Monday, September 20, 2010

വയനാടന്‍ കുളിര്‍ക്കാറ്റ്



ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്. ഇവിടത്തെ കാഴ്ചകളെപ്പറ്റി ഒരുപാട് ലേഖനങ്ങളും യാത്രാവിവരണങ്ങളും ബൂലോകത്തില്‍ തന്നെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലങ്ങളെയും കാഴ്ചകളെയും പരിചയപ്പെടുത്താതെ, ഈ യാത്ര നല്‍കിയ വ്യക്തിപരമായ സന്തോഷവും അനുഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.
ചെമ്പ്ര കുന്നിന്റെ താഴ്വാരങ്ങളില്‍ നിന്നുമാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്. നേരത്തെ വിളിച്ചുപറഞ്ഞതിനാല്‍ ഞങ്ങളെ കാത്ത് മച്ചാന്‍(ശിഹാബ്) കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടില്‍ ഒരു കരാര് ജോലിയുമായി ബന്ധപ്പെട്ട് സഹോദരന്‍ വഴി മച്ചാനെ നേരത്തെ അറിയാം. ഇപ്പോള്‍ ഇവിടെ തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നു. മച്ചാന്‍ നേരെ പാടിയിലേക്ക് ( ഇവരുടെ കോര്‍ട്ടേഴ്സിന് "പാടി" എന്ന് പറയും) കൂട്ടികൊണ്ടുപോയി. തേയില തോട്ടത്തിനിടയില്‍ രണ്ട് മുറിയും അടുക്കളയുമായി ഒരു കൊച്ചു സുന്ദരന്‍ വീട്. ചെറിയ മുറ്റത്ത്‌ നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ജമയന്തിയും ഡാലിയയും പിന്നെ പേരറിയാത്ത പലതരം വര്‍ണ്ണത്തിലുള്ള പൂക്കള്‍. ഒന്നിനും മണമില്ല. പക്ഷെ സുഗന്ധം മുഴുവനും മച്ചാന്‍റെയും സഫിയാത്തയുടെയും ജീവിതത്തിലുണ്ട്. പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ സ്നേഹം. ഈ പ്രകൃതിയുടെ സൗന്ദര്യം തുടര്‍ന്നും ഇവരുടെ ജീവിതത്തില്‍ നിറയട്ടെ.



സഫിയാത്ത ചായയും പലഹാരങ്ങളും എടുത്തുവെച്ചു. നല്ല തകര്‍പ്പന്‍ വയനാടന്‍ ചായ. യാത്രാക്ഷീണം അതില്‍ തീര്‍ന്നു. ചെമ്പ്രക്കുന്ന് കയറണമെന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ വിലക്കി. "വേണ്ട, നന്നായി ക്ഷീണിക്കും. ഒരു ദിവസം വെറുതെ പോവും. ചിലപ്പോള്‍ പുലി എങ്ങാനും?" മുഴുവനാക്കിയില്ല, കോറസ്സായി വേണ്ട എന്ന് പറഞ്ഞു. അത് ചിലപ്പോള്‍ മച്ചാന്‍ വെറുതെ പറഞ്ഞതാവും. ഏതായാലും പരീക്ഷണം വേണ്ട. അല്ലാതെ ഒത്തിരി കാണാനുണ്ടെന്ന് മച്ചാന്‍. എവിടെപോയാലും ഉച്ചക്ക് ഭക്ഷണത്തിന് തിരിച്ചെത്തണമെന്ന് സഫിയാത്ത ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ പാടിയുടെ പിന്നിലൂടെ താഴോട്ടിറങ്ങി. പാടിക്കു തൊട്ടു പിറകില്‍ തന്നെ കാട്ടരുവി. കുന്നിനു മുകളില്‍ നിന്നും ഒലിച്ച് കൊച്ചു കാടിന് നടുവിലൂടെ ഒഴുകിവരുന്ന ഈ കാഴ്ച കണ്ണുകള്‍ക്ക്‌ ഉത്സവമാണ്. നല്ല തെളിഞ്ഞ വെള്ളം. കുടിക്കാനും ഉപയോഗിക്കുന്നത് ഇതുതന്നെ. മച്ചാന്‍ പറഞ്ഞു. നിറയെ വര്‍ണ മത്സ്യങ്ങള്‍. അധികം ആലോചിച്ചുനിന്നില്ല. ഞാന്‍ പാന്‍റും വലിച്ചെറിഞ്ഞ്‌ വെള്ളത്തിലേക്കിറങ്ങി. കരുതിയപോലെ തണുപ്പല്ല വെള്ളത്തിന്‌. നല്ല ഇളം ചൂട്. കയറാന്‍ തോന്നിയില്ല.



