
വെങ്കിടേഷ് പ്രസാദ് എന്ന ഇന്ത്യന്‍ കളിക്കാരനെ ഓര്‍ക്കാന്‍ ആ ഒരൊറ്റ പന്ത് മതി. ആമിര്‍ സുഹൈലിനെ ക്ലീന്‍ ബൌള്‍ഡ് ചെയ്തു പവലിയനിലേക്ക് കൈചൂണ്ടികാണിച്ച ആ രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും കുളിര് കോരും. ഇടയ്ക്ക് യൂ റ്റൂബില്‍ കയറി അതൊന്ന് കാണുമ്പോള്‍ എനിക്കും ആവേശം ഇരമ്പി വരും . മൊഹാലിയില്‍ ഇറങ്ങുന്നതിനു മുമ്പ് ടീം ഇന്ത്യയും ഇതൊന്നൂടെ കാണണം. വെറുതെ ഒരു ആവേശത്തിന്.
സച്ചിനെ നൂറാം സെഞ്ചുറി അടിപ്പിക്കില്ലെന്നും ഒരു ഇന്ത്യന്‍ താരത്തെ പോലും പച്ച തൊടാന്‍ അനുവധിക്കുകയില്ലെന്നും അഫ്രീദി പറഞ്ഞു. അത് കാര്യമാക്കേണ്ട. ഇതുപോലെയൊക്കെ പോണ്ടിങ്ങും പറഞ്ഞതാ. എന്നിട്ടെന്തായി. ഇതിന്റെ ബാക്കി ഇന്ത്യ കപ്പ് നേടുമെന്ന് പറഞ്ഞത് ഓസ്ട്രേലിയയില്‍ വെച്ചാണ്. തിരിച്ചവിടെയെത്തി. ആഫ്രിദിയല്ലേ പറഞ്ഞത്. ബാറ്റിങ്ങില്‍ നനഞ്ഞു പോയെങ്കിലും ബൌളിങ്ങില് പിടിച്ചു നില്ക്കാണ് പാവം. വരട്ടെ. അഖ്തര്‍ അടക്കമുള്ള പുലികള്‍ക്കൊക്കെ എന്നും മേടിച്ചിട്ടുള്ള ചരിത്രമേ ഉള്ളൂ. ആ കൂട്ടത്തില്‍ ആഫ്രിദിയും വരും. അത്ര തന്നെ. പടച്ചോനെ.. അങ്ങിനെ ആവണേ. അല്ലേല്‍ ഈ എഴുതിയത് വെറുതെ ആയാലും നൂറു കോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന വെറുതെ ആകരുത്.
അത് പോട്ടെ. ഒരു വെങ്കിയെ വീണ്ടും ആവിശ്യമാണ് ഇപ്പോള്‍ ഇന്ത്യക്ക്. ഹര്‍ഭജന്റെ സ്പിന്‍ വെറും സര്‍ദാര്‍ ജോക്സ് ആവുകയും മുനാഫും നെഹ്രയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ സെഞ്ചുറി അടിക്കുകയും ചെയ്യുമ്പോള്‍ ഇത്തിരി സമാധാനം നല്‍കുന്നത് സഹീര്‍ ഖാന് മാത്രമാണ്. പക്ഷെ കളി പാകിസ്ഥാനുമായായതിനാല്‍ ഇവരും തിരിച്ചു വരുമെന്ന് ആശിക്കുന്നു.പ്രാര്‍ഥിക്കുന്നു. ശ്രീശാന്തിന് ഒന്നും തോന്നരുത്. നിങ്ങള്‍ കളിക്കും എന്ന് കേള്‍ക്കുന്നത് ഇന്ത്യ തോറ്റു എന്ന് കേള്‍ക്കുന്നത് പോലെയാ. ഇനി ജയിച്ചാലും അതെ. പക്ഷെ പ്രാര്ഥിക്കുന്നുണ്ട് ഞാന്‍ , നല്ല അച്ചടക്കമുള്ള , ഇവിടെ ഭൂമിയില്‍ ഇറങ്ങി നിന്ന് കളിക്കുന്ന ഒരു നല്ല മലയാളി താരമായി നിങ്ങളെ കാണാന്‍. കാര്യമായിട്ട് തന്നെയാ.
