Sunday, July 24, 2011

ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍



മഴ മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രനെ നോക്കിയിരിക്കുകയാണ് ഞാന്‍. കൂടെ ഒളിഞ്ഞും തെളിഞ്ഞും വരുന്ന നക്ഷത്ര കുഞ്ഞുങ്ങളും. ചെറിയ കാറ്റില്‍ താളം പിടിക്കുന്ന വെള്ള ഓര്‍ക്കിഡ് പുഷ്പങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്. കൂടെ നന്നായി വിരിഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന ഒരു ചെമ്പരത്തിയും. ഉറങ്ങാതെ നില്‍ക്കുന്ന ഈ രാത്രിയില്‍ ഇവരാണ് എന്‍റെ കൂട്ടുകാര്‍.
പക്ഷെ നിലാവുള്ള ഈ രാത്രിയില്‍ ഞാന്‍ മാത്രം അസ്വസ്ഥനാണ്. അത് മനസ്സിലാക്കിയ പോലെ ഒരു ചെറുകാറ്റില്‍ ആ ചെമ്പരത്തിപൂവ് എന്‍റെ കവിളില്‍ തലോടി. ഒപ്പം നേരത്തെ പെയ്ത മഴയുടെ ബാക്കി ഒരു മഴത്തുള്ളി അതിന്‍റെ ഇതളില്‍ നിന്നും ഉറ്റി വീണു. "നീയും കരയുകയാണോ"..?

പൂക്കളെ വല്ലാതെ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം എന്‍റെ മനസ്സിലെ സങ്കടവും അവര്‍ക്ക് കാണാന്‍ പറ്റിയത്. പെരുമഴയുടെ സംഗീതത്തില്‍ സന്തോഷത്തിന്‍റെ ഒരു പൂക്കാലം സമ്മാനിച്ച അവധിക്കാലം നാളെ കഴിയാന്‍ പോകുന്നു. രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് എന്നും മുറ്റത്ത്‌ കുറച്ച് നേരം നില്‍ക്കുന്ന എന്നെ കാണാതാവുമ്പോള്‍ അന്വേഷിച്ച് വാടുമോ ഈ പൂക്കളെല്ലാം.


ചിലത് നഷ്ടപ്പെടുത്തിയല്ലേ മറ്റുചിലത് നേടാന്‍ പറ്റൂ. പ്രവാസത്തിലേക്കുള്ള ഈ തിരിച്ച് പോക്കും അങ്ങിനെയാണ് എന്ന് കരുതി സമാധാനിക്കാം. പക്ഷെ ഉമ്മ വിളമ്പി തരുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ആ ഭക്ഷണത്തിന്‍റെ രുചി ഓര്‍ക്കുമ്പോള്‍, ആ മടിയില്‍ കിടന്ന് തലയില്‍ തലോടുമ്പോള്‍ അനുഭവിക്കുന്ന വാത്സല്യത്തിന്‍റെ ഓര്‍മ്മ വരുമ്പോള്‍ എനിക്ക് തിരിച്ച് ഓടിവരാന്‍ തോന്നുമായിരിക്കും. കഥ പറഞ്ഞ് തരുന്ന ചാലിയാറിന്‍റെയും ഇരുവഴിഞ്ഞിയുടെയും ഓളങ്ങളുടെ താളത്തിന് അപ്പോള്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍എനിക്ക് ആശ്വാസം നല്‍കാന്‍ പറ്റുമോ. കഴിയണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.
ഓരോ പ്രവാസിയും അനുഭവിക്കുന്ന എത്രയെത്ര വിഷമങ്ങള്‍. പക്ഷെ അങ്ങിനെ എല്ലാം വിഷമങ്ങള്‍ ആണ് എന്നെഴുതി വെക്കാന്‍ മാത്രം എന്‍റെ അഹങ്കാരം വളര്‍ന്നിട്ടില്ല . അതുകൊണ്ട് തന്നെ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. അടുത്ത അവധിക്കാലം വരെ ഊര്‍ജ്ജം നല്‍കാന്‍ അനുഭവങ്ങളുടെ ഒരു വസന്തം സമ്മാനിച്ചതിന്.

