Saturday, February 9, 2013

മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ


വായിച്ചു മടുത്ത ആഖ്യാനരീതികളില്‍ നിന്നും പുതിയ ശൈലിയും ആസ്വാദനവും തേടുന്ന യാത്രകളാണ് ഓരോ വായനയും . ആ യാത്രയില്‍ കാണുന്ന വ്യത്യസ്തമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എഴുത്തുകാര്‍ നമുക്ക് പ്രിയപ്പെട്ടവരാകുന്നു. അതുപോലൊരു അന്വേഷണത്തിലാണ് മുസഫര്‍ അഹമ്മദ് എന്ന എഴുത്തുകാരനിലേക്ക് എത്തിപ്പെടുന്നതും. കേവലം മണല്‍ക്കാട് എന്നൊരു ആത്മഗതത്തോടെ നമ്മള്‍ നോക്കികാണുന്ന മരുഭൂമിയെ , ആ മണല്‍ കാടിന്‍റെ ചരിത്രത്തില്‍ അക്ഷരഖനനം നടത്തി, അതിനെ സംസ്കരിച്ച് ഹൃദ്യമായൊരു വായന ഒരുക്കിയ എഴുത്തുകാരനാണ് മുസഫര്‍. . അതുവരേയുള്ള വായനാ അഭിരുചികളെ മാറ്റി മറിച്ചൊരു രചനാ തന്ത്രമായിരുന്നു " മരുഭൂമിയുടെ ആത്മകഥ " എന്ന കൃതി. ഇതില്‍ നിന്നും "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന പുതിയ പുസ്തകത്തിലേക്ക് എത്തുമ്പോള്‍ ഒരു മയൂരനടനം ആസ്വദിക്കുന്ന സുഖം വായനയില്‍ ലഭിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നു.

"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന കൃതിയും തുടങ്ങുന്നത് ഒരു യാത്രയിലാണ്. പക്ഷെ ആ യാത്രക്കൊരു വൈകാരിക തലമുണ്ട്‌. . മലബാര്‍ കലാപനാളുകളില്‍ ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട വല്യുപ്പ. ഉപ്പയും വല്യുമ്മയും കഥകള്‍ പറഞ്ഞ് മനസ്സില്‍ നിറഞ്ഞ മുഖം. തട്ടിന്‍പുറത്ത് നിന്നും കിട്ടിയ ഡയറിയില്‍ കുറിച്ചിട്ട അക്ഷരങ്ങളുടെ വളവിലൂടെ അദ്ധേഹത്തെ കാണുകയായിരുന്നു. തടവുകാരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്ന പതിവ് ബ്രിട്ടീഷ് ജയിലുകളില്‍ ഉണ്ട് എന്ന കേട്ടറിവ് വെച്ച് , വല്യുപ്പയുടെ ഫോട്ടോയും കാണും എന്ന പ്രതീക്ഷയില്‍ ബെല്ലാരിയിലേക്ക് പുറപ്പെടുന്ന ആ ചെറുബാല്യക്കാരനില്‍ തുടങ്ങുന്നു ആദ്യ അദ്ധ്യായം. പിന്നെ പെരിന്തല്‍മണ്ണയെന്ന സ്വന്തം ഭൂമികയുടെ ചരിത്ര ഗതിയിലൂടെ കടന്ന് പല സംസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നുണ്ട് . മദ്യ നിരോധനമുള്ള ഗുജറാത്തില്‍ കുറ്റികാടുകള്‍ക്കുള്ളില്‍ കുപ്പികള്‍ കൈമാറുന്ന വിരലുകള്‍, ദളിതനും ഉന്നത ജാതികാരനും മീനുകള്‍ വലുപ്പം നോക്കി വേര്‍തിരിക്കുന്ന വര്‍ണ്ണവെറി മാറാത്ത തെരുവുകളില്‍ , മുഖം നോക്കി നാട് തിരിച്ചറിഞ്ഞ് അവരുടെ ഭാഷയില്‍ ക്ഷണിക്കുന്ന ചുവന്ന തെരുവുകളില്‍ ,കുടിവെള്ളം കിട്ടാതെ ഗ്രാമീണര്‍ ഒഴിഞ്ഞുപോയ തമിഴ് ഗ്രാമങ്ങളില്‍ , കടും ചായയില്‍ മുലപ്പാല്‍ ഒഴിച്ചാല്‍ പാല്‍ ചായ ആകില്ലേ എന്ന് സന്ദേഹിക്കുന്ന ഒരു സ്ത്രീ, അങ്ങിനെ ചെയ്തപ്പോള്‍ ചായ പിരിഞ്ഞുപോയി . സ്നേഹം പിരിഞ്ഞു പോകുന്ന ആ കാഴ്ച കണ്ട ഗലികളില്‍ എല്ലാം മുസഫര്‍ എന്ന എഴുത്തുക്കാരന്‍റെ കണ്ണുകള്‍ ചെന്നെത്തുന്നു. അങ്ങിനെ സമ്പന്നമായ യാത്രാ സ്കെച്ചുകളുടെ മനോഹര വര്‍ണ്ണന കൊണ്ട് "ബെല്ലാരി മാമാങ്കം കുടിയേറ്റം " എന്ന ആദ്യത്തെ ആധ്യായം തന്നെ തുടര്‍വായനയിലേക്ക് നമ്മെ ആനയിക്കപ്പെടുന്നു.

സുഭാഷ്‌ ചന്ദ്രന്‍ ഒരിക്കല്‍ എഴുതിയിരുന്നു. " ആദ്യമായി എത്തുന്ന ഏത് അപരിചിതരെ പോലും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട് "എന്ന് . സാഹിത്യലോകം മാത്രം എടുത്താല്‍ ആ ഊഷ്മളത സ്വീകരിച്ച് കോഴിക്കോടിനെ ഒരു വികാരവും വിചാരവും ആയി കണ്ട് ഇവിടത്തെ അന്തരീക്ഷത്തിന്‍റെ ഭാഗമായവര്‍ കുറേയുണ്ട്. പലരും ആ സ്നേഹത്തെ പറ്റി വാചാലരാവാറുമുണ്ട്. പത്ര പ്രവര്‍ത്തനകാലത്ത്‌ കോഴിക്കോട് നല്‍കിയ അനുഭവം ഒരു പ്രത്യേക താളത്തോടെ പറയുന്നു രണ്ടാമത്തെ അധ്യായത്തില്‍. .. ഇതില്‍ സ്നേഹമുണ്ട്,
ദുഃഖവും സന്തോഷവുമുണ്ട്, നഗരത്തിന്‍റെ മാത്രം പ്രത്യേകതയായ മെഹ്ഫില്‍ രാവുകളുടെ മാധുരിയുണ്ട്, സക്കീര്‍ ഹുസ്സൈനും ബിസ്മില്ലാ ഖാനും ബാബുരാജും പാടുന്നതിന്‍റെ ഈണം വലയം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഒരു നഗരത്തിന്‍റെ ആത്മാവ് തന്നെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിലൂടെ പറഞ്ഞുപോകുന്നു ഈ അധ്യായത്തില്‍. .. അതിന് ഒരു ഗസല്‍ കേള്‍ക്കുന്ന ഇമ്പം തോന്നുന്നത് പറയുന്നത് കോഴിക്കോടിനെ പറ്റി എന്നതുകൊണ്ട്‌ തന്നെയാവണം.

