Saturday, August 6, 2011
ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .
നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള പാട്ടിയാര്‍ ബംഗ്ലാവിലാണ് ഞങ്ങളുടെ താമസം. ബ്രിട്ടിഷുകാര്‍ പണിതതാണ് മനോഹരമായ ഈ ബംഗ്ലാവ്. ശിരുവാണിയുടെ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഇതിന്‍റെ മുറ്റത്തിരുന്ന് ഒപ്പിയെടുക്കാം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞതിനാല്‍ റെജി ഞങ്ങളെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. റെജി പത്തു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. അതിനിടക്ക് ഒരു മാസം ദുബായില്‍ പോയി . ഒടുവില്‍ ശിരുവാണിയിലേക്ക് തന്നെ തിരിച്ച് പോന്നു . അല്ലെങ്കില്‍ത്തന്നെ ഈ കുളിര്‍മ വിട്ട് മരുഭൂമിയിലെ ചൂടില്‍ എങ്ങിനെ നില്‍ക്കാന്‍ ആകും . രാവിലെ മുതല്‍ ഞങ്ങളെ കാത്തിരിക്കുകയാണ് റെജി. ഞങ്ങളെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ സാധനങ്ങള്‍ എല്ലാം റെജിയെ ഏല്‍പ്പിച്ചു ഞങ്ങള്‍ കസേരയിട്ട് മുറ്റത്തിരുന്നു.
നേരം സന്ധ്യയോട് അടുത്തു തുടങ്ങിയിരിക്കുന്നു. ശുദ്ധമായ പടിഞ്ഞാറന്‍ കാറ്റും കൊണ്ട് മനോഹരമായ ഈ ശിരുവാണിയെയും നോക്കി മുറ്റത്തിരിക്കുമ്പോള്‍ അറിയാതെ ഒരു അതിമോഹം എന്നെ പിടികൂടി. "ഒരു നിമിഷത്തേക്കെങ്കിലും ദൈവം എന്നെയൊരു കവി ആക്കിയിരുന്നുവെങ്കില്‍ , എന്‍റെ അക്ഷരങ്ങള്‍ കവിതകള്‍ ആയിരുന്നുവെങ്കില്‍ , ദൈവം കയ്യൊപ്പിട്ട ഈ പ്രകൃതി നോക്കി ഒരായിരം കവിതകള്‍ ഞാന്‍ രചിച്ചേനെ".
അകത്ത് റെജി ഭക്ഷണം തയ്യാറാക്കുന്ന തിരക്കില്‍ ആണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ പാവം കഷ്ടപ്പെടും. അതുകൊണ്ട് ഞാനും ചപ്പാത്തി പരത്താന്‍ കൂടി . അത് ബുദ്ധിമുട്ടാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ പതുക്കെ ചപ്പാത്തി ചുടാന്‍ കൂടി. ഒന്ന് രണ്ടെണ്ണം കരിഞ്ഞ മണം വന്നപ്പോള്‍ റെജി ഇടപ്പെട്ടു. "ഇതിനേക്കാള്‍ എളുപ്പമുള്ള ഒരു ജോലികൂടി ഉണ്ട്. വെട്ടിവിഴുങ്ങള്‍. അതിന് സമയമാകുമ്പോള്‍ പറയാം". ചമ്മിയെങ്കിലും ആ തമാശ ആസ്വദിച്ച് ഞാന്‍ മുറ്റത്ത് കത്തിയടിക്കാന്‍ കൂടി. റെജി ഭക്ഷണം റെഡിയാക്കി വിളിച്ചു. ഇവിടെ നിന്നും എഴുന്നേല്‍ക്കാനേ തോന്നുന്നില്ല. മുറ്റത്ത് തന്നെ ഇരുന്നു ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ചിക്കന്‍ കറിക്ക് പതിവിലും എരിവ് കൂടുതല്‍ എങ്കിലും റെജി പാചകത്തില്‍ ഒരു സ്പെഷലിസ്റ്റ് ത്തന്നെ ആണെന്ന് ആ കറിയുടെ സ്വാദില്‍ നിന്നും മനസ്സിലായി
വന്യ മൃഗങ്ങളെ കാണുവാന്‍ പോകാം എന്ന് റെജി തന്നെയാണ് പറഞ്ഞത്, ഒരു രാത്രി ട്രെക്കിംഗ് ആവാം എന്ന് ഞങ്ങളും തീരുമാനിച്ചു. ആനയും പുലിയും കാട്ടുപ്പോത്തും കരടിയും എല്ലാം ഉള്ള കാടാണ്. പേടി ഇല്ലാതില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ഒരാള്‍ "നമുക്ക് പോവണ്ട" എന്ന് പറയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും . രാത്രി ട്രെക്കിംഗ് സമയത്ത് പേടിക്കേണ്ടത് ആനയെ ആണെന്നും വാഹനം ഉണ്ടായാല്‍ പ്രശ്നം ഇല്ലെന്നും റെജി സമാധാനിപ്പിച്ചു . അതോടെ ഇത്തിരി ധൈര്യം ചാര്‍ജ് ആയി. അങ്ങനെ ഞങ്ങള്‍ ഇറങ്ങി. മുന്നിലെ സീറ്റിന് ഇത്തവണ കാലിയാണ്. ആരും അവിടെ ഇരിക്കുവാന്‍ തയാറല്ല ,ഒടുവില്‍ അത് കിട്ടിയത് എനിക്കും. ഒരു നിവൃത്തിയുമില്ല എന്നായപ്പോള്‍ ഞാന്‍ മുന്‍ സീറ്റില്‍ തന്നെ കയറി. പക്ഷെ ഒരു കിലോമീറ്റര്‍ പോലും മുന്നോട്ട് പോയില്ല. അതിന് മുമ്പേ ദാ നില്‍ക്കുന്നു സകല പ്രൌഡിയോടും കൂടി ഒരു കൊമ്പന്‍ . ശിരുവാണിയുടെ വന സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ഗജവീരനാണ് അത് എങ്കിലും ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ എല്ലാം രക്തം ഐസ് പോലെ ഉറഞ്ഞു പോയി. ആരുടെ മുഖത്തും ചോരയോട്ടമില്ല. എനിക്കാണേല്‍ "ആന "എന്ന് പോലും പറയാന്‍ പറ്റുന്നില്ല. വണ്ടി ഡ്രൈവ് ചെയ്യുന്ന ആരിഫിനു എല്ലാ ശക്തിയും കൊടുക്കണേ എന്നായിരുന്നു അപ്പോള്‍ എന്‍റെ പ്രാര്‍ഥന . ഇനി ഇറങ്ങി ഓടേണ്ട അവസ്ഥ ആണേല്‍ എന്‍റെ ജീവിതം അവിടെ തീര്‍ന്നേനെ. കാരണം കാല് അനക്കാന്‍ പറ്റുന്നില്ല പേടിച്ചിട്ട്. ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ ബംഗ്ലാവിലേക്ക് തന്നെ തിരിച്ച് കയറി. അതുകൊണ്ട് ഇതെഴുതാന്‍ ജീവിതം ബാക്കി.
യാത്രയും പേടിയും കാരണം നല്ല ക്ഷീണമുണ്ട്. എന്നെയും അന്വോഷിച്ചു ആന ബംഗ്ലാവിലേക്ക് വന്നേക്കുമോ എന്നൊരു ഭയവും ഉള്ളില്‍ ഉണ്ട് ബംഗ്ലാവിന് ചുറ്റും കിടങ്ങുകള്‍ ഉള്ളതുകാരണം ആന അകത്തേക്ക് കയറില്ല
എന്ന ധൈര്യത്തില്‍ ഞങ്ങള്‍ കുറച്ച് സമയം കൂടെ ബംഗ്ലാവിന്‍റെ മുറ്റത്ത് ഇരുന്നു.
ഇവിടെ കറന്റ് ഇല്ല. സോളാര്‍ പാനല്‍ വച്ചിട്ടുണ്ട് . റെജിയെ സമ്മതിക്കണം. ഇത്രയും പേരുണ്ടായിട്ടും ഞങ്ങള്‍ക്കിവിടെ പേടി തോന്നുന്നു. വര്‍ഷങ്ങളായി ഇവിടെ ഒറ്റക്കാണ് റെജി താമസം. വന്യമൃഗങ്ങളെ കണ്ട കഥകള്‍ ഇഷ്ടംപോലെ ഉണ്ട് റെജിയുടെ ഓര്‍മയില്‍ . മുറ്റത്ത് ഇഷ്ടിക പതിപ്പിച്ച ചില സ്ഥലങ്ങള്‍ കുഴിഞ്ഞിരിക്കുന്നത് കാണിച്ച് റെജി പറഞ്ഞു ആന കയറിയപ്പോള്‍ താഴ്ന്നത് ആണ് എന്ന്. ഞാനൊന്ന് ചുറ്റും നോക്കി. പേടിച്ചിട്ടൊന്നും അല്ല. വെറുതെ. ചുറ്റും കിടങ്ങ് ഉള്ളതിനാല്‍ ഒരു ഭാഗത്ത് അതിന്‍റെ മേലെ ഷീറ്റ് ഇട്ടാണ് വണ്ടി അകത്തോട്ട് കയറ്റുക. അത് കഴിഞ്ഞാല്‍ ആ ഷീറ്റ് മാറ്റിവെക്കും. ഞങ്ങള്‍ വന്ന വണ്ടി അകത്തേക്ക് കയറിയ ശേഷം ആ ഷീറ്റ് മാറ്റിവെക്കാന്‍ റെജി ഇന്ന് മറന്നിട്ടുണ്ടാകുമോ ?
