Wednesday, August 6, 2014

ഒരു " കുട്ട " നിറയെ മധുരം
കാട് അതിന്‍റെ എല്ലാ അഹങ്കാരത്തോടേയും നിറഞ്ഞു നില്‍ക്കുന്നു . നല്ലൊരു സ്ഥലം നോക്കി റോഡരികില്‍ പുല്‍പ്പായ വിരിച്ച് ഭക്ഷണം കഴിക്കാനിരുന്നു . പുതുതായി തൂമ്പിട്ട മഞ്ഞനിറമുള്ള മുളകള്‍ കാടിന് പതിവിലും ഭംഗി തോന്നിപ്പിക്കുന്നുണ്ട് . കാറ്റിനൊപ്പം മുട്ടിയുരുമ്മുമ്പോള്‍ പുറത്ത് വരുന്നത് മുളകളുടെ പ്രണയത്തിന്‍റെ ശീല്‍ക്കാരമാണോ ..? അങ്ങിനെ തോന്നാതിരുന്നില്ല . കാടിന്‍റെ അരിക് പറ്റിയതിന് അവകാശം പറഞ്ഞ് കുറേ വാനര സുഹൃത്തുക്കളും അടുത്തുക്കൂടി . അവര്‍ക്കും ഭക്ഷണത്തിന്‍റെ വീതം വേണമെന്ന് . പരിഗണിക്കാം എന്ന ഉറപ്പ് കിട്ടിയ പോലെ അവരല്‍പം മാറിയിരുന്നു . വയറ് ആവശ്യപ്പെടുന്ന അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ. യാത്രയില്‍ അത് അങ്ങിനെയാവണം . ബാക്കി വന്നത് വാനരന്മാര്‍ക്ക് നിവേദിച്ചു . കാടിന്‍റെ നിയമത്തിന് എതിരാണത് . അവര്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും മാറി , നമ്മള്‍ തയ്യാറാക്കുന്ന എരിവും എണ്ണയും ഉള്ള ഭക്ഷണങ്ങള്‍ അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും . എല്ലാ വനപാതകളിലും കര്‍ശനമായി എഴുതിവെച്ച ഒന്നാണത് . പക്ഷെ ഭക്ഷണത്തിന് വേണ്ടി ഞങ്ങളോട് സംയമനത്തോടെ സമരം ചെയ്ത അവര്‍ക്ക് വേണ്ടി ആ നിയമലംഘനം നടത്തേണ്ടി വന്നു . അതും കഴിച്ച് മരത്തില്‍ നിന്നും മരത്തിലേക്ക് ചാടി അവര്‍ സന്തോഷം പങ്കുവെച്ചു .

വാര്‍ദ്ധക്യത്തിന്‍റെ ഞെരക്കവുമായി ഒരു കെ . എസ് . ആര്‍ . ടി . സി ബസ് ഞങ്ങളെ കടന്നുപോയി . തിമിരം ബാധിച്ച അതിന്‍റെ പിറകിലെ ചില്ലിലൂടെ സ്ഥലപ്പേര് വായിക്കാം . " കുട്ട " . ഞങ്ങള്‍ക്ക് പോവേണ്ടതും അവിടേക്ക് തന്നെ . പലപ്പോഴും "കുട്ട" എന്ന പേര് വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട് . തോല്‍പ്പെട്ടിയില്‍ നിന്നും രണ്ട് കിലോമീറ്ററോളം മാത്രമേയുള്ളൂ കുട്ടയിലേക്ക് . കര്‍ണ്ണാടകയുടെ ഭാഗം . ഒരു ബസ്സില്‍ കയറി കുട്ടയിലേക്ക് പോവണം എന്നുള്ളത് കുറെ നാളായി നടക്കാത്ത ഒരു മോഹമായി തന്നെ അവശേഷിക്കുന്നു . തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലേയും ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുള്ള ബസ് യാത്രകള്‍ രസകരമാണ് . ഒരു ഗ്രാമം തന്നെ ബസ്സിനകത്ത് കാണാം . മുടി നിറയെ വിവിധ തരം പൂക്കള്‍ ചൂടിയ സ്ത്രീകള്‍ ഒരു പൂന്തോട്ടം പോലെ തോന്നിക്കും . ഒച്ചയും കളിയും ചിരിയുമായി നമ്മളൊരു കവലയിലാണോ അതോ ബസ്സിലാണോ എന്ന് സംശയിച്ചുപോകും . പക്ഷെ അതൊരു രസകരമായ അനുഭവമാണ് . കുട്ട ഒരതിര്‍ത്തി ഗ്രാമം ആണെങ്കിലും കൂടുതലും മലയാളികള്‍ തന്നെ . കുടിയേറ്റക്കാരാണ് കൂടുതലും .ഓറഞ്ച് തോട്ടങ്ങള്‍ കായ്ച്ചുതുടങ്ങി എന്നറിഞ്ഞപ്പോള്‍ മുതല്‍ അത് കാണണം എന്നുറപ്പിച്ചതാണ് . ഇത്തരം യാത്രകളില്‍ മാത്രമേ കൂടെ കൂടാന്‍ ഭാര്യക്കും താല്‍പര്യമുള്ളൂ . ബത്തേരിയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ സുഹൃത്ത്‌ അവരുടെ പരിചയത്തിലുളള ഒരു തോട്ടം തന്നെ ഏര്‍പ്പാടാക്കി തന്നു . കണ്ണുകള്‍ക്ക് വിസ്മയം ഒരുക്കി ഓറഞ്ച് തോട്ടങ്ങള്‍ക്കരികില്‍ വണ്ടി നിന്നു . ദൂരങ്ങളോളം പരന്നുകിടക്കുന്ന മരങ്ങള്‍ . എല്ലാത്തിലും നിറഞ്ഞു നില്‍ക്കുന്ന ഓറഞ്ചും . തോട്ടത്തിന് നടുക്ക് പനയോലകള്‍ മറച്ച് ഉണ്ടാക്കിയ മനോഹരമായ ഒരു ഔട്ട്‌ഹൗസ് കാണാം . കുറച്ചകലെ ചെറിയൊരു ഓലമേഞ്ഞ വീടും . വാഹനത്തിന്‍റെ ശബ്ദം കേട്ട് പുറത്തുവന്ന ആള് പരിചയപ്പെടുത്തി . "റഹീം . വീട് മാനന്തവാടി . റഹീംക്ക എന്ന് വിളിക്കാം . പറഞ്ഞിരുന്നു നിങ്ങള്‍ വരുമെന്ന് ". തോട്ടം ചുറ്റിക്കാണുന്നതിന് മുമ്പ് ഒരു ചായയാവാം എന്ന് പറഞ്ഞ് റഹീംക്ക അകത്തേക്ക് പോയി .