നാളെ വീണ്ടും ബഹറിനിലേക്ക് . പുറത്തു നല്ല പെരുമഴയുടെ ആരവം കേട്ട് ഞാന്‍ കുറിക്കുന്ന ഈ എളിയ വരികള്‍ക്ക് നിങ്ങളെഴുതുന്ന അഭിപ്രായം ഞാന്‍ വായിക്കുക ഒരുപക്ഷെ അവിടത്തെ ചൂടിലായിരിക്കും. അപ്പോള്‍ അന്തരീക്ഷത്തിലെ ചൂടിനും മനസ്സിലെ ചൂടിനുമിടയില്‍ സങ്കടപ്പെടുന്ന എനിക്ക് കുളിര് നല്‍കാന്‍ ഞാന്‍ കണ്ടുകൊണ്ടെഴുതുന്ന ഈ പെരുമഴയുടെ ഓര്‍മ്മകള്‍ക്ക് കഴിയുമായിരിക്കും.

എങ്കിലും ഒന്ന് ആഗ്രഹിച്ചുപോകുന്നു. കാലത്ത് എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ചെമ്പരത്തി പൂവ് മാത്രം വാടാതിരുന്നെങ്കില്‍ ...!

51 comments:

  1. തിരിച്ച് വീണ്ടും പ്രവാസത്തിലേക്ക്. അപ്പോള്‍ മനസ്സില്‍ വരുന്ന കാര്യങ്ങള്‍ അല്‍പം കാല്പനികത ചേര്‍ത്ത് പറയുന്നു.
    "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍"

    ReplyDelete
  2. ചെറുവാടി ഞാന്‍ കണ്ട സ്ഥലമാണ്. അത് ചെറുവാടിയല്ല. വലിയ വാടി തന്നെയാണ്. അവിടെയെനിക്കൊരു പരിചയക്കാരന്‍ ഉണ്ട്. ജമാല്‍ ചെറുവാടി. ചെറുവാടിയെ പോലുള്ള ഒരു സ്ഥലത്ത് ജനിച്ചു വളര്‍ന്ന ഒരാള്‍ അവിടം പിരിഞ്ഞു പോരുമ്പോള്‍ ഉണ്ടാകുന്ന മാനസിക വേദന ഊഹിക്കാം.....നാഥന്‍ മാനസിക ധന്യത നല്‍കട്ടെ...ആമീന്‍.....

    ReplyDelete
  3. >> ചിലത് നഷ്ടപ്പെടുതിയല്ലേ മറ്റുചിലത് നേടാന്‍ പറ്റൂ.<< സത്യം....... പക്ഷെ ഈ കൊടുക്കല്‍ വാങ്ങലിന്റെ ആകെ തുക നഷ്ടം മാത്രമാണ് പലര്‍ക്കും. പെരുമഴയുടെ കുളിര്‍മ്മയില്‍നിന്നും പൊരിവെയിലിന്റെ തീപ്പൊയ്കയിലേക്ക് തിരികെ സ്വാഗതം..... ആ ചെമ്പരത്തിപ്പൂവ് വാടാതെയിരിക്കട്ടെ..........

    ReplyDelete
  4. ആ ചെമ്പരത്തി രണ്ട് ദിവസം കഴിഞ്ഞാൽ വാടും.ഉമ്മാനെ ഒറ്റക്കാക്കിയില്ലോ.

    ReplyDelete
  5. ചെറു വാടി യിലെ പൂക്കള്‍ വാടാതിരിക്കട്ടെ ...വെല്‍ക്കം ബാക്ക് ....:)

    ReplyDelete
  6. ആ ഓര്‍ക്കിഡ് ചെടികള്‍ ഞാന്‍ "ഈനിക്ക്" പറിച്ചു കൊടുത്തത് ഇപ്പോയും എന്റെ ഓര്‍മയില്‍ ഉണ്ട് .... ശുഭ യാത്രയും ദീര്കായുസും നേരുന്നു ........

    ReplyDelete
  7. ജീവിതം ഇങ്ങനെയൊക്കെ തന്നെ.. പലതും കിട്ടുമ്പോൾ മറ്റുചിലത് നഷ്ടപ്പെടുന്നു... പക്ഷെ ജീവിതം ഇതല്ല, ഇനി ഒരു പരിപൂർണ്ണ ജീവിതം വരാനുണ്ട് എന്ന വിശ്വാസമുള്ളപ്പോൾ ഇതൊന്നും ഒരു നമ്മെ തളർത്തുന്നില്ല...

    വിടവാങ്ങലിന്റെ വേദന അനുഭവിപ്പിക്കുന്ന പോസ്റ്റ്.. എല്ലാ ആശംസകളും

    ReplyDelete
  8. ഏയ്‌ ... ഫീലിംഗ് ആക്കല്ലേ ...

    ReplyDelete
  9. ജോക്കെര്‍ സിനിമയില്‍ ഒരു ഡയലോഗ് കേട്ടിട്ടില്ലേ... " എന്തൊക്കെ സംഭവിച്ചാലും.. the show must go on "

    അത് തന്നെ ഓരോ പ്രവാസിയുടെയും ജീവിതം :)

    ReplyDelete
  10. ആ ചെമ്പരത്തി വാടാതിരിക്കാനുള്ള 'വെള്ളവും വളവും' ബഹറിനില്‍ നിന്ന് അയച്ചുകൊടുത്തുകൊണ്ടേയിരിക്കുക.

    ReplyDelete
  11. ലീവു തീര്‍ന്നു അല്ലെ ഇക്കാ..മനോഹരമായ അവധിക്കാലത്തിനു ശേഷം വീണ്ടും മരുഭൂമിയിലേക്ക് അല്ലെ! സ്വാഗതം!!

    ReplyDelete
  12. പ്രിയ മന്‍സൂര്‍ ,

    വിടരുന്ന പൂക്കളൊക്കെ വാടും ,കൊഴിയും അത് ലോകസത്യം .......
    അതേ വല്ലികള്‍ പിന്നെയും തളിരിടും ,പൂവിടും വീണ്ടും കൊഴിയും ......
    ജീവിതവും ഇങ്ങനൊക്കെ തന്നെ അല്ലെ ചെറുവാടി ......
    "രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് എന്നും മുറ്റത്ത്‌ കുറച്ച് നേരം നില്‍ക്കുന്ന എന്നെ കാണാതാവുമ്പോള്‍ അന്വേഷിച്ച് വാടുമോ ഈ പൂക്കളെല്ലാം."
    അങ്ങനെ ഒരു "വ്യാമോഹം" വേണ്ട .മന്‍സൂറിനെ കണ്ടില്ലാന്നു പറഞ്ഞു അവരാരും വാടാന്‍ പോണില്ല :-)

    സന്തോഷത്തോടെ ബഹറിനിലേക്ക് പോകൂ .....അടുത്ത വരവിനു വീണ്ടും ഒരു മഴക്കാലം പൂക്കളുടെ പുതു വസന്തം നിറച്ചു താങ്കള്‍ക്കുവേണ്ടി കാത്തിരിക്കും.കഥകളുടെ ഓളങ്ങള്‍ നിലക്കാതെ ചാലിയാറും , ഇരുവഴിഞ്ഞിയും അപ്പോഴും ഒഴുകുന്നുണ്ടാകും ....