ഒരു പ്രത്യേക മൂഡ് ആണ് ഇപ്പോള്‍ ഇവിടെ. വല്ലാത്ത ഒരു ഹൊറര്‍ മൂഡ് ... അതിന്‍റെ സുഖം അനുഭവിച്ചു തന്നെ അറിയണം. കരിമല കുന്നിന് മീതെ ഒരു നക്ഷത്രം മാത്രം തിളങ്ങി നില്‍ക്കുന്നു. നിലാവ് പരത്തി അര്‍ദ്ധ ചന്ദ്രനും. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ ആ കുന്നിലെ നിബിഡ വനത്തില്‍ നിഗൂഡമായി ഉറങ്ങുന്ന തകര്‍ന്നു വീണ ആ വിമാനത്തിന്റെ കഥ ഈ രാത്രിയും എന്നെ വേട്ടയാടും, തീര്‍ച്ച.
ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. നല്ല തണുപ്പുണ്ട്. റൂമില്‍ പണ്ട് ഉണ്ടാക്കിയ നെരിപ്പോട് ഉണ്ട്. അത് കത്തിക്കേണ്ട ആവിശ്യം തോന്നിയില്ല.
ചീവിടുകളുടെ പാട്ടിനോടൊപ്പം മുത്തിക്കുളം വെള്ള ചാട്ടത്തിന്റെ ശബ്ദവും ഉച്ചത്തില്‍ കേള്‍ക്കാം ഇപ്പോള്‍ . ഇതാണ് ഈ രാത്രിയിലെ ഉറക്ക പാട്ട്. ജനലഴികളിലൂടെ മൂളിവരുന്ന ആ പടിഞ്ഞാറന്‍ കാറ്റിന് നല്ല താളമുണ്ട്. പിന്നെ ബംഗ്ലാവിന്‍റെ മുറ്റത്ത് പൂത്തുനില്‍ക്കുന്ന കാട്ടുചെമ്പകത്തിന്റെ മാദക ഗന്ധം . ഞങ്ങള്‍ സുഖമായി ഉറങ്ങി.
അരിച്ചിറങ്ങുന്ന തണുപ്പില്‍ ഇങ്ങിനെ മൂടിപ്പുതച്ച് ഉറങ്ങിയാല്‍ നഷ്ടമാവുക ഒരു ശിരുവാണി പ്രഭാതമാണ്. പക്ഷെ റെജി ഇന്നലെ രാത്രി തന്നെ വാണിംഗ് തന്നിരുന്നു . കാലത്ത് പുറത്തെ വാതില്‍ തുറക്കുമ്പോള്‍ പതുക്കെ അല്‍പം തുറന്നു നോക്കിയിട്ടേ ഇറങ്ങാവൂ എന്ന് . ബംഗ്ലാവിന്‍റെ വരാന്തയില്‍ പുലിയോ മറ്റോ കയറി കിടക്കുമത്രേ. പേടിയുണ്ടെങ്കിലും വാതില്‍ തുറന്നു പുറത്തോട്ട് ആകാംക്ഷയോടെ നോക്കിയ ഞങ്ങള്‍ക്ക് നിരാശ നല്‍കി. അതോ ആശ്വാസമോ..? പക്ഷെ പുറത്തെ കാഴ്ചകള്‍ നല്ലൊരു വിരുന്നായി. കരിമല കുന്നില്‍ നിന്നും കോടമഞ്ഞ് മാഞ്ഞിട്ടില്ല. മഞ്ഞ് നീങ്ങുമ്പോള്‍ പതുക്കെ തെളിയുന്ന മുത്തിക്കുളം വെള്ളച്ചാട്ടം. താഴെ നിശബ്ദമായി പാട്ടിയാര്‍ പുഴ. എനിക്കറിയില്ല ഇനി ഞാനെന്താ എഴുതേണ്ടതെന്നു ഈ കാഴ്ചകളെ പറ്റി. എന്‍റെ മലയാളത്തിനും പരിമിതികള്‍ ഉണ്ടല്ലോ.
ഞങ്ങള്‍ പതുക്കെ പുഴയിലേക്ക് ഇറങ്ങി. പേടിക്കെണ്ടാതായി ഒന്നേ ഉള്ളൂ. അട്ട. അതാണേല്‍ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. റെജി കുറെ ഉപ്പു കയ്യില്‍ തന്നിരുന്നു. അതിട്ടാല്‍ അട്ട പിടിവിടും. പക്ഷെ അതിനെ സമയമുണ്ടായിരുന്നുള്ളൂ. ഞാനാണേല്‍ അട്ട കടിച്ചാല്‍ ആദ്യം മേലോട്ട് ചാടും. അറപ്പും പേടിയും. ഉപ്പിന്‍റെ കാര്യമൊക്കെ അപ്പോള്‍ മറന്നു പോകും. ആദിവാസിയെ പോലെ തോന്നിക്കുന്ന ഒരാള്‍ വല എടുക്കുന്നുണ്ട്. ഞങ്ങള്‍ ഒപ്പം കൂടി. വല രാത്രി ഇട്ടുവെക്കും. കാലത്ത് എടുക്കും. വല പുറത്തെടുത്തപ്പോള്‍ ഞെട്ടിപ്പോയി. എത്ര വലിയ വരാലുകള്‍ ആണ്. പിന്നെ കരിമീനിനെ പോലെ തോന്നിക്കുന്ന മത്സ്യങ്ങളും. വിലക്ക് ചോദിച്ചപ്പോള്‍ അയാള് കുറെ വെറുതെ തന്നു. അയാള്‍ വേറെയും വല ഇട്ടിട്ടുണ്ടാത്രേ. ഉച്ചക്ക് പൊരിച്ചെടുക്കാന്‍ റെജിയുടെ കയ്യില്‍ കൊടുത്തപ്പോള്‍ റെജിയും പേടിച്ചു. കാരണം ഡാമില്‍ നിന്നും മീന്‍ പിടുത്തം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വിലക്കിയിട്ടുണ്ടത്രേ. ഏതായാലും സംഗതി തീന്മേശയില്‍ എത്തി. പുഴമീന്‍ പറ്റാത്ത ഞാന്‍ നോക്കി നിന്നതെ ഉള്ളൂ. രാത്രിയിലെ ചിക്കന്‍ കറിക്ക് അവര്‍ പകരം വീട്ടി. എന്‍റെ വിധി.
ഉച്ചക്ക് ഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങാനാണ് ആദ്യം പരിപാടി ഇട്ടത് എങ്കിലും വഴിയിലൊന്നും ആന ഇല്ലെന്ന് താഴെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും വന്ന ഒരു ജീപ്പിലുള്ളവര്‍ പറഞ്ഞത് കാരണം ഒന്ന് കറങ്ങിയിട്ട് വരാമെന്ന് എല്ലാവരും തീരുമാനിച്ചു . സത്യത്തില്‍ വീതി കുറഞ്ഞ ഈ കാടുപ്പാതയില്‍ ആനയെ കണ്ടാല്‍ അപകടമാണ്. ബന്ദിപൂര്‍ - മുതുമല വഴിയുള്ള യാതകളില്‍ കാട്ടാനകളെ ധാരാളം കാണുമെങ്കിലും ഭയം തോന്നാറില്ല . വീതിയുള്ള റോഡും മറ്റു വാഹനങ്ങളുമൊക്കെ കാണും അവിടെ. പക്ഷെ ഈ കാട്ടില്‍ ഞങ്ങള്‍ തനിച്ചാണ്. ഇത് ഒട്ടും പരിചയമില്ലാത്ത ചുറ്റുപാട്.
മഴക്കാലം, വീതികുറഞ്ഞ റോഡ് എല്ലാം പ്രതികൂലമാണ്. ഏതായാലും ഈ റോഡിലൂടെ കുറച്ച് മുന്നോട്ട് പോകാന്‍ ത്തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കേരള ബോര്‍ഡര്‍ കഴിഞ്ഞ് ഇപ്പോള്‍ തമിഴ്നാടിന്‍റെ ഭാഗങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. അവിടെ ചെക്ക് പോസ്റ്റില്‍ തടയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ ഭാഗ്യത്തിന് അന്നവിടെ ഇന്‍സ്പെക്ഷന് എത്തിയ തമിഴ്നാട് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എന്‍ജിനീയര്‍ മിസ്റ്റര്‍.സദന്‍ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചു . ആ നല്ല ഓഫീസര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു .കാട്ടിലൂടെയുള്ള ഈ യാത്രക്ക് നല്ല ഹരമാണ്.
വഴിയില്‍ മുളങ്കാടുകള്‍ പൂത്തുനില്‍ക്കുന്നു. നല്ലൊരു ഔഷദമാണത്രേ മുളയരി. പൂത്തുകഴിഞ്ഞാല്‍ മുളയുടെ ആയുസും അതോടെ തീരും. ഈ വഴിക്കാണ് മനോഹരമായ കോവൈ വെള്ളച്ചാട്ടം . പക്ഷെ ഒരു കിലോമീറ്റര്‍ നടന്നു പോകണം. ദുര്‍ഘടമായ വഴിയിലൂടെ. സമയകുറവുകാരണം അതും വേണ്ടെന്നു വെച്ചു.
ഇടയ്ക്കിടെ കാട്ടരുവികളും ഭംഗിയുള്ള സ്ഥലങ്ങളും ഒക്കെയായി ഞങ്ങള്‍ എത്തിച്ചേര്‍ന്നത് വാടിവയല്‍ എന്ന ചെറുതും സുന്ദരവുമായ ഒരു തമിഴ്നാട് ഗ്രാമത്തില്‍ ആണ്. ഒട്ടും ആഗ്രഹിക്കാതെ എത്തിപ്പെട്ട ഈ ഗ്രാമം ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.