മനസ്സ് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട് . തിരക്കില്‍ നിന്നും മാറി ശാന്തമായ പ്രകൃതിയോട് ചേര്‍ന്ന് , ശുദ്ധമായ വായു ശ്വസിച്ച് , മരങ്ങളോടും കിളികളോടും മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ചില സ്ഥലങ്ങള്‍ . അവിടെ ചിന്തകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രവേശനം പാടില്ല . അതിന് പറ്റിയ ഒരന്തരീക്ഷം എന്തുകൊണ്ടും ഇവിടെയുണ്ട് . ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒരു തീര്‍ത്ഥാടനം പോലെയാണെനിക്ക്. മനസ്സിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്ന എല്ലാ യാത്രകളും ഒരു രീതിയില്‍ തീര്‍ത്ഥാടനം തന്നെയാണ് . തോട്ടത്തില്‍ അങ്ങിങ്ങായി കുറേ തൊഴിലാളികളെ കാണാം . എല്ലാം ഈ നാട്ടുകാര്‍ ആണെന്ന് തോന്നുന്നു . മകളുടെ ശബ്ദം കേട്ടതുകൊണ്ടാവാം , ഓലമേഞ്ഞ കുടിലില്‍ നിന്നും അവളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടി ഇറങ്ങിവന്നു . കൈനിറയെ കുപ്പിവളയും കിലുക്കി അവള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു . ചെറിയൊരു മുക്കുത്തി അവളുടെ മുഖം ആകര്‍ഷണീയമാക്കി . ഒട്ടും സങ്കോചമില്ലാതെ അവള്‍ മകളുടെ സുഹൃത്തും ആയി .

കുട്ടയിലെ തണുപ്പില്‍ ചായക്ക്‌ നല്ല രുചി തോന്നി . അതും ഊതികുടിച്ച്‌ കണ്ണുകള്‍ തോട്ടങ്ങളിലേക്ക് നീട്ടിയെറിഞ്ഞു .

കുട്ടികള്‍ തമ്മില്‍ നല്ല കമ്പനി ആയെന്ന് തോന്നുന്നു .
പക്ഷെ എന്തായിരിക്കും അവര്‍ തമ്മില്‍ സംസാരിക്കുന്നത് ..? കയ്യും കാലും തലയും ഇളക്കി അവര്‍ പരസ്പരം സംസാരിക്കുന്നു. കുട്ടികള്‍ക്ക് സംസാരിക്കാന്‍ ഭാഷ അല്ലെങ്കിലും ഒരു പ്രശ്നമല്ലല്ലോ . നിഷ്കളങ്കമായ നോട്ടത്തിലൂടെയും ആംഗ്യങ്ങളിലൂടെയും ആശയങ്ങള്‍ കൈമാറുന്നു . ഈ തോട്ടം മാത്രമാവും അവളുടെ ലോകം. അവള്‍ ചിരിക്കുന്നതും സംസാരിക്കുന്നതും പരിഭവം പറയുന്നതും ഈ മരങ്ങളോട് തന്നെയാവും . റഹീംക്കയോടൊപ്പം ഞങ്ങളും നടന്നു തുടങ്ങി . ഈ ആഴ്ച മുതല്‍ ഇവ പറിച്ചു തുടങ്ങും . കൂടുതലും കയറ്റി പോകുന്നത് കേരളത്തിലേക്ക് തന്നെ . അന്ന് മുതല്‍ പുറത്തുനിന്നും ദിവസകൂലിക്ക് പണിക്കാര്‍ വരും . തോട്ടത്തെ പറ്റിയും വിളവെടുപ്പുമെല്ലാം പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും തോട്ടത്തില്‍ നിന്നും നേരിട്ട് പറിച്ച് ഒരു നാരങ്ങ എങ്ങിനെ ശാപ്പിട്ട് തുടങ്ങണം എന്ന ചിന്തയിലാണ് ഞാന്‍ . മനസ്സിലിരിപ്പ് പിടികിട്ടിയ പോലെ റഹീംക്ക ഒരു കൊമ്പ് പിടിച്ചു താഴ്ത്തി . ഞാനും ഭാര്യയും അതില്‍ കേറി പിടിച്ചത് ഒന്നിച്ചായിരുന്നു . ആക്രാന്തത്തിന് എന്തൊരു ഐക്യം എന്ന് റഹീംക്കക്ക് തോന്നിക്കാണണം . കുറേ മരങ്ങളിലെ നാരങ്ങകള്‍ ഭൂമിയെ തൊടാന്‍ വെമ്പുന്ന പോലെ . വളരാന്‍ മണ്ണും വളവും നല്‍കിയ ഭൂമിയെ ചുംബിക്കാന്‍ അവ ആഗ്രഹിക്കുന്ന പോലെ തോന്നുന്നു ആ കാഴ്ച .

ഇതിന്‍റെ സന്തോഷം ഒന്ന് വേറെതന്നെ . തോട്ടങ്ങളില്‍ നിന്നും നേരിട്ടറിയുന്ന രുചി . കുടക് ഓറഞ്ച് എന്ന പേരില്‍ മാര്‍ക്കറ്റില്‍ പ്രത്യേകം വില്‍ക്കപ്പെടുന്നു ഇത് . മുക്കുത്തി പെണ്‍കുട്ടിയും മോളും അവരുടെ വീതം മാറി നിന്ന് കഴിക്കുന്നുണ്ട് . കഴിപ്പിക്കുന്നതില്‍ ആണ് ആ പെണ്‍കുട്ടിക്ക് താല്‍പര്യം എന്ന് മനസ്സിലാക്കാം . നല്ല രുചിയുള്ള നാരങ്ങകള്‍ . അതും നുണഞ്ഞ് മുന്നോട്ട് നടന്നു . പരിചിതമല്ലാത്ത കാലൊച്ചകള്‍ കേട്ടിട്ടെന്ന പോലെ ഒരു കറുമ്പന്‍ മുയല്‍ ചാടി മറിഞ്ഞു . ഇവരെല്ലാം ഇവിടത്തെ അന്തേവാസികള്‍ ആണ് . ഓറഞ്ച് മരങ്ങള്‍ക്കിടക്ക് ഇടകൃഷി പോലെ കൈതച്ചക്കകള്‍ ഉണ്ട് . അവയും നല്ല മൂപ്പില്‍ ചുവന്ന് തുടുത്തു നില്‍ക്കുന്നു . രുചി നോക്കാന്‍ മറന്നില്ല . ഈ തോട്ടത്തില്‍ ദിവസം മുഴുവന്‍ ഇങ്ങിനെ നടന്നാലും മടുക്കില്ല . അത്രക്കും മനസ്സിനെ തരളിതമാക്കുന്ന ഒരന്തരീക്ഷം ഇവിടെയുണ്ട്. ഇലകള്‍ മറച്ച് നാരങ്ങകള്‍ തൂങ്ങികിടക്കുന്നത്‌ കുടകിലേക്കുള്ള റോഡിലും മറ്റും കാണാം . അടുത്തറിയുന്നത് ആദ്യമായാണ്‌ . റഹീംക്ക രണ്ട് ഓറഞ്ച് തൈകള്‍ തന്നു . ഭാഗ്യം ഉണ്ടെങ്കില്‍ ഇത് അവിടെയും തളിര്‍ക്കും . കവര്‍ വണ്ടിയില്‍ നിന്നും ഇളകാതെ നോക്കണം . വേര് ഇളകിയാല്‍ ചിലപ്പോള്‍ നശിച്ചുപോകും എന്നും കൂട്ടിച്ചേര്‍ത്തു .