കുറെ താഴോട്ട് പോയാല്‍ നിറയെ ഓറഞ്ച് കിട്ടുമെന്ന് മച്ചാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുകയറി. കാട്ടിനുള്ളില്‍ ചെറിയൊരു ചോലക്ക് ചുറ്റുമായി നിറയെ ഓറഞ്ചു മരങ്ങള്‍. പഴുത്തത്. വലിഞ്ഞ് മരത്തില്‍ കയറിപ്പറ്റി. ഒരു കുലുക്കിന് തന്നെ കുറെ താഴെ വീണു. മായം ചേര്‍ത്തതല്ല.കാട് നേരിട്ട് തരുന്നത്. അതിന്റെ മെച്ചം രുചിയിലും ഉണ്ട്.
ചോലക്കരികിലെ ചെറിയ കാല്‍പാദങ്ങള്‍ നോക്കി മച്ചാന്‍ പറഞ്ഞു. "പുലി വെള്ളം കുടിക്കാന്‍ വന്നതാവും" പടച്ചോനെ..!തിരിച്ചോടിയാലോ? ഞങ്ങളുടെ പേടി കണ്ടിട്ടോ എന്തോ ,മച്ചാന്‍ പറഞ്ഞു. "പേടിക്കേണ്ട. പുലിയൊന്നുമില്ല,ഇത് മാനിന്‍റെതാണ്‌".ഏതായാലും തിരിച്ചുകയറുമ്പോള്‍ വേഗത കൂടുതലാണ്. പിന്നെ മച്ചാന്‍ നയിച്ചത് ചെറിയൊരു കുടിലിലേക്ക്. "ഇവിടെ നല്ല കാട്ടുതേന്‍ കിട്ടും". ഒരമ്മൂമ്മ മുള കൊണ്ടുള്ള തവിയില്‍ കുറച്ചു കയ്യിലൊഴിച്ചു തന്നു. "പടച്ചോനെ..ഇതാണോ തേനിന്‍റെ ഒറിജിനല്‍ രുചി?".ഞങ്ങള്‍ കുറേ വാങ്ങി.എല്ലാര്‍ക്കും കൊടുക്കാലോ.
വീണ്ടും കാടിന്‍റെ മറ്റൊരു ഭാഗത്തേക്ക്. ഇവിടെ നിറയെ പേരക്കയും നെല്ലിക്കയും. മച്ചാന്‍ കുറേ പറിച്ച് ബേഗിലാക്കി.
ഉച്ച ഭക്ഷണത്തിന് സമയമായി. കാടിന് പുറത്തുകടന്ന് ശ്രീമതി കാണാതെ തേയില നുള്ളുന്ന സുന്ദരികളെയും നോക്കി പാടിയിലെത്തി. സഫിയാത്ത നല്ല നാടന്‍ വിഭവങ്ങളുമായി ഉഗ്രന്‍ സദ്യ ഒരുക്കിയിട്ടുണ്ട്. പുലിയെ പേടിച്ചു കഴിച്ചതെല്ലാം ആവിയായിപോയ ഞങ്ങള്‍ക്ക് ഒന്നും നോക്കാന്‍ സമയമില്ല. തിരിച്ച് പാത്രങ്ങള്‍ എടുക്കുമ്പോള്‍ സഫിയാത്തക്ക് ഭാരം തോന്നികാണില്ല. അവര്‍ക്ക് കഴിക്കാന്‍ ഇനി വേറെ പാകം ചെയ്തിട്ട് വേണ്ടിവരും. പാടിയുടെ തിണ്ണമ്മേല്‍ വിശ്രമം. എനിക്കല്ല. വയറിന്. ഹഫി സഫിയാത്തയോടൊപ്പം
