തണുത്ത് വിറക്കുന്നൊരു പ്രഭാതത്തില്‍ തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്‍റെ ഊട്ടി ഓഫീസിലേക്ക് കയറി ചെന്നത് ഒട്ടും പ്രതീക്ഷയില്ലാതെയാണ്.
മുന്നില്‍ ഇരിക്കുന്ന സോളമന്‍ എന്ന ഡ്യൂട്ടി ഓഫീസറുടെ സുന്ദര മുഖത്തിന് ചേരാത്തതായി ഒന്നേയുള്ളൂ. ഭംഗിയായി ഒതുക്കി വെച്ച കൊമ്പന്‍ മീശ, പക്ഷെ എന്‍റെ ആത്മവിശ്വാസം ചോര്‍ന്നു പോകാന്‍ അത് ധാരാളമായിരുന്നു.
വന്ന കാര്യം പറഞ്ഞു.
"മസിനഗുഡി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ രണ്ട് ദിവസം താമസിക്കാന്‍ അനുമതി വേണം".
ഒറ്റവാക്കില്‍ ഉത്തം കിട്ടി. "എല്ലാം ബുക്കിംഗ് ആണ്".
ഇവിടെ താമസിക്കാന്‍ അനുമതി ഈ ഊട്ടി ഓഫീസില്‍ നിന്ന് വാങ്ങണം. എല്ലാ സര്‍ക്കാര്‍ ഓഫീസിന്‍റെയും പൊതുസ്വഭാവം ഒന്നാവും എന്നറിയാന്‍ വല്യ ബുദ്ധി വേണ്ടല്ലോ. പക്ഷെ ഇത് നാട് വേറെയാണ്. അതുകൊണ്ട് ഡീലിംഗ് അല്പം സെന്റിമെന്റല്‍ ആക്കിയപ്പോള്‍ കൊമ്പന്‍ മീശക്കുള്ളിലെ നല്ല മനസ്സ് കനിഞ്ഞു . കേരളത്തില്‍ നിന്നും മസിനഗുഡി കനവുകളും പേറി വന്ന ഞങ്ങളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും രണ്ട് ദിവസത്തേക്ക് താമസം ശരിയാക്കി തരികയും ചെയ്തു.
നന്ദി ഓഫീസര്‍ .... ഈ സ്നേഹത്തിനും നല്ല മനസ്സിനും.
ഫ്ലവര്‍ ഷോയും ദേവദാരു മരങ്ങളും മഞ്ഞും വിരുന്നൂട്ടിയ നീലഗിരി താഴ്വാരങ്ങളിലെ ദിവസങ്ങളെ മാറ്റി വെച്ച് ഞാന്‍ ക്യാമറ മസിനഗുഡിയിലെ വിസ്മയിപ്പിക്കുന്ന കാനന ഭംഗിയിലേക്ക് തിരിച്ച് വെക്കട്ടെ..
ശരിക്കുമൊരു കണ്വാശ്രമം തന്നെ ഇവിടം. ദുഷ്യന്തനേയും ശകുന്തളയേയും നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം. പകരം മറ്റെല്ലാ ആശ്രമ കാഴ്ചകളും ഇവിടുണ്ടല്ലോ. പഴമയുടെ മോടിയുള്ള ഈ ഗസ്റ്റ് ഹൗസിന്‍റെ മുറ്റത്തിരുന്നാല്‍ മുന്നിലൂടെ ഒഴുകുന്ന കാട്ടരുവി കാണാം. ചെറിയ പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന കണ്ണാടി ചില്ലുകള്‍ പോലെയുള്ള വെള്ളം. അത് കുടിക്കാന്‍ വരുന്ന മാനുകള്‍. കുറ്റിച്ചെടികളുടെ ഉള്ളില്‍ നിന്നും നാണം കുണുങ്ങി പതുക്കെ പുറത്ത് വരുന്ന മയിലുകള്‍,മരങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഒരു കണ്വാശ്രമം തന്നെ സങ്കല്‍പ്പിച്ചെടുക്കാം നമുക്കിവിടെ. കാട്ടു വള്ളികള്‍ തൂങ്ങി കിടക്കുന്ന അരയാലിന്‍റെ ചുവട്ടിലെ ഈ മതിലില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്. പ്രകൃതിയുടെ ഭാവപകര്‍ച്ചക്ക് കാതോര്‍ത്ത് അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..? എന്നാലും ഒരു ഒളികണ്ണ് എപ്പോഴും അവര്‍ക്കുള്ളത് ഇത് മാറിയ കാലമാണ് എന്നൊരു തോന്നല്‍ ഉള്ളതുകൊണ്ടാവണം.