"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്നത് നാലാമത്തെ അധ്യായമാണ്. ഏറ്റവും മനോഹരമായ ഒന്നും ഇതുതന്നെ. വീടിന് അടുത്തുള്ള "കാട് " എന്ന് തന്നെ വിളിക്കുന്ന പ്രദേശം. അതിലൂടെ ഇറങ്ങി വരുന്ന മയിലുകള്‍ . കാര്‍മേഘങ്ങള്‍ക്കൊപ്പം അവര്‍ നൃത്തം ചെയ്യുന്നു. പെട്ടന്നു ഇടിയും മഴയും പെയ്തു. മയിലുകള്‍ക്ക് ചുറ്റും കൂണുകള്‍ മുളച്ചു പൊങ്ങി. മയിലുകളും ളും കൂണുകളും തീര്‍ത്ത സിംഫണി എന്ന് എഴുത്തുകാരന്‍ പറയുമ്പോള്‍ നമ്മള്‍ വായിക്കുകയല്ല കാണുകയാണ് ചെയ്യുന്നത്. പിന്നെ സൈലന്റ് വാലിയിലെ ദിവസങ്ങള്‍. .. നാല് ദിവസം എടുത്ത് പൂര്‍ണ്ണമരണം ഏറ്റുവാങ്ങിയ ഒരു കിളിയെ പറ്റി പറയുന്നുണ്ട് . "ആകാശത്തേക്കു നോക്കി മലര്‍ന്നുകിടന്ന് അതല്പം വെളിച്ചം കുടിക്കും. പിന്നീട് വെളിച്ചം സഹിക്കാനാകാതെ കമിഴ്ന്നുകിടക്കും. ദിവസവും അതു കിടക്കുന്ന സ്ഥലത്തു പോയി നോക്കും. അത് സമ്പൂര്‍ണമരണത്തിലേക്കടുക്കുമ്പോള്‍ അതിന്‍റെ ചുണ്ടിലേക്ക് കുറച്ചുവെള്ളം ഇറ്റിക്കാന്‍ കഴിഞ്ഞു. കണ്ണുകള്‍ അടഞ്ഞു". ഇവിടെ എന്‍റെ വായനയും മുറിഞ്ഞു. ഓരോ വേര്‍പാടും വേദനയാണ്. അത് ഇതു ജീവി ആയാലും. ഇതെഴുതുമ്പോള്‍ കേരള . കര്‍ണ്ണാടക ഹൈവേയില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. വാഹനം കയറി ചതഞ്ഞുപോയ മാനിന്‍റെയും കുരങ്ങിന്‍റെയും പാമ്പുകളുടെയും ചിത്രത്തിന് മീതേ ഇങ്ങിനെ കാണാം. " They also have a family waiting for" എന്ന് . മനസ്സില്‍ തട്ടും ഈ വാക്കുകള്‍.., ഈ പക്ഷിക്കും കാണുമായിരിക്കില്ലേ പ്രിയപ്പെട്ടവര്‍ ആരെങ്കിലും.
വായനയിലേക്ക് തിരിച്ചു വരാം. അനുഭവങ്ങളുടെ ഖനിയാണ് സൈലന്റ് വാലി കാടുകള്‍. .. ആനയും കരടിയും കടുവയും മുന്നില്‍ വന്നുപ്പെട്ട അനുഭവങ്ങള്‍ ഇവിടെ വായിക്കാം ആകാശത്തെ പാടെ മറച്ചു നീങ്ങുന്ന പറവക്കൂട്ടം . സ്വര്‍ണ്ണ നിറമുള്ള പുഴുക്കള്‍ അങ്ങിനെ അനുഭവങ്ങളുടെ അസാധ്യമായ പകര്‍ത്താട്ടമായി വായനയെ ധന്യമാക്കും ഈ അദ്ധ്യായം. കാടിനടുത്ത് താമസമാക്കിയ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ പരിചിതമായ ഒരു കൊക്കലിന്‍റെ ശബ്ദം കേള്‍ക്കുന്നു. നോക്കുമ്പോള്‍ വീണ്ടും ചെരിവുകള്‍ ഇറങ്ങി മയിലുകള്‍ വരുന്നു. ഈ അവസാന വരികളോടെ അതേ ശബ്ദം കേട്ടുണരുന്ന ബാല്യത്തിലേക്ക് വീണ്ടുമെത്തുന്നു. നല്ലൊരു അധ്യായത്തിന് മനോഹരമായ ക്ലൈമാക്സ്.

"രാജ്യം നഷ്ടപ്പെടുന്നവരുടെ മുഖങ്ങള്‍ " എന്ന ഭാഗം തിരസ്കരിക്കപ്പെട്ടവരെ കുറിച്ചാണ് . നഷ്ടപ്പെടലിന്‍റെ ദുഃഖം പേറുന്നവര്‍. അവിടെ യാസര്‍
അറഫാത്തും ദലൈലാമയും ഒരുപോലെ ആകുന്നു. ഒരു ഫലസ്ഥീനി തന്നെ പറയുന്നത് പോലെ ഇവര്‍ രണ്ടു പേരുടെയും മുഖങ്ങള്‍ക്ക് പോലും സാദൃശ്യം ഉണ്ടത്രേ. രണ്ടുപേരുടെയും മുഖത്തെ ചുളിവുകളില്‍ പോലും സാമ്യം കാണാം. പ്രതീക്ഷയില്ലായ്മയുടെ അടയാളമാണത്രേ അത്. തിബത്ത് കാരുടെ അതിജീവനത്തിന്‍റെ , സഹനത്തിന്‍റെ കുടിയേറ്റത്തിന്‍റെ കഥകള്‍ ഭംഗിയിലും ആധികാരികമായും പറയുന്നു ഈ ഭാഗത്തില്‍. . ഉഗാണ്ടയില്‍ നിന്നും പാലായനം ചെയ്ത് സൌദിയില്‍ അഭയം തേടിയ ഈദി അമീന്‍ എന്ന ഏകാധിപതി . അയാളുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും വായിക്കാന്‍ പറ്റുന്നത് എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ പറ്റും എന്ന പ്രതീക്ഷയാണത്രേ . ഇങ്ങിനെ സ്വയം പിന്‍വാങ്ങിയവരും പറിച്ചു മാറ്റപ്പെട്ടവരുമായി കുറെ ആളുകള്‍. . അവരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒന്നായി ആ ഭാഗവും മികച്ചു നില്‍ക്കുന്നു.