തേയില തോട്ടത്തില്‍ കയറി. തേയില നുള്ളുന്ന പെണ്‍കുട്ടികളോട് അവളെന്തൊക്കെയോ ചോദിക്കുന്നു. സഫിയാത്തയാണ് പരിഭാഷക. അവളുടെ മലയാളം അവരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. രസകരം തന്നെ.ഞാനൊന്ന് മയങ്ങി. മച്ചാന്‍ വിളിച്ചുണര്‍ത്തി. എസ്റ്റേറ്റ്‌ റോഡിലൂടെ ഒരു സവാരിയാവാം. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങി. ഡ്രൈവിംഗ് രസകരമാണ് ഈ വഴികളിലൂടെ. ഇടയ്ക്കിടയ്ക്ക് കാട്ടുമുയലുകള്‍ വട്ടം ചാടുന്നു. വേണമെങ്കില്‍ ഒന്നിനെ ഒപ്പിച്ച്‌ കറിവെക്കാമെന്ന് മച്ചാന്‍ തമാശയായി പറഞ്ഞു. മറുപടി ഞാന്‍ സീരിയസ് ആയിത്തന്നെ പറഞ്ഞു. "വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
രാത്രി സഫിയാത്തയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. മേപ്പാടി ടൗണില്‍ വന്ന് പൊറോട്ടയും ബീഫും വാങ്ങിച്ചു. തിരിച്ചെത്തിയപ്പോള്‍ മച്ചാന്റെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നിട്ടുണ്ട്. രണ്ട് കുസൃതികള്‍. ഇന്നിവിടെ തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ആ ഒരു സന്തോഷം വിട്ടുകളയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ക്കും സന്തോഷം.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നല്ല തണുപ്പ് ഉണ്ടെങ്കിലും പുറത്ത് കിടക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. ഇവിടാരും പുറത്ത് കിടക്കാറില്ല. വല്ല കാട്ടാനയോ പുലിയോ ഒക്കെ ഇറങ്ങിയെന്നു വരും. ദേ വീണ്ടും പുലി ഭീഷണി. കൂട്ടിന്‌ കാട്ടാനയും ഉണ്ട് ഇത്തവണ. റൂമിനകത്ത് കയറി വാതിലും പൂട്ടി.
"ഇക്കാ ഈ ചുമരിനൊന്നും അത്ര ഉറപ്പില്ലെന്നാ തോന്നണെ.."
മിണ്ടാതിരിക്കെടീ. ഞാനും അതാ ആലോചിക്കണേ.
"ഇനി ആനയെങ്ങാനും വരുമോ?".
നീ ഉള്ളിടത് ആന പോയിട്ട് അണ്ണാന്‍ പോലും വരില്ല. കിടന്നുറങ്ങ്‌.
പുറത്ത് എന്ത് ശബ്ദം കേട്ടാലും പേടി ടോപ്‌ ഗിയറില്‍ ആവും. പെട്ടൊന്ന് വാതിലില്‍ മുട്ട്. പേടിച്ചുപോയി. മച്ചാനാണ്. "കാലത്ത് എപ്പോള്‍ വിളിക്കണം?".
ഉറങ്ങിയിട്ട് വേണ്ടേ ഉണരാന്‍. എട്ട്‌ മണിക്ക് വിളിക്ക്. മച്ചാന്‍ പോയി. എപ്പോഴോ ഉറങ്ങി.