നല്ലൊരു മസാല ചായയും കുടിച്ച് ഞങ്ങള്‍ ഗ്രാമം ഒന്ന് ചുറ്റികറങ്ങി. തൊട്ടു പിറകിലൂടെ ഒരു ചെറിയ അരുവി , അതില്‍ മീന്‍ അരിച്ചു പിടിക്കുന്ന കുട്ടികള്‍, . റോഡില്‍ നിറയെ പൂക്കള്‍. ഒരു ചെറിയ ഗ്രാമത്തിന്‍റെ എല്ലാ സന്തോഷവും ഇവിടെ കാണാനുണ്ട്. ഇതുവഴി കുറച്ച് ദൂരം പോയാല്‍ കോയമ്പത്തൂര്‍ ആയി. റോഡൊക്കെ നല്ല നിലവാരം ഉള്ളത് ആണ്.
കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുന്നതാണ് കാര്യമായ ഉപജീവന മാര്‍ഗം.
യാദൃക്ഷികമായി വന്നുചേരുന്ന ഇത്തരം അനുഭവങ്ങളും കാഴ്ചകളും വളരെ സന്തോഷം നല്‍കുന്നു. പൊന്നു അമ്മാളില്‍ നിന്ന് ഒരു മസാല ചായയും കൂടെ കുടിച്ച് ഞങ്ങള്‍ ചെറിയ ചുരം കയറി വീണ്ടും ശിരുവാണിയില്‍ എത്തി.
ഓരോ ഇടവേളയില്‍ കാണുമ്പോഴും ഓരോ മുഖമാണ് ശിരുവാണിക്ക്. ചിലപ്പോള്‍ പ്രണയം മണക്കുന്ന താഴ്വര എന്ന് തോന്നും. മറ്റുചിലപ്പോള്‍ സ്വയം മറന്നു മറ്റൊരു സ്വപ്നലോകത്തേക്ക് മനസ്സ് പായുന്ന പോലെ. ചിലപ്പോള്‍ കരിമല കാടും അവിടത്തെ കാറ്റും നമ്മോടു പറയാത്ത കഥകളുടെ പൊരുള്‍ തേടുന്ന ഒരു ദുഃഖ സാന്ത്രമായ മൂഡ്. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി.
ഞങ്ങള്‍ക്ക് തിരിച്ചുപോരാന്‍ സമയമായി. റെജിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് അടുത്ത അവധിക്കാലം "വീണ്ടും ഈ താഴ്വരകള്‍ ഞങ്ങള്‍ക്ക് വിരുന്നൊരുക്കും എന്ന് മനസ്സില്‍ പറഞ്ഞ് ഞങ്ങളിറങ്ങി. ഇന്ന് ദിവസങ്ങള്‍ക്കു ശേഷം ഈ ബഹറിനില്‍ ഇരുന്നു ആ അനുഭവങ്ങളെ വരികളാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ആ പ്രകൃതിയില്‍ ഇനി കാണാതെ പോയ കാഴ്ച്ചകളുണ്ടോ എന്ന് പരതുകയാണ്. കാതില്‍ ഒരു സംഗീതമായി മുത്തിക്കുളം വെള്ളച്ചാട്ടത്തിന്‍റെ
ശബ്ദമുണ്ട്. മനസ്സില്‍ കുളിര് നിറച്ച്‌കൊണ്ട് അവിടത്തെ കാറ്റുമുണ്ട്. ഒപ്പം കരിമല കാടുകളില്‍ ആ ദുരന്തത്തിന്‍റെ പിന്നാമ്പുറം തേടി എന്‍റെ അന്യോഷണ ത്വരയാര്‍ന്ന മനസ്സ് അലയുന്നുമുണ്ട്.
പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ഈ രണ്ട് നാളുകളെ ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ ശിരുവാണിയെ ഞാന്‍ പറഞ്ഞത്. "ദൈവം കയ്യൊപ്പിട്ട പ്രകൃതി "എന്ന്. അവിടത്തെ കാറ്റ് കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍ .
Subscribe to:
Post Comments (Atom)
പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ഈ രണ്ട് നാളുകളെ ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ ശിരുവാണിയെ ഞാന്‍ പറഞ്ഞത്. "ദൈവം കയ്യൊപ്പിട്ട പ്രകൃതി "എന്ന്. അവിടത്തെ കാറ്റുകള്‍ കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍ .
ReplyDeleteഎത്ര സുന്ദരമായ യാത്രകള്‍..
ReplyDeleteകൊതിയാക്കുന്നു കൂടെ വരാൻ.....
ഇനി ഇങ്ങനെയുള്ള യാത്രകളിൽ എന്നെ വിളിക്കുമോ?
ഏതായാലും നല്ല യാത്രവിവരണത്തിലൂടെ വാക്കുകൾക്കപ്പൂറത്തുള്ള പ്രകൃതിയെ ഒപ്പിയെടുത്തു.
ഫോട്ടോസും സുന്ദരം തന്നെ
വായിക്കട്ടെ.....
ReplyDeleteകരിമല കുന്നിന് മീതെ ഒരു നക്ഷത്രം മാത്രം തിളങ്ങി നില്‍ക്കുന്നു. നിലാവ് പരത്തി ഒരു അര്‍ദ്ധ ചന്ദ്രനും. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ ആ കുന്നിലെ നിബിഡ വനത്തില്‍ നിഗൂഡമായി ഉറങ്ങുന്ന തകര്‍ന്നു വീണ ആ വിമാനത്തിന്റെ കഥ ഈ രാത്രിയും എന്നെ വേട്ടയാടും, തീര്‍ച്ച.
ReplyDeleteഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. നല്ല തണുപ്പുണ്ട്. റൂമില്‍ പണ്ട് ഉണ്ടാക്കിയ നെരിപ്പോട് ഉണ്ട്. അത് കത്തിക്കേണ്ട ആവിശ്യം തോന്നിയില്ല.
[Image]
ചീവിടുകളുടെ പാട്ടിനോടൊപ്പം മുത്തിക്കുളം വെള്ള ചാട്ടത്തിന്റെ ശബ്ദവും ഉച്ചത്തില്‍ കേള്‍ക്കാം ഇപ്പോള്‍ . ഇതാണ് ഈ രാത്രിയിലെ ഉറക്ക പാട്ട്. ജനലഴികളിലൂടെ മൂളിവരുന്ന ആ പടിഞ്ഞാറന്‍ കാറ്റിന് നല്ല താളമുണ്ട്. പക്ഷെ ബംഗ്ലാവിന്റെ മുറ്റത്ത് പൂത്തുനില്‍ക്കുന്ന കാട്ടുചെമ്പകത്തിന്റെ മാദക ഗന്ധം . ഞങ്ങള്‍ സുഖമായി ഉറങ്ങി.
ഒരു ഏറ്റുമാനൂർ ശിവകുമാർ നോവലിലേത് പോലെയുള്ള ഭീകരപ്രകൃതിസൗന്ദ്ര്യവിവരണവും
ചെറുവാടിയൻ സരസതയും ചൃന്നപ്പോ വിവരണം കേമായി....
എന്തൊക്കെ പറഞ്ഞാലും എന്നെ കൂട്ടാതെ പോയത് മഹാ മോശമായിപ്പോയി ..പിന്നെ നിങ്ങള്‍ പൈസക്കാര്‍ എല്ലാം ഇങ്ങനെ തന്നെയാണ് ...സ്വന്തം കാര്യം സിന്താബാദ് ...നടക്കട്ടെ നടക്കട്ടെ ...ഞാനും പോകും ഇവിടെ ഒക്കെ ഇന്ഷാ അല്ലാഹ് ..!
ReplyDeleteദൈവം സഹായിച്ചാല്‍,അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഒരു ശിരുവാണി യാത്ര ഞാനും നടത്തും. ചെറുവാടിവഴി പോണം എന്ന് കരുതുന്നു.
ReplyDeleteശിരുവാണി പുരാണം വായിച്ചപ്പോള്‍
ബിരിയാണി തിന്ന സുഖം!
സത്യം പറയാലോ മന്‍സൂ..ആ രാത്രി മനസ്സിന്നു പോകുന്നില്ല. പേടി ഇപ്പോഴും ഉണ്ട്. നീ അത് നന്നായി എഴുതി. ഒരിക്കല്‍ കൂടി പോവാന്‍ തോന്നുന്നു അല്ലേ.
ReplyDeleteഎനിക്കറിയില്ല ഇനി ഞാനെന്താ എഴുതേണ്ടതെന്നു ഈ കാഴ്ചകളെ പറ്റി. എന്‍റെ മലയാളത്തിനും പരിമിതികള്‍ ഉണ്ടല്ലോ.
ReplyDeleteവിവരണം ആസ്വദിച്ചു
:)
സുന്ദരമായ യാത്രാ വിവരണം.
ReplyDeleteപ്രകൃതിയെ അടുത്തറിഞ്ഞ വാക്കുകൾ... അഭിനന്ദനം
ഇവിടെ എന്തായാലും ഒന്ന് പോണം.
ReplyDeleteമനോഹരമായി വിവരിച്ചിരിക്കുന്നു.
പിന്നെ ഒരു കാര്യം?
ഇനി പോകുമ്പോള്‍ നമ്മുടെ ഫൈസൂനെ കൂട്ടാന്‍ മറക്കണ്ട.
ശിരുവാണി മുഴുവന്‍ നെഞ്ചില്‍ ആവഹിച്ചാണ് ബഹറിനില്‍ എത്തിയത് അല്ലെ? ബംഗ്ലാവില്‍ ഇരുന്നു കാണുന്നത് അപ്പപ്പോള്‍ എഴുതുന്ന പോലെ ഒരു ഫീലിംഗ് ഉണ്ട് .....നന്നായിടുണ്ട്..