    ചെമ്പരത്തിയുണ്ടാകുമോ എന്തോ ......ഓര്‍ക്കിഡ് തീര്‍ച്ചയായും കാണും .
    എന്‍റെ അഭിപ്രായങ്ങള്‍ ഇനി ബഹറിനിലെ ചൂടില്‍ വായിച്ചു എന്ന് പരാതിവേണ്ട .തുള്ളി തോരാതെ പെയ്യുന്ന ഈ പെരുമഴയില്‍ തന്നെ വായിച്ചോളു :-)

    ശുഭ യാത്രാ ....

    ReplyDelete
  13. അത് വാടിയാലും ഇനിയും അനേകം മൊട്ടുകൾ വിടരുമല്ലോ എന്നുള്ള ഒരു ആശ്വാസമില്ലേ ഭായ്

    ReplyDelete
  14. 12 ദിവസത്തെ ലീവ് കഴിഞ്ഞ് കഴിഞ്ഞയാഴ്ച തിരിച്ചെത്തിയപ്പോള്‍ തോന്നിയ അതേ ഫീലിങ്ങ്. ഇനി ഓഗസ്റ്റ് പകുതിയ്ക്ക് പോയി, കെട്ട്യോളെയും കുട്ട്യോളെയും കൂട്ടി വരണം. നാട്ടില്‍ വിട്ടിട്ട് പോരുന്ന മാതാപിതാക്കളേയും നമ്മെയും ദൈവം കാക്കട്ടെ.. :)

    ReplyDelete
  15. മനസ്സിന്റെ നന്മ ആ ചെമ്പരത്തി വാടില്ല

    ReplyDelete
  16. ചെരുവാടിയിലെ കുളിര്‍ ഈ പ്രവാസ ചൂടില്‍ ‍ ഞാനും അനുഭവിച്ചു..
    ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  17. കോരിച്ചൊരിയുന്ന മഴയില്‍ നിന്നും
    ഉള്ളു തണിപ്പിച്ച കുളിരില്‍ നിന്നും
    48-50% ഡിഗ്രി ചൂടിലേക്ക്
    ഉഷമളമായ സ്വാഗതം.
    നാട്ടില്‍ നിന്നും കൊണ്ടുവന്ന വിശിഷ്ട വിഭവങ്ങള്‍
    കഴിക്കുമ്പോള്‍ ഞങ്ങളെയും ഒന്ന് ഓര്‍ക്കണം

    ReplyDelete
  18. അതൊരിക്കലും വാടില്ല ചെറുവാടി. പൂന്തോട്ടത്തിലെ പൂക്കള്‍ നമ്മള്‍ നനച്ചത്‌ നമ്മുടെ കണ്ണ് നീരുകൊണ്ടല്ലേ. അതിന്റെ നിറങ്ങളില്‍ കാണുന്നത് നമ്മുടെ സ്വപ്നങ്ങളും .. യാത്ര പറയുന്ന നേരത്ത് , നനഞ്ഞു നില്‍ക്കുന്ന മഴയിലും ഒന്ന് പൊള്ളിയിട്ടുണ്ടാകും അതിന്റെ ഹൃദയവും.. ഒരു തേങ്ങലില്‍ ഒരായിരം പ്രാര്‍ഥനയും ഉയര്‍ന്നിട്ടുണ്ടാകും വീണ്ടും ഒരു കണ്ടുമുട്ടലിന്നായ്.. ഒരു തലോടലിന്റെ നിമിഷത്തിനായ്..

    ReplyDelete
  19. ആ ചെമ്പരത്തി വാടട്ടെ..
    എങ്കിലല്ലേ പുതിയ പൂക്കള്‍ പിറക്കുകയുള്ളു..
    ചെറുവാടി വരുമ്പോഴേക്കും പുതിയ പൂക്കള്‍ വിടര്‍ന്നു കാത്തിരിക്കും.തീര്‍ച്ച.
    മനോഹരമായ പോസ്റ്റ്.