കിങ്ങ്സ് ഇലവനില്‍ നിന്ന് രക്ഷപ്പെട്ടതാണോ യുവരാജിന്റെ ഭാഗ്യം..? അതിനു ശേഷമാണ് രാശി തെളിഞ്ഞത് എന്ന് തോന്നുന്നു. അങ്ങിനെയാണേല് ഐ പി എല്‍ തന്നെയങ്ങ് നിര്‍ത്തിയാലോ. ടീം ഇന്ത്യ തന്നെ രക്ഷപ്പെടില്ലേ. എന്തോ.. എനിക്കങ്ങിനെ തോന്നുന്നു. കളി കഴിഞ്ഞിട്ട് ഒന്ന് ആലോചിക്കണേ.
കാര്യം എന്തൊക്കെയായാലും എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. നല്ല കളിക്കാര്‍ ഇല്ലാത്തതല്ലല്ലോ നമ്മുടെ പ്രശ്നം. ഒന്നാം ക്ലാസിലെ ഓണ പരീക്ഷക്ക് പോലും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല.
ഭാഗ്യം വരാന്‍ കുറെ വഴികളുണ്ടത്രേ എല്ലാര്ക്കും. സച്ചിന് ആദ്യം ഇടത് പാഡ് ആണത്രേ കെട്ടുക. "ഇടതിന്" ഇത്തവണ പൊതുവേ പ്രതീക്ഷ കുറവാണേലും സച്ചിന് അത് ഭാഗ്യമാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. സെവാഗ് നീല ടവ്വലും സഹീര്‍ ഖാന് മഞ്ഞ ടവ്വലും ഭാഗ്യമായി കാണുന്നു എന്ന് കേള്‍ക്കുന്നു. രണ്ടും, തൊഴിലാളി സംഘടനകളുടെ തലേകെട്ടാണ്. അധ്വാനിക്കുന്നവരാന്. അതുകൊണ്ട് തന്നെ അതും ഭാഗ്യമാവട്ടെ. അല്ലാതെ നോക്ക് കൂലി മേടിക്കാന്‍ നില്‍ക്കരുത്. കളി കൈവിട്ടു പോകും. പറഞ്ഞെന്നെ ഉള്ളൂ. എനിക്കറിയാം നിങ്ങള്‍ കളിച്ചു തന്നെ കൂലി മേടിക്കുന്നവരാണെന്ന്. ഐ പി എല്‍ ആണെന്ന് കരുതി കളിച്ചോ. ഉപദേശമല്ല. ഐഡിയ ഷെയര്‍ ചെയ്തതാ. ഇങ്ങിനെ എല്ലാര്‍ക്കുമുണ്ടാത്രേ ഓരോ വിശ്വാസങ്ങള്‍. കുഴപ്പമില്ല. പക്ഷെ ഞങ്ങള്‍ക്ക് ഒരു വിശ്വാസം മാത്രമേ ഉള്ളൂ. ബുധനാഴ്ച നിങ്ങള്‍ ജയിച്ചു കയറുമെന്ന്. കാരണം അന്നാണ് ഞങ്ങള്‍ക്ക് ഫൈനല്‍.
പിന്നെ പറയാനുള്ളത് മനോരമ ഭാഷയില്‍ പറയാം.
സച്ചിന് ..ഇന്നിങ്ങ്സ് സച്ചിനോത്സവം ആകണം ഞങ്ങള്‍ക്ക് . വീരേന്ദര്‍ സെവാഗ്, കളി വീരോചിതം ആകണം. ഗാംഭീര്‍, സംഗതി ഗംഭീരമാക്കുമല്ലോ . പതിവുംപോലെ രാജകീയം ആകണം യുവരാജേ. റൈന സിക്സര്‍ കൊണ്ട് റെയിന്‍ തന്നെ പെയ്യിക്കണം. മഹേന്ദ്രജാലം തന്നെ കാണിക്കണം ധോനീ. ചില്ലറ കളിയല്ല. കാരണം ഞങ്ങള്‍ കാത്തിരിക്കുന്നത് അതിനാണ്. വീണ്ടും ഒരു മഹാ ഭാരതീയത്തിന്. ജയ് ഇന്ത്യ .
ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം