Saturday, November 19, 2011

മഞ്ഞ് പുതച്ച വഴിയിലൂടെ



"ഈ നാട്ടുവഴിയിലെ കാറ്റ് മൂളണ പാട്ട് കേട്ടില്ലേ " എന്ന മനോഹരമായ ഗാനം സ്റ്റീരിയോയില്‍ നിന്നും ഒഴുകി വരുന്നു. പക്ഷെ ഞങ്ങളിപ്പോള്‍ നാട്ടുവഴിയില്‍ അല്ലല്ലോ. കാട്ടുവഴിയിലല്ലേ. പക്ഷെ കാറ്റുണ്ട്. യാത്രയില്‍ വീശുന്ന കാറ്റിന് സംഗീതം കാണും. പറയാന്‍ കഥകളും കാണും. അതൊരുപക്ഷെ ഓര്‍മ്മകളുടെതാവാം, ചരിത്രത്തിന്റെതാവാം, സന്തോഷവും വിരഹവും അതില്‍ വന്നേക്കാം. പക്ഷെ വയനാടന്‍ ചുരത്തിന്റെ ഒമ്പതാം വളവില്‍ എനിക്കോര്‍ക്കാനുള്ളത് ഇതുവഴി മുമ്പ് പോയ ഒത്തിരി യാത്രകളുടെ സന്തോഷം തന്നെയാണ്.



കോടമഞ്ഞ്‌ കാഴ്ച്ചകളെ പറ്റെ മറച്ചിട്ടുണ്ട്‌. നല്ല തണുപ്പും. ചൂടുള്ള ചായയും ഊതികുടിച്ച്‌ , മഞ്ഞു മറച്ച താഴ്വാരങ്ങളിലേക്ക് നോക്കി നില്‍ക്കാന്‍ നല്ല രസമുണ്ട്. പക്ഷെ ഇതൊരു ഇടത്താവളം മാത്രം. ഞങ്ങള്‍ക്ക് പോവേണ്ടത് മറ്റൊരു സ്ഥലത്തേക്കാണ്‌. ഇന്നൊരു ദിവസം വയനാടന്‍ പ്രകൃതിയോടൊപ്പം രമിച്ച് നാളെ ഗോപാല്‍സാമി ബേട്ടയിലേക്ക് പോവണം. ഗുണ്ടല്‍ പേട്ടയില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ പോയാല്‍ ഇവിടെയത്താം. മറ്റൊരു പ്രകൃതി വിസ്മയത്തിലേക്ക്.



പതിവ് പോലെ ഇറങ്ങാന്‍ ഉച്ച കഴിയേണ്ടി വന്നു. ഈ വഴിക്കുള്ള യാത്ര രസകരമാണ്. കാടും കൃഷിയിടങ്ങളും മാറി മാറി വരും. എല്ലായിടത്തും നിര്‍ത്തി അതെല്ലാം ആസ്വദിച്ചാണ് ഞങ്ങള്‍ നീങ്ങുന്നത്‌. കാട്ടാനകള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ ഏറുമാടങ്ങള്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. അതിലൊന്നില്‍ കയറിക്കൂടി പരിസരമൊക്കെ ഒന്ന് കാണണമെന്ന് എനിക്ക് നല്ല പൂതിയുണ്ടായിരുന്നു. പക്ഷെ പരിസരത്തൊന്നും ആരെയും കാണാത്തതിനാല്‍ ആ ആഗ്രഹം നടന്നില്ല.





കടന്ന് പോകുന്ന വഴികളിലെല്ലാം ഈ നാട്ടുക്കാരുടെ വിശ്വാസത്തിന്റെ അടയാളം കാണാം. വലിയ മരത്തിനു താഴെ ചെറിയ പ്രതിഷ്ഠകള്‍ . എന്റെ വിശ്വാസം മറ്റൊന്നെങ്കിലും ദൈവിമകായ ഇത്തരം അടയാളങ്ങള്‍ കാണിക്കുന്നത് മനുഷ്യരുടെ നല്ല വശങ്ങള്‍ തന്നെ. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും സന്തോഷം തോന്നും. കൃഷിയോടും മറ്റൊരു ദൈവികമായ കാഴ്ചപ്പാട് ഇവര്‍ക്ക്. ഗോപാല്‍സാമി ബേട്ടയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മൂന്നു നാല് ചെറിയ അമ്പലങ്ങള്‍ കണ്ടു.





രണ്ട് വശത്തും കാട്. അതിനു നടുവിലൂടെയുള്ള ചുരം കയറിയാല്‍ ഗോപാല്‍സാമി ബേട്ട എത്തി. ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഈ കാടുകളിലും വന്യ മൃഗങ്ങള്‍ ധാരാളം. ചുരം കയറുന്നതിനു മുമ്പ് താഴ്വാരത്ത് നല്ല തെളിച്ചമുള്ള കാലാവസ്ഥ ആയിരുന്നു എങ്കില്‍ മുകളില്‍ എത്തിയപ്പോള്‍ കഥ മാറി. കോടമഞ്ഞു കാരണം റോഡ്‌ തന്നെ കാണാനില്ല എന്ന അവസ്ഥ. പക്ഷെ ഞങ്ങള്‍ ബുദ്ധിമുട്ടി മുന്നോട്ട് തന്നെ നീങ്ങി. പക്ഷെ ഇവിടെത്തിയപ്പോള്‍ ചെറിയൊരു നിരാശ തോന്നുന്നു. തൊട്ടടുത്ത്‌ നില്‍ക്കുന്നവരെ പോലും കാണാന്‍ കഴിയാത്ത വിധത്തില്‍ കോടമഞ്ഞ്‌ നിറഞ്ഞിട്ടുണ്ട്‌. നിരാശ ആണെന്ന് പറയാന്‍ പറ്റില്ല. കാരണം മുമ്പിടെ വന്നപ്പോള്‍ നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. അന്ന് വിരുന്നൂട്ടിയ ആ പ്രകൃതി സൌന്ദര്യം തേടിയാണ് ഞങ്ങള്‍ വീണ്ടും വന്നത്. പക്ഷെ മഞ്ഞ് പുതച്ച ഈ പ്രകൃതിക്കും ഉണ്ട് ഭംഗി ഏറെ.



കാഴ്ച്ചയുടെ സൌന്ദര്യവും ഭക്തിയുടെ നിറവും തേടി ഇവിടേയ്ക്ക് വരുന്നവര്‍ ഉണ്ട്. ഞങ്ങള്‍ വന്നത് പ്രകൃതിയെ അറിയാനായിരുന്നെങ്കിലും ഒരിക്കലും അവഗണിക്കാനാവില്ല ഇവിടെയുള്ള ഈ ക്ഷേത്രത്തെ.
"ഹിമവദ് ഗോപാല്‍സാമി ബേട്ട ക്ഷേത്രം". ഇതിന്റെ ഭംഗി , ശില്പ ചാരുത എല്ലാം എന്നെ വിസ്മയിപ്പിച്ചതാണ് പലപ്പോഴും. പക്ഷെ ഒരിക്കല്‍ പോലും അതിന്റെ ചരിത്രത്തിലേക്ക് എത്തി നോക്കാന്‍ പറ്റിയിട്ടില്ല എനിക്ക്. ആ വിഷമം ഇത്തവണ മാറി.