    ReplyDelete
  20. പ്രവാസിയല്ലാത്ത ഞാന്‍ എന്താണ് പറയുക.
    പ്രവാസമനസ് ഇപ്പോള്‍ എനിക്കും തിരിച്ചറിയാനാവുന്നുണ്ട്

    ഇഷ്ടപ്പെട്ടു ഈ രചന

    ReplyDelete
  21. "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍"

    പ്രവാസം, ആര് കണ്ടുപിടിച്ചു എന്ന് ഞാന്‍ ഓര്‍കാറുണ്ട്

    ReplyDelete
  22. കൊച്ചുകള്ളന്‍, ചെമ്പരത്തിയോട് മാത്രേ ഇത്ര സ്നേഹം‌ള്ളൂ ലെ. ഉം ഉം മനസ്സിലാവണൊണ്ട്ട്ടാ :P

    എന്നാ പിന്നെ വെക്കം ഇങ്ങ് പോരെ. ഇങ്ങളൊക്കെ പ്രവാസലോകത്തിനൊരു വാഗ്ദാനാണ് മോനേ.....!! പിന്നെ വേണെങ്കി സെന്‍‌റി ഡയലോഗൊക്കെ അടിക്കാമാരുന്നു. അത് പക്ഷേ ഇപ്പം വേണ്ട. ഒരു ആത്മാവ് കൂടി ഇങ്ങ് പോരുന്ന സന്തോഷം ആത്മാര്‍ത്ഥമായി അറിയിക്കട്ടെ! യീ.......ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ :)

    ReplyDelete
  23. ബഹ്‌റൈന്‍ ഉള്ലോരെഴുതുപെട്ടി ........
    അന്ന് തുറന്നപ്പോള്‍ കത്തുകിട്ടി ....................

    WELCOME BACK!

    ReplyDelete
  24. വരൂ വരൂ, വെല്‍കം ബായ്ക്ക്.

    ReplyDelete
  25. ചെമ്പരത്തിയും മാങ്ങയുമൊക്കെ അവിടെ നിക്കട്ടെ, ഇവിടെ നല്ല ഈത്തപഴങ്ങള്‍ കായ്ച്ചുനില്‍ക്കുന്നു ഓടിവാ

    ReplyDelete
  26. ചെമ്പരത്തി വാടാതിരിക്കട്ടെ....

    ReplyDelete
  27. ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, എൻ പ്രിയ മൻസൂർ നിന്നെ ഓർത്തിട്ടു ഞാൻ .. എന്ന് ചെമ്പരത്തി മൂളുന്നുണ്ട്.

    ReplyDelete
  28. ചെമ്പരത്തിപ്പൂവിന്റെ ചെറിയൊരു കലക്ഷന്‍ എന്റെടുത്തുണ്ട്.

    ReplyDelete
  29. ചെമ്പരത്തി പൂവ് വാടാതിരിക്കട്ടെ..

    ReplyDelete
  30. അതൊന്നും വാടില്ലാ... നീ ധൈര്യമായിട്ട് ഇങ്ങു വാ ...

    ReplyDelete
  31. ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കാം എന്നു പറഞ്ഞതു കൊണ്ടു പറയുകയാ,കഴിയുമെങ്കില്‍ എത്രയും നേരത്തെ ഈ പ്രവാസം മതിയാക്കുക.നമ്മുടെ “കൂട്ടുകാരന്‍“ ഹംസയെ ഈയിടെ കണ്ടിരുന്നു. അയാള്‍ തല്‍ക്കാലം കുറച്ചു നാട്ടില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞു. താങ്കളുടെ ഓരോ പോസ്റ്റിലും നാടിനോടും വീടിനോടുമുള്ള ആ അടുപ്പം കാണുന്നതു കൊണ്ട് പറയുന്നതാ...

    ReplyDelete
  32. എല്ലാ ചെമ്പരത്തിയും ഒരിക്കൽ വാടും.., നമ്മുടെ മനസ്സിലൊഴികെ...എന്നാലും ചെറുവാടിയുടെ ചെമ്പരത്തിക്ക് ദീർഘായുസ് നേരുന്നു.

