Saturday, March 3, 2012

ബാക്കിയാവുന്ന മാമ്പഴക്കാലം

തൊടിയിലെ അണ്ണാരകണ്ണന്മാര്‍ക്കും കിളികള്‍ക്കും ഇനി പരിഭവിക്കേണ്ടി വരില്ല. ഇനി ഈ മാവിലെ ഓരോ മാങ്ങയും അവര്‍ക്ക് സ്വന്തമാണ്. അവരുടെ സാമ്രാജ്യത്തിലേക്ക് ചരല്‍കല്ലുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് ഓടിക്കാന്‍ മാമ എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഉമ്മത്തി താത്ത ഇല്ല ഇന്ന്.

ഉമ്മ പറയുമായിരുന്നു , നിന്നെ പെറ്റത്‌ ഞാനാണെങ്കിലും നോക്കിയത് മാമ ആയിരുന്നു എന്ന്. ആ സ്നേഹവും കടപ്പാടും എനിക്കെന്നും മാമയോടും ഉണ്ടായിരുന്നു. പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടി നടന്നു വരുന്ന മാമയുടെ മുഖം മനസ്സിലുണ്ട് ഇന്നും. ഇഷ്ടപ്പെട്ടവര്‍ വിടപറയുമ്പോള്‍ ബാക്കിയാവുന്ന ഓര്‍മ്മകളുടെ കൂട്ടത്തില്‍ അവര്‍ പകര്‍ന്നു തന്ന സ്നേഹത്തിനു പുറമേ ഇങ്ങിനെ ചില അടയാളങ്ങളുമുണ്ട് . വീടിന്‌ പിറകിലൂടെ ഇറങ്ങി ഒറ്റയടിപ്പാതയിലൂടെ നടന്ന് ഈ പറമ്പിലെത്തുമ്പോള്‍ ഞാനറിയാതെ നിന്ന് പോകും. സ്നേഹത്തിന്‍റെ ഒരദൃശ്യ സ്പര്‍ശവുമായി കിളികളോട് കലഹിച്ച് , മാങ്ങകള്‍ പെറുക്കി കൂട്ടി മാമ ഇവിടെയെല്ലാമോ നില്‍ക്കുന്ന പോലെ.

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഇടനാഴികളില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്‌.
പക്ഷെ കോഴിക്കോട്ടേക്കെത്താന്‍ ഇതുവഴിയല്ലാതെ ഒരു യാത്രയും പറ്റില്ല ഞങ്ങള്‍ക്ക്. പക്ഷെ ഇവിടെത്തുമ്പോള്‍ മനസ്സ് ഞാനറിയാതെ അസ്വസ്ഥമാവുന്നു. ചുറ്റും കണ്ണോടിക്കുമ്പോള്‍ ദൈന്യതയുടെ എത്ര മുഖങ്ങളാണ് നമ്മെ വേട്ടയാടുന്നത്. ഒരു തൂക്ക് പാത്രത്തില്‍ കഞ്ഞിയും പിടിച്ചു ഓടുന്നവര്‍, കയ്യില്‍ മരുന്നും , മനസ്സില്‍ ദുഃഖ ഭാരവുമായി നീട്ടി നടക്കുന്നവര്‍ , ഓരോ ചിത്രങ്ങളും മനസ്സില്‍ ഒരു വേദനയായി നില്‍ക്കുന്നു.

ജനറല്‍ വാര്‍ഡിന്റെ ഇടനാഴികകളിലൂടെ കുറെ വേദനിക്കുന്ന ചിത്രങ്ങളും കണ്ടുനീങ്ങുമ്പോള്‍ ഹഫി എന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു. "ദേ ഇവിടെ" എന്ന് പതുക്കെ മന്ത്രിക്കുകയും ചെയ്തു. വിശാലമായ ആ ആശുപത്രിക്ക് പോലും ഉള്‍കൊള്ളാന്‍ പറ്റാത്ത രോഗികള്‍ക്കിടയില്‍ ഒരു പുല്‍പ്പായയില്‍ ചുരുണ്ട് കിടക്കുന്ന മുഖത്തേക്ക് നോക്കിയതും എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുടിയിഴകളിലൂടെ എന്നെ തലോടിയ , എനിക്ക് വേണ്ടി പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടിയ ആ കൈകള്‍ ശോഷിച്ചിട്ടുണ്ട്, ഞാന്‍ ചിരിക്കുമ്പോള്‍ സന്തോഷിച്ച കണ്ണുകളില്‍ മാത്രം ഒരു തിളക്കം കണ്ടു. അത് ഞങ്ങള്‍ വന്ന സന്തോഷതിന്റെതാണ് . ആ കൈകള്‍ എന്‍റെ മുഖത്ത് തലോടി ആദ്യം പറഞ്ഞത് "മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണോ എന്‍റെ കുട്ടി നാട്ടിലെത്തിയത് " എന്നാണ്. പരിസരം മറന്നു എന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. പുല്‍പ്പായയില്‍ അമര്‍ന്നിരുന്ന് ഒന്നും പറയാനില്ലാതെ മുഖത്തോട് നോക്കി ഞാനിരുന്നു.

കൈപിടിച്ച് സ്കൂളിലെ ക്ലാസ് മുറി വരെ കൊണ്ടാക്കുന്നതും, എന്നെ തല്ലിയ ഉസ്താദിനോട് വഴക്കിനു പോയതും, നബിദിന ഘോഷയാത്രക്ക്‌ കൊടി കിട്ടാതെ കരഞ്ഞ എനിക്ക് വര്‍ണ്ണ കടലാസുകള്‍ ഒട്ടിച്ച കൊടി ഉണ്ടാക്കി തന്നതും, പഴുത്ത മാങ്ങകളുടെ തൊലി ചെത്തി പാത്രത്തില്‍ ഇട്ട് തരുന്നതും തുടങ്ങി ഗള്‍ഫിലേക്കുള്ള ആദ്യ യാത്രയില്‍ കൂടെ എയര്‍പോര്‍ട്ട് വരെ വന്നതുമായ കുറെ ഓര്‍മ്മകള്‍ എന്നെ പിടിച്ചു വലിക്കുന്നു.