ReplyDeleteരണ്ടാം ഭാഗവും നന്നായിട്ടുണ്ട് ചെറുവാടി.. ശിരുവാണിയിലെ പ്രകൃതി വര്‍ണന മനോഹരമായി. ഞാനും ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട്..:)
ReplyDeleteഈ വിവരണത്തിന് ശിരുവാണിയുടെ കാഴ്ച്ചകളെക്കാള്‍ മനോഹാരിതയുണ്ട്, വരികള്‍ക്ക് പാട്ടിയാര്‍ പുഴയുടെ ഒഴുക്കുണ്ട് ,
ReplyDeleteവാടിവയല്‍ ഗ്രാമത്തിലെ പൊന്നു അമ്മാളിന്റെ ചായക്ക് ഗൃഹാതുരത്തത്തിന്‍റെ മധുരമുണ്ട് ..
ശിരുവാണിയെ ഇഷ്ട്പ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം ..
-------------------------------
ഒരു പരിഭവം : ഒന്ന് കൂടി വിശദമാക്കി പറയാമായിരുന്നു !! (സെന്‍റര്‍കോര്‍ട്ട് ബോറടി ഫ്രീ ബ്ലോഗല്ലേ)പെട്ടൊന്ന് തീര്‍ന്നു പോയപ്പോള്‍ ഉള്ള പരിഭവം കൊണ്ട് പറഞ്ഞതാ ട്ടോ!!!
ഹൃദ്യമായ ഒരു വിരുന്നു അനുഭവിച്ച സുഖം.
ReplyDeleteപോവാന്‍ കൊതിപ്പിക്കുന്ന വിവരണം.....
ReplyDeleteശരിയാണ്...നേരില്‍ കാണാനും ആസ്വദിക്കാനും കൊതിപ്പിക്കുന്ന വിവരണം തന്നെ....
ReplyDeleteചെറുവാടീ...വളരെ മനോഹരമായ വിവരണം....പോകുവാൻ കൊതിയാകുന്നു....കൃത്യമായ റൂട്ടും,കൂടുതൽ താമസസൗകര്യങ്ങൾ ഉണ്ടെങ്കിൽ അതുകൂടി വിവരിച്ചിരുന്നെങ്കിൽ....
ReplyDeleteഹൃദ്യമായ വിവരണം. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. അത് പുതിയ അറിവുകള്‍ സമ്മാനിക്കുന്നു. കൊതിപ്പിക്കുന്ന ഈ വിവരണം കേട്ടപ്പോ ശിരുവാണി ഒന്ന് കാണണമെന്ന് എല്ലാ വായനക്കാര്‍ക്കും തോന്നിക്കാണും. അത് തന്നെയാണ് എഴുത്തിന്റെ മേന്മയും.
ReplyDeleteചെറുവാടീ, ഞാന്‍ പോകണമെന്ന് വിചാരിച്ച് വായിച്ചോണ്ടിരിക്കുമ്പോഴാണ് അട്ടയെപ്പറ്റി അറിയുന്നത്, അതോടെ പ്ലാന്‍ കാന്‍സല്‍ ചെയ്തു. എന്നാലും ഈ വിവരണം വായിച്ചപ്പോള്‍ കൊതി തോന്നുന്നുണ്ട്.
ReplyDelete(രാത്രി ഉറക്കത്തില്‍ ആന ഓടിക്കാന്‍ വരുന്നത് സ്വപ്നത്തില്‍ കണ്ട് ഇപ്പോഴും ഞെട്ടിയുണരാറുണ്ടോ...ഹ ഹ ഹാ..)
“അവിടത്തെ കാറ്റുകള്‍ കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍”
ReplyDeleteകവിയാകാത്തതില്‍ വിഷമിക്കയൊന്നും വേണ്ട...ഈ വാക്കുകളില്‍ കവിഭാവനയുണ്ട്.
യാത്രാവിവരണങ്ങളോട് ഇത്രയേറെ അടുപ്പം വന്നത് ബ്ലോഗില്‍ വന്നതില്‍ പിന്നെയാണ്. മനോഹരമായി ശിരുവാണിയാത്ര വിവരിച്ചിരിക്കുന്നു. യാത്രകള്‍ ഇഷ്ടമാണെങ്കിലും ഒരിക്കലും അതിനു സാധിക്കാത്തത് കൊണ്ട് ഇതൊക്കെ വായിച്ച് തൃപ്തിയടയാം അല്ലേ.
ReplyDeleteനാട്ടിലെ ഹൃസ്വമായ ഒഴിവുകാലത്തിന്റെ സ്വാഭാവികമായുള്ള തിരക്കിനിടയില്‍ ദൈവം കയ്യൊപ്പിട്ട പ്രകൃതിക്കാഴ്ചകള്‍ തേടി വനഭൂമികളിലേക്ക് യാത്ര ചെയ്യാന്‍ സമയം കണ്ടെത്തിയ ചെറുവാടിയുടെ മനോഭാവത്തില്‍ തന്നെ ഒരു അസാധാരണത്വമുണ്ട്.സൗമ്യമായ ഈ അസാധാരണത്വമാണെന്നു തോന്നുന്നു താങ്കളുടെ ജീവിത വീക്ഷണത്തിന്റെയും അതിന്റെ ഉപോത്പന്നമായ എഴുത്തിന്റെയും മൂലധനം.എന്തുകൊണ്ടോ ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്നില്‍ ആദ്യം വന്ന ചിന്ത ഇതാണ്.
ReplyDeleteകുറേക്കൂടി എഴുതാമായിരുന്നു ചെറുവാടി.താങ്കളുടെ ചെറുവാടി ശൈലിയില്‍ വനപര്‍വ്വം ഒന്നുകൂടി വിശദീകരിച്ച് എഴുതാമായിരുന്നു.ആസ്വാദ്യകരമായ ഈ വായന പെട്ടെന്ന് തീര്‍ന്നു പോയപോലെ തോന്നി.
ഹൃദ്യം.മനോഹരം.ശിരുവാണിയും, വടിവയല്‍ ഗ്രാമവും,പട്ടിയാറും,പൊന്നു അമ്മാളും,റെജിയും.,പിന്നെ"ഒരു നിമിഷത്തേക്കെങ്കിലും ദൈവം എന്നെയൊരു കവി ആക്കിയിരുന്നുവെങ്കില്‍" എന്ന ആ ചിന്തയും.
അഭിനന്ദനങ്ങള്‍.
പ്രിയ മന്‍സൂര്‍ ,
ReplyDeleteകാട് വല്ലാത്ത ഒരു അനുഭവം തന്നെയാണ് .പരസ്പ്പരം ഇഴുകി ജീവിക്കുന്ന ജീവജാലങ്ങളെ,വൃക്ഷ ലതാദികളെ കാണുവാന്‍ കാട്ടില്‍ത്തന്നെ പോകണം .അന്യോന്യം സഹകരിച്ച് ,ഒന്ന് മറ്റൊന്നിനു കൂട്ടായി ,ഒന്നിന്‍റെ വളര്‍ച്ചക്ക് മറ്റൊന്ന് വളമായി ഒരു പരാതിയുമില്ലാതെ ജീവിക്കുന്ന കാഴ്ച .
പണ്ട് മഹര്‍ഷിമാര്‍ ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് മഴക്കാടുകള്‍ തേടി പോയതിന്‍റെ പിന്നില്‍ ഇത്തരം ചിന്തകളും ഉണ്ടായിരിക്കും.
വന്യമായ അനുഭവങ്ങളുടെ സ്രോതസ്സ് തന്നെയാണ് കാട് എന്ന് പറയുന്നതാവും കൂടുതല്‍ ശരി .
ശിരുവാണിയെക്കുറിച്ചുള്ള വിവരണങ്ങള്‍ നന്നായിട്ടുണ്ട് .
"പേടിയുണ്ടെങ്കിലും വാതില്‍ തുറന്നു പുറത്തോട്ട് ആകാംക്ഷയോടെ നോക്കിയ ഞങ്ങള്‍ക്ക് നിരാശ നല്‍കി. അതോ ആശ്വാസമോ..? പക്ഷെ പുറത്തെ കാഴ്ചകള്‍ നല്ലൊരു വിരുന്നായി. കരിമല കുന്നില്‍ നിന്നും കോടമഞ്ഞ് മാഞ്ഞിട്ടില്ല. മഞ്ഞ് നീങ്ങുമ്പോള്‍ പ തുക്കെ തെളിയുന്ന മുത്തിക്കുളം വെള്ളച്ചാട്ടം. താഴെ നിശബ്ദമായി പാട്ടിയാര്‍ പുഴ....."
വളരെ മനോഹരമായിരിക്കുന്നു .
ഈ നിഗൂഡതകള്‍ നിറഞ്ഞ ശിരുവാണിയിലേക്ക് ഒരിക്കലെങ്കിലും എനിക്ക് ഒന്ന് പോകുവാന്‍ കഴിയുമോ? .
ചില പരിമിതികള്‍ മനുഷ്യരായ നമ്മള്‍ക്ക് ദുഖത്തോടും നിരാശയോടും കൂടി ഓര്‍ക്കുവാനേ കഴിയൂ.
ജനിച്ചുവളര്‍ന്നത് ഇതുപോലെ കാടുകള്‍ അതിരിടുന്ന ഒരു ഗ്രാമത്തില്‍ ആയിരുന്നതിനാല്‍ ഈ പോസ്റ്റ് വീണ്ടും എന്നെ എന്‍റെ ബാല്യത്തിലേക്ക് കൊണ്ടുപോയി .ഞാന്‍ മറന്നുപോയ ആ കാടിന്‍റെ ഗന്ധം ഈ വായനയിലൂടെ അനുഭവിച്ചറിഞ്ഞു.
