Monday, June 20, 2011

ഈന്തപ്പനകളുടെ തണലില്‍..



ഇവിടെ ചൂടിന് അല്പം കുറവ് വന്നിട്ടുണ്ട് . രണ്ട് ദിവസമായി നിര്‍ത്താതെ വീശുന്ന പൊടിക്കാറ്റ് നിലച്ചിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷം. ജോലി കഴിഞ്ഞ് പുറത്തിങ്ങനെ കുറച്ച് സമയം സൊറ പറഞ്ഞു നില്‍ക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് നല്ല രസമാണ്. തൊട്ടപ്പുറത്ത് മിലിട്ടറി ചെക്ക്‌ പോസ്റ്റില്‍ വാഹനങ്ങളുടെ നീണ്ട നിര.

കുറെ നാളായി ബഹ്റൈനെ പറ്റി എന്തെങ്കിലും എഴുതണം എന്ന് കരുതുന്നു. ചിലരൊക്കെ ചോദിക്കുകയും ചെയ്തു. ശരിയാണത്. ഇവിടെത്തി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഈ നാടിനെ പറ്റി കാര്യമായി ഒന്നും പറഞ്ഞില്ല ഞാനായിട്ട്. അല്ലെങ്കിലും ഒന്ന് നീട്ടി നടന്നാല്‍ കണ്ട് തീര്‍ക്കാവുന്ന ഈ കൊച്ചു ദ്വീപിനെ പറ്റി എന്ത് പറയാനാണ് . സ്ഥലവും കാഴ്ചകളും പറഞ്ഞാല്‍ നിങ്ങള്‍ക്കും ഇഷ്ടാവില്ല. അതൊക്കെ എല്ലാവരും പറഞ്ഞതും എഴുതിയതും അല്ലേ.

പതുക്കെ സമാധാനത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ കൊച്ചു ദ്വീപ്‌ .എങ്കിലും പത്തു മിനുട്ടിനുള്ളില്‍ ഓടിയെത്താവുന്ന ഓഫീസിലേക്ക് ഇപ്പോഴും രണ്ട് ചെക്ക് പോസ്റ്റ്‌ കഴിയണം. അതൊരു പുതിയ അനുഭവം ആണ്. എന്നും ഈ വഴി പോകുന്നത് കൊണ്ടാവാം. "വേറെ ജോലിയൊന്നും ഇല്ലേടെയ്" എന്ന ചോദ്യം അവരുടെ മുഖത്തും ഉണ്ട്. ഇതും ഇപ്പോള്‍ ഒരു പതിവ് കാഴ്ച ആയി. അല്ലേലും അങ്ങിനെ തന്നെയല്ലേ പ്രവാസം. യാന്ത്രികമായി നീങ്ങുന്ന ദിവസങ്ങള്‍. ഒരു മാറ്റവും ഇല്ലാതെ ഒരേ കാര്യങ്ങള്‍ , രീതികള്‍, കാഴ്ചകള്‍. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ വിത്യസ്തമായി എന്തെങ്കിലും കാണാന്‍ പറ്റുമോ എന്ന്.

തുടക്കം ഫ്ലാറ്റിന്‍റെ മുമ്പില്‍ നിന്ന് തന്നെയാകാം. ഒരു പാലപൂവിന്‍റെ മണം വരുന്നില്ലേ. തൊട്ടു മുന്നിലെ അറബി വീടിന്‍റെ മുമ്പില്‍ നിന്നാണ്. നിറയെ പൂക്കളുമായി രണ്ടെണ്ണം ഉണ്ട്. നാട്ടില്‍ നിന്നും മൈന്‍ഡ് ചെയ്യില്ലായിരുന്നു പാലപൂക്കളെ. യക്ഷികളുടെ അധിവാസമല്ലേ. നോവലില്‍ വായിച്ചു വായിച്ചു ഒരു പേടിപ്പെടുത്തുന്ന സിംബല്‍ ആയി മാറിയിരുന്നു പാലമരം. പക്ഷെ പകലും രാത്രിയും വേര്‍തിരിച്ചറിയാത്ത ഈ ഗള്‍ഫില്‍ എന്ത് യക്ഷി. പക്ഷെ ഈ പാലമരം എന്തേ ഞാനിതുവരെ കാണാതെ പോയി. ഉത്തരം കൂടുതല്‍ അന്യോഷിക്കേണ്ട. വീട് വിട്ടാല്‍ ഓഫീസും, ഓഫീസ് കഴിഞ്ഞാല്‍ വീടും എന്ന രീതിയില്‍ ഓടുന്ന നമുക്ക് ഇതൊക്കെ കാണണമെങ്കില്‍ ഇങ്ങിനെ ഒന്ന് മാറി നിന്ന് നോക്കണം. രാത്രിയില്‍ കാണാനാണ് ഇതിനു ഭംഗി കൂടുതല്‍. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ വെള്ള പൂക്കള്‍ക്ക് നല്ല ഭംഗിയുണ്ട്. ഒപ്പം ഈ മണം എന്നെയും കൊണ്ട് കടല്‍ കടന്ന് നാട്ടിലും എത്തിച്ചു.

തൊട്ടപ്പുറത്തെ കാഴ്ച കൂടുതല്‍ സന്തോഷം നല്‍കുന്നു. നല്ല പച്ചപ്പില്‍ വിശാലമായി ചില്ലകള്‍ വിരിച്ച്‌ ഒരു മുരിങ്ങ മരം. അതും പൂവിട്ടിട്ടുണ്ട്. മടുപ്പിക്കുന്ന മണം ആണെങ്കിലും അത് കാണാന്‍ ഭംഗിയാണ്. ചിലപ്പോള്‍ ഈ മണ്ണില്‍ ഇത് കാണുന്നത് കൊണ്ടാവും. പിന്നെ നാടിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാഴ്ചയും ആണല്ലോ അത്. ഇതെന്താണ് സംഭവം എന്നറിയുമോ ഈ അറബികള്‍ക്ക്. അറിയാന്‍ വഴിയില്ല . ചോദിക്കാനും വയ്യ.

ഞാനൊന്ന് നടക്കാന്‍ ഇറങ്ങി. സുഡാനി ഇക്കയുടെ ഗ്രോസറിയില്‍ നിന്നും ദേശീയ ഭക്ഷണമായ കുബൂസ് വാങ്ങണം. പക്ഷെ അവിടെത്തുന്നതിന് മുമ്പ് പുതിയൊരു കാഴ്ച കൂടി വന്നിട്ടുണ്ട്. ഒരു അറബി വില്ലയുടെ മുറ്റത്ത്‌ ഒരു ഉഗ്രന്‍ വാഴ കുലച്ചു നില്‍ക്കുന്നു. ആര് നട്ടതാവും അത്. ഒരു മലബാറി കൈ അതിന്റെ പിന്നില്‍ ഉണ്ടാവും എന്ന് എനിക്ക് തോന്നി. രണ്ട് പ്രാവിശ്യം ഞാന്‍ അതിന്‍റെ ഫോട്ടോ ഒന്ന് പകര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ആ ഇന്തോനേഷ്യന്‍ ഹൗസ് മെയിഡ് മുറ്റത്ത്‌ തന്നെ കാണും. നമ്മടെ കഷ്ടകാലത്തിന് ഇനി ഫോട്ടോ എടുക്കുന്നത് അവളുടെതാണ് എന്ന് കരുതിയാല്‍ മാനം തിരിച്ച് വിമാനം കയറേണ്ടി വരും. തല്ക്കാലം ഫോട്ടോ വേണ്ട , മാനം മതി. ക്ഷമിക്കുമല്ലോ.