ചുരുട്ടി നല്‍കിയ നോട്ടുകള്‍ മാമ വാങ്ങിയത് മകന്റെ അവകാശമായി കണ്ടാവണം. എന്നാല്‍ "എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി " എന്ന തൊണ്ടയില്‍ കുടുങ്ങിപ്പോയ വാക്കുകള്‍ ആണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്. അര്‍ബുദത്തിന്റെ വേദനയില്‍ ആ ഒരാശ്വാസം ഞാന്‍ കണ്ടതാണ്. എങ്ങിനെ അവിടിന്നറങ്ങി എന്നറിയില്ല എനിക്ക്. പക്ഷെ അതൊരു അവസാന കൂടിക്കാഴ്ച ആയിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും നാവിന്‍ തുമ്പില്‍ നിന്നും ഒഴിഞ്ഞുപോകാത്ത ഒരു മാമ്പഴത്തിന്റെ രുചി പോലെ ഈ പോറ്റമ്മയും ആ സ്നേഹവും എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

എന്നോ എഴുതേണ്ടിയിരുന്ന ഒരു ഓര്‍മ്മകുറിപ്പ്. ഞാനിതിവിടെ കുറിക്കുന്നു. വിഷമിപ്പിക്കാനല്ല. ഓര്‍മ്മകളും സ്വപ്നങ്ങളും സന്തോഷങ്ങളും ഗൃഹാതുരത്വവും പങ്കു വെക്കുന്ന എന്റെയീ അക്ഷരങ്ങളുടെ ചെറിയ ലോകത്ത് ഈ വളര്‍ത്തുമ്മയേയും കാണണം എനിക്ക്. പ്രാര്‍ത്ഥനകളോടെ .

64 comments:

 1. കൈപിടിച്ച് സ്കൂളിലെ ക്ലാസ് മുറി വരെ കൊണ്ടാക്കുന്നതും, എന്നെ തല്ലിയ ഉസ്താതിനോട് വഴക്കിനു പോയതും, നബിദിന ഘോഷയാത്രക്ക്‌ കൊടി കിട്ടാതെ കരഞ്ഞ എനിക്ക് വര്‍ണ്ണ കടലാസുകള്‍ ഒട്ടിച്ച കൊടി ഉണ്ടാക്കി തന്നതും, പഴുത്ത മാങ്ങള്‍ തൊലി ചെത്തി പാത്രത്തില്‍ ഇട്ട് തരുന്നതും.


  ഈ വക ഓർമ്മകളൊക്കെ എഴുതുക, വായിക്കുക എന്ന് പറഞ്ഞാൽ പറഞ്ഞ് വിവരിക്കാൻ പറ്റാത്ത ഒരു അനുഭുതിയാണ് ട്ടോ ഇക്കാ. വളരെ സന്തോഷം ആ മാമ്പഴക്കാലത്തെ ഓർമ്മകളിലേക്കെത്തിച്ചതിന്.

  ആ പോറ്റമ്മയും സ്നേഹവും മൻസൂറിക്കയുടെ മനസ്സിൽ നിൽക്കുന്ന പോലെ വായനക്കാരുടേയും മനസ്സിലെത്താൻ സഹായിച്ച എഴുത്ത്. ആശംസകൾ.

  ReplyDelete
 2. പ്രിയ മന്‍സൂര്‍ ഭായി, അവര്‍ക്കായുള്ള പ്രാര്‍ത്ഥനയില്‍ താങ്കളോടൊപ്പം പങ്കുചേരുന്നു.

  ReplyDelete
 3. ഹൃദയത്തിൽ നിന്നും ഒരു ഏട്...
  ആ ഉമ്മയെ ഞങ്ങളിലേയ്ക്ക് കൈപിടിച്ചു തന്ന ചെറുവാടിയ്ക്ക് നന്ദി...!

  ReplyDelete
 4. വായിച്ച് അവസാനമായപ്പോഴേയ്ക്കും കഴുത്ത് വണ്ണം വച്ചു...കണ്ണിലെവിടെയോ ഒരു നനവ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.

  അവർക്കിത്രയും സ്നേഹമുള്ള പുത്രതുല്യനായ ഒരു വ്യക്തിയെ വളർത്തിയെടുക്കുവാൻ സാധിച്ചല്ലോ....

  ആ സ്നേഹത്തിനു പാത്രമായ മൻസൂറിക്കയും,ഉമ്മയെപ്പോലൊരു സ്നേഹത്തിന് പാത്രമായ മാമ യും ഭാഗ്യം സിദ്ധിച്ചവർ തന്നെ....

  ആ മാമയുടെ ആത്മാവിന് സർവ്വേശ്വരൻ നന്മകൾ മാത്രം നൽകട്ടെ...
  വേദനിക്കുന്നവർക്കു നേരെ മുഖം കോട്ടാത്ത മൻസൂറിക്കയ്ക്കും...
  ഹരി ഓം....

  ReplyDelete
 5. ഇത്തവണ നേരത്തെ തന്നെ എത്തിയത് പഴുത്ത മാങ്ങയുടെ പഞ്ചാര മധുരം നുകരാം എന്ന് കരുതിയായിരുന്നു.
  ഇവിടെ പക്ഷെ, നഷ്ടപ്പെട്ട ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ ബാക്കി വെച്ച് കടന്നു പോയ മാമയെ അടയാളപ്പെടുതിയത് വായിച്ചപ്പോള്‍ .....