പുലര്‍മഞ്ഞ് ചിത്രം വരയ്ക്കുന്ന "മസിനഗുഡി" യന്‍ പ്രഭാതം ആസ്വദിക്കാന്‍ നേരത്തെ തന്നെ എഴുന്നേറ്റു . കാണ്വാശ്രമത്തിലെ ആതിഥേയരായ മാനുകളും മയിലുകളും കാലത്ത് തന്നെ ഇറങ്ങിയിട്ടുണ്ട് ദര്‍ശനം നല്‍കാന്‍ . പേരറിയാത്ത കുറെ വര്‍ണ്ണകിളികള്‍ കാടിന്‍റെ സുപ്രഭാതം പാടുന്നു. ഈ കാട്ടരുവിക്ക് ഇത്രയും ഭംഗിയും ശാന്തതയും ഉണ്ടാവാന്‍ കാരണം പണ്ട് ഇതിന്‍റെ തീരത്ത് തപസ്സിരിന്നിരുന്ന മുനിമാരെ കുറിച്ചോര്‍ത്തിട്ടാവുമോ ? ആരെയും ശ്രദ്ധിക്കാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ പേടമാനിന്‍റെ കണ്ണുകളില്‍ കാണുന്നത് ദുഷ്യന്തനെ കാണാതെ വിഷമിക്കുന്ന ശകുന്തളയുടെ വികാരമാണോ..? പക്ഷെ എല്ലാം കൂടി ചേര്‍ന്ന പ്രസന്നമായ ഈ പ്രകൃതിയില്‍ ഞാനനുഭവിക്കുന്നതും ഒരു താപസന്‍റെ സന്തോഷവും ഏകാഗ്രതയും തന്നെ.
ജോസഫ് എന്ന മാവേലിക്കരക്കാരനാണ് ഇവിടത്തെ കാവല്‍ക്കാരനും കുക്കും. അടുത്ത വര്‍ഷം റിട്ടയര്‍ ആകുന്നതിന്‍റെ സങ്കടത്തില്‍ ആണ് പുള്ളി. നാട്ടില്‍ പോകുന്നതില്‍ സന്തോഷം ഉണ്ടെങ്കിലും വര്‍ഷങ്ങളായി ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കാടും ചുറ്റുപ്പാടും ഇനി തനിക്ക് അന്യമായി പോകുമല്ലോ എന്ന വിഷമവും അച്ചായന്‍ പങ്കുവെച്ചു.
