Thursday, December 1, 2011

ഇന്ന് പെയ്ത മഴ തന്നത് ..!



കുറെ കാലത്തിന് ശേഷം വീണ്ടും മഴ നനഞ്ഞു. ഇവിടെ ബഹറിനില്‍ നല്ല മഴ. ഇപ്പോള്‍ തോന്നുന്ന വികാരങ്ങളെ വരികളാക്കാതെ പറ്റില്ല എനിക്ക്. കാരണം പറഞ്ഞാലും തീരാത്ത പ്രണയമാണ് എനിക്ക് മഴയോട്. ഒരിക്കല്‍ എഴുതിയിരുന്നു, "മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാവില്ല. മനസ്സിലെ പ്രണയം പെയ്ത് തീരുകയും ഇല്ല" എന്ന്. മഴത്തുള്ളികള്‍ വന്ന് വീഴുന്നത് വരണ്ടുണങ്ങിയ ഈ മണ്ണില്‍ മാത്രമല്ലല്ലോ , മനസ്സിലേക്ക് കൂടിയല്ലേ. നല്ല തണുപ്പും. എന്തുകൊണ്ട് ഈ മഴയേയും തണുപ്പിനെയും ഇങ്ങിനെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ ഞാന്‍ ബുദ്ധിമുട്ടും. എന്നാലും വ്യത്യസ്തമായ കുറെ മഴ ആസ്വാദനത്തെ കുറിച്ച് പറയാമല്ലോ.



ഴ മേഘങ്ങള്‍ കൂടി അന്തരീക്ഷം ആകെ ഇരുണ്ടിട്ടുണ്ട്. പക്ഷെ സമയം നാല് മണിപോലും ആയിട്ടില്ല. ഈ ഇരുട്ടിന് എന്തോ ഒരു ശോക ഭാവമാണ് എനിക്ക് തോന്നുന്നത്. ചുറ്റും തെങ്ങുകളും മാവും മറ്റു വൃക്ഷങ്ങളും നിറഞ്ഞ തറവാടിന്റെ കോലായില്‍ ഒറ്റക്കിരിക്കുമ്പോള്‍ മൂടിക്കെട്ടിയ ഈ അന്തരീക്ഷം ആസ്വദിക്കുന്നത് രസകരം തന്നെ. പിന്നെ മഴ പെയ്തു തുടങ്ങി. തകര്‍പ്പന്‍ മഴ. വാഴയിലയില്‍ ശബ്ദത്തോടെ വീണ്‌ വെള്ളം ഒലിച്ചിറങ്ങുന്നു . മരങ്ങളെ ആട്ടിയുലച്ച് കാറ്റും വീശുന്നുണ്ട്. കാറ്റും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൂടി ഭീകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇതെന്നെ പേടിപ്പെടുത്തുന്നില്ല. പകരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിലേക്ക് നയിക്കുന്നു. കൂട്ടിന് ആരും ഇല്ലാതെ പോയതാണോ അതോ ഒരു കൂട്ടിന്റെ കുറവാണോ ഈ സമയത്തിന്റെ ഭംഗി. രണ്ടുമാവാം. മനസ്സിപ്പോള്‍ സഞ്ചരിക്കുന്നത് യാഥാര്‍ത്യ ലോകം വിട്ട്‌ കാല്പനികമായ ഒരു പ്രപഞ്ചത്തിലൂടെയാണ്. അതില്‍ പ്രണയമുണ്ടാവാം , രതിയുണ്ടാവാം , സ്വപ്നത്തിനുമാത്രം അവകാശപ്പെടാവുന്ന നിറങ്ങളുമുണ്ടാവാം. പക്ഷെ വന്യമായ ഈ മഴ തോരുന്നതോടെ പറന്നുപോകും ഈ ഭാവനാലോകം.



രക്കൊപ്പം വളര്‍ന്നുനില്‍ക്കുന്ന നെല്‍കൃഷി. വിശാലമായ പാടത്തിന് നടുവില്‍ പണിക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കെട്ടിപ്പൊക്കിയ കളപ്പുര. വൈകുന്നേരങ്ങളില്‍ ഇവിടെയിരിക്കാന്‍ നല്ല ഹരമാണ്. തത്തകളും പ്രാവുകളും പറന്നുല്ലസിക്കുന്ന പാടത്ത് , പതുക്കെ കാറ്റിലാടുന്ന പച്ചയണിഞ്ഞ നെല്‍ കൃഷികള്‍ നൃത്തം ചെയ്യുന്നതും നോക്കിയിരിക്കുന്നത് എന്തൊരു രസമായിരുന്നു. ഇതോടൊപ്പം ഒരു മഴ കൂടി വന്ന് ചേര്‍ന്നാലോ. മഴയുടെ വരവും അറിയിച്ചുകൊണ്ട്‌ ഒരു പടിഞ്ഞാറന്‍ കാറ്റ് വീശി. അതറിഞ്ഞിട്ടെന്നോണം കിളികള്‍ പറന്നകന്നു. കാറ്റിന് പിറകെ മഴയെത്തി. കളപ്പുരയിലേക്ക് ഓടിക്കയറി. കൂടേ ഒന്ന് രണ്ട് പണിക്കാരും. പാള തൊപ്പി ഊരിവെച്ച് , മടിക്കുത്തില്‍ നിന്നും വെറ്റിലയെടുത്ത് മുറുക്കാനുള്ള ഒരുക്കം കൂട്ടി നല്ലംപെരവന്‍ ആത്മഗതം പറഞ്ഞു. "ഇപ്പോഴൊന്നും ചോരുന്ന മട്ടില്ല ".
എനിക്ക് സന്തോഷമായി. നെല്‍കതിരുകള്‍ മഴനൃത്തമാടുകയാണ്. അതാസ്വദിച്ച് ഞാനും. ഓലകൊണ്ട് മറച്ച കളപ്പുരയുടെ അരികിലൂടെ തണുത്ത കാറ്റും ഒപ്പം കൂടേ വരുന്ന മഴത്തുള്ളികളും. തണുത്ത് വിറക്കുന്നല്ലോ.



രു മാറ്റവുമില്ല. ഓര്‍മ്മചിത്രങ്ങള്‍ക്ക് മറവിയുടെ ക്ലാവ് പിടിക്കാതിരിക്കാന്‍ അതുപോലെ തന്നെയുണ്ട്‌ ഈ സ്കൂള്‍. തലമുറകള്‍ മാറിമാറി അക്ഷരാഭ്യാസത്തിന്റെ സുകൃതം നുണഞ്ഞിട്ടും, കാലചക്രം ഒരുപാട് തിരിഞ്ഞിട്ടും ഈ വിദ്യാലയം അന്നും ഇന്നും ഒരുപോലെ. സ്കൂളിലേക്ക് കയറുന്ന കല്പടവുകള്‍ക്ക് പോലും തേയ്മാനം വന്നിട്ടില്ലെങ്കില്‍ പിന്നെ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഓടി ഞാനും ഈ കല്‍പടവുകള്‍ കയറുകയാണ്. കയറി കയറി പോകുന്നത് വര്‍ഷങ്ങള്‍ പിറകിലോട്ട് ആണെന്നുമാത്രം. സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക്‌ തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.
കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരുമുണ്ടല്ലോ എന്നോടൊപ്പം. ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ. ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?



കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . മലബാര്‍ എക്സ്പ്രസ് വരാന്‍ ഇനിയും സമയമെടുക്കും. കയ്യിലിരിക്കുന്ന പുസ്തകം വായിക്കണോ അതോ പരക്കം പായുന്ന ആള്‍ക്കാരുടെ മുഖഭാവം വായിക്കണോ എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ , രണ്ടിനും അവസരം നല്‍കാതെ മഴയെത്തി. തണുത്തുറഞ്ഞ മരത്തിന്റെ ബെഞ്ചിലിരുന്ന് പാളത്തിലേക്ക് പെയ്തിറങ്ങുന്ന മഴയും ഏറെ ഭംഗിയുള്ള കാഴ്ച്ച തന്നെ. പ്രകൃതി ഒരുക്കിയ കുളിയും കഴിഞ്ഞ് നിറമുള്ള ബോഗികളുമായി മലബാര്‍ എക്പ്രസ് കിതച്ചെത്തി. ഓരോ പ്രദേശങ്ങളിലും പെയ്യുന്ന മഴയുടെ ഭംഗി ട്രെയിനിന്റെ വിന്‍ഡോയിലൂടെ നോക്കികാണ്ട് ഈ മഴയാത്ര അവിസ്മരണീയമാണ്. ഫറോക്ക് പാലത്തിന്റെ മുകളിലൂടെ നീങ്ങുമ്പോള്‍ താഴെ പുഴയില്‍ മഴ പെയ്യുന്നു. തൊപ്പിക്കുട തലയില്‍ ഇട്ട്‌ ഒരു ചെറുവഞ്ചിയില്‍ ഒരാള്‍ തുഴഞ്ഞു നീങ്ങുന്നു. മീന്‍ പിടിക്കുകയാവും. ഞാന്‍ മഴയോടൊപ്പം ആ കാഴ്ച്ച ആസ്വദിക്കുമ്പോള്‍ അയാള്‍ ശപിക്കുകയായിരിക്കും മഴയെ. ഇന്നത്തെ അന്നത്തെ ബുദ്ധിമുട്ടിച്ച നശിച്ച മഴയെന്ന്.



യാനകമായ കാടിന്റെ നിശബ്ധതയിലേക്ക് പെയ്യുന്ന മഴയെ അറിഞ്ഞുട്ടുണ്ടോ..? ശിരുവാണി കാടുകള്‍ ആദ്യമായി അത്തരം ഒരു അനുഭവം ഒരുക്കി. അപ്പോള്‍ പാട്ടിയാര്‍ ബംഗ്ലാവിന് ഒരു പ്രേത കോട്ടയുടെ മുഖമായിരുന്നു. പണ്ട് ഡിറ്റക്ടീവ് നോവലുകളിലോക്കെ വായിച്ച ഭീകര കഥാപാത്രങ്ങള്‍ ചുറ്റും അട്ടഹസിക്കുന്ന പോലെ. പൊതുവേ വെളിച്ചം കുറഞ്ഞ കാട്ടില്‍ ഒരു മഴയുടെ അകമ്പടി കൂടി ആയപ്പോള്‍ ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ബംഗ്ലാവ് ശരിക്കും ഒരു പ്രേതഭവനം പോലെ തന്നെ. പക്ഷെ ഇത്തിരി ഭയം തോന്നിയെങ്കിലും ഈ അനുഭവത്തെയും ഞാന്‍ ചേര്‍ത്ത് വെക്കുന്നത് പ്രിയപ്പെട്ടൊരു മഴക്കാഴ്ച്ചയുടെ ആല്‍ബത്തിലേക്ക് തന്നെയാണ്. നിഗൂഡതകള്‍ പൊതിഞ്ഞൊരു സുഖമുള്ള അനുഭവം.



തിരക്കിട്ട് തിരിച്ചുവരുന്ന ബോട്ടുകളും ചെറുവഞ്ചികളും. അവര്‍ക്കറിയാം കടലിന്റെയും ആകാശത്തിന്റെയും മാറിവരുന്ന സ്വഭാവം. വൈകിയില്ല. വലിയ തിരമാലകള്‍ക്കൊപ്പം തകര്‍പ്പന്‍ മഴയുമെത്തി. കടലിലേക്ക്‌ പെയ്യുന്ന മഴ. ദൂരെ നങ്കൂരമിട്ടിരുന്ന ആ കപ്പല്‍ മഴ മറച്ചു. പഴയ പ്രതാപത്തിന്റെ ദ്രവിച്ച സ്മാരകമായി ഏതാനും തൂണുകളുമായി നില്‍ക്കുന്ന കോഴിക്കോട്ടെ കടല്‍പ്പാലം. അതിന്റെ താഴെ മഴ നനഞ്ഞ് പന്ത് കളിക്കുന്ന കുട്ടികള്‍. ഓടിച്ചെന്ന് അവരിലൊരാളായി കൂടിയാലോ .? ഉപ്പിലിട്ട നെല്ലിക്ക വില്‍ക്കുന്ന പെട്ടികടക്കാരന്റെ വണ്ടിയോട് ചേര്‍ന്ന് പകുതി നനഞ്ഞും പകുതി നനയാതെയും ഞങ്ങള്‍ നിന്നു. ഈ മഴയിലും ബീച്ചിലെ ബെഞ്ചില്‍ ഒരു കുടക്കീഴിലിരിക്കുന്ന പ്രണയ ജോഡികള്‍. ഒരുപക്ഷെ അവരുടെ പ്രണയ ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം മഴയോട് ചേര്‍ന്നുള്ള ഈ സല്ലാപം.



തിരിച്ചു വരാം. മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല ഇവിടെ . പതിവില്ലാതെ പെയ്യുന്ന മഴയെ കാണാന്‍ ബാല്‍ക്കണിയില്‍ നിന്നും പലരും എത്തിനോക്കുന്നു. ആകാംഷയോടെ നോക്കുന്നവരില്‍ അധികവും കുട്ടികളാണ് . വീടിന്റെ മുറ്റത്ത്‌ നിറഞ്ഞ മഴവെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി കളിക്കുന്നതിന് പകരമാകുമോ അവരുടെ ഈ ജാലക കാഴ്ച്ചകള്‍ ...? ഇപ്പോള്‍ പെയ്യുന്ന ഈ മഴ എന്നെ കൂട്ടികൊണ്ടു പോകുന്നതും അതേ ഓര്‍മ്മകളിലേക്കാണ് മഴയില്‍ കുതിര്‍ന്ന എന്‍റെ ബാല്യത്തിലേക്ക് ..... ഒരുകുടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് പോകുന്നതും, പുസ്തകതാളുകള്‍ കീറി കടലാസ് വഞ്ചി ഉണ്ടാക്കുന്നതും തുടങ്ങി കുറെ മഴയനുഭവങ്ങള്‍ ..... ഇതെല്ലാം കൈമോശം വന്ന ബാല്യങ്ങളെ .......നിങ്ങള്‍ ക്ഷമിക്കുക. പകരം നല്‍കാന്‍ ഈ ഓര്‍മ്മകുറിപ്പുകളല്ലാതെ മറ്റൊന്നുമില്ലെനിക്ക് .
ഇനിയൊരിക്കല്‍ ഒരു മഴക്കാലത്ത് നാട്ടിലെത്തുമ്പോള്‍ തട്ടിന്‍പുറത്തെ തകരപ്പെട്ടിയില്‍ ‍ നിന്നും പഴയ നോട്ടുപുസ്തകത്തിന്റെ മങ്ങിയ താളുകള്‍ കീറി നിങ്ങള്‍ക്ക് കടലാസ് വഞ്ചി ഉണ്ടാക്കിത്തരാം . മുറ്റത്തെ മഴവെള്ളത്തിലൂടെ ഇളംകാറ്റില്‍ ആടിയുലഞ്ഞു പോകുന്ന ആ കടലാസ് വഞ്ചിയില്‍ കയറി ഒരു യാത്രയുമാവാം നമുക്ക്. ദൂരെ ദൂരെ ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ തീരത്തേക്ക്. അപ്പോള്‍ തിളങ്ങുന്ന നിങ്ങളുടെ കണ്ണുകളില്‍ ഞാന്‍ കാണും നഷ്ടപ്പെട്ടുപോയ എന്‍റെ ആ പഴയ ബാല്യം....