സുഡാന്‍ ഇക്ക നല്ല ചൂടിലാണ്. ഏതോ അറബി ചെക്കന്‍ ടെലഫോണ്‍ കാര്‍ഡ് മേടിച്ചു കാശ് കൊടുക്കാതെ ഓടിയ ചൂടിലാണ് . "കൈഫല്‍ ഹാല്‍" എന്ന് ചോദിച്ച എന്നെ തല്ലിയില്ല എന്നെ ഉള്ളൂ. അല്ലേലും സ്ഥിരമായി ഒരു പെപ്സി മേടിക്കുന്ന ഈ റോയല്‍ കസ്റ്റമറെ തല്ലാന്‍ വഴിയില്ല. പക്ഷെ ആള് നല്ല രസികന്‍ ആണ്. നല്ല തമാശ പറയും. അറബിയില്‍ പറയുന്ന തമാശകള്‍ കേട്ട് ഞാന്‍ കൂടുതല്‍ ആവേശത്തില്‍ ചിരിക്കും. കാരണം അതെനിക്ക് മനസ്സിലാവില്ല. എപ്പോഴാണാവോ പണി പാളുക. ഇനി സൂക്ഷിക്കണം.

അതിനിടക്ക് ഒരു വെള്ളിയാഴ്ചയും എത്തി. മക്കള്‍ക്കും കേട്ട്യോള്‍ക്കും സന്തോഷം. ഇന്ന് ബിരിയാണി ഉണ്ടാവും ഉച്ചക്ക്. പക്ഷെ അത് ഉണ്ടാക്കണമെങ്കില്‍ ആദ്യം ഹഫിയുമായി കരാറില്‍ ഒപ്പിടണം. ഇന്ന് നെറ്റില്‍ കയറില്ല എന്ന്. ശരി മാഡം. ആദ്യം ബിരിയാണി പോരട്ടെ. കരാര് ഇന്ത്യ- പാക് കരാര് പോലെ ആവിശ്യം വന്നാല്‍ ഉണ്ടാക്കുകയും അത്യാവിശ്യം വന്നാല്‍ ലംഘിക്കാനും ആണ്.

ഈ വൈകുന്നേരം ഒന്ന് പുറത്തേക്കിറങ്ങട്ടെ . പാര്‍ക്ക് അടുത്തുതന്നെ ‍. ഇതൊക്കെയല്ലേ ഇവിടത്തെ സന്തോഷം. പക്ഷെ കൃത്രിമമായ ഇവിടത്തെ ഒരുക്കങ്ങളില്‍ ഓടികളിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഒരു സങ്കടം അറിയാതെ വന്നുപോകുന്നു. അവര്‍ക്ക് നഷ്ടമാകുന്ന നാട്ടിലെ ശുദ്ധമായ കളിയരങ്ങുകളെ പറ്റി. നല്ല നാടന്‍ മണ്ണില്‍ ഓടിയും മണ്ണപ്പം ചുട്ടും കളിക്കാന്‍ കഴിയാതെ പോകുന്ന ബാല്യത്തെ പറ്റി , കണ്ണി മാങ്ങ പറിച്ച് ഉപ്പും മുളകും കൂട്ടി തിന്നുകയും അതില്‍ ഒരു കഷ്ണം കിട്ടാതെ വരുമ്പോള്‍ കരഞ്ഞു കൊണ്ട് ഓടി വന്ന് ഉമ്മയോട് പരാതി പറയാന്‍ കഴിയാത്തത്, അതിനൊക്കെ പുറമേ വല്യുപ്പ കൊണ്ട് വരുന്ന വാത്സല്യത്തില്‍ പൊതിഞ്ഞ മിഠായി പൊതികള്‍ , കൂടാതെ വല്യുമ്മ പറഞ്ഞു കൊടുക്കുന്ന മുത്തശ്ശി കഥകളും. കുഞ്ഞുങ്ങളെ .. ഞങ്ങള്‍ക്ക് മാപ്പ് തരിക. ചിലതൊക്കെ നഷ്ടപ്പെടുത്തിയെ ചിലത് നേടാനാവൂ. അങ്ങിനെ സമാധാനിക്കാം. ല്ലേ..?

ഈന്തപനകള്‍ കുലച്ചു തുടങ്ങിയിട്ടേ ഉള്ളൂ. ഇവിടത്തെ മാമ്പഴ കാലമാണ് ഇത് പഴുക്കുന്ന സമയം. റോഡരികില്‍ തണലും പിന്നെ സമൃദ്ധമായ വിളവുമായി അവ കുലച്ചു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. ഇത് പാകമാവുമ്പോഴേക്കും നാട്ടില്‍ ഒരവധിക്കാലം കഴിഞ്ഞു തിരിച്ചെത്താം. ഇതുപോലെ വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവിലും കാണുമോ കുലച്ചു നില്‍ക്കുന്ന മാങ്ങകള്‍. ഞങ്ങള്‍ക്ക് കണിയൊരുക്കാന്‍ ..?

(ഫോട്ടോ ഗൂഗിള്‍ )

79 comments:

  1. ഇവിടെ ഈത്തപഴങ്ങള്‍ പഴുക്കാന്‍ ഒരുങ്ങുന്നു.
    അവിടെ മൂവാണ്ടന്‍ മാവിന്റെ ചില്ലയില്‍ ഒരു മാമ്പഴമെങ്കിലും ബാക്കി കാണുമോ..?

    ReplyDelete
  2. പ്രവാസിയുടെ ഗൃഹാതുരത്വങ്ങള്‍......

    ReplyDelete
  3. ഇനിയും അറബി പഠിച്ചിട്ടില്ല അല്ലെ .......

    ReplyDelete
  4. അപ്പൊ ചെറുവാടി ക്ക് കരയിപ്പിക്കാന്‍ മാത്രം അല്ല ചിരിപ്പിക്കാനും അറിയാം അല്ലെ?എന്തായാലും സംഗതി കൊള്ളാം ..ആശംസകള്‍
    പ്രാര്‍ത്ഥനയോടെ സൊണെറ്റ്

    ReplyDelete
  5. ഇംഗ്ലിഷുകാര്‍ കേരളത്തില്‍ വന്നാല്‍ എങ്ങനെഎങ്കിലും മലയാളം പഠിക്കാന്‍ ശ്രമിക്കും. നമ്മള്‍ അറബിനാട്ടില്‍ പോയാല്‍ അറബികളെ നമ്മള്‍ മലയാളം പഠിപ്പിക്കാന്‍ ശ്രമിക്കും.അല്ലാതെ അറബിഭാഷ നമ്മള്‍ പഠിക്കാന്‍ ശ്രമിക്കില്ല.
    ആ സുടാനിയെ കുറ്റം പറയാന്‍ കഴിയില്ല.'കൈഫല്‍ ഹാല്‍'എന്നതിന് പകരം 'കൈഫ ഹലാക്ക്' എന്ന് താന്കള്‍ പറഞ്ഞു കാണും!
    ഏതു മരുഭൂവില്‍ കൊണ്ട് നിര്‍ത്തിയാലും ഒരു എഴുത്തുകാരനു എഴുതാന്‍ നിര്‍ലോഭം 'മരുന്ന്' കിട്ടും എന്ന് മനസ്സിലായില്ലേ...
    ആശംസകള്‍.