  ReplyDelete
 6. ഇത് പോലെ മറ്റൊരു പേരില്‍ എനിക്കുമുണ്ടായിരുന്നു ഒന്നിലധികം മാമമാര്‍.ബാല്യത്തിലേക്ക് പിടിച്ചു കൊണ്ടുപോയ ഈ രചനക്ക് നന്ദി. .

  ReplyDelete
 7. മുറ്റത്തെ തൈമാവിൻ കൊമ്പിലൊരമ്പിളി,
  അണ്ണാറക്കണ്ണൻ കടിച്ചിട്ട മാമ്പഴം.....

  അഗ്നിയാണുള്ളിലെരിഞ്ഞുയരുവതീ
  ഭൂവിന്നർബുദലാവയാർക്കു സുസ്തന്യം...

  ഇമ്മുലവറ്റിത്തുടങ്ങിയുണ്ണീ, നിന്നെ-
  യാരിനിപ്പോറ്റുവാനാരുമില്ലിങ്ങിനി-
  യാരാന്റെ മല്ലികയ്ക്കാരു നീരിറ്റിക്കും..

  ഇങ്ങനെ ഒന്നു രണ്ട് കവിതകളെഴുതിച്ച നിമിഷങ്ങളെ ഓർത്തു.... നനയിച്ചു...

  ReplyDelete
 8. മഴക്കാലം....മോഹ കാലം..മധുരമാം മാമ്പഴക്കാലം....

  ReplyDelete
 9. ശരിക്കും ഹൃദയത്തിൽ തട്ടിയ വായന.

  ReplyDelete
 10. പ്രിയ മൻസൂർ, മാമ്പഴക്കാലത്തിന്റെ മധുരത്തിനൊപ്പം കണ്ണീരിന്റെ ഉപ്പുരസം കൂടി കലർത്തിക്കളഞ്ഞല്ലോ...രക്തബന്ധങ്ങൾക്കും അപ്പുറം അളവില്ലാതെ സ്നേഹിയ്ക്കുവാൻ മാത്രമറിയാവുന്ന ചില മുഖങ്ങൾ മനസ്സിലേയ്ക്ക് തെളിയുന്നു.ഹൃദയസ്പർശിയായ ഈ ചെറിയ ഓർമ്മക്കുറിപ്പിന് ഏറെ നന്ദി.

  സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 11. വായനക്കിടെ മനസ്സു എവിടെയൊക്കെയോ ഉടക്കി..ഓര്‍മ്മയില്‍ വന്നത് എന്റെ ഒരു അനുഭവം ആണ്
  എന്നും രാവിലെ ചായ കുടിക്കാന്‍ "മുണ്ടി" വരാന്‍ നീ കാത്തിരിക്കുമായിരുന്നു എന്ന് പറയും.ശരിയാണ് നോമ്പും പെരുന്നാളും നേര്‍ച്ചയും ഉത്സവവും വരുമ്പോള്‍ എന്നും അവരെ കാത്തിരിക്കുമായിരുന്നു. അക്കങ്ങളെ കൊണ്ടുള്ള ബിസ്കറ്റും കൊണ്ട് അവര്‍ വരുന്നതോടെയായിരുന്നു വീട്ടിലെ ആഘോഷങ്ങളുടെ സമാരംഭം. പക്ഷെ ഒടുവില്‍ താമസം മറ്റൊരിടത്തേക്ക് മാറിയപ്പോള്‍ വര്‍ഷത്തില്‍ ഓണം ,വിഷു. രണ്ടു പെരുന്നാള്‍ എന്നിങ്ങനെ നാല് ദിവസങ്ങളില്‍ മാത്രമായിരുന്നു അവര്‍ വീട്ടില്‍ വന്നിരുന്നത്. കെട്ടിയോനും കുട്ടികളും ഇല്ലാതെ "ഒറ്റ തടിയായി" കഴിയുന്ന അവരെ കാന്‍സര്‍ ബാധിതയാനെന്നരിഞ്ഞു വീട്ടിലേക്കു കൂട്ടി കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും അവരുടെ ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വേണ്ടെന്നു വെച്ചു. പക്ഷെ ദിവസവും രണ്ടു നേരം നിര്‍ബന്ധമായും അവരെ ചെന്ന് കണ്ട് കഞ്ഞിയോ ചായയോ കോരി കൊടുത്തു പോരുമ്പോഴും ഉമ്മ പറയും "ഞാനാണെങ്കില്‍ നിങ്ങള്‍ ഇങ്ങനെയേ നോക്കൂ, അല്ലല്ലോ എന്നാല്‍ അവളെയും അങ്ങിനെ നോക്കിയാല്‍ പോര..പെറ്റതും മുല തന്നതും മാത്രമാണ് ഞാനും അവളും തമ്മില്‍ നിങ്ങള്‍ക്ക് വ്യത്യാസം ഉള്ളൂ .."
  പക്ഷെ ഒരു ദിവസം ഉച്ചക്ക് ഞാന്‍ ചെന്നപ്പോ അവര്‍ ചെറിയ മയക്കത്തിലാണ് , ഗ്രാമീണമായ വല്ല കുശുമ്പ് പറച്ചിലുകള്‍ കൊണ്ടോ എന്തോ എനിക്കറിയില്ല അവരുടെ ആങ്ങളയുടെ മകന്‍ എന്നോട് പറഞ്ഞു "ഇനി നിങ്ങള്‍ എന്നും വരണ്ട . ഉമ്മനോടും പറയണം ,അത്യാവശ്യം ഉണ്ടെങ്കില്‍ ഞങ്ങള്‍ വിളിക്കണ്ട്" ഈ പറച്ചിലിന്റെ കാരണം അറിയാതെ വീട്ടുടമസ്ഥന്റെ വാക്കുകള്‍ മാനിച്ചു വേദനയോടെ അവിടെ നിന്ന് ഇറങ്ങി ഇരുനൂറു മീറ്റര്‍ നടന്നിട്ടില്ല ഇതേ ആള്‍ ഓടി വന്നു എന്ന് തിരിച്ചു വിളിച്ചു." അമ്മായിക്ക് എന്തോ കൂടുതല്‍ ഉണ്ട്" എന്ന് പറഞ്ഞു . ഓടി ചെന്ന് അവരുടെ ശിരസ്സ്‌ മടിയില്‍ വെച്ചു ആരോ തന്ന ഒരു ഗ്ലാസ് കട്ടന്‍ ചായ അവരുടെ വായിലേക്ക് ഒഴിച്ച് കൊടുത്തപ്പോള്‍ ഞാന്‍ ഓര്‍ത്ത്‌ അവന്‍ പറഞ്ഞതും അവരും കേട്ടിരുന്നിരിക്കണം ..ചില മരണങ്ങള്‍ അങ്ങിനെയാണ് ജീവിതവും .. ജീവിതവും ഞങ്ങള്‍ക്ക് വേണ്ടി മരണവും .:(