പ്രവാസികള്‍ . നാട്ടില്‍ വിരുന്നുകാരാവുന്നവരുടെ നൊമ്പരങ്ങള്‍.. .. വഴി മുടക്കപ്പെട്ട ജീവിതങ്ങള്‍, പ്രയാസങ്ങള്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ എന്നാ അവസാനത്തെ അദ്ധ്യായം വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ് ബാക്കിയാവും. എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നവരെ ചിത്രകാരന്മാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്ന് മറ്റൊരു മൈക്കല്‍ ആഞ്ചലൊയെ വരക്കമായിരുന്നു എന്ന് പറയുന്നത് എത്ര സത്യമാണ്. അവസാന വരികളില്‍ ഈ അധ്യായത്തിന്‍റെ ആത്മസത്ത മുഴുവനുണ്ട്‌....... ,
"എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞു. വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി.
എയര്‍ ഹോസ്റ്റസ് അനൌണ്‍സ് ചെയ്തു .
ഹം ജിദ്ദ ജായേംഗെ .
റണ്‍ വേ നനഞ്ഞു കിടന്നു . ആ നനവിലേക്ക് ഒരുപിടി വിത്തെറിയാന്‍ മോഹിച്ചു".

ഒരു പെരുമഴ ചോര്‍ന്നു. ഒരു കുത്തൊഴുക്ക് പോലെ വായിച്ചു തീര്‍ത്തു "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന യാത്രാ വിവരണം. ഒന്നെനിക്ക് പറഞ്ഞേ പറ്റൂ. ഒരു പക്ഷെ ഈ പറഞ്ഞതൊന്നും ആ പുസ്തകം നല്‍കിയ അനുഭൂതിയോട്‌ നീതി പുലര്‍ത്തുന്ന വരികള്‍ ആവില്ല. അങ്ങിനെ ആവണമെങ്കില്‍ അത് അതുപോലെ പകര്‍ത്തി എഴുതുകയേ നിവൃത്തിയുള്ളൂ. എനിക്കുറപ്പുണ്ട് , വായനയെ ഒരു ആവേശമാക്കി സ്വീകരിച്ചവരുടെ ഇടയിലേക്ക് നവ്യമായ ഒരനുഭൂതി ഒരുക്കാന്‍ ഈ രചനക്ക് പറ്റും എന്നതില്‍.,. യാത്രയില്‍ കാണുന്ന ഇലയിലും കല്ലിലും മണ്ണിലും കഥകള്‍ കാണുന്ന സൂക്ഷ്മദൃഷ്ടിയായ ഒരെഴുത്തുകാരന്‍റെ അനുഭവ സാക്ഷ്യങ്ങള്‍ ആണിത് . ഇവിടെ സമ്മേളിക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും അത് പറയുന്ന ശൈലിയുടെ മനോഹാരിത കൊണ്ട് തന്നെ നിങ്ങളെ ആവേശഭരിതരാക്കും. നേരത്തെ പറഞ്ഞു വെച്ച, വായനയില്‍ നമ്മള്‍ തേടുന്ന പുതുമ എന്നൊന്നുണ്ടെങ്കില്‍ "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന രചന നല്‍കുന്നതും അതാണ്‌... . ..

മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ
വി. മുസഫര്‍ അഹമ്മദ്
മാതൃഭൂമി ബുക്സ്

37 comments:

  1. നന്ദി ഈ പരിചയപ്പെടുത്തലിന്ന്

    ReplyDelete
  2. നല്ലൊരു പരിചയപ്പെടുത്തല്‍ മന്‍സൂര്‍ . ഞാന്‍ വായിച്ചിട്ടില്ല ഈ പുസ്തകം . ഒന്ന് രണ്ടു പ്രിവ്യു കണ്ടു ഇനി വാങ്ങേണ്ടാവയുടെ ലിസ്റ്റില്‍ എഴുതി ചേര്‍ത്തിരുന്നു ഈ പുസ്തകം . എന്തായാലും അവലോകനം വളരെ നന്നായി . അഭിനന്ദനങ്ങള്‍ :)

    ReplyDelete
  3. "ഒരു പക്ഷെ ഈ പറഞ്ഞതൊന്നും ആ പുസ്തകം നല്‍കിയ അനുഭൂതിയോട്‌ നീതി പുലര്‍ത്തുന്ന വരികള്‍ ആവില്ല"!!

    മന്‍സൂര്‍ അങ്ങനെയെങ്കില്‍ ഇതൊരു ഗംഭീര പുസ്തകം ആയിരിക്കണം .... ഞാനും എന്‍റെ വായനയും മയിലുകള്‍ നടമാടുന്ന ആ കുന്നിലേക്ക് പോകുന്നു ...

    മന്‍സൂര്‍ നന്നായി എഴുതി ...