    ReplyDelete
  6. "ചിലതൊക്കെ നഷ്ടപ്പെടുത്തിയെ ചിലത് നേടാനാവൂ. അങ്ങിനെ സമാധാനിക്കാം. ല്ലേ..?"
    അത് തന്നെ..
    പക്ഷെ പ്രവാസിയുടെ നേട്ടങ്ങള്‍ പലപ്പോഴും വെറും സോപ്പുകുമിളകള്‍ ആയിപ്പോവുന്നു എന്നുമാത്രം..

    ReplyDelete
  7. വായിച്ചു. ഇഷ്ടായി.

    അപ്പൊ ഇടക്കിടെ മരങ്ങളുടെ പോട്ടം പിടിക്കുന്നതിന്റെ കൂടെ ഇന്തോനേഷ്യക്കാരീടെ പോട്ടവും പിടിച്ചോ?

    ഡോണ്ടൂ ഡോണ്ടൂ ...

    ReplyDelete
  8. ശരിയാ ചെറുവാടീ ചിലതൊക്കെ നഷ്ട്ട പെടുത്തുമ്പോള്‍ ആണ് ചിലത് നേടാന്‍ കയിയുക

    ReplyDelete
  9. ഞാനും ഒരുങ്ങുകയാണ് ചെറുവാടീ ഒരു അവധിക്കാലത്തിന്. ഈന്തപ്പഴം പഴുക്കുംബോഴേക്കും തിരിച്ചെത്താനാകില്ല, അതില്‍ പരിഭവവുമില്ല. രണ്ട് വര്‍ഷം ചൂട് കാറ്റില്‍ ഈന്തപ്പഴം പഴുക്കുന്നത് കണ്ടിരുന്നു. ഇപ്രാവശ്യം മഴ കാണട്ടെ.

    നാട്ടിലെ നമ്പര്‍ തരണം. കൊച്ചി മീറ്റിന് മിക്കവാറും ഞാന്‍ ഉണ്ടാകും. പറ്റുമെങ്കില്‍ ഒരുമിച്ച് പോകാല്ലേ?

    ReplyDelete
  10. എഴുത്ത് ഇഷ്ടമായി.
    തുടര്‍ന്നും എഴുതുക.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  11. എങ്ങിനെ എഴുതിയാലും എവിടെ തുടങ്ങിയാലും അവസാനം നാട്ടിലെത്തും..... :)

    നന്നായിട്ടുണ്ട് ട്ടാ....

    ReplyDelete
  12. യക്ഷികഥകളില്‍ മാത്രം കേട്ടിട്ടുള്ള ഈ പാലപൂവിന്റെ മണം അതാദ്യമായി അറിയുന്നത് തന്നെ ഗള്‍ഫില്‍ എത്തിയപ്പോഴാണ്..
    ചെറുവാടി സുഡാനിയുടെ കടയില്‍ 'പെപ്സി' വാങ്ങി 'പറ്റ്' ഉണ്ടാക്കി കാണും അതാ അയാള്‍ക്ക്‌ ദേഷ്യം വന്നത്.:). ഇവിടത്തെ മാമ്പഴ ക്കാലം മുഴുവന്‍ ആസ്വദിച്ചു നാട്ടില്‍ പോയാല്‍ മതി ട്ടോ..അവിടെ എത്തുമ്പോഴേക്കും കണ്ണിമാങ്ങ സീസന്‍ ഒക്കെ കഴിയും...
    ബഹറിന്‍ വിശേഷങ്ങള്‍ ഇപ്പോഴെങ്കിലും പങ്കുവെയ്ക്കാന്‍ തോന്നിയല്ലോ..നന്ദി

    ReplyDelete
  13. ഈന്തപ്പനയുടെ തണലിലൂടെ പാലപ്പൂവിന്റെ മണമൊഴുകിവരുന്നു...

    ReplyDelete
  14. ഈന്തപനയുടെ തണലിൽ ബിരിയാണീയും പെപ്സിയുമായി...

    ReplyDelete
  15. ചെറുവാടി പോസ്റ്റ്‌ നന്നായി .............

    പിന്നെ മാങ്ങ തീരാറായി .................... വേഗം വന്നോളൂ

    ReplyDelete
  16. അവിടുത്തെപ്പോലെ ഇവിടെയും ഈത്തപ്പഴം പഴുത്തു തുടങ്ങി..

    ReplyDelete
  17. ഇലഞ്ഞിപ്പൂവില്‍ നിന്നും നേരെ ഈന്തപ്പനയിലോട്ട് !! വളരെ ഹൃദ്യമായി അവതരിപ്പിച്ചു ..പാലമരവും, വാഴയും, മുരിങ്ങയും ഒക്കെ കാണാന്‍ പറ്റുന്നുണ്ടല്ലോ നിങ്ങള്‍ക്ക്!! ഭാഗ്യവാന്മാര്‍ !! ഇവിടെ എല്ലാം കോണ്‍ഗ്രീറ്റ് മയം ആണ് മാഷെ.."നമ്മടെ കഷ്ടകാലത്തിന് ഇനി ഫോട്ടോ എടുക്കുന്നത് അവളുടെതാണ് എന്ന് കരുതിയാല്‍ മാനം തിരിച്ച് വിമാനം കയറേണ്ടി വരും" അത്ര പെട്ടെന്ന് വിമാനം കയറാന്‍ പറ്റുമോ ? കോടതിയും ജയിലും ഒന്നുമില്ലേ അവിടെ? ചിലതൊക്കെ നഷ്ടപ്പെടുത്തിയെ ചിലത് നേടാനാവൂ. അങ്ങിനെ സമാധാനിക്കാം. ല്ലേ.. ഹും ..അല്ലാതെന്തു ചെയ്യാന്‍...

    ReplyDelete
  18. റഫിഖ്,ഒരു നൊമ്പരത്തിനെ്റ ധ്വനി
    ഉണ്ടല്ലോ!ഇന്ഷാ്ള്ള എല്ലാം ശര്യാവും.അല്പം സഹിക്കുക.നന്മകളു്നേരുന്നു.

    c.v.Thankappan

    ReplyDelete
  19. സത്യം പറ ചെറുവാടി മാഷെ.. ആ ഇന്തോനേഷ്യക്കാരീടെ പടം പിടിക്കാൻ നേരം ഈന്തപ്പനയല്ലായിരുന്നോ തടസ്സം...?!!!

    ഇവിടെ മുരിങ്ങമരം ചിലയിടത്ത് കാണാം...
    ആശംസകൾ...