പ്രത്യേകിച്ച് ചില ചിത്രങ്ങള്‍ എന്നോ ഞാന്‍ കണ്ടു മറന്ന കാഴ്ചകള്‍ വീണ്ടും എന്നെ ഓര്‍മ്മപ്പെടുത്തി .
വളരെ നന്ദി മന്‍സൂര്‍
വീണ്ടും എഴുതുക
ആശംസകള്‍
കുറിപ്പ് :"ഇനി ഇറങ്ങി ഓടേണ്ട അവസ്ഥ ആണേല്‍ എന്‍റെ ജീവിതം അവിടെ തീര്‍ന്നേനെ. കാരണം കാല് അനക്കാന്‍ പറ്റുന്നില്ല പേടിച്ചിട്ട്. ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ തിരിച്ച് കയറി. അതുകൊണ്ട് ഇതെഴുതാന്‍ ജീവിതം ബാക്കി."
ഈ വരികള്‍ ഒന്നുകൂടി എഡിറ്റ് ചെയ്യുക ."ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ തിരിച്ച് കയറി".ബംഗ്ലാവിലെക്കണോ തിരിച്ചു കയറിയത് ?.
ഇനിയെന്തിനു ഞാൻ ശിരുവാണിയിലേക്കു പോകണം. അതിന്റെ എല്ലാ വികാരങ്ങളും നിറഞ്ഞ ഈ പോസ്റ്റിലൂടെ ഞാൻ ശിരുവാണിയിലെ തണുത്ത പ്രഭാതത്തിന്റെ കുളിർമ്മ നിറനഞ്ഞ നിമിഷങ്ങൾ തൊട്ടറിയുന്നു.. മനോഹരമീ വിവരണം..
ReplyDeleteമച്ചൂ കൊതിവരുന്നു............ആ വഴികളിലൂടെ നടക്കാന്‍..ഹോ റെജിയുടെ നമ്പര്‍ ഒന്ന് വേണം അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ എന്തായാലും അവിടെ ഒന്ന് പോകാന്‍ നോക്കണം...കവിത തുളുമ്പുന്ന എഴുത്തല്ലേ മന്‍സൂറെ പിന്നെന്താ പ്രശ്നം..:)
ReplyDeletecheruvadi,
ReplyDeleteShiruvaani visheshangal pettannu theernna pole.. njangalum ithellam anubhavicha oru feeling...
valare nannayi.. ella aashamsakalum..
യാത്ര തുടരട്ടെ,
ReplyDeleteഎഴുത്തും
ഇതാ ഇപ്പോഴാണ് ശിരുവാണി പൂര്‍ത്തിയായത്. എന്തൊരു വശ്യമായ വിവരണം. വായിക്കുമ്പോള്‍ വല്ലാത്തൊരു വികാരം.
ReplyDeleteകൂടെ വന്ന പോലെ.
എഴുത്തിലും, ചിത്രങ്ങളിലും മനോഹരമായ ഒഴുക്ക്..
ReplyDeleteചെറുവാടിയുടെ യാത്രാ വിവരണങ്ങള്‍ ആരേയും അടക്കി ഇരുത്തുന്നില്ലാ ട്ടൊ...മനസ്സു കൊണ്ടെങ്കിലും സഞ്ചരിച്ചു പോവാണ്‍..
സുന്ദര കാഴ്ച്ചകള്‍..സുന്ദര എഴുത്ത്...ആശംസകള്‍.
ചെറുവാടി ഇങ്ങിനെ യാത്ര ചെയ്തു കൊണ്ടേ യിരിക്കൂ..ഞങ്ങളെയൊക്കെ കൊതിപ്പിച്ചു കൊണ്ട്..
ReplyDeleteവിവരണം നിലാവ് പോലെ തെളിമയുള്ളത്.
സെന്റെര്‍കോര്‍ട്ടില്‍ വന്ന ഏറ്റവും മനോഹരമായ യാത്രാവിവരണം. ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു. സഞ്ചാരികളുടെ അതിപ്രസരം ഇല്ല എന്നുള്ളത് തന്നെയാണ് ശിരുവാണി ഇത്രയും സുന്ദരമായി നിലനില്‍ക്കാന്‍ കാരണം എന്ന് തോന്നുന്നു അല്ലെ? രാവിലെ വാതില്‍ തുറക്കുമ്പോള്‍ പുലി വരാന്തയില്‍ കിടക്കുന്നുണ്ടോ എന്ന് നോക്കണമെന്ന് പറയുന്നിടത്ത് അത് വ്യക്തവുമാണ്. നമ്മുടെ പല വന്യമൃഗ സങ്കേതങ്ങളുടെയും നടുവില്‍ പുലി പോയിട്ട് ഒരു മ്ലാവിനെ പോലും കാണാന്‍ പറ്റിയെന്ന് വരില്ല.
ReplyDeleteഇത് വായിച്ചു പലരും ശിരുവാണിക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നു. റെജിക്ക് പണി കൂടുമോ!!!!! ?
(>> ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ തിരിച്ച് കയറി<< ഒരു വ്യക്തതക്കുറവ് ഉണ്ട്)
കൊതിപ്പിക്കുന്ന യാത്രാ വിവരണം... കൂടെ സഞ്ചരിച്ച പ്രതീതി...മനോഹരമായ ചിത്രങ്ങളും...
ReplyDeleteഒന്നാം ഭാഗം പോലെ തന്നെ കൊതിപ്പിക്കുന്ന വിവരണം..ശിരുവാണിയില്‍ പോയി വന്ന പ്രതീതി..ഇക്ക ഒരു കവി ആകാത്തത് എന്റെയൊക്കെ ഭാഗ്യം..വേറെ ഒന്നും കൊണ്ടല്ല പലപ്പോഴും കവിതകള്‍ എന്നെപോലെയുള്ളവര്‍ക്ക് പിടി തരാറില്ല :-) ഇതുപോലെ കവിത തുളുമ്പുന്ന യാത്ര വിവരണം ആകുമ്പോള്‍ എനിക്കൊക്കെ നല്ലോണം ആസ്വദിക്കാം. അടുത്ത ലീവിന് പതിവ് വയനാട് ഊട്ടി ട്രിപ്പ് മാറ്റി വെച്ച് ശിരുവാണിക്ക് ഒരു ട്രിപ്പ് പോകണം..ബാക്കി details ഒക്കെ അപ്പോള്‍ ചോദിക്കാം :-)
ReplyDeleteശിരുവാണിയുടെ സൌന്ദര്യത്തെ മറികടക്കുന്ന യാത്രാ വിവരണത്തിലൂടെ വായനക്കാരുടെ മനസ്സിനെ കുളിര്‍പിച്ചതിനു നന്ദി.
ReplyDeleteഎഴുത്തും വിവരണവും അസ്സലയായിട്ടുണ്ട് .... :)
ReplyDeleteരണ്ടാം ഭാഗത്തിനു വേണ്ടി നോക്കിയിരിക്കുകയായിരുന്നു...ഒട്ടും കാത്തിരിപ്പിക്കാതെ അതും ഇങ്ങടെത്തിച്ചല്ലോ...പതിവുപോലെ വിവരണം അസ്സലായി...ശിരുവാണി മനസ്സില്ലൊരു പൂതിയായി വരച്ചിട്ടു തന്നു....പക്ഷേ അട്ടകൾ...ങ്ങാഹ് അതിനെ തൽക്കാലം മറക്കാം അല്ലേ...ഹിഹി..ആശംസകൾ ഏട്ടാ...ഒപ്പം നന്ദിയും ഈ മനോഹരമായ വിവരണത്തിനും ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്കും..
ReplyDeleteയാത്രാവിവരണത്തിലും അധിപനായൊരുവൻ ആ ബ്രാലിനെ പിടിച്ച് നിൽക്കുന്ന പോസാണ് കേട്ടൊ പോസ്
ReplyDeleteശീരുവാണിയെ ഭംഗിയായി പകർത്തിയിരിക്കുന്നു...
ReplyDeleteഫോട്ടോകളൂം നന്നായിരിക്കുന്നു....
ആശംസകൾ...
നന്നായി വിവരിച്ചു .................
ReplyDeleteഇനി പോകുമ്പോള്‍ ആ ഫൈസുവിനെ കൂട്ടാന്‍ മറക്കല്ലേ ????????
പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ആ അനുഭവങ്ങളെ, അതുപോലെ തന്നെ പകര്‍ത്തി ഞങ്ങള്‍ വായനക്കാര്‍ക്കും നല്ലൊരു വിരുന്നൊരുക്കിയ ചെറുവാടിക്ക് നന്ദി.
ReplyDeleteരണ്ടു ഭാഗങ്ങളും ചിത്രങ്ങളും ഒക്കെ ഇഷ്ടായി, പക്ഷെ അട്ടകളെ കുറിച്ചൊക്കെ ആലോചിക്കുമ്പോള്‍, ഇത്തരം സ്ഥലങ്ങള്‍ കാണാനുള്ള ആഗ്രഹം കുഴിച്ചു മൂടാന്‍ തോന്നും. :)
പ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteവെയില്‍ കിരണങ്ങള്‍ ഇലകളില്‍ വെള്ളിതിളക്കം നല്‍കുന്ന,ഈ മനോഹര സുപ്രഭാതത്തില്‍,ഹൃദ്യമായ ഈ പോസ്റ്റ് മനസ്സിനെ മോഹിപ്പിക്കുന്നു!പ്രകൃതിയുടെ സൌന്ദര്യം ആവോളം നുകര്‍ന്ന്,ശാന്തിയുടെ താഴ്വരയില്‍ ഓരോ വായനക്കാരനെയും/കാരിയേയും വരികളിലൂടെ എത്തിക്കുന്ന പ്രിയപ്പെട്ട സുഹൃത്തേ,നന്ദി!