"ഉപ്പാ .. എനിക്കുമൊരു മുക്കുത്തി വേണം ട്ടോ " . മോളുടെ ആവശ്യം ചിരിപ്പിച്ചു . വിട പറയുന്നതിന്‍റെ വിഷമം അവര്‍ക്കിടയിലുണ്ട് . തോട്ടത്തിന്‍റെ അതിര്‍ത്തി കടക്കുമ്പോള്‍ അവര്‍ തമ്മില്‍ കൈമാറിയ ചിരിയില്‍ ഒരു സങ്കടം കാണാമായിരുന്നു . കയ്യില്‍ പാതി കഴിച്ച ഓറഞ്ചുമായി ആ മുക്കുത്തി കുട്ടി കുറച്ച് ദൂരം വാഹനത്തിന് പിറകെ ഓടി . അവളുടെ കുപ്പിവളകളുടെ കിലുക്കം വീണ്ടും കുറെ ദൂരം വന്നു . പിന്നേയത് അവളുടെ പൊട്ടിച്ചിരിയായി ഞങ്ങളില്‍ നിറഞ്ഞു .കുട്ടയില്‍ നിന്നും മടങ്ങുന്നത് ഒരു കുട്ട നിറയെ മധുരമുള്ള കാഴ്ചകളുമായാണ്. വെള്ളിനാരുകള്‍ പോലെ നരച്ച തലമുടിയുമായി റഹീംക്കയും സ്നേഹം ചേര്‍ത്ത ചായയും . ആ മരങ്ങളുടെ തണലില്‍ വളരുന്ന ഒരു പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ മുഖമുണ്ട് . വനപാതകള്‍ പതുക്കെ ഇരുട്ട് മൂടുന്നു . പേരറിയാത്ത ഏതോ പക്ഷികളുടെ കരച്ചില്‍ മാത്രം വേറിട്ട്‌ നില്‍ക്കുന്നു . അടച്ചിട്ട ചില്ലുകള്‍ക്കിടയിലൂടെ അതിക്രമിച്ചു കടക്കുന്ന തണുത്ത കാറ്റ് . പതുക്കെ കണ്ണുകള്‍ ഉറക്കത്തിലേക്ക് വഴുതിവീണു . അതിലേക്ക് ഒരു സ്വപ്നം കടന്നുവന്നു . എന്‍റെ കയ്യിലിരിക്കുന്ന ഓറഞ്ച് തൈകള്‍ വളര്‍ന്നുവലുതാകുന്നു . കുറെ മരങ്ങള്‍ . അത് കായ്ക്കുന്നു . മരത്തിന് ചുറ്റും കിളികള്‍ പറക്കുന്നു . മുക്കുത്തിയിട്ട ഒരു കുഞ്ഞു പെണ്‍കുട്ടി കുപ്പിവളകളും കിലുക്കി അവിടെല്ലാം ഓടി കളിക്കുന്നു . ഒരു കിളി പറന്നുവന്ന് മരത്തില്‍ നിന്നും പഴുത്തൊരു നാരങ്ങ കൊത്തി താഴേയിട്ടു . അതിന്‍റെ അല്ലികളില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന മധുരവും നുണഞ്ഞ് ആ സ്വപ്നം നാടുകാണി ചുരമിറങ്ങി .

67 comments:

 1. നന്നായി...
  ശുദ്ധവായു ശ്വസ്സിച്ച പ്രതീതി...

  ReplyDelete
 2. ചെറുവാടി ഓര്‍മ്മകളുടെ ചെപ്പു തുറന്നതു കര്‍ണാടക ഗ്രാമങ്ങളിലെ സുഗന്ധ വാഹിനിയായ കുളിര്‍കാറ്റിനൊപ്പം നാരങ്ങത്തോട്ടങ്ങളിലെ മധുരമൂറും കാഴ്ചകളുമായി.

  മധുര നാരങ്ങയുടെ രുചിയുള്ള ഈ യാത്രാനുഭവം വിവരണത്തിന്റെ മികവു കൊണ്ട് വായനയുടെ പ്രഭാതം ധന്യമാക്കി.

  ReplyDelete
 3. ചെറുവാടീ ,
  ഈ എഴുത്തും വര്‍ണ്ണനയും എല്ലാം പതിവ് പോലെ സുന്ദരം.
  കര്‍ണ്ണാടക ഗ്രാമങ്ങളിലെയും അവിടുത്തെ സുന്ദരമായ യാത്രകളും ഒരനുഭവം തന്നെയാണ്. പ്രത്യേകിച്ചും യാത്ര ഇഷ്ടപ്പെടുന്നവര്‍ കൂടെ ഉണ്ടെങ്കില്‍ അത് കൂടുതല്‍ രസകരമാകും. ലോകത്ത് എവിടെ ആയാലും ഗ്രാമങ്ങളിലൂടെ ആത്മാവ് തൊട്ടുള്ള യാത്ര ഒരു വിരുന്നു തന്നെയാണു., അത് പകര്‍ത്തി ഞങ്ങളെയും വിരുന്നൂട്ടിയത്തിനു നന്ദി.

  ReplyDelete
 4. ഗ്രാമങ്ങളിലൂടെ, പ്രത്യേകിച്ച്‌ കർണ്ണാടകാ ഗ്രാമങ്ങളിലൂടെയുള്ള ചെറുവാടിയുടെ യാത്രകളെക്കുറിച്ച്‌ ഇനി എന്തു പറഞ്ഞാലും അത്‌ ആവർത്തനമാകും... സോ, തൽക്കാലം വായിച്ച്‌ കൊതിച്ച്‌ തിരികെ പോകുന്നു.

  ReplyDelete
 5. മധുര നാരങ്ങ പോലെ തന്നെ ... രാവിലത്തെ വായന , മനസ്സിനു ഒരു കുളിര്‍മ തന്നു ..നന്ദി ചെറുവാടീ

  ReplyDelete
 6. 'കയ്യില്‍ പാതി കഴിച്ച ഓറഞ്ചുമായി ആ മുക്കുത്തി കുട്ടി കുറച്ച് ദൂരം വാഹനത്തിന് പിറകെ ഓടി . അവളുടെ കുപ്പിവളകളുടെ കിലുക്കം വീണ്ടും കുറെ ദൂരം വന്നു ." ഇത്തിരി ‍ നേരത്തേക്കെങ്കിലും കളിയ്ക്കാന്‍ കിട്ടിയ കൂട്ട് പിരിഞ്ഞപ്പോള്‍ ആ കുഞ്ഞു മനസ്സ് നൊന്തു കാണും.. എന്തിനോ എന്റെ മനസും ..ഓറഞ്ച് തോട്ടത്തിലൂടെയുള്ള രസകരമായ യാത്ര ഇഷ്ട്ടായി .