    ReplyDelete
  20. അതെ,ചിലത് നേടുമ്പോള്‍ ചിലത് നഷ്ടപ്പെടുന്നു. നേട്ടങ്ങളും നഷ്ടങ്ങളും കൂടെ ചേരുമ്പോള്‍ ഒരു ജീവിതമായി.ഏതു വിലപ്പെട്ടത്,ഏതു വിലകുറഞ്ഞതെന്നു വേവലാതിപ്പെടാതെ നേട്ടങ്ങളെ സ്നേഹിക്കൂ...അപ്പോള്‍ നഷ്ടങ്ങളെക്കുറിച്ചു നമുക്ക് സങ്കടപ്പെടാതെ ജീവിക്കാം.ജീവിതം മനോഹരമാക്കാം

    ReplyDelete
  21. >>> ചിലതൊക്കെ നഷ്ടപ്പെടുത്തിയെ ചിലത് നേടാനാവൂ <<<<

    പ്രവാസം നേട്ടങ്ങളുടെത് മാത്രമല്ല. അത് നഷ്ടപ്പെടലുകളുടെത് കൂടിയാണ് ചെറുവാടി. നേടിയതിനെക്കാള്‍ നഷ്ടപ്പെട്ടവയായിരുന്നു എന്ന തിരിച്ചറിവില്‍ കാല്ക്കീഴിലൂടെ ഒഴുകിപ്പോയ ഗതകാലത്തെയോര്‍ത്തു നിസ്സംഗതയോടെ നെടുവീര്‍പ്പിടുമ്പോഴും മരുഭൂമിയിലെ ഒട്ടകങ്ങളെപ്പോലെ മരുപ്പച്ച തേടി പിന്നെയും അലയുന്നു പ്രവാസികള്‍ .

    നാട്ടില്‍ മഞ്ഞും മഴയും വസന്തവും ഗ്രീഷ്മവും മാമ്പഴക്കാലവും എല്ലാം കാല ചക്രത്തില്‍ മുറപോലെ വന്നും പോയുമിരിക്കുന്നു എന്ന തിരിച്ചറിവുകള്‍ പ്രവാസികളുടെ മനസ്സില്‍ നഷ്ട ബോധത്തിന്റെയും ഗൃഹാതുരതയുടെയും കാറ്റും കോളും സൃഷ്ടിക്കുമ്പോള്‍ ഇത്തരം ആശ്വാസിക്കലുകളില്‍ അഭയം തേടുക സ്വാഭാവികം.

    ഈന്തപ്പനയുടെ തണലില്‍ ഊറി വന്ന ഈ പോസ്റ്റിലെ മാമ്പഴക്കാല സ്വപ്നവും അത് തന്നെ. നന്നായി എഴുതി. ആശംസകള്‍.

    ReplyDelete
  22. പലതും നഷ്ട പ്പെടുത്തുംപോഴാണ് നാം ചിലത് നേടുന്നത്.
    നന്നായി എഴുതി , ആശംസകള്‍ ....
    by,ismail chemmad

    ReplyDelete
  23. ബഹറിന്റെ ഒരു കൊച്ച് കാഴ്ച്ച..!


    പിന്നെ

    ഇന്ന് നെറ്റില്‍ കയറില്ല എന്ന്...
    ശരി മാഡം...
    ആദ്യം ബിരിയാണി പോരട്ടെ...
    കരാര് ഇന്ത്യ- പാക് കരാര് പോലെ ആവിശ്യം വന്നാല്‍ ഉണ്ടാക്കുകയും അത്യാവിശ്യം വന്നാല്‍ ലംഘിക്കാനും ആണ്...!
    ഇത്തരം എത്രകരാറുകളൊക്കെ ലംഘിച്ച് റെക്കോർഡ് നേടിയിട്ടുള്ളവനാണ് ഈയ്യുള്ളവൻ കേട്ടൊ മൻസൂർ

    ReplyDelete
  24. ന്റെ ചെരുവാടീ, --നല്ല നാടന്‍ മണ്ണില്‍ ഓടിയും മണ്ണപ്പം ചുറ്റും കണ്ണി മാങ്ങ പറിച്ചു ഉപ്പും മുളകും കൂട്ടി തിന്നു........ " ഇതൊക്കെ ഇപ്പൊ നാട്ടില്‍ നടക്കാത്ത സംഭവങ്ങളാണ്. കുട്ടികള്‍ അവിടെയും ഇപ്പൊ ഏകദേശം വീട്ടില്‍ ടി.വി.ക്ക് മുന്നിലാണ്. പിന്നെ മൊബൈലിലെ ഗെയിം കളും മെസ്സേജ് കളുമാണ് അവരുടെ സമയം കവരുന്നത്

    ReplyDelete
  25. കൂട്ടുകാരാ...താങ്കളുടെ ഒട്ടുമിക്ക പോസ്റ്റുകളും വായിച്ചു.
    എല്ലാം ഒന്നിനൊന്നു മെച്ചം.
    എല്ലാം ഗൃഹാതുരത്വം നിറഞ്ഞവ....
    സെന്റര്‍ കോര്‍ട്ട് എന്ന പേരു മാറ്റി "ഗൃഹാതുരത്വം" എന്ന പേരാക്കി മാറ്റൂ...

    ഗൃഹാതുരത്വത്തിന്റെ രാജകുമാരന്‍

    ReplyDelete
  26. ചെറുവാടി.. എഴുതി എഴുതി ബഹറിനും ഒരു കേരളമാക്കുമോ :) .. പിന്നെ കുട്ടികളുടെ ബാല്യം അതിനെ താരതമ്യ ചെയ്തിട്ട് കാര്യമില്ല. അവരല്ലല്ലോ കുറ്റക്കാര്‍. നമുക്ക് ചെറുപ്പത്തില്‍ കിട്ടാത്തത് അവരുടെ ചെറുപ്പത്തില്‍ കിട്ടുന്നുണ്ടല്ലോ എന്ന് സമാധാനിക്കാം. വായിച്ചു കഴിഞ്ഞപ്പോള്‍ നഷ്ടങ്ങള്‍ക്ക് പകരം വെക്കാന്‍ ഒന്നുമില്ല എന്നൊരു തോന്നല്‍.. ആശംസകള്‍ ചെറുവാടി..

    ReplyDelete
  27. ബഹറൈന്‍ വിശേഷങ്ങള്‍ നന്നായി. അവിടത്തെ കുഴപ്പങ്ങളൊക്കെ തീരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ ഈ പെപ്സിയൊന്നും അത്ര നല്ലതല്ല കേട്ടോ.ഒരു കുപ്പി പെപ്സിയൊ കോളയോ കുടിച്ചാല്‍ അതിന്റെ കേട് തീരണമെങ്കി
    എത്ര ലിറ്റര്‍ വെള്ളം കുടിക്കണം നിങ്ങള്‍.
    പിന്നെ മണ്ണപ്പം ചുടാനും മണ്ണു മാന്താനുമൊന്നും കുട്ടികള്‍ക്ക് വയ്യ. മുറ്റത്തെ മാവിലെ മാങ്ങയോ പേരയോ പോലും പൊട്ടിച്ച് തിന്നാന്‍ അവര്‍ക്ക് വയ്യ. എന്താക്കാനാ..നമ്മുടെ കുട്ടികളൊക്കെ നമ്മേക്കാള്‍ വളര്‍ന്നു പോയി.
    നാട്ടില്‍ വരുന്നുണ്ടേല്‍ വേഗം പോന്നോളൂ.മാങ്ങകളൊക്കെ ഏകദേശം തീര്‍ന്നു.
    ആശംസകളോടേ..

