൽ സ്നേഹം എന്നു വച്ചാൽ ഈശ്വരൻ ആണ്. സ്നേഹം വേണ്ട എന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ? അതെ സ്നേഹം എന്നാൽ ഈശ്വരൻ ആണ്. അത് നിഷേധിക്കാൻ ആർക്കും കഴിയില്ല.നല്ല കുറിപ്പുകൾ..

  ReplyDelete
 51. മൈസൂര്‍ യാത്രകള്‍ എനിക്കേറ്റവും പ്രിയപെട്ടതാണ്.

  "കര്‍ണാടകയുടെ മണ്ണ് " എനിക്കും പറയാനുണ്ട്.

  താങ്ക്സ് ഫോര്‍ ദി പോസ്റ്റ്‌

  ReplyDelete
 52. ആത്മീയ യാത്രകളുടെ ഹൃദ്യമായ വിവരണങ്ങള്‍.. വിശ്വാസങ്ങളുടെ വിവിധ തലങ്ങള്‍, ആത്മീയതയുടെ വിവിധ ഭാവങ്ങള്‍.. ആരാധനകളുടെ വിവിധ രൂപങ്ങള്‍ എല്ലാം ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ഹൃദ്യമായി തന്നെ അവതരിപ്പിച്ചു. മൈസൂരിനും, മധുരയിലും ഒക്കെ മുന്‍പ്‌ പോയിട്ടുണ്ട്. നല്ല എഴുത്തിന് ആശംസകള്‍ നേരുന്നു..

  ReplyDelete
 53. വളരെ നല്ല അവതരണം>>>>>

  ReplyDelete
 54. പ്രസക്തവും വലുതുമായ ഒരു വിഷയത്തെ ചെറിയ ഒരു പോസ്റ്റില്‍ ഒതുക്കിയതിന്റെ ന്യൂനത ഇതില്‍ ഉണ്ട് എന്നിരിക്കിലും സോദ്ദേശ്യപരവും സമകാലികവുമായതിനാല്‍ അത് വല്ലാതെ പ്രകടമല്ല.
  ഈ കാറ്റ് വീശട്ടെ!
  കരുത്ത്‌ പകരട്ടെ!

  ReplyDelete
 55. മനസ്സ് നിറഞ്ഞു ചെറുവാടി ...സന്തോഷം മാത്രം ...നല്ല മനസ്സിന്‍ നന്ദി, അഭിനന്ദനങ്ങള്‍..

  ReplyDelete
 56. "ജീവിത ചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്. "

  ഒന്നാമതായി സാഹിത്യ ഭംഗി തെളിഞ്ഞു നില്‍ക്കുന്ന ഈ വരികള്‍ക്ക് ഒരു special thanks.

  പിന്നെ പറയാനുള്ളതു ഇത് വേറെ വേറെ എഴുതാതെ ഇങ്ങിനെത്തന്നെ എഴുതിയത് ഭംഗിയായി എന്നാണ്. ഇവിടെ മനോഹരമായ ഒരു കണ്ണി കോര്‍ക്കല്‍ നടന്നു. ചരിത്രത്തിന്‍റെ land mark കളെ ഒറ്റ യാത്രയില്‍ ചെന്ന് തൊട്ട അനുഭവം. കാലത്തിന്റെ ആവശ്യവും ഇതാണ്. ഇത്തരം കണ്ണി ചേര്‍ക്കലുകളുടെ കുറവാണ് ഇവിടെ വിദ്വേഷം വളര്‍ത്താന്‍ നടക്കുന്നവര്‍ക്ക് വളമാവുന്നത്.
  അങ്ങിനെയുള്ള ഒരു ദാര്‍ശനിക വശത്തില്‍ തൊടുന്ന ഈ പോസ്റ്റ്‌ തികച്ചും വേറിട്ട്‌ നില്‍ക്കുന്നു.