(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്നു.
സ്കൂള്‍ ഞങ്ങളുടെ സ്വന്തം തന്നെ)

69 comments:

  1. മഴ ഞാന്‍ അറിഞ്ഞിരുന്നില്ല....

    ReplyDelete
  2. ഇവിടെയും മഴ പെയ്തു....മെല്ലെ മെല്ലെ തുടങ്ങി..പിന്നെ ദ്രുത താളത്തിൽ അലറിച്ചിരിച്ച്..കാ
    റ്റിന്റെ കൈയും പിടിച്ച്...ഒടുവിൽ ആവേശമൊഴിഞ്ഞ്... തുള്ളിതുള്ളിയായി അലിഞ്ഞലിഞ്ഞ്....

    ഇപ്പോൾ മരം പെയ്യുന്നു..

    വളരെ നന്നായീ ഈ മഴക്കുറിപ്പ്, കേട്ടൊ. പ്രത്യേകിച്ച് ആ സ്കൂളിന്റെ പടം.
    അഭിനന്ദനങ്ങൾ.

    ReplyDelete
  3. ചെറുവാടീ, മനോഹരമായി എഴുതിയിരിക്കുന്നു. ഹൃദയഹാരിയായ മഴയില്‍ കുളിപ്പിച്ചു. തെളിഞ്ഞു നില്‍ക്കുന്ന നല്ല ഭാഷ. അഭിനന്ദനങ്ങള്‍.

    ReplyDelete
  4. മഴപെയ്തിറങ്ങുന്നത് മണ്ണിലേക്ക് മാത്രമല്ല, മനസ്സിലേക്കും കൂടിയാണ്.

    ReplyDelete
  5. ഇത് പോലെ ഒരു പോസ്റ്റ്‌ നമ്മുടെ അക്ബര്‍ ചാലിയവും എഴുതിയിരുന്നു ....സംഭവം ഉഗ്രനായിട്ടുണ്ട് ...

    ReplyDelete
  6. ഓര്‍മകളിലേക്ക് ഒഴുകിയെത്തിയ ഒരു പെരുമഴ
    മനസ്സില്‍ കുളിര്‍മഴപെയ്യിച്ച ഈ പോസ്റ്റിന്‍ ഒരുപാട് നന്ദി
    ആശംസകള്‍

    ReplyDelete
  7. ഓര്‍മകളുടെ മഴ ഇഷ്ടായി ....ഞാനും പോയി..എന്‍റെ മഴയില്‍ കുതിര്‍ന്ന ബാല്യത്തിലേക്ക് ...ഇപ്പോഴും ഉണ്ടാക്കും നോട്ട് ബുക്ക്‌ കീറി കളി വഞ്ചി .....ചെറുവാടിയുടെ മഴ കുറെ ഓര്‍മ്മകള്‍ ഉണര്‍ത്തി .......അഭിനന്ദനങ്ങള്‍

    ReplyDelete
  8. ഇവിടെയും മഴ തകര്‍ത്തു പെയ്തു. എന്നത്തേയും പോലെ പക്ഷേ ഈ മഴ ആസ്വദിക്കാന്‍ കഴിയുന്നില്ല. തകര്‍ത്തുപെയ്യുന്ന ഓരോ മഴയ്ക്കുമൊപ്പം, അരച്ചാണ്‍‍ മാത്രം അകലെയുള്ള‍ അണപൊട്ടി വരുന്ന പ്രളയജലത്തെ പ്രതീക്ഷിച്ച്, പുറത്തെ ഇരുട്ടിലേക്ക് കാതുകൂര്‍പ്പിച്ചു പേടിയോടെ ഇരിക്കുന്ന വള്ളക്കടവിലെ പിഞ്ചുകുഞ്ഞുങ്ങളാണ് മനസുനിറയെ......

    ReplyDelete
  9. ഓര്‍മ്മ ചിത്രങ്ങള്‍ക്ക് മറവിയുടെ ക്ലാവ് പിടിക്കാതിരിക്കാന്‍ മന്‍സൂറിന്റെ മനസ്സിലേക്ക് മഴയും, മഞ്ഞും, വെയിലുമൊക്കെ അവസ്ഥാന്തരങ്ങള്‍ ആയി എത്തപെടട്ടെ .
    അപ്പോള്‍ മനോഹരമായ ഇത്തരം രചനകള്‍ പിറക്കുമല്ലോ... ആശംസകള്‍

    ReplyDelete
  10. നല്ലൊരു രചന.
    മഴ പെയ്യുന്നൊരു മനസ്സിന്റെ കുളിരും ആ തുള്ളികള്‍ ഏറ്റുവാങ്ങിയ ഓര്‍മ്മകളുടെ ഹര്‍ഷവും.
    പല കോണുകളില്‍ നിന്നും പകര്‍ത്തിയ ചില മനോരമായ സങ്കല്‍പ്പങ്ങള്‍ .അവ പകര്‍ന്നു നല്കുന്ന,ജീവിതം മുഴുവന്‍ പെയ്താലും തീരാത്ത ഗതാകാലസ്വപ്നങ്ങള്‍ .ലളിതമായ ശൈലിയില്‍ നല്ല അവതരണം.

    ReplyDelete
  11. നന്നായി ചെറുവാടീ....

    ReplyDelete
  12. ഇവിടെ മിനിയാണ് മഴ ആയിരുന്നു, പകല്‍ മുഴുവനും. ഹോ..എന്തൊരു തണുപ്പ്.
    തണുത്ത മഴത്തുള്ളികള്‍ ദേഹത്ത്‌ വീണപ്പോള്‍ കോരിത്തരിച്ചു പോയി. പിന്നെ പഞ്ഞിത്തൂള്‍ പോലെ പറന്ന മഴപ്പൊടികള്‍. എല്ലാം കഴിഞ്ഞപ്പോള്‍ ചളിപിളിയായി നടക്കാന്‍ പോലും വയ്യ.
    മനോഹര ഭാവങ്ങള്‍ നല്‍കിയ മഴ നന്നാക്കി.