  ആശംസകള്‍ മന്‍സൂ........

  ReplyDelete
 12. വേദന മാറി നിൽക്കട്ടെ, മാമ പൂളിത്തന്ന മാമ്പഴ രുചിയാവട്ടെ എന്നും മൻസൂറിന്റെ മനസ്സിൽ നിറയുന്നതു..ഇതുപോലെ മനസ്സിൽ ചേർന്നു നിൽക്കുന്ന ആരെങ്കിലുമൊക്കെ എല്ലാവർക്കുമുണ്ട്..ആ ഓർമ്മയെ തട്ടിയുണർത്തി ഈ പോസ്റ്റ്..നന്നായി മൻസൂർ..

  ReplyDelete
 13. "എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി " എന്ന തൊണ്ടയില്‍ കുടുങ്ങിപ്പോയ വാക്കുകള്‍ ആണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത് ....
  വായിച്ചു കയിഞ്ഞപ്പോള്‍ മനസ്സില്‍ തട്ടിയത് .... കണ്ണ് നിറഞ്ഞതും . മന്സൂര്‍ക്കാ , അവര്‍ക്കായുള്ള പ്രാര്‍ത്ഥനയില്‍ കൂടെ ചേരുന്നു. നമ്മുടെ എല്ലാം സ്നേഹ ബന്ധങ്ങള്‍ ഒരിക്കലും മുറിയാതിരികട്ടെ. ആമീന്‍ .

  ReplyDelete
 14. ഓര്‍മ്മകളും സ്വപ്നങ്ങളും സന്തോഷങ്ങളും ഗൃഹാതുരത്വവും പങ്കു വെക്കുന്ന എന്റെയീ അക്ഷരങ്ങളുടെ ചെറിയ ലോകത്ത് ഈ വളര്‍ത്തുമ്മയേയും കാണണം എനിക്ക്. നന്മ നിറഞ്ഞ ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല ..ഒരു നെടുവീര്‍പ്പോട് കൂടിയാണ് വായിച്ചു തീര്‍ത്തത് ..ഒരു നൊമ്പരമായ്‌ ആ പോറ്റുമ്മ
  എന്റെ മനസ്സിലും നിറഞ്ഞു നിന്നു, അക്ഷരങ്ങളിലൂടെ ആ ഉമ്മ ജീവിക്കട്ടെ ..നന്മ നിറഞ്ഞ ഈ അക്ഷരങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി....

  ReplyDelete
 15. പ്രിയപ്പെട്ട മന്‍സൂര്‍,
  ബാക്കിയാവുന്ന മാമ്പഴക്കാലം നല്‍കുന്നത് പലപ്പോഴും സ്നേഹത്തിന്റെയും വേദനയുടെയും സ്മരണകളാണ്. ഉമ്മത്തി താത്ത എന്നെ കൂട്ടി കൊണ്ടു പോയതു അച്ഛന്റെ വീട്ടില്‍ സഹായിക്കാന്‍ വരുമായിരുന്ന മറിയ ചേട്ടത്തിയുടെ ഓര്‍മകളിലേക്ക്. സ്നേഹം നിറഞ്ഞ ഹൃദയമുള്ള ഈ ചേട്ടത്തിയുടെ ഓര്‍മയ്ക്ക് ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു.
  കുറച്ചു വൈകിയിട്ടാണെങ്കിലും, മാമ്പഴക്കാലം തുടങ്ങിയപ്പോള്‍ മാമയുടെ ഓര്‍മയ്ക്ക് സ്നേഹം നിറഞ്ഞ വരികള്‍ സമര്‍പ്പിച്ചല്ലോ. വളരെ നന്നായിട്ടോ.
  അഭിനന്ദനങ്ങള്‍..!
  ജീവിതം എണ്ണപ്പെട്ട നാളുകളില്‍ വേണ്ടപ്പെട്ടവര്‍ക്ക് ഒരു സ്നേഹസ്വാന്തനമാകുവാന്‍, ആശ്വാസ വാക്കുകള്‍ പറയുവാന്‍, മനസ്സിന് സന്തോഷം നല്‍കാന്‍ ച്ങ്ങായിക്ക് കഴിഞ്ഞല്ലോ..! ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !
  ഓര്‍ക്കണം, ഓര്‍മയുണ്ടായിരിക്കണം............
  ഇങ്ങിനെ പലരുടെയും പ്രാര്‍ത്ഥനകളാണ്, ഇന്നത്തെ ജീവിതം മനോഹരമാക്കുവാന്‍ സഹായിക്കുന്നത്! കാരണം, ചങ്ങായി, ആ അനുഗ്രഹം ഹൃദയത്തില്‍ നിന്നാണ്...!
  ഇനി ഒരു കാര്യം: ആ വളര്‍ത്തുമ്മക്ക് വേണ്ടി, ഒരു നന്മ ഇന്നു മുതല്‍ ജീവിതത്തില്‍ നടപ്പാക്കി കാണിക്കു. ആ ആത്മാവിനു എത്ര സന്തോഷമാകും!
  ചെയ്യും എന്നറിയാം...! അതല്ലേ, വ്യതസ്തനാം ഈ ബ്ലോഗര്‍ അനുവിന്റെ ചങ്ങായിയായത്‌ !
  ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 16. ചെറുവാടീ,, ഇവിടെ പറയാന്‍ വാക്കുകളില്ല.. മനസ്സ് വിങ്ങി, തൊണ്ടയിടറി അടര്‍ന്നുവീഴുന്ന കണ്ണീര്‍ത്തുള്ളികളല്ലാതെ.. ചില സ്നേഹബന്ധങ്ങള്‍ അങ്ങിനെയാണ്‍, ഒരു നിശബ്ദ പ്രാര്‍ത്ഥനപോലെ രക്ഷാകവചമായ് നമുക്ക് കൂടെയുണ്ടാവും മരിക്കുവോളം.