അരുവിയോട് ചേര്‍ന്ന് കാഴ്ചകള്‍ കണ്ട് സ്വയം മറന്നു നില്‍ക്കുകയാണ് ഹോളണ്ടുക്കാരന്‍ ആല്‍ബര്‍ട്ടും അവന്‍റെ പുതുമണവാട്ടി കാതറിനും. ഹണിമൂണിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എന്‍റെ നാടിനെ തിരഞ്ഞെടുത്ത ഈ ഡച്ച് ജോടികളോട് എനിക്ക് ആദരവ് തോന്നി. കൂടെ ഈ കാടിന്റെ ഭംഗിയില്‍ പുതു ദാമ്പത്യത്തിന്റെ മധുരം ആസ്വദിക്കുന്ന മനസ്സും അത്ഭുതമായി . ഇന്ത്യയെ സ്നേഹിക്കുന്ന ഇവരെ പരിചയപ്പെടാനും സുഹൃത്തുക്കള്‍ ആവാനും എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ഞങ്ങള്‍ സ്നേഹപ്പൂര്‍വ്വം നല്‍കിയ ചായ കുടിച്ചു കൊണ്ട് അവര്‍ നമ്മുടെ നാട് നല്‍കിയ അനുഭവത്തിന്‍റെ സന്തോഷ വര്‍ത്തമാനങ്ങള്‍ പങ്കു വെച്ചു. ഒരു മാസം നീളുന്ന ഭാരത യാത്രയില്‍ നോര്‍ത്തും കഴിഞ്ഞ് സൗത്തിലേക്ക് എത്തിയതേ ഉള്ളൂ. നുണക്കുഴി വിരിയുന്ന പുഞ്ചിരിയുമായി താജ്മഹല്‍ കണ്ട അനുഭവത്തിന്‍റെ ആവേശം കാതറിന്‍ പറയുമ്പോള്‍ കേട്ടിരിക്കുന്ന ഞങ്ങള്‍ക്ക് പോലും കാണാത്ത താജിനെ കുറിച്ചോര്‍ത്തു സങ്കടം തോന്നി. കാതറിനുമായി ഞാന്‍ കൂടുതല്‍ സംസാരിക്കുന്നു എന്ന ഹഫിയുടെ പരാതി ഞാന്‍ തല്‍ക്കാലം കേട്ടില്ലെന്ന് നടിച്ചു. പക്ഷെ കാതറിനൊരു വെസ്റ്റെണ്‍ ശകുന്തളയുടെ ച്ഛായയുണ്ടോ..? വേണ്ട. നമ്മുടെ കഥകളും സംസ്കാരവും നമ്മുടേത് മാത്രമായി നില്‍ക്കട്ടെ അല്ലേ..?
ഇനി ഇവരുടെ യാത്ര കേരളത്തിലെക്കാണ്. ആലപുഴയില്‍ ഹൗസ് ബോട്ടില്‍ ഒരു ദിവസം എന്ന സ്വപ്നത്തില്‍ ആണവര്‍. കേരള യാത്രയെ കുറിച്ച് നല്ല തയ്യാറെടുപ്പ് ഉണ്ട് . അവരുള്ള ദിവസം കോഴിക്കോട് ഞാന്‍ ഉണ്ടാവില്ല എന്നോര്‍ത്തപ്പോള്‍ ഇത്തിരി സങ്കടം തോന്നാതിരുന്നില്ല. ഒരു കോഴിക്കോടന്‍ ഡിന്നര്‍ നഷ്ടപ്പെടുന്ന വിഷമം അവരും മറച്ചു വെച്ചില്ല. പെട്ടൊന്നടുത്ത് അതേപോലെ പിരിയേണ്ടി വന്നപ്പോള്‍ ഇത്തിരി വിഷമം തോന്നി ഞങ്ങള്‍ക്ക്. പക്ഷെ അടുത്ത അവധിക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ ഉമ്മ എടുത്തു തന്ന അല്പം വൈകിയ ഒരു കത്ത് എടുത്ത് വായിച്ചപ്പോള്‍ എനിക്ക് അത്ഭുതമല്ല തോന്നിയത്. ആ ചെറിയ ഇടവേളയിലെ സൗഹൃദത്തിന് നന്ദി പറഞ്ഞ് ആ സ്നേഹിതന്‍ അയച്ച കത്ത് എനിക്കെന്തുമാത്രം സന്തോഷം നല്‍കി. വഴിയമ്പലങ്ങളില്‍ പരിചയപ്പെട്ട് വിടപറഞ്ഞു പോകുന്നവരുടെ ഭാഷ അല്ലായിരുന്നു അതിന്. പക്ഷെ പ്രിയ സ്നേഹിതാ .. എഴുതാതെ പോയ മറുപടിയിലെ അക്ഷരങ്ങള്‍ നന്ദി കേടിന്‍റെ ഭാഷയില്‍ എന്നെ തിരിഞ്ഞു കുത്തുന്നുണ്ട്. മാപ്പ് .
