വായിച്ചു മടുത്ത ആഖ്യാനരീതികളില്‍ നിന്നും പുതിയ ശൈലിയും ആസ്വാദനവും തേടുന്ന യാത്രകളാണ് ഓരോ വായനയും . ആ യാത്രയില്‍ കാണുന്ന വ്യത്യസ്തമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എഴുത്തുകാര്‍ നമുക്ക് പ്രിയപ്പെട്ടവരാകുന്നു. അതുപോലൊരു അന്വേഷണത്തിലാണ് മുസഫര്‍ അഹമ്മദ് എന്ന എഴുത്തുകാരനിലേക്ക് എത്തിപ്പെടുന്നതും. കേവലം മണല്‍ക്കാട് എന്നൊരു ആത്മഗതത്തോടെ നമ്മള്‍ നോക്കികാണുന്ന മരുഭൂമിയെ , ആ മണല്‍ കാടിന്‍റെ ചരിത്രത്തില്‍ അക്ഷരഖനനം നടത്തി, അതിനെ സംസ്കരിച്ച് ഹൃദ്യമായൊരു വായന ഒരുക്കിയ എഴുത്തുകാരനാണ് മുസഫര്‍. . അതുവരേയുള്ള വായനാ അഭിരുചികളെ മാറ്റി മറിച്ചൊരു രചനാ തന്ത്രമായിരുന്നു " മരുഭൂമിയുടെ ആത്മകഥ " എന്ന കൃതി. ഇതില്‍ നിന്നും "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന പുതിയ പുസ്തകത്തിലേക്ക് എത്തുമ്പോള്‍ ഒരു മയൂരനടനം ആസ്വദിക്കുന്ന സുഖം വായനയില്‍ ലഭിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നു.
"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന കൃതിയും തുടങ്ങുന്നത് ഒരു യാത്രയിലാണ്. പക്ഷെ ആ യാത്രക്കൊരു വൈകാരിക തലമുണ്ട്. . മലബാര്‍ കലാപനാളുകളില്‍ ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട വല്യുപ്പ. ഉപ്പയും വല്യുമ്മയും കഥകള്‍ പറഞ്ഞ് മനസ്സില്‍ നിറഞ്ഞ മുഖം. തട്ടിന്‍പുറത്ത് നിന്നും കിട്ടിയ ഡയറിയില്‍ കുറിച്ചിട്ട അക്ഷരങ്ങളുടെ വളവിലൂടെ അദ്ധേഹത്തെ കാണുകയായിരുന്നു. തടവുകാരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്ന പതിവ് ബ്രിട്ടീഷ് ജയിലുകളില്‍ ഉണ്ട് എന്ന കേട്ടറിവ് വെച്ച് , വല്യുപ്പയുടെ ഫോട്ടോയും കാണും എന്ന പ്രതീക്ഷയില്‍ ബെല്ലാരിയിലേക്ക് പുറപ്പെടുന്ന ആ ചെറുബാല്യക്കാരനില്‍ തുടങ്ങുന്നു ആദ്യ അദ്ധ്യായം. പിന്നെ പെരിന്തല്‍മണ്ണയെന്ന സ്വന്തം ഭൂമികയുടെ ചരിത്ര ഗതിയിലൂടെ കടന്ന് പല സംസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നുണ്ട് . മദ്യ നിരോധനമുള്ള ഗുജറാത്തില്‍ കുറ്റികാടുകള്‍ക്കുള്ളില്‍ കുപ്പികള്‍ കൈമാറുന്ന വിരലുകള്‍, ദളിതനും ഉന്നത ജാതികാരനും മീനുകള്‍ വലുപ്പം നോക്കി വേര്‍തിരിക്കുന്ന വര്‍ണ്ണവെറി മാറാത്ത തെരുവുകളില്‍ , മുഖം നോക്കി നാട് തിരിച്ചറിഞ്ഞ് അവരുടെ ഭാഷയില്‍ ക്ഷണിക്കുന്ന ചുവന്ന തെരുവുകളില്‍ ,കുടിവെള്ളം കിട്ടാതെ ഗ്രാമീണര്‍ ഒഴിഞ്ഞുപോയ തമിഴ് ഗ്രാമങ്ങളില്‍ , കടും ചായയില്‍ മുലപ്പാല്‍ ഒഴിച്ചാല്‍ പാല്‍ ചായ ആകില്ലേ എന്ന് സന്ദേഹിക്കുന്ന ഒരു സ്ത്രീ, അങ്ങിനെ ചെയ്തപ്പോള്‍ ചായ പിരിഞ്ഞുപോയി . സ്നേഹം പിരിഞ്ഞു പോകുന്ന ആ കാഴ്ച കണ്ട ഗലികളില്‍ എല്ലാം മുസഫര്‍ എന്ന എഴുത്തുക്കാരന്‍റെ കണ്ണുകള്‍ ചെന്നെത്തുന്നു. അങ്ങിനെ സമ്പന്നമായ യാത്രാ സ്കെച്ചുകളുടെ മനോഹര വര്‍ണ്ണന കൊണ്ട് "ബെല്ലാരി മാമാങ്കം കുടിയേറ്റം " എന്ന ആദ്യത്തെ ആധ്യായം തന്നെ തുടര്‍വായനയിലേക്ക് നമ്മെ ആനയിക്കപ്പെടുന്നു.
