Saturday, February 18, 2012

ആരവമൊഴിയുന്ന മൈതാനങ്ങള്‍




"ചലഞ്ചെഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന വമ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. കാലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന നിങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം കാണാന്‍ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്"

ഗ്രാമങ്ങളിലെ നിരത്തിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു അനൌണ്‍സ്മെന്റ് ജീപ്പ് കടന്ന് പോയി . ഒപ്പം അതില്‍ നിന്നും പുറത്തേക്കെറിയുന്ന നോട്ടീസുകള്‍ വാരിക്കൂട്ടാന്‍ പിറകെ ഓടുന്ന കുറെ കുട്ടികളും. ഒരു പഴയ കാലഘട്ടത്തെയാണ് ഈ പരിചയപ്പെടുത്തിയത്. നമ്മളില്‍ പലരും ഇപ്പോള്‍ അല്പം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വാക്കുകള്‍. പ്രത്യേകിച്ചും മലബാര്‍ ഗ്രാമങ്ങളില്‍. ആ ഗ്രാമങ്ങളുടെ തുടിപ്പും ആവേശവുമായിരുന്നു സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങള്‍. വൈകുന്നേരങ്ങളെ സജീവമാക്കിയിരുന്ന ഈ കായിക ഉത്സവത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്...? ചെറിയൊരു തിരിഞ്ഞു നോട്ടം നന്നാവുമെന്ന് തോന്നുന്നു.

നാട്ടുക്കാരെല്ലാം ചേര്‍ന്ന് , നെല്ല് കൊയ്ത പാടങ്ങള്‍ ചെത്തി മിനുക്കി നിരപ്പുള്ള മൈതാനമാക്കുന്നതില്‍ തുടങ്ങുന്നു ആവേശത്തിന്‍റെ കൊടിയേറ്റം. അയല്‍ പ്രദേശങ്ങളിലെ മിക്ക ക്ലബ്ബുകളും പങ്കെടുക്കുന്ന മത്സരത്തിന്‍റെ ആവേശത്തിലേക്ക് റഫറിയുടെ വിസില്‍ മുഴങ്ങുന്നത് മുതല്‍ ഉത്സവമാണ്. പൊടി പാറുന്ന മണ്ണില്‍ മത്സരത്തിന്‍റെ താളം മുറുകുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍. ലോക്കല്‍ മറഡോണമാരുടെയും മെസ്സിമാരുടെയും പേര് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍.അവരുടെ ആവേശം കാലിലെ ഊര്‍ജ്ജമാക്കി കുതിച്ച് പാഞ്ഞു എതിര്‍ടീമിന്‍റെ വല കുലുക്കുമ്പോള്‍ ചാടി മറിയുന്ന കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ.

പക്ഷെ, ഇപ്പോള്‍ ഈ മൈതാനങ്ങളിലെ ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കുമ്പോള്‍ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ... ഫുട്ബോളിന് മരണ മണി മുഴങ്ങി എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. പക്ഷെ ഗ്രാമങ്ങളെ മുന്‍നിര്‍ത്തി നടന്നു വന്നിരുന്ന സെവന്‍സ് മത്സരങ്ങള്‍ ഇപ്പോള്‍ വളരെ കുറഞ്ഞുപ്പോയി. വെറും ഫുട്ബോള്‍ എന്നതിനുപരി ഒരുപാട് തലങ്ങളിലേക്ക് അതിന്‍റെ ഗുണങ്ങള്‍ പരന്നിരുന്നു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ഐക്യത്തിന്റെ, സാഹോദര്യത്തിന്‍റെ , മത സൗഹാര്‍ദ്ധത്തിന്‍റെ മേഖലകളിലേക്ക്. പല മലബാര്‍ തറവാട്ടുകാരുടെയും പ്രതാപം അറിയിക്കുന്ന വേദി കൂടിയായിരുന്നു ഇത്. സ്വന്തം ടീമും, മത്സരത്തിന്‍റെ സംഘാടനവും തുടങ്ങി അവരുടെ പൊങ്ങച്ചത്തിന്‍റെ മുഖം കൂടി കാണിക്കാന്‍ ഒരു അവസരം കൂടി ആയിരുന്നു ഇത്.

ഫുട്ബോളിന്റെ സാമ്പ്രദായിക സൗന്ദര്യത്തെ, സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ നശിപ്പിക്കുന്നു എന്നൊക്കെ പറയാറും കേള്‍ക്കാറുമുണ്ട്. അതിന്‍റെ ശരിയും തെറ്റും വിശകലനം ചെയ്യാന്‍ ഞാനാളല്ല. പക്ഷെ ഒരു മലബാറുക്കാരനായ എനിക്ക് ഫുട്ബോള്‍ എന്നാല്‍ ജീവശ്വാസം പോലെയാണ്. പാടങ്ങളിലും സ്കൂള്‍ മൈതാനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ആരവങ്ങള്‍ കണ്ടും കേട്ടുമാണ് ഞങ്ങള്‍ വളര്‍ന്നത്‌. അതിപ്പോള്‍ കുറയുന്നു എന്നറിയുമ്പോഴുള്ള വിഷമം ചെറുതല്ല. ഒരു ഗ്രാമത്തിന്‍റെ ഹൃദയം മുഴുവന്‍ ഒരേ താളത്തില്‍ മിടിച്ചിരുന്ന ഒരു കായിക രൂപമാണ് ചുരുങ്ങി പോകുന്നത്.

ഒരു സ്ഥലത്ത് കളി കഴിയുമ്പോള്‍ അടുത്ത ഗ്രാമത്തില്‍ വേറെ തുടങ്ങിയിരിക്കും. പിന്നെ കൂട്ടങ്ങളായി അങ്ങോട്ട്‌. ഒരു വേനല്‍ കഴിയുമ്പോള്‍ അടുത്ത സീസന്‍ ആവുന്നത് വരെ കാത്തിരിപ്പിന് നീളം കൂടും. ആ സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളുടെ പരിമിതമായ സാന്നിധ്യമാണ് ഞാനിവിടെ അന്വഷിച്ചതും.

പക്ഷെ മലപ്പുറം ജില്ല വേറെ തന്നെ നില്‍ക്കുന്നു. പേര് കേട്ട പല മത്സരങ്ങളും ഇപ്പോള്‍ ഇല്ല എങ്കിലും കുറെയേറെ ഇപ്പോഴും ഉണ്ട്. അരീക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും സജീവമാണ്. കളിക്കുന്നതിനും കളി ഒരുക്കുന്നതിനും. ഇത് വഴി പോകുമ്പോള്‍ പന്ത് തട്ടി കളിക്കുന്ന കൊച്ചു കുട്ടികളെ കാണാം അവര്‍ക്ക് കളി പറഞ്ഞു കൊടുക്കുന്നവരേയും. നാളത്തെ ഇന്ത്യുടെ പ്രതീക്ഷകള്‍ ആണവര്‍. ഇന്ത്യന്‍ ടീമിലേക്ക് എത്രയെത്ര പ്രതിഭകളെ സമ്മാനിച്ച നാടാണിത്. ഷറഫലിയും ഹബീബും ജാബിറും തുടങ്ങി കുട്ടിക്കാലത്ത് ആരാധിച്ച എത്ര പേരുകള്‍. പുതിയ ഇന്ത്യന്‍ ടീമിലേക്കും കയറി ഇവിടെ നിന്നും കുറെ പേര്‍. എനിക്കുറപ്പുണ്ട് ഈ കൊച്ചു കുട്ടികള്‍ പന്തുതട്ടി പഠിക്കുന്നത് ഇന്ത്യയുടെ പുതിയ പ്രതീക്ഷകളിലേക്കേക്കാണ് എന്ന്. ഒരു പക്ഷെ ഒരു ലോകക്കപ്പ് എന്‍ഡ്രി എന്ന സ്വപ്നത്തിലേക്ക്.

കളികള്‍ മാത്രമല്ല അന്യം നിന്ന് പോകുന്നത്. കളിയരങ്ങുകള്‍ കൂടിയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ പറ്റി എങ്ങിനെ പറയാതിരിക്കും. ഇതുവഴി പോകുമ്പോള്‍ ഒരു നഷ്ടബോധം തോന്നും ഇപ്പോഴും. ഗാലറികളുടെ പഴയ ആരവം മനസ്സിലേക്ക് ഇരച്ചു കയറുന്നു. സിസ്സെഴ്സ് കപ്പ്‌, നെഹ്‌റു കപ്പ്‌, പിന്നെ കോഴിക്കോടിന്‍റെ സ്വന്തം നാഗ്ജി. ബികാസ്‌ പാഞ്ചിയും പാപച്ചനും വിജയനും ജാംഷെഡ്‌ നസ്സീരിയും ചീമ ഒകീരിയും തുടങ്ങി പിന്നെ റഷ്യക്ക് വേണ്ടി ലോക കപ്പ്‌ കളിച്ച ഇഗോര്‍ ബലനോവും അലക്സി മിഹൈലി ചെങ്കോയും വരെ ആവേശം വാരിവിതറിയ രാവുകള്‍.. . കഷണ്ടി തലയുമായി ബെലനോവിനെയും സ്വര്‍ണ്ണ തലമുടിയുമായി ചെങ്കോയെയും പിന്നെ റഷ്യക്ക് വേണ്ടി ലോകകപ്പില്‍ കണ്ടപ്പോള്‍ എത്ര മാത്രം സന്തോഷിച്ചു. നമ്മള്‍ നേരിട്ട് കണ്ട താരങ്ങള്‍. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്.

