Saturday, November 20, 2010

മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്



വീണ്ടും മഞ്ഞുകാലമെത്താറായി. മഴക്കാലം പോലെ എനിക്ക് പ്രിയപ്പെട്ടതാണ് മഞ്ഞു കാലവും. കാല്പനികവും യാഥാര്‍ത്യവുമായ ഒരുപാട് ഭാവങ്ങള്‍ വിരിയുന്നതും മഞ്ഞുമാസത്തിലല്ലേ. പ്രണയവും പൂക്കളും തുടങ്ങി അങ്ങിനെ മോഹിപ്പിക്കുന്ന പലതും. ഞാനും പ്രണയത്തിലാണ്. ഇല പൊഴിക്കുന്ന മരങ്ങളും പുഞ്ചിരിക്കുന്ന പൂക്കളും മഞ്ഞു പെയ്യുന്ന രാത്രികളും ക്രിസ്റ്റ്മസ് നക്ഷത്രങ്ങളും എല്ലാം സുന്ദരമാക്കുന്ന ഡിസംബറുമായി ഞാനെന്റെ പ്രണയം പങ്കുവെക്കുന്നു.

മൂടിപ്പിടിച്ച് കിടന്നുറങ്ങുന്നതില്‍ ഒരു സുഖമുണ്ട്. പക്ഷെ അതിനേക്കാള്‍ രസകരമല്ലേ മൂടല്‍ മഞ്ഞ് വിട്ടുമാറാത്ത പ്രഭാതം കാണുന്നത്. കുട്ടിക്കാലത്ത് കാലത്തെഴുന്നേറ്റ് കരിയിലകള്‍ കൂട്ടിയിട്ട്‌ തീകായുന്നതില്‍ തുടങ്ങുന്നു എന്റെ മഞ്ഞുകാല ഓര്‍മ്മകളും. ബാല്യത്തോടൊപ്പം മറഞ്ഞ ഓര്‍മ്മയാണ് അതും. അതിനുമാത്രം പോരുന്ന തണുപ്പ് ഇപ്പോള്‍ ഡിസംബര്‍ നല്‍കാറില്ലെന്ന് തോന്നുന്നു.

ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വീണ്ടുമൊരു പ്രണയത്തില്‍ വീണു. സ്കൂള്‍ ലൈബ്രറിയില്‍ നിന്നും
കിട്ടിയ ഒരു നോവലുമായി. ഒരു ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. പേരോര്‍ക്കുന്നില്ല. ഒരു ഇംഗ്ലീഷ് വിന്ററിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ മനോഹരമായ ഒരു പ്രണയകഥ. അന്നുമുതല്‍ മഞ്ഞ് എനിക്ക് പ്രണയത്തിന്റെ കൂടി പ്രതീകമാണ്. നല്ല മഞ്ഞുള്ള ഒരു താഴ്വാരത്തിലൂടെ തലയില്‍ ഒരു തൊപ്പിയും പൂക്കളുള്ള ഉടുപ്പുമിട്ട്‌ പാട്ടും പാടി വരുന്ന ഒരു പെണ്‍കുട്ടിയായി എന്റെ സങ്കല്‍പ്പത്തിലെ പ്രണയിനിയും. എനിക്ക് വട്ടായിരുന്നു എന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് തോന്നുന്നതില്‍ ഞാന്‍ തെറ്റ് പറയുന്നില്ല. അല്ലെങ്കില്‍ ചെറുവാടി എന്ന ഗ്രാമത്തിലിരുന്ന് ഇതുപോലെ വെസ്റ്റേണ്‍ സ്വപ്നവും കാണുന്ന എനിക്ക് മിനിമം വട്ടാണ് എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ വട്ട് നിങ്ങള്‍ക്കാണ്.

