Sunday, May 11, 2014

ഒരിക്കൽകൂടെ പോകണം ഈ വഴികളിലൂടെഒരവധിക്കാലം വരാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ യാത്രകൾ പഴയ ചിത്രങ്ങളിലൂടെയാണ് ഇരിക്കുന്ന സീറ്റിനും മോണിറ്ററിനും ഇടക്കൊരു പാലം വന്നുചേർന്നു . ഓർമ്മ യാത്രകൾ . ഈ വഴിയിലെ മഞ്ഞു വന്ന് ശരീരമാകെ പുതക്കുന്നു . കുന്നിറങ്ങി വരുന്ന മഞ്ഞിന്‍റെ കുളിര് തണുപ്പിക്കുന്നത് മനസ്സിനെയാണ്‌ . നിസ്സഹായാതയുടെ അങ്ങേയറ്റം ആണെങ്കിലും ഇതെനിക്ക് സന്തോഷം നൽകുന്നുണ്ട് . നടന്നു തീർത്ത വഴികളിലൂടെ വീണ്ടും വീണ്ടും ഓർമ്മകളിലൂടെ ഞാൻ നടന്ന് തീർക്കും . വഴിയമ്പലങ്ങളിൽ കിടന്നുറങ്ങും . പൊതിച്ചോറ് വാങ്ങി കഴിക്കും . പാറക്കെട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഉറവ് വെള്ളം ആർത്തിയോടെ കുടിക്കും . ഇടക്കെപ്പോഴോ കാട്ടിലോ മലയിലോ പെയ്യുന്ന മഴയെ ഏറ്റുവാങ്ങും . കോടമഞ്ഞിനിടയിൽ ഒളിച്ചു കളിക്കുന്ന സൂര്യനും ചന്ദ്രനും നിലാവും നക്ഷത്രങ്ങളും എന്‍റെ കൂട്ടുകാരാവും . വഴിയമ്പലങ്ങളിൽ ഇരുളിൽ നിന്നും കേൾക്കുന്ന ഈണമില്ലാത്ത നാടോടി ഗാനങ്ങളിലെ വിരഹവും സന്തോഷവും സന്താപവും ഏറ്റുവാങ്ങും . തട്ടുകടകളിലെ മണ്ണെണ്ണ അടുപ്പിന്‍റെ ചൂടിനോട്‌ ചേർന്ന് നിൽക്കും . ഉണക്ക ചുള്ളികൾ പെറുക്കി കൂട്ടി തീ കായുമ്പോൾ ലോകം അവിടെ മാത്രമായി ഒതുങ്ങും . പേരറിയാത്ത പൂക്കളോടും ചെടികളോടും സംസാരിക്കും . ലക്ഷ്യമില്ലാതെ നീണ്ടുപോകുന്ന വനപാതകളും നാട്ടു വഴികളും . ഈറ്റക്കാടുകൾ വകഞ്ഞുമാറ്റി ആനച്ചൂര് മണക്കുന്ന കാട്ടുവഴികളിലൂടെ . ഒരു മലയണ്ണാൻ ഓടിയൊളിച്ചു . ദൂരെ ഒരു ഒറ്റയാന്‍റെ ചിന്നംവിളി . കാട്ടുപക്ഷികളുടെ കലപില . കുരങ്ങന്മാരുടെ ഊഞ്ഞാലാട്ടം . പകച്ചുനോക്കുന്ന മാനുകൾ . കാലുകൾ ഇടറുന്നില്ല . ശുദ്ധമായ കാറ്റ് ആവോളം ഊർജ്ജം കാലുകൾക്ക് നൽകുന്നുണ്ടല്ലോ . യാത്രകൾ അങ്ങിനെയാണ് . വന്യമായ ഒരാവേശം മുന്നോട്ട് നയിക്കും . അദൃശ്യമായ ഒരു ശക്തി എപ്പോഴും കൂട്ടിനുണ്ടാവും . ഏതാനും പഴയ യാത്രാ ചിത്രങ്ങൾ നൽകിയ വികാരമാണ് ഈ എഴുതിയത് .
                                                         -x-