മനസ്സിനെ തരളിതമാക്കുന്ന ഫോട്ടോസും വര്‍ണനകളും...വളരെ നന്നായിരിക്കുന്നു!
അഭിനന്ദനങ്ങള്‍....
മനസ്സില്‍ പ്രണയ മഴ പെയ്യിക്കുന്ന അന്തരീക്ഷം...:)
സസ്നേഹം,
അനു
പ്രകൃതിയുടെ മനോഹാരിത ആരെയും മദിപ്പിക്കും. പക്ഷെ പലപ്പോഴും ആ മനോഹാരിതയെ സ്വന്തമാക്കാനോ, പണമാക്കി മാറ്റാനോ ഉളള മനുഷ്യന്റെ സ്വാര്‍ത്ഥത അതിനെ നമുക്ക് അന്യമാക്കുന്നു. മന്‍സൂറിന്റെ കൂടെ "യാത്ര ചെയ്യുമ്പോള്‍" കണ്‍ നിറയെ കണ്ടത് ആ പെയ്തിറങ്ങിയ സൌന്ദര്യം ആണ്. കാതില്‍ പതിച്ചത് കാറ്റിന്റെ മര്‍മരങ്ങളും കിളികളുടെ കൊഞ്ചലും അരുവികളുടെ സംഗീതവും ആണ്. ശ്വസിച്ചത് ഔഷധ ഗന്ധം നിറഞ്ഞ ശുദ്ധ വായുവാണ്. പൊന്നു അമ്മാളും മീന്‍ പിടിച്ചു നടക്കുന്ന കുട്ടികളും "ഖല്‍ബില്‍" കയറി പന്ത് കളി തുടങ്ങിയിരിക്കുന്നു. സൈഡു സീറ്റിലിരുന്നു പുറത്തെ ഭംഗി ആസ്വദിച്ചു മുന്നോട്ടു നീങ്ങുന്നതിനെക്കാള്‍ മനോഹരം ഈ യാത്ര വിവരണം. നന്ദി ചെറു വാടീ ഈ യാത്രയില്‍ ഞങ്ങളെയും കൂടെ കൂട്ടിയതിനു
ReplyDeletethanks a ton for this post...
ReplyDeleteചെറുവാടി പ്രകൃതിയെ ഒരുപാടു സ്നേഹിക്കുന്നു. ആ സ്നേഹം എഴുത്തിലൂടെ വായനക്കരിലേക്കു മനോഹരമായി പകരുന്നു! ഹാ.. ഇനിയെന്തു വേണം. ഇതു തന്നെ കവിത.
ReplyDeleteവല്ലാതെ മോഹിപ്പിക്കുന്നു.
ReplyDeleteMansu,
ReplyDeleteI am proud about your literature. congratulation.it feel like Pottakkad style. write more.........
Wonderful story and writing. Waiting for more..:)
ReplyDeleteഓര്‍മയിലെ ശിരുവാണി യാത്ര യും ദൃശ്യങ്ങളും തിരികെ കൊണ്ടുവന്ന ചെറുവാടിക്ക് ഒരു ബിഗ് ഹായ്,,:)
ReplyDeleteശിരുവാണി യാത്ര വളരെ മനോഹരമായിരിയ്ക്കുന്നു.... ആരാ യാത്രകള്‍ ഇഷ്ടപ്പെടാത്തത്... ശിരുവാണിയുടെ ഭംഗി ചെറുവാടി വളരെ മനോഹരമായിത്തന്നെ ഒപ്പിയെടുത്തിരിയ്ക്കുന്നു... അതീ വരികളില്‍ക്കൂടി വ്യക്തമാണ്.... ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തിയത് അതിഗംഭീരം.... നന്നായി ഈ യാത്രാവിവരണം... സ്നേഹാശംസകള്‍ ചെറുവാടീ....
ReplyDeleteമന്‍സൂര്‍, വളരെ മനോഹരമായിരിക്കുന്നു ശിരുവാണി യാത്രാവിവരണം. ആ താഴ്വരയില്‍ അല്ലേ കാരുണ്യ? ഒരിക്കല്‍ ഞാന്‍ അവിടെ പോയിട്ടുണ്ട്.
ReplyDelete@ ജാബിര്‍ മലബാരി
ReplyDeleteഅടുത്ത അവധിക്കു നമുക്കൊരു യാത്ര ആവാലോ ജാബിര്‍. വന്നതിനും അഭിപ്രായത്തിനും ഇഷ്ടായതിനും നന്ദി സന്തോഷം.
@ രഞ്ജിത്ത് കലിംഗപുരം
നന്ദിയും സന്തോഷവും അറിയിക്കുന്നു രഞ്ജിത്ത്. ഹൃദയത്തില്‍ നിന്നും. വായനക്കും ഇഷ്ടായതിനും.
@ ഫൈസു മദീന
അതേ. മോശായി പോയി. ഒമാര് വന്ന് രണ്ട് പ്രാവിശ്യം നിന്നെ കാണാന്‍. മൊബൈലും ഓഫ് ആക്കി.... . ബാക്കി ഞാന്‍ പറയുന്നില്ല.
@ ഇസ്മായില്‍ കുറുമ്പടി
പോവണം തണലെ. ചെറുവാടി വഴി തന്നെ ആവാം . അപ്പോള്‍ അടുത്ത അവധിക്കാലത്ത് . നന്ദി അഭിപ്രായത്തിന്.
@ ബാബു
നന്ദി മച്ചൂ
@ റശീദ് പുന്നശ്ശേരി
വന്നതിനും അഭിപ്രായത്തിനും ഇഷ്ടായതിനും നന്ദി സന്തോഷം റശീദ് /
@ ബെഞ്ചാലി
പോസ്റ്റ് ഇഷ്ടായതിനും ആഹിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി
@ എക്സ് പ്രവാസിനി
ഒത്തിരി നന്ദി വായനക്കും ഇഷ്ടായതിനും.
പിന്നെ ദയവു ചെയ്ത് ഫൈസൂന്റെ കാര്യം മാത്രം പറയല്ലേ. ഞങ്ങള്‍ രണ്ട് ദിവസത്തേക്കുള്ള ഫുഡ് മാത്രമേ കരുതിയിരുനുള്ളൂ. :-). മനസ്സിലായോ വല്ലതും :-) ?
@ ബിന്ദു
വളരെ നന്ദി ബിന്ദു. വായനക്ക്, ഇഷ്ടായതിനു , അഭിപ്രായത്തിന്. സന്തോഷം അറിയിക്കുന്നു
നല്ല വിവരണം ...ആന നിങ്ങളെ ഒരു പേടി സ്വപ്നം ആണല്ലോ ...എവിടെ പോയാലും ആന പിന്തുടരും ....
ReplyDeleteഒന്ന് രണ്ടെണ്ണം കരിഞ്ഞ മണം വന്നപ്പോള്‍ റെജി ഇടപ്പെട്ടു. "ഇതിനേക്കാള്‍ എളുപ്പമുള്ള ഒരു ജോലികൂടി ഉണ്ട്. വെട്ടിവിഴുങ്ങള്‍. അതിന് സമയമാകുമ്പോള്‍ പറയാം".
ReplyDeleteമന്‍സൂര്‍ക്കാ, ഒത്തിരി ഇഷ്ടമായി ഈ യാത്രാ വിവരണം. യാത്രകള്‍ എനിക്കെന്നും ഹരമായിരുന്നു. പക്ഷെ പലപ്പോഴും കൂട്ടിനു സുഹൃത്തുക്കളെ കിട്ടാറില്ല.
ഇനി ഞാന്‍ നാട്ടിലുള്ള സമയത്ത് നിങ്ങളും നാട്ടിലുണ്ടെങ്കില്‍ ചെറൂപ്പയില്‍ നിന്നും ഞാന്‍ ചെറുവാടിയിലേക്ക് വച്ചുപിടിക്കും.. ഒകെ..
ശിരുവാണി പ്രകൃതി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
ReplyDeleteരസകരമായി വിവരിച്ചു കെട്ടോ.
ആശംസകള്‍
എല്ലാവരും പറഞ്ഞപോലെ വശ്യമായ വിവരണം ... കൂടെ യാത്ര ചെയ്ത പ്രതീതി ..വളരെ മനോഹരമായിരിക്കുന്നു ...യാത്രയില്‍ മുഷിപ്പില്ലാതെ വായനക്കാരെ കൂടെ കൂട്ടാന്‍ വളരെ എളുപ്പത്തില്‍ താങ്കളുടെ എഴുത്തിന് സാധിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍..
ReplyDeleteഒഹ്, ആ മീന്‍ കാട്ടി കൊതിപ്പിക്കുന്നു. കൂടെക്കൂടിയ ഫീലില്‍ വായിക്കാനായി. ഫോട്ടോസ് കൂടി ഭംഗിയായപ്പോള്‍ ഏറെ ഹൃദ്യമായി.
ReplyDeleteAdventurous trip.വളരെ മനോഹരമായ സ്ഥലം.ആന മുന്നില്‍ നില്‍ക്കുന്ന രംഗം ഞാന്‍ മനസ്സില്‍ കണ്ടു.
ReplyDeleteഈ സ്ഥലങ്ങള്‍ പരിചയപ്പെടുത്തിയതിന് നന്ദി.നാട്ടില്‍ വരുന്ന സമയത്ത് സന്ദര്‍ശിക്കാനായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
@ ശ്രീജിത് കൊണ്ടോട്ടി
ReplyDeleteനന്ദി സന്തോഷം ശ്രീജി. കല്യാണം ആണെന്ന് എഫ് ബി യില്‍ കണ്ടു :) ഹണിമൂണ്‍ ശിരുവാണി ആക്കിക്കോ. ഒരിക്കലും മറക്കില്ല.