രണ്ടു കാര്യങ്ങള്‍ കൊണ്ട് ഊട്ടി എന്നും എന്നെ മോഹിപ്പിക്കുന്ന സ്ഥലമാണ്. ഒന്ന് കാലാവസ്ഥ. രണ്ട് കാടും യൂക്കാലിപ്സ് മരങ്ങള്‍ക്കുമിടയിലൂടെയുള്ള സുഗന്തം മണക്കുന്ന യാത്രകളും. സീസണ്‍ എന്നൊരു പ്രശ്നം ഇവിടേക്കുള്ള യാത്രകള്‍ ഒരിക്കലും എന്നെ മടുപ്പിക്കാറില്ല.പല യാത്രകളില്‍ നിന്നും ഒരു യാത്രയെ ഞാന്‍ പ്രത്യേകം മാറ്റിവെക്കുന്നു.
ഒരു ഡിസംബറില്‍ റോബര്‍ട്ട് എന്ന സുഹൃത്തിന്റെ വീട്ടിലേക്കു ഞങ്ങള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒരു യാത്ര. അവരുടെ ക്രിസ്റ്റ്മസ് ആഘോഷങ്ങലിലേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ഞാന്‍ അടുത്തറിയുന്ന ആദ്യത്തെയും അവസാനത്തെയും ക്രിസ്റ്റ്മസ്സും അതാണ്‌. റോബിയും അവന്റെ അച്ഛനും അമ്മയും സഹോദരിമാരും എല്ലാം കൂടിചേര്‍ന്ന് ആഘോഷിച്ച ആ ഊട്ടി ക്രിസ്റ്റ്മസ്, മഞ്ഞിനേയും പൂകളെയും അറിഞ്ഞ് സന്തോഷിച്ച ആ ദിവസങ്ങളുടെ ഓര്‍മ്മയ്ക്ക്‌ അവരുടെ വീട്ടിലെ ആ നെരിപ്പോടിന്റെ ചൂട് ഇപ്പോഴുമുണ്ട്.
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അലസതയുള്ള എന്റെ സ്വഭാവം ഇവിടെയും ഉണ്ട്. പക്ഷെ എല്ലാ വര്‍ഷവും ക്രിസ്റ്റ്മസിന് റോബിയെ തേടി പോകാറുള്ള ആശംസാ കാര്‍ഡിനൊപ്പം എന്റെ മനസ്സും പായാറുണ്ട്. കരോള്‍ സംഗീതവും മിന്നുന്ന നക്ഷത്രങ്ങളും നിറഞ്ഞ ആ പഴയ മഞ്ഞ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക്.

പിന്നൊരു ഊട്ടി മഞ്ഞുകാലം എന്നെ അലട്ടുന്ന മറ്റൊരു ഓര്‍മ്മയുടെതാണ്. അലക്ഷ്യമായ ഒരു ചിരിയില്‍ കോര്‍ത്ത നിര്‍ദോഷമായ ഒരു സൗഹൃദത്തിന്റേത്. ഹോട്ടല്‍ ഗാര്‍ഡനില്‍ ഓടികളിക്കുന്ന മൂന്ന് വയസ്സുകാരി കുഞ്ഞിനേയും നോക്കി ഒരമ്മ പറഞ്ഞുതീര്‍ത്ത(?) ജീവിതാനുഭവങ്ങള്‍. നീലഗിരിയിലെ കൊടും ശൈത്യത്തിലും എന്നെ പൊള്ളിച്ച അവരുടെ കഥ. പക്ഷെ അതെല്ലാം ഉള്‍കൊള്ളാനും ഒരു ആശ്വാസ വാക്കുകള്‍ പറയാനും സാധ്യമല്ലായിരുന്നു അന്ന് എന്റെ അപക്വമായ മനസ്സിന്. അതുകൊണ്ട് തന്നെ ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുകയെ പറ്റുമായിരുന്നുള്ളൂ. ഒരു ചേച്ചീ എന്ന വിളിയെങ്കിലും അവര്‍ പ്രതീക്ഷിച്ചു കാണണം. ഇതൊരു പോസ്റ്റാക്കാന്‍ പലവട്ടം ഇറങ്ങിത്തിരിച്ചതാണ് ഞാന്‍ . പക്ഷെ രണ്ടു കാര്യങ്ങള്‍ എന്നെ എപ്പോഴും പുറകോട്ടു വലിച്ചു. അവരുടെ അനുഭവങ്ങളെ അതെ തീഷ്ണതയോടെ പകര്‍ത്താനുള്ള ഭാഷ എനിക്കില്ല എന്നത്. പിന്നെ എഴുതാപ്പുറങ്ങള്‍ വായിക്കുമോ എന്ന പേടിയും. പക്ഷെ ഞാനിത് എഴുതും . എഴുതാന്‍ സമയമായി എന്ന് എന്റെ മനസ്സ് പാകപ്പെടുന്ന നിമിഷം. കാരണം വായിക്കുന്ന നിങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളെക്കാള്‍ ഒരു നൂറ് ചോദ്യങ്ങള്‍ക്ക് എനിക്ക് തന്നെ ഉത്തരം കിട്ടേണ്ടതുണ്ട്.