    ReplyDelete
  13. മലയാളത്തിന്റെ മഴയുടെ അത്ര രസമുള്ള നാടന്‍ മഴ വേറെ എവിടെനിന്ന് കിട്ടും? ഇവിടുത്തെ ജീവിതം പോലെ തന്നെയാ ബാംഗ്ലൂര്‍ ലെ മഴയും. ഒരുതരം റെഡിമൈഡ് റൈന്‍.
    ചെറുവാടിയുടെ മഴ ആസ്വദിച്ചു...

    ReplyDelete
  14. മഴ വര്‍ണിച്ചാല്‍ തീരാത്ത പ്രതിഭാസം. മനോഹരമായ കുറെ മഴച്ചിത്രങ്ങള്‍ മനസ്സിലേക്ക് കൊണ്ട് വന്നു ഈ പോസ്റ്റ്.

    മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. എന്റെ ഗ്രാമത്തോടു വിട പറയുമ്പോള്‍ മഴ എന്നെ ഏറെ ദൂരം അനുധാവനം ചെയ്തു. പിന്നെ എന്റെ മിഴികളില്‍ ഏതാനും തുള്ളികള്‍ നിക്ഷേപിച്ചു മഴ എന്നെ യാത്രയാക്കി.

    പ്രവാസ ജീവിതത്തിന്റെ പല നഷ്ടങ്ങളില്‍ ഒന്ന് അനുഭവിക്കാന്‍ കഴിയാതെ പോകുന്ന മഴയാണ്. ആ മഴയിലേക്ക്‌ ഒരിക്കല്‍ കൂടി കൊണ്ട് പോയതില്‍ നന്ദി.

    ReplyDelete
  15. അത് ശരി ..
    നിങ്ങള് മഴ കൊണ്ടല്ലേ.. ? നമ്മക്ക് മഴ കിട്ടീല്ല ..

    പോസ്റ്റു നന്നായി. ആശംസകള്‍

    ReplyDelete
  16. ഞാനും കൊണ്ട് മഴ അത് ബഹറിനിലെ മഴ ...മഴ നനഞ്ഞപ്പോ ഓര്‍മകളുടെ പൂക്കള്‍ മനസ്സില്‍ വിരിഞ്ഞു അല്ലെ വിരിയും കാരണം ആര്‍ദ്രമായ മനസ്സില്‍ വിരിയും നല്ല മനോഹരമായ വാക്കുകള്‍ കൊണ്ടുള്ള മനോഹരമായ പൂ .....നല്ലോണം ഇഷ്ടായി വരികള്‍ ....നല്ല മഴ പ്രണയം ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  17. മഴയുടെ ഓർമ്മകൾ എന്തു ഭംഗിയായി എഴുതിയിരിക്കുന്നു. മഴയെ പ്രണയിക്കാത്ത മലയാളികൾ ഉണ്ടാവുമോ, തോന്നുന്നില്ല. എനിക്കും പ്രണയമാണ് മഴയോട്.

    ReplyDelete
  18. അങ്ങനെ ചെറുവാടിക്കും പ്രണയം മഴയോട് ല്ലേ ..
    എന്‍റെ ടീച്ചര്‍ എന്നോട് പറയും എപ്പോളും ഇങ്ങനെ ചിരിച്ചുകൊണ്ട് നടക്കരുത് ആയുസ്സ് കൂടും ....കൊച്ചുമക്കള്‍ പ്രാകും എന്ന് ..
    അതേപോലെ ചെറുവാടി മഴ ലോകം അവസാനം വരെ കാണും ....തനിക്ക്‌ പ്രായമായില്ലേല്‍ വലിയ പാടാണ് ട്ടോ .......കൊച്ചുമക്കള്‍ പ്രാകി കൊന്നത് തന്നെ ....

    ReplyDelete
  19. ഇന്നലെ ബഹറിനില്‍ മഴ ആണെന്ന് കേട്ടപ്പഴെ ഒരപ്പിച്ചു ആ മഴ വെള്ളം ചെറുവാടി ഭൂലോകത്ത് തെറിപ്പികും
    പക്ഷെ ചെരുവാടീ എഴുതുമ്പോള്‍ ശ്രദ്ധിക്കണം ആ തുടക്കത്തില്‍ ഒരു തെറ്റുണ്ട് "മഴ പെയ്യുന്ന കാലത്തോളം വയസ്സാകില്ല "
    അതങ്ങനെ അല്ലാലോ ചെറുവാടീ.... ഹെയര്‍ ടൈ (കറുപ്പിക്കണ പൊടിയേ...) അത് കിട്ടുന്ന കാലത്തോളം പ്രായം ആവില്ല എന്നല്ലേ പറയേണ്ടത്


    മഴ ആണെങ്കിലും കാറ്റാണെങ്കിലും അതിനെ ഒക്കെ ഇങ്ങനെ വര്‍ണിക്കാന്‍ കഴിയുന്ന കഴിവ് അപാരം തന്നെ
    ആശംസകള്‍

    ReplyDelete
  20. മഴ ..മഞ്ഞു ..തണുപ്പ് ..പാട്ട് ,,യാത്ര ,പോസ്റ്റ്...
    ചെറുവാടിയുടെ മിടുക്കിനെ അഭിനന്ദിക്കുന്നു ,,:)

    ReplyDelete
  21. ഭൌതികമായി നോക്കുമ്പോള്‍ മഴ എന്നത് കുറെ വെള്ളം താഴേക്ക്‌ വീഴുക എന്നത് മാത്രം. പക്ഷെ അതിന് ഈ ചെറുവാടിക്കണ്ണട വെച്ച് നോക്കുമ്പോള്‍ മാത്രമാണ് ഇത്ര മനോഹാരിത.

    മഴ പെയ്യുമ്പോള്‍ ചുറ്റുപാടുള്ളവര്‍ ശല്യം, നശിച്ച മഴ, എന്നൊക്കെ ശപിക്കുന്നതാണ് കൂടുതല്‍ കണ്ടിട്ടുള്ളത്.
    ദേഷ്യമുണ്ടെങ്കിലും ദൈവത്തിന്‍റെ മഹത്തായ അനുഗ്രഹമല്ലേ എന്ന് കരുതി ക്ഷമിച്ച് മിണ്ടാതിരിക്കുന്നവരെയും കണ്ടിട്ടുണ്ട്.
    അതേ മഴയെയാണ് സാഹിത്യകാരന്മാര്‍ സ്വര്‍ഗത്തിലെ ഒരു അനുഭൂതി പോലെ അവതരിപ്പിക്കുന്നതും പ്രണയിക്കുന്നതും മനസ്സിനെ കുളിരണിയിക്കുന്നതും. എല്ലാം വിരോധാഭാസം.
    പക്ഷെ മനോഹരം.

    ReplyDelete
  22. നല്ല ചന്നം പിന്നം പെയ്യുന്ന മഴകള്‍ നമ്മുടെ മനസ്സിനെ കുളിരനിയിപ്പിക്കുന്നു...പക്ഷെ ഇടുക്കിയില്‍ പെയ്യുന്ന മഴ മനസ്സിനെ പേടിപ്പെടുത്തുന്നു...