എനിക്ക് തോന്നുന്നത് ഏറ്റവും റൊമാൻറ്റിക് ആയ സ്ഥലം തേയില തോട്ടങ്ങൾ ആണെന്നാണ്‌ . പുലർക്കാലത്തും വൈകുന്നേരവും തേയില ചെടികൾക്കിടയിലൂടെ നടക്കാൻ എന്ത് രസമാണ് . തൂമ്പിലെല്ലാം മഞ്ഞു തുള്ളികൾ ഏറ്റുവാങ്ങി കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന തേയിലച്ചെടികൾ .ഹൈറേഞ്ചുകളിൽ കുറച്ചൂടെ വൈകിയെത്തുന്ന സൂര്യനെ കണ്ടാൽ തിളക്കം കൂടും അവക്കെല്ലാം . വൈകുന്നേരം കൂടുതൽ രസകരമാണ് . തോട്ടങ്ങൾക്കുള്ളിലൂടെ കാട്ടുമുയലുകൾ വട്ടം ചാടുന്ന നടപ്പാതകൾ . തേയില നുള്ളുന്നവർ . കൂടകളിൽ നിറയുന്നത് ഇലകൾ മാത്രമല്ല അവരുടെ സ്വപ്‌നങ്ങൾ കൂടിയാണ് . നടക്കാതെ പോകുന്ന ആ സ്വപ്നങ്ങളാണ് നമ്മുടെ ചായക്കോപ്പയിലെ ചൂട് . എന്‍റെ മനസ്സിനും താളത്തിനും കൂടുതൽ ചേരുക ചെമ്പ്ര കുന്നിന്‍റെ താഴ്വാരമാണ് . കൂടുതൽ സ്വപ്നം വിളയിക്കുന്നതും അവിടെ തന്നെ . മകരമഞ്ഞിന്‍റെ തണുപ്പിൽ സ്വപ്നങ്ങളുടെ കമ്പിളിയും പുതച്ച് ആ താഴ്വാരങ്ങളിൽ രാപാർത്തത് എത്ര തവണയാണ് . നിറയെ കായ്ച്ചു നിൽക്കുന്ന നെല്ലിമരങ്ങൾ കാണാം ഇടക്ക് . സ്വപ്നങ്ങളും ചേർത്ത് ചവക്കുന്നത് കൊണ്ടാവാം അവക്കൊരിക്കലും കയ്പ്പ് തോന്നാറില്ല . 

ഇന്നലെ മച്ചാൻ വിളിച്ചു . വയനാട്ടിലെ ഞങ്ങളുടെ എല്ലാം മച്ചനാണ് . ഈ അവധിക്ക് വരുന്നില്ലേ എന്ന അന്വോഷണം . തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കൈവഴിലൂടെ ഇറങ്ങിച്ചെന്നാൽ ഡാലിയയും ജമന്തിപ്പൂക്കളും നിറഞ്ഞ ഒരു കൊച്ചു കുടിലിന്‍റെ മുറ്റത്ത്‌ എത്തും . പാടി എന്ന് വിളിക്കുന്ന അവരുടെ കുടിൽ . ഓരോ അവധിക്കാലത്തും ഞങ്ങളെ കാത്തിരിക്കുന്ന മച്ചാനും സഫിയാത്തയും പിന്നെ വയനാടൻ പ്രകൃതി പോലെ നിറഞ്ഞു നിൽക്കുന്ന അവരുടെ സ്നേഹവും .
അവരുടെ പാടിയുടെ താഴെ കൂടി ഒഴുകുന്ന കാട്ടരുവി ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടാവും . നെല്ലിക്കയും മാതളവും കൊഴിഞ്ഞു പോകാതെ അവിടെ തന്നെ ഇരിക്കണേ . ഇനിയും വിരിയാൻ ബാക്കി നിൽക്കുന്ന ഡാലിയയും . വേലിക്കരികിൽ നിന്നും കുശലം പറയുന്ന ലെന്റാനയോട് വൈകിയതിന് പറയാൻ ഒരു കാരണം കണ്ടെത്തണം . വീണ്ടും സ്വപ്നങ്ങളുടെ കമ്പിളി പുതക്കട്ടെ . 

11 comments:

 1. ബ്ലോഗ്‌ കൂറയും പാറ്റയും കേറി കൂടാതിരിക്കാൻ ഇത് വഴി വന്നതാ . എഫ് ബി യിലെ രണ്ട് പോസ്റ്റ്‌ എടുത്ത് ഇവിടെ ഇട്ട് പൊടിയും തട്ടി പോകുന്നു . ഇതുപോലെ എന്നേലും കാണാം .