ഇപ്പോള്‍ ഞാന്‍ ഒരുങ്ങികഴിഞ്ഞു. ഡിസംബറില്‍ വിരിയാനിരിക്കുന്ന പൂക്കള്‍ക്കായി, മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്. കരിയിലകള്‍ കൂട്ടി തീകായുന്ന ആ കാലം ഇനി തിരിച്ചുവരില്ല. പിന്നെ, മഞ്ഞുക്കാലത്ത് പൈന്‍ മരങ്ങള്‍ക്കിടയിലൂടെ പൂക്കളുള്ള തൊപ്പിയും ധരിച്ച് സ്വര്‍ണ്ണ തലമുടിയുമായി നടന്നുവരുന്ന ഞാന്‍ സ്വപ്നം കണ്ട കാമുകിയും ഇപ്പോള്‍ എന്റെ മനസ്സിലില്ല. പകരം ഒരു ചാറ്റല്‍മഴയില്‍ എന്റെ മനസ്സില്‍ കുടിയേറിയ സഖിയുമായുള്ള ഒരു ഊട്ടി ഹണിമൂണ്‍ ആ കാല്‍പനിക സ്വപ്നത്തെ യാഥാര്‍ത്യ ബോധത്തിലേക്ക്‌ എന്നെ തിരിച്ചു കൊണ്ടുവന്നു. പക്ഷെ മഞ്ഞുകാലവും മഴക്കാലവും എന്റെ പ്രണയം പങ്കിട്ടെടുക്കും. തീര്‍ച്ച.
image from http://www.lisisoft.com

Friday, November 12, 2010

ഒരു പെരുന്നാള്‍ കൂടി വന്നെത്തുമ്പോള്‍



ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. കൂടും കുടുംബവും നാടും നാട്ടാരെയും വിട്ടിട്ടുള്ള പെരുന്നാളിന്‍റെ ആഘോഷങ്ങള്‍ക്ക് തീര്‍ച്ചയായും മാറ്റ് കുറയും. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ സംഗീതം. അയല്‍പ്പക്കത്തെ ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങളും ഒന്നിച്ചിരുന്നാഘോഷിച്ച പെരുന്നാളിന്‍റെ നന്‍മ. മതസൗഹാര്‍ദത്തിന്‍റെ ആ മുഖം ഇപ്പോഴും നഷ്ടപെട്ടിട്ടില്ല.
പക്ഷെ എനിക്ക് പരാതികളില്ല. കാരണം ആഘോഷങ്ങളും ആഹ്ലാദവും നിഷേധിക്കപ്പെട്ട ഒരു പരിസരത്തെ ഞാന്‍ കാണാതെ പോകരുത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു സയോണിസ്റ്റ് ക്രൂരതയുടെ ബലിയാടുകള്‍ അങ്ങ് ഫലസ്തീനിലും മറ്റും കരയുന്നതിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട്‌. തോക്കുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍

ദൈന്യതയോടെ കണ്ണ് മിഴിക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങളും ഞാനറിയുന്നുണ്ട്. സ്വന്തം മക്കളാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ അഭയം തേടിയ മാതാപിതാക്കള്‍, പെറ്റമ്മമാരാല്‍ തന്നെ തെരുവിലെറിയപ്പെട്ട അനാഥ ബാല്യങ്ങള്‍, ഒരുനേരത്തെ അന്നത്തിനു എച്ചില്‍തൊട്ടികളില്‍ പോലും കയ്യിടേണ്ടി വരുന്ന അശരണര്‍. ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാത്ത ഇവരുടെ ലോകത്തെ മറന്നുകൊണ്ട്, ഒരു പ്രവാസിയായി എന്നൊരു കാരണം പറഞ്ഞ്, ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയും എന്ന് വിലപിക്കുന്ന എന്‍റെ തെറ്റിന് മാപ്പ് തരിക.

അശാന്തിയുടെ കാര്‍മേഘങ്ങള്‍ മാറിപോകട്ടെ, ഭൂമിയില്‍ നന്മയുടെ പൂക്കള്‍ വിരിയട്ടെ. നിറഞ്ഞ സന്തോഷത്തിലേക്കാവട്ടെ ഓരോ ആഘോഷങ്ങളും കടന്നുവരുന്നത്‌.

എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.