Sunday, October 13, 2013

തണുത്ത നീലഗിരി പ്രഭാതങ്ങളുടെ ഓർമ്മക്ക് .


ആദ്യമൊക്കെ ഊട്ടിയിൽ പോവുമ്പോൾ കമ്പിളിയും പുതച്ച് ഉറങ്ങുക എന്നതായിരുന്നു രസം . പിന്നെയാണ് തണുത്ത പ്രഭാതങ്ങളുടെ ഭംഗി അറിഞ്ഞത് . ദേവദാരു മരങ്ങളിൽ നിന്നും ഉറ്റി വീഴുന്ന മഞ്ഞു തുള്ളികളിൽ പ്രണയം കണ്ടത് മുതൽ ഞാനാ പ്രഭാതങ്ങളുടെ കൂട്ടുകാരനായി . കഴുത്തിലൊരു മഫ്ലറും ചുറ്റി മഞ്ഞു പെയ്യുന്ന വഴികളിലൂടെ നടക്കുമ്പോൾ കൂടെ കുറേ കാൽപനിക സ്വപ്നങ്ങളും കാണും . ഊട്ടിയിലെ ഓരോ മതിലിലും വിരിഞ്ഞു നിൽക്കുന്ന ഒരു തരം മഞ്ഞപ്പൂക്കളുണ്ട് . മഞ്ഞു തുള്ളികളിൽ വീണ് കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന ഈ പൂക്കൾ ഊട്ടി പ്രഭാതങ്ങളുടെ കണിയാണ് . നന്മയും .
ലേക്ക് വ്യൂ റിസോർട്ടിന്‍റെ മതില് കടന്നാൽ ചെവിയിൽ ബാൻഡ് മേളങ്ങൾ കേൾക്കാം . ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നിന്നാണത് . ഈ ബാൻഡ് മേളങ്ങൾ തന്നെയാണ് ഊട്ടിയുടെ പ്രഭാത ഭേരി എന്ന് പലപ്പോഴും തോന്നാറുണ്ട് . കൂടെ പകരുന്ന സംഗീതത്തിന് പിടിച്ചിരുത്തുന്നൊരു ഭാവമുണ്ട് . ഒരുപക്ഷേ ബോർഡിങ്ങിന്റെ മതിൽ കെട്ടിനകത്ത് അച്ഛനെയും അമ്മയെയും കാണാത്തൊരു കുട്ടിയുടെ വേദന ആ സംഗീതത്തിൽ കലർന്നിട്ടുണ്ടാകുമോ . എനിക്കങ്ങിനെ തോന്നി . എതിരെ നടന്നു വരുന്നൊരു തിബത്തൻ ബാലിക . അവളുടെ കയ്യിൽ കുറച്ച് പൂക്കൾ കാണാം . അതുപോലെ വശ്യമായൊരു ചിരി മുഖത്തും . പണ്ടൊക്കെ പരമ്പരാഗത വേഷവും ധരിച്ച് തിബത്തൻ കുടുംബങ്ങൾ ഊട്ടിയിൽ സജീവമായിരുന്നു . ഇപ്പോൾ അതൊരു അപൂർവ്വമായ കാഴ്ചയായി . എന്നും അലയാൻ വിധിക്കപ്പെട്ട ദലൈലാമയുടെ അനുയായികൾ ഊട്ടിയിലെ തണുപ്പിനൊപ്പം അപ്രത്യക്ഷമായി . പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമാണ് ഇപ്പോൾ ഊട്ടി .
മുന്നോട്ട് നടന്നു . എനിക്കൊരാളെ കാണാനുണ്ട് . പാലക്കാട്ടുക്കാരൻ മോഹനേട്ടൻ . വർഷങ്ങളായി ഇവിടെ ഹോട്ടൽ നടത്തുന്നു . കുടുംബ സമേതം . ദോശയുടെയും ചമ്മന്തിയുടെയും രുചിയും താലോലിച്ച് വന്ന ഞാൻ ഒരു നിമിഷം നിന്നു . അങ്ങിനെ ഒരു ഹോട്ടൽ നിന്ന അടയാളം പോലുമില്ല . അവർ പാലക്കാട്ടേക്ക് തിരിച്ചു പോയിരിക്കാം . കഴിക്കാത്ത സാമ്പാറിന്‍റെ പുളി തികട്ടി വന്നു . അതവരെ കാണാത്ത വിഷമമായിരുന്നു . എങ്കിലും ഒന്നുറപ്പുള്ള പോലെ , ഏതെങ്കിലും പാലക്കാടൻ യാത്രയിൽ കഴിക്കുന്ന ഒരു ദോശയുടെ രുചിയിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞിരിക്കും അതിന്‍റെ മാവ് അരച്ച കൈകളെ .
റോസുകൾ ഊട്ടിയിൽ സുഗന്ധം പരത്തുന്നുണ്ട് . ഫ്ലവർ ഷോയുടെ കാലം ഇപ്പോഴും ഊട്ടി തിളങ്ങി നിൽക്കും . ബൊട്ടനിക്കൽ ഗാർഡന്‍റെ മേലെ ഭാഗത്ത്‌ ഒരു മരത്തിന് ചുവട്ടിൽ അലസമായി ഇരുന്നു . താഴെ അവധി ആഘോഷിക്കുന്നവരുടെ മുഖത്തും കാണാം ഒരു പൂക്കാലം .
ഈ നിമിഷം എനിക്ക് നഷ്ട്ടപ്പെടുന്നത്‌ എന്താണ് ..? അല്ലെങ്കിൽ ഞാൻ തിരിച്ചു വിളിക്കാൻ ശ്രമിക്കുന്നത് എന്താണ് ...? തണുത്ത കാറ്റും മങ്ങിയ പകലും പൂക്കളുടെ സുഗന്ധവും എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . കരിഞ്ഞ ഓർമ്മകൾക്ക് മേലെ സാന്ദ്വനം പോലെ യൂക്കാളിപ്സിന്‍റെ ഔഷദക്കാറ്റും. പിടി കൊടുക്കാൻ തയ്യാറാവാത്ത മനസ്സിനെ ഞാനവിടെ ഉപേക്ഷിച്ചു. അറിയാതൊരു ഗസൽ മൂളി തിരിച്ചു നടന്നു .
Tamanna Phir Machal Jaye
Ager Tum Milne Aajao
Ye Mousam Hi Badal Jaye
Ager Tum Milne Aajao


