Sunday, August 3, 2014

മണിക്ക് സ്നേഹപൂർവ്വം .പാട്ടിയാർ പുഴയിൽ നിന്നും മീനും പിടിച്ച് വരുന്ന വഴിയാണ് മണി . മീനിന് ഒന്നിച്ച് വിലപറഞ്ഞപ്പോൾ കൂടെ കൂടി . കാടിന്‍റെ ഉള്ളിലേക്കൊക്കെ പോവാൻ ഇതുപോലുള്ളവർ നല്ലതാണ് . അല്ലെങ്കിൽ തിരിച്ചു വരുമെന്ന് ഉറപ്പൊന്നുമില്ല . മണി ഒരു ആദിവാസിയാണ്  . ഏത് ഊരാണെന്നൊന്നും   ഓർക്കാൻ പറ്റുന്നില്ല . കാടിനോട് ചേർന്ന്  ഇതുപോലെ  ചില ആദിവാസി വിഭാഗങ്ങൾ കാണും . അവരുടെ രീതിയും ആചാരങ്ങളും അറിയുക രസകരമാണ് . അത് പിന്നെ പറയാം .  

മണിയുടെ  കൂടെ കാട്ടിനുള്ളിൽ നടക്കുമ്പോൾ ഒരു സുരക്ഷിതത്വം തോന്നിയിരുന്നു . അട്ടകൾക്ക് നമ്മളോട് തോന്നുന്ന സ്നേഹം ഇയാളോട് തോന്നുന്നില്ല എന്നത് അത്ഭുതമാണ് . അതോ എന്നെ കടിക്കുന്ന അട്ടയെ ഒഴിവാക്കാനുള്ള ശ്രമത്തിൽ അത് നമ്മൾ അറിയാതെ പോകുന്നതാണോ ..? രണ്ടായാലും പുള്ളി അത് മൈൻഡ് ചെയ്യുന്നില്ല . എന്നെ വല്ലാതെ സ്നേഹിച്ച ഏതാനും അട്ടകളെ കൂളായി മണി കൈകാര്യം ചെയ്യുകയും ചെയ്തു .

മണിയുടെ സംസാരം മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് . ഞങ്ങൾ മുന്നോട്ട് നടന്നു . കാടുകളെ നോക്കി കാണേണ്ടത്  ഹൃദയത്തിലൂടെയാണ് . അറിയാതെ വന്നു കയറുന്ന ഒരു ഭീതിയുണ്ട്  . വേറൊരു സാമ്രാജ്യത്തിലേക്കാണ് അതിക്രമിച്ചു കയറിയത് . അതിനു സ്വന്തക്കാർ ഉണ്ട് . അവരെന്തെങ്കിലും ചെയ്യുമോ എന്ന പേടി . ആ പേടി തന്നെ ഒരു ലഹരിയാണ് . മനസ്സിനെയും ശരീരത്തെയും ഉന്മാദമാക്കുന്ന ഭീതിയുടെ ലഹരി . 

കാടിനുള്ളിലൂടെ നടന്ന് പാട്ടിയാർ പുഴക്കടുത്തെത്തി . മണി വല ഇട്ടിട്ടുണ്ട് . അത് വലിച്ചെടുത്തു . കുറച്ച് നേരത്തെ എടുത്തത്‌ കൊണ്ടാവും അതിൽ കാര്യമായി ഒന്നുമില്ല . പക്ഷേ അതല്ല  കാര്യം . ഒരു വശത്ത് കാടും അതിനോട് ചേർന്ന് പുഴയും ഒക്കെ ചേർന്ന ഈ അന്തരീക്ഷമുണ്ടല്ലോ .. ഇതിന് പകരം വെക്കാൻ എന്തുണ്ട് വേറെ . വന്യമായ നിശബ്ദത ... ഒരു ചെറിയ ഓളം പോലുമില്ലാതെ നിശബ്ദമായി ഉറങ്ങുന്ന പാട്ടിയാർ പുഴ . മേലെ ആകാശം നോക്കി തപസ്സ് ചെയ്യുന്ന വൻ വൃക്ഷങ്ങൾ . ധ്യാനനിരതനായി   ഞാനും കണ്ണടച്ചു . 

അധികം ചുറ്റി തിരിയരുത് എന്ന മുന്നറിയിപ്പ് തന്നിരുന്നു ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും . മാത്രമല്ല , തിരിച്ച് വേഗം പോവണം എന്ന് മണിക്കും നിർബന്ധമുള്ള പോലെ . അതൊരുപക്ഷെ നേരമിരുട്ടുന്നത് കൊണ്ട്  സുരക്ഷയെ ഓർത്തുള്ള വേവലാതി ആവാനും മതി . ഏതായാലും ഉറച്ച കാൽവെപ്പുകളുമായി മണി മുന്നിൽ നടക്കുമ്പോൾ ഒരു ധൈര്യമുണ്ട് . 