എനിക്ക് കൂട്ടിനു കിട്ടിയത് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെ തന്നെയാണ്. ഗോപി സ്വാമി . ക്ഷേത്രവും അതിനോടനുബന്ധിച്ച കഥകളും വിശദമായി പറഞ്ഞു തന്നു സാമി. AD 1315 ല് ചോള രാജാക്കന്മാരില്‍ ഒരാള്‍ പണികഴിപ്പിച്ചത് ആണ് ഇത്. ആ രാജാവിന്റെ പേര് സാമി പറഞ്ഞു തന്നെങ്കിലും അത് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് എന്റെ തെറ്റ്. എഴുപത്തിരണ്ട് കുളങ്ങള്‍ ഈ ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ട്. എല്ലാം കാട്ടിനകത്താണ്. അനുമതി കിട്ടില്ല പോവാന്‍ . ഓരോ കുളത്തിനും ഓരോ പേരും അതിന്റെ പിറകില്‍ ഓരോ കഥകളും ഉണ്ടത്രേ.

സന്താനലബ്ധിക്ക് വളരെ ഫലം ചെയ്യും ഇവിടെ പ്രാര്‍ഥിച്ചാല്‍. കൂടുതല്‍ പ്രാര്‍ഥനയും വഴിപ്പാടും നടക്കുന്നത് ആ വഴിക്കാണ്. അതിനു പിന്നിലും ഒരു കഥയുണ്ട്. അതും ഗോപി സ്വാമി പറഞ്ഞു തന്നിരുന്നു. പക്ഷെ ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് കൊണ്ട് ഒരു വിശ്വാസത്തിന്റെ പുറത്തുള്ള കാരണത്തെ അവ്യക്തമായി എഴുതാന്‍ പ്രയാസം തോന്നുന്നു.

വര്‍ഷങ്ങളില്‍ നടക്കുന്ന രഥോത്സവം ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. വളരെ വിപുലമായ രീതിയില്‍ ആണത്രേ ഇത് കൊണ്ടാടുന്നത്. ആ സീസണില്‍ വരണമെന്ന് ഗോപി സാമി സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എതെന്ന എന്റെ ചോദ്യത്തിനു രസകരമായാണ് അദ്ദേഹം മറുപടി തന്നത്.
"ഉങ്ക കേരളാവ് കൃഷ്ണന്‍ "
ശ്രീ കൃഷ്ണനെ അങ്ങിനെ കേരളത്തിന്‌ മാത്രമായി പതിച്ചു നല്‍കാന്‍ ഗോപി സ്വാമി തുനിഞ്ഞത് , ഗുരുവായൂര്‍ അമ്പലത്തിന്റെ പ്രസിദ്ധി കൊണ്ട് തന്നെയാവണം. മറ്റൊരു കാരണം ഇല്ലല്ലോ. പക്ഷെ ശ്രീകോവില്‍ വരെ കയറി കൃഷ്ണനെ കാണാന്‍ ഞാന്‍ നില്‍ക്കാഞ്ഞത് ഹൈന്ദവ വിശ്വാസങ്ങളോടുള്ള ബഹുമാനം കൊണ്ട് തന്നെ. അവിടത്തെ സാഹചര്യം അത് വിലക്കുന്നില്ലെങ്കിലും. കൃഷ്ണന്‍ ഗുരുവായൂര്‍ നടയില്‍ ഇരുന്നാലും ഈ കുന്നിന്‍ പുറത്തെ അമ്പലത്തില്‍ ഇരുന്നാലും ഒന്ന് തന്നെ, അങ്ങിനെ വരുമ്പോള്‍ ഗുരുവായൂരില്‍ ദര്‍ശനം സാധിക്കാതെ പരിഭവിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഇവിടെ വന്നൂടെ. അവരുടെ ഇഷ്ട ദൈവം ഇവിടെയുമുണ്ടല്ലോ . ഇങ്ങിനെ എന്റെ തലതിരിഞ്ഞ ബുദ്ധിയില്‍ തോന്നിയത് അവിവേകമാണെങ്കില്‍ എന്റെ വിവരക്കേട് ഓര്‍ത്ത് ക്ഷമിക്കുമല്ലോ. ഞാനുദ്ദേശിച്ചത് ചിലരുടെ വ്യക്തിപരമായ പരാതിയുടെ കാര്യം മാത്രം. അല്ലാതെ ക്ഷേത്രത്തിന്റെ കര്‍മ്മ വിധികളെ ചോദ്യം ചെയ്യാന്‍ ഞാനാളല്ല.

ഏതായാലും അതി മനോഹരമായ പ്രകൃതിയോടെ ചേര്‍ന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഈ കുന്നിന് മുകളില്‍ ക്ഷേത്രം നില്‍ക്കുന്നത് കാണാന്‍ നല്ല പ്രൌഡിയുണ്ട്.

ഗോപി സ്വാമിയോട് നന്ദി പറഞ്ഞ് ഞങ്ങള്‍ അമ്പലം ഒന്നൂടെ ചുറ്റി കണ്ടു. ഇനി അധികം ഇവിടെ നിന്നാല്‍ ചുരമിറങ്ങാന്‍ പറ്റില്ല. കാരണം അത്രക്കും കൂടുതലാണ് കോടമഞ്ഞ്‌. മഞ്ഞ് മറച്ച ദൃശ്യങ്ങള്‍ കാണാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ നിരാശയില്ല. പല തവണ വന്നിട്ടും അറിയാതെപ്പോയ ഈ അമ്പലവും അതിനോട് ചേര്‍ന്ന ചരിത്രവും അറിയാന്‍ കഴിഞ്ഞല്ലോ.

മഞ്ഞിനൊപ്പം മഴക്കൂടി പെയ്യുന്നു. പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെ ഡ്രൈവിംഗ് ദുഷ്കരമാണ്. പക്ഷെ അതിലും ഉണ്ട് ഒരു രസം. പതുക്കെ ഓടി താഴ്വാരത്തെത്തി. നേരെ കീഴ്മേല്‍ മറിഞ്ഞ കാലാവസ്ഥ. മഴയുമില്ല മഞ്ഞുമില്ല. തെളിഞ്ഞ മാനം. ഞാന്‍ തിരിഞ്ഞു നോക്കി. മേലെ കുന്നിന് മുകളില്‍ കോടമഞ്ഞ്‌ പുതച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.

79 comments:

  1. മന്‍സൂറിന്റെ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കാട്ടു പച്ച മണക്കും പോലെ തോന്നും. അത്രയ്ക്ക് ഗ്രാമീണ നിഷ്കളങ്കത നിറഞ്ഞ എഴുത്താണ്. ഇത്തവണയും അത് അനുഭവപ്പെട്ടു. വയനാടന്‍ ചുരം മുതല്‍ അവസാനം വരെ യാത്ര ചെയ്ത പ്രതീതി.