  ReplyDelete
 17. എനിക്ക് വേണ്ടി പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടിയ ആ കൈകള്‍ ശോഷിച്ചിട്ടുണ്ട്, ഞാന്‍ ചിരിക്കുമ്പോള്‍ സന്തോഷിച്ച കണ്ണുകളില്‍ മാത്രം ഒരു തിളക്കം കണ്ടു. അത് ഞങ്ങള്‍ വന്ന സന്തോഷതിന്റെതാണ് . ആ കൈകള്‍ എന്‍റെ മുഖത്ത് തലോടി ആദ്യം പറഞ്ഞത് "മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണോ എന്‍റെ കുട്ടി നാട്ടിലെത്തിയത് "

  കരയിക്കാതെ സുഹൃത്തേ.... ഈ വാക്കുകള്‍ ഒരു പാട് പേര്‍ സ്വന്തം അനുഭവവുമായി ചേര്‍ത്തു വെച്ച് വായിക്കുന്നുണ്ടാവാം

  ആശംസകള്‍ .. ചെറുവാടി

  ReplyDelete
 18. നൊമ്പരപ്പെടുത്തി ഇക്ക.."മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണോ എന്‍റെ കുട്ടി നാട്ടിലെത്തിയത് " ഈ ഒറ്റവരി വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി . സ്നേഹ നിധിയായ ആ ഉമ്മാന്റെ ഖബര്‍ പടച്ചോന്‍ പൂങ്കാവനം ആക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 19. ഇത് മധുര മാമ്പയത്തിന്റെ ഓര്‍മയല്ല ചെറുവാടി യുടെ മനസ്സിലെ മാമയെ കുറിച്ചുള്ള മൌന നൊമ്പരമാണ്

  ReplyDelete
 20. ഓമനിക്കാനും തലോടാനുമായി കുറെ ഓര്‍മ്മകള്‍ ബാക്കിയാക്കി ഉറ്റവര്‍ കടന്നു പോകുമ്പോള്‍ ഇങ്ങനെ ഓര്‍മ്മക്കുറിപ്പിന്റെ കൈലേസ് കൊണ്ട് കണ്ണീര്‍ തുടക്കാനല്ലാതെ നമുക്കെന്തു ചെയ്യാനാകും?

  ReplyDelete
 21. വേര്‍പ്പാടിന്റെ വേദനകള്‍ വാക്കുകള്‍ക്കതീതമാണ്. ഈ ഓര്‍മ്മക്കുറിപ്പ്‌ അവര്‍ക്കുള്ള പ്രാര്‍ത്ഥനകളാവട്ടെ

  ReplyDelete
 22. ചെറുവാടീ,
  ചിലരുടെ നഷ്ടം തീരാവേദനയായി തുടരും. ഓര്‍മ്മയുടെ മധുരം താങ്കളിലവഷേഷിപ്പിച്ചു കടന്നുപോയ മാമയെ അനുസ്മരിച്ചതിലൂടെ ഒരു തലമുറയുടെ ബാക്കിനില്‍ക്കുന്ന , അന്യന്‍ നില്‍ക്കനിടയുള്ള സ്നേഹം ഓര്‍ത്തെടുക്കുവാന്‍ സഹ്ഹയിക്കും. നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍

  ReplyDelete
 23. ഓര്‍മയുടെ മാമ്പഴക്കാലത്തിനുമേല്‍ വേര്‍പാടിന്റെ വേദന

  ReplyDelete
 24. ചില ബന്ധങ്ങളുടെ വേര്‍പ്പാട് നമ്മില്‍ തീരാവേദനയായി അവശേഷിക്കും.
  ഓര്‍മ്മകളില്‍ നഷ്ടപ്പെടലിന്‍റെയും,നൊമ്പരത്തിന്‍റെയും വ്യഥ ഉള്ളിലുണര്‍ത്തും.
  ആശംസകള്‍

  ReplyDelete
 25. നിഷ്കളങ്കസ്നേഹത്തെപ്പറ്റി തരളിതമായ് പറഞ്ഞ വാക്കുകള്‍ ഹൃദയസ്പര്‍ശിയായി.

  ReplyDelete
 26. വേദന നിറഞ്ഞ ഓര്‍മ്മകള്‍...
  പ്രാര്‍ത്ഥിക്കാം ....