    ReplyDelete
  28. പോസ്റ്റ്‌ വളരെ രസായി .. പക്ഷെ ദിവസവും ഈ പെപ്സി വാങ്ങിച്ചു കഴിക്കണോ അതും നാട്ടിലെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് . മിലിട്ടറി ചെക്ക്‌ പോസ്റ്റില്‍ ഫമിലിയോടെ യാത്ര ചെയ്യുന്നവരെ ചെക്ക്‌ ചെയ്യുകയൊന്നുമില്ല കേട്ടോ .. പാല മരവും വാഴയും മത്തനുമൊക്കെ ഞാനും കണ്ടിട്ടുണ്ട് ഇവിടെ ഒരു പാര്‍ക്കില്‍ മണ്ടയില്ലാത്ത ഒരു തെങ്ങും .. പക്ഷെ ചെരുവാടിയെ പോലുള്ളവര്‍ കണ്ടാല്‍ അതൊക്കെ ഒരു പോസ്റ്റാകും നമ്മളെ പോലുള്ളവര്‍ക്ക് വെറുതെ ഒരു കാഴ്ച മാത്രം .. പിന്നെ കുട്ടികളുടെ നഷ്ട്ടപ്പെട്ട കാലത്തിനു കാരണം മാതാപിതാക്കളും കൂടിയല്ലേ ..നാം ആഗ്രഹിക്കുന്നതെല്ലാം ഒരുമിച്ചു നമുക്ക് ലഭിച്ചാല്‍ ജീവിതത്തില്‍ എന്തര്‍ത്ഥം .(ആന പുറത്തു കേറി പോകുകയും വേണം ആരും കാണാതെ പോകുകയും വേണമെന്ന് ശഠിച്ചാല്‍ നടക്കുന്ന കാര്യമാണോ..) ആശംസകള്‍...

    ReplyDelete
  29. മണല്തിട്ടകളുടെയും ഈന്തപ്പനകളുടെയും ലോകത്ത് നിന്നും പച്ചപ്പിന്‍റെയും കായ്ഫലങ്ങളുടെയും ഭൂമിയിലേക്കുള്ള ഓര്‍മ്മയുടെ ചിറകിലൊരു സഞ്ചാരം...!! പതിവുപോലെ, ലളിതവും സുന്ദരവുമായ പദ വിന്യാസത്തിലൂടെ...!

    എന്നാല്‍, വായനയുടെ ഒടുക്കം മനസ്സാവര്‍ത്തിച്ചൊരു പാഠം. "നിങ്ങള്‍ക്കേറെ പ്രിയമുള്ള ഒന്നിനെ ത്യജിക്കാതിരിക്കെ അപരനൊരു നന്മ എത്തിക്കാനാവില്ല തന്നെ". വിശ്വ ഗുരു സ്വല്ലല്ലാഹു അലയ്ഹി വസല്ലം.

    ചെറുവാടിക്കഭിനന്ദനം.

    ReplyDelete
  30. രാത്രിയും പകലും വെളിച്ചം ഉണ്ടെന്നു കരുതി പാലയില്‍ യക്ഷി ഇല്ലാന്നൊന്നും കരുതേണ്ട കേട്ടോ ചെറു വാടീ ..സൂക്ഷിച്ചു നോക്കിയാല്‍ യക്ഷ്യും ഗന്ധര്‍വ്വനും ഒക്കെ അനങ്ങുന്നത് ചിലപ്പോ കാണാന്‍ പറ്റുമായിരിക്കും ..ഒരു ദിവസം പരീക്ഷണാര്‍ത്ഥം ഒന്ന് ഉറക്കം നിന്ന് നോക്കിയേ ,,

    ReplyDelete
  31. നാട്ടില്‍ തുടങ്ങി
    ബഹറിനില്‍ എത്തി
    നാട്ടില്‍ തന്നെ തട്ടി
    നിന്നു ..അതാണ്‌ നാട് ...

    ചെറുവാടി ഇഷ്ട്ടപ്പെട്ടു ..
    നാടിന്റെ മണമുള്ള ബഹറിന്‍ ...

    ReplyDelete
  32. ജീവിതത്തിരക്കില്‍ പെട്ട് പോകുമ്പോള്‍ കാഴ്ചകള്‍ കാണാനൊക്കെ എവിടെ നേരം !
    എല്ലാം യാന്ത്രികമായി നടക്കുന്നു !
    ദിനരാത്രങ്ങള്‍ മാറിമറിയുന്നത് പോലും കൃത്യ മായി കണക്കു വെക്കാന്‍ ആകുന്നില്ല .
    എന്നിട്ടും മനസ്സ് ഒന്ന് പാളി നോക്കുന്നു ,
    ഒരു മാമ്പഴ ക്കൊമ്പില്‍ ..
    ചിലപ്പോള്‍ പാലപ്പൂ മണക്കാന്‍ !
    നന്നായി ചെറുവാടി ഈ എഴുത്ത് !
    ആശംസകള്‍ ..

    ReplyDelete
  33. പിന്നേ പിന്നേ, ചെറുവാടി ബഹറിനെപ്പറ്റി എഴുതിയാലും അത് നാട്ടില്‍ ചെന്നേ നില്‍ക്കുകയുള്ളു എന്ന് ബൂലോകത്ത് ആര്‍ക്കാണറിയാത്തത്?

    "അറബിയില്‍ പറയുന്ന തമാശകള്‍ കേട്ട് ഞാന്‍ കൂടുതല്‍ ആവേശത്തില്‍ ചിരിക്കും. കാരണം അതെനിക്ക് മനസ്സിലാവില്ല. എപ്പോഴാണാവോ പണി പാളുക. ഇനി സൂക്ഷിക്കണം"

    സൂക്ഷിക്കണം...അല്ലെങ്കില്‍ ഇതൊന്ന് വായിച്ച് നോക്കിയേ!!!

    http://yours-ajith.blogspot.com/2010/12/blog-post_1734.html

    ReplyDelete
  34. നന്ദി എന്ന് മാത്രമെ പറയുന്നുള്ളൂ. നഷ്ടങ്ങളെ പോലും ഇത്ര ഹാസ്യ്വല്കരിച്ചു ,എന്നാല്‍ ഹൃദയ സ്പര്‍ശിയായി എഴുതുവാന്‍ കഴിയുന്ന പ്രിയ സുഹൃത്തിന് ഒരു സല്യൂട്ട്

    ReplyDelete
  35. നാട്ടില്‍ മാമ്പഴക്കാലം അവസാനിച്ച്, മഴക്കാലം തുടങ്ങി, ഇവിടെ ചുട്ടുപൊള്ളുന്ന ഈന്തപ്പനക്കാലം.. രസകരമായി എഴുതി.. ആശംസകള്‍...