    ReplyDelete
  2. ഭായ്‌... ഫോട്ടോകളും വിവരണവും നന്നായിട്ടുണ്ട്...

    ആശംസകള്‍..

    ReplyDelete
  3. കൊതിപ്പിക്കുന്ന വിവരണം........ :)
    അസ്സലായിട്ടുണ്ട് ട്ടാ....

    ReplyDelete
  4. വീണ്ടും ഒരു വയനാടന്‍ യാത്ര പ്രേരിപ്പിക്കുന്ന പോസ്റ്റ്‌!
    ചിത്രങ്ങളും കേമം.
    (മന്‍സൂറിന് തന്മാത്ര പിടിപെട്ടു എന്നാ തോന്നണെ! ആരോടെങ്കിലും ഇത്തരത്തില്‍ വിവരങ്ങള്‍ അന്വേഷിക്കുംബോഴോ പ്രസക്തമായത് കേള്‍ക്കുംബോഴോ ആ മൊബൈലില്‍ ഒന്ന് റിക്കോര്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കൂ..)

    അഭിനന്ദനങ്ങള്‍.

    ReplyDelete
  5. വീണ്ടും ഒരു ചെറുവാടി യാത്രാ വിവരണം..
    വീണ്ടും മനോഹര്‍ ഭാഷ
    എ മുകളിലുള്ള ആദ്യ ഫോട്ടോകള്‍ വളരെ മനോഹരം..
    ബാക്കിയുള്ളത് മോശമെന്നല്ല..

    ReplyDelete
  6. മനോഹരമായ ഫോട്ടോസ്,

    ചിത്രങ്ങള്‍ കുറച്ചു കൂടി അവമായിരുന്നു എന്തോ ഒരു അപൂര്‍ണ്ണതയില്ലേ?

    ReplyDelete
  7. മന്‍സൂറിന്റെ രസകരവും, വിജ്ഞാനപ്രദങ്ങളായ യാത്രകളും
    പ്രകൃതിസൌന്ദര്യംപകര്‍ത്തിയെടുക്കുന്ന
    ചിത്രങ്ങളും,മനസ്സിന്റെ ക്യാന്‍വാസില്‍
    പതിപ്പിക്കാന്‍ പര്യാപ്തമായ രചനാവൈഭവവും അഭിനന്ദനാര്‍ഹം!
    ആശംസകളോടെ,
    സ.വി.തങ്കപ്പന്‍

    ReplyDelete
  8. വളരെ നന്നായ വിവരണം....തണുപ്പുകാലത്ത് കോടൽ മഞ്ഞിന്റെ കുളിർമ്മയും വസന്തകാലത്ത് സൂര്യകാന്തിപ്പൂക്കളുടെ നിറപ്പകിട്ടുമുള്ള മനോഹരമായ സ്ഥലം.....

    മനോഹരമായ വാക്കുകളിലൂടെയുള്ള ഓർമ്മപ്പെടുത്തലിനു നന്ദി..

    ReplyDelete
  9. മണ്‍സൂറിക്ക മനോഹരമായ യാത്ര കുറിപ്പ്...ഇക്കയുടെ ഓരോ യാത്ര വിവരണങ്ങളും വായിക്കുമ്പോഴും നാട്ടില്‍ പോകുമ്പോള്‍ ആ സ്ഥലങ്ങളൊക്കെ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്..അത് തന്നെയാണ് ഇക്കയുടെ എഴുത്തിന്റെ വിജയവും...അഭിനന്ദനങ്ങള്‍..

    ReplyDelete
  10. ഇക്കാ കോടമഞ്ഞുപോലെ...മനോഹരം അല്ലെങ്കിലും ചെറുവാടിയുടെ ....രചനകള്‍ക്ക് ..ഒരു പ്രത്യേകത ഉണ്ടല്ലോ ......ഞാന്‍ ഒരു നിര്‍ദേശം പറയട്ടെ അടുത്ത പോസ്റ്റ്‌ പ്രണയത്തെ കുറിച്ച് എഴുതൂ ..:) എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  11. മനോഹരം..കോടമഞ്ഞു നിറഞ്ഞുനില്‍ക്കുന്ന ആ വഴിയിലൂടെ ഞാനുമൊന്ന്‍ സഞ്ചരിച്ചു...

    ReplyDelete
  12. നല്ല യാത്രാ വിവരണം 

    ReplyDelete
  13. ആ വയനാട് ചുരം കയറി മുത്തങ്ങാ വഴി തമിഴ്നാട് പലതവണ പോയിട്ടുണ്ട് ...എന്നാലും ഇതേപോലെ ഒരു യാത്രാ വിവരണം എഴുതാന്‍ സാധിക്കണില്ലാല്ലോ ?...മന്സൂറിന്റെ പോസ്റ്റ്‌ വായിക്കുമ്പോള്‍ സത്യത്തിനു ചെറിയ അസൂയ ഉണ്ട്ട്ടോ ? തന്‍റെ യാത്രാ വിവരണം നന്നായിട്ടുണ്ട് ....ചിത്രങ്ങള്‍ സൂപ്പര്‍ ...

    ReplyDelete
  14. പതിവുപോലെ മനോഹരം. ഇത് മുന്‍പ് fb-യില്‍ ഇട്ടിരുന്നോ? ആ ഏഴാമത്തെ ചിത്രം മന്‍സൂര്‍ ഭായിയുടെ പ്രൊഫൈലില്‍ കണ്ടത് പോലെ തോന്നുന്നു.

    ReplyDelete
  15. പതിവുപോലെ വശ്യമനോഹരശൈലിയിൽ ഒരു യാത്രാവിവരണം...ചരിത്രത്തെ ഓർമ്മപ്പെടുത്തിയതും നന്നായി...ന്നാലും മുഴുവനും ഓർത്തു വയ്ക്കാർന്നു...സന്തോഷ് ബ്രഹ്മി കഴിച്ചോളൂ ട്ടോ.. ഓർമ്മ കിട്ടുംന്നാ പറേണെ..ഹിഹി...

    ReplyDelete
  16. മനോഹരമായ ഫോട്ടോസ്. വിവരണവും ഗംഭീരം.

    ReplyDelete
  17. നല്ല സചിത്ര ലേഖനം ,ആശംസകള്‍

    ReplyDelete
  18. പ്രിയ മന്‍സൂര്‍,

    മന്‍സൂറിനൊപ്പം വീണ്ടും ഒരു യാത്ര ആസ്വദിച്ചു.
    "ഹിമവദ് ഗോപാല്‍സാമി ബേട്ട ക്ഷേത്ര"ത്തെക്കുറിച്ച് സ്വാമി പറഞ്ഞത് ഓര്‍ത്തിരിക്കണ്ടേ മന്‍സൂര്‍... :-)

    എന്തായാലും ഈ പോസ്റ്റ്‌ ഒരു ചെറിയ ചരിത്രാന്വേഷണത്തിന് പ്രേരിപ്പിച്ചു കേട്ടോ.
    കിട്ടിയ അറിവ് ഇവിടെ പങ്കു വെക്കാം.വിരോധമില്ലല്ലോ.