    ReplyDelete
  4. ഏഴുനിറം കൊണ്ട് മനോഹരമായ പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലുകളെ കാണുമ്പോഴേ എന്ത് സന്തോഷമാ അല്ലെ..:) അന്ന് വയനാട്ടിലെ സൌഹൃദത്തിന്റെ ഊഷ്മളതയില്‍ കണ്ടിരുന്നു എന്ന് തോന്നുന്നു ഈ ബുക്ക്‌ .വായിക്കാന്‍ ശ്രമിക്കുന്നുണ്ട് അങ്ങിനെ അല്ല വായിക്കണം . പരിജയപ്പെടുത്ത ലിനൂ ഒത്തിരി നന്ദി കേട്ടോ സ്നേഹപൂര്‍വ്വം ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  5. നല്ല പരിചയപ്പെടുത്തല്‍., പുസ്തകം വായിച്ചിട്ടില്ല, വായിക്കണം

    ReplyDelete
  6. > യാത്രയില്‍ കാണുന്ന ഇലയിലും കല്ലിലും മണ്ണിലും കഥകള്‍ കാണുന്ന സൂക്ഷ്മദൃഷ്ടിയായ ഒരെഴുത്തുകാരന്‍റെ അനുഭവ സാക്ഷ്യങ്ങള്‍<
    തരപ്പെടുത്താനും വായിക്കാനും കൊതി!

    ReplyDelete
  7. കഴിഞ്ഞ ലക്കം മാതൃഭൂമിയിൽ വീടുവിട്ടവരുടെ ഓർമ്മപ്പുസ്തകം എന്ന പേരിൽ പി.ജെ.ജെ ആന്റണി മുസാഫിറിനെ വായിച്ചതോർക്കുന്നു. ഈ പുസ്തകം നമുക്കുള്ളിലെ മനുഷ്യനെ തൊടും,മാനവികമായതിനെ ഉലക്കുകയും,പിന്നെയും പിന്നെയും വീണ്ടെടുത്ത് കനപ്പെടുത്തുകയും ചെയ്യും എന്നാണ് ആന്റണി പറയുന്നത്.

    ആന്റണിയുടെ വായനയിൽ വിട്ടുപോയ ചില ഇടങ്ങൾകൂടി ചെറുവാടി കാണിച്ചുതന്നു. വായനാ അഭിരുചികളെ മാറ്റിമറിക്കുന്ന രചനാതന്ത്രമാണ് മുസാഫിറിന്റെ രചനകളിൽ കാണാനവുക. നല്ലൊരു പുസ്തകത്തിന് അനുയോജ്യമായ വായന......

    ReplyDelete
  8. പ്രിയപ്പെട്ട മന്‍സൂര്‍,

    മനോഹരമായ പേരുള്ള പുസ്തകം.

    ''മയിലുകള്‍ സവാരിക്കിറങ്ങിയ ചെരുവിലൂടെ ''.മുസഫര്‍ അഹമ്മദ് നല്ല എഴുത്തുകാരനാണ്‌.

    ഒന്നെനിക്കും പറഞ്ഞെ പറ്റു ,ചങ്ങായി. ഇങ്ങിനെ രസകരമായി പുസ്തക പരിചയം നടത്തിയാല്‍, നമുക്ക്,ജനത്തെ വീണ്ടും നല്ല വായനയിലേക്ക് തിരിച്ചു കൊണ്ട് വരാം.

    ഇവിടെ തൃശൂരില്‍ പുസ്തകോത്സവം നടക്കുന്നുണ്ട്,കേട്ടോ.പോകുമായിരിക്കും.

    കോഴിക്കോടിനെ കുറിച്ച് പറയുമ്പോള്‍, മന്സൂരിനു എന്നും നൂറു നാവാണ്.

    ത്രിശുരിനെ എന്നും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കണം.:)


    ''They also have a family waiting for" എന്ന് . മനസ്സില്‍ തട്ടും ഈ വാക്കുകള്‍. ..വളരെ ഹൃദയസ്പര്‍ശിയായി,ഈ വാചകം.

    വായന നടക്കുന്നു എന്നറിഞ്ഞു സന്തോഷം !അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  9. അസാധ്യമായൊരു പരിചയപ്പെടുത്തലയിപ്പോയല്ലോ മന്‍സൂര്‍.
    ഇനി വായിച്ചില്ലെങ്കില്‍ കുറ്റബോധം തോന്നും.
    കഥകളുടെ സമാഹാരമാണോ നോവലാണോ എന്ന് പരാമര്‍ശിച്ചു കണ്ടില്ല?

    ReplyDelete
  10. നന്നായിട്ടൊ. അവലോകന മേഖലയും വഴങ്ങും. ഈ പുസ്തകത്തിനെ പറ്റി കേട്ടിട്ടുണ്ട് ഒരുപാട്, മരുഭൂമിയുടെ കഥ വായിച്ചിട്ടുണ്ട്. ഇതും വാങ്ങണം. ഒരു പാട് യാത്ര പോണമെന്നും തോന്നുന്നു.