രാവുകളെ പകലാക്കിയ ഫ്ലെഡ് ലൈറ്റ് ആരവങ്ങള്‍ക്ക് ഇന്ന് ശ്മശാന മൂകത. കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ നൊമ്പരങ്ങള്‍ അവിടെ ചുറ്റിതിരിയുന്നതായി അനുഭവപ്പെടുന്നു. കാലം മാപ്പ് നല്‍കാത്ത അവഗണന. ഇടയ്ക്കെന്നോ ദേശീയ ലീഗിലെ ചില മത്സരങ്ങള്‍ വന്നു. വീണ്ടും പഴയ പടി. കണ്ണ് തുറക്കാത്ത അധികാരി വര്‍ഗങ്ങള്‍ അറിയുന്നോ കോഴിക്കോടന്‍ ഫുട്ബോള്‍ പ്രേമികളുടെ സങ്കടം. പട്ടിണി കിടന്നു മരിക്കുന്നവരെ പോലും തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ വരുമ്പോള്‍ ഈ ഒരു ചിന്ത അല്പം കടന്നതാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എഴുതി വന്ന വിഷയം അതായിപോയല്ലോ.

മൈതാനത്തിലെ പച്ച പുല്ല് കിളിര്‍ക്കുന്നത്‌ പോലെ വീണ്ടും ഗ്രാമങ്ങളും കളിയരങ്ങുകളും സജീവമാകും എന്ന ശുഭാപ്തി വിശ്വാസം ബാക്കി വെക്കാനെ എന്നിലെ കായികപ്രേമിക്കും കഴിയൂ. ഇനി വിസില്‍ മുഴങ്ങുന്നത് പുതിയൊരു മത്സരത്തിന്‍റെ ആവേശത്തിലേക്കാവട്ടെ.

(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്)

61 comments:

  1. "പക്ഷെ മലപ്പുറം ജില്ല വേറെ തന്നെ നില്‍ക്കുന്നു. പേര് കേട്ട പല മത്സരങ്ങളും ഇപ്പോള്‍ ഇല്ല എങ്കിലും കുറെയേറെ ഇപ്പോഴും ഉണ്ട്. അരീക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും സജീവമാണ്/"
    അത് കൊണ്ട് തന്നെ ഈ നഷ്ടം വല്ലാതെ അനുഭവപെട്ടിട്ടില്ല, എങ്കിലും നമ്മുടെ നാട്ടില്‍ അന്യം നിന്ന് പോകുന്ന ഉത്സവങ്ങളെ പോലെ പൂരങ്ങളെ പോലെ നേര്ച്ചകളെ പോലെ ഇതും സംരക്ഷിക്കപ്പെടെണ്ടാതാണ്.
    ആശംസകള്‍............

    ReplyDelete
  2. പാടങ്ങള്‍ ഓര്‍മയായി മാറിയപ്പോള്‍ അതോടൊപ്പം ഒര്‍മ്മയായ കുറെ കാര്യങ്ങള്‍ വേറെയുമുണ്ട്. അതില്‍ പ്രധാനമായ ഒന്ന് തന്നെ ആ വേനല്‍ക്കാല വിസ്മയം പടര്‍ത്തുന്ന ഫുഡ്‌ബാള്‍. സെവന്‍സ് എന്ന് വിളിക്കുന്ന. ആ രീതിയില്‍ അത് ഇനി തിരിച്ചു വരില്ല എന്ന് ഉറപ്പാണ്. ആ സ്ഥലങ്ങളെല്ലാം കോണ്‍ക്രീറ്റെടുത്തു പോയില്ലേ? ചെറുവാടിയുടെ വരികള്‍ വായിച്ചപ്പോള്‍ ആ കളിയുടെ ആരവങ്ങളെല്ലാം വീണ്ടും കാതില്‍ വന്നലച്ചു.

    ReplyDelete
  3. മലബാറിന്റെ ഹൃദയത്തുടിപ്പിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് വേനല്‍ക്കാലത്തെ കൊയ്തൊഴിഞ്ഞ പാടങ്ങളിലെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളും അതിന്റെ ആവേശവും....-പലതും അന്യംനിന്നുപോയപോലെ സെവന്‍സ് ലഹരിയും ചുരുങ്ങിവരുമ്പോള്‍ നഷ്ടമാവുന്നത് അതിമനോഹരമായ ഒരു സംസ്കാരമാണ്....

    ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുതന്നെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഒരിക്കലും അവസാനിക്കാത്ത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കഥയും.ഇവിടെ നടന്ന ഓരോ മത്സരത്തേയും നിറഞ്ഞുകവിയുന്ന സാന്നിദ്ധ്യം കൊണ്ട് വന്‍വിജയമാക്കിയവരാണ് കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികള്‍. സ്റ്റേഡിയം പണിയുടെ പേരുപറഞ്ഞ് ഇവിടെ മത്സരങ്ങള്‍ നടത്താതിരിക്കുമ്പോള്‍ നിരാശരാവുന്നത് ഫുട്ബോളിനെ നെഞ്ചോടുചേര്‍ക്കുന്ന ഒരു സമൂഹമാണ്.

    നല്ല ഓര്‍മപ്പെടുത്തല്‍....

    ReplyDelete
  4. സെവന്‍സ്...എന്തൊരു ഹരം

    ReplyDelete
  5. സ്പോര്‍ട്സ് എന്നാല്‍ ക്രിക്കറ്റ് മാത്രമാകുന്ന ഒരു കാലത്തിലാണു നമ്മള്‍. വളരെ നന്നായി പറഞ്ഞു ചെറുവാടി. പ്രിയപ്പെട്ടതു ഹൃദയത്തില്‍ നിന്നു ചോര്‍ന്നു പോകുന്ന വേദന പങ്കുവച്ചു.

    ReplyDelete
  6. priyappetta mansoor bhai,
    ee perinte koode aa vaakkum koodi cherumpol nalla bhangiyaanu ningalude perinu.ee pstinu comment ezhuthan njan aalalla.pakshe ithu kandappol enikkoru kaaryam ormma vannu.kurachu divasangalkku munp oru yaathra povumpol edapal enna sthalathethi.avide randu moonnu aafrica kkaare kandu.njan aadyamaayaanu aa aalukale kanunnathu.avarude kayyil valiya panthundaayirunnu.achanodu chodichu avarentha ividennu.achan vandi nirthi avarodu samsaarichu.avaru edappalil sevens kalikkan vannathaathre.pinne ente samshayam entha ee sevens ennayirunnu.appo achan athine kurichch paranju thannu.world cup nte kalath roadil okke oro aalukalude posterum mattum vech kandittulla parichayame enikkee foot ballil ulloo.ithu vaayichappo athu ormma vannu.athivid eezhuthanam ennu thonni.

    ReplyDelete
  7. തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം.
    കാലം വല്ലാതെ മാറിയിരിക്കുന്നു.
    കളിയോ കളിക്കുന്നവരോ കാര്യമാല്ലാത്ത കാലം.
    പണത്തിനു മാത്രം വഴി മാറുന്ന കളികള്‍!

    ReplyDelete
  8. കാലം എത്ര കടന്നു പോയാലും എല്ലാവരുടെയും ഓര്‍മ്മകളില്‍ ഒരു മൈതാവനും കളിയുടെ ആരവങ്ങളും ബാക്കി ഉണ്ടാവും. സെവന്‍സ് ഫുട് ബോള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പഴയ പ്രതാപം ഇല്ല എന്നത് നേര് തന്നെ.

    നാട്ടില്‍ ഉള്ളപ്പോള്‍ വെറുതെ മക്കളെയുമായി ഞാന്‍ ഇപ്പോഴും സായാഗ്നങ്ങളില്‍ മൈതാനത്ത് കളിച്ചു തിമിര്‍ക്കുന്ന പുതു തലമുറയുടെ പുത്തന്‍ മുറകള്‍ നോക്കി ഇരിക്കാറുണ്ട്. തെല്ലു നഷ്ട ബോധത്തോടെ.