    എ ഡി 1315 ല്‍ ഹോയിസാള രാജാവായ മഹാരാജ വീര ബല്ലാല III(കര്‍ണാടക ഭരിച്ചിരുന്ന) ആണ് ഈ കൃഷ്ണക്ഷേത്രം പണി കഴിപ്പിച്ചതെന്ന് ചില വിവരങ്ങള്‍ പറയുന്നു.( ഈ ഹോയിസാല രാജാവിന്‍റെ കാലത്തെ ഹരിഹരന്‍,ബുക്കന്‍ എന്നിവരാണ് വിജയനഗരസാമ്രാജ്യ സ്ഥാപകര്‍)

    പിന്നീട്‌ മൈസൂരിലെ വൊടയാര്‍ ഭരണാധികാരികള്‍ ഈ ക്ഷേത്രം പുനരുദ്ധരിച്ചു എന്നും ചില വിവരങ്ങളില്‍ കണ്ടു.

    തെക്കേ ഇന്ത്യയില്‍ ചോള ആധിപത്യം പല കാലഘട്ടങ്ങളില്‍ ആണല്ലോ .രാജേന്ദ്ര ചോളന്‍ III (1246 -1279 )ആണ് ചോളരാജക്കന്മാരില്‍ അവസാനം വന്നത് .
    "ഹിമവദ് ഗോപാല്‍സാമി ബേട്ട ക്ഷേത്രം"നിര്‍മ്മിച്ചത്‌ ചോള ഭരണാധികാരികള്‍ എന്ന് എവിടെയും കാണുവാന്‍ കഴിഞ്ഞില്ല.

    വീണ്ടും ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്‌ നന്ദി.

    നമ്മള്‍ കാണാതെ പോകുന്ന കാഴ്ചകള്‍ ,അറിയാതെ പോകുന്ന പൈതൃകങ്ങള്‍ എത്രയോ ഇനിയും ബാക്കിയുണ്ട് !.

    ആശംസകള്‍,

    സുജ

    ReplyDelete
  19. പ്രിയ സുജ
    വിക്കിയില്‍ നോക്കിയപ്പോള്‍ ഈ വിവരം ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷെ ഈ കുറിപ്പ് എഴുതാന്‍ ഞാന്‍ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ഗോപി സ്വാമിയുടെ വിവരണത്തെയാണ് ആശ്രയിച്ചത്. അതൊരുപക്ഷേ തെറ്റായിരിക്കാം. ഏതായാലും ഒന്നൂടെ ശ്രമിച്ചു നോക്കട്ടെ യഥാര്‍ത്ഥ വിവരത്തിനു. തീര്‍ച്ചയായും ഇത്തരം ചര്‍ച്ചകള്‍ ചരിത്രത്തെ കൂടുതല്‍ ഗൌരവത്തോടെ കാണാന്‍ പ്രേരിപ്പിക്കും . നന്ദി.

    ReplyDelete
  20. ചെരുവാടിയുടെ പതിവ് ശൈലിയില്‍ തന്നെ യുള യാത്ര വിവരണനം കലക്കി ഫോട്ടോ കോടകയറി കാണാണ്ടായി

    ReplyDelete
  21. മന്‍സൂര്‍ ഭായ്, വളരെ രസകരമായ വിവരണം..വയനാട്ടില്‍ പോകാനുള്ള ഭാഗ്യം ഇതുവരെ ആയില്ല..ഇത് കണ്ടപ്പോള്‍ എന്തായാലും ഒന്ന് പോകണം എന്ന് തോന്നല്‍ ശക്തമായി..ഫോട്ടോകളും ഗംഭീരം..ആശംസകള്‍..

    ReplyDelete
  22. പ്രിയ മന്‍സൂര്‍,

    വായനയിലൂടെ എനിക്ക് കിട്ടിയ അറിവ് മാത്രമാണ് ഞാന്‍ ഇവിടെ പങ്കുവെച്ചത്.
    ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ഗോപി സ്വാമി പറയുന്നത് വിശ്വസിക്കാം.ഒരു പക്ഷെ അവിടെയുള്ള പുരാതന ലിഖിതങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതാവും സത്യം.
    നേരില്‍ കാണാതെ വ്യക്തമായ ഒരു മറുപടി പറയുവാന്‍ ഞാനും ആളല്ല.
    യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുന്നവര്‍ അത് പങ്കു വെച്ചിരുന്നെങ്കില്‍ വളരെ ഉപകാരപ്രദമാകുമായിരുന്നു.

    ReplyDelete
  23. പ്രക്രതി മനോഹരമായ ഫോട്ടോകള്‍ മന്‍സൂര്‍ഭായി,അതുപോലെ വിവരണവും .ഇതുപോലെ ഇനിയുംപ്രതീക്ഷിക്കുന്നു

    ReplyDelete
  24. "ഗുരുവായൂരില്‍ ദര്‍ശനം സാധിക്കാതെ പരിഭവിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഇവിടെ വന്നൂടെ" ഞങ്ങളുടെ വീടിനടുത്തുള്ള പൂന്താനത്തിന്‍റെ സ്വന്തം കണ്ണന്റമ്പലത്തില്‍ പോവുമ്പോ ഇതേകാര്യം ഞാന്‍ വിചാരിക്കാറുണ്ട്... ( ദൈവം പള്ളീലും അമ്പലത്തിലുമല്ല നമ്മുടെ മനസ്സിലാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാനെങ്കിലും). ഏറുമാടങ്ങള്‍ കൊതിപ്പിക്കുന്നു.

    ReplyDelete
  25. ഈ പറയുന്ന സ്ഥലങ്ങളും കാര്യങ്ങളുമൊക്കെ എന്‍റെ മൂക്കിന്‍റെ ചുവട്ടിലാണൈ..
    യാത്രാ വിവരണങ്ങളെ കുറിച്ചൊന്നും ചിന്തിയ്ക്ക പോലും ചെയ്യാത്ത എന്നെ ഇതിനൊന്നും പ്രേരിപ്പിയ്ക്കല്ലേ..
    ചിത്രങ്ങള്‍ കാണുമ്പോള്‍ പറയും വേണ്ടാ..!

    കാണാന്‍ കൊതിപ്പിയ്ക്കുന്ന ചിത്രങ്ങളും..മനസ്സ് നിറയ്ക്കുന്ന വരികളും...ആശംസകള്‍ ട്ടൊ..!

    ReplyDelete
  26. ഗോപാല്‍സ്വാമിപ്പേട്ടയിലേക്കുള്ള വഴിയില്‍ എടുത്ത ഫോട്ടോ ഒരിക്കല്‍ എഫ്.ബി യില്‍ ഷെയര്‍ ചെയ്തപ്പോള്‍ തന്നെ അതിന്റെ ചാരുത ശ്രദ്ധയില്‍ പെട്ടതാണ്.ഒരു പോസ്റ്റും പ്രതീക്ഷിച്ചു.അല്‍പം വൈകി ഇപ്പോള്‍ മനോഹരമായ ചെറുവാടി ശൈലിയിലുള്ള യാത്രാ വിവരണവും കിട്ടി...