ഇത്തരം ഇടങ്ങളിൽ കണ്ടുമുട്ടുന്ന ചിലരുണ്ട് . ആരുമല്ലാതെ നമ്മുടെ എല്ലാമാവുന്നവർ . ഒരു ദിവസമോ അല്ലെങ്കിൽ ഏതാനും മണിക്കൂറുകളോ  മാത്രം നീണ്ടുനിൽക്കുന്നൊരു സൗഹൃദം ആവുമത്  . അതവർക്കും നമുക്കുമറിയാം . എന്നാലും അറിയാതെ വിളക്കി ചേർക്കുന്ന ഒരു സ്നേഹത്തിന്‍റെ  കണ്ണിയുണ്ട് . അങ്ങിനെ എത്രപേരുണ്ട് വഴിയമ്പലങ്ങളിൽ പരിചയപ്പെട്ടവർ . പേരോർക്കുന്നില്ലെങ്കിലും പുഞ്ചിരിയിൽ പൊതിഞ്ഞ അവരുടെ സ്നേഹത്തിന്‍റെ  ഓർമ്മകൾ പിന്തുടരുന്നുണ്ട് . അതുപോലൊരു മുഖത്തെ യാത്രകളിൽ പ്രതീക്ഷിക്കുന്നുമുണ്ട് .  പഴയ ചിത്രങ്ങൾ തപ്പിയപ്പോൾ മണി ദേ  മുന്നിൽ വന്നു നിൽക്കുന്നു . കാട്ടിൽ ഞങ്ങളെ നയിച്ച ആ ഒറ്റയാന് ഒരിക്കൽ കൂടെ സ്നേഹം . 

12 comments:

 1. ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളില്‍ സഹായഹസ്തവുമായി ആരെങ്കിലുമെത്തും, മണിയെപ്പോലെ.

  ReplyDelete
 2. സൌഹൃദദിനത്തില്‍ ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്ന പൊന്‍ത്തിളക്കങ്ങള്‍......
  ആശംസകള്‍

  ReplyDelete
 3. യാത്രകളിൽ നമുക്ക് ലഭിക്കുന്ന ആത്മമിത്രങ്ങൾ .....

  ReplyDelete
 4. കാട് നല്ലതാ. പക്ഷെ അട്ട.....!!??

  ReplyDelete
 5. 'ഇത്തരം ഇടങ്ങളിൽ കണ്ടുമുട്ടുന്ന ചിലരുണ്ട് . ആരുമല്ലാതെ നമ്മുടെ എല്ലാമാവുന്നവർ'

  വളരെ ശരി.

  ReplyDelete
 6. കാട്ടിലൂടെ പോകുമ്പോൾ ഇത് പോലെ കാടിന്റെ ഉള്ളറിയുന്നവരെ ഒപ്പം കൂട്ടുന്നത് നല്ലതാണ്.

  ReplyDelete
 7. കാടുകളെ നോക്കി കാണേണ്ടത് ഹൃദയത്തിലൂടെയാണ് . അറിയാതെ വന്നു കയറുന്ന ഒരു ഭീതിയുണ്ട് . വേറൊരു സാമ്രാജ്യത്തിലേക്കാണ് അതിക്രമിച്ചു കയറിയത് . അതിനു സ്വന്തക്കാർ ഉണ്ട് .

  True... and a real perspective :)

  ReplyDelete
 8. ആരുമല്ലാതെ നമ്മുടെ എല്ലാമാവുന്നവർ...
  :)

  ReplyDelete
 9. കാട്ടിലൊക്കെ ഇനിയുള്ള കാലത്ത് കേറ്റി വിടില്ലായിരിക്കും.
  കാട് കണ്ടവര്‍ ഭാഗ്യവാന്മാര്‍.

  ReplyDelete
 10. എന്തു പറ്റി? പാതിയില്‍ നിര്ത്തിയത് പോലെ തോന്നി......സസ്നേഹം

  ReplyDelete
 11. പുഴയുടെ തൊട്ടടുത്താണ് വീട് എങ്കിലും അട്ടയെ എനിക്ക് ഭയങ്കര പേടിയാണു :) .. പെട്ടന്നു തീര്‍ത്തതിലുള്ള പരിഭവം മറച്ചു വെക്കുന്നില്ല

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....