  ReplyDelete
 57. എന്റെ ഓർമ്മയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നതും, ഞാനേറെ ഇഷ്ട്ടപ്പെട്ടതുമായ എന്റെയൊരു അനുഭവമാണ് മൈസൂർ യാത്ര.ഈ പോസ്റ്റ് വായിച്ചപ്പോൾ മനസ്സിലേക്ക് ഓടിയെത്തി ആ കാഴ്ച്ചകൾ.........

  മറ്റു സ്ഥലങ്ങളിലൊന്നും പോയില്ലെങ്കിലും ചെറുവാടി പറഞ്ഞതു പോലെ മനസ്സ് അവിടെയെല്ലാം പാറി നടക്കുകയാണ്.

  ആശംസകൾ.....

  ReplyDelete
 58. @ ഹാഷിക്ക്
  സമാധാനം കളയാന്‍ വിഷം ചേര്‍ക്കുന്നവരെ ത്രിരിച്ചരിയുക തന്നെ വേണം. നന്ദി വായക്കും ആദ്യ അഭിപ്രായത്തിനും.
  @ സൊണറ്റ്
  ഉള്ള അഭിപ്രായം ഇങ്ങിനെ തുറന്നു പറയണം. അതില്‍ അധികപ്രസംഗം എന്ന വാക്ക് വരില്ല. ഇപ്പോള്‍ എയ്ക്കും തോന്നുന്നു ഇത്തിരി വിശാലമാക്കാമായിരുന്നു എന്ന്. പക്ഷെ മടി സമ്മതിക്കേണ്ടേ. നന്ദി വായനക്കും. അഭിപ്രായത്തിനും. എന്റെയും പ്രാര്‍ത്ഥന.
  @ ചെറുത്‌.
  വിമര്‍ശനം ഉള്‍കൊള്ളുന്നു. പക്ഷെ ഇത് ഒന്നിച്ചല്ലാതെ എഴുതാന്‍ പറ്റുമായിരുന്നില്ല. ശ്രദ്ധിക്കാം. വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി.
  @ സീത
  വളരെ സന്തോഷം ട്ടോ ഈ നല്ല വാക്കുകള്‍ കേട്ടിട്ട്. ഇഷ്ടായി എന്നറിയുന്നത് പ്രോത്സാഹനം നല്‍കുന്ന ഒന്നാണ്. നന്ദി വായനക്ക്.
  @ ബെഞ്ചാലി
  വൈകൃതമായ ആചാരങ്ങളെയും അന്ത വിശ്വാസങ്ങളെയും എതിര്‍ക്കപെടെണ്ടത് തന്നെയാണ്. വളരെ നന്ദി വായനക്കും അഭിപ്രായത്തിനും.
  @ വളരെ നന്ദി ട്ടോ വായനക്കും വിശദമായ അഭിപ്രായത്തിനും. കൂടെ യാത്ര വിശേഷം പങ്ക്‌ വെച്ചതിനും. മക്ക കാണാനുള്ള ആഗ്രഹം സഫലമാകട്ടെ. പ്രാര്‍ത്ഥന.
  @ ജാസ്മിക്കുട്ടി
  ഒത്തിരി ആഹ്ലാദം നല്‍കി ട്ടോ ഈ അഭിപ്രായം . വായിക്കപ്പെടുകയും അത് ഇഷ്ടപ്പെടുകയും ചെയ്യുന്നത് സന്തോഷം തന്നെ. ഓര്‍മ്മകള്‍ തന്നെയാണ് നമ്മുടെയൊക്കെ ഊര്‍ജ്ജം. നന്ദി വായനക്കും അഭിപ്രായത്തിനും.
  @ കിങ്ങിണിക്കുട്ടി
  നന്ദി വായനക്കും ഇഷ്ടായത്തിനും . ചിത്രത്തിന്റെ ക്രഡിറ്റ് അതെടുതവര്‍ക്ക് കൊടുക്കാം ഞാന്‍ . :)
  @ ഷമീര്‍ തളിക്കുളം.
  പല സമയത്തുള്ള യാത്ര തന്നെ ആവണം എന്നില്ല. ഒരു പക്ഷെ ശരിയായി പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റിയില്ല എന്നും വരാം. ശ്രദ്ധിക്കാം . നന്ദി അറിയിക്കുന്നു തുറന്ന വായനക്ക്.
  @ ജീ . ആര്‍ . കവിയൂര്‍
  ഒരു സൗഹാര്‍ദ വിഷയം എന്നാ രീതിയില്‍ തന്നെയാണ് സമീപ്പിച്ചത്. നന്നായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
  @ ഷാജു അത്താണിക്കല്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും പോസ്റ്റ്‌ ഇഷ്ടായതിനും.