    സുജ അവതരിപ്പിച്ച പ്രശ്നത്തെക്കുറിച്ച് ഞാനും ശ്രദ്ധിച്ചു.ക്ഷേത്രപുരോഹിതന്മാര്‍ പലപ്പോഴും ആധികാരികമായ പഠനങ്ങളോ രേഖകളോ നോക്കിയല്ല പലപ്പോഴും ക്ഷേത്രചരിത്രവും മറ്റും പറയാറുള്ളത്.കുറഞ്ഞ കാലത്തേക്ക് പൂജാക്രമങ്ങള്‍ നടത്തുവാന്‍ അവിടെയെത്തുന്ന അവരില്‍ പലരും ചരിത്രമൊന്നും ശ്രദ്ധിക്കാറില്ല.എന്നാല്‍ വളരെ ആധികാരികമായി അവര്‍ക്കു തോന്നിയത് പറഞ്ഞുകളയുകയും ചെയ്യും.അതുകൊണ്ട് അവരെ അങ്ങിനെയങ്ങ് വിശ്വസിക്കരുത്...മന്‍സൂര്‍ അദ്ദേഹത്തോടു ചോദിക്കുന്നതിനു പകരം പ്രദേശവാസികളാരോടെങ്കിലും സംസാരിച്ചിരുന്നു എങ്കില്‍ കുറേക്കൂടി കൃത്യമായ വിവരം ലഭിച്ചേനെ.....

    മനഷ്യനും പ്രകൃതിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അലിഞ്ഞില്ലാതാവുന്ന നന്മയുള്ള വാക്കുകളുടെ ഇന്ദ്രജാലം ഇനിയും തുടരുക.... താങ്കളെ വായിക്കുക എന്നത് ഹൃദ്യമായ ഒരു അനുഭവമാണ്...

    ReplyDelete
  27. ഞാറ്റു വേലക്കിളികള്‍, കാക്കക്കൂട്ടങ്ങള്‍, പോത്താന്കീരികള്‍‍, കുയില്‍ പാട്ടുകാര്‍...
    "വിത്തും കൈക്കോട്ടും....." പാടി വാപ്പയെ വരവേല്‍ക്കുന്ന കര്‍ഷക കിളികള്‍..
    മദാലസയായ മണ്ണ്.. അവളെ പുണരുന്ന കൈക്കോട്ട്, ബീജ സങ്കലനം, വാഴക്കുഞ്ഞുങ്ങള്‍..
    പിന്നെ, നെല്‍ വയല്‍ വസന്തം.. ലക്ഷ്മി ചേച്ചി, പാത്തുംത, ഇട്ടിചീരി, ഇന്നീമത്ത..........,
    അവരുടെ കൂട്ടപ്പാട്ടു
    കള്‍, കൊയ്ത്തുത്സവങ്ങള്‍, മെതിയടി, പറയളവ്...
    അവസാനം കൂലി നെല്ലുമേന്തി, അന്തിച്ചൂട്ടു കത്തിച്ച അവരുടെ മടക്കം..
    അപ്പോള്‍ ചങ്ക് നി
    റഞ്ഞു ചിരിക്കുന്ന നിലാവുകള്‍..

    ReplyDelete
  28. ഏറുമാടത്തില്‍ കയറാന്‍ പറ്റിയില്ല അല്ലെ. പിന്നെ മറവി മാറ്റാന്‍ ഇസ്മായില്‍ പറഞ്ഞ കാര്യം പരീക്ഷിക്കാം.
    പോസ്റ്റിനെപ്പറ്റി ഞാന്‍ ഒന്നും പറയേണ്ടല്ലോ.

    ReplyDelete
  29. മനോഹരമായ പോസ്റ്റ്‌ .................എവിടുന്നു കിട്ടി ഈ കുറഞ്ഞ അവധിക്കാലത്ത്‌ ഇതിനൊക്കെ സമയം !!

    ReplyDelete
  30. പ്രിയപ്പെട്ട മന്‍സൂര്‍,
    മഞ്ഞു പെയ്യുന്ന ഈ വൃശ്ചിക രാവില്‍,മന്‍സൂറിന്റെ മഞ്ഞു പുതച്ച വഴിയിലൂടെ നടന്നപ്പോള്‍,ശരിക്കും മനോഹരമായ ഒരു അനുഭവമായി മാറി.
    മഞ്ഞില്‍ വിരിഞ്ഞ വാക്കുകളും ഫോട്ടോസും ഒത്തിരി ഇഷ്ടമായി. ഏറുമാടങ്ങള്‍ എന്നെ എന്നും മോഹിപ്പിക്കാറുണ്ട്. ഏറുമാടത്തില്‍ കയറുന്നതും ഒരഭ്യാസം തന്നെ!
    വര്‍ഷം മുഴുവന്‍ മഞ്ഞു പുതപ്പിച്ച ഒരമ്പലം ആണ്,ഹിമവദ് ഗോപാല്‍ സ്വാമി ബേട്ട ക്ഷേത്രം! മഞ്ഞില്‍ പൊതിഞ്ഞ കൃഷ്ണ ക്ഷേത്രം! അതുകൊണ്ടാണ് ഈ പേര് തന്നെ വന്നത്! ഗോപാല സ്വാമി എന്ന് പറഞ്ഞാല്‍,സാക്ഷാല്‍ കൃഷ്ണന്‍.
    അഗസ്ത്യ മഹര്‍ഷിയുടെ തപസ്സില്‍ പ്രസാദിച്ചു വിഷ്ണു ഭഗവാന്‍ അനുഗ്രഹിച്ച സ്ഥലമാണിത്.ഇവിടെ താമസിക്കാം എന്ന വാക്കും നല്‍കി.അരയന്നങ്ങളുടെ തടാകമായ ഹംസ തീര്‍ത്ഥം എന്നും പേരുണ്ട്.അറിവിന്റെയും, സമാധാനത്തിന്റെയും മോക്ഷത്തിന്റെയും അടയാളമാണ് അരയന്നം.ആനകള്‍ നടക്കുന്ന മലമുകളിലാണ് ഈ അമ്പലം.ഹോയ്സാല രാജാവ് ശ്രീ ബാല്ലാലയാണ് ഈ അമ്പലം പണി കഴിപ്പിച്ചത്.
    മരത്തിനു കീഴില്‍ ഓടക്കുഴല്‍ വായിച്ചു ഒരു മനോഹരമായ പോസില്‍ നില്‍ക്കുന്ന കൃഷ്ണനെ കണ്ടില്ല എന്ന് പറഞ്ഞപ്പോള്‍ സങ്കടം തോന്നി.
    അമ്പലത്തിലെ തിരുമേനി പറഞ്ഞത് ശരിയാണ്. എങ്കിലും, കൂടുതല്‍ വിവരം ലഭിക്കുവാന്‍ എപ്പോഴും,നാട്ടുകാരോട് സംസാരിക്കുവാന്‍ ശ്രമിക്കുക. അഭിനന്ദനീയമായ ഒരു കാര്യമുണ്ട്...പ്ലാസ്റ്റിക്‌ നിരോധിത മേഖലയാണ് ഇവിടെ.
    ഒരു യാത്രക്ക് പോകുമ്പോള്‍, നോട്ട്പാഡും പെന്നും കയ്യില്‍ കരുതുക, യാത്ര കഴിഞ്ഞു വന്നയുടന്‍ തന്നെ ആ മനോഹാരിത നിറഞ്ഞ ഹൃദയത്തോടെ പോസ്റ്റ്‌ എഴുതുക!:)
    മന്‍സൂര്‍,അടുത്ത യാത്രയില്‍ മഞ്ഞു പുതച്ച മലമുകളില്‍ നിന്നും സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ ഭാഗ്യം ഉണ്ടാകട്ടെ !
    ഹിമവദ് ഗോപാലസ്വാമി ബേട്ട ക്ഷേത്രം പരിചയപ്പെടുത്തി തന്നതിന്,മഞ്ഞു പുതച്ച വഴികളിലൂടെ നടത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി! അഭിനന്ദനങ്ങള്‍!
    ഗോപാല സ്വാമി അനുഗ്രഹിക്കട്ടെ!
    ഒരു പാട് ഇഷ്ടമായ ,നാട്ടു വഴിയിലെ .....പാട്ട് മൂളുന്നില്ല.....!വ്രതശുദ്ധിയുടെ നാളുകള്‍ ആണിപ്പോള്‍!
    സസ്നേഹം,
    അനു