സുഭാഷ് ചന്ദ്രന്‍ ഒരിക്കല്‍ എഴുതിയിരുന്നു. " ആദ്യമായി എത്തുന്ന ഏത് അപരിചിതരെ പോലും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട് "എന്ന് . സാഹിത്യലോകം മാത്രം എടുത്താല്‍ ആ ഊഷ്മളത സ്വീകരിച്ച് കോഴിക്കോടിനെ ഒരു വികാരവും വിചാരവും ആയി കണ്ട് ഇവിടത്തെ അന്തരീക്ഷത്തിന്‍റെ ഭാഗമായവര്‍ കുറേയുണ്ട്. പലരും ആ സ്നേഹത്തെ പറ്റി വാചാലരാവാറുമുണ്ട്. പത്ര പ്രവര്‍ത്തനകാലത്ത് കോഴിക്കോട് നല്‍കിയ അനുഭവം ഒരു പ്രത്യേക താളത്തോടെ പറയുന്നു രണ്ടാമത്തെ അധ്യായത്തില്‍. .. ഇതില്‍ സ്നേഹമുണ്ട്,
ദുഃഖവും സന്തോഷവുമുണ്ട്, നഗരത്തിന്‍റെ മാത്രം പ്രത്യേകതയായ മെഹ്ഫില്‍ രാവുകളുടെ മാധുരിയുണ്ട്, സക്കീര്‍ ഹുസ്സൈനും ബിസ്മില്ലാ ഖാനും ബാബുരാജും പാടുന്നതിന്‍റെ ഈണം വലയം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഒരു നഗരത്തിന്‍റെ ആത്മാവ് തന്നെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിലൂടെ പറഞ്ഞുപോകുന്നു ഈ അധ്യായത്തില്‍. .. അതിന് ഒരു ഗസല്‍ കേള്‍ക്കുന്ന ഇമ്പം തോന്നുന്നത് പറയുന്നത് കോഴിക്കോടിനെ പറ്റി എന്നതുകൊണ്ട് തന്നെയാവണം.