  ReplyDelete
 59. @ രമേശ്‌ അരൂര്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ നല്ല വാക്കുകള്‍ക്കു. വായനക്ക്,.
  @ ജുനൈത്
  അങ്ങിനെ ആകാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നാതെ ഇല്ല.
  എന്നാലും ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
  @ നാമൂസ്
  എനിക്കും ഇഷ്ടാണ് വീരേന്ദ്ര കുമാറിന്റെ യാത്രാ വിവരണങ്ങള്‍. "ഹൈമവതുഭൂവില്‍" വായിക്കന്‍ ഇരിക്കാണ് ഞാന്‍ . തിരക്കൊഴിയണം. വളരെ നന്ദി വായനക്കും വിശാലമായ ഈ അഭിപ്രായത്തിനും. സന്തോഷം
  @ കൊമ്പന്‍
  അതെ. ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍ ആണ്. നന്ദി വായനക്കും അഭിപ്രായത്തിനും ഇഷ്ടായതിനും.
  @ വീ കെ
  സഞ്ചാരം തന്നെ. പക്ഷെ ഒരു ആത്മീയ തലത്തില്‍ കാണാന്‍ നോക്കി. നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്ക്.
  @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്ക്. ഇഷ്ടായതിനു
  @ അക്ബര്‍
  നിങ്ങളൊക്കെ പറയുമ്പോള്‍ അതില്‍ പരം സന്തോഷം വേറെയുണ്ടോ. വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി. ആ മാനവികതയുടെ സ്നേഹ സംഗീതം എല്ലാവരിലും എത്തട്ടെ. പ്രാര്‍ത്ഥന.
  @ മുകില്‍
  ശരിയാണ്. ഇത്തിരി തിരക്ക് കൂടുതലായിരുന്നു എനിക്ക്‌. പിന്നെ ട്രേഡ് മാര്‍ക്ക് ആയ മടിയും. അതുകൊണ്ട് ഒന്നിച്ചാക്കി, നിങ്ങളൊക്കെ പറയുമ്പോള്‍ ഇത്തിരി നഷ്ടബോധം ഉണ്ട്. ശ്രമിച്ചാല്‍ ഒന്നൂടെ നന്നാകുമായിരുന്നു എന്ന തോന്നല്‍. എന്നാലും ഇഷായല്ലോ. സന്തോഷം.
  @ നിശാ സുരഭി
  നന്ദി വായനക്ക്
  @ അനശ്വര
  വളരെ നന്ദി ട്ടോ വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും. എല്ലായിടവും പെട്ടന്നു കണ്ടു തീര്‍ക്കാന്‍ കാണാന്‍ ഞാന്‍ ഓടിച്ചു ല്ലേ.

