എത്ര വേഗമാണ് ദിവസങ്ങള്‍ കടന്ന് പോകുന്നത്. ഈ നോമ്പ് കാലവും കഴിയാറാവുന്നു. മാനത്ത് റംസാന്‍ ചന്ദ്രിക പൂര്‍ണ്ണമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മനസ്സിലും ശരീരത്തിലും കുളിര് നല്‍കി സന്തോഷത്തിന്‍റെ വെള്ളി വെളിച്ചം വിതറുന്നുണ്ട് ഈ അമ്പിളി. ആ നിലാവ് തെളിയിച്ച വഴിയിലൂടെ നടന്ന് നടന്ന് ഞാനെത്തിയത് കുറെ ഓര്‍മ്മകളുടെ തീരത്താണ്. അത് നിങ്ങളുമായി പങ്കുവെക്കുമ്പോള്‍ അതില്‍ സന്തോഷത്തിന്‍റെ പൂത്തിരികള്‍ കണ്ടേക്കാം . കൂടെ ഇത്തിരി നോവും നൊമ്പരങ്ങളും.
റമളാന്‍ നല്‍കുന്ന സന്തോഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക , താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും. ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്. മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത് . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍ മിഠായികള്‍ക്കുള്ളതാണ് അത് .
ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത് റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവും ഉണ്ട് മനസ്സില്‍ മായാതെ. ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ആ ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക് .
നോമ്പ് കാലത്ത് അത്താഴം കഴിഞ്ഞാല്‍ സുബഹിക്ക് പള്ളിയില്‍ പോകും വല്യുപ്പയുടെ കൂടെ. വേറെയും കൂട്ടുകാര്‍ കാണും അവിടെ. ബാങ്ക് കൊടുക്കുന്നത് വരെ ഞങ്ങള് മാവിന്‍റെ ചോട്ടില്‍ ആയിരിക്കും. പള്ളിയുടെ അടുത്തുള്ള മാവില്‍ നിന്നും നല്ല രുചിയുള്ള മാമ്പഴം വീഴും. ചിലപ്പോള്‍ സുബഹി ബാങ്ക് വിളിച്ചിട്ടും അത് കഴിച്ചു പോയിരുന്നോ ? ബാല്യത്തിന്‍റെ കുസൃതി ആയി അത് പടച്ചവന്‍ കാണുമായിരിക്കും.
സുന്നത്ത് കഴിഞ്ഞ് ആദ്യമായി ഈ പള്ളിയില്‍ പോയതും വല്യുപ്പാന്‍റെ കൈ പിടിച്ചാണ്. കഴിഞ്ഞ ആഴ്ച എന്‍റെ മകന്‍റെ സുന്നത്ത് കഴിഞ്ഞു. ഈ പെരുന്നാളിന് അവനും പോകും അതേ പള്ളിയില്‍. ഞാന്‍ ആദ്യമായി സുജൂദ് ചെയ്ത പള്ളിയില്‍ . പക്ഷെ പുത്തനുടുപ്പിട്ട് ആ പള്ളിയിലേക്ക് കയറുമ്പോള്‍ കൈപിടിക്കാന്‍ , കീശയില്‍ നിന്നും സ്നേഹം മണക്കുന്ന നാണയതുട്ടുകള്‍ എടുത്ത് നല്‍കാന്‍ അവന്‍റെ വല്യുപ്പ ഇല്ലാതെ പോയല്ലോ.
എന്നും ആവേശത്തിന്‍റെതാണ് നോമ്പ് കാലം ഞങ്ങള്‍ കുട്ടികള്‍ക്ക്. ആദ്യം നോമ്പിന്‍റെനിര്‍വൃതി മുതല്‍ പെരുന്നാള്‍ വരെ എത്തുന്ന ആഘോഷങ്ങള്‍. പെരുന്നാള്‍ രാവിനു എന്തൊരു ഭംഗിയാണ്. ശവ്വാല്‍ പിറവി കണ്ടാല്‍ എല്ലാരുടെ മുഖത്തും അതെ ചന്ദ്രന്‍റെനിലാവായിരിക്കും. മൈലാഞ്ചി ഇടണം എന്നും പറഞ്ഞ് ഞാനും വാശി പിടിക്കും. ഇടത്തേ ഉള്ളം കയ്യിലും പിന്നെ ചെറുവിരലിന്‍റെ നഖത്തിലും മൈലാഞ്ചി ഇട്ട് തരും എന്‍റെ ആത്ത. അമ്മിയില്‍ അരച്ചെടുത്ത നാടന്‍ മൈലാഞ്ചി നന്നായി ചുവക്കും.
വല്യുമ്മച്ചിയെ കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. എന്നെ പോലെ മഴയെ ഇഷ്ടപ്പെടുന്ന , പല്ലില്ലാത്ത മോണ കൊണ്ട് മാമ്പഴം കഴിക്കുന്ന , ബള്‍ബിന്‍റെ വെളിച്ചം കൂടാതെ ഒരു മണ്ണെണ്ണ വിളക്കും കയ്യില്‍ പിടിച്ച് എപ്പോഴും രാത്രി പത്രം വായിക്കുന്ന ആ സ്നേഹനിധിയെ കുറിച്ച്. സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം. ഉപ്പ എപ്പോഴും പറയുമായിരുന്നു , ഉമ്മച്ചിയുടെ ഈ വായനയാണ് എഴുത്തിന്‍റെ വഴിയിലേക്ക് ഉപ്പയെ വഴിനടത്തിയത് എന്ന്. അത് വെറും വാക്കായിരുന്നില്ല. ആദ്യ പുസ്തകം ഇറങ്ങിയപ്പോള്‍ അതിന് സമര്‍പ്പണം ആയി ഉപ്പ ഇങ്ങിനെ എഴുതി .