    ReplyDelete
  23. മഴക്കാലമല്ലെങ്കിലും നമ്മുടെ നാട്ടിലും മഴയുണ്ടിപ്പോള്‍ .വൃശ്ചികപ്പൂനിലാവ് കവിത പെയ്യുന്ന നാളുകലെല്ലാം മാറിയെന്നു തോന്നുന്നു.മഴ വിവരണവും ചിത്രങ്ങളും മനോഹരമായി .

    ReplyDelete
  24. മഴ പെയ്യുന്നത് മരുഭൂമിയിലാണെങ്കിലും ചെറുവാടിയുടെ മനസ്സ് നാട്ടിന്‍പുറത്ത്..!
    മഴയോളം വലിയ വരദാനം വേറെന്തുണ്ട്‌ നമുക്ക്?

    ReplyDelete
  25. മനസ്സിലിങ്ങനെ പ്രണയോം എന്തിനെന്നറിയാത്ത വിഷാദവും ഉള്ളിടത്തോളം കാലം പ്രായമാവില്ല ചെറുവാടീ...
    ഈ നന്മയും ആര്‍ദ്രതയും മനസ്സില്‍ എന്നും ഉണ്ടാകട്ടെ..

    ReplyDelete
  26. ചെറുവാടീ...മനോഹരമായി എഴുതി...മഴയുടെ കുളിരും, കാറ്റിന്റെ തലോടലും അനുഭവിച്ചുവളർന്ന ഒരു കാലഘട്ടത്തെ ഓർക്കുവാൻ, ആ അനുഭവങ്ങളെ ഒരിക്കൽക്കൂടി മനസ്സുകൊണ്ട് അനുഭവിക്കുവാൻ ഈ വരികൾ പ്രേരിപ്പിക്കുന്നു..ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു..സ്നേഹപൂർവ്വം ഷിബു തോവാള

    ReplyDelete
  27. പ്രിയപ്പെട്ട മന്‍സൂര്‍,
    സന്തോഷവും സമാധാനവും നിറഞ്ഞ ഡിസംബര്‍ മാസം ആശംസിക്കുന്നു!
    മഴ പെയ്തു മനസ്സു കുളിര്‍ക്കുന്ന രാവുകളില്‍, വികാരങ്ങള്‍ വരികളായി ഹൃദയത്തില്‍ നിന്നൊഴുകും!ഇവിടെ കടലില്‍ മഴ പെയ്യുന്നത് കണ്ടു ആസ്വദിക്കാം! തൃശൂരില്‍ ജനലരികില്‍ ഇരുന്നു, നന്ദ നട്ടു വളര്‍ത്തിയ ലക്ഷ്മി തരു മരത്തിന്റെ ഇലകളില്‍ മഴത്തുള്ളികള്‍ പെയ്തു ഇറങ്ങുന്നത് കണ്ടു പോസ്റ്റ്‌ എഴുതാം! അപ്പോള്‍,ഹൃദയം ആര്‍ദ്രമാകും! പ്രണയ സുഗന്ധവുമായി തണുത്ത കാറ്റു വന്നു തഴുകും!
    കളി വഞ്ചി മഴ വെള്ളത്തില്‍ ഒഴുക്കുന്നതിനെ കുറിച്ച് അതിമനോഹരമായി ടാഗോര്‍ ഒരു കവിതയെഴുതിയിട്ടുണ്ട്!എപ്പോഴും മോഹിക്കാറുണ്ട്,ഒരു കളിവഞ്ചി ഉണ്ടാക്കി, അതില്‍ കൂട്ടുകാരന്റെ പേരെഴുതി കുറച്ചു പനിനീര്‍ പുഷ്പങ്ങളുടെ ദളങ്ങള്‍ വെച്ചു,മെല്ലെ മെല്ലെ വെള്ളത്തില്‍ ഒഴുക്കി വിടണമെന്ന്! :)
    നാലുകെട്ടില്‍ നടുമുറ്റത്ത്‌ മഴ പെയ്യുന്നത് കണ്ടു രസിച്ചിരുന്നു.
    ഒരു മഴതുള്ളി കിലുക്കം എപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന എനിക്ക് ഈ മഴയില്‍ നനഞ്ഞ ഓര്‍മ്മകള്‍ ഒത്തിരി ഇഷ്ടമായി!
    ഇപ്പോള്‍ മരുഭൂമിയിലും മഴ...!മാഷ അള്ള!
    ചിത്രങ്ങള്‍ അതി മനോഹരം...!ആദ്യ ചിത്രം എന്റെ മഴ ബ്ലോഗിലും ഉണ്ട്!
    ഇങ്ങിനെ മഴ തകര്‍ത്തു പെയ്യുമ്പോള്‍, മോഹിച്ചു പോകുന്ന സാമീപ്യം പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു...!
    ഹൃദ്യമായ അഭിനന്ദനങ്ങള്‍!

    ReplyDelete
  28. മഴ പുരാണം അസ്സലായി.ചിത്രങ്ങളും.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  29. മഴചിത്രങ്ങളും മഴവിശേഷങ്ങളും നൊസ്റ്റി ഉണ്ടാക്കുന്നു.. ഇവിടെയും എന്നും മഴയുണ്ട്.

    ReplyDelete
  30. ഒന്ന് പറയാന്‍ വിട്ടു.

    മനോഹരമായ ഭാഷയുണ്ട് ഇതില്‍.. അത് പറയാതെ പോയാല്‍ ആത്മവഞ്ചനയാവും.

    ReplyDelete
  31. "മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാവില്ല. മനസ്സിലെ പ്രണയം പെയ്ത് തീരുകയും ഇല്ല"

    മഴയിന്നെനിക്ക് ഓര്‍മ മാത്രം..

    മഴയെഴുത്ത് നന്നായിട്ടുണ്ട്...

    ReplyDelete
  32. ആ കടലാസ് വഞ്ചിയില്‍ കയറി ഞാനും യാത്രയായി സ്വപ്നങ്ങളുടെ തീരത്തേയ്ക്ക്..

    മരങ്ങള്‍ പൂക്കുന്നൂ..
    പൂക്കളും കനികളും ചിരിയ്ക്കുന്നൂ..
    ഈ മഴ ഗന്ധത്തിന്‍ അസാമാന്യ വശ്യത
    എന്‍റെ മനസ്സിലും പെയ്തിറങ്ങി
    സ്നേഹത്തിന്‍ കുളിരും..
    പ്രേമത്തിന്‍ തേനും..
    മഴപ്പാട്ടിന്‍ ലഹരികളും...!

    മഴക്കാല പുലരികളും
    കൊരിച്ചൊരിയും സായാഹ്നങ്ങളും
    തണുത്ത കാറ്റേറ്റ്
    ജാലക ചില്ലുകളില്‍ ഒലിച്ചിറങ്ങും
    രാമഴകളും
    നുണഞ്ഞിറങ്ങി..!

    മഴ എന്‍റേതു മാത്രമാണെന്ന് പലപ്പോഴും ഞാന്‍ അടുത്ത സുഹൃത്തുക്കളോട് ശാഠ്യം പിടിയ്ക്കാറുണ്ട്..
    പക്ഷേ ഈ മഴ തന്ന അനുഭൂതികള്‍ നമ്മുടെ മഴ എന്ന് അറിയാതെ പറയിപ്പിയ്ക്കുന്നു..!
    അഭിനന്ദനങ്ങള്‍ ട്ടൊ..