  ReplyDelete
 60. @ ഹാപ്പി ബാച്ചിലേഴ്സ്
  എനിക്കും അങ്ങിനെ തന്നെയാ ബാച്ചീസ്. മൈസൂരിനോടും ഊട്ടിയോടും ഭയങ്കര അടുപ്പം ആണ്. മൂന്നു വര്ഷം അവിടെ നിന്നവരാ അല്ലെ. ചരിത്രത്തോടൊപ്പം . അതോ. ..? :) . സന്തോഷം വായനക്കും അഭിപ്രായത്തിനും.
  @ റഫീഖ് പൊന്നാനി
  യാത്ര തുടരാം ല്ലേ . നന്ദി വായനക്ക് അഭിപ്രായത്തിനു . സന്തോഷം
  @ മേയ് ഫ്ലവേഴ്സ്
  സന്തോഷായി ട്ടോ ഈ വാക്കുകള്‍ കേട്ടപ്പോള്‍. സ്നഹം തന്നെയാണല്ലോ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌...എന്നിട്ടും..? പ്രാര്‍ഥിക്കാം.
  @ വായാടി
  വായിക്കപ്പെടുന്നത് , അത് ഇഷ്ടപ്പെടുന്നത് , സന്തോഷം മാത്രമല്ല പ്രോത്സാഹനം കൂടിയാണ്. ഈ വാക്കുകളെ ഞാന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. നന്ദി.
  @ അഷ്‌റഫ്‌ അമ്പലത്
  ഈ കൊച്ചു ലോകത്തേക്ക് സ്വാഗതം അഷ്‌റഫ്‌. വളരെ നന്ദി വായനക്ക് മല്ല വാക്കുകള്‍ക്കു. ഇനിയും പ്രതീക്ഷിക്കുന്നു തുറന്ന വായന.
  @ ഉമ്മു അമ്മാര്‍
  വിമര്‍ശനാത്മകമായ ഈ അഭിപ്രായത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു . കുഴപ്പം വായനയുടെതല്ല. എഴുത്തിന്റെത്‌ തന്നെയാകണം. പലരും അങ്ങിനെ സൂചിപ്പിച്ചിട്ടും ഉണ്ട്. ഇങ്ങിനെ തുറന്ന വായനയാണ് എനിക്കും ഇഷ്ടം. തീച്ചയായും ശ്രദ്ധിക്കാം. നന്ദി.
  @ ഏറനാടന്‍
  വളരെ വളരെ നന്ദി വായനക്കും നല്ല അഭിപ്രായത്തിനും. സന്തോഷം
  @ പള്ളിക്കരയില്‍
  വളരെ വളരെ നന്ദി വായനക്കും നല്ല അഭിപ്രായത്തിനും. സന്തോഷം
  @ ചാണ്ടിച്ചായന്‍
  പണി തരല്ലേ ചാണ്ടിച്ചാ. ഒന്ന് തന്നെ എഴുതാനുള്ള പാട്. :). അറിയാം ഒരു പോസ്റ്റില്‍ ഒതുക്കിയപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് .തീര്‍ച്ചയായും ഇനി ശ്രദ്ധിക്കും .വളരെ സന്തോഷം വായനക്കും ഇഷ്ടായതിലും.
  @ സുജ
  വിശാലമായ വായനക്ക് ആദ്യം തന്നെ നന്ദി.
  ജമന്തി പൂക്കളേക്കാള്‍ ചന്ദനത്തിന്റെ സുഗന്തം ആണ് മൈസൂരിന് എന്ന് പറഞ്ഞത് ശരിയാണ്.
  സ്കൂള്‍ വിനിട യാത്രകള്‍ തന്നെയാണല്ലോ ഓര്‍മ്മകളില്‍ ആദ്യം വരിക.
  മക്കയിലും പോവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥന
  പോസ്റ്റില്‍ ചെറിയൊരു എഡിറ്റിംഗ് നടത്തി. അപ്പോഴാണ്‌ സൂര്യകാന്തി പൊഴിഞ്ഞുപോയത്. അത് നന്നായിരുന്നു എന്ന് പായുമ്പോള്‍ ഇത്തിരി വേദനയും ഉണ്ട്. അത് വെച്ച് അഭിപ്രായം പറഞ്ഞവരോടും ക്ഷമ ചോദിക്കുന്നു .
  നല്ല വാക്കുകള്‍ക്കും വിശദമായ വായനക്കും ഒരിക്കല്‍ കൂടി നന്ദി