    ReplyDelete
  33. ഉമ്മ വിളമ്പി തരുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ആ ഭക്ഷണത്തിന്‍റെ രുചി ഓര്‍ക്കുമ്പോള്‍, ആ മടിയില്‍ കിടന്ന് തലയില്‍ തലോടുമ്പോള്‍ അനുഭവിക്കുന്ന വാത്സല്യത്തിന്‍റെ ഓര്‍മ്മ വരുമ്പോള്‍ എനിക്ക് തിരിച്ച് ഓടിവരാന്‍ തോന്നുമായിരിക്കും. ..sathyam aanu kettaa..bhayee kure nalaayi ivide bannittu kurchu thirakkaayirunnu kettaa sukhamalle...

    ReplyDelete
  34. ആ ചെമ്പരത്തി വാടുകയോ വാടതിരിക്കുകയോ എന്നതല്ല, നമ്മുടെ മനസ്സിലെ ചെമ്പരത്തി പൂക്കള്‍ എന്നും വാടാതിരിക്കട്ടെ. നമുക്ക് പിന്നെ വരുന്നവര്‍ അവരുടെ മനസ്സുകളിലും ചെമ്പരത്തി പൂക്കളും വാടാ മല്ലി ചെടികളും വെച്ചു പിടിപ്പിക്കട്ടെ. ഒരു പക്ഷെ ആ ചെമ്പരത്തി ചെടിക്ക് കിട്ടുന്ന വെള്ളത്തിനേക്കാള്‍ വളമെയെക്കാള്‍ ആ ചെടിക്ക് നില നില്ക്കാന്‍ ചെറുവാടി യുടെ ഈ മനസ്സ് മാത്രം മതിയാകും. ആ ചെമ്പരത്തി മാത്രമല്ല നമ്മുടെ മനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന പിച്ചക പടര്‍പുകളും മുല്ല വള്ളികളും ഒന്നും വാടില്ല. സൃഷ്ടാവിന് സര്‍വ സ്തുതിയും

    ReplyDelete
  35. ഇത്ര വേഗം അവധി തീര്‍ന്നോ..?

    ReplyDelete
  36. മനസിലെ മലര്‍വാടിയില്‍ ഓര്‍മ്മകളുടെ ചില്ല് കൂട്ടില്‍ എന്നും ആ ചെമ്പരത്തി വാടാതെ തന്നെയിരിക്കട്ടെ ....

    (പിന്നെ ഇവിടുത്തെ ചൂടില്‍ എല്ലാ ചെമ്പരത്തിയും വാടി പോകും )

    ReplyDelete
  37. അപ്പൊ തിരിച്ചു പോരുന്നതിന്റെ സങ്കടത്തില്‍ ആണല്ലേ ... :(

    ReplyDelete
  38. മനസ്സിൽ ഒരു പൂക്കാലം ഒരുക്കിത്തന്നില്ലേ അവൾ...നല്ല ഓർമ്മകളുമായി തിരികെ വരൂ..ഓർമ്മകൾ നഷ്ടബോധം നിറയ്ക്കാതെ ഉണർവ്വേകട്ടെ അടുത്ത അവധിക്കാലം വരെ...

    ReplyDelete
  39. പ്രവാസിയുടെ മനസ്സിലെ വിതുമ്പല്‍ ഉള്‍കൊണ്ടു.

    ReplyDelete
  40. എന്തൊക്കയായിരുന്നു "മലപ്പുറം കത്തി ,തോക്ക് ,കൊടുവാള്‍ ,..!അവസാനം പവനായി ....ആയി ..ഇതാ പറയുന്നത്‌ ഒരിക്കലും നാട്ടില്‍ പോകരുത്‌ എന്ന് ! എന്തായാലും കാശും ഒരു മാസവും പോയാലെന്താ...തിരിച്ചു പോരുമ്പോള്‍ കുറെ നല്ല ഓര്‍മകളല്ലേ ആ പെട്ടി നിറയെ? ഇനി ഓരോന്നായി അതിങ്ങട്ടു പോന്നോട്ടേ ..! (ഞാനാരാണെന്ന് എനിക്കറിയില്ലങ്കില്‍ ഞാന്‍ എന്നോട് ചോദിക്കാം ഞാനാരാണെന്നു .അപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞു തരാം ഞാന്‍ ആരാണെന്നു ..ഞാനെന്തിനു എന്നേ പറ്റി മറ്റുള്ളവരോട് ചോദിച്ചു അവരുടെ വായില്‍ ഉള്ളത് കേള്‍ക്കണം ????)