    ReplyDelete
  33. കുറെ കാലത്തിനു ശേഷം ഇന്നലെ പെയ്ത മഴയില്‍ .. നാട്ടിലെ മണ്ണിന്റെ മണം ഇവിടെ അനുഭവപ്പെട്ട പോലെ ... ഇത് പോലൊരു പോസ്റ്റു ഇപ്പൊ അടുത്ത കാലത്ത്‌ ചാലിയാറിന്റെ ഓരത്ത് കൂടി ...ഒഴുകി പോയത്‌ കണ്ടു.. പ്രാവാസികള്‍ക്ക് മഴയുടെ ആരവം എന്നും ഒരനുഭൂതിയായിരിക്കും അല്ലെ..ആശംസകള്‍

    ReplyDelete
  34. മഴയെ ക്കുറിച്ച് എഴുതാനും പറയാനും ചെറുവാടിക്ക് അധികം ഭാവന വിരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല !! ബഹ്റിനില്‍ ഇന്നലെ പെയ്ത മഴയുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്താമായിരുന്നു !!
    --------------------------
    ഇന്നലെ ഇവിടെയും മഴ പെയ്തിരുന്നു ,,അത് പെയ്തു തോറും കണ്കുളിര്‍ക്കെ കണ്ടു കൊണ്ടിരുന്നു ...പക്ഷെ മഴയുടെ ആഫ്റ്റ്ര്‍ ഇഫക്റ്റ്‌ ആയ കൊതുകിന്റെ കടികൊണ്ട പ്പോള്‍ ആ നൊസ്റ്റാള്‍ജിയ പ്രാക്കില്‍ കലാശിച്ചു !! ഗള്‍ഫില്‍ മഴ പെയ്യാതിരിക്കുകയാണ് നല്ലത് എന്ന് ചിലപ്പോള്‍ തോന്നിപ്പോകും ശെരിയായ Drainage സിസ്റ്റത്തിന്റെ അഭാവമാവാം അങ്ങിനെ ചിന്തിപ്പിക്കുന്നത് !! (സാന്ദര്‍ഭികമായി പറഞ്ഞതാണ്‌ കേട്ടോ )

    ReplyDelete
  35. വീണ്ടും മന്സൂര്‍ക്ക.പണ്ട് മുതലേ എല്ലാവര്ക്കും ഒന്നെല്ലെങ്കില്‍ ഒരുതരത്തില്‍ മഴയോട് ഒരറ്റാച്ചുമെന്റ്റ് ഉണ്ട് .മഴയെ ആസ്വദിക്കാന്‍ നല്ലൊരു മനസ്സ് വേണം.അത് മന്സൂരിക്കക്കുന്ദ് .മഴപെയ്തിറങ്ങുന്നത് മനസ്സിലേക്കും കൂടിയാണ്.
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  36. ഈ പോസ്റ്റു വായിച്ച് കമന്റ് എഴുതാതെ മാറി നിന്ന് ഞാന്‍ ചിന്തിച്ചത് താങ്കള്‍ രൂപപ്പെടുത്തിയെടുക്കുന്ന പുത്തന്‍ ഭാഷയെക്കുറിച്ചും ഭാവുകത്വത്തെക്കുറിച്ചുമാണ്.... സാധാരണയായി ഏതൊരു എഴുത്ത് സമ്പ്രദായത്തിനും ഒരു പൂര്‍വ്വസൂരിയെ നമുക്കു കണ്ടെത്താനാവും... ചെറുവാടി ഉപയോഗിക്കുന്ന ഭാഷയിലും, രൂപപ്പെടുത്തുന്ന ഭാവുകത്വത്തിലും എഴുതിയിരുന്ന മറ്റൊരാളെ എനിക്കു കണ്ടെത്തുവാന്‍ കഴിയുന്നില്ല....

    അതായാത് എഴുത്തിന്റെ ഒരു പുതിയ ചാനല്‍ ഇവിടെ രൂപപ്പെട്ടു വരുകയാണ് എന്നു സാരം....ആശംസകള്‍.

    ReplyDelete
  37. മൻസൂർക്ക.. ഒരു നിമിഷം എല്ലായിടത്തേക്കും എന്നെ കൊണ്ട് പോയി,.... മഴയെ കാറ്റു കൊണ്ട് പോകും പോലെ..

    കോഴിക്കോട് ബീച്ചിൽ ഒരികെ മഴ പെയ്തപ്പോൾ ഒരു വികലാംഗൻ എങ്ങോട്ട് പോകുമെന്ന് അറിയാതെ, ആരും ശ്രദ്ധിക്കാതെ മുഴുവൻ മഴയും തന്നിലേക്ക് സ്വീകരിച്ചൊരു നിസഹായത നിറഞ്ഞ കാഴ്ച്ച മനസിലേക്ക് കടന്നു വന്നു.. സഹായത്തിന്റെ ഒരു കുട നൽക്കുവാൻ കഴിഞ്ഞില്ലോ എന്നോർത്ത് മനസ്സ് വിഷമിക്കുന്നു...

    ചിലപ്പോഴെക്കെ റുമിലെ ഫാനിന്റെ കറക്കം മഴയെ ഓർമ്മിപ്പിക്കാറുണ്ട്....

    ReplyDelete
  38. nalla kadha. aa pazhayakaalam ormma vannu. nanni

    ReplyDelete
  39. ഓർമ്മക്കാൾക്കെന്ത് സുഗന്ധം....
    നന്നായി മഴനനഞ്ഞുള്ള ഓർമ്മക്കുറിപ്പ്

    ReplyDelete
  40. എവടെ ! മനുഷ്യനെ നൊസ്റ്റാള്‍ജിയ അടിപ്പിച്ചു ഒരു വഴിയ്ക്കാക്കും !!
    ബഹറിനില്‍ മഴ പെയ്താലും നാട്ടിലെ ഫോട്ടോസ് ഇട്ടു കൊതിപ്പിക്കണോ!! :)

    ReplyDelete
  41. മഴ പെയ്യുന്നിടത്തോളം കാലം നമുക്ക് പ്രായമാവില്ലല്ലോ അല്ലേ; മനസ്സിലെ പ്രണയം പെയ്ത് തീരുകയും ഇല്ല...!

    മഴത്തുള്ളികള്‍ വന്ന് വീഴുന്നത് വരണ്ടുണങ്ങിയ ഈ മണ്ണില്‍ മാത്രമല്ലല്ലോ , മനസ്സിലേക്ക് കൂടിയാണല്ലോ ...
    അതെ
    ഒരു ബഹറിൻ മഴ കണ്ടയാഹ്ലാദാരവത്തിൽ ചെറുവാടിക്കാരനൊരുവൻ ഒരു ചെറുകടലാസ്സുതോണിയിറക്കി ഭൂതകാലമഴയിറമ്പലുകളിലേക്ക് തുഴഞ്ഞ് പോയിട്ട് വല്ലാതെ നൊസ്റ്റാൾജിയ ഉണർത്തിയിരിക്കുകയാണല്ലൊ ഇവിടെ...

    ReplyDelete
  42. മഴ വീഴുന്ന ഒരു മനസ്സുണ്ട് മൻസൂറിന്. മഴനൃത്തം- സ്ക്കൂൾ വരാന്തയിൽ, ഫറോക്ക് പാലത്തിൽ, ബ്ലോഗ് താളുകളിൽ. ഇഷ്ടപ്പെട്ടു!

