Saturday, January 17, 2015

പുകയിലപ്പാടങ്ങൾക്കിപ്പുറംവീരനഹോസഹള്ളിയിലെ തണുത്ത പകലുകൾക്ക്‌ പുകയിലപ്പാടങ്ങളുടെ ഗന്ധം കൂടിയുണ്ട്. മഞ്ഞുമറച്ച ദൂരക്കാഴ്ചയില്‍ ഞങ്ങൾ അരണ്ട വെളിച്ചം കാണുന്ന ആ സ്ഥലം ലക്ഷ്യം വെച്ച് നടന്നു . അപൂർവ്വമായി മാത്രം കിട്ടുന്ന ഈ പുലർക്കാല യാത്രയുടെ സൗന്ദര്യം ആസ്വദിക്കാനാണ് ഞങ്ങൾ നടന്നു തുടങ്ങിയത് . പ്രതീക്ഷിച്ചതുപോലെ അതൊരു ചായക്കട തന്നെയായിരുന്നു. നാഗറോള കാടിന്‍റെ അതിർത്തിയിൽ ഈ  കട ഞങ്ങൾക്കായി മാത്രം തുറന്നുവെച്ചതുപോലെ തോന്നി  . ചൂടുള്ള ചായയുടെ മധുരത്തിലും തണുപ്പ് അവിടെ ബാക്കിയായി തന്നെ കിടന്നു . മജീദ്ക്ക എന്ന മലയാളി ഈ പുലർക്കാലത്ത് ഞങ്ങളുടെ ആതിഥേയനായി . അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ട് മജീദ്ക്ക ഒരു കുടിയേറ്റത്തിന്‍റെ  കഥപറഞ്ഞു. അടുപ്പിന്‍റെ ചൂടിനോട് ചേർന്നുനിന്ന് ഞങ്ങൾ  കേൾവിക്കാരായി . 

ഓരോ കുടിയേറ്റത്തിന്‍റെ  പിന്നിലും അതിജീവനത്തിന്‍റെ കഥകൾ കാണും . മണ്ണിനോടും മലകളോടും കാറ്റിനോടും മൃഗങ്ങളോടും പൊരുതി ഒരു ജീവിതം തളിർപ്പിക്കുന്നതിന്‍റെ   കഥ . വേരുറച്ച മണ്ണിൽ  നിന്നും പറിച്ചെറിയപ്പെടുന്ന ജീവിതങ്ങൾ മറ്റൊരു ഭൂമികയിലേക്ക് നട്ടു പിടിപ്പിക്കുമ്പോഴും ആ വേരിൽ ബാക്കിയായ ഒരു  പിടി സ്വന്തം മണ്ണ് അവരെ തിരിച്ചു പോവാൻ പ്രലോഭിപ്പിക്കുന്നുണ്ടാവണം . എട്ട് വർഷമായി മജീദ്ക്കയുടേയും കുടുംബത്തിന്‍റെയും  ലോകം കാടിന്‍റെ  അതിർത്തിയിലുള്ള ഈ ഗ്രാമമാണ്  . നാഗറോള കാടുകളുടെ വന്യതയിലേക്ക് ചൂഴ്ന്നിറങ്ങാൻ ഇതുവഴി വരുന്ന ഓരോ സഞ്ചാരിയും കുടിക്കുന്ന ചായയിലും തിരിച്ച് നാട് പിടിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്‍റെ  സ്വപ്‌നങ്ങൾ കൂടി  കലർന്നിട്ടുണ്ട് .  എങ്കിലും പരിഭവങ്ങൾ ബാക്കിയില്ല മജീദ്ക്കാക്ക് . കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു സൗഹൃദാന്തരീക്ഷം ഞങ്ങൾക്കിടയിൽ  രൂപപ്പെട്ടു.
പതുക്കെ ഉണരുകയാണ് ഗ്രാമം . കമ്പിളി പുതച്ചും മഫ്ലർ ചുറ്റിയും ഗ്രാമീണര്‍ തണുത്ത് വിറച്ച് കടയിലേക്ക് വന്നു തുടങ്ങുന്നു . മജീദ്ക്കയും തിരക്കിലേക്ക് . ഞങ്ങളിറങ്ങി നടന്നു .റോഡരികില്‍ നിരന്നു നിൽക്കുന്ന ആൽമരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ വന്ന് നെറുകയിൽ വീഴുന്നു  . മരം പെയ്യുകയാണ് . തൊട്ടടുത്ത്‌ തന്നെ ഫോറസ്റ്റ് ഓഫീസും . അതിന്‍റെ  മരം കൊണ്ട് പണിയിച്ച വേലിക്ക് ചുറ്റും പലവർണ്ണത്തിലുള്ള ലെന്റാന പൂക്കൾ വിരിഞ്ഞു നിൽക്കുന്നു . അതിനെ ഉമ്മവെച്ച് മഞ്ഞുതുള്ളികളും . നിരത്തിലൂടെ നടന്നു കോടമഞ്ഞിനുള്ളിൽ മറഞ്ഞു പോകുന്ന മനുഷ്യർ ഏതോ കണ്ടുമറന്ന സിനിമയിലെ രംഗം ഓര്‍മ്മിപ്പിച്ചു . ഞങ്ങളിപ്പോൾ നാട് കാണാൻ വന്ന സഞ്ചാരികളല്ല . ഈ ഗ്രാമത്തോട് ,  ഇതിന്‍റെ  ആത്മാവിനോട് ലയിച്ച് ചേർന്ന ഗ്രാമീണർ മാത്രമാണ് . 