"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്നത് നാലാമത്തെ അധ്യായമാണ്. ഏറ്റവും മനോഹരമായ ഒന്നും ഇതുതന്നെ. വീടിന് അടുത്തുള്ള "കാട് " എന്ന് തന്നെ വിളിക്കുന്ന പ്രദേശം. അതിലൂടെ ഇറങ്ങി വരുന്ന മയിലുകള്‍ . കാര്‍മേഘങ്ങള്‍ക്കൊപ്പം അവര്‍ നൃത്തം ചെയ്യുന്നു. പെട്ടന്നു ഇടിയും മഴയും പെയ്തു. മയിലുകള്‍ക്ക് ചുറ്റും കൂണുകള്‍ മുളച്ചു പൊങ്ങി. മയിലുകളും ളും കൂണുകളും തീര്‍ത്ത സിംഫണി എന്ന് എഴുത്തുകാരന്‍ പറയുമ്പോള്‍ നമ്മള്‍ വായിക്കുകയല്ല കാണുകയാണ് ചെയ്യുന്നത്. പിന്നെ സൈലന്റ് വാലിയിലെ ദിവസങ്ങള്‍. .. നാല് ദിവസം എടുത്ത് പൂര്‍ണ്ണമരണം ഏറ്റുവാങ്ങിയ ഒരു കിളിയെ പറ്റി പറയുന്നുണ്ട് . "ആകാശത്തേക്കു നോക്കി മലര്‍ന്നുകിടന്ന് അതല്പം വെളിച്ചം കുടിക്കും. പിന്നീട് വെളിച്ചം സഹിക്കാനാകാതെ കമിഴ്ന്നുകിടക്കും. ദിവസവും അതു കിടക്കുന്ന സ്ഥലത്തു പോയി നോക്കും. അത് സമ്പൂര്‍ണമരണത്തിലേക്കടുക്കുമ്പോള്‍ അതിന്‍റെ ചുണ്ടിലേക്ക് കുറച്ചുവെള്ളം ഇറ്റിക്കാന്‍ കഴിഞ്ഞു. കണ്ണുകള്‍ അടഞ്ഞു". ഇവിടെ എന്‍റെ വായനയും മുറിഞ്ഞു. ഓരോ വേര്‍പാടും വേദനയാണ്. അത് ഇതു ജീവി ആയാലും. ഇതെഴുതുമ്പോള്‍ കേരള . കര്‍ണ്ണാടക ഹൈവേയില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. വാഹനം കയറി ചതഞ്ഞുപോയ മാനിന്‍റെയും കുരങ്ങിന്‍റെയും പാമ്പുകളുടെയും ചിത്രത്തിന് മീതേ ഇങ്ങിനെ കാണാം. " They also have a family waiting for" എന്ന് . മനസ്സില്‍ തട്ടും ഈ വാക്കുകള്‍.., ഈ പക്ഷിക്കും കാണുമായിരിക്കില്ലേ പ്രിയപ്പെട്ടവര്‍ ആരെങ്കിലും.
വായനയിലേക്ക് തിരിച്ചു വരാം. അനുഭവങ്ങളുടെ ഖനിയാണ് സൈലന്റ് വാലി കാടുകള്‍. .. ആനയും കരടിയും കടുവയും മുന്നില്‍ വന്നുപ്പെട്ട അനുഭവങ്ങള്‍ ഇവിടെ വായിക്കാം ആകാശത്തെ പാടെ മറച്ചു നീങ്ങുന്ന പറവക്കൂട്ടം . സ്വര്‍ണ്ണ നിറമുള്ള പുഴുക്കള്‍ അങ്ങിനെ അനുഭവങ്ങളുടെ അസാധ്യമായ പകര്‍ത്താട്ടമായി വായനയെ ധന്യമാക്കും ഈ അദ്ധ്യായം. കാടിനടുത്ത് താമസമാക്കിയ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ പരിചിതമായ ഒരു കൊക്കലിന്‍റെ ശബ്ദം കേള്‍ക്കുന്നു. നോക്കുമ്പോള്‍ വീണ്ടും ചെരിവുകള്‍ ഇറങ്ങി മയിലുകള്‍ വരുന്നു. ഈ അവസാന വരികളോടെ അതേ ശബ്ദം കേട്ടുണരുന്ന ബാല്യത്തിലേക്ക് വീണ്ടുമെത്തുന്നു. നല്ലൊരു അധ്യായത്തിന് മനോഹരമായ ക്ലൈമാക്സ്.
"രാജ്യം നഷ്ടപ്പെടുന്നവരുടെ മുഖങ്ങള്‍ " എന്ന ഭാഗം തിരസ്കരിക്കപ്പെട്ടവരെ കുറിച്ചാണ് . നഷ്ടപ്പെടലിന്‍റെ ദുഃഖം പേറുന്നവര്‍. അവിടെ യാസര്‍
അറഫാത്തും ദലൈലാമയും ഒരുപോലെ ആകുന്നു. ഒരു ഫലസ്ഥീനി തന്നെ പറയുന്നത് പോലെ ഇവര്‍ രണ്ടു പേരുടെയും മുഖങ്ങള്‍ക്ക് പോലും സാദൃശ്യം ഉണ്ടത്രേ. രണ്ടുപേരുടെയും മുഖത്തെ ചുളിവുകളില്‍ പോലും സാമ്യം കാണാം. പ്രതീക്ഷയില്ലായ്മയുടെ അടയാളമാണത്രേ അത്. തിബത്ത് കാരുടെ അതിജീവനത്തിന്‍റെ , സഹനത്തിന്‍റെ കുടിയേറ്റത്തിന്‍റെ കഥകള്‍ ഭംഗിയിലും ആധികാരികമായും പറയുന്നു ഈ ഭാഗത്തില്‍. . ഉഗാണ്ടയില്‍ നിന്നും പാലായനം ചെയ്ത് സൌദിയില്‍ അഭയം തേടിയ ഈദി അമീന്‍ എന്ന ഏകാധിപതി . അയാളുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും വായിക്കാന്‍ പറ്റുന്നത് എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ പറ്റും എന്ന പ്രതീക്ഷയാണത്രേ . ഇങ്ങിനെ സ്വയം പിന്‍വാങ്ങിയവരും പറിച്ചു മാറ്റപ്പെട്ടവരുമായി കുറെ ആളുകള്‍. . അവരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒന്നായി ആ ഭാഗവും മികച്ചു നില്‍ക്കുന്നു.