    ReplyDelete
  9. മൂന്നുവര്‍ഷം മുന്‍പ് രണ്ടു നൈജീരിയന്‍ യുവാക്കള്‍ യാത്രാ രേഖകള്‍ ഇല്ലാതെ പിടിക്കപ്പെട്ടതും അവരെ ഒരു മാസത്തോളം രക്ഷാതൃശൂരിലും കൊച്ചിയിലും ഉള്ള അനാഥ രക്ഷാ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് കയറ്റി വിട്ടതും ആയ സംഭവം ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു..കാല്‍ പന്ത് കളിയുടെ കൂത്തരങ്ങായ ആഫ്രിക്കയില്‍ നിന്ന് അവര്‍ മലബാറില്‍ എത്തിപ്പെട്ടത് മലബാറിലെ പന്തുകളിപ്പെരുമ കേട്ടറിഞ്ഞാണ് ...അവര്‍ വഞ്ചിക്കപ്പെട്ടു എന്നത് കഥയുടെ ബാക്കി ഭാഗം ..പറഞ്ഞു വരുന്നത് മലബാറിന്റെ പന്തുകളി പാരമ്പര്യത്തെ ക്കുറിച്ച് തന്നെ..ലോക ഫുട്ബാള്‍ മത്സരങ്ങള്‍ വരുമ്പോള്‍ അവര്‍ കാണിക്കുന്ന വീറും വാശിയും കേരളത്തില്‍ മറ്റൊരിടത്തും കാണാനില്ല ..ഇപ്പോള്‍ യുവതലമുറ രാഷ്ട്രീയത്തിലേക്കും ..പ്രയോജനം ഇല്ലാത്ത മറ്റു കാര്യങ്ങളിലേക്കും തിരിഞ്ഞു ...കഷ്ടം ..നമ്മുടെ പാരമ്പര്യങ്ങള്‍ ഒന്നൊന്നായി അന്യം നിന്ന് പോവുകയാണ് ..

    ReplyDelete
  10. വളരെ മനോഹരമായി അവതരിപ്പിച്ച ഈ കാല്‍പന്തു കളിയുടെ ആരവങ്ങള്‍...പിന്നെ ഈ സെവന്‍സ്‌ ഐ പി എല്‍ പോലെ വരുന്നു എന്ന് കെട് അപ്പോള്‍ എങ്കിലും ഈ കിറു കാറ്റ് കളി മതിയാക്കി ഇത് കാണാന്‍ ആളുണ്ടായാല്‍ മതി ...

    ReplyDelete
  11. പാടങ്ങളിലെ സെവന്‍സ്‌ ,,,,,
    മലബാറിന്റെ ജീവന്റെ താളം ... അതായിരുന്നു ആ കാല്‍പന്തുകളി.
    കോഴിക്കോടിനു ഫുട്ബാളിന്റെ പല കഥകള്‍ പറയാനുണ്ട്. രമേശ്‌ ജി പറഞ്ഞ പോലെ പുതു തലമുറ എന്തുകൊണ്ട് ഇതിലൊക്കെ വിരക്തി കാണിക്കുന്നു ? ഉത്തരം കിട്ടാത്ത ചോദ്യം.
    മന്‍സൂര്‍ ,,,, ഇന്ന് ഈ പോസ്റ്റിനു ഏറെ പ്രസക്തിയുണ്ട്. താങ്കള്‍ മുന്നോട്ടു വെച്ച ഈ വിഷയം എല്ലാരും അതിന്റെ ഗൌരവത്തോടെ ഉള്‍കൊണ്ട് മുന്നോട്ടു പോകാന്‍ നാടിന്റെ ചിത്രങ്ങള്‍ മനസ്സില്‍ മായാത്ത ഈ പ്രവാസി പ്രാര്‍ത്ഥിക്കാം ...

    ReplyDelete
  12. ഫുട്ബോളിന്റെ സാമ്പ്രദായിക സൗന്ദര്യത്തെ സെവന്‍സ് മത്സരങ്ങള്‍ നശിപ്പിക്കുന്നു എന്ന് കുറെ കാലം കുറച്ചാളുകള്‍ പറഞ്ഞു നടന്നു. സെവന്‍സ് മത്സരങ്ങള്‍ കളിച്ച രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പോലും അസോസിയേഷന്‍ പ്രഖ്യാപിച്ചു . ഇപ്പോള്‍ ഒരു കളിപോലും ഇല്ലാത്ത അവസ്ഥ. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്ബാളിന്റെ നേഴ്സറി എന്നറിയപ്പെട്ടിരുന്ന കേരളം കഴിഞ്ഞ കുറെ നാളുകളായി ആ രംഗത്ത് തീര്‍ത്തും പുറകോട്ടു പോയിരിക്കുന്നു . രാവിലെ പത്രങ്ങളുടെ സ്പോര്‍ട്സ് പേജ് നോക്കി തലേന്ന് നടന്ന കളികളുടെ റിസള്‍ട്ടും റിപ്പോര്‍ട്ടും വായിച്ചിരുന്ന കാലത്ത് ഫുട്ബാളിന് കിട്ടിയിരുന്ന പ്രസക്തി പോലും ദ്രിശ്യമാധ്യമങ്ങള്‍ നിറഞ്ഞാടുന്ന ഈ കാലത്ത് കിട്ടുന്നില്ല. വിജയനും സത്യനും ജോപോളും പിന്നെ നജീബും എല്ലാം കേരളം വിട്ടു പുറത്തു പോയി കളിച്ചിട്ട് കേരളത്തിന്റെ ഗ്രൌണ്ടുകളില്‍ കളിക്കാന്‍ വരുമ്പോള്‍ കാണികള്‍ പ്രതിഷേധിച്ച് അലറി വിളിച്ചിരുന്നതും പിന്നെ കളി കഴിയുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്നതുമെല്ലാം ആ കളിയോട് മലയാളിക്കുണ്ടായിരുന്ന ആവേശം ഒന്നുകൊണ്ടു മാത്രമാണ് ( 2000 - ല്‍ തൃശൂരില്‍ നടന്ന സന്തോഷ്‌ ട്രോഫി ഫൈനലില്‍ നജീബിന്റെ ഗോളില്‍ മഹാരാഷ്ട്രയോട് കേരളം തോറ്റത് (0-1) ഇപ്പോഴും ഓര്‍ക്കുന്നു ) അതാണ്‌ ഫുട്ബോള്‍. ചെറുവാടി പറഞ്ഞത് പോലെ വെറുമൊരു കായിക ഇനം എന്നതിനുമപ്പുറം ഒരുപാട് തലങ്ങളിലേക്ക് അതിന്റെ ഗുണങ്ങള്‍ പരന്നിരുന്നു. ഐക്യത്തിന്റെ, സാഹോദര്യത്തിന്റെ, മത സൗഹാര്‍ദ്ധത്തിന്റെ മേഖലകളിലേക്ക്.

    >> നാട്ടുപച്ചയില്‍ നിന്നും ഞാന്‍ എന്റെ കമെന്റും കൂടെ കൊണ്ടുപോന്നു << :-)

    ReplyDelete
  13. മനസ്സിന്റെ അകത്തളങ്ങളില്‍ ഒരു നോവായി കിടന്ന എന്റെ കൂടി വികാരം,അല്ല ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ വികാരം ആണ് ഈ..പോസ്റ്റ്‌..
    ചെറുവാടിക്ക് ഒരായിരം അനുമോദനങ്ങള്‍....'''
    പിന്നെ..,ഫുട്ബോളിന്റെ നാട്ടു മഹിമയെ എന്നും ഉയര്‍ത്തി പിടിക്കുന്ന മലബാറിന്റെ ഗ്രാമാന്തരങ്ങളില്‍ സെവന്‍സ് ആരവങ്ങള്‍ ഇന്നും നിലച്ചിട്ടില്ല എന്നത് വല്ലാത്ത ഒരു ആശ്വാസമാണ്..ഞാന്‍ പറയും,മലബാറിലെ സെവന്‍സ് കോര്ട്ടുകളിലാണ് നമ്മുടെ ഫുട്ബോള്‍ ഭാവി എന്ന്... പക്ഷെ അതിനോട് നമ്മുടെ അധികാരികള്‍ സ്വീകരിക്കുന്ന സമീപനം പലപ്പോഴും ഈ ആരവങ്ങളെ തകര്‍ക്കാനേ ഉപകരിക്കുന്നുള്ളൂ.... മലപ്പുറത്തും,അരീകൊട്ടും,കൊണ്ടോട്ടിയിലും,മൊരയൂരിലും,തിരൂരങ്ങാടിയിലും,നഷ്ട്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പായി ഇന്നും ഈ..ആരവങ്ങള്‍ നില നില്‍ക്കുന്നത് നല്ലവരായ കാല്‍പന്തു-കളിപ്രേമികളുടെ മാത്രം പിന്തുണയില്‍ ആണ്..മലബാറിലെ ഈ ...ആരവങ്ങള്‍ കൂടി നിലച്ചാല്‍ പിന്നെ മുഴങ്ങുന്നത് കേരളത്തിലെ ഫുട്ബോളിന്റെ മരണ മണിയായിരിക്കും....അതിനു തടയിടാന്‍ ഏത് സൂപ്പര്‍..;;;ലീഗ് തുടങ്ങിയിട്ടും ഫലമുണ്ടാവില്ല....എന്ന് നമ്മുടെ ഫുട്ബോല്‍ അധികാരികള്‍ എന്നാണാവോ..തിരിച്ചറിയുക....