    ReplyDelete
  36. ഇവിടെ ചൂടിനല്പം കുറവ് വന്നിട്ടുണ്ട്.
    ഇന്നത്‌ വീണ്ടും കൂടിയിട്ടുണ്ട് അല്ലെ?
    വേണമെകില്‍ ഇവിടെ നിന്നും പറയാത്തത് പറയാന്‍ കിട്ടും എന്ന് മനസ്സിലായില്ലേ. പതിവ് ഭംഗി നഷ്ടപ്പെടുത്താതെ നല്‍കിയ വിഭവം.

    ReplyDelete
  37. എഴുത്തിന്റെ പുതിയൊരു രീതിശാസ്ത്രം രൂപപ്പെട്ടു വരുന്നത് ഞാനറിയുന്നു...... പ്രവാസവും ഗൃഹാതുരത്വവും ഇടകലര്‍ന്ന എഴുത്തിന്, മന്‍സൂര്‍, താങ്കള്‍ സാഹിത്യലോകത്ത് താങ്കളുടേതായ പുതിയ ഒരു ശൈലി രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.നന്മകള്‍ നേരുന്നു.

    ReplyDelete
  38. നമുക്ക് നമ്മുടെ മക്കളോട് മാപ്പ് ചോദിക്കാം…അവരുടെ ബാല്യം തകർത്ത് കളയുന്നതിനു….പാലപ്പൂമണം ഇങ്ങ് സൌദിയിലും എത്തി കെട്ടൊ..

    ReplyDelete
  39. പ്രവാസത്തിന്റെ ദുഖങ്ങള്‍ ആണ് ഈ കഥ എങ്കിലും ഈ രചനകളുടെ സൌന്ദര്യം കാണുമ്പോള്‍, വാക്കുകളുടെ ആഴം കാണുമ്പോള്‍
    അറിയാതെ ആശിച്ചു പോകുന്നു ഞാനും ഇത് പോലെ എഴുതാന്‍ വേണ്ടി പ്രവാസിയയാലോ?

    വെറുമൊരു ഭ്രാന്തന്റെ സ്വപ്നം. അക്കര പച്ച പോലെയുള്ള ഭ്രാന്തന്റെ സ്വപ്നം

    കടപ്പാട്: മധുസൂധനന്‍ നായര്‍

    ReplyDelete
  40. പാലയും, മുരിങ്ങയും, വാഴയുമൊക്കെ മാറ്റി നിറുത്തിയാല്‍ ഈ പറഞ്ഞതൊക്കെ തന്നെയാണ് ഇവിടേം. അതുകൊണ്ടാവും മറ്റ് പോസ്റ്റുകള്‍ വായിക്കുമ്പോഴുള്ളൊരു സുഖം തോന്നാഞ്ഞത്. പക്ഷേ ചുറ്റുമുള്ളതിനെ ഇങ്ങനെ നന്നായി എഴുതി ഫലിപ്പിക്കാനുള്ള കഴിവുണ്ടല്ലോ; ലതിനെ ഇഷ്ടപെട്ടു :)
    ഈന്തപഴത്തിനേക്കാളും ടേസ്റ്റ് നാട്ടിലെ കണ്ണിമാങ്ങക്ക് തന്നാ ;)

    ReplyDelete
  41. വാഴക്കുലയുടെ ഫോട്ടോ എടുക്കാനായി അറബിയുടെ വീടിനു ചുറ്റും ക്യാമറയുമായി കറങ്ങി നടന്നാല്‍ ചെറുവാടിയെ കാണാന്‍ ഞങ്ങള്‍ സെന്റ്‌ര്‍കോര്‍‌ട്ടിനു പകരം സെന്റ്‌ര്‍ജയിലില്‍ വരേണ്ടി വരും. പറഞ്ഞില്ല്യാന്നു വേണ്ട. :)). ഞങ്ങള്‍ക്ക് തല്‍ക്കാലം വാഴക്കുല കാണണ്ട. ഞങ്ങള്‌ വിശ്വസിച്ചു, ബഹ്റിനില്‍ ഏതോ ഒരു അറബിയുടെ വീട്ടില്‍ വാഴ കുലച്ചെന്ന്!!

    ReplyDelete
  42. അറബികള്‍ വളരെ ശ്രദ്ധയോടെ വളര്‍ത്തുന്ന മരമാണ് മുരിങ്ങ. തണുപ്പിനെ പ്രതിരോധിക്കാന്‍ നല്ലതാണത്രേ . ഒരിക്കല്‍ ഇല ചോദിച്ചപ്പോള്‍ തല്ലിയില്ലെന്നെയുള്ളൂ.

    ReplyDelete
  43. പോരട്ടെ, പോരട്ടെ, ഇനിയും ബഹറിനിലെ വിശേഷങ്ങള്‍ (എവിടെ തുടങ്ങിയാലും കണ്ണി മാങ്ങയിലും വാഴക്കുലയിലും തന്നെ അവസാനം ) എന്നാലും പോരട്ടെ.

    ReplyDelete
  44. സുഡാനി ഇക്കയുടെ ഗ്രോസറിയില്‍ നിന്നും ദേശീയ ഭക്ഷണമായ കുബൂസ് വാങ്ങണം. ....ഹ ഹ ഹ കുബ്ബുസിനെ ദേശീയതയില്‍ തളക്കല്ലേ ....അന്താരാഷ്ട്രമാണ് ഇപ്പോള്‍ കുബ്ബൂസ് ...നാട്ടില്‍ പോയപ്പോള്‍ ..അവിടെയും കണ്ടു കുബ്ബൂസ് ഇവിടെ കിട്ടും എന്ന ബോര്‍ഡ്‌ ..ഒരു നിമിഷം എനിക്ക് തോന്നി ഞാന്‍ ഇപ്പോഴും സൗദിയില്‍ തന്നെയ്യാണോ എന്ന് ..ഞെട്ടലില്‍ നിന്നും മാറിയത്‌ "ബ്രോസ്റ്റ്‌ വേണോ എന്ന ചോദ്യം കേട്ടപ്പോഴാ ." കുബ്ബുസ് പേടിച്ചു നാട്ടില്‍ ചെന്നപ്പോള്‍ ..റൊട്ടിയുടെ പന്തം കൊളുത്തിപ്പട ..
    ചിരിക്കാന്‍ വക നല്‍കിയ വേറൊരു നല്ല പോസ്റ്റ്‌ ...

    ReplyDelete
  45. സ്ഥലക്കുറവാണ് പ്രശ്നമെൻകിൽ ഇങ്ങ് സൌദിയിലേക്ക് വാ....

    ഗൾഫ് എയറിൽ പണ്ടെങ്ങോ ഒരു യാത്രചെയ്തതും ബഹ്റൈനിൽ ഇറങ്ങിയതും ഓർമയുണ്ട്...Dhl വിമാനങ്ങൾ കൂട്ടമായ് കണ്ടതും ഓർക്കുന്നു...!

    ReplyDelete
  46. ഈന്തപ്പഴത്തിന്റെ രുചിയും മാമ്പഴത്തിന്റെ മണവും നിറഞ്ഞത്‌...ഇഷ്ടായി...