    ReplyDelete
  31. നല്ല വിവരണം ...
    യാത്രകള്‍ വളരെ തന്മയത്വത്തോടെ കുറിച്ചിടാനുള്ള ആ കഴിവ് .... അതിനെ ചെറുവാടി ടച്ച്‌ എന്ന് പറയാതെ വയ്യ ... അത്രയ്ക്ക് നന്നായിരിക്കുന്നു .. കൃഷ്ണനെ കേരളത്തിന്റെ മാത്രം .. എന്നതിന് കൃഷ്ണനെ കേരത്തിന്റെ മാത്രം എന്നാണ് എഴുതിയിരിക്കുന്നത് . ഒന്ന് തിരുത്തി കൊള്ളൂ.
    ആശംസകളോടെ ...(തുഞ്ചാണി)

    ReplyDelete
  32. ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാന്‍ ഞങ്ങളൊക്കെ എന്ത് തെറ്റാണാവോ ചെയ്തത് !!പഹയാ ഇങ്ങളെ ന്റെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ.........

    ReplyDelete
  33. എഴുത്ത് പതിവ് പോല്‍ സുന്ദരം.
    ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍,
    ഇനി വരുന്ന കൂട്ടുകാര്‍ കൂടുതല്‍ പറയുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  34. മഞ്ഞിനൊപ്പം മഴക്കൂടി പെയ്യുന്നു. // അതുതന്നെയാണ് മന്‍സൂര്‍ ഭായ് ഈ പോസ്റ്റിന്റെ പ്രത്യേകത.. മനോഹരം..

    ReplyDelete
  35. മഞ്ഞു പുതച്ച വഴിയിലൂടെ, യാത്രാ വിവരണം ഹൃദ്യമായി.

    ReplyDelete
  36. നിരാശനായില്ല എന്ന് പറഞ്ഞെങ്കിലും മഞ്ഞുകണങ്ങളില്‍ പൊതിഞ്ഞ യാത്ര അല്പം നിരാശപ്പെടുത്തിയില്ലേ എന്നൊരു സംശയം. വിവരണം എന്തായാലും നിരാശപ്പെടുത്തിയില്ല.

    @വട്ടപ്പോയില്‍: ഇങ്ങള് തക്കാരം എന്നും പറഞ്ഞ് നടക്കല്ലേ... പിന്നെ അങ്ങനാ ടൈം കിട്ട?

    ReplyDelete
  37. ഈ പോസ്റ്റും കലക്കി. യാത്രാവിവരണങ്ങള്‍ മാത്രമായി ഒരു പൊറ്റക്കാട് മാതൃകയില്‍ പുസ്തകം ഇറക്കിയാല്‍ നന്നായിരിക്കും. കോടമഞ്ഞിലൂടെ മല കയറി കൃഷ്ണസാന്നിധ്യമുള്ള ആ അമ്പലത്തില്‍ പോയി വന്ന പ്രതീതി എനിക്കും തോന്നി. എന്നാലും മുഖ്യ പുരോഹിതനുമായി നടത്തിയ അഭിമുഖം റെക്കോര്‍ഡ്‌ ചെയ്യാതിരുന്നത് മോശമായി തോന്നി.
    മനോഹരമായ ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  38. പതിവ് പോലെ ഹൃദ്യം മനോഹരം...

    ReplyDelete
  39. കോട മഞ്ഞിന്‍ കുളിര് ആവാഹിച്ച പോസ്റ്റ്‌ നന്നായി....വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടജാദ്രിയില്‍ ഇങ്ങനെ ഒരു യാത്രാനുഭവം എനിക്കും ഉണ്ടായിരുന്നു....അന്ന് പക്ഷെ എന്നില്‍ എഴുത്ത് ആവാഹിക്കപ്പെട്ടിരുന്നില്ല......
    നന്ദി നല്ല വായനാനുഭവം സമ്മാനിച്ചതിന്......

    ReplyDelete
  40. പതിവ് പോലെ ഈ പോസ്റ്റും നന്നായിരിക്കുന്നു ...മഞ്ഞു പുതച്ച വഴിയിലൂടെ ഒരു സുന്ദര യാത്ര അഭിനന്ദനങ്ങള്‍.. ആദ്യമായി കാണുന്ന സ്ഥലങ്ങളും അവിടുത്തെ ചരിത്രങ്ങളും അവതരിപ്പിച്ച രീതി ലളിതം സുന്ദരം.. ആശംസകള്‍

    ReplyDelete
  41. ഞാന്‍ എന്നും അസൂയയോടെ നിങ്ങളെ കണ്ടിട്ടുള്ളൂ.. നിങ്ങളുടെ എഴുത്തിനെയും...
    കാരണം എനിക്കിങ്ങനെ യാത്ര പോകാന്‍ കഴിഞ്ഞിട്ടില്ല.. അതോണ്ട് തന്നെ ഒരു യാത്ര വിവരണം എഴുതാനും...
    പക്ഷെ നിങ്ങളെ ഓരോ പോസ്റ്റും ദാഹാര്‍ത്തനായ പഥികന്‍ വെള്ളം കണ്ട ആര്‍ത്തിയോടെ ഞാന്‍ വായിച്ചു തീര്‍ക്കാരുണ്ട്.
    ഇതും ഒരുപാടിഷ്ടമായി.. കുളിര്മഞ്ഞിന്റെ നൈര്‍മല്യമുള്ള ഒരു നനുത്ത യാത്രാ വിവരണം..

    ReplyDelete
  42. പതിവുപോലെ ഒരുപാടിഷ്ടായി.. മനോഹരമായ വിവരണം..