    ReplyDelete
  41. പ്രിയപ്പെട്ട മന്‍സൂര്‍,
    മഴ മാറി നിന്ന ഈ ദിവസം,മനോഹരമായൊരു ചെമ്പരത്തി കണ്ടു വല്ലാതെ മോഹിച്ചു!എത്ര പെട്ടെന്ന് അല്ലെ,ദിവസങ്ങള്‍ ഓടി പോയത്!എന്നും നാട്ടില്‍ തന്നെ നിന്നാല്‍,ചെമ്പരത്തി ചെവിയില്‍ വെക്കാം എന്ന് പറഞ്ഞു പോസ്റ്റ്‌ എഴുതുമായിരുന്നു!ഇതിപ്പോള്‍ പ്രവാസി ആയതു കൊണ്ടല്ലേ,മണ്ണും പൂക്കളും,മഴയും ഹൃദയത്തിന്റെ വിങ്ങലാകുന്നത്!പ്രിയപ്പട്ടവരില്‍ നിന്നും അകലുമ്പോള്‍, സ്നേഹം അണ പൊട്ടി ഒഴുകും!കൂടെയാകുമ്പോള്‍,സ്നേഹത്തിനു തടയണ!എന്തൊരു വിരോധാഭാസം!അല്ലെ?
    ആ ചെമ്പരത്തി ഇങ്ങു തരാമായിരുന്നു...അടുത്ത മാസം ഞാനും തിരിച്ചു പോകും....തിരക്കിന്റെ ലോകത്തിലേക്ക്‌...പലേ ഭാഷ പറയുന്ന കൂട്ടുകാരുടെ അടുത്തേക്ക്!പക്ഷെ ഈശ്വരന്‍ എനിക്ക് കണി കണ്ടു ഉണരാന്‍ ഒരു നീലസമുദ്രം തന്നിട്ടുണ്ട്!അതാണ് ആശ്വാസം!അങ്ങിനെ ചില വരങ്ങള്‍ മന്സൂരിനും ഇല്ലേ?ഒന്ന് മുതല്‍ എണ്ണി തുടങ്ങു...:)
    അപ്പോള്‍ ചിരിക്കു....ഉമ്മയെ ചിരിപ്പിക്കു...മനസ്സിലെ ചെമ്പരത്തി ഒരിക്കലും വാടാതിരിക്കട്ടെ...
    എഴുതാമെന്ന് പറഞ്ഞ ഒരു പോസ്റ്റ്‌ എഴുതി കണ്ടില്ലല്ലോ...എന്ത് പറ്റി?
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  42. ഹാ....ചെറുവാടീ ..... പ്രവാസിയുടെ തിരിച്ചുപോക്കിന്റെ നൊമ്പരം ആണെങ്കിലും ആ വരികളിലെ മനോഹാരിത അഭിനന്ദനാര്‍ഹം...നല്ല ഒഴുക്കുള്ള എഴുത്ത്..
    മനസ്സില്‍ തണുത്ത തെളിനീര്‍ ഒഴുകിയ പോലെ...
    ആശംസകള്‍...ആ ചെമ്പരത്തി മാത്രം വാടാതിരിക്കട്ടെ ......