  ReplyDelete
 27. മനസ്സില്‍ കയറിക്കൂടിയ സ്നേഹവും നിഷ്ക്കളങ്കതയും എത്ര പഴക്കം ചെന്നാലും കൂടുതല്‍ തെളിമയോടെ ഉദിക്കുന്നതിനു മാമ്പഴത്തിന്റെ മധുരത്തെക്കാള്‍ ഒരു തലോടലിന്റെ സുഖം നല്‍കുന്നു. മാമ്പഴക്കാലത്തിന്റെ മറക്കാത്ത ഓര്‍മ്മകളില്‍ ഒരേട്

  ReplyDelete
 28. വളരെ ഹൃദയസ്പര്‍ശിയായി എഴുതി മന്‍സൂര്‍ - കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചിത്രവും ചെറുതെങ്കിലും വ്യക്തമായി ഇതോടൊപ്പം വരച്ചു ചേര്‍ത്തു .... ഞങ്ങളൊക്കെ പറയാറുണ്ട് വ്യക്തിപരമായ നമ്മുടെ പല അഹങ്കാരങ്ങളും അലിഞ്ഞ് ഇല്ലാതാവും ആ ഇടനാഴിയിലൂടെ ഒന്നു നടന്നാല്‍ എന്ന്.......

  താങ്കളിലെ നല്ല മനുഷ്യന്‍ ഓര്‍മ്മകളും സ്വപ്നങ്ങളും സന്തോഷങ്ങളും ഗൃഹാതുരത്വവും പങ്കു വെക്കുന്ന താങ്കളുടെ അക്ഷരങ്ങളുടെ ലോകത്തേക്ക് ആ വളര്‍ത്തുമ്മയേയും പ്രാര്‍ത്ഥനകളോടെ ചേര്‍ത്തുവെച്ചു......

  ReplyDelete
 29. താങ്കള്‍ വീണ്ടും ഓര്‍ംകളുടെ മയാ ലോകത്തിലേക്ക് കൊണ്ടു പോയി
  നന്ദി
  ആശംസകള്‍

  ReplyDelete
 30. മ എന്നാ അക്ഷരം മധുര സ്നേഹത്തിന്റെ അടയാളമാണോ?

  ReplyDelete
 31. മധുരസ്മരണകളുടെ മാമ്പഴക്കാലങ്ങള്‍ക്ക് പ്രാര്‍ത്ഥനകളുടെ വസന്തം നേരുന്നു.

  ReplyDelete
 32. ഓര്‍മ്മക്കുറിപ്പ്‌ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു..

  ReplyDelete
 33. ഹ്രിദ്യമായ ഒരു രചന, ഗതകാല സ്മരണകളിലേക്ക് മനസ്സ് ഒന്ന് പാഞ്ഞ് പോയി. ഈ ഓർമ്മക്കുറിപ്പിന് ഒരുപാട് നന്ദി.

  ReplyDelete
 34. തീർന്നില്ല മാമ്പഴക്കാലമെന്ന് ഓർമിപ്പിക്കുന്നു കുറിപ്പ്! എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി ..

  ReplyDelete
 35. ഓർമ്മകളുടെ തീരത്തുനിന്ന് പ്രാർത്ഥനകളോടെ.....

  ReplyDelete
 36. വാക്കുകളില്ല ഭായ്‌.. ......

  ReplyDelete
 37. അവരെ അവസാനമായി കണ്ടപ്പോള്‍ അനുഭവിച്ച ആ നൊമ്പരത്തെ അതേ രീതിയില്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് കേട്ടൊ. വായന കഴിയുമ്പോള്‍ മനസ്സില്‍ ഒരു നഷ്ടബോധം ഉണ്ടാവുന്നുണ്ട്..നന്നായി എഴുതി..

  ReplyDelete
 38. ചിലര്‍ നമുക്ക് ആരുമല്ലായിരുന്നിട്ടും ആത്മാവിനോട് ഒട്ടിനില്‍ക്കുന്നു. വാര്ധ്യക്യത്തിലും വിഷമാവസ്തയിലും അവരെ സന്ദര്‍ശിക്കുക എന്നത് ദൈവാനുഗ്രഹമുണ്ടാവുന്ന പുണ്യമാണ്. നന്മകള്‍ നേരുന്നു, പ്രിയ സുഹൃത്തെ,

  ReplyDelete
 39. വരികള്‍ ആ പഴയ ഗ്രാമീണതയിലേക്ക് കൊണ്ട് പോയി. ആശംസകള്‍..

  പ്രത്യുപകാരം ഇവിടെ വന്നു ചെയ്തോളൂ...

  ReplyDelete
 40. ചില ഓര്‍മ്മകള്‍ നമ്മെ അലട്ടി കടേ ഇരിക്കും ....ആശംസകള്‍

  ReplyDelete
 41. പ്രിയപ്പെട്ട മന്‍സൂര്‍,

  ഹൃദ്യവും നന്മ നിറഞ്ഞതുമായ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു. നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ ജീവിതത്തില്‍ എത്ര മാത്രം നിറം നല്‍കുന്നുവെന്ന് നമ്മള്‍ പലപ്പോഴും ഓര്‍ക്കാതെ പോവാറുണ്ട്. ചിലപ്പോള്‍ നമ്മള്‍ ഓര്‍ക്കാന്‍ വൈകിപ്പോകും. "എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി " എന്ന് പറയുമ്പോള്‍ മാമയുടെ ഉള്ളിലുണ്ടായ നിറവു ശരിക്കും ഹൃദയ സ്പര്‍ശിയായി. നന്മകളെ കണ്ടും അറിഞ്ഞും ജീവിച്ചും അവയെ എഴുത്തിലേക്ക്‌ പകര്‍ത്തുന്ന മന്‍സൂര്‍, എല്ലാ ആശംസകളും.