    ReplyDelete
  43. മന്‍സൂര്‍ക്ക യാത്ര വിവരണം വളരെ നന്നായി ഫോട്ടോകള്‍ ആ വിവരണത്തിന് മറ്റു കൂട്ടുനുണ്ട്..കൂടുതല്‍ വിവരണങ്ങള്‍ പ്രദീക്ഷിക്കുന്നു

    ReplyDelete
  44. ഫോട്ടംസ് മനോഹരം.
    എഴുത്തും. കൃഷ്ണന്‍ അല്ലെങ്കിലും ആരും ഇഷ്ടപ്പെട്ടുപോകുന്ന ദൈവം ആണ്‌.

    ReplyDelete
  45. പിന്നെയാവാം പിന്നെയാവാം എന്ന് കരുതി
    ഞാന്‍ കരുതി വച്ച യാത്രാ വിവരണം
    അടിച്ചു മാറ്റിയ നിങ്ങളോട് എങ്ങനെ ഞാന്‍ പൊറുക്കും
    എന്നാലും വലിയ ചതിയായി പോയി :)

    ReplyDelete
  46. ചിത്രങ്ങളോട് കൂടി മനോഹരം..ഈ വിവരണം!
    ഭായി ഒരു സംശയം ചോദിച്ചോട്ടെ? എവിടെ നിന്ന് കിട്ടുന്നു ഇതിനൊക്കെ സമയം?
    എന്തായാലും .. തുടര്‍ന്ന് കൊണ്ടേയിരിക്കുക .. ഈ യാത്രകളും കുറിപ്പുകളും.. ആശംസകള്‍..

    ReplyDelete
  47. നല്ല വിവരണവും ചിത്രങ്ങളും, വയനാട് യാത്ര ചെയ്തിരുന്നത് ഓർമ്മയിൽ വന്നു. ആ ഉങ്ക കേരളാവ് കൃഷ്ണന്‍ " രസകരമായി.

    ReplyDelete
  48. ഇവിടെ വരാന്‍ അല്പം വൈകി .ക്ഷമിക്കണേ...
    ഹൃദ്യമൊരു കവിത വായിക്കുന്നതു പോലെ മുഴുവനും വായിച്ചു.അഭിനന്ദനങ്ങള്‍ കുറിക്കട്ടെ,ഞാനും.ചിത്രങ്ങളും മനോഹരമായിട്ടുണ്ട്.ഭാഷാ ചാതുരി വ്യതിരിക്തം.നന്ദി സുഹൃത്തേ...

    ReplyDelete
  49. നല്ല വിവരണം.നല്ല ചിത്രങ്ങള്‍.........

    ReplyDelete
  50. യാത്രാക്കൂറിപ്പ് നന്നായി

    ReplyDelete
  51. മനോഹരം... എത്ര സുന്ദരം വരികളും കാഴ്ച്ചകളും

    ഈ രാത്രിയിലിരുന്ന് വായിക്കുമ്പോൾ പുലരിയുടെ കോടമഞ്ഞ് മനസ്സിലേക്ക് ഓടി വന്നു

    ReplyDelete
  52. നന്നായിരിക്കുന്നു വിവരണവും പടങ്ങളും.

    ReplyDelete
  53. പ്രകൃതിയുടെ കുളിര്‍മയും ജീവിതത്തിന്റെ സ്വച്ഛതയും ആത്മര്തതമായ സമീപനങ്ങളും എല്ലാം ഇഷ്ടപ്പെട്ടു. താങ്കളുടെ വിവരണവും ചിത്രങ്ങളും ശരിക്കും ആ സ്ഥലത്തേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടു പോവുന്ന പോലെ തോന്നി. നന്നായിട്ടുണ്ട്.

    ReplyDelete
  54. അയ്യോ തണുത്തിട്ട് വയ്യേ..
    എങ്കിലും ഈ തണുപ്പെത്ര സുഖകരം..

    ReplyDelete
  55. മൻസൂർ ഭായിയുടെ യാത്രകളെല്ലാം നാട്ടിലെത്തിയിട്ടു ഒന്നു കൂടി നോക്കണം. അതിലേതെങ്കിലും സ്ഥലത്ത് ഒന്നു കറങ്ങണം... കാരണം വയനാടും ഗുണ്ടല്പീട്ടയുമൊക്കെ അറിയ്ആമെങ്കിലും ഇത്തരം സ്ഥലങ്ങളോന്നും കണ്ടിട്ടില്ല... നല്ല കുളീർമയുള്ള യാത്ര.. ആശംസകൾ

    ReplyDelete
  56. അസ്സലായിട്ടുണ്ട്... ഇത് വായിക്കാന്‍ വൈകിയല്ലോ എന്നാ സങ്കടം (ന്യൂസ്‌ ലെറ്റര്‍ കിട്ടിയില്ലല്ലോ!)

    ReplyDelete
  57. എന്റെ ഭായ്...അടിപൊളി..ശരിക്കും പോകാന്‍ തോന്നുന്നു...പോകും ഞാന്‍ ഒരു ദിവസം...

    ReplyDelete
  58. ഇനിയിപ്പോൾ ശ്രീകൃഷ്ണനെ കേരളത്തിൽ കാണാൻ കഴിയാത്തവർക്ക് നേരിട്ട് ഇവിടെ വന്നാൽ ദർശനവും കിട്ടും,ഒപ്പം ചരിത്രമുറങ്ങൂന്ന പ്രൌഡഗംഭീരമായ കാഴ്ച്ചകളും കണാമല്ലോ അല്ലേ..
    ചോളരാജക്കന്മാർ പണിതിട്ട ഈ സംഗതികൾ ചൊള ചൊളനെനേയാണല്ലോ മൻസൂർ വിവരിച്ചിട്ടിരിക്കുന്നത്...!

    ReplyDelete
  59. കൃഷ്ണന്‍ കോവിലും, ഗോപി സ്വാമിയും, പ്രകൃതി സൗന്ദര്യവും എല്ലാം കൂടി മനസ്സില്‍ ഒരു പാട് കുളിര്‍ നല്‍കി. എവിടേ നിന്നോ ഒരു സുപ്രഭാത ഗീതം കേള്‍ക്കുന്ന പോലെ അനുഭവപ്പെട്ടു

    ReplyDelete
  60. നാട്ടിലൂടെ ഒരു യാത്ര പോകണമെന്നുള്ളവര്‍ക്ക് മന്‍സൂര്‍ ഭായിയുടെ യാത്രാവിവരണം വായിച്ചാല്‍ മതി. കാരണം, വായിക്കുന്നവരുടെ മനസ്സിനെ പറിച്ചെടുത്ത് കൂടെ കൊണ്ടുപോകാന്‍ ആ എഴുത്തിനൊരു വല്ലാത്ത കഴിവുണ്ട്. ഇവിടെയും അത് തെറ്റിയിട്ടില്ല. അഭിനന്ദനങ്ങള്‍!!! ലളിതമായ വാക്കുകള്‍ കൊണ്ട് വായനക്കാരെ പിടിച്ചിരിത്തുന്ന വിരലേല്‍ എണ്ണാവുന്ന ബ്ലോഗര്‍മാരില്‍ ഒരാളാണ് മന്‍സൂര്‍ ഭായി. :-)

    ReplyDelete
  61. വിവരണം മനോഹരം.
    കാണാന്‍ അല്പം വയ്കിപ്പോയി.
    ഇതുപോലെ കോടമഞ്ഞ് മൂടുമ്പോള്‍ ഒരിക്കല്‍ക്കൂടി പോകണമെന്നു തോന്നിപ്പോകുന്നു.
    ഞങ്ങള്‍ പോകുമ്പോള്‍ നേരിയ തണുപ്പേ ഉണ്ടായിരുന്നുള്ളു.