    ReplyDelete
  14. "ലോക്കല്‍ മറഡോണമാരേയും, മെസ്സിമാരെയും"
    പറഞ്ഞ കാലഘട്ടം വെച്ചാണെങ്കില്‍ മെസ്സി നടന്നു തുടങ്ങിയിട്ടേ ഉണ്ടാവുകയുള്ളൂ :-)
    എനിക്ക് തോന്നുന്നത് ഫുട്ബോള്‍ മരിക്കുകയൊന്നും ഇല്ല എന്നാണ്....കൊയ്ത്തു കഴിഞ്ഞ വയലുകള്‍ക്ക് പകരം, പച്ചപ്പുല്‍മൈതാനികളിലേക്ക് പറിച്ചു നടപ്പെടുമെന്നു മാത്രം....
    നമ്മളൊക്കെ എഴുതാന്‍ വേണ്ടി ഇപ്പോള്‍ പേപ്പറിന് പകരം ഡിജിറ്റല്‍ മീഡിയയെ ആശ്രയിക്കുന്നത് പോലെ....

    ReplyDelete
  15. എണ്‍പതുകളിലും തൊണ്ണൂറുകളിലും കോഴിക്കോ​ട്ടും മലപ്പുറത്തും മാത്രമല്ല കോട്ടയത്തും ധാരാളം സെവെന്‍സ് മസരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു നാട്ടകം, അതിരമ്പുഴ, കടുവാക്കുളം, മുക്കട, കാവാലം, തിരുവല്ല തുടങ്ങിയ വലിയ പ്രൈസ് മണിയും ട്രോഫിയുമുള്ള പ്രശസ്തമായ ടൂര്‍ണമെന്റുകള്‍ കൂടാതെ പ്രാദേശിക ടീമുകള്‍ ഏറ്റു മുട്ടുന്ന ചെറുകിട ടൂര്‍ണമെന്റുകള്‍ ധാരാളം. എന്നാല്‍ ഇപ്പോള്‍ പേരിനു പോലും ഒരു സെവെന്‍സ് ടൂര്‍ണമെന്റ് കോട്ടയത്ത് എവിടെയും മുടക്കമില്ലാതെ നടത്തുന്നതായി വിവരമില്ല.

    ReplyDelete
  16. നല്ല പോസ്റ്റ്!

    സെവൻസ് നിന്നു പോയി എന്നു പറയാനാകില്ല. തൃശ്ശൂരിൽ ഇപ്പോഴും സജീവമാണു. മുമ്പ് എന്റെയൊപ്പം ഒരുമിച്ച് കളിച്ചിരുന്ന ഒരു സുഹൃത്ത് ഇപ്പോൾ ഒഫീഷ്യൽ റെഫറിയാണു. ദിവസം രണ്ട് കളികളെങ്കിലും സീസണിൽ കിട്ടുമെന്നാണു പറഞ്ഞത്. നാനൂറു രൂപ 45 മിനിട്ട് വിസിൽ ചെയ്യുന്നതിനു കിട്ടും. കളിക്കാരനു 1200-1500 വരെയാണിപ്പോൾ. മിക്കവാറും ഫ്ളഡ് ലിറ്റ് സ്റ്റേഡിയങ്ങൾ തന്നെ!

    ReplyDelete
  17. ഞങ്ങളുടെ നാട്ടിലെ ആരവം എന്നോ കെട്ടടങ്ങി. ഞങ്ങടെ കരയിലെ ക്ലബ്ബായിരുന്നു ടോപ്‌, 'ഫോര്‍വേഡ് ഇലവന്‍'.

    ReplyDelete
  18. ഈ പോസ്റ്റിലേക്ക് ഒരു ഗോള്‍ എന്‍റെ വക

    ReplyDelete
  19. അവിടെയുള്ള എന്റെ സുഹൃത്തുക്കളും ഇതൊക്കെ പറയാറുണ്ടായിരുന്നു. ഇന്നത്തെ ചെറുപ്പക്കാർ കാര്യമായി കളിയിൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. വീണ്ടും ആ ‘കളിക്കാലം’ ഉത്സാഹഭരിതമായി വരുമെന്ന് വിശ്വസിക്കാം......

    ReplyDelete
  20. സെവന്‍സ് ഫുട്ബോളിന്റെ ഈറ്റില്ല മായ മലപ്പുറത്ത് പോലും ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ പിറകിലേക്ക് പോവുകയാണ്. മൈതാനങ്ങള്‍, പാടങ്ങളും കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്ക് വഴിമാറി പോവുകയും, ക്രിക്കറ്റിന്റെ അതി പ്രസരവും, പുത്തന്‍ തലമുറയ്ക്ക് ഫുട്ബോള്‍ അന്യം നിന്ന് പോകാന്‍ ഇടവരുത്തുന്നു.

    മാസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശ് സന്തോഷ്‌ ട്രോഫി ടീം അംഗങ്ങള്‍ ബൂട്ട്സുവാങ്ങാനായി ക്രിക്കറ്റ് സ്റ്റെടിയത്തിലെ കസേരകള്‍ വൃത്തിയാക്കുന്ന രംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കൂടി കൂട്ടി വായിക്കുമ്പോള്‍, ഫുട്ബോള്‍ ഇന്ത്യയില്‍ നിന്ന് തന്നെ അന്യം നിന്ന് പോകുന്ന കാലം അതി വിദൂരമല്ല.

    ആശംസകളോടെ..

    ReplyDelete
  21. സെവൻസ് ഫുട്ബാ‍ൾ മത്സരങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. പ്രത്യേകിച്ചും പെരിന്തൽമണ്ണയിലെ ഖാദറലി ഫുട്ബാൾ ഇപ്പോളടുത്താണ് കഴീഞഞത്. പക്ഷെ മുമ്പത്തെ പോലെ ആവേശമില്ല എന്ന് പറയാതെ വയ്യ.

    ReplyDelete
  22. ചെറുവാടി,

    ഫുട്ബോള്‍ അല്ലേ, ആവേശം കൂടി എന്റെ ഒരു ഫുട്ബോള്‍ അനുഭവം കൂടി ഇവിടെ പങ്കു വെക്കുന്നു. ക്ഷമിക്കുമല്ലോ,

    എന്റെ പോസ്റ്റില്‍ വീണ നാല് ഗോളുകള്‍.
    http://elayodenshanavas.blogspot.com/2011/06/blog-post.html

    ഒരിക്കല്‍ ചെറുകോടും മലപ്പുറവും തമ്മില്‍ തിരുവാലിയില്‍ സെവന്‍സ് ഫുട്ബാള്‍ നടക്കുന്നു. ഞങ്ങളുടെ ഗോള്‍ കീപ്പര്‍ അന്ന് പുറത്തു കല്യാണത്തിന് പോയിരുക്കുകയാണ്. ടീമില്‍ ഗോള്‍ കീപ്പര്‍ അടക്കം ഞങ്ങള്‍ എട്ടു പേര്‍ മാത്രം. കളി തുടങ്ങാന്‍ സമയമായിട്ടും ഗോള്‍ കീപ്പര്‍ എത്തിയില്ല. ഞങ്ങള്‍ ആകെ വിഷമിച്ചു. കൂട്ടത്തിലെ നല്ല കളിക്കാരനായ എന്റെ കൂട്ടുകാരന്‍ മുഹമ്മദു ഗോള്‍ വലയം കാക്കാം എന്ന് ഏറ്റു. ഒന്നാം പകുതി വരെ ഞങ്ങള്‍ പിടിച്ചു നിന്നു. (1-1) രണ്ടാം പകുതിയില്‍ മുഹമ്മദിനു കളിക്കാന്‍ ആശ മൂത്ത്, ഇനി നീ പോസ്റ്റില്‍ നിന്നോ ഞാന്‍ കളിക്കാം എന്ന് പറഞ്ഞു എന്നെ പോസ്റ്റില്‍ നിറുത്തി. അന്ന് വരെ പോസ്റ്റില്‍ നില്‍ക്കാത്ത എന്റെ പോസ്റ്റില്‍ ഇരുപതു മിനിട്ടിനുള്ളില്‍ നാല് ഗോളുകള്‍. എന്റെ തവള പിടുത്തം കണ്ടു കാണികളില്‍ ഒരു കാക്കയുടെ കമെന്റു,


    "മനേ നീ ആ ജഴ്സി അഴിച്ചു ക്രോസ് ബാറില്‍ ഇട്ടു ഇങ്ങോട്ട് കേറി പോര്. ജഴ്സി തടുത്തോള്ളും ബാക്കി ഗോളുകള്‍.കളി ഒന്ന് തീര്‍ന്നു കിട്ടാന്‍ അന്ന് ഞാനും കാണികളും പെടാപാട് പെട്ടു
    .

