Friday, December 6, 2013

മഴ പെയ്യിച്ച രാഗങ്ങൾതണുപ്പിലേക്കുള്ള പ്രയാണത്തിലാണ് അറേബ്യൻ മരുഭൂമി . ഈ കറുത്ത മാനവും മൂടി കെട്ടിയ അന്തരീക്ഷവും മനസ്സിലേക്ക് വലിച്ചടുപ്പിക്കുന്ന വികാരങ്ങൾ എന്തൊക്കെയാണ് ..? മാനം കറുക്കുമ്പോൾ തന്നെ മഴ പെയ്തു തുടങ്ങും മനസ്സിനകത്ത് . ഇന്നലെ പെയ്ത മഴയുടെ ബാക്കിയാണിത് . ഇന്നലെ നാട്ടിലായിരുന്നു . ഇന്ന് ഇവിടെയും. കോഴിക്കോട് എയർ പോർട്ടിൽ നിന്നും വിമാനത്തിന്‍റെ  കോണിപ്പടികൾ കയറുമ്പോൾ ഞാനോന്നുകൂടി തിരിഞ്ഞു നോക്കി . തുലാമഴ തിമിർത്തു പെയ്യുന്നു . മഴയൊരു നൊമ്പരമാവുന്നത് ഇതുപോലുള്ള നിമിഷങ്ങളിലാണ്  . തുള്ളികൾ തലയിലേക്ക് പെയ്തിറങ്ങി . ഞാനത് ആവേശത്തോടെ ഏറ്റുവാങ്ങി  . വിമാനത്തിനകം വരെ. അത് കഴിഞ്ഞ് ഓർമ്മകളിലേക്ക്. 

വിൻഡോ സീറ്റിലൂടെ കണ്ട തുലാമഴയോടൊപ്പം ഇരുള്‍ മൂടിയ അന്തരീക്ഷം,  പെരുമഴ പെയ്യുന്ന സ്കൂൾ ദിവസങ്ങളിൽ ക്ലാസ് റൂമിലെ ജാലകങ്ങളിലൂടെ കണ്ട കാഴ്ച്ചകളെ ഓര്‍മ്മിപ്പിച്ചു. . മഴയിരമ്പം ആസ്വദിച്ചങ്ങിനെ ഇരിക്കുമ്പോൾ നെറ്റിയിൽ പതിക്കുന്ന ചോക്ക് കഷ്ണങ്ങൾ ആ കിനാവുകളെ ഉണർത്തും . നീട്ടി നടന്ന് ഞാൻ ഞങ്ങളുടെ എൽ . പി . സ്കൂളിന്‍റെ കൽപടവുകൾ കയറി . ഞായറാഴ്ച ആയതിനാൽ എല്ലാ ബെഞ്ചുകളും ഒഴിഞ്ഞു കിടക്കുന്നു . ക്ലാസ് മുറിയുടെ വാതിൽ കടക്കുമ്പോൾ ഉള്ളിലൊരു വിറയൽ . ഓർമ്മകളുടെ വേലിയേറ്റമാണത് . ഒന്നാമത്തെ ബെഞ്ചിൽ ഞാൻ തനിച്ചിരുന്നു . പതുക്കെ പതുക്കെ മറ്റു ബെഞ്ചുകളും നിറയുന്നതുപോലെ തോന്നി . ചിന്നിച്ചിതറി പോയ പഴയ കൂട്ടുകാർ എല്ലാവരും അവരുടെ പഴയ ഇരിപ്പിടങ്ങളിൽ വന്നിരിക്കുന്നു . വെള്ളത്തണ്ടിന്‍റെ  പച്ച മണം . പൊട്ടിയ സ്ലേറ്റുകളിൽ മുറി പെൻസിൽ കൊണ്ട് കോറിയിടുന്ന അക്ഷരങ്ങൾ "തറ...പറ " എന്ന് ബഹളം വെക്കുന്നു . 