    ReplyDelete
  62. പോസ്റ്റ്‌ പബ്ലിഷ് ചെയ്ത ഉടനെ വായിച്ചതാണ്.. അഭിപ്രായം കോടമഞ്ഞില്‍ മുങ്ങിപോയി.. :)
    എന്നത്തേയും പോലെ മനോഹരമായ വിവരണം.. എന്തോ പുതിയ നിര്‍ദ്ദേശം ഒക്കെ കണ്ടു..വേണ്ടാത്ത പണിക്കു പോണോ ചെറുവാടീ....:)

    ReplyDelete
  63. എന്നാലും ഈ തണുപ്പത്ത് മേല്‍മുണ്ട്‌ ധരിക്കാതെ നില്‍ക്കുന്ന ഗോപി സ്വാമിയെ സമ്മതിക്കണം!!!
    എനിക്കാണെങ്കില്‍ ഒരു 4 വോഡ്ക വേണ്ടി വന്നേനെ!!!

    ReplyDelete
  64. ചെരുവാടീ ..നന്നായിരിക്കുന്നു പതിവുപോലെ തന്നെ ..എന്നാലും ആ മഞ്ഞില്‍ ഹോ ഹോ ഹോ ഹോ .നല്ല പടം ങ്ങള്‍ ..മഞ്ഞു കാണാന്‍ കൊതി ആകുന്നു ഹ്മ്മ ഏത് മാസം ആണ് പോയത്?

    ReplyDelete
  65. എപ്പോഴും യാത്രയാണല്ലോ,
    വായനക്കാരുടെ കൂടെ ഭാഗ്യം..
    വയനാടില്‍ പൊയിട്ടുണ്ട്.
    ഗോപല്‍സ്വാമി ക്ഷേത്രത്തില്‍ പോയിട്ടില്ല]
    നല്ല യാത്രാ വിവരണം
    സ്നേഹത്തോടെ അജിത

    ReplyDelete
  66. നിനക്ക് നാട്ടില്‍ ചെന്നാ കുടുമ്മത്തിരിക്കണ പണിയൊന്നൂല്ല..ല്ലേ...?

    കൊള്ളാം മഞ്ഞിന്‍ കുളിര്‍മ പോലെ തന്നെ നല്ല കുളിര്‍മയുള്ള,വായനാ സുഖം തരുന്ന എഴുത്ത്...

    ReplyDelete
  67. aa vazhiyil iniyum manju puthaykkattee... nallsa rasamndaaarnnu tto... snehaasamsakalll...

    ReplyDelete
  68. നല്ല രസം!!!!!!!!welcome to my blog
    nilaambari.blogspot.com
    if u like it plz follow and support me!

    ReplyDelete
  69. നല്ല വിവരണം മൻസുർ...
    ഫോട്ടോകളും...
    ആശംസകൾ...

    ReplyDelete
  70. വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടും ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു.

    ReplyDelete
  71. ഈ വെക്കേഷനില്‍ ഞാനും ഒരു ദിവസം വയനാട്ടില്‍ തങ്ങി. പക്ഷെ തലോടാന്‍ മഞ്ഞു വന്നില്ല
    ഇവിടെ മുഴുവന്‍ മഞ്ഞു പുതച്ചു കിടക്കുന്നത് കാണുമ്പോള്‍ ഒരു സുഖം...:D

    ReplyDelete
  72. നല്ല ഫോട്ടൊകൾ, പിന്നെ മറവിയുടെ ഉപദ്രവത്തിലും ഭംഗിയായി എഴുതപ്പെട്ട വാക്കുകൾ....വരാൻ വൈകിയതിലുള്ള വിഷമമേയുള്ളൂ.

    ഇനി ഒന്നും മറന്നു പോവരുത്, പറഞ്ഞില്ലെന്ന് വേണ്ട.

    ReplyDelete
  73. എന്റെ കസിന് പറഞ്ഞതു പ്രകാരം ഞാനവിടെ പോയി… മലയെ പുതച്ച മഴക്കാറുകൾ സൃഷ്ടിക്കുന്ന തണുപ്പും കാറ്റും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. നല്ല വിവരണം, അഭിനന്ദനം.

    ReplyDelete
  74. മഞ്ഞു പുതച്ച വഴികളില്‍ മനസ്സും പുതച്ചു അലിഞ്ഞു കിടക്കുന്ന എഴുത്ത്... ചിത്രങ്ങളൊക്കെയും അമൂല്ല്യം ..
    ഇക്കയുടെ വിവരണത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ല .. എന്നും പറയും പോലെ ആ സ്ഥലങ്ങളൊക്കെ കാണാന്‍ കൊതിച്ചു പോകുന്നു.. ആശംസകള്‍..

    ReplyDelete
  75. ആസ്വാദ്യകരം.
    മനോഹരമായ ആഖ്യാനം.

    കൂട്ടത്തിൽ ഒരു പരാമർശം വളരെ ശ്രദ്ധേയമായി തോന്നി.

    "കടന്ന് പോകുന്ന വഴികളിലെല്ലാം ഈ നാട്ടുക്കാരുടെ വിശ്വാസത്തിന്റെ അടയാളം കാണാം. വലിയ മരത്തിനു താഴെ ചെറിയ പ്രതിഷ്ഠകള്‍ . എന്റെ വിശ്വാസം മറ്റൊന്നെങ്കിലും ദൈവിമകായ ഇത്തരം അടയാളങ്ങള്‍ കാണിക്കുന്നത് മനുഷ്യരുടെ നല്ല വശങ്ങള്‍ തന്നെ. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും സന്തോഷം തോന്നും".

    ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും എല്ലാവരും സഹിഷ്ണുതാപരമായ ഈ വീക്ഷണം സൂക്ഷിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയി...
    എങ്കിൽ സാമൂഹികരംഗം എത്രമേൽ ആരോഗ്യപൂർണ്ണവും ശാന്തസുന്ദരസുരഭിലവുമാകുമായിരുന്നു....!

    ReplyDelete
  76. എഴുപത്തിരണ്ടും ഒന്നും എഴുപത്തി മൂന്ന് കഥകള്‍ എഴുതാനുള്ള മടികൊണ്ട് വായനക്കാര്‍ക്ക് അത് മിസ്സായി.

    ReplyDelete
  77. മഞ്ഞു പുതച്ച വഴികളിലൂടെ കൂടെ യാത്ര ചെയ്ത അനുഭവം.മനോഹരമായ വിവരണം.ചിത്രങ്ങളും.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....