    ReplyDelete
  43. ശരിക്കും നാട്ടിലെത്തിച്ചു ചെറുവാടി ഈ പോസ്റ്റിലൂടെ....... ചളിവെള്ളത്തി കളിച്ചത്തിന്നു ശ്രീധരന്‍മാഷ്ടെ വഴക്ക് ഇപ്പോ നിര്‍ത്തിയേ ഉള്ളൂ..:)

    ReplyDelete
  44. മഴ പെയ്തിറങ്ങുമ്പോള്‍ മണ്ണിനും മനസ്സിനും ഒരു പോലെ ആനന്ദം.

    ReplyDelete
  45. പ്രതിഭയുടെ ഈമഴ മനസ്സില്‍ കുളിര് കോരിയിട്ടു...! അഭിനന്ദനങ്ങള്‍.

    ReplyDelete
  46. മഴയുടെ സൌന്ദര്യം ആസ്വതിച്ചുകൊണ്ട് നില്‍ക്കാനും, രാത്രി മഴയുടെ ശബ്ദം കേള്‍ക്കാന്‍ വേണ്ടു ചുമരിനോട്കാതോര്‍ത്ത് കിടക്കാനും ഇതു വായിച്ചപ്പോള്‍ കൊതി തോനുന്നു ഇവിടെ ഞാന്‍ മഴക്കും വേണ്ടി കേഴുന്ന വേഴംബെലാണ് ....അസ്സലായി ചെറുവാടി

    ReplyDelete
  47. എന്നെ അതിശയിപ്പിക്കുന്നത് ഈ ഭാഷയാണ്‌.
    ഈ മനോഹരമായ ശൈലിയാണ്. അഭിനന്ദനങ്ങള്‍..!!!

    ReplyDelete
  48. മഴ എല്ലാവര്ക്കും ഓരോ തരം അനുഭവങ്ങളാണ് തരുന്നത് . കൂലിപ്പണിക്കാരന് അന്നത്തെ അന്നം മുട്ടിക്കുന്ന , ചോര്‍ന്നൊലിക്കുന്ന കൂരയിലിരിക്കുന്നവന് ഉറക്കം കെടുത്തുന്ന, സ്കൂളില്‍ പോകുന്ന കുട്ടിക്ക് 'പ്രതീക്ഷ' നല്‍കുന്ന ,അങ്ങനെ പല രൂപങ്ങളില്‍ മഴയെ സ്നേഹിക്കുന്നവരും ഭയപ്പെടുന്നവരും.
    എഴുത്ത് നന്നായി. തിരക്കുകള്‍ ഒക്കെ അവസാനിച്ചല്ലോ, ഇനി ആഴ്ചയില്‍ ഒരു പോസ്റ്റ്‌ എങ്കിലും പ്രതീക്ഷിക്കുന്നു.

    ReplyDelete
  49. പ്രിയപ്പെട്ട മന്‍സൂര്‍ ,
    പ്രകൃതിയുടെ ഓരോ ഭാവങ്ങളെയും തന്റെ മനോഹരമായ ശൈലിയില്‍ അല്ല തന്റേതു മാത്രമായ ശൈലിയില്‍ കണ്ടാലും മതി വരാത്ത ചിത്രം പോലെ വരച്ചു വെക്കുമ്പോള്‍ ഓരോ എഴുത്തും സമ്മാനിക്കുന്നത് ഹൃദയത്തിലേക്ക് ചേര്‍ത്ത് വെയ്ക്കാന്‍ ഒരു പാട് ഓര്‍മകളെ മാത്രമല്ല ഒരു പാട് നന്മകളും കൂടിയാണ്. ഈ ശൈലിക്ക് , ഈ ഭാഷയ്ക്ക്‌ , ഈ സുന്ദരമായ ചിത്രീകരനങ്ങള്‍ക്ക് എല്ലാറ്റിനും ഉപരി ഈ പങ്കു വെക്കലിനു പകരം തരാന്‍ നന്ദി മാത്രം. നന്ദി നന്ദി നന്ദി ..
    "മണലില്‍ പതിച്ചൊരു മഴതുള്ളി വെള്ളത്തിന്‍ അഴകൊന്നു കണ്ടോ നീ ...
    മരുഭൂമിയില്‍ നിന്റെ നാഥന്റെ കാരുണ്യ വര്‍ഷത്തെ കണ്ടോ നീ .."

    ReplyDelete
  50. മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ .....
    നല്ല പോസ്റ്റ്‌ ... ഇഷ്ട്ടായി.

    ReplyDelete
  51. മഴയോർമ്മകൾ അസ്സലായി..വിവിധ രൂപങ്ങളിൽ ഭാവങ്ങളിൽ മഴയുടെ മനോഹാരിത വരച്ചിട്ടു...പല മനസ്സുകളിലൂടേയുമുള്ള യാത്രയും രസായി..എനിക്ക് മഴ എന്നും ജനലുകൾക്കപ്പുറത്തെ കാഴ്ചയാണ്...എന്നെ കൊതിപ്പിച്ച് ഓടി മറയുന്ന മഴ... :)

    ReplyDelete
  52. ഈ മഴ നാട്ടിലേക്ക് ഞാനറിയാതെ കൂട്ടിക്കൊണ്ടു പോയി...
    വാഴയില വെട്ടി തലക്കു മുകളിൽ പിടിച്ച് ഞങ്ങൾ നാലഞ്ചു കുരുന്നുകൾ വരി വരിയായും നിര നിരയായും പോയിരുന്നതാണ് പെട്ടെന്ന് കൺ‌മുന്നിൽ തെളിഞ്ഞത്...!!
    ആശംസകൾ...

    ReplyDelete
  53. ചെറുവാടീ,മഴയുടെ സൌന്ദര്യത്തെയും അതിന്റെ വന്യമായ താളത്തെയും അനുഭവ വേദ്യം ആക്കിയ സുന്ദരന്‍ പോസ്റ്റ്‌..നല്ല ഒഴുക്കുള്ള ഭാഷ...ആശംസകള്‍..

    ReplyDelete
  54. മഴയില്‍ കുതിര്‍ന്ന മനസ്സും, മനസ്സില്‍ നിറഞ്ഞ ഓര്‍മ്മകളും.. മഴത്തുള്ളികള്‍ പോലെ മനോഹരമായി ചെര്ത്തുവേച്ച്ച്ച പോസ്റ്റ്‌. ചെറുവാടീ.. ഗൃഹാതുരത്വത്തിന്റെ രാജകുമാരനാണ് മന്‍സൂര്‍.....

    ReplyDelete
  55. ഓടുവില്‍ ഞാന്‍ ഭയന്നത് തന്നെ സംഭവിച്ചു. ബഹ്റൈനില്‍ മഴ പെയ്തു. ചെറുവാടി പോസ്റ്റും ഇട്ടു.
    പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ മഴ എന്തേ നേരത്തെ പെയ്യാഞ്ഞെ എന്ന് തോന്നിച്ചു. മനോഹരമായി എഴുതിയിരിക്കുന്നു ചെറുവാടി. വായിച്ചുകഴിഞ്ഞപ്പോള്‍ മേലാകെ മഴ നനഞ്ഞു.