പ്രവാസികള്‍ . നാട്ടില്‍ വിരുന്നുകാരാവുന്നവരുടെ നൊമ്പരങ്ങള്‍.. .. വഴി മുടക്കപ്പെട്ട ജീവിതങ്ങള്‍, പ്രയാസങ്ങള്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ എന്നാ അവസാനത്തെ അദ്ധ്യായം വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ് ബാക്കിയാവും. എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നവരെ ചിത്രകാരന്മാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്ന് മറ്റൊരു മൈക്കല്‍ ആഞ്ചലൊയെ വരക്കമായിരുന്നു എന്ന് പറയുന്നത് എത്ര സത്യമാണ്. അവസാന വരികളില്‍ ഈ അധ്യായത്തിന്‍റെ ആത്മസത്ത മുഴുവനുണ്ട്....... ,
"എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞു. വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി.
എയര്‍ ഹോസ്റ്റസ് അനൌണ്‍സ് ചെയ്തു .
ഹം ജിദ്ദ ജായേംഗെ .
റണ്‍ വേ നനഞ്ഞു കിടന്നു . ആ നനവിലേക്ക് ഒരുപിടി വിത്തെറിയാന്‍ മോഹിച്ചു".
ഒരു പെരുമഴ ചോര്‍ന്നു. ഒരു കുത്തൊഴുക്ക് പോലെ വായിച്ചു തീര്‍ത്തു "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന യാത്രാ വിവരണം. ഒന്നെനിക്ക് പറഞ്ഞേ പറ്റൂ. ഒരു പക്ഷെ ഈ പറഞ്ഞതൊന്നും ആ പുസ്തകം നല്‍കിയ അനുഭൂതിയോട് നീതി പുലര്‍ത്തുന്ന വരികള്‍ ആവില്ല. അങ്ങിനെ ആവണമെങ്കില്‍ അത് അതുപോലെ പകര്‍ത്തി എഴുതുകയേ നിവൃത്തിയുള്ളൂ. എനിക്കുറപ്പുണ്ട് , വായനയെ ഒരു ആവേശമാക്കി സ്വീകരിച്ചവരുടെ ഇടയിലേക്ക് നവ്യമായ ഒരനുഭൂതി ഒരുക്കാന്‍ ഈ രചനക്ക് പറ്റും എന്നതില്‍.,. യാത്രയില്‍ കാണുന്ന ഇലയിലും കല്ലിലും മണ്ണിലും കഥകള്‍ കാണുന്ന സൂക്ഷ്മദൃഷ്ടിയായ ഒരെഴുത്തുകാരന്‍റെ അനുഭവ സാക്ഷ്യങ്ങള്‍ ആണിത് . ഇവിടെ സമ്മേളിക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും അത് പറയുന്ന ശൈലിയുടെ മനോഹാരിത കൊണ്ട് തന്നെ നിങ്ങളെ ആവേശഭരിതരാക്കും. നേരത്തെ പറഞ്ഞു വെച്ച, വായനയില്‍ നമ്മള്‍ തേടുന്ന പുതുമ എന്നൊന്നുണ്ടെങ്കില്‍ "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന രചന നല്‍കുന്നതും അതാണ്... . ..
മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ
വി. മുസഫര്‍ അഹമ്മദ്
മാതൃഭൂമി ബുക്സ്