(ഒരു പോസ്റ്റില്‍ കൂടി സഹിക്കേണ്ടി വരും)
images from ഇരുവഴിഞ്ഞി. കോം

48 comments:

  1. ഒരു വയനാടന്‍ യാത്രയിലെ അനുഭവങ്ങളിലേക്ക്‌.
    ചിത്രങ്ങള്‍ കുറവാണ്. കൂടുതലും ഫാമിലി ഫോട്ടോസ് ആയതിനാല്‍ ക്ഷമിക്കുക.
    ഉള്ള ചിത്രം തന്നെ സുഹൃത്ത്‌ നിഥിന്‍ തന്നത്.

    ReplyDelete
  2. വയനാടിന്‍റെ താഴ്വരയില്‍ അടിവാരം എന്ന സ്തലത്തുകാരനാണ് ഞാന്‍, വയനാട് സ്വന്തം നാടായിട്ടാവും ഇത്ര രസം തോന്നിയില്ല. പക്ഷേ താങ്കളുടെ എഴുതൂ വായിച്ചപ്പോള്‍ എന്തോ വല്ലാത്ത ഒരു സുഖം തോന്നി. കൂടെ ഇടക്കിടെ നര്‍മം കൂടെ ചേര്‍ത്തപ്പോള്‍ അതി രസകരം.
    നാടും നാട്ടാരും, പ്രകൃതിയും ഒരിക്കലൂടെ മനസിലെത്തിയപ്പോള്‍ എന്തോ നാട്ടില്‍ പോകാന്‍ വല്ലാത്ത കൊതി തോന്നുന്നു ഇപ്പോള്‍.
    നന്നായി അതും നേരില്‍ കാണുന്നതിനെക്കാള്‍ മനോഹരമായി പറഞ്ഞു.
    അഭിനന്ദനങ്ങള്‍ ഞങ്ങളുടെ നാടിനെ ഇത്ര മനോഹരമായി പുറംലോകത്തെത്തിച്ചതിന്.

    ReplyDelete
  3. അന്ന് ആ പുലിക്കു നിങ്ങളെ വെറുതെ വിടാന്‍ തോന്നിയത് നന്നായി അല്ലേല്‍ ഇങ്ങിനെ ഒരു പേര് ആ പുലിക്കു കിട്ടില്ലായിരുന്നു നന്നായിട്ടുണ്ട് കേട്ടോ -ഒരു മാനിന്റെ എങ്കിലും ഫോട്ടോ വെക്കാമായിരുന്നു

    ReplyDelete
  4. ദേ... പുലിവരുന്നു!
    വയനാടന്‍ പ്രകൃതിഭംഗിയിലൂടെയുള്ള യാത്ര ഹൃദ്യമായിരുന്നു. ബാക്കി ഭാഗം കൂടി പോരട്ടെ. ആശംസകള്‍!

    ReplyDelete
  5. യാത്രാവിവരണം..........രസകരമയിട്ടുണ്ട്..പ്രക്രിതി ഭംഗി ആസ്വദിക്കുന്ന്തിന്റെ കൂടെ...ചിത്രങൾ...കൂടി ഉൾപെടുത്തിയെങ്കിൽ...കൂടുതൽ ഭംഗിയവുമയിരുന്നു.എന്തയാലും മനോഹരം....

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ചെറുവാടീ... വയനാടന്‍ ചരിതം കലക്കി...
    ബാക്കി കൂടി പോരട്ടെ..
    ആ അഡ്രസ്സ് കൂടി തരാമോ...? നാട്ടില്‍ പോകുമ്പോള്‍ അവിടെയൊക്കെ പോകാന്‍ വേണ്ടിയാണ്...

    ReplyDelete
  8. വിവരണം നന്നായിട്ടുണ്ട് മാഷേ...

    ReplyDelete
  9. നല്ല കുളിര്‍മ്മ തോന്നി അനുഭവം വായിച്ചപ്പോള്‍...നന്നായി എഴുതി...

    ReplyDelete
  10. പോകണമെന്നു് ആശിച്ചിട്ടുള്ള ഒരു സ്ഥലമാണ് വയനാട്. പക്ഷേ ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല.

    ReplyDelete
  11. യാത്ര പോകുമ്പോള്‍ വിളിക്കുക ...വരാനാകില്ലെങ്കിലും ..........

    ReplyDelete
  12. എന്നാൽ ഇനി അടുത്തത് കൂടി കാണട്ടെ

    ReplyDelete
  13. അടുത്ത വക്കെഷനില്‍ ഏതെന്കിലും മച്ചാനെ തേടി പിടിച്ചിട്ടു തന്നെ കാര്യം. അടുത്ത പോസ്റ്റ്‌ കൂടി വരട്ടെ. എന്നിട്ട് ശരിക്കും തീരുമാനിക്കാം

    ReplyDelete
  14. ചിത്രങ്ങളില്ലെന്കിലും വിവരണം കൊണ്ട നന്നാക്കി.
    അടുത്ത ഭാഗം കൂടി ഉടനെ പോന്നോട്ടെ.

    ReplyDelete
  15. നല്ല അനുഭവം .നന്നായി എഴുതി..