    ReplyDelete
  43. വായിച്ചു ..നല്ല എഴുത്ത് എന്ന് പറയാമോ ?സാധാരണ എഴുതുന്ന ഒരു ഫീല്‍ വന്നില്ല എന്ന് പറഞ്ഞാല്‍ സങ്കടം ആവില്ലല്ലോ ....തിരിച്ചെത്തിയല്ലോ ..ഇനി തീവ്രത കൂടും ...

    ReplyDelete
  44. ഗൃഹതുരത്വം നിറഞ്ഞ നല്ല കുറിപ്പ്‌.

    ReplyDelete
  45. അതെ... ആ ചെമ്പരത്തിവിടചൊല്ലാതിരുന്നെങ്കില്‍ .......... ഹൃദയസ്പര്‍ശിയായിരിയ്ക്കുന്നു ചെറുവാടീ... സ്നേഹാശംസകള്‍ ... നന്ദി,....

    ReplyDelete
  46. Those flowers will forget you sooner than later and they will whither away at their time whether you are there or not;that is the law of nature.There will be fresh flowers may be of plastic or paper
    However it gives immense pleasure to write and to read about the lost flowers in a slightly sentimental tone.well wrtten Congrats

    ReplyDelete
  47. മനസ്സില്‍ അങ്ങിനെ ഇപ്പോഴും വിരിഞ്ഞു നില്‍ക്കട്ടെ നാടിന്‍ ഓര്‍മ്മകളുമായി
    പക്ഷെ അത് സ്ഥാനം തെറ്റി ചെവി പുറകില്‍ അകല്ലേ ശ്രദ്ധിക്കുക
    നല്ല പോസ്റ്റ്‌

    ReplyDelete
  48. ചെറുവാടിയ്ക്ക് ഉമ്മയേയും നാടിനേയും ഓര്‍ക്കുമ്പൊ സങ്കടാവുന്നുണ്ടല്ലേ, സാരെല്ലാ ട്ടൊ..കണ്ടില്ലേ ആശ്വാസിപ്പിയ്ക്കാന്‍ എത്ര കൂട്ടുകാരാ..സന്തോഷായിട്ടിരിയ്ക്കൂ.

    ആ ചുവന്ന ചെമ്പരത്തി പൂവ് ഇഷ്ടായി ട്ടൊ, ആ ദലങ്ങള്‍ വാടാതിരിയ്ക്കട്ടെ,അവിടെ പെയ്യും ഓരോ മഴയ്ക്കും അവരെ കാത്തുകൊള്ളാനാകട്ടെ എന്ന് പ്രാര്‍ത്ഥന..
    പ്രകൃതി മനുഷ്യനില്‍ സ്വാധീനിയ്ക്കും ഓരോ അഭിനിവേശങ്ങള്‍ അല്ലേ..
    ന്റ്റെ വീട്ടില്‍ പൂത്തു വിരിഞ്ഞു, ഞാന്‍ കോര്‍ത്ത മുല്ലമാലയും നെഞ്ചിലേറ്റി കൊണ്ടായിരുന്നു ന്റ്റെ തിരിച്ചു വരവ്..ഒരു ചുവന്ന ചെമ്പരത്തിപ്പൂവായി ചെറുവാടിയും..ഇഷ്ടായി ട്ടൊ, സന്തോഷം.

    ReplyDelete
  49. വിട്ടുനിക്കുന്നവർക്കെ വിലയറിയൂ…

    ReplyDelete
  50. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.
    അവധിയില്‍ ആയിരുന്നതിനാല്‍ പലരുടെയും പോസ്റ്റുകള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. സമയം പോലെ വായിച്ചെടുക്കാം ക്ഷമിക്കുമല്ലോ. നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി അറിയിക്കട്ടെ.

    --

    ReplyDelete
  51. നാട്ടിൽ ഇപ്പോൾ നല്ല പെരുമഴക്കാലം...!!!
    അതും കളഞ്ഞിട്ട് ഈ വറചട്ടിയിലേക്കോ...?
    എന്തിനാ ചെറുവാടീ ഈ അതിസാഹസം...?!!
    പാവം പ്രവാസി....!!

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....