Tuesday, June 8, 2010

വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?



ശരിയാണ്. ഞാനിതുവരെ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞില്ല. എഴുതിയതും ഇല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലാവാം. കോഴിക്കോട് ജില്ലയുടെ ഭാഗമായി, മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തെ ചെറുവാടി എന്ന് വിളിക്കാം. ചാലിയാര്‍ - ഇരുവഴിഞ്ഞി പുഴകളുടെ കുളിരേറ്റ്, മൈസൂര്‍ മലകളിറങ്ങി വരുന്ന ഇളം കാറ്റില്‍ ലയിച്ച് ഒരു ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമായി ഞങ്ങളുടെ ചെറുവടി.
രണ്ടു പുഴകളെ പറ്റിയും മറ്റും പറഞ്ഞ് ഓടിപോകാനുള്ള ഒരു ചരിത്രമല്ല ചെറുവാടിക്കുള്ളത്. മലബാര്‍ കലാപ സമയത്ത് വെള്ളക്കാര്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ ഒരു സമരത്തിന്റെ ചരിത്രവുമുണ്ട്‌ ഈ നാടിന്. കട്ടയാട്ട് ഉണ്ണിമോയിന്‍ കുട്ടി അധികാരിയുടെ നേതൃത്തത്തില്‍ ധീരമായി പൊരുതി അറുപത്തിനാല് രക്ത സാക്ഷികളെ നല്‍കിയ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ കഥ. പട്ടാള ബൂട്ടുകളുടെ മുഴക്കം ഇന്നും കാതുകളില്‍ മുഴങ്ങുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു കൂട്ടം നാട്ടു കാരണവന്മാരും പ്രാദേശിക ചരിത്രകാരന്മാരും ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഈ കഥകള്‍. ബ്രിട്ടീഷ് പട്ടാളത്തെ അമ്പരപ്പെടുത്തിയ സമരമുറകള്‍, ഇടപെടലുകള്‍. ചെറുവാടിയെ കുറിച്ചെഴുതുമ്പോള്‍ ആദ്യം പറയേണ്ടതും ഇതുതന്നെയാണ്.
പഴയ ചെറുവാടിയെ കുറിച്ചാണ് കൂടുതല്‍ പറയാനുള്ളത്. കൃഷിയെ സ്നേഹിച്ച്, ഫുട്ബോളിനെ നെഞ്ചിലേറ്റി നടന്നൊരു ജനത, കാളപ്പൂട്ട്‌ മത്സരങ്ങള്‍ക്ക് പേര് കേട്ട നാട്. തടി വ്യവസായവും കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന തൊഴില്‍മേഖല. പ്രസിദ്ധമായൊരു ഞായറാഴ്ച ചന്തയും ഉണ്ടായിരുന്നു പണ്ട്. പക്ഷെ ഞങ്ങളുടെയൊക്കെ തലമുറകള്‍ക്ക് ബാക്കിവെച്ചത് കുറെ ഓര്‍മ്മകള്‍ മാത്രം. പഴയ ആ പ്രതാപ കാലത്തിന്റെ ഒരു സിംബലും ബാക്കിയില്ല ഞങ്ങള്‍ക്ക് താലോലിക്കാന്‍ . കാലത്തിനൊത്ത്
കുറെയൊക്കെ ചെറുവാടിയും മാറി. പുതിയ റോഡുകള്‍ , സൗകര്യങ്ങള്‍. പക്ഷെ ഗ്രാമത്തനിമ വിട്ടുപോരാന്‍ കൂട്ടാക്കാത്ത ആ മനസ്സ് തന്നെയാണ് ഇന്നത്തെയും ചെറുവാടിയുടെ സൗന്ദര്യം.
പിന്നെ, അന്നും ഇന്നും നഷ്ടപ്പെടാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നൊരു മതസൗഹാര്‍ദ്ധത്തിന്റെ മുഖം. നൂറ്റാണ്ടിന്റെ പ്രൌഡിയുമായി പുതിയോത്ത് ജുമാ മസ്ജിദും പിന്നെ പറയങ്ങാട്ട് ക്ഷേത്രവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് കാണിക്കാത്ത ജനങ്ങള്‍. ആകെയുള്ള വിത്യസ്തത വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലകൊള്ളുന്നു എന്ന് മാത്രം. അവര്‍ക്ക് വേണ്ടി പരസ്പരം പോര്‍ വിളിക്കാം. പക്ഷെ, പിറ്റേന്ന് ഒന്നിച്ച്‌ പന്ത് കളിയും കഴിഞ്ഞു ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അലിഞ്ഞിരിക്കും ആ വിഷമവും.
എനിക്കെന്റെ നാടിനെ വല്ലാതെ നഷ്ടപ്പെടുന്നു. ചാലിയാറിനേയും ഇരുവഴിഞ്ഞിയെയും മാറി പ്രണയിച്ചുള്ള സായാഹ്നങ്ങള്‍, പച്ച വിരിഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളിലൂടെ നടന്ന്, തോടിന്റെ കൈവരിയിലിരുന്നു ചൂണ്ടയിട്ട്‌, കട്ടപ്പുറം പറമ്പില്‍ നിന്നും കണ്ണി മാങ്ങയും താഴെ പറമ്പീന്ന് ഇളം വെള്ളരിയും കട്ട് പറിച്ച് ,
കൂട്ടുകാരോടൊപ്പം ചുറ്റിനടന്ന ആ പഴയ ചെറുവാടിക്കാലവും നഷ്ടമായോ. ഇല്ല. തിരിച്ച്‌ നാട്ടിലെത്തുമ്പോള്‍ നമുക്കാ പഴയ ബാല്യം തിരിച്ചുനല്‍കുന്ന ഒരു മാന്ത്രിക ശക്തിയുണ്ട് എന്റെ ചെറുവാടിക്ക്.
കണ്ടോ. നാടിനെയും നാട്ടാരെയും പറ്റി പറയാന്‍ വന്നിട്ട്. ഞാന്‍ പതിവ് പോലെ അവസാനം ഇതൊരു പ്രവാസി നൊമ്പരമാകി അവസാനിപ്പിച്ചു. അതങ്ങിനെയേ വരൂ.


ചെറുവാടി ഫോട്ടോ ടൂര്‍