    ReplyDelete
  16. സുല്‍ഫി,
    ഒരു വയനാട്ടുക്കാരന്‍ ഇത് പറയുമ്പോള്‍ തീര്‍ച്ചയായും സന്തോഷമുണ്ട്.
    വായനക്കും അഭിപ്രായത്തിനും നന്ദി.
    അജ്മല്‍,
    എന്റെ പൊക കാണണമായിരുന്നു അല്ലേടാ ദ്രോഹീ.
    അലി,
    ഇപ്പോള്‍ പുലിപ്പേടിക്ക് അവധിയാണ്. നന്ദി
    അഷ്‌റഫ്‌ ,
    വായനക്ക് നന്ദി
    റിയാസ്,
    തരാലോ, ഞാനും കൂടെ പോരാം.
    ശ്രീ,
    നന്ദി.സന്തോഷം.
    ജാസ്മിക്കുട്ടി ,
    നന്ദി. ഇതുവഴി വന്നതിന്‌.

    ReplyDelete
  17. എഴുത്തുകാരി,
    വയനാട് പോവാന്‍ ഇനി വൈകരുത്.
    ആയിരത്തിയൊന്നാംരാവ്,
    വിളിക്കാം, പക്ഷെ എന്താ വരാതിരിക്കാന്‍?
    യൂസഫ്പ.
    നന്ദി. സന്തോഷം.
    ഹൈന,
    ഉടനെ തന്നെ തട്ടാം.
    ശുക്കൂര്‍,
    ഇനി മച്ചാന്‍ വേണ്ട. ഞാന്‍ തന്നെ പോരെ.
    റാംജീ,
    ചിത്രങ്ങള്‍ ഇല്ലാത്തത് കുറവ് തന്നെ. നന്ദി ഇഷ്ടപ്പെട്ടതില്‍.
    കൃഷ്ണകുമാര്‍,
    നന്ദിയും സന്തോഷവും അറിയിക്കുന്നു.

    ReplyDelete
  18. ഞാൻ വന്നപ്പോഴേയ്ക്കും മച്ചാന്റെ വീട്ടിൽ, നിങ്ങൾ വളരെ ആൾക്കാരായല്ലൊ. ചിത്രത്തിലുള്ള വീട് വാടകയ്ക്ക് കൊടുക്കുന്നതാണോ? നല്ല വിവരണം, ഒന്നു കറങ്ങാമെന്നു വച്ചാൽ നേരിൽക്കാണാത്ത ‘പുലി’. നല്ല ശൈലി, ആശംസകൾ......

    ReplyDelete
  19. യാത്രാവിവരണം രസകരമയിട്ടുണ്ട്.
    നന്നായി എഴുതി...

    ReplyDelete
  20. നല്ല യാത്രാ വിവരണം. ഇനിയും എഴുതു.

    ReplyDelete
  21. രസകരമായ അവതരണം

    ReplyDelete
  22. വയനാടന്‍ കുളിര്‍ക്കാറ്റു കൊടും ചൂട് കൊണ്ട് നിറഞ്ഞ പ്രവാസ ജീവിടതിന്നു കുളിര്‍മയും പുതുജീവനും നല്‍കി.
    മന്സുവിന്നു നന്ദി

    ReplyDelete
  23. വയനാടന്‍ അനുഭവം വളരെ ഇഷ്ടപ്പെട്ടു-തുടരൂ.കാട്ടിലൂടെ നാരങ്ങായും,പേരക്കായും ഒക്കെ പറിച്ച് ഞാനും നടന്നു.പുലിയേയോ,ആനയേയോ കണ്ടാല്‍ സഫലമായി.

    ReplyDelete
  24. വയനാട്ടിലൂടെ രണ്ടുമൂന്നു പ്രാവിശ്യം മൈസൂര്‍ പോയിട്ടുടെങ്കിലും അവിടെ ഒന്ന് ചുറ്റി തിരിയാന്‍ കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും അടുത്ത വെക്കെഷനില്‍ അതുണ്ടാകും.

    ReplyDelete
  25. ചെറുവാടിയുടെ വയനാടന്‍ യാത്രാ വിവരണം ഞാന്‍ കണ്ട വയനാടിനെക്കാള്‍ മനോഹരമാക്കി. അടുത്ത ഭാഗം പോരട്ടെ. സഹിക്കാന്‍ തയാര്‍. ഈ അവതരണത്തിനുമുണ്ട് ഒരു വയനാടന്‍ കുളിര്.