@ ഫൈസല്‍ ബാബു
സന്തോഷം നല്‍കിയ ഈ അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി ഫൈസല്‍. നീട്ടി വലിച്ചാല്‍ മടുക്കില്ലേ. അതുകൊണ്ട് ചെറുതാകിയതാ. ഒത്തിരി നന്ദി
@ യൂസുഫ്പ
ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു യൂസുഫ് ഭായ്
@ പ്രയാണ്‍
ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു പ്രയാണ്‍
@ അന്‍സാര്‍ അലി
ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു അന്‍സാര്‍
@ ഷിബു തോവാള.
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം ഷിബു . അവിടെ ഫോറസ്റ്റ് വകുപ്പിന്റെ ഈ ബംഗ്ലാവ് ഒഴിച്ച് മറ്റു താമസം ലഭ്യമല്ല. കാരണം ഡൊമസ്റ്റിക്ക് ടൂറിസം മാപ്പില്‍ ശിരുവാണി കാണില്ല. എത്തിപ്പെടാന്‍ സ്പെഷ്യല്‍ അനുമതിയും വേണം. നന്ദി വായനക്കും അഭിപ്രായത്തിനും.
@ അക്ബര്‍ വാഴക്കാട്
എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ അക്ബര്‍ക്ക , വായനക്കും സന്തോഷം നല്‍കിയ അഭിപ്രായത്തിനും.
@ അജിത്
ആനയെക്കാളും പേടി അട്ടയെ ആണ് എനിക്ക്. പേടിച്ചു നിലവിളിച്ചത് നിങ്ങള്‍ കേട്ടു അല്ലെ. ബഹറിനില്‍ ആണല്ലോ നമ്മള്‍ രണ്ടാളും. പക്ഷെ ഇതുവരെ കണ്ടില്ലല്ലോ . ആ രണ്ടാം കമ്മന്റ് ഇഷ്ടായി ട്ടോ . അത്ര കേട്ടത് തന്നെ സന്തോഷം.
@ മനോരാജ്
ഒരിക്കല്‍ മനോ എന്നോട് പറഞ്ഞിരുന്നു യാത്ര വിവരണത്തില്‍ സ്കോപ് ഉണ്ടെന്നും കുറച്ചൂടെ ആധികാരികമാവണം എന്നും. പക്ഷെ പൊതുവേ മടിയുള്ള എനിക്ക് ഒരു ആധികാരികമായ യാത്ര കുറിപ്പ് എഴുതാന്‍ പറ്റില്ല. അതിനുള്ള ക്ഷമയും ഇല്ല. പിന്നെ ഇതുപോലെ അനുഭവങ്ങള്‍ പറയുന്നു. നന്ദി വായനക്കും അഭിപ്രായത്തിനും.
ഇത്രയുമായ സ്ഥിതിക്ക് ഒരു കവിത എഴുതിനോക്കാമായിരുന്നു. ‘വാടിവയൽ’ എന്ന ഗ്രാമം മനസ്സിൽ തങ്ങിനിൽക്കുന്നതിനാൽ, സങ്കല്പത്തിൽ അവിടെയിരുന്ന് ഒരാശയം സൃഷ്ടിക്കാം. നല്ല അനുഭവമുണ്ടാക്കുന്ന, നേരിൽക്കണ്ട പ്രതീതി വരുത്തിയ നല്ല വിവരണം. ചിത്രങ്ങൾകൂടി ചേർത്തപ്പോൾ അവിടെയാണെന്ന തോന്നൽ.
ReplyDeleteശിരുവാണി യാത്രാനുഭവങ്ങള്‍ മനോഹരമായിട്ടുണ്ട്.എന്നേയും ശിരുവാണി വിളിക്കുന്നതായി തോന്നുന്നു.ആശംസകള്‍
ReplyDelete@ പ്രദീപ് കുമാര്‍
ReplyDeleteഈ കമ്മന്റ് നല്‍കിയ സന്തോഷം ഞാന്‍ മറച്ചു വെക്കുന്നില്ല. നന്ദി. വനപര്‍വ്വം തേടിയുള്ള അലച്ചില്‍ തന്നെയായിരുന്നു ഇത്തവണ കൂടുതല്‍. ഇനിയും ചില യാത്രകള്‍ എഴുതുന്നുണ്ട്. വായനയും തുറന്ന അഭിപ്രായവും പ്രതീക്ഷിക്കുന്നു. കൂടുതല്‍ നീട്ടി വലിച്ചെഴുതി വായിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കേണ്ട എന്നത് കൊണ്ടു മാത്രം ചുരുക്കുന്നതാണ്. എന്നാലുല്‍ ഇത് ഇങ്ങിനെ കേള്‍ക്കുമ്പോള്‍ സന്തോഷം. ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ, ഹൃദയത്തില്‍ നിന്നും.
@ സുജ
കാടിന്റെ മറ്റൊരു വശത്തെ സുജ ആദ്യം തന്നെ ഭംഗിയായി വരച്ചിട്ടു. പോസ്റ്റില്‍ ഞാന്‍ ചെയ്യാത്തതും അതാണ്. മഹര്‍ഷിമാര്‍ ശാന്തി മന്ത്രങ്ങള്‍ തേടി കാട് തേടിപോയത് പറഞ്ഞത് കമ്മന്റിനു ഒരു ഭംഗി നല്‍കി.ആ വരികള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു . ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് സന്തോഷം നല്‍കുന്നു. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ, വിശദമായ വായനക്കും അഭിപ്രായത്തിനും. പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ ശിരുവാണി കാണാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@ ജെഫു ജൈലാഫ്
ശിരുവാണി യാത്രയെ ഇഷ്ടായി എന്നറിഞ്ഞതില്‍ എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ജെഫു. സന്തോഷം.
@ ജുനൈത്
പിന്നെന്തിനാ താമസിക്കുന്നത് ജുനൈത്. വേഗം വിട്ടോ. ഞാന്‍ എഴുതാതെ പോയ കവിതകള്‍ ജുനൈത് എഴുതൂ. :-). നന്ദി വായനക്കും അഭിപ്രായത്തിനും. സന്തോഷം.
@ നസീഫ് അരീക്കോട്
വായനക്കും അഭിപ്രായത്തിനും ഇഷ്ടായതിനും ഒത്തിരി നന്ദി നസീഫ്. സന്തോഷം.
@ റഫീഖ് പൊന്നാനി .
നന്ദി സഖാവേ. വായനക്കും അഭിപ്രായത്തിനും. സന്തോഷം.
@ ഷുക്കൂര്‍
ഷുക്കൂര്‍. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. വായനക്ക്, ഇഷ്ടായതിനു, സന്തോഷം നല്‍കിയ അഭിപ്രായത്തിന്.
@ വര്‍ഷിണി
വളരെ വളരെ സന്തോഷം വര്‍ഷിണി. വായനക്കും സന്തോഷം നല്‍കിയ അഭിപ്രായത്തിനും. "കിനാക്കൂടിനു " ഒരിക്കല്‍ കൂടെ വാര്‍ഷികാശംസകള്‍ നേരുന്നു.
@ മേയ് ഫ്ലവര്‍
എന്‍റെ സന്തോഷവും നന്ദിയും അറിയിക്കുന്നു മേയ്ഫ്ലവര്‍. വായനക്കും ഇഷ്ടായതിനും. റംസാന്‍ ആശംസകള്‍
@ ഹാഷിക്ക്
ശരിയാണ് ഹാഷിക്ക്. നമ്മള്‍ കൊതിച്ച് പല സ്ഥലങ്ങളില്‍ പോയാലും ഒരു മൃഗത്തെ പോലും കാണില്ല. ഹാഷിക്ക് പറഞ്ഞ പോലെ അധികം സഞ്ചാരികള്‍ എത്താത്തത് തന്നെയാണ് ശിരുവാണിയെ വിത്യസ്തമാക്കുന്നത്. വായനക്കും നല്ല അഭിപ്രായത്തിനും ഒത്തിരി നന്ദി.,
@ കുഞ്ഞൂസ്
എന്‍റെ സന്തോഷവും നന്ദിയും അറിയിക്കുന്നു കുഞ്ഞൂസ് . വായനക്കും ഇഷ്ടായതിനും. ആശംസകള്‍
@ ഒരു ദുബായിക്കാരന്‍
ReplyDeleteനന്ദിയും സന്തോഷവും അറിയിക്കുന്നു ദുബായിക്കാരാ. അടുത്ത അവധിക്കു വയനാട് ഏതായാലും ഒഴിവാക്കേണ്ട. ഞാനും പോയിരുന്നു അതുവഴി. ആ കഥ പിന്നെ പറയാം.
@ മുജീബ് കെ പട്ടേല്‍
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. വായനക്കും നല്ല അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി മുജീബ് സന്തോഷം.
@ നൌഷു.
വായനക്കും ഇഷ്ടായതിനും നന്ദി നൌഷു. സന്തോഷം.
@ സീത
അട്ട കടിക്കും എന്ന് കരുതി അവിടൊന്നും പോവാതിരിക്കല്ലേ സീതേ. ഒന്ന് പോവണം. എന്നിട്ട് എനിക്കൊക്കെ മനസ്സിലാകുന്ന വല്ല കവിതയും എഴുതണം :-). ഹൃദയം നിറഞ്ഞ നന്ദി. സന്തോഷം.
@ മുരളീ മുകുന്ദന്‍ ബിലാത്തിപ്പട്ടണം.
എനിക്ക് അത് പിടിക്കണേ യോഗമുള്ളൂ മുരിയെട്ടാ. കഴിക്കാന്‍ ഇഷ്ടമല്ല. നന്ദി ട്ടോ വായനക്കും അഭിപ്രായത്തിനും.
@ വീകെ
നന്ദി സന്തോഷം വീകെ. വായനക്കും അഭിപ്രായത്തിനും.
@ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
നന്ദി സന്തോഷം ജബ്ബാര്‍ ഭായ്. വേറെന്തോ പറഞ്ഞല്ലോ ..ഞാന്‍ കേട്ടില്ല :)
@ ലിപി രഞ്ജു
അട്ടയെ ഒക്കെ നേരിടാന്‍ ഇപ്പോള്‍ കുറെ മാര്‍ഗങ്ങള്‍ ഉണ്ട് ലിപീ. ഒരു യാത്ര പ്ലാന്‍ ചെയ്തോ :-). സന്തോഷം അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
@ അനുപമ
ശിരുവാണി യാത്ര അപോലെ മനോഹരമായ, അനുവിന്റെ ഈ അഭിപ്രായം വായിച്ചും ഞാന്‍ സന്തോഷിക്കുന്നു. എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. വായനക്ക്, സന്തോഷം നല്‍കിയ അഭിപ്രായത്തിന്. സ്നേഹാശംസകള്‍ .
@ ബഡായി
ReplyDeleteവളരെ ഹൃദയവും സന്തോഷകരവുമായ ഈ അഭിപ്രായത്തിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ആര്‍ത്തി പൂന മനിഷ്യന്റെ കണ്ണുകളില്‍ നിന്ന് പ്രകൃതി രക്ഷപ്പെടട്ടെ . ഈ യാത്രയില്‍ കൂടെ കൂടിയത്തിനും ഇഷ്ടായതിനും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു.
@ Intimate Stranger
And thnx a ton for this comment.
@ മുകില്‍
നന്ദി മുകില്‍ . മുകിലോന്നും ഇവിടെ ഉള്ളത് മറന്നിട്ടല്ല കവി ആകണം എന്ന് പറഞ്ഞുപോയത് :-) . ചുമ്മാ. സന്തോഷം. .
@ നാമൂസ്
നന്ദി സന്തോഷം നാമൂസ്
@ സൂരജ് ഖാന്‍
ഈ അറിയാത്ത സുഹൃത്തിനു നന്ദി. അഭിപ്രായത്തില്‍ ഒത്തിരി സന്തോഷം.
@ നിഷാന
Thank you very much Nishana. Insha Allah, will come back with another travalogue :)
@ രമേശ് അരൂര്‍
ആ ഹായ് വരവ് വെച്ചു രമേശ് ഭായ്. നന്ദിയും സന്തോഷവും അറിയിക്കുന്നു
@ അസിന്‍
വായനക്കും നല്ല അഭിപ്രായത്തിനും സന്ദര്‍ശനത്തിനും ഹൃദയം നിറഞ്ഞ നന്ദി അസിന്‍. സന്തോഷം.
@ സ്വപ്ന ജാലകം തുറന്നിട്ട് ഷാബു.
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം ഷാബു. കാരുണ്യ ആ താഴ്വരയില്‍ ആണ്. വാടിവയാല്‍ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ ആ കുന്നില്‍
നിന്നും നോക്കിയാല്‍ "കാരുണ്യ" കാണാം. നന്ദി വായനക്കും അഭിപ്രായത്തിനും.
@ സലീല്‍
ReplyDeleteനീയൊക്കെ കൂടെ ഉള്ളപ്പോള്‍ ആനയല്ല അണ്ണാന് വരെ ദേഷ്യം വരും. അടുത്ത അവധിക്കു അങ്ങട്ട് വിട്ടോ .
@ ഹക്കീം മോന്‍സ്
നിന്റെ ചെറൂപ്പയില്‍ അല്ലേലും ആരാ ഉള്ളത് മോന്‍സ്. പക്ഷെ ആ ബസ് സ്റ്റോപ്പിനു അടുത്തുള്ള പെട്ടിക്കടയില്‍ നിന്നും നല്ല മോര് വെള്ളം കിട്ടും. അടുത്ത തവണ നമുക്ക് ഒന്നിച്ചു പോകാം. :)
@ മിജുല്‍
ഹൃദയം നിറഞ്ഞ നന്ദി മിജൂല്‍ . സന്തോഷം.
@ ഉമ്മു അമ്മാര്‍
കുറെ നാളായല്ലോ ഈ വഴി കണ്ടിട്ട്, :-). വായനക്കും ഇഷ്ടായതിനും ഒത്തിരി നന്ദി . സന്തോഷം
@ സലാം
എനിക്ക് മീന്‍ പറ്റില്ല സലാം ഭായ്. പക്ഷേ അത് അത് കറിവെച്ചത് നല്ല രുചി ആയിരുന്നത്രെ :-). ഒത്തിരി നന്ദി വായനയ്ക്കും ഇഷ്ടായതിനും.
@ ജ്യോ
നന്ദി സന്തോഷം ജ്യോ. വായനക്കും ഇഷ്ടായതിനും.
@ വീ എ
എന്നോട് കവിത എഴുതിക്കല്ലേ . വീ എ . എന്തിനു ആ പാപത്തിന്റെ പങ്ക് നിങ്ങള്‍ ഏറ്റെടുക്കണം. :-). ഒത്തിരി നന്ദി ട്ടോ വായനക്കും ഇഷ്ടായതിനും.
@ മണിഷാരത്ത്
ഹൃദ്യം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു മണിഷാരത്ത് . വായനക്കും ഇഷ്ടായതിനും.
എത്ര സുന്ദരമായ വിവരണം.ശിരുവാണിക്ക് നല്‍കിയ പേര് അന്വര്‍ത്ഥം.
ReplyDeleteഎന്നെങ്കിലും ഞാനും പോവും.
വളരെ നല്ല വിവരണം ഉമ്മു അമ്മാര്‍ പറഞ്ഞപോലെ കൂടെ യാത്ര ചെയ്ത പ്രതീതി
ReplyDeleteകൊതിപ്പിക്കുന്നു ചെറുവാടി, കേട്ടോ.
ReplyDeleteപ്രിയപ്പെട്ട മനോജ് വെങ്ങോല,
ReplyDeleteപ്രിയപ്പെട്ട കൊമ്പന്‍
പ്രിയപ്പെട്ട അനില്‍ കുമാര്‍ ജീ
ഹൃദയം നിറഞ്ഞ നന്ദി. സന്തോഷം
ഇവിടെ എത്താന്‍ വൈകിപ്പോയി ....ഇനി ?ഹൃദയം നിറഞ്ഞ ആശംസകള്‍ !!
ReplyDeleteThnx Muhammed Kutti Bhai
ReplyDeleteഉപ്പ വന്നിട്ട് വേണം ശിരുവാണി വരെ ഒന്ന് പോകാന്‍..നല്ല രസമുണ്ട് ഇക്ക വായിക്കാന്‍.
ReplyDeleteഇന്ന് നെനമോള്‍ ഈ ലിങ്ക് അയച്ചുതന്ന് ഉപ്പാ ഇതൊന്നു കാണ് എന്ന് പറഞ്ഞപ്പോള്‍ വന്നു നോക്കിയതാണ്, സംഗതി എന്തിനായിരുന്നെന്നു അവളുടെ കമ്മന്റ് കണ്ടപ്പോഴാണ് മനസ്സിലായത്, ഇന്ഷാ അള്ള, നോക്കട്ടെ, അവരുടെ ആഗ്രഹങ്ങളല്ലേ നമുക്ക് വലുത്, പിന്നെ ഞാന്‍ ഇവിടെ ഫോളോ ചെയ്യുന്നുണ്ടെന്നായിരുന്നു എന്റെ ഇതുവരെ വിശ്വാസം,അത് വേറെ ബ്ലോഗ് ആയിരിക്കുമെന്ന് തോന്നുന്നു, ഇനി പോസ്റ്റുകള്‍ മെയിലില്‍ കിട്ടുമെല്ലോ അല്ലെ? സ്നേഹാശംസകളോടെ..
ReplyDeleteഹ ഹ സന്തോഷം സിദ്ധിക്ക . എന്‍റെ പോസ്റ്റ് വായിച്ച് നേന ഉപ്പക്കിട്ട് പാര വെച്ചല്ലോ . എന്‍റെ പെരുന്നാള്‍ ഗിഫ്റ്റ് ആയി കൂട്ടിക്കോ.
ReplyDelete@ നേന
ഉപ്പ ഏറ്റിട്ടുണ്ട്. ബേക്ക് പാക്ക് റെഡി ആക്കിക്കോ . എന്നിട്ട് ശിരുവാണി വിശേഷങ്ങള്‍ എഴുത്.
രണ്ടാള്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
രാവിലെ എഴുന്നേർക്കുമ്പോൾ വരാന്തയിൽ ഒരു പുലി. ഹോ ഓർത്തിട്ട് തന്നെ കുളിര് കോരിയിടുന്നു :) ശിരുവാണി മാർക്ക് ചെയ്തിരിക്കുന്നു. നന്ദി ചെറുവാടീ.
ReplyDeleteശിരുവാണി യാത്ര നന്നായി രസിച്ചു. മന്‍സു എന്നോട് ശിരുവാണിയെ പറ്റി പറഞ്ഞതിനുശേഷം ഒരു മാഗസിനില്‍ സംവിധായകന്‍ ലാല്‍ ജോസിന്റെ ശിരുവാണി യാത്രാ വിവരണങ്ങള്‍ വായിച്ചു. ഞാനും മാര്‍ക്ക് ചെയ്തിരിക്കുന്നു ശിരുവാണി. ഇന്‍ഷാ അല്ലാഹ്... നല്ല അവതരണം ചെറുവാടി... ഫോട്ടോസ് അതിലും മനോഹരം.
ReplyDeleteHai mansoor. I would like to visit this place on my next vacation. Can you please get me Rejis's contact number?
ReplyDeleteThanks
Rohin