"നാടുകാണാന്‍ ഇറങ്ങുമ്പോഴെല്ലാം അകം നിറഞ്ഞ ആശംസകള്‍ നേരാറുള്ള വന്ദ്യ പിതാവിന് ...
ബാല്യ - കൌമാര ജിജ്ഞാസനാളുകളില്‍ മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ ജ്വാലയില്‍ വിസ്മയലോകത്തിന്‍റെ കിളിവാതില്‍ തുറന്നുതന്ന പ്രിയപ്പെട്ട ഉമ്മയ്ക്ക് "
പെരുന്നാളിന് ഏറ്റവും രസകരം വല്ല്യുമ്മച്ചി ഉണ്ടാക്കുന്ന കാവ എന്ന് പറയുന്ന ഗോതമ്പിന്‍റെ പായസം ആണ്. ഇന്നും മദ്രസകളിലും മറ്റും വിശിഷ്യ ദിവസങ്ങളില്‍ അത് കാണുമെങ്കിലും ഉമ്മച്ചി ഉണ്ടാക്കുന്ന കാവയുടെ രുചി പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല. കാലത്ത് പെരുന്നാള്‍ നിസ്കാരത്തിന് പള്ളിയില്‍ എത്തുന്ന തറവാട്ടിലെ എല്ലാ ആണുങ്ങളും ഇത് കുടിച്ചേ അവരുടെ വീട്ടിലേക്കു പോകൂ. ഉമ്മറത്തെ കസേരയില്‍ ഇരുന്നു വല്യ കയില് കൊണ്ട് കാവ കോരി ഒഴിച്ച് കൊടുക്കുന്ന ഉമ്മച്ചിയുടെ മുഖം മറക്കാന്‍ പറ്റുന്നില്ല. കൂടുതല്‍ ആള്‍ക്കാര്‍ വരട്ടെ എന്നാണ് എന്‍റെയും പ്രാര്‍ത്ഥന. അപ്പോഴേ കൈനീട്ടം കൂടുതല്‍ കിട്ടൂ. പിന്നെ വൈകുന്നേരം വരെ അതിഥികളുടെ വരവായിരിക്കും. വല്ല്യുപ്പയോടും വല്യുമ്മയോടും കൂടി നിന്ന് പോയോ ഇത്തരം ഊഷ്മളതയുടെ കാലം..? തിരക്കിന്‍റെ ലോകത്ത് ഇതൊന്നും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഓരോരുത്തര്‍ക്കും ഓരോ കുടുംബം , വീട്, പ്രശ്നങ്ങള്‍. ഇതിനിടയില്‍ ആത്മാവ് നഷ്ടപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് വേദനിക്കാന്‍ ആര്‍ക്കുണ്ട് സമയം. ആര് നിഷേധിച്ചാലും ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ വയ്യ. കൂട്ട് കുടുംബ വ്യവസ്ഥിതിയില്‍ അനുഭവിച്ചിരുന്ന സ്നേഹവും സന്തോഷവും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ അതെനിക്ക് ശരിയെന്ന് തോന്നിയ കാര്യം തന്നെയാണ്.
ഒരുപാട് ഓര്‍മ്മകളുടെ സമ്മേളനം കൂടിയാണ് നോമ്പും പെരുന്നാളും ഒക്കെ സമ്മാനിക്കുന്നത്. നിഷ്കളങ്കമായ ബാല്യത്തിന്‍റെ , മുതിര്‍ന്നവരുടെ ആത്മാര്‍ഥമായ വാത്സല്യത്തിന്‍റെ , മണ്മറഞ്ഞു പോയവരെ പറ്റിയുള്ള കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളുടെ, പിന്നെ വിശ്വാസത്തിന്‍റെയും ആത്മസംസ്കരണത്തിന്‍റെയും മാസം നല്‍കിയ ആത്മീയ നിര്‍വൃതിയുടെ . അതും കഴിഞ്ഞ് പെരുന്നാള്‍ രാവും പെരുന്നാളും നല്‍കുന്ന കൂടിച്ചേരലിന്‍റെ സൗന്ദര്യത്തെ.
ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ വര്‍ണ്ണവും സംഗീതവും.

പ്രിയപ്പെട്ടവരേ , എന്‍റെ പെരുന്നാള്‍ സമ്മാനമായി ഈ പൂക്കള്‍ സ്വീകരിക്കുക, സ്നേഹത്തിന്‍റെ , നന്മയുടെ , ഐശ്വര്യത്തിന്‍റെ , ശാന്തിയുടെ, സമാധാനത്തിന്‍റെ, സൗഹൃദത്തിന്‍റെ, സാഹോദര്യത്തിന്‍റെ പ്രാര്‍ത്ഥനാപ്പൂക്കള്‍ .
മദീന ഫോട്ടോ- നൗഷാദ് അകമ്പാടം.
റോസ് - ഗൂഗിള്‍