  ReplyDelete
 61. @ പ്രദീപ്‌ കുമാര്‍
  വിശദമായ വായന , അത് കഴിഞ്ഞു നിങ്ങള്‍ പറയുന്ന അഭിപ്രായം , അത് എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നു. പോസ്റ്റിനെ ഉള്‍ക്കൊണ്ട്‌ എന്നറിഞ്ഞത് വളരെ സന്തോഷം. യാത്ര എന്നതിലുപരി ഒരു സന്ദേശം നല്‍കാനാണ് ശ്രമിച്ചത്. വിജയിച്ചു എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഞാന്‍ ആഹ്ലാദിക്കുന്നു. വളരെ വളരെ നന്ദി ഈ നല്ല വാക്കുകള്‍ക്കു.
  @ രഞ്ജിത്ത്
  നന്ദിയും സന്തോഷവും അറിയിക്കട്ടെ വായനക്കും ഇഷ്ടായതിനും
  @ അജിത്‌
  നന്ദിയും സന്തോഷവും അറിയിക്കട്ടെ വായനക്കും ഇഷ്ടായതിനും
  @ ഫൈസല്‍ ബാബു
  നന്ദിയും സന്തോഷവും അറിയിക്കട്ടെ വായനക്കും ഇഷ്ടായതിനും
  @ മുരളി മുകുന്ദന്‍ ബിലാത്തി പട്ടണം
  വളരെ സന്തോഷമായി ട്ടോ പോസ്റ്റ്‌ ഇഷ്ടായതിനും സന്ദേശത്തെ ഉള്‍ക്കൊണ്ടതിനും. സമാധാനത്തിന്റെ സന്ദേശം പരക്കട്ടെ.
  @ നൌഷു
  നന്ദിയും സന്തോഷവും അറിയിക്കട്ടെ വായനക്കും ഇഷ്ടായതിനും
  @ ഷബീര്‍
  ആ ഹമ്പ് പ്രയോഗം എനിക്കിഷ്ടായി. നല്ല സോഫ്റ്റ്‌ വിമര്‍ശനം. പക്ഷെ ശ്രദ്ധിക്കാം. ഇനി എഴുതുമ്പോള്‍ ഒരു ഹമ്പ് വരാതെ നോക്കാന്‍
  വളരെ നന്ദി വായനക്കും അഭിപ്രായത്തിനും.
  @ pushpamgad kechery
  പോസ്റ്റ്‌ ഉള്‍ക്കൊണ്ടുള്ള ഈ വായനക്ക് എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു. ശാന്തിയുടെ സംഗീതം നിറയട്ടെ എല്ലാവരിലും. വളരെ നന്ദി.
  @ jayaraj murukkumpuzha
  നന്ദിയും സന്തോഷവും അറിയിക്കട്ടെ വായനക്കും ഇഷ്ടായതിനും
  @ കുന്നെക്കാടന്‍
  പെട്ടൊന്ന് തീര്‍ക്കാനായിരുന്നു ഞാനും ശ്രമിച്ചത് . അതിനു എനിക്ക് കിട്ടി. :)
  നന്ദി ഇഷ്ടായതിനു

  ReplyDelete
 62. പുണ്യഭൂമി തേടി മനസ്സിന്റെ തീർത്ഥയാത്ര...
  അവസാനം പോയ ഇടത്തുതന്നെ എന്റെ മനസ്സും മറന്നുവെച്ചു...