ഭൂതകാലത്തിൽ നിന്നും ഒരു കൈ എന്‍റെ നെറുകയിൽ വീണു .  സ്പർശനത്തിലെ വാത്സല്യം കൊണ്ട് തിരിച്ചറിയാം ആ കൈകളെ . എന്‍റെ ഓമന ടീച്ചർ . ഇന്ന് ഞാനീ കുറിച്ചിടുന്ന അക്ഷരങ്ങളിലെ വളവിനെയും തിരിവിനെയും  എന്‍റെ കുഞ്ഞു വിരലുകളെ ചേർത്ത് പിടിച്ച് എഴുതി പഠിപ്പിച്ച വാത്സല്യം . ദിക്കറിയാത്ത ഏതോ കോണിലിരുന്ന്  ടീച്ചർ മന്ത്രിക്കും പോലെ .  "നീ വീണ്ടും എന്നെ കാണാൻ വന്നോ കുട്ടീ" എന്ന് . 
തിരിഞ്ഞ് പഴകിയ ജനൽ പാളികളിലൂടെ  പുറത്തേക്ക് നോക്കി . മഴ പെയ്യുന്നുണ്ട് . ആർത്തലച്ച് . പുറത്തും പിന്നെ എന്‍റെ  കണ്ണുകളിലും . എണീറ്റ് പുറത്തേക്കിറങ്ങി . കാലുവിരലുകൾ പൊട്ടിയ ഒരു ചോക്ക് കഷ്ണത്തിൽ തട്ടി . അന്ന് എന്‍റെ നെറ്റിയിൽ പതിച്ച അതേ ചോക്കായിരിക്കുമോ അത് ..? അല്ലെങ്കിൽ എനിക്ക് അക്ഷരങ്ങൾ എഴുതി തന്നതിന്‍റെ ബാക്കിയോ ..? ഏതായാലും കിനാവ്‌ കാണാനും പഠിക്കാനും ഇനിയുമേറെ എന്ന് ഓർമ്മപ്പെടുത്തി ആ ചോക്കിന്‍ തുണ്ട്. കുനിഞ്ഞ് അതെടുത്ത്  കുപ്പായ കീശയിലേക്കിട്ടപ്പോള്‍  ഓർമ്മകൾ കൊണ്ടെന്‍റെ നെഞ്ച് പൊള്ളി . 

വാതിലും കടന്ന് തിരിച്ചിറങ്ങുമ്പോൾ മഴ തോർന്നിട്ടില്ല . പുള്ളി പാവാടയും ഇട്ട് ഒരു എട്ടു വയസ്സുകാരി സ്കൂൾ മുറ്റത്ത്കൂടി പോകുന്നു . ഓടി ചെന്ന് അവളുടെ കുടക്കീഴിൽ ചേർന്നു . ഒരു കുടയുടെ വട്ടത്തിന് തടുക്കാൻ പറ്റുന്നതല്ല ഓർമ്മകൾക്ക് മേലെ പെയ്യുന്ന മഴകൾ . സീറ്റ് ബെൽറ്റ്‌ ഇടാനുള്ള അഭ്യർത്ഥന വന്നപ്പോൾ ഓർമ്മകൾക്കും അത് വേണ്ടി വന്നു . ഒന്നൂടെ പുറത്തേക്ക് നോക്കി . മുമ്പൊരു ഫ്ലൈറ്റ് മാഗസിനിൽ കണ്ട അനിതാ നായരുടെ വരികൾ ഓർമ്മവന്നു .  "each raindrops is a poem " .

വീണ്ടും ദുബായിൽ വിമാനം ഇറങ്ങുമ്പോൾ കാലാവസ്ഥ മാറിയിട്ടുണ്ട് . നാട്ടിലെ മഞ്ഞുപ്രാഭാതങ്ങളെ ഓർമ്മിപ്പിച്ചു ഇവിടത്തെ പകലുകൾ . വഴിയരികിലെ പൂക്കൾ വസന്തം വിരിയുന്നത് ഓർമ്മിപ്പിച്ചു . ഉടനെ തന്നെ ഒരു യാത്ര പോവുന്നതിന് മുമ്പേ തീരുമാനിച്ചതാണ് . കുട്ടികളും അത് കാത്തിരിക്കുകയാണ് . മഴക്കാറുകൾ നിറഞ്ഞ വെള്ളിയാഴ്ച്ച . കോർഫുക്കാൻ മലനിരകൾ ക്കിടയിലൂടെ കാർ നീങ്ങി . പൂക്കളും മരങ്ങളും നിറഞ്ഞ അൽ ഐനിലേക്കുള്ള വഴിയോ അതോ മലനിരകൾക്കിടയിലൂടെ നീണ്ടുപോകുന്ന ഈ പാതയോ കൂടുതൽ ഭംഗി .  ഒരു പണത്തൂക്കം ഇഷ്ടകൂടുതല്‍  ഈ വഴികളോട് തോന്നി പോകുന്നതിന്‍റെ കാരണമെന്താവും ..? ഒരു പക്ഷേ സൗദി അറേബ്യയിലേക്കുള്ള ഒരു ബസ്സ്‌ യാത്രയുടെ ഓർമ്മകൾ  ഈ വഴികളിലെവിടെയോ ചിതറിക്കിടക്കുന്നത് പോലെ തോന്നുന്നതുകൊണ്ടാവാം. .