(ഒരു ഫേസ് ബുക്ക് കുറിപ്പ് . ഇവിടെയും കിടക്കട്ടെ അല്ലേ ..? :) 

28 comments:

  1. "നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ...നീ പാടാത്തതെന്തേ.."
    എന്റെ ഊട്ടി ഈ പാട്ടിന്റെ സൗന്ദര്യമാണു..
    ഇഷ്ടായി ട്ടൊ..!

    ReplyDelete
  2. ചെന്നു കണ്ടാല്‍ മനസ്സില്‍ ഓര്‍മ്മകളെ ഊട്ടിയുറപ്പിക്കുന്ന ഊട്ടി.

    ReplyDelete
  3. 36 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യവും അവസാനവുമായി ഊട്ടിയില്‍ പോയത്
    ഇപ്പോ ബ്രദര്‍-ഇന്‍-ലാ അവിടെ മിലിട്ടറിയില്‍ ഓഫീസര്‍ ആണ്. അങ്ങോട്ട് വിളിക്കുന്നുണ്ട്. ഞാനൊന്ന് പോയിനോക്കട്ടെ ചെറുവാടി പറഞ്ഞതത്രയും ശരിയാണോന്ന്. അല്ലെങ്കിലുണ്ടല്ലോ...ങ്ഹാ..!!

    ReplyDelete
  4. ഗുഡ് ഷെപ്പേർഡ് സ്കൂളിലേക്കുള്ള വഴിയിലൂടെ, കാൽപ്പനികസ്വപ്നങ്ങളുടെ മഞ്ഞു വീഴുന്ന പുലർകാലങ്ങളിൽ .....

    ReplyDelete
  5. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  6. ഊട്ടി... ഇന്നും ഒരു സ്വപ്നമാണ്...!

    ReplyDelete
  7. മനോഹരം ചെറുവാടി :)

    ReplyDelete
  8. ഊട്ടീന്ന് കിട്ടുന്ന ആ മഞ്ഞ പൂക്കളെ എനിക്കൊരുപാടിഷ്ടാണ് മൻസൂർ .
    എത്ര ദിവസമാണ് അത് വാടാതിരിക്കുന്നത്!!!!!
    ഒരുപാട് ഇഷ്ടം തോന്നുന്നു ഊട്ടിയോട്.
    ഈ വായനയിൽ സന്തോഷവും.
    പക്ഷെ ഒരു കുഞ്ഞു മുള്ള് കുത്തുകയും ചെയ്തു കേട്ടോ.
    അച്ഛനേം അമ്മേം കാണാത്ത സങ്കടത്തിൽ നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന ഒരു കുഞ്ഞിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോ..................
    അല്ലേലും ഈ മൻസൂർ ചില പോസ്റ്റുകളിൽ ഇങ്ങനെയാണ്.
    ഒരുപാട് സന്തോഷം തരും വായനയിൽ,ഒപ്പം ഇതുപോലെ ഓരോന്നും പറഞ്ഞു സങ്കടപ്പെടുത്തും.

    എന്തൊക്കെ ആയാലും ഇതും പതിവുപോലെ അസ്സലായിരിക്കുന്നു.
    വലിയ പെരുന്നാളിന്റെ അതിലും വല്യേ ആശംസകൾ !!!!!

    ReplyDelete
  9. തണുത്ത കാറ്റും മങ്ങിയ പകലും പൂക്കളുടെ സുഗന്ധവും എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . കരിഞ്ഞ ഓർമ്മകൾക്ക് മേലെ സാന്ത്വനം പോലെ യൂക്കാലിപ്സിന്റെ ഔഷധക്കാറ്റും..
    മനോഹരമായ വര്‍ണ്ണനകള്‍

    ReplyDelete
  10. വളരെ മനോഹരമായിട്ടുണ്ട് ഈ വിവരണം

    ReplyDelete
  11. വന്നു വന്നു ചെറുവാടി ക്കും മടി പിടിച്ചുവല്ലേ ? ..ഒരു നല്ല പോസ്റ്റ്‌ വായിക്കാന്‍ കൊതിയോടെ എത്തിയതാ .. കുഞ്ഞു പോസ്റ്റ്‌ വായിച്ചു മടങ്ങുന്നു :)

    ReplyDelete
  12. മൻസൂറിന് ഊട്ടിയെ പറ്റി പകിട്ടായി
    എഴുതാമായിരുന്നുവെങ്കിലും വെറുമൊരു കുറിപ്പായി
    കുറിച്ചതിൽ , ഇവിടെ എന്റെ ഖേദം കുറിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  13. എന്‍റെയും പ്രിയപ്പെട്ട ഊട്ടി.. നല്ല പോസ്റ്റ്‌... പക്ഷെ ചെറുതായി പോയി...

    ReplyDelete
  14. ഒരു ഊട്ടി യാത്ര ആലോചനയില്‍ ഉണ്ട്; പോയി നോക്കട്ടെ;
    :)

    ReplyDelete
  15. ഒരിക്കലേ ഊട്ടിയിൽ പോയിട്ടുള്ളൂ. പിറ്റേന്ന് തന്നെ മടങ്ങണ്ടിയും വന്നു. ഇനി എപ്പോഴെങ്കിലും അവസരം ഒത്തു വരട്ടെ .
    എത്ര മനോഹരമായി എഴുതിയ പോസ്റ്റ്‌ .
    " തണുത്ത കാറ്റും മങ്ങിയ പകലും പൂക്കളുടെ സുഗന്ധവും എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് "

    ReplyDelete
  16. കഴുത്തിൽ ഇടാൻ ഒരു ഷാൾ ഉണ്ടെങ്കിൽ വായിക്കുവാൻ ഈ ഊട്ടി തന്നെ ധാരാളം

    ReplyDelete
  17. ചെറുതെങ്കിലും മനോഹരം..