    ReplyDelete
  56. ഹൃദ്യമായ എഴുത്ത്, ഒരു മഴക്കാറ്റിന്‍റെ കുളിര്‍മ്മയില്‍ പാടവരമ്പത്ത് ചെന്നിരുന്ന അനുഭൂതി..

    വായിച്ച് കഴിഞ്ഞപ്പോള്‍ കമന്‍റിടാന്‍ ക്ഷമകാണിക്കാതെ മോള്‍ടെ നോട്ട്ബുക്കില്‍ നിന്നും ഞാനൊരേട് പറിച്ചെടുത്ത് വഞ്ചിയുണ്ടാക്കി നോക്കി.. മറന്ന് തുടങ്ങിയിരിക്കുന്നു.. പഴയ ഭംഗി കിട്ടുന്നില്ല.. മടക്കുകളൊക്കെ മറന്നതുപോലെ..

    മനോഹരം, മനോഹരം, അതിമനോഹരം ചെറുവാടീ..

    ReplyDelete
  57. മഴ എനിക്കും പ്രിയം..


    നന്നായി..!

    ReplyDelete
  58. മൻസൂറിനെപ്പോലെ മഴയെ സ്നേഹിക്കുന്നയാളാണു ഞാനും. എന്തുമാത്രം ഓർമ്മകൾ.
    കുട്ടിക്കാലത്ത്, ഓണത്തിനായി കർക്കിടകത്തിൽ പറങ്കി മാവു വെട്ടിക്കീറി വിറകൊരുക്കിയിരുന്നു.മഴ വരും മുൻപു,അതു പെറുക്കിക്കൂട്ടി മുകളിൽ ഓലക്കീറുകളുടെ മേൽക്കൂര വയ്ക്കും.അതിന്റെ അറ്റത്തെ ഇത്തിരി ഇടത്തിൽ മൂന്നാലുപേരായി തിക്കിയിരുന്ന് പച്ച വിറകിന്റെ മണവും കോരിച്ചൊരിയുന്ന മഴയും അനുഭവിച്ചിരുന്ന കാലം ഓർത്തുപോയി.
    നന്ദി,മൻസൂർ. ഈഎഴുത്തിനും,പഴയ മഴക്കാല ഓർമ്മകൾക്കും..

    ReplyDelete
  59. ചെറുവാടിയുടെ പോസ്റ്റ്‌ ഒരു നല്ലമഴ നനഞ്ഞ പ്രതീതി ജനിപ്പിച്ചു .
    മഴ അനുഗ്രഹമാണ്,പലപ്പോഴും ഗതകാലഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്.
    പക്ഷെ പലപ്പോഴും അത് പാവപ്പെട്ടവന്റെ മനസ്സില്‍ തീ പടര്‍ത്തുന്നവയുമാണ് എന്നവശവും കൂടി നാം കാണേണ്ടതുണ്ട്.
    എന്തിനുകൂടുതല്‍?
    മഴയെ പ്രണയിക്കുന്ന നമ്മള്‍ പോലും രണ്ടുദിവസം മഴ തോരാതെ പെയ്താല്‍ 'നശിച്ച മഴ'യായി രൂപാന്തരപ്പെടുമെന്ന് ഉറപ്പ്.
    ആകര്‍ഷകമായ ശൈലിക്ക് നൂറു മാര്‍ക്ക്.

    ReplyDelete
  60. മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്!
    മഴ എവിടെ പെയ്താലും അത് സമ്മാനിക്കുന്ന സന്തോഷത്തിനു ഒരേ മുഖമാണ് അല്ലെ ചെറുവാടീ... GOOD WORK, CONGRATS..

    ReplyDelete
  61. മഴയുടേ വിവിധഭാവങ്ങളേക്കാല്‍ വ്യത്യസ്ഥ ഇടങ്ങളില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന മാറ്റം അത് ഭംഗിയായി കുറിച്ചിട്ടു.മനസ്സില്‍ വരുന്നത് അതു പോലെ എഴുതാന്‍ കഴിയുന്ന ചെറുവാടിയുടെ ശൈലിയീക്കുറിച്ചു ഞാന്‍ മുന്‍പും പറഞ്ഞിരുന്നു. മനോഹരം..മഴ പെയ്തോരോ തുള്ളികളാ‍യി ഭൂമിയെ ചുബിക്കും പോലെ വശ്യമായ വാക്കുകള്‍ കൊണ്ട് എഴുത്തിനെയും മനോഹരമാക്കട്ടെ.

    ReplyDelete
  62. ഇത്രക്ക് ഇഷ്ടാണ് ല്ലെ മഴയെ..! ഓരോ മഴ പെയ്യുമ്പഴും ചെറുവാടിയുടെ ഉള്ളില്‍ കുളിര് നിറയുന്നത് പോസ്റ്റിലൂടെ തൊട്ടറിയാം...
    really nice post....

    ReplyDelete
  63. കൂടെ മഴ നനഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .

    ReplyDelete
  64. ഇവിടെ പെയ്ത മഴയുടെ ക്ഷീണം മാറിവരുന്നതെയുള്ളൂ....
    എങ്കിലും മഴ എനിക്കിഷ്ടമാണ്.
    ഭൂമിയിലേക്ക് ആദ്യമായി മഴപെയ്യുമ്പോൾ സൌദി സുഹൃത്ത് പുറത്തിറങ്ങി ആകാശത്തെ നോക്കി മഴത്തുള്ളികളെ സ്വാഗതം പൊട്ടിച്ചിരിക്കുന്ന ചിത്രം ഇപ്പഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള ഇന്ന് പുതുമഴ നല്ലതല്ല എങ്കിലും മഴയെ പ്രണയിക്കാത്തവരുണ്ടാകില്ല. നല്ല എഴുത്ത്. നന്ദി.

    ReplyDelete
  65. മഴ പെയ്യുന്നിടത്തോളം മനസ്സിലെ പ്രണയം പെയ്തു തീരുകയില്ല!!! പെയ്തോഴിയാതിരിക്കട്ടെ ഈ മഴക്കാലങ്ങള്‍... മഴ എനിക്കും പ്രിയപ്പെട്ടതാകുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലോന്നാണ് മഴ എന്ന് ഞാന്‍ വിശ്വസിക്കുന്നു...വളരെ മനോഹരമായി എഴിതിയിരിക്കുന്നു.. വായികുമ്പോള്‍ ഞാനും ഇളം കാറ്റില്‍, മഴ നനഞ്ഞു ഒരു ചെറു തോണിയില്‍ യാത്ര ചെയ്യുകയായിരുന്നു.. ബാല്യത്തിലേക്ക്... ഓര്‍മകളിലേക്ക്.. നഷ്ട സ്വപ്നങ്ങളുടെ തീരത്തേക്ക്...
    നന്ദി... ആശംസകള്‍..
    - സ്നേഹപൂര്‍വ്വം അവന്തിക,

    ReplyDelete
  66. മഴ ഒരുതരം അനുഭൂതിയാണ്....ഒരായിരംവേദനയുടെ ചെപ്പാണ് ആചെപ്പിനകത്ത് ഒരു ഹ്യദയമുണ്ട്........

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....