    ReplyDelete
  26. വി.എ ,
    സന്ദര്‍ശനത്തിന് നന്ദി. വീട് വാടകക്കുള്ളതല്ല. പോസ്റ്റില്‍ പറഞ്ഞ മച്ചാന്റെ വീട് ഇതുപോലെ തന്നെ.
    ആ കാട്ടരുവിയും കാണാം.
    ടോംസ് കോനുമഠം,
    എച്മുകുട്ടി,
    രഞ്ജിത്ത്,
    വായനക്കും പ്രോത്സാഹനത്തിനും നന്ദി.
    അല്‍താഫ്,
    നന്ദി, സന്തോഷം. ഇതുവഴി വന്നതിനും അഭിപ്രായത്തിനും
    ജ്യോ,
    നന്ദി. പുലിയെ കാണുന്നത് അത്ര സുഖമുള്ള കാര്യമല്ല .
    ജിഷാദ്,
    എങ്കില്‍ വേഗം വിട്ടോളൂ. തകര്‍പ്പന്‍ കാഴ്ച ആണ്.
    പാവം ഞാന്‍,
    നന്ദി വായനക്ക്. ഉടനെ വരാം.
    അക്ബര്‍,
    സഹിച്ചതിലും കൂടുതല്‍ അനുഭവിക്കാന്‍ തയ്യാറായതിനും നന്ദി

    ReplyDelete
  27. പുലി വരോ? കാത്തിരിക്കാം അല്ലേ?...

    ReplyDelete
  28. എഴുത്തു നന്നായിട്ടുണ്ട്.
    എഴുത്തുകാരി പറഞ്ഞതു പോലെ പോകണമെന്നാഗ്രഹിച്ചിട്ടും ഇതു വരെ പോകാന്‍ സാധിച്ചിട്ടില്ലാത്ത ഒരു സ്ഥലമാണ് വയനാട്. പോസ്റ്റുകളിലൂടെ വയനാടിനെ കൂടുതല്‍ അറിയാന്‍ കഴിയുന്നതില്‍ സന്തോഷം.എന്നെങ്കിലും പോകാനൊത്തെങ്കില്‍ എവിടെയെല്ലാം പോകണമെന്ന ഒരു മുന്‍ ധാരണയുണ്ടാക്കാന്‍ അതുപകരിക്കും.

    ReplyDelete
  29. വയനാടിന്റെ ആ കുളിർമ്മ മനസ്സിലേവാഹിച്ച ഈ എഴുത്തിനും, ചിത്രത്തിനും അഭിനന്ദനങ്ങൾ....
    ഇനിയും തുടരുക...

    ആശംസകൾ...

    ReplyDelete
  30. ചെറുവാടി... ഞാന്‍ ഒരു വയനാടുകാരന്‍ ആണ്. സുല്‍ത്താന്‍ ബത്തേരിയാണ് സ്വദേശം. വയനാടന്‍ കുളിര്‍കാറ്റു വായിച്ചപ്പോള്‍ സത്യത്തില്‍ ഒരു കുളിര്‍കാറ്റു തഴുകി കടന്നുപോയ ഒരു പ്രതീതി തോന്നി. കുറച്ചുകൂടി ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആ കുളിര്‍കാറ്റിനു മനോഹാരിത കൂടിയേനെ.. ഇതു വായിക്കുന്ന ഓരോരുത്തരും ഇനി അതുവഴി പോകുമ്പോള്‍ തീര്‍ച്ചയായും ഒന്ന് ചുറ്റി കറങ്ങാതെ പോകില്ല. എനിക്കുറപ്പുണ്ട്...
    അഭിനന്ദനങള്‍...

    ReplyDelete
  31. വലിയ ദുഷ്ടതയാണല്ലോ ഈ ചെയ്തത്! ഇത്രയ്ക്കങ്ങൂ കൊതിപ്പിക്കാമോ?
    മനോഹരമായി എഴുതിയിരിക്കുന്നു.
    "വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
    ഇതുകണ്ടു വളരെ സന്തോഷം തോന്നി..

    ReplyDelete
  32. ചെറുവാടി, ആദ്യസ്വാഗതത്തിന് നന്ദി.