  ReplyDelete
 7. ഒരു കുട്ട നിറയെ മധുരം!
  പക്ഷെ നാരങ്ങക്കൊപ്പമുള്ള ആ സ്വപ്നം...അത് സ്വപ്നമായിത്തന്നെ അവശേഷിക്കും.

  ReplyDelete
 8. മന്‍സൂ , " ഗവി "പൊലെ വീണ്ടും " കുട്ട "
  എഴുതിയാലും , കണ്ടാലും മതിവരാത്ത
  യാത്ര കൊതിയന്റെ മനസ്സിലൂടെ മനൊഹരമായ ,
  കുളിരേകുന്ന വരികളിലൂടെ ഈ മധുരം ഞങ്ങളിലേക്കും
  ന്റെ പ്രീയ കൂട്ടുകാരന്‍ പകര്‍ന്നിരിക്കുന്നു ...!
  ഒരൊ യാത്രയും , യാത്ര വിവരണവും മന്‍സൂന്റെ എഴുത്തിലൂടെ
  വായിക്കുവാന്‍ ഇഷ്ടാണ് , കാണുന്ന പൊലെ , അനുഭവിക്കുന്ന പൊലെ
  പകര്‍ത്തുവാനുള്ള കഴിവാണത് , എത്ര തെരുവുകളിലേക്ക്
  മഞ്ഞു മൂടിയ കാനന പാതയിലേക്ക് നമ്മേ കൂട്ടിയിരിക്കുന്നു ......
  " ഒരു യാത്ര പൊയിരുന്നു , കാടിനകത്തേക്ക് , ഇത്തവണ നാട്ടില്‍ പൊയപ്പൊള്‍ ..
  അതൊന്നു ഓര്‍ത്തിരിന്നു ഞാന്‍ വെറുതെ ...............
  നിഷ്കളങ്ക ബാല്യങ്ങളില്‍ , ആ പുഞ്ചിരി എന്നും മായാതെ നില്‍ക്കട്ടെ
  മന്‍സുവിന്റെ മയക്കങ്ങളിള്‍ നുണഞ്ഞ മധുരം , നേരുകളായി ഭവിക്കട്ടെ ..

  ReplyDelete
 9. കൊതിയാവുന്നു ഇത്തരം യാത്രകള്‍ ചെയ്യാന്‍.........., വായിച്ചപ്പോള്‍ ഒരുനല്ല തണുപ്പ് കിട്ടുന്നു .

  ReplyDelete
 10. യാത്രകള്‍ അതെത്ര സുന്ദരമാണ്. കാഴ്ചകള്‍ കണ്ട് കണ്ട് ലോകമവസാനിക്കുന്നതുവരെ യാത്ര ചെയ്യുക. സുന്ദരമായ എഴുത്ത് ചെറുവാടി. നേരിട്ട് കാണുന്ന പ്രതീതി. ചിത്രങ്ങള്‍ വളരെ ചെറുതായിപ്പോയി എന്ന പരിഭവത്തോടെ...

  ReplyDelete
 11. കാട്ടിക്കുളം ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ എന്റെ അടുത്ത ബന്ധുവായ ഒരാൾ ആയിരുന്നു. കുട്ടയിൽ നിന്നൊക്കെ കുട്ടികൾ വനത്തിലൂടെയുള്ള പാത താണ്ടി. കാട്ടിക്കുളം ഹൈസ്കൂളിൽ പഠിക്കാൻ വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞ് അറിഞ്ഞിട്ടുണ്ട്.പലതവണ സഞ്ചരിച്ച് പരിചിതമായ വഴികളിലൂടെയാണ് ഇത്തവണ ചെറുവാടി കൂട്ടിക്കൊണ്ടുപോയതെങ്കിലും, യാത്രികന്റെ മനസ്സിനനുസരിച്ച് കാഴ്ചകളും വഴികളും മാറുന്നു എന്നു പറയുന്നതുപോലെ ചെറുവാടിയുടെ മനസ്സിലൂടെ പരിചിതവഴികൾക്ക് പുതിയൊരു കാഴ്ച......

  ReplyDelete
 12. ഒരു ഓറഞ്ച് മണത്തല്ലൊ ഈ പോസ്റ്റിൽ
  നറുമണം വിതറിയീ എഴുത്ത്

  ReplyDelete
 13. കുട്ടാ നന്നായിട്ടുണ്ട് കുട്ടാ -നീ നിറുത്തരുത് - യാത്ര ഏകാന്തനായി തുടരുക -ഭാര്യ ഉണ്ടായാലും പ്രശ്നമില്ല - വേറെ ആരും വേണ്ട

  ReplyDelete
 14. മധുരം നിറഞ്ഞൊരു യാത്ര...
  കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ മനംകുളിര്‍പ്പിക്കുന്ന തലോടലേറ്റ നിര്‍വൃതി!
  ആശംസകള്‍

  ReplyDelete
 15. പുതുമഴക്ക് ശേഷം പുതുതായി തൂമ്പിട്ട നിറമുള്ള മുളകള്‍ പണ്ടൊക്കെ നാടിനും എന്തൊരാകര്‍ഷകമായിരുന്നു.
  അതേ,എല്ലാ യാത്രകളും ഒരു രീതിയില്‍ തീര്‍ത്ഥാടനം തന്നെയാണ് ..മനസ്സിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നതാണെങ്കില്‍ ,
  വളരെ ഹൃദ്യമായ ഒരു വിവരണമായി.കുറച്ചുകൂടി ചിത്രങ്ങള്‍ ആവാമായിരുന്നു.ആശംസകളോടെ...

  ReplyDelete
 16. :) കൊള്ളാലോ ചെരുവാടീ യാത്ര . ഇതുപോലുള്ള യാത്രകള്‍ എന്നും വലിയ മോഹമാണ് . എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒരിക്കല്‍ ഇറങ്ങണം ഇതു പോലെ ഏതെങ്കിലും പ്രകൃതിയുടെ കയ്യൊപ്പുള്ള സ്ഥലത്തേയ്ക്ക് ...

  ReplyDelete
 17. ഒരിക്കലും മറക്കാത്ത യാത്രകളും മടുക്കാത്ത ഓര്‍മ്മകളുമായി ചെറുവാടിയുടെ സഞ്ചാരസാഹിത്യം കാടും കടലും മലയും കടന്നുപോകുകയാണ്.വായനക്കാരനെ കൊതിപ്പിക്കുന്ന പ്രകൃതിയും വര്‍ണ്ണനയും.
  ആശംസകള്‍ മന്‍സൂര്‍.

  ReplyDelete
 18. കാടും തണലും നിഷ'കളങ്ക ബാല്യങ്ങളും പഴങ്ങളും നിറഞ്ഞ കുട്ട!. തലയില്ല്ല; മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു. കൂടെ സഞ്ചരിച്ചപൊലെ...യാത്രകളിലെ താങ്കളെ വായിക്കുമ്പോള്‍ ഓരോ യാത്രയും അനുഭവിക്കുകയാണ് ചെറുവാടി. ഈ തൂലിക കൂടുതല്‍ പച്ച പിടിക്കട്ടെ.

  ReplyDelete
 19. വളരെ രസകരമായി വായിച്ചു.....എനിക്കും ഇതുപോലെ ഒരു ഓറഞ്ചുതോട്ടം സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്.......

  ReplyDelete
 20. മച്ചാ കുട്ടനിറയെ ശുദ്ധവായുവാണ് കിട്ടിയത്... ഇവിടെ ഈ മുറിയിൽ നിന്നിറങ്ങി നടന്നു പോയി ഞാൻ....
  "മനസ്സ് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട് . തിരക്കില്‍ നിന്നും മാറി ശാന്തമായ പ്രകൃതിയോട് ചേര്‍ന്ന് , ശുദ്ധമായ വായു ശ്വസിച്ച് , മരങ്ങളോടും കിളികളോടും മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ചില സ്ഥലങ്ങള്‍ . അവിടെ ചിന്തകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രവേശനം പാടില്ല . അതിന് പറ്റിയ ഒരന്തരീക്ഷം എന്തുകൊണ്ടും ഇവിടെയുണ്ട് . ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒരു തീര്‍ത്ഥാടനം പോലെയാണെനിക്ക്“

  വളരെ സത്യമാണ് മൻസൂർ പറഞ്ഞത്.

  ReplyDelete
 21. രണ്ട് വർഷം മുൻപ് ഞ്ങ്ങളുണ്ടായിരുന്നു കുട്ടയിൽ രണ്ട് കൊല്ലത്തോളം. കോഴിക്കോട് നിന്ന് ഞാനൊറ്റക്ക് എത്ര തവണ പോയി വന്നിരിക്കുന്നു ഈ റോഡിലൂടെ. കെ എസ് ആർടിസി ബസിൽ ചുരം കേറാനും തോൽ‌പ്പെട്ടി കഴിഞ്ഞുള്ള കുറഛ് ദൂരം കാട്ടിനുള്ളിലൂടെയുള്ള യാത്രയും എനിക്ക് ഒരുപാടിഷ്ടായിരുന്നു.

  നല്ല പോസ്റ്റ്.

  ReplyDelete
 22. മധുര നാരങ്ങപോലെ മധുരമായ ഓര്‍മ്മകള്‍ . ചെറിയ ഓരോര്മ്മയെ നല്ല മനോഹരമാക്കി കേട്ടോ മധുരാശംസകള്‍

  ReplyDelete
 23. ഒരു കുട്ട നിറയെ പ്രസന്നതയുമായി ഒരു പുത്തന്‍ പോസ്റ്റ്.

  മധുരനാരങ്ങാനീരിന്റെ ഇനിമ ഓരോ വാക്കിലും മുറ്റി നില്‍ക്കുന്നു. ഓരോ വാക്യത്തില്‍നിന്നും അത് മനസ്സിലേയ്ക്ക് കിനിഞ്ഞിറങ്ങുന്നു...

  ഉടനെ ഒരു നാരങ്ങാത്തോട്ടത്ത്തിലേക്ക് ഓടാനാണിപ്പോള്‍ എന്റെ ചിന്ത. (ആക്രാന്തത്തില്‍ ഐക്യം കാണിച്ച ദമ്പതികളോട് ഉള്ളിലൊരു കുശുമ്പ് തോന്നുന്നതും ഒളിച്ചുവെയ്ക്കുന്നില്ല).

  ഏറെ ഹൃദ്യമായ ഈ പോസ്റ്റിന്‌ നന്ദി അറിയിക്കുന്നു.

  ReplyDelete
 24. കൊതിപ്പിക്കുന്ന വിവരണം. നല്ല പഴുത്ത ഓറഞ്ചിന്റെ ഗന്ധം മൂക്കിലടിക്കുന്നു.

  സന്തോഷം, നന്ദി.

  ReplyDelete
 25. നല്ലോണം ആസ്വദിച്ചു ഈ യാത്ര....

  ReplyDelete
 26. 'കുട്ട' എന്നാ പേര് രസായിരിക്കുന്നല്ലോ.. ഞാന്‍ ആദ്യായിട്ട് കേള്‍ക്കുകയാ..
  ഫോട്ടോ കണ്ടിട്ട് തന്നെ വായില്‍ മധുരമെത്തിയത് പോലെ..
  അപ്പോള്‍ പിന്നെ നേരിലുള്ള കാഴ്ച പറയേണ്ടതില്ലല്ലോ..
  ഏതായാലും ആ മാധുര്യം മുഴുവന്‍ വായനക്കാരിലെത്തിച്ചു!!
  ആശംസകള്‍.

  ReplyDelete
 27. നല്ല അസ്സലായി എഴുതിയിരിക്ക്കുന്നല്ലോ
  അടിപൊളി
  വായനാകാരെ ശരിക്കും രസിപ്പിക്കുന്നു

  ReplyDelete
 28. ഒരു കുട്ട നിറയെ സ്നേഹം.


  ഞാന്‍ കര്‍ണാടകത്തിലും തമിഴ് നാട്ടിലും
  കുറച്ചു കാലം പഠനത്തിന്റെയും ജോലിയുടെയും
  ഭാഗമായി താമസിച്ചിരുന്നു. അവിടുത്തെ ജനങ്ങളുടെ
  വിശിഷ്യ, ഉള്‍നാടന് ‍ജനതയുടെ സ്നേഹം
  അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്.


  ചെറുവാടിക്ക് കര്‍ണാടകയുമായുള്ള ബന്ധം ഇതിനു
  മുമ്പും പോസ്റ്റുകളിലൂടെ കണ്ടിട്ടുണ്ടല്ലോ. മന്‍സൂര്‍
  അടുത്ത യാത്രക്ക് ഞാനും കൂടെ ഉണ്ട് കെട്ടൊ.മനോഹരം
  അയ വിവരണത്തിന് അഭിനന്ദനങ്ങള്‍

  ReplyDelete
 29. നല്ല മധുരം!!

  ReplyDelete
 30. ഒരു കുളിർക്കാറ്റ്‌ തഴുകുകയായിരുന്നു വായനയിലുടനീളം. കുട്ട നിറച്ച മധുരം വക്കുകളിലൂടെ വായനക്കരന്റെ മനം നിറക്കുന്നു. അഭിനന്ദനങ്ങൾ ചെറുവാടി.

  ReplyDelete
 31. കാടിലും പച്ചയിലും പഴങ്ങളിലും അലിഞ്ഞു ജീവിക്കാന്‍ ഒരിക്കലെങ്കിലും കൊതിക്കാത്ത ആരുണ്ട്‌. ഒരു പക്ഷെ നമ്മുടെ പ്രപിതാക്കള്‍ പിന്നിട്ട പാതകളിലേക്ക് അവര്‍ നമ്മുടെ ജീനുകളില്‍ വസിച്ചുകൊണ്ട് മാടി വിളിക്കുകയാവം. മന്‍സൂറിന്റെ ഈ വിവരണം കൂടിയാവുമ്പോള്‍ ആ വിളി ആത്മാവിലാകെ ഒരു അലയടിയായി നിറയുന്നു.

  ReplyDelete
 32. കുട്ടയില്‍ നിന്നും മടങ്ങുന്നത് ഒരു കുട്ട നിറയെ മധുരമുള്ള കാഴ്ചകളുമായാണ്.
  വായിച്ചു കഴിഞ്ഞു മടങ്ങുന്നത് മനസ്സു നിറഞ്ഞ മധുരക്കാഴ്ച്ചകളുമായാണ്.
  നന്നായി കൊതിപ്പിച്ചു.

  ReplyDelete
 33. ആഹാ..
  ഓരോ യാത്രകളും മനസ്സിനെ കൊതിപ്പിക്കും..
  നമ്മള്‍ ബാണാസുര സാഗര്‍ പോയ അന്ന് കുട്ട ബസ്‌ കണ്ടതും അതിനെ കുറിച്ച് സംസാരിച്ചതും ഓര്‍മ്മ വന്നു
  യാത്രാ വിവരണങ്ങള്‍ എന്നും എന്റെ ദൌര്‍ബല്യങ്ങളാണ്
  അത് സെന്റെര്‍ കോര്‍ട്ടില്‍ ആണെങ്കില്‍ പ്രത്യേകിച്ചും. കാരണം ഞാനും ഈ വഴിക്ക് യാത്ര ചെയ്യുന്ന പ്രതീതി അതെന്നില്‍ ഉണര്‍ത്തും

  ReplyDelete
 34. വായനയുടെ മധുരം നിറയെയുണ്ട് ഈ കുട്ടയില്‍ ..

  ReplyDelete
 35. മന്‍സൂര്‍ , ഒരു വല്ലാത്ത ഭാഷയാണ്‌ താങ്കളുടേത്. പലപ്പോഴും വായിക്കും. വായനയുടെ മയക്കത്തില്‍ കമന്റ്‌ ഇടാന്‍ മറന്നു പോകും. കുട്ടയിലെ കാറ്റും ഓറഞ്ച് മണവും ദേ , ഇവിടെ ഈ സൌദിയില്‍ മണക്കുന്നു പഹയാ നിങ്ങടെ ഈ പോസ്റ്റിലെ ഭാഷയിലൂടെ.... ഒരു യാത്ര പോകണം ഇതുപോലെ ... യാത്രക്ക് കൊതിപ്പിക്കുന്നു താങ്കളുടെ ഓരോ പോസ്റ്റും... ഒരുനാള്‍ വരും .. ഒരു നാള്‍....... ... ,, ചൂട് സുലൈമാനിയും മൊത്തി ഏതെന്കിലും ഒരു മലഞ്ചെരുവില്‍ ഗസല്‍ ആസ്വദിക്കുന്ന ഒരു രാത്രിയെ സ്വപ്നം കാണുന്നു ...!

  ReplyDelete
 36. മന്‍സൂര്‍....... വായിച്ചു തീര്‍ന്നപ്പോള്‍ ഒരു യാത്ര കഴിഞ്ഞു വന്ന പ്രതീതി. ഇനിയും പ്രതീക്ഷിക്കുന്നു കൂടുതല്‍ നല്ല യാത്രാ വിവരണങ്ങള്‍.

  ReplyDelete
 37. യാത്രാവിവരണം അസ്സലായിട്ടുണ്ട് ചെറുവാടീ ..ഓറഞ്ചു തോട്ടത്തില്‍ കൂടെ കയറിയിറങ്ങിയ പോലെയുണ്ട് ..

  പിന്നെ കയ്യിലിരിക്കുന്ന ഓറഞ്ച് തൈകള്‍ വളര്‍ന്നുവലുതാകുമ്പോള്‍ അല്‍പ്പം ശര്‍ക്കര വെള്ളം ഒഴിച്ചു കൊടുക്കണം ട്ടോ ..

  ReplyDelete


 38. കുട്ട എനിക്കിഷ്ട്ടായി....
  യാത്രാവിവരണം അസ്സലായിട്ടുണ്ട് ചെറുവാടീ ..ഓറഞ്ചു തോട്ടത്തില്‍ കൂടെ കയറിയിറങ്ങിയ പോലെയുണ്ട് ..ഇതെവിദെയാണ് സ്ഥലം. എനിക്കും ഒന്ന് പോയാൽ കൊള്ളാമെന്നുണ്ട്. റഹീംക്കാനെ ഒന്ന് പരിചയപ്പെടുത്തി തരാൻ കഴിയുമോ??

  ReplyDelete
 39. ഹൊ..ഓറഞ്ച്‌ മണം ..നിയ്ക്കിഷ്ടാ :)

  കർണ്ണാടകയിലിരുന്ന് ഞാൻ ആസ്വാദിക്കുന്നത്‌ ഇവിടുത്തെ ഓരോ കാഴ്ച്ചകൾ..
  പ്രിയമാണു ഓരോ വിരുന്നും..നന്ദി

  ReplyDelete
 40. നല്ല വിവരണം.
  ആ ഓറഞ്ചുതൈകള്‍ പിടിച്ചുകിട്ടിയാല്‍ അറിയിക്കൂ

  ReplyDelete
 41. യാദ്രിശ്ചികമായി ഒരു ഓറഞ്ച് തിന്ന് കൊണ്ടാണ് ഞാന്‍ പോസ്റ്റ്‌ വായിച്ചത്,ഓറഞ്ച് പോലെ തന്നെ മധുരമുള്ളത് :).ഞാനും പോകാറുണ്ട് കുട്ട വഴി, ചില കാള രാത്രികളില്‍(ഇന്ന് രാത്രി സ്ഥിതി എന്താണോ ആവോ) അത് കൊണ്ട് കാഴ്ചകളൊന്നും കാണാന്‍ പറ്റാറില്ല.ഒരു പ്രാവശ്യം മുത്തങ്ങ പുലിയിറങ്ങിയത് പ്രമാണിച്ച് ഹര്‍ത്താല്‍ നടത്തിയപ്പോള്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി,പെരിക്കല്ലുര്‍ വഴി, കടവ് കടന്ന്‍ ബൈരക്കുപ്പ പോയിട്ടുണ്ട് ,അവിടന്ന് മൈസൂരേക്കും.കുറച്ചു ദൂരം പോയാല്‍ പിന്നെ റോഡ്‌ ഇല്ല ഒരു വഴി മാത്രം,അന്ന് വഴിയരികില്‍ കാട്ട് പോത്തിനെ കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി അതും നമ്മുടെ KSRTC. ആ വഴിയിലൂടെ ഓടിയ ബസ് ആക്രിക്കടക്കാര്‍ പോലും എടുക്കില്ല അത്രയും നല്ല റൂട്ട് (വെറുതെയാണോ KSRTC നഷ്ടത്തിലാകുന്നത് ).കുട്ട റോഡ്‌ പണി തുടങ്ങിയിട്ടുണ്ട് ,അവിടെ ഒരിക്കല്‌ പോണം കൂടെ കുടകിലും ..............