    ReplyDelete
  23. ഇന്ന് ക്രിക്കറ്റിന് പുറകെ ആയി യുവാക്കളൂടെ ഹരം.. കാല്പന്ത് കളിയിലൂടെ ഉള്ള വരുമാനം ക്രിക്കറ്റിനോളം വരില്ല.. നല്ല പോസ്റ്റ്.. ആശംസകൾ..!!

    ReplyDelete
  24. നാട്ടിലെ പണ്ടത്തെ ചാക്കോള ട്രോഫി ഫൂട്ബോൾ,തേറാട്ടിൽ ജെ ആന്റണി വോളിബോൾ,...തുടങ്ങി ടൂർണമെന്റുകൾ ,പിന്നെ കണിമംഗലം ,പനമുക്ക് എന്നീ നാട്ടിമ്പുറ സെവൻസ് തുടങ്ങിയ കൊച്ചു മത്സരവേദികളുമൊക്കെ നമ്മുടെ അന്നാത്തെ സ്പോർട്ട്മാൻ സ്പിരിട്ടിനൊപ്പാം ഇന്നില്ലാതായി...
    ഇത്ര വലിയ രാജ്യമായിട്ടുപോലും കായികരംഗത്ത് ഇന്ത്യയുടെ ഗതിയും ഇതുതന്നെയാണല്ലോ..അല്ലേ..!

    നാട്ടുപച്ചയിൽ ഇതിനോടൊപ്പം ‘കത്തിയെരിഞ്ഞ പ്രണയ നക്ഷത്രങ്ങള്ഉം’ കണ്ടിരുന്നു കേട്ടൊ ഭായ്.

    ReplyDelete
  25. നമ്മുടെ കളികളിൽ ഏറ്റവും കായികദ്ധ്വാനം വേണ്ട ഫുട്ബാൾ പോലുള്ളവയുടെ പ്രചാരം കുറയുന്നത് ദു:ഖകരമാണ്.മലബാറിന് ഫുട്ബോളെന്നപോലെയായിരുന്നു മദ്ധ്യകേരളത്തിന് വോളിബാൾ അതിന്റെയും ഗതിയിതു തന്നെ ,കളിസ്ഥലങ്ങൾ കുറഞ്ഞുവരുന്ന കാലഘട്ടത്തിൽ വോളിപോലുള്ളവക്കും പ്രചാരം വർദ്ധിപ്പിക്കേണ്ടതുണ്ട് എക്കിലെ നമ്മുടെ കുട്ടികൾ നല്ല കായികക്ഷമതയുള്ള വരായി തീരുകയുള്ളു.

    ReplyDelete
  26. dear mansu footbalinte eetillavum pottillavumanu areacode avide thanne foot bal nadakunnillaa... kaliyodulla avesham avarku thanne poi ... ipol panadipathyamanu nadakunnathu.. ethayalum ethu polulla postukal oru ormapeduthal anu ......santhosham iniyum ithu pole daralam pratheeshikunnu

    ReplyDelete
  27. ഫുട്ബോള്‍ മാത്രമല്ലല്ലോ... ഇന്നത്തെ തലമുറ മറന്നത്.. നമ്മളൊക്കെ ചെറുപത്തില്‍ കളിച്ചിരുന്ന ഒരു കളിയും ഇന്നില്ലല്ലോ... എന്റെ നാട്ടിലും ഉണ്ടായിരുന്നു ദിവസങ്ങളോളം നീളുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍.. അത് കഴിയുമ്പോള്‍ അടുത്ത നാടുകളില്‍...അങ്ങനെ അങ്ങനെ... ഇപ്പൊ അത് കേരളോത്സവത്തിന്റെ ഒരു ദിവസത്തിലേക്ക് ഒതുങ്ങിയെന്നു മാത്രം...

    സുഹൃത്തെ..നന്നായി എഴുതി....

    ReplyDelete
  28. പഴയകാലത്ത് മുക്കിലും,മൂലയിലും ഫുട്ബോള്‍ ക്ലബ്ബുകളായിരുന്നു.
    സ്കൂള്‍ വിട്ടുവന്നാല്‍ ഓരോരുത്തരും അവരവരുടെ ക്ലബുകളില്‍
    എത്തിചേരും.തുണിപ്പന്തോ,ഷയറെടുത്ത് സംഘടിപ്പിച്ച ഫുട്ബോളോ എടുത്ത് ഒഴിഞ്ഞുകിടക്കുന്ന വിശാലമായ പറമ്പില്‍ അല്ലെങ്കില്‍
    കൊയ്ത്തുകഴിഞ്ഞ പാടത്ത് കളിക്കാനിറങ്ങും.ഒഴിഞ്ഞ പറമ്പുകളും,
    പാടങ്ങളും..!!!
    പന്തിന് എയറടിച്ച്,പഞ്ചറടച്ച്,ലെതറ് തുന്നി..ഒരുപരുവമാകുന്നതുവരെ..
    പിന്നെ ക്ലബ്ബുകള്‍ തമ്മിലുള്ള സൌഹാര്‍ദ്ദമത്സരം.ആവേശമായിരുന്നു...

    ആശംസകള്‍

    ReplyDelete
  29. ഫുട്ബാള്‍ ഇല്ലെങ്കില്‍ എന്ത് മലപ്പുറം അല്ലേ ചെറുവാടീ.. ഇപ്പോള്‍ മൈതാനങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുന്നു

    ReplyDelete
  30. ഇപ്പോള്‍ കച്ചവടക്കളികളുടെ അലകള്‍ ..തൊഴിലിടങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതുപോലെ കളിയിടങ്ങളിലേക്ക് അന്യരാജ്യത്തെ കളിക്കാരെയും ഇറക്കുമതി കാലം..
    അല്ല,കലികാലം..

    ReplyDelete
  31. കാല്‍ പന്ത് കളിയുടെ പ്രാധാന്യം കുറഞ്ഞത് ടെലിവിഷനുകള്‍ സജീവമായതോടെ ആണെന്നാണ്‌ എന്‍റെ അഭിപ്രായം
    കാരണം പണ്ട് സ്കൂള്‍ വിട്ടു വന്നാല്‍ പയയ തുണിയും പ്ലാസ്റ്റിക്കും ഒക്കെ ഉപയോഗിച്ച് കെട്ടി ഉണ്ടാക്കിയ പന്ത് തട്ടി കളിച്ചാണ് ഓരോ കുട്ടിയും കളി പഠിക്കുന്നത് പക്ഷേ ഇന്ന് കുട്ടികള്‍ എല്ലാം ടി വി യില്‍ ക്രികെട്ടു കാണ്‌ന്നതിലാ കമ്പം ടെലിവിഷന്‍ ദാതാക്കള്‍ ആണെങ്കില്‍ കാല്‍ പന്ത് കളിയേക്കാളും പ്രാധാന്യം കൊടുക്കുന്നത് ക്രികെട്ടിനെ ആണ് അതാണ്‌ അവര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കുന്നത് ക്രികെട്ടിനിടയില്‍ ഒരു പാട് പരസ്യം കയറ്റം കാല്‍ പന്തില്‍ അത് നടക്കില്ല

    ReplyDelete
  32. നല്ല പോസ്റ്റ്.. ഈ വിവരണങ്ങള്‍ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചു, കൂടെ നഷ്ടങ്ങളുടെ ഒരു വിങ്ങലും..

    ReplyDelete
  33. ഹിഗ്വിറ്റയിൽ ഗീവർഗ്ഗീസച്ഛന്റെ അച്ഛൻ മകനോട് പറയുന്ന വാക്യമാണോർമ്മ വരുന്നത്.സെവൻസ് ഫുട്ബോളിന്റെ അന്തിക്രിസ്തുവാണ്..സെന്റർകോർട്ടിലെ യാത്രാവിവരണങ്ങൾക്കും മറ്റനുഭവങ്ങൾക്കും ഞാൻ അഭിപ്രായം ചൊല്ലാം,പക്ഷേ ഇവിടെ അതിനസാധ്യമാം വിധം ഫുട്ബോളിനെക്കുറിച്ചുള്ള അജ്ഞത എന്നെ നമ്രശിരസ്കനാക്കുന്നു. :)

    ReplyDelete
  34. ചെറുവാടിയിലെയും കൊടിയത്തൂരിലെയും അരീക്കൊട്ടെയും കുറെ സെവന്‍സ് കാണാന്‍ പോയിട്ടുണ്ട്. കളിയും കാണികളുടെ പ്രകടനവും ആസ്വദിച്ചിട്ടുണ്ട്. ഇപ്പോള്‍ മുക്കിലും മൂലയിലും ഫ്ലെഡ്ലിറ്റ് കളികള്‍ ആണെന്നാണറിവ്. അന്യം നിന്നു പോയിട്ടില്ലെന്ന് തോന്നുന്നു. ഏതായാലും കൂടുതല്‍ ആയുസ്സ് കാണില്ല. കോഴിക്കോട്ടെ സ്റ്റേഡിയത്തോടുള്ള അവഗണന ഒരിക്കലും പൊറുക്കാന്‍ പറ്റാത്തത് തന്നെ.

    ReplyDelete
  35. കളിയാരവങ്ങള്‍ക്ക് മങ്ങലേറ്റു എന്നത് സത്യമാണ്, മൊബൈല്‍ ഫോണും,ഫ്ലാഷ് ഡ്രൈവും,മൈക്രോ ചിപ്പും ഒക്കെ ഇന്ന് എല്‍ പി സ്കൂള്‍ കുട്ടികളുടെ കയ്യില്‍ പോലും കാണാം. ഒഴിവു സമയങ്ങളില്‍ അവര്‍ ആരവം കൂട്ടുന്നത് ഇത്തരം 'സംഗതികള്‍ ' കണ്ടും, കൊണ്ടുമാണ്. ടെലിവിഷനും, ഇന്റര്‍നെറ്റും, മൊബൈലും ഒക്കെ പ്രചാരത്തിലായതിനു ശേഷം മാത്രമാണ് നമ്മുടെ ഓരോ തലമുറയും നിഷ്ക്രിയരായത്.ഇതിന്റെ ഒരു ബാക്കിപത്രമാണ് മന്‍സൂര്‍ പറഞ്ഞു വെച്ചത്

    ReplyDelete
  36. ഫുട്ബാള്‍ ഇല്ലാതാവുന്നതില്‍ അത്രയേറെ വിഷമിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത് ,ഒന്നില്ലതാകുംപോള്‍ മറ്റൊന്ന് വളര്‍ന്നു വരുന്നുണ്ടല്ലോ .ഇന്ന് നിന്ന് തിരിയാന്‍ ഇടമില്ലാത്ത നാട്ടിടകളില്‍ എവിടെ ഫുട്ബാള്‍ കളിക്കാന്‍ ?വല്ല ഹര്‍ത്താല്‍ ദിനത്തിലും റോട്ടില്‍ അല്ലാതെ ?

    ReplyDelete
  37. ഞങ്ങള്‍ വടകരക്കാര്‍ക്ക് ഫുട് ബാളിനെന്ക്കാലും ആവേശം വോളിബോളിനാണ്...ഇക്ക പറഞ്ഞത് പോലെ കൊയ്ത പാടത്ത് താല്‍ക്കാലിക ഗാലറി പണിതു ഞങ്ങടെ നാട്ടില്‍ അഖിലേന്ത്യ ,അഖില കേരള ടൂര്‍ണമെന്റുകള്‍ നടത്തുന്നത് ഒരു പതിവായിരുന്നു. അത് പോലെ ഒരു ടീമിന് വേണ്ടി ലോകല്‍ മുതലാളിമാര്‍ ബെറ്റ് വെക്കുന്ന പതിവും ഉണ്ടായിരുന്നു.പഴയതു പോലെ സജീവമില്ലെങ്കിലും വൈകുന്നേരങ്ങളില്‍ വോളിബോള്‍ കളിക്കുന്ന ചെറുപ്പക്കാര്‍ ഇപ്പോഴും എന്റെ നാട്ടില്‍ ഉണ്ട്..

    ReplyDelete
  38. സെവൻസുകൾ ഗ്രാമങ്ങളിലെ ഇത്സവമായിരുന്നു. ഇന്നും സെവൻസുണ്ട്, രാത്രി ഫ്ലെഡ് ലൈറ്റ് ഗ്രൌണ്ടുകളിൽ.., പക്ഷെ പഴയ ആവേശവും ജനസാന്നിദ്ധ്യവുമില്ല. രാത്രി സമയമായതിനാൽ ഈ ആവേശങ്ങളൊക്കെ നിലനിർത്തി അടുത്ത തലമുറയിലേക്ക് എത്തിക്കേണ്ട വിദ്യാർത്ഥികളുണ്ടാവില്ല.

    ReplyDelete
  39. കളികള്‍ മാത്രമല്ല അന്യം നിന്ന് പോകുന്നത്. കളിയരങ്ങുകള്‍ കൂടിയാണ്. .......
    പഴയ കാലത്തെ ഓര്‍മിപ്പിച്ചു
    നന്നായിരിക്കുന്നു മന്‍സൂര്‍
    ഇത്തരം രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  40. നന്നായി വിവരിച്ചു
    അതൊരു കാലമായിരുന്നു

    ReplyDelete
  41. തലശ്ശേരിയില്‍ ഫുട്ബോളിനെക്കാളും പ്രാധാന്യം ക്രിക്കറ്റിനായത് കൊണ്ട് അതിപ്പോഴും ആവേശത്തില്‍ തന്നെ നടന്നു പോകുന്നുണ്ട്. സമയ ദൈര്‍ഗ്യത്തിന്റെ വിരസതയാകാം മലപ്പുറത്തെ ഫുട്ബോള്‍ ഭ്രാന്ത് പോലെ ഒന്ന് ക്രിക്കറ്റിനു തലശ്ശേരിയില്‍ ഇല്ല. മാഹിയില്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു സെവന്‍സ് ഫുട്ബോള്‍ നടക്കാറുണ്ട്. അതൊരു ഉത്സവ പ്രതീതി തന്നെയായിരുന്നു. അതിപ്പോഴും നടത്തപ്പെടുന്നുണ്ടോ എന്നറിയില്ല.

    ReplyDelete
  42. മൈതാനങ്ങള്‍ തന്നെ നഷ്ടപ്പെട്ട് വരുന്ന ഈ കാലത്ത് എന്ത് സെവന്‍സ്.കൊയ്ത്ത് കഴിഞ്ഞ പാടങ്ങളും ഇന്ന് ഓര്‍മ്മകള്‍ മാത്രം.കാറ്റും കൊണ്ട് അല്‍പ്പം സൊറയും പറഞ്ഞിരുന്ന ആ ഇടങ്ങളെല്ലാം ഇന്ന് മനസില്‍ മധുരിക്കുന്ന ഓര്‍മ്മകളായി മാത്രം അവശേഷിക്കുന്നു.

    ReplyDelete
  43. ormakalil thiranjukondulla cheruvaadiyude nalla oru post koodi.vaayanakk eppozhumennapole oru vedhanayude feel.ormakal undaayirikkanam!!!allaathe enthu manushyrum bhoomiyum???ashamsakalode prarthanayode sonnet
    (malayalam fond kittunnilla )

    ReplyDelete
  44. ഈ കാലത്തു മൈതാനവുമില്ല കുട്ടികളുമില്ല .......വളരെ നന്നായിടുണ്ട് ലേഖനം ക്രിക്കറ്റിനെ വെറുതെ വിടാമോ ?[സച്ചിന്റെയും ,ലയണ മെസിയുടെ ആരാധകന്‍ ]

    ReplyDelete
  45. രാവുകളെ പകലാക്കിയ ഫ്ലെഡ് ലൈറ്റ് ആരവങ്ങള്‍ക്ക് ഇന്ന് ശ്മശാന മൂകത.

    അങ്ങനെ പറയാൻ പറ്റില്ല ട്ടോ. കാരണം നമ്മുടെ മലപ്പുറം സൈഡ് പാലക്കാടിന്റേയും കോഴിക്കോടിന്റേയും ഗ്രാമ പ്രദേശങ്ങളിലൊക്കെ ഇപ്പോഴും ആ ഫ്ലഡ് ലൈറ്റ് മത്സരങ്ങൾ സജീവമായി നടക്കാറുണ്ട്. പക്ഷെ പറഞ്ഞ മറ്റുപല കാര്യങ്ങളോടും എനിക്ക് യോജിപ്പുണ്ട്. നന്നായിരിക്കുന്നൂ ട്ടോ. ആശംസകൾ.

    ReplyDelete
  46. മുഴുവൻ പോയിട്ടില്ല, പഴയ അത്ര ആവേശമില്ലെങ്കിലും ഇപ്പോഴുമുണ്ട് ഫുട്ബോൾ മത്സരങ്ങൾ.....ഞങ്ങൾ സ്ത്രീ ജനങ്ങൾ കുറച്ച് ദൂരെ മാറി നിന്ന് കാണുന്നവയാണല്ലോ ഇതൊക്കെത്തന്നെയും.

    നന്നായി എഴുതി കേട്ടോ. അഭിനന്ദനങ്ങൾ.

    കത്തിയെരിഞ്ഞ പ്രണയ നക്ഷത്രങ്ങളും കണ്ടിരുന്നു കേട്ടൊ.