    പഴയ മലയാളം ഗാനമോര്‍മ്മവന്നു..
    വൃശ്ചികപ്പൂനിലാവേ എന്ന് തുടങ്ങുന്ന ഗാനം, അതിലെ വയനാടന്‍ വാകപ്പൂ പൂത്ത പോലെ,

    വിവരണം അസ്സലായി.

    ReplyDelete
  33. ഒരു വയനാടൻ യാത്രയ്ക്കുള്ള കൊതിയുണർത്തിയല്ലോ ചെറുവാടീ... പക്ഷെ എന്തു ചെയ്യാം... അവിടെയെനിക്കൊരു മച്ചാന്റെ കുറവുണ്ട്... അതിനാൽ ചെറുവാടിയോട് അസൂയയുമുണ്ട്.

    ReplyDelete
  34. അബുല്ലൈസ്,
    പുലിയില്ല,പേടി മാത്രമേ ഉള്ളൂ.
    മോഹന്‍ജീ,
    നന്ദി, അനുഭവിക്കേണ്ട സൗന്ദര്യം തന്നെയാണ് വയനാടിന്.
    വീകെ ,
    നന്ദി, വനയനക്ക്, ഇഷ്ട്ടപ്പെട്ടതിന്.
    സോണി ജോര്‍ജ്ജ് ,
    നിങ്ങള്‍ വയനാട്ടുക്കാരുടെ അഭിപ്രായം തീര്‍ച്ചയായും സന്തോഷകരം തന്നെ. നന്ദി.
    മുകില്‍,
    ഒന്ന് പോയി വരൂ, പിന്നെ എന്നെ ദുഷ്ടന്‍ എന്ന് വിളിക്കില്ല.
    നിശാസുരഭി,
    അവിടെ പോയാല്‍ പുതിയ പാട്ട് വരും. നന്ദി.
    പള്ളിക്കരയില്‍,
    നന്ദി, സന്തോഷം. വായനക്കും സന്തോഷം നല്‍കിയൊരു അഭിപ്രായത്തിനും.

    ReplyDelete
  35. പഹയ എന്റെ നാടിനെ എടുത്തു വീശാന്‍ തുടങ്ങി അല്ലെ

    ReplyDelete
  36. വയനാടന്‍ കുളിരും കാഴ്ചകളും .പോയിട്ടുണ്ട് .കാണാനും അനുഭവിക്കാനും ഇനിയുമെത്രയോ ബാക്കി .

    ReplyDelete
  37. വയനാട് കാണാന്‍ ആശയും വെച്ചിരിക്കുന്ന എനിക്ക് ഈ യാത്രാ വിവരണം ഹൃദ്യമായി..

    ReplyDelete
  38. വയനാട്ടിലേക്കൊരു യാത്ര! കൊതിയാകുന്നു. നല്ല യാത്രവിവരണമായിരുന്നു. ലളിതമായ ഭാഷയില്‍ ഹൃദ്യമായിരുന്നു വിവരണം.

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ഒഴാക്കാന്‍,
    ജീവി കരിവള്ളൂര്‍,
    മേയ് ഫ്ലവര്‍,
    വായാടി,
    ഒരുപാട് നന്ദി, വായനക്ക്, അഭിപ്രായത്തിന്. ഇഷ്ടപ്പെട്ടതിന്.

    ReplyDelete
  41. വയനാടൻ യാത്രാവിവരണം നന്നായി. ഫോട്ടോസിനു ആദ്യമേ എസ്ക്യൂസ് എടുത്തു അല്ലേ? ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു..

    ReplyDelete
  42. രണ്ടാമത്തെ പോസ്റ്റ് വായിച്ചു കഴിഞ്ഞതിനു ശേഷമാണ് ആദ്യ ഭാഗം വായിച്ചത്.. ഈ പോസ്റ്റ് വളരെ നന്നായി...
    ആശംസകള്‍

    ReplyDelete
  43. ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്....അഭിനന്ദനങ്ങള്‍

    ReplyDelete
  44. പാവം ആനയും പുലിയും, വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  45. ഈ പോസ്റ്റ്‌ കാണാന് ഇത്തരി വൈകി ,,വയനാടന്‍ വിശേഷങ്ങള്‍ കൂടുതല്‍ അറിയാന്‍ അടുത്ത ലിങ്ക് നോക്കട്ടെ !!!

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....