  ReplyDelete
 2. അതുശരി. അതുകൊണ്ടാണല്ലേ ഈ പോസ്റ്റ്‌. എന്നാല്‍ കമന്റ് ചെയ്യേണ്ടായിരുന്നു. എന്തായാലും എഴുതി തുടങ്ങിയില്ലേ. കിടക്കട്ടെ.

  ഓരോന്ന് കാണുമ്പോഴും അതാണ്‌ ഏറ്റവും നല്ലതെന്ന് തോന്നും. തേയില തോട്ടം കണ്ടപ്പോള്‍ അത്. വേറെ വല്ലതും ആയിരുന്നെങ്കില്‍ അതായേനെ.
  പോസ്റ്റിനു ഒന്നുകൂടി ഒരു ഗുമ്മൊക്കെ വരുത്ത്.

  ReplyDelete
 3. എന്താ ഈയിടെ യാത്ര കുറഞ്ഞത് പോലെ..എന്തായാലും ഈ വഴിയോരക്കാഴ്ച്ചയും നന്നായിരിക്കുന്നു. ഒരു ചുടുചായ കുടിച്ച പോലെ..

  ReplyDelete
 4. ഇതുപോലെ വല്ലതും ഇടക്ക് കുറിച്ചിട്ടാൽ
  ഇടക്കെല്ലാം ഒഴിവുപോലെ വന്ന് വായിക്കാൻ പറ്റും കേട്ടോ മൻസൂർ.
  എഫ്.ബിയിൽ അപ്പ്പ്പോൾ വായിച്ചില്ലെങ്കിൽ അത് നടക്കില്ല..!
  അപ്പോൾ അവധിക്കാലത്ത് നേരിട്ട് കാണാം...

  ReplyDelete
 5. യാത്രയില്‍ വായിച്ചിരുന്നുട്ടോ...

  ReplyDelete
 6. MANSOOR നീ ഒരു വലിയ മടിയൻ ആയി മാറി . നിന്റെ ലാസ്റ്റ് blog പോസ്റ്റ്‌ ഏതാണ്ട് 5 മാസം മുന്നേ ആണ്. ഇപ്പോൾ ഇതു Facebook പോസ്റ്റ്‌ ...:( :( :(

  ReplyDelete
 7. വായിച്ചു.ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
 8. എഫ്. ബിയില്‍ കണ്ട സ്റ്റാറ്റസ് ആണല്ലോ ഇത്. മടിയന്‍, :)

  ReplyDelete
 9. പറമ്പിൽ നിക്കണ കാപ്പി തയ്യിൽ പൂ വിരിഞ്ഞപ്പോഴാണ് ഞാൻ ആദ്യായി അത് കാണുന്നതും,അതിന്റെ മണം അറിഞ്ഞതും.അന്ന് തൊട്ട് നിറയെ പൂ വിരിഞ്ഞ ഒരു കാപ്പി തോട്ടം കാണണം,അതിനിടയിലൂടെ അവനൊപ്പം നടക്കണം എന്നൊക്കേള്ള കൊറേ മോഹംസ് മനസ്സിൽ കേറി കൂടീണ്ട്‌.ദാ ഇപ്പൊ തേയില തോട്ടം കാണാൻള്ള മോഹം കൂടിയായി.മഞ്ഞു തുള്ളി കൊണ്ട് അലങ്കരിച്ച,സൂര്യനെ കണ്ടാൽ തിളക്കം കൂടണ തേയില തൂമ്പുകൾ കാണാൻ നല്ല ചന്തം തന്നെ മൻസൂർ.ഈ വാക്കുകളിൽ കൂടി അത് ശരിക്കും കാണണുണ്ട്.

  പറയാതെ വയ്യ ആദ്യ പകുതി വളരെ വളരെ ഭംഗ്യായി മൻസൂർ പറഞ്ഞിരിയ്ക്കുണൂട്ടോ!!!!!

  ReplyDelete
 10. വരികളിൽ ആവർത്തനവിരസതയുടെ വല്ലാത്ത കയ്പുുണ്ടെന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാണെന്നു തോന്നുന്നു......

  സ്വപ്നം തൊട്ടുകൂട്ടി നെല്ലിക്ക ചവക്കുന്ന ആ ഏർപ്പാട് പെരുത്ത് ഇഷ്ടമായി

  ReplyDelete
 11. ഹൈറേഞ്ചിലേയ്ക്ക് വിളിച്ചിട്ട് ആരും വന്നില്ല...
  എല്ലാരും ലോറേഞ്ച് ആണെന്ന് തോന്നുന്നു!

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....