മഞ്ഞിനെ ആശ്ലേഷിച്ച് നിൽക്കുന്ന പുകയിലപാടങ്ങളും ഇഞ്ചി തോട്ടങ്ങളും പലതവണ കണ്ടതാണ് . അതുകൊണ്ട് അതൊഴിവാക്കി മറ്റുകാഴ്ചകളിലേക്കിറങ്ങി.കറക്കം  കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും മജീദ്ക്ക പ്രാതൽ റെഡിയാക്കി വെച്ചിട്ടുണ്ട് . "വയറ് നിറക്കാൻ ആർക്കും പറ്റും . മനസ്സും കൂടെ നിറയണം"; ഞങ്ങള്‍ നിറഞ്ഞ് കഴിച്ചു. യാത്രപറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു, മജീദ്ക്കയെ ഇനിയും കണ്ടുമുട്ടും, ജീവിതയാത്രയില്‍ പലയിടത്തായി. ഈ രൂപവും വേഷവും മാറിയേക്കാം. എങ്കിലും ഇതേ സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ ഏതെങ്കിലുമൊരു ദിക്കില്‍ ഏതോ ഒരാള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവണം.  ഈ മനുഷ്യർ , ഇവരുടെ സ്നേഹം , ഇതെല്ലാം യാത്രയിൽ പതിക്കുന്ന സ്നേഹത്തിന്‍റെ  കയ്യൊപ്പുകളാണ് .

കാടിന്‍റെ അരിക് പറ്റി ജംഗിൾ ഇൻ റിസോർട്ടിലാണ് ഞങ്ങളുടെ താമസം . അതിന്‍റെ വരാന്തയിൽ പുലരുവോളം  ഞങ്ങൾ സംസാരിച്ചിരുന്നു . ഈ   രാത്രിയാമത്തിൽ പതുക്കെ വീശിയെത്തുന്ന കാറ്റിന് പാരിജാതപ്പൂക്കളുടെ മണം . ഈ കാട്ടിലെവിടെയെങ്കിലും ഒരു പാരിജാതം പൂത്തു കാണണം . പൂത്തത് പൂക്കൾ  മാത്രമല്ല , ബ്ലോഗ്‌ ബാക്കി വെച്ച സൗഹൃദങ്ങൾ കൂടിയാണ്.  