  സ്നേഹപൂര്‍വ്വം
  അപ്പു

  ReplyDelete
 42. "കഴിച്ചു കഴിഞ്ഞിട്ടും നാവിന്‍ തുമ്പില്‍ നിന്നും
  ഒഴിഞ്ഞുപോകാത്ത ഒരു മാമ്പഴത്തിന്റെ രുചി
  പോലെ ഈ പോറ്റമ്മയും ആ സ്നേഹവും
  എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു."
  മന്‍സൂ .. വായിച്ചു കഴിഞ്ഞിട്ടും
  ഈ നോവു വിട്ടു പൊകുന്നില്ല ..
  എന്റെ കൂട്ടുകാരന്റെ മുഖം
  അവര്‍ക്കാശ്വാസ്സമയതില്‍ , വന്ന വഴി
  മറക്കുന്ന കൂട്ടത്തില്‍ നിന്നും വ്യത്യസ്ഥമായതില്‍ ..
  ഇറ്റു വീണ മിഴിപ്പൂക്കളില്‍ ആത്മാര്‍ത്ഥമായ നോവ് കണ്ടതില്‍ ..
  കൂടുതല്‍ ഒന്നും എഴുതാനില്ല .. നൊന്തു ഉള്ളം .

  ReplyDelete
 43. മാമയെ വായിച്ചുതുടങ്ങിയപ്പോൾ ഒരു അമ്മാവൻ
  നൽകിയ മാമ്പഴക്കാലമായിരിക്കുമെന്നാണ് ഞാൻ കരുതിയത്..

  നൊമ്പരമുണർത്തി വേർപ്പെട്ടുപോയ ഒരു പോറ്റമ്മയാണെന്നും ,
  അവർക്ക് കൊടുത്ത ഒരു സ്നേഹോപകാരമാണ് ഈ ഈ മാമ്പഴകാലത്തിന്റെ
  രുചിയെന്നും പിന്നീടാണ് മനസ്സിലായത് കേട്ടൊ ഭായ്.

  അതെ
  നമ്മുടെ ജീവിതത്തിലൊക്കെ ഇതുപോൽ
  കുറച്ച്’മാമ’മാർ ഉണ്ടായിരുന്നെങ്കിലും, മിക്കവരും
  അവരെയൊക്കെ നമ്മുടെ ഓർമ്മച്ചെപ്പിൽ നിന്നും തുടച്ചുനീക്കുകയാണല്ലോ പതിവ്.

  പക്ഷെ
  മൻസൂറിന്റെ നല്ല ഒരു മനസ്സ് ഈ
  ആലേഖനത്തിലൂടെ വായനക്കാർ തൊട്ടറിയുന്നുണ്ട് കേട്ടൊ ഗെഡീ

  ReplyDelete
 44. ചില സ്നേഹം എത്ര കാലം കഴിഞ്ഞാലും നമ്മെ വിട്ടുപിരിയില്ല.
  ആശംസകൾ...

  ReplyDelete
 45. പതിവു പോലെ തന്നെ... പോസ്റ്റ് ഇഷ്ടമായി, മാഷേ

  ReplyDelete
 46. ഹൃദ്യമായ യാത്രാവലോകനങ്ങള്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കും ഇടയില്‍ ജീവിതത്തില്‍ നിന്നും മുറിച്ചു വെച്ച ഇങ്ങനെ ഒരു ഏട് ഉചിതമായി.

  ReplyDelete
 47. മന്‍സൂര്‍ജീ,
  സ്നേഹം എന്റേയും കണ്ണുകള്‍ നിറച്ചു.
  നന്നായി പറഞ്ഞിരിക്കുന്നു ഒര്‍മ്മകള്‍

  ReplyDelete
 48. പോസ്റ്റിലെ ഒരോ വാക്കുകളും പ്രാർത്ഥനകളാക്കി. മൻസൂർഭായ് വേദനയിൽ പങ്കു ചേരുന്നു

  ReplyDelete
 49. കണ്ണ് നനയിക്കുന്ന ഓരോര്മ്മക്കുറിപ്പ്...

  ReplyDelete
 50. ചുണ്ടില്‍ നിന്നും ഒലിച്ചിറങ്ങുന്ന ആ മാമ്പഴനീരുകള്‍ ഇപ്പോഴും ഓര്‍മ്മകള്‍ക്ക് മധുരം പകരുന്നു... മനസ്സില്‍ എപ്പോഴും മധുരം നല്‍കുന്നതാണല്ലോ പോറ്റുമ്മയുടെ അതിരുകളില്ലാത്ത സ്നേഹവും, നൊമ്പരപ്പെടുത്തിയെങ്കിലും നല്ലൊരു ഓര്‍മ്മക്കുറിപ്പായി മന്‍സൂര്‍ ..ആശംസകള്‍

  ReplyDelete
 51. "ചുരുട്ടി നല്‍കിയ നോട്ടുകള്‍ മാമ വാങ്ങിയത് മകന്റെ അവകാശമായി കണ്ടാവണം. എന്നാല്‍ "എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി " എന്ന തൊണ്ടയില്‍ കുടുങ്ങിപ്പോയ വാക്കുകള്‍ ആണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്. അര്‍ബുദത്തിന്റെ വേദനയില്‍ ആ ഒരാശ്വാസം ഞാന്‍ കണ്ടതാണ്. എങ്ങിനെ അവിടിന്നറങ്ങി എന്നറിയില്ല എനിക്ക്. പക്ഷെ അതൊരു അവസാന കൂടിക്കാഴ്ച ആയിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും നാവിന്‍ തുമ്പില്‍ നിന്നും ഒഴിഞ്ഞുപോകാത്ത ഒരു മാമ്പഴത്തിന്റെ രുചി പോലെ ഈ പോറ്റമ്മയും ആ സ്നേഹവും എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു."

  ചെറുവാടി,

  മാമ്പഴത്തിന്റെ മാധുര്യം നുകരാന്‍ വന്നതായിരുന്നു. പക്ഷെ നൊമ്പരത്തില്‍ ചാലിച്ച ഹൃദയ വരികള്‍ ഒരു തേങ്ങലായി ബാക്കിവെച്ചുകൊണ്ടുള്ള ഓര്‍മ്മ കുറിപ്പ്, മരണമില്ലാത്ത സേനഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍.......