    ReplyDelete
  11. നന്നായി.
    വായിയ്ക്കണം

    ReplyDelete
  12. "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " പരിചയപ്പെടുത്തിയപ്പോള്‍ തന്നെ നന്നായി പുസ്തകവുമായി ഒരു ബന്ധം ഉണ്ടായത് പോലെ തോന്നി. സ്നേഹം പിരിഞ്ഞുപോകുന്നതും ചെരിവുകള്‍ ഇറങ്ങി വരുന്ന മയിലും മനസ്സില്‍ തങ്ങി.
    നല്ല പരിചയപ്പെടുത്തല്‍

    ReplyDelete
  13. വി.മുസഫര്‍ അഹമ്മദിന്‍റെ മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ
    എന്ന യാത്രാവിവരണത്തെക്കുറിച്ചുള്ള അവലോകനം നന്നായി.
    ആ യാത്രാവിവരണം വായിക്കാനുള്ള താല്പര്യം ഉണ്ടായതിനാല്‍ തീര്‍ച്ചയായും പുസ്തകം വാങ്ങിവായിക്കും.നന്ദി.
    ആശംസകളോടെ

    ReplyDelete
  14. പുസ്തകം വായിച്ചില്ല ഇനി വായിക്കും ..

    ReplyDelete
  15. മനോഹരമായി പറഞ്ഞിരിക്കുന്നൂ ട്ടൊ..
    സുപ്രഭാതം...!

    ReplyDelete
  16. പരിചയപ്പെടുത്തലിന് നന്ദി. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ ........

    ReplyDelete
  17. എനിക്കിത് വായിച്ച് ദേഷ്യം വന്നു. ചെറുവാടി, വായിച്ച പുസ്തകം കാണിച്ച് എന്തിനാ ഇങ്ങിനെ കൊതിപ്പിക്കുന്നത്? (മുസഫര്‍ അഹമ്മദിന്‍റെ ഒരു പുസ്തകവും ഇതുവരെ വായിക്കാന്‍ കഴിയാത്തവളുടെ പായേരം പറച്ചിലായി കൂട്ടിക്കോ..)

    നല്ല അവലോകനം കേട്ടൊ. വായിക്കാണമെന്ന തീവ്രമായ ആഗ്രഹം ജനിപ്പിക്കുന്നത്.

    ReplyDelete
  18. മരുഭൂമിയുടെ ആത്മകഥ എനിക്ക് പരിചയപ്പെടുത്തിയത് ചെറുവാടിയായിരുന്നു ,ഇതാ വീണ്ടും വായിക്കാന്‍ മറ്റൊരു പരിചയപ്പെടുത്തല്‍ ,ഈ അവലോകനം വായിച്ചാല്‍ അറിയാം എത്ര മനോഹരമായ വായനയാവും ആ പുസ്തകം എന്ന് ,

    ReplyDelete
    Replies
    1. മുസഫര്‍ അഹമ്മദ് എന്നയാത്രികന്റെ
      സഞ്ചാരസാഹിത്യത്തെ ആയത് വായിക്കാത്ത
      ഏതൊരുവനും ഇത് വായിച്ചാൽ പുസ്തകം വാങ്ങി
      വായിച്ചുപോകുന്ന രീതിയിലാണ് മൻസൂർ ഇവിടെ ഈ
      പരിചയപ്പെടുത്തൽ നടത്തിയിരിക്കുന്നത്

      Delete
  19. ഇങ്ങനെയും പരിചയപ്പെടുത്താം അല്ലെ... മനോഹരം ചെറുവാടി..

    ReplyDelete
  20. നല്ല അവലോകനം...വായിക്കണം. പുസ്തകം എന്ന് കൈയില്‍ കിട്ടുമെന്ന് അറിയില്ല. നന്ദി മന്‍സൂര്‍

    ReplyDelete
  21. സുന്ദരമായ പുസ്തകമാണ്...
    വായിച്ചില്ലേല്‍ അത് വായിക്കാത്തവര്‍ക്ക് നഷ്ടം...
    പ്ലാറ്റ് ഫോമിലെ മഴ കണ്ട് അതിലേക്ക് വിത്തെറിയാന്‍ മോഹിക്കുന്ന പ്രവാസിയെ വരയുന്നു മുസഫര്‍ അഹമ്മദ്.
    ....

    ReplyDelete
  22. മുസാഫിറിന്റെ എഴുത്ത് താങ്കളുടെ മനസ്സിനെ എത്ര ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് ഈ വരികളിലൂടെ വായിക്കാം.മറ്റുള്ളവരെയും അത് ബോദ്ധ്യപ്പെടുത്താന്‍ താങ്കളുടെ ഈ വരികള്‍ക്കും സാധിച്ചു.തികച്ചും വിത്യസ്തവും മനോഹരവുമായ അവതരണം

    ReplyDelete
  23. നല്ലൊരു പരിചയപ്പെടുത്തല്‍ മന്‍സൂ..താങ്കളുടെ ഈ വരികള്‍ക്കും സാധിച്ചു.തികച്ചും വിത്യസ്തവും മനോഹരവുമായ അവതരണം..വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ ......

    ReplyDelete
  24. മൻസൂർ ഭായ്.. കുറച്ചു ദിവസമായി ഈ പുസ്തകം എന്റെ മേശപ്പുറത്തുണ്ട്... ഇനി അതു ഒരു പുതിയ ആസ്വാദനത്തോടെ വായിക്കാൻ പറ്റും...

    നന്നായി പരിചയപ്പെടുത്തിയതിനു നന്ദി... ആശംസകൾ

    ReplyDelete
  25. ഇത്രയും ഹൃദയ സ്പര്‍ശി ആയി യാത്രാ വിവരണം എഴുതുന്ന മറ്റൊരാളില്ല..മരുഭൂമിയെ പറ്റി എഴുതുമ്പോള്‍ അദ്ദേഹത്തിന് നൂറു നാവാണ് ..മാതൃഭൂമി വാരികയില്‍ വരുന്ന മുസാഫിറിന്റെ ലേഖനങ്ങള്‍ ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കും ..

    പുസ്തകം വായിക്കാന്‍ കൊതിപ്പിക്കുന്ന പരിചയപ്പെടുത്തല്‍ ..നന്നായി മന്‍സൂര്‍
    വീണ്ടും സജീവമായല്ലേ ബ്ലോഗില്‍ ?

    ReplyDelete
  26. മിനി പിസിFebruary 13, 2013 at 11:51 PM

    ഇത്രയും നല്ല യാത്രാനുഭവങ്ങള്‍ പങ്കു വെച്ചതിന് എല്ലാ ആശംസകളും ,ഇനി പുസ്തക വായന എളുപ്പമാകും .

    ReplyDelete
  27. രണ്ടും വായിച്ചിട്ടില്ല മന്‍സൂ ,
    പക്ഷേ ഇതങ്ങട് കിടുക്കി കളഞ്ഞൂ .......!
    വായിച്ച് കിട്ടുന്നതിനേക്കാള്‍ ഫീല്‍ ..
    അതറിഞ്ഞ മനസ്സില്‍ നിന്നും , ആ മനസ്സിലേ
    കാഴ്ചകളിലൂടെ വിവരിച്ച് കണ്ടപ്പൊള്‍
    ഇനി അതു വായിക്കണമോന്നൊരു " ശങ്ക " ...
    ഈ വരികള്‍ക്കപ്പുറം കഥാകാരനൊരു സമ്മാനം
    കിട്ടാനില്ല , അത്രക്ക് സുന്ദരമായ് ഒഴുകുന്ന വരികള്‍ ..
    "ആദ്യമായി എത്തുന്ന ഏത് അപരിചിതരെ പോലും
    ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപൂര്‍വ്വം
    നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട് "
    പൂര്‍ണ മനസ്സൊടെ യോജിക്കുന്നു മന്‍സു , സത്യം ..
    ഒപ്പം ഒരു നുള്ളു മിഴിപ്പൂവ് ചേര്‍ക്കുന്നു ...
    വായിക്കാന്‍ മനസ്സ് പറയുന്നു , കൈയ്യിലുണ്ടേല്‍ തരുമോ ?
    ഈയിടയായ് വായിക്കുവാന്‍ സമയമെന്നത് .. കിട്ടാകനിയാകുന്നുവോ ആവൊ ?
    അഭിമാനം ഉണ്ട് സഖേ , എന്റെ കൂട്ടുകാരനായതില്‍ ..
    അത്രക്ക് സുന്ദരം ഈ വിവരണം ..

    ReplyDelete
  28. ഞാന്‍ ഇത് വരെ വായിച്ചിട്ടില്ല. ഈ ആസ്വാദനക്കുറിപ്പ് കണ്ടിട്ട് വായിക്കാനുള്ള ആവേശം അതിന്റെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുകയാണ്. എല്ലാ തലങ്ങളേയും തൊട്ട് തലോടിയുള്ള കുറിപ്പ് വളരെ മനോഹരം. പരിചയപ്പെടുത്തലിന് നന്ദി.

    ReplyDelete
  29. പ്രിയപ്പെട്ട മൻസൂർ.. പ്രകൃതിസ്നേഹം അല്പം കൂടൂതൽ ഉള്ളതുകൊണ്ടാകണം പുസ്തകത്തിന്റെ പേരുതന്നെ എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു.... പിന്നെ മൻസൂറിന്റെ പരിചയപ്പെടുത്തൽകൂടിയായപ്പോൾ വായിച്ചേ മതിയാകൂ എന്ന് തീർച്ചപ്പെടുത്തിക്കഴിഞ്ഞൂ... ഉള്ളടക്കത്തേക്കുറിച്ചുള്ള വിവരണം മനോഹരമായിട്ടുണ്ട്... ഇത്തവണയാണെങ്കിൽ നാട്ടിലെത്തിയപ്പോൾ ഒരു പുസ്തകംപോലും വാങ്ങുവാനും സാധിച്ചില്ല,,, അടൂത്തതവണ നാട്ടിലെത്തുമ്പോൾ 'മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ ' എന്റെ ബാഗിനുള്ളിൽ ഇടം പിടിയ്ക്കുമെന്ന് തീർച്ച..... :)

    ReplyDelete
  30. ചെറുവാടി,

    ഈ പരിചയപ്പെടുത്തലിനു നന്ദി, യാത്രകളെ പോലെ തന്നെ മനോഹരമാണ് യാത്രാ വിവരണവും.

    മുസാഫര്‍ അഹമദിന്റെ മറ്റൊരു യാത്ര വിവരണമായ ''മയിലുകള്‍ സവാരിക്കിറങ്ങിയ ചെരുവിലൂടെ എന്ന പുസ്തകം, വായനക്ക് പ്രചോദനമാകും വിധം അതി മനോഹരമായി സവിസ്തരം പരിചയപ്പെടുത്തിയത് വളരെ നന്നായി.

    ആശംസകളോടെ..

    ReplyDelete
  31. ' മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ "വായിക്കാന്‍ തോന്നിപ്പിക്കുന്ന ടൈറ്റില്‍ .
    മന്സൂര്‍ക്ക വളരെ ഭംഗിയായി പരിചയപ്പെടുത്തിയിരിക്കുന്നു ഈ ബുക്കിനെ..

    ReplyDelete
  32. നന്ദി സുഹൃത്തേ..ഈ പരിചയ്പ്പെടുത്തലിന്..ഇനിയും കൂടുതൽ പുസ്തക പരിചയപ്പെടുത്തൽ ഉണ്ടാകട്ടെ..വായനക്കുള്ള വിഭവങ്ങൾ തേടിപ്പിടിക്കാൻ ഇത് തുണയാകുമല്ലോ

    ReplyDelete
  33. തികച്ചും അവിചാരിതമായാണ്. ഇന്നു ഞാന്‍ ഈ മനോഹരമായ അവലോകനം കാണുന്നത് .ഞാന്‍ ആസ്വദിച്ച് വായിച്ച ഒരു പുസ്തകമെന്ന നിലയില്‍ മന്‍സൂറിന്റെ ആത്മാര്‍ത്ഥവും ആഴത്തിലുള്ളതുമായ ഈ പുനര്‍വായന അതീവ ഹൃദ്യം എന്നു തന്നെ പറയാന്‍ തോന്നുന്നു.എനിക്കേറെ പ്രിയപ്പെട്ടതും "മയിലുകല്‍ സവാരിക്കിറങ്ങിയ ചെരുവിലൂടെ "എന്ന അദ്ധ്യായം തന്നെ..എങ്കിലും ഈ പൂവിന്റെ ഓരോ ദലങ്ങളും നോവിന്റെ പനിനീര്‍ ചാലിച്ചെഴുതിയത് തന്നെ...മന്‍സൂറിനും മുസഫറിനും ഭാവുകങ്ങള്‍

    ReplyDelete
  34. പുസ്തകവും പുസ്തക പരിചയവും കണ്ടില്ല. മുസഫർ അഹ്മദിനെ ഇതുവരേ വായിച്ചിട്ടില്ല.
    മയിലുകൾ കയ്യിലുണ്ടെങ്കിൽ അറിയിക്ക്യ. അതിനെ കൊണ്ടു വരാനാവട്ടെ ആദ്യ അജ്മാൻ സമാഗമം!

    ഈ പരിചയപ്പെടുത്തലിൽ ചെറുവാടിയൻ ഗൃഹാതുരതയും പ്രകൃതിസ്നേഹവും യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശവും തെളിഞ്ഞു കാണുന്നു.

    ReplyDelete
  35. മനസ്സിൽ അത്യപൂർവ്വമായ അനുഭൂതികൾ അവശേഷിപ്പിക്കാൻ പര്യാപ്തമായ രചനകൾ അതേ അളവിൽ മനോഹരമായ പ്രതികരണങ്ങൾ രൂപപ്പെടുത്താനും ശേഷിയുറ്റതാകുമെന്നതിന് ഈ കുറിപ്പ് സാക്ഷ്യം വഹിക്കുന്നു. പരാമ്ര്‌ഷ്ടക്ര്‌തിയുടെ വായന മൻസൂറിന്റെ മനസ്സിൽ ചിതറിയിട്ട സൌന്ദര്യത്തിന്റെ രേണുക്കൾ ഈ അവലോകനത്തിലും പറ്റിപ്പിടിച്ചിരിക്കുന്നു. അതിമനോഹരമാണീ അവലോകനം.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....