  ReplyDelete
 42. ഇത്തരം ഗ്രാമ്യജീവിതത്തിലേക്കാണ് എന്റെ മനസ്സ് വിളിച്ചു കൊണ്ടുപോകുന്നത്, എത്തിപ്പെടുന്നതോ മണ്ണിന്റെ മണമില്ലാത്ത നിഷ്കളങ്കതയില്ലാത്ത നഗരവീഥികളിൽ! ഈ എഴുത്തിന് വല്ലാത്തൊരു ഭംഗിയുണ്ട്, വയനാടൻ മരക്കാടുകളെ തഴുകി വരുന്ന ഇളം കാറ്റിന്റെ തണുപ്പുണ്ട്, മുളക്കൂട്ടങ്ങളുടെ സംഘഗാനത്തിന്റെ ഈരടിയുണ്ട്,കളങ്കമില്ലാത്ത പ്രകൃതിയുടെ സൗകുമാര്യമുണ്ട്. ഇനിയിതൊന്ന് വയനാട്ടുകാരിയെക്കൂടി വായിപ്പിക്കണം, അടുത്ത ചുരം കയറ്റം കുട്ടയിലേക്കാക്കാം

  ReplyDelete
 43. കുട്ടയെപ്പറ്റി എനിക്കും കുറെ മധുരിക്കുന്ന ഓര്‍മ്മകള്‍ ഉണ്ട്. രണ്ടു വര്‍ഷം മുന്‍പ് വയനാട്ടിലേക്ക് വെറുതെ ചുരം കയറി യാദ്രശ്ചികമായി എത്തിപ്പെട്ടതായിരുന്നു അവിടെ..ഇര്‍പ്പൂ വെള്ളച്ചാട്ടം ,അതിനു താഴെയുള്ള ശലഭോദ്യാനം, മനോഹരമായ തോട്ടങ്ങള്‍ , ഒക്കെ കാണേണ്ട കാഴ്ചകള്‍ തന്നെ...
  വീണ്ടും കുട്ടയുടെ മോഹിപ്പിക്കുന്ന ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോയതിന് നന്ദി...

  ReplyDelete
 44. വീണ്ടും ഒരു നല്ല പോസ്റ്റുമായി എത്തിയല്ലോ ............... :)
  ആ വഴി .......ന്ത്‌ ഭംഗിയാല്ലേ ന്ന് ഞാന്‍ എന്നോടന്നെ ഒരു നൂറു വട്ടായി ചോയ്ക്കണൂ .
  അതുപോലെ തന്നെ പച്ച ഇലകള്‍ക്കിടയില്‍ തെളിഞ്ഞു നിക്കണ ഈ ഓറഞ്ച് നിറോം .
  (അതേയ് ............ഒരു കാര്യം പറയട്ടെ ???മന്‍സൂര്‍ ന്‍റെ സ്വപ്‌നങ്ങള്‍ പലതും വായിക്കുമ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കാറുണ്ട് അത് പോല്‍ത്തെ സ്വപ്‌നങ്ങള്‍ ന്നേം കാണിക്കണേ ന്ന് . :) )

  കുറെ വരികള്‍ ഇതില്‍ എനിക്കിഷ്ടായി മന്‍സൂര്‍ .
  ഏറ്റോം ഇഷ്ടായത് ആ മൂക്കുത്തി കുട്ട്യേ ആണ്.
  അതിനെ പറഞ്ഞപ്പോള്‍ ഒരു മുഖം ന്‍റെ മനസ്സില്‍ ഞാന്‍ വരച്ചു വെച്ചു .

  പിന്നെ ഒരു കാര്യം കൂടി .........എല്ലാ പോസ്റ്റുകളും അവസാനിപ്പിക്കണ ഒരു രീതി ണ്ടല്ലോ
  അത് ഒരു പ്രത്യേക ഭംഗ്യാണ് .
  മന്‍സൂര്‍ ന്‍റെ മാത്രം കഴിവാണ് കേട്ടോ.
  പറയാതെ വയ്യ ആ സംഭവം ..................അത്...... അസാധ്യാണ് !!!!!!

  അങ്ങനെ ആകെ മൊത്തം പറയുകയാണെങ്കില്‍ ഈ യാത്രേം മോഹിപ്പിച്ചു.

  (ഇങ്ങനെ ഒക്കെ ആണെങ്കിലും ആദ്യം വായിച്ചപ്പോ ഇതൊന്നും അല്ല പറയാന്‍ തോന്ന്യേട്ടോ.
  അതെന്താന്നോ ........"ദൈവമേ ഈ മനുഷ്യനെ കൊണ്ട് തോറ്റു .
  ഓരോടത്തെക്കും പോയിട്ട് അത് വന്നു വിസ്തരിച്ച് കൊതിപ്പിച്ച് എടങ്ങേറാക്കും.)

  :)
  ഒരിക്കല്‍ കൂടി നന്നായീട്ടോ മന്‍സൂര്‍ !!!!!!!!!!!!!  ReplyDelete
 45. ആദ്യമായാണ്‌ ഇവിടെ .. ഒരു കുട്ട മധുരം കഴിച്ച സുഖം.. ഒരു കഥയെന്ന പോലെ യാത്രാവിവരണം ആസ്വാദകരെയും അവിടേക്ക് ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല. നന്നായിരിക്കുന്നു. :)

  ReplyDelete
 46. എത്താന്‍ വൈകിയെങ്കിലും കുട്ടയില്‍ നിന്നും ഞാനും മടങ്ങിയത് ഒരു കുട്ട നിറയെ മധുരവുമായാണ്. വാക്കുകളില്‍ മധുരം പകര്‍ന്നു വായനക്കാരന് വിളമ്പുന്ന ചെറുവാടി വിവരണത്തോടൊപ്പം ഫോട്ടോകള്‍ ചേര്‍ക്കാന്‍ കാണിക്കുന്ന പിശുക്ക് സഹിക്കാനാവുന്നില്ല.

  ഈ പരാതി അടുത്ത പോസ്റ്റില്‍ പറയിക്കില്ല എന്ന പ്രത്യാശയോടെ തിരികെ പോട്ടെ.

  ആശംസകള്‍

  ReplyDelete
 47. കുട്ട നിറയെ മധുര നാരങ്ങയുമായി തിരിച്ച് വന്നിട്ടും ,
  ഒട്ടും മധുരം പോകാതെ ആ കുട്ടയെ പറ്റി , ഒരു കുട്ട നിറയെ
  വർണ്ണിച്ചിരിക്കുന്ന കുട്ടപ്പറ എഴുത്തായി മാറിയിരിക്കുന്നു കേട്ടോ മൻസൂർ
  ഈ ‘കുട്ട നിറയെ മധുരം...!

  ReplyDelete
 48. മധുരമൂറും ‘കുട്ട’ വിശേഷം...
  ആദ്യമായിട്ടാ ഇങ്ങനെയൊരു നാട്ടുപേരു കേൾക്കുന്നത്..
  ആശംസകൾ...