    ReplyDelete
  47. മിക്കവാറും നാടും പുഴയും മഴയും ഒക്കെ എഴുതി
    മനുഷ്യരെ സെന്റി അടിപ്പിക്കലാണല്ലോ പതിവ്, ഇത്തവണ ബഹറിനെപ്പറ്റി ആണല്ലോ, എന്ന് കരുതിയാ വായിച്ചു തുടങ്ങിയെ... എന്നിട്ട് എവിടെ ... ഇതിപ്പോ പശുനെ പറ്റി പറയാന്‍ തുടങ്ങിയിട്ട് പശുനെ കൊണ്ടെ തെങ്ങുമ്മേ കെട്ടിയിട്ടു തെങ്ങിനെ പറ്റി വിവരിച്ച കഥപോലുണ്ട്.... :))
    മനുഷ്യരെ വീണ്ടും സെന്റി ആക്കിന്നു പറഞ്ഞാ മതിയല്ലോ...

    ReplyDelete
  48. ഗൃഹാതുരമായ പോസ്റ്റ്‌...

    ReplyDelete
  49. എവിടെയും ഒരു ചെറുവാടി കണ്ടെത്താൻ കഴിയുന്നുണ്ടല്ലോ. പാല പൂത്തു നിൽക്കുന്നുണ്ടല്ലോ. മനസ്സിലും അയലത്തും. ഇന്ത്യ-പാക്ക് കാരാർ നല്ല ഇഷ്ടമായി.

    ReplyDelete
  50. ബഹറിനെപ്പറ്റി വായിക്കാന്‍ ഓടിവന്നതാ... കാണാത്ത കാഴ്ചകള്‍ കേള്‍ക്കാനും കാണാനും വന്നതാ, പക്ഷേ, അവിടെയും പാലയും വാഴയും മുരിങ്ങയും തന്നെ ...! എവിടെ ചെന്നാലും അതൊക്കെ നമ്മുടെ ബലഹീനത തന്നെ ല്ലേ... എന്തു രസകരമായാണ് ചെറുവാടി വിവരിച്ചിരിക്കുന്നത്.

    അപ്പോ, നാട്ടില്‍ പോയി വരൂ , കണ്ണിമാങ്ങാ സീസണ്‍ കഴിഞ്ഞില്ലേ, ഇനി മാമ്പഴമെങ്കിലും കിട്ടട്ടെ!

    ReplyDelete
  51. ലീവിനു നാട്ടിൽ വന്നു പ്രവാസാാനുഭവങ്ങൾ വായിക്കുമ്പോൾ "നൊസ്റ്റാൾജിയ" ഫീൽ ചെയ്യുന്നു എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണല്ലോ...

    തിരികെ പോകാനുള്ള 'തീ'യതി ആയി വരുമ്പോൾ ഉള്ള ഒരു നൊസ്റ്റാൾജിയ!!!

    രസകരമായി ചെറുവാടി....
    നാട്ടിൽ കാണാം... (ഇ: അ:)

    ReplyDelete
  52. കൊള്ളാം, ചെറുവാടി.

    ReplyDelete
  53. നന്നായുഇ.
    മാനം വി'മാന;ത്തിലാകാതെ പടച്ചോന്‍ കാക്കട്ടെ.

    ReplyDelete
  54. മരുഭൂമിയുടെ നിത്യ കാഴ്ചകളും വിചാരങ്ങളും ആണിതില്‍.... മനോഹരമായി പറഞ്ഞു പോകുമ്പോള്‍ പുതു കാഴ്ച്ചകലാണോ ഇവയെന്ന് തോന്നും...വളരെ നന്നായി ഈ വിവരണം...ചെറുവാടീ....

    ReplyDelete
  55. ഇവിടേയും ഈ കാഴ്ചകൾ കാണാം..വഴിയോരങ്ങളിലും വീടുകളിലുമൊക്കെ..മലബാറിയുടെ കൈ വിരുതിവിടെ പിച്ചകങ്ങൾ പുഷ്പിക്കുന്നതിലാണു കാണുന്നത്...ചൂടാതെ പോകുന്ന പൂക്കൾ..കൊതി തോന്നാറുണ്ട് അടർത്തിയെടുക്കാൻ..പ്രാവാസിയുടെ ദിനം..നഷ്ടമാകുന്ന സഭാഗ്യങ്ങൾ കിട്ടുന്നതിലൂടെ കണ്ടെത്തി ആശ്വസിക്കേണ്ടി വരുന്ന ഗതികേട്..ഒക്കെ നന്നായി പറഞ്ഞു..

    ReplyDelete
  56. അവിടേയുമുൻടല്ലേ വാഴയും മുരിങ്ങയുമൊക്കെ. എന്തൊക്കെയോ നേടാൻ വേണ്ടി എന്തൊക്കെയോ നഷ്ടപ്പെടുത്തുന്നു. അതു തന്നെയല്ലേ ജീവിതം!

    ReplyDelete
  57. ഹായി വായിച്ചു...മറുനാട്ടിലെ വിശേഷങ്ങള്‍ ...നമ്മുടെ നാടുപ്പോലെതന്നെ മറുനാടിനെയും കരുതാന്‍ കഴിയുന്നല്ലോ..സന്തോഷം ..മറുനാട്ടിലെ കുറെ നല്ല ചിത്രങ്ങള്‍ കൂടി upload ചെയ്യണെ..

    ReplyDelete
  58. പ്രിയപ്പെട്ട ചെറുവാടി,
    മനോഹരമായ ഈ സായാഹ്നത്തില്‍ ഈന്തപനകള്‍ പൂക്കുന്ന കഥ വായിച്ചു സന്തോഷിക്കുന്നു!പ്രവാസ ലോകത്തെ കുറിച്ച് ഒരു പാട് ഇംഗ്ലീഷ് ബ്ലോഗില്‍ എഴുതിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ പോസ്റ്റ്‌ കുറവാണ്!ഇനി എഴുതണം!:)അവിടെയും പാല പൂക്കുന്നുട്!ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വഴിയില്‍ രണ്ടു സൈഡിലും!
    ഇവിടെ നിറയെ മൂവാണ്ടന്‍ മാങ്ങ ഉണ്ട്,കേട്ടോ!ഇപ്പോള്‍ വന്നാല്‍ മാമ്പഴം കഴിക്കാം!
    വളരെ നന്നായി എഴുതി!വാക്കുകള്‍ രസകരം!
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  59. ഞാന്‍ വൈകി അല്ലേ?
    വായിച്ചുകഴിഞ്ഞ് പറയാന്‍ വിചാരിച്ചത് മുല്ലയും,ഉമ്മു അമ്മാറും കൂടെ പറഞ്ഞു കളഞ്ഞല്ലോ..
    ഏതായാലും ബെസ്റ്റ് ഓഫ് ത്രീ ആയ്ക്കോട്ടെ,
    പെപ്സിയും കോളയും കുടിച്ചു തടി കേടാക്കരുത്.
    ബഹ്‌റൈന്‍ കാഴ്ചകളിലേക്ക് ഒരെത്തിനോട്ടമെങ്കിലും നടത്തിയതില്‍ സന്തോഷം.
    പിന്നെ,മാഡവുമായി കരാര്‍ നടത്തിയത് വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി."ബി.പി" ഉണ്ടെന്ന്...