  ReplyDelete
 63. ഞാനും കരുതി നാട്ടിലെത്തി മൈസൂരില്‍ പോയോന്ന്. നന്നായി കേട്ടോ..
  താങ്കള്‍ പറഞ്ഞത് ശരിയാണു എല്ലാ യാത്രകളും എനിക്കിഷ്ടാണു,എല്ലാ സ്ഥലങ്ങളും. പക്ഷെ യാത്രാപഥങ്ങളില്‍ ഏറ്റം തെളിമയോടെ നില്‍ക്കുന്നത് മക്ക തന്നെ. ഏറ്റം സ്നേഹം തോന്നിയ നഗരവും മദീന തന്നെ.
  ആശംസകളോടെ

  ReplyDelete
 64. @ നജ്മതുല്ലൈല്
  എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു. പോസ്റ്റ്‌ ഇഷ്ടായതിനും വായനക്കും സന്ദര്‍ശനത്തിനും. എല്ലായിടത്തെക്കും ഒരു യാത്ര നടക്കട്ടെ. ആശംസകള്‍
  @ പട്ടേപ്പാടം റാംജി
  സ്വന്തം താല്പര്യ സംരക്ഷണം തന്നെയാണ് പ്രശ്നം. മാറ്റം വരുമായിരിക്കും. ഒത്തിരി നന്ദി വായനക്കും ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും.
  @ എന്‍റെ ലോകം
  എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഈ നല്ല വാക്കുകള്‍ക്കും. ആശംസകള്‍, പ്രാര്‍ത്ഥന
  @ ഇസ്മായില്‍ ചെമ്മാട്
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഈ നല്ല വാക്കുകള്‍ക്കും
  @ ലിപി രഞ്ജു
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഈ നല്ല വാക്കുകള്‍ക്കും
  @ ശ്രീനാഥന്‍
  ഇഷ്ടായി ട്ടോ ഈ അഭിപ്രായം. സന്തോഷം. വല്ലാത്തൊരു ആത്മബന്ധം എനിക്കും തോന്നാറുണ്ട് മൈസൂരിനോട്. ചരിത പാക്ഷ്ചാതലം തന്നെയാവണം കാരണം. നന്ദി വായനക്കും അഭിപ്രായത്തിനും.
  @ ഷംസീര്‍ മേല്‍പറമ്പ്‌
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഈ നല്ല വാക്കുകള്‍ക്കും.ഈ മേല്‍പറമ്പ്‌ എന്നാല്‍ മലപ്പുറം ആലത്തൂര്‍ പടി ആണോ?
  @ മനോരാജ്
  എനിക്കും ഇഷ്ടാണ് യാത്രകുറിപ്പുകള്‍ എഴുതാന്‍. മനു പറഞ്ഞ പോലെ ഒരു ആധികാരികമായി സമീപ്പിക്കുന്നതിനു പകരം എന്‍റെ എഴുത്തില്‍ പുറം കാഴ്ചകളെ വരൂ. അത് പഠിച്ചു എഴുതാനുള്ള മടി കൊണ്ടുമാണ്. കുറച്ച എഴുതിയിട്ടുണ്ട് ബ്ലോഗ്ഗില്‍ തന്നെ. പിന്നെ പ്രവാസം കൊണ്ടുള്ള നഷ്ടം ആണ് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ എല്ലാം എത്തിപ്പെടാന്‍ പറ്റില്ല എന്നത്. എന്നാലും ശ്രമിക്കാം. വളരെ വളരെ നന്ദി വായനക്കും നിര്‍ദേശത്തിനും.
  @ ജെഫു ജയിലാഫ്
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ നല്ല വാക്കുകള്‍ക്ക്‌. പോസ്റ്റ്‌ ഇഷ്ടായതിനു, വായനക്ക് ,വരവിന് .
  @ അഷ്‌റഫ്‌
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഈ നല്ല വാക്കുകള്‍ക്കും