  ReplyDelete
 49. നല്ല കാഴ്ചകള്‍ . മനസ്സ് തണുത്തു

  ReplyDelete
 50. Mansu..Mananthavaadyil oru stop aakkam next time nerathe paranjaal matheetto :)

  ReplyDelete
 51. ഇവിടെ ഓരോ തവണ വന്നു പോവുമ്പോഴും
  മനസ്സില്‍ ഒരു യാത്രക്കുള്ള കൊതി മുളച്ചിട്ടുണ്ടാവും ..
  ഇന്നും അതെ... ചുരം കടന്നു പോയ ഒരു കുളിരുണ്ട് മനസ്സിലെവിടെയോ...
  ഈ വായന അത് തൊട്ടുണര്‍ത്തി.......... നന്ദി..

  ReplyDelete
 52. മനോഹരം. മധുരം നിറഞ്ഞ പോസ്റ്റ്.

  ReplyDelete
 53. Kutta, njangal Bangaloril ninnum naattil(iritty) pokunna vazhi!
  Manoharamaayi ezhuthiyirikkunnu
  Aasamsakal

  ReplyDelete
 54. അതിമധുരമായൊരു പോസ്റ്റ്‌...,...
  ആശ്മാസകള്‍....,.,.

  ReplyDelete
 55. ഒരു കുട്ട മധുരം തരുന്ന എഴുത്ത്

  ReplyDelete
 56. പഹയാ ഇങ്ങനെ കൊതിപ്പിക്കാന്‍ നിനക്ക് എങ്ങിനെ കഴിയുന്നു ?? ഇത് വായിച്ചപ്പോള്‍ ഈ പോസ്റ്റിനോടുള്ള അസൂയ ഒന്നും കൂടി കൂടി ...

  ReplyDelete
 57. പ്രിയപ്പെട്ട കൂട്ടുകാരാ.... ഒരായിരം ഓറഞ്ചുകളുടെ മധുരം നിറഞ്ഞുനിൽക്കുന്ന എഴുത്ത്... വെറുമൊരു യാത്രാവിവരണത്തേക്കാളുപരി യാത്രകളിൽ അനുഭവിയ്ക്കുവാനാകുന്ന ഹൃദയബന്ധങ്ങളുടെ മാധുര്യവും ഓറഞ്ചിന്റെ വർണ്ണപ്പകിട്ടുപോലെ അക്ഷരങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.. എന്റെയും ആഗ്രഹമാണ് കർണ്ണാടകയിലെ പൂപ്പാടങ്ങളിലൂടെയുള്ള ഒരു യാത്ര... ഇതുവരെ അത് സാധിച്ചിട്ടില്ലെന്നുമാത്രം,,,

  പലപ്പോഴും തേനിയിലെ സുഹൃത്തിന്റെ മുന്തിരിത്തോട്ടത്തിൽ പോകാറുണ്ട്... ഏതാണ്ട് ഇതേ അനുഭവമാണ് അവിടെയും..... ജമന്തിപ്പാടങ്ങളും, സൂര്യകാന്തിത്തോട്ടങ്ങളും, തെങ്ങിൻതോപ്പുകളും
  നിറഞ്ഞ ആ കൃഷിഭൂമിയിലൂടെ നടക്കുമ്പോൾ മാത്രം ലഭിയ്ക്കുന്ന ആ സുഖം..... അതാണ് ചെറുവാടിയുടെ ഈ വിവരണത്തിലൂടെ അനുഭവവേദ്യമാകുന്നത്....

  മണ്ണിന്റെ മണം... പച്ചപ്പിന്റെ സൗന്ദര്യം.... ഓറഞ്ചിന്റെ വർണ്ണപ്പകിട്ട്.... നിഷ്കളങ്കമായ പിഞ്ചുമനസ്സുകളുടെ മനസ്സിൽനിന്നുതിരുന്ന സ്നേഹത്തിന്റെ തേൻതുള്ളികൾ...... അവയെല്ലാം അടുത്തറിയുവാനാകുന്ന വിധത്തിൽ ഞങ്ങൾക്കായൊരുക്കിയ മൻസൂറിന്റെ അക്ഷരക്കൂട്ടുകൾ... എല്ലാം കൊണ്ടും അതി മനോഹരമായിരിയ്ക്കുന്നു... ഹൃദയം നിറഞ്ഞ ആശംസകൾ...
  സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 58. ആ .... എന്നെങ്കിലും ഒരിക്കെ ഞാനും...... :)

  ReplyDelete
 59. തലക്കെട്ട്‌ പോലെ തന്നെ ... കുട്ട നിറയെ മധുരം കിട്ടി ... ആ ഒടുവിൽ കണ്ട സ്വപ്നം മനോഹരം കേട്ടോ. അഭിനന്ദനങ്ങൾ.

  ReplyDelete
 60. priyappetta suhruthe athimanoharame yathravivaranam

  ReplyDelete
 61. മധുരം ഇറ്റ് വീഴുന്ന മധുരനാരങ്ങ കഴിച്ചപോലെ. യാത്രകള്‍ ഹൃദ്യമായി ആസ്വദിക്കുന്നതിനൊപ്പം ഞങ്ങളേയും കൂടെ കൂട്ടുന്നതില്‍ നന്ദി.

  ReplyDelete
 62. ഞാനും ഇനി ഇത് പോലെ യാത്ര പോകും .. എന്നിട്ട് ഇത് പോലെ എഴുതാൻ ശ്രമിക്കും .. അപ്പോഴോ ? വായിക്കുന്ന ആളുകളെ അത്തരത്തിൽ ചിന്തിപ്പിക്കുന്ന , അസൂയപ്പെടുത്തുന്ന യാത്രാ വിവരണ ശൈലി .. ഇഷ്ടായി ഈ എഴുത്ത് .. ഇനീം വരാം ... അപ്പോഴേക്കും കണ്ണ് തട്ടാതിരിക്കാൻ സെന്റർ കോര്ട്ടിന്റെ ബോർഡിനു സമീപം എന്തെങ്കിലും ഞാത്തി വക്കുന്നത് നന്നായിരിക്കും ..

  മൻസൂർക്ക ... ഇപ്പൊ പേടിച്ചു കാണും .. ങാ .. അത് മതി ..

  ReplyDelete
 63. എല്ലാർക്കും സ്നേഹം നന്ദി സന്തോഷം

  ReplyDelete
 64. ഇങ്ങനെ ഒരു തോട്ടത്തില്‍ കയറാന്‍ കുറേ ശ്രമിച്ചു...നടന്നില്ല.ഇപ്പോള്‍ നല്ല ഒരു കമ്പനി അവിടെ ഉള്ളതിനാല്‍ ഇനി നടക്കും...അന്ന് ഞാനും എഴുതും....(ഇന്‍ഷാ അല്ലഹ്)

  ReplyDelete
 65. നന്ദി....എന്നെ യാത്രാക്കുറിപ്പുകളുടെ സ്നേഹിതനാക്കിയതിന്.
  മനോഹരമായ ഒരിപാട് വരികളുണ്ട് എടുത്തുപറയാന്‍.,എങ്കിലും ഓറഞ്ജ് പോലെ മധുരിച്ചു തീര്‍ന്ന അവസാന വരികള്‍ ഹൃദ്യം.
  ആശംസകള്‍

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....