മരുഭൂമിയും മലനിരകളും മാറി മാറി വരുന്ന ആ യാത്ര എന്നും പ്രിയപ്പെട്ടൊരു ഓർമ്മയാണ് . ആ മരുഭൂമികളിൽ ഒട്ടകങ്ങളുടെ പുറത്ത് കാഫില കൂട്ടങ്ങളുടെ കൂടെ അലയുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് . ചരിത്ര പുസ്തകങ്ങളുടെ അരിക് ചേർന്ന് പഠിച്ച ഉഹ്ദ് മലനിരകളിലെ യുദ്ധങ്ങളെല്ലാം, ഉഹ്ദ് മലയെ നോക്കിയിരുന്ന് വീണ്ടും അനുഭവിച്ചിട്ടുണ്ട് .  അതെല്ലാം വീണ്ടും ഈ വഴിത്താരകളിൽ പുനർജ്ജനിക്കുന്ന പോലെ .  

കാറിന്‍റെ വിൻഡോയിലൂടെ ഒരു മഴത്തുള്ളി മുഖത്തേക്ക് പാറി വീണു . വീണ്ടും മഴക്കാഴ്ച എന്നെ അനുഗ്രഹിക്കാൻ പോവുകയാണ് . പിന്നിലേക്ക്‌ മറയുന്ന മലനിരകൾ . മഴക്കാറുകൾ . കുട്ടികളുടെ മുഖത്ത് ആഹ്ലാദതിമര്‍പ്പ്. വല്ലപ്പോഴും വിരുന്നെത്തുന്ന പ്രിയപ്പെട്ട അതിഥികളെയെന്നപോലെ അവരും മഴയെ കാത്തിരിക്കുകയാണെന്ന് തോന്നുന്നു. . 

ബിദിയ പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്തിയിറങ്ങി. നൂറ്റാണ്ടുകൾ പിറകിൽ നിന്ന് ഒരു ബാങ്കൊലി മുഴങ്ങുന്നു.   മുന്നോട്ട് വെക്കുന്ന അടികൾ ഓരോന്നും ചരിത്ര പുസ്തകങ്ങളിലെ ഏടുകളിലേക്കിറങ്ങി നടക്കുന്നതുപോലെ  . AD 1446 ല്  ആണ് ഇതിന്‍റെ നിർമ്മാണം നടന്നത് എന്ന് പറയപ്പെടുന്നു . നൂറ്റാണ്ടുകൾ മുന്നേ സുജൂദ് ചെയ്തു തുടങ്ങിയ പള്ളി . നൂറ്റാണ്ടുകൾക്ക് ശേഷം , ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങിയ തറയിൽ ഞാനും കുമ്പിട്ടു . ഒരു ചരിത്ര കാലത്തെ ആവാഹിച്ച മനസ്സുമായി വെളിയിലേക്ക് ഇറങ്ങുമ്പോൾ മഴ തകർത്തു പെയ്യാൻ തുടങ്ങി . കുറച്ചകലെ കോർഫുക്കാൻ കോട്ട . പോർച്ചുഗീസുകാർ പണിതതാണ് . മിക്ക രാജ്യങ്ങളുടെയും തിരുശേഷിപ്പുകൾ അന്വോഷിച്ചു പോകുമ്പോൾ ഇങ്ങിനെ ചിലത് കാണാറുണ്ടല്ലോ . ഏതായാലും പള്ളിയും കോട്ടയും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു . ഇടയിൽ ചരിത്രം പാലം പണിയുന്നു . ഉയർന്നു നിൽക്കുന്ന മലകൾ അവയ്ക്ക് മേലെ ആശീർവാദം പെയ്യുന്നു . 

കോർഫുക്കാൻ  മലയിൽ തൊട്ട് മഗരിബ് ബാങ്കൊലികൾ തിരിച്ചു വന്നു .  മഴ പെയ്തുക്കൊണ്ടേയിരിക്കുന്നു . പക്ഷേ കുടയുമായി നടന്നു പോകുന്ന ഒരു പുള്ളിപാവടക്കാരിയെ ഈ അറബ് നാട്ടിൽ ഞാനെങ്ങിനെ തേടും ...? കാറിനകത്ത്‌ നിന്നും രണ്ട് കുഞ്ഞുകൈകൾ മഴവെള്ളം തട്ടി തെറിപ്പിക്കുന്നുണ്ട് . അവളുടെ ചിരിയും മഴത്തുള്ളികൾ പോലെ കിലുങ്ങുന്നു . ആ ചിരിയിൽ ഒരുരാഗം കേട്ടു . പണ്ട് താൻസൻ മഴ പെയ്യിച്ച രാഗം . ശക്തിയായി രണ്ട് മഴത്തുള്ളികൾ കണ്ണിലേക്ക് വീണു .  കണ്ണീരിനൊപ്പം മണ്ണിൽ പതിച്ച് അതെന്‍റെ ബാല്യത്തെ തൊട്ടു