  ReplyDelete
 65. @ തൂവലാന്‍
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ ഈ അഭിപ്രായത്തിന്. ശേഹവും സൌഹാര്‍ദവും പുലരുന്ന ഒരു നല്ല നാളെ വരട്ടെ. സന്തോഷം വായനക്കും സന്ദര്‍ശനത്തിനും.
  @ shikandi
  വളരെ വളരെ നന്ദി വായനക്കും അഭിപ്രായത്തിനും. സന്തോഷം
  @ ശ്രീജിത് കൊണ്ടോട്ടി
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ശ്രീജിത്. വായനയും ഈ നല്ല വാക്കുകളും ഒത്തിരി സന്തോഷം നല്‍കി. പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാവണം എന്ന് ആഹ്രഹിക്കുന്നു. നന്ദി
  @ അബ്ദുള്ള ജാസിം , ഇബ്രാഹിം
  വളരെ വളരെ നന്ദി വായനക്കും അഭിപ്രായത്തിനും. സന്തോഷം
  @ ഇസ്മായി കുറുമ്പടി
  ആ പോരായ്മയുടെ ഉത്തവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. തീര്‍ച്ചയായും ശ്രദ്ധിക്കും. വളരെ നന്ദി വായനക്കും അഭിപ്രായത്തിനും.
  @ വര്‍ഷിണി
  ഇങ്ങിനെ പറയുമ്പോള്‍ എന്‍റെ മനസ്സും നിറയുന്നു. നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ സലാം
  അങ്ങിനെ ഒരു ശ്രമം വിജയിച്ചു എന്ന് നിങ്ങള്‍ പറയുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഒരു പോസ്റ്റില്‍ ഒരുപാട് കാര്യങ്ങള്‍ ഒതുക്കാന്‍ ശ്രമിച്ചു. പാളിപോകുമോ എന്ന പേടി ഉണ്ടായിരുന്നു. വളരെ നന്ദി വായക്കും സന്തോഷം നല്‍കിയ അഭിപ്രായത്തിനും.
  @ ശബ്ന പൊന്നാട്
  എന്‍റെ അടുത്ത നാട്ടുകാരിക്ക് ഈ കൊച്ചു ലോകത്തേക്ക് സ്വാഗതം. പിന്നെ നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും.
  @ അലി
  വളരെ വളരെ നന്ദി . വായനക്ക് , സന്ദര്‍ശനത്തിന്. തീര്‍ച്ചയായും മക്കയും മദീനയും ഒരനുഭവം ആകുന്നു
  @ മുല്ല
  നാട്ടിലെത്താന്‍ ഇനിയും സമയം കിടക്കുന്നു. എന്താ ചെയ്യാ. ആലോചിച്ചു വട്ടായി. നന്ദി വായനക്കും അഭിപ്രായത്തിനും.

  ReplyDelete
 66. അല്പം താമസിച്ചു പോയി വായിക്കാൻ. കഴിഞ്ഞ ഡിസംബറിൽ ഞാനും ആദ്യമായി മൈസൂർ പോയി. എല്ലാവർഷവും ഒരു ടൂർ എനിക്കുണ്ട്. കാഴ്ചകൾക്കപ്പുറം ചിന്തകളെ ഉദ്ദ്വീപിപ്പിക്കാൻ യാത്രകൾ സഹായിക്കുന്നു. എനിക്ക് മുസ്ലിംങളുടെ ആരാധനാ രീതി ഇഷ്ടമാണ്. ഹൈന്ദവഭജനകളും ഇഷ്ടമാണ്. കൃസ്ത്യൻ വേഷവും സംഗീതവും ഇഷ്ടമാണ്.പക്ഷേ ഒരു മതത്തിലും ഞാൻ തളച്ചിടപ്പെട്ടിട്ടില്ല.പ്രാർത്ഥിക്കാറുമില്ല.പക്ഷേ, എല്ലാ വിഭാഗം ദേവാലയങ്ങളുടേയും ചുറ്റുവട്ടങ്ങൾ ഞാൻ ആസ്വദിക്കുന്നു. നന്ദി....

  ReplyDelete
 67. madeenayiloode sancharikkuvan oru moham:

  http://athitham.blogspot.com/2011/07/blog-post.html

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....