ഭാഷ അറിയില്ലെങ്കിലും ഹൃദയം കൊണ്ട് ഒരു ആത്മബന്ധം സ്ഥാപിച്ച കാതറിന്‍ പോയപ്പോള്‍ ഹഫിക്കും സങ്കടം തോന്നി. വൈകുന്നേരം ട്രക്കിംഗ് ഉണ്ട്. കാടിന്‍റെ ഉള്ളിലൂടെ ഫോറസ്റ്റ് വകുപ്പിന്‍റെ കണ്ണാടി ചില്ലിട്ട വാഹനത്തില്‍ യാത്ര രസകരമാണ്. നമ്മളേക്കാള്‍ അനുസരണ ആണ് കാട്ടുമൃഗങ്ങള്‍ക്ക്. അവസാനം ഒരു വെള്ളച്ചാട്ടത്തിനരികെ വണ്ടി നിര്‍ത്തി. എത്ര താഴ്ചയിലേക്ക് ആണ് വെള്ളം പതിക്കുന്നത് . കാല് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അപ്പുറം കാട് തന്നെ. ആനക്കൂട്ടങ്ങള്‍ നിറയെ കാണാം. ഹൃദയം നിറഞ്ഞ കാനന കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ വീണ്ടും ഗസ്റ്റ് ഹൗസിലെത്തി. കാടിനകത്തെ താമസത്തിന് പൊതു സ്വഭാവം ആണ്. അതുകൊണ്ട് തന്നെ ഈ രാത്രി നല്‍കിയ അനുഭവം ഞാന്‍ പറയാന്‍ ശ്രമിച്ചാല്‍ എന്‍റെ തന്നെ മറ്റു പോസ്റ്റുകളിലെ വാക്കുകള്‍ കയറി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം കാട്ടിലെ രാത്രികള്‍ മറ്റു സ്ഥലങ്ങളിലേത് ഞാന്‍ പറഞ്ഞിട്ടുണ്ട് മുമ്പ്. എന്നാലും കാട്ടരുവിയുടെ ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദവും നിറഞ്ഞ ഒരു രാത്രിയുറക്കം സങ്കല്‍പ്പിച്ചു നോക്കൂ. വാക്കുകള്‍ക്കപ്പുറമുള്ള അനുഭൂതിയാണത് .
ഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്. പുതിയ സ്ഥലങ്ങള്‍ , മനുഷ്യര്‍, അവരുടെ ജീവിതം , ആഘോഷം അങ്ങിനെ ഒരുപാടൊരുപാട്. പിന്നെയുമുണ്ടല്ലോ. വഴിയമ്പലങ്ങളില്‍ പാഥേയവും പുഞ്ചിരിയുമായി സ്വീകരിച്ചവര്‍, ഒരു നോട്ടത്തില്‍ മനസ്സില്‍ കടന്ന് കൂടിയവര്‍ , ഒരു ചിരി സമ്മാനമായി നല്‍കി കടന്നുപോയവര്‍, അറിയാത്ത സ്ഥലങ്ങളില്‍ സഹോദരന്മാരെ പോലെ നിസ്വാര്‍ത്ഥമായി ഒപ്പം നിന്നവര്‍ , കൂടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍. ഓരോ യാത്രയും തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. ഓര്‍മ്മകളുടെ പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാന്‍ എത്രയെത്ര അദ്ധ്യായങ്ങള്‍...!
കാട്ടുവഴികളും നാട്ടുവഴികളും താണ്ടി അനുഭവങ്ങളുടെ പുതിയ ലോകത്തിലേക്കും കാഴ്ച്ചകളിലേക്കും തുറക്കുന്ന മറ്റൊരു യാത്രയുടെ സ്വപ്നത്തില്‍ ആണ് ഞാന്‍ .
ചിത്രങ്ങള്‍ ( വിക്കി / ഗൂഗിള്‍ /സ്വന്തം)