    ReplyDelete
  60. പുതിയ കാഴ്ച്ചകള്‍ ഒരുക്കി തന്ന ചെറുവാടിയ്ക്ക് ആശംസകള്‍..
    എത്ര ചെക്ക് പോസ്റ്റുകള്‍ കടന്നാലും അവസാനം എത്തി ചേരുന്നത് നമ്മടേ നാട്ടില്‍ തന്നെ അല്ലേ...ഇഷ്ടായി ട്ടൊ.

    ReplyDelete
  61. "ഇവിടെ ഈത്തപഴങ്ങള്‍ പഴുക്കാന്‍ ഒരുങ്ങുന്നു.
    അവിടെ മൂവാണ്ടന്‍ മാവിന്റെ ചില്ലയില്‍ ഒരു മാമ്പഴമെങ്കിലും ബാക്കി കാണുമോ.."

    അവിടെ, പച്ചപ്പുണ്ടെങ്കിലും എന്തോ വേദന പടരുന്നുണ്ടല്ലേ..
    മാങ്ങയുടെ കാലമൊക്കെ കഴിയാറായി..

    ReplyDelete
  62. മന്സൂര്‍ക്കാ,
    അല്‍പ്പം തിരക്കിലാണ്, വിശദമായ അഭിപ്രായം പിന്നീട് പറയാം.

    ReplyDelete
  63. വളരെ നന്നായെഴുതി.
    ഈന്തപ്പനകള്‍ എത്രവട്ടം കണ്മുന്നില്‍ കുലച്ചാലും
    അന്യനാട് എത്രനാള്‍ നമ്മെ തീറ്റിപ്പോറ്റിയാലും
    ഓരോ ചലനങ്ങളിലും
    ഓരോ ശ്രവണങ്ങളിലും
    നാമോര്‍ക്കും നമ്മുടെ നാടിനെ...!

    ‘ചെറുവാടി‘യുടെഈമനോഹര ശൈലിക്ക് “ചെറുവാട്ടം” പോലുമേല്‍ക്കാതിരിക്കട്ടേ...
    ഒത്തിരിയാശംസകള്‍...!!

    ReplyDelete
  64. ബഹ്റൈനില്‍ നിന്നും വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തില്‍
    ദമ്മാമില്‍ കഴിയുന്ന എനിക്ക് മറ്റാരെക്കാളും
    ഈ പോസ്റ്റിന്റെ അത്മാവ് മനസ്സിലാവും

    കുലച്ചു നില്‍ക്കുന്ന ഇന്തപ്പനകള്‍
    ഓഫീസിലേക്കുള്ള എന്‍റെ യാത്രയില്‍
    കണ്ണിനും മനസ്സിനും കുളിര്‍ തരാറുണ്ട്

    ReplyDelete
  65. അറബിയുടെ പലതും എപ്പോഴും കുലച്ചു തന്നെയാ കിടക്കുന്നേ :-)
    ചെറുവാടീ...അപ്പോ മയൂര പാര്‍ക്കില്‍ കാണാം!!!

    ReplyDelete
  66. ആസ്വാദ്യകരമായ ചെറുവാടി രചന..
    ഇഷ്ടമറിയിക്കുന്നു, ആശംസകളും.

    ReplyDelete
  67. നന്നായിരിക്കുന്നു ചെറുവാടി....!!
    ആശംസകള്‍....!

    ReplyDelete
  68. ഇക്കരെ നിക്കുമ്പോള്‍ അക്കരെ പച്ച എല്ലാ മലയാളിയുടെയും കാര്യങ്ങള്‍ തന്നെ

    വേദനകളെ മധുരം പൊതിഞ്ഞ ഗുളികകളായി തോന്നിച്ചു ആശംസകള്‍ എഴുത്ത് തുടരട്ടെ

    ReplyDelete
  69. ഗള്‍ഫിലെ പാലമരത്തില്‍ തുടങ്ങിയ ഹൃദ്യമായ വിവരണം ഗള്‍ഫ്‌ കാഴ്ചകളുടെ നല്ലൊരു സംക്ഷിപ്തചിത്രം നല്‍കി. അതെ, ഇവിടെ പഴുക്കുന്ന ഈത്തപ്പഴങ്ങള്‍ കാണുമ്പോഴും ചിന്തകള്‍ പോവുന്നത് മഴയുടെ വരവില്‍ വീണു തീരുന്ന മൂത്തുപഴുത്ത മാമ്പഴക്കാലത്തിലേക്കാണ്. ഹൃദയത്തില്‍ തൊട്ട എഴുത്ത്.

    ReplyDelete
  70. നല്ല ഭാഷ...നല്ല വിവരണവും..പക്ഷെ...ബഹറിനെ പറ്റി പറയുകയാണെന്ന് പറഞ്ഞപ്പൊ അറിയാത്ത ആ നാടിനെ കുറിച്ച് കൂടുതൽ എന്തൊക്കെയോ പറയുമെന്ന് പ്രതീക്ഷിച്ചു..

    ReplyDelete
  71. ബഹറിന്‍ ലേഖനം പ്രതീക്ഷിച്ചു വന്ന എനിക്ക് കിട്ടിയത് പാലപ്പൂവും മുരിങ്ങയും !! നന്നായി അസ്വദിച്ചു !!

    ReplyDelete
  72. grihathuramaya smrithikal unarthunna post.... aashamsakal...........

    ReplyDelete
  73. ഈത്തപഴങ്ങള്‍ പഴുക്കട്ടെ ..എന്നിട്ട് അതിനെ പറ്റിയും എഴുതു ..പക്ഷെ അപ്പോഴും നാട്ടിലെ ഇലഞ്ഞിയെ പറ്റി ഓര്‍മ്മ വരുമല്ലേ..നല്ല സുഗന്ധമുള്ള ഓര്‍മ്മകള്‍ പതിവുപോലെ ..ആശംസകള്‍

    ReplyDelete
  74. മൻസൂറെ, മൂവാണ്ടൻ മാങ്ങയുടെ കാര്യം പറയല്ലെ,, അല്ലെങ്കിൽത്തന്നെ അതൊക്കെ ഓർക്കാതെ കഴിച്ചു കുട്ടുകയാണ്‌ ഇവിടെ ബഹ്രറയിനിൽ...

    നല്ല കയ്യടക്കമുള്ള എഴുത്തും അവതരണവും.. നന്നയിട്ടുണ്ട്

    ReplyDelete
  75. ഈ ചെറിയ ബഹ്‌റൈന്‍ വിശേഷം വായിച്ച, ഇഷ്ടപ്പെട്ട, പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ട വായനക്കാരോടുള്ള എന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കട്ടെ. .
    നാളെ നാട്ടിലേക്ക് പോകുന്നു. ഇനി കുറച്ച് നാള്‍ ബൂലോകത്ത് നിന്നും അവധി . നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുമല്ലോ.
    എല്ലാര്‍ക്കും എന്‍റെ സ്നേഹാന്യോഷണങ്ങള്‍

    ReplyDelete
  76. പ്രവാസിയുടെ ഗൃഹാതുര ചിന്തകൾ നന്നായി എഴുതി ഫലിപ്പിച്ചു.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....