ഇനി ഞങ്ങളുടെ വനപർവ്വമാണ് . എന്നും മോഹിപ്പിച്ച നാഗറോള കാടുകൾ . കുടക് ജില്ലയുടെ ഭാഗമാണ് ഇത് . ഒരു ഭാഗം മൈസൂർ ജില്ലയിലും . ബ്രഹ്മഗിരി മലകളുടെ താഴ്വാരം . വയനാട് നിന്നും തുടങ്ങി , ബന്ദിപ്പൂരും മുതുമലയും എല്ലാം ഒരേ കാടിന്‍റെ തുടർച്ച തന്നെ . മൈസൂരിലെ വാഡയാർ രാജാക്കന്മാർ വേട്ടക്കെത്തിയിരുന്നത്  ഈ കാട്ടിലേക്കായിരുന്നു .   കടുവയും പുലിയും ആനകളും ധാരാളമുള്ള കാട്ടിലൂടെയുള്ള പ്രയാണം  പേടിപ്പിക്കുന്ന ഒന്നാണ് . വഴിയരികിലെ കുടിലിന് മുന്നിലിരുന്ന്  തീ കായുകയും കൂടെ എന്തോ കിഴങ്ങ് വേവിക്കുകയും ചെയ്യുന്ന ഒരു ആദിവാസി കുടുംബത്തോട്  വഴിലെങ്ങാനും ആന കാണുമോ എന്ന് അറിയാവുന്ന ഭാഷയിൽ ചോദിച്ചു . അവർക്കറിയാവുന്ന ഭാഷയിൽ അവർ മറുപടിയും പറഞ്ഞു . രണ്ടും കൂടെ ചേർത്ത് ആനയുണ്ടാവില്ല , മുന്നോട്ട് പോവാം എന്ന തീരുമാനത്തിലെത്തി . രണ്ട് വിഭാഗം ആദിവാസി കുടുംബങ്ങൾ ആണ് നാഗറോള  കാടിന്‍റെ സംസ്കാരത്തോട്  ചേർന്ന് ജീവിക്കുന്നത് . കാട് സംരക്ഷിച്ച് നിർത്തുന്നതിന്‍റെ ഭാഗമായി ഇവരെ പുനരധിവസിപ്പിക്കുന്നതിനെ പറ്റി ചർച്ചകൾ നടക്കുന്നു എന്ന് കേൾക്കുന്നു . ആവാസ വ്യവസ്ഥയിൽ നിന്നും മാറി തമാസിക്കേണ്ടി വരുമ്പോൾ അവർക്കും  നേരിടാനുണ്ടാവും കുറേ  പ്രശ്നങ്ങൾ . 


ഞങ്ങൾ മുന്നോട്ട് നീങ്ങി .  ഓരോ ഇലയനക്കത്തിലും ഭീതിയെ ഒളിപ്പിച്ച വനങ്ങൾ . ഒളിക്കണ്ണിട്ട് നോക്കി ഒരു മിന്നായം പോലെ ഓടിമറയുന്ന പുള്ളിമാനുകൾ , അഹങ്കാരത്തിന്‍റെ  തലയെടുപ്പുമായി നിൽക്കുന്ന   കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ , കാടിന്‍റെ പ്രഭാത ഗീതം പാടി പേരറിയാത്ത കിളികൾ , അവർ ഞങ്ങളെ സ്വീകരിക്കുകയാണ് . കാടിന്‍റെ  പേരുകളേ മാറുന്നുള്ളൂ . അതിന്‍റെ പൊതുസ്വഭാവവും അത് നൽകുന്ന  അനുഭൂതിയും എല്ലായിടത്തും ഒന്ന് തന്നെ . വളരെ പതുക്കെ ഓടുന്ന ഞങ്ങളുടെ വാഹനം പോലും കാടിനോട് ചെയ്യുന്നത് അനീതിയാണ് . ആ  ചെറിയ ശബ്ദം പോലും നിശബ്ദമായ ഈ ലോകത്തേക്കുള്ള അധിനിവേശമാണ് .  വൻ വൃക്ഷങ്ങളും ചെറിയ ചെടികളും തപസ്സിലാണ് . താപസന്മാരെ ശല്യപ്പെടുത്തരുത് . നാഗറോള കാടുകളുടെ നിഗൂഡമായ നിശബ്ദത താപസമന്ത്രമാക്കി ഞങ്ങളും അതിനോട്  ചേർന്നു .