    ReplyDelete
  18. നീലഗിരിയുടെ താഴ്വാരത്ത്
    യൂക്കാലിപ്സ് ഇലകളുടെ ഗന്ധം ...
    അവസ്സാന ഊട്ടി യാത്ര ഇനിയും
    മനസ്സില്‍ നിന്നും മറഞ്ഞിട്ടില്ല
    ഭീതിതമായ ചില ഓര്‍മപ്പെടുത്തലുകള്‍
    ഉണ്ട അതിന് .. മറക്കാന്‍ ശ്രമിച്ചാലും
    മറഞ്ഞ് പൊകാത്തത് .. പക്ഷേ
    ഈ കുളിരുള്ള വരികളിലൂടെ
    വീണ്ടും നടക്കുമ്പൊള്‍ ഊട്ടീ വിളിക്കുന്നു
    തിരികേ വീണ്ടും വീണ്ടും ...
    എന്റെ മന്‍സൂന്റെ എഴുത്തിനെപ്പൊഴും
    " ക്യാരി " ചെയ്യാനുള്ള ശക്തിയുണ്ട് ..
    സ്നേഹം സഖേ ..!

    ReplyDelete
  19. ഫേസ്ബുക്കില്‍ വായിച്ചിരുന്നു... ഒരു കമന്റ് ഇവിടേം ഇരിക്കട്ടെ...

    ReplyDelete
  20. ഫ്ലവര്‍ ഷോയുടെ സമയത്താണ് ഞാനും പോയത്... വീണ്ടും വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ ഒന്ന്...
    ചെറുതെങ്കിലും നല്ല വിവരണം....ആശംസകള്‍ :)

    ReplyDelete
  21. ഊട്ടി എന്ന് കേള്‍ക്കുമ്പോള്‍ കിലുക്കമാണ് ഓര്‍മ്മ വരിക......എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഊട്ടി ...അതുകൊണ്ടുതന്നെ ഈ എഴുത്തിലൂടെ പുകമഞ്ഞ് പൊഴിയുന്ന ആ വഴികളും കാഴ്ചകളും ഒക്കെ .....നിറയുന്നു .നല്ല എഴുത്ത് മന്‍സൂര്‍ ഭായ് .

    ReplyDelete
  22. ഊട്ടിയാത്രയെക്കാള്‍ മനോഹാരിതയുണ്ടീ കുറിപ്പിന്...വേഗം അവസാനിപ്പിച്ചത് നന്നായി...അത് കൊണ്ട് തന്നെ ഇനിയും വായിക്കണമെന്ന ഒരു കൊതി ബാക്കി നില്‍ക്കൂന്നു.{പുടവയില്‍ വന്ന കുറിപ്പ് വായിച്ചിരുന്നൂട്ടൊ...}

    ReplyDelete
  23. വായിച്ചപ്പോൾ ഉള്ളു തണുത്തു. മനസ്സിന്റെ ഭിത്തികളിൽ മഞ്ഞു പൊടിഞ്ഞു!

    ReplyDelete
  24. മഞ്ഞു തുള്ളികൾ ഇലകളിൽ പറ്റിയിരിക്കുന്ന ആ കാഴ്ച എത്ര മനോഹരം..........മന്സൂർകാടെ ബ്ളോഗ് വായിക്കുന്നത് മനസിനെ ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണു.......കുറച്ചു കൂടി വല്യേ ലേഖനം ആവാമയിരിന്നു.

    ReplyDelete
  25. മൻസൂര് വിവരിച്ച പോലെ ഊട്ടി എന്നും സഞ്ചാരികളുടെ സ്വപ്നഭൂമി തന്നെ ...ഒരു കുളിരുള്ള വായനാസുഖം

    ReplyDelete
  26. അജിത്‌ ചേട്ടാ ... ഞാന്‍ ഊട്ടിയില്‍ പോയിട്ടുണ്ട്.

    ചെറുവാടി പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ ചില നേരത്തെ തൊലി തുളയ്ക്കുന്ന തണുപ്പ് ഇതൊന്നും ആസ്വദിക്കാന്‍ വിടാതെ നേരെ ഹോടല്‍ മുറിയിലേക്ക് തന്നെ കൊണ്ട് പോവും എന്നതാണ് സത്യം.

    കൊച്ചു കുറിപ്പ് ഇഷ്ട്ടായി.

    ReplyDelete
  27. ഊട്ടി ഇപ്പോളും എൻ്റെ സ്വപ്നഭൂമിയാണ് ....

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....