  ReplyDelete
 52. ഓര്മ ക്കുറിപ്പ്‌ എന്ന് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം ഇതിനു "ഓര്‍മിപ്പിക്കുന്ന" കുറിപ്പ് എന്ന് പറയാനാണ് .അതെ ചിലതൊക്കെ നാം ഓര്‍ക്കണം
  ഓര്മിപ്പിക്കണം ...............നന്ദി മന്‍സൂര്‍ ബായി ...........

  ReplyDelete
 53. മാമ്പഴക്കാലത്തിന്റെ മറക്കാത്ത വേദന നിറഞ്ഞ ഓര്‍മ്മക്കുറിപ്പ്‌ ..:(

  ReplyDelete
 54. മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന വിവരണം .ലാഭേച്ഛയില്ലാതെ സ്നേഹിച്ച ആ പോറ്റമ്മയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സ്നമിക്കുന്നു.കാലം മായ്ക്കാത്ത വേദനകളില്ല.പക്ഷെ ....
  ആശംസകള്‍

  ReplyDelete
 55. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിന്റെ ഇടനാഴികളില്‍ ഇതേപോലെ എത്രയോ മുഖങ്ങളാണ് തെളിഞ്ഞു നില്‍ക്കുന്നത്‌.തീരെ ചെറിയവ കൊണ്ടുപോലും ഒരുപാടു സന്തോഷിച്ചവര്‍..
  ഹൃദയസ്പര്‍ശിയായി പറഞ്ഞു,മന്‍സൂര്‍.

  ReplyDelete
 56. മനസ്സിനെ മുറിപ്പെടുത്തുന്ന എത്രയോ ഓർമ്മകൾ ഇതുപോലെ..

  ReplyDelete
 57. നല്ല ഓര്‍മ്മകുറിപ്പ്
  ആശംസകള്‍ ഇനിയും എഴുത്ത് തുടരട്ടെ

  ReplyDelete
 58. "മധുരിക്കുന്ന മാമ്പഴക്കാലം"
  അതായിരുന്നു വായിച്ചു തുടങ്ങിയപ്പോള്‍ മനസില്‍...
  അവസാനമെത്തിയപ്പോഴേക്കും അതൊരു വേദനയായി മാറി.
  കണ്ണുകളിലൊരു നനവ്...കാരണം നിന്റെ മാമയുടെ സ്ഥാനത്ത്
  ഞാനെന്റെ വല്യുമ്മയെ കാണുന്നു...
  നിന്റെ രചനകളില്‍ എനിക്കിഷ്ടപ്പെട്ട പോസ്റ്റുകളിലൊന്നായി മാറി.

  ReplyDelete
 59. പ്രാര്‍ത്ഥനയില്‍ ചേരുന്നു.
  മാങ്ങ കഴിക്കേണ്ടുന്നത്, കൈവിരലുകളിലൂടെ ഒലിച്ചിറങ്ങുന്നതിനെ നക്കിത്തുടച്ചും കൊണ്ടാകണം. കണ്ണുനീരിന്റെ ഉപ്പു മാങ്ങയുടെ മധുരത്തെ കെടുത്തരുത്... ആശംസകള്‍..!

  ReplyDelete
 60. ചെറുവാടി ,,
  നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ വരുമ്പോള്‍ ഞാന്‍ ഓടി വരുന്ന ഒരു ബ്ലോഗാണ് സെന്‍റര്‍ കോര്‍ട്ട് ,ഇത്തവണ പക്ഷെ നല്ലൊരു മാമ്പഴം നുണയാന്‍ വന്ന എനിക്ക് സങ്കടം വന്നു തിരിച്ചു പോകുന്നു ,,വളരെ ചെറുപ്പത്തില്‍ എനിക്ക് നഷ്ട്ടമായ വലിയുമമയെ ഞാനീ വരികളില്‍ കാണുന്നു..ഇത് കേവലം ഒരു പോസ്റ്റ്‌ അല്ല ,മറിച്ചു ആ മാമയും താങ്കളും തമ്മിലുള്ള ആത്മ ബന്ധമാണ് ..ഒരിറ്റു കണ്ണ് നീര്‍ എന്റെ കണ്ണില്‍ നിന്നും ....

  ReplyDelete
 61. കടന്നുപോകാതെ വയ്യല്ലോ..!! നമുക്കും പോകേണ്ടിവരും..
  എങ്കിലും ഓര്‍മകളില്‍ ഒരു മാമ്പഴക്കാലം നിറഞ്ഞുനില്‍ക്കുന്നില്ലേ? പോകും മുന്‍പ് നമുക്കും ബാക്കിയാക്കാം ആരുടെയെങ്കിലും മനസ്സില്‍ ഒരു മാമ്പഴക്കാലത്തിന്റെ നിറവാര്‍ന്ന ചിത്രം..
  മാമയ്ക്ക് പ്രാര്‍ഥനകള്‍...

  ReplyDelete
 62. ഈ വായന ബാക്കി വച്ചത് ഒരിറ്റു കണ്ണുനീര്‍ ആണ് മന്‍സൂര്‍. വാത്സല്യം കൊണ്ട് ഹൃദയം കീഴടക്കിയ ഒരമ്മ മനസ്സ് എവിടെയോ തൊട്ടിരിക്കുന്നു... ശോഷിച്ച കൈകളുടെ സ്നേഹ സാന്ത്വനം പോലെ ഒരു തലോടല്‍ എന്നും കൂട്ടായിരിക്കട്ടെ.ആ പോറ്റമ്മക്ക് അഭിമാനിക്കാം മോനെ പോലെ കരുതി പകര്‍ന്നു തന്ന സ്നേഹം വെറുതെയായില്ല എന്ന്.

  സ്നേഹപൂര്‍വ്വം ധന്യ.. !!!

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....