    ReplyDelete
  47. ഇതൊക്കെ കാലത്തിന്റെ അനിവാര്യതയാണ്. അന്നു സെവെന്‍സ് ആ ആവേശം ജ്വലിപ്പിച്ചിരുന്നത് ജനങ്ങള്‍ക്ക് മറ്റു വിനോദോപാധികള്‍ അപ്രാപ്യമായിരുന്നതു കൊണ്ടും കൂടി ആണ്. ഇന്നു ഈ യുഗത്തില്‍ യുറോപ്യന്‍ ലീഗുകളും ചാംപ്യന്‍സ് ലീഗുമെല്ലാം ദിവസേന വലിയ സ്ക്രീനില്‍ HDയില്‍ പിന്തുടരുന്നവര്‍ക്കു് എങ്ങനെ സെവെന്‍സ് കണ്ടാസ്വദിക്കാന്‍ പറ്റും? അതിന്റെ നിലവാരം വളരെ പിന്നോക്കം തന്നെയാണ്. കോട്ടയം കാരനായ എന്റെ നാട്ടില്‍ പണ്ട് ഇതുപോലെ നാടന്‍ കായിക വിനോദമായി കണ്ടുവന്നിരുന്നത് വോളീബോള്‍ ആണ്. ഈ പറഞ്ഞതുപോലെ തന്നെ അതിനും ടൂര്‍ണമെന്റുകളും local heroes എല്ലാമുണ്ടായിരുന്നു, ചിലപ്പോഴൊക്കെ അടിയിലും കലാശിച്ചിരുന്നു. പിന്നീട് ആവേശം ക്രിക്കറ്റിനു വഴിമാറി. പാടങ്ങളില്‍ ആവേശോജ്വലമായ 'ടെന്നീസ് ബോള്‍' ക്രിക്കറ്റ് ടൂര്‍ണമെന്റുകളായി. ഇന്നു അതും കാണാനില്ല. കാരണം അന്നു ദൂരദര്‍ശന്‍ കാണിച്ചിരുന്ന കളികള്‍ മാത്രമേ കാണുവാന്‍ അവസരമുണ്ടായിരുന്നുള്ളു. ബാക്കി സമയം ആളുകള്‍ കളിക്കാന്‍ ഇറങ്ങും. ഇന്നു അനവധി സ്പോര്‍ട്സ് ചാനലുകളില്‍ പല ക്രിക്കറ്റ് ലീഗുകളും ഫുട്ബോളും മറ്റുമായി 24 മണിക്കൂറും occupied ആകാനുള്ള വകയുണ്ട്. ഈ പറയുന്ന കാലത്തു ജീവിച്ച നമ്മള്‍ക്കും അതുപോലൊന്നും ആകാന്‍ പറ്റില്ല, നമ്മളും മാറി കഴിഞ്ഞിരിക്കുന്നു.

    ReplyDelete
  48. ഇക്കാ നല്ലൊരു ഗോളായല്ലോ ഇത് ഞങ്ങളുടെ ക്ലബ്ബിന്റെ പേരും, സെവന്‍സ് എന്നാ , ഫുഡ്‌ ബോള്‍ ന്റെ എല്ലാ തീവ്രതയും കണ്ടും അറിഞ്ഞും ഉള്ള ബാല്യകാലം ഇപ്പോഴും ഞങളുടെ നാട്ടില്‍ ഉണ്ടാകാറുണ്ട് സെവന്‍സ് മല്‍സരം അതെല്ലാം വീണ്ടും മനസ്സിലേക്ക് ഓടിയെത്തി ഈ ഫുഡ്‌ ബോള്‍ എഴുത്തിന് ഒരായിരം ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  49. മലപ്പുറക്കാരുടെ കളിപ്പിരാന്ത് പിന്നെ കേളി കേട്ടതല്ലേ..

    ReplyDelete
  50. കോഴിക്കോട്ടെ ഫുട്ബോൾ വിശേഷങ്ങള്‍ എന്നും പോലെ കേള്‍ക്കുന്നതാണ്‍..
    ഈ ലേഖനം ഞാന്‍ വായിച്ചു കൊടുക്കാം ട്ടൊ...
    നാട്ടിലും ഉണ്ട് ഈ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിയ്ക്കുന്ന ഒരാള്‍...
    ആശംസകള്‍ അറിയിയ്ക്കും കൂട്ടത്തില്‍ നന്ദിയും അറിയിയ്ക്കട്ടെ..
    ഇത്തരത്തിലുള്ള ലേഖനങ്ങള്‍ വളരെ സൂഷ്മതയോടെ കാത്തിരിയ്ക്കുന്ന ഒരു കൂട്ടരും ഉണ്ടെന്നറിയിയ്ക്കട്ടെ..!

    ReplyDelete
  51. മന്‍സു ..ഉള്ളിലേ ഫുട്ബോള്‍ പ്രേമീ
    സടകുടഞ്ഞെഴുന്നേറ്റു അല്ലേ ?
    ഫുട്ബോളിന്റെ ഈറ്റില്ലമായ
    മലപ്പുറത്തിന്റെ മണ്ണ് എന്റേ പൊറ്റമ്മയാണ്
    സെവെന്‍സിന്റെ മാസ്മരികത എന്നേ അറിയിച്ച
    എത്രയൊ നിമിഷങ്ങള്‍ കടന്നു പൊയീ ..
    ഇന്ന് കുടിപകയുടെയും കൊലപാതക പരമ്പരകളുടെയും
    കൂത്തരങ്ങാണ് മലപ്പുറത്തേ മിക്ക കാല്പന്തുകളിയുടെയും
    ആകെ തുകയായ് നമ്മുക്ക് കിട്ടുന്നത് ..
    മന്‍സു പറഞ്ഞ പൊലെ വയ്യാത്ത കാക്കമാരൊക്കെ
    എന്തു ഊര്‍ജമോടെയാണ് കളി കാണുവാന്‍ വരുന്നത്
    നിഷ്കളങ്കമായ അവരുടെ പ്രൊല്‍സാഹനം ,
    ഒരിക്കല്‍ വയ്യാത്ത ഒരു ഉപ്പുപ്പ എന്റെ അടുത്തിരിന്ന്
    ഐസ്സും നുണഞ്ഞിരുന്ന് കളി കാണുന്നത് ഇന്നും മനസ്സിലുണ്ട്
    ഇത്തവണയും മന്‍സൂ ഈ വരികളിലൂടെ മനസ്സ് ഒന്നു തൊട്ടു
    കോഴിക്കോടിന്റെ ഉള്ളറിഞ്ഞ സങ്കടത്തിലൂടെ
    ഇന്നും അതിനു മുന്നിലൂടെ പൊകുമ്പൊള്‍
    ഉള്ളിലെവിടെയോ പതഞ്ഞു പൊങ്ങുന്ന ആരവം കേള്‍ക്കാം
    ഈ വരികളില്‍ അതിന്റെ ശേഷിപ്പുകളും ,നോവും ..
    ലോകം നേരിന്റെ മുന്നില്‍ പതറി പൊകുന്നുവെങ്കിലും
    നമ്മുക്ക് ഉള്ളില്‍ ചില ഇഷ്ടങ്ങളുണ്ട് ,അതും കൂടീ
    കാണേണ്ടതും ,സഫലീകരിക്കേണ്ടതും നമ്മുടെ കടമ തന്നെ
    അതിനാല്‍ അതു കടന്നു പൊയൊരു ചിന്തയുമല്ല മന്‍സൂ
    ഇന്ന് മിഡില്‍ കഴിയാന്‍ പറ്റുന്നില്ല,പ്രവാസം
    തീരെ ഇഷ്ടമല്ലാത്ത കിതപ്പ് തന്നിരിക്കുന്നു
    എന്നിട്ടും കിട്ടുന്ന സമയം ഓടി ചെല്ലാറുണ്ട്
    ഇത്തിരി നേരം മുഴുകി പൊകാറുണ്ട്
    പക്ഷേ എന്തോ ഒരു കുറവുണ്ട് , അതു നാടിന്റെയോ
    നമ്മുടെയോ ...അറിവതില്ല
    പഴയതിനെക്കാള്‍ പ്രഭയോടെ
    കളിക്കളം വാഴും!! ഈ മനസ്സ് പ്രതീഷിച്ച -
    എല്ലാം കാലം കൊണ്ടു വരും
    അകലെ ഒരു ആരവം കേല്‍ക്കുന്നുണ്ട്
    കാലുകളൂടെ ദ്രുതചലനത്തില്‍
    ഗോള്‍ മുഖങ്ങള്‍ വിറക്കുന്നുണ്ട് ...

    ReplyDelete
  52. നാട്ടുപച്ചയില്‍ വായിച്ചിരുന്നു.ബിഗ് ടൂര്‍ണ്ണമെന്റുകള്‍ പഴയ് പോലെ നടക്കുന്നില്ല. എങ്കിലും സെവന്‍സ് ഫുട്ബാള്‍ ഇപ്പോഴും ഫ്ലഡ് ലൈറ്റ് മൈതാങ്ങളില്‍ നടക്കുന്നുണ്ട്.പിന്നെ അരീക്കോടു നിന്നുള്ള പയ്യന്മാറ് ഇന്ത്യന്‍ ഫുട്ബാളില്‍ വാഗ്ദാനമായി മാറാന്‍ പരിശീലിച്ചു കൊണ്ടിരിക്കുകയാണ്.ഈയടുത്ത് പെരിന്തല്‍മണ്ണയില്‍ കൊറിയന്‍ ടീമും സെലക്റ്റേറ്സ് ഇലവനുമായി ഒരു മത്സരം സംഘ്ടിപ്പിക്കുകയുണ്ടായി.കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ പഴയകാല മത്സരങ്ങള്‍ ഇന്നോര്‍മ്മ മാത്രമാകുകയാണ്..ഇന്ത്യന്‍ ടീമിന്റെ പരിതാപകരമായ പേറ്ഫോറ്മന്‍സ് കാണാന്‍ യൂറോപ്യന്‍ ലീഗുകള്‍ ദിവസവും ടിവിയില്‍ കണ്ടാസ്വദിക്കുന്നവര്‍ക്ക് കഴിയാത്തതിനെ നാം കുറ്റം പറയാന്‍ കഴിയില്ല..ഏതു കളിയായാലും ഒരു മിനിമം നിലവാരം ഉണ്ടായാലേ കാണാന്‍ ആളുണ്ടാവൂ..

    ReplyDelete
  53. പുതിയ പല ടൂർണ്ണമെന്റുകളും ഉണ്ടാകുന്നുണ്ട്. പഴയ ആരവങ്ങളും. പക്ഷേ സാമ്പത്തികമായ ഒരു ലാഭം കളിക്കാർക്കും നടത്തിപ്പുകാർക്കും ഇല്ലാതെ പോകുന്നതു കൊണ്ടു തന്നെയാകണം ഈ മരണമണി മുഴങ്ങാൻ കാരണം.

    ReplyDelete
  54. പ്രിയപ്പെട്ട മന്‍സൂര്‍,
    പണ്ട്,തറവാട്ടിലെ പാടങ്ങളില്‍,കൊയ്ത്തു കഴിഞ്ഞാല്‍ പിന്നെ, ആരവങ്ങളുമായിരുന്നു,ആവേശത്തിന്റെ,ലഹരിയുടെ....കാലുകള്‍ക്കിടയില്‍ മാറിമറയുന്ന ഫുട്ബോളിന്റെ !
    വേള്‍ഡ് കപ്പ്‌ നടക്കുമ്പോള്‍, തൃശൂരില്‍ അമ്മയുടെ കൂടെയായിരുന്നു. മത്സരഫലങ്ങള്‍ അറിയാന്‍ അമ്മയോടൊപ്പം അനുവിനും ഉത്സാഹമായിരുന്നു.
    വലിയ ഫ്ലെക്സിബോര്‍ഡുകളില്‍ മെസ്സിയും മറഡോണയും നിറഞ്ഞപ്പോള്‍, വഴിയോരക്കാഴ്ചകള്‍ കൌതുകകരമായി! അങ്ങിനെ വേള്‍ഡ് കപ്പിനെ കുറിച്ച് ഇംഗ്ലീഷില്‍ പോസ്റ്റ്‌ എഴുതി...വായനക്കാര്‍ സന്തോഷത്തോടെ ആ പോസ്റ്റ്‌ സ്വീകരിച്ചു.
    എന്നും എപ്പോഴും, കളിയേക്കാള്‍ ഇഷ്ടം കളിക്കാരുടെ ജീവിതം അറിയാനാണ്. ഒന്നുമില്ലായ്മയില്‍ നിന്നും വിജയങ്ങള്‍ വെട്ടിപ്പിടിച്ചവര്‍ .....പ്രചോദനമാകുന്ന ജീവചരിത്രങ്ങള്‍..! ഫുട്ബാളിലെ കറുത്ത മുത്തായ പെലെയും വിജയനും ഒരു പോലെ പ്രിയപ്പെട്ടവര്‍.
    ഇവിടെ, ഞാന്‍ താമസിക്കുന്നത് ഫുട്ബോള്‍ ലഹരിയായ ജനത്തിന് നടുവില്‍...!
    വിദേശിയവരും നാട്ടുകാരും ഉള്ള ടീമുകള്‍ കളിക്കുന്ന ഗ്രൌണ്ട് ഇവിടെ നിന്നും നോക്കിയാല്‍ കാണാം.
    എപ്പോഴും ആസ്വദിക്കുന്നത് കളിക്കാരുടെ warming up exercises..! :)
    പറയാതെ വയ്യ,ചങ്ങായി..ഈ ഭൂലോകത്ത് ഗോള്‍ അടിച്ചു കൂട്ടുകയാണല്ലോ...! :)
    അനുവിന്റെ ഒരമളി എഴുതാം...
    എവിടെ നോക്കിയാലും മെസ്സിയുടെ വലിയ cut outs നിറഞ്ഞ നഗരവീഥിയിലൂടെ ഓട്ടോയില്‍ പോകുമ്പോള്‍, ആവേശം മൂത്ത്, ഓട്ടോ ഡ്രൈവറോട്, നോക്കു, മെസ്സിയെ നോക്കു....എന്താ കളി.......എന്തായാലും ജയിക്കും ....അങ്ങിനെ നോണ്‍ സ്റ്റോപ്പ്‌ കമന്ററി തുടരുമ്പോള്‍, ഡ്രൈവര്‍ പറഞ്ഞു...''അയ്യോ...അത് ക്രിക്കറ്റ് കളിക്കാരനല്ലേ...''!
    ആവേശം മൂത്ത് ഞാന്‍ കൈ ചൂണ്ടിയ ബോര്‍ഡ്‌ മാറിപ്പോയിരുന്നു! :)
    ആകെ ചമ്മി നാശായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...!
    മന്‍സൂര്‍, ഈ പോസ്റ്റിലൂടെ അതിമനോഹരമായ ഒരു ഗോള്‍ അടിച്ചിരിക്കുന്നു! ആരവങ്ങള്‍ നിറഞ്ഞ മൈതാനം തിരിച്ചു വരുന്നു!

    ശുഭരാത്രി !
    സസ്നേഹം,
    അനു

    ReplyDelete
  55. മൈതാനങ്ങളിലെ ആരവമൊഴിഞ്ഞെങ്കിലും സെന്റര്‍ കോര്‍ട്ടിലെ ഈ ആരവം നന്നായി :D

    ReplyDelete
  56. ക്രിക്കറ്റിന്റെ 'തിളക്കത്തില്‍' ബുട്ബോളിന്റെ മാധുര്യം കുറയാത്ത ഒരേ ഒരു ജില്ല കേരളത്തില്‍ മലപ്പുറം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.
    കൊയ്തൊഴിഞ്ഞ പാടങ്ങള്‍ കുറവെങ്കിലും ഉള്ള തെങ്ങിന്‍ തോപ്പുകളുടെ ഇടയില്‍ പോലും പന്തു തട്ടിക്കളിക്കുന്ന ബാല്യങ്ങള്‍ എവിടെയും സുലഭമാണ്.
    സ്ഥിരം വശ്യതയോടെ രചിച്ച ഈ പോസ്റ്റും ആസ്വദിച്ചു വായിച്ചു.

    ReplyDelete
  57. എന്തോ ,എനിക്കീ കളികളോടൊന്നും പണ്ടെ കമ്പമില്ല. ഫുഡ്ബോള്‍ ട്രെന്റ് വായനയിലൂടെ അറിയാന്‍ കഴിഞ്ഞെന്ന് മാത്രം...

    ReplyDelete
  58. പോസ്റ്റ് നന്നായി... സ്പോര്‍ട്ടിസില്‍ വലിയ കമ്പമില്ലാത്തതു കൊണ്ട് കൂടുതല്‍ ഒന്നും പറയണില്ല്യാ.... ആകെ ഇഷ്ടം ചെസ്സ് മാത്രാ... നന്നായിട്ടുണ്ട്... സ്നേഹാശംസകള്‍ ..

    ReplyDelete
  59. മലബാറുകാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് സെവന്‍സ് ഫുട്ബാള്‍

    ReplyDelete
  60. കളിയുടെ ഗ്രിഹാതുരത്വം മനോഹരമായി അവതരിപ്പിചു.. പക്ഷെ കളികൾ ഇന്നും ഇഷ്ട്ടം പോലെ നടക്കുന്നുണ്ട് ഭാഇ.. പണ്ടത്തെ പോലല്ല നല്ല പൈസ ഇറങ്ങുന്ന ഒരു വൻ വ്യവസായമായി മാറി ..

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....